“സമയമാം നദി പുറകോട്ടൊഴുകി
സ്മരണതന്‍ പൂവണിത്താഴ്വരയില്‍
സംഭവമലരുകള്‍ വിരിഞ്ഞുവീണ്ടും …”
പക്ഷേ, സമയമാകുന്ന നദി പുറകോട്ടൊഴുകിയാണു് താന്‍ സ്മരണയുടെ താഴ്വരയില്‍ എത്തി, ഭൂതകാലസംഭവങ്ങള്‍ മലരുകളായി വിരിയുന്നതു് ദര്‍ശിച്ചതെന്ന ആ നായികയുടെ അഭിപ്രായം, ഫിസിക്സിന്റെ കാഴ്ചപ്പാടില്‍, നിഷേധിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. സ്വന്തം ഓര്‍മ്മയുടെ അലമാരയില്‍ നിന്നും ചില പഴയ “പുസ്തകങ്ങള്‍” എടുത്തു് മറിച്ചുനോക്കുക മാത്രമാണു് ഇവിടെ ആ നായിക ചെയ്യുന്നതു്. അല്ലാതെ, അതു് സമയത്തിലൂടെ പിന്നോട്ടുള്ള അവളുടെ ഒരു യാത്രയല്ല. ചിന്തകളിലൂടെ ഭൂതകാലത്തില്‍ എത്തുന്നതുവഴി ഭൗതികമായി അവളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുകയോ, അവള്‍ അന്നത്തെ വ്യക്തി ആവുകയോ ചെയ്യുന്നില്ല.
ഇതുപോലെതന്നെയാണു് ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ “ടൈം ട്രാവലും”. അവിടെയും സമയം പിന്നോട്ടു് സഞ്ചരിക്കുന്നില്ല. സംഭവിക്കുന്നതു്, ഒന്നോ ഒന്നിലധികമോ മനുഷ്യര്‍, അവര്‍ സ്പെയ്സിന്റെ ഭാഗം ആയിരിക്കുമ്പോള്‍ തന്നെ, ബാക്കി സ്പെയ്സില്‍ നിന്നും വേര്‍പെട്ടു് അവരുടെ ചുറ്റുപാടുകളുടെ ഭൂതകാലത്തില്‍ എത്തിച്ചേരുക മാത്രമാണു്. അതുവഴി, യഥാര്‍ത്ഥത്തില്‍ അവരോ മറ്റുള്ള ആരെങ്കിലുമോ സമയത്തിലൂടെ പിന്നോട്ടു് യാത്ര ചെയ്യുന്നില്ല. ഭൂതകാലത്തിലേക്കുള്ള യാത്ര അവരുടെ പ്രായത്തിനേക്കാള്‍ ദൈര്‍ഘ്യമേറിയതായാലും അവര്‍ ഇല്ലാതാവുന്നില്ല, ഭൂതകാലത്തില്‍ എത്തിയശേഷവും സമയത്തിന്റെ ഗതി അവര്‍ക്കും മുന്നോട്ടുതന്നെയാണു്, അവിടെയെത്തുന്നതുവഴി ഭാവികാലത്തിന്റെ ഒരു ഭാഗമായി മാറുന്ന അവരുടെ ഓര്‍മ്മയും അവര്‍ക്കു് നഷ്ടപ്പെടുന്നില്ല മുതലായ വസ്തുതകള്‍ അവിടെ സമയത്തിന്റെ ദിശയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതിനു് തെളിവാണു്. സിനിമയിലെ ടൈം ട്രാവലും, സമയത്തിലൂടെ പുറകോട്ടുള്ള സഞ്ചാരം എന്ന അര്‍ത്ഥത്തിലെ ശാസ്ത്രീയമായ ടൈം ട്രാവലും രണ്ടും രണ്ടാണെന്നു് സാരം.
“സമയമാം നദി പുറകോട്ടൊഴുകി” എന്ന നായികയുടെ പാട്ടില്‍ തന്നെ സമയത്തിന്റെ പുറകോട്ടുള്ള ഒഴുക്കു് എന്തുകൊണ്ടു് സാദ്ധ്യമാവുന്നില്ല എന്നതിന്റെ വിശദീകരണമുണ്ടു്. ഒഴുക്കു് എന്നതു് ഒരു ചലനമാണു്. ഒരു നിശ്ചിതസമയത്തിനുള്ളില്‍ സ്പെയ്സില്‍ സംഭവിക്കുന്ന സ്ഥാനവ്യതിയാനമാണു് ചലനം. അതു് സംഭവിക്കുന്നതു് സ്പെയ്സിലോ സമയത്തിലോ മാത്രമായല്ല, സ്പെയ്സ്-ടൈം എന്ന ഏകതയിലാണു്. സമയത്തെ ഒഴിവാക്കിക്കൊണ്ടു് സ്പെയ്സിലൂടെ മാത്രമുള്ള ഒരു ചലനത്തിനും, സ്പെയ്സിനെ ഒഴിവാക്കിക്കൊണ്ടു് സമയത്തിലൂടെ മാത്രമുള്ള ഒരു ചലനത്തിനും യാതൊരു അര്‍ത്ഥവുമില്ല. ദിശയില്ലാത്ത ഒരു സമയത്തിനു് നല്‍കേണ്ടിവരുന്ന വില ചലനമില്ലാത്ത ഒരു ലോകമായിരിക്കും. ചലനത്തില്‍ നിന്നും അബ്സ്ട്റാക്റ്റ് ചെയ്തെടുക്കപ്പെടുന്ന സമയം എന്നതു് റിജിഡ് ആയ ഒരു പരാമീറ്റര്‍ അല്ല, മാറ്റങ്ങളും ചലനവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഫോം മാത്രമാണു്.
വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തില്‍ “മുന്നോട്ടു്” ഒഴുകുന്ന സമയം, പ്രപഞ്ചത്തിന്റെ വികാസം എന്നെങ്കിലും അവസാനിക്കുകയും, അതിനുശേഷം സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു എന്നു് സങ്കല്പിച്ചാല്‍, അപ്പോള്‍ “പിന്നോട്ടു്” ഒഴുകേണ്ടതല്ലേ എന്നൊരു ആശയം 1958-ല്‍ തന്നെ തോമസ് ഗോള്‍ഡ് എന്ന ആസ്റ്റ്റോഫിസിസിസ്റ്റ് മുന്നോട്ടു് വച്ചിരുന്നു. ക്വാണ്ടം ഗ്രാവിറ്റേഷന്റെ ഈ വിഷയത്തിലെ പഠനങ്ങള്‍ പൂര്‍ണ്ണമല്ല എന്നതിനാല്‍, സമയത്തിന്റെ അതുപോലൊരു പിന്നോട്ടൊഴുക്കിനുള്ള ഒരു ചെറിയ സാദ്ധ്യത തള്ളിക്കളയാനാവില്ലെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ സാദ്ധ്യതയുള്ളതു്, അങ്ങനെ അല്ലാതിരിക്കാനാണു്. അതു് നമ്മള്‍ സ്വീകരിക്കുന്ന ഗണിതശാസ്ത്രപരമായ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇല്യൂഷന്‍ ആവാനാണു് സാദ്ധ്യത. ഉദാഹരണത്തിനു്, നമ്മള്‍ ഭൂമദ്ധ്യരേഖയില്‍ നിന്നും ഉത്തരധ്രുവത്തിന്റെ ദിശയില്‍ സഞ്ചരിക്കുന്നു എന്നു് കരുതിയാല്‍, ലാറ്റിറ്റ്യൂഡ് കൂടിക്കൂടിവന്നു്, അവസാനം ഉത്തരധ്രുവം കടന്നുകഴിയുമ്പോള്‍ വീണ്ടും കുറയാന്‍ തുടങ്ങുന്നു. അതിനര്‍ത്ഥം നമ്മള്‍ പഴയവഴിയേ പിന്നോട്ടു് മടങ്ങുന്നു എന്നല്ലല്ലോ. ധ്രുവബിന്ദു കടന്നശേഷം നമ്മള്‍ സഞ്ചരിക്കുന്ന മറുപുറത്തെ ലോന്‍ജിറ്റ്യൂഡ് മറ്റൊന്നായിരിക്കുമല്ലോ. പ്രപഞ്ചം ഒരിക്കല്‍ ഒരു സങ്കോചാവസ്ഥക്കു് വിധേയമാകുന്നുവെങ്കില്‍ അപ്പോള്‍ സമയം പിന്നോട്ടായിരിക്കും ഒഴുകുക എന്നതിനെ ന്യായീകരിക്കാന്‍ പറ്റിയ കാരണമൊന്നും തത്കാലമില്ലെന്നു് ചുരുക്കം.
ഗണിതശാസ്ത്രപരവും ഭൗതികവുമായ സമയങ്ങള്‍ തമ്മില്‍ തിരിച്ചറിയേണ്ടതുണ്ടു്. ഗണിതശാസ്ത്രപരമായ സമയം ഐഡിയലൈസ്ഡ് ആണു്. അതുപോലൊരു സമയം വീക്ഷിക്കപ്പെടുന്നില്ല. അതിനു് പകരം നമ്മള്‍ കാണുന്നതു് ദ്രവ്യങ്ങളുടെ കോണ്‍ഫിഗറേഷനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മാത്രമാണു് – ഭൂമിയുമായുള്ള സൂര്യന്റെ ആപേക്ഷികനില, വാച്ചിന്റെ സൂചികളും ഡയലും തമ്മിലുള്ള ആപേക്ഷികസ്ഥാനങ്ങള്‍ മുതലായവ. അന്യദ്രവ്യങ്ങളുടെ സ്വാധീനം എത്രമാത്രം കുറഞ്ഞിരിക്കുന്നുവോ, അത്രയും കൂടുതലായിരിക്കും അത്തരം സമയമാപിനികളുടെ ക്വാളിറ്റി. പ്രപഞ്ചാരംഭം പോലെ ഉയര്‍ന്ന സാന്ദ്രത നിലവിലിരിക്കുന്ന സാഹചര്യങ്ങളില്‍ ദ്രവ്യഘടകങ്ങളുടെ സ്വാധീനം അതിശക്തമായിരിക്കും എന്നതിനാല്‍, അവിടെ സമയമാപിനികളായി പ്രപഞ്ചത്തിന്റെ വ്യാപ്തം പോലുള്ള കോസ്മൊളോജിക്കല്‍ അളവുകള്‍ ഉപയോഗിക്കേണ്ടിവരുന്നു.
ഗണിതശാസ്ത്രപരമായ സമയത്തില്‍ നിന്നും വ്യത്യസ്തമാണു് ഭൗതികമായ, അനുഭവവേദ്യമായ സമയം. രണ്ടാമത്തേതു് മനുഷ്യന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ടതാണെങ്കില്‍, ആദ്യത്തേതു് അതുപോലൊരു ബന്ധം ഇല്ലാത്തവിധം പ്രകൃതിയെ വിശദീകരിക്കാനുള്ളതാണു്. വ്യക്തിനിഷ്ഠമായി സമയത്തിന്റെ വേഗതയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാമെങ്കിലും, പിടിച്ചുനിര്‍ത്താനാവാതെ അനുസ്യൂതം “മുന്നോട്ടു്” പോയിക്കൊണ്ടിരിക്കുന്ന ഒരു ക്വാണ്ടിറ്റി ആണു് സമയം. ഭൂതകാലത്തെപ്പറ്റി സ്മരിക്കാനും, ഭാവികാലത്തെപ്പറ്റി ചിന്തിക്കാനും ഓര്‍മ്മ എന്ന പ്രതിഭാസമാണു് കാരണമാവുന്നതു്. പഴക്കം കുറഞ്ഞ അനുഭവങ്ങള്‍, പഴക്കം കൂടിയ അനുഭവങ്ങളുടെ ഭാവികാലം എന്ന രീതിയില്‍ ഓര്‍മ്മയില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. അപ്രസക്തമായ ചില സംഭവങ്ങള്‍ പോലും, നേരിട്ടുള്ള പരിണതഫലം മൂലം, ഈ പ്രക്രിയയില്‍ കാര്യകാരണബന്ധം ഉണ്ടായാലെന്നപോലെയാണു് തിരിച്ചറിയപ്പെടുന്നതു്. അതുവഴി, വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ക്കും അതുപോലുള്ള പരിണതഫലങ്ങള്‍ മനുഷ്യര്‍ പ്രതീക്ഷിക്കുന്നു. അനുഭവവേദ്യമായ സമയത്തിനു് എന്റ്റോപ്പിയുടെ അടിസ്ഥാനത്തിലും ഒരു വിശദീകരണം നല്‍കാനാവും. പക്ഷേ അതു് ഈ കുറിപ്പിന്റെ പരിധിയെ ഭേദിക്കുമെന്നതിനാല്‍ ഇവിടെ ഒഴിവാക്കുന്നു.
റിലേറ്റിവിറ്റിക്കു് ശേഷം സ്പെയ്സ്, ടൈം എന്നിവ വ്യത്യസ്തമായ മൂല്യങ്ങളല്ലെന്നും, പരസ്പരം ബന്ധപ്പെട്ടു് കിടക്കുന്നവയും, രൂപാന്തരം സംഭവിക്കാവുന്നവയും ആണെന്നും മനുഷ്യര്‍ മനസ്സിലാക്കി. എങ്കിലും സ്ഥലവും കാലവും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയാണു്. സ്ഥലവും കാലവും ഒരുപോലെ പെരുമാറുന്നവ ആയിരുന്നെങ്കില്‍ സമയത്തിലൂടെ പുറകോട്ടു് സഞ്ചരിച്ചു് ഭൂതകാലത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയോ, കളഞ്ഞുപോയ ചാന്‍സുകള്‍ ഉപയോഗപ്പെടുത്തുകയോ ഒക്കെ ചെയ്യാമായിരുന്നു. സമയസഞ്ചാരം ദൈവങ്ങള്‍ക്കും സാദ്ധ്യമല്ലെന്നു് തോന്നുന്നു. അവര്‍ക്കു് ടൈം ട്രാവല്‍ സാദ്ധ്യമാവുമായിരുന്നെങ്കില്‍ ഏതെല്ലാം ദൈവങ്ങള്‍ക്കു് ഭൂതകാലത്തിലേക്കു് യാത്രചെയ്തു് പഴയ നല്ല ലോകത്തില്‍ എത്തിയശേഷം വേണ്ട തിരുത്തിക്കുറിക്കലുകളൊക്കെ നടത്തി അവരവരുടെ ലോകത്തെ പുതിയൊരു തുടക്കത്തിനു് യോഗ്യതയുള്ളതാക്കി മാറ്റിയെടുക്കാനാവുമായിരുന്നില്ല? പക്ഷേ, ഭാവിലോകവും (മരണാനന്തര ലോകമാണു് കൂടുതല്‍ പഥ്യം) അതിലെ മനുഷ്യരെ പ്രലോഭിപ്പിക്കാന്‍ പോന്ന വാഗ്ദാനങ്ങളും, ഭയപ്പെടുത്താന്‍ മതിയായ ഭീഷണികളുമൊക്കെയല്ലാതെ, ദൈവികമായ സര്‍വ്വശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ മറ്റു് പ്രവര്‍ത്തനമേഖലകളൊന്നും ദൈവങ്ങള്‍ക്കും കൈമുതലായില്ല എന്നതാണു് സത്യം.
അവലംബം: ബിഗ്-ബാംഗിനും പുറകിലേക്കു് – മാര്‍ട്ടിന്‍ ബോയോവാള്‍ഡ്