ദൈവമുണ്ടു് എന്നു് കുറെ മനുഷ്യർ ദിവസേന നൂറുവട്ടം ആണയിട്ടതുകൊണ്ടു് ദൈവം ഉണ്ടാവുകയില്ല. ദൈവമില്ല എന്നു് വേറെ കുറെ മനുഷ്യർ ദിനംപ്രതി പത്തുവട്ടം പ്രസംഗിച്ചതുകൊണ്ടു് ദൈവം ഇല്ലാതാവുകയുമില്ല. ദൈവം വലിയവനാണെന്നു് ഇനിയും വേറൊരു വിഭാഗം ദിവസേന അഞ്ചുവട്ടം ആവർത്തിച്ചതുകൊണ്ടു് ദൈവം വലിയവനാവുകയില്ല. അങ്ങനെ പറഞ്ഞില്ലെങ്കിൽ ദൈവം ചെറിയവനാവുകയുമില്ല. ദൈവം ഉണ്ടായിരിക്കുന്നതോ ഇല്ലാതിരിക്കുന്നതോ, വലിയവനായിരിക്കുന്നതോ ചെറിയവനായിരിക്കുന്നതോ അല്ല, ആ ദൈവത്തിന്റെയോ ദൈവങ്ങളുടെയോ പേരിൽ മനുഷ്യർ ചെയ്തുകൂട്ടുന്ന ചെറുതും വലുതുമായ ക്രൂരതകളും ചൂഷണങ്ങളുമാണു് എന്നും ലോകത്തിനു് നേരിടേണ്ടി വന്നിരുന്നതും, നേരിടേണ്ടി വരുന്നതുമായ പ്രശ്നം.
രോഗം വരാതെ നോക്കുന്നതാണു് രോഗം വരുത്തിവച്ചശേഷം ചികിത്സ തേടി നാടുനീളെ ഓടുന്നതു് എന്ന ലളിതസത്യം മറന്നതുകൊണ്ടോ എന്തോ, സർവ്വജ്ഞാനിയും സർവ്വശക്തനുമെന്ന നിലയിൽ, ക്രൂരതകളോ ചൂഷണങ്ങളോ ഒന്നുമില്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കാൻ കഴിയുമായിരുന്നിട്ടുകൂടി, ആ തിന്മകളെ ആവശ്യത്തിലേറെ കുത്തിനിറച്ച ഒരു ഭൂമിയാണു് സർവ്വവ്യാപിയായ ദൈവംതമ്പുരാൻ മനുഷ്യർക്കു് വരദാനമായി നൽകിയതു്. സെമിറ്റിക് മതങ്ങളിലെ വിശ്വാസപ്രകാരം, തന്റെ സ്വരൂപത്തിൽ, തന്നെപ്പോലെതന്നെ ശുദ്ധമായ ഹൃദയമുള്ളവരും സദാചാരികളും സർവ്വതന്ത്രസ്വതന്ത്രരുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യർക്കു് അതിനേക്കാൾ യോജിച്ച ഒരു ജന്മദിനസമ്മാനം നൽകാനാവുമോ? ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയയുമായുള്ള ഒളിസേവയിൽ സ്വന്തം മകനെ ജനിപ്പിച്ചുകൊണ്ടല്ലാതെ “ജന്മനാതന്നെ” പാപികളായ മനുഷ്യരെ പാപമോചിതരാക്കി നിത്യസ്വർഗ്ഗത്തിനു് അവകാശികളാക്കാൻ മറ്റു് മാർഗ്ഗങ്ങളൊന്നും കാണാതിരുന്ന കക്ഷിയാണു് സെമിറ്റിക് സങ്കല്പത്തിലെ ദൈവം!
മായം ചേരാത്ത ഒരു മകനെ സൃഷ്ടിക്കാൻ, ആദിയിൽ ആദമിൽ നിന്നും ഹവ്വയെ സൃഷ്ടിച്ച അതേ ബ്ലൂപ്രിന്റ് ഉപയോഗിച്ചു് തന്റെ സ്വന്തം ഇടതുവശത്തെ വാരിയെല്ലിൽ നിന്നും തനിക്കൊരു ഭാര്യയെയോ, അല്ലെങ്കിൽ, ഗർഭം ധരിപ്പിക്കൽ, ഗർഭം ധരിക്കൽ, ഗർഭം ചുമക്കൽ, ഗർഭം പ്രസവിക്കൽ തുടങ്ങിയ പൊല്ലാപ്പുകൾ ഒഴിവാക്കണമെന്നുണ്ടെങ്കിൽ, വലതുവശത്തെ വാരിയെല്ലിൽ നിന്നും നേരിട്ടു് ഒരു മകനെത്തന്നെയോ വേണമെങ്കിൽ ദൈവത്തിനു് സൃഷ്ടിക്കാമായിരുന്നു. പക്ഷെ, അപ്പോൾ “കൃഷിയിടങ്ങളുടെ” കാര്യത്തിൽ താനൊരു തികഞ്ഞ സദാചാരിയാണെന്ന പരമസത്യം എങ്ങനെ മനുഷ്യരെ ബോദ്ധ്യപ്പെടുത്തും? ഇതാണു് സെമിറ്റിക് മതങ്ങൾ വരച്ചുകാണിക്കുന്ന പ്രപഞ്ചസ്രഷ്ടാവിന്റെ രേഖാചിത്രം! ഇതിനോടു് നേർക്കുനേർ നിൽക്കാൻ ഒട്ടും ലജ്ജിക്കേണ്ട ആവശ്യമില്ലാത്ത വർണ്ണനകൾ സ്വന്തം രാജമാന്യരാജശ്രീ ദൈവങ്ങളെപ്പറ്റി മറ്റു് മതങ്ങളും കുറിച്ചു് വച്ചിട്ടുണ്ടു്. തുടയിൽ നിന്നും, കുടത്തിൽ നിന്നും, വേണ്ടിവന്നാൽ പ്ലീഹയിൽ നിന്നുപോലും മക്കളെയും മനുഷ്യരെയും ജനിപ്പിക്കുന്ന എന്തരോ മഹാനുഭാവുലുകൾ!
സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും, ഓരോ മനുഷ്യന്റെയും ആഹരിക്കലും വിസർജ്ജിക്കലും ഇണചേരലും ഉറക്കവും ഉണരലും പോലുള്ള മുഴുവൻ പ്രവൃത്തികളെയും ഇമവെട്ടാതെ ഉറക്കമിളച്ചിരുന്നു് വീക്ഷിച്ചു്, അവയിലെ നന്മതിന്മകളെ വേർതിരിച്ചു്, കണക്കുപുസ്തകത്തിൽ സൂക്ഷ്മമായി കുറിച്ചുവച്ചു്, ചത്തുകഴിയുമ്പോൾ ഓരോരുത്തരുടെയും ബാലൻസ് ഷീറ്റ് നോക്കി, ശിഷ്ടജീവിതം നിത്യസ്വർഗ്ഗത്തിലോ നിത്യനരകത്തിലോ എന്നു് വിധി പ്രസ്താവിക്കാനായി കാത്തിരിക്കുന്നവനുമായ ദൈവം എന്ന പ്രതിഭാസം ആധുനികമനുഷ്യന്റെ ചിന്താശേഷിയുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല എന്ന തിരിച്ചറിവാണു് ആദ്യമുണ്ടാവേണ്ടതു്. ഓരോ വ്യക്തിയും സ്വയമായും ബോധപൂർവ്വമായും വളർത്തിയെടുക്കേണ്ട കാര്യമാണതു്. അതോടെ, ദൈവം ഉണ്ടു്, ദൈവം ഇല്ല, ദൈവം ഉണ്ടില്ല തുടങ്ങിയ എല്ലാ വാദങ്ങളും പ്രതിവാദങ്ങളും അർത്ഥശൂന്യവും തന്മൂലം അധികപ്പറ്റുമാവും.
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങൾ കണ്ടു് അമ്പരന്ന പുരാതനമനുഷ്യർ മറുപടി കിട്ടാത്ത അവരുടെ ചോദ്യങ്ങളെ നേരിടാൻ കണ്ടെത്തിയതും, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യമനസ്സിൽ വേരുറച്ചതുമായ ദൈവം എന്ന അന്നത്തെ താത്കാലികോപായത്തെ അങ്ങനെ മാത്രമേ ഇന്നത്തെ മനുഷ്യജീവിതത്തിലെ ഒരനാവശ്യമെന്ന നിലയിൽ ലോകത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ കഴിയൂ. പക്ഷെ, അതു് സംഭവിക്കേണ്ടതു് ഓരോ മനുഷ്യമനസ്സിലുമാണു്. തെറ്റെന്നു് എത്രവട്ടം തെളിയിക്കപ്പെട്ട കാര്യമായാലും, തനിക്കു് അതുകൊണ്ടു് പ്രയോജനമുണ്ടായേക്കാം എന്നു് തോന്നിയാൽ, അതിനെ വീണ്ടും വാരിപ്പുണരാൻ മടിക്കുന്നവരല്ല മനുഷ്യർ എന്നു് നീറ്റ്സ്ഷെ. നീറ്റ്സ്ഷെ പറഞ്ഞ കാര്യങ്ങളിൽ ചിലതെങ്കിലും ഇന്നത്തെ കാഴ്ചപ്പാടിൽ ശരിയാവണമെന്നില്ലെങ്കിലും, ഇപ്പറഞ്ഞതു് ശരിയാണെന്നു് മനസ്സിലാക്കാൻ മാർക്സിസമെന്നാൽ മനുഷ്യസ്നേഹമാണെന്നും, ആയുർവ്വേദമെന്നാൽ സർവ്വരോഗസംഹാരിയാണെന്നുമെല്ലാം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു് സുഖജീവിതം നയിക്കുന്ന, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മനുഷ്യരെ വീക്ഷിച്ചാൽ മതി. അതുകൊണ്ടു്, ദൈവത്തെ ലോകത്തിൽ നിന്നും പൂർണ്ണമായി ആട്ടിയോടിക്കാൻ കഴിയുമെന്നതു് നൂറ്റാണ്ടുകളോളം, ഒരുപക്ഷേ, ലോകാവസാനത്തോളംവരെ, ഒരു വ്യാമോഹമായി, മാർക്സിസം പോലൊരു യുട്ടോപ്പിയയായി അവശേഷിക്കാനേ വഴിയുള്ളു.
തൊണ്ണൂറ്റൊൻപതു് ആടുകളെയും കുറുക്കന്മാർക്കു് വിട്ടുകൊടുത്തിട്ടു് നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെ തേടിപ്പോകണം എന്നല്ലേ ബൈബിളാണെങ്കിലും മനുഷ്യരോടു് അരുളിച്ചെയ്യുന്നതു്? വായും തുറന്നിരിക്കുന്ന വിശുദ്ധ നേർച്ചപ്പെട്ടിയുടെ മഹത്വത്തിലേക്കു് കുഞ്ഞാടിനെ മടക്കിക്കൊണ്ടുവരിക എന്ന ഒരേയൊരു ലക്ഷ്യം നേടാൻ വേണ്ടിയാണു് ആട്ടും തുപ്പും സഹിച്ചുള്ള ഈ ദൈവാസ്തിത്വകുരിശുയാത്ര.
ലിപി ഇല്ലാതെ ഗ്രന്ഥങ്ങൾ എഴുതപ്പെടാനാവില്ല. മതഗ്രന്ഥങ്ങൾ വർണ്ണിക്കുന്നതു് ദൈവസംബന്ധമായ കാര്യങ്ങളായതുകൊണ്ടു് എഴുതാൻ ലിപി വേണ്ട എന്നു് സ്വർഗ്ഗാരോഹണത്തിൽ വിശ്വസിക്കുന്ന ദൈവഭക്തർ പോലും പറയാനിടയില്ല. (ഭക്തരുടെ കാര്യമായതുകൊണ്ടു് പറയില്ലെന്നു് തീർച്ചയുമില്ല). മതഗ്രന്ഥങ്ങൾ എഴുതപ്പെടാൻ തുടങ്ങുന്നതിനു് മുൻപു്, മറ്റെല്ലാ കഥകളും എന്നപോലെതന്നെ, ദൈവകഥകളും വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്കു് പകർന്നുകൊടുക്കപ്പെട്ടിരുന്നു എന്നു് കരുതുന്നതിൽ അപാകതയൊന്നുമില്ല. പക്ഷേ, വാമൊഴിയായുള്ള പകർന്നുകൊടുക്കലിനും ഭാഷ ഒരനിവാര്യതയാണു്. ലിപിയും ഭാഷയും രൂപപ്പെടുന്നതിനു് മുൻപേ ലോകത്തിൽ പ്രാകൃതരായ മനുഷ്യർ ഉണ്ടായിരുന്നു. “ഭാഷ” ഇല്ലാതെ ആശയവിനിമയം നടത്തേണ്ടിയിരുന്ന മനുഷ്യർ! ഭൂമിയിൽ ഹോമോ സേപിയൻസ് രൂപമെടുത്തതു് ഏകദേശം 3 ലക്ഷം വർഷങ്ങൾക്കു് മുൻപു് മാത്രമാണു്. പക്ഷെ, ഭൂമി എന്ന ഗ്രഹം രൂപമെടുത്തിട്ടു് ഏകദേശം 45000 ലക്ഷം വർഷങ്ങളായി. അതേസമയം, ഭൂമി ഉൾപ്പെടുന്ന പ്രപഞ്ചം ഏകദേശം 138000 ലക്ഷം വർഷങ്ങൾക്കു് മുൻപേ തുടക്കം കുറിച്ചിരുന്നു. സുമേറിയൻസ് ആദ്യമായി ലിപി ഉപയോഗിച്ചതു് വെറും 6000 വർഷങ്ങൾക്കു് മുൻപു് മാത്രമാണെന്നോർക്കുമ്പോൾ, ലോകത്തിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിനും 6000 വർഷങ്ങൾക്കു് അപ്പുറം പഴക്കം ഉണ്ടാവാൻ കഴിയില്ലെന്ന വസ്തുത അനിഷേദ്ധ്യമായി മാറുകയാണു് ചെയ്യുന്നതു്.
ഒരു ബൈബിൾ അപാരത: ആദിമനുഷ്യരെന്നു് ബൈബിൾ വിശേഷിപ്പിക്കുന്ന ആദമിന്റെയും ഹവ്വയുടെയും രണ്ടാമത്തെ മകനായ ഹാബെലിനെ കൊന്ന മൂത്തമകൻ കയീനെ ദൈവം ശിക്ഷിച്ചതുമൂലം അവൻ ഏദെൻ തോട്ടത്തിനു് കിഴക്കുള്ള നോദ് ദേശത്തേക്കു് പുറപ്പെട്ടുപോയി അവിടെനിന്നും ഒരു സ്ത്രീയെ കല്യാണം കഴിച്ചു് പട്ടണമൊക്കെ പണിതു് താമസിക്കുകയായിരുന്നല്ലോ. പൊന്നപ്പന്റെ മാതാപിതാക്കൾ പണിയുന്ന വീടിനു് “പൊന്നപ്പൻ വില്ല” എന്നും, തുഷാറിന്റെ മാതാപിതാക്കൾ പണിയുന്ന വീടിനു് “തുഷാർ വില്ല” എന്നും പേരിടുന്ന കേരളീയരീതി അന്നു് നോദ് ദേശത്തെ പട്ടണം പണിയുടെ കാര്യത്തിലും നിലവിലുണ്ടായിരുന്നതിനാൽ, താൻ പണിത പട്ടണത്തിനു് കയീനും തന്റെ മകന്റെ പേരാണു് ഇട്ടതു് – “ഹാനോക്”. ഹാനോക്കിന്റെ മകൻ ഈരാദ്, ഈരാദിന്റെ മകൻ മെഹൂയയേൽ, മെഹൂയയേലിന്റെ മകൻ മെഥൂശയേൽ, മെഥൂശയേലിന്റെ മകൻ ലാമെക്. ശ്രീമാൻ ലാമെക് ആദാ, സില്ലാ എന്ന രണ്ടു് ഭാര്യമാരെ എടുത്തു. ആദായുടെ ഒരു മകൻ യാബാൽ – കൂടാരവാസികളുടെയും പശുപാലന്മാരുടെയും പിതാവു്. രണ്ടാമത്തവൻ യൂബാൽ – കിന്നരവും വേണുവും (മക്കാരും മർക്കോസും) പ്രയോഗിക്കുന്ന എല്ലാവരുടെയും പിതാവു്. സില്ലായുടെ മകൻ തൂബൽകയീൻ. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങൾ നിർമ്മിക്കലായിരുന്നു അവന്റെ പണി. തൂബൽകയീനു് ഒരു പെങ്ങളുമുണ്ടായിരുന്നു – നയമാ. അവളുടെ പണി എന്തായിരുന്നു എന്നു് രേഖപ്പെടുത്തിയിട്ടില്ല. ഒറ്റയ്ക്കിരുന്നു് കുബൂസ് ഉണ്ടാക്കിത്തിന്നുകയായിരുന്നിരിക്കണം പ്രധാനമായും ചെയ്തിരുന്ന പണി. തൂബൽകയീന്റെ ആയുധനിർമ്മാണ-പണിവിപണിയിലേക്കു് എത്തിച്ചേരാനാണു് ഈ കുബൂസ് കഥകൾ മുഴുവൻ പറഞ്ഞതു്. ചെമ്പും ഇരുമ്പും ഉപയോഗിച്ചു് ആയുധങ്ങൾ നിർമ്മിക്കുന്നതിനെപ്പറ്റി ബൈബിളിൽ ഒരു പരാമർശം ഉണ്ടെന്നതിനർത്ഥം, മനുഷ്യർ ചെമ്പും ഇരുമ്പും ഉപയോഗിച്ചു് ആയുധങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലത്തിനു് ശേഷമാണു് ആ ഗ്രന്ഥം എഴുതപ്പെട്ടതെന്നല്ലാതെ മറ്റെന്താണു്? ഏകദേശം 5000 BCE-ക്കും 3000 BCE-ക്കും ഇടയിലുള്ള കാലഘട്ടമാണു് “ചെമ്പുയുഗം” എന്നറിയപ്പെടുന്നതു്. മെറ്റലർജ്ജിയിൽ താത്പര്യമുള്ളവർക്കു് ബ്രോൺസ് യുഗത്തെപ്പറ്റി ഒരു തുടർഗവേഷണം നടത്താവുന്നതാണു്.
ബൈബിളോ, ഖുർആനോ, മറ്റു് വേദഗ്രന്ഥങ്ങളോ ഒരു കാരണവശാലും ദൈവസൃഷ്ടിയല്ലെന്നും, അവയിലെ വർണ്ണനകൾ ഏതെങ്കിലും വിധത്തിൽ ദൈവാസ്തിത്വത്തിനുള്ള തെളിവുകൾ നൽകാൻ പര്യാപ്തമല്ലെന്നും മനസ്സിലാക്കാൻ ഇതുപോലുള്ള ചരിത്രരേഖകളുമായി അവയെ താരതമ്യം ചെയ്താൽ മതി. ദൈവം ആദ്യമായി സൃഷ്ടിച്ച മനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും തത്കാലത്തെ ഏകമകനായ കയീനു് നോദ് എന്നൊരു ദേശത്തു് പോയി പെണ്ണുകെട്ടി താമസിക്കാൻ കഴിയുന്നുവെങ്കിൽ, ആ പെണ്ണിനെയും അവൾക്കു് അപ്പനമ്മമാർ ഉണ്ടായിരുന്നെങ്കിൽ അവരെയും സൃഷ്ടിച്ചതു് മറ്റൊരു ദൈവമാണെന്നോ മറ്റോ ആണോ ആ കഥ വിവരിക്കുന്ന ബൈബിൾ നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്?
ബെത്ലെഹെമിലും അതിന്റെ അതിരുകളിലും വസിക്കുന്ന കുടുംബങ്ങളിലെ രണ്ടു് വയസ്സും അതിൽ താഴെയുള്ളവരുമായ എല്ലാ കുഞ്ഞുങ്ങളെയും ഹെരോദാവ് ആളയച്ചു് കൊല്ലിച്ചു എന്നു് ബൈബിളിൽ മത്തായി “സത്യവാങ്‌മൂലം” നല്കുന്നുണ്ടു്. ആ സമയത്തു് കുഞ്ഞായിരുന്ന യേശുവിനെ കൊല്ലുക എന്നതായിരുന്നത്രെ ഹെരോദാവിന്റെ ലക്ഷ്യം! കോംപെറ്റീഷൻ ഒഴിവാക്കാതെ രക്ഷയില്ല എന്നു് വന്നപ്പോൾ, CPI (M)-നു് RMP-യിലെ ടി.പി. ചന്ദ്രശേഖരനെ അച്ചൂടും മുച്ചൂടും വെട്ടി കൊല്ലേണ്ടിവന്നില്ലേ? അതുപോലൊരു “ഓപ്പറേഷൻ സുനികൊടി” ആയിരുന്നിരിക്കണം ഹെരോദാവിന്റേതും. തികച്ചും ജനാധിപത്യപരം! കള്ളൻ മത്തായിയുടെ, അഥവാ “മത്തായിയുടെ സുവിശേഷം” എന്ന ബൈബിൾ പുസ്തകം എഴുതിയ കള്ളന്റെ യാഥാർത്ഥലക്ഷ്യം മറ്റൊന്നായിരുന്നു: മോശെയുടെ കാലത്തു്, യഹൂദരെ ഈജിപ്തിൽ നിന്നും മോചിപ്പിക്കാനായി, ഫറവോയുടെയും, ദാസികളുടെയും, മൃഗങ്ങളുടെയും വരെയുള്ള സകലത്തിന്റെയും ആദ്യജാതന്മാരെ ഒറ്റരാത്രികൊണ്ടു് യഹോവ കൊന്നൊടുക്കി എന്ന നുണയുടെ മാതൃകയിൽ, ഒരു നുണക്കഥ എഴുതിയുണ്ടാക്കി യേശുവിനെ മോശെക്കു് തുല്യനായി മാറ്റിയെടുക്കുക! പക്ഷെ, ബൈബിൾ വർണ്ണനയിലെ ഹെരോദാവിൽ നിന്നും വ്യത്യസ്തമായി, ലോകചരിത്രത്തിൽ നിലനിൽക്കുന്ന മറ്റൊരു ഹെരോദാവുണ്ടു്. ദൈവപുത്രനെന്നു് ബൈബിൾ ഘോഷിക്കുന്ന യേശുവിനെപ്പറ്റി ലോകത്തിനു് അറിയാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളേക്കാൾ എത്രയോ മടങ്ങു് വിശദവും വ്യക്തവുമായ വിവരങ്ങൾ ഹെരോദാവിനെപ്പറ്റി ലോകത്തിലെ ചരിത്രകാരന്മാർക്കു് ഇന്നറിയാം. കുഞ്ഞുങ്ങളെ കൊല്ലലോ അതിനപ്പുറമോ ഉള്ള ക്രൂരതകൾ ചെയ്യാൻ മടിക്കുന്നവനായിരുന്നില്ലെങ്കിലും, ആ വിഷയത്തിൽ ഹെരോദാവിനെക്കുറിച്ചുള്ള ബൈബിൾ വർണ്ണന നുണയിൽ ചാലിച്ച സങ്കല്പസൃഷ്ടി മാത്രമാണെന്നതാണു് സത്യം. റോം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയുടേതുപോലുള്ള ഒരു സാങ്കല്പിക ക്രൈസ്തവസൃഷ്ടി. മതങ്ങളിലെ എന്നപോലെതന്നെ, രാഷ്ട്രീയത്തിലെയും പീറ ഭക്തന്മാരുടെ “സത്യവാങ്മൂലങ്ങളിൽ” നിന്നും എത്ര അകന്നു് നിൽക്കാൻ കഴിയുന്നോ അത്രയും അതു് മനുഷ്യർക്കു് ഗുണകരമായിരിക്കും എന്നു് ഗുണപാഠം.
സത്യത്തിന്റെ സാക്ഷ്യത്തിനായി യേശു മാത്രമേ ലോകത്തിലേക്കു് അവതരിച്ചുള്ളൂ എന്നു് കരുതണ്ട. സൂര്യന്റെ ഉദയാസ്തമയങ്ങളെപ്പറ്റി ഇതാ മുഹമ്മദ് നബി ഖുർആനിലൂടെ നൽകുന്ന ഒരു ഉഗ്രൻ സയന്റിഫിക് “സത്യവാങ്‌മൂലം”:
“ഒരിക്കൽ സൂര്യൻ അസ്തമിച്ചപ്പോൾ അബൂദറ്നോടു് നബി ചോദിച്ചു: അതു് എങ്ങോട്ടാണു് പോകുന്നതു് എന്നു് താങ്കൾക്കു് അറിയാമോ?
അദ്ദേഹം പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണു് കൂടുതൽ അറിയുന്നതു്.
തിരുമേനി പറഞ്ഞു (തിരുമേനിയുടെ നാവിലൂടെ അല്ലാഹു പറഞ്ഞു എന്നായിരുന്നേനെ കൂടുതൽ ശരി): “അർശസ്സിനു് ചുവട്ടിൽ, സോറി, അർശിനു് ചുവട്ടിൽ സുജൂദ് ചെയ്യുന്നതുവരെ അതു് പോവുകയും, അപ്പോൾ അതു് അനുവാദം ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ അതിനു് അനുവാദം നൽകപ്പെടുന്നു. അതു് സുജൂദ് ചെയ്യാതാവുകയും, അതിൽനിന്നും സ്വീകരിക്കപ്പെടാതാവുകയും ചെയ്യും. അതു് അനുമതി ചോദിക്കുകയും അനുവാദം നല്കപ്പെടാതിരിക്കുകയും ചെയ്യും. എവിടെനിന്നാണോ നീ വന്നതു്, അങ്ങോട്ടുതന്നെ മടങ്ങുക എന്നു് പറയപ്പെടും. അങ്ങനെ അതു് അതിന്റെ പടിഞ്ഞാറുനിന്നു് ഉദിക്കുന്നു. അതാണു് അല്ലാഹുവിന്റെ വചനം.”
(സുജൂദ് ചെയ്യാതാവലോ, അതോ സുജൂദ് സ്വീകരിക്കപ്പെടാതാവലോ ആദ്യം സംഭവിക്കുക എന്നെനിക്കറിയില്ല. ദിനംപ്രതിയുള്ള സൂര്യന്റെ പോക്കുവരവുകളിൽ ഇന്നുവരെ മാറ്റമൊന്നും വീക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, ലോകാരംഭത്തിൽ സുജൂദ് സംബന്ധമായി സൂര്യനും അല്ലാഹുവും ഉഭയസമ്മതത്തോടെ ഒപ്പുവച്ച ഉടമ്പടിപ്രകാരം നിലവിൽവന്ന കൊടുക്കൽ-വാങ്ങലുകൾ പതിവുപോലെ തുടരുന്നുണ്ടെന്നു് വേണം കരുതാൻ. അല്ലാഹുവും സൂര്യനും സുജൂദ് വിഷയത്തിൽ സ്റ്റേയ്റ്റസ് ക്വോ പാലിക്കുന്നതിനു് പിന്നിൽ തൊഴിലധിഷ്ഠിതമായ ഒരു കാരണമുണ്ടെന്നാണു് എന്റെ അഭിപ്രായം. സൂര്യൻ സുജൂദ് ചെയ്യാതായാൽ പിന്നെ സുജൂദിനെ സ്വീകരിക്കാൻ അല്ലാഹുവിനോ, സുജൂദ് സ്വീകരിക്കപ്പെടാതായാൽ പിന്നെ സുജൂദ് ചെയ്യാൻ സൂര്യനോ വല്ല വട്ടുമുണ്ടോ? അതിനാൽ, തമ്പ്രാൻ-അടിയാൻ, ഇരട്ടച്ചങ്കു്-ഒറ്റച്ചങ്കു്, തിരുമേനി-അല്മേനി, കമ്മൂണിഷ്ട്-കാങ്കിരസ് തുടങ്ങിയ അനേകം ദ്വന്ദ്വങ്ങൾ പോലെ, കൊടുത്തും കൊണ്ടും ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ മുന്നോട്ടു് നീങ്ങുന്നതാണു്, പണമില്ലാതെ പിണമായി, പിണറായിയായി മാറിയാലത്തെ അവസ്ഥാന്തരദുരന്തങ്ങൾ ഒഴിവാക്കാൻ നല്ലതെന്നു് രണ്ടുപേർക്കും തോന്നും, തോന്നാതിരിക്കാൻ വഴിയില്ല. – അതാണു് ലോകഗതി!)
ഇതാ മറ്റൊരു അഫിഡെവിറ്റ്:
“സൂര്യൻ അതിനു് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്കു് സഞ്ചരിക്കുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണതു്.” – യാസിൻ: 38, ബുഖാരി. (അറിയാത്തവർക്കായി: ബ്രണ്ണൻ കോളേജിൽ പഠിച്ചു് മാത്തമാറ്റിക്സിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ ആളാണു് രാജമാന്യരാജശ്രീ, നിതാന്തവന്ദ്യദിവ്യശ്രീ അല്ലാഹു).