RSS

Daily Archives: Jan 14, 2011

മതവും എവൊല്യൂഷനും

ഡോക്കിൻസിന്റെ ഗോഡ്‌ ഡെല്യൂഷനിൽ നിന്നും ഒരു ഭാഗം:

എന്താണു് മതങ്ങളുടെ തകരാറു്? എന്തിനു് മതങ്ങളോടു് ഇത്ര വിരോധം? സജീവമായി എതിർക്കേണ്ടിവരാൻ മാത്രമുള്ള ദ്രോഹം മതങ്ങൾ ചെയ്യുന്നുണ്ടോ? ഇടവംരാശി, വൃശ്ചികരാശി, ക്രിസ്റ്റൽ എനർജ്ജി, ലേ ലൈൻസ്‌ മുതലായവയെന്നപോലെ എന്തുകൊണ്ടു് മതങ്ങളേയും ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന രീതിയിൽ അവഗണിച്ചുകൂടാ? അവയെല്ലാം നിരുപദ്രവകരമായ അസംബന്ധങ്ങൾ മാത്രമല്ലേ? ഇത്തരം ചോദ്യങ്ങൾ പ്രകൃത്യതീതനായ ഒരു ദൈവം ഇല്ല എന്നും, ധാർമ്മികരായി ജീവിക്കാൻ ഒരു മതത്തിന്റെ ആവശ്യമില്ല എന്നും, മതത്തിന്റെയും ധാർമ്മികതയുടെയും വേരുകൾ മതങ്ങളുടേതല്ലാത്ത ഭാഷയിൽ വിശദീകരിക്കാനാവും എന്നുമെല്ലാം പൂർണ്ണമായും അംഗീകരിക്കുന്ന പല നാസ്തികർ പോലും ചോദിക്കാറുണ്ടു്. ഇതിനു് മറുപടിയായി പറയാനുള്ളതു്, മതങ്ങൾക്കെതിരെ നാസ്തികർ ഇടയ്ക്കിടെ പ്രകടിപ്പിക്കുന്ന വിരോധം വാക്കുകളിൽ ഒതുങ്ങുന്നവ മാത്രമാണെന്നതാണു്. അല്ലാതെ, അവരാരും മതശാസ്ത്രപരമായ ഭിന്നാഭിപ്രായത്തിന്റെ പേരിൽ ആരെയും ബോംബുവച്ചു് കൊല്ലുന്നില്ല, ആരുടെയും തല വെട്ടുന്നില്ല, ആരെയും കല്ലെറിയുന്നില്ല, ആരെയും ചിതയിൽ ദഹിപ്പിക്കുന്നില്ല, ആരെയും കുരിശിൽ തറയ്ക്കുന്നില്ല, അംബരചുംബികളിലേക്കു് പ്ലെയിൻ പറത്തി അവയേയും അവയിലെ നിരപരാധികളായ മനുഷ്യരേയും നശിപ്പിക്കുന്നില്ല.

നാസ്തികരായ ഈ വിഭാഗക്കാർ തന്നെ ഉയർത്തുന്ന മറ്റൊരു പരാതിയാണു്, ഇതുപോലുള്ള മതവിരോധം മതങ്ങളിലെ മൗലികവാദികളെപ്പോലെതന്നെ നാസ്തികരെയും മൗലികവാദികളാക്കുകയല്ലേ ചെയ്യുന്നതെന്നതു്. ഈ വസ്തുത കൂടുതൽ വിശദീകരണം അർഹിക്കുന്നുണ്ടു്. മതമൗലികവാദികൾ പറയുന്നതു് ശരിയാണെന്നു് അവർ അറിയുന്നതു് അതു് അവരുടെ വിശുദ്ധ ഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളതിനാലാണു്. യാതൊന്നിനും അവരുടെ വിശ്വാസത്തിൽ നിന്നും അവരെ മാറ്റാനാവില്ലെന്നും അവർ മുൻകൂറായി ഉറപ്പിക്കുന്നു. അവരുടെ വിശുദ്ധ ഗ്രന്ഥത്തിലെ സത്യം എന്നതു് റീസണിംഗ്‌ എന്നൊരു പ്രക്രിയയുടെ അന്തിമഫലമായി രൂപമെടുക്കുന്നതല്ല, അതു് അവർക്കൊരു സ്വയംസിദ്ധപ്രമാണമാണു് (axiom). ഗ്രന്ഥം സത്യമാണെന്നതിനാൽ, അതിനെ ഏതെങ്കിലും എവിഡൻസ്‌ നിരാകരിക്കുന്നു എന്നു് തോന്നുന്ന പക്ഷം, തള്ളിക്കളയേണ്ടതു്, അവരുടെ അഭിപ്രായത്തിൽ, ആ എവിഡൻസുകളെയാണു്, അല്ലാതെ ആ ഗ്രന്ഥത്തെയല്ല. അതിൽ നിന്നും വിരുദ്ധമായി, ഒരു ശാസ്ത്രജ്ഞൻ, ഉദാഹരണത്തിനു്, എവൊല്യൂഷനിൽ വിശ്വസിക്കുന്നതു് ഏതെങ്കിലും ഒരു വിശുദ്ധഗ്രന്ഥം വായിച്ചതുകൊണ്ടല്ല, അതിന്റെ എവിഡൻസ്‌ പഠിച്ചതുകൊണ്ടാണു്. ശാസ്ത്രത്തിലെ “വിശ്വാസം” എന്നതു് അടിസ്ഥാനപരമായിത്തന്നെ മറ്റൊരു വസ്തുതയാണു്. എവൊല്യൂഷനെപ്പറ്റിയുള്ള പുസ്തകങ്ങൾ വിശ്വസിക്കപ്പെടുന്നതു് അവ വിശുദ്ധ ഗ്രന്ഥങ്ങൾ ആയതുകൊണ്ടല്ല, അവ മുന്നോട്ടു് വയ്ക്കുന്നതും, വിപുലമായ അളവിൽ പരസ്പരം പിൻതാങ്ങുന്നതുമായ തെളിവുകളുടെ പേരിലാണു്. തത്വത്തിൽ ഏതൊരു വായനക്കാരനും പരിശോധിക്കാവുന്നവയാണു് ആ തെളിവുകൾ. ഒരു ശാസ്ത്രഗ്രന്ഥത്തിൽ തെറ്റുകളുണ്ടെങ്കിൽ ആരെങ്കിലും അതു് കണ്ടുപിടിച്ചാൽ തീർച്ചയായും അവ അടുത്ത ഗ്രന്ഥങ്ങളിൽ തിരുത്തപ്പെടും. വിശുദ്ധഗ്രന്ഥങ്ങളുടെ കാര്യത്തിൽ പ്രത്യക്ഷമായും അതുപോലൊരു തിരുത്തൽ സംഭവിക്കുന്നില്ല.

തത്വചിന്തയിലെ അൽപജ്ഞാനികളും, അതിലേറെ, “കൾചറൽ റിലേറ്റിവിസം” ബാധിച്ചവരും ചർച്ചകളിൽ മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനായി പറയാറുള്ള ഒരു കാര്യമാണു്, എവിഡൻസിൽ ശാസ്ത്രജ്ഞർക്കുള്ള വിശ്വാസം അതിൽത്തന്നെ ഒരുതരം മൗലികതാഭക്തിയാണെന്നു്. അമച്വർ തത്വചിന്തയുടെ അടിത്തറയിൽ നിന്നുകൊണ്ടു് നമ്മൾ പ്രസ്താവിക്കുന്നതു് എന്തുതന്നെയായാലും, നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ എവിഡൻസിൽ വിശ്വസിക്കുന്നവരാണു്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട എന്നോടു് കുറ്റകൃത്യം നടന്ന രാത്രിയിൽ ഞാൻ ചിക്കാഗോയിൽ ആയിരുന്നു എന്നതു് സത്യമാണോ എന്നു് പ്രോസിക്യൂട്ടർ ചോദിക്കുമ്പോൾ, “അതു് സത്യം എന്നതുകൊണ്ടു് നിങ്ങൾ എന്താണു് ഉദ്ദേശിക്കുന്നതു് എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്” എന്ന തത്വചിന്താപരമായ മറുപടി നൽകി തടിതപ്പാൻ എനിക്കാവുകയില്ല. അല്ലെങ്കിൽ, “ചിക്കാഗോയിൽ എന്നതുകൊണ്ടു് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള പാശ്ചാത്യവും ശാസ്ത്രീയവുമായ അർത്ഥത്തിൽ മാത്രമേ ഞാൻ അവിടെ ആയിരുന്നിട്ടുള്ളു, അതേസമയം, ബോൻഗൊളീസിന്റെ അഭിപ്രായത്തിൽ, ഒരു കോലാടിന്റെ ഉണങ്ങിയ വൃഷണത്തിന്റെ പൊടിവലിക്കാൻ അർഹതയുള്ളവനായി തൈലാഭിഷേകം ചെയ്യപ്പെട്ട ഒരു മൂപ്പനാണു് നിങ്ങൾ എങ്കിൽ മാത്രമേ യഥാർത്ഥത്തിൽ ഒരു സ്ഥലത്തിനു് ‘ഉള്ളിൽ’ ആയിരിക്കുവാൻ നിങ്ങൾക്കു് കഴിയുകയുള്ളു” എന്ന മറുപടിയും എന്നെ കൊലക്കുറ്റത്തിൽ നിന്നും രക്ഷപെടുത്താൻ പര്യാപ്തമാവുകയില്ല.

“സത്യം” എന്നതുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതെന്നു് അബ്സ്ട്രാക്റ്റ്‌ ആയ രീതിയിൽ നിർവചിക്കുന്നതിലേക്കു് വരുമ്പോൾ ശാസ്ത്രജ്ഞർ ഒരുപക്ഷേ ഫണ്ടമെന്റലിസ്റ്റുകൾ ആവാം. പക്ഷേ, അതു് ശാസ്ത്രജ്ഞർ മാത്രമല്ല, എല്ലാ മനുഷ്യരും അങ്ങനെതന്നെയാണു്. ന്യൂസീലാന്റ്‌ ദക്ഷിണാർദ്ധഗോളത്തിലാണെന്നതു് സത്യമാണെന്നു് പറയുമ്പോൾ ഞാൻ ആയിരിക്കുന്നതിനേക്കാൾ ഒട്ടും കൂടുതൽ ഫണ്ടമെന്റലിസ്റ്റ്‌ അല്ല, എവൊല്യൂഷൻ സത്യമാണെന്നു് പറയുമ്പോഴും ഞാൻ. തെളിവുകൾ അതിനെ പിൻതാങ്ങുന്നതുകൊണ്ടു് നമ്മൾ എവൊല്യൂഷനിൽ വിശ്വസിക്കുന്നു. അതു് തെറ്റാണെന്നു് തെളിയിക്കുന്ന പുതിയ തെളിവുകൾ വന്നാൽ ആ ദിവസം നമ്മൾ ആ സിദ്ധാന്തത്തെ ഉപേക്ഷിക്കും. ഒരു യഥാർത്ഥ മൗലികവാദി ഒരിക്കലും ഇതുപോലൊരു വാചകം പറയുകയില്ല. ഫണ്ടമെന്റലിസവും അഭിനിവേശവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ എളുപ്പമാണു്. പക്ഷേ, അവ രണ്ടും രണ്ടാണു്. ഫണ്ടമെന്റലിസ്റ്റ്‌ ആയ ഒരു സൃഷ്ടിവാദിയുടെ മുന്നിൽ എവൊല്യൂഷനെ പ്രതിരോധിക്കാൻ ഒരു ശാസ്ത്രജ്ഞൻ ശ്രമിക്കുന്നതു് ഒരു എതിർ ഫണ്ടമെന്റലിസത്തിന്റെ പേരിലല്ല, അതിനുള്ള തെളിവുകൾ വിപുലവും ശക്തവുമായതിനാലാണു്, എവൊല്യൂഷൻ സംബന്ധിച്ച യാഥാർത്ഥ്യങ്ങളും, അവയോടൊപ്പം എത്രയോ ശാസ്ത്രസത്യങ്ങളും, വിവരണാതീതമെന്നോണം ആകർഷകവും മനോഹരവുമായതിനാലാണു്. പക്ഷേ, എതിരാളിയായ സൃഷ്ടിവാദിക്കു് ആ തെളിവുകൾ കാണാൻ കഴിയാതെ വരുമ്പോൾ, വിശുദ്ധഗ്രന്ഥത്തിനു് വിരുദ്ധമായതിനാൽ അങ്ങോട്ടു് നോക്കാൻ പോലും അവൻ മടി കാണിക്കുമ്പോൾ, അവനും അവൻ സ്വാധീനിക്കുന്നവർക്കും നഷ്ടപ്പെടുന്നതു് എന്താണെന്നുള്ള ബോധം ഏതു് ശാസ്ത്രജ്ഞനും, അവൻ തെളിവിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ സത്യങ്ങളോടുള്ള അഭിനിവേശത്തിന്റെ പേരിൽ, വേദനാജനകവും ക്ഷോഭകാരണവുമാവുന്നു.

വാദപ്രതിവാദങ്ങളിൽ പങ്കെടുപ്പിക്കാൻ വേണ്ടി ക്രിയേഷനിസ്റ്റുകൾ ശ്രമിക്കുമ്പോഴെല്ലാം “അതു് നിങ്ങളുടെ CV-യിൽ മഹത്തരമായിരിക്കാം, പക്ഷേ എന്റേതിൽ അല്ല” എന്നു് നിരസിക്കുന്ന, ഓസ്റ്റ്രേലിയൻ അക്സെന്റിൽ സംസാരിക്കുന്നവനും തന്റെ സഹപ്രവർത്തകനും ബഹുമാന്യനുമായ ഒരു ശാസ്ത്രജ്ഞനെപ്പറ്റി (പേരു് പറയാതെ) ഡോക്കിൻസ്‌ സൂചിപ്പിക്കുന്നുണ്ടു്. ആ കാരണം പറഞ്ഞു് ക്ഷണം നിരസിക്കാൻ മാത്രമുള്ള chutzpah തനിക്കില്ലെങ്കിലും ക്രിയേഷനിസ്റ്റുകളുമായുള്ള ചർച്ച താനും ഒഴിവാക്കാറാണു് പതിവെന്നും ഡോക്കിൻസ്‌ പറയുന്നു. ക്രിയേഷനിസ്റ്റുകളുമായി എതിർപക്ഷത്തുനിന്നു് “ചർച്ച” നടത്തിയിട്ടുള്ള ആർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ലാത്ത നിലപാടുകളാണിവ. തീവ്രമതവിശ്വാസികളോടു് ചർച്ചയ്ക്കു് പോകുന്നതു് ലഹളപ്രിയരായ സ്ത്രീകളുമായി തർക്കത്തിൽ ഏർപ്പെടുന്നതുപോലെതന്നെ അർത്ഥശൂന്യമായ കാര്യമാണു്. (രണ്ടിനും ആവശ്യത്തിലേറെ തെളിവുകൾ മലയാളം ബ്ലോഗ്‌-ബസ്സ്‌ ലോകത്തിൽത്തന്നെയുണ്ടു്.)

രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ പുലർത്തുന്നവർ പരസ്പരം നിശിതമായി വിമർശിക്കാറുണ്ടു്. സംവാദം ഒരു ജനാധിപത്യ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗവുമാണു്. പക്ഷേ, അവരിലെ മതവിശ്വാസികളായവർ അവരുടെ മത-ദൈവങ്ങളെ എല്ലാ വിമർശനങ്ങൾക്കും അതീതമായി നിലനിർത്താനാണു് ശ്രമിക്കാറുള്ളതു്. എനിക്കു് ആരെയും വിമർശിക്കാം, പക്ഷേ, എനിക്കു് വിലപ്പെട്ടവയെ മറ്റാരും വിമർശിച്ചുകൂടാ എന്ന ഇരട്ടത്താപ്പു്. ഒരു മതവിശ്വാസി എപ്പോഴും മറ്റുള്ളവരിൽ നിന്നും – അവൻ അവർക്കു് അനുവദിക്കാത്ത – സ്പെഷ്യൽ പരിഗണനയാണു് പ്രതീക്ഷിക്കുന്നതു്. അവനെ അതുപോലൊരു പ്രത്യേകാവകാശത്തിനു് അർഹനാക്കുന്ന എന്തു് യോഗ്യതയാണവനുള്ളതു്? ഏതോ കഥാപ്പുസ്തകങ്ങളിൽ കുത്തിനിറച്ചിരിക്കുന്ന പച്ചനുണകൾ കണ്ണുമടച്ചു് വിശ്വസിക്കുന്നതും, അവന്റെ മതത്തിൽപ്പെട്ടവരൊഴികെ ലോകത്തിൽ മറ്റാരും അനുഷ്ഠിക്കാത്ത കുറേ വിചിത്ര ചേഷ്ടകൾ അപസ്മാരരോഗികളെപ്പോലെ തന്നെയും പിന്നെയും ആവർത്തിക്കുന്നതും ഒരു മനുഷ്യനു് പ്രത്യേക പരിഗണനകൾ നൽകി ബഹുമാനിക്കുന്നതിനുള്ള യോഗ്യതയാണോ? തന്റെ ദൈവത്തിനുമുന്നിൽ അങ്ങേയറ്റത്തെ താഴാഴ്മ പ്രകടിപ്പിക്കാൻ നിർബന്ധിതനാക്കപ്പെടുന്ന വിശ്വാസി തന്റെ അപകർഷതാബോധം കോമ്പൻസേറ്റ്‌ ചെയ്യാനായി കണ്ടെത്തുന്ന ഒരു മാർഗ്ഗമാവാം മറ്റുള്ളവരിൽ നിന്നും അതു് തന്റെ ജന്മാവകാശമായാലെന്നതുപോലെ അവൻ ആവശ്യപ്പെടുന്ന ഈ സ്പെഷ്യൽ പരിഗണനയും ബഹുമാനവും. ഒരു മതവിശ്വാസി മറ്റുള്ളവരുടെ “തെറ്റുകൾ” ആയി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ എല്ലാം അതിലെത്രയോ കൂടുതലായി മറ്റുള്ളവരോടു് അവൻ സ്വയം ചെയ്യുന്നവയാണു്. പക്ഷേ, അവൻ ചെയ്യുമ്പോൾ അവ തെറ്റുകളായി അവനു് തോന്നാറില്ലെന്നുമാത്രം. മനുഷ്യൻ അവനെ ദൈവത്തോളം ഊതിവീർപ്പിക്കുന്ന ഒരുതരം ആത്മാരാധനാരോഗമാണു് ദൈവവിശ്വാസം. വിശ്വാസി അവനു് സ്വയം കൽപിച്ചു് നൽകുന്ന, ദൈവത്തിന്റെ സ്വന്തം ആളെന്ന പ്രത്യേക പദവി അവനു് ആരെയും എങ്ങനേയും വിമർശിക്കാമെന്നും അവന്റെ വിശ്വാസത്തെ ആരും വിമർശിക്കാൻ പാടില്ലെന്നുമുള്ള മിഥ്യാധാരണയിൽ അവനെ എത്തിക്കുന്നു. ഒരു ജനാധിപത്യവ്യവസ്ഥിതിക്കു് കടകവിരുദ്ധവും വിചിത്രവുമായ ഒരു നിലപാടാണു് അതെന്നു് പറയാതെ വയ്യ. മതങ്ങൾക്കെതിരായ വിമർശനങ്ങൾക്കു് യുക്തമായ മറുപടി നൽകാൻ കഴിയാത്തതു് മതവിമർശനമേ നിരോധിക്കണം എന്ന നിലപാടിനെ ഒരു കാരണവശാലും നീതീകരിക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ വിഭിന്നമായ പലതരം സാമൂഹികവ്യവസ്ഥിതികളുടെ ഗുണദോഷങ്ങൾ ജീവിച്ചും അനുഭവിച്ചും അറിഞ്ഞശേഷമാണു് ഒരു പരിഷ്കൃതലോകത്തിനു് ഏറ്റവും അനുയോജ്യമായതു് ജനാധിപത്യമാണെന്ന നിഗമനത്തിൽ മനുഷ്യൻ എത്തിച്ചേർന്നതു്. മനുഷ്യരുടെ പ്രാതിനിധ്യമില്ലാതെ “ദൈവങ്ങളാൽ” നിർമ്മിക്കപ്പെടുന്ന നിയമങ്ങൾക്കു് നിരുപാധികം കീഴ്പെട്ടു്, അവകാശങ്ങളൊന്നുമില്ലാതെ കടമകൾ മാത്രം നിർവ്വഹിക്കാൻ മനുഷ്യർ നിർബന്ധിതരാക്കപ്പെടുന്ന ഏകാധിപത്യവ്യവസ്ഥിതികളിൽ നിന്നു് വ്യത്യസ്തമായി, നിയമനിർമ്മാണത്തിൽ ജനങ്ങൾക്കു് ലഭിക്കുന്ന പ്രാതിനിധ്യവും, ഒരു സാമൂഹ്യജീവി എന്ന നിലയിൽ നിറവേറ്റേണ്ട കടമകളുടെ അതേ സ്വാഭാവികതയോടെ അവർക്കു് അനുവദിക്കപ്പെടുന്ന പൗരാവകാശങ്ങളും ജനാധിപത്യത്തെ മേന്മയുള്ളതാക്കുന്നു. ജനാധിപത്യം നൽകുന്ന അത്തരം സ്വാതന്ത്ര്യങ്ങൾ അനുഭവിച്ചുകൊണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടും സ്വന്തം വിശ്വാസപ്രമാണങ്ങൾ തൊടാനും തീണ്ടാനും പാടില്ലാത്തവയാണെന്നു് പ്രഖ്യാപിക്കുന്നവർ ജനാധിപത്യത്തിന്റെ വേരറുക്കുകയാണു് ചെയ്യുന്നതു്. വിമർശനത്തിനു് അതീതമായതൊന്നും ജനാധിപത്യത്തിൽ ഇല്ല. എന്നിരുന്നാലും, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ വിമർശനത്തിനു് എന്തെങ്കിലും അർത്ഥമുണ്ടാവണമെങ്കിൽ, പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പങ്കാളികൾക്കു് മതിയായ അറിവു് നിർബന്ധമായും ഉണ്ടായിരിക്കണം എന്നതു് പ്രാഥമികമായ ഒരു നിബന്ധനയാണു് എന്നും കൂടി പറയേണ്ടിയിരിക്കുന്നു.

ശാസ്ത്രീയ വിഷയങ്ങളിലെ ചർച്ചകളിൽ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുതയാണിതു്. വലിയ ഗ്രാഹ്യമൊന്നുമില്ലാതെതന്നെ ഏതു് വിഷയത്തിലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു “സംവാദം” തീർച്ചയായും സാദ്ധ്യമാവും. വാക്കുകളിൽ കടിച്ചുതൂങ്ങിയും, വ്യക്തികളെ തേജോവധം ചെയ്തും, വിഷയത്തിൽ നിന്നും വഴുതിമാറിയും ഉരുണ്ടുകളിച്ചുകൊണ്ടു് ഒരു സംവാദം വലിച്ചുനീട്ടുക എന്നതു് അത്ര പ്രയാസമുള്ള കാര്യമല്ല. അതുകൊണ്ടു് സമൂഹത്തിനോ വ്യക്തികൾക്കോ എന്തു് പ്രയോജനം എന്നേ ചോദിക്കേണ്ടതുള്ളു. മതവും ശാസ്ത്രവും തമ്മിലുള്ള ഒരു സംവാദം വെറും പാഴ്‌വേലയാണെന്നു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ശാസ്ത്രവുമായി ബന്ധമുള്ളവരെങ്കിലും മനസ്സിലാക്കിയിരിക്കണം. ബെർട്രാന്‍ഡ് ‌ റസ്സലിന്റെ അഭിപ്രായത്തിൽ, പരസ്പരം പൊതുവായ ഒരു ഘടകവും ഇല്ലാത്ത രണ്ടു് തലങ്ങളാണു് ദൈവവും ശാസ്ത്രവും. അതുകൊണ്ടുതന്നെ, എത്ര ചർച്ച ചെയ്താലും അവയെ പൊതുവായ ഒരു ഡിനോമിനേറ്ററിൽ കൊണ്ടുവരാൻ കഴിയുകയുമില്ല. റസ്സലിനു് മുൻപും ശേഷവും എത്രയോ ചിന്തകർ തലപുകച്ചു് പരാജയപ്പെട്ട ഒരു വിഷയമാണിതു്. അതേസമയം, ശാസ്ത്രം ഇതുവരെ കൈവരിച്ച പുരോഗതി ഇന്നു് കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ടു്. ഒരു യഹോവയോ, അല്ലാഹുവോ, ബ്രഹ്മാവോ, മനുഷ്യബുദ്ധിയിൽ ഉദിച്ച മറ്റേതെങ്കിലും ദൈവമോ ഈ പ്രപഞ്ചത്തിന്റെ മറുപടി ആവാൻ കഴിയില്ല എന്ന കാര്യത്തിൽ അത്യാവശ്യം വിദ്യാസമ്പന്നരും, ഈ വിഷയത്തെ സംബന്ധിച്ചു് വിമർശനാത്മകമായ ഒരു ചിന്തക്കു് തയ്യാറായിട്ടുള്ളവരുമായ ഇന്നത്തെ മനുഷ്യർക്കു് രണ്ടഭിപ്രായമുണ്ടാവാൻ വഴിയില്ല. നമുക്കു് ഇഷ്ടമായാലും ഇല്ലെങ്കിലും, ഭാരതത്തിലെ തൊണ്ണൂറു് ശതമാനം ജനങ്ങളും അതുപോലൊരു വിശകലനത്തിനു് പ്രാപ്തരല്ല എന്നതു് നിഷേധിക്കാനാവാത്ത ഒരു യാഥാർത്ഥ്യമാണു്. ഉന്നതപദവികൾ അലങ്കരിക്കുന്ന മഹാന്മാർ വരെ ദൈവത്തിൽ വിശ്വസിക്കുക മാത്രമല്ല, “തുലാഭാരം” പോലെ പ്രിമിറ്റീവ്‌ ആയ ആചാരങ്ങൾ അനുഷ്ഠിക്കാൻ പോലും ലജ്ജിക്കുന്നില്ല എന്നതിൽ നിന്നും, ആത്മീയമായ കാര്യങ്ങളിൽ റാഷണൽ ആയി ചിന്തിക്കാൻ വിദ്യാഭ്യാസം മാത്രം പോരാ എന്ന നിഗമനത്തിലേ എത്താനാവൂ. ദൈവവിശ്വാസം എന്നതു് അന്ധമായ വിശ്വാസമാണു്. അതിൽ ശാസ്ത്രീയമായി ഒന്നുമില്ല. ഒരു ശാസ്ത്രജ്ഞനോ സാങ്കേതികവിദഗ്ദ്ധനോ അവൻ ബന്ധപ്പെടുന്ന തൊഴിൽ മേഖലയിൽ എക്സ്‌പെർട്ട്‌ ആണു് എന്നതുകൊണ്ടുമാത്രം വിശ്വാസപരമായ കാര്യങ്ങളിൽ അതേ ശാസ്ത്രബോധം അവൻ പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. ചെറുപ്പത്തിലേ അടിച്ചേൽപിക്കപ്പെടുന്ന, ആത്മീയമായ കാര്യങ്ങൾ നിരുപാധികം അനുഷ്ഠിക്കപ്പെടണം എന്ന ബാദ്ധ്യതയിൽ നിന്നും പിന്നീടൊരു മോചനം മനുഷ്യനു് എളുപ്പമല്ലാത്തതു് അവ സത്യമായതുകൊണ്ടല്ല, ശീലം എന്നതു് പൊതുവേ തലച്ചോറിൽ ശേഖരിക്കപ്പെടുന്നതു് ഇച്ഛാനുസരണം തിരുത്താനാവാത്ത വിധം നമ്മുടെ ബോധപൂർവ്വമായ ഇടപെടൽ ഇല്ലാതെ ഓട്ടൊമാറ്റിക്‌ ആയി തലച്ചോറിൽ സംഭവിക്കുന്ന ഒരു പ്രക്രിയ ആയതിനാലാണു്. ആധുനിക ന്യൂറോസയൻസ്‌ ഈ വസ്തുത സ്ഥിരീകരിക്കുന്നു. ഒരർത്ഥത്തിൽ, ബാല്യത്തിലേ തലച്ചോറിൽ പതിയുന്ന പ്രോഗ്രാമുകൾക്കനുസൃതമായി “പാവകളിക്കാൻ” മാത്രം കഴിയുന്നവരാണു് മനുഷ്യർ. അക്ഷീണവും നിരന്തരവുമായ പരിശ്രമത്തിലൂടെ ശാസ്ത്രജ്ഞന്മാർ ഒന്നിനുപുറകെ ഒന്നായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന അനുപമവും അനവദ്യസുന്ദരവുമായ പ്രപഞ്ചരഹസ്യങ്ങളുടെ ഒരുക്കപ്പെട്ട തീന്മേശ ഒരു വിജ്ഞാനദാഹിയുടെ ദൃഷ്ടിയിൽ വിഭവസമൃദ്ധമായ ഒരു സദ്യയുടെ അനുഭൂതിയാണു് ഉണർത്തുന്നതു്. അതേസമയം, തീട്ടാന്വേഷിയായ ഒരു ഈച്ചയുടെ ശ്രമം അതിലെവിടെയെങ്കിലും അമേധ്യമുണ്ടോ എന്നു് കണ്ടെത്താനായിരിക്കും. പരസ്പരം ബന്ധപ്പെടുത്താൻ പൊതുഘടകങ്ങളൊന്നുമില്ലാത്ത രണ്ടു് വ്യത്യസ്ത ലോകങ്ങൾ!

അതുകൊണ്ടു്, മതത്തിന്റെ കുരുക്കിൽ പെട്ടവരെ മോചിപ്പിക്കുക എന്ന മിക്കവാറും അസാദ്ധ്യമായ ലക്ഷ്യം നേടാൻ അദ്ധ്വാനിച്ചു് സമയം നഷ്ടപ്പെടുത്തുകയല്ല, മതങ്ങളുടെ കെണിയിലേക്കു് അറിവില്ലായ്മ മൂലം ചെന്നു് വീഴാതിരിക്കാൻ കഴിയുന്നത്രപേരെ സഹായിക്കുക എന്നതായിരിക്കണം ശാസ്ത്രബോധമുള്ള മനുഷ്യർ നയിക്കുന്ന സംവാദങ്ങളുടെ ലക്ഷ്യം എന്നാണെന്റെ അഭിപ്രായം.

ഡോക്കിൻസിന്റെ The Greatest Show on Earth-ൽ നിന്നും ചില ഭാഗങ്ങൾ:

പ്രപഞ്ചം ഉത്ഭവിച്ചിട്ടു് പതിനായിരം വർഷങ്ങളിൽ താഴെ മാത്രമേ ആയിട്ടുള്ളു എന്നു് ഘോഷിക്കുന്ന “ചരിത്ര-നിഷേധികൾ” ബയോളജിയിലെ സത്യങ്ങളെ മാത്രമല്ല, ഫിസിക്സിനേയും, ജിയോളജിയേയും, കോസ്മോളജിയേയും, ആർക്കിയോളജിയേയും, ഹിസ്റ്ററിയെയും, കെമിസ്ട്രിയെയും ഒക്കെയാണു് നിഷേധിക്കുന്നതു്. നാച്ചുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലുള്ള എവൊല്യൂഷൻ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം മനസ്സിലാക്കണമെങ്കിൽ ഈ വിഷയങ്ങളിലെല്ലാം അത്യാവശ്യം അറിവു് ഉണ്ടാവാതെ കഴിയുകയുമില്ല. പരിണാമസിദ്ധാന്തത്തെ എതിർക്കുന്നവരിലെ പണ്ഡിതർ എന്നു് അവകാശപ്പെടുന്നവർപ്പോലും അതെന്താണെന്നു് മനസ്സിലാക്കാത്തവരാണെന്നതാണു് യാഥാർത്ഥ്യം. ചർച്ചകളിൽ അവർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ അതാണു് സൂചിപ്പിക്കുന്നതു്. പലർക്കും വേണ്ടതു് ‘fronkey’, ‘crocoduck’ മുതലായ ഇന്റർമീഡിയറ്റുകളെയാണു്. മനുഷ്യൻ കുരങ്ങിൽ നിന്നും വരുന്നതാണെങ്കിൽ, കുരങ്ങു് ഒരു മനുഷ്യക്കുഞ്ഞിനു് ജന്മം നൽകേണ്ടതല്ലേ എന്നാണു് മറ്റുചിലരുടെ ചോദ്യം. അങ്ങനെയൊരു മനുഷ്യക്കുഞ്ഞിന്റെ ജന്മം കണ്ടാൽ പരിണാമസിദ്ധാന്തത്തെ അംഗീകരിക്കാം എന്നു് പ്രസ്താവിക്കുന്നവരുമുണ്ടു്. ബോധമുള്ള ഒരു എവൊല്യൂഷനിസ്റ്റും പറയുന്നില്ല മനുഷ്യൻ കുരങ്ങിൽ നിന്നും ജനിക്കുന്നു എന്നു്. അതുപോലുള്ള “കുതിച്ചുചാട്ടം” എവൊല്യൂഷനിൽ സംഭവിക്കുക എന്നതു് സൃഷ്ടിവാദക്കാരുടെ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതുപോലെതന്നെ അസംബന്ധവും, സ്റ്റാറ്റിസ്റ്റിക്കലി അസാദ്ധ്യവുമാണു്. മനുഷ്യവർഗ്ഗവും കുരങ്ങുവർഗ്ഗവും ഒരു പൊതുവായ പൂർവ്വികനിൽ നിന്നും വരുന്നു എന്നതിനു് മനുഷ്യൻ കുരങ്ങിൽ നിന്നും ജനിക്കുന്നു എന്നെങ്ങനെ അർത്ഥം വരും? എവൊല്യൂഷൻ എന്നതു് അനുക്രമവും സാവകാശവുമായ ഒരു പ്രക്രിയയാണു്. എവൊല്യൂഷനെ എതിർക്കുന്നതിനു് മുൻപു് എന്തിനെയാണു് എതിർക്കുന്നതു് എന്നറിയാൻ മാത്രമായിട്ടെങ്കിലും അതിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പഠിക്കാൻ സൃഷ്ടിവാദികൾ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! ചർച്ചയിൽ ഏർപ്പെടുന്നവർ പറയുന്നതു് എന്താണെന്നുപോലും മനസ്സിലാക്കാതെ ‘elephanzee’ എവിടെ, ‘buffalion’ എവിടെ എന്നും മറ്റും ചോദിച്ചു് പരിഹാസ്യരാവാതിരിക്കാനെങ്കിലും അതു് സഹായിക്കുമായിരുന്നു. പക്ഷേ, ഉളുപ്പില്ലായ്മ വീണ്ടും വീണ്ടും തെളിയിക്കുന്ന വിശ്വാസികൾക്കു് പരിഹാസമെന്തു്? വിഡ്ഢിത്തമെന്തു്?

ഒരു മനുഷ്യൻ പീഡിപ്പിക്കപ്പെടുന്നതു് കാണുമ്പോൾ സാധാരണ മനുഷ്യർക്കു് അവനോടു് സഹതാപം തോന്നും. പക്ഷേ, പീഡിപ്പിക്കപ്പെടുന്നതിൽ ആനന്ദം അനുഭവിക്കുന്ന ഒരു മാസക്കിസ്റ്റ്‌ ആണു് അവനെങ്കിൽ അവനോടു് സഹതപിക്കുന്നവരെ അവൻ വെറുക്കുകയേ ഉള്ളു. വിശ്വാസിയോടു് അവൻ ചെയ്യുന്ന പ്രവൃത്തികളെപ്പറ്റി സ്വന്തം ബുദ്ധിയുപയോഗിച്ചു് ചിന്തിക്കുവാൻ ആവശ്യപ്പെടുന്നതു്, കീഴ്പെടുന്നതു് സായൂജ്യമായി കരുതുന്നവരെ സ്വാതന്ത്ര്യത്തിന്റെ വില പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലുള്ള ഒരു മൂഢത്വം മാത്രമേ ആവൂ. തന്റെ വിശ്വാസത്തിൽ വിശ്വസിക്കുക എന്നതുമാത്രമാണു് അവന്റെ ബുദ്ധിയിലെ ഒരേയൊരു ശരി. ആത്മാവിൽ അടിമകൾ ആയവർ അടിമത്തത്തിൽ ആനന്ദിക്കുന്നതിനു് അവരെ കുറ്റപ്പെടുത്താനാവില്ല. സമൂഹത്തിൽ നീചത്വങ്ങൾ അനുഭവിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ അവസ്ഥ മെച്ചപ്പെടുത്താൻ അവരിൽ നിന്നുതന്നെ ഉരുത്തിരിയുന്ന പ്രസ്ഥാനങ്ങൾ അന്തിമമായി പരാജയപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം അതിൽ പ്രവർത്തിക്കുന്നവർക്കു് അവരെ സ്വന്തം അപകർഷതാബോധത്തിൽ നിന്നും മോചിപ്പിക്കാൻ കഴിയുന്നില്ല എന്നതാണു്. സ്വന്തം ഇൻഫീരിയോറിറ്റി ഊരിയെറിയുന്നതിനുള്ള പാഴ്‌ശ്രമത്തിനിടയിൽ യഥാർത്ഥ ലക്ഷ്യം എന്തെന്നതു് അവരുടെ കൈവിട്ടുപോകുന്നു. “പാലത്തിനടിയിൽ ജീവിതം തള്ളിനീക്കുന്നവർ ഇന്നുവരെ അവിടെ നിന്നും സ്വയം മോചിപ്പിച്ചിട്ടില്ല” എന്നു് എവിടെയോ വായിച്ചതോർക്കുന്നു.

ഒരു ആധുനിക സ്പീഷീസും മറ്റേതെങ്കിലുമൊരു ആധുനിക സ്പീഷീസിൽ നിന്നും ഉത്ഭവിച്ചതല്ല. ഇന്നായാലും, ലക്ഷക്കണക്കിനു് വർഷങ്ങൾ മുൻപായിരുന്നാലും, ഏതു് ജീവിയുടേയും മാതാപിതാക്കളും കുഞ്ഞുങ്ങളും ആ ജീവിയോടു് സാദൃശ്യമുള്ളവയായിരിക്കും. ഏതായാലും മാതാപിതാക്കളുമായി കുരങ്ങും മനുഷ്യനും തമ്മിലുള്ളപോലുള്ള വ്യത്യാസത്തോടെ ഒരു കുഞ്ഞും ജനിക്കുന്നില്ല. സസ്തനികളുടെ ഏറ്റവും പഴയ പൂർവ്വികരിൽ ഒന്നു് എന്നു് കരുതപ്പെടുന്ന, ഏകദേശം 125 മില്ല്യൺ വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ Eomaia scansoria എന്ന ജീവിയും അതിന്റെ മാതാപിതാക്കളും, ഒരുപക്ഷേ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയും പരസ്പരം സാദൃശ്യമുള്ളവയായിരുന്നിരിക്കും എന്നു് ചുരുക്കം. അതുകൊണ്ടുതന്നെ, ഇന്നുമുതൽ കോടിക്കണക്കിനു് വർഷങ്ങൾ മുൻപുവരെയുള്ള എല്ലാ ജീവികളുടേയും ഫോസിലുകൾ ഒന്നൊഴിയാതെ (ഒറ്റ മിസ്സിംഗ്‌ ലിങ്ക്‌ പോലുമില്ലാതെ) ലഭ്യമായിരുന്നെങ്കിൽ, അവയുടെ തരം തിരിക്കൽ തന്നെ ഒരു വലിയ പ്രശ്നമായിരുന്നേനെ. ഒരു ജീവിയിലും അതിനു് തൊട്ടു് മുന്നിലും പിന്നിലും ഉള്ള തലമുറയിൽ നിന്നും തിരിച്ചറിയത്തക്ക വലിയ മാറ്റങ്ങൾ ഉണ്ടാവുകയില്ല. ഇന്നത്തെ ഒരു മനുഷ്യന്റെ മാതാക്കളെ (പിതാക്കളെയുമാവാം) ഒന്നൊന്നായി നമ്മൾ തലമുറകളിലൂടെ പുറകോട്ടു് നടന്നു് കാണുന്നു എന്നു് സങ്കൽപിച്ചാൽ, ഒരു തലമുറയിലും തൊട്ടടുത്തുള്ളവയിൽ നിന്നും ശ്രദ്ധേയമായ വ്യത്യാസങ്ങൾ ഒന്നുംതന്നെ കാണാൻ കഴിയുകയില്ല. പക്ഷേ, നമ്മുടെ യാത്ര “വേണ്ടത്ര” ദൂരം പുറകോട്ടു് തുടർന്നാൽ, ഒരു “കവലയിൽ” (hairpin bend) ആധുനിക മനുഷ്യനുമായി കാര്യമായ സാമ്യമൊന്നുമില്ലാത്ത ഒരു പൂർവ്വികജീവിയെ നമ്മൾ കണ്ടെത്തും. എവൊല്യൂഷൻ പ്രകാരം അത്തരമൊരു ജീവിയെ കണ്ടെത്തിയേ പറ്റൂ. ആ ജീവി ഒരു മനുഷ്യനോടു് എന്നതിനേക്കാൾ ഒരു കുരങ്ങിനോടു് കൂടുതൽ സാമ്യം പ്രദർശിപ്പിക്കുന്നതായിരിക്കും എന്നു് മിക്കവാറും ഉറപ്പായി പറയാം. ആ കവലയിൽ നിന്നും മറ്റൊരു ശാഖയിലൂടെ യാത്ര “മുന്നോട്ടു്” തുടർന്നാൽ ആ ജീവിക്കു് സംഭവിക്കുന്ന അനുക്രമമായ മാറ്റങ്ങളിലൂടെ അവസാനം നമ്മൾ ചിമ്പാൻസീയിൽ എത്തിച്ചേരും. നമ്മൾ ലക്ഷ്യം വയ്ക്കുന്നതു് ചിമ്പാൻസീയെ അല്ല മറ്റേതെങ്കിലും സ്പീഷീസിനെ ആണെങ്കിൽ അതിനനുസരിച്ചു് കവലകളും ശാഖകളും തിരഞ്ഞെടുക്കുകയേ വേണ്ടൂ. ഏതു് സ്പീഷീസിനും മറ്റേതൊരു സ്പീഷീസുമായി പൊതുവായ ഒരു പൂർവ്വികനുണ്ടു്. ഒന്നിൽ നിന്നും മറ്റേതിൽ എത്താൻ, ആദ്യത്തേതിൽ നിന്നും പുറകോട്ടു് ബന്ധപ്പെട്ട ഹെയർപ്പിൻ ബെൻഡ്‌ വരെ എത്തിയശേഷം അവിടെ നിന്നും രണ്ടാമത്തേതിലേക്കു് മുന്നോട്ടു് യാത്ര തിരിക്കുക. ഇതിന്റെ വെളിച്ചത്തിൽ, മനുഷ്യനു് മറ്റേതെങ്കിലും ജീവിയെ അപേക്ഷിച്ചു് എന്തെങ്കിലും മേന്മയുണ്ടെന്നോ, മനുഷ്യനെ രൂപീകരിക്കുന്നതിനു് വേണ്ടിയായിരുന്നു എവൊല്യൂഷൻ എന്നോ ഒക്കെ പറയുന്നതിൽ ഒരു അർത്ഥവുമില്ല. മനുഷ്യനേക്കാൾ എത്രയോ കോടി വർഷങ്ങൾക്കു് മുൻപു് രൂപമെടുത്തതും, മനുഷ്യൻ ഇവിടെ നിശ്ശേഷം ഇല്ലാതായാൽപ്പോലും (എന്നെങ്കിലും നിശ്ചയമായും സംഭവിക്കേണ്ടുന്ന ഒരു കാര്യമാണതു്) അതിനുശേഷം അനേക കോടി വർഷങ്ങൾ കൂടി ഇവിടെ ഉണ്ടായിരിക്കാൻ എല്ലാ സാദ്ധ്യതയുള്ളതുമായ അനേകം ചെറുജീവികൾക്കും കൂടി അവകാശപ്പെട്ടതാണു് ഈ ഭൂമി. മദ്ധ്യകാലയൂറോപ്പിലെ ക്രൈസ്തവസങ്കൽപപ്രകാരം ഏറ്റവും മുകളിൽ ദൈവം, അതിനു് താഴത്തെ പല പടികളിലായി റാങ്ക്‌ അനുസരിച്ചുള്ള മാലാഖമാർ, അതിനുതാഴെ റാങ്ക്‌ അനുസരിച്ചുള്ള മനുഷ്യർ, അതിനും താഴെ മൃഗങ്ങൾ, വീണ്ടും താഴെ നിരയനുസരിച്ചു് ചെടികൾ, കല്ലുകൾ, ജീവനില്ലാത്ത മറ്റു് വസ്തുകൾ ഇങ്ങനെയൊരു “ഗോവണി മിത്ത്‌” ഡാർവിന്റെ കാലം വരെ നിലനിന്നിരുന്നു. (നമ്മൾ കാണുന്നപോലെ, സൃഷ്ടിവാദികളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നു). പുരുഷമനസ്സുകളിൽ വേരുറച്ചിരുന്ന ഉയർന്ന ജീവികളുടെയും താഴ്‌ന്ന ജീവികളുടെയും ഈ “ഗോവണി” ആണു് മിസ്സിംഗ്‌ ലിങ്ക്‌ എന്ന ആശയത്തിനു് ഇന്നും ഊർജ്ജം പകരുന്നതു്. അതേസമയം, എവൊല്യൂഷന്റെ തെളിവിനു് ഫോസ്സിലുകൾ ഒരു നിർബന്ധമല്ല. ഫോസ്സിലുകൾ അതിനു് അഡീഷണൽ ആയ മറ്റൊരു എവിഡൻസ്‌ കൂടി നൽകുന്നു എന്നേയുള്ളു.

(തുടരും)

 
6 Comments

Posted by on Jan 14, 2011 in മതം

 

Tags: , , ,