കല, സാഹിത്യം, ശാസ്ത്രം, യുക്തിവാദം, ഫെമിനിസം എന്നുവേണ്ട, ആധുനികം എന്ന തോന്നൽ ഉണർത്തുന്ന എല്ലാ വിഷയങ്ങളിലും അതീവ ആസക്തി പ്രകടിപ്പിക്കുന്നവരാണു് മലയാളികൾ. സത്യമായിട്ടും അതവർ ഉത്പതിഷ്ണുക്കളായതുകൊണ്ടല്ല. ഉള്ളിന്റെയുള്ളിൽ എല്ലാം തികഞ്ഞ യാഥാസ്ഥിതികരാണു് മലയാളികൾ. യാഥാസ്ഥിതികർ എന്നതിന്റെ പര്യായപദമാകാൻ മല്ലൂസ് എന്നതിനേക്കാൾ അനുയോജ്യമായൊരു വാക്കുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
വല്യേട്ടൻചമയൽ, പൊങ്ങച്ചം, ജാതിവെറി, വംശവെറി, വർണ്ണവെറി മുതലായ മാനസികവൈകൃതങ്ങളെല്ലാം സമീകൃതമായി സമന്വയിച്ചിരിക്കുന്ന പക്കാ ഫ്രോഡുകളായ ഗോത്രവർഗ്ഗചിന്താഗതിക്കാരല്ലാതെ മറ്റൊന്നുമല്ല മല്ലൂസ്. മറ്റാരേക്കാൾ കൂടുതലായി അതവർക്കറിയാം. തന്മൂലം, അറപ്പുളവാക്കുന്ന ആ പ്രാകൃതരൂപത്തെ മറച്ചുവയ്ക്കാനായി ഒരു മൂടുപടം വാരിയണിയാനവർ നിർബന്ധിതരാകുന്നു. ആധുനികതയോടുള്ളതായി അവർ അഭിനയിക്കുന്ന അഭിനിവേശം ആ മറച്ചുവയ്ക്കലിന്റെ ഭാഗമാണു്. ആർമി ഭാഷയിൽ പറഞ്ഞാൽ, ഒരുതരം കാമൊഫ്ലാഷ് ആൻഡ് കൺസീൽമെന്റ്.
മല്ലുക്കളുടെ കപട ആധുനികത ഒരു വ്യാപാരതന്ത്രമാക്കാമെന്നു് മനസ്സിലാക്കിയ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ആ മേഖലകളിലെല്ലാം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ നുഴഞ്ഞുകയറി സർവ്വകലാവല്ലഭർ ചമയാൻ തുടങ്ങി. അതോടെ, ആധുനികതയിലേക്കുള്ള വിസ മാർക്സിസ്റ്റ് പാർട്ടിയിലൂടെ മാത്രമേ ലഭിക്കൂ എന്നും, ഇടതുപക്ഷം എന്നാൽ മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും, മാർക്സിസ്റ്റാകാതെ മനുഷ്യനാകാൻ പോലും കഴിയില്ലെന്നും മറ്റുമുള്ള മതിഭ്രമങ്ങൾ മനുഷ്യരെ, പ്രത്യേകിച്ചും കലാലയവിദ്യാർത്ഥികളെ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലൂടെ ഒരു ഒഴിയാബാധപോലെ പിടികൂടി.
സ്വന്തം നിലപാടുകളെ ഒരു പുനഃപരിശോധനക്കു് വിധേയമാക്കാൻ ആവശ്യമായ മിക്കവാറും എല്ലാ ഇൻഫർമേഷൻസും വിരൽത്തുമ്പിൽ ലഭ്യമായ ഈ സോഷ്യൽ മീഡിയയുടെ കാലത്തും സ്വയം ഇറങ്ങിപ്പോകാനോ ആർക്കും ഇറക്കിവിടാനോ കഴിയാത്തവിധത്തിൽ, ക്യാൻസർപോലെ തലയിൽ മെറ്റാസ്റ്റസൈസ് ചെയ്തുകഴിഞ്ഞു ആ പ്രത്യയശാസ്ത്രഭൂതബാധ!
ഇടതുപക്ഷത്തുള്ളവരിൽ നിന്നും ഉത്ഭവിച്ചാലേ കലയും, സാഹിത്യവും, ശാസ്ത്രവും, യുക്തിവാദവും, ഫെമിനിസവുമെല്ലാം ആധുനികമാകൂ എന്ന ഹെജെമോണിക്ക് സ്ഥിതിയിൽവരെ എത്തിനിൽക്കുന്നു ഇപ്പോൾ കാര്യങ്ങൾ! മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ നിലനിന്നില്ലെങ്കിൽ മനുഷ്യവർഗ്ഗം പിന്നാക്കപരിണാമം സംഭവിച്ചു് കുരങ്ങുവർഗ്ഗമായിത്തീരും എന്നുവരെ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇടതു് “പക്ഷി”ശാസ്ത്രികളുണ്ടു്! മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ വാഴിച്ചിരിക്കുന്ന അധികാരികളെ സസൂക്ഷ്മം വീക്ഷിച്ചാൽ ഇക്കാര്യം മാർക്സിസ്റ്റുകളല്ലാത്തവർക്കെങ്കിലും ബോദ്ധ്യപ്പെടേണ്ടതാണു്.
ഉറങ്ങുന്ന രാജാവിനെ ശല്യം ചെയ്യുന്ന ഈച്ചകളെ ആട്ടിയോടിക്കാൻ കമ്മീഷൻ പദവിയിൽ നിയമിതനായ കുരങ്ങന്റെ ഔദ്യോഗികവേഷഭൂഷാദികളിൽ വടിവാൾ ഉൾപ്പെടുത്തുന്നതും, മുടങ്ങാതെ സിന്താവാ വിളിച്ചു് പ്രതിഷേധിച്ചുകൊണ്ടിരുന്നാൽ മറ്റെന്നാൾ സ്ഥിതിസമത്വവും വർഗ്ഗരഹിതസമൂഹവും സംജാതമാകുമെന്നു് മാർക്സ് പറഞ്ഞിട്ടുണ്ടെന്നു് വിശ്വസിപ്പിക്കാൻ കഴിയുന്നവരെ ബുദ്ധിജീവിപ്പട്ടം കെട്ടിച്ചു് വാഴിക്കുന്നതും തമ്മിൽ ഫലത്തിൽ വ്യത്യാസമൊന്നുമില്ല. ആദ്യത്തെ പദവിദാനമഹോത്സവം രാജാവിന്റെയും, രണ്ടാമത്തേതു് പൊതുസമൂഹത്തിന്റെയും ദുരന്തമഹാമഹത്തിൽ കലാശിക്കാൻ പ്രീഡെസ്റ്റിൻഡായ “ഭരണപരിഷ്കാരങ്ങൾ” ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട!
എന്താണു് യഥാർത്ഥത്തിൽ വസ്തുത, എന്താണു് വിഷയം, എന്താണു് കാര്യത്തിന്റെ ഉള്ളടക്കം എന്നു് തിരിച്ചറിയാനുള്ള കഴിവു് ജനം ആർജ്ജിക്കാതിരിക്കാനാണു് സ്റ്റഡിക്ലാസ്സുകൾ പോലുള്ള പടർപ്പിൽ തല്ലും, പാട്ടും കൂത്തും, ചർച്ചാമാമാങ്കങ്ങളും, ഓരോ കഞ്ഞിവയ്പുകളും നാട മുറിച്ചും, ഓരോ നിലത്തെഴുത്തും ആഘോഷപൂർവ്വം ഉദ്ഘാടിച്ചുമെല്ലാം ജനത്തെ നിരന്തരം പൊന്തിയോസിൽ നിന്നു് പീലാത്തോസിലേക്കും തിരിച്ചും ഓടിച്ചുകൊണ്ടിരിക്കുന്നതു്.
ജീവിക്കാനായി നെട്ടോട്ടം ഓടുന്ന മനുഷ്യർക്കു് ചിന്തിക്കാൻ നേരമില്ല. ഉരുളുന്ന കല്ലിൽ പായൽ പിടിക്കില്ല എന്നപോലൊരു അവസ്ഥയാണതും. ദൈനംദിനജീവിതത്തിൽ രണ്ടറ്റവും ഒരുവിധം കൂട്ടിമുട്ടിക്കാനായി പാടുപെടുന്ന സാമാന്യജനത്തിനു് അതിനോടൊപ്പം, പേരു് പുറത്തുപറയാൻ കൊള്ളാത്തത്ര പ്രമുഖരായ നേതാക്കളും വഴികാട്ടികളും ബ്രേക്കിങ് ന്യൂസുകളായി വിളമ്പുന്ന വ്യാജ വാർത്തകൾ കാണണം, കേൾക്കണം, വായിക്കണം. നൃത്തനൃത്യങ്ങളിലും, സ്വരലയതാളമേളങ്ങളിലും, റാലികളിലും, റെഡ് വോളണ്ടിയേഴ്സിന്റെ മാർച്ച്-പാസ്റ്റുകളിലുമെല്ലാം കാഴ്ചക്കാരായി സാന്നിദ്ധ്യമറിയിക്കണം. പറ്റുമെങ്കിൽ ഭാഗഭാക്കുകളുമാകണം. ഫെയ്സ്ബുക്കിലും ക്ലബ്ബ് ഹൌസിലും ഇടപെടണം. അതിനിടയിൽ കോവിഡിൽ നിന്നും തടി കയ്ച്ചിലാക്കണം.
ആറു് ദിവസം ലോക്ക് ഡൌൺ, മൂന്നു് ദിവസം പൂരം; നാലു് ദിവസം ലോക്ക് ഡൌൺ, അഞ്ചു് ദിവസം വല്യ പെരുന്നാൾ. ഏഴു് ദിവസം ലോക്ക് ഡൌൺ, പത്തു് ദിവസം ഇലക്ഷൻ പ്രചരണം. കൊറോണ വൈറസിനു് ഈ ഭൂമിയിലുള്ള അസ്തിത്വാവകാശത്തെ മനുഷ്യൻ വിലമതിക്കേണ്ടതുണ്ടു്. മനുഷ്യൻ ആധുനികകാലത്തിനും പരിഷ്കൃതലോകത്തിനുമനുസരിച്ചു് നീങ്ങിക്കൊണ്ടിരിക്കണം. സ്ഥിരം ചിത്രത്തിൽ ആയിരിക്കാനായി മനുഷ്യൻ എപ്പോഴും തിക്കിത്തിരക്കിക്കൊണ്ടിരിക്കേണ്ടതുണ്ടു്.
ഉപരിപ്ലവതയുടെ മൊത്തക്കച്ചവടക്കാരായ മൊത്തം വ്യാജഉസ്താദുകളെയും തിരിച്ചറിയാനുള്ള കഴിവു് എന്നു് ജനം കൈവരിക്കുന്നോ, അന്നേ നുണകളിൽ പണിതുയർത്തപ്പെട്ടിരിക്കുന്ന സകല മതങ്ങളെയും പോലെതന്നെ, മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ അന്ത്യശ്വാസം വലിക്കൂ. പക്ഷേ, അല്പമെങ്കിലും മനുഷ്യജ്ഞാനം കൈവരിച്ചിട്ടുള്ള ആർക്കുമറിയാം, ഒരിക്കൽ തലയിൽ തിരുകിക്കയറ്റപ്പെട്ട വിധേയത്വത്തിൽ നിന്നും മോചനം പ്രാപിക്കൽ മനുഷ്യരെ സംബന്ധിച്ചു് എത്രമാത്രം അപ്രാപ്യമായ കാര്യമാണെന്നു്!