അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ കാലാന്തരങ്ങളില്‍ അന്തരീക്ഷത്തില്‍ വാതകങ്ങളും, ഭൂമിയില്‍ ആദിസമുദ്രങ്ങളും രൂപംകൊണ്ടെങ്കിലും, അന്നത്തെ അന്തരീക്ഷത്തില്‍ സ്വതന്ത്രമായ പ്രാണവായു (oxygen) ഉണ്ടായിരുന്നില്ല. Oxygen വളരെ ആക്റ്റീവ് ആയ ഒരു മൂലകം ആയതിനാല്‍, അതു് വളരെ വേഗം മറ്റു് മൂലകങ്ങളുമായി ചേര്‍ന്നു് സംയുക്തങ്ങളായിത്തീരും എന്നതാണു് കാരണം. ഇന്നത്തെ അന്തരീക്ഷത്തിലെ വാതകങ്ങള്‍ അന്നത്തേതുപോലെതന്നെ നൈട്രജനും, കാര്‍ബണ്‍ഡയോക്സൈഡും, മെഥെയ്നും, അമ്മോണിയയുമൊക്കെ മാത്രമായിരുന്നെങ്കില്‍ മനുഷ്യനു് ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. അതേസമയം, വിചിത്രം എന്നു് തോന്നാമെങ്കിലും, ആദി അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലാതിരുന്നതു് ഭൂമിയില്‍ ജീവന്റെ മൗലികഘടകങ്ങള്‍ രൂപമെടുക്കുന്നതിനു് സഹായകമാവുകയായിരുന്നു. അതെങ്ങനെയെന്നു് നോക്കാം. സാധാരണ പ്രകാശത്തേക്കാള്‍ കുറഞ്ഞ തര്‍ംഗദൈര്‍ഘ്യമുള്ളതും ഉയര്‍ന്ന ഊര്‍ജ്ജമുള്ളതുമായ അള്‍ട്രാ വയലറ്റ് (UV) രശ്മികളെ ഭൂമിയിലെത്താതെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഓക്സിജന്‍ പ്രധാന പങ്കു് വഹിക്കുന്നുണ്ടു്. അന്നു് അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നു എന്നതിനാല്‍, UV രശ്മികള്‍ക്കു് തടസ്സമില്ലാതെ ഭൗമോപരിതലത്തില്‍ എത്താന്‍ കഴിയുമായിരുന്നു. ആദിസമുദ്രങ്ങളിലെയും കടലുകളിലെയും ജലനിരപ്പുകളില്‍ നിന്നും അനേകം മീറ്റര്‍ ആഴത്തില്‍ വരെ എത്താനും അവയ്ക്കു് കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍ മുതലായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ അടക്കമുള്ള അജൈവ മോളിക്യൂളുകള്‍ അന്തരീക്ഷത്തിലും ജലത്തിലും ധാരാളമായി ഉണ്ടായിരുന്നതിനാല്‍, ഈ രശ്മികള്‍ക്കു് അത്തരം അജൈവ സംയുക്തങ്ങളില്‍നിന്നും ജൈവവസ്തുക്കളുടെ അടിസ്ഥാനഘടകങ്ങളായ മോളിക്യൂളുകള്‍ക്കു് ജന്മം നല്‍കാന്‍ കഴിഞ്ഞിരുന്നു. ഇന്നു് ഏതു് പരീക്ഷണശാലയിലും തെളിയിക്കാന്‍ കഴിയുന്ന ഒരു വസ്തുതയാണിതു്. അതേസമയം, അങ്ങനെ രൂപമെടുക്കുന്ന മോളിക്യൂളുകളെ വീണ്ടും നശിപ്പിക്കാനും ഈ രശ്മികളുടെ എനര്‍ജി മതിയായിരുന്നു. അതിനാല്‍, സൃഷ്ടിക്കപ്പെടുന്നവ ഉടനെതന്നെ വീണ്ടും നശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും, ചില മോളിക്യൂളുകള്‍ക്കെങ്കിലും ജലാന്തര്‍ഭാഗത്തേക്കു് താഴ്‌ന്നു് രക്ഷപെടുവാന്‍ കഴിഞ്ഞിരുന്നു. കാരണം, UV രശ്മികള്‍ക്കു് പത്തോ പതിനഞ്ചോ മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ എത്താന്‍ കഴിയുമായിരുന്നില്ല. അതുമൂലം, ജലോപരിതലത്തില്‍ സൃഷ്ടിയും സംഹാരവും നടന്നുകൊണ്ടിരുന്നപ്പോഴും സമുദ്രജലത്തിന്റെ പ്രക്ഷുബ്ധത മൂലം പില്‍ക്കാലത്തെ ജീവന്‍ എന്ന സങ്കീര്‍ണ്ണതയുടെ മൗലികഘടകങ്ങള്‍ ആവേണ്ടിയിരുന്ന മോളിക്യൂളുകള്‍ കൂടുതല്‍ കൂടുതല്‍ അളവില്‍ താഴേക്കു് എത്തിപ്പെട്ടുകൊണ്ടിരുന്നു.
ഈ പ്രക്രിയ നടന്നുകൊണ്ടിരുന്നതിനൊപ്പംതന്നെ, UV രശ്മികള്‍ ഉപരിതലജലത്തെ അതിന്റെ ഘടകങ്ങളായ ഹൈഡ്രജനും ഓക്സിജനുമായി വേര്‍പിരിച്ചുകൊണ്ടിരുന്നു (photodissociation). മൂലകങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞതായതിനാല്‍, അതുവഴി രൂപമെടുത്ത ഹൈഡ്രജന്‍ അന്തരീക്ഷത്തിലൂടെ ശൂന്യാകാശത്തിലേക്കു് പോയി മറഞ്ഞു. ബാക്കിയായ ഓക്സിജന്‍ UV രശ്മികളെ തടഞ്ഞിരുന്നതിനാല്‍ തുടര്‍ന്നുള്ള photodissociation സാദ്ധ്യമായിരുന്നില്ല. മറുവശത്തു്, അന്തരീക്ഷത്തില്‍ നിലവിലുള്ള ഓക്സിജന്റെ അളവു് oxidation മൂലം കുറഞ്ഞുകൊണ്ടുമിരുന്നു. അങ്ങനെ കുറഞ്ഞു് ഒരു പ്രത്യേക മൂല്യത്തില്‍ എത്തുമ്പോള്‍ ഓക്സിജന്റെ അളവു് UV രശ്മികളെ തടയാന്‍ മതിയാവാതാവും. അതുവഴി photodissociation പുനഃസ്ഥാപിക്കപ്പെടും. ചാക്രികമായി ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ ‘feedback’ അവസ്ഥയെ ശാസ്ത്രജ്ഞര്‍ ‘Urey-effect’ എന്നു് വിളിക്കുന്നു. (അതിന്റെ ഉപജ്ഞാതാവും നോബല്‍ പ്രൈസ് നേടിയവനുമായ Harold C. Urey-യുടെ ഓര്‍മ്മയ്ക്കായി.) അന്നത്തെ ഭൗമോപരിതലത്തില്‍ നിന്നും ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആഴങ്ങളില്‍ കുടുങ്ങിയ ധാതുക്കളുടെ പരിശോധനയില്‍ നിന്നും ആദ്യ അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തുകയായിരുന്നു.
‘Urey-effect’ വഴി അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് (സ്വയം നിയന്ത്രിതമായി) ഒരു നിശ്ചിത പരിധിക്കുള്ളില്‍ “ചാഞ്ചാടി”ക്കൊണ്ടിരുന്നു. ഏതു് മൂല്യത്തെ കേന്ദ്രീകരിച്ചായിരുന്നിരിക്കണം ആ ആന്ദോലനം? Berkner, Marshall എന്ന രണ്ടു് അമേരിക്കന്‍ geophysicists കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഈ വിഷയത്തില്‍ നടത്തിയ കണക്കുകൂട്ടലുകള്‍ അന്നത്തെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവു് 0,1 ശതമാനം (ഇന്നത്തെ അളവിന്റെ ആയിരത്തിലൊന്നു്) ആയിരുന്നിരിക്കണം എന്നു് കണ്ടെത്തി. photodissociation വലിയ തോതില്‍ ഓക്സിജന്‍ നിര്‍മ്മിക്കുവാന്‍ പര്യാപ്തമല്ല എന്നതിനാല്‍, ഈ ചെറിയ അളവു് സ്വാഭാവികവുമായിരുന്നു. അതേസമയം, UV കിരണങ്ങളെ ഫലപ്രദമായി തടയാന്‍ ഈ അളവു് ധാരാളം മതി താനും. ഈ അറിവിന്റെ വെളിച്ചത്തില്‍, അന്തരീക്ഷത്തിലെ ‘UV filter’-ന്റെ frequency bandwidth അവര്‍ കണക്കുകൂട്ടി. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് angsrom ആണു്. ഒരു angsrom = 0,1 നാനോമീറ്റര്‍ അഥവാ, ഒരു മീറ്ററിന്റെ ആയിരം കോടിയില്‍ ഒരംശം. മറ്റു് വാതകങ്ങളും, 0,1 ശതമാനം ഓക്സിജനും ചേര്‍ന്ന അന്നത്തെ അന്തരീക്ഷത്തിനു് ഏറ്റവും ശക്തവും ഫലപ്രദവുമായി തടയാന്‍ കഴിഞ്ഞിരുന്നതു് UV ബാന്‍ഡ്‌വിഡ്തിലെ 2600 മുതല്‍ 2800 angstrom വരെയുള്ള തരംഗദൈര്‍ഘ്യങ്ങളെ ആയിരുന്നു എന്നവര്‍ കണ്ടെത്തി. ജീവജാലങ്ങളുടെ അടിസ്ഥാനഘടകങ്ങളായ Protein, Nucleic acid (സെല്‍ കേന്ദ്രത്തില്‍ ജീവന്റെ Genetic code സൂക്ഷിക്കുന്ന വസ്തു) എന്നിവയെ നിശേഷം നശിപ്പിക്കാന്‍ കഴിയുമായിരുന്ന UV wavelength-ന്റെ bandwidth ആണിതു്! ഈ bandwidth ഭൌമോപരിതലത്തില്‍ എത്താതെ തടയപ്പെട്ടതിനാല്‍, അതുവരെ രൂപമെടുത്തതും ശേഖരിക്കപ്പെട്ടതുമായ മോളിക്യൂളുകള്‍ നശിപ്പിക്കപ്പെടാതിരിക്കുകയും, തുടര്‍ന്നുള്ള പരിണാമത്തിനു് വഴിതുറക്കുകയും ചെയ്തു. UV റേഡിയേഷന്‍ എന്നതു് തരംഗദൈര്‍ഘ്യങ്ങളുടെ നീണ്ട നിരയ്ക്കു് (bandwidth) പൊതുവേ പറയുന്ന പേരാണു്. അല്ലാതെ, അതൊരു ഒറ്റ തരംഗദൈര്‍ഘ്യമല്ല. UV രശ്മികളുടെ തരംഗദൈര്‍ഘ്യം അനുസരിച്ചാണു് അവയുടെ പ്രവര്‍ത്തനമേഖല. photodissociation-നു് വേണ്ട തരംഗദൈര്‍ഘ്യമല്ല അണുനശീകരണത്തിനു് വേണ്ടതു് എന്നു് ചുരുക്കം.
“ജീവവിരോധിയായ” അവസ്ഥയില്‍ ആദ്യം ജീവനു് ഹരിശ്രീ കുറിക്കുകയും, പിന്നീടു് ജീവനു് നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമായ അവസ്ഥയിലേക്കു്പരിണമിക്കുകയും ചെയ്ത അന്തരീക്ഷം നല്‍കുന്ന സേവനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായേനെ. ജീവികളുടെ നിലനില്‍പിനു് ഒഴിച്ചുകൂടാനാവാത്ത ശരീരത്തിലെ രാസപരിണാമത്തിനു് വേണ്ട ഓക്സിജനും, സസ്യലോകത്തിനു് അത്യാവശ്യമായ കാര്‍ബണ്‍ ഡയോക്സൈഡും പരസ്പരം വച്ചുമാറാന്‍ ഈ രണ്ടു് വിഭാഗങ്ങള്‍ക്കും അന്തരീക്ഷത്തിന്റെ സഹായമില്ലാതെ സാദ്ധ്യമാവുകയില്ല. സൂര്യനില്‍ നിന്നു്പുറപ്പെടുന്ന UV റേഡിയേഷന്‍ ഭൂമിയിലെ മുഴുവന്‍ ജീവനെയും നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്നു് ശൂന്യാകാശഗവേഷണങ്ങള്‍ നമ്മെ മനസ്സിലാക്കി. അവയെ ഫലപ്രദമായി തടയാന്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍ ഫില്‍റ്ററിനു് കഴിയുന്നു. അന്തരീക്ഷവായു അധികപങ്കു് ഉല്‍ക്കകളേയും ഭൂമിയില്‍ എത്തുന്നതിനു് മുന്‍പുതന്നെ ഘര്‍ഷണം വഴി കത്തിച്ചു് നശിപ്പിക്കുന്നു. അന്തരീക്ഷം ഇല്ലാത്ത ഭൂമിയുടെ ഉപരിതലം ചന്ദ്രന്‍, ചൊവ്വാഗ്രഹം (Mars) മുതലായ വാനഗോളങ്ങളുടേതിനു് സമം ആയിരുന്നേനെ! സമുദ്രങ്ങളെപ്പോലെതന്നെ, ഭൂമിയുടെ air-conditioner കൂടിയാണു് അന്തരീക്ഷം. പകല്‍ സമയത്തെ ചൂടു് രാത്രികാലത്തേക്കായി സംഭരിച്ചുവയ്ക്കാന്‍ അവയ്ക്കു് കഴിയുന്നതുവഴി ഭൂമിയുടെ പകല്‍ഭാഗവും, രാത്രിഭാഗവും തമ്മിലുള്ള ഊഷ്മാവില്‍ ചന്ദ്രനിലേതും മറ്റും പോലുള്ള വലിയ വ്യത്യാസം ഉണ്ടാവുന്നില്ല. അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ മഴയോ കാലാവസ്ഥയോ ഉണ്ടാവുമായിരുന്നില്ല. അവയില്ലായിരുന്നെങ്കില്‍ ഫലഭൂയിഷ്ഠമായ മണ്ണും, കൃഷിയും, മനുഷ്യരുടെ സ്ഥിരതാമസവും പിന്നീടുണ്ടായ സാംസ്കാരികമായ വളര്‍ച്ചയും അസാദ്ധ്യമായിരുന്നേനെ! ഇതിലൊന്നും തീരുന്നതല്ല ഭൂമിയിലെ ജീവന്റെ നിലനില്‍പിനു് അന്തരീക്ഷം വഹിക്കുന്ന പങ്കു്.
സൂര്യനില്‍ നിന്നും പുറപ്പെടുന്ന റേഡിയേഷനുകളിലെ ജീവനു് ഹാനികരങ്ങളായ X-rays, gamma-rays മുതലായ മറ്റു് രശ്മികളെപ്പറ്റി മനുഷ്യനു് മനസ്സിലാക്കാന്‍ കഴിഞ്ഞതുതന്നെ ശൂന്യാകാശഗവേഷണം ആരംഭിച്ചതുശേഷമാണു്. അവയെ അന്തരീക്ഷം തടഞ്ഞുനിര്‍ത്തിയിരുന്നതിനാല്‍ അവ ഭൂമിയില്‍ എത്തിയിരുന്നില്ല. ‘ഇല്ലാത്തതിനെ’ അറിയാന്‍ മനുഷ്യനു് കഴിയില്ലല്ലോ! തരംഗദൈര്‍ഘ്യം കുറഞ്ഞ (ഊര്‍ജ്ജം കൂടിയ) ഇത്തരം രശ്മികളെ കൂടാതെ, കൂടിയ തരംഗദൈര്‍ഘ്യമുള്ള (ഊര്‍ജ്ജം കുറഞ്ഞ) കിരണങ്ങളെയും അന്തരീക്ഷം ഭൂമിയിലേക്കു് കടത്തിവിടുന്നില്ല. ഇതിനൊരു അപവാദം VHF (very high frequency) തരംഗങ്ങളാണു്. ആകാശം മേഘാവൃതമായിരിക്കുമ്പോഴും radio astronomy സംബന്ധമായ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ കഴിയുന്നതു് അതുകൊണ്ടാണു്.
അതുപോലെതന്നെ, മേഘങ്ങള്‍ സൂര്യപ്രകാശത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുമെന്നു് നമുക്കറിയാം. പക്ഷേ സൂര്യപ്രകാശത്തേക്കാള്‍ കൂടുതലായി സൂര്യനില്‍ നിന്നുള്ള ചൂടിനെ തടഞ്ഞുനിര്‍ത്താനാണു് മേഘത്തിനു്, അഥവാ ജലകണങ്ങള്‍ക്കു് കഴിയുന്നതു്. നല്ല ചൂടുണ്ടായിരുന്ന ആദ്യകാല ഭൂമിയിലേക്കു്, അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും അന്തരീക്ഷത്തിലെത്തിയ നീരാവി തണുത്തു് പെയ്തിരുന്ന മഴ വീണ്ടും ആവിയായിക്കൊണ്ടിരുന്നതിനാല്‍, അന്തരീക്ഷം നീരാവിയാല്‍ പൂരിതമായിരുന്നു. ഈ പ്രത്യേകതമൂലം, ആ കാലഘട്ടത്തില്‍, സൂര്യപ്രകാശത്തിനു് മാത്രമല്ല, അതിനേക്കാള്‍ കൂടുതലായി സൂര്യനില്‍ നിന്നുള്ള ചൂടിനും ഭൂമിയില്‍ എത്താനാവുമായിരുന്നില്ല. അതുവഴി, ഭൂമിയുടെ ചൂടിനു്, അന്തരീക്ഷത്തെ മാദ്ധ്യമമാക്കി, ശൂന്യാകാശത്തിലേക്കു് കൂടുതല്‍ ഫലപ്രദമായി നഷ്ടപ്പെടുവാന്‍ കഴിഞ്ഞു. ഇന്നത്തെ ‘ഗ്രീന്‍ഹൗസ്’ പ്രതിഭാസം അന്നത്തെ അന്തരീക്ഷത്തില്‍ അപ്രസക്തമായിരുന്നു എന്നു് സാരം. മുകളില്‍ സൂചിപ്പിച്ച റേഡിയോ ഫ്രീക്വന്‍സിയുടെ (VHF) ഒരു അപവാദം ഒഴിച്ചാല്‍, സൂര്യനില്‍ നിന്നുള്ള റേഡിയേഷനിലെ നേരിയ ഒരംശം മാത്രമാണു് അന്തരീക്ഷം ഭൂമിയില്‍ എത്തിക്കുന്നതു്. ഇന്ദ്രിയഗോചരമായ വയലറ്റ് മുതല്‍ ചുവപ്പു് വരെ, അല്ലെങ്കില്‍, 4000 angstrom മുതല്‍ 7000 angstrom വരെ മാത്രമുള്ള വളരെ ചെറിയ ഒരംശം!
ശീലം മൂലം, സ്വയം പ്രത്യക്ഷം എന്നപോലെയാണു് പല കാര്യങ്ങളും നമ്മള്‍ കാണുന്നതു്. ഉദാഹരണത്തിനു്, നമുക്കു് “സൗന്ദര്യവും പ്രകൃതിഭംഗിയും” ഒക്കെ ആസ്വദിക്കുന്നതിനുവേണ്ടി അന്തരീക്ഷം അതിനനുയോജ്യമായ ഒരംശം പ്രകാശത്തെ ഭൂമിയില്‍ എത്തിക്കുകയായിരുന്നു എന്ന രീതിയില്‍ നമ്മുടെ കാഴ്ചശക്തിയെപ്പറ്റി ചിന്തിക്കുന്നതാണു് നമുക്കു് പൊതുവേ എളുപ്പം. പക്ഷേ, മനുഷ്യന്‍ രൂപമെടുക്കുന്നതിനും എത്രയോ കോടി വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ പ്രകൃതിയില്‍ ലഭ്യമായിരുന്ന electromagnetic radiation-ലെ വളരെ ചെറിയ ഒരു bandwidth, തങ്ങളുടെ ചുറ്റുപാടുകളിലൂടെ അധികം “തപ്പിത്തടയാതെ” ജീവിക്കുവാനായി ജീവജാലങ്ങളില്‍ കാഴ്ചശക്തിയായി, കണ്ണുകളായി രൂപം കൊള്ളുകയായിരുന്നു എന്നതു് അതിന്റെ വസ്തുനിഷ്ഠമായ വശം. ആദ്യകാലങ്ങളില്‍ മനുഷ്യനും അവന്റെ കാഴ്ചശക്തി ആഹാരസമ്പാദനത്തിനും, ഇണയെത്തേടുന്നതിനും, ശത്രുക്കളില്‍ നിന്നും രക്ഷപെടുന്നതിനും, പ്രാകൃതമായ മറ്റു് ജീവിതസാഹചര്യങ്ങളെ കീഴടക്കുന്നതിനും മറ്റും മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതു്. പിന്നീടാണു് അവ സൗന്ദര്യബോധത്തിന്റേയും ആസ്വാദനത്തിന്റേയും മറ്റും മാദ്ധ്യമങ്ങളും അളവുകോലുകളുമൊക്കെ ആയി മാറിയതു്. പ്രകൃതി മനുഷ്യന്റെ കാഴ്ചശക്തിയില്‍ വരുത്തുന്ന വെട്ടിച്ചുരുക്കലുകളെ നികത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വരെ കാലക്രമേണ മനുഷ്യന്‍ കണ്ടെത്തി. കണ്ണട, കണ്ണിന്റെ ലേസര്‍ ഓപ്പറേഷന്‍ മുതലായവ ചില ഉദാഹരണങ്ങള്‍ മാത്രം. മനുഷ്യരുടെ ഈ ജൈത്രയാത്ര ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
എന്നിട്ടും, തന്റെ യഥാര്‍ത്ഥ രൂപം എങ്ങനെയാണെന്നു് നമുക്കാര്‍ക്കും അറിയാനാവില്ല എന്നതാണു് സത്യം. ആകെ നമുക്കു് നമ്മെപ്പറ്റി കാഴ്ചയിലൂടെ അറിയാന്‍ കഴിയുന്നതു്, പതിനഞ്ചുകോടി കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന സൂര്യന്‍ എന്നൊരു നക്ഷത്രത്തില്‍ നിന്നും പുറപ്പെടുന്ന എലക്ട്രോമാഗ്നെറ്റിക് റേഡിയേഷനിലെ, അന്തരീക്ഷത്താല്‍ അധികപങ്കും അരിച്ചുമാറ്റപ്പെട്ടശേഷം ഭൂമിയില്‍ എത്തുന്ന വളരെ ചെറിയ ഒരു പ്രകാശസ്പെക്ട്രത്തിന്റെ വെളിച്ചത്തില്‍ നമ്മള്‍ എങ്ങനെ കാണപ്പെടുന്നു എന്നുമാത്രം! പൂര്‍ണ്ണമായും വസ്തുനിഷ്ഠമായി (ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍!) നമ്മള്‍ “കാഴ്ചയില്‍” എങ്ങനെയാണു് ഇരിക്കുന്നതെന്നു് കാണാന്‍ (“കാണല്‍” എന്നതു് തികച്ചും ഭൗതികമായ അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുക!) ഒരുകാലത്തും നമുക്കു് ആവില്ല! ആദ്ധ്യാത്മികതകൊണ്ടു് ഉപജീവനം കഴിക്കുന്നവരും, അവരെ താങ്ങിക്കൊണ്ടു് പുറകെ നടക്കുന്നവരുമൊക്കെ ഇന്ദ്രിയങ്ങള്‍ക്കു് അതീതമായ ലോകങ്ങളിലേയ്ക്കു് വരെ ചേക്കേറി, സാമാന്യജനങ്ങള്‍ക്കു് അത്ര എളുപ്പമൊന്നും കാണാന്‍ കഴിയാത്ത അവിടത്തെ “കാഴ്ചകള്‍” ഘോരഘോരം വാദമുഖങ്ങളിലൂടെ വെളിപ്പെടുത്താറുണ്ടു്. അവരുടെ ചാക്കില്‍ വീഴുന്നതിനു് മുന്‍പു് അത്ഭുതങ്ങള്‍ തേടുന്ന “സാമാന്യജനപ്പരിഷകള്‍” ഈ കാര്യങ്ങളൊക്കെ ഒന്നു് ചിന്തിക്കാന്‍ തയ്യാറായിരുന്നെങ്കില്‍, അധികം താമസമില്ലാതെ ആദ്ധ്യാത്മികതയുടെ അതീന്ദ്രിയലോകം അപ്രത്യക്ഷമാവുകയും തൂമ്പയ്ക്കും മണ്‍വെട്ടിയ്ക്കും ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ചെയ്തേനെ! “ചിന്തിക്കുക എന്നതും ഒരു കഴിവാണു്, അതു് എല്ലാവര്‍ക്കും ആവുന്നതല്ല” എന്നു് പറഞ്ഞ പണ്ഡിതന്‍ തീര്‍ച്ചയായും ഈ അത്ഭുതാന്വേഷികളെ കണ്ടിട്ടാവണം അങ്ങനെ പറഞ്ഞതു്!
ഒരു പ്രത്യേക പിണ്ഡമുള്ള ഭൂമി. അതുവഴി അന്തരീക്ഷവാതകങ്ങളെ ഒരു നിശ്ചിതമായ മര്‍ദ്ദത്തില്‍ പിടിച്ചുനിര്‍ത്താന്‍ മതിയായ ഗുരുത്വാകര്‍ഷണം. ഊര്‍ജ്ജദായകനായ സൂര്യനില്‍ നിന്നുള്ള പ്രത്യേക അകലവും റേഡിയേഷന്‍ സ്പെക്ട്രവും വഴി നിശ്ചയിക്കപ്പെട്ട ഊഷ്മാവിന്റേയും റേഡിയേഷന്റേയും വിതരണം. അഗ്നിപര്‍വ്വതപ്രവര്‍ത്തനങ്ങള്‍ വഴി അന്തരീക്ഷത്തില്‍ നിലനിന്ന വാതകങ്ങളുടെ രാസഘടന. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍, പ്രകൃതിനിയമങ്ങള്‍ക്കു് വിധേയമായി സംഭവിച്ച പരിണാമങ്ങള്‍ ഭൂമിയില്‍ ജീവന്റെ അടിസ്ഥാനഘടകങ്ങളും അതിസങ്കീര്‍ണ്ണങ്ങളുമായ Biopolymers-ന്റെ (Proteins, Nucleic acids) രൂപമെടുക്കലിനു് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. തെറ്റായ നിഗമനത്തില്‍ എത്തിച്ചേരാതിരിക്കാന്‍ ഇവിടെ ഒരു കാര്യം സൂചിപ്പിക്കട്ടെ: ജീവന്‍ ഉണ്ടാവുന്നതിനുവേണ്ടി ഈ സാഹചര്യങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാവുകയായിരുന്നില്ല, യാദൃച്ഛികമായി പ്രകൃതിയില്‍ രംഗപ്രവേശം ചെയ്ത ചുറ്റുപാടുകള്‍ ജീവന്റെ രൂപമെടുക്കലിനു് കാരണമാവുകയായിരുന്നു. മുകളില്‍ സൂചിപ്പിച്ചപോലെ, പ്രോട്ടീനുകളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്ന, ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്ന ജീവനു് നിലനില്‍ക്കാന്‍ പോലും കഴിയാതിരുന്ന മാരകമായ അവസ്ഥയില്‍ നിന്നുമായിരുന്നു ‘ജീവന്‍’ എന്ന പ്രതിഭാസം യാത്ര ആരംഭിച്ചതു്!
മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലോകചിത്രത്തിനു്, ലോകത്തെ മനുഷ്യന്റെ കളിയരങ്ങു് മാത്രമായി വീക്ഷിച്ചുകൊണ്ടുള്ള ലോകചരിത്രത്തിനു് ഏതാനും ആയിരം വര്‍ഷങ്ങളുടെ പഴക്കമേയുള്ളു. പ്രപഞ്ചചരിത്രം ഏകദേശം 1350 കോടി വര്‍ഷങ്ങളുടെ ചരിത്രമാണു്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യചരിത്രം ഏതാനും നിമിഷങ്ങളുടെ മാത്രം ദൈര്‍ഘ്യമുള്ള ഒരു “കൊച്ചുചെറുകഥ” ആയി ചുരുങ്ങുന്നു. തലമുറകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യമനസ്സില്‍ വേരുറച്ചുപോയ ഓരോ “അറിവുകളും” മുന്‍വിധികളാണു്. (ഓരോ വാക്കും ഓരോ മുന്‍വിധിയാണെന്നു് നീറ്റ്‌സ്ഷെ) അവയുടെ അടിസ്ഥാനത്തില്‍, ശാസ്ത്രീയമായ പുതിയ അറിവുകളെ നിഷേധിക്കുന്നതിനോ വിമര്‍ശിക്കുന്നതിനോ മുന്‍പു് ഈ വസ്തുതകള്‍ നമ്മള്‍ മനസ്സിലാക്കിയിരിക്കണം. പരിണാമസിദ്ധാന്തത്തേയും ഡാര്‍വിനിസത്തിനേയും ഒക്കെ വിമര്‍ശിക്കുന്നവര്‍, “അറിവുകള്‍” എന്നു് അവര്‍ കരുതുന്ന മനുഷ്യചരിത്രപരമായ മുന്‍വിധികളെ വീണ്ടും വീണ്ടും ഉയര്‍ത്തിക്കാണിക്കുക മാത്രമാണു് ചെയ്യുന്നതു്. ഏറ്റവും ചുരുങ്ങിയതു്, മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാവുന്നതിനു് കോടാനുകോടി വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ ജീവന്റെ പ്രാകൃതമായ രൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നെങ്കിലും അംഗീകരിക്കാന്‍ മനുഷ്യനു് കഴിഞ്ഞാല്‍ അതു് അറിവിലേക്കുള്ള വലിയൊരു ചുവടായിരിക്കും. പ്രപഞ്ചസൃഷ്ടിയെ അടിസ്ഥാനപ്പെടുത്തിയുള്ള യഹൂദ കലണ്ടറായ Anno Mundi (“in the year of the world”) പ്രകാരം യഹോവ സൃഷ്ടി നടത്തിയതു് 5769 വര്‍ഷങ്ങള്‍ക്കു് മുന്‍പു് മാത്രമായിരുന്നു! അതിനു് മുന്‍പു് പ്രപഞ്ചം എന്നാല്‍ ഒന്നുമില്ലാത്ത ശൂന്യത. ആകാശവുമില്ല, ഭൂമിയുമില്ല. കീഴ്‌വഴക്കം മൂലം, അതു് അക്ഷരം പ്രതി ശരിയാണെന്നു് വിശ്വസിക്കുന്ന യഹൂദമതമൗലികരുണ്ടു്. അവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുക സാദ്ധ്യമല്ല. (ഗണിതശാസ്ത്രപരമായി, ഏതെങ്കിലും ഒരു ഉപ്പായി മാപ്ലയുടെ ജനനത്തീയതിയോ, മരണത്തീയതിയോ അടിസ്ഥാനമാക്കിയും ഒരു കലണ്ടര്‍ നിര്‍മ്മിക്കാനാവും.) മനഃശാസ്ത്രപരമായി വിശ്വാസം ബുദ്ധിയേക്കാള്‍ ആഴത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍, ശരി-തെറ്റുകളുടെ മാനദണ്ഡം നിശ്ചയിക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നതു് വിശ്വാസമായിരിക്കും, ബുദ്ധി ആയിരിക്കുകയില്ല. ഒരുവന്റെ വിശ്വാസത്തെ അതിനു് വെളിയില്‍ നിന്നു് വീക്ഷിക്കുന്ന മറ്റൊരുവനേ അതിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിയാനാവൂ! അതിനായാലും അല്‍പം ബുദ്ധി ഇല്ലാത്തവനു് ഒട്ടു് കഴിയുകയുമില്ല. കടുവയെ പിടിക്കുന്ന കിടുവകളും ഉള്ളതാണീ ലോകമെന്നു് സാരം!
അടുത്തതില്‍: ജീവന്റെ ഉത്ഭവം