RSS

Daily Archives: Sep 26, 2010

യുക്തിക്കു് മംഗളാശംസകൾ – 1

ഒരു പ്രോവിൻസ്‌ ഹൈസ്കൂളിൽ മിസ്റ്റർ … ചെയ്ത പ്രസംഗം

(വോൾട്ടയറിന്റെ Eloge historique de la raison, prononce dans une Academie de province par M. …-ന്റെ സ്വതന്ത്രപരിഭാഷ)

ജെന്റിൽമെൻ,

പതിനാറാം നൂറ്റാണ്ടിൽ ഇറാസ്മസ്‌ “ഭോഷത്തത്തിന്റെ ആശംസ” എന്ന പുസ്തകം എഴുതി(Desiderius Erasmus Roterodamus). ഇപ്പോൾ യുക്തിയെപ്പറ്റി (reason) നിങ്ങളോടു് സംസാരിക്കാൻ നിങ്ങൾ എന്നോടു് ആവശ്യപ്പെടുന്നു. വാസ്തവത്തിൽ യുക്തി രണ്ടു് നൂറ്റാണ്ടുകൾക്കു് ശേഷമാണു് ആഘോഷിക്കപ്പെടുന്നതു്, പലപ്പോഴും അതിലേറെ താമസിച്ചും. അതേ, ഇതുവരെ യുക്തി എന്നാൽ എന്തെന്നുപോലും മനസ്സിലാക്കിയിട്ടില്ലാത്ത ജനവിഭാഗങ്ങളുണ്ടു്.

ഡ്രുയിഡുകളുടെ (Druids) കാലത്തു് യുക്തി എന്നതു്, നമ്മുടെ ഭാഷയിൽ അതിനു് ഒരു പേരുപോലും ഇല്ലാതിരുന്നത്ര അജ്ഞാതമായ ഒരു കാര്യമായിരുന്നു. സ്വിറ്റ്‌സർലണ്ടിലേക്കോ, അറ്റാങ്ങ്‌ലേക്കോ, അല്ലെങ്കിൽ, അന്നു് വെറുമൊരു മുക്കുവക്കൂടായിരുന്ന പാരീസിലേക്കോ സീസർ (Gaius Julius Caesar) യുക്തിയെ കൊണ്ടുവന്നിരുന്നില്ല, അതെന്തെന്നു് അവൻ അറിഞ്ഞിരുന്നുമില്ല. അവനു് അത്യുൽകൃഷ്ടമായ അനവധി കഴിവുകൾ ഉണ്ടായിരുന്നതിനാൽ, അവയുടെയെല്ലാമിടയിൽ യുക്തിക്കു് സ്ഥാനമുണ്ടായിരുന്നില്ല. നമ്മുടെ രാജ്യം നശിപ്പിച്ചു് തരിശുഭൂമിയാക്കിയശേഷം മഹാനുഭാവനായ ആ വിഡ്ഢി ഇവിടം വിട്ടു് പോയതു് സ്വന്തം രാജ്യം തകർത്തു് തരിപ്പണമാക്കാനും, അവന്റെ അഞ്ചയലത്തു് വരാൻ യോഗ്യതയില്ലാത്ത വേറെ ഇരുപത്തിമൂന്നു് കുലീനവിഡ്ഢികളാൽ ഇരുപത്തിമൂന്നു് കഠാരിക്കുത്തു് ഏറ്റുവാങ്ങാനുമായിരുന്നു.

അതിനും അഞ്ഞൂറു് വർഷങ്ങൾക്കു് ശേഷം ക്ലോഡ്‌വിഗ്‌ (ലുഡ്‌വിഗ്‌) എന്ന ഫ്രാങ്കൻ (Clovis I) വന്നതു് നമ്മുടെ ദേശത്തിന്റെ ഒരുഭാഗത്തെ ഉന്മൂലനം ചെയ്യുന്നതിനും, ബാക്കിയെ കീഴടക്കുന്നതിനുമായിരുന്നു. അവന്റെ സൈന്യങ്ങളിലോ, നിർഭാഗ്യവാന്മാരായ നമ്മുടെ കൊച്ചുഗ്രാമീണരിലോ ആരെങ്കിലും അക്കാലത്തു് യുക്തിയെപ്പറ്റി സംസാരിക്കുന്നതു് കേൾക്കാനുണ്ടായിരുന്നില്ല; “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്നതായിരുന്നു അന്നു് നിലവിലിരുന്ന നീതി.

ഭയാനകവും അപമാനകരവുമായ ഈ കാട്ടാളത്തത്തിൽ മുങ്ങി ദീർഘകാലം നമ്മൾ കഴിച്ചുകൂട്ടി. ആ മൃഗീയാവസ്ഥയിൽ നിന്നും നമ്മെ രക്ഷിക്കാൻ, വ്യാപകമായിരുന്നതും, അങ്ങേയറ്റം മോശമായതും, പരിഹാസ്യമായതും, ദൗർഭാഗ്യകരമായിരുന്നതുമായ കുരിശുയുദ്ധങ്ങൾ എന്ന ഭോഷത്തത്തിനും കഴിഞ്ഞില്ല. നൂറ്റാണ്ടുകൾ നീണ്ടുനിന്ന കുരിശുയുദ്ധങ്ങൾക്കു് ശേഷം വന്നതു്, തെക്കൻ ഭാഷയോ വടക്കൻ ഭാഷയോ (langues d’oc, Langues d’oil) സംസാരിച്ചിരുന്നവരായ അനേകരുടെ ജീവൻ നശിപ്പിച്ച ക്രൂരവും ഭ്രാന്തവുമായ വിശുദ്ധ ആഭ്യന്തരയുദ്ധങ്ങളായിരുന്നു. ആ കാലഘട്ടങ്ങളിൽ ലോകത്തിനുമുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു് യുക്തി മറഞ്ഞിരിക്കുകയായിരുന്നു.

അക്കാലത്തെ റോമിൽ രാഷ്ട്രീയമായിരുന്നു രാജാവു്; ആ രാജാവിന്റെ മന്ത്രിമാർ ദുരാഗ്രഹവും പോക്കിരിത്തരവുമായിരുന്നു. അവരുടെ നിർദ്ദേശപ്രകാരം അജ്ഞതയും ഫണാറ്റിസവും മതഭ്രാന്തും യൂറോപ്പിലൂടെ ജൈത്രയാത്ര നടത്തിയപ്പോൾ എല്ലായിടത്തും അവയുടെ പിന്നാലെ ദാരിദ്ര്യവും ഒത്തുകൂടി. അതോടെ യുക്തി അവളുടെ മകളായ സത്യത്തിനോടൊപ്പം ഒരു കുളത്തിൽ ഒളിച്ചു. ആ കുളം എവിടെയായിരുന്നുവെന്നു് ആരുമറിഞ്ഞിരുന്നില്ല, ആരെങ്കിലും അതറിഞ്ഞിരുന്നെങ്കിൽ അവർ ഉടനെ ആ കുളത്തിലിറങ്ങി അവരെ രണ്ടുപേരേയും കഴുത്തു് ഞെരിച്ചു് കൊല്ലുമായിരുന്നു.

തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതുവഴി പണ്ടേതന്നെ അതിദാരുണമായ അവസ്ഥയിൽ എത്തിയിരുന്ന ദുരിതങ്ങൾ നേരെ ഇരട്ടിയായി. ജീവൻ രക്ഷപെടുത്താനായി ഒളിച്ചോടുന്നവഴി രണ്ടോ മൂന്നോ ഗ്രീക്കുകാർ വിശപ്പും ക്ഷീണവും ഭയവും മൂലം മൃതപ്രായരായി ആ കുളത്തിൽ, കൃത്യമായി പറഞ്ഞാൽ ആ ഗുഹയിൽ, വീണു.

യുക്തി അവരെ മനുഷ്യസ്നേഹപരമായ പരിഗണനയുടെ പേരിൽ സ്വീകരിക്കുകയും വർഗ്ഗപരമായ വ്യത്യാസം കണക്കാക്കാതെ അവർക്കു് ഭക്ഷിക്കാൻ മാംസം കൊടുക്കുകയും ചെയ്തു. (കോൺസ്റ്റാന്റിനോപ്പിളിൽ അങ്ങനെയൊരു സംഗതി അവർ അറിഞ്ഞിട്ടുപോലുമില്ലായിരുന്നു). യുക്തി സ്വതവേ വാചാലയല്ലാത്തതിനാൽ, അവളിൽ നിന്നും അവർക്കു് വളരെ കുറച്ചു് നിർദ്ദേശങ്ങളേ ലഭിച്ചുള്ളു. യുക്തിയും മകളും ഒളിച്ചിരിക്കുന്ന സ്ഥലം ആർക്കും വെളിപ്പെടുത്തുകയില്ലെന്നു് ആ ഗ്രീക്കുകാർ ആണയിടേണ്ടിയിരുന്നു; അവിടെനിന്നും, ദീർഘമായ വഴികളിലൂടെ ചുറ്റിത്തിരിഞ്ഞു് അവർ ചാൾസ്‌ അഞ്ചാമന്റെയും ഫ്രാൻസ്‌ ഒന്നാമന്റെയും കൊട്ടാരത്തിലെത്തി (Charles V, Holy Roman Emperor and Francis I of France).

അവർ അവിടെ സ്വീകരിക്കപ്പെട്ടതു് കൊട്ടാരത്തിലെ മഹതീമഹാന്മാരുടെ ഇടവേളകളിലെ ബോറഡി മാറ്റുക എന്ന കൃത്യം നിർവ്വഹിക്കാൻ ചുമതലപ്പെട്ട ഇന്ദ്രജാലക്കാർ എന്ന രീതിയിലായിരുന്നു . അവിടത്തെ മന്ത്രിമാർ അവരുടെ ഭാരിച്ച ഭരണനിർവ്വഹണത്തിന്റെ തിരക്കിനിടയിൽ കഷ്ടിച്ചു് കണ്ടെത്തിയ ഏതാനും നിമിഷങ്ങൾ അവരുടെ ‘പ്രകടനങ്ങൾ’ കാണാനായി കനിഞ്ഞു് താഴേക്കു് ഇറങ്ങിവന്നിരുന്നു. ഫ്രാൻസിലെ ചക്രവർത്തിയും രാജാവും പോലും വെപ്പാട്ടികളുടെ അടുത്തേക്കു് പോകുന്ന വഴിയിൽ അവരുടെ നേരെ ഒന്നു് ദൃഷ്ടി പായിച്ചു് അവരെ സ്വീകരിക്കുകയുണ്ടായി. എവിടെനിന്നെന്നു് എനിക്കറിയില്ല, സാമാന്യബോധത്തിന്റെ നേരിയ വെളിച്ചം എങ്ങനെയോ സ്വന്തമാക്കിയിരുന്ന ഏതാനും നല്ല പൗരന്മാരെ കണ്ടെത്താൻ കഴിഞ്ഞിരുന്ന ചെറിയ പട്ടണങ്ങളിൽ അതേസമയം അവർക്കു് അതിൽ കൂടുതൽ ഭാഗ്യമുണ്ടായിരുന്നു.

ആഭ്യന്തരയുദ്ധങ്ങളുടെ സമയത്തു് ഈ മങ്ങിയ വെളിച്ചത്തിന്റെ തിളക്കവും മറഞ്ഞുപോയതിനാൽ യൂറോപ്പു് മൊത്തത്തിൽ അന്ധകാരത്തിൽ മുങ്ങിനശിച്ചു. ഫണാറ്റിസം അനേക വർഷങ്ങളിലൂടെ കൊളുത്തിയ തീയിൽ ആളിക്കത്തിക്കൊണ്ടിരുന്ന ചിതകളുടെയും പന്തങ്ങളുടെയും ഇടയിൽ യുക്തിയുടെ ഒന്നോ രണ്ടോ തിരിവെളിച്ചങ്ങളുടെ പ്രസക്തി സ്വാഭാവികമായും നഷ്ടപ്പെട്ടു. യുക്തിയും അവളുടെ മകളും മുൻപത്തേതിലും കൂടുതൽ ശ്രദ്ധയോടെ ഒളിച്ചിരിക്കാൻ നിർബന്ധിതരായി.

അവരുടെ അപ്പൊസ്തലന്മാരുടെ ആദ്യശിഷ്യന്മാരിൽ അങ്ങേയറ്റം അയുക്തികമായി അനുയോജ്യമല്ലാത്ത സമയത്തു് യുക്തിയെപ്പറ്റി പ്രസംഗിക്കുവാൻ മാത്രം അശ്രദ്ധാലുക്കളായിരുന്ന ചുരുക്കം ചിലരൊഴികെ ബാക്കി എല്ലാവരും നിശ്ശബ്ദത പാലിച്ചു. സോക്രട്ടീസിനെപ്പോലെ, ആരും അതൊന്നും ശ്രദ്ധിക്കുകപോലും ചെയ്യാതെ, സ്വന്തം ജീവൻ അവർ അതിനു് മറുവിലയായി നൽകേണ്ടിവന്നു. ബാർത്തൊലോമ്യൂസ്‌ രാത്രിയും (St. Bartholomew’s Day massacre), അയർലണ്ടിലെ കൂട്ടക്കൊലകളും, ഹംഗറിയിലെ തൂക്കുമരത്തട്ടുകളും, രാജവധങ്ങളുമൊക്കെയായി ജനങ്ങൾ വളരെ തിരക്കിലായിരുന്നതിനാൽ, ലോകത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിറഞ്ഞുനിന്നിരുന്ന ചെറിയ കുറ്റകൃത്യങ്ങളേയും രഹസ്യമായ വൈഷമ്യങ്ങളേയുമൊക്കെപ്പറ്റി ചിന്തിക്കാൻ വേണ്ടത്ര സമയമോ, വേണ്ടത്ര ചിന്താസ്വാതന്ത്ര്യമോ അവർക്കുണ്ടായിരുന്നില്ല.

യുക്തിയുടെ അടുത്തു് അഭയം തേടിയ ഏതാനും നാടുകടത്തപ്പെട്ടവർ അവൾക്കു് എല്ലാ സംഭവവികാസങ്ങളെപ്പറ്റിയും അറിവുനൽകിയിരുന്നതിനാൽ, പൊതുവേ അത്ര അലിവു് തോന്നുന്നവളല്ല എങ്കിലും, അവളിൽ സഹാനുഭൂതി രൂപമെടുക്കാൻ ആ വിവരണങ്ങൾ കാരണമായി. കൂടുതൽ സാഹസികസ്വഭാവക്കാരിയായ അവളുടെ മകൾ, ലോകത്തിലേക്കു് ഇറങ്ങിച്ചെന്നു് മനുഷ്യരുടെ രോഗവിമോചനത്തിനുവേണ്ടി ശ്രമിക്കാൻ അവൾക്കു് ധൈര്യം പകർന്നു. അങ്ങനെ അവർ ലോകത്തിൽ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്തെങ്കിലും, അവർക്കു് നേരിടേണ്ടിവന്നതു് അവരോടു് മറുത്തുപറയുന്നതിൽ മാത്രം തത്പരരായ അനേകം ചീത്ത മനുഷ്യരെയായിരുന്നു – തിന്മയുടെ ശമ്പളക്കാരായിരുന്ന അനേകം മൂഢന്മാർ, യുക്തിയെപ്പറ്റിയോ, അവളുടെ മകളെപ്പറ്റിയോ, അവരുടെ ശത്രുക്കളെപ്പറ്റിയോ യാതൊരു വേവലാതിയും ഇല്ലാതെ, തങ്ങളെപ്പറ്റിത്തന്നെയും, തത്ക്കാലവിഷയങ്ങളിലും മാത്രം മുഴുകിയിരുന്ന ഉദാസീനർ. അതുകൊണ്ടു് വീണ്ടും തങ്ങളുടെ ഒളിയിടത്തിലേക്കു് മടങ്ങുന്നതാണു് ബുദ്ധി എന്നവർ മനസ്സിലാക്കി. എങ്കിൽത്തന്നെയും, അവർ എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന വിത്തുകളിൽനിന്നും അവർ വിതച്ച ധാന്യമണികളിൽ ചിലതു് ഒട്ടും ചീഞ്ഞുപോകാതെതന്നെ മുളപൊട്ടിവിരിഞ്ഞു.

ഏതാനും നാളുകൾക്കു് ശേഷം യുക്തിയും സത്യവും റോമിലേക്കു് തീർത്ഥാടനത്തിനു് പോകാനുള്ള താത്പര്യം തങ്ങളിൽ അനുഭവവേദ്യമാകുന്നതു് തിരിച്ചറിഞ്ഞു. ഇൻക്വിസിഷനോടുള്ള ഭയം മൂലം, അവർ പ്രച്ഛന്നവേഷധാരികളാവുകയും, തങ്ങളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. റോമിൽ എത്തിയ ഉടനെ അവർ ഗാൻഗനെല്ലി എന്ന ക്ലെമെന്റ്‌ പതിനാലാമൻ മാർപ്പാപ്പയുടെ (Pope Clement XIV) കുശിനിക്കാരനെ സമീപിച്ചു. റോമിലെ ഏറ്റവും തിരക്കു് കുറഞ്ഞ പാചകക്കാരൻ അവനായിരുന്നുവെന്നു് അവർക്കറിയാമായിരുന്നു. ജെന്റിൽമെൻ, റോമിലെ കുമ്പസാരപിതാക്കൾക്കു് ശേഷം അവന്റെ പദവിയിലെ ഏറ്റവും മഹാനായ നിഷ്ക്രിയൻ അവനായിരുന്നു എന്നുപോലും വേണമെങ്കിൽ നമുക്കു് അവനെപ്പറ്റി പറയാം.

നമ്മുടെ രണ്ട്‌ തീർത്ഥാടകകൾക്കും ഏതാണ്ടു് മാർപ്പാപ്പയുടേതുപോലെ തന്നെ മിതവ്യയരൂപിയായ ഒരു ആഹാരം നൽകിയശേഷം ആ സാധു അവരെ മാർക്ക്‌ ഔറെലിന്റെ (Marcus Aurelius Antoninus) ‘ആത്മചിന്തനം’ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന വിശുദ്ധപിതാവിന്റെ സന്നിധിയിലേക്കു് ആനയിച്ചു. അവരുടെ പ്രച്ഛന്നവേഷം തിരിച്ചറിഞ്ഞ മാർപ്പാപ്പ താൻ പാലിക്കേണ്ട ആചാരമര്യാദകൾ മറന്നു് അവരെ ഹൃദയപൂർവ്വം കെട്ടിപ്പുണർന്നു. “മഹതികളേ, നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനായിരുന്നു നിങ്ങളെ ആദ്യം സന്ദര്‍ശിക്കുന്നതു്” അവൻ അവരോടു് പറഞ്ഞു.

അഭിവാദ്യങ്ങൾക്കുശേഷം അവരുടെ സംസാരം ‘ബിസിനസ്‌ മാറ്റേഴ്സിലേക്കു്’ കടന്നു. അടുത്തദിവസം തന്നെ സ്മരണാർഹമായ ഏറ്റവും വലിയ മാനുഷിക മണ്ടത്തരങ്ങളിലൊന്നും, ദീർഘകാലങ്ങളായി മതാധികാരികളുടെ മുഖത്തു് കരിവാരിത്തേച്ചുകൊണ്ടിരുന്നതുമായ ‘In Coena Domini‘ (At the table of the Lord) എന്ന പേയ്പ്പൽ ബൂൾ ഗാൻഗനെല്ലി പിൻവലിച്ചു. അടുത്ത ദിവസങ്ങളിൽത്തന്നെ Garasse, Guignard, Garnett, Busembaum, Malagrida, Paulian, Patouillet, Nonnotte മുതലായ, (എന്തു് ഏതു് എന്നു് ദൈവത്തിനുപോലും നല്ല നിശ്ചയമൊന്നും ഉണ്ടാവാൻ വഴിയില്ലാത്ത,) ‘ചപ്പുചവറു്’ കോൺഗ്രിഗേഷനുകളെയെല്ലാം പിരിച്ചുവിടാനും ഗാൻഗനെല്ലി തീരുമാനിച്ചു. യൂറോപ്പുമുഴുവൻ സന്തോഷത്തിന്റെ കരഘോഷം മുഴങ്ങി. അതിനടുത്ത ദിവസം ജനങ്ങൾ പരാതിപ്പെട്ടുകൊണ്ടിരുന്ന നികുതികളിൽ അവൻ ഇളവു് വരുത്തി. കൃഷിയും എല്ലാത്തരം കലകളും പ്രോത്സാഹിപ്പിക്കപ്പെട്ടതോടെ അതുവരെ അവന്റെ സ്ഥാനത്തെ ശത്രുതയോടെ കണ്ടിരുന്നവരുടെ പോലും മമത അവൻ നേടിയെടുത്തു. ലോകം മുഴുവനും ഒരു ജനതയും ഒരു നിയമവും മാത്രമേയുള്ളു എന്നായിരുന്നു അക്കാലത്തു് റോമിൽ നിലനിന്നിരുന്ന അഭിപ്രായം.

അത്യധികം അത്ഭുതത്തോടെയും ഏറെ സംതൃപ്തിയോടെയും ആ രണ്ടു് തീർത്ഥാടകകളും മാർപ്പാപ്പയോടു് യാത്രപറഞ്ഞപ്പോൾ, മെഴുകുകൊണ്ടുള്ള ആടുരൂപമോ, വിശുദ്ധരുടെ തിരുശേഷിപ്പുകളോ അല്ല, അവർക്കു് സുഖമായി യാത്ര തുടരുന്നതിനുവേണ്ടി ഒരു കുതിരവണ്ടിയായിരുന്നു ക്ലെമെന്റ്‌ പതിനാലാമൻ സമ്മാനമായി നൽകിയതു്. അതുവരെ യുക്തിയും സത്യവും ഒരുവിധത്തിലുമുള്ള സുഖസൗകര്യങ്ങൾ അനുഭവിച്ചിരുന്നില്ല.

ഇറ്റലി മുഴുവൻ യാത്ര ചെയ്ത അവർ പാർമ്മ മുതൽ ടുറിൻ വരെ പ്രഭുക്കളുടെയും റിപ്പബ്ലിക്കുകളുടെയും ഇടയിൽ മാക്കിയവെല്ലിയനിസത്തിനു് പകരം (Niccolo di Bernardo dei Machiavelli) തങ്ങളുടെ പ്രജകളെ കൂടുതൽ നല്ലവരും, കൂടുതൽ ധനികരും കൂടുതൽ ഭാഗ്യവാന്മാരും ആക്കിത്തീർക്കുന്നതിനുവേണ്ടിയുള്ള ഒരു മത്സരം തന്നെ നടക്കുന്നതായാണു് കണ്ടതു്.

യുക്തി സത്യത്തോടു് പറഞ്ഞു: “പ്രിയ മകളേ, അനേകനാളത്തെ നമ്മുടെ തടങ്കലിനുശേഷം ഇപ്പോൾ നമ്മുടെ ഭരണം തുടങ്ങാമെന്നു് എനിക്കു് തോന്നുന്നു. ഭൂമിയിലെ കാര്യങ്ങളുടെ അവസ്ഥ ഇന്നു് കാര്യമായി മാറിയിട്ടുണ്ടെന്നതിനാൽ, നമ്മുടെ ഒളിസങ്കേതമായിരുന്ന കിണറിൽ നമ്മളെ സന്ദര്‍ശിക്കാനായെത്തിയ പ്രവാചകന്മാരിൽ ചിലരെങ്കിലും അവരുടെ വാക്കിലും പ്രവൃത്തിയിലും വിജയം വരിച്ചിട്ടുണ്ടാവണമെന്നു് കരുതേണ്ടിയിരിക്കുന്നു. അങ്ങനെ, എല്ലാം താമസിച്ചാണു് വരുന്നതെന്നു് നീ കാണുന്നു: അനേക നൂറ്റാണ്ടുകളിലൂടെ നമ്മൾ രണ്ടുപേരും പുറത്താക്കപ്പെട്ടിരുന്ന പ്രകാശഹർമ്മ്യത്തിലേക്കു് തിരിച്ചുപോകാൻ നിനക്കു് കഴിയുന്നതിനു് മുൻപു് അജ്ഞതയുടെയും നുണയുടെയും അഗാധഗർത്തങ്ങളിലൂടെ നീ നടത്തേണ്ടിയിരുന്ന യാത്ര സുദീർഘമായിരുന്നു. ഒരു ഗാലീലയി, ഒരു കോപ്പർനിക്കസ്‌, ഒരു ന്യൂട്ടൺ വരുന്നതുവരെ എണ്ണമറ്റ നൂറ്റാണ്ടുകളിലൂടെ വികൃതമായ മുഖപടത്താൽ മൂടപ്പെട്ടു് വിരൂപമാക്കപ്പെട്ടിരുന്നതായ പ്രകൃതിക്കു് സംഭവിച്ചതു് തന്നെയാണു് നമുക്കും സംഭവിച്ചതു്. അവർ വന്നപ്പോൾ പ്രകൃതിയെ മുഖാവരണമില്ലാതെ നമ്മുടെ മുന്നിൽ പ്രദര്‍ശിപ്പിച്ചു് പ്രകൃതിയോടുള്ള സ്നേഹം അവർ നമ്മിലുണർത്തി.”

ഇങ്ങനെ പരസ്പരം സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട്‌ അവർ വെനീസിൽ എത്തിച്ചേർന്നു. അവിടെ നഖങ്ങളും കൊക്കുകളും കറുത്ത തൂവലുകളും കൊണ്ടു് നിറഞ്ഞ ഒരു മേശയുടെ സമീപം വെനീസിയൻ റിപ്പബ്ലിക്കിലെ ഉന്നതനായ ഒരു പ്രോക്യുറേറ്റർ ഒരു കത്രികയും പിടിച്ചുകൊണ്ടു് നിൽക്കുന്നതു് കണ്ടപ്പോൾ അവർ അത്യന്തം ജാഗരൂകരായി. യുക്തി അവനോടു് ചോദിച്ചു: “ക്ഷമിക്കൂ മഹാത്മാവേ, നിങ്ങളുടെ കയ്യിലെ ഈ കത്രിക ഞാൻ എന്റെ മകളുമായി കിണറിൽ ഒളിച്ചപ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നതാണെന്നാണു് എന്റെ വിശ്വാസം. അതെങ്ങനെ അങ്ങയുടെ കയ്യിലെത്തി? അതുകൊണ്ടു് അങ്ങെന്താണു് ചെയ്യുന്നതു്?” അതിനു് അവൻ പ്രതികരിച്ചു: “ബഹുമാന്യയായ മഹതീ, ഈ കത്രിക പണ്ടു് താങ്കളുടേതായിരുന്നിരിക്കാൻ നല്ല സാദ്ധ്യതയുണ്ടു്. കുറേനാൾ മുൻപു് ഒരു ബ്രദർ പവോലൊ ആണു് ഇതു് ഞങ്ങളുടെ അടുത്തെത്തിച്ചതു്. ഈ മേശപ്പുറത്തു് കൂടിക്കിടക്കുന്നതായി കാണാനാവുന്നപോലെ, ഇങ്ക്വിസിഷന്റെ നഖങ്ങൾ മുറിക്കാനാണു് ഞങ്ങൾ ഈ കത്രിക ഉപയോഗിക്കുന്നതു്.

ഈ കറുത്ത തൂവലുകൾ റിപ്പബ്ലിക്കിന്റെ ആഹാരം കവർന്നുതിന്നാൻ ആഗ്രഹിക്കുന്ന ഹാർപ്പികളുടേതാണു് (Harpy). ദിവസേന ഞങ്ങൾ അവയുടെ നഖങ്ങളും ചുണ്ടിന്റെ അഗ്രവും മുറിച്ചുമാറ്റുന്നു. ഈ മുൻകരുതൽ ഇല്ലായിരുന്നെങ്കിൽ അവ മര്യാദക്കാരായ മഹത്തുക്കൾക്കോ, സെനറ്റർമാർക്കോ പൗരന്മാർക്കോ ഒന്നും ബാക്കിയാവാത്തവിധം എല്ലാം വിഴുങ്ങുമായിരുന്നു.

നിങ്ങൾ ഫ്രാൻസിലൂടെ പോകുകയാണെങ്കിൽ, തന്റെ രാജ്യത്തിൽ ഇതേ ലക്ഷ്യം നേടുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്പെയിൻകാരനായ ഒരു അംബാസഡറിന്റെ കയ്യിൽ മറ്റേ കത്രികയും ഒരുപക്ഷേ നിങ്ങൾക്കു് കാണാനായേക്കും. ഒരിക്കൽ ലോകം അവന്റെ പ്രവൃത്തിയുടെ പേരിൽ അവനെ വാഴ്ത്തും.”

 
Comments Off on യുക്തിക്കു് മംഗളാശംസകൾ – 1

Posted by on Sep 26, 2010 in ഫിലോസഫി

 

Tags: , ,