RSS

Daily Archives: Dec 11, 2008

തിരിച്ചറിവിന്റെ ഉത്ഭവം

(Friedrich Nietzsche-യുടെ Gay Science എന്ന പുസ്തകത്തില്‍‍ നിന്നും‍ ഒരു ഭാഗം – സ്വതന്ത്ര തര്‍ജ്ജമ)

മനുഷ്യബുദ്ധി ബൃഹത്തായ കാലദൈര്‍ഘ്യങ്ങളിലൂടെ തെറ്റുകളല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. അവയില്‍ ചിലതു് പ്രയോജനപ്രദവും, വംശത്തിന്റെ നിലനില്‍പിനു് അനുയോജ്യവുമാണെന്നു് വന്നു. അവയെ കണ്ടെത്തുകയോ, അവ പൈതൃകമായി ലഭിക്കുകയോ ചെയ്തവന്‍ മഹാഭാഗ്യത്തോടെ അവനും അവന്റെ പിന്‍തലമുറയ്ക്കും വേണ്ടിയുള്ള സ്വന്തം പൊരുതല്‍ പൊരുതി. അങ്ങനെ നിരന്തരം പൈതൃകമായി പകര്‍ന്നുകൊടുക്കപ്പെട്ടതും, കാലക്രമേണ മിക്കവാറും മനുഷ്യവംശത്തിന്റെ മൗലികഘടകങ്ങളായിത്തീര്‍ന്നതുമായ അത്തരം തെറ്റായ വിശ്വാസപ്രമാണങ്ങള്‍ ഉദാഹരണത്തിനു് ഇവയാണു്: ശാശ്വതമായ വസ്തുക്കള്‍ ഉണ്ടു്, തുല്യമായ വസ്തുക്കള്‍ ഉണ്ടു്, വസ്തുവും (thing) സാരാംശവും (substance) രൂപവുമുണ്ടു് (body), എന്തായിട്ടാണോ ഒരു വസ്തു കാണപ്പെടുന്നതു് അതുതന്നെയാണു് ആ വസ്തു, മനുഷ്യരുടെ ഇച്ഛ സ്വതന്ത്രമാണു്, എനിക്കു് നല്ലതായതു് പൊതുവേ നല്ലതാണു്.

ഇതുപോലുള്ള വിശ്വാസപ്രമാണങ്ങളെ നിഷേധിക്കുന്നവരും, സന്ദേഹികളും രംഗപ്രവേശം ചെയ്തതു് വളരെ നാളുകള്‍ കഴിഞ്ഞ ശേഷമാണു് – ജ്ഞാനത്തിന്റെ (തിരിച്ചറിവു്, അവബോധം) ഏറ്റവും ബലഹീനമായ രൂപത്തില്‍ സത്യം രംഗപ്രവേശം ചെയ്തതു് വളരെ നാളുകള്‍ കഴിഞ്ഞ ശേഷമാണു്. അപ്പോള്‍ സത്യത്തോടൊത്തു് ജീവിക്കുക എന്നതുതന്നെ മനുഷ്യര്‍ക്കു് അസാദ്ധ്യമായി തോന്നി. കാരണം, മനുഷ്യരുടെ ഓര്‍ഗനിസം അതിനു് വിപരീതമായ ഒരവസ്ഥയില്‍ ജീവിക്കാനായി എത്രയോ മുന്‍പേ ഒരുക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്ദ്രിയാധിഷ്ഠിതമായ ഗ്രഹണങ്ങളും, അനുഭവബോധത്തിന്റെ വിവിധ രൂപങ്ങള്‍ മുഴുവനും അടങ്ങുന്ന ജീവിതത്തിലെ ഉന്നതമായ എല്ലാ നിര്‍വ്വഹണങ്ങളും പ്രവര്‍ത്തിച്ചിരുന്നതു് വളരെ പണ്ടേ സ്വാംശീകരിക്കപ്പെട്ട ആ അടിസ്ഥാനതെറ്റുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു. അതിലെല്ലാമുപരി, ആ വിശ്വാസപ്രമാണങ്ങള്‍ ജ്ഞാനത്തിനുള്ളില്‍ പോലും സത്യവും അസത്യവും അളക്കുന്നതിന്റെ മാനദണ്ഡങ്ങളായിത്തീര്‍ന്നിരുന്നു – ശുദ്ധമായ യുക്തിയുക്തതയുടെ ഏറ്റവും അകന്ന മേഖലകളിലേക്കുവരെ അവ കരങ്ങള്‍ നീട്ടിക്കഴിഞ്ഞിരുന്നു! അതായതു്: ജ്ഞാനത്തിന്റെ ശക്തി അതിലെ സത്യത്തിന്റെ അളവിലല്ല, അതിന്റെ പ്രായത്തില്‍, അതിന്റെ സ്വാംശീകരണത്തില്‍, അതിന്റെ ജീവിതനിബന്ധന എന്ന സ്വഭാവത്തിലാണിരിക്കുന്നതു് എന്നായിക്കഴിഞ്ഞിരുന്നു. നിഷേധവും സന്ദേഹവും വിഭ്രാന്തിയായി വിലയിരുത്തപ്പെട്ടിരുന്നതിനാല്‍, ജീവിതവും അവബോധവും പരസ്പരവിരുദ്ധം എന്നു് തോന്നിയ ഇടങ്ങളില്‍ ആത്മാര്‍ത്ഥമായ പോരാട്ടങ്ങള്‍ ഒരിക്കലും നടന്നില്ല.

എന്നിട്ടും Eleatics പോലെയുള്ള “അപവാദചിന്തകര്‍” പ്രകൃത്യനുസരണമായ ഈ തെറ്റുകളുടെ വിപരീതാദര്‍ശങ്ങള്‍ ആവിഷ്കരിക്കുകയും അവയെ മുറുകെപ്പിടിക്കുകയും ചെയ്തു. അത്തരമൊരു വൈപരീത്യത്തില്‍ മനുഷ്യനു് ജീവിക്കാന്‍ സാദ്ധ്യമാവുമെന്നും അവര്‍ വിശ്വസിച്ചു. ജ്ഞാനികളായവരെ മാറ്റമില്ലായ്മയുടെ, വ്യക്തിതാത്പര്യമില്ലായ്മയുടെ, വീക്ഷണസാര്‍വത്രികതയുടെ മനുഷ്യരായി, ഒരേസമയംതന്നെ ഏകമായി, എല്ലാമായി, ആ വിപരീതാദര്‍ശങ്ങളുടെ ജ്ഞാനത്തിനു് സ്വന്തമായ കഴിവുള്ളവരായി അവര്‍ കണ്ടെത്തി. അതോടൊപ്പം, ഈ ജ്ഞാനം ജീവിതതത്ത്വം തന്നെയാണെന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷേ ഇതെല്ലാം അവകാശപ്പെടുന്നതിനു് അവര്‍ക്കു് അവരുടെ സ്വന്തം അവസ്ഥയെ കബളിപ്പിക്കണമായിരുന്നു, അവര്‍ക്കു് വ്യക്തിതാത്പര്യമില്ലായ്മയും, കാലദൈര്‍ഘ്യത്തിന്റെ മാറ്റമില്ലായ്മയും സങ്കല്‍പിക്കണമായിരുന്നു, അറിയുന്നവനിലെ സത്തയെ അറിയാതിരിക്കണമായിരുന്നു, അറിയുന്നതിലെ ആസക്തിയുടെ പങ്കും ശക്തിയും നിഷേധിക്കണമായിരുന്നു; പൊതുവേ പറഞ്ഞാല്‍, യുക്തിയുക്തതയെ (reason) പൂര്‍ണ്ണമായും സ്വതന്ത്രവും, സ്വയം രൂപമെടുത്തതുമായ പ്രവര്‍ത്തനമായി വിവക്ഷിക്കണമായിരുന്നു.

നിലവിലിരിക്കുന്നതിനെ നിഷേധിക്കുന്നതിലൂടെയാണു്, അല്ലെങ്കില്‍, സമാധാനത്തിനോ, ഉടമാവകാശകുത്തകയ്ക്കോ, ഭരണാധികാരത്തിനോ വേണ്ടിയാണു് അവരും അവരുടെ പ്രമാണങ്ങളില്‍ എത്തിച്ചേര്‍ന്നതെന്നതിനുനേരെ അവര്‍ കണ്ണടച്ചു. സത്യസന്ധതയുടെയും സന്ദേഹത്തിന്റെയും ഉല്‍കൃഷ്ടമായ വളര്‍ച്ച ഈ മനുഷ്യരെയും അവസാനം അസാദ്ധ്യമാക്കി. എല്ലാം അനുഭവിക്കുന്ന അസ്തിത്വത്തിന്റെ പുരാതനമായ ആസക്തികളില്‍ നിന്നും, അടിസ്ഥാന തെറ്റുകളില്‍ നിന്നും അവരുടെയും ജീവിതവും വിധിനിര്‍ണ്ണയങ്ങളും സ്വതന്ത്രമാണെന്നു് വന്നു. വിപരീതമായ രണ്ടു് പ്രമാണങ്ങള്‍ ജീവിതത്തില്‍ പ്രയോഗക്ഷമമാണെന്നു് തോന്നിയിടത്തെല്ലാം ഉല്‍കൃഷ്ടമായ ഈ സത്യസന്ധതയും സന്ദേഹവും രൂപംകൊണ്ടു. അടിസ്ഥാനതെറ്റുകളുമായി പൊരുത്തപ്പെടാന്‍ രണ്ടു് പ്രമാണങ്ങള്‍ക്കും കഴിയുമെന്നതിനാല്‍, പുതിയ പ്രമാണങ്ങള്‍ വഴി ജീവിതത്തിനു് ഗുണമില്ലെങ്കിലും ദോഷമില്ല എന്നു് വരുന്നിടങ്ങളില്‍ ഒരു ബൗദ്ധികവ്യായാമാസക്തിയുടെ പ്രകടനങ്ങളായി, ഒരു കളിയിലെന്നപോലെ നിര്‍ദ്ദോഷവും ഭാഗ്യദായകവുമായി, ജീവിതത്തിനു് ലഭിച്ചേക്കാവുന്ന അവയുടെ ഉയര്‍ന്നതോ താഴ്‌ന്നതോ ആയ പ്രയോജനത്തെപ്പറ്റി തര്‍ക്കിക്കാനാവുമെന്നു് വന്നിടങ്ങളില്‍ എല്ലാം ഇവ മുളപൊട്ടി.

സാവകാശം മനുഷ്യന്റെ തലച്ചോറു് ഇതുപോലുള്ള വിധിനിര്‍ണ്ണയങ്ങളും, ഉത്തമബോദ്ധ്യങ്ങളും കൊണ്ടു് നിറയാന്‍ തുടങ്ങി. ഈ മിശ്രിതത്തില്‍ പതച്ചുപൊങ്ങലും, സമരവും, ശക്തിമത്സരങ്ങളും നടന്നുകൊണ്ടിരുന്നു. സത്യത്തിനു് വേണ്ടിയുള്ള ഈ സമരത്തില്‍ പ്രയോജനവും അഭിലാഷവും മാത്രമല്ല, എല്ലാത്തരത്തിലുമുള്ള ആസക്തികളും പങ്കുചേര്‍ന്നു. ബൗദ്ധികമായ സമരം ജോലിയും, പ്രചോദനവും, തൊഴിലും, കടമയും, അന്തസ്സുമായി. അവസാനം തിരിച്ചറിവും, സത്യം തേടലും ഒരാവശ്യമായി മാറി മറ്റു് ആവശ്യകതകളുടെ നിരയില്‍ സ്ഥാനം പിടിച്ചു. അതുമുതല്‍ വിശ്വാസവും ഉത്തമബോദ്ധ്യങ്ങളും മാത്രമല്ല, പരിശോധനയും, നിഷേധവും, സംശയവും, വൈരുദ്ധ്യവും ഒരു ശക്തി ആയി, “ചീത്തയായിരുന്ന” എല്ലാ നൈസര്‍ഗ്ഗികതകളും അവബോധത്തിന്റെ കീഴിലും നിയന്ത്രണത്തിലുമായി, അവയ്ക്കു് അനുവദനീയമായതിന്റെയും, ബഹുമാന്യമായതിന്റെയും, ഉപകാരപ്രദമായതിന്റെയും തിളക്കം ലഭിച്ചു, – അവസാനം, നിര്‍ദ്ദോഷവും, നന്മയുടെ ദൃഷ്ടിയും! ജ്ഞാനം അതുവഴി ജീവിതത്തിന്റെ ഒരംശം തന്നെയായി, ജീവിതം എന്ന നിലയില്‍ അതു് നിരന്തരം വളരുന്ന ഒരു ശക്തിയായി, – അങ്ങനെ ജ്ഞാനവും, പഴയ അടിസ്ഥാനതെറ്റുകളും രണ്ടും ജീവിതമായി, രണ്ടും ശക്തിയായി, രണ്ടും ഒരേ മനുഷ്യനില്‍തന്നെ പരസ്പരം നേരിടാന്‍ ആരംഭിച്ചു.

ചിന്തകന്‍: സത്യത്തിനായുള്ള ആസക്തിയും, ജീവിതനിലനില്‍പ്പിന്റെ പഴയ അടിസ്ഥാനതെറ്റുകളും തമ്മില്‍, സത്യത്തിനായുള്ള ആസക്തിയും ജീവിതനിലനില്‍പ്പിനു് അനുയോജ്യമായ ശക്തിയാണെന്നു് തെളിയിക്കപ്പെട്ടതിനു് ശേഷം, ആദ്യത്തെ യുദ്ധം നടക്കുന്ന അസ്തിത്വമാണതു്. ഈ യുദ്ധത്തിന്റെ പ്രാധാന്യത്തിന്റെ അനുപാതത്തില്‍ മറ്റെല്ലാം അപ്രധാനമാണു്. ജീവിതനിബന്ധനയുടെ അവസാനത്തെ ചോദ്യം ചോദിക്കപ്പെടുന്നതു് ഇവിടെയാണു്, ആ ചോദ്യത്തിന്റെ മറുപടി തേടിയുള്ള പരീക്ഷണത്തിന്റെ ആദ്യ പരിശ്രമം നടത്തപ്പെടുന്നതു് ഇവിടെയാണു്.

സത്യത്തിനു് എത്രത്തോളം സ്വാംശീകരണവുമായി പൊരുത്തപ്പെടാനാവും? – അതാണു് ചോദ്യം, അതാണു് പരീക്ഷണം.

 
3 Comments

Posted by on Dec 11, 2008 in ഫിലോസഫി

 

Tags: ,