ആരാപ്പോ ജയിച്ചേ? കീഴൂരിടത്തിലെ ഉണിക്കോനാരോ മേലൂരിടത്തിലെ ഉണിച്ചന്ത്രാരോ? ആരാ മൂസ്സതു്? ആരാ ഇളയതു്? ഞാനാർക്കാ വോട്ടു് ചെയ്യേണ്ടതു്? ദേശാഭിമാനിയിലെ ആ “ഹോട്ട് ഡോഗ് ട്രാൻസ്ലേറ്റർ” എന്തെങ്കിലുമൊന്നു് ഉരിയാടിയിരുന്നെങ്കിൽ കാര്യത്തിനു് ഒരു തീർച്ചയും തീരുമാനവും ഉണ്ടായേനെ! അയാൾ എവിടെപ്പോയി കിടക്കുകയാണോ ആവോ. കന്നിമൂലയിലെ എലക്ട്രിക് “പോസ്റ്റ് കാലിനു്” സ്റ്റേ ഇല്ലെന്ന കോടതിവിധിയും പോസ്റ്റിന്റെ സ്റ്റാറ്റസ് ക്വൊയും ശബരിമലയിലെ യുവസ്വാമിനികളുടെ മലചവിട്ടലിലേക്കു് എങ്ങനെ എക്സ്ട്രാപൊളേറ്റ് ചെയ്യാമെന്നു് ജനം ടി.വി.ക്കു് ക്ലാസെടുക്കുകയാവും. പുതിയ കോടതിവിധികൾ വന്നാൽപ്പിന്നെ അയാൾക്കു് ഭയങ്കര തിരക്കാണു്. വിധിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാൻ സകല മാമാ മാദ്ധ്യമങ്ങൾക്കും അയാളെ വേണം. ഇനിയിപ്പോ, കവി പഠിപ്പിച്ചപോലെ, “ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ വിധി വന്നപോലെ പോം” എന്ന ഭജന പാടി കുത്തിയിരിക്കുകയേ നിവൃത്തിയുള്ളു. ചുമ്മാ കുത്തിയിരിക്കുന്നതിലുമുണ്ടു് ഒരു സത്യാഗ്രഹമെന്നു് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ടു്.
ഇപ്പൊ മറന്നേനെ! മരിച്ച ആ വൃദ്ധക്രിസ്ത്യാനിയുടെ ശരീരം അടക്കം ചെയ്തെന്നു് കേട്ടു. പത്തു് പതിനൊന്നു് ദിവസം കാത്തിരുന്നിട്ടും ഉയിർത്തെഴുന്നേൽക്കാത്തതുകൊണ്ടാവും അടക്കിയേക്കാം എന്നു് കരുതിയതു്. എങ്കിലും കുറച്ചുനാൾ കൂടി കാത്തിരിക്കാമായിരുന്നു എന്നാണെന്റെപക്ഷം. റോം “നശിപ്പിക്കപ്പെട്ടതും” ഒറ്റ ദിവസം കൊണ്ടല്ല. അക്കാര്യം മറക്കാതിരിക്കാനുള്ള കടമ മറ്റാർക്കുമില്ലെങ്കിലും നസ്രാണികൾക്കുണ്ടാവണം. യേശുവിന്റെ ലോകവും അത്ഭുതങ്ങളുടെയും മാജിക്കുകളുടെയുമായിരുന്നു. സുഖപ്പെടുത്താൻ മുറിപ്പെടുത്തുന്ന, ചികിത്സിക്കാതെ രോഗം മാറ്റുന്ന, അന്തിമമായ മറ്റൊരു മരണത്തിലേക്കു് നയിക്കാനായി മരിച്ചവരെ ഉയിർപ്പിക്കുന്ന, വിശ്വാസികൾക്കുവേണ്ടി മലകളെവരെ തള്ളി മാറ്റാൻ മടിയില്ലാത്തവിധം മനുഷ്യരെ “സ്നേഹിക്കുന്ന” ദൈവത്തിന്റെ അത്ഭുതലോകം! വിശുദ്ധ ധൂപക്കുറ്റികളേ! ഇക്കൂട്ടർ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണു് എനിക്കു് മനസ്സിലാകാത്തതു്.
അപ്പോൾ പറഞ്ഞു വന്നതു്, നവോത്ഥാനകാലാനന്തരനവകേരളസൃഷ്ടിയെ “വെള്ളപ്പൊക്കപിമ്പു്” മാർക്സിയൻ കാഴ്ചപ്പാടിലെ മനുസ്മൃതിയധിഷ്ഠിത ജാതിചിന്തയിലൂടെ വിലയിരുത്തുമ്പോൾ, ദീപസ്തംഭം മഹാശ്ചര്യം നമുക്കും തട്ടണം ശബരിമലയിലെ ഭക്തി വിറ്റ പണം എന്ന ക്യാപിറ്റലിസ്റ്റ് ചൂഷണതന്ത്രങ്ങളെ കമ്മ്യൂണിസ്റ്റ് പോക്കറ്റുകളിലേക്കു് വഴിതിരിച്ചുവിടാൻ ഭക്തരായ ദളിതുകളെ ബലിയാടുകളാക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തെറ്റൊന്നുമില്ല. ഉണ്ടെന്നു് കരുതുന്നവർക്കു് കേരളനവോത്ഥാനത്തെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നേ കരുതേണ്ടതുള്ളു. മലയാളികളുടെ നിത്യഹരിത സൂപ്പർസ്റ്റാറുകളായ മമ്മൂക്കയും ലാലേട്ടനുമെല്ലാം പറന്നു് ചെന്നു് വില്ലന്റെ പിടലിക്കു് ചവിട്ടി തറപറ്റിക്കുന്നപോലെ, പൗരന്മാർ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ ചാടിച്ചവിട്ടി മറിച്ചിടുന്ന കേരളത്തിലെ പോലീസിനെയും, അവരുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളെയുമെല്ലാം ശ്രദ്ധിച്ചിട്ടുള്ളവർക്കറിയാം, പൊതുവാളുകൾ ഊരിപ്പിടിച്ച എത്രയെത്ര കൊടുവാളുകൾക്കിടയിലൂടെ നെഞ്ചു് വിരിച്ചു് നടന്നാലാണു് ഒരിത്തിരി നവോത്ഥാനം മായം ചേർക്കാതെ വാറ്റിയെടുത്തു്, “ഫോറിൻ ലിക്കർ” എന്ന ലേബലിൽ കുലീനരായ പാമ്പുകൾക്കു് വിറ്റു് അരിക്കാശുണ്ടാക്കാൻ കഴിയുന്നതെന്നു്! അതുപോലെ സമത്വസുന്ദരമായ ഒരു സോഷ്യലിസ്റ്റ് ലോകത്തേക്കാണു് ചിത്രലേഖ എന്ന ദളിതൊരുത്തി ഓട്ടോറിക്ഷ ഓടിച്ചു് ജീവിക്കണം എന്നും പറഞ്ഞു് കയറിവരുന്നതു്! ധിക്കാരത്തിനുമില്ലേ ഒരു പരിധി? കേരളമെന്താ വെനെസ്വേലൻ മോഡൽ ബനാന റിപ്പബ്ലിക്കോ?