യുവതികളോ യുവാക്കളോ, വൃദ്ധകളോ വൃദ്ധന്മാരോ ശ്രീ അയ്യപ്പൻ വസിക്കുന്ന ശബരിമലയിലോ മറ്റേതെങ്കിലും ആരാധനാലയങ്ങളിലോ പോവുകയോ പോവാതിരിക്കുകയോ ചെയ്തതുകൊണ്ടു് ഭൂമിയുടെ ഭ്രമണപഥത്തിനോ, സൗരയൂഥത്തിനോ, അവയെയെല്ലാം ഉൾക്കൊള്ളുന്ന ആകമാന പ്രപഞ്ചത്തിന്റെ അവസ്ഥക്കോ എന്തെങ്കിലും മാറ്റം വരാൻ പോകുന്നില്ല എന്നതാണു് ഒരാശ്വാസം. സൂര്യനും ചന്ദ്രനും അടക്കമുള്ള “നവഗ്രഹങ്ങളെ” ഒരല്പം സൈഡൊതുക്കി സഞ്ചരിപ്പിച്ചാൽ തന്റെ കല്യാണദോഷം മാറിക്കിട്ടിയേനെയെന്നോ, തന്റെ ചാകൽ കുറച്ചുകൂടി നീട്ടിക്കിട്ടിയേനെയെന്നോ സർവ്വശക്തരായ ദൈവങ്ങളെ ഓർമ്മിപ്പിക്കാനായി ചില യുവതീയുവാക്കളും, “കണ്ണിലെപ്പീലികൾ പോലും നരച്ചുള്ള നരന്മാരും നാരികളും” അവിടങ്ങളിൽ പോകുന്നുണ്ടെന്നല്ലാതെ, ഗ്രഹങ്ങൾക്കോ നക്ഷത്രങ്ങൾക്കോ അവയുടെ ഗതിവിഗതികൾക്കോ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കണമെന്നോ സംഭവിക്കുമെന്നോ അവർ പോലും ചിന്തിക്കുന്നുണ്ടാവില്ല. ഇരിക്കുന്ന കൊമ്പു് മുറിച്ചാൽ എന്ന പോലത്തെ ചെറിയ പ്രത്യാഘാതമാവില്ല ഭൂമിയുടെയും നവഗ്രഹങ്ങളുടെയും പാളം തെറ്റിച്ചാൽ സംഭവിക്കുന്നതെന്ന കാര്യത്തെപ്പറ്റി തികഞ്ഞ ബോധമുള്ളവരും, പ്രാർത്ഥനയുടെ മാരകശക്തി അറിയാവുന്നവരും, ദീർഘവീക്ഷണമുള്ളവരുമായ ദൈവമക്കളാണവർ!
മനസ്സുവച്ചാൽ സൂര്യനെ പിടിച്ചു് നിർത്താൻവരെ അത്തരക്കാർക്കു് കഴിയും. യഹോവ എന്ന ദൈവത്തിനു് വേണ്ടപ്പെട്ടവനായിരുന്ന യോശുവ, യിസ്രായേൽ ജനതയ്ക്കു് അവരുടെ ശത്രുക്കളോടു് പ്രതികാരം ചെയ്തു് തീർക്കാനുള്ള സമയം ലഭിക്കാനായി സൂര്യനെയും ചന്ദ്രനെയും ഒരു ദിവസം മുഴുവൻ അനക്കമില്ലാതെ നിർത്തിയിട്ടുണ്ടു്. “സൂര്യാ, നീ ഗിബെയോനിലും, ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നിൽക്ക” എന്നാണു് യോശുവ ആ “ഗ്രഹങ്ങളോടു്” കട്ടായമായി പറഞ്ഞതു്! അവ യോശുവയുടെ കല്പന അക്ഷരംപ്രതി അനുസരിക്കയും ചെയ്തു. അതല്ലാതെ അവയ്ക്കു് വേറെ വഴിയില്ലല്ലോ! സൂര്യൻ നിൽക്കുകയായിരുന്നോ, അതോ ഭൂമി അതിന്റെ കറക്കം നിർത്തിയതുകൊണ്ടു് സൂര്യൻ “നിശ്ചലം ചലം ചലം” നിൽക്കുന്നതുപോലെ യോശുവയ്ക്കും കൂട്ടത്തിനും തോന്നുകയായിരുന്നോ എന്നെനിക്കറിയില്ല. പറയുന്നതു് ബൈബിൾ ആയതുകൊണ്ടു് സംഭവം സത്യമാണെന്നു് മാത്രമറിയാം. (യോശുവ 10: 13)
തന്റെയും തന്റെ കുടുംബത്തിന്റെയും സൗഖ്യം, സന്തോഷം, ഒത്താൽ ഒന്നോ രണ്ടോ ശത്രുക്കളുടെ സംഹാരം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണു് ഭക്തരിൽ അധികം പേരും. അഭൗതികമായ ഒരു ശക്തിക്കു് നിഷ്പ്രയാസം കഴിയുമെങ്കിലും, സ്വന്തശക്തി മാത്രം ഉപയോഗിച്ചു് നേടാൻ കഴിയാത്തതും, കഴിയുമായിരുന്നെങ്കിൽ താൻതന്നെ ചെയ്യുമായിരുന്നതുമായ കാര്യങ്ങൾ സാധിച്ചുകിട്ടാനാണു് ഭക്തർ ആരാധനാലയങ്ങൾ തേടിയെത്തുന്നതു്. ഭാഗ്യത്തിനു്, ഭക്തരുടെ പോക്കറ്റിൽ ഒതുങ്ങുന്ന ചെറിയ ചെറിയ കൈമടക്കുകളോ, കണ്ടുകാഴ്ചകളോ, ഉരുണ്ടുനേർച്ച പോലുള്ള സ്വയം പീഡനങ്ങളോ കണ്ടാൽ വളയുന്നവരാണു് ദൈവങ്ങൾ. കോഴിയെ കണ്ടാൽ നാവിൽ വെള്ളമൂറാത്ത കുറുക്കന്മാരുണ്ടോ? എന്തൊരു ഊളൻ താരതമ്യമെന്നു് ഇപ്പോൾ ചിലർക്കെങ്കിലും തോന്നിയേക്കാം: കുറുക്കനും ദൈവവും! കോഴിയും നേർച്ചയും! പക്ഷേ, ദൈവം, ആത്മാവു്, പുനരുത്ഥാനം തുടങ്ങിയ പ്രതിഭാസങ്ങളുടെ കാര്യം അങ്ങനെയാണു്. എത്ര അർത്ഥശൂന്യമായ താരതമ്യവും ഭക്തിയുടെ ലോകത്തിൽ മറുചോദ്യമില്ലാതെ അംഗീകരിക്കപ്പെടും. പുനർജ്ജന്മത്തെ തുണി മാറുന്നതുപോലെ നിസ്സാരമായ ഒരു കർമ്മത്തോടുപമിച്ചു് തടിതപ്പുന്ന വ്യാഖ്യാതാക്കൾ അവിടെ ചവറുപോലെയുണ്ടു്.
ചുരുക്കത്തിൽ, ഏതു് പ്രശ്നത്തിനും വലിയ ചിലവില്ലാതെ സൂത്രത്തിൽ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയാണു് മനുഷ്യരെ ദൈവസന്നിധിയിലേക്കു് ആകർഷിക്കുന്നതു്. ആ പ്രതീക്ഷ അത്ര അടിസ്ഥാനരഹിതമല്ലതാനും. വിശ്വാസംവഴി ഹീലിങ് പ്രോസസ് ത്വരിതപ്പെടുത്താനാവുമെന്നു് ന്യൂറോ സയൻസ് കണ്ടെത്തിയിട്ടുണ്ടു്. പക്ഷേ, രോഗി കരുതിയേക്കാവുന്നപോലെ, രോഗശാന്തി ദൈവത്തിന്റെ പ്രവൃത്തിയല്ല, ദൈവസഹായത്തിലുള്ള വിശ്വാസംവഴി രോഗിയുടെ തലച്ചോറിൽ രൂപമെടുക്കുന്ന ബയോകെമിക്കൽ മാറ്റങ്ങളുടെ സ്വാധീനത്തിലൂടെ ശരീരത്തിൽ രൂപമെടുക്കുന്ന പരസ്പരപ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണു്. രോഗശാന്തി ഏതെങ്കിലുമൊരു പ്രത്യേക ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യർക്കു് മാത്രം ലഭിക്കുന്ന പ്രിവിലേജല്ല എന്നതുതന്നെ ദൈവങ്ങൾക്കു് അതിൽ നേരിട്ടു് പങ്കൊന്നുമില്ലെന്നതിന്റെ തെളിവാണു്. ഒരർത്ഥത്തിൽ അതു് നല്ലതുമാണു്. കാരണം, ഹിന്ദുമതത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങൾ എട്ടുകാലി മമ്മൂഞ്ഞു് ചമഞ്ഞു് രോഗശാന്തിയുടെ പിതൃത്വം ഏറ്റെടുക്കാൻ തമ്മിലടി തുടങ്ങിയാൽ പിന്നെ അവരെ പിടിച്ചു് മാറ്റേണ്ട ജോലി കൂടി രോഗം മാറിയവൻ ഏറ്റെടുക്കേണ്ടി വരും.
ദൈവങ്ങളെത്തേടി പോകാതെ, ആത്മവിശ്വാസത്തോടെ (തന്നിൽത്തന്നെ വിശ്വസിച്ചു്) രോഗത്തെ നേരിടാൻ തീരുമാനിക്കുന്നവർക്കും രോഗശാന്തി ലഭിച്ചുകൂടെന്നില്ല. എന്നിരുന്നാലും, തന്നിലൂടെ തന്നെ സംഭവിക്കുന്ന രോഗശാന്തി തന്റെ ദൈവത്തിലൂടെ സംഭവിച്ചതാണെന്നു് വിശ്വസിക്കാനുള്ള അവകാശം രോഗികൾക്കു് നിഷേധിക്കുന്നതിനോടു് ഞാൻ യോജിക്കുന്നില്ല. രോഗികളോ, അതു് നിഷേധിക്കുന്നവരോ അതുവഴി ഒന്നും നേടുന്നില്ല എന്നതുതന്നെ കാരണം. പക്ഷേ, ദൈവത്തിന്റെ ചുമതലക്കാരായി ഭാവിക്കുന്നവർ സ്വന്തം ബിസ്നസ് വളർത്താനായി ഇത്തരം രോഗശാന്തികളെ “അത്ഭുതങ്ങളായി” അവതരിപ്പിച്ചു് സാമാന്യജനങ്ങളെ ചൂഷണം ചെയ്യുമെന്ന ഒരു പ്രശ്നമുണ്ടു്. യേശു പറഞ്ഞപോലെ, ശവമുള്ളിടത്തു് കഴുകന്മാർ കൂടും. കഴുകന്മാർ ഉള്ളിടത്തു് കഴുകന്മാരെ ന്യായീകരിക്കുന്നവരും കൂടാതിരിക്കില്ല. മല്ലുരാഷ്ട്രീയക്കാരിലൂടെ അക്കാര്യം മലയാളികളും കുറേശ്ശെ മനസ്സിലാക്കി വരുന്നുണ്ടെന്നതു് ആശ്വാസകരമാണു്.
വിശ്വസിച്ചാൽ മലയും മാറിപ്പോകും എന്നു് ബൈബിളും പറയുന്നുണ്ടു്. വിശ്വാസികൾ കയ്യേറിയ മലകളിൽ ഉരുൾപൊട്ടലുകൾ സംഭവിക്കുന്നതല്ലാതെ മലകൾ ചുവടുവച്ചു് നീങ്ങുന്നതു് കാണാൻ ഇതുവരെ ആർക്കും കഴിയാത്തതു് ഡാൻസ് ചെയ്യുന്നതു് മലകൾക്കു് ഇഷ്ടമല്ലാത്തതുകൊണ്ടല്ല, ആരും മലകളുടെ ഡാൻസിൽ വിശ്വസിക്കാത്തതുകൊണ്ടാണു്. മനുഷ്യർ വിശ്വസിക്കാതിരുന്നാൽ മലകൾ എങ്ങനെ ഡാൻസ് ചെയ്യാൻ? പ്ലെയ്റ്റ് ടെക്ടോണിക്സിൽ പങ്കെടുക്കുമെന്നല്ലാതെ, “Zorba The Greek”-ൽ Anthony Quinn ഭ്രാന്തു് പിടിച്ചു് ഡാൻസ് ചെയ്യുന്നപോലെ, സ്വമേധയാ ഡാൻസ് ചെയ്യുന്ന രീതി മലകളുടെയിടയിൽ നിലവിലില്ല. (പഴയതെങ്കിലും, ആ ഫിലിം കണ്ടിട്ടില്ലാത്തവർ കാണുന്നതു് നല്ലതാണു്. എന്റെ അഭിപ്രായത്തിൽ, മനുഷ്യപ്രകൃതിയുടെ ഇരുണ്ട മൂലകളിലേക്കു് വെളിച്ചം പകരുന്നതും, ഭംഗിയായി ചെയ്തിട്ടുള്ളതുമായ ഒരു ഫിലിമാണതു്.)
ക്ഷേത്രങ്ങളും പള്ളികളും മോസ്ക്കുകളും ഉള്ളിടത്തോളം, അവിടങ്ങളിൽ പ്രശ്നപരിഹാരാർത്ഥം, ദർശനത്തിനും പ്രാർത്ഥനയ്ക്കുമായി മനുഷ്യർ പോകും. കഷ്ടകാലത്തിനു്, ജീവിതപ്രശ്നങ്ങൾ പുരുഷന്മാരുടെ മാത്രം തലവേദനയല്ല, പുരുഷന്മാരെപ്പോലെതന്നെ, പലപ്പോഴും അവരേക്കാൾ കൂടുതലായി, സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണതു്. ദൈവങ്ങൾ ആരാധനാലയങ്ങളിൽ കുത്തിയിരിക്കുന്നതു് മനുഷ്യരെ സഹായിക്കാനാണെങ്കിൽ, മനുഷ്യർ എന്നു് വിളിക്കപ്പെടാനുള്ള അർഹത സ്ത്രീകൾക്കു് നിഷേധിക്കപ്പെടാൻ പാടില്ലാത്ത ഒരു മനുഷ്യാവകാശമാണെങ്കിൽ, എന്തിനു് വേണ്ടിയാണോ പുരുഷന്മാർ ദേവാലയങ്ങളിൽ പോകുന്നതു്, അതേ കാരണങ്ങളുടെ പേരിൽ സ്ത്രീകൾക്കും, സാമാന്യബുദ്ധിക്കു് നിരക്കാത്ത വിലക്കുകളൊന്നുമില്ലാതെ, അവിടെ പ്രവേശിക്കാൻ നിയമപരമായി അനുവാദം നൽകേണ്ടതുണ്ടു്. പുരാതന ക്ഷേത്രങ്ങളും ദേവാലയങ്ങളുമെല്ലാം മനുഷ്യന്റെ കൈവേലകളുടെ മാനിഫെസ്റ്റേഷനുകളാണു്. ദേവാലയസന്ദർശനം തികഞ്ഞ ഊളത്തരമാണെന്നു് എല്ലാ മനുഷ്യരും തിരിച്ചറിയുന്ന ഒരു കാലം വന്നാലും, നശിച്ചുപോകാതെ, എന്തു് വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ട മാനവരാശിക്കു് പൈതൃകമായി ലഭിച്ച മൂല്യങ്ങൾ!
ഒന്നുകിൽ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാവരും ദൈവസൃഷ്ടിയാണെന്നും വിളിച്ചുകൂവാതിരിക്കണം. വിളിച്ചുകൂവിയാൽ, ആ കൂവലിന്റെ പേരിൽത്തന്നെ, സ്ത്രീയെയും പുരുഷനെയും പുലയനേയും പറയനേയും ബ്രാഹ്മണനെയുമെല്ലാം തുല്യ അവകാശങ്ങളുള്ള മനുഷ്യരും, ദൈവസൃഷ്ടികളുമായി അംഗീകരിക്കാൻ നിങ്ങൾ തയ്യാറാവണം. അതല്ലെങ്കിൽ, അമിനോ ആസിഡുകളിൽനിന്നും ഏകകോശജീവികളിലൂടെ ബഹുകോശജീവികളിലേക്കു് സംഭവിച്ച പരിണാമശൃംഖലയിലെ ഒരു കണ്ണി മാത്രമാണു് മനുഷ്യരെന്നും, മലവും മൂത്രവും ആർത്തവരക്തം അടക്കമുള്ള ശാരീരികദ്രവങ്ങളുമെല്ലാം മനുഷ്യരുടെ നിലനില്പിന്റെ അനിവാര്യതകളാണെന്നും, അവയൊന്നും നിങ്ങൾ കുടിയിരുത്തിയിരിക്കുന്ന മിണ്ടാദൈവങ്ങളെ സമീപിക്കാൻ അവരെ അയോഗ്യരാക്കുന്ന കാര്യങ്ങളല്ലെന്നും തുറന്നു് സമ്മതിക്കാൻ മടിക്കാതിരിക്കണം.
പുരോഹിതരോടും അവരുടെ ശിങ്കിടികളോടും വ്യക്തിപരമായി എനിക്കു് ഇത്രയേ പറയാനുള്ളു: എനിക്കു് നിങ്ങളുടെ ഒരുവിധ ദൈവങ്ങളെയും ആവശ്യമില്ല. പക്ഷേ, ഒറ്റദൈവമോ, ഒരുപാടു് ദൈവങ്ങളോ ഇല്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ മനുഷ്യനു് കഴിയില്ലെന്നു് നിങ്ങൾതന്നെ പഠിപ്പിച്ചു് വച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരെ ആ ദൈവങ്ങളെ സന്ദർശിക്കുന്നതിൽ നിന്നും തടയാൻ ഒരു നിയമരാഷ്ട്രത്തിൽ നിങ്ങൾക്കു് യാതൊരുവിധ അവകാശമോ അധികാരമോ ഇല്ല. അതിനു് ശ്രമിച്ചാൽ, അന്തിമമായ പരാജയം നിങ്ങളുടേതു് മാത്രമായിരിക്കും.