RSS

Monthly Archives: Feb 2022

സാരിസന്യാസി മോദി, നഗ്നആഘോരി പിണു!!

സാരി ചുറ്റിയപോലെ തോന്നിപ്പിക്കുന്ന വസ്ത്രത്തിൽ പൊതിഞ്ഞു് ശ്രീ രാമാനുജാചാര്യയുടെ ഒരു കൂറ്റൻ പ്രതിമ രാഷ്ട്രത്തിനു് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം കണ്ടിരുന്നു. മനുഷ്യരുടെ അഭിരുചികൾ വ്യത്യസ്തമായതിനാൽ അവയെ സംബന്ധിച്ചു് തർക്കിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും, അഭിരുചി എന്നൊരു സംഭവമുണ്ടെന്നു് ജനത്തിനു് മാതൃകയാകേണ്ടവർ അറിഞ്ഞിരിക്കുന്നതിൽ തെറ്റില്ല. അതെന്തായാലും, വടക്കുനോക്കികളുടെ നാടായ കേരളത്തിൽ തനിക്കു് പിണറായി എന്നൊരു “കോപ്പിക്യാറ്റ്‌” ഉണ്ടെന്ന കാര്യം വസ്ത്രധാരണവിഷയത്തിൽ മേലിലെങ്കിലും മറക്കാതിരിക്കാൻ മോദി തയ്യാറായാൽ നന്നായിരിക്കും എന്നൊരഭിപ്രായമുണ്ടു്. പിണുവിസ്റ്റുകളല്ലാത്ത കേരളത്തിലെ ജനത അതിനു് മോദിയോടു് എന്നാളും നന്ദിയുള്ളവരായിരിക്കും.

മോദിയുടെ കോട്ടിനെയും, കറുത്ത കാറിനേയും, ബീമാനത്തെയുമെല്ലാം ആവുംവിധം കോപ്പിക്യാറ്റ്‌ ചെയ്യുന്ന, മലയാളിക്കൊരു നുണയാളിയും, ഫാഷിസത്തിനൊരു തേരാളിയും, സമ്മതിദായകർക്കൊരു കിറ്റാളിയുമായ കേരള മുഖ്യമന്ത്രി പിണറായി, മോദിയെപ്പോലെ സാരിധാരിയായി, സരിതാസാരഥിയായി, സ്വപ്നസന്തുലിതമായി US അമേരിക്കയിൽ ചികിത്സക്കോ, ഗൾഫ് എക്സ്പൊയിൽ കേരള പാപ്പിലോമയുടെ പോസ്റ്റ് മോർട്ടം ഉദ്ഘാടനത്തിനോ, വികസനലേബലിൽ കമ്മീഷൻ വ്യവസ്ഥയിൽ കേരളത്തിൽ തട്ടിക്കൂട്ടപ്പെടുന്ന പട്ടിക്കൂടുകൾക്കു് തറക്കല്ലിടാനോ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ രാജകീയമായി തള്ളിത്തള്ളി പള്ളിയെഴുന്നള്ളുന്നതുകണ്ടു് വൈരുദ്ധ്യാത്മകമായി സായുജ്യമടയാൻ കൊതിയോടെ കാത്തിരിക്കുകയാണു് പിണൂവിയൻ കമ്മ്യൂണിസത്തിനായി ജീവിതം അർപ്പിച്ചിരിക്കുന്ന വിടുവായൻതവളകൾ. സാരിചുറ്റിയ ഫാഷിസ്റ്റ് മോദിയുടെ ഗരിമ കണ്ടതുമുതൽ അവർ വല്ലാതെ അസ്വസ്ഥരാണു്! പിണറായി സാരിചുറ്റി ഉലകം ചുറ്റുന്നതു് കാണുന്നതുവരെ മുടി കെട്ടില്ലെന്നു് സഖാത്തികളും, മുടി മുറിക്കുകയോ താടിമീശകൾ വടിക്കുകയോ ചെയ്യില്ലെന്നു് സഖാക്കളും ശപഥം ചെയ്തുകഴിഞ്ഞതായാണു് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ഡിസൈനർ സ്യൂട്ടും, കരിങ്കാറും, ഹെലിക്കോപ്റ്ററും, സാരിയുമെല്ലാം അനുകരിക്കപ്പെടുന്നതു് സഹിച്ചാൽ പരിഹരിക്കപ്പെടുന്നതല്ല കോപ്പിക്യാറ്റ്‌ സിൻഡ്രം. പിടിച്ചതിനേക്കാൾ വലിയ അപകടം മാളത്തിൽ പതിയിരിക്കുന്നുണ്ടു്! വടക്കേ ഇന്ത്യയിൽ ധാരാളം നഗ്നസന്യാസിമാരുണ്ടു്. എല്ലാ ഇനം വിഷയാസക്തികളോടും എന്നേക്കുമായി വിടപറഞ്ഞു് ജീവിക്കുന്നവർ! ഇപ്പോൾ ഉപയോഗശൂന്യമായതിനാൽ, ഗതകാലസൗഭാഗ്യങ്ങൾ അയവിറക്കി മനുഷ്യരുടെ അടിവയറ്റിലെ ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന അപ്പൻഡിക്‌സിനെപ്പോലെ, ആയകാലത്തെ പ്രൗഢികളോടെല്ലാം വിടപറഞ്ഞു്, ജീവിതനാടകം ആടിത്തീർക്കുക എന്ന ഏകലക്ഷ്യത്തോടെ, അധോമുഖാവസ്ഥയിൽ കഴിഞ്ഞുകൂടുന്ന അവരുടെ ലിംഗത്തെ, ദുശ്ചിന്തകളില്ലാത്ത ശുദ്ധമനസ്സോടെ, നിർവ്വികാരമായി, നിഷ്കാമകർമ്മിയായി തൊട്ടു് നമസ്കരിക്കുന്നതു് അനുഗ്രഹപ്രദമാണെന്നു് കരുതുന്ന ഒട്ടേറെ ഭക്തകളുണ്ടു്. മണിയടിച്ചതിനു് ശേഷം തൊഴുന്നതിനാണല്ലോ അമ്പലത്തിനു് മുന്നിലായാലും ഒരു മണി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു്!

അമ്പലങ്ങളിലായാലും പള്ളികളിലായാലും വിധിപ്രകാരം നിലവിലിരിക്കുന്നതും, അംഗീകൃതവുമായ ആരാധനാസമ്പ്രദായങ്ങൾ അക്ഷരംപ്രതി പാലിച്ചിരിക്കേണ്ടതു് ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു് അനുപേക്ഷണീയമാണു്. ആളുകൾ അവിടെച്ചെന്നു് അവരവർക്കു് വായിൽ തോന്നിയപോലെ പ്രാർത്ഥിക്കാനും, മനസ്സിൽ തോന്നിയപോലെ ഗോഷ്ടി കാണിക്കാനും ഉരുണ്ടുകളിക്കാനും തുടങ്ങിയാൽ ദൈവം ടോട്ടലി കൺഫ്യൂഷ്യസാകും. എത്രയായാലും ദൈവവും ഒരു മനുഷ്യനാണെന്ന കാര്യം ഭക്തർ മറക്കരുതു്. തന്മൂലം, ദൈവത്തിനു് ഒരുപാടു് സ്ട്രെസ്സും സ്ട്രെയിനും ഉണ്ടാക്കുന്ന തരത്തിൽ, ഹർത്താലുകൾ പോലുള്ള അനുഗ്രഹം പിടിച്ചുവാങ്ങൽ നടപടികൾ ഒഴിവാക്കാൻ ഭക്തർ ശ്രദ്ധിക്കേണ്ടതുണ്ടു്. വെളുക്കാൻ തേച്ചതു് പാണ്ടായിത്തീരരുതല്ലോ.

റോഡ് ട്രാഫിക്ക് പോലെയാണു് പ്രാർത്ഥനയും. എല്ലാ ഭാഗഭാക്കുകളും ഒരുപോലെ പാലിക്കാൻ ബാദ്ധ്യസ്ഥരായ ചില റൂൾസ് ആൻഡ് റെഗ്യുലേഷൻസ് പ്രാർത്ഥനയിലുമുണ്ടു്, റോഡ് ട്രാഫിക്കിലുമുണ്ടു്. ഫ്രാൻസിൽ റോഡിന്റെ വലതുവശത്തുകൂടെയും, ഇങ്ഗ്ലണ്ടിൽ റോഡിന്റെ ഇടതുവശത്തുകൂടെയുമാണു് വാഹനങ്ങൾ ഓടിക്കേണ്ടതു്. കേരളത്തിൽ ഹിന്ദുക്കൾ വലത്തോട്ടും, മുസ്ലീമുകൾ ഇടത്തോട്ടുമാണു് മുണ്ടുടുക്കേണ്ടതു്. തലയിൽ മുണ്ടിട്ടില്ലെങ്കിൽ കൊയ്പ്പമാകുന്ന സ്ത്രീകളുണ്ടു്, തലയിൽ മുട്ടിയാലും കൊയ്പ്പമാകാത്ത സ്ത്രീകളുണ്ടു്. പൊട്ടുതൊടുന്ന സ്ത്രീകൾ അതു് നെറ്റിയിലായിരിക്കാനും മൂക്കിൻതുമ്പത്താകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടു്. കൊച്ചുകുഞ്ഞുങ്ങൾക്കു് “കണ്ണു് തട്ടാതിരിക്കാൻ” അവരുടെ മുഖം നിറയെ കരി വാരിത്തേയ്ക്കേണ്ടതുണ്ടു്. സിന്താവാ വിളിക്കുമ്പോൾ ആകാശത്തേയ്ക്കു് മുഷ്ടി ചുരുട്ടി എറിയേണ്ടതുണ്ടു്. അവയെല്ലാം സിസ്റ്റത്തിന്റെ നിലനില്പിനു് ആവശ്യമായ റൂൾസ് ആൻഡ് റെഗ്യുലേഷൻസ് ക്യാറ്റഗൊറിയിൽ വരുന്ന കാര്യങ്ങളാണു്.

ലോകത്തിലെ എല്ലാ സമൂഹങ്ങളിലും പുരുഷവർഗ്ഗം നിർമ്മിച്ചുവച്ചിരിക്കുന്ന സദാചാരങ്ങളും ആചാരമര്യാദകളും കാത്തുസൂക്ഷിക്കുന്നതിലും, അവയെ കൃത്യമായി തലമുറയിൽനിന്നും തലമുറയിലേയ്ക്കു് പകർന്നുകൊടുക്കുന്നതിലും സ്ത്രീകൾ കാണിക്കുന്ന ശുഷ്കാന്തി അപാരമാണു്. അത്തരം ആചാരക്രമങ്ങൾ ദൈവവുമായോ മതവുമായോ ബന്ധപ്പെട്ട കല്പനകളുടേതാണെങ്കിൽ, അവയുടെ നിറവേറ്റലിനായി അപ്രതിരോധ്യമായ ഒരുതരം ആസക്തിതന്നെ അവർ പ്രകടിപ്പിക്കാറുണ്ടു്. വിശ്വാസപരമായ കാര്യങ്ങളിൽ സ്ത്രീകൾ ഇതിനോടകം കൈവരിച്ചുകഴിഞ്ഞ സ്റ്റാമിന പരിണാമസിദ്ധാന്തത്തിന്റെ അടിപ്പാറത്തട്ടുകളിൽ വേരുറപ്പിച്ചിട്ടുള്ളതും, കാലത്തിന്റെ കുത്തിയൊഴുക്കിനെതിരെ അചഞ്ചലമായി പിടിച്ചുനിന്നു് ശക്തി തെളിയിച്ചിട്ടുള്ളതുമാണു്.

ദൈവം,ഭക്തി, പ്രാർത്ഥന, മണിയടി, അനുഗ്രഹം മുതലായ കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെ ആയതിനാൽ, പൊതുവേതന്നെ ഭക്തരുടെ വാത്മീകിസമൂഹമായ ഭാരതത്തിൽ, നഗ്നസന്യാസിമാരിലും അവരുടെ ലിംഗാരാധികമാരിലും നല്ലൊരു ഇമ്പ്രഷൻ ജനിപ്പിക്കാനായി മോദിയെങ്ങാനും നഗ്നസന്യാസിവേഷം കെട്ടിയാൽ, അനുകരണഭ്രാന്തു് മൂത്തു് മോദിയുടെ കോപ്പിക്യാറ്റായ പിണറായിയും നഗ്നസാധുവായി വേഷംകെട്ടി അമേരിക്കയിലേക്കോ ഗൾഫിലേക്കോ മറ്റോ സ്വന്തം ഹെലികോപ്റ്ററിൽ ബുള്ളെറ്റ് സ്പീഡിൽ ടൂർ പോകാൻ തീരുമാനിക്കാൻ സാദ്ധ്യതയുണ്ടു്. ഹൈ സ്പീഡ് യാത്രയ്ക്കായി കിട്ടുന്ന ഒരവസരവും പാഴാക്കുന്നവരല്ല വികസനം കൊതിക്കുന്ന കാരണഭൂതങ്ങൾ. പിണറായി വിജയൻ നഗ്നസാധുവായി വേഷംകെട്ടി ആൽത്തറയിൽ പ്രത്യക്ഷനായാൽ അതിൽ സന്തോഷിക്കുന്ന ഒരു വിഭാഗമുണ്ടു്: വനിതാമതിൽ നിർമ്മാണത്തിലൂടെ ഇരട്ടചങ്കൻ പിണറായിസ്വാമി അവർകളോടുള്ള തങ്ങളുടെ നിരുപാധികഭക്തിയും വിധേയത്വവും അനിഷേദ്ധ്യമായി തെളിയിച്ച സ്ത്രീവിമോചനപ്രസ്ഥാനക്കാർ! അവർ നഗ്നസാധുവായ പിണറായിസ്വാമിയുടെ മണിയടിച്ചു് അനുഗ്രഹം ഏറ്റുവാങ്ങാനായി ആൽത്തറയ്ക്കുമുന്നിൽ ക്യൂ നില്ക്കുന്നതു് കാണാനുള്ള കരുത്തില്ലാത്തതുകൊണ്ടാണു്, “വടക്കുനോക്കികളുടെ നാടായ കേരളത്തിൽ തനിയ്ക്കൊരു “കോപ്പിക്യാറ്റ്‌” ഉണ്ടെന്ന വസ്തുത വസ്ത്രധാരണവിഷയത്തിൽ മേലിലെങ്കിലും മോദി മറക്കാതിരിക്കണമെന്നൊരു അഭിപ്രായം വിനീതമായി ഞാൻ മുകളിൽ സൂചിപ്പിച്ചതു്.

P. S.

നഗ്നസന്യാസിവേഷം കെട്ടുന്ന ഇൻഡ്യൻ പ്രൈം മിനിസ്റ്റർ മോദിയോ, കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയനോ, അവരെ തൊട്ടാട്ടി, “തൊട്ടുതൊട്ടില്ലെന്നാട്ടി”, തൊട്ടിലിലിട്ടാട്ടി, അനുഗ്രഹം നേടാൻ ശ്രമിക്കുന്ന ആരാധികമാരോ അല്ല, നോർത്തിൻഡ്യയിൽ സംഭവിക്കുന്ന ഏതു് ചീളുകേസിനും ചാണകമണം ചാർത്തിക്കൊടുക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കുകയും, അതേസമയം, അതേ കാര്യങ്ങൾ സൗത്തിൻഡ്യയുടെ തെക്കുപടിഞ്ഞാറേമൂലയിലെ പാവയ്ക്കാ സ്റ്റേറ്റിൽ സംഭവിച്ചാൽ, “കെ-റെയിൽ സിൽവർ ലൈൻ സെമി ഹൈസ്പീഡിൽ” നിറം മാറ്റാൻ കഴിവുള്ള ഓന്തിനെ തോല്പിക്കുന്ന “ബുള്ളെറ്റ് ട്രെയിൻ സ്‌പീഡിൽ” അവയ്ക്കു് അറേബ്യൻ സുഗന്ധദ്രവ്യങ്ങളുടെ പരിമളം ചാർത്തിക്കൊടുക്കാൻ ഏതു് സെപ്റ്റിക് ടാങ്കിലും എപ്പോൾ വേണമെങ്കിലും മുങ്ങുവോളം ഇറങ്ങിനിന്നു് പൊരുതാൻ സന്നദ്ധരായ ഓറൽ ഗ്ലാഡിയേറ്റേഴ്‌സ് കാണിക്കുന്ന ആ സാമൂഹികപ്രതിബദ്ധത, ആ സ്വദേശാഭിമാനം, ആ ജ്ഞാനത്തികവു്, ആ ഉളുപ്പില്ലായ്മ, അതാണു് ഭാരതീയസമൂഹം കുതിരപ്പവൻ നല്കി, ഒട്ടകപ്പൊന്നുനല്കി, “ജ്ഞാനപീഡനം” നൽകി ആദരിക്കേണ്ട യഥാർത്ഥ സൂപ്പർ ഹീറോ ക്വാളിറ്റീസ് !

“P. P. S.”

യോഗി ആദിത്യനാഥിനോടു് നാലു് വാക്കുകൾ:

നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് വാളയാറിലെ പെൺകുട്ടികളെ മാത്രം നോക്കി ആവരുതു്. നിങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെയും മറ്റു് മന്ത്രിമാരുടെയും പെണ്മക്കളെക്കൂടി നോക്കിയശേഷം മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!

നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് അട്ടപ്പാടിയിലെ മധുവിന്റെ “ബോഡി മാസ് ഇൻഡക്സ്” (BMI) മാത്രം നോക്കി ആവരുതു്. നിങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുടെ “Body mass index” കൂടി നോക്കിയശേഷം മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!

നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് കേരളത്തിലെ ഇന്നത്തെ KSRTC-യെ മാത്രം നോക്കി ആവരുതു്. നിങ്ങൾ കേരളത്തിലെ നാളത്തെ സിൽവർ ലൈനിനെ ഭാവനയിൽ കണ്ടുകൊണ്ടു് മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!

നിങ്ങൾ കേരളത്തെ വിലയിരുത്തുമ്പോൾ, അതു് ദളിതരുടെയിടയിലെ ശിശുമരണനിരക്കു് മാത്രം നോക്കി ആവരുതു്. നിങ്ങൾ ദളിതരുടെ പുരോഗമനത്തിന്റെ ചുമതല വഹിച്ചവരും വഹിക്കുന്നവരുമായ മന്ത്രിമാരുടെയും, അവരെ താങ്ങിനിർത്തുന്ന ബ്യുറോക്രാറ്റുകളുടെയും ഇടയിലെ ശിശുമരണനിരക്കുകൂടി നോക്കിയശേഷം മാത്രം അത്തരം വിലയിരുത്തലുകൾ നടത്തുക!!

നാലിൽ കൂടുതൽ വാക്കുകൾ വേണമെങ്കിൽ പറഞ്ഞാൽ മതി യോഗീ. ദൈവകൃപയാൽ, മറ്റെന്തൊക്കെ പഞ്ഞങ്ങളുണ്ടെങ്കിലും, വാക്കുകൾക്കും വിടുവായ്ത്താരികൾക്കും ഇതുവരെ ഒരു പഞ്ഞം ഉള്ളവനല്ല, ഒരിക്കലും ഉള്ളവനായിരുന്നിട്ടില്ല, കല്പാന്തകാലത്തോളം സമസ്യാപൂരണപൂരിതൻ ആയ, ആയിരുന്നിട്ടുള്ളവനായ ഒരു മലയാളിസ്വത്വം! നീ അതോർത്തോളൂ യോഗീ നീ! നീ മഞ്ഞക്കൊക്കാലീ നീ! നീ യോഗീ നീ!!

 
Comments Off on സാരിസന്യാസി മോദി, നഗ്നആഘോരി പിണു!!

Posted by on Feb 13, 2022 in Uncategorized