മനോരമയിലെ മാനുവൽ ജോർജിന്റെ ലേഖനത്തിലൂടെ ഭൂമിമലയാളം ദർശിച്ച “3009-ലെ ലോകചിത്രത്തിന്റെ” ഞെട്ടലിൽ നിന്നും വായനക്കാർ പൂർണ്ണമായി വിമുക്തരായിട്ടില്ല. അപ്പോഴേക്കും, നോഹയുടെ കാലത്തു് ലോകം മുഴുവൻ മൂടിയതായി ബൈബിളിൽ വർണ്ണിക്കപ്പെടുന്ന മഹാപ്രളയം ഒരു ചരിത്രസത്യമാണെന്നു് തെളിയിക്കാൻ ശാസ്ത്രസത്യങ്ങളുമായി മനോരമ വീണ്ടും എത്തിയിരിക്കുന്നു! “നോഹയുടെ പെട്ടകം ഒരു യാഥാർത്ഥ്യം” എന്ന ഒരു ലേഖനത്തിലൂടെ ഒരു ഷെവ. കെ. വി. പൗലോസാണു് ഇത്തവണ എല്ലാ വായനക്കാരേയും ദൈവത്തെ സ്തുതിക്കാനായി ക്ഷണിക്കുന്നതു്. “നിങ്ങൾ പ്രാർത്ഥിക്കൂ! ഞങ്ങളെ രക്ഷപെടുത്തൂ”!
എന്താ സംഭവിച്ചതു്? കാര്യമായി ഒന്നും സംഭവിച്ചില്ല. വില്യം റിയാൻ എന്നൊരു ജിയോളജിസ്റ്റും വാൾട്ടർ പിറ്റ്‌മാൻ എന്നൊരു ജിയോ ഫിസിസിസ്റ്റും ചേർന്നു് ‘നോഹയുടെ പ്രളയം’ എന്ന ഒരു പുസ്തകം 1997-ൽ എഴുതിയിരുന്നു. അന്നു് വളരെ ചർച്ച ചെയ്യപ്പെട്ടെങ്കിലും വിദഗ്ദ്ധരുടെ ലോകത്തിലെ വളരെ ചുരുക്കം പേരേ അവരുടെ വാദം മുഖവിലക്കെടുത്തുള്ളു. മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെടുന്നതിനു് മുൻപു് കരിങ്കടലിനു് ഇന്നത്തേതിന്റെ പകുതി വലിപ്പമേ ഉണ്ടായിരുന്നുള്ളുവെന്നും, ആ വെള്ളപ്പൊക്കം വഴി ആ ഭാഗത്തെ സംസ്കാരം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും, ആ പ്രദേശത്തിന്റെ ഇകോസിസ്റ്റത്തിനു് അതുവഴി മൗലികമായ മാറ്റം സംഭവിച്ചു എന്നുമായിരുന്നു അതിലെ പ്രധാനമായ അവകാശവാദം. ഏകദേശം 7500 വർഷങ്ങൾക്കു് മുൻപു് ഈ വെള്ളപ്പൊക്കം സംഭവിച്ചിരിക്കാം എന്നായിരുന്നു അവരുടെ നിഗമനം. അതിലെ സ്പെക്യുലേറ്റീവ് ഘടകം അവരും നിഷേധിച്ചില്ല എന്നതിനാൽ ആ പുസ്തകത്തിന്റെ പ്രസക്തിയും സാവധാനം കുറഞ്ഞു.
അങ്ങനെയിരിക്കെ, യാത്രക്കപ്പലായിരുന്ന ടൈറ്റാനിക്കിന്റേയും, നാറ്റ്‌സി പടക്കപ്പലായിരുന്ന ബിസ്മാർക്കിന്റെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അണ്ടർ വാട്ടർ ആർക്കിയോളജിസ്റ്റ് റോബർട്ട് ബല്യാർഡ് 1999 മുതൽ 2000 അവസാനം വരെ കരിങ്കടലിന്റെ ടർക്കിത്തീരം പഠനവിധേയമാക്കി. പണ്ടു് കരയും ഇന്നു് കടലിനടിയിൽ ആയതുമായ ഭാഗങ്ങളിൽ മനുഷ്യവാസം ഉണ്ടായിരുന്നോ എന്നു് പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം. 100 മീറ്റർ ആഴത്തിൽനിന്നും കിട്ടിയ ആദ്യത്തെ മൂന്നു് അവശിഷ്ടങ്ങളിൽ രണ്ടെണ്ണം A.D. 200-നും 400-നും ഇടയിലും മറ്റൊന്നു് A.D. 500-നും 700-നും ഇടയിലും, 320 മീറ്റർ താഴ്ചയുള്ള മറ്റൊരിടത്തുനിന്നും കിട്ടിയ അവശിഷ്ടങ്ങൾ A.D. 410-നും 520-നും ഇടയിലും മുങ്ങിയ കപ്പലുകളുടേതാവാമെന്നു് പരിശോധനയിൽ തെളിഞ്ഞു.
പക്ഷേ, 2000 നവംബറിൽ ബല്യാർഡ് കണ്ടെത്തിയ അവശിഷ്ടങ്ങൾ കരിങ്കടലിന്റെ തീരത്തിനോടടുത്ത കടൽത്തട്ടിൽ പുരാതനകാലത്തു് മനുഷ്യവാസം ഉണ്ടായിരുന്നിരുന്നു എന്നതിനുള്ള സൂചന ആയിരുന്നു. ഇതു് റിയാനും പിറ്റ്‌മാനും നടത്തിയ നിഗമനത്തെ സാധൂകരിക്കുന്നതാണെന്ന നിഗമനത്തിൽ ബല്യാർഡ് എത്തിച്ചേർന്നു. അവസാനത്തെ ഐസ് ഏയ്ജിനു് ശേഷമുണ്ടായ മഞ്ഞുരുകലിൽ മെഡിറ്ററേനിയൻ കടലും കരിങ്കടലും തമ്മിലുള്ള പ്രകൃതിദത്തമായ ‘അണക്കെട്ടിനെ’ ഭേദിച്ചു് ജലനിരപ്പു് ഉയർന്നതുവഴി ജനവാസമുണ്ടായിരുന്ന പല ഭാഗങ്ങളും കടലിനടിയിലായി. ഭൂമിയിൽ പലവട്ടം സംഭവിച്ചിട്ടുള്ള, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന, ഇനിയും സംഭവിക്കാവുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നായിരുന്നു അതും. ബുദ്ധിപൂർവ്വം വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ കുറെയൊക്കെ പരിഹാരം കാണാമെന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാവുന്നവയല്ല പ്രകൃതിക്ഷോഭങ്ങൾ എന്നു് ഇന്നു് ആർക്കുമറിയാം. അവയൊക്കെ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതത്തിന്റെ ഭാഷയിലേക്കു് തർജ്ജമ ചെയ്യപ്പെടുമ്പോൾ അതിനു് ബൈബിളിലേതുപോലുള്ള വർണ്ണനയുടെ രൂപം ലഭിക്കുന്നു എന്നു് മാത്രം. “നിന്റെ ദൈവം മഹാ കോപിയാണു്, സൂക്ഷിക്കുക, ദൈവദൂതന്മാരായ ഞങ്ങളെ മാത്രം അനുസരിക്കുക” എന്നാണു് അവ മനുഷ്യരെ ഭയപ്പെടുത്തുന്നതു്. 2004 ഡിസംബറിൽ സംഭവിച്ച സുനാമിയും ഹെയ്ത്തിയിലെ ഭൂകമ്പവുമൊക്കെ ദൈവകോപം ആണെന്നു് വ്യാഖ്യാനിക്കാൻ മടിക്കാത്തവരല്ലേ മനുഷ്യരോടു് ദൈവവചനം പ്രസംഗിക്കുന്നവർ? പുരാതനകാലത്തെന്നപോലെ വാർത്താവിതരണം ഇന്നും വായ്മൊഴിയായിട്ടായിരുന്നു എങ്കിൽ ഈ സുനാമിയും ഹെയ്ത്തി ദുരന്തവുമൊക്കെ ഏതാനും തലമുറകൾ കഴിയുമ്പോഴേക്കും ദൈവകോപത്തിന്റെ തെളിവായി മാറ്റാൻ മാത്രമല്ല, അവയെ പരമാവധി ഊതിവീർപ്പിക്കാനും ശേഷിയുള്ള നാവുകളാണു് ദൈവപ്രതിനിധികൾ അവരുടെ വായിൽ കൊണ്ടുനടക്കുന്നതു്. മനോരമ പോലുള്ള പത്രങ്ങൾ ഇന്നും ലോകത്തിനു് മുന്നിൽ വയ്ക്കാൻ ധൈര്യപ്പെടുന്ന ഓരോരോ വാർത്തകളും ലേഖനങ്ങളും ന്യായമായ മറ്റൊരു നിഗമനവും അനുവദിക്കുന്നില്ല.
ശാസ്ത്രത്തിന്റെ ഈ കണ്ടെത്തലുകളും നോഹയുടെ കാലത്തു് നോഹയും അവന്റെ ഏഴു് കുടുംബാംഗങ്ങളും ഒഴികെ ബാക്കി ലോകത്തിലെ സകല മനുഷ്യരെയും യഹോവ മുക്കിക്കൊന്നു എന്നു് ബൈബിളിൽ എഴുതി വച്ചിരിക്കുന്നതും തമ്മിൽ എന്തു് ബന്ധം? ബൈബിളിലെ ആദാം മുതലുള്ളവരുടെ തലമുറകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി രൂപീകരിച്ചിട്ടുള്ള യഹൂദകലണ്ടർ പ്രകാരം പ്രപഞ്ചസൃഷ്ടി B.C. 3760 സെപ്റ്റംബർ 25-നായിരുന്നു. അതനുസരിച്ചു് അടുത്ത സെപ്റ്റംബർ 25 ആവുമ്പോൾ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് കൃത്യം 5770 വർഷമാവും! പിന്നെയെങ്ങനെ 7500 വർഷങ്ങൾക്കു് മുൻപു് ഒരു പ്രളയം സംഭവിക്കും? പ്രപഞ്ചമുണ്ടാവുന്നതിനും മുൻപേ ഭൂമിയിൽ ഒരു പ്രളയമോ? ദൈവത്തിനും കണക്കു് തെറ്റുമോ? വന്നുവന്നു് അവസാനം ദൈവമായ യഹോവ വെളിപ്പെടുത്തിയതല്ല ബൈബിൾ എന്നു് വരുമെന്നുണ്ടോ?
അതുപോലെതന്നെയാണു് ice age-ന്റെ കാര്യവും. 240 കോടി വർഷങ്ങൾക്കു് മുൻപുമുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ ഭൂമിയിൽ പലവട്ടം ഐസ് യുഗങ്ങൾ ഉണ്ടായിട്ടുണ്ടു്. അതും ശാസ്ത്രജ്ഞർ കണ്ടെത്തിയ കാര്യമാണു്. ശാസ്ത്രം പറയുന്ന കാര്യങ്ങളിൽ മതങ്ങൾക്കു് പ്രയോജനമുള്ളവ മാത്രം സത്യം, അല്ലാത്തവയെല്ലാം പച്ചക്കള്ളം എന്നു് വരുമോ?
മഹാപ്രളയത്തേയും നോഹയേയും ഒക്കെപ്പറ്റി അൽപം നർമ്മം കലർത്തി എഴുതിയ എന്റെ മൂന്നു് പഴയ പോസ്റ്റുകൾ:
1. മഹാപ്രളയവും മരണപ്പെട്ടകവും-1
2. മഹാപ്രളയവും മരണപ്പെട്ടകവും – 2
3. മഹാപ്രളയവും മരണപ്പെട്ടകവും – 3