RSS

Daily Archives: Aug 18, 2007

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 3

ബൈബിളിലെ വിവരണപ്രകാരം ലോകത്തിലെ ആദിമനുഷ്യര്‍ ദൈവതിരുമുന്‍പില്‍ ചെയ്ത ആദ്യപാപം അനുസരണമില്ലായ്മയായിരുന്നു. എന്തു് അനുസരണക്കേടാണു് അവര്‍ കാണിച്ചതു്? എദന്‍ തോട്ടത്തിന്റെ നടുവില്‍ നിന്നിരുന്ന ഒരു വൃക്ഷത്തില്‍നിന്നും നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പഴം പറിച്ചുതിന്നു. അതായതു്, അറിവുണ്ടാവാന്‍, അഥവാ അജ്ഞതയില്‍നിന്നും മോചനം നേടാന്‍ ശ്രമിച്ചു എന്നതാണു് മനുഷ്യര്‍ ചെയ്ത ആദ്യത്തെ പാപം! തിരിച്ചറിവു് നേടാന്‍ ശ്രമിക്കുന്നതു് ദൈവത്തോടു് ചെയ്യുന്ന ഏറ്റവും വലിയ പാപമായി വരുത്തുകയും, അതിന്റെ പേരില്‍ ദൈവം മനുഷ്യരെ പറുദീസയില്‍നിന്നും പുറത്താക്കിയതായി വര്‍ണ്ണിക്കുകയും ചെയ്യുന്നതുവഴി പുരോഹിതന്‍ അനുസരണയില്ലായ്മയെയും പാപങ്ങളുടെ പട്ടികയിലെ പ്രധാന സ്ഥാനത്തുതന്നെ പ്രതിഷ്ഠിക്കുന്നു. ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളെ ഇടതുകൈകൊണ്ടു് അമ്മാനമാടാന്‍ കഴിയുന്ന, കഴിയേണ്ടുന്ന ഒരു ദൈവം തോട്ടത്തിന്റെ നടുവില്‍ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം നട്ടുപിടിപ്പിച്ചപ്പോള്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു് എന്തെന്നു് അറിഞ്ഞില്ല പോലും! തിന്നാന്‍ കൊള്ളാത്ത, അഥവാ തിന്നാല്‍ മരിച്ചുപോകുന്ന ഫലം കായ്ക്കുന്ന ഒരു വൃക്ഷമായി തീരുമെന്നു് അറിഞ്ഞുകൊണ്ടു്, തന്റെ മക്കള്‍ അതു് പറിച്ചു് തിന്നുമോ എന്നു് പരീക്ഷിക്കാനായി ഒരു സാധാരണ കര്‍ഷകന്‍ പോലും അതിനു് തടമെടുത്തു് നട്ടുനനച്ചു് വളമിട്ടു് വളര്‍ത്തുവാന്‍ തയ്യാറാവുകയില്ല എന്നിരിക്കെ, സര്‍വ്വജ്ഞാനിയായ ഒരു ദൈവം അതുപോലൊരു മരം, അതും തോട്ടത്തിന്റെ ഒത്തനടുവില്‍ത്തന്നെ, നട്ടുപിടിപ്പിക്കുന്നു! ആത്മീയനേതൃത്വം പൊതുവേ അവരുടെ അനുയായികള്‍ക്കു് കര്‍ശനമായി വിലക്കുന്ന സ്വാതന്ത്ര്യം മനുഷ്യരുടെ പ്രവൃത്തികളില്‍ അനുവദിക്കുന്നവനാണു് ദൈവം എന്നു് കരുതിയാല്‍ തന്നെ, അവയുടെ പരിണതഫലങ്ങള്‍ അറിയാത്തവനാവുകയില്ല എന്നു് അംഗീകരിക്കാതെ നിവൃത്തിയില്ല. പുരോഹിതന്റെ പഠിപ്പിക്കലുകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ മനുഷ്യര്‍ മണ്ടന്മാരായി തുടരണം. അതിനാല്‍ പുരോഹിതന്‍ മനുഷ്യരെ പഠിപ്പിച്ചു: “അറിവു് പാപമാണു്, അനുസരണമില്ലായ്മ പാപമാണു്, ലൈംഗികത പാപമാണു്”! ചുരുക്കത്തില്‍, ജീവിതത്തിനു് അര്‍ത്ഥപൂര്‍ണ്ണതയും വ്യക്തിത്വവും ആനന്ദസൗഭാഗ്യവും പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ അപ്പാടെ പാപമാണു്! കൊന്തനമസ്കാരവും നോമ്പും പ്രാര്‍ത്ഥനയും ഒഴികെ ബാക്കി എല്ലാം അനുതപിച്ചു് കരഞ്ഞുവിളിച്ചു് കുമ്പസാരിക്കേണ്ട മഹാപാപങ്ങളാണു്! ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമല്ല, സ്ത്രീയെ മോഹിക്കേണ്ടതിനു് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ടു് അവളോടു് വ്യഭിചാരം ചെയ്തുകഴിഞ്ഞു – (മത്തായി 5: 27, 28) പുരുഷനെ മോഹിക്കേണ്ടതിനു് അവനെ നോക്കുന്ന സ്ത്രീകളും ഹൃദയം കൊണ്ടു് അവനോടു് വ്യഭിചാരം ചെയ്യുന്നുണ്ടോ ആവോ! അതോ സ്ത്രീകള്‍ക്കു് മോഹവും ഹൃദയവും ഒന്നും ഇല്ലെന്നാവുമോ? പിന്നെ എന്തിനാണെന്നുണ്ടോ പെണ്‍വര്‍ഗ്ഗം ഒന്നടങ്കം കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി കണ്ണെഴുതി വളകളും തളകളും കിലുങ്ങുന്നവിധം തുള്ളിക്കുണുങ്ങി നടക്കുന്നതു്? (പുരാതനകാലത്തെ യഹൂദരുടെ ഇടയില്‍ സ്ത്രീകള്‍ക്കും, പന്ത്രണ്ടു് വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്കും ആത്മാവില്ല എന്ന വിശ്വാസം നിലനിന്നിരുന്നത്രേ! ഒരുപക്ഷേ അതുകൊണ്ടാവാം മോഹിക്കേണ്ടതിനായി നോക്കി വ്യഭിചരിക്കുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളെ യേശു ഉള്‍പെടുത്താതിരുന്നതു്. ആത്മാവില്ലാത്തവര്‍ക്കെന്തിനു് ഹൃദയം? ഹൃദയമില്ലാത്തവര്‍ക്കെന്തു് മോഹം?)

സ്ത്രീപുരുഷശരീരങ്ങള്‍ യുവത്വം ആരംഭിക്കുന്നതോടെ മനോഹാരിതയുടെ പാരമ്യതയില്‍ എത്തുന്നതു് പരസ്പരം ആകര്‍ഷിക്കപ്പെടാനും സ്നേഹിക്കപ്പെടാനും ആസ്വദിക്കപ്പെടാനും അതുവഴി മനുഷ്യന്‍ എന്ന വര്‍ഗ്ഗം ഭൂമിയില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമാവാതിരിക്കാനും വേണ്ടിയാവാനാണു് കൂടുതല്‍ സാദ്ധ്യത എന്നെനിക്കു് തോന്നുന്നു. ഭൂതങ്ങളേപ്പോലെ അടിമുതല്‍ മുടിവരെ കറുത്ത കുപ്പായത്തില്‍ മൂടി മനുഷ്യരെ ഭയപ്പെടുത്തിയാല്‍ മാത്രമേ വംശവര്‍ദ്ധനവിനുള്ള ദാഹം വര്‍ദ്ധിക്കുകയുള്ളുവെങ്കില്‍, പ്രായപൂര്‍ത്തി ആവുന്നതോടെ പ്രകൃതി മനുഷ്യരെ കറുത്ത ചാക്കുകൊണ്ടു് പൊതിയുമായിരുന്നു. കരടികളെ രോമം കൊണ്ടു് പൊതിയുന്ന പ്രകൃതിക്കു് തീര്‍ച്ചയായും അതിനുള്ള കഴിവു് ഉണ്ടാവുമായിരുന്നു എന്നാണെന്റെ വിശ്വാസം. തണുപ്പില്‍നിന്നും രക്ഷനേടാന്‍ പ്രത്യേകം പുതപ്പുവാങ്ങാതെ കഴിക്കുകയും ചെയ്യാമായിരുന്നു. ചാക്കില്‍ പൊതിഞ്ഞവരെ ചാക്കിട്ടുപിടിച്ചു് ലൈംഗീകവേഴ്ച്ച നടത്തി മനുഷ്യര്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെ പെരുകണമെന്നതു് ദൈവത്തിന്റെ കല്‍പനയാണോ എന്നെനിക്കറിയില്ല. അതായിരുന്നു ദൈവത്തിന്റെ ലക്‍ഷ്യമെങ്കില്‍, കുഞ്ഞിനെ പ്രസവിക്കുന്നതിനു് പകരം മത്സ്യങ്ങളേപ്പോലെയോ, തവളകളേപ്പോലെയോ ആയിരക്കണക്കിനു് മുട്ടകള്‍ ഒറ്റയടിക്കു് ഇടാന്‍ ശേഷിയുള്ള പ്രസവയന്ത്രങ്ങളായി സ്ത്രീകളെ സൃഷ്ടിക്കുന്നതായിരുന്നില്ലേ കൂടുതല്‍ അനുയോജ്യം? ഓണത്തിനു് ഒന്നാംതരമൊരു പൂക്കളം ഒരുക്കിയശേഷം അതിനുമീതെ ഒരു വലിയ ചാക്കിട്ടങ്ങുമൂടിയാല്‍ എന്താ അതിന്റെ ഒരു ചന്തം!? മതാന്ധതയിലെ അബോധാവസ്ഥമൂലം പറയുന്നതിന്റെ പരിണതഫലം എന്തെന്നുപോലും അറിയാന്‍ കഴിവില്ലാതായിത്തീര്‍ന്ന ഒരുപറ്റം വികലമാനസരാല്‍ നയിക്കപ്പെടേണ്ടിവരുന്ന പാവം വിശ്വാസികള്‍!

കുര്‍ട്‌ ടുഹോള്‍സ്കി പറയുന്നപോലെ, “എനിക്കു് കഴിയുന്നില്ല അതുകൊണ്ടു് നിനക്കു് അനുവാദവുമില്ല” എന്നതാവാം ഈ ഷണ്ഡപണ്ഡിതരെ നയിക്കുന്ന ചേതോവികാരം. പുരോഹിതന്‍ അനുഗ്രഹിച്ചതുകൊണ്ടു് മാത്രം കുഞ്ഞുങ്ങള്‍ ജനിക്കുകയോ, അനുവദിക്കാത്തതുകൊണ്ടു് ജനിക്കാതിരിക്കുകയോ ചെയ്യുമെന്നു് എനിക്കു് തോന്നുന്നില്ല. വംശവര്‍ദ്ധനവിനു് അതിലുപരി ജന്തുശാസ്ത്രപരമായ ചില സൂത്രങ്ങള്‍ നിറവേറ്റപ്പെടേണ്ടതുണ്ടു്. ഒരു പുതിയ ജീവന്‍ രൂപംകൊള്ളാന്‍ ഇക്കാലത്തു് സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി ബന്ധപ്പെട്ടേ തീരൂ എന്നില്ല എന്നതിന്റെ തെളിവല്ലേ കൃത്രിമ ഗര്‍ഭധാരണം വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍? അതൊന്നും മനസ്സിലാവാത്ത ആത്മാവിന്റെ വക്കീലന്മാര്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതല്ലേ കൂടുതല്‍ ഉത്തമം? ഇന്ദ്രിയങ്ങള്‍ ഈ ലോകത്തില്‍ മാര്‍ഗ്ഗദര്‍ശനം ലഘൂകരിക്കാനും ജീവിതം ആസ്വാദ്യകരമാക്കുവാനുമുള്ളതാണു്. അവയുടെ പ്രേരണക്കനുസൃതമായി ഉപയോഗിക്കേണ്ട സമയത്തു് മനുഷ്യശരീരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ അവ പുഴുവിനും ചിതലിനുമൊക്കെ സന്തോഷം പകരാനേ ഉപകരിക്കൂ. ലൈംഗികത പുരോഹിതദൃഷ്ടിയില്‍ മാത്രമാണു് പൈശാചികം. പ്രകൃതിയുടെ ഭംഗിയും അതിലെ വിഭവങ്ങളും യുവത്വത്തിന്റെ സൗന്ദര്യവും ആസ്വദിക്കപ്പെടാനുള്ളതാണു്. കാട്ടുമൃഗങ്ങള്‍ പോലും അവയുടെ ജന്മസഹജമായ വാസനകള്‍ക്കു് അനുസൃതമായാണു് ജീവിക്കുന്നതു്. പക്ഷേ, ചിന്താശേഷിയുള്ള, സമൂഹജീവികള്‍ എന്നവകാശപ്പെടുന്ന മനുഷ്യര്‍ക്കുമാത്രം അതു് മഹാപാപമായതിനാല്‍ ദൈവം നിഷേധിക്കുന്നു, അഥവാ നിഷേധിക്കുന്നതായി പുരോഹിതന്‍ പഠിപ്പിക്കുന്നു.

കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ അടിത്തറ കുടുംബമാണു്. ഭദ്രതയുള്ള കുടുംബത്തില്‍നിന്നേ വിവേകമുള്ള തലമുറകള്‍ ഉരുത്തിരിയുകയുള്ളു. ലൈംഗികവും, മാനസികവുമായ ആകര്‍ഷണം കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മുന്‍വിധിയാണു്. നോമ്പും പ്രാര്‍ത്ഥനയുമാണു് ജീവിതലക്‍ഷ്യമെങ്കില്‍ അതിനു് ഒരു കുടുംബം വേണമെന്നില്ല. പ്രാര്‍ത്ഥന അധികപങ്കു് മനുഷ്യര്‍ക്കും ഒരു ലക്‍ഷ്യമല്ല; ജീവിതം സുഖപ്രദമാവണം എന്ന ലക്‍ഷ്യത്തിനു് ദൈവസഹായം ഉറപ്പുവരുത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പിന്‍തുടരപ്പെടുന്ന ഒരു മാര്‍ഗ്ഗം മാത്രമാണു്. അസ്തിത്വഭയത്തില്‍ അധിഷ്ഠിതമായ (തത്വത്തില്‍ അടിസ്ഥാനരഹിതമായ!) മനഃശാസ്ത്രപരമായ ഒരാവശ്യം, അത്രതന്നെ. പ്രാര്‍ത്ഥനവഴി ആര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടെങ്കില്‍ അതിനു് ആര്‍ക്കെന്തു് പരാതി? പക്ഷേ മനുഷ്യന്‍ തേടുന്ന ആത്മീയസമാധാനം ആവശ്യത്തിനനുസരിച്ചു് വിതരണം (demand and supply) എന്ന കമ്പോളനിയമത്തിനു് അധീനമാക്കപ്പെടുമ്പോള്‍ അതു് ആത്മീയമോ ദൈവീകമോ അല്ല, പ്രത്യുത, ലൗകികവും മാനുഷികവുമാണു്, വില്‍ക്കലും വാങ്ങലുമാണു്, കച്ചവടമാണു്, വ്യവസായമാണു്. അതിനായി ഒരു ജഗദീശ്വരന്റെ നാമം ദുരുപയോഗം ചെയ്യപ്പെടുന്നതു് അനീതിയും അധര്‍മ്മവുമാണു്. അതു് ദൈവത്തെ നിന്ദിക്കലും താഴ്ത്തിക്കെട്ടലുമാണു്. സ്വയം അദ്ധ്വാനിക്കാതെ പ്രാര്‍ത്ഥനയും ധ്യാനവും മാത്രം ജീവിതലക്‍ഷ്യമാക്കുന്ന സന്ന്യാസിമാരും വിശപ്പും ദാഹവും ഉള്ളവര്‍ തന്നെയാണു് എന്നതിനാല്‍, അവര്‍ സത്യത്തില്‍ മറ്റു് മനുഷ്യരുടെ ചെലവില്‍ ജീവിക്കുന്നവരല്ലേ? പ്രാര്‍ത്ഥനകൊണ്ടേ ഭൂമി വിളവുനല്‍കൂ എന്നു് അദ്ധ്വാനിക്കുന്ന പാവങ്ങളെ വിശ്വസിപ്പിച്ചു് സ്വന്തം അപ്പം നേടുകയല്ലേ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു്? എന്തെങ്കിലും പ്രവര്‍ത്തിക്കുന്നവര്‍ക്കേ തെറ്റുപറ്റുകയുള്ളു. ഒന്നും ചെയ്യാത്തവനു് തെറ്റു് പറ്റുന്നതെങ്ങനെ? നിഷ്ക്രിയത്വം തെറ്റോ പാപമോ അല്ലാത്തതുമൂലമാണു് അപ്രമാദിത്വം അവകാശപ്പെട്ടു് ദൈവതുല്യരാകുവാന്‍ നിഷ്ക്രിയര്‍ക്കു് കഴിയുന്നതു്. ഒന്നും ചെയ്യാതെ, മറ്റുള്ളവരുടെ പ്രവൃത്തികളിലെ തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു് അവരുടെ ചെലവില്‍ ജീവിക്കുന്നതു് ഒരു മഹത്വമായി കണക്കാക്കപ്പെടുന്ന സമൂഹങ്ങളില്‍ കഴിയുമെങ്കില്‍ ഒന്നും ചെയ്യാതിരിക്കാന്‍ ചില അതിബുദ്ധിമാന്മാര്‍ ശ്രമിക്കുന്നതില്‍ എന്തത്ഭുതം? വലിയ അദ്ധ്വാനമൊന്നുമില്ലാതെ ഭൂമിയില്‍ അല്ലലറിയാതെ ജീവിക്കാനും സ്വര്‍ഗ്ഗത്തില്‍ സ്വന്തം സീറ്റ്‌ ഉറപ്പാണെന്നു് വിശ്വസിക്കാനും കഴിയുന്നതിനേക്കാള്‍ അഭികാമ്യമായ ജീവിതം എവിടെ? ആഹാരസമ്പാദനത്തിനായി ജീവജാലങ്ങള്‍ ഇരകളുടെ ബലഹീനതകള്‍ മുതലെടുക്കുന്നതു് പ്രകൃതിസഹജമാണു്. പക്ഷേ സഹജീവികളെ ഒരേ ദൈവത്തിന്റെ മക്കള്‍ എന്നു് വിശേഷിപ്പിക്കാനും, അതേ ദൈവനാമം തന്നെ കാണിച്ചു് പൊള്ളവാഗ്ദാനം നല്‍കി ചൂഷണം ചെയ്യാനും തൊലിക്കട്ടി മാത്രം പോരാ, ഒരു നല്ല പങ്കു് മനുഷ്യാധമത്വവും വേണം. ഇതൊരു തന്ത്രമാണെന്നു് മനസ്സിലാക്കാന്‍ കഴിവില്ലാതാക്കിത്തീര്‍ത്ത സാധാരണമനുഷ്യര്‍ സ്വമേധയാ ബലിമന്ദിരങ്ങള്‍ തേടിച്ചെല്ലുക മാത്രമല്ല, അതിലെ യുക്തിഹീനത പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്ന സത്യാന്വേഷികളെ – വിരോധാഭാസമെന്നേ പറയേണ്ടൂ – എന്തുവിലകൊടുത്തും നശിപ്പിക്കേണ്ട ദൈവദോഷികളായും, തങ്ങളെ ചൂഷണം ചെയ്യുന്നവരെ ഭയഭക്തിപുരസരം തൊഴുതുവണങ്ങേണ്ട ദൈവതുല്യരായും വിലയിരുത്തുകകൂടി ചെയ്യുന്നു! ബലിമന്ദിരങ്ങള്‍ തേടി അങ്ങോട്ടു് ചെല്ലുന്ന ബലിമൃഗങ്ങള്‍!

ഏതെങ്കിലും ഒരു മത്തായിയുടേയോ മര്‍ക്കോസിന്റേയോ വംശം നിലനില്‍ക്കണമോ വേണ്ടയോ എന്നതു് പ്രകൃതിയുടെ തലവേദനയല്ല. അതു് അവരുടെ സ്വന്തം കാര്യം. തങ്ങള്‍ക്കു് വേണ്ടതു് വനവാസമോ ഗുഹാവാസമോ തപസ്സോ ശുഷ്കാസനമോ എന്നു് ഒരോരുത്തരും സ്വയം തീരുമാനിക്കണം. വ്യക്തിപരമായ ഏതെങ്കിലും പരിഗണനകളുടെ പേരില്‍, “പ്രകൃതിവിരുദ്ധജീവിതം” തെരഞ്ഞെടുക്കുന്നവര്‍ അവരുടെ നിലപാടു് നീതീകരിക്കാന്‍ ശ്രമിക്കുന്നതു് മനസ്സിലാക്കാം. അതിനുള്ള സ്വാതന്ത്ര്യവും തീര്‍ച്ചയായും അവര്‍ക്കുണ്ടു്. പക്ഷെ അങ്ങനെയുള്ളവര്‍ മനുഷ്യരുടെമേല്‍ അധികാരം സ്ഥാപിച്ചു്, പ്രകൃതിസഹജമായ വാസനകളും വികാരങ്ങളും പാപങ്ങളാണെന്നു് വിവക്ഷിച്ചു് അവരില്‍ കുറ്റബോധം കുത്തിവയ്ക്കുന്നതു് മനുഷ്യദ്രോഹമാണു്, മനുഷ്യവര്‍ഗ്ഗത്തോടു് ചെയ്യുന്ന പാതകമാണു്. മനുഷ്യര്‍ അവരുടെ ഭാവി തലമുറയെ കുറ്റബോധത്തോടെ ജനിപ്പിക്കേണ്ടിവരുന്നതോ ദൈവഹിതം? ഇത്തരം ഭ്രാന്തു് ദൈവകല്‍പനയെന്നു് പഠിപ്പിക്കുന്നവരാണു് യഥാര്‍ത്ഥദൈവദോഷികള്‍. മനുഷ്യര്‍ എന്തു് ചെയ്യുന്നതും, എന്തു് ചെയ്യാതിരിക്കുന്നതുമാണോ തന്റെ നിലനില്‍പ്പിനു് പ്രയോജനപ്രദം, അതിനു് അനുയോജ്യമായി മനുഷ്യരെ വളര്‍ത്തിയെടുക്കുക എന്നതാണു് പുരോഹിതന്‍ പഠിപ്പിക്കുന്ന സകല ദൈവകല്‍പനകളുടെയും ലക്‍ഷ്യം. പുരോഹിതന്‍ പറയുന്ന “ദൈവതിരുമുന്‍പില്‍” എന്ന വാക്കിനു് “പുരോഹിതതിരുമുന്‍പില്‍” എന്നല്ലാതെ മറ്റു് യാതൊരു അര്‍ത്ഥവും കല്പിക്കേണ്ടതില്ല. ദൈവം ആവശ്യപ്പെട്ടാല്‍ വിശ്വാസികളുടെ പിതാവായ അബ്രാഹാമിനേപ്പോലെ സ്വന്തം മകനെ വരെ ബലികഴിക്കാന്‍ മനുഷ്യര്‍ തയ്യാറായിരിക്കണം. (അബ്രാഹാമിന്റെ കാലത്തു് നരബലി എന്ന ഏര്‍പ്പാടു് അസാധാരണമായിരുന്നില്ല എന്നു് മാത്രമേ ഈ വര്‍ണ്ണന വഴി മനസ്സിലാക്കേണ്ടതുള്ളു.) തന്റെ ആവശ്യമെന്തെന്നു് ദൈവം പുരോഹിതനെ അറിയിക്കുന്നു; പുരോഹിതന്‍ അതു് മനുഷ്യരെ അറിയിക്കുന്നു; അവര്‍ അനുസരണയുള്ള കുഞ്ഞാടുകളേപ്പോലെ കഴുത്തു് നീട്ടി കാണിക്കുന്നു, അഥവാ കാണിക്കണമെന്നു് പുരോഹിതന്‍ ആഗ്രഹിക്കുന്നു.

മനുഷ്യര്‍ നന്മ ചെയ്യുന്നതിലെ സന്തോഷം രേഖപ്പെടുത്തുന്നതിനേക്കാള്‍, തിന്മ ചെയ്യുന്നതിലെ ദുഃഖവും അതിലേറെ അമര്‍ഷവും പ്രകടിപ്പിക്കുന്നതിലും, അതിനു് നിര്‍ബന്ധമായും പരിഹാരം ചെയ്യാന്‍ കല്‍പിക്കുന്നതിലും ദൈവം കാണിക്കുന്നതായി പൊതുവേ വേദഗ്രന്ഥങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്ന ശുഷ്കാന്തി ശ്രദ്ധേയമാണു്. മൃഗങ്ങളിലും, സസ്യങ്ങളില്‍പോലും അസ്തിത്വസ്വാഭാവികതയായ ഗുണങ്ങള്‍ മനുഷ്യരില്‍ പാപങ്ങളായി പരിണമിക്കുന്നതു്, പരിഗണിക്കണമെന്നു് പഠിപ്പിക്കപ്പെടുന്നതു്, പാപപരിഹാരമായി ലഭിക്കുന്ന ബലിയര്‍പ്പണങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ദൈവത്തിനു് കഴിയില്ല എന്നതുകൊണ്ടാവുമോ? മനുഷ്യരുടെ അദ്ധ്വാനഫലം കൊണ്ടു് ജീവിക്കേണ്ടിവരുന്ന ഒരു ദൈവം തന്റെ നിലനില്‍പ്പുതന്നെ സാദ്ധ്യമാക്കിത്തീര്‍ക്കുന്ന മനുഷ്യരുടെ ആശ്രിതനല്ലേ ആവുകയുള്ളു? കൃഷി ചെയ്തോ, ചുമടു് ചുമന്നോ, റിക്ഷ വലിച്ചോ, റോഡു് മെറ്റല്‍ ചെയ്യാന്‍ കരിംപാറ തല്ലിപ്പൊട്ടിച്ചോ, മറ്റേതെങ്കിലും വിധത്തില്‍ അദ്ധ്വാനിച്ചോ ഒരു ദൈവവും മനുഷ്യര്‍ക്കു് ചെലവിനു് കൊടുത്തതായി ഇന്നോളം ഞാന്‍ കേട്ടിട്ടില്ല. നേരേമറിച്ചു്, പറുദീസയില്‍നിന്നും പുറത്താക്കിയപ്പോള്‍ മുഖം വിയര്‍ത്തു് അദ്ധ്വാനിച്ചു് കഷ്ടതയോടെ അഹോവൃത്തി കഴിക്കുവാന്‍ കല്‍പിക്കുക മാത്രമല്ല, വിളവു് നശിപ്പിക്കുന്ന മുള്ളും പറക്കാരയും കൃഷിഭൂമിയില്‍നിന്നു് മുളയ്ക്കട്ടേയെന്നു് മനുഷ്യനെ ശപിക്കുക കൂടിയായിരുന്നു സ്നേഹമയനായ ദൈവം! (ഉല്പത്തി 3: 17, 18) ആ ദൈവം തന്നെ മനുഷ്യന്റെ പ്രയത്നഫലത്തിന്റെ അംശം കാഴ്ചയും വഴിപാടുമായി ആവശ്യപ്പെടുന്നു! ചുരുങ്ങിയപക്ഷം ബൈബിളില്‍ അങ്ങനെ വര്‍ണ്ണിക്കപ്പെടുന്നു. “വെറുംകയ്യോടെ നിങ്ങള്‍ എന്റെ മുന്‍പാകെ വരരുതു്.” – (പുറപ്പാടു് 34: 20) വെറുംകയ്യോടെ വരരുതു് എന്നു് കേട്ടതുകൊണ്ടു് കയ്യില്‍ കിട്ടിയതുമായി ദൈവസന്നിധിയില്‍ എത്താതിരിക്കാനും ദൈവം മുന്‍കൂട്ടിത്തന്നെ കരുതല്‍ നടപടി സ്വീകരിക്കുന്നു. ശ്രദ്ധിക്കൂ: “കുരുടു്, ചതവു്, മുറിവു്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനേയും യഹോവയ്ക്കു് അര്‍പ്പിക്കരുതു്. ഇവയില്‍ ഒന്നിനേയും യഹോവയ്ക്കു് യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു്. അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയേയും കുഞ്ഞാടിനേയും സ്വമേധാദാനമായിട്ടു് അര്‍പ്പിക്കാം. എന്നാല്‍ നേര്‍ച്ചയായിട്ടു് അതു് പ്രസാദമാകയില്ല. വരി ചതച്ചതോ, എടുത്തുകളഞ്ഞതോ, ഉടച്ചതോ, മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവയ്ക്കു് അര്‍പ്പിക്കരുതു്.” – (ലേവ്യ. 22: 22 – 24) (വാസെക്ടമി കഴിഞ്ഞ പുരുഷന്മാര്‍ എന്തിനായി ദൈവസന്നിധിയിലെത്തുന്നു എന്നെനിക്കു് മനസ്സിലാവുന്നില്ല. “കണ്ടതു് കണ്ടതു് കൊത്തിനടക്കുന്ന കാവളങ്കിളിയല്ല” ദൈവമെന്നു് അവര്‍ക്കറിയില്ലെന്നുണ്ടോ?) ഇതൊക്കെയാണു് ദൈവവചനങ്ങള്‍! ഈ ഭാഷാനിലവാരം ഇന്നു് കേരളരാഷ്ട്രീയത്തില്‍ പോലും കാണാന്‍ കഴിയില്ല എന്നാണെന്റെ വിശ്വാസം. ഈ ദൈവം തന്നെയാണു് പില്‍ക്കാലത്തു് സകല മനുഷ്യരുടേയും നിത്യരക്ഷക്കായി തന്റെ ഏകജാതനായ യേശുവിനു് ഭൂമിയില്‍ മനുഷ്യജന്മം നല്‍കുന്നതും, അവനെ മനുഷ്യരെക്കൊണ്ടു് കുരിശില്‍ തറപ്പിക്കുന്നതുമെല്ലാം!

പ്രകാശവര്‍ഷങ്ങള്‍ അകലെ ഇന്നു് ഒരു നക്ഷത്രസ്ഫോടനം നടന്നാല്‍, അതിന്റെ വിവരം നാളെ ജനിക്കുന്നവര്‍ വയസ്സുചെന്നു് മരിച്ചാലും സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ ഭൂമിയില്‍ എത്തണമെന്നില്ല എന്നത്ര വലുതായ പ്രപഞ്ചത്തിന്റെ “നാഥനായ” ഒരു ദൈവം മനുഷ്യരോടു് തനിക്കു് ചൊറിയും പുഴുക്കടിയുമില്ലാത്ത ആടുകളേയും കാളകളേയും ബലിനല്‍കണമെന്നു് ആവശ്യപ്പെടുന്നു!

(തുടരും)

 

Tags: , ,