RSS

Daily Archives: Oct 7, 2010

ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്‌മാനും – 1

(വോൾട്ടയറിന്റെ Les oreilles du comte de Chesterfield et le chapelain Goudman-ന്റെ സ്വതന്ത്ര പരിഭാഷ)

അദ്ധ്യായം – 1

ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും ഈശ്വരേച്ഛയുടെ അനിവാര്യമായ നിയന്ത്രണത്തിലാണു് – എന്റെ അനുഭവത്തിലൂടെ ഞാൻ എത്തിച്ചേർന്ന നീതിപൂർവ്വകമായ ഒരു അനുമാനം.

എന്നെ വളരെ വിലമതിച്ചിരുന്ന മിലോർഡ്‌ ചെസ്റ്റർഫീൽഡ്‌ എനിക്കു് ഒരു ജോലി ലഭിക്കാൻ വേണ്ട ഒത്താശ ചെയ്യാമെന്നു് എന്നോടു് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണു് ഒരു നല്ല വികാരിപ്പണി ഒഴിവുണ്ടെന്നു് കേട്ടതു്. ഉടനെതന്നെ ഞാൻ ഒരുപാടു് അകലെയുള്ള എന്റെ ചെറുഗ്രാമത്തിൽ നിന്നും ലണ്ടനിലേക്കു് പുറപ്പെട്ടുചെന്നു് മിലോർഡ്‌ ചെസ്റ്റഫീൽഡിനെക്കണ്ടു് അദ്ദേഹത്തിന്റെ വാഗ്ദാനത്തെപ്പറ്റി ഓർമ്മിപ്പിച്ചു. അദ്ദേഹം വളരെ സൗഹൃദപൂർവ്വം എന്റെ കൈപിടിച്ചു് കുലുക്കിക്കൊണ്ടു് ഞാൻ ഒട്ടും ആരോഗ്യവാനായിട്ടല്ല കാണപ്പെടുന്നതെന്നു് എന്നോടു് പറഞ്ഞു. എന്റെ ഏറ്റവും വലിയ ദുരിതം പട്ടിണിയാണെന്നു് ഞാൻ അവനെ അറിയിച്ചപ്പോൾ, എന്നെ എത്രയുംവേഗം സുഖപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നുവെന്നു് പറയുകയും കയ്യോടെതന്നെ മിസ്റ്റർ സിഡ്രാകിനു് ഒരു കത്തെഴുതി എന്നെ ഏൽപിക്കുകയും ചെയ്തു. പള്ളി ഇടവകയിലേക്കു് എന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവു് എനിക്കു് കൈമാറാൻ ചുമതലപ്പെട്ടവനാണു് ഈ മിസ്റ്റർ സിഡ്രാക്‌ എന്ന കാര്യത്തിൽ എനിക്കു് തെല്ലും സംശയം ഉണ്ടായിരുന്നില്ല. സന്തോഷംകൊണ്ടു് ഞാൻ അവന്റെയടുത്തേക്കു് കുതിച്ചു് പായുകയായിരുന്നു. കത്തു് വായിച്ചശേഷം എന്നെ അത്യാവശ്യമായി ഉടനെ പരിശോധിക്കേണ്ടതു് സുപ്രധാനമായ ഒരു കാര്യമാണെന്നു് മിലോർഡ്‌ ചെസ്റ്റർഫീൽഡിന്റെ ഫാമിലി ഫിസിഷ്യൻ ആയിരുന്ന മിസ്റ്റർ സിഡ്രാക്‌ എന്നെ അറിയിച്ചു. അഥവാ, എനിക്കു് മൂത്രസഞ്ചിയിൽ കല്ലുണ്ടെങ്കിൽ, എന്നെ ഭംഗിയായി ഓപ്പറേറ്റ്‌ ചെയ്യുന്ന കാര്യവും താനേറ്റു എന്നും അവൻ ഉറപ്പുനൽകി.

എന്നുവച്ചാൽ, എനിക്കു് കഠിനമായ ബ്ലാഡർ ട്രബിൾ ഉണ്ടെന്ന ധാരണയാണു് ഞാൻ മിലോർഡിൽ സൃഷ്ടിച്ചതു് എന്നതിനാൽ, പ്രസിദ്ധമായിരുന്ന അദ്ദേഹത്തിന്റെ സ്വാഭാവികനന്മമൂലം, സ്വന്തം ചിലവിൽ എന്നെ ഓപ്പറേറ്റ്‌ ചെയ്യിച്ചു് രക്ഷപെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവന്റെ സഹോദരനെപ്പോലെതന്നെ പ്രഭു ചെസ്റ്റർഫീൽഡും ബധിരനായിരുന്നു. അതു് ഞാൻ അറിഞ്ഞിരുന്നില്ല.

എന്നെ നിശ്ചയമായും പരിശോധിക്കണം എന്ന നിലപാടുകാരനായിരുന്ന മിസ്റ്റർ സിഡ്രാകിൽ നിന്നും എന്റെ മൂത്രസഞ്ചിയെ പ്രതിരോധിക്കുന്നതിനായി എനിക്കു് നഷ്ടപ്പെട്ട സമയത്തിനിടയ്ക്കു് എന്റെ അൻപത്തിരണ്ടു് സഹഅപേക്ഷകരിൽ ഒരുവൻ മിലോർഡ്‌ ചെസ്റ്റർഫീൽഡിനെ ചെന്നു് കാണുകയും, കാര്യം എങ്ങനെയോ വ്യക്തമാക്കുകയും, എനിക്കു് ലഭിക്കേണ്ട പള്ളിവികാരിസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഞാൻ മിസ്‌ ഫിഡ്ലറിൽ അനുരാഗബദ്ധനായിരുന്നു, ഇടവകാധികാരം കിട്ടിയാൽ ഉടനെ അവളെ വിവാഹം കഴിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷേ സംഭവിച്ചതോ, എന്റെ എതിരാളിക്കു് എന്റെ ഉദ്യോഗവും കിട്ടി, എന്റെ കാമുകിയെ ഭാര്യയായും കിട്ടി.

പ്രഭു ചെസ്റ്റർഫീൽഡ്‌ എന്റെ ഭാഗ്യദോഷത്തെപ്പറ്റി കേട്ടപ്പോൾ ഒരുപാടു് പശ്ചാത്തപിക്കുകയും, എനിക്കു് സംഭവിച്ച നഷ്ടം മറ്റൊരവസരത്തിൽ പരിഹരിക്കാമെന്നു് എനിക്കു് ഉറപ്പുതരികയും ചെയ്തു. പക്ഷേ, രണ്ടുദിവസങ്ങൾക്കുശേഷം അവൻ മരിച്ചുപോയി. എന്റെ സംരക്ഷകന്റെ മരണസമയത്തെ ശാരീരികാവയവങ്ങളുടെ അവസ്ഥപ്രകാരം ഒരു നിമിഷം പോലും കൂടുതൽ ജീവിക്കാൻ അവനു് കഴിയുമായിരുന്നില്ല എന്നു് മിസ്റ്റർ സിഡ്രാക്‌ സംശയത്തിനിടനൽകാതെ, സംക്ഷിപ്തമായി എന്നെ പറഞ്ഞു് മനസ്സിലാക്കി. മിലോർഡിന്റെ ബധിരതക്കു് കാരണം, അവന്റെ കർണ്ണപുടം കല്ലുപോലെ കഠിനമായതാണെന്നും, വേണമെങ്കിൽ എന്റെ രണ്ടു് ചെവികളും സ്പിരിറ്റ്‌ ഉപയോഗിച്ചു് ചികിത്സിച്ചു് എന്നെ മറ്റാരേക്കാളും കൂടുതലായി ബധിരനാവാൻ കഴിയുന്നത്ര എന്റെ കർണ്ണപുടങ്ങളേയും കഠിനമാക്കിത്തരാമെന്നും അവൻ നിർദ്ദേശിച്ചു.

മിസ്റ്റർ സിഡ്രാക്‌ ഒരുപാടു് പഠിച്ച ഒരു പണ്ഡിതനാണെന്നു് എനിക്കു് മനസ്സിലായി. ഒരുപാടു് സ്നേഹത്തോടെ അവൻ എന്നെ പ്രകൃതിശാസ്ത്രങ്ങൾ പഠിപ്പിച്ചു. അതു് മാത്രമല്ല, അവൻ വളരെ കൃപയുള്ളവനുമാണെന്നും, ആവശ്യമായിവന്നാൽ, എന്റെ മൂത്രസഞ്ചിയെ പ്രതിഫലമില്ലാതെ ഓപ്പറേറ്റ്‌ ചെയ്യാനും, അതുവഴി എന്റെ സഞ്ചിയെ ഭീഷണിപ്പെടുത്തിയേക്കാവുന്ന എല്ലാത്തരം അപകടങ്ങളും ഇല്ലായ്മ ചെയ്യാനും അവൻ മടി കാണിക്കുകയില്ലെന്നും എനിക്കു് ബോദ്ധ്യമായി.

അങ്ങനെ, എന്റെ ഇടവകയും, കാമുകിയും എനിക്കു് നഷ്ടപ്പെട്ടതു് മറക്കാനും എന്നെ സ്വയം ആശ്വസിപ്പിക്കാനുമായി ഞാൻ മിസ്റ്റർ സിഡ്രാകിന്റെ അധ്യാപനത്തിനു് കീഴിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ തുടങ്ങി.

അദ്ധ്യായം – 2

അഞ്ചു് ഇന്ദ്രിയങ്ങളുടേയും, എന്റെ കണ്ണടയുടേയും, ഒരു മൈക്രോസ്കോപ്പിന്റേയും സഹായത്തോടെ പ്രകൃതിയിൽ ഒരുപാടു് നിരീക്ഷണങ്ങൾ നടത്തിയശേഷം ഒരു ദിവസം ഞാൻ സിഡ്രാകിനോടു് പറഞ്ഞു: “മനുഷ്യർ നമ്മളെ തീർച്ചയായും വിഡ്ഢികളായി കരുതും. പ്രകൃതി എന്നൊന്നില്ല, എല്ലാം വെറും കലയാണു്. ആശ്ചര്യപ്പെടേണ്ടതായ ആ ഒരു കലയാണു് സൂര്യനെ സ്വയം തിരിഞ്ഞുകൊണ്ടിരിക്കാനും, ഗ്രഹങ്ങളെ ക്രമാനുസൃതമായി സൂര്യനു് ചുറ്റും കറങ്ങാനും അനുവദിക്കുന്നതു്. ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ ഉള്ളവരെപ്പോലെതന്നെ വിശദാംശങ്ങൾ പഠിച്ചവനായ ആരോ ഒരാൾ എല്ലാം അത്ഭുതകരമായി സജ്ജീകരിച്ചതാവണം ഇതെല്ലാം. അതിന്റെ താക്കോൽ കണ്ടെത്തണമെങ്കിൽ ഒരുവൻ ഒരു ആഭിചാരകനായിരിക്കണം.

തെംസിൽ വേലിയേറ്റവും വേലിയിറക്കവും വരുന്നതും, എന്റെ അഭിപ്രായത്തിൽ, ഇതിലും ഒട്ടും കുറവല്ലാത്തവിധം ആഴമേറിയതും, മനസ്സിലാക്കാൻ പ്രയാസമേറിയതുമായ ഒരു കലയുടെ പ്രവർത്തനഫലമായാണു്.

മൃഗങ്ങൾ, ചെടികൾ, ധാതുക്കൾ മുതലായവയെല്ലാം അളവും തൂക്കവും എണ്ണവും ചലനവും ഉള്ളവയാണെന്നതുപോലെ എനിക്കു് തോന്നുന്നു. പുൽക്കൊടി മുതൽ തേക്കു് വരെയും, ചെള്ളു് മുതൽ മനുഷ്യൻ വരെയും, മണൽത്തരി മുതൽ മേഘങ്ങൾ വരെയും എല്ലാം സ്പ്രിംഗുകളും, ഉത്തോലകങ്ങളും, കപ്പികളും, ഹൈഡ്രോളിക്‌ മെഷീനുകളും കെമിക്കൽ ലബോററ്ററികളുമാണു്.

തീർച്ചയായും എല്ലാം കലയും, പ്രകൃതി ഒരു മസ്തിഷ്കഭൂതവുമാണു്.

അതിനു് മറുപടിയായി സിഡ്രാക്‌ പറഞ്ഞു: “നിങ്ങൾ പറയുന്നതു് ശരിയാണു്. പക്ഷേ, ഇംഗ്ലീഷ്‌ ചാനെലിനപ്പുറത്തു് ഇതേ അഭിപ്രായം പ്രകടിപ്പിച്ച ഒരു സ്വപ്നവിഹാരിക്കു് ചെവി ലഭിക്കാതിരുന്നതുപോലെതന്നെ, നിങ്ങളുടെ ഈ അഭിപ്രായവും മനുഷ്യർ ശ്രദ്ധിക്കാൻ പോകുന്നില്ല.”

“ദുര്‍ഗ്രഹമായതെന്നു് തോന്നുന്ന ഈ കല വഴി രണ്ടു് പണിയായുധങ്ങൾ മൂന്നാമതൊരു പണിയായുധത്തെ നിർമ്മിക്കുന്നതാണു് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതും, എനിക്കു് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതും. മിസ്‌ ഫിഡ്ലറിനോടു് ചേർന്നു് അതുപോലൊരു മൂന്നാമത്തേതിനെ നിർമ്മിക്കാൻ എനിക്കു് കഴിയാതെ പോയതിൽ ഞാൻ അങ്ങേയറ്റം ദുഃഖിതനുമാണു്. അതേസമയം, മിസ്‌ ഫിഡ്ലർ ഈ ജോലിക്കു് മറ്റൊരു മെഷീനെയാണു് ഉപയോഗപ്പെടുത്തേണ്ടതെന്നു് അനശ്വരമായ ആലോചനാസമിതിയിൽ തീരുമാനിക്കപ്പെട്ടിരുന്നു എന്ന വസ്തുത ഞാൻ നിരുപാധികം അംഗീകരിക്കുകയും ചെയ്യുന്നു.”

ഇതുകേട്ട സിഡ്രാക്‌ എന്നോടു് പറഞ്ഞു: “നിങ്ങൾ ഈ പറയുന്നതു് പണ്ടേ പറഞ്ഞുകഴിഞ്ഞതാണെങ്കിലും, അതു് ഒരിക്കൽകൂടി പറയുന്നതു് നല്ലതാണു്, കാരണം, അതിൽനിന്നും വെളിപ്പെടുന്നതു് നിങ്ങൾ ചിന്തിക്കുന്നതു് ശരിയാണെന്നതിന്റെ പ്രോബബിലിറ്റിയാണു്. അതേ, രണ്ടു് അസ്തിത്വങ്ങൾ മൂന്നാമതൊന്നിനു് രൂപം നൽകുന്നതു് വളരെ ആഹ്ലാദകരമായ ഒരു കാര്യമാണു്. എങ്കിൽത്തന്നെയും, അതു് എല്ലാ അസ്തിത്വങ്ങൾക്കും ബാധകമല്ല. രണ്ടു് റോസാപ്പൂക്കൾ പരസ്പരം സ്പര്‍ശിച്ചാൽ ഒരുവിധത്തിലും മൂന്നാമതൊന്നു് ഉണ്ടാവുന്നില്ല. രണ്ടു് ചരൽക്കല്ലുകളോ, ലോഹങ്ങളോ മൂന്നാമതൊന്നിനെ സൃഷ്ടിക്കുന്നില്ല. എന്നാലും, കല്ലുകളും ലോഹങ്ങളും മനുഷ്യന്റെ വൈദഗ്ദ്ധ്യത്തിനു് നിർമ്മിക്കാൻ കഴിയാത്ത പദാർത്ഥങ്ങളാണു്. (വോൾട്ടയറുടെ കാലത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്നു് അത്തരം നിർമ്മാണം ശാസ്ത്രത്തിനു് സാദ്ധ്യമാണു്. ലഭിക്കുന്ന ഫലം അതിനു് വേണ്ടിവരുന്ന ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ അവഗണനീയമായിരിക്കുമെന്നതിനാൽ അതുപോലുള്ള ശ്രമങ്ങൾ അർത്ഥശൂന്യമാണെങ്കിലും.) മഹനീയവും മനോഹരവും എപ്പോഴും തുടർന്നു് നിലനിൽക്കുന്നതുമായ ഒരു അത്ഭുതമാണു് ഒരു യുവാവും യുവതിയും ചേർന്നു് ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതും, ഒരു രാക്കുയിൽപ്പൂവൻ രാക്കുയിൽപിടയോടു് ചേർന്നു് – ഒരു ആറ്റക്കുരുവിപ്പിടയോടു് ചേർന്നല്ല – ഒരു രാക്കുയിൽക്കുഞ്ഞിനെ ജനിപ്പിക്കുന്നതും. ഒരുവൻ അവന്റെ ജീവിതത്തിന്റെ പകുതി അവയെ അനുകരിക്കാനും, ബാക്കി പകുതി ഈ മാർഗ്ഗം കണ്ടുപിടിച്ചവനെ പുകഴ്ത്താനുമാണു് ചിലവഴിക്കേണ്ടതു്. പ്രത്യുത്പാദനത്തിൽ ആയിരം അത്ഭുതകരമായ രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നു. പ്രകൃതി എല്ലായിടത്തും ഒരുപോലെയാണെന്നു് ന്യൂട്ടൺ പറയുന്നു. എന്നാൽ പ്രണയത്തിന്റെ കാര്യത്തിൽ അതു് ശരിയല്ല. മത്സ്യങ്ങളും ഇഴജന്തുക്കളും പക്ഷികളും പ്രണയിക്കുന്നതു് നമ്മളിൽ നിന്നും വ്യത്യസ്തമായും, അതുതന്നെ എണ്ണമറ്റ വിധത്തിലുമാണു്. അനുഭവശേഷിയുള്ള, പ്രവർത്തനശേഷിയുള്ള ഒരു അസ്തിത്വം രൂപമെടുക്കുന്നതു് എന്നെ ഉല്ലാസവാനാക്കുന്നു. ചെടികൾക്കും അവയുടെ ആകർഷണീയതയുണ്ടു്. മണ്ണിലേക്കെറിഞ്ഞ ഒരു ധാന്യമണി അനേകം ധാന്യമണികളെ ജനിപ്പിക്കുന്നതിനെപ്പറ്റി ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ടു്.”

അതുകേട്ടു് ഒരു വിഡ്ഢിയേപ്പോലെ – അന്നു് ഞാൻ ഒരു വിഡ്ഢി ആയിരുന്നുതാനും – ഞാൻ പറഞ്ഞു: “ആഹ്‌, അങ്ങനെ സംഭവിക്കുന്നതു്, ഞങ്ങളെ സ്കൂളിൽ പഠിപ്പിച്ചതുപോലെ, ആ ധാന്യമണി വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതിനായി മരിക്കണം എന്നതിനാലാണു്.”

മിസ്റ്റർ സിഡ്രാക്‌ നിഗൂഢമായ ഒരു പുഞ്ചിരിയോടെ എന്നെ തിരുത്തി: “(സണ്ഡേ)സ്കൂളിൽ അവർ അങ്ങനെ പഠിപ്പിക്കുന്നുണ്ടാവാം. പക്ഷേ, അതു് പരിഹാസ്യമായ വിടുവായത്തരമാണെന്നു് ഇന്നു് ഒരു സാധാരണ കർഷകനുപോലും അറിയാം.”

“ഓ, മിസ്റ്റർ സിഡ്രാക്‌, ഞാൻ ക്ഷമ യാചിക്കുന്നു, ഞാൻ ഒരു തിയൊളോജിയനായിരുന്നു. നിങ്ങൾക്കറിയാവുന്നപോലെ, ഒരുവനു് തന്റെ ശീലങ്ങൾ ഒറ്റയടിക്കു് ഉപേക്ഷിക്കാനാവില്ലല്ലോ.”

അദ്ധ്യായം – 3

പാവം പാതിരി ഗോഡ്‌മാനും ഉഗ്രൻ അനാടമിസ്റ്റായ സിഡ്രാകും തമ്മിൽ ഈ സംഭാഷണം നടന്നു് ഏതാനും നാളുകൾക്കു് ശേഷം അവർ രണ്ടുപേരും സെന്റ്‌ ജെയിംസ്‌ പാർക്കിൽ വച്ചു് വീണ്ടും കണ്ടുമുട്ടി. ആ പാതിരി ചിന്തകളിലും സ്വപ്നങ്ങളിലും മുഴുകിയവനായിരുന്നു. തെറ്റായ കണക്കുകൂട്ടൽ നടത്തിയ ഒരു ഗണിതശാസ്ത്രജ്ഞനേക്കാൾ ചിന്നിച്ചിതറിയവനായി അവൻ കാണപ്പെട്ടു.

“എന്താ നിങ്ങളുടെ പ്രശ്നം? ബ്ലാഡറോ അതോ വൻകുടലോ നിങ്ങളെ ശല്യപ്പെടുത്തുന്നതു്?” സിഡ്രാക്‌ ചോദിച്ചു.

“അല്ല, മൂത്രാശയമല്ല, പിത്താശയമാണു് ഇപ്രാവശ്യത്തെ ആകുലതയ്ക്കു് കാരണം. അൽപം മുൻപു് ഞാൻ കാൽനടയായി പോകുകയായിരുന്നു. അപ്പോളതാ ഗ്ലോസ്റ്ററിലെ വായാടിയും ലജ്ജയില്ലാത്തവിധം പണ്ഡിതമ്മന്യനുമായ ബിഷപ്പു് മനോഹരമായ ഒരു വാഹനത്തിൽ പോകുന്നു; അതെന്നെ വല്ലാതെ ദ്വേഷ്യം പിടിപ്പിച്ചു. ഞാൻ ആലോചിച്ചതു്, നമ്മുടെ രാജ്യത്തിൽ ഒരു ബിഷപ്പു് സ്ഥാനത്തിനുവേണ്ടി ഞാൻ ശ്രമിച്ചാൽ എനിക്കതു് ലഭിക്കുകയില്ല എന്നതിന്റെ പേരിൽ ആർക്കുവേണമെങ്കിലും ഒന്നിനു് പതിനായിരം എന്ന തോതിൽ ബെറ്റ്‌ വയ്ക്കാം, കാരണം, നമുക്കു് ഇംഗ്ലണ്ടിൽ പതിനായിരം പാതിരിമാരുണ്ടു്. ബധിരനായിരുന്ന മിലോർഡ്‌ ചെസ്റ്റർഫീൽഡ്‌ മരിച്ചുപോയതിനാൽ എന്നെ സ്പോൺസർ ചെയ്യാൻ ഇപ്പോൾ ആരുമില്ല. ഇനി, ഇപ്പറഞ്ഞ പതിനായിരം ആംഗ്ലിക്കൻ പാതിരിമാർക്കു് ഓരോരുത്തർക്കും ഈരണ്ടു് പേയ്ട്രണുകൾ ഉണ്ടെന്നു് നമ്മളൊന്നു് സങ്കൽപിച്ചുനോക്കിയാൽ, എനിക്കു് ബിഷപ്പു് സ്ഥാനം ലഭിക്കില്ല എന്നതിനു് ഒന്നിനു് ഇരുപതിനായിരം എന്നുപോലും ആർക്കും ഉറപ്പായി ബെറ്റ്‌ വയ്ക്കാം. അതിനെപ്പറ്റി ചിന്തിച്ചാൽ ആർക്കായാലും ദ്വേഷ്യം വരും.

മുൻപൊരിക്കൽ ഒരു ഷിപ്പ്‌-ബോയ്‌ ആയി ഇൻഡ്യയിലേക്കു് പോകാൻ ചിലർ എന്നെ ഉപദേശിച്ചതു് ഞാനിപ്പോഴും ഓർമ്മിക്കുന്നു. അവിടെ എനിക്കു് എന്റെ ഭാഗ്യം പരീക്ഷിക്കാമെന്നു് അവർ എനിക്കുറപ്പു് തന്നിരുന്നെങ്കിലും, ഭാവിയിൽ ഒരു സുപ്രഭാതത്തിൽ അഡ്മിറൽ ആവാനാണു് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന തോന്നൽ എനിക്കില്ലായിരുന്നു. അവസാനം, എല്ലാ തൊഴിലുകളും പരിശോധിച്ചതിനുശേഷം, ഒരു പ്രയോജനവുമില്ലാത്ത ഒരു ആത്മീയനായി തുടരാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.”

സിഡ്രാക്‌ അവനെ ഉപദേശിച്ചു: “എങ്കിൽപ്പിന്നെ നിങ്ങൾ പാതിരിയായി തുടരാതെ ഒരു ചിന്തകൻ ആവൂ. ആ തൊഴിലിനു് സമ്പത്തിന്റെ ആവശ്യമില്ല, സമ്പത്തു് ഉണ്ടാവുകയുമില്ല. എത്രയാണു് നിങ്ങളുടെ ഇപ്പോഴത്തെ വരുമാനം?”

“മുപ്പതു് ‘ഗിനി’ മാത്രമാണു് എന്റെ വാർഷികവരുമാനം. എന്റെ വയസ്സിയായ അമ്മായിയുടെ മരണശേഷം അതു് അൻപതായേക്കാം.”

“ഓ, പ്രിയ ഗോഡ്‌മാൻ, സ്വതന്ത്രമായി ജീവിക്കാനും വിചിന്തനം ചെയ്യാനും അതു് ധാരാളം മതി. മുപ്പതു് ഗിനി അറുന്നൂറ്റിമുപ്പതു് ഷില്ലിംഗ്‌ ആണു്: അതായതു്, ഒരു ദിവസത്തേക്കു് ഏകദേശം രണ്ടു് ഷില്ലിംഗ്‌. ഫിലിപ്സിനു് ഒരു ദിവസത്തേക്കു് ഒരു ഷില്ലിംഗ്‌ മതിയായിരുന്നു. ഇത്രയും ഉറപ്പായ വരുമാനത്തിന്റെ പിൻബലത്തിൽ, ഈസ്റ്റ്‌ ഇൻഡ്യാ കമ്പനിയെപ്പറ്റിയും, പാർലമെന്റിനെപ്പറ്റിയും, നമ്മുടെ കോളണികളെപ്പറ്റിയും, രാജാവിനെപ്പറ്റിയും, അസ്തിത്വത്തെപ്പറ്റി പൊതുവേതന്നേയും, ദൈവത്തെപ്പറ്റിയും, മനുഷ്യരെപ്പറ്റിയും നിങ്ങൾ ചിന്തിക്കുന്നതു് മുഴുവനും വിളിച്ചുപറയാൻ ഒരു ചിന്തകൻ എന്നനിലയിൽ നിങ്ങൾക്കു് കഴിയും. അതു് ഭയങ്കര രസമുള്ള ഒരു ജോലിയാണുതാനും. ആഹാരം നിങ്ങൾക്കു് എന്നോടൊപ്പം കഴിക്കാമെന്നതിനാൽ അതുവഴിയും പണം ലാഭിക്കാം. അങ്ങനെ നമുക്കു് പരസ്പരം ചർച്ചകളിൽ ഏർപ്പെടാം. എന്റെ വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ പരിചിന്തനശേഷി ആനന്ദത്തിൽ ആറാടും. മനുഷ്യർക്കു് ഇതുവരെ വേണ്ടത്ര വിസ്മയത്തോടെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത വളരെ ശ്രദ്ധേയമായ ഒരു കാര്യമാണതു്.”

അദ്ധ്യായം – 4

ഡോക്ടർ ഗോഡ്‌മാനും ശരീരശാസ്ത്രജ്ഞനായ സിഡ്രാകും തമ്മിൽ ആത്മാവിനെയും മറ്റു് കാര്യങ്ങളെയും പറ്റി നടത്തുന്ന സംഭാഷണം:

ഗോഡ്‌മാൻ: എന്നാലുമെന്റെ പ്രിയ സിഡ്രാക്‌, നിങ്ങൾ എന്തിനാണു് എപ്പോഴും ‘എന്റെ പരിചിന്തനശേഷി’ എന്നു് പറയുന്നതു്? നിങ്ങൾ എന്തുകൊണ്ടു് ലളിതമായി ‘എന്റെ ആത്മാവു്’ എന്നു് പറയുന്നില്ല? ആത്മാവിനു് നീളം കുറവാണു്, അതെനിക്കു് മറ്റേതുപോലെതന്നെ നന്നായി മനസ്സിലാവുകയും ചെയ്യും.

സിഡ്രാക്‌: പക്ഷേ അപ്പോൾ എനിക്കതു് സ്വയം മനസ്സിലാവില്ല. ചിന്തിക്കാനും സംസാരിക്കാനുമുള്ള ശേഷി ദൈവം എനിക്കു് നൽകിയിട്ടുണ്ടെന്നതു് എനിക്കു് അനുഭവവേദ്യമാണു്, അതെനിക്കറിയുകയും ചെയ്യാം; എന്നാൽ, മനുഷ്യർ ‘ആത്മാവു്’ എന്നു് വിളിക്കുന്ന എന്തോ ഒന്നു് ദൈവം എനിക്കു് നൽകിയിട്ടുണ്ടോ എന്നു് അനുഭവിക്കാനോ അറിയാനോ എനിക്കു് കഴിയുന്നില്ല.

ഗോഡ്‌മാൻ: വാസ്തവം, അതിനെപ്പറ്റി കൂടുതൽ ചിന്തനം ചെയ്യുമ്പോൾ, ആത്മാവിനെപ്പറ്റി ഒന്നും എനിക്കറിയില്ലെന്നും, ഞാൻ ഇക്കാലമത്രയും ചിലതൊക്കെ എനിക്കറിയാമെന്നു് വലിയ തന്റേടത്തോടെ എന്നെത്തന്നെ ധരിപ്പിക്കുകയായിരുന്നുവെന്നും എനിക്കു് ബോദ്ധ്യമാവുന്നു. കിഴക്കൻ രാജ്യങ്ങളിലെ ജനങ്ങൾ ആത്മാവു് എന്നതിനു് ‘ജീവൻ’ എന്ന അർത്ഥം വരുന്ന പദം ഉപയോഗിക്കുന്നതായി ഞാൻ കണ്ടെത്തിയിട്ടുണ്ടു്. അവരുടെ മാതൃക സ്വീകരിച്ചു് റോമാക്കാർ ‘anima’ എന്ന വാക്കു് ആദ്യം മൃഗങ്ങളുടെ ജീവൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ശ്വാസമാണു് ആത്മാവു് എന്നു് ഗ്രീക്കുകാർ പറഞ്ഞു. ശ്വാസമാണെങ്കിൽ ഒരു ഇളം കാറ്റാണു്. റോമാക്കാർ ആ വാക്കിനെ ‘spiritus’ എന്നു് തർജ്ജമ ചെയ്തു. അങ്ങനെയാണു് മിക്കവാറും എല്ലാ ആധുനികജനവിഭാഗങ്ങളിലും ആത്മാവു് എന്ന വാക്കു് എത്തിപ്പെട്ടതു്. ഈ ‘ഇളംകാറ്റിനെ’ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ, അതിൽനിന്നും ആർക്കും കാണാനോ തൊടാനോ കഴിയാത്ത ആത്മാവു് എന്ന ഒരു ‘അസ്തിത്വത്തെ’ മനുഷ്യർ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തു. ആത്മാവു് മനുഷ്യരുടെ ശരീരത്തിനുള്ളിൽ പ്രത്യേകം സ്ഥലത്തിന്റെ ആവശ്യമില്ലാതെ വസിക്കുന്നു എന്നും, അതു് നമ്മുടെ അവയവങ്ങളെ തൊടാതെതന്നെ ചലിപ്പിക്കുന്നുവെന്നും പഠിപ്പിക്കപ്പെട്ടു. അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ടു് മറ്റെന്തൊക്കെയാണു് ആത്മാവിനെപ്പറ്റി മനുഷ്യർ പറഞ്ഞു് ഫലിപ്പിച്ചതു്! എന്റെ അഭിപ്രായത്തിൽ, നമ്മുടെ എല്ലാ സംസാരങ്ങളും ഉഭയാർത്ഥങ്ങളുടെ അടിത്തറയിലാണു് നിലകൊള്ളുന്നതു്. ഉദാഹരണത്തിനു്, എല്ലാ ഭാഷയിലും കാണാൻ കഴിയുന്നതായ വാക്കുകളുടെ ഈ ഉഭയാർത്ഥസ്വഭാവം മനുഷ്യബുദ്ധിയിൽ നടത്തിയ കടന്നാക്രമണങ്ങൾ എന്തെന്തു് അലങ്കോലങ്ങൾക്കാണു് കാരണഭൂതമായതെന്നതിനെപ്പറ്റി ബുദ്ധിമാനായിരുന്ന ലോക്ക്‌ എങ്ങനെയാണു് ചിന്തിച്ചിരുന്നതെന്നു് എനിക്കറിയാം. മെറ്റഫിസിക്സിനെപ്പറ്റി എഴുതപ്പെട്ടവയിൽ എന്തെങ്കിലും അർത്ഥമുള്ള ഒരേയൊരു പുസ്തകത്തിൽ (An Essay Concerning Human Understanding – John Locke) ആത്മാവിനുവേണ്ടി ഒരദ്ധ്യായം പോലും അവൻ നീക്കിവച്ചില്ല. യാദൃച്ഛികമായി എവിടെയെങ്കിലും അവനു് ആ വാക്കു് ആവശ്യമായി വന്നപ്പോഴെല്ലാം, അതു് ഉപയോഗിക്കപ്പെട്ടിരിക്കുന്നതു് ബോധം എന്ന അർത്ഥത്തിലാണു്.

മനുഷ്യർക്കു് ബോധമുണ്ടെന്നും, അവരിൽ ചിന്തകൾ രൂപമെടുക്കുന്നുണ്ടെന്നും, സമാഹരിക്കപ്പെടുന്നുണ്ടെന്നും, വിശകലനം ചെയ്യപ്പെടുന്നുണ്ടെന്നും വാസ്തവത്തിൽ ഓരോരുത്തർക്കും അറിയാം. പക്ഷേ, തനിക്കു് ചലനങ്ങളും അനുഭവങ്ങളും, ചിന്തകളും പ്രദാനം ചെയ്യുന്ന മറ്റൊരു അസ്തിത്വം തന്നിൽ വസിക്കുന്നുണ്ടെന്നു് ആർക്കും അറിവില്ല. തനിക്കു് അറിഞ്ഞുകൂടാത്ത വാക്കുകൾ പറയുന്നതും, തനിക്കു് നേരിയ ഗ്രാഹ്യം പോലുമില്ലാത്ത ഒന്നു് ഉള്ളതായി സങ്കൽപിക്കുന്നതും അടിസ്ഥാനപരമായി നോക്കിയാൽ പരിഹാസ്യമാണു്.

സിഡ്രാക്‌: അങ്ങനെ, നൂറ്റാണ്ടുകളായി തർക്കവിഷയമായിരുന്ന ആ ഒരു കാര്യത്തിൽ നമ്മൾ ഏകാഭിപ്രായക്കാരായി!

ഗോഡ്‌മാൻ: അതിൽ നമ്മൾ ഏകാഭിപ്രായക്കാരാണെന്നതു് എന്നെ അത്ഭുതപ്പെടുത്തുന്നു!

സിഡ്രാക്‌: നമ്മുടെ രണ്ടുപേരുടെയും ലക്ഷ്യം സത്യം തേടുകയാണെന്നതിനാൽ, അതിൽ അത്ഭുതത്തിനു് വകയൊന്നുമില്ല. നമ്മൾ സ്കൂൾബഞ്ചിൽ ഇരിക്കുകയായിരുന്നെങ്കിൽ റാബ്ലെയുടെ നോവലുകളിലെ (Gargantua and Pantagruel – Francois Rabelais) വിചിത്രരൂപങ്ങളെപ്പറ്റി ആയിരുന്നേനെ നമ്മൾ ചർച്ചചെയ്യുന്നതു്. ഇംഗ്ലണ്ടിനെ ദീര്‍ഘകാലം മൂടിയിരുന്നതുപോലുള്ള ഭീകരമായ അന്ധകാരത്തിന്റെ യുഗത്തിലായിരുന്നു നമ്മൾ ജീവിച്ചിരുന്നതെങ്കിൽ, നമ്മളിലൊരുത്തൻ മറ്റവനെ ചുട്ടുകരിക്കാൻ തയ്യാറായേനെ. പക്ഷേ, നമ്മൾ ജീവിക്കുന്നതു് യുക്തിബോധത്തിന്റെ യുഗത്തിലാണു്. സത്യമാവാൻ സാദ്ധ്യതയുള്ളതെന്തെന്നു് നമ്മൾ എളുപ്പം മനസ്സിലാക്കുകയും അതു് തുറന്നു് പറയുകയും ചെയ്യുന്നു.

ഗോഡ്‌മാൻ: അതേ, പക്ഷേ, ആ സത്യം വലിയ വിലയുള്ളതല്ലെന്നു് ഞാൻ ഭയപ്പെടുന്നു. ഗണിതശാസ്ത്രത്തിൽ നമ്മൾ അപ്പൊളോണിയസിനേയും (Apollonius of Perga) ആർക്കിമെഡിസിനെയും (Archimedes) വിസ്മയിപ്പിക്കാനും അവരെ നമ്മുടെ വിദ്യാർത്ഥികളാക്കാനും പോന്ന അത്ഭുതങ്ങൾ സൃഷ്ടിച്ചു. പക്ഷേ മേറ്റഫിസിക്സിൽ നമ്മുടെ അജ്ഞതയല്ലാതെ മറ്റെന്താണു് നമ്മൾ കണ്ടെത്തിയതു്?

സിഡ്രാക്‌: അതത്ര നിസ്സാരമാണോ? അനുഭവിക്കാനും ചിന്തിക്കാനുമുള്ള ശേഷിയും, അതുപോലെതന്നെ, ചലിക്കാനുള്ള ശേഷി കാലുകൾക്കും, ആയിരം കാര്യങ്ങൾ ചെയ്യുന്നതിനുള്ള കഴിവു് കൈകൾക്കും, ദഹിപ്പിക്കാനുള്ള ശേഷി ആമാശയത്തിനും കുടലുകൾക്കും, രക്തം ഞരമ്പുകളിലേക്കു് പമ്പുചെയ്യുന്നതിനുള്ള ശേഷി നിങ്ങളുടെ ഹൃദയത്തിനുമെല്ലാം ലഭിച്ചതു് അത്യുന്നതനായ ഒരു അസ്തിത്വത്തിൽനിന്നുമാണെന്നു് നിങ്ങൾ സമ്മതിക്കുന്നു. എല്ലാം നമുക്കു് അവനിൽ നിന്നും ലഭിക്കുന്നു. സ്വയം എന്തെങ്കിലും നൽകാൻ നമുക്കു് കഴിയുന്നില്ല. പ്രപഞ്ചത്തിന്റെ നാഥൻ നമ്മെ നയിക്കാൻ എന്തു് ഉപകരണങ്ങളാണു് ഉപയോഗിക്കുന്നതെന്നു് നമുക്കറിയില്ല. വസ്തുതകളുടെ ഉത്ഭവത്തെപ്പറ്റി എത്ര പരിമിതമാണു് എന്റെ അറിവു് എന്നു് മനസ്സിലാക്കിത്തന്നതിന്റെ പേരിൽ ഞാൻ അവനോടു് നന്ദിയുള്ളവനാണു്.

ആത്മാവു് ശരീരവുമായി എങ്ങനെ പ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നു് നിജപ്പെടുത്തുവാൻ മനുഷ്യർ എപ്പോഴും ശ്രമിച്ചിരുന്നു. അതിനു് ആദ്യം ആത്മാവു് എന്നൊന്നുണ്ടോ എന്നറിയണം. ഒന്നുകിൽ ദൈവം നമുക്കു് ഒരു ആത്മാവിനെ സമ്മാനിച്ചു, അല്ലെങ്കിൽ അതിനു് തുല്യമായ ഒന്നിനെ നമുക്കു് നൽകി. ഏതുവിധത്തിലാണു് അവൻ അതു് ചെയ്തതെങ്കിലും, നമ്മൾ അവന്റെ കൈകളിലാണു് വസിക്കുന്നതു്. അവൻ നമ്മുടെ നാഥനാണു്, അതു് മാത്രമാണു് എനിക്കാകെ അറിയാവുന്നതു്.

ഗോഡ്മാൻ: ചുരുങ്ങിയപക്ഷം, അതിനെപ്പറ്റി നിങ്ങൾ എന്താണു് ഊഹിക്കുന്നതെന്നെങ്കിലും എന്നോടു് പറയൂ. നിങ്ങൾ ഒരുപാടു് തലച്ചോറുകൾ കീറിമുറിച്ചിട്ടുണ്ടു്, ഭ്രൂണങ്ങളെയും ഗർഭസ്ഥശിശുക്കളെയും കണ്ടിട്ടുമുണ്ടു്. ഒരു ആത്മാവു് ആവാൻ നേരിയ സാദ്ധ്യതയുള്ള എന്തെങ്കിലുമൊന്നിനെ അക്കൂട്ടത്തിൽ എവിടെയെങ്കിലും കാണാൻ നിങ്ങൾക്കു് കഴിഞ്ഞിട്ടുണ്ടോ?

സിഡ്രാക്‌: അതുപോലൊന്നും കണ്ടിട്ടില്ല. പോരെങ്കിൽ, ശരീരമില്ലാത്ത, മരണമില്ലാത്ത എന്തോ ഒന്നിനു്, ദുർഗ്ഗന്ധവാഹിയായ ഒരു തൊലിയ്ക്കുള്ളിൽ, ഒരാവശ്യവുമില്ലാതെ മൂത്രത്തിനും മലത്തിനുമിടയിൽ എങ്ങനെ ഒൻപതു് മാസക്കാലം ഒളിച്ചു് താമസിക്കാൻ കഴിയുന്നുവെന്നും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ശരീരത്തിന്റെ രൂപമെടുക്കലിനു് മുൻപുതന്നെ ആത്മാവു് സ്വതന്ത്രമായി നിലനിൽക്കുന്നുണ്ടെന്ന അവകാശവാദവും എന്നെസംബന്ധിച്ചു് ദുര്‍ഗ്രാഹ്യമാണു്, കാരണം, ഒരു മനുഷ്യനിൽ ആത്മാവു് ആകുന്നതിനു് മുൻപു്, എത്രയോ നൂറ്റാണ്ടുകളിൽ, ഈ വെറും ആത്മാവു് എന്തു് ചെയ്യുകയായിരുന്നു? അൽപം ദ്രവ്യത്തിനു് ഏതാനും മിനുട്ടു് സമയത്തേക്കു് ജീവൻ നൽകേണ്ട ഒരു നിമിഷത്തിനുവേണ്ടി അനന്തമായ കാലം കാത്തിരിക്കുന്ന ഒരു അസ്തിത്വത്തെ എങ്ങനെയാണു് നമുക്കു് സങ്കൽപിക്കാനാവുക? ഇനി, ഭ്രൂണം ഗർഭപാത്രത്തിൽ വച്ചുതന്നെ മരിക്കുന്ന ഒരു സാഹചര്യത്തിൽ, ആ ഭ്രൂണത്തിനു് ജീവൻ നൽകേണ്ടതായിരുന്ന അജ്ഞാതമായ ആ എന്തോ ഒന്നിനു് (ആത്മാവിനു്) എന്താണു് സംഭവിക്കുന്നതു്?

അതിനേക്കാൾ പരിഹാസ്യമായി എനിക്കു് തോന്നുന്നതു്, ഒരു പുരുഷൻ ഒരു സ്ത്രീയുമായി ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ ശ്രമിക്കുന്ന അതേനിമിഷത്തിൽത്തന്നെ ദൈവവും ഒരു ആത്മാവിനെ സൃഷ്ടിച്ചിരിക്കണം എന്നതാണു്. അതിലുപരി, ദൈവത്തിനു് എവിടെയെങ്കിലും ഒരു വ്യഭിചാരമോ, അഗമ്യഗമനമോ സംഭവിക്കുന്നതു് കാത്തിരിക്കേണ്ടിവരുന്നതും, അതുപോലുള്ള അപകീർത്തികളെ അപ്പോഴപ്പോൾ ആത്മാവുകളെ സൃഷ്ടിച്ചു് പാരിതോഷികം നൽകി സഫലീകരിക്കേണ്ടിവരുന്നതും ഒരു ബ്ലാസ്ഫെമിയായിട്ടാണു് ഞാൻ കരുതുന്നതു്. അതിലുമെത്രയോ ദയനീയമാണു് ദൈവം ശൂന്യതയിൽ നിന്നും അനശ്വരമായ ആത്മാക്കളെ എടുത്തു് അവയെ നിത്യവും ക്രൂരവുമായ ദുരിതങ്ങൾ അനുഭവിക്കാൻ ഭൂമിയിലെ ഉരുക്കളിലേക്കു് അയക്കുകയാണു് എന്നു് പറയുന്നതു്. അതുപോലെ അസ്തിത്വമില്ലാത്ത, തീപിടിക്കാനാവുന്ന യാതൊന്നുമില്ലാത്ത ഒന്നിനു് എങ്ങനെയാണു് തീപിടിപ്പിക്കാനാവുക, എങ്ങനെയാണു് നമുക്കു് ശബ്ദത്തിലെ സ്വരത്തെ, വീശിയകലുന്ന ഒരു കാറ്റിനെ കത്തിക്കാനാവുക? എങ്കിലും, ആ സ്വരത്തിനും, ആ കാറ്റിനും, അവയെ നമ്മൾ അനുഭവിക്കുന്ന സമയത്തു് നൈസർഗ്ഗികമായ എന്തോ ഒന്നുണ്ടു്. പക്ഷേ, ഒരു വെറും ആത്മാവു്? ഒരു ചിന്ത? ഒരു നിരാശ? അവിടെ എന്റെ ധാരണാശക്തി അവസാനിക്കുകയാണു് ചെയ്യുന്നതു്. ഞാൻ എങ്ങോട്ടു് തിരിഞ്ഞാലും അവിടെയെല്ലാം അന്ധകാരവും, വൈരുദ്ധ്യവും, അസാദ്ധ്യതയും, പരിഹാസ്യതയും, മിഥ്യാഭാവനയും, അനുമാനവും, മസ്തിഷ്കഭൂതങ്ങളും, മണ്ടത്തവും, വിഡ്ഢിത്തവും, ചതിയും മാത്രം.

എങ്കിലും ഞാൻ എന്നോടു് ഇങ്ങനെ പറഞ്ഞു് സംതൃപ്തനാവുന്നു: ദൈവം എന്ന നാഥൻ എണ്ണമറ്റ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു, ചെറിയതും അന്യമായതും, അദൃശ്യമായതും, ആത്മാവു് എന്നു് വിളിക്കപ്പെടുന്നതുമായ ഒരു കണികയുടെ സഹായമില്ലാതെ നമുക്കു് ബോധവും ചിന്താശേഷിയും നൽകാൻ മാത്രം ശക്തനാണു് അവൻ.

എല്ലാ മൃഗങ്ങളെയും ദൈവം ഒരുക്കിയിരിക്കുന്നതു് ബോധവും ഓർമ്മശക്തിയും, വൈഭവവും നൽകിയാണു്. ദൈവം അവയ്ക്കു് ജീവൻ നൽകി. ജീവനോ അല്ലെങ്കിൽ ആത്മാവോ നൽകുന്നതും ഒരുപോലെതന്നെ നല്ലതാണു്. മൃഗങ്ങൾ ജീവിക്കുന്നു എന്നും, അവയ്ക്കു് വികാരങ്ങൾ ഉണ്ടെന്നും, അനുഭവേന്ദ്രിയങ്ങൾ ഉണ്ടെന്നും നമുക്കറിയാവുന്ന കാര്യമാണു്. ഒരു ആത്മാവിന്റെ സഹായമില്ലാതെ അവയ്ക്കു് ഇതെല്ലാം ഉണ്ടാവാമെങ്കിൽ, മനുഷ്യനു് മാത്രം എന്തു് വില നൽകിയിട്ടായാലും ഒരു ആത്മാവു് ഉണ്ടായേ തീരൂ എന്നു് എന്തിനിത്ര നിർബന്ധം?

ഗോഡ്‌മാൻ: അതൊരുപക്ഷേ പൊങ്ങച്ചത്തിന്റെ പേരിൽ ആയിരിക്കും. ഒരു ആൺമയിലിനു് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ തനിക്കു് ആത്മാവുണ്ടെന്നും, അതു് സ്ഥിതിചെയ്യുന്നതു് തന്റെ വാലിലാണെന്നും അഹങ്കാരത്തോടെ അവൻ അവകാശപ്പെടുമായിരുന്നു എന്നാണെന്റെ ഉത്തമവിശ്വാസം. കുടിക്കുകയും, നടക്കുകയും, ഉറങ്ങുകയും, അനുഭവിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നവരും, വികാരവും, അഹങ്കാരവും, വേദനയും ഉള്ളവരുമായ നമ്മൾ മനുഷ്യരെ സൃഷ്ടിച്ച ദൈവം അവന്റെ രഹസ്യങ്ങളുടെ ഒരംശം പോലും നമുക്കു് വെളിപ്പെടുത്തിയിട്ടില്ല എന്ന നിങ്ങളുടെ അഭിപ്രായത്തോടു് ഞാനും യോജിക്കുന്നു. ഈ വിഷയത്തിൽ, ഞാൻ തൊട്ടുമുൻപു് സൂചിപ്പിച്ച മയിലിനെപ്പോലെതന്നെ നമ്മളും ഒന്നും അറിയുന്നില്ല. ‘എങ്ങനെയെന്നറിയാതെയാണു് നമ്മൾ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നതു്’ എന്നു് പറഞ്ഞവൻ ഒരു വലിയ സത്യമാണു് വെളിപ്പെടുത്തിയതു്.

‘ഈശ്വരേച്ഛയുടെ മാരിയണെറ്റുകൾ’ എന്നു് നമ്മളെ വിളിച്ച ആ മനുഷ്യൻ വളരെ കൃത്യമായാണു് മനുഷ്യരെ വർണ്ണിച്ചതെന്നാണു് എനിക്കു് തോന്നുന്നതു്, കാരണം, നമ്മുടെ നിലനിൽപ്പിനു് എണ്ണമറ്റ ചലനങ്ങൾ ആവശ്യമാണു്. ചലനം നിലവിൽ വരുത്തിയതു് നമ്മളല്ല, നമ്മൾ ചലനത്തിന്റെ നിയമങ്ങൾ മാത്രമാണു് കണ്ടുപിടിച്ചതു്. പ്രകാശത്തെ നിർമ്മിച്ചതും, അതിനെ എട്ടു് മിനുട്ടുകൊണ്ടു് സൂര്യനിൽ നിന്നും നമ്മുടെ കണ്ണുകളിൽ എത്തിക്കുന്നതുമായ ഒരു അസ്തിത്വമുണ്ടു്. ചലനം വഴി മാത്രമേ എന്റെ അഞ്ചു് ഇന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നുള്ളു, ഈ അഞ്ചു് ഇന്ദ്രിയങ്ങൾ വഴി മാത്രമേ എനിക്കു് ചിന്തകൾ ഉള്ളു: അതിനർത്ഥം, ചലനത്തിന്റെ സ്രഷ്ടാവാണു് എനിക്കു് ചിന്തകൾ നൽകുന്നതു്. എങ്ങനെയാണു് അവൻ എനിക്കതു് നൽകുന്നതെന്നുകൂടി എന്നോടൊന്നു് പറഞ്ഞിരുന്നെങ്കിൽ, ഞാൻ താഴാഴ്മയോടെ അവനെ എന്റെ നന്ദി അറിയിക്കുമായിരുന്നു. അല്ലെങ്കിൽത്തന്നെ, ഏപിൿറ്റെറ്റസ്‌ (Epictetus) പറഞ്ഞതുപോലെ, വിശിഷ്ടമായ ഈ ലോകനാടകം കാണാൻ ഏതാനും വർഷങ്ങൾ എനിക്കനുവദിച്ചുതന്നതിനു് ഞാൻ അവനോടു് വളരെ നന്ദിയുള്ളവനാണു്. ഒരു നല്ല ജോലിയും, മിസ്‌ ഫിഡ്ലറെയും കൂടി എനിക്കു് സംഘടിപ്പിച്ചുതന്നു് വേണമെങ്കിൽ അവനു് എന്നെ തീർച്ചയായും കൂടുതൽ ഭാഗ്യവാനാക്കാമായിരുന്നു, എങ്കിലും എന്റെ അറുന്നൂറ്റിമുപ്പതു് ഷില്ലിംഗ്‌ വാർഷികവരുമാനത്തിന്റെ പേരിൽ ഞാൻ അവനോടു് ഇപ്പോൾത്തന്നെ ഒരുപാടു് നന്ദി പറയാൻ കടപ്പെട്ടവനാണു്.

സിഡ്രാക്‌: നിങ്ങൾക്കൊരു നല്ല ജോലി ഏർപ്പാടാക്കിത്തന്നു് നിങ്ങളെ ഇപ്പോൾ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാഗ്യവാനാക്കാൻ ദൈവത്തിനു് കഴിയുമായിരുന്നു എന്നു് നിങ്ങൾ പറയുന്നു. പക്ഷേ അങ്ങനെ ചിന്തിക്കാൻ ആഗ്രഹിക്കാത്ത മനുഷ്യരുമുണ്ടു്. ഈശ്വരേച്ഛയെപ്പറ്റി നിങ്ങൾതന്നെ പരാതിപ്പെട്ടതു് നിങ്ങൾ ഓർമ്മിക്കുന്നില്ലേ? പാതിരിയാവാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ പരസ്പരവിരുദ്ധമായി സംസാരിക്കരുതു്. നിങ്ങൾ ആഗ്രഹിച്ചതുപോലെ, മിസ്‌ ഫിഡ്ലറെയും ആ ഇടവകയും നിങ്ങൾക്കു് കിട്ടിയിരുന്നെങ്കിൽ അവളിൽ നിന്നും ഒരു കുഞ്ഞിനെ ജനിപ്പിക്കുന്നതു് നിങ്ങളുടെ എതിരാളിയല്ല നിങ്ങളായിരുന്നേനെ എന്നു് എന്തുകൊണ്ടാണു് നിങ്ങൾ മനസ്സിലാക്കാത്തതു്? അങ്ങനെ നിങ്ങൾ ആ കുഞ്ഞിനെ ജനിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ഒരു ഷിപ്പ്‌-ബോയിയിൽ നിന്നും ഒരു അഡ്മിറൽ ആയി പ്രമോഷൻ നേടുകയും ഗംഗാനദീമുഖത്തു് വച്ചു് നടക്കുന്ന ഒരു കടൽയുദ്ധത്തിൽ ജയിക്കുകയും മഹാനായ ഒരു മുഗൾ ചക്രവർത്തിയെ സിംഹാസനഭ്രഷ്ടനാക്കുകയും ചെയ്യുമായിരുന്നിരിക്കാം. അതുകൊണ്ടുമാത്രം സകലപ്രപഞ്ചത്തിന്റെയും വ്യവസ്ഥാപിതനിയാമകതത്ത്വസംഹിത മാറിമറിഞ്ഞുപോകുമായിരുന്നേനെ. അതായതു്, നിങ്ങളുടെ സഹതൊഴിലാർത്ഥിക്കു് ആ ഇടവക കിട്ടാതിരിക്കുകയും, അതുവഴി അവൻ മിസ്‌ ഫിഡ്ലറെ കല്യാണം കഴിക്കാതിരിക്കുകയും, നിങ്ങൾ വയസ്സിയമ്മായിയുടെ മരണം വരെ അറുന്നൂറ്റിമുപ്പതു് ഷില്ലിംഗിൽ ഒതുങ്ങി ജീവിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അതിനായി നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രപഞ്ചം ആവശ്യമായി വരുമായിരുന്നു. എല്ലാം പരസ്പരം കെട്ടുപിണഞ്ഞു് കിടക്കുകയാണു്. എന്റെ പ്രിയ സുഹൃത്തു് ഗോഡ്‌മാനോടുള്ള സ്നേഹത്തിന്റെ പേരിൽ ദൈവം നിത്യമായ ഒരു ശൃംഖലയെ മുറിച്ചു് കുളമാക്കുകയില്ല.

ഗോഡ്‌മാൻ: ഈശ്വരേച്ഛയേപ്പറ്റി പറഞ്ഞപ്പോൾ ഇങ്ങനെയൊരു വിവക്ഷിതാർത്ഥത്തെപ്പറ്റി ഇത്ര ഗഹനമായി ഞാൻ ചിന്തിച്ചിരുന്നില്ല. എങ്കിലും, നിങ്ങൾ പറയുന്നതുപോലെയാണു് കാര്യങ്ങളെങ്കിൽ, ദൈവവും എന്നേപ്പോലെതന്നെ ഒരു അടിമയല്ലേ?

സിഡ്രാക്‌: അവന്റെ ഇച്ഛയുടെ, അവന്റെ ബുദ്ധിയുടെ, അവൻ നിശ്ചയിച്ച നിയമത്തിന്റെ, അനിവാര്യമായ അവന്റെ പ്രകൃതിയുടെ അടിമയാണു് അവൻ. നമ്മേപ്പോലെ ബലഹീനനോ, സ്ഥിരതയില്ലാത്തവനോ, ക്ഷണികനോ അല്ലാത്തതിനാലും, നിരുപാധികവും നിത്യവുമായ ഒരു അസ്തിത്വത്തിനു് ഒരു കാലാവസ്ഥക്കാറ്റാടി ആവാൻ കഴിയില്ല എന്നതിനാലും, അവയ്ക്കു് പരുക്കേൽപിക്കാൻ ദൈവത്തിനാവില്ല.

ഗോഡ്‌മാൻ: മിസ്റ്റർ സിഡ്രാക്‌, അതു് നമ്മെ നേരിട്ടു് അവിശ്വാസത്തിലേക്കാണു് നയിക്കുന്നതു്: ദൈവത്തിനു് ഈ പ്രപഞ്ചത്തിലുള്ളതൊന്നും മാറ്റാനാവില്ലെങ്കിൽ, അവനോടു് പ്രാർത്ഥിക്കുന്നതിനും, അവനെ പുകഴ്ത്തുന്നതിനും എന്താണർത്ഥം?

സിഡ്രാക്‌: എന്തു്! ആരാണു് ദൈവത്തോടു് പ്രാർത്ഥിക്കണമെന്നും ദൈവത്തെ പുകഴ്ത്തണമെന്നും നിങ്ങളോടു് പറയുന്നതു്? നിങ്ങളുടെ സ്തുതിഗീതങ്ങളും യാചനകളും സത്യമായും അവനു് ആവശ്യമില്ല! മനുഷ്യർ ഒരുവനെ പുകഴ്ത്തുന്നതു് അവർ അവനെ ഒരു പൊങ്ങച്ചക്കാരനായി കരുതുന്നതുകൊണ്ടാണു്. മനുഷ്യർ ഒരുവനോടു് യാചിക്കുന്നതു് അവർ അവനെ ഒരു ബലഹീനനായി കരുതുന്നതുകൊണ്ടാണു്, അവന്റെ മനസ്സു് മാറ്റാനാവുമെന്നു് അവർ പ്രതീക്ഷിക്കുന്നതുകൊണ്ടാണു്. ദൈവത്തോടുള്ള നമ്മുടെ കടമ നിർവ്വഹിക്കണം, അവനെ ബഹുമാനിക്കണം, നീതി പുലർത്തണം: അതാണു് യഥാർത്ഥ പുകഴ്ത്തലും, യഥാർത്ഥ പ്രാർത്ഥനയും.

ഗോഡ്‌മാൻ: മിസ്റ്റർ സിഡ്രാക്‌, നമ്മൾ വിശാലമായ ഒരു പ്രദേശം മുഴുവൻ ചർച്ച ചെയ്തു. മിസ്‌ ഫിഡ്ലറെ ഒഴിവാക്കിയാൽ, നമുക്കൊരു ആത്മാവുണ്ടോ, ഒരു ദൈവമുണ്ടോ, അവനു് മാറാൻ കഴിയുമോ, നമ്മൾ രണ്ടു് ജീവിതത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ടവരാണോ … മുതലായ ധാരാളം കാര്യങ്ങൾ നമ്മൾ ഇവിടെ അപഗ്രഥനം ചെയ്തു. അതെല്ലാം വളരെ ആഴത്തിലുള്ള പഠനങ്ങളാണു്. ഒരു പാതിരി ആയിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഒരിക്കലും ഈ ചോദ്യങ്ങളെപ്പറ്റി ചിന്തിക്കുകയില്ലായിരുന്നു. ഉന്നതവും, അവശ്യവുമായ ഈ പഠനം നിർബന്ധമായും തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം, എനിക്കു് അതിനായി ധാരാളം സമയമുണ്ടു്.

സിഡ്രാക്‌: നല്ലതു്! നാളെ ഞാൻ ലഞ്ചിനു് ഡോക്ടർ ഗ്രൗവിനെ പ്രതീക്ഷിക്കുന്നു. ശ്രീമാന്മാരായ ബാങ്ക്സും സൊലാൻഡറുമൊരുമിച്ചു് ഒരു ലോകയാത്ര നടത്തിയ അവൻ സമർത്ഥനായ ഒരു ഡോക്ടറാണു്. കോവെന്റ്‌ഗാർഡനിൽ നിന്നും പുറത്തു് കടന്നിട്ടില്ലാത്ത എല്ലാവരെക്കാളും കൂടുതലായി ദൈവവും ആത്മാവും, സത്യവും മിഥ്യയും, ശരിയായതും ശരിയല്ലാത്തതും തമ്മിൽ തരംതിരിക്കാൻ തീർച്ചയായും അവനു് കഴിയും. കൂടാതെ, ഡോക്ടർ ഗ്രൗ അവന്റെ ചെറുപ്പത്തിൽ മുഴുവൻ യൂറോപ്പും കണ്ടിട്ടുണ്ടു്, റഷ്യയിലെ അഞ്ചോ ആറോ വിപ്ലവങ്ങൾക്കു് സാക്ഷിയായിരുന്നിട്ടുണ്ടു്, കോൺസ്റ്റാന്റിനോപ്പിളിൽ ചെന്നു് ഒരു മുസൽമാനായി മാറിയ പാഷ ബോണ്ണെവൽ പ്രഭുവിനെ നേരിൽ കണ്ടിട്ടുണ്ടു്. വിശേഷിച്ചു്, മുഹമ്മദിനോടുള്ള ബഹുമാനസൂചകമായി തന്റെ ലിംഗാഗ്രം മുറിച്ചുകളഞ്ഞവനും, അയർലണ്ടുകാരനും, പോപ്പിസ്റ്റ്‌ സുവിശേഷകനുമായ മൿകാർത്തിയുമായും, അഗ്രച്ഛേദകർമ്മത്തിൽ മൿകാർത്തിയെ അനുകരിച്ചവനും, പിൽക്കാലത്തു് റഷ്യൻ പട്ടാളത്തിൽ ചേർന്നു് ഫിൻലാൻഡിൽ വച്ചു് സ്വീഡനുമായുള്ള ഒരു യുദ്ധത്തിൽ മരണം കണ്ടവനും, സ്കോട്ട്‌ലണ്ടുകാരനും, പ്രെസ്ബിറ്റീറിയനുമായ (Presbyterianism) റാംസേയുമായും അവൻ ബന്ധത്തിൽ കഴിഞ്ഞിട്ടുണ്ടു്. അതിലെല്ലാമുപരി, ഇതിനോടകം ലിസ്ബനിൽ വച്ചു് ചിതയിൽ എരിക്കപ്പെട്ട ബഹുമാന്യനായ ഫാദർ മലാഗ്രിഡയുമായും അവനു് ബന്ധമുണ്ടായിരുന്നു. വിശുദ്ധകന്യക മറിയം അവളുടെ മാതാവായ വിശുദ്ധ അന്നയുടെ ഗർഭത്തിലായിരുന്നപ്പോൾ ചെയ്ത പ്രവൃത്തികൾ എല്ലാം അവനു് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പേരിലായിരുന്നു അവൻ ചിതയിൽ എരിക്കപ്പെട്ടതു്. ഇത്രയൊക്കെ കണ്ടിട്ടുള്ള മിസ്റ്റർ ഗ്രൗവിനേപ്പോലൊരു മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ മേറ്റഫിസിഷ്യൻ ആയിരിക്കുമെന്ന കാര്യം നിങ്ങളോടു് പ്രത്യേകം പരയേണ്ടതില്ലല്ലോ. അപ്പോൾ, നാളെ ഉച്ചക്കു് എന്റെയടുത്തു് ലഞ്ച്‌, ഗുഡ്ബൈ.

ഗോഡ്‌മാൻ: മറ്റെന്നാളും, പ്രിയപ്പെട്ട മിസ്റ്റർ സിഡ്രാക്‌, കാരണം, വിദ്യ അഭ്യസിക്കുന്നതിനുള്ള ആഗ്രഹം ഒരു ഉച്ചഭക്ഷണത്തിൽ തീരുന്നതല്ല.

(രണ്ടാം ഭാഗം അടുത്തത്തില്‍ )

 
Comments Off on ചെസ്റ്റർഫീൽഡ്‌ പ്രഭുവിന്റെ ചെവിയും പാതിരി ഗോഡ്‌മാനും – 1

Posted by on Oct 7, 2010 in ഫിലോസഫി

 

Tags: , ,