ഇന്‍ഡ്യാഹെറിറ്റേജ്,
കമന്റ് ഒരുപാടു് നീണ്ടതുകൊണ്ട് ഒരു പോസ്റ്റാക്കുന്നു. കമന്റായും ഇട്ടിട്ടുണ്ടു്.
ഇന്‍ഡ്യാഹെറിറ്റേജിന്റെ പോസ്റ്റിലേക്കു്
എല്ലാം നിര്‍വചനങ്ങളുടെ പ്രശ്നമാണു്. നിര്‍വചിക്കുന്നവര്‍ മനുഷ്യര്‍ തന്നെ ആയതിനാല്‍, മതസംബന്ധമോ അല്ലാത്തതോ ആയ എല്ലാ കാര്യങ്ങളിലും (പോസിറ്റീവും നെഗറ്റീവുമായവ) പ്രശ്നക്കാരനും ഉത്തരവാദിയും മനുഷ്യന്‍ തന്നെ. വേണമെങ്കില്‍ ഇത്രയും പറഞ്ഞു് നിര്‍ത്താം. പറയാനാണെങ്കില്‍ ധാരാളമുണ്ടു് താനും.
“സെല്‍ഫ് ആക്റ്റ്വലൈസേഷന്‍”, ആ വാക്കു് സൂചിപ്പിക്കുന്നതുപോലെതന്നെ, വ്യക്തിഗതമായ ഒരു കാര്യമാണു്. ഒരു ഓര്‍ഗനൈസ്ഡ് സോഷ്യല്‍ ലൈഫിനു് മതം ഒരു അനിവാര്യതയല്ല. അതേസമയം, സാമൂഹികനിയമങ്ങള്‍ ഒഴിവാക്കാന്‍ ആവുകയുമില്ല. മതം മനുഷ്യജീവിതത്തില്‍ ഒരു സെക്കന്‍ഡറി റോള്‍ മാത്രം വഹിക്കുന്ന എത്രയോ രാജ്യങ്ങള്‍ യൂറോപ്പിലുണ്ടു്. ദൈവത്തിലോ മതങ്ങളിലോ വിശ്വസിക്കാത്ത ധാരാളം ആളുകളും അവിടെയുണ്ടു്. അത്തരം ഒരു നിലപാടു് അവരുടെ സാമൂഹികജീവിതത്തെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്ത വിധത്തിലാണു് അവിടങ്ങളിലെ നിയമങ്ങളും സാമൂഹിക ചട്ടക്കൂടുകളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതു്. പള്ളികള്‍ പലതും ആളുകളെ കിട്ടാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വരുന്നു. ആ നാടുകളില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. പ്രശ്നങ്ങള്‍ ഒരിക്കലും ഒരിടത്തും ഇല്ലാതാവുകയില്ല. പക്ഷേ, അത്തരം പ്രശ്നങ്ങള്‍ പള്ളിയില്‍ പോകാത്തതുകൊണ്ടാണെന്നു് അവരിലെ വിശ്വാസികള്‍ പോലും പറയുമെന്നു് തോന്നുന്നില്ല. അവരുടെ പല രീതികളും നമുക്കു് ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, അതു് ആ രീതികളുടെ കുഴപ്പം എന്നതിനേക്കാള്‍, നമ്മള്‍ വളര്‍ന്ന, നമ്മില്‍ വളര്‍ത്തിയെടുത്ത കാഴ്ചപ്പാടുകളുടെ തകരാറാണെന്നു് അവരുടെ ചിന്തകളുടെ ലോകം കുറെയെങ്കിലും അറിയാന്‍ ശ്രമിച്ചാല്‍ മനസ്സിലാവും.
ആരംഭത്തില്‍ ആ രാജ്യങ്ങള്‍ ക്രിസ്തുമതത്തിന്റെ അടിസ്ഥാനത്തില്‍ പണിതുയര്‍ത്തപ്പെട്ടവയാണു് എന്നതിനാല്‍, ബിന്‍ ലാദനോ മറ്റാരെങ്കിലുമോ “ഒരു മുസ്ലീം ലോകം” എന്നു് കാഹളമൂതി ലോകം മുഴുവന്‍ തീ വയ്ക്കാന്‍ തുടങ്ങിയാല്‍ അവര്‍ സ്വാഭാവികമായും ക്രിസ്തുമതത്തിന്റെ ഒരു മറുചേരി ഉണ്ടാക്കും. അവരുടെ ടെക്നോളജിയില്‍ നിന്നും മോന്തുന്നവര്‍ക്കു് അവരെ പരാജയപ്പെടുത്തല്‍ അത്ര എളുപ്പവുമാവില്ല. ആ ഭ്രാന്തുവഴി ആകെ നേടാന്‍ കഴിയുന്നതു് യൂറോപ്പു് എത്രയോ വട്ടം കണ്ടു് മടുത്ത മനുഷ്യക്കുരുതികള്‍ മാത്രവുമായിരിക്കും.
മനുഷ്യരും പക്ഷിമൃഗാദികളെപ്പോലെ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ ശക്തിമാനാണു് ഭരണം നടത്തുന്നതു്. പക്ഷേ മനുഷ്യശക്തി ശാരീരികം മാത്രമല്ലല്ലോ. ബുദ്ധിയും, അതുപയോഗിച്ചുള്ള മാരകായുധങ്ങളുടെ നിര്‍മ്മാണവുമെല്ലാം ജന്തുലോകത്തിലേതുപോലെ “കൊണ്ടും കൊടുത്തും” ഉള്ള ഒരു ജീവിതം അസാദ്ധ്യമാക്കും. ഉദാ. പഴയ കോളണിവാഴ്ച്ചകള്‍. വനത്തിലെ ചെറുഗ്രൂപ്പുകളില്‍ നിന്നും സമൂഹജീവിയായി വളര്‍ന്ന മനുഷ്യനു് സാമൂഹികജീവിതം സാദ്ധ്യമാവണമെങ്കില്‍ നിയമങ്ങള്‍ വേണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനല്ല. മതങ്ങള്‍ക്കു് അവനെ നല്ലവനാക്കാന്‍ ഒരിക്കലും കഴിയുകയുമില്ല. കഴിയുമായിരുന്നെങ്കില്‍ അതിനു് രണ്ടായിരമോ മൂവായിരമോ അതില്‍ കൂടുതലോ വര്‍ഷങ്ങളുടെ സമയമൊന്നും ആവശ്യമില്ല എന്നു് സാമാന്യമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു.
മതങ്ങള്‍ പഠിപ്പിക്കുന്നതു് എന്തെന്നു് മനസ്സിലാക്കാന്‍ കഴിവുള്ളവരല്ല അവയെ പിന്തുടരുന്ന ജനകോടികളില്‍ അധികവും. അവരെ നയിക്കുന്ന ആത്മീയര്‍പോലും അതെന്തെന്നു് ശരിയായി അറിയുന്നവരല്ല. ജനങ്ങളോടു് അവര്‍ എന്തൊക്കെയോ പറയുന്നു, ജനങ്ങള്‍ അതെല്ലാം ചെയ്യുന്നു. മനുഷ്യരിലെ “ഹെര്‍ഡ് ഇന്‍സ്റ്റിങ്ക്റ്റ്” നിഷേധിക്കാനാവില്ല. ജനങ്ങള്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ “ലഭ്യമായ നേതാക്കളെ” അനുഗമിക്കുകയല്ലാതെ മറ്റെന്താണു് അവര്‍ക്കു് ചെയ്യാന്‍ കഴിയുക? മറ്റൊരു ചോയിസ് അവര്‍ക്കില്ല.
ഏകദൈവവിശ്വാസത്തിനു്, “ഏകനായ ദൈവത്തില്‍” വിശ്വസിക്കുന്നു എന്നതുകൊണ്ടുതന്നെ, അസഹിഷ്ണുത പ്രകടിപ്പിക്കാനേ കഴിയൂ. ബുദ്ധമതവും ഹിന്ദുമതവും ഈ ഒരു കാര്യത്തിലെങ്കിലും ഭേദമാണെന്നു് പറയാം. അസഹിഷ്ണുത അസഹിഷ്ണുതയെ മാത്രമേ ഉത്പാദിപ്പിക്കൂ. വെറുപ്പു് വെറുപ്പിനു് മാത്രമേ ജന്മം നല്‍കൂ. അതു് നമ്മള്‍ നിത്യേന ലോകത്തില്‍ കാണുന്ന കാര്യവുമാണു്. നിങ്ങള്‍ എളുപ്പം ഒരു നേതാവാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനു് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ജനങ്ങളെ “ശത്രുചിത്രങ്ങള്‍” കാണിച്ചു് പോളറൈസ് ചെയ്യുകയാണു്. ഹിറ്റ്‌ലറും മറ്റും സ്വീകരിച്ച മാര്‍ഗ്ഗം. ബിന്‍ ലാദന്‍ സ്വീകരിച്ച മാര്‍ഗ്ഗം. “എനിക്കു് എങ്ങനെ അതൊക്കെ ചെയ്യാന്‍ കഴിഞ്ഞു” എന്നു് പിന്നീടു് അത്ഭുതപ്പെട്ടേക്കാവുന്ന പല ക്രൂരകൃത്യങ്ങളും ചെയ്യാന്‍ അങ്ങനെ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട മനുഷ്യര്‍ക്കു് കഴിയും. “മനുഷ്യന്‍ ഒരു പാവം പന്നിയാണു്” എന്നൊരു ജര്‍മ്മന്‍ ചൊല്ലുണ്ടു്. മൃഗീയമായ എത്രയോ യുദ്ധങ്ങള്‍ കാണേണ്ടിവന്നതു് വഴിയാണോ ആ ചൊല്ലു് രൂപമെടുത്തതെന്നു് എനിക്കറിയില്ല.
മനുഷ്യന്റെ ദൈവവിശ്വാസമോ, മതങ്ങള്‍ എന്ന ആശയം അതില്‍ തന്നെയോ അല്ല പ്രശ്നം. മനുഷ്യനെ അവയില്‍നിന്നും പൂര്‍ണ്ണമായി മോചിപ്പിക്കാനും ഒരിക്കലും കഴിയുകയില്ല. കാരണം, അതൊരു മാനസികപ്രശ്നമാണു്. യഥാര്‍ത്ഥപ്രശ്നം അവയുടെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരാണു്. ചൂഷണം അതില്‍ത്തന്നെ എന്നതിനേക്കാള്‍, ചൂഷണത്തിനുവേണ്ടി മനുഷ്യരെ പിന്നോട്ടു് വലിച്ചു് ബൌദ്ധികവും സാംസ്കാരികവുമായി വളരാന്‍ അനുവദിക്കാതിരിക്കുക എന്നതാണു് ഏറ്റവും ഗൌരവതരമായ പ്രശ്നം. മനുഷ്യന്റെ നന്മയല്ല, സ്വന്തം സൌഭാഗ്യത്തിന്റെ തടസ്സമില്ലായ്മയാണു് അവനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുടെ ലക്‍ഷ്യം എന്നു് പഴയതും പുതിയതുമായ ഏതു് സാമൂഹിക ഇഷ്യുകളെയും നിഷ്പക്ഷമായി പരിശോധിച്ചാല്‍ നമുക്കറിയാന്‍ കഴിയും.
“ജീവിക്കുകയും, ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക” എന്നതു് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. ഞാന്‍ “ശരിക്കും” അങ്ങു് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ എനിക്കു് കൂടുതല്‍ കൂടുതല്‍ “ശരിയായി” ജീവിക്കണമെന്നു് തോന്നും. എന്റെ ഈ ശരിയായ ജീവിതം ദൈവാനുഗ്രഹം മൂലമാണെന്നു് മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതു് അവര്‍ എന്നെ ചോദ്യം ചെയ്യാതിരിക്കാന്‍ എനിക്കു് ആവശ്യമാണു്. അതിനു് ഞാന്‍ ദൈവത്തെക്കൊണ്ടു് എന്റെ നിലനില്പിനു് അനുയോജ്യമായ നിയമങ്ങള്‍ ഉണ്ടാക്കിക്കുന്നു. ഏകപക്ഷീയമായ ആ നിയമങ്ങളെ ചോദ്യം ചെയ്തു് ജനങ്ങളെ വളരാനനുവദിക്കാന്‍ സാമൂഹികനിയമങ്ങള്‍ വേണം. ഒരു സമൂഹത്തിന്റെ നിയമങ്ങള്‍ അതേസമയം ആ സമൂഹത്തിന്റെ മാനസികനിലവാരത്തിനു് അനുസരിച്ചുള്ളതേ ആവൂ. സാമൂഹികവളര്‍ച്ച ആരെയാണോ പ്രതികൂലമായി ബാധിക്കുന്നതു്, അങ്ങനെയുള്ളവരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹത്തിനു് എങ്ങനെയാണു് വളരാന്‍ കഴിയുക? പ്രത്യേകിച്ചും നായകരുടെ വാക്കുകള്‍ ജനങ്ങള്‍ക്കു് വേദവാക്യങ്ങള്‍ ആവുമ്പോള്‍? അവ സഹസ്രാബ്ദങ്ങള്‍ മനുഷ്യരുടെ തലയില്‍ കോരിയൊഴിച്ചു് “നിത്യസത്യങ്ങള്‍” ആക്കി മാറ്റിയവ ആവുമ്പോള്‍?
ചുരുക്കത്തില്‍, ഒരു നല്ല ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍തിരിക്കപ്പെടണം. മതവിശ്വാസം വ്യക്തിഗതം മാത്രമായ ഒരു കാര്യമാവണം. ഇന്നത്തെ അവസ്ഥയില്‍ ഭാരതത്തില്‍ സങ്കല്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണതു്. കാരണം, അങ്ങനെ ഒരു സാമൂഹികസാഹചര്യം അനുവദിക്കാന്‍ തയ്യാറുള്ളവരല്ല ഇന്നത്തെ ഭാരതീയ നേതാക്കള്‍. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു് മനസ്സിലാക്കാന്‍ ബാദ്ധ്യതയുള്ള സാംസ്കാരികനായകര്‍ പോലും അവരുടെ മതങ്ങളിലും ദന്തഗോപുരങ്ങളിലും സുഖവാസം അനുഷ്ഠിക്കുന്നവരാണു്. ബൈബിളിനെ വിമര്‍ശിച്ചു് ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയപ്പോള്‍ “എന്തിനു് ഇതിനൊക്കെ പോകുന്നു?” എന്നാണു് ചില സാമൂഹികനായകര്‍ “സദുദ്ദേശത്തില്‍” എന്നോടു് ചോദിച്ചതു്! അതാണു് നമ്മുടെ സമൂഹത്തിലെ “അറിവുള്ളവരുടെ” പൊതുവായ നിലപാടു്.