ക്രിസ്തീയത ഭരിക്കുന്നതോ, അല്ലെങ്കിൽ ഒരിക്കൽ ഭരിച്ചിരുന്നതോ ആയ പ്രദേശങ്ങളിലെല്ലാം മനസ്സിലാക്കപ്പെടുന്ന വിധത്തിലുള്ള പാപം:
പാപം എന്നതു് ഒരു യഹൂദചിന്തയും ഒരു യഹൂദകണ്ടുപിടുത്തവുമാണു്. എല്ലാ ക്രിസ്തീയ ധാർമ്മികതയുടെയും ഈ ഒരു പശ്ചാത്തലത്തിൽ നിന്നുള്ള കാഴ്ചപ്പാടിൽ ക്രിസ്തീയതയുടെ യഥാർത്ഥ ലക്ഷ്യം ലോകത്തെ മുഴുവൻ “യഹൂദീകരിക്കുക” എന്നതായിരുന്നു. ക്രിസ്തീയതയ്ക്കു് ഈ ലക്ഷ്യം യൂറോപ്പിൽ എത്രത്തോളം സാദ്ധ്യമായി എന്നു് ഏറ്റവും നന്നായി മനസ്സിലാക്കാൻ പാപചിന്ത എന്നൊന്നില്ലാത്ത ലോകമായിരുന്ന ഗ്രീക്ക് പൗരാണികതയ്ക്കു് നമ്മുടെ ചിന്താമേഖലകളുമായി ഇപ്പോഴുമുള്ള അന്യത്വം എത്ര വലുതാണു് എന്നു് ചിന്തിച്ചാൽ മതി – പരസ്പരസൗഹൃദം സ്ഥാപിക്കാനും കൂട്ടിച്ചേർക്കാനും പൂർണ്ണമനസ്സോടെ അനേകം തലമുറകളും എത്രയോ ഉൽകൃഷ്ടവ്യക്തികളും നടത്തിയ പരിശ്രമങ്ങൾക്കു് ഒരു കുറവും ഇല്ലാതിരുന്നിട്ടുകൂടി.
“നീ അനുതപിച്ചാലേ ദൈവം നിന്നോടു് കാരുണ്യവാനാവൂ” ഒരു പുരാതന ഗ്രീസ്കാരനില്‍ ഇതൊരു പൊട്ടിച്ചിരിയും അസഹ്യതയുമേ ജനിപ്പിക്കുമായിരുന്നുള്ളു: “അടിമകൾ അങ്ങനെ ചിന്തിച്ചേക്കാം” എന്നാവും അവൻ അതിനു് മറുപടി പറയുക. ഇവിടെ ഒരു ശക്തിമാനായ, അതിശക്തിമാനായ, എന്നിട്ടും പ്രതികാരദാഹിയായ ഒരു ദൈവമാണു് സങ്കല്‍പിക്കപ്പെടുന്നതു്: ബഹുമാനത്തിനു് പരിക്കേല്‍പിക്കുക എന്ന ഒരു കാര്യത്തിലൊഴികെ യാതൊരുവിധ ഹാനിയും വരുത്തുവാൻ ആർക്കും കഴിയാത്തത്ര വലിയതാണു് അവന്റെ ശക്തി. ഓരോ പാപവും ദൈവബഹുമാനത്തിനു് പരിക്കേൽപിക്കലാണു്, ദൈവത്തിന്റെ രാജകീയപ്രൗഢിയ്ക്കു് പരിക്കേൽപ്പിക്കുന്ന കുറ്റകൃത്യം – അതിൽ കൂടുതലൊന്നുമില്ല! പശ്ചാത്താപം, താഴാഴ്മ, പൊടിമണ്ണിൽ കിടന്നു് ഉരുളൽ – അതൊക്കെയാണു് അവൻ കരുണ ദാനം ചെയ്യുന്നതിനുള്ള ആദ്യത്തേതും അവസാനത്തേതുമായ നിബന്ധന: അതിനർത്ഥം, അതൊക്കെയാണു് അവന്റെ ദൈവികമഹത്വം പുനഃപ്രതിഷ്ഠിക്കപ്പെടുന്നതിനുള്ള നിബന്ധന!
പാപം വഴി മറ്റു് നഷ്ടങ്ങൾ വല്ലതും സംഭവിക്കുന്നുണ്ടോ, അതുവഴി നിഗൂഢമായതും പെരുകുന്നതും, മനുഷ്യരെ ഒന്നിനുപിറകെ ഒന്നായി പിടികൂടി ശ്വാസം മുട്ടിക്കുന്നതുമായ പകർച്ചവ്യാധിപോലെയുള്ള മറ്റു് അത്യാഹിതങ്ങളുടെ വിത്തുകൾ പാകപ്പെടുന്നുണ്ടോ – അതൊന്നും മഹത്വദാഹിയും പൗരസ്ത്യനുമായ ഈ സ്വർഗ്ഗവാസിയിൽ യാതൊരു ഉത്ക്കണ്ഠയും ഉണ്ടാക്കുന്നില്ല: പാപം എന്നതു് അവനോടു് ചെയ്യുന്ന ഒരു കുറ്റകൃത്യമാണു്, മാനവരാശിയോടുള്ളതല്ല! – തന്റെ കരുണ അവൻ ആർക്കാണോ ദാനം ചെയ്തതു്, അവനു് പാപങ്ങളുടെ സ്വാഭാവികമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ഉത്ക്കണ്ഠയില്ലായ്മയും അവൻ ദാനം ചെയ്യുന്നു.
മനുഷ്യരാശിക്കെതിരെ ഏതെങ്കിലും ഒരു പാപം ചെയ്യാൻ മൗലികമായിത്തന്നെ ആര്‍ക്കും ഒരിക്കലും കഴിയാത്തത്ര അകലത്തിൽ വേർപെട്ടതായും, പരസ്പരം എതിർതിരിഞ്ഞതായുമാണു് ദൈവവും മനുഷ്യനും ഇവിടെ ചിന്തിക്കപ്പെടുന്നതു് – ഓരോ പ്രവർത്തിയും അതിന്റെ പ്രകൃത്യതീതമായ അനന്തരഫലങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമാണു് വിലയിരുത്തപ്പെടേണ്ടതു്, അവയുടെ പ്രകൃത്യനുസൃതമായ ഫലങ്ങളുടെ കാഴ്ചപ്പാടിലല്ല: പ്രകൃത്യനുസൃതമായതെല്ലാം പൊതുവേ അയോഗ്യമെന്നു് കരുതുന്ന യഹൂദചിന്ത അങ്ങനെയാണു് ആഗ്രഹിക്കുന്നതു്!
അതേസമയം, ഗ്രീക്കുകാര്‍ ഇതിനു് വിപരീതമായി ദൈവനിന്ദകനും അന്തസ്സു് ഉണ്ടാവാൻ കഴിയും എന്നു് ചിന്തിച്ചിരുന്നവരാണു് – പ്രമീതിയസിന്റെ (Prometheus) കാര്യത്തിലെന്ന പോലെ മോഷണത്തിലും, അസൂയാഭ്രാന്തിന്റെ ഫലമായി എജാക്സ് (Ajax) നടത്തുന്ന കന്നുകാലിക്കൂട്ടക്കൊലയിലും: ദൈവനിന്ദകനുപോലും അന്തസ്സു് കൽപിച്ചു് പാടിപ്പുകഴ്ത്താനും കൂട്ടിച്ചേർക്കാനുമുള്ള ആഗ്രഹത്തിന്റെ പേരിൽ അവർ ട്രാജഡി കണ്ടുപിടിച്ചു – സാഹിത്യരചനാപരമായ കഴിവും ഔന്നത്യത്തിലേക്കുള്ള ചായ്‌വും ഒക്കെ ഉണ്ടായിട്ടുപോലും യഹൂദനു് അവന്റെ അഗാധസത്തയിൽ എന്നും അന്യമായി നിലനിന്ന ഒരു കലയും ഒരു ആസക്തിയും.