ഭൂമിയിൽ മനുഷ്യർക്കു് ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങൾ വളരെ പരിമിതമാണു്. ഭൂമിയുടെ ഏകദേശം മൂന്നിൽ രണ്ടു് ഭാഗമായ സമുദ്രങ്ങളിൽ ഒരു സാമൂഹികജീവിതം കെട്ടിപ്പടുക്കുക എന്നതു് അത്ര പ്രായോഗികമായ കാര്യമല്ല. ശേഷിക്കുന്ന മൂന്നിൽ ഒന്നു് മാത്രമായ കരപ്രദേശത്തിലാണെങ്കിൽ, ധ്രുവപ്രദേശങ്ങളിലോ, മഞ്ഞുമൂടിയ പർവ്വതങ്ങൾക്കു് മുകളിലോ, മരുഭൂമിയിലോ ഒന്നും സ്ഥിരമായ മനുഷ്യവാസം സാദ്ധ്യമല്ല. അതുപോലെതന്നെ, ഭൂമിയിൽ നിന്നും മുകളിലേക്കു് പോയാൽ, ഏതാനും കിലോമീറ്റർ കഴിയുമ്പോഴേക്കും അന്തരീക്ഷത്തിന്റെ ഘടന ജീവനെപ്പോലും അപകടത്തിലാക്കുന്ന നിലയിലെത്തും. ഈ പ്രദേശങ്ങളിലൊക്കെ ഒന്നു് പോയിവരണമെങ്കിൽത്തന്നെ മനുഷ്യബുദ്ധിയിൽ വിരിഞ്ഞ സൂത്രങ്ങളും മനുഷ്യനിർമ്മിതമായ ഉപകരണങ്ങളും ഉപയോഗിക്കാതെ കഴിയുകയുമില്ല.
ഇനി ആകമാനപ്രപഞ്ചത്തെപ്പറ്റി പറയുകയാണെങ്കിൽ, ഒരു മനുഷ്യായുസ്സിലോ ഒരു പതിനായിരം മനുഷ്യായുസ്സുകളിലോ (അതിലും എത്രയോ കൂടുതൽ പോലുമോ!) – മനുഷ്യൻ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നു എന്നു് സങ്കൽപിച്ചാൽത്തന്നെ – പോയി തിരിച്ചുവരാൻ പോയിട്ടു് എത്തിപ്പെടാൻ പോലും പറ്റാത്തത്ര വിപുലമാണു് ശക്തമായ ടെലിസ്കോപ്പുകൾ വഴി മനുഷ്യൻ ഇതിനോടകം മനസ്സിലാക്കിക്കഴിഞ്ഞ കോസ്മോസ്. ഇതുവരെ കണ്ടതിലും കൂടുതൽ എന്നു് പറയാമെന്നല്ലാതെ, ഇനി കാണാൻ കിടക്കുന്ന പ്രപഞ്ചം എത്രയെന്നു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ സങ്കൽപിക്കാൻ പോലും ആവില്ല എന്നതു് മറ്റൊരു യാഥാർത്ഥ്യം! അതായതു്, ഈ ഭൂമിയിലെ വളരെ ചെറിയ ഒരംശത്തിൽ ഏറിയാൽ എൺപതോ തൊണ്ണൂറോ വർഷങ്ങൾ കഴിഞ്ഞുകൂടുന്നവനാണു് മനുഷ്യൻ എന്ന ജീവി. ശ്വാസോച്ഛ്വാസം തടസ്സപ്പെട്ടാൽ മാത്രം മതി, ഏതാനും നിമിഷങ്ങൾക്കുള്ളിൽ മനുഷ്യൻ മരിക്കുമെന്ന വസ്തുതയുടെ വെളിച്ചത്തിൽ, സൗരയൂഥമാനദണ്ഡത്തിൽ നോക്കിയാൽ ഒരു നേരിയ പാട എന്ന രീതിയിൽ ഭൂമിയെ പൊതിയുന്ന അന്തരീക്ഷവും അതിലെ ശുദ്ധവായുവും മനുഷ്യജീവന്റെ നിലനിൽപിനു് എത്രമാത്രം ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നു് ഊഹിക്കാവുന്നതേയുള്ളു. ഇതുപോലൊരു ഭൂമിയും, അത്യാവശ്യം പകൽവെളിച്ചത്തിനു് ഒരു സൂര്യനും, നിർബന്ധമാണെങ്കിൽ രാത്രിയിൽ ഒരു രസത്തിനു് ഒരു ചന്ദ്രനും കൂടിയുണ്ടെങ്കിൽ ചിമ്പാൻസിയേക്കാൾ മെച്ചമായി ജീവിക്കാൻ മനുഷ്യനു് അതു് ധാരാളം മതിയായിരുന്നു. പിന്നെ എന്തിനു് കയ്യും കാതും കണ്ണും ടെലസ്കോപ്പും എത്താത്തത്ര വിപുലമായ ഒരു കോസ്മോസ് ഉണ്ടാക്കിവച്ചിരിക്കുന്നു? ഇതാരുടെ പണി? അതാരായിരുന്നാലും അവൻ ഒരു ധൂർത്തനും, തോന്ന്യവാസിയും, പ്രായോഗികബുദ്ധി എന്നൊന്നു് തൊട്ടുതീണ്ടിയിട്ടില്ലാത്തവനും ആണെന്നതിൽ സംശയമൊന്നുമില്ല. ചില മതങ്ങൾ പറയുന്നു, ആ പ്രപഞ്ചാശാരിക്കു് മനുഷ്യന്റെ രൂപമാണെന്നു്! അവർ പറയുന്നതു് മനുഷ്യർ ചുമ്മാതെ അങ്ങു് കേട്ടു് വിശ്വസിച്ചാൽ മതിയത്രെ! ഏതായാലും മതങ്ങൾക്കു് ഇതുപോലുള്ള കാര്യങ്ങളിൽ എപ്പോഴും റെഡിമെയ്ഡ് ഉത്തരങ്ങളുള്ളതു് മനുഷ്യരുടെ മഹാഭാഗ്യം എന്നേ പറയേണ്ടൂ. തന്നെത്താൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടു് അന്വേഷിച്ചു് ഓരോരോ കാര്യങ്ങൾ കണ്ടെത്തേണ്ടി വരുന്നില്ലല്ലോ. അതൊരു ഭാഗ്യമല്ലെന്നു് തോന്നുന്നുണ്ടോ? ജീവനിൽ കൊതിയുള്ളവർക്കു് അല്ലെന്നു് തോന്നാൻ വഴിയില്ല. കാരണം, കല്ലേറും തലവെട്ടുമൊക്കെ അത്ര വലിയ തമാശയുള്ള കാര്യങ്ങളല്ല – ചുരുങ്ങിയതു് അതൊക്കെ അനുഭവിക്കേണ്ടി വരുന്നവന്റേയും അവന്റെ ബന്ധുക്കളുടേയും കാഴ്ചപ്പാടിലെങ്കിലും.
ഈ മാതിരി അനന്തമായ പ്രപഞ്ചത്തെയും, അതിനുശേഷം ഈ ഭൂമിയേയും സൃഷ്ടിച്ചതു് ഒരു ദൈവമായിരുന്നുവെന്നും, അവയുടെയെല്ലാം ചുമതലക്കാരനായി ദൈവത്തിന്റെ സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു എന്നും മറ്റും മനുഷ്യരെ വിശ്വസിപ്പിക്കാൻ ഒരുവൻ ശ്രമിക്കുന്നുവെങ്കിൽ, അവന്റെ തലക്കു് കാര്യമായ എന്തോ തകരാറുണ്ടാവണം. ഭർത്താവിനും രണ്ടു് കുഞ്ഞുമക്കൾക്കും വേണ്ടി ഒരു വീട്ടമ്മയും നൂറുപേർ തിന്നാലും തീരാത്തത്ര ഉച്ചഭക്ഷണം പാചകം ചെയ്യില്ല. ആ വീട്ടമ്മയുടെ സാമാന്യബോധം പോലും ഒരു ദൈവത്തിനില്ല എന്നുവരികിൽ മാത്രമേ “ഏകദിന ഈച്ചകളായ” കുറേ മനുഷ്യർക്കുവേണ്ടി ഇക്കണ്ട പ്രപഞ്ചമെല്ലാം ഉണ്ടാക്കിവയ്ക്കാൻ അങ്ങേർ തയ്യാറാവുകയുള്ളു. മുപ്പതുമീറ്റർ ഉയരമുള്ള ഒരു മരത്തിനു് മുകളിൽ തന്റെ പിടക്കോഴികൾക്കു് മുട്ടയിടാനായി ഒരു കോഴിമുതലാളിയും ഒരു കോഴിക്കൂടു് പണിതുവയ്ക്കില്ല. കാരണം, അത്രയും ഉയരത്തിൽ പറന്നുപൊങ്ങാൻ ഒരു പാവം കോഴിപ്പിടയ്ക്കാവില്ല. ഏതു് കോഴിപ്പിടയും പാതിവഴിയിൽ മുട്ടയിട്ടുപോവേണ്ടുന്ന ഒരു സാഹചര്യമാവും അതുവഴി സംജാതമാവുക. മുട്ടയിടുക എന്ന പ്രവൃത്തിയുടെ ലക്ഷ്യം തന്നെ മാർഗ്ഗത്തിൽ വച്ചു് പൊട്ടിച്ചിതറിപ്പോകുമെന്നും താൻ ഒരു റോക്കറ്റല്ലെന്നും അറിയാൻ മതിയായ പ്രായോഗികബുദ്ധി ഏതു് പിടയ്ക്കുമുണ്ടു്. അതുകൊണ്ടു് പറ്റാത്ത പണികൾക്കൊന്നും പോകാതെ, ഏതെങ്കിലും കുറ്റിക്കാട്ടിൽ ഒതുങ്ങിയിരുന്നു് മുട്ടയിടാനേ സാധാരണഗതിയിൽ പിടകൾ തയ്യാറാവുകയുള്ളു. വെറും വിശ്വാസികളിൽ നിന്നും വ്യത്യസ്തമായി കോഴിപ്പിടകൾ നല്ല റീസണിംഗ് പവ്വറുള്ള യുക്തിവാദികളാണു്. അറബി ശരിക്കറിയാത്തവർക്കു് ഖുർആൻ വേണ്ടവിധം മനസ്സിലാവാത്തതുപോലെ, സംസ്കൃതം ശരിക്കറിയാത്തവർക്കു് വേദങ്ങളും ഉപനിഷത്തുകളും വേണ്ടവിധം പിടികിട്ടാത്തതുപോലെ, എബ്രായഭാഷ ശരിക്കറിയാത്തവർക്കു് പഴയനിയമത്തിന്റെ തുമ്പിൽ പോലും പിടിക്കാനാവാത്തതുപോലെ കോഴിഭാഷ ശരിക്കറിയാത്തതിനാലാണു് കോഴിലോജിക്കിന്റെ മുക്കും മൂലയും പോലും (മൂക്കും മുലയുമല്ല!) നമ്മൾ മനുഷ്യർക്കു് അജ്ഞാതമായിരിക്കുന്നതു്. പ്രകോപിപ്പിക്കപ്പെട്ട കോഴിപ്പിടകൾ വളരെ ചെറിയ മുട്ടകൾ ഇടുന്നു എന്ന ഭയാനകമായ സത്യം മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ ഹെൻ ആൻഡ് എഗ് വിഭാഗം ഒരു ദീര്‍ഘകാലപഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ടു്. കോഴിപ്പിടകൾ കളിക്കുന്ന കളി വെറും ക്യാരംസോ, “പാമ്പും കോണിയുമോ” അല്ല.
“eccentric” എന്നൊരു സംഗതിയുണ്ടു്. മദ്ധ്യബിന്ദുവിൽ നിന്നു് മാറ്റി ഒരു തുളയിട്ടു്, ആ തുളയെ കേന്ദ്രമാക്കി ഒരു ചക്രത്തെ കറങ്ങാൻ അനുവദിച്ചാലത്തെ അവസ്ഥ. മദ്യപിച്ചവൻ വണ്ടിയോടിക്കുന്നതുപോലെ, ഒരു പ്രത്യേകതരം കറക്കമാണു് അവന്റെ സ്വത്വം. മെക്കാനിക്കൽ എഞ്ചിനിയേഴ്സ് ഈ വേന്ദ്രനെ കറിക്യുലത്തിന്റെ ഭാഗമായി തീർച്ചയായും പരിചയപ്പെട്ടിട്ടുണ്ടാവും. പിരി വെട്ടിയതുപോലുള്ള ഈ കറക്കം സത്യത്തിൽ പിരി ലൂസായതുകൊണ്ടല്ല, അതങ്ങിനെയാണു്. ഒരിക്കലും ഇങ്ങനെയല്ലാതെ, എപ്പോഴും അങ്ങനെ മാത്രമായിരിക്കുന്നതിനെയാണല്ലോ നമ്മൾ ‘സ്വത്വം’ എന്ന ഇതിഹാസാത്മകവും ഘനഗംഭീരവുമായ വാക്കുകൊണ്ടു് ഉദ്ദേശിക്കുന്നതുതന്നെ.
apropos പിരി. പിരി അൽപം ലൂസായാലും മമ്മൂട്ടിയുടെ ഡാൻസ് പോലെ കറക്കം (Pirouette) absolutely arrhythmic ആയിക്കൂടെന്നില്ല. പക്ഷേ, ഡാൻസിന്റെ കാര്യത്തിൽ ഇതിനൊരു ചെറിയ പരിഹാരം ഉണ്ടെന്നാണു് കേട്ടിട്ടുള്ളതു്. ഡാൻസ് തുടങ്ങുന്നതിനു് ഏകദേശം ഒന്നുരണ്ടു് മിനുട്ട് മുൻപു് ഡാൻസറുടെ വിലയേറിയ സ്ഥാനത്തു് കൊടിത്തൂവ ഇലകൊണ്ടു് ലോലമായ ഒരു മസാജ് നടത്തിയാൽ, റിഥം നന്നായില്ലെങ്കിലും ഡാൻസിന്റെ സ്പീഡ് ഗണ്യമായി വർദ്ധിക്കുമത്രേ. മലയാളസിൽമയുടെ ഭാവിയിലേക്കു് ഇത്തരമൊരു നവീകരണം വെട്ടിത്തുറന്നേക്കാവുന്ന പെരുവഴിയുടെ വീതി അഭൂതപൂർവ്വവും നാഷണൽ ഹൈവേയെ നാണിപ്പിക്കുന്നതുമായിരിക്കും.
നമുക്കു് “സ്മാർട്ട് സിറ്റിയിൽ” നിന്നും എക്സെന്റ്രിസിറ്റിയിലേക്കു് മടങ്ങിവരാം. പറഞ്ഞുവന്നതു്, മനുഷ്യരിലുമുണ്ടു് ഇത്തരം എക്സെന്റ്രിക്കുകൾ. ഈ ജനുസ്സുകൾ പൊതുവേ പറ്റംപറ്റമായി പാർക്കുന്നവരാണു്. അതിനാൽ, ഒറ്റക്കെങ്ങാനും നമ്മൾ അവർക്കിടയിൽ പെട്ടുപോയാൽ തെരുവുനായ്ക്കൾക്കിടയിൽപ്പെട്ടുപോയ അപ്പീൻസ്ലറിന്റെ അവസ്ഥയിലാവും. (Appenzeller എന്നതു് ചീസ് ആയാലും പട്ടി ആയാലും ഇവിടത്തെ സന്ദർഭത്തിനു് ചേർച്ചക്കുറവു് ഒന്നുമുണ്ടാവുന്നില്ല എന്നു് ശ്രദ്ധിക്കുക. രണ്ടും ‘made in Switzerland’ തന്നെ!) ചുരുക്കത്തിൽ, നായ്ക്കളായാലും മനുഷ്യരായാലും അപ്പനമ്മമാർ മക്കളെ എങ്ങനെ വളർത്തി എന്നതു് അത്ര അപ്രസക്തമായ ഒരു കാര്യമല്ല. നമ്മൾ ഇത്തരം എക്സെന്റ്രിക്കുകളോടു് ചോദിക്കുകയോ പറയുകയോ ചെയ്യുന്ന കാര്യങ്ങൾക്കു്, ആ കാര്യങ്ങളുമായി ഏതെങ്കിലും വിധത്തിൽ പ്രത്യക്ഷമായ ബന്ധമുള്ള വസ്തുതകൾ ഒഴികെ, ലോകത്തിലെ ബാക്കി മുഴുവൻ ചവറുകളും അവർ നമുക്കു് വിളമ്പും. നമ്മൾ പറയാത്തതു് അവർ കേൾക്കും. പൊതുവേ മനുഷ്യർ പറയാൻ അറയ്ക്കുന്ന കാര്യങ്ങൾ വരെ അവർ വിളിച്ചുപറയും. കാരണം, അവരുടെ അഭിപ്രായത്തിൽ അവർ ലോകത്തിലെ മറ്റു് മനുഷ്യരെപ്പോലെയല്ല. അവർക്കു് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ചില പ്രത്യേക അധികാര-അവകാശങ്ങൾ അനുവദിച്ചുകൊടുക്കാൻ സാദാ മനുഷ്യർക്കു് ബാദ്ധ്യതയുണ്ടു്. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഷയം അവരെ പ്രതികൂലമായി ബാധിച്ചേക്കും എന്നൊരു നേരിയ തോന്നൽ മതി, ഉടനെ അവർ സെൻസർഷിപ്പുമായി ചാടിവീഴും. ആ വിഷയത്തിന്റെ പരിധിയിൽ ഒതുങ്ങി സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക എന്നതിനേക്കാൾ, എതിരഭിപ്രായം പറഞ്ഞവനേയും അവൻ അതു് എങ്ങനെ പറഞ്ഞു എന്നതിനേയുമൊക്കെ കേന്ദ്രീകരിച്ചായിരിക്കും ബഹളം. അതിൽ അത്ഭുതവുമില്ല. “ഏകദൈവം, ഏകമതം, ഏക അഭിപ്രായം” എന്ന അടിത്തറയിലുള്ള ഒരു വ്യവസ്ഥിതി വിഭാവനം ചെയ്യുന്നവർ അന്യദൈവങ്ങളെയും, അന്യമതങ്ങളേയും, അന്യ അഭിപ്രായങ്ങളേയും ഉന്മൂലനം ചെയ്യാനല്ലേ ശ്രമിക്കൂ. “ഞാൻ പറയുന്നതെന്തും അനുസരിക്കാനുള്ള നിന്റെ സ്വാതന്ത്ര്യം” – അതാണു് അവരുടെ കാഴ്ചപ്പാടിൽ ജനാധിപത്യം. പക്ഷേ ഈ ചെന്നായമുഖം എപ്പോഴും ആട്ടിൻതോലിൽ പൊതിഞ്ഞുമാത്രം സമൂഹത്തിൽ പ്രദര്‍ശിപ്പിക്കുക എന്നതാണു് അവരുടെ സ്റ്റ്രാറ്റജി. സാമാന്യജനം ഇതൊന്നും അത്ര ചുഴിഞ്ഞു് ചിന്തിക്കുന്നവരല്ല എന്ന അറിവിലാണു് അവർ ആശ്രയിക്കുന്നതു്. സ്വാർത്ഥമായ അവരുടെ ലക്ഷ്യങ്ങളെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കാത്ത വിഷയങ്ങളിൽ അവർക്കു് കണ്ണില്ല, ചെവിയില്ല, നാവുമില്ല. അവർ വിഭാവനം ചെയ്യുന്നതുപോലുള്ള ഒരു ഏകതാനലോകം മാനവരാശിയുടെ അന്ത്യമായിരിക്കും. ലോകത്തിലുള്ള സകല വനങ്ങളും ഉന്മൂലനം ചെയ്തു് ഒരേയൊരു ഇനം മരം മാത്രം വച്ചുപിടിപ്പിച്ചാൽ, അതു് വനങ്ങളുടെ മാത്രമല്ല, മനുഷ്യന്റേയും മറ്റനേകം ജീവജാലങ്ങളുടേയും അവസാനമായിരിക്കും എന്നതുപോലെ. വൈവിധ്യത്തിലേ ജീവനും സൗന്ദര്യത്തിനും നിലനിൽപ്പുള്ളു.
ഒരു സംസ്കൃതസമൂഹത്തിൽ പരസ്പരം നിലനിൽക്കുന്നതിനു് ചില മിനിമം മര്യാദകൾ പാലിക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണു്. അതുപോലും ഇത്തരക്കാരിൽ നിന്നും ആരെങ്കിലും പ്രതീക്ഷിച്ചാൽ അവർക്കു് തെറ്റി. കൃത്യമായി ഇതൊക്കെത്തന്നെയാണു് അവരുടെ ആയുധങ്ങൾ. വ്യക്തിപരമായ ചെളിവാരിയെറിയലുകളും അവഗണനാർഹമായ ഏതെങ്കിലും വാക്കുകളിൽ കടിച്ചുതൂങ്ങിക്കൊണ്ടുള്ള പടർപ്പിൽ തല്ലലുമല്ലാതെ, പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ വസ്തുനിഷ്ഠമായ ഒരു പ്രതികരണം ഇതുവരെ ആർക്കെങ്കിലും നൽകാൻ അവർക്കു് കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കുത്തിയിരുന്നു് ഹെമറോയിഡ് പൊട്ടിയൊഴുകുന്നതുവരെ ബ്ലാ ബ്ലാ പറയുന്നതു് സഹിക്കാൻ മാത്രം ബോറടി അനുഭവിക്കുന്നവർ ഈ ലോകത്തിൽ വിരളമാണെന്നതിനാൽ അത്തരം തേനീച്ചക്കൂടുകളിൽ നിന്നും രക്ഷപെട്ടു് ഓടിയവർ ഇന്നും ഓട്ടം തുടരുകയാണെന്നു് പാണന്മാരുടെ പാട്ടു്. ചക്കെന്നു് പറഞ്ഞാൽ കൊക്കെന്നുപോലും മനസ്സിലാക്കാൻ മനസ്സില്ലാത്തവരോടു് സംവദിക്കുന്നതിനേക്കാൾ രസകരമായ എത്രയോ ഹോബികൾ ഈ ലോകത്തിൽ വേറെയുണ്ടു് എന്നു് മനുഷ്യർ സാവകാശമെങ്കിലും മനസ്സിലാക്കിത്തുടങ്ങി.
അതിലൊക്കെ രസം, ഇമ്മാതിരി ചവറുകളെല്ലാം മുകളിൽ പറഞ്ഞതുപോലെ അനന്തമെന്നോണം സങ്കൽപാതീതമായ ഒരു പ്രപഞ്ചത്തിന്റെ “ഏകനാഥനായ” ഒരു ദൈവം പറഞ്ഞതാണെന്ന വാദമാണു്. ഇന്നു് അറിയപ്പെടുന്ന പ്രപഞ്ചത്തെപ്പറ്റി ഒരു ഏകദേശധാരണയെങ്കിലുമുള്ള ഒരു മനുഷ്യജീവിക്കും അങ്ങനെയൊരു വാദം അംഗീകരിക്കാനാവില്ല. ദൈവത്തെ കയ്യിലിട്ടു് അമ്മാനമാടുന്ന മതപണ്ഡിതരോടു് ഇത്രയേ പറയാനുള്ളു: നിങ്ങൾ മനുഷ്യരെ പഠിപ്പിക്കാൻ ശ്രമിക്കുന്നതുപോലുള്ള ഒരു ദൈവം ഈ പ്രപഞ്ചത്തിന്റെ മറുപടി ആവുക എന്നതു് കേവലം അസാദ്ധ്യമാണു്. ഏതു് ദൈവത്തിലോ പിശാചിലോ വേണമെങ്കിലും നിങ്ങൾക്കു് വിശ്വസിക്കാം. പക്ഷേ, ബുദ്ധിക്കോ, യുക്തിക്കോ, മനുഷ്യമനസ്സിന്റെ യാതൊരുവിധ ശേഷിക്കോ ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നിനെ ദൈവം എന്ന പേരുനല്‍കി നിങ്ങളുടെ വയറ്റിൽപ്പിഴപ്പിനായി മനുഷ്യർക്കു് കൂട്ടിക്കൊടുക്കരുതു്.
പ്രപഞ്ചത്തിന്റെ സ്വന്തം നിയമങ്ങളാൽ സ്വയം നിയന്ത്രിക്കുന്ന ഒരു പ്രപഞ്ചത്തിനു് ഒരു ദൈവത്തിന്റെ ആവശ്യമില്ല. വേണമെങ്കിൽ, പ്രപഞ്ചം തന്നെയാണു് ദൈവമെന്നും, ദൈവം തന്നെയാണു് പ്രപഞ്ചമെന്നുമൊക്കെയുള്ള വാചകക്കസർത്തുകൾ നടത്താം. പക്ഷേ, അനാദികാലം മുതൽ ഉപയോഗിച്ചുപയോഗിച്ചു് തേയുക മാത്രമല്ല, അസഹ്യമായി നാറുക കൂടി ചെയ്യുന്നതിനാൽ, ദൈവം എന്ന വാക്കു് അതു് യഥാർത്ഥത്തിൽ പ്രതിനിധീകരിക്കേണ്ടുന്ന അർത്ഥത്തെ ഇന്നു് ഒരു വിധത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നു് മാത്രമല്ല, ബലാൽസംഗം ചെയ്യുകകൂടി ചെയ്യുന്നു. അതുകൊണ്ടു്, മനുഷ്യരാശിക്കു് ബുദ്ധിപൂർവ്വം ചെയ്യാവുന്ന ഒരേയൊരു കാര്യം ആ വാക്കിൽ നിന്നും എന്നേക്കുമായി വിടവാങ്ങുക എന്നതുമാത്രമാണു്.
പ്രപഞ്ചത്തിന്റെ നിയന്ത്രകശക്തിയായ ഒരു ദൈവം എന്തെങ്കിലും പറയുന്നവനാവില്ല, അതുപോലൊരു ദൈവം ആർക്കും, ഒരു മനുഷ്യനും വെളിപ്പെടുന്നവനാവില്ല. അതുപോലൊരു ദൈവത്തിനു് മനുഷ്യൻ എന്നൊരു ഷ്പീഷീസിനെ ആവശ്യമേയില്ല. അതുപോലൊരു ദൈവം പാറപ്പലകയിൽ കൽപനകൾ കൊത്തുന്ന ഒരു മൂത്താശാരിയാവില്ല. അതുപോലൊരു ദൈവത്തെ ഒരു പ്രവാചകനും രായ്ക്കുരാമാനം സന്ദര്‍ശിച്ചു് മടങ്ങാനാവില്ല. അതുപോലൊരു ദൈവം മനുഷ്യരാശിയെ പാപത്തിൽ നിന്നും രക്ഷിക്കാൻ നശ്വരയായ ഒരു മനുഷ്യസ്ത്രീയെ ഗർഭിണി ആക്കുകയില്ല. കാരണം, മനുഷ്യരെ സൃഷ്ടിച്ചതു് സർവ്വശക്തനായ ഒരു ദൈവമാണെങ്കിൽ, അവർ പാപം ചെയ്യേണ്ടിവരുന്നതിന്റെ ഉത്തരവാദിത്വവും അതേ ദൈവം ഏറ്റെടുത്തേ പറ്റൂ. പാപം ചെയ്യേണ്ട ആവശ്യം ഇല്ലാത്ത മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കാൻ കഴിവില്ലാത്ത ഒരു ദൈവം ഒരിക്കലും സർവ്വശക്തനാവില്ല. ആരും ആവശ്യപ്പെടാതെതന്നെ ആദിയിൽ പാപം ചെയ്യുന്ന മനുഷ്യരെ സ്വന്ത ഇഷ്ടപ്രകാരം സൃഷ്ടിച്ചിട്ടു് അവരെ അവരുടെ പാപങ്ങളിൽ നിന്നും മോചിപ്പിക്കാൻ മകനെ ജനിപ്പിച്ചു് കൊലയ്ക്കു് കൊടുക്കുകയോ, ഏതെങ്കിലും പ്രവാചകന്മാർക്കു് “ആബ്ര കഡാബ്ര” ഓതിക്കൊടുക്കുകയോ ഒക്കെ ചെയ്യുകയും, മനുഷ്യരെ പാപവിമുക്തരാക്കാനുള്ള അത്തരം ഭഗീരഥപ്രയത്നങ്ങളിൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന ഒരു ദൈവം ലളിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യനാണു്, മനുഷ്യനേക്കാൾ നിന്ദ്യനാണു്. കാരണം, ബുദ്ധിയുള്ള മനുഷ്യർ അവരുടെ തെറ്റുകളിൽ നിന്നും പഠിക്കുന്നവരാണു്. അവർ ഒരേ തെറ്റു് ഒൻപതുപ്രാവശ്യം ആവർത്തിക്കുന്നവരല്ല. ദൈവം തോട്ടത്തിൽ നിന്നും പുറത്താക്കിയിട്ടും, മഹാപ്രളയം വഴി വിരലിലെണ്ണാവുന്ന ഏതാനും പേരൊഴികെ ബാക്കി സകല മനുഷ്യരേയും കൊന്നൊടുക്കിയിട്ടും, ഏകജാതനായ സ്വന്തമകനെ കുരിശിൽ തറച്ചു് കൊല്ലാൻ മനുഷ്യരെ അനുവദിച്ചിട്ടും, “ദൈവസാദ്ധ്യമായ” മറ്റെത്രയോ പരിശ്രമങ്ങൾ നടത്തിയിട്ടും മനുഷ്യവർഗ്ഗത്തെ താൻ ഉദ്ദേശിക്കുന്ന വഴിയിലേക്കു് കൊണ്ടുവരാൻ ദൈവത്തിനു് കഴിയുന്നില്ലെങ്കിൽ, ആ ദൈവത്തേക്കാൾ മനുഷ്യൻ എന്ന ജനുസ്സിനെ വിലമതിക്കാനുള്ള കടമ മനുഷ്യവർഗ്ഗത്തിനുണ്ടു്.
പ്രപഞ്ചത്തിൽ സംഭവിക്കുന്നതും, മനുഷ്യർ ചെയ്യുന്നതുമെല്ലാം ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, പ്രപഞ്ചത്തിനോ മനുഷ്യനോ ഒരിക്കലും ദൈവത്തിന്റെ തീരുമാനങ്ങളിൽ നിന്നും മോചനമില്ല എങ്കിൽ, ഒന്നൊഴിയാതെ ലോകത്തിലെ എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കും (നന്മകൾക്കു് മാത്രമല്ല) ഒരേയൊരു ഉത്തരവാദിയേയുള്ളു – അതു് ദൈവം മാത്രമാണു്. അതുപോലൊരു ദൈവം സർവ്വശക്തനല്ല, സർവ്വവ്യാപിയല്ല, മതങ്ങൾ നൽകുന്ന ഏതെങ്കിലുമൊരു വിശേഷണം അർഹിക്കുന്നവനുമല്ല. മനുഷ്യന്റെ പ്രവൃത്തികൾക്കു് മനുഷ്യന്‍ മാത്രമാണു് ഉത്തരവാദി. അവന്റെ പ്രവൃത്തികളിൽ അവനെ നയിക്കുന്ന നീതിശാസ്ത്രങ്ങൾ അവന്റെ സമൂഹം അവനിൽ വളർത്തിയെടുക്കുന്നതായതിനാൽ, പരോക്ഷമായി ആ സമൂഹവും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ.
ഈ പ്രപഞ്ചവുമായുള്ള താരതമ്യത്തിൽ ശൂന്യം എന്നു് പറയാൻ മാത്രം നിസ്സാരനായ മനുഷ്യൻ അവനെപ്പറ്റിയും, അവൻ കൂടി ഒരു ഭാഗമായ ഈ പ്രപഞ്ചത്തെപ്പറ്റിയും ഇത്രയുമൊക്കെ മനസ്സിലാക്കിയതു് അവന്റെ സ്വന്തം അന്വേഷണത്വരയും ശേഷിയും വഴിയാണു്. അതിനു് ഏതെങ്കിലും ഒരു ദൈവത്തിന്റെ സഹായം അവനു് തീർച്ചയായും ലഭിച്ചിട്ടില്ല. ആരെയെങ്കിലും ആരാധിക്കണമെന്നു് – പരസ്പരം ബഹുമാനിക്കേണ്ട ആവശ്യമേ ഉള്ളുവെങ്കിലും – മനുഷ്യർക്കു് നിർബന്ധമാണെങ്കിൽ മനുഷ്യൻ ആരാധിക്കേണ്ടതു് അവനെത്തന്നെയാണു്, മറ്റാരെയുമല്ല.