ഡൊണാൾഡ് ട്രംപിനു് ലഭിച്ചതിനെക്കാൾ ഏകദേശം മൂന്നു് മില്യൺ വോട്ടുകൾ കൂടുതൽ ലഭിച്ചിട്ടും ഇലക്ഷൻ ജയിക്കാൻ ഹിലറി ക്ലിന്റണു് കഴിയാതെ പോയതു് അമേരിക്കയിലെ ഇലക്ഷൻ സിസ്റ്റത്തിന്റെ പ്രത്യേകതമൂലമാണു്. ആ പ്രത്യേകത ചൂഷണം ചെയ്താണു് കേംബ്രിഡ്ജ് അനലിറ്റിക്ക ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തിച്ചതു്. അതിനവരെ സഹായിച്ചതു് ഫെയ്‌സ്ബുക്കിലൂടെ അവർ ശേഖരിച്ച ബൃഹത്തായ ഡെയ്റ്റയുടെ അടിസ്ഥാനത്തിലുള്ള വോട്ടേഴ്‌സിന്റെ ബിഹേവിയറൽ അനാലിസിസും.
U.S. അമേരിക്കയിൽ പ്രസിഡന്റും, വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെടുന്നതു് ജനം നേരിട്ടല്ല, “ഇലക്റ്ററൽ കോളെജ്” എന്നറിയപ്പെടുന്ന ഒരു ഗവണ്മെന്റ് ബോഡി വഴിയാണു്. U.S. അമേരിക്കയിലെ ഒരു സംസ്ഥാനത്തിനു് രണ്ടു് കോൺഗ്രസ്സുകളിലുമായി എത്ര പ്രതിനിധികളുണ്ടോ അത്രയുമാണു് ഇലക്റ്ററൽ കോളെജിൽ ആ സംസ്ഥാനത്തിനുള്ള എലക്ടേഴ്‌സിന്റെ എണ്ണം. സംസ്ഥാനമോ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭാഗമോ അല്ലാത്ത വാഷിങ്ടൺ D. C. (District of Columbia) U.S. കോൺഗ്രസ്സിന്റെ നേരിട്ടുള്ള ഭരണത്തിലാണു്. (വാഷിങ്ടൺ D. C.-യും വാഷിങ്ടൺ സംസ്ഥാനവും തമ്മിൽ തെറ്റാതിരിക്കാൻ ശ്രദ്ധിക്കുക.)
ഇപ്പോൾ ഇലക്റ്ററൽ കോളെജിലുള്ളതു്, 50 സംസ്ഥാനങ്ങളിൽ നിന്നും വാഷിങ്ടൺ D. C.-യിൽ നിന്നുമായി 538 എലക്ടേഴ്‌സ് ആണു്. ഓരോ സ്റ്റെയ്റ്റിനും, വാഷിങ്ടൺ D. C.-ക്കും അവയുടെ ജനസംഖ്യക്കു് ആനുപാതികമായി, “Hill-Huntington method” അനുസരിച്ചു്, ഹൌസ് ഓഫ് റെപ്രസന്റേറ്റീവ്സിലുള്ള 436 അംഗങ്ങളും, സ്റ്റെയ്റ്റുകൾക്കും, D. C.-ക്കും അവയുടെ ജനസംഖ്യയുമായി ബന്ധമില്ലാതെ 2 വീതം എന്ന തോതിൽ സെനറ്റിലുള്ള മൊത്തം 102 അംഗങ്ങളും ചേർന്നതാണു് ഇലക്റ്ററൽ കോളെജിലെ 538 എലക്ടേഴ്‌സ്. വാഷിങ്ടൺ D. C.-യുടെ കാര്യത്തിലെ ഒരു പ്രത്യേകത ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടു്: ഒരു ഡിസ്ട്രിക്ട് എന്ന നിലയിൽ, വാഷിങ്ടൺ D. C.-ക്കു്, അതൊരു സംസ്ഥാനം ആയിരുന്നാലെന്നപോലെ, ജനസംഖ്യക്കു് ആനുപാതികമായും, അതേസമയംതന്നെ, ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിന്റെ പ്രതിനിധികളുടെ എണ്ണത്തെക്കാൾ കൂടാത്തവിധത്തിലുള്ള എണ്ണം എലക്ടേഴ്‌സിനെയേ ഇലക്റ്ററൽ കോളെജിലേക്കു് അയക്കാൻ കഴിയൂ.
ഓരോ സംസ്ഥാനത്തിനുമുള്ള വിഭിന്നമായ എലക്ടേഴ്‌സിന്റെ എണ്ണമാണു് പ്രസിഡൻഷ്യൽ എലക്ഷനിൽ ചില പ്രത്യേക സംസ്ഥാനങ്ങളിലെ വിജയത്തിനു് കൂടുതൽ പ്രസക്തി നല്കുന്നതു്. രാജ്യവ്യാപകമായ ഒരു വിജയം ട്രംപിനു് മിക്കവാറും അസാദ്ധ്യമായിരുന്നതിനാൽ, ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷം വഴിയല്ലാതെ പ്രസിഡന്റ് പദവി കരസ്ഥമാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്കു് കഴിയുമായിരുന്നില്ല. അതുകൊണ്ടാണു്, വോട്ടേഴ്‌സിന്റെ എണ്ണം താരതമ്യേന കുറവായ അത്തരം “താക്കോൽ” സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിച്ചു് ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷം നേടിയെടുക്കുക എന്ന നയം സ്റ്റീവൻ ബാനന്റെ നേതൃത്വത്തിലുള്ള ട്രംപിന്റെ ഇലക്ഷൻ പ്രചാരണക്കമ്മിറ്റി സ്വീകരിച്ചതു്. അതിൻപ്രകാരം, ഡെമോക്രാറ്റുകൾ ജയിക്കുമെന്നു് പ്രതീക്ഷിച്ചിരുന്ന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് തന്റെ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിക്കുകയും, അവിടെയെല്ലാം റിപ്പബ്ലിക്കൻസ് ജയിക്കുകയും ചെയ്തു. ഈ മൂന്നു് സംസ്ഥാനങ്ങളിൽ നിന്നായി ട്രംപിനു് ലഭിച്ചതു് യഥാക്രമം, 23000, 11000, 43000 എന്നിങ്ങനെ വെറും 77000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു! ഈ 77000 വോട്ടുകളുടെ ഭൂരിപക്ഷമാണു്, രാജ്യവ്യാപകമായി ഏകദേശം മൂന്നു് മില്യൺ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച ഹിലറി ക്ലിന്റണെ, ഇലക്റ്ററൽ കോളെജിലെ ഭൂരിപക്ഷത്തിലൂടെ തോല്പിച്ചു് പ്രസിഡന്റ് സ്ഥാനത്തെത്താൻ ട്രംപിനെ സഹായിച്ചതു്!
ഏതു് സ്ഥാനാർത്ഥിക്കു് വോട്ടുചെയ്യണമെന്ന കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാത്ത സമ്മതിദായകരെ സ്വാധീനിക്കുക എന്ന ട്രംപ് വിഭാഗത്തിന്റെ സ്ട്രാറ്റജിയാണു് അതിലൂടെ വിജയം കണ്ടതു്. റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായിരുന്നതും, ഡെമോക്രാറ്റിക് പാർട്ടിക്കു് ഇല്ലാതിരുന്നതും കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിപുലമായ ഡെയ്റ്റ ഉപയോഗിച്ചു് വോട്ടേഴ്‌സിന്റെ ബിഹേവിയർ അനലൈസ് ചെയ്യുന്നതിനുള്ള ഒരു ആധുനിക ടൂൾ ആയിരുന്നു. അമേരിക്ക മുഴുവൻ ഓടിനടന്നു് മൊത്തം ജനങ്ങളെയും ട്രംപിന്റെ “നിലപാടു് തറകൾ” ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനു് പകരം, ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാത്തവരെന്നു് വോട്ടേഴ്‌സിന്റെ ബിഹേവിയറൽ അനാലിസിസ് വഴി കേംബ്രിഡ്ജ് അനലിറ്റിക്ക മനസ്സിലാക്കിയ ഏതാനും പതിനായിരം സമ്മതിദായകരിൽ ഇലക്ഷൻ പ്രചാരണം കേന്ദ്രീകരിക്കുകയാണു് ട്രംപ് വിഭാഗം ചെയ്തതു്. രാജ്യമാകെ ചിതറിക്കിടക്കുന്ന സമ്മതിദായകരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അവരുടെ അഭിരുചികളും മുൻഗണനകളും ഹോബികളുമെല്ലാമനുസരിച്ചു് അവർ “32 ഇനം മനുഷ്യരായി” തരംതിരിക്കപ്പെട്ടു. അതുവഴി, ട്രംപിന്റെ വിജയത്തിനു് പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതു് വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിലാണെന്നു് മനസ്സിലാക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് കഴിഞ്ഞു.
ട്രംപിന്റെ പോപ്യുലിസ്റ്റ് സന്ദേശങ്ങളിൽ എളുപ്പം വീണുപോകാൻ സാദ്ധ്യതയുള്ള വ്യക്തികളുടെ ഉത്കണ്ഠകൾക്കും ഭയപ്പാടുകൾക്കുമനുസരിച്ചു്, അവരെ കൃത്യമായി ഉന്നം വച്ചുകൊണ്ടുള്ള ആയിരക്കണക്കിനു് “ഡാർക്ക് പോസ്റ്റുകൾ” വഴി, അവരുടെ അറിവില്ലാതെ, ഫെയ്‌സ്ബുക്കിലൂടെ അവർ അഭിസംബോധന ചെയ്യപ്പെട്ടു. ഒരു പ്രത്യേക വിഭാഗത്തെയോ വ്യക്തികളെയോ സോഷ്യൽ മീഡിയ വഴി അഭിസംബോധന ചെയ്യാനായി വ്യക്തികൾക്കോ കമ്പനികൾക്കോ ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനമാണു് “ഡാർക്ക് പോസ്റ്റ്”. ഉദാഹരണത്തിനു്, ഒരു ഫെയ്‌സ്ബുക്ക് യൂസർ തന്റെ പേജിലൂടെ മറ്റു് ഫെയ്‌സ്ബുക്ക് യൂസേഴ്സിലെ ലക്ഷ്യവിഭാഗത്തിൽപെട്ട ആർക്കെങ്കിലും “ഡാർക്ക് പോസ്റ്റ്” വഴി ഒരു മെസ്സേജ് അയച്ചാൽ, അതു് അയച്ചവന്റെ പേജിൽ പബ്ലിഷ് ചെയ്യപ്പെടുകയില്ലെന്നു് മാത്രമല്ല, അതു് കിട്ടുന്നവനല്ലാതെ അവന്റെ ഫ്രണ്ട്സിനോ ഫോളോവേഴ്‌സിനോ ജേർണലിസ്റ്റുകൾ അടക്കമുള്ള മറ്റു് യൂസേഴ്സിനോ ആ പോസ്റ്റ് കാണാനാവുകയുമില്ല.
ഫെയ്‌സ്ബുക്ക് ഡെയ്റ്റയുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ ബിഹേവിയറൽ അനാലിസിസ് വഴി, തോക്കു് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുന്നവൻ എന്നു് തിരിച്ചറിയപ്പെട്ട ഒരുവന്റെ ഫെയ്‌സ്ബുക്ക് സ്ട്രീമിൽ, “ഹില്ലറി ക്ലിന്റൺ നിന്റെ തോക്കു് കണ്ടുകെട്ടാൻ പ്ലാനിടുന്ന കാര്യം നീയറിഞ്ഞോ?” എന്ന രീതിയിൽ ഒരു സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടാൽ, തീർച്ചയായും അതവനെ ക്ലിന്റണു് എതിരെ തിരിയാനും, ഇലക്ഷനിൽ അവൾ ജയിക്കരുതെന്നു് ചിന്തിക്കാനും പ്രേരിപ്പിക്കും. അഡ്രസ്സീയുടെ ഡിജിറ്റൽ ഫുട്ട്പ്രിന്റ്സിനും ശീലത്തിനും അനുസരിച്ചു് ഒരു പ്രത്യേകസമയത്തു് പ്രത്യക്ഷപ്പെട്ടു്, ഒരു നിശ്ചിതസമയത്തേക്കുമാത്രം ന്യൂസ് ഫീഡിൽ തങ്ങിയശേഷം മറയുന്ന മെസ്സേജുകളാണു് “ഡാർക്ക് പോസ്റ്റുകൾ”. ഏതു് സ്ഥാനാർത്ഥിക്കു് വോട്ടുചെയ്യണമെന്ന കാര്യത്തിൽ ഉറച്ച ഒരു തീരുമാനം എടുത്തിട്ടില്ലാതിരുന്ന വോട്ടേഴ്സിനെ ട്രംപിനു് വോട്ടു് ചെയ്യാൻ പ്രേരിപ്പിച്ചതിൽ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ “ഡാർക്ക് പോസ്റ്റുകൾ” വഹിച്ച പങ്കു് ചെറുതല്ല.
തന്റെ വിജയത്തിനു് പിന്നിൽ പ്രവർത്തിച്ച റോബർട്ട് മെർസറുടെ വിശ്വസ്തർക്കെല്ലാം (മകൾ റെബേക്ക മെർസർ, സ്റ്റീവൻ ബാനൻ, കെല്ല്യൻ കോൺവേ, ഡേവിഡ് ബോസി, തുടങ്ങിയവർ) പ്രസിഡന്റ് പദവിയിലെത്തിയ ട്രംപ് അഡ്മിനിസ്ട്രേഷനിൽ ഉയർന്ന സ്ഥാനങ്ങൾ നൽകി നന്ദി പ്രകടിപ്പിച്ചു.
എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ആരെങ്കിലും എന്നെങ്കിലും പുറത്തുകൊണ്ടുവരുമെന്നതാണു് മിക്കവാറും എല്ലാ സ്കാൻഡലുകളുടെയും പ്രത്യേകത. പ്രസിഡൻഷ്യൽ എലക്ഷനിൽ ട്രംപിനെ വിജയിപ്പിക്കാനായി ഫെയ്‌സ്ബുക്ക് ഡെയ്റ്റയുടെ സഹായത്തോടെ കേംബ്രിഡ്ജ് അനലിറ്റിക്ക സ്വീകരിച്ച വഴിവിട്ട തന്ത്രങ്ങൾ മാർച്ച് 2018-ൽ കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റൊഫർ വൈലി വഴിയാണു് ലോകം അറിഞ്ഞതു്. സ്കാൻഡൽ വെളിച്ചം കണ്ടതോടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഇൻസോൾവെൻസി പ്രഖ്യാപിച്ചു. “റ്റി-ഷർട്ട്-മാൻ” മാർക്ക് സക്കർബെർഗിനു് സ്യൂട്ടും ടൈയുമായി അമേരിക്കൻ കോൺഗ്രസ്സിനു് മുന്നിലെത്തി ടെസ്റ്റിഫൈ ചെയ്യേണ്ടിയും ഡെയ്റ്റ ചോർച്ചയുടെ പേരിൽ മാപ്പു് ചോദിക്കേണ്ടിയും വന്നു. ഫെയ്‌സ്ബുക്കിനെ ബോയ്ക്കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങൾ “ടെസ്ല-മാൻ” ഇലോൺ മസ്‌കിൽനിന്നും, “മാസ്സിവ് അറ്റാക്ക്” എന്ന മ്യൂസിക്ക് ഗ്രൂപ്പിൽ നിന്നുമെല്ലാം വന്നു. “പ്യൂ റിസർച് സെന്റർ” 2018-ൽ നടത്തിയ ഒരു സർവ്വേ പ്രകാരം പതിനെട്ടിനും ഇരുപത്തൊൻപത്തിനും ഇടയിൽ പ്രായമുള്ള ഫെയ്‌സ്ബുക്ക് യൂസേഴ്സിൽ 44% പേരാണു് അവരുടെ ഫോണിൽ നിന്നും ഈ സ്കാൻഡലിന്റെ പേരിൽ ഫെയ്‌സ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്തതു്!
ജനാധിപത്യം തുറന്ന ചർച്ചകളിലൂടെ നിലനിൽക്കേണ്ടതും വളരേണ്ടതുമായ ഒരു വ്യവസ്ഥിതിയാണു്. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെപ്പറ്റി പ്രൊഫൗണ്ടായ അറിവുള്ള മനുഷ്യർ തമ്മിൽ നടക്കുന്ന ചർച്ചകൾക്കേ എന്തെങ്കിലും അർത്ഥം നൽകാൻ കഴിയൂ. ചാനൽ ചർച്ചകളായി രൂപാന്തരം പ്രാപിച്ച കേരളത്തിലെ ചായക്കട ചർച്ചകൾ സമയംപോക്കിനുതകുന്ന എന്റർറ്റെയിന്മെന്റ് ആയേക്കാമെങ്കിലും, ജനാധിപത്യം എന്നതുകൊണ്ടു് ഫൗണ്ടിങ് ഫാദേഴ്സ് വിഭാവനം ചെയ്ത ആശയം എന്താണോ അതിന്റെ നിലനിൽപ്പിനും വളർച്ചക്കും കാര്യമായ സംഭാവനകൾ നൽകാൻ അവയ്ക്കു് കഴിയുമെന്നു് തോന്നുന്നില്ല. “ചർച്ച ചർച്ചക്കുവേണ്ടി” എന്ന തത്വത്തിൽ വിശ്വസിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ ആ പോരായ്മ കേരളത്തെ ഏതെങ്കിലും വിധത്തിൽ അലട്ടാനുള്ള സാദ്ധ്യതയും കാണുന്നില്ല.
ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും ഡെയ്റ്റ ചോർത്തി അനലൈസ് ചെയ്തു് അവയുപയോഗിച്ചു് മനുഷ്യരെ മാനിപ്യുലെയ്റ്റ് ചെയ്യുന്നതും, പൗരസമൂഹത്തിന്റെ സുരക്ഷിതമായിരിക്കേണ്ട ഡെയ്റ്റ ഡ്യൂബിയസായ വ്യക്തികളെയോ കമ്പനികളെയോ ഏല്പിച്ചു് സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാനും കാര്യലാഭമുണ്ടാക്കാനും ശ്രമിക്കുന്നതും, സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് ന്യൂസുകൾ വാരിവിതറി മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കങ്കാണികളെ ചുമതലപ്പെടുത്തുന്നതുമെല്ലാം ജനാധിപത്യമല്ല, ജനവഞ്ചനയും സമൂഹദ്രോഹവും മാത്രമാണു്.
ആദ്യഭാഗത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു: “ഡെയ്റ്റ അനലൈസ് ചെയ്യുന്ന ഒരു കമ്പനിയുടെ കയ്യിൽ കുറെ മനുഷ്യരുടെ ഡെയ്റ്റ കിട്ടിയാൽ അതുകൊണ്ടു് അവർക്കു് എന്താണു് ചെയ്യാൻ കഴിയുന്നതു്? അതു് ആ ഡെയ്റ്റ കിട്ടുന്ന കമ്പനിയുടെ കയ്യിലിരിപ്പു് പോലിരിക്കും.”