ഒരു മനസ്സു് മറ്റൊരു മനസ്സിനെ എങ്ങനെ സമീപിക്കുന്നു എന്നതിലല്ല, എങ്ങനെ അതില്‍നിന്നും അകലുന്നു എന്നതിലാണു് ആ മനസ്സിനു് മറ്റേതിനോടുള്ള ബന്ധുത്വവും, സഹാനുഭാവവും ഞാന്‍ തിരിച്ചറിയുന്നതു്.
മുഴുവനായും തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ ഓരോരോ തെറ്റിദ്ധാരണകളെയും സമൂലം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതു് അസാദ്ധ്യമായിരിക്കും. സ്വന്തപ്രതിരോധത്തിനായി വ്യര്‍ത്ഥമായ പ്രയത്നം ചെലവുചെയ്യാതിരിക്കാന്‍ ഈ വസ്തുത നമ്മള്‍ അംഗീകരിക്കണം.
ഇതുവരെ ആരോടും വെളിപ്പെടുത്താതിരുന്ന കാര്യങ്ങള്‍ നമ്മള്‍ പലപ്പോഴും ആദ്യം അറിയിക്കുന്നതു് നമ്മുടെ പുതിയ പരിചയക്കാരെ ആയിരിക്കും. അതു് നമ്മുടെ വിശ്വസ്തതയുടെ തെളിവായും, അവരെ നമ്മോടു് ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞേക്കാവുന്ന ശക്തിയേറിയ ഒരു ചങ്ങലയായും വിഡ്ഢിത്തം മൂലം നമ്മള്‍ കരുതുന്നു. പക്ഷേ, ഈ വെളിപ്പെടുത്തല്‍ വഴിയുള്ള നമ്മുടെ ബലി അത്ര ശക്തിമത്തായ ഒന്നാണെന്നു് തോന്നാന്‍ മാത്രം നമ്മെപ്പറ്റി അവര്‍ക്കൊന്നും അറിയില്ലാത്തതിനാല്‍ അവര്‍ – അതൊരു വിശ്വാസവഞ്ചനയണെന്നു് അറിയാതെതന്നെ – അതു് മറ്റുള്ളവരോടു് പറയുന്നു. അതുവഴി, ചിലപ്പോള്‍ നമുക്കു് നമ്മുടെ പഴയ പരിചയക്കാരെ നഷ്ടമായേക്കാം.
ആരോടെങ്കിലും നന്ദി കടപ്പെട്ടിരിക്കുന്നതില്‍ ഒരു ശുദ്ധമനസ്സു് വേദനിക്കുന്നു; ആരില്‍ നിന്നെങ്കിലുമെങ്കില്‍ ഒരു പരുക്കന്‍ മനസ്സും.
ചിരി സീല്‍ക്കാരമാവുമ്പോള്‍ ചെറ്റത്തരം കൊണ്ടു് മനുഷ്യന്‍ സകല മൃഗങ്ങളെയും കടത്തിവെട്ടുന്നു.
സഹിക്കാന്‍ കഴിയാത്ത മനുഷ്യരെ സംശയിക്കാന്‍ നമ്മള്‍ വഴിതേടുന്നു.
മനുഷ്യസ്നേഹിയായ ജ്ഞാനി തന്റെ യഥാര്‍ത്ഥസ്വത്വത്തിന്റെ തണുപ്പും, സമചിത്തതയുംകൊണ്ടു് സമീപസ്ഥരെ വേദനിപ്പിക്കാതിരിക്കാനായി പലപ്പോഴും വികാരാധീനനായും, ക്ഷുബ്ധനായും, സന്തോഷവാനായും ഭാവിക്കാന്‍ നിര്‍ബന്ധിതനാവുന്നു.
നന്മക്കൊപ്പം വളരാന്‍ കഴിയാത്തപ്പോള്‍, നന്മയെ നമുക്കിഷ്ടമാവുന്നില്ല.
ഹീനമായതു് ചിന്തിക്കുന്നതില്‍ മനുഷ്യന്‍ ലജ്ജിക്കുന്നില്ല; പക്ഷേ, ഹീനമായതു് ചിന്തിക്കാന്‍ ശേഷിയുള്ളവനാണു് താന്‍ എന്നതില്‍ മറ്റുള്ളവര്‍ക്കു് സംശയമില്ല എന്നു് ചിന്തിക്കുന്നതില്‍ ഉണ്ടുതാനും.
ദുരഭിമാനികളും ദുരഹങ്കാരികളുമായ മനുഷ്യര്‍ക്കു് കുറെയെടുത്തു് ദാനം ചെയ്യാനുംമാത്രം സ്നേഹവും നന്മയും ലോകത്തിലില്ല.
ദൃഢവിശ്വാസങ്ങളാണു് സത്യത്തിന്റെ നുണകളേക്കാള്‍ കൂടുതല്‍ അപകടകാരികളായ ശത്രുക്കള്‍.
സഹസന്തോഷമാണു്, സഹസഹനമല്ല സുഹൃത്തിനെ സൃഷ്ടിക്കുന്നതു്.
മാരകമായ സത്യങ്ങള്‍ മൂലം ഇപ്പോള്‍ ആരും മരിക്കുന്നില്ല: അതിനെതിരായ ധാരാളം മറുവിഷങ്ങള്‍ ലഭ്യമാണു്.
സത്യം പറയുന്നതു് അപകടകരമാവുമ്പോഴല്ല, വിരസമാവുമ്പോഴാണു് സത്യത്തിന്റെ പ്രതിനിധികള്‍ വിരളമാവുന്നതു്.
ശത്രുവിനോടു് പൊരുതി ജീവിക്കുന്നവനു് ശത്രു ജീവിച്ചിരിക്കണം എന്നും ആഗ്രഹമുണ്ടു്.
യുവത്വം അരോചകമാണു്, കാരണം, ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ നിര്‍മ്മാണാത്മകമായതു് യുവത്വത്തില്‍ അസാദ്ധ്യമോ അയുക്തികമോ ആണു്.
കാഴ്ച കുറഞ്ഞവരുടെ കാഴ്ച കുറഞ്ഞുകുറഞ്ഞു് വരുന്നു; അതേസമയം, കേള്‍വി കുറഞ്ഞവര്‍ക്കു് ചിലതു് കൂടുതലായി കേള്‍ക്കേണ്ടിവരുന്നു.
ഉദ്ദിഷ്ടകാര്യം സാധിച്ചതിന്റെ ഉപകാരസ്മരണ നന്ദിപ്രകടനത്തിന്റെ ചരടുകൊണ്ടു് സ്വയം കഴുത്തില്‍ കുരുക്കിട്ടു് ചാവുന്നതുവരെ കൊണ്ടെത്തിക്കുന്ന അടിമകളായ ആത്മാക്കളുണ്ടു്.
അവരുടേതായ രീതിയില്‍ നല്ലവരാവാന്‍ വേണ്ടി ധാരാളം മനുഷ്യര്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്നു.
കുമ്പസാരിക്കുന്നവന്‍ തന്റെ പാപം മറക്കുന്നു. പക്ഷേ, കുമ്പസാരം കേട്ടവന്‍ പൊതുവേ അതു് മറക്കാറില്ല.
ഒരു തൊഴില്‍ ജീവിതത്തിന്റെ നട്ടെല്ലാണു്.
ജീവിതം അനായാസമാക്കാന്‍ പറ്റിയ കുറിപ്പടി – ഉദാഹരണത്തിനു് ക്രിസ്തുമതം – പിന്നീടു് പിടിച്ചേല്‍പ്പിക്കാന്‍ വേണ്ടിമാത്രം മനുഷ്യരുടെ ജീവിതം ക്ലേശകരമാക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുണ്ടു്.
കൂടുതല്‍ ചിന്തിക്കുന്നവനു് പാര്‍ട്ടിക്കാരനാവാനുള്ള യോഗ്യതയില്ല: അവന്‍ താമസിയാതെ പാര്‍ട്ടിയെയും തുളച്ചുകടന്നു് ചിന്തിക്കാന്‍ തുടങ്ങും.
ഒരേ നല്ല കാര്യംതന്നെ പലപ്രാവശ്യം ആദ്യപ്രാവശ്യം എന്നപോലെ ആസ്വദിക്കാനാവുമെന്നതാണു് കുറഞ്ഞ ഓര്‍മ്മശക്തിയുടെ നേട്ടം.
രക്തസാക്ഷിയുടെ അനുയായികളാണു് രക്തസാക്ഷിയേക്കാള്‍ കൂടുതല്‍ സഹിക്കുന്നതു്.
വണ്ടികയറി ചാവാനുള്ള ഏറ്റവും കൂടിയ സാദ്ധ്യത വണ്ടിക്കു് വഴിമാറിയ ഉടനെയാണു്.