RSS

Daily Archives: Dec 30, 2007

യേശുവും ക്ലിയോപാട്രയും

തലക്കെട്ടു് വായിക്കുമ്പോള്‍ യേശുവിനു് ക്ലിയോപാട്രയുമായുണ്ടായിരുന്ന ഏതോ വൈകാരിക ബന്ധമാണു് ഞാന്‍ വെളിപ്പെടുത്താന്‍ പോകുന്നതു് എന്നു് കരുതുന്നവരെ ആദ്യമേ നിരാശപ്പെടുത്തട്ടെ. അവര്‍ രണ്ടുപേരും ജീവിച്ചിരുന്ന ചരിത്രപരമായ കാലഘട്ടം ഏകദേശം ഒന്നായിരുന്നു എന്നതു് മാത്രമാണു് ഇവിടെ അവരെ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചതിനു് കാരണം.

ക്ലിയോപാട്രയും (B. C. 69- B. C. 30) യേശുവും ഏകദേശം സമകാലികരായിരുന്നിട്ടും, അവരെപ്പറ്റിയുള്ള ചരിത്രപരമായ നമ്മുടെ ഇന്നത്തെ അറിവുകള്‍ തമ്മില്‍ അജഗജാന്തരമുണ്ടു്. ക്ലിയോപാട്രയുടെ ജീവിതത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നമുക്കറിയാമെങ്കിലും യേശുവിന്റെ ജീവിതം സംബന്ധിച്ചു് ചരിത്രപരമായി വളരെ വിരളമായ കാര്യങ്ങളേ നമുക്കറിയൂ.

പതിനെട്ടാം വയസ്സില്‍ ഈജിപ്റ്റിന്റെ രാജ്ഞിയായി അധികാരമേറ്റ ക്ലിയോപാട്ര ആദ്യം ജൂലിയസ്‌ സീസറിന്റെ കാമുകിയും, പിന്നീടു് മാര്‍ക്ക്‌ ആന്റണിയുടെ ഭാര്യയുമായി റോമന്‍ സാമ്രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും സജീവമായി നിയന്ത്രിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നും യേശുവിന്റെ ജനനത്തിനു് ഏകദേശം മൂന്നു് ദശാബ്ദങ്ങളുടെ അകലമേയുള്ളു. ഭൂമിശാസ്ത്രപരമായും ഇവരുടെ ജീവിതങ്ങള്‍ തമ്മിലുള്ള ദൂരം അത്ര വലിയതു് എന്നു് പറയാവുന്നതല്ല. യേശു ജീവിച്ചിരുന്ന പ്രദേശങ്ങള്‍ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ പോലുമായിരുന്നു. ഈ വസ്തുതകളുടെ എല്ലാം വെളിച്ചത്തില്‍ വേണം സകല ലോകത്തിന്റെയും രക്ഷകനായി, യോസേഫ്‌ എന്നൊരു പുരുഷനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയിലൂടെ ദൈവത്തിന്റെ ഏകജാതനായി ജന്മമെടുക്കുന്ന യേശുവിന്റെ ചരിത്രം നമ്മള്‍ മനസ്സിലാക്കാന്‍. അക്കാലത്തെ ലോകചരിത്രവുമായി വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞു് കിടക്കുന്ന റോമന്‍ സാമ്രാജ്യവും സംസ്കാരവുമായി യേശുവിന്റെ ജീവിതത്തെ ബന്ധപ്പെടുത്താന്‍ കഴിയുന്ന കണ്ണികള്‍ എങ്ങനെ ഇത്ര ലോലമാവാന്‍ കഴിഞ്ഞു? “കൈസറിനുള്ളതു് കൈസര്‍ക്കും ദൈവത്തിനുള്ളതു് ദൈവത്തിനും കൊടുപ്പിന്‍” – (മത്തായി 22: 21) മുതലായ യേശുവിന്റെ ചില പ്രസ്താവനകളും, പീലാത്തോസിന്റെ മുന്നിലെ വിചാരണയും വിധിക്കലുമൊക്കെയാണു് ആകെയുള്ള ആ കണ്ണികള്‍. തന്റെ മുറ്റത്തു് തന്നെ ഉണ്ടായിരുന്ന അന്നത്തെ ലോകസാമ്രാജ്യത്തിന്റെ സംസ്കാരവുമായി സജീവമായി ബന്ധപ്പെടുകയോ, അതിന്റെ ഒരു ഭാഗമായോ വിമര്‍ശകനായോ രംഗപ്രവേശം ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ യേശു ലോകചരിത്രത്തിന്റെ ഏടുകളില്‍ ഇത്രയേറെ ശൂന്യസ്ഥലവും ചോദ്യചിഹ്നങ്ങളും ഉപേക്ഷിച്ചു് പോകേണ്ടി വരികയില്ലായിരുന്നു. (ഇവിടെ ഉദ്ദേശിക്കുന്നതു് സഭാചരിത്രമല്ല എന്നു് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.) യേശുവിന്റെ അവതാരലക്‍ഷ്യം സകല മനുഷ്യരുടെയും രക്ഷ ആയിരുന്നുവെന്നതു് ശരിയെങ്കില്‍ ചരിത്രത്തിലെ ഈ അവ്യക്തത പ്രത്യേകിച്ചും ന്യായീകരിക്കാനാവുന്നതല്ല. റോമന്‍ ചരിത്രവുമായി, അഥവാ ലോകചരിത്രവുമായി ബന്ധപ്പെടുക എന്നൊരു ലക്‍ഷ്യം യേശുവിനു് ഉണ്ടായിരുന്നില്ല എന്നൊരു നിഗമനം കൊണ്ടു് മാത്രമേ ഇതുപോലൊരു അവ്യക്തത നീതീകരിക്കാനാവുകയുള്ളു. ഈ നിഗമനത്തില്‍ കഴമ്പില്ലാതില്ല താനും.

യേശു ജനിച്ചതു് “യഹൂദജനത്തിനു്” നിത്യജീവന്‍ നേടിക്കൊടുക്കാനാണു്. റോമാക്കാരുടെയോ, മറ്റു് ജനവിഭാഗങ്ങളുടെയോ മോചനം യേശുവിന്റെ ലക്‍ഷ്യമായിരുന്നില്ല എന്നതിനു് യേശുവിന്റെ വചനങ്ങള്‍ തന്നെ സാക്‍ഷ്യം വഹിക്കുന്നു:

“ഈ പന്ത്രണ്ടു് പേരേയും യേശു അയക്കുമ്പോള്‍ അവരോടു് ആജ്ഞാപിച്ചതെന്തെന്നാല്‍: ജാതികളുടെ അടുക്കല്‍ പോകാതെയും, ശമര്യരുടെ പട്ടണത്തില്‍ കടക്കാതേയും യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍. നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു് ഘോഷിപ്പിന്‍.” – മത്തായി 10: 5 – 7)

ഭൂതോപദ്രവമുള്ള മകളെ സുഖപ്പെടുത്താന്‍ കരഞ്ഞുകൊണ്ടു് പുറകെ ചെല്ലുന്ന കനാന്യസ്ത്രീയെ യേശു ശ്രദ്ധിക്കുന്നതുപോലുമില്ല. അവസാനം ശിഷ്യന്മാര്‍ അപേക്ഷിച്ചപ്പോള്‍ യേശുവിന്റെ മറുപടി: “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.” അവള്‍ നിര്‍ബന്ധിക്കുമ്പോള്‍ യേശു പറയുന്നു: “മക്കളുടെ അപ്പം എടുത്തു് നായ്ക്കുട്ടികള്‍ക്കു് ഇട്ടുകൊടുക്കുന്നതു് നന്നല്ല.” അതിനു് മറുപടിയായി അവള്‍: “അതെ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു് വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ” എന്നു് തിരിച്ചടിക്കുമ്പോഴാണു് യേശു “നിന്റെ വിശ്വാസം വലുതു്, നിന്റെ ഇഷ്ടം പോലെ നിനക്കു് ഭവിക്കട്ടെ” എന്ന ഔദാര്യം കാണിക്കുന്നതു്.- (മത്തായി 15: 24-28) യഹൂദന്മാര്‍ ഒഴിച്ചുള്ളവര്‍ക്കു് “നായ്ക്കുട്ടികള്‍” എന്ന ഓമനപ്പേര്‍ നല്‍കുന്ന യേശു, സകല ലോകവാസികളേയും രക്ഷിക്കാന്‍ ജന്മമെടുത്ത ദൈവപുത്രനാണെന്നു് വിശ്വസിക്കാനാവുമോ?

ഏതു് ജാതിയില്‍പ്പെട്ടവനേയും ക്രിസ്തുമതത്തില്‍ ചേര്‍ക്കണമെന്നു് പത്രോസിനു് “അരുളപ്പാടുണ്ടാവുന്നതു്” പില്‍കാലത്തു് മാത്രമാണു്. യോപ്പയില്‍ താമസിക്കുന്ന കാലത്തു് വിശന്നു് വിവശനായപ്പോള്‍ പത്രോസിനു് ഒരു വെളിപാടുണ്ടാവുന്നു. ആകാശത്തില്‍ നിന്നും “വലിയൊരു തുപ്പട്ടി പോലെ” നാലുകോണും കെട്ടി ഭൂമിയിലേക്കു് ഇറക്കിവിട്ട ഒരു പാത്രത്തില്‍ നാല്‍ക്കാലിയും ഇഴജാതിയും പറവയും ഉണ്ടായിരുന്നു. “പത്രോസേ, എഴുന്നേറ്റു് അറുത്തു് തിന്നുക” എന്നൊരു ശബ്ദം കേട്ടു. അപ്പോള്‍ (നല്ല വിശപ്പുണ്ടായിരുന്നിട്ടും) “ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ” എന്നു് പത്രോസ്‌. അതിനു് സ്വര്‍ഗ്ഗീയ മറുപടി: “ദൈവം ശുദ്ധീകരിച്ചതു് നീ മലിനമെന്നു് വിചാരിക്കരുതു്.” ഇങ്ങനെ ഒന്നല്ല, രണ്ടല്ല, മൂന്നു് പ്രാവശ്യം ഉണ്ടാവുന്നു!

“നാല്‍ക്കാലികളെയും, ഇഴജാതികളെയും” ക്രിസ്ത്യാനികളാക്കുന്നതിന്റെ പ്രാരംഭമായി പത്രോസ്‌, ശതാധിപനും, ദൈവഭയമുള്ളവനും, “ധര്‍മ്മം കൊടുക്കുന്നവനുമായ” കൊര്‍ന്നേല്യോസിനേയും കൂട്ടരേയും (അവര്‍ അഗ്രചര്‍മ്മികള്‍ ആയിരുന്നെങ്കിലും) മാമോദീസ മുക്കുന്നു. അഗ്രചര്‍മ്മികളെ മാമോദീസ മുക്കിയെന്നു് കേള്‍ക്കുമ്പോള്‍ അഗ്രചര്‍മ്മമില്ലാത്ത അപ്പൊസ്തോലന്മാരും, സഹോദരന്മാരും ചൂടാവുന്നുണ്ടെങ്കിലും പത്രോസ്‌ തന്റെ വെളിപാടു് വിശദീകരിക്കുമ്പോള്‍ അവര്‍ വീണ്ടും ശാന്തരാവുന്നു. – (അപ്പൊ. പ്രവൃത്തികള്‍ 10,11)

ജാതികളെയും ക്രിസ്ത്യാനികളാക്കണമെന്നതു് തന്റെ ലക്‍ഷ്യമായിരുന്നെങ്കില്‍ അതു് യേശു ജീവിച്ചിരുന്ന കാലത്തുതന്നെ പത്രൊസിനോടു് പറയുന്നതിനു് എന്തായിരുന്നു തടസ്സം എന്നു് മനസ്സിലാവുന്നില്ല. അതോ ഒരു “ക്രിസ്തീയ ഗ്ലോബലൈസേഷന്റെ” സാമ്പത്തികനേട്ടങ്ങള്‍ യേശുവിന്റെ ശ്രദ്ധയില്‍ പെടാതെ പോയതോ?

ഒരു ആഗോള ക്രിസ്ത്യാനീകരണം എന്ന ചിന്ത യേശുവിനുണ്ടായിരുന്നില്ല എന്നതിനു് ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. “വീട്ടുകാരനെ ബന്ധിച്ചുകഴിഞ്ഞാല്‍ വീടു് കവര്‍ച്ച ചെയ്യുന്നതു് എളുപ്പമാണെന്നു്” അറിയാമായിരുന്ന യേശു അക്കാലത്തെ “വീട്ടുകാരന്‍” ആയിരുന്ന റോമാസാമ്രാജ്യത്തിനു് അവകാശപ്പെട്ട നികുതി മടികൂടാതെ കൊടുക്കാന്‍ ഉപദേശിക്കുമ്പോള്‍ അതില്‍ ഒരിക്കലും “വീടു് കവര്‍ച്ച” എന്ന ലക്‍ഷ്യം ഉണ്ടായിരുന്നു എന്നു് വിശ്വസിക്കാനാവില്ല.

യേശുവിനു് ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പു് ക്ലിയോപാട്ര ലോകചരിത്രത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോന്ന യുദ്ധം ആസൂത്രണം ചെയ്യുന്നു. പക്ഷേ ദൈവപുത്രനായ യേശു ഗലീലിയയിലേയും ചുറ്റുപാടുകളിലേയും പൊടി പിടിച്ച പ്രദേശങ്ങളില്‍, താന്‍ പറയുന്ന സാമാന്യവാചകങ്ങളുടെ പോലും അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവില്ലാത്ത കുറെ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ യഹൂദരുടെ ഇടയില്‍ ഉടനെ വരാനിരിക്കുന്ന ദൈവരാജ്യം പ്രസംഗിക്കുന്നു!

“ഈ സാദൃശം അവരോടു് പറഞ്ഞു. എന്നാല്‍ തങ്ങളോടു് പറഞ്ഞതു് ഇന്നതു് എന്നു് അവര്‍ ഗ്രഹിച്ചില്ല.” – യോഹന്നാന്‍ 10: 6)

“അവന്‍ എന്തു് സംസാരിക്കുന്നു എന്നു് നാം അറിയുന്നില്ല.” – യോഹ. 16: 18)

താന്‍ ദൈവപുത്രന്‍ തന്നെ എന്നു് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ യേശു കണ്‍കെട്ടു് വിദ്യകളുടെ സഹായം തേടുന്നു. നിലത്തു് തുപ്പി ചേറുണ്ടാക്കി അന്ധന്റെ കണ്ണില്‍ തേച്ചു് അവനു് കാഴ്ച കൊടുക്കുന്നു. “ആബ്രകഡാബ്ര” മന്ത്രിച്ചുകൊണ്ടു് മരിച്ചവരെ ഉയിര്‍പ്പിക്കുകയും, മുടന്തരെ നടത്തുകയും, മൂകബധിരന്മാരെ സുഖപ്പെടുത്തുകയും ചെയ്യുന്നു.

ഭൂതഗ്രസ്തനായ ഒരുവനില്‍ നിന്നും അവനില്‍ കുടി പാര്‍ത്തിരുന്ന അനേകം പിശാചുക്കളെ കുടിയൊഴിപ്പിച്ചു് അവരെ അവരുടെ മുട്ടിപ്പായ അപേക്ഷപ്രകാരം അടുത്തു് മലയരികില്‍ കഥയറിയാതെ മേഞ്ഞുകൊണ്ടിരുന്ന ഏകദേശം രണ്ടായിരം പന്നികളില്‍ കുടിയേറി പാര്‍ക്കാന്‍ അനുവദിക്കുകയും, അവ കടുന്തൂക്കത്തോടെ കടലിലേക്കു് പാഞ്ഞു് വീര്‍പ്പുമുട്ടി ചാവുകയും ചെയ്യുന്നു. – (മര്‍ക്കോസ് 5: 2 – 15) പാവം പന്നികള്‍! അല്ലാതെന്തു് പറയാന്‍?

ഇതുപോലുള്ള കെട്ടുകഥകള്‍ ഇന്നും വിശ്വസിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കുക: ഇന്നത്തെ ലോകത്തില്‍ മാനസികരോഗം പിശാചുബാധയല്ല. മറ്റേതൊരു രോഗവും പോലെതന്നെ മരുന്നുകള്‍ കൊണ്ടും മനഃശാസ്ത്രപരമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ കൊണ്ടും ചികിത്സിക്കാവുന്നതും, പലപ്പോഴും സുഖപ്പെടുത്താവുന്നതുമാണു്. പന്നിക്കൂട്ടങ്ങളെ ഇക്കാലത്തു് ഈവക കാര്യങ്ങളില്‍ പങ്കെടുപ്പിച്ചു്, പിശാചു് ബാധിപ്പിച്ചു് കൂട്ട ആത്മഹത്യയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലെത്തിക്കാറില്ല. അറിവു് കുറവായിരുന്നെങ്കിലും, അസഹിഷ്ണുതയ്ക്കു് കുറവൊന്നുമില്ലാതിരുന്ന പൂര്‍വ്വികരോടു്  – അവര്‍ ഇന്നില്ലാത്തതുകൊണ്ടു് – മര്യാദയുടെ പേരില്‍ ക്ഷമിക്കാമെങ്കിലും അവരുടെ വിഡ്ഢിത്തങ്ങള്‍ മുഖവിലകൊടുത്തു് വാങ്ങേണ്ട ആവശ്യമോ ഗതികേടോ ഇന്നത്തെ ബോധമുള്ള മനുഷ്യര്‍ക്കില്ല.

 

Tags: , , ,