F.B. 2014-16
December 2016
Dec 1, 2016, 9:22 AM
ജനങ്ങളെ ലക്ഷ്യബോധമുള്ളവരാക്കാൻ ഭാരതത്തിലെ ഏമാന്മാർക്കുള്ള കഴിവു് സമ്മതിക്കണം. അവർ വായ തുറന്നാൽ മതി, മനുഷ്യർ “പട്ടിവാതിൽക്കലും പൂച്ചവാതിൽക്കലും” എത്തി ഓരിയിടാൻ തുടങ്ങിക്കൊള്ളും. എത്രവട്ടം ആവർത്തിച്ചാലും ജനത്തിനു് മടുപ്പു് വരാത്തതു് പ്രാർത്ഥനയുടെ കാര്യത്തിലാണെന്നായിരുന്നു മുൻപൊക്കെ എന്റെ ധാരണ. ആ തെറ്റിദ്ധാരണ തിരുത്തിത്തന്നതു് സമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷൻ എന്നു് വിളിക്കാവുന്ന സോഷ്യൽ മീഡിയയാണു്.
പാചകം ചെയ്യുന്നത്ര ചൂടോടെ ആരും ഭക്ഷിക്കാറില്ല എന്നതു് ഒരർത്ഥത്തിൽ കഷ്ടമാണു്. സോഷ്യൽ മീഡിയയിൽ ആർക്കോ വേണ്ടി തിളപ്പിയ്ക്കപ്പെടുന്ന സാമ്പാറുകൾ മുഴുവൻ അതേ ചൂടോടെ കോരിക്കുടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നെങ്കിൽ പണ്ടേതന്നെ ഭാരതത്തിൽ ജനകീയവിപ്ലവം പൊട്ടിപ്പുറപ്പെട്ടേനെ! എന്തു് ചെയ്യാൻ? ചാപിള്ളകളായി പിറന്നു് പണ്ടാറമടങ്ങാനാണു് ഭാരതത്തിൽ വിപ്ലവവിത്തിന്റെ വിധി.
Dec 3, 2016, 9:25 AM
സെൽഫ് എവിഡന്റ് ആയ കാര്യങ്ങൾ പ്രത്യേകം എടുത്തു് പറയാതിരിക്കുന്നതാണു് ഭംഗി. യുവതികൾ പമ്പയിൽ കുളിക്കരുതെന്നു് ആധികാരികമായി ആരോ നിർദ്ദേശിച്ചു എന്നു് ഫെയ്സ്ബുക്കിൽ വായിച്ചപ്പോൾ പണ്ടു് പഠിച്ച ഈ മഹദ്‌വചനമാണു് എനിക്കോർമ്മ വന്നതു്. സാധാരണ കുളിയുടെ ലക്ഷ്യം ശരീരം വൃത്തിയാക്കലാണു്. ജലവും മലവും മത്സരിച്ചൊഴുകുന്ന ഒരു നദിയിലെ കുളികൊണ്ടു് ആ ലക്ഷ്യം സാദ്ധ്യമാവില്ല. അതേസമയം, പുണ്യനദികളിലെ മനുഷ്യരുടെ കുളിയുടെ ലക്ഷ്യം ശരീരവൃത്തിയേക്കാൾ ആത്മീയശുദ്ധിയായതിനാൽ, ജലത്തിൽ ജൈവമാലിന്യങ്ങളോ ബാക്റ്റീരിയയോ വിഷാംശങ്ങളോ ഉണ്ടോ എന്ന വിഷയം അവരെ ബാധിക്കുന്ന കാര്യമല്ല. ശരീരം എന്നാൽ ആത്മാവു് വസിക്കുന്ന ഒരു കൂര മാത്രമാണു്. കൂര നശിച്ചാലും ആത്മാവു് നശിക്കുന്നില്ല. സ്വന്തമായി അസ്തിത്വവും വ്യക്തിത്വവുമുള്ള ഒരു വസ്തുവാണു് ഓരോ മനുഷ്യനിലേയും ആത്മാവു് എന്നു് വിശ്വസിക്കുന്നവർക്കു് അവരുടെ ആത്മാവിനെ ശുദ്ധീകരിക്കാനായി ഇടയ്ക്കിടെ വിശുദ്ധനദികളിൽ പോയി കുളിക്കേണ്ടി വരും. അതിനെ ചോദ്യം ചെയ്യുകയോ പുച്ഛിക്കുകയോ ചെയ്യരുതു്. വ്യക്തിസ്വാതന്ത്ര്യം എന്നതു് അനാർക്കിസ്റ്റുകൾ, മാർക്സിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ തുടങ്ങിയവർക്കു് മാത്രമുള്ള പ്രിവിലേജ് അല്ല. അതുകൊണ്ടു് യുവതികളെ മാത്രമല്ല, വിശുദ്ധജലത്തിൽ കുളിക്കാൻ ആഗ്രഹിക്കുന്ന ആരെയും അതിൽ നിന്നും തടയാതിരിക്കുന്നതാണു് ശരിയായ പൗരബോധം. തടഞ്ഞിട്ടു് കാര്യവുമില്ല. വിശ്വാസമാണു് എല്ലാം. വിശ്വാസമാണു് വിശ്വസിക്കുന്നവർക്കു് ആകെയുള്ള ഒരു പിടിവള്ളി. അതു് മുറിക്കരുതു്.
അതുപോലെതന്നെ സ്വയം പ്രത്യക്ഷമായ ഒരു കാര്യമാണു് “പാമ്പായാൽ” കുളിക്കരുതെന്നതും. ഇവിടെ ആത്മീയത്തേക്കാൾ ശാരീരികമാണു് പ്രശ്നം. കാരണം, പാമ്പായാൽ കുളിക്കാൻ പോയിട്ടു് എഴുന്നേറ്റു് നിൽക്കാൻ പോലും കഴിയില്ല എന്നാണു് അനുഭവസ്ഥർ പറഞ്ഞും, നേരിട്ടു് കണ്ടും ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്. ഇതുപോലെ തികച്ചും വ്യക്തമായ കാര്യങ്ങൾ ഏതോ അന്യഗ്രഹജീവിയിൽ നിന്നും ഇപ്പോൾ ലഭിച്ച “ബ്രേക്കിങ് ന്യൂസ്” എന്ന രീതിയിൽ വർണ്ണിക്കുന്നവന്റെ ആപ്രിഹെൻഷനു് ഇറെപ്പറബിൾ ഡാമേജസ് വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നു് കേൾക്കുന്നവർ സംശയിച്ചുകൂടെന്നില്ല. സംശയം മൂത്താൽ അതുതന്നെ ഒരു രോഗമായി മാറുകയും ചെയ്യും. കൊലാറ്റെറൽ ഡാമേജ്!
സ്വയം സ്പഷ്ടമായ ഇത്തരം അനവധി കാര്യങ്ങളുണ്ടു്. മറ്റു് അപവാദങ്ങൾ ഇല്ലാത്തിടത്തോളം അവയൊന്നും വാർത്തയാവണമെന്നുമില്ല. അമ്മായിഅമ്മയും മരുമകളും തമ്മിൽ ഹവ്വയുടെയും, അവളുടെ മൂത്തമകൻ കയീന്റെ ഭാര്യ ആയിരുന്ന നോദ് ദേശക്കാരിയുടെയും കാലത്തു് തുടങ്ങിയതെങ്കിലും, ഇന്നും ഉശിരിനു് മങ്ങലൊന്നും ഏറ്റിട്ടില്ലാത്ത പോരു് അതുപോലൊന്നാണു്. അവർ തമ്മിൽ, മൂന്നാം ലോകങ്ങളിലെ ഇടതു്-വലതു്-മത-മദ്യ-കക്ഷി-രാഷ്ട്രീയക്കാർ തമ്മിൽ എന്നപോലെ, പൊരുത്തപ്പെടുത്താനാവാത്ത കലഹങ്ങൾ രൂപമെടുക്കാൻ “അമ്മായിഅമ്മയും മരുമകളും” എന്നതിൽ കവിഞ്ഞ ഒരു യോഗ്യതയുടെ ആവശ്യമില്ല. അക്ഷരാഭ്യാസത്തിന്റെ ആവശ്യം പോലും അതിനില്ല എന്നതാണു് സത്യം. ഒരു ക്ലാസ്റൂം അകത്തുനിന്നും കാണാത്തവരിൽ പോലും ഒരു ജീവിതകാലം മുഴുവൻ വിശ്രമമില്ലാതെ പൊരുതാൻ മതിയായ “വൊക്യാബുലറിയും” വാക്സാമർത്ഥ്യവും ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ടാണു്, ഏതെങ്കിലും അമ്മായിഅമ്മയും മരുമകളും തമ്മിൽ കലഹം ഇല്ലാതിരുന്നാൽ മാത്രം അതിനു് വാർത്താപ്രാധാന്യമുണ്ടാവുന്നതു്. കേരളരാഷ്ട്രീയത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, പട്ടി മനുഷ്യനെ കടിച്ചാലല്ല, മനുഷ്യൻ പട്ടിയെ കടിച്ചാലാണു് അതൊരു വാർത്തയാവുന്നതു്.
പട്ടിയെ കടിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള പഠനം അടുത്ത സെമെസ്റ്ററിൽ മതിയെന്നാണു് മന്ത്രിസഭാതീരുമാനം.
Dec 4, 2016, 7:51 PM
ശ്രദ്ധിച്ചില്ലെങ്കിൽ ആഹാരം തെരുവുനായ്ക്കൾ നക്കിപ്പോകും. സുഹൃത്തുക്കളോടൊത്തു് കഴിക്കാനാണു് അതു് വിളമ്പി വച്ചിരിക്കുന്നതെന്നു് അവയ്ക്കറിയണമെന്നില്ലല്ലോ. നായ്ക്കളെ കുറ്റപ്പെടുത്തിയാൽ മനേകഗാന്ധിയുടെയും പരിവാരത്തിന്റെയും തെറി കൂടി കേൾക്കേണ്ടിയും വരും.
Dec 6, 2016, 12:51 PM
ഒരു ഇലക്ഷൻ ജയിക്കാൻ ഏറ്റവും എളുപ്പമായ ഒരു മാർഗ്ഗം ശത്രുചിത്രങ്ങളെ ഊതിവീർപ്പിച്ചു് ജനത്തിനു് മുന്നിൽ പ്രദർശിപ്പിച്ചു് ഭയപ്പെടുത്തലാണു്. ജനത്തെ ശാരീരികവും ആത്മീയവുമായി “ചികിത്സിച്ചു്” പണം പിടുങ്ങാൻ ഏറ്റവും എളുപ്പമായ മാർഗ്ഗം രോഗം, മരണം, പ്രകൃതിക്ഷോഭങ്ങൾ, അപകടങ്ങൾ മുതലായവ ചൂണ്ടിക്കാണിച്ചു് ഭയപ്പെടുത്തലാണു്. പുരാതനകാലം മുതൽ മനുഷ്യമനസ്സുകളിൽ ദൈവം എന്ന മിഥ്യാബോധം കുടിയിരുത്തപ്പെട്ടിട്ടുള്ളതിനാൽ മതങ്ങൾക്കും ഷാർലറ്റനുകൾക്കും ജനത്തെ ദൈവഭയത്തിൽ പിടിച്ചുനിർത്തി ചൂഷണം ചെയ്യൽ വളരെ എളുപ്പവുമാണു്. നല്ല നാളെകൾ വാഗ്ദാനം ചെയ്തു് ജനത്തെ കബളിപ്പിക്കുന്ന രാഷ്ട്രീയങ്ങൾക്കും അവയുടെ ഐഡിയോളജിസ്റ്റുകൾക്കും മതങ്ങളുടെയും ഷാർലറ്റനുകളുടെയും രൂപമായിരിക്കുന്നതു് ഒരു യാദൃച്ഛികതയല്ല. ഈ മുതലെടുപ്പിനു് ദൈവത്തെ കൂട്ടുചേർക്കാൻ ആശയപരമായ തടസ്സങ്ങൾ ഉള്ള വിഭാഗങ്ങൾ പകരം ജനത്തിന്റെ അജ്ഞതയെയാണു് കൂട്ടുപിടിക്കാറുള്ളതു്. സാക്ഷരതയും പുരോഗമനവും ബോധവത്കരണവുമെല്ലാം പ്രസംഗിക്കുമ്പോഴും ജനത്തിന്റെ അജ്ഞത നിലനിൽക്കണം എന്നു് ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കാതിരിക്കാൻ അവർക്കു് കഴിയില്ല. ശത്രുചിത്രങ്ങളെ വിമർശിക്കാതെ ജീവിക്കാൻ കഴിയാത്തവർക്കു് ആ ശത്രുക്കൾ ഇല്ലാതാവണമെന്നു് ആഗ്രഹിക്കാൻ കഴിയുമോ? എന്നേക്കാൾ അജ്ഞനായിരുന്നാലേ നീ എന്റെ അജ്ഞത തിരിച്ചറിയാതിരിക്കൂ. ഞാൻ നിന്നിൽ കണ്ടെത്തുന്ന കുറ്റങ്ങളിൽ അധികവും എന്റെതന്നെ കുറ്റങ്ങളാണു്. നീ അതറിയാതിരിക്കേണ്ടതു് എന്റെ നിലനില്പിന്റെ ആവശ്യമായതിനാൽ ഞാനതു് നിന്നിൽ നിന്നും തന്മയത്വത്തോടെ മറച്ചു് പിടിക്കുന്നു. ലുഡ്വിഗ് ഫൊയർബാഹ് ശരിയായി നിരീക്ഷിച്ചതുപോലെ, ഒരു കള്ളനും അവൻ മോഷ്ടിച്ചുകൂട്ടിയ മുതൽ മോഷ്ടിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു മോഷ്ടാവാണെന്നതു് ഞാൻ മോഷ്ടിച്ച മുതലിനെ മോഷ്ടിക്കാനുള്ള നിന്റെ ന്യായീകരണമാവുന്നതു് എനിക്കിഷ്ടമല്ല.
സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും ജനത്തിനു് വേണ്ടതു് ലളിതമായ പരിഹാരങ്ങളാണു്. അതാണു് ഷാർലറ്റനുകളുടെ തുറുപ്പുചീട്ടു്. അമേരിക്കയിൽ ട്രമ്പും, ഫ്രാൻസിൽ ലെ പെന്നും, ജർമ്മനിയിൽ പെഗിഡയും, ഇൻഗ്ലണ്ഡിൽ ബ്രെക്സിറ്റ് പക്ഷവും പോലുള്ള പോപ്പുലിസ്റ്റുകൾ ഇറക്കിക്കളിക്കുന്ന തുറുപ്പുചീട്ടു്. ജനത്തിന്റെ കയ്യടി വാങ്ങൽ അത്ര പ്രയാസമുള്ള കാര്യമല്ല. നിങ്ങൾക്കു് മൊത്തമായ യുദ്ധം വേണോ? (Wollt ihr den totalen Krieg?) എന്നു് ഗ്യൊബൽസ് കൂവി വിളിച്ചാൽ പതിനായിരങ്ങൾ ഒരേ സ്വരത്തിൽ “യാ” എന്നു് മറുപടി നൽകും. ചിന്തിക്കാനല്ല, നയിക്കപ്പെടാനാണു് ജനം ആഗ്രഹിക്കുന്നതു്. അധികപങ്കും ദരിദ്രനാരായണന്മാരായ മനുഷ്യർ ജീവിക്കുന്ന നാടുകളിൽ നക്കാപ്പിച്ചയും പാഴ്വാഗ്ദാനങ്ങളും നൽകിയും ജനത്തിന്റെ “സ്നേഹവും” അംഗീകാരവും നേടിയെടുക്കാം – കാസ്‌റ്റ്രോ, ജയലളിത മുതലായ നേതാക്കൾ പ്രാവർത്തികമാക്കിയ ജനസേവനതന്ത്രം.
പണ്ടായാലും ഇന്നായാലും, യുദ്ധങ്ങളിൽ കോടിക്കണക്കിനു് ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ ആയുധനിർമ്മാതാക്കളും അവരുടെ സഹയാത്രികരും ആ യുദ്ധങ്ങളിലെ കെടുതികൾ മൂലം പട്ടിണികിടക്കുകയല്ല, കോടീശ്വരന്മാരായിക്കൊണ്ടിരിക്കുകയാണു് ചെയ്യുന്നതു്. ആത്മീയരും നിയമനിർമ്മാണത്തിന്റെ ചുമതല വഹിക്കുന്നവരുമെല്ലാമായിരുന്നു എല്ലാ കാലങ്ങളിലും ആയുധനിർമ്മാതാക്കളുടെ സഹയാത്രികർ. യുദ്ധങ്ങളുടെയും സമാധാനമില്ലായ്മയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും വാർത്തകൾ കേൾക്കാത്ത കാലം ലോകത്തിൽ വിരളമായിരുന്നു. അതുകൊണ്ടു് അത്തരം വാർത്തകൾ കേൾക്കുമ്പോൾ ലോകം അവസാനിക്കാറായി എന്നു് കരുതിക്കൊൾക എന്ന വേദഗ്രന്ഥമോഡൽ ആഹ്വാനങ്ങൾ നടത്താൻ ഏതു് പത്രക്കാരനും കഴിയും. അതിനു് ദൈവത്തിന്റെ പ്രവാചകൻ ആയിരിക്കണം എന്നു് നിർബന്ധമൊന്നുമില്ല. ദൈവത്തെ കൂട്ടുപിടിച്ചു് പ്രവചിച്ചാൽ ജനങ്ങൾക്കു് കൂടുതൽ വിശ്വാസം വരാൻ അതു് സഹായിക്കുമെന്നേയുള്ളു.
മനുഷ്യരെ മായാജാലങ്ങളിൽ മയക്കിയ മഹത്തുക്കൾ മരിക്കുമ്പോൾ ജനം അവർക്കു് ആദരാഞ്ജലികൾ അർപ്പിക്കുന്നതു് സ്വാഭാവികം. 2016-ൽ അറിയപ്പെടുന്ന ഒരുപാടു് മനുഷ്യർ മരിച്ചു. അവരിൽ ചിലരെ ചിലർക്കു് ഇഷ്ടമാണു്, മറ്റു് ചിലർക്കു് അവരെ കണ്ണെടുത്താൽ കണ്ടുകൂടാ. മനുഷ്യരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണതു്. മരിച്ചവരിൽ ചിലരെ ഈ ഫോട്ടോ ഗ്യാലറിയിൽ കാണാം: (http://www.abendblatt.de/vermischtes/article206883241/Diese-Persoenlichkeiten-sind-2016-gestorben.html). ജയലളിതയും ഇപ്പോൾ അവരോടു് ചേർന്നു. അവരുടെ ഒന്നോ രണ്ടോ സിനിമകൾ കണ്ടിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. ആദരാഞ്ജലികൾ!
പീസിനെ പെർസീവ് ചെയ്യാൻ ആവശ്യമായ ഒരു ബയോളജിക്കൽ അഗ്രിഗേറ്റ് ഇല്ലാത്തിടത്തു് മനുഷ്യന്റെ റെസ്റ്റിനു് റെസ്റ്റ് ചെയ്യാൻ പീസ് ഉണ്ടെങ്കിലെന്തു്, ഇല്ലെങ്കിലെന്തു്? അതുകൊണ്ടുതന്നെ മനുഷ്യരുടെ “റെസ്റ്റ് “എത്തിപ്പെടുന്ന ലോകത്തിൽ പീസിനോ, തന്മൂലം “റെസ്റ്റ് ഇൻ പീസിനോ” എന്തെങ്കിലും അർത്ഥമുണ്ടാവാൻ വഴിയില്ല.
P. S. മലയാളം സോഷ്യൽ മീഡിയയിലെ സാമ്പത്തികവിദഗ്ദ്ധർ മോദിയുടെ കറൻസി പ്രശ്നം നാളെ മുതൽ വീണ്ടും വിശദമായ പരിശോധനകൾക്കു് വിധേയമാക്കുമെന്നും, തത്ഫലമായി എന്നെങ്കിലും മോദി രാജി വയ്ക്കാൻ നിർബന്ധിതനാവുമെന്നും പ്രതീക്ഷിക്കുന്നു. അതിനിടെ ആർത്തവം നിലയ്ക്കാത്ത ഏതെങ്കിലും സ്ത്രീ ശബരിമലയിലോ മറ്റോ കയറി സാമ്പത്തികവിദഗ്ദ്ധരുടെ ശ്രദ്ധ അങ്ങോട്ടു് തിരിച്ചു് വിടാതിരുന്നാൽ മതിയായിരുന്നു.
Dec 9, 2016, 12:52 PM
ഭാരതത്തിൽ ഒരുപാടു് ജാതികളും മതങ്ങളും വേഷങ്ങളും ഉള്ളതാണു് പ്രശ്നങ്ങളുടെ കാരണമെന്നൊരു “ശ്രുതി” ഉണ്ടു്. അങ്ങനെയെങ്കിൽ, സമത്വസുന്ദരവും വർഗ്ഗരഹിതവുമായ ഒരു ലോകം വിഭാവനം ചെയ്യുന്ന കമ്മ്യൂണിസം ഭാരതത്തിലുടനീളം നടപ്പിലാക്കി ആ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളു എന്നു് തോന്നിയേക്കാം. പക്ഷേ, പ്രഭു മെക്കാളെ സായിപ്പു് പറഞ്ഞപോലെ, നട്ടിനോടു് അടുക്കുമ്പോഴേ മാങ്‌ഗോയുടെ പുളി അറിയാനാവൂ. മാർക്സിസ്റ്റ്, ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ്, മാവോയിസ്റ്റ്, ജോങ്-ഉണിസ്റ്റ്, മുതലായ വിവിധ കമ്മ്യൂണിസ്റ്റ് വേർഷനുകളിൽ ഏതെങ്കിലും ഒന്നു് നടപ്പിലാക്കാൻ ശ്രമിച്ചു് നോക്കുമ്പോഴേ മറ്റു് വേർഷനുകളെ പിൻതുടരുന്ന അണികളുടെ പുളിയും എരിവും അറിയാൻ കഴിയൂ. കമ്മ്യൂണിസം അത്ര എളുപ്പം സ്ഥാപിക്കാൻ കഴിയുന്ന ഒന്നല്ലെന്നു് സാരം. നിർവചനപരമായും ചരിത്രപരമായും, കമ്മ്യൂണിസത്തിന്റെ സ്ഥാപനത്തിലേയ്ക്കും അതിന്റെ നിലനിർത്തലിലേയ്ക്കുമുള്ള വഴിയിൽ കുറെയേറെ മനുഷ്യരക്തം ചിന്താം എന്ന കാര്യത്തിൽ തർക്കത്തിന്റെ ആവശ്യവുമില്ല. കാരണം, മാര്‍ക്സിന്റെ സ്വന്തം “സയന്റിഫിക് തിയറി” അനുസരിച്ചു് ഹിസ്റ്ററി ഡിറ്റര്‍മിനിസ്റ്റിക്കും വർഗ്ഗസമരം അനിവാര്യവുമാണു്. പോരെങ്കിൽ, ഹേഗെലിന്റെ ഫിലോസഫി ഓഫ് റൈറ്റിന്റെ വിമർശനത്തിൽ മാർക്സ് പറയുന്നപോലെ, “സമരത്തിൽ, എതിരാളി ശ്രേഷ്ഠനോ, തുല്യനോ എന്നല്ല നോക്കേണ്ടതു്, അവനെ പ്രഹരിക്കാനാണു്”. സമരത്തിൽ മുറിപ്പെടലും രക്തം ചിന്തലുമൊന്നും ഇല്ലെങ്കിൽ പിന്നെ എന്തു് ഏറ്റുമുട്ടൽ, എന്തു് ചെങ്കൊടി?
എങ്കിൽപ്പിന്നെ, “ലോകാസമസ്താസുഖിനോഭവന്തു” ഭാരതത്തിൽ മുഴുവനും സ്ഥാപിക്കാൻ ഒന്നു് ശ്രമിച്ചു് നോക്കരുതോ എന്നാണെങ്കിൽ, ഏതു് ലോകം, ഏതു് വർണ്ണം, ഏതു് വർഗ്ഗം, ഏതു് ജാതി, ഏതു് ലിംഗം തുടങ്ങിയ, ഇതിനോടകം പല സ്വാമിമാരും കടിച്ചുപിടിച്ചു് പരിശ്രമിച്ചിട്ടും സ്വന്തം പല്ലു് പോയതല്ലാതെ മറ്റൊന്നും സംഭവിപ്പിക്കാൻ കഴിയാതെ പോയ ഗുരുതരമായ പ്രശ്നങ്ങളെ വീണ്ടും ചവച്ചുകൊണ്ടിരിയ്ക്കാമെന്നല്ലാതെ മറ്റു് പ്രയോജനമൊന്നും ഉണ്ടാവാൻ വഴിയില്ല. മനുഷ്യർ വസ്ത്രം ധരിച്ചോ ധരിക്കാതെയോ ദൈവത്തെ കാണേണ്ടതു് എന്ന കാര്യത്തിൽ വരെ ഒരു ധാരണയിൽ എത്താൻ കഴിയാത്ത ദൈവങ്ങളും മനുഷ്യരും ചേർന്നു് സമസ്ത ലോകത്തിനും സുഖം വരുത്താൻ ശ്രമിച്ചാൽ അതു് എന്തുമാതിരി സുഖമായിരിക്കുമെന്നു് ആലോചിച്ചാൽ മതി.
എങ്കിൽ, അയൽക്കാരനെ നിന്നേപ്പോലെ തന്നെ കരുതി സ്നേഹിക്കുക എന്ന അടിപൊളി ആദർശത്തിൽ കുടിയിരുത്തിയിരിക്കുന്ന ക്രൈസ്തവമതത്തെ ഭാരതത്തിന്റെ രാഷ്ട്രമതമാക്കി പ്രഖ്യാപിച്ചു് “ഒരുപാടിത്വത്തിൽ ഒരു ഒരുമത്വം” കണ്ടെത്തിക്കൂടെ എന്നു് ചോദിക്കാം. പക്ഷേ, കത്തോലിക്കാ, കാതോലിക്കാ, പാത്രിയർക്കാ, പെന്തെക്കൊസ്ത്, മാർത്തോമാ, സി. എം. എസ്., സി. എസ്. ഐ., യഹോവാസാക്ഷികൾ തുടങ്ങി, എത്രയെണ്ണമെന്നു് ക്രിസ്ത്യാനികൾക്കോ, സാക്ഷാൽ യേശുവിനു് പോലുമോ ഒരു പിടിയുമില്ലാത്ത അനേകം വിഭാഗങ്ങളിൽ ഏതിലാണു് യേശുവിന്റെ “യൂണിവേഴ്സൽ അയല്പക്കസ്നേഹം” ഇപ്പോൾ പതിയിരിക്കുന്നതെന്നു് ആർക്കു് എങ്ങനെ കണ്ടെത്താനാവും?
ഇനി മറ്റൊരു സാദ്ധ്യതയുള്ളതു്, സമാധാനത്തിന്റേയും സക്കാത്തിന്റേയും സുന്നത്തിന്റേയും മതമായ ഇസ്ലാമിനെ ഭാരതത്തിന്റെ ഏകമതമായി ഏറ്റെടുത്തു് ജനങ്ങളെ ഒരച്ചിൽ ഉണ്ടാക്കിയ പാവകളെപ്പോലെ അല്ലാഹു അക്ബർ വിളിപ്പിക്കുക എന്നതാണു്. ഒരു ദൈവം, ഒരു മതം, ഒരുജാതിവേഷം – മറ്റെന്തു് വേണം ഭാരതീയ ജാതിമതവേഷവൈവിദ്ധ്യത്തിന്റെ നാനാത്വത്തിൽ ഒരു ഏകത്വം കണ്ടെത്താൻ? പക്ഷേ, സത്യം അതിൽ നിന്നൊക്കെ വളരെവളരെ ദൂരത്താണു്. സുന്നി, ഷിയ, അഹമ്മദിയ, ഐസിസ്, അലാവിസ്, മുസ്ലീം ബ്രദർഹുഡ് മുതലായ, ആരു് ആരെ കൊല്ലാനാണു് ശ്രമിക്കുന്നതെന്നു് കൃത്യമായ ഒരു നിഗമനം അവർക്കുതന്നെ അസാദ്ധ്യമായ അനേകം കക്ഷികളിൽ ആരുടെ കൈകളിലാണു് ഭാരതത്തെ ഏൽപ്പിക്കേണ്ടതെന്നു് എന്തടിസ്ഥാനത്തിൽ വിലയിരുത്തും? അവിശ്വാസിയെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നു് വിശ്വസിക്കുന്നവരെ കണ്ടാൽ ഓടി രക്ഷപെടാനോ, അതോ ഭാരതവും മതസഹിഷ്ണുതയും എന്ന വിഷയം ചർച്ചചെയ്യാനോ സുബോധമുള്ള മനുഷ്യർ തയ്യാറാവുക?
റെയിൻഫോറസ്റ്റ് ആയാലും, “കോൺക്രീറ്റ്‌ഫോറസ്റ്റ്” ആയാലും മോണോകൾച്ചറല്ല, വൈവിദ്ധ്യമാണു് ലോകത്തിന്റെ സ്വഭാവം. അവിടെ പരമാധികാരാവകാശം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഹാബിറ്റാറ്റുകളും, മതങ്ങളും, ഐഡിയോളജികളും കൈവയ്ക്കാൻ ശ്രമിക്കുന്നതു് ലോകത്തിന്റെയും മനുഷ്യന്റെയും ആ വൈവിദ്ധ്യത്തിലാണു്. വൈവിദ്ധ്യങ്ങളെ അംഗീകരിച്ചും ബഹുമാനിച്ചും കൊണ്ടല്ലാതെ, ഒരു ജനാധിപത്യവ്യവസ്ഥിതിക്കു് നിലനിൽക്കാനാവില്ല. ഒരുപാടു് ജാതികളും മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും വേഷങ്ങളും നിലവിലുള്ള ഭാരതം പോലൊരു രാജ്യത്തിൽ അതുപോലൊരു സഹിഷ്ണുത ഇല്ലാഞ്ഞാലത്തെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളു. സഹിഷ്ണുത ഒരിക്കലും അസഹിഷ്ണുതയുടെ അവകാശമാവാൻ അനുവദിക്കാതിരിക്കേണ്ടതു് ഏതൊരു ജനാധിപത്യവ്യവസ്ഥിതിയുടെയും കടമയാണു്.
Karl Popper “The Open Society and Its Enemies” (Vol. 1)-ൽ പറയുന്നപോലെ, “Unlimited tolerance must lead to the disappearance of tolerance. If we extend unlimited tolerance even to those who are intolerant, if we are not prepared to defend a tolerant society against the onslaught of the intolerant, then the tolerant will be destroyed, and tolerance with them.”
Dec 16, 2016, 9:51 AM
ബന്ധുക്കൾ എന്ന വിഭാഗത്തിൽ പെടുന്ന ചില കിഴവികൾ (ഇത്ര പോളിറ്റിക്കലി ഇൻകറക്റ്റ് ആകാൻ എനിക്കെങ്ങനെ കഴിഞ്ഞു?) ബാല്യകാലത്തു് പത്തു് പൈസ നീട്ടിക്കൊണ്ടു് പറയുമായിരുന്നു: “നിക്കറോ ഷർട്ടോ ബിരിയാണിയോ എന്താ മോനു് വേണ്ടതെന്നു് വച്ചാൽ വാങ്ങിക്കോട്ടോ”. ദോഷം പറയരുതല്ലോ, ഒന്നോ രണ്ടോ നാരങ്ങാമിട്ടായി വാങ്ങാൻ അതു് മതിയായിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ പിള്ളേരോടു് തള്ളമാർക്കു് ഒരു പ്രത്യേക സഹാനുഭൂതിയുണ്ടു്. പൊതുവേതന്നെ സഹാനുഭൂതിയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ വളരെ മുന്നിലാണു്. സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ക്രിസ്തുമതം സ്ഥാപിക്കാൻ കച്ച കെട്ടിയിറങ്ങിയ പൗലോസിനു് ആ ഉദ്യമം ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. “നിനക്കുവേണ്ടി കുരിശിൽ മരിച്ച” യേശുവിനെപ്പറ്റി പൗലോസ് വർണ്ണിച്ച ഹൃദയഭേദകമായ കഥകൾ ആദ്യം സ്ത്രീകളുടെ ഉള്ളവും, പിന്നീടു്, തലയിണമന്ത്രങ്ങളിലൂടെ, പുരുഷന്മാരുടെ ഉള്ളവും വല്ലാതെ കലക്കിക്കളഞ്ഞു. ഈത്തപ്പനയോലയിൽ കിടന്നുറങ്ങിയതിന്റെ ഫലമായി മുത്തുനബിയുടെ ദേഹത്തു് വീണ പാടുകളെപ്പറ്റിയുള്ള വർണ്ണനകൾ കണ്ണീരോടു് കൂടിയേ ഇന്നും പല മുസ്ലീം സ്ത്രീകൾക്കും കേൾക്കാൻ കഴിയാറുള്ളു.
സ്ത്രീകളുടെ തലയിണമന്ത്രത്തിൽ മയങ്ങിയാൽ എന്തു് കടുംകയ്യും ചെയ്യാൻ മടിയില്ലാത്തവിധം പുരുഷന്മാർ ഇങ്ങനെ വിഡ്ഢികളായിരിക്കുന്നതു് അക്കാര്യം ആരും ഇതുവരെ അവർക്കു് പറഞ്ഞു് കൊടുക്കാത്തതുകൊണ്ടല്ല. ബൈബിളിലെ സദൃശവാക്യങ്ങളിലൂടെ ശലോമോൻ പണ്ടേതന്നെ ഉള്ളകാര്യം അവരോടു് തുറന്നു് പറഞ്ഞിട്ടുണ്ടു്: “അറുക്കുന്നേടത്തേക്കു് കാളയും ചങ്ങലയിലേക്കു് ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു് ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ആകയാൽ മക്കളേ, എന്റെ വാക്കു് കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ. നിന്റെ മനസ്സു് അവളുടെ വഴിയിലേക്കു് ചായരുതു്; അവളുടെ പാതകളിലേക്കു് നീ തെറ്റിച്ചെല്ലുകയുമരുതു്. അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു. അവളുടെ വീടു് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു് മരണത്തിന്റെ അറകളിലേക്കു് ചെല്ലുന്നു”. (സദൃശവാക്യങ്ങൾ 7: 22-27)
സ്ത്രീകളെപ്പറ്റി ആധികാരികമായി സംസാരിക്കാൻ, 700 ഭാര്യമാരും 300 വെപ്പാട്ടിമാരും ഉണ്ടായിരുന്ന ശലോമോന്റെയത്ര യോഗ്യത മറ്റാർക്കാണു് ഉള്ളതു്? ബസിൽ കയറി ഇരുപ്പുസീറ്റോ നില്പുസീറ്റോ ഉറപ്പിച്ചു് കഴിഞ്ഞവർക്കേ ബസ് പിന്നീടു് കാണുന്നിടത്തെല്ലാം നിർത്തി ആളെക്കയറ്റുന്നതിന്റെ ബുദ്ധിമുട്ടു് അറിയാൻ കഴിയൂ. അതെന്തായാലും, ആയിരം സ്ത്രീകളെ സന്തോഷിപ്പിക്കേണ്ട ചുമതലയുണ്ടായിരുന്ന ശലോമോൻ ബൈബിളിലെ ശലോമോന്റേതെന്നു് അറിയപ്പെടുന്ന പുസ്തകങ്ങൾ മുഴുവൻ എഴുതാൻ എങ്ങനെ സമയം കണ്ടെത്തി എന്നാണു് എനിക്കു് മനസ്സിലാകാത്തതു്. ഹോർമോണുകളെയും അവയുടെ കൂടിയാട്ടങ്ങളെയും കുറിച്ചു് ശലോമോന്റെ കാലത്തു് ആർക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. അല്ലെങ്കിൽ, എന്തുകൊണ്ടാണു് പുരുഷന്മാർ എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാക്കാതെ വീണ്ടും വീണ്ടും “മരണത്തിന്റെ അറകളിലേക്കു് ചെല്ലുന്നതു്” എന്നു് അറിയാൻ ബുദ്ധിമാന്മാരിൽ ബുദ്ധിമാൻ എന്നു് അറിയപ്പെടുന്ന ശലോമോനു് കഴിയേണ്ടതായിരുന്നു. “കണ്ടാലറിയാം കണിയാന്മാർക്കു്, കൊണ്ടാലും അറിയില്ല കൊശവന്മാർക്കു്”. (ദേ പിന്നേം പൊളിറ്റിക്കലി ഇൻകറക്റ്റ്!)
വല്യമ്മായിമാർ തന്നിരുന്ന പത്തു് പൈസകൊണ്ടു് ‘നാരങ്ങാമുട്ടിപ്പായി’ വാങ്ങിത്തിന്നിരുന്നതൊക്കെ ഒരു കാലം. അതിനു് നേർവിപരീതമാണു് ഇന്നത്തെ ലോകം. ഇന്നു് പ്രധാനമന്ത്രി മോദി പിള്ളേർക്കെല്ലാം രണ്ടായിരത്തിന്റെ നോട്ട് കൊടുത്തിട്ടു് നാരങ്ങാമിട്ടായിയോ കടുകുമിട്ടായിയോ എന്താ വേണ്ടതെന്നു് വച്ചാൽ അതു് വാങ്ങിത്തിന്നോട്ടോ എന്നാണത്രെ പറയാറു്! ചില്ലറയില്ലാതെ നട്ടം തിരിയുന്ന സകല പെട്ടിക്കടക്കാരുടെയും തെറി കേൾക്കാനാണു് ഇന്നത്തെ പിള്ളേരുടെ വിധി!
Dec 16, 2016, 12:32 PM
ഒന്നും പറയാതിരിക്കുന്നവൻ ഊമനാണെന്നു് ജനം കരുതും. കരുതൽ വിദഗ്ദ്ധരായ ജനത്തിനു് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യത്തിലേറെ കരുതലുണ്ടു്. കരുതൽ മാത്രമല്ല, അസാമാന്യമായ സാമൂഹിക പ്രതിബദ്ധതയും പ്രദർശിപ്പിക്കാൻ ബദ്ധപ്പെടുന്നവരാണു് ജനം. അതുകൊണ്ടു്, വീണുകിട്ടുന്ന വിവരങ്ങൾ തത്സമയപ്രക്ഷേപണം വഴി നാട്ടുകാരെ അറിയിക്കേണ്ടതു് തന്റെ ബാദ്ധ്യതയായി ഓരോ പൗരനും കരുതുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു് കിട്ടിയാലേ ജനത്തിനു് അതു് റിലേ ചെയ്യാൻ പറ്റൂ. ജനം ഊമകളേക്കാൾ വായാടികളെ ഇഷ്ടപ്പെടുന്നതു് അതുകൊണ്ടാണു്. പക്ഷേ ഗതികേടിനു്, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ മനുഷ്യരും കണ്ഡീഷൻഡ് ആണെന്നതിനാൽ, നിരുപാധികമായൊരു പെർസെപ്ഷൻ മനുഷ്യനു് സാദ്ധ്യമല്ല. ചുരുക്കത്തിൽ, ഒരു മനുഷ്യൻ പറയുന്നതാവണമെന്നില്ല നിർബന്ധമായും മറ്റൊരു മനുഷ്യൻ മനസ്സിലാക്കുന്നതു്. വസ്തുത ഇതാണെന്നിരിക്കെ, എന്താണു് പറയുന്നതെന്നു് പറയുന്നവനു് പോലും അറിയില്ലെങ്കിൽ, അവന്റെ പറച്ചിൽ കൊണ്ടു് എന്തു് പ്രയോജനം എന്നു് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല. പക്ഷേ, പറയുന്നവൻ പറയുന്നതു് അവന്റെ ഉത്തമബോദ്ധ്യങ്ങളാണെന്നതാണു് പ്രശ്നം. ഒരുവന്റെ ഉത്തമബോദ്ധ്യങ്ങൾ മിക്കവാറും എല്ലായ്പോഴും അവന്റെ ദൃഷ്ടിയിൽ പരമമായ സത്യങ്ങളാണു്. തന്റെ പരമമായ സത്യങ്ങളെ ചോദ്യം ചെയ്യുന്നതു് ഒരു കടന്നാക്രമണമായി കരുതാനേ ഏതൊരു “ബോധിക്കും” കഴിയൂ. എന്റെ സത്യങ്ങളെപ്പറ്റി എന്നേക്കാൾ കൂടുതലായി മറ്റാർക്കാണു് അറിയാൻ കഴിയുക എന്നാവും അവന്റെ ചോദ്യം. “ഉത്തമബോദ്ധ്യങ്ങളാണു് സത്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ” എന്നു് നീറ്റ്‌സ്‌ഷെ പറഞ്ഞതൊന്നും അവനെ അലട്ടുന്ന കാര്യങ്ങളല്ല.
ഉദാഹരണത്തിനു്, ദൈവം മനുഷ്യനു് വെളിപ്പെട്ടതും മനുഷ്യനോടു് സംസാരിച്ചതുമെല്ലാം അതു് വിശ്വസിക്കുന്നവനെ സംബന്ധിച്ചു് ഉത്തമബോദ്ധ്യങ്ങളാണു്. അവന്റെ ചിന്തയിൽ, കേൾക്കുന്നവനു് അതൊന്നും മനസ്സിലാകാത്തതിനു് പല കാരണങ്ങളുണ്ടു്. ഗ്രന്ഥം ശരിക്കു് പഠിക്കാത്തതുകൊണ്ടു്, ഗ്രന്ഥം ഒറിജിനൽ ഭാഷയിൽ വായിക്കാത്തതുകൊണ്ടു് തുടങ്ങിയ, കേൾക്കുന്നവന്റേതു് മാത്രമായ, ഒരു നൂറു് കാരണങ്ങൾ പറയുന്നവനു് ചൂണ്ടിക്കാണിക്കാനുണ്ടാവും. അതേസമയം, ആർക്കെങ്കിലും വെളിപ്പെടാനോ, ആരോടെങ്കിലും സംസാരിക്കാനോ ഒരു ദൈവത്തിനും കഴിയില്ല എന്നതു് നിഷേധിക്കാനാവാത്ത ഒരു കേവലസത്യമാണു്. കാരണം, ദൈവം എന്നതു് മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രമാണു്. തന്നെ കടുവ പിടിച്ചെന്നോ, പാമ്പു് കടിച്ചെന്നോ, മറ്റു് പലതുമോ മനുഷ്യൻ സ്വപ്നം കണ്ടെന്നിരിക്കും. പക്ഷേ, ഉണരുമ്പോഴെങ്കിലും അതൊരു സ്വപ്നമായിരുന്നു എന്നു് മനസ്സിലാക്കാൻ ഏതെല്ലാം വിധത്തിൽ കണ്ഡീഷൻഡ് ആയ മനുഷ്യർക്കും സാധാരണഗതിയിൽ കഴിയേണ്ടതാണു്. ദൈവം രാത്രിയിൽ തനിക്കു് വെളിപ്പെട്ടു എന്നും, ഓഷോ മാതൃകയിലുള്ള ചില സാരോപദേശങ്ങൾ ഓതിത്തന്നു എന്നും ഒരുവൻ സ്വപ്നം കണ്ടുകൂടെന്നില്ല. മറ്റേതൊരു സ്വപ്നത്തേയും പോലെ അതും ഒരു സ്വപ്നമായിരുന്നു എന്നു് ഏറ്റവും വൈകിയാൽ ഉണർന്നശേഷമെങ്കിലും തിരിച്ചറിയാൻ ഒരു മനുഷ്യനു് കഴിയുന്നില്ലെങ്കിൽ അവന്റേതു് “കൗച്ച് ഡോക്ടറെ” കാണിക്കേണ്ട ഒരു കെയ്സാണെന്ന കാര്യത്തിൽ സംശയം വേണ്ട. അല്ലാതെ, മൂന്നു് വർഷങ്ങൾ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു് തീർപ്പുണ്ടാക്കേണ്ട ഗഹനതയൊന്നും അതിലില്ല. മൂന്നിനു് പകരം മുപ്പതു് വർഷങ്ങൾ ചർച്ച ചെയ്താലും വഞ്ചിയെ തിരുനക്കരയിൽ നിന്നും ഒരിഞ്ചു് പോലും നീക്കാൻ കഴിയുകയുമില്ല. കാരണം, ഹാർഡ്‌വെയർ ഉണ്ടായിട്ടു് കാര്യമൊന്നുമില്ല. കൊമ്പാറ്റിബിളായ ഓപറേറ്റിങ് സിസ്റ്റം ഇല്ലാത്തിടത്തു് മറ്റു് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നതു് പാഴ്വേലയായിരിക്കും.
ഒരു കുട്ടിക്കഥകൂടി പറഞ്ഞു് അവസാനിപ്പിച്ചേക്കാം. പണ്ടൊരിക്കൽ രാജാവിന്റെ മുടി വെട്ടലിന്റെ ചുമതല ലഭിച്ച ഒരു ബാർബർ മുടിവെട്ടലിനിടയിൽ രാജാവിന്റേതു് കഴുതച്ചെവികളാണെന്നു് കണ്ടെത്തി. ഇൻഡ്യ കണ്ടെത്താൻ പോയ പോക്കിലാണല്ലോ കൊളംബസ് ആയാലും അമേരിക്ക കണ്ടെത്തിയതു്! “അന്വേഷിപ്പിൻ, (എന്തെങ്കിലും) കണ്ടെത്തും” എന്നു് ബൈബിളും ഉറപ്പു് നൽകുന്നുണ്ടു്. അന്വേഷിക്കുന്നതുതന്നെ കണ്ടെത്തണം എന്നു് പിടിവാശി പിടിക്കാതിരുന്നാൽ ഒരുപാടു് കാര്യങ്ങൾ കണ്ടെത്താം. ആഹാരത്തിനും പണത്തിനും പലർക്കും പഞ്ഞമുണ്ടെങ്കിലും, മറ്റു് പല കാര്യങ്ങൾക്കും ലോകത്തിൽ പഞ്ഞമൊന്നുമില്ല. യാദൃച്ഛികമായി കണ്ടെത്താവുന്ന കാര്യങ്ങളുണ്ടു്, അന്വേഷിച്ചാൽ മാത്രം കണ്ടെത്താവുന്നവയുമുണ്ടു്. ബാർബറുടേതു് യാദൃച്ഛികമായ കണ്ടെത്തലായിരുന്നു. രഹസ്യം രാജകീയമാണെങ്കിൽ, ന്യൂസ് സെൻസേഷണലായേക്കാമെങ്കിലും, അതു് ചോർത്തി പരസ്യമാക്കുന്നതു് അപകടകരമാണു്. തല പോയിക്കൂടെന്നില്ല. ആരെ വിശ്വസിച്ചാലും മനുഷ്യരെ വിശ്വസിക്കാൻ പാടില്ലെന്നു് അറിയാമായിരുന്ന ബാർബർ അവസാനം “അമ്മച്ചിപ്ലാവു്” പോലൊരു മരത്തിന്റെ പൊത്തിലേക്കു് “രാജാവിനു് കഴുതച്ചെവികളാണേ” എന്നു് വിളിച്ചുപറഞ്ഞു് ആർത്തലച്ചു് ചിരിച്ചു് തന്റെ വാർത്താവിതരണബാദ്ധ്യത നിറവേറ്റി ആശ്വാസം തേടിയെന്നും, ബാർബറുടെ തലയുടെ കഷ്ടകാലത്തിനു്, “രാജാവിനു് കഴുതച്ചെവികളാണേ” എന്നു് അതിനെത്തുടർന്നു് മരപ്പൊത്തു് ബാങ്കു് വിളിക്കാൻ തുടങ്ങിയെന്നും കഥ.
മരപ്പൊത്തിനു് പ്രതിദ്ധ്വനിപ്പിക്കാനേ കഴിയൂ. മനുഷ്യനു് പ്രതിദ്ധ്വനിപ്പിക്കാനും, ധ്വനിപ്പിക്കാനും, വ്യാഖ്യാനിക്കാനും, വളച്ചൊടിക്കാനും കഴിയും.
Dec 18, 2016, 12:31 PM
ഏതോ ഒരു പഴയ മലയാളം സിനിമയിൽ നായകൻ ഒരു മുറിയിലെ ദേവീവിഗ്രഹത്തിനു് മുന്നിലിരുന്നു് ദേവീ ശ്രീദേവീ ഒഴുകിയൊഴുകിവരൂ എന്നോ, തെന്നിത്തെന്നി വരൂ എന്നോ മറ്റോ ഒരു ഭക്തിഗാനം ആലപിക്കുമ്പോൾ, സുകുമാരി (ഹാസ്യം) ഞാനിതാ ഒഴുകിയൊഴുകി വന്നിരിക്കുന്നു എന്നൊരു കിളിമൊഴിയുമായി നായകന്റെ മുന്നിലെത്തുന്ന ഒരു രംഗമുണ്ടു്. “നെറ്റിയിൽ മഞ്ഞൾ പ്രസാദം ചാർത്തി, അരയിൽ മഞ്ഞക്കുറിയുള്ള മുണ്ടുമൊക്കെ ചുറ്റി” യഥാർത്ഥ നായിക നായകന്റെ പാട്ടു് കേട്ടുകൊണ്ടു് ആ പരിസരത്തുതന്നെ ചുറ്റിത്തിരിയുന്നുണ്ടുതാനും. പക്ഷേ, അതൊന്നും നായകന്റെ സമീപത്തേക്കു് “പ്രണയപരവശയായി തെന്നിത്തെന്നി” ചെല്ലുന്നതിനു് സുകുമാരിക്കു് ഒരു തടസ്സമാവുന്നില്ല. ഗാനവും ഡയലോഗും ഇങ്ങനെതന്നെ ആയിരുന്നോ എന്നു് ഓർമ്മയില്ലെങ്കിലും കഥാഗതി ഏകദേശം ഇതുപോലെ ആയിരുന്നു. ചില സ്റ്റാറ്റസുകളുടെ അടിയിൽ വീഴുന്ന കമന്റുകൾ കാണുമ്പോൾ ആ സുകുമാരിയെയാണു് എനിക്കു് ഓർമ്മവരാറു്.
ആരെങ്കിലും ചക്കിനെപ്പറ്റി പറഞ്ഞാലും അതു് തന്നെപ്പറ്റിയാണെന്നേ കൊക്കിനു് തോന്നൂ എന്നു് വന്നാൽ എന്തു് ചെയ്യാൻ? കൊക്കിനുമില്ലേ പാരനൊയിഡ് ആകാനുള്ള അവകാശം?
Dec 18, 2016, 12:32 PM
ഒരുപാടു് പേർ ഒന്നുതന്നെ ചിന്തിക്കുന്ന ഒരു സമൂഹത്തിൽ ഒരുപാടു് ഒരേതരം ചിന്തകളല്ലാതെ ഒരുപാടു് പലതരം ചിന്തകൾ ഉണ്ടാവില്ല. ഒരു റ്റോട്ടാലിറ്റേറിയൻ സമൂഹത്തേയും ഒരു ഡെമോക്രാറ്റിക് സമൂഹത്തേയും തമ്മിൽ തിരിച്ചറിയാനുള്ള ഒരു ക്രൈറ്റീരിയൻ പോലുമാണതു്. (ഉദാ: നോർത്ത് കൊറിയ – സൗത്ത് കൊറിയ).
പ്രസിദ്ധ മനഃശാസ്ത്രജ്ഞൻ ആൽഫ്രെഡ് ആഡ്‌ലർ: “സ്വാതന്ത്ര്യം മഹത്വങ്ങളെ വിരിയിക്കുമ്പോൾ, നിർബന്ധം കൊല്ലുകയും മലീമസമാക്കുകയും ചെയ്യുന്നു”.
Dec 19, 2016, 10:14 AM
കേരളത്തിലെ ഇടതുപക്ഷം യേശുവിന്റെ പാതയിലാണെന്നു് കേട്ടു. യേശു പോയ പാതകളിൽ ഏതിന്റെ ഏതു് പക്ഷം ചേർന്നാണു് ഇടതുകൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നതു് എന്നു് ശ്രദ്ധിക്കുന്നതു് നന്നായിരിക്കും. മരിച്ച ലാസറിനെ കല്ലറയിൽ നിന്നും ഉയിർപ്പിച്ചശേഷം കഴുതപ്പുറത്തു് കയറി യേരുശലേമിലേക്കു് പോയ പാതയ്ക്കു് ശേഷം വരുന്നതു് തൂങ്ങാനുള്ള കുരിശും ചുമന്നുകൊണ്ടു് ഗൊൽഗോഥായിലേക്കു് പോയ പാതയാണു്. കഴുതപ്പുറത്തു് യേരുശലേമിലേക്കു് പോകുന്നവനു് ഓശാനാ വിളിക്കുന്നവർ തന്നെയാണു് ഗോൽഗോഥായിലേക്കു് പോകുന്നവനെ ക്രൂശിക്കുക എന്നു് വിളിക്കുന്നതും. അതുകൊണ്ടു് യേരുശലേമിൽ എത്താൻ മാത്രമേ കഴുതകളെ കൂട്ടുപിടിക്കാവൂ. അവിടെയെത്തിയാൽ മഹാപുരോഹിതന്മാരെ പ്രീണിപ്പിക്കുന്നതാണു് കുരിശുമരണം ഒഴിവാക്കാൻ നല്ലതു്.
പരാന്നഭോജികൾ ആതിഥേയരേക്കാൾ ശക്തരാണെന്നാണു് ചരിത്രവും പഠിപ്പിക്കുന്നതു് – ദീർഘകാലാടിസ്ഥാനത്തിലെങ്കിലും.
മനേക ഗാന്ധി ജീവിച്ചിരുന്നതു് രണ്ടായിരം വർഷങ്ങൾക്കു് മുൻപാവാതിരുന്നതു് ഭാഗ്യം. അല്ലെങ്കിൽ യേശുവിനെ പ്രസവിക്കാനായി മറിയ കാലിത്തൊഴുത്തു് ഉപയോഗിച്ചതിന്റെ പേരിൽ എന്തെല്ലാം പുകിലുകൾ കാണേണ്ടി വന്നേനെ! തൊഴുത്തിന്റെ വിസ്തീർണ്ണം, കാലികളുടെ എണ്ണം, ഓരോ കാലിക്കും വലിപ്പത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ യഥേഷ്ടം നിൽക്കാനും, കിടക്കാനും, അയവിറക്കാനും, സ്വന്തം ജീവിതത്തെപ്പറ്റി താത്വികമായ അവലോകനങ്ങൾ നടത്താനും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഏറിയയിൽ മറിയയുടെ കയ്യേറ്റം വഴി വന്ന കുറവു്, പ്രസവസമയത്തു് സ്വാഭാവികമായും ഉണ്ടാവാറുള്ള ശബ്ദകോലാഹലങ്ങൾക്കു് പുറമെ, മാലാഖമാരുടെ കൂവൽ, കുറുകൽ, ഹാലേലുയ്യ, പൊന്നും മൂരും കുന്തുരുക്കവുമായി എത്തിയ മൂന്നു് രാജാക്കന്മാരുടെ ആശംസകൾ, തള്ളലുകൾ തുടങ്ങിയ സ്‌റ്റ്രെസ് സിറ്റുവേഷൻസ് വഴി കാലികളും മക്കളും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ സംബന്ധിച്ച പരിവേദനങ്ങൾ! എത്രയെത്ര മൃഗപീഡനപരാതികൾ അതിന്റെ പേരിൽ കുടുംബ കോടതി മുതൽ സുപ്രീം കോടതി വരെ എത്തുമായിരുന്നില്ല!
“എങ്കിലും, മനേക ഗാന്ധി അന്നുണ്ടായിരുന്നെങ്കിൽ ഒരു ഗുണമുണ്ടായിരുന്നു. എങ്കിൽ, തൊഴുത്തോ മൃഗങ്ങളോ പുൽത്തൊട്ടിയോ ഒന്നും ഇല്ലാത്ത വല്ല വഴിയരികിലും മറിയക്കു് യേശുവിനെ പ്രസവിക്കേണ്ടി വരുമായിരുന്നു. എങ്കിൽ, മനുഷ്യർക്കു് തിരുപ്പിറവി ആഘോഷിക്കാൻ വർഷം തോറും വീടുകളിൽ കാലിത്തൊഴുത്തും പുൽത്തൊട്ടിലും മനുഷ്യ-, മൃഗരൂപങ്ങളും ഒരുക്കേണ്ടി വരുമായിരുന്നില്ല. അന്നത്തെ ആ മൃഗപീഡനം ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിൽ ഇന്നത്തെ മനുഷ്യപീഡനം ഒഴിവാക്കാമായിരുന്നു, ഒരുപക്ഷേ. ദൈവത്തിനുവേണ്ടി സ്വയം പീഡിപ്പിക്കാൻ മടിയില്ലാത്ത മനുഷ്യരെ സ്നേഹിക്കുന്നവരാണു് മിക്കവാറും എല്ലാ ദൈവങ്ങളും. “ദൈവം സ്നേഹമാണു്”. സ്വന്തം മകനെ കുരിശിൽ തറച്ചു് കൊല്ലിക്കാൻ മടിയില്ലാത്തത്ര വലിയ സ്നേഹം! ദൈവസ്നേഹമില്ലാതെ ജീവിക്കാൻ മനുഷ്യനു് കഴിയില്ല. (എന്നാണവൻ വിശ്വസിക്കുന്നതു്. അങ്ങനെയാണവൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നതു്)! അതുകൊണ്ടു് വർഷംതോറും തൊഴുത്തും പുൽത്തൊട്ടിലും കെട്ടി ദൈവത്തിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റെന്തെങ്കിലുമൊന്നു് തട്ടിക്കൂട്ടുകയോ, കുറഞ്ഞപക്ഷം വല്ല മലയും ചവിട്ടുകയോ, അതുമല്ലെങ്കിൽ ചുമ്മാ “പുറപ്പെട്ടു് പോകുകയോ” മറ്റോ അവൻ ചെയ്തുകൂടെന്നുമില്ല.
അതേസമയം, മറിയയുടെ കാര്യം വളരെ ദയനീയമാണു്. നല്ലപോലെ വേദനയുണ്ടാവാൻ സാദ്ധ്യതയുള്ള ഒരേർപ്പാടാണു് പ്രസവം. എന്നിട്ടും എന്തുകൊണ്ടാണു് ബഹുഭൂരിപക്ഷം സ്ത്രീകളും പ്രസവിക്കാൻ തീരുമാനിക്കുന്നതു് എന്നെനിക്കറിയില്ല. എന്റെ ചക്രാന്വേഷണപരൂക്ഷണങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിടത്തോളം, കല്യാണസമയത്തു് മൈലാഞ്ചി ഇടാനും, ആഭരണങ്ങൾ ധരിക്കാനും, മന്ത്രകോടി ഉടുക്കാനും കഴിയുന്നതിൽ സ്ത്രീകൾ അനുഭവിക്കുന്ന സന്തോഷം പ്രസവത്തിന്റെ വേദനയേക്കാൾ വളരെ കൂടുതലായതിനാലാണു് പ്രസവവേദന സഹിക്കാൻ അവർ സന്നദ്ധരാവുന്നതു്. പക്ഷേ മറിയയുടെ കാര്യമോ? മൈലാഞ്ചിയിട്ടു്, വസ്ത്രാഭരണാലങ്കൃതയായി നിൽക്കുന്ന മറിയക്കു് നാലാളു് കാൺകെ ഒരു കസവുപുടവ കൊടുത്തിട്ടായിരുന്നു യഹോവ അവളെ ഗർഭം ധരിപ്പിച്ചിരുന്നതെങ്കിൽ മറിയക്കു് അല്പമെങ്കിലും സന്തോഷത്തിനു് വകയുണ്ടാവുമായിരുന്നു. ഇതിപ്പോൾ, കൊല്ലനും അറിഞ്ഞില്ല, കൊല്ലത്തീം അറിഞ്ഞില്ല, തിത്തൈ എന്നൊരു കൊച്ചരുവ എന്നു് പറഞ്ഞപോലെ, കാനേഷുമാരി കഴിഞ്ഞു് മടങ്ങിയ മറിയയും ഔസേപ്പും ഒരു ശുഭരാത്രിയിൽ ബെത്ലഹേമിലെ ഒരു കാലിത്തൊഴുത്തിനരികിൽ എത്തിയപ്പോൾ പ്രസവവേദന വരികയും മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്തു എന്നല്ലാതെ, പ്രസവവേദന സഹിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പ്രീകണ്ഡീഷൻസ് ഒന്നും മറിയയുടെ കാര്യത്തിൽ സംഭവിച്ചില്ല. ഉത്ഭവം മലമില്ലാതെ (അമലോത്ഭവം) ആയിരുന്നതിനാൽ പ്രസവം വേദനയില്ലാതെ ആയിരിക്കും യഹോവ സംഭവിപ്പിച്ചതു് എന്നു് വേണമെങ്കിൽ കരുതാം. മനുഷ്യർ വേദനയനുഭവിക്കുന്നതു് ഇഷ്ടപ്പെടുന്നവനല്ല യഹോവ എന്നു്, മരണസമയത്തു് “ഏലീ ഏലീ ലമ്മാ ശബക്താനി” എന്നു് ഉറക്കെ നിലവിളിച്ച സ്വന്തം മകനോടുള്ള യഹോവയുടെ സ്നേഹപൂർവ്വമായ പ്രതികരണത്തിലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുള്ളതിനാൽ അങ്ങനെയൊരു നിഗമനം തെറ്റാവാൻ വഴിയില്ല.
ഞാൻ നിന്നെ ഗർഭം ധരിപ്പിക്കും എന്നു് കല്പിക്കുകയും നടപ്പാക്കുകയുമല്ല, എന്നിൽ നിന്നും ഗർഭം ധരിക്കാൻ നിനക്കു് സമ്മതമാണോ എന്നു് മറിയയോടു് ചോദിച്ചു് അനുവാദം വാങ്ങുകയായിരുന്നു യഹോവ ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന കാര്യത്തിൽ സ്വയംവരകാലത്തെ നാലാം ക്ലാസ്സുകാർക്കുപോലും എതിരഭിപ്രായമുണ്ടാവാൻ വഴിയില്ല. പക്ഷേ, ബുദ്ധിയിൽ കുഞ്ഞും അറിവിൽ ശിശുവും ആയിരുന്നതിനാൽ, സ്വന്തജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നു് ചിന്തിക്കാൻ യഹോവക്കു് കഴിയുമായിരുന്നില്ലല്ലോ. അതെങ്ങനെ? മനുഷ്യർ പാപം ചെയ്യുന്നുണ്ടോ എന്നറിയാൻ അവരുടെ മറപ്പുരകളിലും കുളിക്കടവുകളിലും കിടപ്പുമുറികളിലും സ്ഥിരമായി ഒളിഞ്ഞുനോക്കേണ്ട ചുമതലയുള്ള ഒരുവനു് പള്ളിക്കൂടത്തിൽ പോയി നാലക്ഷരം പഠിക്കാൻ നേരം കിട്ടുമോ? ഏതായാലും അന്നു് ഫെമിനിസ്റ്റുകൾ ഇല്ലാതിരുന്നതു് യഹോവയുടെ ഭാഗ്യം. മറിയയുടെ കഷ്ടകാലവും.
Dec 25, 2016, 12:28 PM
അമലോത്ഭവം (immaculata conceptio) എന്നതു് ഒൻപതാം നൂറ്റാണ്ടു് മുതൽ ആചരിക്കപ്പെടുന്നതിനു് തെളിവുള്ളതും, 08. 12. 1854-ൽ ആ പാരമ്പര്യത്തിന്റെ തന്നെ കൂട്ടുപിടിച്ചു് പീയൂസ് ഒൻപതാമൻ മാർപ്പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചതുമായ കത്തോലിക്കാസഭയുടെ ഒരു വിശ്വാസസത്യമാണു് . അതേസമയം, യേശുവിന്റേതു് കന്യാജനനം ആയിരുന്നു എന്ന വിശ്വാസം രണ്ടാം നൂറ്റാണ്ടു് മുതലേ (ബൈബിളിലെ സുവിശേഷങ്ങൾ രൂപമെടുത്ത കാലം മുതലേ) നിലനിൽക്കുന്നുമുണ്ടു്. ചുരുക്കം, കന്യാജനനവിശ്വാസവും അമലോത്ഭവവിശ്വാസവും രണ്ടും രണ്ടാണു്. “അമലോത്ഭവ ആയിരുന്നു മറിയം എന്ന ചിന്താധാരക്ക് നൂറുവർഷത്തിൽ താഴെയുള്ള പഴക്കമേയുള്ളൂ” എന്നു് ഇന്നലെ ഒരു ക്രൈസ്തവഭക്തൻ എന്നെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതുകൊണ്ടാണു് ഈ “നിർമ്മലസഭാസത്യം” വ്യക്തമാക്കേണ്ടി വരുന്നതു്. മറിയം അമലോത്ഭവ ആയിരുന്നു എന്നതും, മറിയയിൽ നിന്നുമുള്ള യേശുവിന്റെ ജനനം അമലോത്ഭവം ആയിരുന്നു എന്നതും തമ്മിൽ ചെറുതല്ലാത്ത വ്യത്യാസമുണ്ടു്. വള്ളിയൂഞ്ഞാലിൽ ആനയാടുന്നതും ആടാടുന്നതും പോലുള്ള വ്യത്യാസം.
“പ്രപഞ്ചത്തിന്റെ” മദ്ധ്യത്തിൽ നിന്നും ഭൂമിയെ നിഷ്കാസനം ചെയ്തു് അവിടെ സൂര്യനെ പ്രതിഷ്ഠിച്ച നിക്കോളാസ് കോപ്പർനിക്കസിന്റെ (1473 – 1543), പണം വാങ്ങി പാപങ്ങൾ മോചിപ്പിച്ചിരുന്ന കത്തോലിക്കാസഭയിൽ നിന്നും തെറ്റിപ്പിരിഞ്ഞു് റിഫർമേഷനു് തുടക്കം കുറിച്ച മാർട്ടിൻ ലൂഥറുടെ (1483 – 1546), ഒരു പോളിമാത്ത് ആയിരുന്ന ഗാലിലെയൊ ഗാലിലൈയുടെ (1564 – 1642), പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രീയവിപ്ലവത്തിന്റെ ഒരു പ്രധാന സൂത്രധാരകനായിരുന്ന യോഹാന്നെസ് കെപ്ലെറുടെ (1571 – 1630), വിച്ച് ഹണ്ടിനു് വിധേയയാക്കപ്പെട്ട അദ്ദേഹത്തിന്റെ അമ്മ കത്തറീന കെപ്ലെറുടെ, ക്ലാസ്സിക്കൽ മെക്കാനിക്സിനു് തറക്കല്ലിട്ട ഐസക്ക് ന്യൂട്ടന്റെ (1643 – 1727) എല്ലാം യൂറോപ്പിൽ ഇരുപതാം നൂറ്റാണ്ടു് തുടക്കം കുറിക്കുന്നതിനു് തൊട്ടു് മുൻപും അതിനു് ശേഷവും നടന്ന ശാസ്ത്രീയമായ കണ്ടെത്തലുകൾ അഭൂതപൂർവ്വമായിരുന്നു. ലുഡ്വിഗ് ബോൾട്സ്മാൻ (1844 – 1906), മാക്സ് പ്ലാങ്ക് (1858 – 1947) ആൽബെർട്ട് ഐൻസ്റ്റൈൻ (1879 – 1955), നീൽസ് ബോർ (1885 – 1962), എർവിൻ ഷ്ര്യോഡിങ്ങർ (1887 – 1961), വെർണർ ഹൈസെൻബെർഗ് (1901 – 1976) തുടങ്ങിയ എത്രയോ പ്രതിഭകളുടെ അവിശ്രാന്തമായ പരിശ്രമങ്ങളുടെ ഫലമാണു് ആ കണ്ടെത്തലുകൾ. അമലോത്ഭവം എന്ന വിശ്വാസത്തിനു് നൂറു് വർഷങ്ങളിൽ താഴെയേ പഴക്കമുള്ളു എന്നു് അവകാശപ്പെടുന്നവർക്കു്, ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെല്ലാം അവർ അമലോത്ഭവത്തെപ്പറ്റി പരീക്ഷണനിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ബൈ പ്രൊഡക്റ്റുകൾ ആയിരുന്നു എന്നും അവകാശപ്പെടാം. ജഡ്ജിയില്ലാത്തിടത്തു് കുറ്റകൃത്യങ്ങളുമില്ല. മർമ്മം ശ്രദ്ധിച്ചേ അടിക്കാവൂ എന്നു് നിർബന്ധം പിടിക്കേണ്ട ആവശ്യം പൊട്ടനില്ല. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയ ഒരു ശാസ്ത്രജ്ഞൻ അതുപോലൊരു അവകാശവാദം മുന്നോട്ടു് വച്ചാൽ അതു് ആദിയിൽ യഹോവ സൃഷ്ടിച്ച ഭൂമിയെപ്പോലെ “പാഴും ശൂന്യവും” ആയിരിക്കുമോ? ശൂന്യാകാശപര്യവേക്ഷണങ്ങളുടെ ഒരു വെയ്സ്റ്റ് പ്രൊഡക്റ്റ് എന്ന നിലയിലാണു് ഇന്റർനെറ്റ് പോലും രൂപമെടുത്തതു്! ഇന്റർനെറ്റ് ഇന്നു് വെയ്സ്റ്റുകൾ കൊണ്ടു് നിറയുന്നതും അതുകൊണ്ടുതന്നെ ആയിരിക്കണം.
പൊള്ളിച്ചത്ത കരിമീനിന്റെ മുതൽ തുള്ളിച്ചത്ത വെളിച്ചപ്പാടുകളുടെ വരെ പ്രൊഫൈലുകൾ കണ്ടെത്താൻ കഴിയുന്ന ഒരിടമാണു് സോഷ്യൽ മീഡിയ. നാനാത്വത്തിലെ ഏകത്വം എന്ന നിലയിൽ ഫെയ്സ്ബുക്ക് ഭാരതം പോലെതന്നെ ഭയങ്കര തമാശയാവുന്നതു് അതുകൊണ്ടാണു്. പറയുന്നതിനു് ഒരു ഓതെന്റിസിറ്റിയും സ്മാർട്ട് സിറ്റിയുമൊക്കെ കിട്ടാൻ താൻ കഷ്ടപ്പെട്ടു് ബുദ്ധിമുട്ടി നേടിയ അനവധികളായ ബിരുദങ്ങളും, Ph. D.-കളും, ലഭിച്ച പ്രൈസുകളും, അവാർഡുകളുമെല്ലാം പ്രൊഫൈലിൽ എഴുതിച്ചേർക്കുന്ന ഐഡികളുമുണ്ടു്. അവർ പൊതുവേ പ്രമുഖരായിരിക്കും. അതൊരു നല്ല കാര്യമായാണു് എനിക്കു് തോന്നുന്നതു്. ആർക്കാണു് കണ്ണും ചെവിയും നൽകുന്നതു് എന്നറിയാതെ പതിനായിരക്കണക്കിനു് ഫോളോവേഴ്സ് നഞ്ചുപിടിച്ച മീനുകളെപ്പോലെ നട്ടം തിരിയേണ്ടി വരുന്നതു് അത്ര ആശാസ്യമായ ഒരു കാര്യമല്ല. സോഷ്യൽ റെസ്പോൺസിബിലിറ്റി, മൈ ഡിയർ വാട്ട്സൺ, സോഷ്യൽ റെസ്പോൺസിബിലിറ്റി!
November 2016
Nov 3, 2016, 12:31 PM
ഒരു പുറത്തെഴുതിയിരിക്കുന്നതിന്റെ നേർവിപരീതമായതു് മറുപുറത്തുതന്നെ എഴുതിവച്ചിരിക്കുന്നവയോ, അല്ലെങ്കിൽ അങ്ങനെ വ്യാഖ്യാനിച്ചെടുക്കാവുന്നവയോ ആണു് എല്ലാ മതഗ്രന്ഥങ്ങളും. അതുകൊണ്ടാണു്, “ഒരു വിഗ്രഹം ഉണ്ടാക്കരുതു്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു് കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു്” (King James Bible: Exodus 20: 4-5) എന്നു് യഹോവ മോശെയിലൂടെ കല്പിച്ചിട്ടുണ്ടെങ്കിലും, ഗർഭമുള്ളതോ, ഇല്ലാത്തതോ ആയ വിശുദ്ധ പുണ്യാളത്തിമാരുടെയും പുണ്യാളന്മാരുടെയും പ്രതിമകളോ പടങ്ങളോ ഉണ്ടാക്കുന്നതോ, അവയെ ആരാധിക്കുന്നതോ പാപമാണെന്ന ചിന്തപോലും ചില വിഭാഗം ക്രൈസ്തവർക്കെങ്കിലും ഉണ്ടാവാത്തതു്. അതുകൊണ്ടാണു്, ഈശ്വരൻ ഏകനാണെന്നു് പറയാൻ ഹൈന്ദവരിലെ ചിലർക്കും, ഈശ്വരർ മുപ്പത്തിമുക്കോടി എണ്ണമുണ്ടെന്നു് പറയാൻ അവരിലെതന്നെ മറ്റു് ചിലർക്കും കഴിയുന്നതു്. അതുകൊണ്ടാണു്, ഒട്ടകങ്ങളെ കഴുത്തറുത്തു് അല്ലാഹുവിനു് ബലി നൽകുന്ന അതേ ലാഘവത്തിൽ കാഫിറുകളുടെ കഴുത്തറുത്തു് ഭൂമിയിൽ നീതി നടപ്പാക്കുമ്പോൾ ഖുർആൻ ഉയർത്തിപ്പിടിക്കാൻ ഇസ്ലാമിക് സ്റ്റെയ്റ്റിനും, അതുപോലുള്ള ഓരോ കുറ്റകൃത്യങ്ങൾ സംഭവിക്കുമ്പോഴും അതൊന്നും ഇസ്ലാമികമല്ല, ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നു് സ്ഥാപിക്കാനായി അതേ ഖുർആൻ തന്നെ ഉയർത്തിപ്പിടിക്കാൻ മറ്റു് മുസ്ലീമുകൾക്കും കഴിയുന്നതു്.
അത്താ തുർക്ക് എന്നറിയപ്പെടുന്ന മുസ്തഫാ കെമാൽ പാഷ ചെയ്തതുപോലെ, ഒരു രാഷ്ട്രം സ്ഥാപിച്ചു് മതേതരത്വം, വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം മുതലായ ആധുനിക ജനാധിപത്യമൂല്യങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിച്ചു് നടപ്പിൽ വരുത്തിയതുകൊണ്ടു് മാത്രം ഒരു രാഷ്ട്രവും ആധുനികരാഷ്ട്രമാവില്ല. ആധുനികരാഷ്ട്രങ്ങളിലെ നിയമാവലികളും രീതികളും ഏറ്റെടുക്കാനും താത്കാലികമായി നടപ്പിലാക്കാനും ഒരു ഏകാധിപതിക്കു് കഴിഞ്ഞെന്നിരിക്കും. പക്ഷേ, ആ മാനവമൂല്യങ്ങളുടെ തത്വചിന്താപരവും ശാസ്ത്രീയവുമായ ഒരു അടിത്തറ വിദ്യാഭ്യാസപരമായി സ്ഥാപിച്ചെടുക്കാൻ കഴിയാത്തിടത്തോളം അവയുടെ സസ്റ്റെയ്നബിലിറ്റി ഉറപ്പു് വരുത്താനാവില്ല. അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഒരു ലോകവ്യവസ്ഥയെ ഒറ്റമൂലികൾ കൊണ്ടു് നേരിടാൻ ശ്രമിക്കുന്നതു് പാണ്ടിലോറിയെ നേരിടാൻ ചൊറിയൻ തവളയെ അയക്കുന്നതു് പോലെ മാത്രമേ അവസാനിക്കൂ. ഒരു ഐഡിയോളജിയെയോ, ഒരു വ്യക്തിയെയോ കേന്ദ്രീകരിച്ചു് നിലവിൽ വരുന്ന സാമൂഹികവ്യവസ്ഥിതികൾക്കു് ഇന്നല്ലെങ്കിൽ നാളെ ലോകഗതിയുടെ മുന്നിൽ പരാജയപ്പെടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും തുർക്കിയിലും കണ്ടതും, ഇന്നും കാണുന്നതുമായ സംഭവവികാസങ്ങൾ അതിനു് തെളിവു്.
പുരാതനകാലം മുതലേതന്നെ കൂട്ടം കൂടി ജീവിക്കുന്നവരാണു് മനുഷ്യർ. അതുകൊണ്ടു് എല്ലാ കൂട്ടവും ഗോത്രരീതിയിൽ ജീവിക്കുന്നവയാണെന്നു് അർത്ഥമില്ല. പരമ്പരാഗതമായ വിശ്വാസങ്ങളും പ്രമാണങ്ങളും മറുചോദ്യമില്ലാതെ ഏറ്റെടുത്തു് അനുസരിക്കുന്നതാണു് ഗോത്രങ്ങളുടെ സ്വഭാവം. ഓരോ അംഗവും എന്തു് പറയരുതു് , എങ്ങനെ പെരുമാറരുതു് എന്നെല്ലാം അതാതു് ഗോത്രത്തിലെ മൂപ്പന്മാർ അന്തിമമായി നിശ്ചയിക്കും. അപ്പീലില്ലാത്ത അന്തിമനിശ്ചയമായിരിക്കും അവരുടേതു്. വിശ്വാസങ്ങളുടെയും പ്രമാണങ്ങളുടെയും പുതുക്കലുകളോ തിരുത്തലുകളോ അനുവദനീയമല്ല. ആരെങ്കിലും അങ്ങനെ ആവശ്യപ്പെട്ടാൽ അതു് അവരുടെ ജീവന്റെ നാശത്തിനു് തന്നെ കാരണമായെന്നുമിരിക്കും.
ആധുനികസമൂഹവും ജീവിക്കുന്നതു് കൂട്ടമായിത്തന്നെയാണു്. പക്ഷേ, അവിടെ മനുഷ്യരുടെ പെരുമാറ്റച്ചട്ടങ്ങൾ നിശ്ചയിക്കാനുള്ള അധികാരം ഒരു മൂപ്പനോ, ഒരു പാഷയ്ക്കോ ഒറ്റയ്ക്കല്ല. ലോകാവസാനത്തോളം തിരുത്തു് ആവശ്യമില്ലാത്തവയുമല്ല അവ. അവയുടെ നിർമ്മിതിയിൽ സാമൂഹികാംഗങ്ങൾക്കു് നിർണ്ണയാവകാശമുണ്ടു്. പൊതുജീവിതത്തിന്റെ സുഗമമായ പ്രവർത്തനത്തിനു് എല്ലാവരും അവശ്യമായും ശ്രദ്ധിക്കേണ്ട പെരുമാറ്റരീതികളും മര്യാദകളും ഒഴിവാക്കിയാൽ മറ്റു് നിയന്ത്രണങ്ങൾ പാലിക്കാനുള്ള ബാദ്ധ്യതയൊന്നും മനുഷ്യർക്കില്ല. ദൈവത്തിന്റെ സ്വന്തം കയ്യിൽനിന്നും കിട്ടിയതെന്ന പേരിൽ ജാംബവാന്റെ ശൈശവകാലത്തു് ആരെങ്കിലും തട്ടിക്കൂട്ടിയ ന്യായപ്രമാണങ്ങളുടെ ഇന്നത്തെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കണം. മനുഷ്യർ അനുസരിക്കേണ്ട നിയമങ്ങൾ നിർമ്മിക്കേണ്ടതിന്റെ ചുമതല ഏതെങ്കിലും ദൈവത്തിനല്ല, മനുഷ്യർക്കു് തന്നെയാണു്. ഒരു കുഞ്ഞിനു് എപ്പോൾ മുല കൊടുക്കണം, എപ്പോൾ കൊടുക്കരുതു് എന്നൊക്കെ നിശ്ചയിക്കാൻ തന്നെയാണു് ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നതു് എന്നും മറ്റും ഒരുവൻ ഹാലുസിനേറ്റ് ചെയ്യാൻ തുടങ്ങിയാൽ അവനെ ഒന്നുകിൽ ജയിലിലേയ്ക്കോ, അല്ലെങ്കിൽ സൈക്കിയാട്രിയിലേയ്ക്കോ പറഞ്ഞയക്കാൻ അതുവഴിയേ കഴിയൂ.
Nov 9, 2016, 11:35 AM
“മനോരമ ഇങ്ങനെതന്നെ പറയണം. കാരണം മനോരമ ഇങ്ങനെ പറഞ്ഞാൽ നമ്മുടെ മാര്‍ഗ്ഗം ശരിയാണെന്നു് നമുക്കു് മനസിലാക്കാന്‍ കഴിയും. മനോരമ എന്നെങ്കിലും എന്നെ പുകഴ്ത്തിയാല്‍ എന്റെ മാര്‍ഗ്ഗത്തിനു് എന്തോ കുഴപ്പമുണ്ടെന്നാണര്‍ത്ഥം”. സഖാവു് ഇ. എം. എസ്. മനോരമയെപ്പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രെ! അദ്ദേഹം ഒരു ദീര്‍ഘദര്‍ശി ആയിരുന്നിരിക്കണം. കാരണം, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പിൻവലിച്ചതിനെ വിമർശിക്കുന്നവരെപ്പറ്റി വേണമെങ്കിൽ മോദിയ്ക്കും ഇന്നു് അങ്ങനെതന്നെ പറയാൻ കഴിയും. “അഞ്ചിന്റെ ടോർച്ചിനെ” തോല്പിക്കുന്ന ദീർഘദൃഷ്ടി ഉള്ളവർക്കു് മാത്രമേ ഇത്ര ഗഹനമായ കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയൂ.
അതെന്തായാലും, മോദിയുടെ കറൻസി പരിഷ്കാരം ഒരു കടുംകൈ ആയിപ്പോയി എന്നു് പറയാതെ വയ്യ. നോട്ടെണ്ണൽ മഷീനുകൾ മേലിൽ ചെറിയ നോട്ടുകൾ എണ്ണിയെണ്ണി ഊപ്പാടിളകും. മഷീൻ നല്ലപോലെ തണുപ്പിച്ചുകൊണ്ടിരുന്നെങ്കിൽ തീപിടുത്തത്തിനു് പോലും സാദ്ധ്യതയുണ്ടു്. വലിയ കറൻസികൾ രഹസ്യമായി അച്ചടിച്ചു് വിതരണം ചെയ്തിരുന്നവർക്കു് ചെറിയ കറൻസികൾ അച്ചടിക്കാൻ പുതിയ പ്രിന്റിങ് മഷീനുകൾ വാങ്ങുകയോ, പഴയതിനെ അനുയോജ്യമായവിധം പുതുക്കിപ്പണിയുകയോ ചെയ്യേണ്ടി വരും. വിതരണച്ചുമതല ഏറ്റെടുത്തിട്ടുള്ളവർക്കു് ചെറിയ നോട്ടുകൾ ചുമക്കാനായി വലിയ ചാക്കുകൾ സംഘടിപ്പിക്കേണ്ടിവരും. ചുമട്ടുതൊഴിൽ മേഖലയിലെ നോക്കുകൂലി നിരക്കിൽ ക്രമാതീതമായ വർദ്ധനവു് ഉണ്ടാവാൻ സാദ്ധ്യതയുണ്ടു്.
ചില ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ കണ്ടപ്പോഴാണു് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളുമായാണു് പലവ്യഞ്ജനങ്ങളും പച്ചക്കറികളും വാങ്ങാൻ കേരളീയർ ദിവസേന വീടു് വിട്ടിറങ്ങുന്നതെന്നു് മനസ്സിലായതു്. വിദേശനാണ്യത്തിന്റെ കുത്തിയൊഴുക്കു് മൂലം കേരളത്തിൽ ജീവിതച്ചിലവു് വല്ലാതെ കൂടിയിട്ടുണ്ടെന്നു് വേണം കരുതാൻ. രണ്ടു് ദിവസം ബാങ്കുകൾക്കു് അവധി കൊടുത്താൽ അഞ്ഞൂറന്മാരുടെയും ആയിരന്മാരുടെയും ജീവിതം വഴിമുട്ടിപ്പോകുമെന്ന കാര്യം കേന്ദ്രഗവണ്മെന്റ് ഓർക്കേണ്ടതായിരുന്നു. നിരാഹാരസമരം ഇരിക്കുമ്പോൾ പോലും പട്ടിണി കിടന്നു് ശീലമുള്ളവരല്ല വലിയകറൻസിക്കാർ.
ബാങ്കുവഴി ഡിസംബർ അവസാനം വരെ വലുതിനെ ചെറുതാക്കി മാറ്റാൻ പറ്റുമത്രെ! പക്ഷേ, കോടിക്കണക്കിനു് ആയിരങ്ങൾ കുന്നുപോലെ കൂട്ടി വച്ചിട്ടുള്ളവർക്കു് അൻപതു് ദിവസം കൊണ്ടു് അതു് മുഴുവൻ മാറ്റിയെടുക്കാൻ പറ്റുമോ? ഒരു വഴിയുള്ളതു്, ഓരോ ദിവസവും മാറ്റിയെടുക്കാൻ അനുവാദമുള്ള തുകയെ കെട്ടുകളാക്കി, മാറ്റാൻ മാറ്റമില്ലാത്ത മാറ്റമല്ലാതെ മറ്റൊന്നുമില്ലാത്ത “പ്രോലെറ്റേറിയറ്റുകളെ” ഏല്പിച്ചു്, കമ്മീഷൻ വ്യവസ്ഥയിൽ ബാങ്കുകളിലേക്കയക്കുക എന്നതാണു്. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഒരു നോട്ടു് കൈകൊണ്ടു് തൊടാൻ പോലും ജീവിതത്തിൽ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്കും അതുവഴി “ഫിനാൻഷ്യൽ ക്യാപിറ്റൽ” കേക്കിൽ നിന്നും ഒരു കഷണം രുചി നോക്കാൻ കഴിയുകയും ചെയ്യും. അതു് സോഷ്യലിസമല്ലെങ്കിൽ!?
Nov 13, 2016, 11:45 AM
ലോകത്തിൽ എവിടെയെങ്കിലും ഒരു യുദ്ധമോ, ഒരു എകൊണോമിക് ക്രൈസിസോ ഉണ്ടാവുന്നതു് മാർക്സിനെ വളരെ ആവേശഭരിതനാക്കുമായിരുന്നത്രെ! തന്റെ കമ്മ്യൂണിസ്റ്റ് ബസിലസിനു് വേരുറപ്പിക്കാൻ പറ്റിയ വളമണ്ണായാണു് മാർക്സ് അത്തരം പ്രതിസന്ധികളെ വിലയിരുത്തിയിരുന്നതു്. മുപ്പതു് വർഷങ്ങൾക്കുള്ളിൽ നാല്പതു് വട്ടമാണത്രെ ഇപ്പോൾ വിപ്ലവം പൊട്ടിപ്പുറപ്പെടും എന്ന പ്രതീക്ഷയിൽ മാർക്സ് കൈനഖങ്ങൾ കൂട്ടിയുരുമ്മിയതു്! പ്രഷ്യയും ഡെന്മാർക്കും തമ്മിൽ നടന്ന സായുധസംഘട്ടനത്തിലെന്നപോലെ, ജനത്തെ തമ്മിലടിപ്പിക്കുക, യുദ്ധത്തിനു് ആഹ്വാനം ചെയ്യുക, യുദ്ധം കഴിയുന്നത്ര നീട്ടിക്കൊണ്ടു് പോവുക, സമാധാനം സ്ഥാപിക്കപ്പെടാതിരിക്കുക അതിനെല്ലാം വേണ്ടിയായിരുന്നു മാർക്സ് പത്രങ്ങളിലൂടെയും മറ്റും അത്യദ്ധ്വാനം ചെയ്തുകൊണ്ടിരുന്നതു്.
മാർക്സിനു് വേണ്ടതു് എന്താണെന്നു് അറിയാവുന്നതിനാലാവാം, 1851 സെപ്റ്റംബർ 23-നു് മാർക്സിനെഴുതിയ ഒരു കത്തിൽ എൻഗൽസ് ഇങ്ങനെ പ്രത്യാശപ്പെടുന്നു: “ഈ ഓസ്‌റ്റ്രേലിയൻ “സ്വർണ്ണത്തീട്ടം” ട്രെയ്ഡ് ക്രൈസിസിനെ പിടിച്ചു് നിർത്തില്ലെന്നു് ആശിക്കുന്നു”. ഇന്നായിരുന്നെങ്കിൽ ഇൻഡ്യയിലെ നോട്ടുകളുടെ പിൻവലിക്കലിനെപ്പറ്റിയും അതുപോലെന്തെങ്കിലുമൊരു പ്രത്യാശ എഴുതിപ്പിടിപ്പിച്ചു് മാർക്സിനെ തൃപ്തിപ്പെടുത്താൻ എൻഗൽസ് ശ്രമിക്കുമായിരുന്നു എന്നു് വേണം കരുതാൻ.
ഗുണപാഠം: മാർക്സ് കുത്തിയാൽ കാന്റ് മുളയ്ക്കില്ല. ആദ്യത്തേതിൽ വെറുപ്പിന്റെ സുവിശേഷവും, രണ്ടാമത്തേതിൽ തത്വചിന്തയുന്മായിരിക്കും മുളപൊട്ടുക.
Nov 15, 2016, 11:54 AM
രാവിലെ എഴുന്നേൽക്കുമ്പോൾത്തന്നെ, ആ ദിവസം മുഴുവൻ എഴുതിയാൽ തീരാത്തത്ര ആശയങ്ങൾ എന്റെ മനസ്സിലുണ്ടാവുമായിരുന്നു എന്നു് പറഞ്ഞ ഗോട്ട്ഫ്രീഡ് ലൈബ്നിത്സ് (Gottfried Wilhelm Leibniz 01. 07. 1646 – 14. 11. 1716) മരിച്ചിട്ടു് ഇന്നലെ മുന്നൂറു് വർഷങ്ങളായി. ഫിലോസഫി, തിയോളജി, ഹിസ്റ്ററി, പൊളിറ്റിക്സ്, ഡിഫെറെൻഷ്യൽ ആൻഡ് ഇന്റെഗ്രൽ കാൽക്യുലസ്, ബൈനറി നമ്പർ സിസ്റ്റം, ഫിസിക്സ്, ടെക്നോളജി, റാഷണലിസം തുടങ്ങിയ കാക്കത്തൊള്ളായിരം വിഷയങ്ങളിൽ ഇടപെട്ടാലത്തെ പ്രശ്നമാണതു്. ഒരു പോളിമാത്ത് ചുമക്കേണ്ടിവരുന്ന ഹൃദയഭാരത്തിന്റെ ഒരംശം പോലും വേദനിക്കുന്ന ഒരു കള്ളപ്പണക്കോടീശ്വരനോ, തിരുനെല്ലായി നാരായണ അയ്യർ ശേഷനോ ചുമക്കേണ്ടി വരില്ല.
കിലോക്കണക്കു് വച്ചു് നോക്കിയാൽ അതിനോടു് അല്പമെങ്കിലും അടുത്തു് നിൽക്കുന്ന ഹൃദയഭാരം ചുമക്കേണ്ടിവരുന്നതു് സോഷ്യൽ മീഡിയകളിലെ പോളി മാത്തനുകൾക്കാണു്. പ്രിന്റ് മീഡിയ, ഓൺലൈൻ മീഡിയ, ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ, ലൈവ്സ്‌റ്റ്രീമുകൾ തുടങ്ങിയവ വഴി രാവിലെ തന്നെ അവരുടെ തലയിൽ കയറിക്കൂടുന്ന എണ്ണമറ്റ ബൈനറികളെ മുഴുവൻ “വ്യക്തിനിഷ്ഠമായി” വിലയിരുത്തി ലോകത്തെ അറിയിക്കാൻ ആ ദിവസവും രാത്രിയും ഇരുന്നു് ടൈപ്പ് ചെയ്താലും മതിയാവില്ല. വിഷയബാഹുല്യത്തിന്റെ കാര്യത്തിൽ ഓൺലൈൻ യൂണിവേഴ്സൽ ജീനിയസുകൾക്കു് മുന്നിൽ ലൈബ്നിത്സിന്റെ ജീനിയസൊന്നും ഒന്നുമല്ല. അങ്ങേർ അത്ര വലിയ ഒരു ജീനിയസായിരുന്നെങ്കിൽ, ഇക്കണ്ട വിഷയങ്ങളെ മുഴുവൻ ഓരോന്നായി പരിശോധിച്ചു് വട്ടു് പിടിക്കാതെ, ഇവയെല്ലാം അടങ്ങുന്ന ഖുർആനോ, തത്തുല്യമായ മറ്റേതെങ്കിലും ഒരു വേദഗ്രന്ഥമോ വായിച്ചു് പഠിക്കാനും, പഠിച്ചിട്ടു് വിമർശിക്കാനുമല്ലേ തീരുമാനിക്കുമായിരുന്നുള്ളു എന്നും വേണമെങ്കിൽ ചിന്തിക്കാവുന്നതാണു്.
ജാക്കീസ് അപ്പാർട്ട്, ലൈബ്നിത്സിനെപ്പറ്റി അല്പം കൂടി വിശദമായി എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇൻഡ്യൻ ജനത മൊത്തം കള്ളനോട്ടു് വെളുപ്പിക്കാനുള്ള തിരക്കിലാണു്. ചിലർ കുഴഞ്ഞുവീണു് മരിക്കുന്നുണ്ടെന്നു് പോലും കേൾക്കുന്നു. അതിനിടയിൽ ലൈബ്നിത്സിനെക്കൂടി തിരുകി അവരുടെ ഞരമ്പിനെ ഓവർസ്റ്റ്രെയിൻ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്നു് തോന്നിയതിനാൽ വേണ്ടെന്നു് വച്ചു. എങ്കിലും, ലൈബ്നിത്സിനെപ്പറ്റി അറിഞ്ഞിരിക്കുന്നതു് ദോഷം ചെയ്യില്ല എന്നതിനാൽ, ഇൻഗ്ലീഷ് വിക്കിയിലെ ബന്ധപ്പെട്ട ലിങ്ക് താഴെ കൊടുക്കുന്നു. അങ്ങേരെപ്പറ്റി ഒന്നും അറിയണ്ട എന്നുള്ളവർക്കു് ഒന്നുകിൽ അതു് വായിക്കാതിരിക്കാം, അല്ലെങ്കിൽ മലയാളം വിക്കി വായിക്കാം. രണ്ടും ഫലത്തിൽ ഒന്നുതന്നെ.
https://en.wikipedia.org/wiki/Gottfried_Wilhelm_Leibniz.
P.S. നോട്ടുകെട്ടുകൾ മാറാൻ ബാങ്കിൽ ചെല്ലേണ്ടിവരികയും ഏതെങ്കിലും ബ്യൂറോക്രാറ്റ് എന്റെ വിരലിൽ മഷി പുരട്ടാൻ ശ്രമിക്കുകയും ചെയ്താൽ ചത്താലും ഞാൻ സമ്മതിക്കില്ല. സമ്മതിക്കില്ലെന്നു് മാത്രമല്ല, അയാളെപ്പറ്റി ഞാൻ നാടുനീളെ അപവാദം പറഞ്ഞു് പരത്തുകയും ചെയ്യും. എന്നുമെന്നും എന്റെ വിരലിൽ മഷി പുരട്ടാൻ ബ്യൂറോക്രാറ്റുകൾക്കു് ഉളുപ്പില്ലെന്നു് കരുതി ദിവസേന വിരൽ നീട്ടിക്കൊടുക്കേണ്ടിവരുന്ന എനിക്കു് ഉളുപ്പില്ലാതിരിക്കാൻ പറ്റുമോ?
Nov 20, 2016, 1:16 PM
കറന്റ് കുത്തിയാൽ പ്ലഗ് വരും. സോറി, പ്ലഗ് കുത്തിയാൽ കറന്റ് വരും, ഈ കറന്റിന്റെ കാര്യമൊക്കെ അത്രേയുള്ളു. അല്ലാതെ ഒത്തിരി പഠിക്കാനും അറിയാനുമുള്ള കാര്യമൊന്നും അതിലില്ല. ചിലർ വർഷങ്ങൾ ചിലവാക്കി പഠിക്കുന്ന കാര്യങ്ങൾ കാകദൃഷ്ടിയുള്ളവർ നിമിഷങ്ങൾ കൊണ്ടു് മനസ്സിലാക്കും. ഒരു ജീവിതകാലം മുഴുവൻ ചിലവാക്കിയാലും മറ്റു് ചിലർക്കു് അതിനൊട്ടു് കഴിയുകയുമില്ല. ഒരു സന്യാസിക്കുപ്പായം തയ്പ്പിച്ചിട്ടാൽ തീരുമായിരുന്ന ഒരു നിസ്സാര പ്രശ്നത്തിന്റെ പേരിലാണു് രാജകുമാരനായിരുന്ന ബുദ്ധൻ സ്വന്തം ഭാര്യയേയും മകനേയും ഉപേക്ഷിച്ചു് എത്രയോ നാൾ ഒരു മരച്ചുവട്ടിൽ ചെന്നിരുന്നു് തപസ്സു് ചെയ്തു് കഷ്ടപ്പെട്ടതു്. എന്നിട്ടു് നേടിയതോ? ങാ, പോട്ടെ, രണ്ടായിരത്തി അഞ്ഞൂറു് വർഷങ്ങൾക്കു് മുൻപത്തെ കഥയല്ലേ? വിട്ടുകളയാം. അന്നു് വൈരുദ്ധ്യാത്മകഭൗതികനൊന്നും അവതരിച്ചിരുന്നില്ലല്ലോ.
ഇൻഡോളജിയെ അരിച്ചു് പെറുക്കിയവൻ എന്ന പട്ടം കെട്ടാൻ ചിലർക്കു് സംസ്കൃതത്തിൽ ആറു് മാസത്തെ ഒരു ക്രാഷ് കോഴ്സ് ധാരാളം മതി. മൂന്നു് മാസം കൊണ്ടു് റോജർ പെൻറോസിന്റെ “The Road to Reality – A Complete Guide to the Laws of the Universe” എന്ന ഗ്രന്ഥം കാണാപ്പാഠം പഠിച്ച ഒരു സുഹൃത്തു് എനിക്കുണ്ടു്. അവൻ ഇപ്പോൾ പ്രപഞ്ചനിയമങ്ങളെപ്പറ്റി അബറിജനിസിനു് ക്ലാസ്സെടുക്കുകയാണെന്നു് കേട്ടു. അവന്റെ ഉദ്യമം ഒരു “റോറിങ് സക്സെസ്” ആണത്രെ! ഒരു പ്ലസ് ടൂവിനും രണ്ടു് ഹർത്താലിനും ശേഷമാണു് അവൻ റോജർ പെൻറോസിൽ കൈവച്ചതു് എന്നാലോചിക്കുമ്പോൾ അവന്റേതു് ഒരു ചെറിയ കുതിപ്പല്ല എന്നു് പറയാതെ വയ്യ. നീൽ ആംസ്റ്റ്രോങ് പറഞ്ഞപോലെ, “That’s one small step for a man, one giant leap for mankind.”
Nov 24, 2016, 10:29 AM
നിന്റെ സ്നേഹിതരെ എനിക്കു് കാണിച്ചു് തരൂ, നീ ആരാണെന്നു് ഞാൻ പറയാം എന്നായിരുന്നു പണ്ടു്. നിന്റെ മന്ത്രിമാരെ എനിക്കു് കാണിച്ചു് തരൂ, രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായി ഏതു് കമ്പോസ്റ്റ് കുഴിയിലാണു് നീ വസിക്കുന്നതെന്നു് ഞാൻ പറയാം എന്നൊരു പുതിയ ചൊല്ലിനു് ഇന്നു് അതിനേക്കാൾ കൂടുതൽ കൃത്യതയും പ്രസക്തിയുമുണ്ടു്.
Nov 27, 2016, 12:22 PM
“എന്തെങ്കിലും സംഭവിക്കാതെ പറ്റില്ലെന്നു് ജനം. ഒന്നും സംഭവിക്കാൻ പാടില്ലെന്നു് പാർട്ടി.” അനേകവർഷങ്ങൾ ക്യൂബയിൽ ജീവിച്ച ഒരു സാങ്കേതികവിദഗ്ദ്ധൻ ക്യൂബയെപ്പറ്റി ഇന്നലെ ജർമ്മൻ റ്റിവിയിൽ പറഞ്ഞു് കേട്ടതാണു്. ക്യൂബൻ തെരുവുകളും അവിടത്തെ സാധാരണ ജനങ്ങളുടെ ജീവിതവും വിപ്ലവനേതാക്കളുടെ വർണ്ണാഭമായ അരങ്ങേറ്റങ്ങളും കണ്ടിട്ടുള്ളവർക്കു് അതു് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. എന്താണു് കാണുന്നതു് എന്നതു് ഏതു് പ്രെമിസിൽ നിന്നാണു് നോക്കുന്നതു് എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. അത്ര എളുപ്പം തിരുത്താവുന്ന ഒരു ചെറിയ പ്രശ്നമല്ല വിധിനിർണ്ണയത്തിൽ മനുഷ്യരുടെ കാഴ്ചപ്പാടുകൾക്കുള്ള പങ്കു്. ഒരു സ്വീഡൻകാരൻ കാണുന്ന ക്യൂബയും ഒരു സുഡാൻകാരൻ കാണുന്ന ക്യൂബയും ഒരുപോലെ ആയിരിക്കണം എന്നില്ല.
കാസ്‌റ്റ്രോയുടെ കാലം കഴിഞ്ഞാൽ “എന്തെങ്കിലും സംഭവിക്കാനുള്ള” സാദ്ധ്യത തെളിഞ്ഞു് വരുന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും ട്രമ്പ് അമേരിക്കയുടെ അമരത്തെത്തി. അതോടെ ക്യൂബൻ ജനതയ്ക്കു് വീണ്ടും പണിയായി. ബൂർഷ്വാ കാപ്പിറ്റലിസ്റ്റ് രാഷ്ട്രത്തെ പിഴുതെറിഞ്ഞു് സോഷ്യലിസം സ്ഥാപിക്കപ്പെടണം എന്നു് പഠിപ്പിക്കുന്ന കാസ്‌റ്റ്രോയിസ്റ്റ് ഫാഷിസമാണോ, കാസ്‌റ്റ്രോയിസ്റ്റുകൾ, ലെനിനിസ്റ്റുകൾ, മറ്റിനം കമ്മ്യൂണിസ്റ്റുകൾ, ലാറ്റിനോസ്, കറുത്തവർ, തവിടുകൾ, മഞ്ഞകൾ, മുസ്ലീമുകൾ മുതലായവരെയെല്ലാം ഭൂമുഖത്തുനിന്നും – ചുരുങ്ങിയപക്ഷം അമേരിക്കയിൽ നിന്നെങ്കിലും – തൂത്തെറിഞ്ഞു് കാപ്പിറ്റലിസം സ്ഥാപിക്കപ്പെടണം എന്നു് ഉദ്ഘോഷിക്കുന്ന ട്രമ്പിസ്റ്റ് ഫാഷിസമാണോ കൂടുതൽ ഉപദ്രവകരം എന്നു് ആദ്യം തീരുമാനിക്കണം. എന്നിട്ടു് ഏതാണോ ചെറിയ തിന്മ, അതിനുവേണ്ടി എത്രനാൾ വേണമെങ്കിലും ക്ഷമയോടെ കാത്തിരിക്കണം. അതാണു് ക്യൂബൻ ജനതയ്ക്കു് ഇപ്പോൾ കിട്ടിയിരിക്കുന്ന പണി. എങ്കിലും നിരാശപ്പെടാൻ ഒന്നുമില്ല. കാരണം, പേരുകളേ മാറിയിട്ടുള്ളു, പണി പഴയതുതന്നെ.
വരുമെന്നു് ഒരു പ്രതീക്ഷയുണ്ടെങ്കിൽ ഒരു ബസിനുവേണ്ടി രണ്ടോ മൂന്നോ മണിക്കൂറുകൾ കാത്തുനിൽക്കാൻ പണ്ടൊക്കെ മലയാളികളും മടിക്കുമായിരുന്നില്ല. ഇപ്പോഴത്തെ കഥ എങ്ങനെയെന്നു് അറിയില്ല. കറൻസി നോട്ടിന്റെ പ്രശ്നം വന്നതോടെ കാത്തുനില്പിനോടുള്ള അവരുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ടെന്നു് കേൾക്കുന്നു. ക്യൂ എന്നാണു് ഇപ്പോൾ കാത്തുനില്പു് അറിയപ്പെടുന്നതത്രെ. (അത്രെ, എന്നതു്, പോലെ, മുതലായ വാക്കുകൾ ഇപ്പോൾ അത്ര ഫാഷനല്ല എന്നും കേൾക്കുന്നുണ്ടു്. വാക്കുകളെ മെതിക്കാതെ ആരും ഇന്നുവരെ പരീശനായിട്ടില്ല). വരേണ്ടതു് മോക്ഷമോ, മോക്ഷവുമായി വരുന്ന തമ്പ്രാക്കന്മാരിൽ ആരെങ്കിലുമോ ആണെങ്കിൽ ഒരു ജീവിതകാലം മുഴുവൻ കാത്തിരിക്കാനും മനുഷ്യർക്കു് മടുപ്പില്ല. എത്രയെത്ര തലമുറകൾ അങ്ങനെ കാത്തിരുന്നു് “പ്ലിങ്ങി” മണ്ണടിഞ്ഞാലും പിന്നെയും കാത്തിരിക്കാൻ പുതിയ തലമുറകളെ പഴയ തലമുറകൾ പഠിപ്പിക്കപ്പെടുകയും ചെയ്യും. “ഞാനോ കുഴിയിൽ വീണു, നീയും അങ്ങനെയങ്ങു് രക്ഷപെടണ്ട” എന്ന മധുരമുള്ള പ്രതികാരമാണോ ആ പഠിപ്പിക്കലിന്റെ പിന്നിലെ ചേതോവികാരം എന്നറിയില്ല. തമ്പ്രാൻ വലിയവനാണു് എന്നു് ബാല്യം മുതൽ ദിവസേന അഞ്ചുവട്ടം ഭജിക്കാൻ പഠിപ്പിക്കപ്പെട്ട ഒരു “മൂഢമതന്റെ” വായിൽ നിന്നും അബദ്ധത്തിൽ പോലും തമ്പ്രാൻ ചെറിയവനാണു് എന്നൊരു വാചകം പുറത്തു് വരില്ല. കോവാലൻ ഫാഷിസ്റ്റാണു് എന്നു് നിരന്തരം ഭജിക്കുന്നവന്റെ തലയിൽ നിന്നും അത്ര എളുപ്പം ഫാഷിസ്റ്റ് കോവാലൻ കുടിയൊഴിയുകയില്ല. അതാണു് കണ്ഡീഷനിങ്ങിന്റെ ഗുണം.
October 2016
Oct 2, 2016, 1:04 PM
ഇടയ്ക്കിടെ നയം വ്യക്തമാക്കിക്കൊണ്ടിരിക്കണം എന്നു് ശ്രീനിവാസൻ മാഷ്. സമൂഹത്തിലായാലും ഫെയ്സ്ബുക്കിലായാലും ഓറിയെന്റേഷൻ നഷ്ടപ്പെട്ടാൽ മനുഷ്യർ നിലാവത്തു് അഴിച്ചുവിട്ട കോഴികളെപ്പോലെ അലങ്കോലമായിപ്പോകും. അതുകൊണ്ടാണു് രാഷ്ട്രീയനേതാക്കളും മതമേധാവികളും സാംസ്കാരികപ്രമുഖരും സ്റ്റാറ്റസ് പ്രശസ്തരുമെല്ലാം കാലത്തും അകാലത്തും അവരുടെ നയങ്ങൾ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നതു്. ആടുകളുടെ പാലും മാംസവും കമ്പിളിയും ഇടയനു് എങ്ങനെയോ, അതുപോലെതന്നെ വിലപിടിപ്പുള്ളതാണു് വിവിധ വിഭാഗങ്ങളിലെ മുഖ്യരെ സംബന്ധിച്ചു് ആളുകളുടെ വോട്ടും നികുതിയും നേർച്ചയും ലൈക്കുകളും. “സെലിബ്രിറ്റി” കസേരയിൽ കയറിപ്പറ്റുന്നതിനേക്കാൾ വലിയ കഷ്ടപ്പാടാണു് അതിൽ പിടിച്ചിരിക്കുക എന്നതു്. ഫെയ്സ്ബുക്ക് പ്രശസ്തരുടെ കാര്യവും ഒട്ടും ഭിന്നമല്ല. അതു് വച്ചു് നോക്കുമ്പോൾ കുതിരപ്പുറത്തു് പിടിച്ചിരിക്കാനായി “റോഡിയോ റൈഡേഴ്സ്” പെടുന്ന പാടൊന്നും ഒരു പാടേയല്ല.
ഫെയ്സ്ബുക്കിൽ വെറുതെ ഒരു അക്കൗണ്ട് തുടങ്ങിയതുകൊണ്ടു് ആരും സെലിബ്രിറ്റി ആവുകയില്ല. അല്ലെങ്കിൽ പാരിസ് ഹിൽട്ടണെപ്പോലെ വല്ല തറവാട്ടു് സ്വത്തും കിട്ടിയതു് വഴിയോ, മറ്റേതെങ്കിലും വിധത്തിലോ ഫാഷണബിൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി മുൻകൂറായിത്തന്നെ സെലിബ്രിറ്റി ആക്കപ്പെട്ടവരായിരിക്കണം. എങ്കിൽ കാര്യമായി ഒന്നും ചെയ്യാതെതന്നെ ലൈക്കുകൾ കൊണ്ടുള്ള പൂമൂടൽ ആസ്വദിക്കാം. ഒരു പട്ടിക്കുഞ്ഞിനെ പിടിച്ചുകൊണ്ടൊരു ഫോട്ടോ, വയ്ക്കോൽ കൊണ്ടുള്ള ഒരു അരക്കുപ്പായത്തിൽ നിന്നോ ഇരുന്നോ കിടന്നോ മറ്റൊരു ഫോട്ടോ, ഹാ! എന്നോ ഹോ! എന്നോ ഒരു സ്റ്റാറ്റസ്, അതു് ധാരാളം മതി. മിനിമം ഒരു പതിനയ്യായിരം ലൈക്സ് ഉറപ്പു്. പുരുഷന്മാരെ സംബന്ധിച്ചു് ലൈക്ക് നേടൽ അത്രതന്നെ എളുപ്പമല്ല. പട്ടിക്കുഞ്ഞിനെ തോളിൽ ഏറ്റിയ ഫോട്ടോ ഇട്ടിട്ടൊന്നും വലിയ കാര്യമില്ല. “ക്രാ ത്ഫൂ” എന്നയിനം കമന്റുകൾ കിട്ടിക്കൂടെന്നുമില്ല. സിംഹത്തിന്റെ പുറത്തിരുന്നു് ചെണ്ട കൊട്ടിക്കൊണ്ടോ, കടുവയുടെ വായ്തുറന്നുപിടിച്ചു് പല്ലെണ്ണിക്കൊണ്ടോ വല്ല ഫോട്ടോയുമിട്ടാൽ ഒരു പത്തോ ആയിരമോ ലൈക്ക് കിട്ടിയാലായി. ഫെയ്സ് ബുക്കിൽ ചുറ്റിത്തിരിയുന്നവർ അധികവും പുരുഷന്മാരായതിന്റെ ഒരു സൈഡെഫക്റ്റാണതു്. മാഗ്നെറ്റിസത്തിലും സമാനധ്രുവങ്ങൾ വികർഷിക്കാറാണല്ലോ പതിവു്.
അതൊന്നും പറ്റാത്തവർക്കു് ലൈക്ക് നേടാൻ പറ്റിയ ഒരു കുറുക്കുവഴിയാണു് രാഷ്ട്രീയമോ മതപരമോ ആയ പക്ഷം ചേർന്നു് സ്റ്റാറ്റസുകളിടൽ. കമ്മി പക്ഷം ചേർന്നു് സംഘിയെ പത്തു് തെറി വിളിച്ചാൽ കമ്മികളുടെ കുറെ ലൈക്സും ഷെയറിങ്ങും ഉറപ്പു്. പക്ഷേ, സംഘികളുടെ മറുതെറികൾ കേൾക്കാൻ തയ്യാറായിരിക്കണം. സംഘിപക്ഷം ചേർന്നു് കമ്മികളെ തെറി വിളിച്ചാലും ഫലത്തിൽ വ്യത്യാസമൊന്നുമില്ല. ഇതു് അതിന്റെ മറുവശമായിരിക്കുമെന്നേയുള്ളു. കുഞ്ഞാടു് പക്ഷം ചേർന്നു് കോയപക്ഷത്തെ ആക്രമിക്കുന്നതാണു് (നേരെ മറിച്ചും) ഇതിന്റെ മതപരവേർഷൻ. ഭൗതികവും ആത്മീയവുമായ ഈ രണ്ടു് വേർഷനുകളിൽ ഏതു് സ്വീകരിച്ചാലും കമന്റ് ടൈപ്പ് ചെയ്തു് ഊപ്പാടു് ഇളകാമെന്നൊരു ഗുണമുണ്ടു്. സമയത്തെ കൊല്ലാൻ വഴിയില്ലാതെ കഷ്ടപ്പെടുന്നവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒരു ചികിത്സാരീതിയാണു് രാഷ്ട്രീയമോ മതപരമോ ആയ ഓൺലൈൻ “ചർച്ചകളിൽ” ഏർപ്പെടുക എന്നതു്. ഉത്തരാധുനികം എന്നു് തോന്നിയേക്കാമെങ്കിലും സംഭവം പണ്ടത്തെ ചായക്കട ചർച്ചകളുടെ ഡിജിറ്റൽ വേർഷൻ മാത്രമാണു്. “അടുക്കളയിൽ നിന്നു് അരംഗത്തേയ്ക്കു്” എന്നപോലെ, ചായക്കടയിൽ നിന്നും ഇന്റർനെറ്റിലേയ്ക്കുള്ള ഒരു മാറിയിരുപ്പു്, അത്രതന്നെ.
ഫെയ്സ്ബുക്കിൽ ഇപ്പോൾ വൈറസുകളുടെ ഘോഷയാത്രയാണെന്നു് കേട്ടു. ഞാൻ ഇതുവരെ കണ്ടില്ല. ഇതുവരെ കാണാത്തതുകൊണ്ടു് ഇനി കണ്ടുകൂടെന്നുമില്ല. രണ്ടായിരം വർഷങ്ങളായിട്ടും കാണാത്തതുകൊണ്ടു് യേശുവിനോ, ഇതുവരെയും കാണാത്തതുകൊണ്ടു് പ്രത്യയശാസ്ത്രപരമായ നല്ല നാളെകൾക്കോ വേണ്ടിയുള്ള കാത്തിരിപ്പു് കൂടുതൽ ഊർജ്ജിതമായി തുടരാനല്ലാതെ ഉപേക്ഷിക്കാൻ മനുഷ്യർ തീരുമാനിച്ചോ? വൈറസും അതുപോലെതന്നെ. ഇന്നല്ലെങ്കിൽ നാളെ വന്നെത്തും, തീർച്ച. ഇപ്പോൾ പരക്കുന്ന കമ്പ്യൂട്ടർ വൈറസു് ലൈംഗികതയുമായി ഏതോ വിധത്തിൽ ബന്ധപ്പെട്ടതാണെന്നും കേൾക്കുന്നു. അതിൽ അത്ഭുതമില്ല. എയ്ഡ്സ് വൈറസ്, സിഫിലിസ് വൈറസ് തുടങ്ങിയവയെല്ലാം ഒരർത്ഥത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട അസ്തിത്വങ്ങൾ തന്നെയല്ലേ? വിർച്വൽ ലൈഫിലും വൈറസുകൾക്കു് റിയൽ ലൈഫിലെപ്പോലെതന്നെ ചില പ്രെഫെറൻസുകൾ ഉണ്ടായിക്കൂടെന്നില്ല. മീനില്ലാത്തിടത്തു് ചൂണ്ടയിട്ടിട്ടു് എന്തു് കാര്യം? ഏതായാലും, ഈ വൈറസ് മൂലം നയം വ്യക്തമാക്കാനുള്ള ബാദ്ധ്യത ഒന്നുകൂടി കൂടി എന്നു് പറഞ്ഞാൽ മതി.
ആരെങ്കിലും എനിക്കു് ഫ്രണ്ഡ് റിക്വസ്റ്റ് അയക്കുന്നതു് ഞാൻ എഴുതുന്നതു് വായിക്കാനാണെന്നാണു് എന്റെ ധാരണ. അവരോടു് എനിക്കു് നന്ദിയും കടപ്പാടുമുണ്ടു്. എഴുത്തല്ലാതെ കാര്യമായി മറ്റൊന്നും ഞാൻ ഫെയ്സ്ബുക്കിൽ ചെയ്യാറില്ല. ചുരുക്കം ചില ഫ്രണ്ഡ് റിക്വസ്റ്റുകൾ ആഫ്രിക്കയിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നുമെല്ലാം എനിക്കു് വരാറുണ്ടു്. അവർ ഏതെങ്കിലും മല്ലു സ്വാമിമാരുടെ ധ്യാനസമ്മേളനങ്ങളിൽ പങ്കെടുക്കാനോ മറ്റോ മലയാളം പഠിച്ചിട്ടുള്ളവരാവണം. അല്ലെങ്കിൽ, അധികപങ്കും മലയാളത്തിൽ എഴുതുന്ന എനിക്കു് അവരെന്തിനു് ഫ്രണ്ഡ് റിക്വസ്റ്റ് അയക്കണം? അവർ അപവാദമെന്യേ സ്ത്രീകൾ ആയിരിക്കുന്നതു് എന്നെ അത്ഭുതപ്പെടുത്താറുണ്ടു്. ധ്യാനം, ഭക്തി തുടങ്ങിയ ആത്മീയകാര്യങ്ങളിൽ പൊതുവേ സ്ത്രീകളാണു് പുരുഷന്മാരെ അപേക്ഷിച്ചു് മുൻനിരയിൽ നിൽക്കുന്നതു് എന്നതാണു് അതിന്റെ കാരണമായി എനിക്കു് തോന്നുന്നതു്. ഞാനൊരു നാസ്തികനാണെങ്കിലും അതു് എന്നെ വായിക്കുന്നതിൽ നിന്നും ഭക്തരെ തടയണമെന്നില്ല. കഥാപരമായ ജിജ്ഞാസയുടെ കാര്യത്തിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ മുൻപിലാണു്. നരകത്തിൽ എന്തൊക്കെയാണു് വിശേഷങ്ങൾ എന്നറിയാൻ അവർക്കു് ആഗ്രഹം തോന്നിയാൽ അതൊരു പാപമാണെന്നു് പറയാനാവില്ല.
പറഞ്ഞപോലെ, ഞാനൊരു നാസ്തികനായതിനാൽ, ആർക്കെങ്കിലും അങ്ങോട്ടു് ഫ്രണ്ഡ് റിക്വസ്റ്റ് അയക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടു്. ഒന്നാമതു്, മനുഷ്യരെ നിർബന്ധിച്ചു് നാസ്തികത വായിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടാമതു്, മനുഷ്യരെ പാപികളാക്കി നരകത്തിൽ എത്തിക്കുന്നവർക്കു് കമ്മീഷനൊന്നും കിട്ടുകയുമില്ല. മനുഷ്യർ അവരുടെ തീരുമാനങ്ങളും, അവയിലേക്കു് എത്തിച്ചേരാൻ വേണ്ട ഉറവകളും സ്വയം തേടി കണ്ടെത്തണമെന്ന പക്ഷക്കാരനാണു് ഞാൻ. ഡിങ്കകോപം മൂലം “മൗസ്” ചതിച്ചു് ചില ഫ്രണ്ഡ് റിക്വസ്റ്റുകൾ എന്റെ അറിവോ സമ്മതമോ ഇല്ലാതെ അയക്കപ്പെടാറുണ്ടു്. ആ വകകൾ എന്റെ ശ്രദ്ധയിൽ പെട്ടാൽ കയ്യോടെ ഞാൻ ഡിലീറ്റ് ചെയ്യാറുമുണ്ടു്. ചില സുഹൃത്തുക്കൾ പുതിയവരെ റെക്കമൻഡ് ചെയ്യുമ്പോഴും ഇതുതന്നെയാണെന്റെ നയം. അതേസമയം ഇങ്ങോട്ടു് അയക്കുന്ന ഫ്രണ്ഡ് റിക്വസ്റ്റുകൾ 98 ശതമാനവും വലിയ കാലതാമസമില്ലാതെ ഞാൻ സ്വീകരിക്കാറുമുണ്ടു്. ബാക്കി 2 ശതമാനം, അവരുടെ ID കാണുമ്പോൾത്തന്നെ, എന്നെ അവർ വായിച്ചിട്ടോ, ഞാൻ അവരെ വായിച്ചിട്ടോ യാതൊരു പ്രയോജനവുമില്ലെന്ന ബോദ്ധ്യം മൂലം, കെയ്സിന്റെ തീവ്രതയനുസരിച്ചു് ഒഴിവാക്കുകയോ, ബ്ലോക്ക് ചെയ്യുകയോ ചെയ്യപ്പെടുന്നവയാണു്. ബ്ലോക്കിനെപ്പറ്റി പറയുമ്പോൾ ഇതുകൂടി പറയാതെ വയ്യ: “എന്നെ അവൻ/അവൾ ബ്ലോക്കിയേ” എന്നു് “മാർക്കറ്റ്പ്ലെയ്സിൽ” നിന്നു് വിലപിക്കുന്നവർ ബ്ലോക്ക് ചെയ്യപ്പെടാൻ തികഞ്ഞ അർഹതയുള്ളവരാണെന്നാണു് എന്റെ അഭിപ്രായം. തന്റെ എന്തു് തോന്ന്യവാസവും മറ്റുള്ളവർ നിരുപാധികം അംഗീകരിച്ചുകൊള്ളണം എന്നതൊരു മാക്സിം ആയാലെന്നപോലെ പെരുമാറുന്ന “സഹിഷ്ണുക്കളെ” അല്ലാതെന്തു് ചെയ്യണം എന്നെനിക്കറിയില്ല. അസഹിഷ്ണുത അസഹിഷ്ണുതേനയും, ഉഷ്ണം ഉഷ്ണേനയും മാത്രമല്ലാതെ ഇതുവരെ ശാന്തിയെ കണ്ടിട്ടില്ല. പാമ്പുകളെ മടിയിൽ വച്ചുകൊണ്ടിരുന്നാൽ യൂറോപ്പായാലും അതിനു് വലിയ വില കൊടുക്കേണ്ടിവരും. അതു് വച്ചു് നോക്കുമ്പോൾ പുകവലിയ്ക്കു് കൊടുക്കേണ്ടി വരുന്ന വിലയൊന്നും ഒരു വിലയേയല്ല. (വല്ലപ്പോഴും മല്ലുസിൽമ കാണേണ്ടി വരികയും, ഈ പുകവലിവിരുദ്ധപ്പരസ്യം കേൾക്കേണ്ടി വരികയും ചെയ്യുമ്പോഴെല്ലാം എനിക്കു് ഹൃദയഭേദകമായി കരയേണ്ടി വരാറുണ്ടു്).
ചാറ്റ് ചെയ്യൽ സംബന്ധിച്ച എന്റെ നയം: ചാറ്റ് ചെയ്യലിന്റെ ഒരു സുഹൃത്തല്ല ഞാൻ. പരിചയമില്ലാത്തവരുമായി പ്രത്യേകിച്ചും. ഒന്നാമതു്, “ആൻ-മറീ-സ്വെറ്റ്‌ലാന” എന്ന ID-യിൽ എന്നോടു് ചാറ്റ് ചെയ്യുന്നതു് ഒരു കരടിയെപ്പോലെ ദേഹമാസകലം രോമാവൃതനായ ഒരു “മാക്സിമില്യൻ അലെക്സാണ്ഡർ” അല്ലെന്നുള്ള (നേരെ മറിച്ചും) ഒരുറപ്പും എനിക്കില്ല. എന്തിനു് വെറുതെ വല്ല ദിവ്യാനുരാഗശകലങ്ങളും ആൻ-മറീ-സ്വെറ്റ്‌ലാനയ്ക്കു് അയച്ചുകൊടുത്തു് മാക്സിമില്യൻ അലെക്സാണ്ഡറെക്കൊണ്ടു് എന്നെ ബ്ലാക്ക്‌മെയിൽ ചെയ്യിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം? രണ്ടാമതു്, വൈറസുകളെ വളർത്തി വലുതാക്കാൻ ശ്രമിക്കുന്ന മനുഷ്യരും അതിനു് പറ്റിയ ഒരു മാർഗ്ഗമായി ചാറ്റിങ്ങിനെ കണ്ടെത്തി തുടങ്ങിയിട്ടുണ്ടു്. സൂക്ഷിച്ചാൽ പിന്നീടു് ശോകഗാനം പാടാതെ കഴിക്കാം.
നമ്മൾ അങ്ങോട്ടു് ചെന്നു് ഏറ്റെടുത്ത ഒരു സൗഹൃദം നമ്മുടെ പ്രതീക്ഷയെ തൃപ്തിപ്പെടുത്തുന്നില്ലെന്നു് തോന്നിയാൽ അൺഫ്രണ്ഡ് ചെയ്തു് പോകുന്നതാണു് ഭംഗിയെന്നു് പ്രത്യേകം പറയേണ്ടി വരുന്നതുതന്നെ മഹാകഷ്ടമാണു്. തന്റെ സൗഹൃദം ഏറ്റെടുത്തതു് തന്നെ ചൊറിയാൻ വേണ്ടിയായിരുന്നു എന്നു് ഒരുവനു് തോന്നിയാൽ അവൻ ആ സൗഹൃദത്തെ എടുത്തു് ദൂരെക്കളയുന്നതും അങ്ങേയറ്റം ലെജിറ്റിമെറ്റ് ആയ കാര്യമാണു്. അതൊക്കെ ഒരു പ്രശ്നമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ യഥാർത്ഥ പ്രശ്നത്തിന്റെ വേരുകൾ തേടേണ്ടതു് മറ്റാരിലുമല്ല, അവനവനിൽ തന്നെയാണു്. സോഷ്യൽ മീഡിയകൾ ഒരുക്കിത്തരുന്ന സൗകര്യങ്ങൾ അവയുടെ നിയമാവലികൾ അനുസരിച്ചു് ഉപയോഗിച്ചു് പറയാനുള്ള കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ടു്. അവ വ്യക്തിപരമായ അവഹേളനങ്ങൾ അല്ലാത്തിടത്തോളം ആർക്കെങ്കിലും കണക്കു് ബോധിപ്പിക്കേണ്ട ബാദ്ധ്യത ഒരു യൂസർക്കുമില്ല – തന്നെപ്പറ്റിത്തന്നെ ഊതിവീർപ്പിച്ച മതിപ്പുള്ള യൂസേഴ്സിനു് അങ്ങനെ തോന്നണമെന്നില്ലെങ്കിലും. ഉന്നതരാണെന്ന ബോദ്ധ്യം മൂലം ഫീസടയ്ക്കാതെ ഒളിഞ്ഞിരുന്നു് “റേഡിയോ” കേൾക്കാൻ ഇഷ്ടപ്പെടുന്ന മഹത്തുക്കളാണവർ. കാര്യമാക്കാനില്ല.
Oct 6, 2016, 2:11 PM
ഇന്നു് ഫെയ്സ്ബുക്ക് സ്‌റ്റ്രീമിൽ കണ്ട ഒരു സ്റ്റാറ്റസിൽ നിന്നും:
“എന്തേ ഇവരൊക്കെ ഇങ്ങിനെ ആയിപ്പോയതു്? ഇത്ര വലിയ ഈ നേതാക്കൾക്കു് എങ്ങിനെയാണു് ഇത്രയും വൃത്തികെട്ട അല്പത്തരങ്ങൾ ചെയ്യാൻ കഴിയുന്നതു്? ഇത്രയും വർഷങ്ങളായി ഈ പാർട്ടിയുടെ നേതാക്കളായി പ്രവർത്തിച്ചിട്ടും, കമ്മ്യൂണിസ്റ്റ് ജീവിതമൂല്യങ്ങളുടെ പ്രാഥമികപാഠങ്ങളെങ്കിലും ഇവർ പഠിക്കാതെ പോയതെന്തുകൊണ്ടാണു്?”
പ്രശ്നം നേതാക്കളുടേതല്ല. ഇതുപോലെ ജല്പിക്കുന്ന അനുയായികളുടേതാണു്. അനുയായികളെ നേതാക്കൾക്കറിയാം. നേതാക്കളെ അനുയായികൾക്കറിയില്ല. വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണു് നേതാക്കളെയെന്നല്ല, ആരെയും മനസ്സിലാക്കേണ്ടതെന്ന അനുയായികളുടെ അറിവില്ലായ്മയുടെ മുതലെടുപ്പാണു് കേരള/ഭാരതരാഷ്ട്രീയത്തിൽ നടക്കുന്നതു്. “എന്റെ കഴുത പാവം” എന്ന, വലിയ ചിലവില്ലാത്ത തഴുകലുകൾ ഇടയ്ക്കിടെ നൽകിക്കൊണ്ടിരുന്നാൽ കൂടുതൽ വിഴുപ്പുകെട്ടുകൾ സന്തോഷപൂർവ്വം മുതുകിലേക്കു് ഏറ്റെടുക്കാനുള്ള കഴുതകളുടെ സന്നദ്ധതയാണു് പ്രശ്നം. കഴുതകൾക്കു് അതിനേ കഴിയൂ. അതുപോലെ, അല്പൻ നേതാവായാൽ അല്പത്തരം ചെയ്യാനേ കഴിയൂ. നേതാക്കൾ എത്ര വലിയ അല്പത്തരം ചെയ്യുമ്പോഴും, “ഇത്ര വലിയ നേതാക്കൾ” എന്നു് അവരെ വിശേഷിപ്പിക്കാൻ കഴിയുന്നതിൽ നിന്നുതന്നെ അനുയായികളുടെ കഴുതസ്വഭാവം മനസ്സിലാക്കാവുന്നതേയുള്ളു. അതു് മനസ്സിലാക്കേണ്ടതും അതിനനുസരിച്ചു് തിരുത്തലുകൾ വരുത്താൻ തയ്യാറാവേണ്ടതും കഴുതകളായ അതേ അനുയായികൾ തന്നെയാണെന്നതാണു് പ്രശ്നം.
തന്നെപ്പറ്റി ചിന്തിക്കാനുള്ള ശേഷി മനുഷ്യർക്കുണ്ടു്. വേണമെങ്കിൽ അവർക്കതു് ഉപയോഗപ്പെടുത്തുകയും ചെയ്യാം. കഴുതകൾക്കു് ആ ശേഷിയില്ല. ഇല്ലാത്ത ശേഷി ഉപയോഗിക്കാനോ, അങ്ങനെ തോന്നാൻ പോലുമോ അവയ്ക്കു് കഴിയുകയുമില്ല. എത്ര തഴുകിയാലും തല്ലിയാലും അക്കാര്യത്തിൽ മാറ്റമൊന്നും വരാൻ പോകുന്നില്ല. അതുകൊണ്ടുതന്നെയാണു് “ഇത്രയും വർഷങ്ങളായിട്ടും പാർട്ടിയുടെ നേതാക്കളായി പ്രവർത്തിക്കാൻ” അല്പന്മാരായ നേതാക്കൾക്കു് കഴിയുന്നതും. “കമ്മ്യൂണിസ്റ്റ് ജീവിതമൂല്യങ്ങളുടെ പ്രാഥമികപാഠങ്ങൾ” എന്നും മറ്റും ഉദ്ഘോഷിക്കാൻ ഒരുവിധ ചിന്താശേഷിയുടെയും ആവശ്യമില്ല. പ്രത്യയശാസ്ത്രമാഷന്മാർ പാടിപ്പഠിപ്പിച്ച കമ്മ്യൂണിസത്തിന്റെ മണിപ്രവാളശീലുകൾ തത്തയെപ്പോലെ ഏറ്റുപാടാൻ കഴിഞ്ഞാൽ ധാരാളം.
കാൽ നൂറ്റാണ്ടുകൊണ്ടു് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പുരോഗതി കൈവരിച്ചു് രൂപാന്തരം സംഭവിച്ച കിഴക്കൻ ജർമ്മനിയിൽ പോലും ഇന്നും കാണാൻ കഴിയുന്നപോലെ, നിത്യ ഇന്നലെകളുടെ കോൺക്രീറ്റ് തലകളിൽ ഒരിക്കൽ കയറിക്കൂടിയ ഭൂതത്തെ ഇറക്കിവിടുക അത്ര എളുപ്പമല്ല. യൂറോപ്പിനെ ബാധിപ്പിക്കാൻ കഴിഞ്ഞതിൽ മാനിഫെസ്റ്റോയിലൂടെ കാൾ മാർക്സ് അങ്ങേയറ്റം അഭിമാനിച്ച ആ പഴയ കമ്മ്യൂണിസ്റ്റ് ഭൂതം തന്നെ! സ്വതന്ത്രവ്യക്തികളായ മനുഷ്യർ ജീവിക്കുന്ന തുറന്നതും ആധുനികവുമായ ഒരു സമൂഹത്തിൽ, കമ്മ്യൂണിസം എന്ന ആശയത്തിനു് താത്വികമായോ പ്രായോഗികമായോ അധികനാൾ നിലനിൽക്കാനാവില്ല എന്നതിനു് ലോകചരിത്രം തെളിവു്.
എങ്ങനെയോ അധികാരത്തിലെത്തിയ “എലീറ്റുകൾ” അവരുടെ സ്വന്തം നിയമം അനുസരിച്ചു് കാര്യങ്ങൾ നടപ്പാക്കുകയും സമൂഹത്തിലെ റിസോഴ്സുകൾ തമ്മിൽത്തമ്മിൽ വീതിച്ചെടുക്കുകയും ചെയ്യുന്നിടത്തു് ഓപ്പൺ സൊസൈറ്റി എന്ന വ്യവസ്ഥ അസാദ്ധ്യമായിരിക്കും. അവിടെ ജനാധിപത്യം പോലും സാദ്ധ്യമാവില്ല. വോട്ടു് ചെയ്യലും മന്ത്രിസഭ രൂപീകരിക്കലും മാത്രമല്ല ജനാധിപത്യം. പഴയ കിഴക്കൻ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്ന SED-യുടെ പിൻഗാമിപ്പാർട്ടിയായ PDS-ന്റെ ചെയർമാൻ ആയിരുന്ന ലോത്താർ ബിസ്കിയുടെ മകനും പെയ്‌ന്ററുമായ നോർബെർട് ബിസ്കി കഴിഞ്ഞദിവസം ഒരു ഇന്റർവ്യൂവിൽ പറഞ്ഞു് കേട്ടു: “കമ്മ്യൂണിസ്റ്റ് ജർമ്മനിയിൽ മനുഷ്യർക്കു് തലയ്ക്കു് മീതെ ഒരു കൂരയും കഴിക്കാൻ ആഹാരവും ഉണ്ടായിരുന്നു. പക്ഷേ, അതു് മാത്രമല്ല ജീവിതം”.
ഒരുനേരം പോലും തൃപ്തിയായി ആഹാരം കഴിക്കാൻ വകയില്ലാത്തവരോടു് നല്ല നാളെകൾ ഘോഷിച്ചു് അവരെ വലയിൽ വീഴിക്കാൻ എളുപ്പമാണു്. അക്ഷരാഭ്യാസം പോലുമില്ലാത്ത അജ്ഞർക്കു് എന്തു് മാർക്സ്, എന്തു് എൻഗൽസ്, എന്തു് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം? ലോജിഷൻ, റാഷണലിസ്റ്റ് എന്നെല്ലാമുള്ള നെറ്റിപ്പട്ടങ്ങളുമായി പാമ്പു് പിടുത്തക്കാരന്റെ പുറകെ സെൻസേഷണൽ ന്യൂസുകൾക്കായി ഓടുന്നവരുടെ നാട്ടിൽ ശാസ്ത്രമോ മതേതരത്വമോ വളരില്ല, “ചാത്രവും മതേതറത്വവും” മാത്രമേ വളരൂ.
Oct 7, 2016, 11:42 AM
ഒരു വെജിറ്റേറിയൻ മരിച്ചു് കഴിഞ്ഞാൽ ദഹിപ്പിക്കുകയും നോൺ-വെജിറ്റേറിയൻ മരിച്ചു് കഴിഞ്ഞാൽ കുഴിച്ചിടുകയും വേണമെന്നാണു് എന്റെ അഭിപ്രായം. ജീവനോടെ ദഹിപ്പിക്കലും കുഴിച്ചുമൂടലും ഇന്നും അത്ര അപൂർവ്വമല്ലാത്തതിനാലാണു് “മരിച്ചു് കഴിഞ്ഞാൽ” എന്നു് പ്രത്യേകം പറഞ്ഞതു്. മരണത്തിനു് മുൻപോ പിൻപോ സംസ്കാരം എന്ന സംശയം കേൾക്കുന്നവരിൽ ഉണ്ടാവരുതല്ലോ. ജീവിതകാലം മുഴുവൻ മാംസം കഴിക്കാതെ ജീവിച്ച ഒരുവന്റെ മാംസം മാംസാഹാരികളായ പുഴുക്കളും കൃമികളും കഴിക്കുന്നതു് അനീതിയാണു്. വെജിറ്റേറിയനായ ഒരുവനെ മാംസാഹാരിയായ ഒരു കടുവ പിടിച്ചു് തിന്നുന്നതിനോടും എനിക്കു് യോജിപ്പില്ല. അതേസമയം, മാംസമോ, കിഴങ്ങുകളോ, പച്ചക്കറികളോ എന്ന വ്യത്യാസമൊന്നുമില്ലാതെ കിട്ടുന്നതെല്ലാം തിന്നു് ജീവിച്ച ഒരുവന്റെ മാംസം മിശ്രഭുക്കുകളായ പുഴുക്കളും കൃമികളും കഴിക്കുന്നതു് അനീതിയല്ലെന്നു് മാത്രമല്ല. അതൊരു കാവ്യനീതി പോലുമാണു്. ജീവിച്ചിരുന്നപ്പോൾ അന്യജീവികളുടെ മാംസം തിന്നു, മരിച്ചശേഷം കുഴിയിൽ കിടന്നു് മേലോട്ടു് നോക്കി പുല്ലുകളുടെ വേരുകൾ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ സ്വന്തമാംസം അന്യജീവികളെ തീറ്റിക്കുന്നു! അതുപോലൊരുവനെ കടുവ പിടിച്ചു് തിന്നുന്നതിനോടു് പോലും എനിക്കു് വിയോജിപ്പില്ല.
(ശൈലീപരമായ കാരണത്താലാണു്, അല്ലാതെ ഇതു് പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു കാര്യമായതുകൊണ്ടല്ല “ഒരുവന്റെ” എന്നു് പറഞ്ഞതു്. വ്യാകരണപരമായ ഈ ലിംഗം സാമൂഹികമോ ജന്തുശാസ്ത്രപരമോ ആയ ലിംഗത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നു് സാരം).
വെജിറ്റേറിയനിസത്തിനു് മേൽക്കോയ്മയുള്ള ഹിന്ദുമതത്തിൽ മൃതശരീരങ്ങളെ കുഴിച്ചിടുന്നതിനു് പകരം ദഹിപ്പിക്കുന്ന രീതി നിലവിൽ വന്നതു് ഈ “പോവെറ്റിക് ജസ്റ്റീസ്” നിലനിർത്താനാണോ എന്നുപോലും എനിക്കു് സംശയമുണ്ടു്. പക്ഷേ, ഇതിൽ ഏതു് മാർഗ്ഗം സ്വീകരിച്ചാലും, ആത്മാവു് ഡിവോഴ്സ് ചെയ്തു് പോയശേഷം ബാക്കിയാവുന്ന ഭൗതികശരീരത്തിലെ മൂലകങ്ങൾ കാറ്റിലൂടെയും മഴയിലൂടെയും വളഞ്ഞുതിരിഞ്ഞു് എന്നെങ്കിലും ചെടികളിലും മൃഗങ്ങളിലും, അതുവഴി വെജിറ്റേറിയനും നോൺ-വെജിറ്റേറിയനുമായ മനുഷ്യരിലും എത്തിക്കൂടെന്നുമില്ല. പുലിവാലു് പിടിക്കാൻ പുലിയുടെ വാലിൽത്തന്നെ പിടിക്കണമെന്നില്ലെന്നു് ചുരുക്കം. മനുഷ്യമാംസം ഏതു് പുഴുവിനും ഭക്ഷിക്കാം, പക്ഷേ, മനുഷ്യനു് ജീവിച്ചിരിക്കുമ്പോഴോ മരിച്ചശേഷമോ ഒരു പുഴുവിനെപ്പോലും ഭക്ഷിക്കാൻ അനുവാദമില്ല എന്നു് വരുന്നതിലും “ആദ്ധ്യാത്മികമായ” ഒരു പന്തികേടുണ്ടു്.
ദോഷം പറയരുതല്ലോ, മുഹമ്മദ് നബി ഈവിധ പ്രശ്നങ്ങൾക്കു് യുക്തിപൂർവ്വമായ ഒരു പരിഹാരം കണ്ടെത്തി മനുഷ്യർക്കു് കാണിച്ചുതന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വ്യഭിചാരവും മദ്യപാനവുമെല്ലാം ഭൂമിയിൽ വച്ചു് ചെയ്താൽ മാത്രമേ മഹാപാപങ്ങളാവൂ. ചത്തു് സ്വർഗ്ഗത്തിലെത്തിയാൽ ഈവക കാര്യങ്ങൾ മുടക്കമില്ലാതെ ചെയ്തില്ലെങ്കിലാണു് മഹാപാപം. നസ്രാണികളുടെ സ്വർഗ്ഗവും മോശമല്ല. ഭൂമിയിൽ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നസ്രാണികൾക്കായി സ്വർഗ്ഗത്തിൽ കാത്തിരിക്കുന്നതു് സെമനെറികളിലേതു് പോലെ അലങ്കരിച്ച തീന്മേശകളാണു്. ഇസ്ലാമിന്റെ സ്വർഗ്ഗത്തിലേതുപോലെ നസ്രാണിസ്വർഗ്ഗത്തിൽ ഹൂറികൾ ഉണ്ടാവാൻ സാദ്ധ്യതയില്ല. ഉണ്ടായിരുന്നെങ്കിൽ മറിയയ്ക്കു് വേണ്ടി നീക്കിവയ്ക്കാൻ ദൈവത്തിനു് സമയം കിട്ടുമായിരുന്നു എന്നു് തോന്നുന്നില്ല. “വചനം ദൈവത്തോടു് കൂടെയും, വചനം ദൈവവും” ആണെന്ന സത്യം നമ്മൾ മറക്കരുതു്. ഹൂറികൾ ഇല്ലെങ്കിലും “ഓമനക്കൈകളിൽ ഒലിവിലക്കൊമ്പും പിടിച്ചു് ഓശാനാഗീതങ്ങൾ പാടുന്ന” ഭക്തസുന്ദരികൾ ഉണ്ടാവാതിരിക്കില്ല. ജീവിതകാലത്തു് അവർ പ്രാർത്ഥിച്ച പ്രാർത്ഥനകളും നോക്കിയ നോമ്പുകളും അനുഷ്ഠിച്ച ധ്യാനങ്ങളും അപ്പാടെ പാഴായിപ്പോയി എന്നു് കരുതാനാവുമോ?
ഭാരതത്തിലെ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ പ്രശ്നത്തിലും അതുപോലുള്ള എന്തെങ്കിലും ഒരു പരിഹാരം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നു് തോന്നുന്നു. “ഇവിടെ ചീഞ്ഞതു് അവിടെ ശുദ്ധം” എന്നോ മറ്റോ ഒരു ആധികാരിക പരിഹാരം.
Oct 14, 2016, 11:44 AM
“അതൊരു നല്ല തിരഞ്ഞെടുപ്പല്ല, സെൻസേഷണലായൊരു തിരഞ്ഞെടുപ്പാണു്. സമകാലികരായ മറ്റേതൊരു എഴുത്തുകാരനേക്കാളും കൂടുതലായി മനുഷ്യരെ സ്വാധീനിക്കാൻ കഴിഞ്ഞതു് ഒരുപക്ഷേ ബോബ് ഡിലനായിരിക്കും – അതും സാഹിത്യപരമായിത്തന്നെ. ഞാൻ എന്തായിത്തീർന്നോ, അതായിത്തീരാൻ ഡിലൻ ഇല്ലായിരുന്നെങ്കിൽ എനിക്കു് കഴിയുമായിരുന്നില്ല. അക്കാര്യത്തിൽ ഞാൻ ഒരുപാടൊരുപാടു് പേരിൽ ഒരുവൻ മാത്രമാണു്.” – വിം വെൻഡേർസ്.
“ഞാനൊരു ഔട്ട്സൈഡറായിരുന്നു. ഒരു ഔട്ട്സൈഡറായി ഞാനീ പട്ടണത്തിൽ വന്നു. എപ്പോഴോ ഞാൻ മുൻപൊരിക്കലും അല്ലാതിരുന്ന വിധം കൂടുതൽ ഔട്ട്സൈഡറായി. എന്നെ ഒരു നിശ്ചിത ഐഡിയോളജിയുടെ ഇൻസൈഡറാക്കാൻ അവർ ആഗ്രഹിച്ചു.” – ബോബ് ഡിലൻ
ഒരു തലമുറയുടെയോ ഒരു പ്രൊട്ടെസ്റ്റ് മൂവ്മെന്റിന്റെയോ ശബ്ദം ആവാൻ ആഗ്രഹിക്കാതിരുന്ന “നിത്യനിഷേധി” ബോബ് ഡിലനു് ഒരു ലിറ്ററേച്ചർ നൊബേൽ പ്രൈസിന്റെ ആവശ്യം ഉണ്ടായിരുന്നെന്നു് തോന്നുന്നില്ല. ട്രമ്പിന്റെയും ഹിലറിയുടെയും അമേരിക്കയ്ക്കു് അതിന്റെ ആവശ്യമുണ്ടെന്നു് ഒരുപക്ഷേ നൊബേൽ കമ്മിറ്റിയ്ക്കു് തോന്നിക്കാണണം.
Bob Dylan – Masters of War:
Oct 18, 2016, 11:11 AM
ഇ. പി. ജയരാജൻ പാർട്ടി സെക്രട്ടറിയേറ്റിൽ പറഞ്ഞതായി ഫെയ്സ്ബുക്ക് സ്‌റ്റ്രീമിൽ കണ്ടതാണു്: “സുധീർ നമ്പ്യാരെ നിയമിച്ചതു് വിജിലൻസ് ക്ലിയറൻസില്ലാതെയാണു്. വലിയ “വീഴ്ചക്കുറവും” ശ്രദ്ധക്കുറവുമാണിതു്”.
വിജിലൻസ് ക്ലിയറൻസ് വേണമെന്നു് ആദ്യമേതന്നെ തോന്നാതിരുന്നതു് തലയിൽ ക്ലിയറൻസ് ഇല്ലാത്തതുകൊണ്ടായിക്കൂടെന്നില്ല. അതിനാണെങ്കിൽ തലയിൽ “സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും” ഉണ്ടായാലേ പറ്റൂ താനും. ഈ വിഷയത്തിൽ മമ്മൂട്ടിയുമായി ഒരു കൺസൽട്ടേഷൻ നടത്തുന്നതു് ഭാവിയിലെങ്കിലും ഇതുപോലെ തീട്ടത്തിൽ പോയി ചറപറാ ചവിട്ടാതിരിക്കാൻ സഹായിച്ചേക്കും.
ഇ. പി. ജയരാജൻ നിയമസഭയിൽ ഇങ്ങനെയും പറഞ്ഞത്രെ! “നിയമനം പൊതുമേഖലാ ചട്ടവും നിയമവും പാലിച്ചാണു്. വിജിലൻസ് പരിശോധനയ്ക്കും വിധേയം”.
ഒന്നായതിനെ രണ്ടായിക്കണ്ടു് “ഇണ്ടുന്നതു്” കേരളക്കരയിൽ ഒരു പുതിയ കാര്യമൊന്നുമല്ല. പക്ഷേ, ഇതുവരെ ദൈവമായിരുന്നു ഓരോ നിമിഷവും മനുഷ്യരുടെ ഇണ്ടലിന്റെയും കുളിയുടെയും വളിയുടെയുമെല്ലാം സ്ക്രീൻ ഷോട്ട് എടുത്തു് വിധിദിനത്തിലെ തെളിവിനായി സൂക്ഷിച്ചു് വച്ചിരുന്നതെങ്കിൽ, ഫെയ്സ്ബുക്കും മറ്റും വന്നതിനു് ശേഷം ദൈവത്തിനു് പുറമേ സോഷ്യൽ “മീഡിയാക്സും” സോഷ്യൽ മാനിയാക്സിന്റെ ഓരോ അനക്കവും വാക്കും പ്രവൃത്തിയും സ്ക്രീൻ ഷോട്ട് എടുത്തു് സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങിയിട്ടുണ്ടു്. അതിനാൽ, പൊതുവിനെക്കൊണ്ടു് ജീവിക്കുന്നവർ ഇനിയുള്ള കാലം പൊതുവിനു് വേണ്ടി ജീവിച്ചില്ലെങ്കിൽ അവരുടെ ജീവിതം വല്ലാത്ത തലവേദനയായി മാറിക്കൂടെന്നില്ല.
ഒന്നാലോചിച്ചാൽ, കേരളരാഷ്ട്രീയം വച്ചുനീട്ടുന്ന “ജ്ഞാനപ്പഴങ്ങൾ” കണ്ണുമടച്ചു് വാങ്ങിത്തിന്നാതിരിക്കുന്നതാണു് ബുദ്ധി. ബൈബിളിൽ പോലും മനുഷ്യർക്കു് അതിനു് ദൃഷ്ടാന്തമുണ്ടു്. തന്റെ കുനുഷ്ഠിന്റെ കുരുപ്പായി ആദമിനെയും, അവന്റെ വാരിയെല്ലുകൊണ്ടു് ഹവ്വയെയും സൃഷ്ടിച്ചു് ഏദൻ തോട്ടത്തിൽ ആക്കിയപ്പോൾ ദൈവമായ യഹോവ അവരോടു് പറഞ്ഞു: “നിങ്ങൾക്കു് ഈ തോട്ടത്തിലുള്ള എന്തു് വേണമെങ്കിലും തിന്നാം. പക്ഷേ “നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം” എന്ന തലേക്കെട്ടുമായി തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന മരത്തിന്റെ ഫലം മാത്രം പറിച്ചു് തിന്നേക്കരുതു്”.
ഏകദേശം അതുപോലെ തന്നെയാണു് ഫെയ്സ്ബുക്കിലെ ഇടപെടലുകളുടെ കാര്യവും. തത്വത്തിൽ ആർക്കും എന്തിനെപ്പറ്റി വേണമെങ്കിലും പറയാം. പക്ഷേ, മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളെപ്പറ്റി മാത്രം ഒന്നും പറഞ്ഞേക്കരുതു്. അവയുടെ ഡോക്ട്രിനുകളിലെ വിഡ്ഢിത്തങ്ങളെ വിമർശിക്കുന്ന തരത്തിലുള്ള കാര്യങ്ങളെപ്പറ്റി പ്രത്യേകിച്ചും! പ്രശ്നം സത്യത്തിൽ ഫെയ്സ്ബുക്കിന്റേതല്ല, അതിൽ നുഴഞ്ഞു് കയറിയിരിക്കുന്ന ഉത്തമബോദ്ധ്യക്കാരുടേതാണു്. തന്റെ ബോദ്ധ്യങ്ങൾ മാത്രമാണു് ഉത്തമം എന്നു് ബോദ്ധ്യമുള്ളവർ! ഫെയ്സ്ബുക്ക് ഒരു ആധുനിക മാദ്ധ്യമം ആണെങ്കിലും, അതിൽ ഇത്തരം ഒരുപാടു് മോറൽ പെഡഗോഗ്സ് കയറിപ്പറ്റിയിട്ടുണ്ടു്. നൂറ്റാണ്ടുകൾ പഴകിയ സദാചാരവിഴുപ്പുകെട്ടുകൾ കൊണ്ടു് ചിറ കെട്ടിയാൽ ലോകഗതിയെ തടഞ്ഞു് നിർത്താനാവുമെന്നു് വ്യാമോഹിക്കുന്ന ഇൻഡോക്ട്രിനേറ്റഡ് പോലീസ്! പക്ഷേ, അവരെ തിരിച്ചറിയാൻ കഴിയണമെങ്കിൽ ആദ്യം “നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം” തിന്നു് കണ്ണുകൾ തുറന്നിട്ടുണ്ടാവണം. ജീവവൃക്ഷത്തിന്റെ ഫലവും അവർക്കു് മാത്രമുള്ളതാണു്.
Sorrow is knowledge: they who know the most
Must mourn the deepest o’er the fatal truth,
The tree of knowledge is not that of life. – Lord Byron
Oct 18, 2016, 4:07 PM
ലോകരാജ്യങ്ങളിലെ ഭാഗ്യത്തിന്റെ റാങ്ക് ലിസ്റ്റ്
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഒന്നാം റാങ്ക് ഡെന്മാർക്കിനും രണ്ടാം റാങ്ക് സ്വിറ്റ്സർലന്റിനുമാണു്. ബുറുണ്ഡിയുടേതു് 157, സിറിയയുടേതു് 156. ഇൻഡ്യയുടെ സ്ഥാനം 118. അതു് സഹിക്കാമായിരുന്നു. പക്ഷേ, പകിസ്ഥാൻ 92, സൊമാലിയ 76 – ഇതൊക്കെ എങ്ങനെ സഹിക്കും? ജനെറ്റിക്കലി മോഡിഫൈഡ് കോട്ടൺ സപ്ലൈ വഴി മൊൺസാന്റൊ കമ്പനി കുളിപ്പിച്ചു് കിടത്തിയ ബുർക്കിന ഫാസൊയുടെ സ്ഥാനം 145 ആണെന്നതു് മാത്രമാണു് ഇൻഡ്യക്കു് അല്പമൊരു ആശ്വാസത്തിനു് വക നൽകുന്നതു്.
എന്റെ ഒരു പഴയ സുഹൃത്തിന്റെ അഭിപ്രായത്തിൽ, ചൊറിയുന്നിടത്തു് മാന്താൻ കഴിയുന്നതാണു് ഏറ്റവും വലിയ ഭാഗ്യം. എമ്പിരിക്കലായിട്ടാണു് അവൻ ആ അഭിപ്രായത്തിൽ എത്തിച്ചേർന്നതു്. ഒരിക്കൽ ഒരു ഹൈ വോൾട്ടേജ് ലൈനുമായി ബന്ധപ്പെട്ടു് ഫീൽഡ് ഡ്യൂട്ടിയിൽ ആയിരുന്ന അവനെ ഒരു പട്ടി ഓടിച്ചു് വെട്ടുകുഴിയിൽ വീഴിച്ചതിന്റെ ഫലമായി അര മുതൽ കഴുത്തുവരെ പ്ലാസ്റ്ററിട്ടു് ഏതാനും ആഴ്ചകൾ കഴിക്കേണ്ടിവന്നപ്പോഴാണു്, പുറം ചൊറിയുമ്പോൾ ആ സ്ഥാനം നോക്കി ഇഷ്ടാനുസരണം മാന്താൻ കഴിയുന്നതിൽ കവിഞ്ഞ ഒരു ഭാഗ്യവും ലോകത്തിലില്ല എന്ന ബോധോദയം അവനുണ്ടായതു്.
ബോധോദയങ്ങൾ പലതരമുണ്ടു്. ഒരുപാടു് നാളുകൾ മരത്തിൻ ചുവട്ടിലിരുന്നു് തപസ്സു് ചെയ്താൽ മാത്രം ഉണ്ടാവുന്ന ബോധോദയം. ബുദ്ധനു് ഉണ്ടായതു് അതുപോലൊന്നാണു്. റിഫ്ലക്സീവ് ആയി ഉണ്ടാവുന്ന ബോധോദയമാണു് മറ്റൊന്നു്. കടിക്കാൻ വരുന്ന ഒരു “നായിന്റെ മോനു്” ഹൈ വോൾട്ടേജ് ട്രാൻസ്മിഷനെപ്പറ്റി ക്ലാസ്സ് എടുക്കാൻ നിൽക്കാതെ, ഉസൈൻ ബോൾട്ടിനെപ്പോലെ ഓടണമെന്ന, എന്റെ സുഹൃത്തിനുണ്ടായ ബോധോദയം അത്തരത്തിൽ ഒന്നാണു്. അത്തരമൊരു റിഫ്ലക്സീവ് ബോധോദയം ഉണ്ടാവേണ്ട സാഹചര്യം ബുദ്ധനു് വന്നിട്ടുള്ളതായി കേട്ടിട്ടില്ല.
സാവകാശവും പെട്ടെന്നുമുള്ള രണ്ടിനം ബോധോദയങ്ങളും അനുഭവിച്ചിട്ടുള്ള എന്റെ സുഹൃത്തിനോടു് ചോദിച്ചാൽ, ഏതു് രാജ്യത്താണു് ജീവിക്കുന്നതു് എന്നതിന്റെ അടിസ്ഥാനത്തിലല്ല, പ്ലാസ്റ്ററിനടിയിലെ ചൊറിച്ചിൽ ഉന്നം വച്ചു് മാന്തി ശമിപ്പിക്കാൻ മനുഷ്യർക്കു് കഴിയുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം മനുഷ്യർ ഭാഗ്യവതികളോ ഭാഗ്യവാന്മാരോ എന്നു് നിശ്ചയിക്കേണ്ടതു് എന്നേ അവൻ പറയൂ.
Click to access 10520-worldhappiness_v1.pdf
Oct 19, 2016, 7:42 AM
കഴുതയ്ക്കു് ഒരുപാടു് സുഖം വന്നാൽ അവൻ മഞ്ഞിൽ നൃത്തം ചെയ്യാൻ പോകും എന്നൊരു ജർമ്മൻ ചൊല്ലുണ്ടു്. കഴുതയ്ക്കു് ഒരുപാടു് സുഖം വന്നാൽ അവൻ തൈരു് കടയാൻ പോകും എന്നായിരുന്നെങ്കിൽ അതു് സാർവ്വലൗകികമായിരുന്നേനെ! കഴുതകൾ ഉണ്ടാവുന്നിടത്തു് മഞ്ഞുണ്ടാവണമെന്നു് നിർബന്ധമില്ലെങ്കിലും, തൈരുണ്ടാവാതിരിക്കില്ലല്ലോ. കഴുതയെ സംബന്ധിച്ചു് രണ്ടായാലും തൈരുതന്നെയാണു് താനും.
Oct 21, 2016, 12:24 PM
കേരളത്തിലെ ആദിവാസിശിശുക്കളുടെ മരണം സംബന്ധിച്ചു് സാംസ്കാരികവകുപ്പു് മന്ത്രി നടത്തിയ സംസ്കാരശൂന്യമായ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണു് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. കേരളത്തിൽ എത്ര വയസ്സു് വരെയാണു് ബാലപദവി, എത്ര വയസ്സു് മുതലാണു് വൃദ്ധപദവി, ആരൊക്കെയാണു് പ്രായപരിധിയുടെ കാര്യത്തിൽ അപവാദപദവിക്കു് അർഹതയുള്ളവർ എന്നൊന്നും കൃത്യമായി അറിയാത്തിടത്തോളം ഈ കുറ്റകൃത്യം ജുവെനൈൽ ലോ അനുസരിച്ചു് ശിക്ഷിക്കപ്പെടണമോ, വാർദ്ധക്യപരമായ സെമാന്റിക് ഡിമെൻഷ്യയായി പരിഗണിച്ചു് അവഗണിക്കപ്പെടണമോ എന്നൊന്നും തീർത്തു് പറയാൻ കഴിയില്ല. നിയമം പഠിച്ച വല്ല കേരളമന്ത്രിമാർക്കും കഴിഞ്ഞാലായി.
ചില പ്രതിഷേധസ്വരങ്ങളുടെ സംസ്കാരം ശ്രദ്ധിക്കുമ്പോൾ മന്ത്രിയെ മാത്രം ശിക്ഷിച്ചിട്ടെന്തു് കാര്യം എന്നും തോന്നായ്കയില്ല. സോഷ്യൽ മീഡിയ ഷെയർ മാർക്കറ്റ് പോലെയാണു്. ഷെയർ മാർക്കറ്റുകളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു സംഭവമോ നടപടിയോ ഒരിക്കൽ ഷെയറുകളുടെ വില കൂടാനും, മറ്റൊരിക്കൽ വില കുറയാനും കാരണമായിക്കൂടെന്നില്ല. സംഭവം ആകെമൊത്തം മനഃശാസ്ത്രമാണു് – ഫോൾക്ക് സൈക്കോളജി! (ഫോൾക്ക് എന്ന കൂട്ടത്തിന്റെ സബ്സെറ്റുകളാണു് വോട്ടുബാങ്കുകൾ). അതുപോലെതന്നെ, മന്ത്രിയുടെ ആ പ്രസ്താവന സോഷ്യൽ മീഡിയയിലെ ഐഡിയോളജിക്കൽ വാറിയറുകളിൽ ചിലരെയെങ്കിലും ഇളക്കിമറിച്ചതു് അവരുടെ സ്വന്തം ഭാഷാനിലവാരത്തോളം മന്ത്രിയുടെ ഭാഷ ഉയരാത്തതുകൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പരദൂഷണത്തെ അത്യന്താധുനിക കവിതകളാക്കാൻ കഴിവുള്ള വിപ്ലവമഹാകവികൾ മുതൽ എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്യാൻ മാനസികവും ശാരീരികവുമായ ഹത്യകളെപ്പോലും ന്യായീകരിക്കുന്ന “മനുഷ്യസ്നേഹികൾ” വരെയുള്ളവർ വിശ്രമമില്ലാതെ ചുറ്റിത്തിരിയുന്ന ലോകമാണു്! മസ്തിഷ്കപ്രക്ഷാളനം വഴി നേർചിന്താശേഷി തലയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർ! എല്ലാം മണ്മറഞ്ഞുപോയ ആചാര്യന്മാരുടെ കൃപാനുഗ്രഹം എന്നു് പറഞ്ഞാൽ മതി. “ശത്രുക്കൾക്കു്” കൊടുക്കേണ്ടതു് കൊടുക്കേണ്ട സമയത്തു് കൊടുക്കേണ്ടപോലെ കൊടുത്തിരിക്കണം എന്ന മാക്സിമുമായി നടക്കുന്നവർക്കു് മന്ത്രി പറഞ്ഞതു് കുറഞ്ഞുപോയി എന്നല്ലാതെ കൂടിപ്പോയി എന്നു് ചിന്തിക്കാനാവുമോ? അതുപോലെ ചിന്തിക്കുന്നവരിൽ നിന്നും ഒരാൾ മന്ത്രിയായാൽ ഇതൊക്കെത്തന്നെയല്ലാതെ മറ്റെന്തെങ്കിലും പറയാൻ കഴിയുമോ? “You can’t teach an old dog new tricks” എന്നു് സായിപ്പു്.
Oct 25, 2016, 10:12 AM
കോഴഞ്ചേരി, കുമ്പനാടു്, തിരുവല്ല, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ പിശാചിനെ പിടിക്കുന്ന പാസ്റ്റര്‍മാര്‍ ധാരാളമുണ്ടെന്നു് ഒരു FB സ്റ്റാറ്റസിൽ കണ്ടു. ഒരുപാടു് പാസ്റ്റേഴ്സ് പിശാചു് പിടുത്തത്തിൽ ഏർപ്പെടണമെങ്കിൽ എത്രമാത്രം പിശാചുക്കൾ ആ ഭാഗങ്ങളിൽ ഉണ്ടായിരിക്കുമെന്നാണു് ഞാൻ അത്ഭുതപ്പെടുന്നതു്. ചേരയില്ലാത്തിടത്തു് ആരെങ്കിലും ചേര പിടുത്തം തൊഴിലായി സ്വീകരിക്കുമോ? ജന്മവാസന ചേരപിടുത്തമാണെങ്കിലും, അതുകൊണ്ടു് ജീവിച്ചു് പോകാനുള്ള വക ഒപ്പിക്കാൻ കഴിയില്ലെങ്കിൽ ആ തൊഴിലിനു് പോയിട്ടു് എന്തു് പ്രയോജനം? അതുകൊണ്ടാവണം കേരളത്തിൽ ഒരുപാടു് മനുഷ്യർ അവരുടെ ജന്മവാസന ഉപേക്ഷിച്ചു് രാഷ്ട്രീയം, പൗരോഹിത്യം, അക്കാദമികം, ആൾദൈവതം, ആടുദൈവതം മുതലായ, ഒന്നു് വച്ചും, ഒന്നും വയ്ക്കാതെയും കണ്ടമാനം മുതലുണ്ടാക്കാൻ കഴിയുന്ന തൊഴിലുകളിൽ ഏർപ്പെടുന്നതു്. ഓരോ കലവും അതിനു് യോജിച്ച അടപ്പിനെ കണ്ടെത്തും എന്നു് പറയുന്നപോലെ, വർഗ്ഗസ്നേഹം മൂലം പാസ്റ്റേഴ്സ് പിശാചുക്കളോടൊത്തു് വസിക്കാൻ തീരുമാനിക്കുന്നു, അത്രതന്നെ.
മുഖത്തു് ലക്ഷണങ്ങളും, ഹസ്തങ്ങളിൽ രേഖകളും, ഉത്തരത്തിനു് താങ്ങായി പല്ലിയും ഉണ്ടെന്നതുകൊണ്ടു് മാത്രം മനുഷ്യർ മുഖലക്ഷണശാസ്ത്രജ്ഞർക്കും ഹസ്തരേഖാശാസ്ത്രജ്ഞർക്കും ഗൗളിശാസ്ത്രജ്ഞർക്കും മുന്നിൽ പണസഞ്ചി തുറക്കില്ല. മനുഷ്യർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പൊരുളുകൾ അവയിലെല്ലാം മറഞ്ഞു് ഇരിക്കുന്നുണ്ടെന്ന തോന്നൽ കഥകളും പ്രസംഗങ്ങളും വഴി ആദ്യം അവരിൽ ഉണ്ടാക്കിയെടുക്കണം. അവർക്കങ്ങനെ തോന്നിത്തുടങ്ങിയാൽ, “പൊരുളുകൾ ശാസ്ത്രീയമായി വെളിപ്പെടുത്തിക്കൊടുക്കപ്പെടും” എന്നൊരു ബോർഡുമായി, സാഹചര്യം അനുസരിച്ചു്, കട്ടയും പടവും, പൊട്ടും ചാന്തും, പൂക്കളും ചന്ദനത്തിരികളുമൊക്കെയായി നാൽക്കവലയിലോ ആൽത്തറയിലോ, “നന്മതിന്മകളുടെ അപ്പുറം കണ്ട അതീന്ദ്രിയൻ” എന്ന ഭാവത്തിൽ ഇരുന്നാൽ മതി. ജ്ഞാനദാഹികളായ ജനം മുഖലക്ഷണത്തിന്റെയും, ഹസ്തരേഖയുടെയും, പല്ലി ചൊല്ലിയതിന്റെയും, കാക്ക തൂറിയതിന്റെയുമെല്ലാം പൊരുളുകൾ അറിയാനായി തള്ളിക്കയറിക്കൊള്ളും. പിന്നെ അതീന്ദ്രിയസ്വാമി(നി)ക്കു് വച്ചടി വച്ചടി കയറ്റമായിരിക്കും. ഇത്തിരി സാരോപദേശം, ഒത്തിരി മുഖസ്തുതി (ഇക്കാര്യത്തിൽ ഒരു കാരണവശാലും പിശുക്കു് കാണിക്കരുതു്), ധാര കോരാൻ വേണ്ടുവോളം ദൈവഭക്തി, വേണമെങ്കിൽ ഇന്ദ്രിയത്തിൽ ഒരു കെട്ടിപ്പിടുത്തം, എത്രനേരം കിടന്നുരുളേണ്ടി വന്നാലും ഒരു പോറൽ പോലും ഏൽക്കാത്തത്ര, കണ്ടാമൃഗത്തെ തോല്പിക്കുന്ന തൊലിക്കട്ടി – ഇത്രയുമുണ്ടെങ്കിൽ ധാരാളം.
Oct 29, 2016, 7:47 AM
വി. എം. സുധീരൻ ഒരു കോൺഗ്രസ്സ് “ആണിയെ” നായിന്റെ മോൻ എന്നു് വിളിച്ചതാണു് ഇപ്പോൾ മല്ലുഫെയ്സ്ബുക്കിലെ നവരാഷ്ട്രീയതരംഗം. സോഷ്യൽ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ, സംഭവം വൈറൽ ആയിപ്പോയി. ആ വാർത്ത സത്യമാണെങ്കിൽ (ഇങ്ങനെയൊരു മുൻകൂർ ജാമ്യത്തോടെ കേരളത്തിലെ വാർത്തകളെ കൈകാര്യം ചെയ്താൽ നാറാതിരിക്കാം. അതാണെങ്കിൽ, തൂറിയവനെ ചുമന്നാലത്തെ നാറ്റമൊന്നുമല്ല, തൂറ്റലും ഛർദ്ദിയും ഒരുമിച്ചുള്ളവനെ തോളിലേറ്റിയാലത്തെ നാറ്റമായിരിക്കും), സുധീരൻ അങ്ങനെ വിളിച്ചതു് വളരെ മോശമായിപ്പോയി എന്നേ പറയാനുള്ളു. നരേന്ദ്രമോദിയെ വിളിക്കാനായി ഓൺലൈൻ കമ്മ്യൂണിസ്റ്റുകൾ റിസർവ്വ് ചെയ്തു് വച്ചിരിക്കുന്ന ഓമനപ്പേരു് ഒരു കടപ്പാടും വയ്ക്കാതെ എടുത്തുപയോഗിക്കുന്നതു് കോപ്പി റൈറ്റ് ലംഘനമാണെന്നെങ്കിലും ശ്രീമാൻ സുധീരൻ ഓർക്കേണ്ടതായിരുന്നു. മറ്റൊരുവന്റെ ബൗദ്ധികസമ്പത്തു് മോഷ്ടിക്കുന്നതു് രാഷ്ട്രീയ നേതാക്കളായതുകൊണ്ടു് നാണംകെട്ട പരിപാടി അല്ലാതാവുകയില്ല. കേരളരാഷ്ട്രീയത്തിലെ അംഗീകൃതപ്രയോഗങ്ങളായ ശുംഭൻ, പരനാറി തുടങ്ങിയവയുമായി “നായിന്റെ മോൻ” കൊമ്പാറ്റിബിൾ ആണെന്നതൊക്കെ ശരിതന്നെ. പക്ഷേ, പുതിയ പുതിയ പ്രയോഗങ്ങൾ സ്വന്തമായി കണ്ടെത്തി മലയാളഭാഷയെ പരിപോഷിപ്പിച്ചു് ജനത്തെ പ്രകാശം പരത്തുന്നവരാക്കി മാറ്റാനുള്ള ബാദ്ധ്യത ഓരോ രാഷ്ട്രീയ നേതാവും ഏറ്റെടുക്കാതിരുന്നാൽ കേരളത്തെ എന്നെങ്കിലും നന്നാക്കാനാവുമോ?
കോടീശ്വരനായ ബിൽ ഗെയ്റ്റ്സ് പറഞ്ഞപോലെ, (ഈയടുത്തയിടെ സംഭവിച്ചപോലത്തെ ഗ്രീസ് മോഡൽ) സോഷ്യലിസത്തിലൂടെ മാത്രമേ ലോകത്തെ നന്നാക്കാവൂ എന്നില്ല. നല്ല കിടിലൻ നാമവിശേഷണങ്ങൾ പതിവായി ജപിച്ചാലും ലോകം നന്നാവും. ലോകത്തിനു് അത്ര വലിയ ഡംഭു് ഒന്നുമില്ല. അതുകൊണ്ടു്, രാഷ്ട്രീയത്തിൽ ഇടപെടുന്നവർ “dumb” ആവാതിരുന്നാൽ മാത്രം മതി ലോകം നന്നാവാൻ.
Oct 30, 2016, 12:05 PM
വിതയ്ക്കാൻ പോയവരുടെ ചില ഉപമകളുണ്ടു് ബൈബിളിൽ. വിതയ്ക്കാൻ പോയവരുടെ ഒരു പടം ഇന്നലെ ഫെയ്സ്ബുക്കിൽ കണ്ടു. നോട്ടുമാലയിട്ട കുറെ പാതിരികൾ കാർണെവൽ വേഷത്തിൽ ലോകജീവികൾക്കു് ദർശനം നൽകുന്നതു് കഴിഞ്ഞ ദിവസം കണ്ടതേയുള്ളു. സ്മാർട്ട് ഫോൺ യുഗത്തിന്റെ ഒരു ഗുണമാണതു്. തത്സമയചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടു് ലോകത്തിന്റെ ഏതു് മൂലയിലും എത്തും. A picture can tell you more than a thousand words എന്നായതിനാൽ, പലരുടെയും പടങ്ങൾ പൊഴിഞ്ഞു് വീഴാൻ ഒരു പടം ധാരാളം മതി. അങ്ങനെയല്ല, ഇങ്ങനെയാണു് കാര്യങ്ങൾ എന്നു് നിരന്തരം സ്ഥാപിച്ചുകൊണ്ടിരിക്കേണ്ടതു്, സത്തയുടെ സ്ഥാനത്തു് ഭാഷാപരമായ ചൂടു് കാറ്റല്ലാതെ മറ്റൊന്നും ഇല്ലാത്തവരെ സംബന്ധിച്ചു് നിലനില്പിന്റെ തന്നെ പ്രശ്നമായി മാറിയതു് അതുകൊണ്ടാണു്. ഫോട്ടോഷോപ്പിനോടു് അവർ കുറച്ചൊന്നുമല്ല കടപ്പെട്ടിരിക്കുന്നതു്.
വിതയ്ക്കാൻ പോയവരുടെ ആ ചിത്രം വളരെ സംവേദനക്ഷമത ഉള്ളതായിട്ടാണു് എനിക്കു് തോന്നിയതു്. ഒരു ചിത്രത്തിനു് ഇത്രയേറെ വിശദാംശങ്ങൾ കാഴ്ചക്കാരുമായി പങ്കു് വയ്ക്കാൻ കഴിയുന്നതു് അത്ഭുതം തന്നെ! മാർക്സിസ്റ്റ് കമ്മ്യൂണിസം എന്ന “ശാസ്ത്രീയതയുടെ” സാരാംശം ജനങ്ങളെ മനസ്സിലാക്കാൻ എഴുതപ്പെട്ട എത്രയെത്ര കവിതകൾ, കഥകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ! എത്രയെത്ര നാടകങ്ങൾ, സിൽമകൾ! എന്നിട്ടും കമ്മ്യൂണിസം എന്നാൽ ഇങ്ക്വിലാബ് സിന്ദാബാദ് ആണെന്നാണു് ആളുകൾ കരുതുന്നതു്. ഈ ചിത്രത്തിനു് അവരെയൊക്കെ ശരിയായ കമ്മ്യൂണിസം എന്നാൽ എന്തെന്നു് പഠിപ്പിക്കാൻ കഴിയേണ്ടതാണു്.
നേതാക്കൾ വള്ളിനിക്കർ ധരിച്ചായിരുന്നു ആ ചടങ്ങിൽ പങ്കെടുത്തിരുന്നതെങ്കിൽ ശരിക്കും കലക്കിയേനെ! മടക്കിക്കുത്തിയാലും മതിയായിരുന്നു. പക്ഷേ, മടക്കിക്കുത്തിയാൽ വെള്ളത്തിൽ വല്ലതും പ്രതിഫലിക്കുകയും, അതാരെങ്കിലും സ്മാർട്ട് ഫോണിൽ പകർത്തുകയും ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്യുകയും ചെയ്യില്ല എന്നു് ഉറപ്പൊന്നുമില്ലല്ലോ. പല നേതാക്കളുടെയും മാനസികവളർച്ച വച്ചു് നോക്കിയാലും വള്ളിനിക്കർ ചേർച്ചക്കുറവൊന്നുമല്ല. ബെർമൂഡ ആണെന്നു് പറയുകയും ചെയ്യാം. വള്ളി ഉള്ളതുകൊണ്ടു് താഴേയ്ക്കു് ഊർന്നു് പോകുമെന്ന ഭയം വേണ്ട. നേതൃജീവിതത്തിന്റെ ഒരു പാർശ്വഫലമാണു് കുടവയറു്. വള്ളിയില്ലാത്ത നിക്കറായാലും പാന്റ്സായാലും കുടവയറുമായി പൊരുത്തപ്പെടുകയില്ല. എപ്പോഴും താഴേയ്ക്കു് ഊർന്നിറങ്ങിക്കൊണ്ടിരിക്കും. വള്ളിനിക്കർ ആ പ്രശ്നത്തിനൊരു പരിഹാരമാണു്. തിന്നു് കൊതിയും മതിയും മാറിയാലും വേണമെങ്കിൽ ഒരിലച്ചോറു് കൂടി കഴിക്കുകയും ചെയ്യാം.
സൂക്ഷിച്ചു് നോക്കിയാൽ ചിത്രത്തിൽ ഒരു സ്ത്രീ നിൽക്കുന്നതായി കാണാം. പ്രമുഖർ വിത്തെറിയുന്ന നേരത്തു് “കയ്യടിക്കു്, കയ്യടിക്കു്” എന്നു് കാഴ്ചക്കാരോടു് പറയാനാണു് അവരെ അവിടെ നിർത്തിയിരിക്കുന്നതു് എന്നു് കരുതരുതു്. വരാനിരിക്കുന്ന സ്ഥിതിസമത്വസമൂഹത്തിലെ സ്ത്രീപുരുഷസമത്വത്തിന്റെ പ്രതീകമായാണു് അവർ അവിടെ നിൽക്കുന്നതു്.
വെറും രണ്ടു് പേർ മാത്രം ചേറിൽ നിൽക്കുന്നതും പ്രതീകാത്മകമായി കാണേണ്ട കാര്യമാണു്. മൂരാച്ചികളായ ജന്മി-മുതലാളി-കർഷകരെ ഉന്മൂലനം ചെയ്തു് പാർട്ടിമുരുകന്മാർ മുതലാളികളാവുമ്പോൾ ചെളിയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു് ഒടുവിൽ കമ്പ്ലീറ്റ് ഇല്ലാതാവും – “അന്ത്യകാലത്തു്” രാഷ്ട്രം “whither away” ആകും എന്ന മാർക്സിയൻ പ്രവചനം പോലെതന്നെ!
വിത്തു് വിതയ്ക്കുന്നവർ തോളിൽ തൂക്കിയിട്ട ഒരു കൊട്ടയിൽ വിത്തുമായി പാടത്തിലൂടെ നടന്നുകൊണ്ടാണു് സാധാരണ അതു് ചെയ്യാറുള്ളതു്. നേതാക്കൾ ചെയ്തതുപോലെ ഒരു സൈഡിലേക്കു് മാത്രമായി വിതറുകയുമാവാം. അപ്പോൾ ആ സൈഡിൽ മാത്രം, “ഒരു പറ കണ്ടത്തിൽ പത്തിടങ്ങഴി വിത്തു് വിതച്ചതിനേക്കാൾ” ഇടതൂർന്ന രീതിയിലേ നെല്ലു് വളരൂ എന്നേയുള്ളു. എനിക്കു് തോന്നുന്നതു്, നേതാക്കൾ പോയിക്കഴിയുമ്പോൾ, ചെളിയിൽ നിൽക്കുന്ന തൊഴിലാളികൾ വിത്തു് വേണ്ടവിധം പാടത്തു് മുഴുവനായും വിതയ്ക്കുമെന്നാണു്. ഒരു തൊഴിലാളിയ്ക്കും തൊഴിലിന്റെ കാര്യത്തിൽ മാർക്സിയൻ നേതാക്കളുടെ അത്ര സ്റ്റ്യുപ്പിഡ് ആവാൻ കഴിയുമെന്നു് തോന്നുന്നില്ല.
എന്നെ നിലത്തെഴുത്തു് പഠിപ്പിച്ച ആശാൻ ലുങ്കിധാരി ആയിരുന്നു. ലുങ്കിയുടെ മടിയിൽ പിച്ചളകൊണ്ടുള്ളൊരു മുറുക്കാൻ ചെല്ലവും, എളിയിൽ ഒരു പിച്ചാത്തിയുമായിരുന്നു അദ്ദേഹത്തിന്റെ ജംഗമവസ്തുക്കൾ. കുട്ടികളുടെ ഭാഷാപരമായ നിലവാരം അനുസരിച്ചു്, ഓലയിൽ നോക്കിയോ നോക്കാതെയോ തറയിലെ മണലിൽ പകർത്തിവരയ്ക്കുകയും മായ്ക്കുകയും വീണ്ടും വരയ്ക്കുകയും ചെയ്യേണ്ടുന്ന അക്ഷരങ്ങളും അക്കങ്ങളും ചൂണ്ടിക്കാണിച്ചു് തന്നുകഴിഞ്ഞാൽ അദ്ദേഹം മടിയിൽ നിന്നും ചെപ്പെടുത്തു് തുറന്നു് താനിരിക്കുന്ന ബഞ്ചിന്റെ അരികിൽ വയ്ക്കും. കഷ്ടിച്ചാൽ മൂന്നു് പേർക്കു് ഇരിക്കാവുന്ന ആ ബഞ്ചു് മാത്രമായിരുന്നു ആ വിദ്യാലയമുറിയിലെ ആകെമൊത്തം ഫർണ്ണീച്ചർ. അതിനുശേഷം അദ്ദേഹം എളിയിൽ നിന്നും പിച്ചാത്തിയെടുത്തു് അടയ്ക്കയുടെ പുറംതോടു് കളയുക, തൊലി ചുരണ്ടുക, പുകയില പാകത്തിനു് കഷണിക്കുക തുടങ്ങിയ ജോലികളിൽ ഏർപ്പെടും. കാണാതെ പോയ ഒരു ആടിനെ തേടിപ്പിടിച്ചുകൊണ്ടുവന്നു് മറ്റു് തൊണ്ണൂറ്റൊൻപതു് ആടുകളോടു് ചേർക്കാതെ സ്വസ്ഥതയില്ലാത്ത ഇടയനെപ്പോലെ, പല്ലിന്റെ ഇടകളിൽ നഷ്ടപ്പെട്ടുപോയ മുറുക്കാൻ കഷണങ്ങളെ പിച്ചാത്തിമുനകൊണ്ടു് ഇളക്കിയെടുത്തു് വായിലെ മുറുക്കാൻ കളക്റ്റീവിനോടു് ചേർത്തു് ചവയ്ക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടവിനോദമായിരുന്നു.
ഇന്നത്തെ സ്മാർട്ട് ഫോൺ യുഗത്തിലായിരുന്നെങ്കിൽ, പിള്ളേർക്കു് എക്സർസൈസ് കൊടുത്തശേഷം അദ്ദേഹത്തിനു് സ്മാർട്ട് ഫോണിൽ കുത്തിക്കൊണ്ടിരിക്കേണ്ടി വരുമായിരുന്നു. കാലത്തിനനുസരിച്ചു് മാറാതിരുന്നാൽ ആശാന്മാർക്കായാലും പിടിച്ചു് നിൽക്കാനാവില്ല.
September 2016
Sep 1, 2016, 11:45 AM
ആഴ്ചയിൽ മിനിമം രണ്ടു് പ്രാവശ്യമെങ്കിലും “Updates available” എന്നു് പറഞ്ഞു് സ്മാർട്ട് ഫോൺ എന്നെ പേടിപ്പിക്കാറുണ്ടു്. ആർക്കും കയറി എപ്പോഴും എന്തും ചെയ്യാവുന്ന വിധത്തിൽ വേണമെങ്കിൽ നിനക്കു് നിന്റെ സ്മാർട്ട് ഫോൺ സെറ്റ് ചെയ്യാമെന്നു് ഓപറേറ്റിങ് സിസ്റ്റത്തിന്റെ മുതലാളി തുടക്കത്തിലേ എന്നോടു് പറഞ്ഞിരുന്നു. പക്ഷേ, ആർക്കറിയാം, എന്റെ ഫോണിൽ ആർത്തവമുള്ള വല്ല സ്ത്രീകളും കയറി വല്ലതും ഇൻസ്റ്റാൾ ചെയ്താൽ, പിന്നെ പറഞ്ഞിട്ടു് കാര്യമുണ്ടോ? അതുകൊണ്ടാണു് അങ്ങേയ്ക്കു് വിരോധമില്ലെങ്കിൽ ഓരോ ഊത്തകയറ്റത്തിനും മുൻപു് എന്നോടു് ഒരു വാക്കു് ചോദിക്കുന്നതാണു് എനിക്കിഷ്ടമെന്നു് ഞാൻ മുതലാളിയോടു് പറഞ്ഞതു്. നിന്റെ ആഗ്രഹം എനിക്കു് കല്പനയാണെന്നു് മുതലാളി എനിക്കു് വാക്കും തന്നു. പക്ഷേ, പുതിയ ചരക്കെത്തിയിട്ടുണ്ടു്, നിനക്കു് വേണോ എന്നു് ആഴ്ചയിൽ രണ്ടും മൂന്നും വട്ടമൊക്കെ ചോദിക്കാൻ തുടങ്ങിയാൽ, ചോദിക്കുന്നതു് മുതലാളി ആയാലും ശരി, മനുഷ്യനു് ദേഷ്യം വരും. എനിക്കു് മടുത്തു, എനിക്കു് മതിയായി, ഞാൻ നിർത്തി, എനിക്കു് ഈ സ്മാർട്ട് ഫോൺ പരിപാടിയേ വേണ്ട. ഇന്നുമുതൽ അല്ലാഹുവാണെന്റെ സ്മാർട്ട് ഫോൺ, ഖുർആനാണെന്റെ ഓപറേറ്റിങ് സിസ്റ്റം, ഹദീസുകളാണെന്റെ Apps.
Simple, powerful and especially no updates!
ഹാർഡ്‌വെയർ: അല്ലാഹു: – തുടക്കമില്ല, ഒടുക്കമില്ല, ആളുമില്ല. അപ്ഡെയ്റ്റ്സ് വേണ്ട.
ഓപറേറ്റിങ് സിസ്റ്റം: ഖുർആൻ: – തിരുത്തണ്ട, പുതുക്കണ്ട, ലോകാവസാനത്തോളം സാധു. അപ്ഡെയ്റ്റ്സ് വേണ്ട.
ആപ്പ്സ്: ഹദീസുകൾ – സിസ്റ്റത്തിന്റെ കറിമസാല; നിക്കാഹ്, തലാഖ്, സുന്നത്ത്, സക്കാത്ത് – ഓൾ ഇങ്ക്ലൂഡഡ്. അപ്ഡെയ്റ്റ്സ് വേണ്ട.
ആനന്ദലബ്ധിക്കിനിയെന്തുവേണം!? അല്ലാഹു അക്ബർ!
Sep 2, 2016, 2:31 PM
നമുക്കു് ചില മറുപടികൾ പറയാനുണ്ടു്. പക്ഷേ, നമ്മളോടു് ആരും ചോദ്യമൊന്നും ചോദിക്കുന്നുമില്ല. ഭയങ്കര “ത്രില്ലിങ്” ആയ ഒരു സിറ്റുവേഷനാണതു്. അപ്പോൾ നമ്മൾ എന്തു് ചെയ്യും? നമുക്കു് അറിയാവുന്ന മറുപടികൾക്കു് യോജിച്ച ചില ചോദ്യങ്ങൾ ചില ആളുകൾ സ്ഥിരം ചോദിക്കാറുണ്ടെന്നു് തുടക്കത്തിലേ നമ്മൾതന്നെ അങ്ങു് പ്രസ്താവിക്കും. എന്നിട്ടു് അവയ്ക്കുള്ള നമ്മുടെ തട്ടുതകർപ്പൻ മറുപടികൾ നിരത്തും. ഈ പൂഴിക്കടകൻ തന്ത്രം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതു് ഓൺലൈൻ തർക്കങ്ങളിൽ ആക്റ്റീവ് ആയ വിവിധയിനം ഭക്തരാണെന്നു് അവരുടെ ചർച്ചകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രപഞ്ചം താനേ ഉണ്ടായി എന്നു് ശാസ്ത്രം പറയുന്നു എന്ന മുൻകൂർ പ്രസ്താവന ഇതിന്റെ ഒരു വകഭേദമാണു്. ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകുന്നില്ല, പിന്നെ എങ്ങനെ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന വൺ മില്ല്യൺ ഡോളർ ചോദ്യം ശാസ്ത്രലോകത്തെ പ്രതിനിധീകരിക്കുന്ന പക്ഷത്തിനോടു് ചോദിക്കാൻ പറ്റിയ ഒരു പ്രെമിസ് സൃഷ്ടിക്കുകയാണു് ആ പ്രസ്താവനയിലൂടെ ബുദ്ധിമാനായ നമ്മുടെ ഭക്തൻ ചെയ്യുന്നതു്. പ്രപഞ്ചത്തെ ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിൽ അങ്ങേരെ മറ്റാരെങ്കിലും ഉണ്ടാക്കിയതായിരിക്കണ്ടേ എന്ന ചോദ്യം ഭക്തൻ എതിർപക്ഷത്തുനിന്നും പ്രതീക്ഷിക്കുന്നുണ്ടു്. ആ ചോദ്യത്തിനു്, അങ്ങേർ സ്വയംഭൂവാണെന്ന സ്ഥിരം മറുപടിയുള്ളപ്പോൾ പേടിക്കേണ്ട കാര്യവുമില്ല. ഇൻഫിനിറ്റ് റിഗ്രെസ്സൊന്നും ഭക്തനെ ബാധിക്കുന്ന കാര്യമല്ല. പ്രാർത്ഥന കേട്ടാൽ ആമീൻ പറയണം, പഠിച്ചിട്ടു് വിമർശിക്കാൻ പറയണം, എതിരഭിപ്രായമുള്ളവരെയെല്ലാം മണ്ടന്മാരെന്നു് മുദ്രയടിക്കണം. ഓൺലൈൻ ചർച്ചകളിൽ പിടിച്ചു് നിൽക്കാൻ ഒരു ഭക്തനു് അതിൽ കൂടുതലൊന്നും ആവശ്യമില്ല.
പ്രപഞ്ചത്തിനു് ഉണ്ടാവാൻ കഴിയാത്ത അതേ ഇല്ലായ്മയിൽ നിന്നും സ്വയം ഉണ്ടായതെന്നു് അവൻതന്നെ വിശേഷിപ്പിക്കുന്ന തന്റെ ദൈവത്തെ ഉണ്ടാക്കിയെടുക്കാൻ കഴിവുള്ള മാജിക്കുകാരനാണു് ഭക്തൻ. അവന്റെ കാഴ്ചപ്പാടിൽ അതിൽ യുക്തിവിരുദ്ധതയൊന്നുമില്ല. ഭക്തന്റെ വീക്ഷണത്തിൽ ഇല്ലായ്മ രണ്ടു് തരമുണ്ടു്: ഒന്നു്, ദൈവത്തിനു് ഉണ്ടാവാൻ കഴിയുന്ന ഇല്ലായ്മ, മറ്റൊന്നു്, ബാക്കി പ്രപഞ്ചത്തിനു് ഉണ്ടാവാൻ കഴിയാത്ത ഇല്ലായ്മ. അങ്ങനെ, “സ്വയംഭൂവായ” ഒരു ദൈവത്തെ ഇല്ലായ്മയിൽ നിന്നും നിർമ്മിച്ചു് മൂക്കിൽ ഊതി ജീവൻ നൽകി സിംഹാസനത്തിൽ ഇരുത്തിക്കഴിഞ്ഞാൽ ഭക്തൻ സ്വസ്ഥനായി. ബാക്കി കാര്യങ്ങൾ കളിമണ്ണു് സിദ്ധാന്തം ഏറ്റെടുത്തുകൊള്ളും.
ശൂന്യതയിൽ നിന്നും ദൈവത്തെക്കൊണ്ടു് പ്രപഞ്ചത്തെ സൃഷ്ടിപ്പിച്ചതു് മതമാണു്, ശാസ്ത്രമല്ല. ശൂന്യതയിൽ ആ ദൈവം എവിടെനിന്നു് വന്നു എന്ന ചോദ്യത്തിനു്, ദൈവം സ്വയംഭൂവാണു് എന്നു് മറുപടി പറയാനുള്ള തൊലിക്കട്ടി മതങ്ങൾക്കേയുള്ളു, ശാസ്ത്രത്തിനില്ല. ഒരു ബിഗ്-ബാങ്ങിലൂടെ ഇപ്പോഴത്തെ പ്രപഞ്ചം രൂപമെടുത്തു എന്നു് ഇതുവരെയുള്ള ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ പറയാമെന്നല്ലാതെ, എന്തിനു് ബിഗ്-ബാങ് ഉണ്ടായി, ബിഗ്-ബാങ്ങിനു് മുൻപു് എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു് സംശയരഹിതമായ മറുപടി ഇതുവരെ ശാസ്ത്രത്തിനില്ല. ഇല്ലാത്ത മറുപടിയുടെ പേരിൽ സ്വയംഭൂസിദ്ധാന്തികളുടെയും, കളിമൺവിശാരദരുടെയും മുന്നിൽ കണക്കു് ബോധിപ്പിക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്നു് കരുതുന്ന ഏതെങ്കിലും ഒരു ശാസ്ത്രജ്ഞൻ ഈ ലോകത്തിലുണ്ടെന്നും എനിക്കു് തോന്നുന്നില്ല. ദൈവവിശ്വാസികൾ തെറ്റായ വഴിയിലാണെന്നും, അവരെ നേരായ വഴിയിൽ കൊണ്ടുവരേണ്ടതു് തന്റെ കടമയാണെന്നുമുള്ള ചിന്തമൂലം ശാസ്ത്രജ്ഞരുടെ രാവുകൾ നിദ്രാവിഹീനങ്ങളാണെന്നു് കരുതുന്ന ഭക്തരുമുണ്ടാവാം. അതു് ആ ഭക്തരുടെ മാത്രം പ്രശ്നമാണു്, ശാസ്ത്രത്തിന്റേതല്ല.
മദ്ധ്യകാലയൂറോപ്പിലെ ക്രിസ്തുമതമാണു് തത്വചിന്തയെ വിശ്വാസത്തിന്റെ അടിത്തറയിൽ കുത്തിനിർത്തിയതു്. ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറ മൂന്നു് ഉത്തമബോദ്ധ്യങ്ങളാണു്: 1. ശൂന്യതയിൽ നിന്നും ദൈവം സൃഷ്ടിച്ചതാണു് ഈ ലോകം. 2. ദൈവം സ്നേഹമാണു്. 3. ദൈവത്തിന്റെ രാജ്യം വരും.
ആദ്യത്തെ വിശ്വാസസത്യം വരുന്നതു് ബൈബിളിലെ ഉല്പത്തിപ്പുസ്തകത്തിൽ നിന്നാണു്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”. സർവ്വശക്തനായ ഒരു ദൈവം ഭൗതികവും ആത്മീയവുമായ എല്ലാ പ്രപഞ്ചവസ്തുക്കളെയും സൃഷ്ടിച്ചു എന്ന സൂപ്പർനാച്ചുറൽസത്യം ദൈവം തന്നെ മനുഷ്യനു് വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. യഹൂദമതവും ക്രിസ്തുമതവും ഇസ്ലാമും വെളിപാടു് മതങ്ങളാവുന്നതു് അതുകൊണ്ടാണു്. ദൈവം തന്റെ ഇച്ഛാശക്തി പ്രയോഗിച്ചാണു് എല്ലാറ്റിനേയും സൃഷ്ടിച്ചതു് എന്ന വിശ്വാസപ്രമാണം വഴി ക്രൈസ്തവസഭ തള്ളിക്കളഞ്ഞതു്, പ്രപഞ്ചത്തിനു് ഒരു ആരംഭമില്ല എന്ന അരിസ്റ്റോട്ടിലിന്റെയും, പ്രപഞ്ചത്തിൽ കയോട്ടിക് അവസ്ഥയിൽ ഉണ്ടായിരുന്ന ആദിദ്രവ്യത്തിൽ നിന്നും ഒരു ശില്പിയുടെ മാതൃകയിൽ, ദൈവം ഓർഗനൈസ്ഡ് ആയ ഈ ലോകത്തെ സൃഷ്ടിക്കുകയായിരുന്നു എന്ന പ്ലേറ്റോയുടെയും ഫിലോസഫികളെ ആയിരുന്നു.
ദൈവം സ്നേഹമാണെന്ന രണ്ടാമത്തെ വിശ്വാസപ്രമാണം വരുന്നതു് യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുമാണു്: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”. സ്വയംപൂർണ്ണനായ ഒരു ദൈവം അപൂർണ്ണരായ മനുഷ്യരിലേക്കു് ഇറങ്ങിവരികയും, അവരുടെ പാപങ്ങളുടെ പേരിൽ അങ്ങേയറ്റം ഹീനമായ കുരിശുമരണം സ്വീകരിക്കുകയും ചെയ്തു എന്നതൊക്കെ പൗരാണിക ഗ്രീക്ക് തത്വചിന്തപ്രകാരം സങ്കല്പിക്കാൻ പോലും പറ്റാത്തവിധം നികൃഷ്ടമായ കാര്യങ്ങളാണു്. ക്രൈസ്തവരുടെ ഈ ദൈവസ്നേഹസിദ്ധാന്തത്തിൽ നിന്നും വ്യത്യസ്തമായി, “സ്വയം ചലിക്കാതെ ചലിപ്പിക്കുന്ന” ഒരു ദൈവത്തേയും, ആ ദൈവത്തോടു് മനുഷ്യർക്കുള്ള ഏകപക്ഷീയമായ സ്നേഹത്തേയുമേ അരിസ്റ്റോട്ടിൽ കണ്ടിരുന്നുള്ളു.
ദൈവരാജ്യം വരുമെന്ന മൂന്നാമത്തെ വിശ്വാസസത്യം വരുന്നതു് സുവിശേഷങ്ങളിൽ നിന്നുമാണു്. ഉദാഹരണത്തിനു്, മർക്കോസിന്റെ സുവിശേഷം: “എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു് നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു് അവർ കാണും. അന്നു് അവൻ തന്റെ ദൂതന്മാരെ അയച്ചു്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും”. യേശു ഇതു് പറയുമ്പോൾ കേട്ടുകൊണ്ടു് നിന്നിരുന്നവരുടെ തലമുറ അവസാനിക്കുന്നതിനു് മുൻപേ ഇവയൊക്കെ സംഭവിക്കും എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം.
ഉല്പത്തിപ്പുസ്തകം പറയുന്നപോലെ, ലോകത്തിനു് ഒരു ഉത്ഭവം മാത്രമല്ല, അവസാനവുമുണ്ടു്. അതിനു് ശേഷമാണു് ദൈവത്തിന്റെ വാഗ്ദത്തദേശം സംജാതമാവുന്നതു്. ഇവിടെയും ക്രൈസ്തവവിശ്വാസം ഗ്രീക്ക് തത്വചിന്തയെ നിഷേധിക്കുകയാണു് ചെയ്യുന്നതു്. പ്രകൃത്യനുസൃതമായതും, ചാക്രികമായി ആവർത്തിക്കപെടുന്നതുമായ ഒരു പ്രക്രിയയായി പ്രപഞ്ചം എന്ന പ്രതിഭാസത്തെ മനസ്സിലാക്കാൻ പുരാതന ഗ്രീക്ക് ചിന്തകർ ഇഷ്ടപ്പെടുമ്പോൾ, സൃഷ്ടിയിൽ തുടങ്ങി, ക്രിസ്തു എന്ന മദ്ധ്യത്തിലൂടെ (B. C./A. D.), അന്ത്യവിധിനാളിലെത്തുന്ന രേഖീയമായ (linear) ഒരു പ്രപഞ്ചഗതിയാണു് ക്രൈസ്തവർ സ്വീകരിക്കുന്നതു്. ഈ “മദ്ധ്യബിന്ദു സിദ്ധാന്തം” രൂപമെടുക്കുമ്പോൾ പ്രപഞ്ചവും ഭൂമിയുമൊന്നും അവയുടെ വയസ്സറിയിച്ചിരുന്നില്ല (Universe: ca. 14 billion years; Earth: ca. 4.5 billion years). അതുകൊണ്ടു് യേശുവിനെ രണ്ടായിരം വർഷങ്ങൾക്കു് മുൻപുള്ള ഒരു ബിന്ദുവിൽ പ്രതിഷ്ഠിച്ച സഭാപിതാക്കൾക്കു് ആ ബിന്ദുവിനെ കാലത്തിന്റെ മദ്ധ്യബിന്ദുവാക്കി വെഞ്ചരിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. “അബദ്ധവും ഭോഷത്വവുമായ ചാക്രികചലനങ്ങൾ” എന്നു് പരിഹസിച്ചാണു് സഭാപിതാവു് സെയ്‌ന്റ് അഗസ്റ്റിൻ (Augustine of Hippo 354 – 430) ഗ്രീക്ക് ചിന്തകരുടെ “പ്രഹസനങ്ങളെ” തള്ളിക്കളയുന്നതു്!
ഒരു ഏകദേശ കാലഘട്ടം സൂചിപ്പിച്ചാൽ, ആയിരം വർഷം നീണ്ടുനിന്ന ഗ്രീക്ക്-റോമൻ പുരാതനകാലം A. D. 476-ലെ പശ്ചിമറോമൻ സാമ്രാജ്യത്തിന്റെ അന്ത്യത്തോടെയാണു് അവസാനിച്ചതു്. അടുത്ത ആയിരം വർഷം നീണ്ടുനിന്ന മദ്ധ്യകാലം അവസാനിച്ചതു് A. D. 1492-ൽ അമേരിക്ക കണ്ടുപിടിക്കപ്പെട്ടതോടെ ആയിരുന്നു. വീഞ്ഞുകുടിച്ചും മാംസം തിന്നും വീർത്ത സഭാപിതാക്കളുടെ സുവർണ്ണകാലമായിരുന്നു അതു്. അന്ധകാരയുഗവും, ഇൻക്വിസിഷനും, ജീവനോടെ ദഹിപ്പിക്കലുമെല്ലാം ഉൾപ്പെടുന്ന “ദൈവസ്നേഹത്തിന്റെ” നല്ല കാലം! കൂട്ടത്തിൽ ഇതുകൂടി ശ്രദ്ധിക്കുന്നതു് രസകരമായിരിക്കും: സെയ്‌ന്റ് അഗസ്റ്റിൻ മരിച്ചു് 140 വർഷങ്ങൾ കഴിഞ്ഞിട്ടാണു് മുഹമ്മദ് നബി (570 – 632) ജനിക്കുന്നതു്. അല്ലാഹു ജിബ്രീൽ വഴി മുഹമ്മദിനു് ഖുർആൻ ഓതിക്കൊടുക്കാൻ തുടങ്ങുന്നതു് അഗസ്റ്റിൻ മരിച്ചു് 180 വർഷങ്ങൾ കഴിഞ്ഞു് A.D. 610 മുതലും!
ദൈവഭക്തർ ബിഗ്-ബാങ്ങിലും, ക്വാണ്ടം ഫിസിക്സിലും, ഇവൊല്യൂഷനിലുമെല്ലാം കയറിപ്പിടിച്ചു് കൈ പൊള്ളിക്കുന്നതിനു് മുൻപു് ഈ കഥകളൊക്കെ ഒന്നു് അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. പ്രപഞ്ചം തനിയെ ഉണ്ടായി എന്നു് ശാസ്ത്രം പറയുന്നു എന്നും മറ്റും ശാസ്ത്രമെന്തെന്നോ സ്വന്തം ഗ്രന്ഥമെന്തെന്നോ അറിയാത്ത കുറേ ഭക്തർ പീരിയോഡിക്കലായി വിളിച്ചുപറഞ്ഞു് ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നതു് മനസ്സിലാക്കാവുന്നതേയുള്ളു. എല്ലാ സൃഷ്ടിപ്പും തന്റേതാണു്, എല്ലാ നേട്ടങ്ങളും താൻ ഉണ്ടാക്കിയതാണു് എന്നെല്ലാം എട്ടുകാലി മമ്മൂഞ്ഞുകൾ അവകാശപ്പെടുന്നു, പ്രപഞ്ചവും അതിലുള്ളവയുമെല്ലാം എന്റെ ദൈവം ഉണ്ടാക്കിയതാണെന്നു് ഭക്തൻ അവകാശപ്പെടുന്നു, അത്രതന്നെ. ഒറിജിനൽ എട്ടുകാലി മമ്മൂഞ്ഞുകൾക്കു് അതിൽ വൈക്ലബ്യമൊന്നും തോന്നാറില്ല. കാരണം, അതു് അവരുടെ എസ്സൻഷ്യലായ ഗുണമാണു്. സ്വന്തം ദൈവത്തെ കാണുന്നിടത്തെല്ലാം കൊണ്ടുപോയി ഒട്ടിച്ചു് അതിന്റെയെല്ലാം അവകാശിയാക്കി വേഷം കെട്ടിച്ചു് എട്ടുകാലി മമ്മൂഞ്ഞു് ചമയിക്കുന്നവർക്കും അതേ കാരണത്താൽതന്നെയാണു് വൈക്ലബ്യമൊന്നും തോന്നാത്തതു്.
God’s only excuse is that he does not exist എന്നു് Stendhal പറഞ്ഞപോലെ, എന്റെ ഏറ്റവും വലിയ ഭാഗ്യം ഞാൻ ഇല്ല എന്നതാണു് എന്നു് ഭക്തമമ്മൂഞ്ഞുകളുടെ ദൈവവും ആശ്വസിക്കുന്നുണ്ടാവണം.
Sep 3, 2016, 7:16 AM
ആർത്തവം കൂടിയേ തീരൂ എന്ന പിടിവാശി സ്ത്രീകൾ ഉപേക്ഷിച്ചാൽ ഇപ്പോൾ കേരളത്തെ ബാധിച്ചിരിക്കുന്ന ആത്മീയകൊടിഞ്ഞിക്കു് ഒരു പരിഹാരമായേനെ! നൂറുകണക്കിനു് ചർച്ചത്തൊഴിലാളികൾ തൊഴിലില്ലാത്തവരാകും എന്നതിനാലാവണം ആർത്തവം ഉപേക്ഷിക്കില്ലെന്ന നിലപാടിൽ സ്ത്രീകൾ ഉറച്ചു് നിൽക്കുന്നതു്. വീട്ടിൽ അടുപ്പു് പുകയാതായാലത്തെ കഷ്ടപ്പാടു് സ്ത്രീകൾക്കേ അറിയൂ. തൊഴിലില്ലാതാവുന്ന മുഴുവൻ ക്ലൗണുകൾക്കും തൊഴിൽ നൽകാൻ മാത്രം സർക്കസുകൾ എവിടെയിരിക്കുന്നു കേരളത്തിൽ? തുറക്കാനാവുന്ന കശുവണ്ടി ഫാക്ടറികളുടെ എണ്ണത്തിനുമില്ലേ ഒരു പരിധി?
Sep 4, 2016, 12:33 PM
അഗതികളെയും, ആസന്നമരണരെയും, അദ്ധ്വാനിക്കുന്നവരെയും, ഭാരം ചുമക്കുന്നവരെയുമെല്ലാം അവർക്കുതന്നെ വിറ്റു് കാശാക്കാം. എങ്ങനെയെന്ന ബിസ്നസ് തന്ത്രം അറിയണമെന്നേയുള്ളു.
Sep 5, 2016, 5:37 PM
തെരേസ അമൃതാനന്ദമയിയല്ല, മുഖ്യമന്ത്രി പ്രധാനമന്ത്രിയല്ല, മാണി ബാബുവല്ല, ഷി ജിൻപിങ് ഒബാമയുമല്ല. ഈ വ്യത്യാസം എപ്പോഴും ശ്രദ്ധിക്കാൻ നമ്മൾ കുഴലൂത്തുകാർ ബാദ്ധ്യസ്ഥരാണു്. പുകഴ്ത്തേണ്ടവരെ പുകഴ്ത്തുക, ഇകഴ്ത്തേണ്ടവരെ ഇകഴ്ത്തുക എന്ന, നമ്മൾ ഏറ്റെടുത്തിരിക്കുന്ന വിശുദ്ധകർമ്മം നിറവേറ്റാൻ അതു് ആവശ്യമാണു്. നമ്മൾ വിസിൽ ബ്ലോവേഴ്‌സല്ല, കുഴൽ ബ്ലോവേഴ്സാണു്. ആളും തരവും നോക്കി മാറിമാറി വരുന്നതാവണം നമ്മുടെ ശരിതെറ്റുകൾ.
Sep 8, 2016, 12:43 PM
അസ്തിത്വദുഃഖങ്ങൾ പലവിധമുണ്ടു്. കരഞ്ഞു് തീർക്കാവുന്നവയുണ്ടു്, കരഞ്ഞാലും തീരാത്തവയുമുണ്ടു്. അസ്തിത്വം എന്നാൽ ഉണ്ടു് എന്ന അവസ്ഥയായതിനാൽ, ഉണ്മ ഇൽമയായാൽ അസ്തിത്വദുഃഖവും നിശ്ശേഷമായും ഇല്ലാതാവേണ്ടതാണു്. പക്ഷേ, ഭൗതികമായ അസ്തിത്വത്തിനു് ശേഷം ആത്മീയമായ അസ്തിത്വമുണ്ടു് എന്നു് വിശ്വസിക്കുന്നവരുടെ കാര്യത്തിൽ ഈ ദുഃഖം പരലോകത്തിലുമെത്തി ആത്മാവിന്റെ തലങ്ങളിൽ തന്റെ ക്ഷുദ്രപ്രവൃത്തികൾ തുടർന്നു് കൂടെന്നുമില്ല. ഇവയ്ക്കു് രണ്ടിനും പുറമെ “അസ്ഥിത്വദുഃഖം” എന്ന മറ്റൊന്നുകൂടിയുണ്ടു്. അതു് പക്ഷേ അസ്ഥികൾക്കു് പരിക്കു് പറ്റിയാലേ ഉണ്ടാവാറുള്ളു. വഴി ചോദിക്കുന്നവന്റെ ജാതി ചോദിച്ചു് കാലു് തല്ലിയൊടിക്കുന്നവരുടെ നാട്ടിൽ അസ്ഥിത്വദുഃഖത്തെപ്പറ്റിയും സൂചിപ്പിക്കേണ്ടതുണ്ടു്. തെറ്റിദ്ധാരണകൾ ഉണ്ടാവാൻ പാടില്ലല്ലോ.
അങ്ങനെയുള്ള അനേകദുഃഖങ്ങളിൽ ഒരേകദുഃഖമാണു് ഉറങ്ങാൻ കഴിയാത്തവന്റെ ദുഃഖം. കവി ജി സുധാകരൻ ജി തന്റെ ഒരു കവിതയിൽ അതു് വൃത്തിയായി വരച്ചു് കാണിക്കുന്നുണ്ടു്. കവിതാസ്വാദകർക്കു് തൊട്ടു് നാക്കിൽ വയ്ക്കാൻ അതിൽ നിന്നും ഒരു സാമ്പിൾ:
“ഉറങ്ങണം
എനിക്ക് ഉറങ്ങണം
പക്ഷേ, ഉറങ്ങുവാന്‍
ഒട്ടും കഴിയുന്നില്ലല്ലോ
ഉറങ്ങുവാന്‍
കിടന്നുറങ്ങുമ്പോള്‍
പെട്ടെന്നുണര്‍ന്നു-
പോകുന്നു
ഉറക്കം പോകുന്നു
ഉറക്കമേ!
പറന്നകന്നു പോകുന്നോ
പറന്നങ്ങെത്തുവാന്‍
കഴിയുന്നീലല്ലോ!”
ദുഷ്ടനായ രാവണൻ ചിറകുകൾ അരിഞ്ഞുകളഞ്ഞതിനാൽ പറക്കാനാവാതെ പാറയിൽ കിടന്നു് പിടയാൻ മാത്രം കഴിയുന്ന ജഡായുവിനോടാണു്, ഉറക്കത്തിന്റെ പുറകെ വച്ചു് പിടിക്കാൻ കഴിയാത്ത കവി തന്നെത്തന്നെ താരതമ്യം ചെയ്യുന്നതു്. രാവണൻ സീതയെ എന്നപോലെ, നിദ്രാദേവൻ (അതോ ദേവിയോ?) കവിയുടെ ഉറക്കത്തെ ബന്ധിയാക്കി പുഷ്പകവിമാനത്തിൽ കയറ്റി പറന്നു് അകന്നകന്നു് പോകുമ്പോൾ കവി അനുഭവിക്കുന്ന അസ്തിത്വദുഃഖമാണു് ആ കവിതയിലൂടെ കണ്ണുനീരായി ഒഴുകുന്നതു്.
സ്വൈര്യവും സമാധാനവുമായി ഉറങ്ങുന്നവരെ കാണുമ്പോഴുള്ള കണ്ണുകടിയും അസ്തിത്വദുഃഖമായി, വിലാപകാവ്യമായി ഭക്തരുടെ ലോകങ്ങളിൽ പരിണമിക്കാറുണ്ടു്. ഏതു് നിമിഷവും സംഭവിക്കാവുന്ന, നമ്മുടെ കർത്താവേശുമശിഹായുടെ രണ്ടാമത്തെ വരവിനു് വേണ്ടി ഉറക്കമിളച്ചും കരഞ്ഞുവിളിച്ചും കാത്തിരിക്കാതെ, പോത്തുപോലെ കിടന്നു് ഉറങ്ങുന്നവരെ കാണുമ്പോൾ അസ്തിത്വദുഃഖം അനുഭവിക്കുന്ന കവികളുടെ രചനകൾ ആ വിഭാഗത്തിൽ വരുന്നവയാണു്. സരസാത്മാക്കൾക്കു് രുചി നോക്കാൻ അവരുടെ പാട്ടിന്റെ ഒരു കഷണം: “കപ്പലിലുറങ്ങീടുന്ന യോനായേപ്പോലുള്ളവരെ, എത്രനാളുറങ്ങുമെന്റെ കർത്താവിപ്പോൾ വന്നേക്കാം”. ദൈവത്തോടൊപ്പം, ഉറങ്ങുന്നവരെക്കൂടി ഉണർത്തിയാൽ മാത്രം ആശ്വാസം ലഭിക്കുന്ന അസ്തിത്വദുഃഖമായതിനാലാവാം, പാടുന്നതിനൊപ്പം ഭൂതബാധയേറ്റവരെപ്പോലെ തമ്പേർ കൊട്ടുകയും ചെയ്യുന്നതാണു് ഇവരുടെ രീതി.
“മരത്തിൻ ചോട്ടിൽ പെടുക്കും പട്ടി കുരയ്ക്കും ശബ്ദമതു് കേട്ടാലും” ഉണരാതെ, റിപ് വാൻ വിങ്കിളിനെപ്പോലെ കിടന്നുറങ്ങുന്നവരും വിശ്വാസപരമായ കാര്യങ്ങളിൽ പാറപോലെ (പത്രോസ് പോലെ എന്നു് പറഞ്ഞാലും അർത്ഥം ഒന്നുതന്നെ) ഉറച്ച മനസ്സുള്ളവരിലും സമാനമായ അസ്തിത്വദുഃഖം ഉണർത്താറുണ്ടു്:
“മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിയ്ക്ക
മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു് നീ കിടന്നു്
മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ”
അതുകൊണ്ടു്, എനിക്കുറങ്ങണം എന്നൊരു കവി പാടിയാൽ ആയിക്കോട്ടേ എന്നു് മറുപടി പറയാൻ എനിക്കു് സന്തോഷമേയുള്ളു. മറ്റാർക്കും ദോഷമില്ലാത്ത ഒരു കാര്യത്തിനു് ചേതമില്ലാത്ത ഒരു ഉപകാരം. അവിടെ കയറി റെയ്ഡ് നടത്തി ശല്യം ചെയ്യുന്നതു് മര്യാദകേടാണു്. പക്ഷേ, ഉറങ്ങുന്നവരെ ഉണർത്തുന്നവിധം തമ്പേർ കൊട്ടി പാട്ടുകുർബ്ബാന ചൊല്ലുന്ന പരിപാടി അത്ര നല്ല കാര്യമായി എനിക്കു് തോന്നുന്നില്ല. ആലാപനസമയത്തെ അവരുടെ മുഖഭാവം, പ്രശ്നം മലബന്ധമാണോ എന്നൊരു സംശയത്തിനു് വക നൽകുന്നുണ്ടു്. അങ്ങനെയെങ്കിൽ, മനത്തെയല്ല, സ്വന്തം മലത്തെയാണു് അവർ പാടിയുണർത്തി പുറത്തു് ചാടിക്കേണ്ടതു് എന്നാണെന്റെ പക്ഷം. “മലമേ എന്റെ കുടലിൽ കിടന്നുറങ്ങാതെന്റെ മലമേ” എന്ന പാട്ടു് പുലർകാലത്തിലേതന്നെ പദ്മാസനത്തിലിരുന്നു് പാടുന്നതു് എന്റെ കാര്യത്തിൽ നല്ല ഫലം നൽകാറുണ്ടു്. കോപ്പി ലെഫ്റ്റ് ആയതിനാൽ, ഈ പ്രൊസീജർ ആർക്കും പരീക്ഷിച്ചു് നോക്കാവുന്നതാണു്. കടപ്പാടു് വയ്ക്കേണ്ട ആവശ്യമില്ല.
Sep 8, 2016, 12:57 PM
വാമനനും ഇ. എം. എസ്. നമ്പൂതിരിപ്പാടും തമ്മിൽ വല്ല ജന്മാന്തരഅന്തർധാരയും ഉണ്ടായിരുന്നോ എന്നൊരു പരിശോധന അസ്ഥാനത്തല്ലെന്നു് തോന്നുന്നു.
Sep 11, 2016, 12:56 PM
യോഹന്നാൻ എന്ന പേരിൽ ബൈബിളിലെ സുവിശേഷം എഴുതിയതു് ആരായിരുന്നാലും, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു” എന്നെല്ലാം ദൈവദത്തമായ ആധികാരികതയോടെ പ്രഖ്യാപിക്കുന്ന ആ വ്യക്തിക്കു് തുടക്കത്തിലേതന്നെ ചില തെറ്റുകൾ പറ്റി എന്നു് പറയാതെ വയ്യ. അദ്ദേഹം സങ്കല്പിച്ചപോലെ ആദിയിൽ വചനമോ ദൈവമോ ഉണ്ടായിരുന്നില്ല. ഭൂമി പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വചനത്തിനു് ദൈവത്തോടുകൂടെയോ, ദൈവംതന്നെയോ ആയിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ അറിവിൽ*, ആദിയിൽ ഉണ്ടായിരുന്നതു് ദ്രവ്യത്തിന്റെ ഒരു രൂപഭേദമായ ഊർജ്ജം ആയിരുന്നിരിക്കണം. രൂപമാറ്റം സംഭവിക്കാമെന്നല്ലാതെ, ഇല്ലാതാവാൻ കഴിയാത്ത ആ ഊർജ്ജത്തിൽ നിന്നും ഇവോൾവ് ചെയ്തതാവണം ഇപ്പോഴത്തെ പ്രപഞ്ചം. പക്ഷേ, ആ ഊർജ്ജമാണു്, എത്രയോ കോടി വർഷങ്ങൾ കഴിഞ്ഞു് പ്രപഞ്ചത്തിലെ സൗരയൂഥത്തിൽ ഒരു ചെറിയ തരിയായി രൂപമെടുത്ത ഭൂമി എന്നൊരു ഗ്രഹത്തിലെ, “ചലനശേഷിയുള്ള പൂപ്പലുകൾ” എന്നു് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന മനുഷ്യജീവികളുടെ കർമ്മങ്ങൾ വീക്ഷിച്ചു് നന്മതിന്മകൾ തരം തിരിച്ചു് അവരിൽ ശിക്ഷാവിധികൾ നടപ്പിലാക്കാനായി കാത്തിരിക്കുന്ന ദൈവം എന്നൊക്കെ പറയണമെങ്കിൽ അല്പമൊന്നും ചാണകം തലയിൽ ഉണ്ടായാൽ പോരാ .
1400 കോടി വർഷങ്ങൾക്കു് മുൻപു് ഒരു ബിഗ് ബാങ്ങിലൂടെ രൂപമെടുത്ത പ്രപഞ്ചത്തിൽ, 450 കോടി വർഷങ്ങൾക്കു് മുൻപു് ഭൂമി എന്ന ഗ്രഹം ഉണ്ടായെങ്കിലും ജീവിവർഗ്ഗങ്ങൾക്കു് രൂപമെടുക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ ഭൂമിയിലുണ്ടായതു് അതിനും വളരെ കാലങ്ങൾക്കു് ശേഷമാണു്. സുദീർഘമായ ആ കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഹോമോ സേപിയൻസ് എന്നു് വിളിക്കപ്പെടുന്ന ഇന്നത്തെ മനുഷ്യവർഗ്ഗം ഭൂമിയിൽ വസിക്കുന്ന ഏകദേശം രണ്ടു് ലക്ഷം വർഷങ്ങളെ ഏതാനും നിമിഷങ്ങൾ എന്നേ വിളിക്കാനാവൂ. അതിനും വളരെ വർഷങ്ങൾക്കു് ശേഷമാണു് ഹോമോ സേപിയൻസ് സ്വന്തം തലകളിൽ അവരുടെ വിവിധയിനം ദൈവങ്ങൾക്കു് ജന്മം നൽകിയതു്. കാണുന്നതും കാണാത്തതുമായ എല്ലാറ്റിന്റെയും പിന്നിൽ ദൈവമാണെന്നും, ദൈവത്തെപ്പറ്റി ചിന്തിച്ചുകൊണ്ടല്ലാതെ ലോകത്തെപ്പറ്റിയോ മനുഷ്യരെപ്പറ്റിയോ ചിന്തിക്കരുതെന്നും കണ്ഡീഷൻ ചെയ്യപ്പെട്ട തലകളിലല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരിടത്തും കാണാനില്ലെങ്കിലും, സർവ്വവ്യാപിയും, സർവ്വശക്തനും, സർവ്വജ്ഞാനിയും എന്നുവേണ്ട, ഒരു മനുഷ്യനു് തനിക്കുതന്നെ എന്തെന്തെല്ലാം സ്യുപർലറ്റീവുകൾ ചാർത്തിക്കൊടുക്കാൻ പറ്റുമോ അവയെല്ലാം തന്റെ ദൈവത്തിലും കുത്തിത്തിരുകി, ഊതി വീർപ്പിച്ചു് പ്രപഞ്ചത്തേക്കാൾ വലുതാക്കി ആകാശസ്വർഗ്ഗത്തിലെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട മനുഷ്യന്റെ പ്രതിബിംബങ്ങളല്ലാതെ മറ്റൊന്നുമല്ല ദൈവങ്ങൾ.
മാംസം ഭക്ഷിക്കുന്ന ദൈവങ്ങൾ, വെണ്ണയും പാലും മദ്യവും സേവിക്കുന്ന ദൈവങ്ങൾ, “നീ വലിയവൻ” എന്നു് ദിവസത്തിൽ എത്രവട്ടം കേട്ടാലും മതിവരാത്ത ദൈവങ്ങൾ, പേടിക്കേണ്ടുന്ന ദൈവങ്ങൾ, പ്രപഞ്ചത്തെ വാക്കുകൊണ്ടും, മനുഷ്യനെ കളിമണ്ണുകൊണ്ടും സൃഷ്ടിച്ച ദൈവങ്ങൾ, ഭൂമിയെ പപ്പടം പോലെ പരത്തിയ ദൈവങ്ങൾ, ഉണ്ടപോലെ ഉരുട്ടിയ ദൈവങ്ങൾ, രാവെന്നോ പകലെന്നോ, കക്കൂസിലെന്നോ കുളിമുറിയിലെന്നോ വ്യത്യാസമില്ലാതെ ഒളിഞ്ഞുനോക്കി മനുഷ്യരുടെ എല്ലാ പ്രവൃത്തികളും കാണുകയും കേൾക്കുകയും, എല്ലാം കണക്കുപുസ്തകത്തിൽ കുറിച്ചു് വയ്ക്കുകയും ചെയ്യുന്ന ഗുമസ്തദൈവങ്ങൾ! ഈവിധ ദൈവങ്ങളാണു് ഇന്നത്തെ പ്രപഞ്ചത്തിനും, ഒരുപാടു് പണ്ടത്തെ ബിഗ് ബാങ്ങിനും പിന്നിൽ ഒളിച്ചിരുന്നു് മനുഷ്യരുടെ കളികളും കാര്യങ്ങളും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നതു്! ഈ വിഡ്ഢിത്തങ്ങളെല്ലാം മറുചോദ്യമില്ലാതെ വിശ്വസിച്ചാൽ ചത്തു് കഴിഞ്ഞു് സ്വർഗ്ഗത്തിലേക്കു് രക്ഷപെടാം, വിശ്വസിച്ചില്ലെങ്കിൽ നരകത്തിലെ വറചട്ടിയിൽ കിടന്നു് തന്നെയും പിന്നെയും പൊരിയാം.
ആത്മീയബിസ്നസിന്റെ ആദിയിൽ വചനമോ ദൈവമോ അല്ല ഉണ്ടായിരുന്നതു്, വചനശേഷിയുള്ള മനുഷ്യനായിരുന്നു, ആ മനുഷ്യനാണു് വില്പനച്ചരക്കായ ദൈവത്തിന്റെ സ്രഷ്ടാവു്. മാറിമാറിവന്ന ദൈവവില്പനക്കാർ ദൈവത്തിന്റെ വായിൽ തിരുകിയ വചനങ്ങളല്ലാതെ ഒരു ദൈവവും ഇന്നുവരെ ഒരു വചനവും സ്വന്തമായി പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. കാരണം, മിഥ്യയായതിനു് ചിന്താശേഷിയോ സംസാരശേഷിയോ പ്രവർത്തനശേഷിയോ ഇല്ല. ഓംനിപൊട്ടന്റ് ആയ ഒരു ദൈവവും ഇല്ല. മനുഷ്യനെ ആശ്രയിക്കാതെ, അവന്റെ സഹായമില്ലാതെ നിലനിൽക്കാൻ കഴിയുന്ന ഒരു ദൈവവും ഇതുവരെ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അതുകൊണ്ടു്, എല്ലാ ദൈവങ്ങളും ഇംപൊട്ടന്റുകളാണു്. ഒരു ആബ്സൊല്യൂട്ട് സത്യം വേണമെന്നു് നിർബന്ധമുള്ളവർക്കു് അതു് ഈ സത്യത്തിൽ കണ്ടെത്താം.
ദൈവങ്ങൾ സ്വയം അവതരിക്കുകയായിരുന്നില്ല, അവരെ മനുഷ്യർ അവതരിപ്പിക്കുകയായിരുന്നു. പുരാതനകാലങ്ങളിലെ ദൈവങ്ങളെ മിത്തുകളിലൂടെ ആയിരുന്നു മനുഷ്യർ ലോകത്തിലേക്കു് ആനയിച്ചതു്. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾക്കു് ഇഡിയറ്റ് പ്രൂഫ് ആയ വിശദീകരണങ്ങൾ, മനുഷ്യർ നേരിടുന്ന രോഗം, അപകടം, മരണം തുടങ്ങിയ പ്രശ്നങ്ങൾക്കു് ഒറ്റമൂലി പരിഹാരങ്ങൾ! അതായിരുന്നു പൊതുവേ മിത്തുകളുടെ മുഖമുദ്ര. രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളുടെ ചിലവിൽ എന്നപോലെ, മനുഷ്യരുടെ ചിലവിൽ ദൈവങ്ങളും, ഭൂതങ്ങളും, പ്രേതങ്ങളും അരങ്ങേറുന്ന പൊറാട്ടുനാടകങ്ങൾ! പ്രപഞ്ചവും അതിലെ മുഴുവൻ ചരാചരങ്ങളും ഐതിഹ്യങ്ങൾ വഴി വിശദീകരിക്കപ്പെട്ടിരുന്നു. ഓരോ പ്രദേശങ്ങൾക്കും അവയുടേതായ ദൈവങ്ങളും സൃഷ്ടികഥകളും ഉണ്ടായിരുന്നു. ഗ്രീക്ക് മിഥോളജിയുടെ ഒരു വേർഷൻ പ്രകാരം, ആദിയിൽ ഉണ്ടായിരുന്നതു് യുറിനോം എന്ന ദേവിയായിരുന്നു. കയോസിൽ നിന്നും നഗ്നയായി ഉയർന്നു് വന്ന അവൾ കാലു് വയ്ക്കാൻ ഇടം കാണാഞ്ഞു് ആകാശത്തേയും കടലിനേയും തമ്മിൽ വേർപിരിച്ച ശേഷം തിരകൾക്കു് മീതെ നൃത്തം ചെയ്യാൻ തുടങ്ങി. തുടർന്നു്, മഹാസർപ്പമായ ഒഫിയോണുമായി ഇണചേർന്ന ശേഷം പ്രാവിന്റെ രൂപമെടുത്ത യുറിനോം തിരകളുടെ പുറത്തു് “ലോകമുട്ട”യിട്ടു. അവളുടെ കല്പനപ്രകാരം ഒഫിയോൺ ആ മുട്ടയെ ഏഴു് വട്ടം ചുറ്റുകയും അതുവഴി മുട്ട വിരിയുകയും ചെയ്തു. ആ മുട്ടയിൽ നിന്നുമാണു് പ്രപഞ്ചത്തിലുള്ള സകലതും പുറത്തു് വന്നതു്. ഗ്രീക്ക് മിഥോളജിയിലെ മുഖ്യദൈവമായ സ്യൂസിന്റെ മൂന്നാമത്തെ ഭാര്യയും കൂടിയാണു് യുറിനോം.
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ സാങ്കല്പിക കഥകളിലൂടെ വ്യാഖ്യാനിച്ചിരുന്ന മിത്തുകളോടു് ആദ്യമായി വിടപറഞ്ഞു് തത്വചിന്ത രൂപമെടുത്തതു് ഗ്രീസിലായിരുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാണു് ഗ്രീസിനെ അക്കാര്യത്തിൽ നല്ലൊരു അളവുവരെ സഹായിച്ചതു്. പൊട്ടക്കിണറ്റിൽ എന്നപോലെ ഐസൊലേറ്റഡ് ആയ സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ തലയിൽ വലിയ ചിന്തകൾ രൂപമെടുക്കാനുള്ള സാദ്ധ്യത കുറവായിരിക്കും. അവർക്കു് അതു് അറിയാൻ കഴിയുകയുമില്ല എന്നതാണു് അതിനേക്കാൾ ദുഃഖകരം. അതുപോലെ, മരുഭൂമിയിലെ ചൂടിൽ ഉണങ്ങിവരളുന്ന തലകളിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള തരം ഹലൂസിനേഷൻസ് ധ്രുവപ്രദേശത്തെ തണുപ്പിൽ ജീവിക്കുന്ന എസ്കിമൊകളുടെ തലയിൽ ഉണ്ടാവുമെന്നും കരുതാൻ വയ്യ.
B. C. E. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗ്രീസിന്റെ കോളണി ആയിരുന്ന ഏഷ്യ മൈനറിന്റെ (Anatolia) തീരപ്രദേശങ്ങളിലെ ഒറ്റയാന്മാരായ ചില മനുഷ്യർ ഈവിധ ഐതിഹ്യങ്ങളുടെ തണലിൽ സ്വന്തം പരമാധികാരം പടുത്തുയർത്തിയിരുന്ന മതങ്ങളുടെ വേലിക്കെട്ടുകളിൽ നിന്നും പുറത്തു് വരാൻ ധൈര്യപ്പെട്ടു. വീക്ഷണങ്ങളിലൂടെയും വിചിന്തനങ്ങളിലൂടെയും വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഫലമായി, യാഥാർത്ഥ്യങ്ങളുടേതും, മിഥ്യകളുടേതുമെന്നു് രണ്ടായി ലോകത്തെ തരം തിരിക്കാൻ അവർക്കു് കഴിഞ്ഞു. മിത്തുകളിലൂടെയും അവയുടെ വ്യാഖ്യാനങ്ങളിലൂടെയും മനസ്സിലാക്കിയതല്ലാത്ത ഒരു പുതിയ ലോകത്തെ അറിയാനും കൂടുതലായി പഠിക്കാനും അവർ ആരംഭിച്ചതോടെ തത്വചിന്ത ജന്മമെടുത്തു. പിൽക്കാലത്തു് സോക്രട്ടീസിനു് മുൻപുള്ളവരെന്നും പിൻപുള്ളവരെന്നും രണ്ടു് വിഭാഗമായി ഈ തത്വചിന്തകർ വേർപിരിക്കപ്പെട്ടു. ഇവരിലെ ആദ്യത്തെ വിഭാഗം പ്രകൃതിയെയാണു് പഠനവിധേയമാക്കിയതു്. പ്രകൃതിയുടെ ഐകരൂപ്യം അവരുടെ ഉത്തമബോദ്ധ്യം ആയിരുന്നതിനാൽ, പ്രപഞ്ചത്തിലെ എല്ലാറ്റിനേയും തിരിച്ചു് കൊണ്ടെത്തിക്കാൻ കഴിയുന്ന മൗലികമായ ഒരു അടിത്തറ കണ്ടെത്താനായിരുന്നു അവരുടെ ശ്രമം. പ്രപഞ്ചത്തെ ആന്തരമായി കൂട്ടിച്ചേർത്തിരിക്കുന്ന ആ “ഒന്നിനു്” വേണ്ടി ദൈവങ്ങളുടെ സഹായം കൂടാതെ നടത്തപ്പെട്ട ചിന്താപരമായ അന്വേഷണങ്ങൾ.
ആദിദ്രവ്യത്തെയും (Thales), ആദിരൂപത്തെയും (Pythagoras), സാർവ്വലൗകികമായ ഒരു വ്യവസ്ഥയെയും (Heraclitus), മൗലികകണങ്ങളെയും ആദിശക്തിയെയും (Anaxagoras) പരമാണുസിദ്ധാന്തത്തേയും (Democritus) എല്ലാം കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങൾ, നിഗമനങ്ങൾ. ഡെമൊക്രിറ്റസ് സോക്രട്ടീസിന്റെ സമകാലികനായിരുന്നു. B. C. E. അഞ്ചാം നൂറ്റാണ്ടിലാണു് ക്ലാസ്സിക്കൽ ഗ്രീക്ക് ഫിലോസഫിയുടെയും, അതുവഴി, സോക്രട്ടീസിനു് പിൻപുള്ളവർ എന്ന വിഭാഗത്തിന്റെയും തുടക്കം കുറിച്ചുകൊണ്ടു് “അറിവിന്റെ അദ്ധ്യാപകർ” എന്നറിയപ്പെട്ടിരുന്ന സോഫിസ്റ്റുകൾ രംഗപ്രവേശം ചെയ്തതു്. പ്രകൃതിയെപ്പറ്റി ആയിരുന്നു പ്രീസോക്രാറ്റിക്കുകളുടെ പഠനങ്ങളെങ്കിൽ, ഇക്കൂട്ടരുടെ പഠനങ്ങൾ മനുഷ്യനെ കേന്ദ്രീകരിച്ചായിരുന്നു.
(* “ഇന്നത്തെ അറിവിൽ” എന്നു് പ്രത്യേകം പറയണം. അല്ലെങ്കിൽ ആബ്സൊല്യൂട്ട് നോളെഡ്ജിന്റെ ഉസ്താദുകളായ ഭക്തർക്കു് ഇഷ്ടപ്പെടില്ല. എന്നത്തേയും അറിവിൽ എന്നു് പറയണമെങ്കിൽ ഭക്തരെപ്പോലെ മനുഷ്യനു് ആത്യന്തികമായ അറിവുണ്ടായിരിക്കണം. അതിനു് ആദ്യം സർവ്വജ്ഞാനിയായ ദൈവത്തിന്റെ തലയിലിരുപ്പു് അറിയണം. ഒരു ദൈവത്തിന്റെ തലയിലിരുപ്പു് അറിയണമെങ്കിൽ ആ ദൈവം നൽകിയ ഗ്രന്ഥം വായിക്കണം. വെറുതെ വായിച്ചാൽ പോരാ, ഒറിജിനൽ ഭാഷയിൽത്തന്നെ വായിക്കണം. ഒറിജിനൽ ഭാഷ പഠിക്കാമെന്നു് വച്ചാലും പ്രയോജനമില്ല. ഏതു് ദൈവമാണു് ഒറിജിനൽ എന്നറിയാതെ ഏതു് ഗ്രന്ഥമാണു് വായിക്കേണ്ടതെന്നു് എങ്ങനെ അറിയും? ഏതു് ഭക്തനും അവന്റെ ദൈവമാണു് ഒറിജിനൽ സത്യദൈവം. എല്ലാറ്റിനുമുപരി, ഒരളവിൽ കൂടുതൽ വേദഗ്രന്ഥങ്ങൾ വായിക്കാനും അതെല്ലാം വിശ്വസിക്കാനും തുടങ്ങിയാൽ മനുഷ്യർ സ്വന്തം പേരുപോലും അറിയാത്തവിധം ഒന്നിനും കൊള്ളാത്തവർ – ബളബളാസ്, ട്രമ്പിനോസ്, സ്റ്റുപ്പിഡോസ് – ആയിപ്പോകും! അതുകൊണ്ടു് വലിയ “ഓണം – ബക്രീദ്” ഡെക്കറേഷനൊന്നും ഇല്ലാതിരിക്കുന്നതാണു് നല്ലതു്. അതുകൊണ്ടു് , “ഇന്നത്തെ അറിവിൽ” – അതുമതി.)
Sep 14, 2016, 12:14 PM
പണ്ടു് കല്ലുകളിലും ഓലകളിലും കടലാസുകളിലും സ്ഥാനം പിടിച്ചിരുന്ന കുത്തുകളും വരകളും എഴുത്തുകളുമെല്ലാം പിന്നീടു് കട്ടപ്പലകകൾ വഴി കണക്കുകൂട്ടനിലേക്കും അവിടെനിന്നും അക്കങ്ങളുടെ രൂപത്തിൽ ലോകവ്യാപകവലവഴി ആവശ്യക്കാരുടെ കണക്കുകൂട്ടനുകളുടെ നിരീക്ഷണത്തിരയിലൂടെ മനുഷ്യരുടെ കണ്ണുകളിലേക്കും എത്താൻ തുടങ്ങി. അതുപോലെ, ആദ്യം നേർക്കുനേർ ആയിരുന്ന വാമൊഴികൾ, പിന്നീടു് സോപാധികമായി (ഒച്ചപെരുക്കികൾ വഴി) പരിമിതമായ എണ്ണം ശ്രോതാക്കളുടെ ചെവികളിലേക്കു് ഒഴുകാനാരംഭിച്ചു. ഇപ്പോൾ ലോകവ്യാപകവലയിലൂടെയുള്ള തത്സമയപ്രക്ഷേപണം വഴി ഭൂമിമലയാളം മുഴുവനുമുള്ള ആവശ്യക്കാരുടെ കണ്ണുകളിലേക്കും ചെവികളിലേക്കും ആർക്കു് വേണമെങ്കിലും അവർ ഇരിക്കുന്നതും നടക്കുന്നതും കിടക്കുന്നതും തിന്നുന്നതും കുടിക്കുന്നതും പറയുന്നതും പാടുന്നതുമെല്ലാം ഒരേസമയത്തുതന്നെ എത്തിക്കാൻ കഴിയും. മനുഷ്യരാശിയുടെ ഈ ജൈത്രയാത്ര അടുത്തൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. കടലിൽ നിന്നും കരയിലെത്തി, കരയിൽ നിന്നും ആകാശത്തെത്തി, ആകാശത്തുനിന്നും ശൂന്യാകാശത്തെത്തി, ഇപ്പോൾ അവിടെനിന്നും അന്യഗ്രഹങ്ങളിൽ കാലുകുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവൻ എന്ന പ്രതിഭാസം! ജീവന്റെ നിരന്തരമായ ഈ യാത്ര നല്ലതാണു്. കാരണം, ജീവിതം എന്നാൽ ചലനമാണു്. ചലനം നിലച്ചാൽ മരണവും. ഭൗതികമോ ആത്മീയമോ ആയ സ്വന്തം ഇസത്തിൽ ആത്യന്തികത കാണുന്നവർ ജീവിതയാത്രയുടെ അന്ത്യം മുൻകൂറായി കണ്ടെത്തി എന്നു് കരുതുന്നവരാണു് – ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വന്തം മരണത്തിൽ അഭിരമിക്കാൻ കഴിയുന്നവർ! മനുഷ്യരെ ഉയർന്നതും താഴ്ന്നതുമായ വർഗ്ഗങ്ങളും ജാതികളുമായി തരം തിരിച്ചാൽ, ചത്തതിനൊക്കുന്ന സ്വന്തം ജീവിതത്തെ മഹത്വീകരിക്കാൻ കഴിയുമെന്നു് ഉത്തമബോദ്ധ്യമുള്ളവർ!
വേട്ടയാടലും കന്നുകാലിവളർത്തലും കൃഷിയുമൊക്കെയായി തുടക്കം കുറിച്ച ഹോമോ സേപിയൻസിനെ സംബന്ധിച്ചു് ജീവിതം ഒരു ഈവ്നിങ് വാക്കായിരുന്നില്ല, കഠിനമായ അദ്ധ്വാനമായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യർക്കു് ക്രമാനുഗതമായ വിശ്രമവും ഇടയ്ക്കിടെയുള്ള ആഘോഷങ്ങളും ആവശ്യമാണു്. അതറിയാവുന്നതുകൊണ്ടാണു് ആറു് ദിവസം ദൈവത്തെക്കൊണ്ടു് കഠിനാദ്ധ്വാനം ചെയ്യിപ്പിച്ച മനുഷ്യർ അങ്ങേർക്കു് ഒരു ദിവസം അവധി കൊടുത്തതു്. വിളവെടുപ്പിനു് ശേഷവും, നല്ല കാലാവസ്ഥയിലുമല്ലാതെ എപ്പോഴാണു് ഒരു കർഷകനു് ഏറ്റവും കൂടുതൽ സന്തോഷിക്കാനും ആഘോഷിക്കാനും കഴിയുക? ഓണാഘോഷവും അതുപോലെതന്നെ. ഇടവപ്പാതി മുതൽ ഇടമുറിയാതെ പെയ്യുന്ന മഴയ്ക്കും, പട്ടിണിക്കാലമായ കർക്കിടകത്തിനും ശേഷം, കൊയ്ത്തും മെതിയും കഴിഞ്ഞു് എന്തെങ്കിലും വായ്‌നിറയെ കടിയ്ക്കാൻ കിട്ടുകയും, അതുവഴി എല്ലിനിടയിൽ നെയ്‌മെത്താൻ തുടങ്ങുകയും ചെയ്യുമ്പോൾ ഒന്നു് കൂത്താടാൻ തോന്നിയില്ലെങ്കിൽ പിന്നെയെന്തു് കർഷകജീവിതം? വലിയ ശാരീരിക അദ്ധ്വാനമൊന്നും ഇല്ലാത്ത ജോലികൾ ചെയ്തു് മാസം തോറും ശമ്പളം വാങ്ങി ജീവിക്കുന്ന മനുഷ്യരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഒരു വിളവെടുപ്പു് ഉത്സവത്തിനു് എത്രമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. മത്സ്യത്തിനു് ദാഹശമനം ഒരു ആഘോഷമാക്കേണ്ട കാര്യമുണ്ടോ?
ഒരു വിളവെടുപ്പുത്സവമായിട്ടാവണം ഓണാഘോഷവും തുടങ്ങിയതു്. താടിയുള്ള അപ്പന്മാരെ മാത്രമേ പേടിക്കൂ എന്നൊരു നിർബന്ധം മനുഷ്യർക്കുള്ളതുകൊണ്ടു്, താടിയോ ചുരുങ്ങിയപക്ഷം കൊമ്പൻമീശയെങ്കിലുമോ ഉള്ള ദൈവങ്ങളെയും ദൈവതുല്യരെയുമൊക്കെ ആഘോഷങ്ങളുമായി ബന്ധിപ്പിച്ചാൽ തുള്ളാനറിയാത്ത മനുഷ്യരെക്കൊണ്ടുപോലും തുള്ളിപ്പിക്കാമെന്നു് ആഘോഷക്കമ്മിറ്റിക്കാർ മനസ്സിലാക്കിയതിനാൽ ഓണത്തിനു് ഒരു ദൈവിക-ആത്മീയപരിവേഷം നൽകാൻ അവർ തീരുമാനിച്ചെന്നേയുള്ളു. പഴയകാലം മുതൽ ലോകത്തിൽ നിലവിലിരിക്കുന്ന എല്ലാ ആഘോഷങ്ങളിലെയും ദൈവികതയുടെ കാര്യം ഇത്രയേയുള്ളു. സമാധാനത്തിന്റേയും സ്നേഹത്തിന്റേയും ആഘോഷമായ ക്രിസ്മസ് കൃത്യമായി വർഷം തോറും ആചരിച്ചില്ലെങ്കിൽ തലവെട്ടുമെന്നു് തുടക്കത്തിൽ ഒന്നോ രണ്ടോ വട്ടം ചെണ്ടകൊട്ടി മനുഷ്യരെ അറിയിക്കേണ്ട ആവശ്യമേയുള്ളു. പിന്നീടു് അവർക്കതു് ശീലമായിക്കൊള്ളും. സുഹൃത്തുക്കളെ പരിചയപ്പെടാനും പരിചയങ്ങൾ പുതുക്കാനുമായി ഇന്നു് ഡിസ്ക്കോയിൽ പോകുന്ന യുവജനങ്ങൾ അതു് ചെയ്യുന്നതു് ഏതെങ്കിലുമൊരു ദൈവം അങ്ങനെ കല്പിച്ചതുകൊണ്ടാവാൻ വഴിയില്ല.
പറഞ്ഞുവന്നതു്, ഓണാഘോഷവും ഓണാശംസകളുമെല്ലാം നല്ല കാര്യങ്ങളാണു്. പക്ഷേ, ട്രാൻസ്‌ലിറ്ററേഷനിലൂടെ മലയാളം എഴുതാൻ കഴിയുന്ന ഈ കൽക്കിയുഗത്തിൽ ഒരല്പം ശ്രദ്ധക്കുറവു് മതി, വാമനമാഹാത്മ്യം വമനമാഹാത്മ്യമോ വാമണമാഹാത്മ്യമോ ഒക്കെ ആയിപ്പോകാൻ. അതു് അത്രതന്നെ നല്ല ഒരു കാര്യമാണെന്നു് തോന്നുന്നില്ല. ഓണത്തീറ്റയ്ക്കു് മുൻപോ പിൻപോ എന്നനുസരിച്ചു് രണ്ടും മൂന്നും മാഹാത്മ്യങ്ങളുടെ നന്മതിന്മകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൂടെന്നില്ലെങ്കിലും. ബോധം (consciousness) എന്ന അവസ്ഥയുടെ പല തലങ്ങളായ അനുഭവം, ഓർമ്മ, അറിവു്, ഉണർവ്വു്, ഉദ്ദേശ്യം എന്നിവയെല്ലാം പോലെതന്നെ ഒട്ടും അപ്രധാനമല്ലാത്ത ഒരു ഗുണമാണു് ശ്രദ്ധ എന്ന കാര്യം മറ്റാരു് മറന്നാലും ആദ്ധ്യാത്മികതയും ബോധവും ബുദ്ധിയുമെല്ലാം ഇടവിടാതെ പ്രസംഗിക്കുന്നവരെങ്കിലും മറക്കരുതല്ലോ.
ഈ അർത്ഥത്തിൽ, എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ!
Sep 16, 2016, 10:23 AM
“ഇന്നലത്തെ ദിനപ്പത്രത്തേക്കാൾ പഴയതല്ല മറ്റൊന്നും.” – ഒരു ജർമ്മൻ ചൊല്ലു്
അതുകൊണ്ടാവണം കാലത്തിനൊത്തു് നീങ്ങണം എന്നാഗ്രഹിക്കുന്ന പത്രവായനക്കാർ ചവിട്ടുപടിയിൽ നിന്നിട്ടായാലും ശരി, ഇന്നത്തെ പത്രബസുകളിൽത്തന്നെ യാത്ര ചെയ്തു് നാളത്തെ പിൻതിരിപ്പൻ നോട്ടസമയത്തെ നൊസ്റ്റാൾജ്യക്കുള്ള ക്യാപ്പിറ്റൽ ആത്മാവിന്റെ ഡപ്പികളിൽ ശേഖരിക്കാനായി തിടുക്കപ്പെടുന്നതു്. അതിനോടൊപ്പം, വാർത്തകളുടെ ആഴവും, അവയിലെ സെൻസേഷനും മൂലമുള്ള ഞെട്ടലും, പ്രതികരിക്കാനും പ്രതികാരം ചെയ്യാൻ ആഹ്വാനിക്കാനുമുള്ള ആവേശവും അവരെ പത്രബസുകളിലെ യാത്രയ്ക്കു് നിബന്ധിതരാക്കാറുണ്ടു്. ഇപ്പോളല്ലെങ്കിൽ പിന്നെ എപ്പോൾ എന്നാണു് അവരുടെ ചോദ്യം. ഇത്രയേറേ ലോയേഴ്സും ഫൊറെൻസിക്സും സൈക്കോളജിസ്റ്റ്സും സൊഷ്യോളജിസ്റ്റ്സും പൊളിറ്റിഷ്യൻസും ഉണ്ടായിട്ടാണോ കേരളത്തിനു് ഡോഗ്സ് ഓൺ കൺട്രി ആയി ഞൊണ്ടി നടക്കേണ്ടി വരുന്നതു് എന്നാണു് ജനങ്ങളുടെ ചോദ്യം.
യാത്രക്കാർ എല്ലാവരും ടിക്കറ്റെടുത്തു എന്നു് ഉറപ്പായാൽ ബസ് ബ്രേക്ക് ഡൗൺ ആകാനുള്ള ബെൽ കൊടുക്കണമെന്നാണു് സമൂഹം വഴി പൊതുവേയും, ട്രെയിനിങ് കാലത്തു് പ്രത്യേകിച്ചും മലയാളം പത്രബസുകളുടെ കണ്ഡക്ടേഴ്സ് പഠിപ്പിക്കപ്പെടുന്നതു്. ബസിൽ നിന്നും വഴിമദ്ധ്യേ വെറും കയ്യോടെ ഇറക്കിവിട്ടു് എത്രവട്ടം ഇളിഭ്യരാവേണ്ടി വന്നാലും, ഉറങ്ങാൻ പോകുന്നതിനു് മുൻപു് അക്കാര്യം മറന്നിരിക്കണമെന്നു് ഇൻസ്റ്റിങ്ക്റ്റീവ് ആയിത്തന്നെ പത്രവായനക്കാരും മനസ്സിലാക്കിയിട്ടുണ്ടു്. അതുകൊണ്ടു് കൊമ്പാറ്റിബിലിറ്റിയുടെ പ്രശ്നമില്ല. സക്കിക്കൊത്ത സങ്കരൻസ്.
തമ്പ്രാൻ ഇന്നു് വീഴ്ത്തിത്തരുന്ന മന്നായും കാടപ്പക്ഷിയും ഇന്നുതന്നെ പെറുക്കിയെടുത്തു് തിന്നു് തീർക്കാനുള്ളതാണു്. നാളത്തേയ്ക്കു് അവ “കൃമിച്ചു് നാറി” കേടായിപ്പോകും. (വിശുദ്ധ ശാബത്ത് നാളിന്റെ തലേന്നു് ഇരട്ടി പെറുക്കിയിരിക്കണം. ശബത്തിൽ ജോലി ചെയ്യാൻ ആർക്കും അനുവാദമില്ല. അന്നു് കൃമികൾ പോലും വിശ്രമിക്കും. അതുകൊണ്ടു് മന്നായ്ക്കും കാടപ്പക്ഷിയ്ക്കും കേടു് സംഭവിക്കുകയുമില്ല. ശബത്ത് നാളിൽ ദൈവവും വിശ്രമത്തിലാണെന്നതിനാൽ അന്നു് തീറ്റ വീഴ്ത്തലുമില്ല. ഡിവൈൻ ലോജിക്!)
ബൈബിളിന്റെ കാലത്തിനു് മുൻപും പിൻപും ഇങ്ങനെയൊക്കെയാണു് തീറ്റയുടെയും വിഡ്ഢിത്തത്തിന്റെയും കാര്യങ്ങൾ. തീറ്റ വളിച്ചും പുളിച്ചും കൃമിച്ചും പോകും, വിഡ്ഢിത്തത്തിനാണെങ്കിൽ വേദനയുമില്ല. ആദ്യത്തേതിനു് ഫ്രിഡ്ജും, രണ്ടാമത്തേതിനു് യുക്തിബോധത്തോടെയുള്ള ചിന്തയും ഒരു പരിഹാരമായിക്കൂടെന്നില്ല. അതെന്തായാലും, വിഡ്ഢിത്തത്തിനു് വേദനയില്ലാത്തതു് നന്നായി. അല്ലെങ്കിൽ എന്തായിരുന്നേനെ ഭക്തരുടെ ലോകത്തിൽ നിന്നും ഉയരുന്ന കരച്ചിലിന്റെ ഒച്ച!?
Sep 17, 2016, 12:36 PM
മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറണമെന്നാണോ നമ്മൾ ആഗ്രഹിക്കുന്നതു് അങ്ങനെതന്നെ നമ്മൾ അവരോടും പെരുമാറണം എന്ന “ഗോൾഡൻ റൂൾ” ലോകത്തിലെ പല സംസ്കാരങ്ങളിലും നിലനിന്നിരുന്ന ഒരു പ്രമാണമാണു്. മറ്റുള്ളവര്‍ നമ്മോടു് എങ്ങനെ പെരുമാറരുതെന്നാണോ നമ്മൾ ഇച്ഛിക്കുന്നതു് അങ്ങനെ അവരോടും നമ്മൾ പെരുമാറരുതു് എന്ന നിഷേധരൂപമടക്കം പല രൂപങ്ങളിലും, രാജ്യങ്ങളിലും, കാലങ്ങളിലുമായി ഈ പ്രമാണം അവതരിപ്പിക്കപ്പെട്ടിട്ടുണ്ടു്:
“മറ്റുള്ളവർ ചെയ്താൽ അവരെ നീ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ നീയും ചെയ്യാതിരിക്കുക.” – Thales (624 BCE – 546 BCE)
“നിന്റെ അയൽക്കാരന്റെ ലാഭവും നഷ്ടവും നിന്റെ ലാഭവും നഷ്ടവും ആയി കരുതുക.” – Laozi (Died: 531 BCE)
“മറ്റുള്ളവർ നിന്നോടു് ചെയ്യരുതെന്നു് നീ ആഗ്രഹിക്കുന്ന കാര്യങ്ങൾ നീ മറ്റുള്ളവരോടും ചെയ്യാതിരിക്കുക.” – Confucius (551 BCE – 479 BCE)
“മറ്റുള്ളവർ നിന്നോടു് ചെയ്യുമ്പോൾ നിനക്കു് കോപം തോന്നുന്ന കാര്യങ്ങൾ അവരോടും ചെയ്യാതിരിക്കുക.” Isocrates (436 BCE – 338 BCE)
“നിനക്കു് വെറുപ്പുളവാക്കുന്നതു് സഹജീവികളോടു് ചെയ്യാതിരിക്കുക. ഇതാണു് മുഴുവൻ തോറയും. ബാക്കിയെല്ലാം വിശദീകരണങ്ങളാണു്.” – Hillel the Elder (ca. 110 BCE – 10 CE)
“നിന്റെ അധീശൻ നിന്നോടു് എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നതു്, അങ്ങനെതന്നെ നിന്റെ അധീനനോടും ചെയ്യുക.” – Seneca (4 BCE – 65 CE)
“നീ നിന്നോടു് പെരുമാറുന്നതുപോലെ മറ്റുള്ളവരോടും പെരുമാറുക.” – മഹാഭാരതം.
“മനുഷ്യർ നിങ്ങൾക്കു് ചെയ്യേണം എന്നു് നിങ്ങൾ ഇച്ഛിക്കന്നതു് ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതുതന്നേ.” – ബൈബിൾ
“അവനവനാത്മസുഖത്തിനായാചരിക്കുന്നവയപരനു് സുഖത്തിനായ് വരേണം” എന്ന ശ്രീനാരായണഗുരുവിന്റെ (1856 – 1928) ഉപദേശവും ഇതിന്റെ (എന്റെ അഭിപ്രായത്തിൽ മോശമായ) ഒരു അനുകരണമല്ലാതെ മറ്റൊന്നുമല്ല. ആത്മസുഖത്തിനായി ഒരുവൻ ചെയ്യുന്ന കാര്യങ്ങൾ, അവൻ വേണമെന്നു് കരുതിയാൽ പോലും, അപരനു് നിർബന്ധമായും സുഖം വരുത്തിക്കൊള്ളണമെന്നില്ല. മനുഷ്യൻ ചെയ്യുന്ന മിക്കവാറും എല്ലാ കാര്യങ്ങളും സ്വന്തം സുഖത്തിനായി ചെയ്യുന്നവയാണു്. ജോലി, ആഹാരം, ഉറക്കം, വിനോദം, പ്രാർത്ഥന തുടങ്ങിയവയെല്ലാം മനുഷ്യന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സുഖത്തിനു് വേണ്ടി ചെയ്യപ്പെടുന്ന കാര്യങ്ങളാണു്. ആ കർമ്മങ്ങൾവഴി മറ്റുള്ളവർക്കു് കഴിവതും ശല്യമോ തടസ്സമോ നേരിടാതിരിക്കാൻ ശ്രമിക്കാമെന്നല്ലാതെ, അവരെ അതുവഴി “സുഖിപ്പിക്കണം” എന്നു് കരുതിയാൽ അതു് എപ്പോഴും നടക്കണമെന്നു് നിർബന്ധമില്ല. അല്ലെങ്കിൽ, അവർ ആ കർമ്മങ്ങൾ ചെയ്യുന്നവന്റെ സുഖത്തിൽ സുഖം കണ്ടെത്തുന്നവരായിരിക്കണം. മുലകുടി എന്ന കർമ്മം ചെയ്യുന്ന കുഞ്ഞിന്റെ സുഖത്തിൽ സ്വയം സുഖിക്കുന്ന അമ്മയെപ്പോലെ.
കഷ്ടകാലത്തിനു്, മറ്റുള്ളവരുടെ സുഖത്തിൽ സുഖിക്കാൻ കഴിയുന്ന ഇനം മനുഷ്യർ ലോകത്തിൽ വളരെ വിരളമാണു്. ആഹാരത്തിനും, സ്പോർട്ട്സിനും, ധ്യാനത്തിനുമെല്ലാം വേണ്ട സാഹചര്യങ്ങളും വസ്തുവകകളും ഒരുക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കു് ആ കർമ്മങ്ങൾ ചെയ്യുന്ന മനുഷ്യർ വഴി – ആ സാമഗ്രികൾ തന്നെ തഴഞ്ഞു് മറ്റു് കക്ഷികളിൽ നിന്നും വാങ്ങിക്കാത്തിടത്തോളം – ഒരുതരം സുഖം ലഭിക്കുന്നുണ്ടെന്നു് വേണം കരുതാൻ. ഈ ലോകത്തിൽ ഒന്നും ഫ്രീ അല്ല. നല്ല തൊലിക്കട്ടിയും അതിനൊത്ത ഉളുപ്പില്ലായ്മയും ഉണ്ടെങ്കിലേ നോക്കുകൂലി പോലും വാങ്ങാൻ കഴിയൂ. ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന ഒരു സഖാവിനു് കമ്മ്യൂണിസ്റ്റ് പാർട്ടിയും “സഹസഖാക്കളും” നൽകുന്ന പിന്തുണയുടെ ആയുസ്സിനു് അവൻ ഇങ്ക്വിലാബ് മുർദ്ദാബാദ് എന്നു് മാറ്റി വിളിക്കുന്നതു് വരെ മാത്രമേ ദൈർഘ്യമുണ്ടാവൂ. എന്നെ വിശ്വാസം വരാത്ത സഖാക്കൾക്കു് സ്വയം ഒരു “guinea pig” ആയി ഇതിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടാവുന്നതാണു്.
അതുകൊണ്ടു്, അപരനു് മനഃപൂർവ്വം ദുഃഖമോ കഷ്ടനഷ്ടങ്ങളോ ഒന്നും വരുത്താതെ, അവനവന്റെ ആത്മസുഖത്തിനായി വല്ലതുമൊക്കെ ആചരിക്കാൻ ശ്രമിച്ചാൽത്തന്നെ ധാരാളം. അവനവനെയും ആത്മാവിനെയും സുഖിപ്പിക്കാനായി വസ്ത്രം പോലും ഉപേക്ഷിക്കുന്ന ജൈനസന്യാസികളുണ്ടെന്ന കാര്യം മറക്കുന്നില്ല. അപവാദങ്ങൾ നിയമങ്ങളെ സ്ഥിരീകരിക്കുന്നു എന്നാണല്ലോ! അവരെ ആ സ്ഥിതിയിൽ കാണേണ്ടി വരുന്ന അപരരുടെ മാനസികവ്യാപാരങ്ങൾ – സുഖമാണോ, ദുഃഖമാണോ, നിർവ്വികാരതയാണോ തുടങ്ങിയവ – അവരെ ബാധിക്കാറില്ല. അതിനെപ്പറ്റിയൊന്നും അവർ ചിന്തിക്കാറേയില്ല എന്നു് തോന്നുന്നു. ദിഗംബരസ്വാമികൾ മറ്റു് മനുഷ്യർക്കു് കൂടി അവകാശപ്പെട്ട ദിക്കുകളെ സ്വന്തം അംബരമാക്കി ശരീരത്തിൽ വാരിച്ചുറ്റുന്നതു് ഒരുതരം സ്വാർത്ഥതയല്ലേ എന്നൊരു ചോദ്യം ഓർഡിനറി മോർട്ടലുകളുടെ കാഴ്ചപ്പാടിൽ നിന്നു് നോക്കിയാൽ ഒട്ടും അപ്രസക്തമല്ല. പക്ഷേ, സ്വന്തം നഗ്നത പോലും ഒരു പ്രശ്നമല്ലാത്തവിധം ഇന്ദ്രിയാനുഭവബോധത്തെ ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്കെറിഞ്ഞു് നന്മതിന്മകൾക്കു് അപ്പുറത്തെത്തിയവർക്കു് എന്തു് ചോദ്യം, എന്തു് ഉത്തരം! വേണ്ടിവന്നാൽ തുണിയുടുത്തവർക്കു് വരെ സ്റ്റഡിക്ലാസ്സ് എടുക്കുന്ന ആത്മീയപണ്ഡിതർ! എവിടെ ഡിമാൻഡ് ഉണ്ടോ അവിടെ സപ്ലൈയുമുണ്ടാവും. പ്രശ്നം ഡിമാൻഡിന്റേതാണു്, ആ ഡിമാൻഡിനു് ജന്മം നൽകുന്ന മാനസികാവസ്ഥയുടേതാണു്. അജ്ഞതയുടെ ആ വിളനിലം വരണ്ടാൽ സപ്ലൈയും ചൂഷണവും ഓട്ടോമാറ്റിക് ആയി നിലയ്ക്കും.
നീ അങ്ങോട്ടു് ചെയ്ത കാര്യങ്ങൾ നിനക്കു് തിരിച്ചു് കിട്ടുമ്പോൾ വാങ്ങിച്ചു് കെട്ടിക്കൊൾക എന്നൊരു ന്യൂജൻ “ലോ ഓഫ് റെസിപ്രോസിറ്റി” അസ്ഥാനത്തല്ലെന്നു് തോന്നുന്നു.
Sep 21, 2016, 3:07 PM
മലയാളം വിക്കിപ്പീഡിയയിൽ കാണുന്നതു് ശരിയാണെങ്കിൽ ഇൻഡ്യൻ പാർലമെന്റ് വായനശാലയിൽ ഓഷോ, ഗാന്ധി എന്നീ രണ്ടു് വ്യക്തികളുടെ മാത്രമേ മുഴുവൻ കൃതികളും സൂക്ഷിച്ചു് വച്ചിട്ടുള്ളു. പ്രസ്തുത വ്യക്തികളുടെ ഔന്നത്യമാണോ, പാർലമെന്റിന്റെ നീചത്വമാണോ അതു് സൂചിപ്പിക്കുന്നതു് എന്നെനിക്കറിയില്ല. ചുരുങ്ങിയപക്ഷം മാർക്സിന്റെ തകൃതികൾ കൂടി അക്കൂട്ടത്തിൽ സൂക്ഷിക്കാമായിരുന്നു എന്നാണു് വ്യക്തിപരമായ എന്റെ അഭിപ്രായം. ലെനിനിസവും സ്റ്റാലിനിസവും മാവോയിസവും കാസ്‌റ്റ്രോയിസവും ഒന്നും ഇതുവരെ ഭാരതത്തെ ഗമ്പ്ലീറ്റ് പിടിച്ചടക്കിയിട്ടില്ല എന്ന ധൈര്യത്തിലാണിതു് പറയുന്നതു്. സൈബീരിയയിലെ ലേബർ ക്യാമ്പുകളിലേക്കു് തട്ടുന്നതും ഹിമാലയത്തിന്റെ മുകളിലേക്കു് തള്ളുന്നതും തമ്മിൽ, തണുപ്പിന്റെ കാഠിന്യം വച്ചു് നോക്കുമ്പോൾ അത്ര വലിയ വ്യത്യാസമൊന്നുമില്ല.
അതെന്തായാലും, പാർലമെന്റ് എന്നാൽ മനുഷ്യരുടെ ഒരു കൂട്ടം മാത്രമായതിനാൽ, പാർലമെന്റിന്റെ നിലവാരം എന്നതു് അതിലെ അംഗങ്ങളുടെ നിലവാരത്തിൽ അധിഷ്ഠിതമായിരിക്കുന്ന കാര്യമാവാനേ വഴിയുള്ളു എന്നതു് സാമാന്യബുദ്ധി. പാർലമെന്റ് അംഗങ്ങൾ ജനത്തിന്റെ പ്രതിനിധികൾ ആയതിനാൽ പാർലമെന്റ് അംഗങ്ങളുടെ നിലവാരം എന്നതു്, അന്തിമമായി, ജനത്തിന്റെ ഔന്നത്യത്തിനും നീചത്വത്തിനും ഇടയിൽ എവിടെയോ കിടക്കുന്ന ഒരു ശരാശരി ആകാനേ തരമുള്ളു. മനുഷ്യരുടെ കാഴ്ചപ്പാടുകൾ ആത്മനിഷ്‌ഠമായതിനാൽ, മറ്റുള്ളവരെപ്പറ്റി മനുഷ്യർ നടത്തുന്ന വിലയിരുത്തലുകളും വ്യക്തിഗതം മാത്രമായിരിക്കും എന്നതും സ്വാഭാവികം. (സംഘം ചേർന്നു് സമത്വം സ്ഥാപിക്കാനായി ഈ ഭൂമിയിലേക്കു് അവതരിച്ചിരിക്കുന്ന ഞാൻ അക്കൂട്ടത്തിലൊന്നും പെടുന്നവനല്ല എന്നു് പ്രത്യേകം പറയേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല). വസ്‌തുനിഷ്‌ഠമായും നിശ്ശേഷമായും മറ്റു് മനുഷ്യരെ വിലയിരുത്തുക എന്നതു് മനഃശാസ്ത്രജ്ഞർക്കു് പോലും മിക്കവാറും അസാദ്ധ്യമാണെന്നിരിക്കെ, “പന്തീരാണ്ടു് പട്ടരുടെ കൂടെ വസിച്ചിട്ടും, പട്ടരുടെ കുടുമ മുൻപോട്ടോ പുറകോട്ടോ എന്നു് അറിയാൻ കഴിയാതെ പോയവർ” മനുഷ്യരെ അളക്കാനും വിധിക്കാനും ശ്രമിച്ചാൽ എങ്ങനെയിരിക്കും എന്നു് ചിന്തിക്കാവുന്നതേയുള്ളു.
ഒരു കൂരയുടെ കീഴിൽ കഴിയുന്ന മനുഷ്യരെ അറിയുക എന്നതിനേക്കാൾ എത്രയോ എളുപ്പമാണു് പ്രപഞ്ചത്തിനും അപ്പുറത്തേയ്ക്കു് മനുഷ്യർ എറിഞ്ഞു് പിടിപ്പിച്ചിരിക്കുന്ന ദൈവത്തെ അറിയുക എന്നതു്. അതു് മനുഷ്യർക്കു് ദൈവത്തെ അറിയാൻ കഴിയുന്നതുകൊണ്ടല്ല, ആരെങ്കിലും തന്നെ അറിയുന്നുണ്ടോ എന്നറിയണമെങ്കിൽ ആദ്യം താൻതന്നെ ഉണ്ടായിരിക്കണം എന്ന നിബന്ധന ദൈവത്തിന്റെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല എന്നതിനാലാണു്. അതുകൊണ്ടാണു് ദൈവത്തിന്റെ പേരിൽ ആരെല്ലാം എന്തെല്ലാം കോപ്രായങ്ങൾ കാട്ടിക്കൂട്ടിയാലും ഒന്നും സംഭവിക്കാത്തതും, എന്നിട്ടും സ്വന്തം ഇച്ഛാനുസരണം എല്ലാം സംഭവിക്കുന്നുണ്ടെന്നു് വിശ്വസിക്കാൻ മനുഷ്യർക്കു് ഒരു ചളിപ്പും ഇല്ലാത്തതും.
ബ്രാഹ്മണൻ – ചണ്ഡാലൻ, സത്തുക്കൾ – അസത്തുക്കൾ, ബൂർഷ്വാസി ആയ കമ്മ്യൂണിസ്റ്റുകൾ – കമ്മ്യൂണിസ്റ്റുകൾ അല്ലാത്ത ബൂർഷ്വാസികൾ എന്നിങ്ങനെയൊക്കെ മനുഷ്യരെ തരംതിരിക്കുന്നവരെ കാണേണ്ടിവരുമ്പോൾ ഇക്കാര്യം ഓർമ്മിക്കുന്നതു് നന്നായിരിക്കും. അതുപോലെ, മറ്റു് വ്യക്തികളെപ്പറ്റി സ്വന്തമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ, മനുഷ്യൻ എന്ന സ്പീഷിസിനെപ്പറ്റി ആ വ്യക്തികളുടെ കാഴ്ചപ്പാടുകൾ എന്തായിരുന്നു എന്നു് അറിഞ്ഞിരിക്കുന്നതും നല്ലതാണു്. മനുഷ്യനു് മനുഷ്യനെപ്പറ്റി ഉണ്ടാവേണ്ട കാഴ്ചപ്പാടുകളല്ല മതങ്ങൾക്കും ജാതികൾക്കും പാർട്ടികൾക്കുമെല്ലാം തമ്മിൽത്തമ്മിലുള്ളതെന്ന തിരിച്ചറിവു് അതുവഴി ഉണ്ടായിക്കൂടെന്നില്ല – കണ്ണടകൾക്കു് കാഴ്ചപ്പാടുകളെ എത്രമാത്രം സ്വാധീനിക്കാൻ കഴിയും എന്നതിനെപ്പറ്റിയുള്ള തിരിച്ചറിവു്.
ഗാന്ധിയുടെയും ഓഷോയുടേയും കൃതികളെപ്പറ്റി ആയിരുന്നല്ലോ പറഞ്ഞു് തുടങ്ങിയതു്. ഗാന്ധി ഭാരതീയരുടെ രാഷ്ട്രപിതാവാണു്. അദ്ദേഹത്തിന്റെ മൊത്തം കൃതികളും പാർലമെന്റ് ലൈബ്രറിയിൽ ഇല്ലെന്നു് വന്നാൽ മോശമാണു്. തന്റെ മൊത്തം കൃതികൾക്കും പാർലമെന്റ് ലൈബ്രറിയിൽ സ്ഥാനം ലഭിച്ച ഓഷോയും ഭാരതീയരുടെ കാഴ്ചപ്പാടിൽ രാഷ്ട്രപിതാവിനു് തുല്യമായ ഒരു പദവി അർഹിക്കുന്നുണ്ടാവണം. ആളുകളെ സംഘം ചേർത്തു് ലോകത്തെ നന്നാക്കാൻ ശ്രമിച്ച ഒരു “നിയോ സന്യാസി” ആയിരുന്നു എന്റെ അറിവിൽ ഓഷോ. ധനികന്റെ ഗുരു എന്നു് സ്വയം വിശേഷിപ്പിച്ച ആ കർമ്മബദ്ധൻ ഭാരതത്തിൽ അതിനു് വേണ്ട സൗകര്യം ഇല്ലെന്നു് തോന്നിയപ്പോൾ അമേരിക്കയിലേയ്ക്കു് കടക്കുകയായിരുന്നു. ഹോമോ സെക്ഷ്വൽ ആണെങ്കിൽ നീയൊരു മനുഷ്യനല്ല, അന്ധനോ ബധിരനോ മൂകനോ അംഗഹീനനോ ഒക്കെ ആയി ജനിക്കുന്ന കുഞ്ഞുങ്ങളെ കൊന്നുകളയുകയാണു് അവരെ സ്നേഹിക്കുന്ന മാതാപിതാക്കൾ ചെയ്യേണ്ടതു് എന്നെല്ലാമുള്ള “സ്നേഹദൂതുകൾ” മനുഷ്യർക്കു് നൽകാനായാണു് അദ്ദേഹം അമേരിക്കയിലെ ഒറിഗണിൽ അഞ്ചേമുക്കാൽ മില്ല്യൺ ഡോളർ കൊടുത്തു് 64229 ഏക്കർ വിസ്തീർണമുള്ള “The Big Muddy Ranch” വാങ്ങിയതു്. ഗുരുവിനു് ശിഷ്യഗണം സമ്മാനമായി വാങ്ങിക്കൊടുത്തതു് തൊണ്ണൂറിലേറെ റോൾസ് റോയ്സു് കാറുകളായിരുന്നത്രെ! ഗുരു ദിവസേന വ്യത്യസ്ത കാറുകളിലെത്തി ദർശനം നൽകുന്നതിന്റെ സുഖം ഭക്തർക്കേ അറിയൂ!
ഗുരുക്കൾക്കു് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണു് ഭക്തർ എന്ന ജനുസ്സു്. അന്യർ അവരെ ഭക്തർ എന്നു് വിളിക്കുന്നതു് അവർക്കത്ര ഇഷ്ടമല്ല എന്നേയുള്ളു. ഏതായാലും, അർത്ഥമില്ലാത്തവനു് അർത്ഥം കിട്ടുമ്പോഴോ, തൂറാത്തവൻ തൂറുമ്പോഴോ ഒക്കെയുള്ള പതിവുപോലെ, “റാഞ്ചോ രജനീഷ്” ക്രിമിനാലിറ്റിയുടെയും പെഡൊഫിലിയയുടെയും, നികുതിവെട്ടിപ്പിന്റെയുമെല്ലാം കൂത്തരങ്ങാവുകയും അമേരിക്കൻ അധികൃതർ ഓഷോയിൽ പിടി മുറുക്കുകയും ചെയ്തപ്പോൾ ഓഷോക്കു് അവിടെനിന്നും കെട്ടുകെട്ടേണ്ടി വന്നതു് ഓഷോചരിത്രം. കുറച്ചു് കാലത്തേയ്ക്കൊക്കെയല്ലാതെ, എല്ലാവരേയും എല്ലാ കാലത്തേക്കും കളിപ്പിയ്ക്കാൻ എല്ലാവരും ഗുരുവിനെ കാണുമ്പോൾ കണ്ണടഞ്ഞു് പോകുന്നതരം ഭക്തഭാരതീയരല്ലല്ലോ. അമേരിക്കയുടെ ഇടപെടൽ മൂലം നേപ്പാൾ – ക്രീറ്റ് – യുറുഗ്വയ് എന്നിവിടങ്ങളിലൊന്നും കാലുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പൂനെയിലെത്തി, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായി, ശിഷ്ടകാലം പൂർത്തിയാക്കാൻ ഓഷോ തീരുമാനിക്കുകയായിരുന്നു.
ദൈവങ്ങൾ രക്തസാക്ഷികളെപ്പോലെയാണു്, ഒരിക്കലും മരിക്കില്ല. മരിക്കാൻ അവരുടെ ശവം വിറ്റു് ജീവിക്കേണ്ടവർ സമ്മതിക്കില്ല എന്നു് പറയുന്നതാവും കൂടുതൽ ശരി. അതുകൊണ്ടു് ഓഷോയ്ക്കും കിട്ടി ആ വകയിൽ പെടുത്താവുന്നയിനം ഒരു സ്മാരകശില:
“ഓഷോ ഒരിക്കലും ജനിച്ചില്ല, ഒരിക്കലും മരിച്ചില്ല, ഭൂമി എന്ന ഈ ഗ്രഹത്തെ 1931 ഡിസംബർ 11-നും 1990 ജനുവരി 19-നും ഇടയിൽ സന്ദർശിക്കുക മാത്രം ചെയ്തു”.
ഇപ്പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ? എനിക്കെന്തായാലുമില്ല.
കൂടുതൽ വേണമെന്നുള്ളവർക്കായി: https://en.wikipedia.org/wiki/Rajneesh
Sep 26, 2016, 11:14 AM
കവയിത്രി സുഗതകുമാരി എന്തോ പറഞ്ഞെന്നു് കേട്ടു. എന്താണെന്നു് കൃത്യമായി മനസ്സിലാക്കാൻ പറ്റിയില്ല. എന്നാലും ഫെയ്സ്ബുക്ക് സ്‌റ്റ്രീമിലെ സഹപ്രാപ്പിടിയന്മാരുടെ രോഷം കണ്ടിട്ടു് ക്ഷമയർഹിക്കാത്ത എന്തോ മര്യാദാലംഘനം അവരുടെ വായിൽ നിന്നും വന്നിട്ടുണ്ടാവുമെന്നേ കരുതാനാവൂ. ഒത്തിരി നാറണമെങ്കിൽ ഇത്തിരിയെങ്കിലും തൂറിയിരിക്കണം എന്നാണല്ലോ മാള അരവിന്ദനും പറഞ്ഞിട്ടുള്ളതു്. ഒരു കവയിത്രി എന്തെങ്കിലും പറഞ്ഞാൽ എനിക്കെന്തു് പ്രശ്നം എന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. കവിതയെഴുതുന്ന ഒരു സ്വഭാവം ആയകാലത്തു് എനിക്കും ഉണ്ടായിരുന്നു. കാട്ടുപൂച്ചയ്ക്കും മരക്കാവിയ്ക്കുമെല്ലാം അനശ്വരത നൽകാൻ എന്റെ ചില കവിതകളിലൂടെ ഞാനും കിണഞ്ഞു് പരിശ്രമിച്ചിട്ടുണ്ടു്. ജന്മനാ വിനയശീലനായതുകൊണ്ടു് ഒരു കവിയാണെന്ന ഭാവമൊന്നും ഞാൻ കാണിക്കാറില്ലെന്നേയുള്ളു. ഭാഗ്യത്തിനു്, എന്നെക്കണ്ടാൽ ഒരു കവിയാണെന്നു് തോന്നുകയുമില്ല. അല്ലെങ്കിൽ ആരാധകർ എന്നെ നിലത്തു് നിർത്തുമായിരുന്നോ? ഒരു കവയിത്രിയോ കവിയോ വേണ്ടാതനം പറഞ്ഞു് കവിസമൂഹത്തിനു് മൊത്തം പേരുദോഷം ഉണ്ടാക്കിയാൽ അതിനെതിരെ രണ്ടു് വാക്കു് പറയാതിരിക്കാൻ ഒരു കവിയെന്ന നിലയിൽ എനിക്കാവതില്ല. പൂക്കാതിരിക്കാൻ മാത്രമല്ല, പ്രതികരിക്കാതിരിക്കാനും കവികൾക്കു് ആവതില്ലാതാവുന്ന ചില സാഹചര്യങ്ങളുണ്ടു്. അതുകൊണ്ടു് ഞാൻ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി അവരുടെ അന്യായത്തിനെതിരെ അതിശക്തമായി പ്രതികരിക്കുന്നു: കവയിത്രി സുഗതകുമാരി പറഞ്ഞതു് എന്തുതന്നെയായാലും അതു് മഹാ മോശമായിപ്പോയി. സമൂഹത്തിനു് മാതൃക കാണിക്കേണ്ടവർ അങ്ങനെയൊന്നും ഒരിക്കലും പറയരുതു്. എങ്കിൽത്തന്നെയും, ശനിദശയിൽ അകപ്പെട്ട ഒരു കവയിത്രിയ്ക്കു് പ്രതിഫലേച്ഛയില്ലാതെ വിദഗ്ദ്ധോപദേശം നൽകാൻ ഏതൊരു കവിയും ബാദ്ധ്യസ്ഥനാണെന്ന അഭിപ്രായക്കാരനാണു് ഞാൻ. എന്റെ അഭിപ്രായത്തിൽ ഈ വൈകിയ വേളയിൽ കവയിത്രി സുഗതകുമാരിക്കു് ചെയ്യാൻ കഴിയുന്നതു് ഒന്നേയുള്ളു: പറഞ്ഞതെന്താണോ, അതുതന്നെ പനയോലയിൽ നാരായം കൊണ്ടു് നൂറുപ്രാവശ്യം ഇമ്പൊസിഷൻ എഴുതി ബന്ധപ്പെട്ട പത്രമാപ്പീസുകളിൽ സമർപ്പിച്ച ശേഷം മാത്രമേ ഭാവിയിൽ സാഹിതീപൂജ തുടരൂ എന്നൊരു തീരുമാനം എടുക്കുക! നഷ്ടപ്പെട്ട റെപ്യുട്ടേഷൻ ഒരുപക്ഷേ അതുവഴി വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. ഉഷ്ണം ഉഷ്ണേന ശാന്തി.
ഇതിനിടെ കവി ജി സുധാകരൻ ജിയും എന്തോ മൊഴിഞ്ഞെന്നു് കേട്ടു. കവികളും കവയിത്രികളും ഇങ്ങനെ നിറുത്തില്ലാതെ ഓരോന്നു് മൊഴിഞ്ഞുകൊണ്ടിരുന്നാൽ “പ്രതികാരികൾ” എന്തു് ചെയ്യുമെന്നു് എനിക്കറിയില്ല. ഇങ്ങനെ പോയാൽ ഈ അടുത്തിടെയൊന്നും ഫെയ്സ്ബുക്ക് പോരാളികൾക്കു് ലോകത്തെ രക്ഷപെടുത്താൻ ആവുമെന്നു് തോന്നുന്നില്ല. നിലത്തു് കാലുറപ്പിച്ചാലല്ലേ ഗുസ്തി പിടിക്കാൻ പറ്റൂ? ഫെയ്സ്ബുക്ക് പോരാളിയെന്നാൽ ഒരു ഓൾറൗണ്ഡറാണു് – മൾട്ടി-റ്റാലെന്റ്! സാഹിത്യകാരോടു് മാത്രം പ്രതികരിച്ചുകൊണ്ടിരിക്കാൻ അവനാവതില്ല. ത്രിവർണ്ണപതാകയുടെ നിറം മാറ്റൽ, ഇൻഡോ-പാക് ന്യൂക്ലിയർ മാച്ച്, എമ്മെല്ലെയുടെ തൊപ്പിയിടൽ, പശുവിന്റെ അപ്പിയിടൽ തുടങ്ങിയ എത്രയോ ടാസ്ക്കുകൾ അവന്റെ ജുഡിഷസായ ഇടപെടലിനായി കാത്തു് കിടക്കുന്നുണ്ടു്. മൾട്ടി ടാസ്കിങ്ങിനുമില്ലേ ഒരു പരിധി? സാഹിത്യകാരും മന്ത്രിമാരുമെല്ലാം കാളമൂത്രം പോലെ ഓരോന്നു് വിളിച്ചു് പറയുന്നതിനു് മുൻപു് ഇക്കാര്യം കൂടി പരിഗണിച്ചാൽ വേണ്ടില്ല.
Sep 29, 2016, 11:41 AM
സംസാരിക്കാൻ കഴിയുന്ന ഒരു തത്തയ്ക്കു് മാർക്സ് എന്ന പദം ഉച്ചരിക്കാൻ മാർക്സ് എന്ന പദത്തിന്റെ അർത്ഥമറിയണമെന്നില്ല. കേൾക്കുന്നവർക്കു് വാക്കുകളായി തോന്നുന്ന ശബ്ദങ്ങൾ പുറത്തു് വിടുക എന്നതാണു് സംസാരശേഷിയുള്ള തത്തകളുടെയും മൈനകളുടെയും രീതി. ശ്രമിച്ചാൽ അവയെക്കൊണ്ടു് “എർവിൻ ഷ്ര്യോഡിങ്ങർ” എന്നോ, “ലുഡ്‌വിഗ് ബോൾട്സ്മാൻ” എന്നോ ഒക്കെപ്പോലും പറയിപ്പിക്കാൻ കഴിയും. അതുകൊണ്ടു് അവയ്ക്കു് “ഷ്ര്യോഡിങ്ങർ ഇക്വേഷൻ” എന്തെന്നു് പോയിട്ടു്, “ഷ്ര്യോഡിങ്ങറുടെ പൂച്ച” എന്തെന്നു് പോലുമോ അറിയാമായിരിക്കുമെന്നൊരു കൺക്ലൂഷനിൽ സുബോധമുള്ള മനുഷ്യരാരും എത്തുകയില്ല. പാടിപ്പഠിപ്പിച്ചാൽ വേണമെങ്കിൽ ആ വാക്കുകളും അവയ്ക്കു് ഏറ്റുപാടാൻ കഴിഞ്ഞെന്നുമിരിക്കും. ബോൾട്സ്മാൻ എന്ന വാക്കു് ഉച്ചരിക്കാൻ കഴിയുന്ന ഒരു തത്തയ്ക്കോ മൈനയ്ക്കോ സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ് വശമായിരിക്കുമെന്നു് കരുതിയാൽ എങ്ങനെയിരിക്കും? തെറി പറയാൻ കഴിയുന്നതുകൊണ്ടു് ഒരു തത്തയ്ക്കു് തെറിയെന്നാൽ എന്താണെന്നു് അറിയാമെന്നു് അർത്ഥമില്ല. മനുഷ്യരുടെ കാര്യം അങ്ങനെ ആയിരിക്കണം എന്നു് നിർബന്ധവുമില്ല. രണ്ടായാലും, ആരിൽ നിന്നെങ്കിലും പഠിച്ചതാണു് ആ തെറികൾ എന്ന കാര്യത്തിൽ സംശയവും വേണ്ട. “അങ്ങനെയൊന്നും ആരോടും പറയരുതു്” എന്നു് തത്തയെ ഉപദേശിക്കാൻ പോയാൽ “അങ്ങനെയൊന്നും ആരോടും പറയരുതു്” എന്ന മറുപടി റിട്ടേൺ മെയിൽ ആയിത്തന്നെ ലഭിക്കുകയും ചെയ്യും. അവിശ്വസനീയം എന്നു് തോന്നിയേക്കാമെങ്കിലും, അങ്ങോട്ടു് പറയുന്നതു് തത്തയെപ്പോലെ തിരിച്ചു് പറയാൻ മടിയില്ലാത്ത മനുഷ്യരും ഈ ലോകത്തിൽ ധാരാളമുണ്ടു്.
സങ്കീര്‍ണ്ണമായ ഉള്ളടക്കങ്ങളെ ഗ്രഹിക്കാൻ ചിന്തകൾക്കു് ഒരു ഘടന വേണം. “Mentalese” എന്നു് അമേരിക്കൻ ഫിലോസഫർ ജെറി ഫോഡർ വിളിക്കുന്ന, മനസ്സിന്റെ ആ ഭാഷയുടെ ഏകകങ്ങൾ പദങ്ങളല്ല, പദാർത്ഥങ്ങളാണു്. ചിന്തയുടെ ക്യാറ്റഗൊറികളാണു് പദാർത്ഥങ്ങൾ. സംസാരിക്കാൻ നമുക്കു് വേണ്ടതു് പദങ്ങളാണെങ്കിൽ, ചിന്തിക്കാൻ വേണ്ടതു് പദാർത്ഥങ്ങളാണു്. പദങ്ങളുടെ അർത്ഥം പ്രകടിപ്പിക്കാൻ മാത്രമാണു് മനുഷ്യർ പദങ്ങൾ (വാക്കുകൾ) ഉപയോഗിക്കുന്നതു്. പദാർത്ഥങ്ങൾ എന്ന വാക്കിനു് ഇവിടെ പദങ്ങളുടെ അർത്ഥം (terms) എന്നാണർത്ഥം. വസ്തു (object) എന്ന അർത്ഥത്തിലും പദാർത്ഥം എന്ന വാക്കു് ഉപയോഗിക്കാറുള്ളതുകൊണ്ടു് സൂചിപ്പിച്ചെന്നേയുള്ളു. തനിക്കു് അറിയുന്നതല്ലാത്ത അർത്ഥങ്ങളും വാക്കുകൾക്കു് ഉണ്ടാവാമെന്നു് കേൾക്കുന്നതു് എല്ലാവർക്കും ഇഷ്ടപ്പെടുന്ന കാര്യമായിക്കൊള്ളണമെന്നില്ല.
P.S. പറ്റിപ്പോയതിൽ തന്നോടുതന്നെ തെറി പറയാൻ തോന്നുന്ന അബദ്ധങ്ങളുണ്ടു്. അബദ്ധത്തിൽ ഉച്ചത്തിലായിപ്പോകുന്ന ആത്മഗതങ്ങളുമുണ്ടു്. എപ്പോഴും മാതൃഭാഷയിലേ വെളിപ്പെടൂ എന്നതാണു് തെറിയുടെയും, ആത്മഗതത്തിന്റെയുമൊക്കെ ഒരു പ്രത്യേകത. അതുകൊണ്ടാണു് “പോയി പണി നോക്കെടോ” എന്നൊരു തെറിയോ ആത്മഗതമോ ഒരിക്കലും ഐസ്ലാൻഡിൽ നിന്നോ ഉഗാണ്ടയിൽ നിന്നോ ഒന്നും വരാറില്ലാത്തതു്. ഭാഷാപരവും സാംസ്കാരികവുമായ കാരണങ്ങളാൽ അതുപോലുള്ള പ്രയോഗങ്ങളുടെ വരവു് ഡോഗ്സ് ഓൺ കണ്ട്രിയിൽ നിന്നും ആയിരിക്കാനേ വഴിയുള്ളു.
Sep 30, 2016, 8:28 AM
ലോകപ്രസിദ്ധരായ ഒരുപാടു് അംഗ്രേസി കവികളുടെയും സാഹിത്യകാരുടെയും പേരുകൾ കാണാതെ പാടാൻ എനിക്കുമറിയാം. കേരളത്തിലെ “ഇടതുപക്ഷഎലീറ്റ്” ക്ലബ്ബിൽ അംഗത്വം കിട്ടാനുള്ള മിനിമം യോഗ്യത അതാണെന്നു് കേട്ടതുകൊണ്ടു് പണ്ടു് പഠിച്ചുവച്ചതാണു്. പക്ഷേ, വരമ്പത്തും പാടത്തുമെല്ലാം കൂലികൊടുക്കുന്ന തൊഴിലാളിവർഗ്ഗസംരക്ഷകരായ മുതലാളിമാരെ വെള്ള പൂശാൻ പെയിന്റും ബ്രഷുമായി രാപകലില്ലാതെ പുറകെ നടക്കാൻ റിക്രൂട്ട് ചെയ്യപ്പെടുന്നവരാണു് ഈ “ഇടതുപക്ഷഎലീറ്റുകൾ” എന്ന പട്ടം കെട്ടി നടക്കുന്നവർ എന്നു് പിന്നീടാണു് മനസ്സിലായതു്.
സ്വന്തം ശരികളെ സ്വതന്ത്രമായി പിൻതുടരാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചു് മറ്റുള്ളവരുടെ തെറ്റുകളെ ന്യായീകരിക്കാൻ നിരുപാധികം ബാദ്ധ്യസ്ഥരാവുക എന്നതിനേക്കാൾ അറപ്പുളവാക്കുന്നതായി മറ്റെന്തെങ്കിലും ഉണ്ടെന്നു് തോന്നുന്നില്ല. “സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു് മൃതിയേക്കാള്‍ ഭയാനകം” എന്നു് ഏതോ നാടൻ കവി. ക്രിമിനലുകൾക്കു് സിന്ദാബാദ് വിളിക്കാൻ പോകേണ്ടവിധം പാരതന്ത്ര്യത്തിൽ അകപ്പെടരുതു് എന്നറിയാൻ, താനൊരു സ്വതന്ത്രനും മാന്യനും ആണെന്ന “സ്വബോദ്ധ്യം” ഉണ്ടാവാതിരിക്കാൻ വഴിയില്ലാത്ത ആ കവി പാടിയതുപോലെ “മാനി” ആവണമെന്നു് നിർബന്ധമൊന്നുമില്ല, വല്ലപ്പോഴുമെങ്കിലും കണ്ണാടിയിൽ സ്വന്തം മുഖം ആത്മനിന്ദയോടെയല്ലാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനായാൽ മതി.
അംഗ്രേസി, ഫ്രഞ്ച്, സ്പാനിഷ് എഴുത്തുകാരുടെയും അവരുടെ കിത്താബുകളുടെയുമെല്ലാം നാക്കുളുക്കുന്ന പേരുകൾ കാണാതെ പഠിച്ചു് “ഇടതുപക്ഷഎലീറ്റ്” ആവാൻ നടന്ന നേരം കൊണ്ടു് നാലു് വാഴ വയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണെന്റെ ഇപ്പോഴത്തെ ദുഃഖം. സാരമില്ല, ഡിങ്കാനുഗ്രഹത്താൽ ഒന്നുരണ്ടു് വാഴകൃഷികൾ ഇറക്കാനും എടുക്കാനുമുള്ള സമയം ഇനിയുമുണ്ടു്.
August 2016
Aug 1, 2016, 5:26 PM
ഹ്യൂമനിസത്തിന്റെ പിതാവു് എന്നു് വിളിക്കപ്പെടുന്ന ഫ്രാൻചെസ്ക്കൊ പെറ്റ്റാർക്കയുടെ (1304 – 1374) ചില വാക്കുകൾ:
“സ്കൊളാസ്റ്റിക്കുകൾ അറിവിന്റെ പേരിൽ സമ്പാദിച്ച കേവലഅറിവു് വിനാശകരമല്ലെങ്കിൽ, ഉപയോഗശൂന്യമെങ്കിലുമാണു്. പഴയ ശണ്ഠകളുടെ അനന്തമായ അയവിറക്കൽ വഴി ക്ഷീണിക്കുന്ന ഡയലക്റ്റീഷൻസിന്റെ വിടുവായത്തങ്ങൾ. വാക്കുതർക്കങ്ങളുടെ മുഷിപ്പിക്കുന്ന മുടിനാരിഴ കീറലുമായി ദിവസം മുഴുവൻ മനസ്സിനെ പീഡിപ്പിക്കുന്ന സാധുക്കൾ! കാര്യങ്ങളുടെ സത്ത എന്തെന്നു് നിങ്ങൾ അറിയുന്നില്ല. ശൂന്യമായ പദാവലികളുടെ കീഴിൽ നിങ്ങൾ വൃദ്ധരാവുന്നു, നരച്ച മുടിയും ചുളുങ്ങിയ നെറ്റിയുമായി ബാലിശമായ തന്ത്രങ്ങൾ മനഞ്ഞുകൊണ്ടിരിക്കുന്നു.
ഓരിയിടുന്ന ഒരു സ്കൊളാസ്റ്റിക്കിനു് ആകെ അറിയാവുന്നതു് അരിസ്റ്റോട്ടിൽ എന്ന വിഗ്രഹത്തെയാണു്. അതിനെ അവൻ ആരാധിക്കുന്നു. പൊങ്ങച്ചക്കാരുടെ ഈ കൂട്ടം, കപ്പലപകടത്തിൽ പെട്ടവർ തടിക്കഷണത്തെ എന്നപോലെ, അരിസ്റ്റോട്ടിലിന്റെ വാക്കുകളെ മുറുകെപ്പിടിക്കുന്നു. മഹാനായ പ്ലേറ്റോയുടെ ഒറിജിനൽ ഗ്രീക്ക് ഗ്രന്ഥങ്ങളുടെ ലാറ്റിൻ തർജ്ജമകൾ ഒന്നും ഇല്ലാത്തതിനാൽ അവയെപ്പറ്റി ഈ തത്വചിന്താപ്രഭുക്കൾക്കു് യാതൊരു ഗ്രാഹ്യവുമില്ല. അതുകൊണ്ടാണു് അരിസ്റ്റോട്ടിൽ ഒരുപാടു് എഴുതിയിട്ടുണ്ടെന്നും, പ്ലേറ്റോ ഒന്നും എഴുതിയിട്ടില്ലെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നതു്. ഞാൻ ഒരു ഗ്രീക്കോ, പണ്ഡിതനോ അല്ലെങ്കിൽ പോലും, പ്ലേറ്റോയുടെ പതിനാറോ അതിൽ കൂടുതലോ ഗ്രന്ഥങ്ങൾ എന്റെ വീട്ടിലുണ്ടു്. അവയിൽ ഏതെങ്കിലും ഒന്നിന്റെ പേരുപോലും ഈ അരിസ്റ്റോട്ടിലിയൻസ് കേട്ടിട്ടുണ്ടു് എന്നെനിക്കു് തോന്നുന്നില്ല. ഇതവർ വിശ്വസിക്കുന്നില്ലെങ്കിൽ അവർക്കു് നേരിട്ടു് വന്നു് കാണാവുന്നതാണു്.”
ഫ്രാൻചെസ്ക്കോ പതിനാലാം നൂറ്റാണ്ടിൽ പ്രകടിപ്പിച്ച ഈ അഭിപ്രായം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിലേക്കു് ഏറ്റെടുത്തു്, അരിസ്റ്റോട്ടിലിന്റെ സ്ഥാനത്തു് മുഹമ്മദിനെയും, സ്കൊളാസ്റ്റിക്കുകളുടെ സ്ഥാനത്തു് മാർക്‌സിസ്റ്റുകളെയും പ്രതിഷ്ഠിച്ചാൽ, യൂറോപ്യൻ അന്ധകാരയുഗത്തിൽ നിന്നും കേരളം എത്ര ദൂരം മുന്നോട്ടു് പോയി എന്നു് മനസ്സിലാക്കാം.
Aug 2, 2016, 11:56 AM
ഇന്നു് പിതൃക്കൾക്കു് ബലിയിടുന്നവർക്കു് അവരുടെ മക്കൾ ബലിയിടേണ്ടി വരുന്ന കാലമാവുമ്പോൾ ഡൈനിങ് ടേബിളിലല്ലാതെ വല്ല തറ ലെവലിലും കൊണ്ടുപോയി ബലിയിട്ടാൽ, മക്കളുടെ കൈകൊട്ടു് കേൾക്കുന്ന കാക്കകൾ അവരെ തെറി പറഞ്ഞു് കണ്ണുപൊട്ടിച്ചു് കൂടെന്നില്ല.
Aug 4, 2016, 8:24 AM
കാഴ്ചക്കാരെ ആനന്ദിപ്പിക്കാനായി പുരാതനറോമിൽ എതിരാളികളുമായോ വന്യമൃഗങ്ങളുമായോ ജീവന്മരണപോരാട്ടത്തിൽ ഏർപ്പെട്ടിരുന്നവരാണു് ഗ്ലാഡിയേറ്റേഴ്സ്. നല്ല ശാരീരികശേഷിയും ദീർഘനാളത്തെ പരിശീലനവും ഉള്ളവർക്കു് മാത്രം യോജിച്ച ഒരു ആയോധനമുറയാണതു്. ഗ്ലാഡിയേറ്റേഴ്സിന്റെ ഒരു വകഭേദം കേരളത്തിലുമുണ്ടു്. കീലേരി അച്ചൂസ് എന്നും വിളിക്കപ്പെടുന്ന ഓറൽ ഗ്ലാഡിയേറ്റേഴ്സ്! ആരുണ്ടെടാ എന്നോടു് മുട്ടാൻ? ധൈര്യമുള്ളവൻ ഇറങ്ങിവാടാ. കുത്തി മലർത്തും ഞാൻ എന്നും മറ്റും അറേനയിൽ ഇറങ്ങിനിന്നു് ആക്രോശിക്കുന്ന കീലേരി അച്ചൂസ്! ഗ്ലാഡിയേറ്റർ ആകാൻ വേണ്ടത്ര ശാരീരികബലവും അദ്ധ്വാനവുമൊന്നും അച്ചുക്കൾക്കു് ആവശ്യമില്ല. ചീവീടിനെപ്പോലെ ചിലയ്ക്കാനുള്ള കഴിവു്, റ്റീഷോപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും സംഘടിപ്പിച്ച ഒരു വിടുവായോളജിബിരുദം, ഒരു നീളൻ കത്തി. ഇത്രയുമുണ്ടെങ്കിൽ ഓറൽ ഗ്ലാഡിയേറ്റർ റെഡി.
Aug 4, 2016, 8:56 AM
“നീ കൊല ചെയ്യരുതു്”. ദൈവമായ യഹോവ നൽകിയ പത്തു് കല്പനകളിൽ ഒന്നാണിതു്. (ആവർത്തനപ്പുസ്തകം 5: 17)
യഹോവ ഉദ്ദേശിച്ചതു് യഹൂദരെ നീ കൊല്ലരുതു് എന്നായിരിക്കണം. കാരണം, പതിനഞ്ചു് അദ്ധ്യായങ്ങൾ താഴെ നമ്മൾ ഇങ്ങനെയും വായിക്കുന്നു:
“നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം. അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതകളും ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു് പാപം ചെയ്യാതിരിക്കേണ്ടതിനു് തന്നേ.” – (ആവർത്തനപ്പുസ്തകം 20 : 16 -18)
ദൈവമായ യഹോവയുടെ ബുദ്ധിമുട്ടു് യഹോവയ്ക്കേ അറിയൂ: ഉദാഹരണത്തിനു്, പോർക്കെർച്ചി തിന്നുന്നവർ, പട്ടിയെർച്ചി തിന്നുന്നവർ, പാമ്പെർച്ചി തിന്നുന്നവർ എന്നിങ്ങനെ, യഹോവയ്ക്കു് ഹറാമായ “എർച്ചികൾ” തിന്നുന്ന അന്യജാതിക്കാരുടെ സ്റ്റഡി ക്ലാസ്സുകൾ വഴി, ദൈവമായ യഹോവയ്ക്കു് യഹൂദർ കണ്ണിൽ കാണുന്ന ഏതെർച്ചിയും ബലിയർപ്പിക്കാൻ തുടങ്ങിയാൽ യഹോവയുടെ കാര്യം കഷ്ടത്തിലാവും. തടിപ്പിച്ച കാളയുടെയും മെഴുപ്പിച്ച ആടിന്റെയുമെല്ലാം മാംസം പൊരിച്ചു് കിട്ടിയാൽ “മുന്തിരിച്ചാർ” ചേർത്തു് അടിക്കുമെങ്കിലും, ഒട്ടകം, കുഴിമുയൽ തുടങ്ങിയ അശുദ്ധജീവികളുടെ മാംസം പൊരിച്ചതായാലും കറിവച്ചതായാലും കഴിക്കുന്നവനല്ല യഹോവ. അശുദ്ധമായതു് കഴിച്ചു് അശുദ്ധനായാൽ യഹോവയുടെ സ്ഥാനവും ചവറ്റുകൊട്ടയിലാവും.
ഈവക എർച്ചികൾ തരുന്ന മൃഗങ്ങളെ സൃഷ്ടിക്കാതിരിക്കാമായിരുന്നു. ശുദ്ധനായ താൻ എങ്ങനെ അശുദ്ധജീവികളെ സൃഷ്ടിച്ചു എന്ന കാര്യം യഹോവയ്ക്കു് ഇന്നും ഒരു പ്രഹേളികയാണു്. പതിവിലേറെ മുന്തിരിച്ചാർ അകത്താക്കിയശേഷം സൃഷ്ടി നടത്തിയതുമൂലം സംഭവിച്ച ഒരു പിഴയാവാനാണു് സാദ്ധ്യത. സൃഷ്ടിച്ചു് പോയ സ്ഥിതിക്കു്, വേണമെങ്കിൽ, ആവക അശുദ്ധമൃഗങ്ങളെ “ശപഥാർപ്പിതമായി നിശ്ശേഷം സംഹരിക്കണം” എന്നു് തന്റെ സ്വന്തം ജനമായ യഹൂദരോടു് കല്പിക്കാമായിരുന്നു. പക്ഷേ, മ്ലേച്ഛമായ മൃഗങ്ങളെ കൊല്ലിക്കുന്നതിനേക്കാൾ എളുപ്പം, മ്ലേച്ഛരായ മനുഷ്യരെ യഹൂദരെക്കൊണ്ടു് കൊല്ലിക്കുന്നതാണെന്നു് യഹോവയ്ക്കു് തോന്നി. അന്യജാതിയിൽ പെട്ട മനുഷ്യരെ സ്വന്തം കൈകൊണ്ടു് കൊല്ലാൻ യഹോവയ്ക്കു് കഴിയാഞ്ഞിട്ടല്ല. യഹോവയ്ക്കു് കൂടുതൽ ഇഷ്ടം മനുഷ്യരെ പ്രളയത്തിൽ മുക്കിയും, തീമഴയിൽ ചുട്ടും കൊല്ലുന്നതാണു്. നേരിട്ടുള്ള വെട്ടും കുത്തും കൊലപാതകവുമെല്ലാം യഹോവ മനുഷ്യരെ ഏല്പിക്കാറാണു് പതിവു്. തന്റെ വിശുദ്ധമായ കാഞ്ചിപുരം കാപ്പയിൽ ചോരക്കറ പറ്റരുതല്ലോ. മാത്രവുമല്ല, യഹൂദർ വല്ലതിനെയുമൊക്കെ വെട്ടി നശിപ്പിക്കുന്നതിനേക്കാൾ യഹോവയുടെ ദൃഷ്ടിയിൽ നീതിപൂർവ്വമായതു്, അവർ മറ്റു് ജാതിയിൽ പെട്ട മനുഷ്യരെ വെട്ടി നശിപ്പിക്കുന്നതാണു്.
യഹൂദർക്കു് അക്കാര്യത്തിൽ ഒരു സംശയം ഉണ്ടാവാതിരിക്കാനാണു് യഹോവ മുകളിൽ സൂചിപ്പിച്ച മൂന്നു് വാക്യങ്ങളുടെ തൊട്ടു് താഴെ ഇങ്ങനെ രണ്ടു് വാക്യങ്ങൾ കൂടി പറഞ്ഞതു്: “ഒരു പട്ടണം പിടിപ്പാൻ അതിനോടു് യുദ്ധംചെയ്തു് വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു് വെട്ടി നശിപ്പിക്കരുതു്; അവയുടെ ഫലം നിനക്കു് തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു് മനുഷ്യനാകുന്നുവോ? തിന്മാനുള്ള ഫലവൃക്ഷമല്ലെന്നു് അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങും വരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.”
ദൈവസ്നേഹം, ദൈവകാരുണ്യം, ദൈവനീതി എന്നൊക്കെ പറഞ്ഞാൽ അതാണു്! വൃക്ഷങ്ങളെ വെട്ടാൻ അവയെന്താ മനുഷ്യരോ? വൃക്ഷങ്ങളെ വെട്ടാൻ അവയെന്താ “അന്യജാതി” മനുഷ്യരോ എന്നായിരുന്നെങ്കിൽ ഒന്നുകൂടി കലക്കിയേനെ! തീറ്റയുടെ പേരിലാണു് ഫലവൃക്ഷങ്ങൾ വെട്ടരുതെന്നു് യഹോവ കല്പിച്ചതു്. “തിന്മാനുള്ള ഫലവൃക്ഷമല്ലെന്നു് അറിയുന്ന വൃക്ഷങ്ങളെ” വെട്ടിക്കളയുന്നതിനു് യഹോവയ്ക്കു് എതിർപ്പില്ല. വൃക്ഷലതാദികളിലെ ഫോട്ടോസിന്തെസിസും മറ്റും തീറ്റയുടെ അത്ര വില കല്പിക്കേണ്ട കാര്യങ്ങളല്ല എന്ന അഭിപ്രായകാരനാണു് യഹോവ. അന്യജാതികളോടു് യുദ്ധം ചെയ്യാൻ മനുഷ്യർ തിന്നുകൊണ്ടിരിക്കണം. “An army marches on its stomach” എന്നു് സായിപ്പിനെപ്പോലെ യഹോവയ്ക്കുമറിയാം. അതിനുവേണ്ടിയാണു് ഈ എർച്ചിതീറ്റയും വൃക്ഷഫലം തീറ്റയുമെല്ലാം.
ഇങ്ങനെയൊക്കെയാണെങ്കിലും, “as thick as thieves” എന്നു് മാത്രം വിശേഷിപ്പിക്കാനാവുന്ന ഒരു സ്നേഹബന്ധം ദൈവവും മനുഷ്യരും തമ്മിൽ ആരംഭകാലം മുതലേ നിലനിൽക്കുന്നുണ്ടു്. മനുഷ്യരോടുള്ള ഈ ദിവ്യാനുരാഗത്തിന്റെ സാക്ഷാത്കാരത്തിനായി, “നീ വ്യഭിചാരം ചെയ്യരുതു്” എന്ന തന്റെ മറ്റൊരു കല്പനയെ വരെ തത്കാലത്തേക്കു് ഊരിവയ്ക്കാൻ മടിക്കാത്തവനാണു് ദൈവം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു് അവനെ നല്കുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3: 16). ആ പുത്രനെ ലോകത്തിനു് നൽകാനായി മറ്റൊരുവനു് വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഒരു സ്ത്രീയെ വ്യഭിചാരം ചെയ്യാൻ പോലും തയ്യാറാവുന്ന സ്നേഹമാണു് ദൈവസ്നേഹം.
അതുകൊണ്ടു്, നീ “നിന്റെ ദൈവമായ യഹോവ നിനക്കു് അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കുക!”
Aug 8, 2016, 5:33 PM
സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയായിരുന്നു കോപ്പർനിക്കസിന്റെ കാലത്തിനു് മുൻപത്തെ യൂറോപ്പിലെ ഏഴു് “ഗ്രഹങ്ങൾ”. ഈ ഏഴു് ഗ്രഹങ്ങൾക്കും ഏഴു് ലോഹങ്ങളുമായി ഒരു സിംബോളിക് ബന്ധമുണ്ടെന്ന നിഗമനത്തിൽ അന്നത്തെ മനുഷ്യർ എത്തിച്ചേർന്നു. സംഖ്യാന്ധവിശ്വാസം ജീവവായു എന്നപോലെ മനുഷ്യരുടെയിടയിൽ വ്യാപിച്ചിരുന്ന അക്കാലത്തു് ഇതുപോലെ “ശാസ്ത്രീയമായ” ഒരു കണ്ടെത്തൽ നടത്താൻ വലിയ പ്രയാസമില്ലാതെ അവർക്കു് കഴിഞ്ഞിരുന്നിരിക്കണം. “നവഗ്രഹങ്ങൾക്കും” മരതകക്കല്ലുകൾക്കുമെല്ലാം ഭാരതീയരുടെ ജീവിതത്തിൽ യഥേഷ്ടം ഇടപെടാനും, ഭാഗ്യം, നിർഭാഗ്യം, ശത്രുസംഹാരം, വിവാഹം, പുനരുത്പാദനം, ക്യാൻസർ, ആക്സിഡന്റ്, മരണം, പുനരുത്ഥാനം തുടങ്ങിയ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഇന്നും അവകാശവും അധികാരവും ഉള്ളതുപോലെതന്നെ. മദ്ധ്യകാലയൂറോപ്പിലെ താരലോഹബന്ധങ്ങൾ ഇപ്രകാരമായിരുന്നു: സൂര്യൻ – സ്വർണ്ണം, ചന്ദ്രൻ – വെള്ളി, ബുധൻ – രസം, ശുക്രൻ – ചെമ്പു്, ചൊവ്വ – ഇരുമ്പു്, വ്യാഴം – ടിൻ, ശനി – ഈയം.
ഈ ലോഹങ്ങൾ എക്സ്‌റ്റ്രാക്റ്റ് ചെയ്യുന്നതോ, ഉപയോഗിക്കുന്നതോ ആയ രാസപ്രവർത്തനങ്ങൾ നിശ്ചിതസമയങ്ങളിൽ മാത്രമേ ചെയ്യാവൂ എന്നു് ആൽകെമിസ്റ്റുകൾ നിഷ്കർഷിച്ചിരുന്നു. ഏതു് പ്രവൃത്തിയിൽ നിന്നും ശരിയായ ഫലം ലഭിക്കണമെങ്കിൽ ആ പ്രവൃത്തിയുടെ ചുമതലക്കാരനായ അദൃശ്യാത്മാവു് അനുകൂലമായിരിക്കണം എന്നു് അവർക്കറിയാമായിരുന്നു. ഒരു ലോഹവുമായി ബന്ധപ്പെട്ട ഗ്രഹം ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴായിരിക്കും ആ താരവും ലോഹവും തമ്മിലുള്ള ബന്ധപ്രകാരം ഈ അനുകൂലാവസ്ഥയും ഏറ്റവും ശക്തമായിരിക്കുക. സൂര്യൻ നേരെ മുകളിൽ നിൽക്കുമ്പോഴാണല്ലോ തലയാണെങ്കിലും ഏറ്റവും കൂടുതൽ ചൂടാവുന്നതു്! ഒന്നിലധികം ലോഹങ്ങൾ ഉപയോഗിച്ചു് നടത്തേണ്ടിവരുന്ന വാറ്റലിനും നീറ്റലിനുമായി അതാതു് ഗ്രഹങ്ങൾ തമ്മിൽത്തമ്മിലുള്ള ഉച്ചനീചത്വങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടു്. ആവക കാര്യങ്ങൾ അറിയുന്നവരാണു് ആൽകെമിസ്റ്റുകൾ. എവിടെ വസ്തുവുണ്ടോ, അവിടെ വാസ്തുനോട്ടക്കാരുമുണ്ടാവും.
ഭാരതത്തിൽ വ്യത്യസ്തമായ മേഖലകളാണു് ഇക്കൂട്ടർ വിപുലമായിത്തന്നെ കയ്യടക്കി വച്ചിരിക്കുന്നതു്. തൊഴിലുകൾ അനുസരിച്ചു് അവർ പല പേരുകളിൽ അറിയപ്പെടാറുണ്ടെന്നേയുള്ളു. തൊഴിലുകൾ വ്യത്യസ്തമാണെങ്കിലും, അവരുടെയും ഇവരുടെയും മറ്റവരുടെയുമെല്ലാം രീതിശാസ്ത്രവും തൊഴിൽ രഹസ്യവും ഒരുപോലെതന്നെ. തുട്ടുകൾ കിലുങ്ങും എന്നു് തോന്നിയാൽ ദൈവത്തെക്കൊണ്ടു് മൂത്രമൊഴിപ്പിക്കാനോ, കണ്ണീരൊഴുക്കിക്കാനോ, രക്തം ചിന്തിക്കാനോ മടിയില്ലാത്തവർ വരെയുണ്ടു് അക്കൂട്ടത്തിൽ. അതുപോലെ, ഭാരതീയ ജ്യോതിഷത്തിൽ, വാരതാരയോഗപ്രകാരം, ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും, വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും ഒത്തുവന്നാൽ വർജ്ജിക്കുകയോ ഛർദ്ദിക്കുകയോ ചെയ്യുക എന്നല്ലാതെ ജ്യോതിഷിയുടെ കെണിയിൽ വീണുപോയവർക്കു് മറ്റു് രക്ഷാമാർഗ്ഗമൊന്നുമില്ല. കാരണം, സംഭവം മൃത്യുയോഗമാണു്. കണ്ടകശനി കൊണ്ടാലേ പോകൂ എന്നു് ജ്യോതിഷമതം.
മദ്ധ്യകാലത്തിലെ ക്രൈസ്തവയൂറോപ്പിൽ സ്മാർട്ട്‌ഫോണും ഇന്റർനെറ്റും ഇല്ലായിരുന്നു എന്നതു് സത്യം തന്നെ. എന്നോർത്തു്, വിശ്വാസപരമായ കാര്യങ്ങളിൽ ഇന്നത്തെ ഭാരതത്തിനുമുന്നിൽ അന്ധകാരയുഗയൂറോപ്പിനു് നാണിച്ചു് തലകുനിക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഏതു് കാര്യത്തിനും മനുഷ്യരുടെ അനിഷേദ്ധ്യരായ അഥോറിറ്റികൾ അരിസ്റ്റോട്ടിലും അപ്പൊസ്തലനായ പൗലോസുമായിരുന്നു. ഒന്നുരണ്ടു് അഥോറിറ്റികൾ ഭാരതത്തിനുമുണ്ടു്. ഇല്ലെന്നു് മാത്രം പറയരുതു്. മൂക്കു് പിഴിയേണ്ടിവരും എന്നതിനാലാണു്. ഒരു പ്രത്യേക വിഷയത്തിൽ അരിസ്റ്റോട്ടിൽ ഒന്നും പറഞ്ഞിട്ടില്ലെന്നു് തോന്നിയാൽ, അതിനു് ഒരു വ്യാഖ്യാനം തേടുകയായിരുന്നു രീതി. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ വ്യാഖ്യാനത്തെ വീണ്ടും വീണ്ടും വ്യാഖ്യാനിക്കാൻ നോക്കും. പണ്ടു് പൗലോസും പിന്നീടു് മാർക്സും വിജയകരമായി പയറ്റി മനുഷ്യരെ പറ്റിച്ച ഡയലെക്റ്റിക്കൽ ഊഞ്ഞാലാട്ടം! തനിക്കു് വേണ്ട റിസൽറ്റ് കിട്ടുന്നതുവരെ അങ്ങോട്ടും ഇങ്ങോട്ടും നിർത്താതെ ആടിക്കൊണ്ടേയിരിക്കുക എന്നതാണു് അതിന്റെ രീതി. കാപട്യമെന്നു് തിരിച്ചറിയാതിരിക്കാൻ മാത്രം ആകർഷണീയത തോന്നുന്ന ഒരു ആശയപ്പിറവി സംഭവിക്കുന്നതുവരെയുള്ള ഊഞ്ഞാലാട്ടം.
പൗലോസ് ആടിയാടി വാറ്റിയെടുത്ത ഒരു ആശയപ്രകാരം, അരിസ്റ്റോട്ടിലിന്റെ ഗ്രാവിറ്റിസിദ്ധാന്തം അനുസരിക്കാത്ത “ബോഡീസ്” എല്ലാം ആത്മീയ “ബോഡീസ്” ആണു്. അതിൻപ്രകാരം, ഉയിർത്തെഴുന്നേൽക്കുന്ന ശരീരം അദൃശ്യമല്ല, ആൽകെമിസ്റ്റിന്റെ ടെസ്റ്റ് റ്റ്യൂബിൽ നിന്നുയരുന്ന ആവിപോലെ അനിശ്ചിതം മാത്രമാണു്! വായുവിനു് ഭാരമില്ലെന്നായിരുന്നു അക്കാലത്തെ മനുഷ്യരുടെ ഉത്തമവിശ്വാസം. മെഡിസിനിലും, മെറ്റലർജ്ജിയിലും, ഫെർമെന്റേഷനിലുമെല്ലാം സംഭവിക്കുന്നതു്, കണക്കാക്കാനോ സങ്കല്പിക്കാനോ കഴിയാത്ത “ഭാരമില്ലാത്ത” ഭൂതങ്ങളുടെ ഇടപെടലുകളാണെന്നു് വിശ്വസിച്ചിരുന്നവരുടെ ലോകം! ഏതു് പാമ്പെണ്ണ വില്പനക്കാരന്റെയും വലയിൽ അങ്ങോട്ടുചെന്നു് വീഴാൻ മടിക്കാത്ത ആ മദ്ധ്യകാല മനുഷ്യരുടെയിടയിലാണു് അവർക്കും ഒന്നര സഹസ്രാബ്ദങ്ങൾക്കു് മുൻപേ പൗലോസ് ഏതൊക്കെയോ ചെവികളിൽ ഓതിയുറപ്പിച്ച യേശുവിന്റെ ഉയിർത്തെഴുന്നേല്പും, മറിയയുടെ ദിവ്യഗർഭവും, അത്ഭുതകരമായ മറ്റു് “സംഭവ”കഥകളും, ചാണകക്കുഴിയിൽ വീണ ചീരപോലെ, ശാസ്ത്രീയതയുടെ മൂടുപടമണിഞ്ഞു് വളർന്നു് പന്തലിച്ചതു്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ ഇന്നത്തെ ഭാരതത്തിൽ അതേ കഥകളോടൊപ്പം തന്നെ, അവയെ തോല്പിക്കുന്ന മറ്റു് അത്ഭുതകഥകളും, രോഗശാന്തിശുശ്രൂഷകളും, ഒറ്റമൂലിപരിഹാരങ്ങളും ചൂടപ്പം പോലെ വിറ്റുപോകുന്നതു് ശ്രദ്ധിച്ചാൽ നാനൂറു് വർഷങ്ങൾക്കു് മുൻപുള്ള യൂറോപ്പിന്റെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. ആ അപ്പക്കടകൾക്കു് മുന്നിൽ മുട്ടുമടക്കി തന്റെ ഊഴത്തിനായി കാത്തിരിക്കുന്നവരിൽ പ്രമുഖർ ജനം സമൂഹത്തിന്റെ നവീകരണച്ചുമതല ഏല്പിച്ചിരിക്കുന്ന മഹാന്മാരാണു് എന്നുകൂടി അറിയുമ്പോൾ ആ മനസ്സിലാക്കൽ പൂർണ്ണമാവുകയും ചെയ്യും.
കൊരിന്ത്യർക്കെഴുതിയ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് നടത്തുന്ന ഊഞ്ഞാലാട്ടം:
“സ്വർഗ്ഗീയശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു്; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു് വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു് വേറെ. സൂര്യന്റെ തേജസ്സു് വേറെ, ചന്ദ്രന്റെ തേജസ്സു് വേറെ, നക്ഷത്രങ്ങളുടെ തേജസ്സു് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു”: (1. കൊരിന്ത്യർ 15: 40, 42)
“സ്വർഗ്ഗീയബാഡീസ് ഭൗമബാഡീസ്, കറപ്ഷനിലെ വിത, ഇൻകറപ്ഷനിലെ ഉയിർപ്പു്” King James Bible- ൽ നിന്നും (ഒരു താരതമ്യത്തിനു്):
“There are also celestial bodies, and bodies terrestrial: but the glory of the celestial is one, and the glory of the terrestrial is another. There is one glory of the sun, and another glory of the moon, and another glory of the stars: for one star differeth from another star in glory. So also is the resurrection of the dead. It is sown in corruption; it is raised in incorruption”: (1-Corinthians 15: 40, 42)
മദ്ധ്യകാലയൂറോപ്പിനെ മനസ്സിലാക്കാൻ അക്കാലത്തെ ഒരു കെമിസ്‌റ്റ്രി പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഉദാഹരണമായി: “വന്യസർപ്പം ഇണക്കപ്പെടുകയും, വ്യാളി തന്റെ സ്വന്തം വാലു് തിന്നാൻ നിർബന്ധിതനാകുന്ന നിലയിലേക്കു് കീഴ്പ്പെടുത്തപ്പെടുകയും ചെയ്യും”. ആൽകെമിസ്റ്റിന്റെ കെമിസ്‌റ്റ്രി!
ആൽകെമിസ്റ്റുകളുടെ രസതന്ത്രവും, പ്രവാചകരുടെ ദൈവശാസ്ത്രവും, ജ്യോതിഷികളുടെ വാരതാരയോഗവിധികളും, വിരുദ്ധാത്മാക്കളുടെ ഭൗതികവാദശാസ്ത്രവുമെല്ലാം ഇങ്ങനെ പ്രതീകാത്മകമായോ, അത്യന്താധുനികമായോ, കഴിയുമെങ്കിൽ രണ്ടും ചേർത്തോ മാത്രമേ പറയാവൂ എന്നതു് ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യമാണു്!
Aug 10, 2016, 12:26 PM
ഗൊറിലകളെയും ചിമ്പാൻസീകളെയുമെല്ലാം പരിശീലിപ്പിച്ചു്, മുന്നൂറോളംവരെ വസ്തുക്കളെയും പ്രവൃത്തികളെയും ചിഹ്നങ്ങൾ വഴി തിരിച്ചറിയാനാവുന്ന നിലയിലേക്കു് അവയെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടത്രെ! മരങ്ങളുടെ പൊത്തുകളിലെ ചിതലുകളെയും മറ്റു് ചെറുജീവികളെയും പിടിച്ചു് തിന്നാനായി ഇലകളഞ്ഞ ചെറിയ മരച്ചില്ലകൾ ഉപയോഗിക്കാമെന്നും, കായ്കളുടെ കട്ടിയുള്ള പുറംതോടു് പൊട്ടിക്കാൻ അവയെ കല്ലിൽ വച്ചു് കല്ലുകൊണ്ടു് ഇടിച്ചാൽ മതിയെന്നുമൊക്കെ സ്വതസിദ്ധമായിത്തന്നെ അവയ്ക്കറിയാം. പല്ലും നഖവുമെല്ലാം വൃത്തിയാക്കാനും അവ അനുയോജ്യമായ “പണിയായുധങ്ങൾ” ഉപയോഗിക്കാറുണ്ടു്. ഒരേ വർഗ്ഗത്തിൽ പെട്ടവയെങ്കിലും, സ്വന്തം കൂട്ടത്തിൽ അംഗമല്ലാത്തവയെ ആക്രമിച്ചു് ആട്ടിയോടിക്കുന്ന രീതിയും അവയുടെയിടയിലുണ്ടു്. ഹോമോ സേപ്പിയൻസ് എന്ന ഒരേ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും, ഇസപ്രകാരം വ്യത്യസ്ത കൂട്ടത്തിൽ പെട്ടവരാണെങ്കിൽ പരസ്പരം അക്രമിക്കുന്ന രീതി മനുഷ്യരുടെയിടയിലും അസാധാരണമല്ലല്ലോ. സംശയമുള്ളവർ ഓൺലൈനിലെ പൊളിറ്റിക്കൽ ആക്റ്റിവിസ്റ്റുകളെ ഒന്നുരണ്ടാഴ്ചത്തേക്കു് ഫോളോ ചെയ്താൽ സംശയനിവൃത്തി വരുത്താവുന്നതേയുള്ളു.
ചിമ്പാൻസീകളുടെയിടയിൽ, പ്രാകൃതമെങ്കിലും, ഒരുതരം സോഷ്യൽ ഇന്റെലിജെൻസ്, അഥവാ കൂട്ടത്തിലെ അംഗങ്ങളുടെ തലയിൽ എന്താണു് നടക്കുന്നതു് എന്നതിനെപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ നിലവിലുണ്ടെന്നും വീക്ഷിക്കപ്പെട്ടിട്ടുണ്ടു്. ഗൊറിലകളുടെ IQ ചില മനുഷ്യരുടേതിനേക്കാൾ ഉയർന്നതാണത്രെ! മൃഗശാലയിൽ പോയി ഗൊറിലകളുമായി മുഖാമുഖം നിൽക്കേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെ അങ്ങനെയൊരു തോന്നൽ എനിക്കും ഉണ്ടായിട്ടുണ്ടു്. സ്വന്തം അനുഭവം മാത്രം അടിസ്ഥാനപ്പെടുത്തി ഒരു സിദ്ധാന്തം രൂപീകരിക്കാനാവില്ല എന്നതിനാലാണു് മൃഗസംബന്ധിയായ എന്റെ പരൂക്ഷണ നിരൂക്ഷണങ്ങൾ ജനാധിപത്യകേരളത്തിലേക്കു് കൂടി നീട്ടാൻ ഞാൻ തീരുമാനിച്ചതു്. അങ്ങനെയാണു് “ബാ മാണീ ബാ” എന്നു് വിളിച്ചു് ചില ഇടതുപക്ഷ നേതാക്കൾ പ്രശ്നാധിഷ്ഠിതമുക്രയിടൽ നടത്തി ന്യായീകരണത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം അണികളെ ശ്വാസം മുട്ടിക്കുന്നതു് കാണാനും, താഴ്ന്ന സോഷ്യൽ ഇന്റെലിജെൻസ് പ്രദർശിപ്പിക്കാൻ ചിമ്പാൻസി വർഗ്ഗത്തിൽ അംഗമായിരിക്കണം എന്നു് നിർബന്ധമൊന്നുമില്ല എന്ന വസ്തുത മനസ്സിലാക്കാനും എനിക്കു് കഴിഞ്ഞതു്.
അത്ഭുതമെന്നേ പറയേണ്ടൂ, ഇന്റെലിജെൻസ് ക്വോഷ്യന്റിന്റെ കാര്യത്തിൽ ഗൊറിലകളെ തോല്പിക്കുന്ന മനുഷ്യർ കുടിപാർക്കുന്നതും കേരളത്തിൽ തന്നെയാണു്! മുങ്ങിച്ചാവാൻ നേരത്തു് രക്ഷപെടുത്താൻ ശ്രമിക്കുന്നവനോടു് “നീങ്ങ പോയി പാടു് നോക്കു്, എന്നെ നീന്തലറിയാത്ത എന്റെ ഇക്കാക്ക രക്ഷിച്ചാൽ മതി” എന്നു് നിർബന്ധം പിടിക്കുന്നവരുടെ രൂപത്തിൽ നിങ്ങൾക്കവരെ കണ്ടെത്താൻ കഴിയും. അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഈ കുറിപ്പു് വായിക്കുമ്പോൾ, ആരാണു് സുഹൃത്തേ “ബാ മാണീ ബാ” എന്നു് വിളിച്ചതു് എന്നോ, ആരാണു് സഹോദരാ “നീങ്ങ പോയി പാടു് നോക്കു്, എന്നെ നീന്തലറിയാത്ത എന്റെ ഇക്കാക്ക രക്ഷിച്ചാൽ മതി” എന്നു് നിർബന്ധം പിടിച്ചതെന്നോ കമന്റിടാൻ കൈതരിക്കുന്ന ശുദ്ധഹൃദയരുടെ രൂപത്തിൽ ഉറപ്പായും നിങ്ങൾക്കു് അവരെ കണ്ടെത്താൻ കഴിയും.
മനുഷ്യൻ അഹങ്കാരത്തോടെ സ്വയം ചാർത്തിക്കൊടുത്ത “വ്യക്തി” എന്ന പദവി വഹിക്കാനുള്ള അവകാശം, എന്തു് നീതിന്യായത്തിന്റെ പേരിലാണു് ഗൊറിലാസ്, ചിമ്പാൻസീസ്, ഒറാങുറ്റാൻസ് തുടങ്ങിയ കുരങ്ങുവർഗ്ഗങ്ങൾക്കു് നിഷേധിക്കപ്പെടുന്നതെന്നു് എനിക്കു് മനസ്സിലാകുന്നില്ല.
Aug 16, 2016, 8:34 AM
ബൈബിളിലെ പഴയനിയമത്തിൽ ദൈവത്തിന്റെ പാർട്ട് അഭിനയിക്കുന്ന യഹോവ മോശെയ്ക്കു് നൽകിയ ന്യായപ്രമാണത്തിലാണു് ജീവനു് പകരം ജീവൻ, കണ്ണിനു് പകരം കണ്ണു്, പല്ലിനു് പകരം പല്ലു്, കൈക്കു് പകരം കൈ തുടങ്ങിയ പ്രാസസുന്ദരമായ ശിക്ഷാവിധികൾ രേഖപ്പെടുത്തിയിരിക്കുന്നതു്. മോശെ ഒരു ചരിത്രപുരുഷനല്ലെന്നും ഒരു ഐതിഹാസിക കഥാപാത്രമാണെന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാർ ഉണ്ടെങ്കിലും, മോശെ ജീവിച്ചിരുന്നെങ്കിൽ അതു്, ബൈബിളിന്റെ അടിസ്ഥാനത്തിൽ യഹൂദപണ്ഡിതർ നടത്തിയ കണക്കു് കൂട്ടലുകൾ അനുസരിച്ചു്, യേശുവിനു് ഏകദേശം ഒന്നര സഹസ്രാബ്ദങ്ങൾക്കു് മുൻപായിരുന്നിരിക്കണം. അതുകൊണ്ടാവും ബോഫോഴ്സ്, ലാവ്ലിൻ, സോളാർ, തുടങ്ങിയ കേസുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി യഹോവ വ്യക്തമായ നിർദ്ദേശങ്ങളൊന്നും ന്യായപ്രമാണത്തിലൂടെ നൽകാതിരുന്നതു്. പക്ഷേ, ആടു് മോഷണം, കാലിമോഷണം, ആണു് പെണ്ണിന്റെയും, പെണ്ണു് ആണിന്റെയും വസ്ത്രം ധരിക്കൽ, എല്ലാറ്റിലുമുപരി, വ്യഭിചാരത്തിന്റെ വ്യത്യസ്ത രൂപാന്തരങ്ങളിൽ ഏർപ്പെടുക മുതലായ, 3500 വർഷം മുൻപു് ജീവിച്ചിരുന്ന മനുഷ്യർക്കു് ചെയ്യാൻ കഴിയുമായിരുന്ന മിക്കവാറും എല്ലാവിധ കുറ്റകൃത്യങ്ങൾക്കും നൽകേണ്ടുന്ന ശിക്ഷകളെപ്പറ്റി യഹോവ മോശെക്കു് വിവരിച്ചു് കൊടുക്കുന്നുണ്ടു്. ലൈംഗികത എന്നു് കേട്ടാൽ നിയന്ത്രണം വിടുന്നവരാണു് പൊതുവേ സെമിറ്റിക് ദൈവങ്ങൾ. അതുകൊണ്ടാവണം അവരുടെ ന്യായപ്രമാണങ്ങൾ പ്രധാനമായും ലൈംഗികത എന്നൊരു കേന്ദ്രബിന്ദുവിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നതുപോലെ തോന്നുന്നതു്. മോശെയുടെ ന്യായപ്രമാണങ്ങളെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്കു് അവ വേദവാക്യങ്ങളാണെങ്കിലും, അല്ലാത്തവർക്കു് 3500 വർഷം പഴകിയ ആ പ്രാകൃതശിക്ഷാവിധികൾ കാട്ടാളത്തമെന്നു് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
പാലിനെ തൈരാക്കി മാറ്റാൻ ഉറയൊഴിച്ചാൽ മതിയെന്നു് അറിയാത്ത വീട്ടമ്മമാരോ വീട്ടപ്പന്മാരോ ഉണ്ടെന്നു് തോന്നുന്നില്ല. എന്തെങ്കിലും കാരണവശാൽ വീട്ടിൽ സ്വന്തമായി ഉറയില്ലെന്നു് വന്നാൽ അയല്പക്കത്തുനിന്നും അല്പം ഉറ വാങ്ങി പാലിലൊഴിച്ചു് തൈരുണ്ടാക്കുക എന്നതാണു് നാട്ടുനടപ്പു്. ഏകദേശം 1400 വർഷം മുൻപു് ജീവിച്ചിരുന്ന മുഹമ്മദ് നബിക്കു് ഒരു മതം സ്ഥാപിക്കണമെന്നും, അതിനു് പറ്റിയ ഒരു ന്യായപ്രമാണം വേണമെന്നും തോന്നിയപ്പോൾ അദ്ദേഹം സ്വീകരിച്ചതും ഈ ഉറയൊഴിക്കൽ സൂത്രം തന്നെ. അയല്പക്കക്കാരനായിരുന്ന മോശെയുടെ ന്യായപ്രമാണങ്ങളിൽ നിന്നും തനിക്കു് വേണ്ടുവോളം തൈരു് ചോർത്തി അല്പം കാന്താരിയും കറിവേപ്പിലയുമെല്ലാം ചേർത്തു് അദ്ദേഹവും ഉണ്ടാക്കി ഒരു ന്യായപ്രമാണ തൈരു് സാദം.
അങ്ങനെയാണു്, മുഹമ്മദിനേക്കാൾ ഏകദേശം 2000 വർഷങ്ങൾക്കു് മൂത്തവനായ മോശെയുടെ കാലത്തെ ന്യായപ്രമാണ യീസ്റ്റു് അറബികളിലേക്കു് സംക്രമിക്കാനും, അവരുടെ ഭൗതികവും ആത്മീയവുമായ ജീവിതം പുളിച്ചു് പൊന്താനും തുടങ്ങിയതു്. ആ തൈരു്സാദയീസ്റ്റിനെ സകല ലോകത്തിലേക്കും വ്യാപിപ്പിക്കാനാണു് ISIS പോലുള്ള “സമാധാനക്രിമിനലുകൾ” കഷ്ടപ്പെടുന്നതു്. യഹൂദരുടെ ദൈവമായ യഹോവയെ അല്ലാഹു എന്നും, ന്യായപ്രമാണഗ്രന്ഥത്തെ ഖുർആൻ എന്നും ഒരു ഒറിജിനാലിറ്റിക്കു് വേണ്ടി മുഹമ്മദ് പുനർനാമകരണം ചെയ്തെങ്കിലും, ജീവനു് പകരം ജീവൻ, കണ്ണിനു് പകരം കണ്ണു്, പല്ലിനു് പകരം പല്ലു്, കൈക്കു് പകരം കൈ തുടങ്ങിയ നീതിസാരവാക്യങ്ങൾ അതേപടി ഖുർആനിലേക്കു് ഏറ്റെടുക്കാൻ അദ്ദേഹം മടിച്ചില്ല. ലോകാവസാനത്തോളം മാറ്റമൊന്നും ആവശ്യമില്ലാത്ത നിയമങ്ങളെ ഏറ്റെടുക്കാൻ മുഹമ്മദ് എന്തിനു് മടിക്കണം? ഖുർആൻ പ്രമാണങ്ങളെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്കു് അവ വേദവാക്യങ്ങളാണെങ്കിലും, അല്ലാത്തവർക്കു് 1400 വർഷം പഴകിയ ആ പ്രാകൃതശിക്ഷാവിധികൾ കാട്ടാളത്തമെന്നു് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു.
ഇനി, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റെയ്റ്റിൽ ജീവിച്ചുകൊണ്ടു്, കൊലയ്ക്കു് പകരം കൊല, വെട്ടിനു് പകരം വെട്ടു്, കുത്തിനു് പകരം കുത്തു് തുടങ്ങിയ പഴയ കാടൻശിക്ഷാവിധികൾക്കു് ‘നവോത്ഥാനം’ നൽകാൻ ശ്രമിക്കുന്നവരെപ്പറ്റി ഒരു നിമിഷം ആലോചിച്ചുനോക്കൂ. സ്വപക്ഷത്തിലെ ക്രിമിനലുകൾ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ മോശെയുടെ കാലത്തെ നിയമവ്യവസ്ഥകൾ പോലും ഏറ്റെടുക്കാൻ മടിയില്ലാത്തവരുടെ മാനസികലോകം എത്ര ആയിരം വർഷങ്ങൾ പിന്നിലായിരിക്കണം?
ഇറ്റാലിയൻ ഹ്യൂമനിസം എന്ന ആദ്യഘട്ടത്തിനു് ശേഷം പ്രധാനമായും പ്ലേറ്റോയുടെയും പ്ലോടിനസിന്റെയും ചിന്തകൾക്കു് സംഭവിച്ച പുനർജന്മം മുതൽ എൻലൈറ്റെന്മെന്റ് വരെയുള്ള കാലഘട്ടമാണു് പൊതുവേ യൂറോപ്യൻ റിണൈസൻസ് എന്നറിയപ്പെടുന്നതു്. നാച്യുറൽ ഫിലോസഫി, നെയ്ചർ മിസ്റ്റിസിസം, ആസ്‌റ്റ്രോളജി, ആൽക്കെമി, മാജിക്, പ്രതീകാത്മകജ്ഞാനം, ഭൂതപ്രേതാദികൾ തുടങ്ങിയ വെടികളും പുകകളും മനുഷ്യജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പരിഹാരമാർഗ്ഗങ്ങളും നിശ്ചയിച്ചിരുന്ന കാലഘട്ടം. അതിൻ പ്രകാരം, “നവോത്ഥാനത്തിനു്” വേണ്ടി ശ്രമിക്കുന്ന ഒരു ഇസ്ലാമിസ്റ്റോ, ഒരു മാർക്സിസ്റ്റോ, ഒരു ഹിന്ദുത്വവാദിയോ ലക്ഷ്യം വയ്ക്കുന്നതു് എന്താണെന്നു് ഊഹിക്കാവുന്നതേയുള്ളു. നവോത്ഥാനമല്ല, ബോധവത്കരണമാണു് മനുഷ്യനു് ആവശ്യം. പക്ഷേ, ഇസ്ലാമിസം, മാർക്സിസം, ഹിന്ദുത്വവാദം തുടങ്ങിയവയുടെ വിഷനിലങ്ങളിൽ പാകിയാൽ മുളയ്ക്കുന്നവയല്ല ബോധവത്കരണത്തിന്റെ വിത്തുകൾ. മിഥുകളിൽ നിന്നും ആദ്യം പ്രീ-സോക്രാറ്റിക് ഫിലോസഫിയിലെത്തി, അവിടെനിന്നും വിവിധയിനം തത്വചിന്തകളുടെയും പരീക്ഷണനിരീക്ഷണങ്ങളുടെയും പടയോട്ടങ്ങളുടേയും ലോകയുദ്ധങ്ങളുടെയുമെല്ലാം എത്രയോ പടികൾ കടന്നാണു് ഹ്യൂമനിസത്തിലും, റിണൈസൻസിലും, റിഫർമേഷനിലും, എൻലൈറ്റെന്മെന്റിലും നവയുഗത്തിലുമെല്ലാം യൂറോപ്യൻ സമൂഹം എത്തിച്ചേർന്നതു്. യൂറോപ്യൻസ് കടന്നുപോയ വഴികളെ മാതൃകയാക്കാനായിട്ടല്ല, ഇപ്പോഴും മിഥുകളിൽ നിന്നും മോചനം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സമൂഹത്തെ നവയുഗത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതു് എത്ര ദുഷ്കരമാണെന്നു് സൂചിപ്പിക്കാനായി പറഞ്ഞെന്നേയുള്ളു.
ഇരുപതു് വർഷങ്ങൾ വേണമെങ്കിലും ഒരു തെറ്റു്, അതൊരു തെറ്റാണെന്നറിയാതെ ചെയ്തുകൊണ്ടിരിക്കാൻ മനുഷ്യനു് കഴിയും എന്നൊരു ബോർഡ് ജർമ്മൻ പ്രോട്ടസ്റ്റന്റ് സഭ നടത്തുന്ന ഒരു ആശുപത്രിയുടെ പൂമുഖത്തു് തൂക്കിയിട്ടിരുന്നതു് ഒരിക്കൽ കാണാനിടയായിട്ടുണ്ടു്. ദൈവദത്തമായ കല്പനകൾ എന്നു് വിശ്വസിപ്പിച്ചാൽ, ആയിരത്തിനാനൂറോ, മൂവായിരത്തിഅഞ്ഞൂറോ വർഷങ്ങൾ വേണമെങ്കിലും കാട്ടാളത്തങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ചുകൊണ്ടിരിക്കാൻ മടിയില്ലാത്തവരാണു് മനുഷ്യർ എന്ന അനുഭവസത്യത്തിനു് മുന്നിൽ, ഇരുപതോ നൂറ്റമ്പതോ വർഷങ്ങൾ ഒരു വിഡ്ഢിത്തം വിഡ്ഢിത്തമാണെന്നു് തിരിച്ചറിയാതെ പിൻതുടരുന്നതിൽ അസാധാരണമായി എന്തിരിക്കുന്നു? ഇൻറ്റ്രൊസ്പെക്ഷനു് ശേഷിയില്ലാത്ത മനുഷ്യരിൽ ഇസങ്ങൾ പ്രവർത്തിക്കുന്നതു് ഡ്രഗ്സ് പോലെതന്നെയാണു്. സ്വന്തം പോരായ്മകൾ സ്വയം പരിഹരിക്കാൻ കഴിയാതെയോ ശ്രമിക്കാതെയോ, അതിന്റെ കാരണങ്ങൾ മുഴുവൻ മറ്റു് മനുഷ്യരിൽ വച്ചുകെട്ടാൻ ശ്രമിക്കുന്ന, ഏതൊക്കെയോ ആശയങ്ങളോടുള്ള ആസക്തിയുടെ അടിമകളാണവർ. സമൂഹം, സിസ്റ്റം, സാമ്രാജ്യത്വം, അമേരിക്ക, ഇസ്രായേൽ, ശൈത്താൻ തുടങ്ങിയവയൊക്കെ അവരെ പിടിച്ചു് തിന്നാൻ വേണ്ടി മാത്രം വഴിനീളെ പതിയിരിക്കുന്ന അവരുടെ ജന്മശത്രുക്കളാണു്. തങ്ങൾ പ്രതിക്കൂട്ടിൽ കയറേണ്ടിവരും എന്നു് തോന്നുന്ന ഏതു് കാര്യത്തിന്റേയും ഉത്തരവാദിത്വം മുതുകത്തേക്കു് ഉന്തിവയ്ക്കാൻ അതുപോലെ കുറെ ശത്രുചിത്രങ്ങൾ ഉണ്ടെങ്കിൽ മാത്രം പിടിച്ചു് നിൽക്കാൻ കഴിയുന്ന ഐഡിയോളജിക്കൽ ആഡിക്റ്റ്സ്!
Aug 17, 2016, 9:35 AM
“പക വീട്ടാനുള്ളതാണു്.”
അങ്ങനെയങ്ങു് പറഞ്ഞു് കൊടുക്കു് സാറേ! പിള്ളേർക്കു് വിവരം വയ്ക്കട്ടെ.
Aug 17, 2016, 11:17 AM
“അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തു് കൊണ്ടുചെന്നു് അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു് കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു് പുരമേൽ കയറി ഓടു് നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു. … … അവൻ പക്ഷവാതക്കാരനോടു്: “എഴുന്നേറ്റു് കിടക്ക എടുത്തു് വീട്ടിലേക്കു പോക എന്നു് ഞാൻ നിന്നോടു് പറയുന്നു” എന്നു് പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു്, താൻ കിടന്ന കിടക്ക എടുത്തു് ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു് പോയി.” – (ലൂക്കോസ് 5: 18, 19, 24, 25)
രോഗികളോടുള്ള സഹതാപം എന്നൊക്കെപ്പറഞ്ഞാൽ ഇതാണു്. കിടപ്പിലായ പക്ഷവാതരോഗിയെ കിടക്കയിൽ ചുമന്നുകൊണ്ടു് അത്യാവശ്യമായി വൈദ്യസന്നിധിയിൽ എത്തിച്ചു് രക്ഷപെടുത്താൻ നോക്കുമ്പോൾ ഔട്ട്പേഷ്യന്റ്സിന്റെ തിരക്കുമൂലം വൈദ്യൻ ഇരിക്കുന്ന വീടിനകത്തേക്കു് കടക്കാനേ പറ്റില്ലെന്നു് വന്നാൽ വീടിന്റെ മേൽക്കൂര പൊളിച്ചു് രോഗിയെ കിടക്കസഹിതം താഴേക്കു് ഇറക്കിവയ്ക്കാൻ ആരായാലും ശ്രമിച്ചുപോകും. പുരപ്പുറം ഓടോ, വയ്ക്കോലോ, ഓലയോ മേഞ്ഞതായാൽ അങ്ങനെയൊരു ഗുണമുണ്ടു്. പൊളിക്കൽ എളുപ്പമാണു്. കഴുക്കോലുകൾക്കും ഉത്തരങ്ങൾക്കുമെല്ലാം ചുമട്ടുകാരെയും രോഗിയെയും കിടക്കയേയും താങ്ങാൻ വേണ്ടത്ര ബലമുണ്ടാവണമെന്നേയുള്ളു. പക്ഷേ, പുരയും പുരപ്പുറവും കോൺക്രീറ്റിൽ തീർത്തതായാൽ പൊളിക്കൽ കുറച്ചുകൂടി ശ്രമകരമായിരിക്കും.
എനിക്കു് തോന്നുന്നതു്, ഓടു് പൊളിക്കാൻ ചുമട്ടുകാർക്കൊപ്പം ആ പക്ഷവാതരോഗിയും ഒത്തുപിടിച്ചു എന്നാണു്. വല്ലതും കാര്യമായി തടയുമെന്നുണ്ടെങ്കിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രം വരെ, മുകളിൽ നിന്നോ താഴെനിന്നോ സൈഡിൽ നിന്നോ പൊളിക്കാൻ മടിക്കുന്നവരല്ല മനുഷ്യർ. മേൽക്കൂരയിലെ ഓടു് പൊളിക്കാൻ കഴിയുന്നവനു് ഒരു കിടക്കയോ തഴപ്പായോ മെത്തപ്പായോ ചുമന്നുകൊണ്ടു് നടക്കാനും പറ്റും എന്നറിയാൻ ദൈവപുത്രനോ യേശുവോ ഒന്നും ആവേണ്ട കാര്യവുമില്ല.
ഒരു ദൈവപുത്രനെ വാർത്തെടുക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. നല്ല കറതീർന്ന ഫിക്ഷൻ എഴുതാൻ കഴിയുന്നവർക്കു് മാത്രം സാധിക്കുന്ന ഒരു കാര്യമാണതു്. സാമാന്യബുദ്ധിയിൽ എത്ര അവിശ്വസനീയമാണോ ആ ഫിക്ഷൻ, അത്ര കൂടുതലായിരിക്കും ദൈവപുത്രഭക്തർ അതിനു് നൽകുന്ന വിശ്വാസയോഗ്യത. കാരണം, പ്രകൃതിനിയമങ്ങളെയും, അന്യദൈവങ്ങളേയും അസാധുവാക്കി, പുറംകാൽ കൊണ്ടു് തട്ടി കുപ്പത്തൊട്ടിയിലേക്കു് എറിയാൻ കഴിവുള്ളവനാണു് ഏതൊരു വിശ്വാസിക്കും അവന്റെ ദൈവം.
Aug 19, 2016, 9:31 AM
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾ ഹാർവാർഡ് കൊമ്പാറ്റിബിൾ ആയിരിക്കുമല്ലോ എന്നതാണു് ഒരാശ്വാസം. എന്നേപ്പോലുള്ള വെരി ഇമ്മോറൽ പേഴ്സൺസിനു് ദർശനസൗകര്യം വേണ്ട എന്ന തീരുമാനം മറ്റൊരാശ്വാസം. സൗകര്യം നൽകിയിട്ടും പോകാതിരുന്നാൽ VIP-കളെ സംബന്ധിച്ചു് അതു് ഭയങ്കര അപമര്യാദയാണു്.
Aug 19, 2016, 9:40 AM
രണ്ടു് വാക്കു് പറയുവർക്കു് വേണ്ടി നോക്കിപ്പാർത്തിരുന്നു് അവരെ പേരു് വിളിച്ചു് നാലു് വാക്കു് പറയുന്നതു് നല്ലൊരു കലയും സേവനവുമാണു്. മനുഷ്യർക്കു് മനുഷ്യനാമങ്ങൾ കേട്ടു് മതിവരാം. വംശവർദ്ധനവിൽ ഏർപ്പെട്ടിരിക്കുന്നവർക്കു് അവരുടെ ഉൽപ്പന്നങ്ങൾക്കു് നൽകാനോ നൽകാതിരിക്കാനോ പറ്റിയ പേരുകൾ കണ്ടെത്താനും അതു് സഹായിക്കും.
Aug 19, 2016, 10:54 AM
രണ്ടു് ഭാരതീയപെൺകുട്ടികൾ ഒളിമ്പിക്സിൽ മെഡൽ നേടി എന്നൊക്കെ കേട്ടു. അടിസ്ഥാനപരമായി ഞാനൊരു കുശുമ്പനാണെങ്കിലും, മൗലികമായി ഞാനൊരു പുരുഷൻ ആയതുകൊണ്ടു് ആ പെൺകുട്ടികൾക്കു് ആശംസകൾ അർപ്പിക്കണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ടു്. പക്ഷേങ്കി, ഏതു് ജാതി, ഏതു് മതം, ഏതു് പാർട്ടി എന്നൊക്കെ അറിയാതെ ചുമ്മാ കേറി എങ്ങനെയാ ആശംസകൾ കോരിയൊഴിക്കുകാന്നൊരു ഡവുട്ട്. ഒരു മെഡൽകാരി മുസ്ലീമാണെന്നു് മുസ്ലീം ഷഹോദരങ്ങളുടെ സ്റ്റാറ്റസുകളിൽ നിന്നും അറിയാൻ കഴിഞ്ഞു. അതൊരു മഹാഭാഗ്യമെന്നേ പറയേണ്ടൂ! എന്നാലും, ബുർഖയിടാതെ ഗുസ്തി പിടിച്ചതുകൊണ്ടു് ഖബറിന്റെ വിശാലതയുടെ കാര്യത്തിൽ പടച്ചോൻ എന്തു് തീരുമാനം എടുക്കുമോ എന്തോ? പടച്ചോൻ എന്നോടു് ചോദിച്ചാൽ, അവൾടെ ഖബർ പത്തു് ഫുട്ട്ബാൾ കോർട്ടിനേക്കാൾ വലുതാക്കിക്കൊടുക്കണമെന്നേ ഞാൻ പറയൂ. പക്ഷേ, അങ്ങേർ ഒരു തോന്നിയവാസി ആയതുകൊണ്ടു് എന്നോടു് ചോദിക്കുമെന്നു് തോന്നുന്നില്ല. എന്നേക്കാൾ കുശുമ്പനാണു് അല്ലാഹു. ഞാൻ നന്നാവുന്നതു് പണ്ടേതന്നെ അങ്ങേർക്കിഷ്ടമില്ല.
മറ്റേ തട്ടിക്കളിക്കാരിക്കാണെങ്കിൽ ഒരു കളിയും കൂടി കളിക്കാനുണ്ടത്രെ! പൊതുവേ പറഞ്ഞാൽ, ഈ പെണ്ണുങ്ങൾ ഒരുപാടു് കളിക്കാതിരിക്കുന്നതാണു് നല്ലതു് എന്നാണെന്റെ പക്ഷം. പക്ഷേ. കളിക്കാരിപ്പെൺപിള്ളേരും അല്ലാഹുവിനെപ്പോലെയാണു്. എന്റെ പക്ഷം എന്തെന്നു് അവരും ചോദിക്കാറില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ദയനീയാവസ്ഥയിലാണു് എന്റെ ഇപ്പോഴത്തെ ജീവിതം എന്നു് പറഞ്ഞാൽ മതി. ഏതായാലും, ആ ബാഡ്മിന്റൺകാരി കളിക്കാൻ തീരുമാനിച്ച സ്ഥിതിക്കു്, ജയിക്കുമോ തോൽക്കുമോ എന്നും, അവളുടെ ജാതിയും മതവും പാർട്ടിയുമൊക്കെ ഏതെന്നും അറിഞ്ഞശേഷം ആശംസകൾ അറിയിക്കുന്നതായിരിക്കും, അത്യാസന്നാധുനിക ബൃഹദാഖ്യാനങ്ങളുടെ ഭാരതീയ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടു് ചിന്തിക്കുമ്പോൾ ഉചിതമെന്നു് തോന്നുന്നു.
Aug 21, 2016, 11:27 AM
“അധികാരത്തിനു് വേണ്ടിയുള്ള വിശപ്പടക്കാന്‍ മതങ്ങളെ കൂട്ടുപിടിക്കുന്നതു് അവസാനിപ്പിക്കണമെന്നു് രാഷ്ട്രപതി …” എന്നൊരു വാർത്ത റിപ്പോർട്ടർ ലൈവിന്റേതായി ഇന്നലെ ഫെയ്സ് ബുക്ക് സ്‌റ്റ്രീമിൽ കണ്ടു. നിർജ്ജീവമോ സജീവമോ (dead or alive) ആയ ഒരു മലയാളം ചാനലിനേയും ഞാൻ ഫോളോ ചെയ്യാറില്ലെങ്കിലും, ഏതോ ഒരു സുഹൃത്തു് ആ വാർത്തയ്ക്കു് ലൈക്ക് അടിച്ചു എന്ന വിവരം പരോപകാരിയായ ഫെയ്സ്ബുക്ക് എന്നെ അറിയിച്ചതുവഴി ഞാൻ അവിടെ എത്തിപ്പെടുകയായിരുന്നു. പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നു് പറഞ്ഞപോലെയാണു് ചിലപ്പോഴെങ്കിലും ഫെയ്സ്ബുക്കിന്റെ കാര്യം. പ്രലോഭിപ്പിച്ചു് ലിങ്കിൽ ക്ലിക്ക് ചെയ്യിക്കുക എന്ന, അത്ര നിസ്വാർത്ഥമല്ലാത്ത ഫെയ്സ്ബുക്കിന്റെ ലക്ഷ്യം മനസ്സിലാക്കാവുന്നതേയുള്ളു. എനിക്കുവേണ്ടി നിസ്വാർത്ഥസേവനം അനുഷ്ഠിക്കാനുള്ള ബാദ്ധ്യതയൊന്നും ഫെയ്സ്ബുക്കിനെന്നല്ല, ഈ ലോകത്തിലോ, പരലോകമുണ്ടെങ്കിൽ ആ ലോകത്തിലോ ആർക്കുമില്ല. ലിങ്കിൽ ക്ലിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളിടത്തോളം അതിലൊരു പ്രശ്നം ഞാൻ കാണുന്നുമില്ല.
മനുഷ്യവർഗ്ഗം കണ്ടുപിടിച്ച ഡ്രഗ്സിൽ ഒന്നാം സ്ഥാനം അർഹിക്കുന്നതു് മതമാണെന്ന അഭിപ്രായക്കാരനാണു് ഞാൻ. മദ്യവും കഞ്ചാവുമൊക്കെ ലഹരികളാണു്. പക്ഷേ, ഏറിയാൽ, ഈ ലോകത്തിൽ ചില മായാനുഭൂതികൾ ലഭിക്കാൻ സഹായിക്കും എന്നല്ലാതെ, ചത്തു് കഴിഞ്ഞാൽ സ്വർഗ്ഗത്തിലെത്തി തുടർന്നും ജീവിക്കും എന്നും മറ്റും വിശ്വസിപ്പിച്ചു് മനുഷ്യരെ മയക്കാൻ മാത്രം ലഹരി മതങ്ങൾക്കൊഴികെ മറ്റു് ഡ്രഗ്സിനൊന്നിനുമില്ല. മതങ്ങളെ കൂട്ടുപിടിക്കുന്നതു് അവസാനിപ്പിക്കണമെന്നു് രാഷ്ട്രപതി പറഞ്ഞു എന്നു് കേട്ടപ്പോൾ കൊള്ളാമല്ലോ എന്നു് എനിക്കു് തോന്നിയതും അതുകൊണ്ടാണു്. മാർക്സിന്റെ അഭിപ്രായത്തിൽ ഓപ്പിയമായ മതത്തിനെതിരായി ഇൻഡ്യൻ പ്രസിഡന്റ് നടത്തുന്ന ഒരാഹ്വാനത്തിനു് അതിന്റേതായ ഒരു വിലയുണ്ടു്. പ്രസിഡന്റ് വല്ല ദേവാലയത്തിലും നിന്നുകൊണ്ടാണോ പ്രസംഗിച്ചതെന്നു് അറിയില്ലെങ്കിലും, ആ അഭിപ്രായത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞിരിക്കാം എന്ന ചിന്തയിലാണു്, പതിവിനു് വിപരീതമായി, റിപ്പോർട്ടർ ലൈവിന്റെ ലിങ്കിൽ ക്ലിക്കാൻ ഞാൻ തീരുമാനിച്ചതു്. ദോഷം പറയരുതല്ലോ, എനിക്കു് നിരാശപ്പെടേണ്ടി വന്നില്ല. കാരണം, എന്നെ അവിടെ കാത്തിരുന്നതു് തികച്ചും സൗജന്യവും, തികച്ചും റാഷണലും ആയ ഈ പരസ്യമായിരുന്നു:
“നിങ്ങളുടെ ജാതകം തികച്ചും സൗജന്യമായ്… വിദ്യാഭ്യാസം, തൊഴിൽ, സമ്പത്തു്, വിവാഹം – Click here!”
വിദ്യാഭ്യാസം, തൊഴിൽ, സമ്പത്തു്, വിവാഹം മുതലായവയ്ക്കു് വേണ്ടി ജാതകത്തിനെ കൂട്ടുപിടിക്കുന്നതു് അവസാനിപ്പിക്കണമെന്നുകൂടി രാഷ്ട്രപതി ആഹ്വാനം ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാണു്, സത്യം പറഞ്ഞാൽ, ആ പരസ്യം കണ്ടപ്പോൾ എനിക്കു് തോന്നിയതു്. പരസ്യക്കാർ പറയുന്നിടത്തു് ക്ലിക്ക് ചെയ്യാതിരിക്കാനും, ക്ലോസ് ബട്ടൺ ക്ലിക്ക് ചെയ്യാനും മനുഷ്യനു് കഴിയുന്നതും ഒരു വലിയ ദൈവാനുഗ്രഹം തന്നെയാണു്!
Aug 25, 2016, 10:47 AM
ആയിരക്കണക്കിനു് വർഷങ്ങൾ രാസത്വരകങ്ങൾ ഉപയോഗിച്ചു് ബെയ്ക്കിങ്ങും, ബ്ര്യൂവിങ്ങും മനുഷ്യർ നടത്തിക്കൊണ്ടിരുന്നെങ്കിലും, പുളിച്ചു് പൊന്തലിന്റെ (fermentation) പിന്നിലെ ശാസ്ത്രീയത പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ മനുഷ്യർക്കു് അജ്ഞാതമായിരുന്നു. അറബികൾ വാറ്റിയിരുന്നതും, പാനീയങ്ങളിലെ ലഹരിയുടെ ചുമതലക്കാരനുമായ “സ്പിരിറ്റ്” രൂപമെടുക്കുമ്പോൾ പതഞ്ഞുയരുന്ന ഗ്യാസ് കാർബൺ ഡയോക്സൈഡ് ആണെന്നു് ജോസഫ് ബ്ലാക്ക് (1728 – 1799) കണ്ടെത്തിയിരുന്നെങ്കിലും, നല്ല മൈക്രോസ്കോപ്പുകൾ ഇല്ലാതിരുന്നതിനാൽ യീസ്റ്റിന്റെ പ്രകൃതം മനസ്സിലാക്കാൻ കഴിയാതിരുന്നതും, പഞ്ചസാരയുടെ രാസഘടനയെപ്പറ്റിയുള്ള അജ്ഞതയും മൂലം ഫെർമെന്റേഷൻ പോലുള്ള രാസമാറ്റങ്ങൾ ഒരു ഭൂതപ്രവൃത്തിയാണെന്ന മനുഷ്യരുടെ ധാരണ തുടർന്നുകൊണ്ടിരുന്നു.
ലോകത്തിൽ നിന്നും ഭൂതങ്ങളെ പുറത്താക്കൽ അത്ര എളുപ്പമല്ലെന്നു് ഉന്നത ശാസ്ത്രജ്ഞർ പോലും വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അതു്. തുലാഭാരവും ശത്രുസംഹാരപൂജയും പൂമൂടലും മറ്റും മനുഷ്യജീവിതത്തിൽ സജീവമായ പങ്കു് വഹിക്കുന്ന സമൂഹങ്ങൾ ഇന്നും ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും അപ്രത്യക്ഷമായിട്ടില്ല എന്ന കാര്യം വിസ്മരിക്കുന്നില്ല. കാലഹരണപ്പെട്ടതിനാൽ, ആധുനികശാസ്ത്രലോകത്തിൽ വിലയൊന്നും ഇല്ലെങ്കിലും, പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ശാസ്ത്രലോകത്തിൽ പോലും വൈറ്റലിസം എന്ന “ഭൂതസിദ്ധാന്തത്തിനു്” നല്ല സ്വാധീനമുണ്ടായിരുന്നു. ഫിസിക്സിലെയോ കെമിസ്‌റ്റ്രിയിലെയോ തത്വങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ശക്തി ജീവന്റെ ഉത്ഭവത്തിലും ജൈവപ്രതിഭാസങ്ങളിലും അടങ്ങിയിട്ടുണ്ടെന്ന വിശ്വാസസംഹിതയാണു് വൈറ്റലിസം. ഇനോർഗാനിക് കെമിസ്റ്റ്രിയിലെ തത്വങ്ങൾ മാത്രം ഉപയോഗിച്ചു് ഓർഗാനിക് കെമിസ്‌റ്റ്രിയിലെ പ്രതിഭാസങ്ങൾ വിശദീകരിക്കാനാവില്ല എന്നു് പ്രസിദ്ധ ഇൻഗ്ലീഷ് കെമിസ്റ്റും, “Henry’s law”-യുടെ ഉപജ്ഞാതാവുമായ വില്യം ഹെൻറിയെക്കൊണ്ടു് (1774 – 1836) പറയിച്ചതും ഈ സിദ്ധാന്തമായിരുന്നു: “ഈവക പ്രവർത്തനങ്ങളിൽ പ്രകൃതിയെ അനുകരിക്കാൻ നമുക്കു് എന്നെങ്കിലും കഴിയുമെന്നു് തോന്നുന്നില്ല. കാരണം, ജീവിക്കുന്ന ഒരു ചെടിയെ പ്രവർത്തനക്ഷമമാക്കുന്നതിനു് പിന്നിൽ നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ സാന്നിദ്ധ്യമുണ്ടു്. ജൈവവസ്തുക്കൾക്കു് സ്വന്തവും ഉത്കൃഷ്ടവുമായ ആ ജീവശക്തി (vital force) അജീവവസ്തുക്കളിലെ “കെമിക്കൽ അഫിനിറ്റി” എന്നറിയപ്പെടുന്ന പ്രേരകശക്തിയിൽ നിന്നും വ്യത്യസ്തമാണു്”.
ഹെൻറി ഇതു് പറഞ്ഞതിന്റെ അടുത്ത വർഷം (1828) മനുഷ്യമൂത്രത്തിലെ പ്രധാന ഘടകമായ യുറിയ, ബാഷ്പീകരിക്കപ്പെടുന്ന അമോണിയം സയനേറ്റിൽ അടങ്ങിയിട്ടുണ്ടെന്നും, കാർബണും, നൈട്രജനും, ഹൈഡ്രജനും, ഓക്സിജനും ചേർന്ന ആ പദാർത്ഥം ലബോററ്ററിയിൽ നിർമ്മിക്കാമെന്നും ജർമ്മൻ കെമിസ്റ്റ് ഫ്രീഡ്റിഹ് വ്യോളർ (1800 – 1882) കണ്ടെത്തി (“Wöhler synthesis”). മനുഷ്യന്റെയോ, നായുടെയോ, കിഡ്നിയുടെയോ സഹായമില്ലാതെ തനിക്കു് യുറിയ നിർമ്മിക്കാൻ ആവുമെന്ന വിശദീകരണത്തോടെയാണു് വ്യോളർ തന്റെ കണ്ടുപിടുത്തം ലോകത്തെ അറിയിച്ചതു്.
ഈവിധ കണ്ടുപിടുത്തങ്ങളിലൂടെയാണു് കെമിസ്‌റ്റ്രിയിൽ വാണരുളിയിരുന്ന ഭൂതസിദ്ധാന്തങ്ങളെ അവയുടെ അവസാനത്തെ സിംഹാസനങ്ങളിൽനിന്നുവരെ ആട്ടിപ്പായിക്കാൻ ശാസ്ത്രജ്ഞർക്കു് കഴിഞ്ഞതു്.
Aug 26, 2016, 10:55 AM
നമ്മെയോ നമ്മുടെ കൂട്ടത്തെയോ നേരിട്ടു് ബാധിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങളെ ജനറലൈസ് ചെയ്യുന്നതു് റെട്ടറിക്കിനു് യോജിച്ച കാര്യമല്ല. ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി തോളിലേറ്റി കിലോമീറ്ററുകള്‍ നടന്നു് വീട്ടിലെത്തിക്കേണ്ടി വരുന്ന ആദിവാസിയെപ്പറ്റി, കോയമ്പത്തൂരിലെ സര്‍ക്കാര്‍ വക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു് വീട്ടില്‍ എത്തിക്കേണ്ടിവരുന്ന ആദിവാസി മാതാപിതാക്കളെപ്പറ്റി, ചിത്രലേഖ എന്ന ദളിതു് സ്ത്രീയുടെ ഓട്ടോ റിക്ഷ നശിപ്പിച്ചു് അവളെയും കുടുംബത്തേയും ജീവിക്കാൻ അനുവദിക്കാതിരിക്കുന്നതിനെപ്പറ്റി എല്ലാം എലഗന്റ് ആയ നിശ്ശബ്ദത പാലിക്കാൻ നമുക്കു് കഴിഞ്ഞാൽ ഒന്നുകൂടി നല്ലതു്. ഒറ്റപ്പെട്ട സംഭവങ്ങൾ കക്ഷിരാഷ്ട്രീയപരമായ നമ്മുടെ സ്വന്തം താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്നു് തോന്നിയാൽ ഏതവസരത്തിലും അവയെ ജനറലൈസ് ചെയ്യുകയും വേണം. അതിൽ തെറ്റില്ല. പ്രിവിലേജുകൾ നമുക്കു് മാത്രം അവകാശപ്പെട്ടതാണു്. മറ്റുള്ളവർക്കു് അതിനുള്ള അർഹതയില്ല. ദളിതരുടെയും ആദിവാസികളുടെയുമെല്ലാം ജീവന്മരണപ്രശ്നങ്ങൾ ഇമ്മീഡിയറ്റ് പരിഹാരങ്ങൾ അർഹിക്കുന്നവയല്ല. ഒട്ടുപാൽ പോലെ ഇഷ്ടാനുസരണം വലിച്ചുനീട്ടാൻ പറ്റിയ വ്യാവഹാരിക ബൃഹദാഖ്യാനങ്ങളാണു് അവയ്ക്കു് വേണ്ടതു്. ജാതീയവും വംശീയവും ലിംഗപരവുമായ ചൂഷണങ്ങളേയും വിവേചനങ്ങളേയും സംബന്ധിച്ച ഘോരഘോരമായ ഐഡിയോളജിക്കൽ പ്രബോധനങ്ങൾ!
Aug 27, 2016, 10:56 AM
അമിതമായ ആത്മവിശ്വാസം പുലർത്തുക എന്നതു് മനുഷ്യർ പൊതുവേ പ്രദർശിപ്പിക്കുന്ന ഒരു പ്രവണതയാണു്. ഒരു പഠനത്തിൽ, നിങ്ങൾ ഒരു നല്ല ഡ്രൈവറാണോ എന്നൊരു ചോദ്യത്തിനു്, അതേ എന്ന ഉത്തരം നൽകിയതു് അറുപത്തഞ്ചു് ശതമാനത്തിലേറെ പങ്കാളികളാണു്! കുറഞ്ഞതു്, പതിനാറു് ശതമാനം ഡ്രൈവേഴ്സ് എങ്കിലും ഡ്രൈവിങ്ങിലുള്ള അവരുടെ കഴിവിനെ ഓവർഎസ്റ്റിമേറ്റ് ചെയ്യുന്നവരാണു്. പത്തു് ലക്ഷത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടു് ഗവേഷകർ നടത്തിയ മറ്റൊരു പഠനത്തിൽ, എഴുപതു് ശതമാനത്തിൽ അധികം പേർ ഭാവിയിലെ ലീഡിങ് പൊസിഷനുകൾക്കു് അസാമാന്യമായ വിധം യോജിച്ചവരായിട്ടാണു് സ്വയം വിലയിരുത്തിയതു്. 100 ശതമാനം പങ്കാളികളുടെയും ധാരണയിൽ അവർ അസാധാരണമായ വിധം സഹൃദയരും വിനയശീലരുമായിരുന്നു. 60 ശതമാനം പേർ അവർക്കു് മുന്തിയ 10 ശതമാനത്തിലാണു് സ്വന്തം സ്ഥാനം കണ്ടതു്. 25 ശതമാനം പേരുടെ അഭിപ്രായത്തിൽ അവർ ഏറ്റവും വിശിഷ്ടരായ ഒരു ശതമാനം വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നവരാണു്. തന്നെപ്പറ്റി എക്സാജെറേറ്റഡ് ആയ അഭിപ്രായം പുലർത്തുന്ന കാര്യത്തിൽ പ്രൊഫസേഴ്സും ഒട്ടും പിന്നിലായിരുന്നില്ലത്രെ! 94 ശതമാനം പ്രൊഫസേഴ്സും അവരുടെ പഠിപ്പിക്കൽ ശരാശരിയിൽ നിന്നും ഉയർന്നതാണെന്നു് കരുതുന്നവരായിരുന്നു.
മനുഷ്യർ സ്വയം വിലയിരുത്താറുള്ള മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഈ പ്രതിഭാസം കാണാൻ കഴിയും. തന്റെയും മക്കളുടെയും ബുദ്ധി, ഭാവിയിൽ രോഗം വരാനുള്ള സാദ്ധ്യത തുടങ്ങിയ കാര്യങ്ങളിലെല്ലാം അമിതമായ ആത്മവിശ്വാസം പുലർത്തുന്നവരാണു് മനുഷ്യർ. സ്വന്തം രാജ്യം സാമ്പത്തികമായി വിജയിച്ചുകൊണ്ടിരിക്കുകയാണെന്നു് തോന്നിയാൽ, അതോടൊപ്പം തന്റെ ഭാവിയും ശോഭനമായിത്തീരും എന്നു് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണു് അധികം മനുഷ്യരും.
പഠിപ്പിക്കാൻ അസാമാന്യമായ ശേഷിയുള്ളവരാണു് തങ്ങളെന്ന ഭ്രമം കേരളത്തിലെ മന്ത്രിമാരെ പിടി കൂടുന്നതു് ഈ പ്രതിഭാസം മൂലമാണോ എന്നറിയില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, കേരളമന്ത്രിമാർ പിള്ളേരെ പഠിപ്പിക്കാൻ പോകുമ്പോൾ ബോഡി ഗാർഡ്സിനോടൊപ്പം ഒന്നുരണ്ടു് “വാക്യം തിരുത്തൽ” വിദഗ്ദ്ധരെക്കൂടി കൂട്ടത്തിൽ കൊണ്ടുപോകുന്നതു് നന്നായിരിക്കും. മന്ത്രിമാരുടെയും നേതാക്കളുടെയും വായിൽ നിന്നും വന്നതായി പത്രങ്ങളിൽ ഇന്നു് വരുന്ന വാർത്തകൾക്കു് ഇന്നുതന്നെയോ, ഏറിയാൽ നാളെയെങ്കിലുമോ തിരുത്തൽ കൊടുക്കാതെ പിടിച്ചു് നിൽക്കാൻ പറ്റാത്ത സാഹചര്യമാണു് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളതു്. അതുകൊണ്ടു്, ഒരു മുൻകരുതൽ ദോഷം ചെയ്യില്ല. പിള്ളേർക്കു് അനുഭവജ്ഞാനപരമോ ആശയപരമോ ആയ തെറ്റിദ്ധാരണകൾ ഉണ്ടായാൽ തിരുത്തിക്കൊടുക്കേണ്ടതുണ്ടു്. അതുപോലെതന്നെ, കിൻഡർ ഗാർട്ടൺ മുതൽ പിള്ളേരെ കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാൻ പഠിപ്പിക്കേണ്ടതും, മാർക്സ് പറഞ്ഞതുപോലെ, അനിവാര്യമായി സംഭവിക്കേണ്ട, സംഭവിച്ചില്ലെങ്കിൽ സംഭവിപ്പിക്കേണ്ട സാമൂഹികമായ ഒരു ആവശ്യമാണു്. കാരണം, സമൂഹത്തിന്റെ, പ്രത്യേകിച്ചും നമ്മുടെ സ്വന്തം ഭാവിയുടെ വാഗ്ദാനങ്ങളാണവർ.
പഠിപ്പിക്കാൻ ഞാനും ഒട്ടും മോശമല്ലെന്നാണു് എന്റെയൊരു തോന്നൽ. സത്യം പറഞ്ഞാൽ, ജൈന സന്യാസിമാരെപ്പോലെ നഗ്നാസനനായി കസേരയിൽ ഇരുന്നു് പഠിപ്പിക്കണം എന്നാണു് എന്റെയും ആഗ്രഹം. പക്ഷേ, “സ്തബ്ധപ്രജ്ഞരായ” അവർക്കു് കഴിയുന്നപോലെ, നനഞ്ഞ വളികളെ നിയന്ത്രിക്കാൻ എനിക്കു് കഴിയാതെ പോയാൽ, പഠിപ്പിക്കൽ കഴിയുമ്പോഴേക്കും, കസേരയുടെ കുഷൻ കടുവാവരയൻ ആയേക്കുമോ എന്നൊരു ഭയം ഇല്ലാതില്ല. അതുകൊണ്ടു്, അരിസ്റ്റോട്ടിലിനെപ്പോലെ, പെരിപറ്റെറ്റിക് ആയി (ക്ലാസ്സിൽ ചുറ്റിനടന്നു്) പഠിപ്പിക്കുക എന്നതാണു് എന്റെ പരിപാടി. ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ ഒരവസരം കിട്ടിയാൽ ക്ലാസ്സ് തുടങ്ങേണ്ടതു് എങ്ങനെ എന്നതിനെപ്പറ്റി ഒരു രൂപരേഖയും ഞാൻ തയ്യാറാക്കിയിട്ടുണ്ടു്. പാഠം ഒന്നു്, തറ – പറ, തറ- പറ എന്ന സ്കീം അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ നടപ്പിലാക്കാനാണു് ഞാൻ തീരുമാനിച്ചിരിക്കുന്നതു്.
പാഠം ഒന്നു്, തറ – മുറ, തറ- മുറ; പാഠം രണ്ടു്, തെറി – നാറി, തെറി – നാറി; പാഠം മൂന്നു്, സുനി – സുന, സുനി – സുന; പാഠം നാലു്, വെട്ടു് – കുത്തു്, വെട്ടു് – കുത്തു് അങ്ങനെയങ്ങനെ വോൾഗാനദിയുടെ തരംഗമാലകളും ഗംഗാ നദിയും നൈലും യാംഗ്സിയും ഏറ്റുപാടുന്ന ലെനിന്റെ വിപ്ലവഗീതങ്ങൾ പോലെ അലയടിച്ചൊഴുകുന്ന എന്റെ വാഗ്ധോരണിയിലൂടെ പിള്ളേരെ ഒരു വഴിക്കാക്കാൻ കഴിയുമെന്നാണു് എന്റെ പ്രതീക്ഷ.
Aug 29, 2016, 11:04 AM
ചൈന, ലാവോസ്, തായ്‌ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിൽ വസിക്കുന്ന ഒരു ഏത്നിക് മൈനോറിറ്റിയാണു് മോങ് (Hmong people). നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ അനുസരിച്ചു് ജീവിക്കുന്ന മോങ് ജനതയിൽ പിതൃക്കളുടെയും ആത്മാക്കളുടെയും ലോകം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണു്. അവരുടെ വിശ്വാസപ്രകാരം, ഓരോ മനുഷ്യനിലും ചുരുങ്ങിയതു് മൂന്നു് ആത്മാക്കളെങ്കിലുമുണ്ടു്. അതിലൊന്നു്, മരണശേഷം പരലോകത്തിലേക്കു് പോകും. മറ്റൊന്നു് കുടുംബാത്മാവായി വീട്ടിൽ കഴിയും. ഇനിയും മറ്റൊന്നു് പുനർജനിക്കാനുള്ളതാണു്. പ്രസവശേഷം മറുപിള്ളയെ ശരിയായ സ്ഥലത്തു് മറവു് ചെയ്താൽ മാത്രമേ ഈ പുനർജനിക്കൽ സാദ്ധ്യമാവൂ. മറുപിള്ളയെ കുഴിച്ചിടാൻ പറ്റിയ ഒരു സ്ഥാനം അമ്മായിഅമ്മയുടെ കട്ടിൽക്കാലിനു് സമീപമാണു്. തന്റെ വാസസ്ഥലം എവിടെയാണെന്നു് അറിയാൻ ആത്മാവിനെ അതു് സഹായിക്കും എന്നു് മാത്രമല്ല, അമ്മയും കുഞ്ഞും അതുവഴി ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും എന്നാണവരുടെ വിശ്വാസം.
“ആധുനിക”മതസ്ഥരുടെ കാഴ്ചപ്പാടിൽ അതു് തികഞ്ഞൊരു അന്ധവിശ്വാസമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ വഴിയില്ല. പിതാവു്, പുത്രൻ, പരിശുദ്ധറൂഹ എന്നിങ്ങനെ മൂന്നു് ദൈവങ്ങൾ ഒട്ടിപ്പിടിച്ചു് “ത്രിയേകദൈവം” ആവുന്നതു് മനസ്സിലാക്കാൻ കഴിയുന്നതുപോലെ എളുപ്പമല്ല, മൂന്നു് ആത്മാക്കൾ ഒട്ടിച്ചേർന്നു് ഒരു “ത്രിയേകമനുഷ്യൻ” ആവുന്ന രഹസ്യം മനസ്സിലാക്കുക എന്നതു്. അതുപോലെതന്നെ, ഒരു മനുഷ്യൻ മരിച്ചുയർത്തു് പരലോകത്തിലേക്കു് പോയി എന്നു് പറയുന്നതുപോലെ വിശ്വാസയോഗ്യമല്ല, മരിച്ച ഒരു മോങ് മനുഷ്യനിലെ മൂന്നിൽ ഒരു ആത്മാവു് പരലോകത്തിലേക്കു് പോകും എന്നും മറ്റും പറയുന്നതു്. നിക്കറിന്റെ ഉള്ളിലെ ആസനം ഞങ്ങളുടേതാണെങ്കിൽ വള്ളിക്കളസവും ബെർമൂഡയായി മാറും എന്നാണു് പ്രമാണം!
അതുപോലെ, ചെറുപ്പത്തിലേതന്നെ വിവാഹിതരാവുന്നതിനാൽ, പതിനാലു് വയസ്സിൽ പെൺകുട്ടികൾ അമ്മമാരാവുന്നതു് മോങ് ജനതയുടെയിടയിൽ അത്ര അസാധാരണമല്ല. ചിലവിനു് കൊടുക്കാൻ വകയുണ്ടെങ്കിൽ ഒന്നിലധികം ഭാര്യമാരെ എടുക്കാൻ പുരുഷന്മാർക്കു് അനുവാദമുണ്ടു്. അതൊരു നല്ല കാര്യമാണെന്നു് കരുതുന്ന ചില മതവിശ്വാസികളെങ്കിലും ഉണ്ടാവും എന്നു് ഉറപ്പുള്ളതുകൊണ്ടാണു് അക്കാര്യം കൂടി പറയുന്നതു്. മരിച്ചു് സ്വർഗ്ഗത്തിൽ എത്തുന്നതുവരെ പാപപങ്കിലമായ ഈ ലോകത്തിൽ കഷ്ടപ്പെട്ടു് ജീവിതം തള്ളിനീക്കുന്ന ദൈവഭക്തർക്കു് അല്പം സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഒരിക്കലും നമ്മൾ അവരിൽ നിന്നും മറച്ചുപിടിക്കരുതു് എന്നാണെന്റെ അഭിപ്രായം.
ശരീരത്തിനു് ആവശ്യമുള്ളതിന്റെ 80 മുതൽ 90 ശതമാനം വരെ വിറ്റമിൻ-D സൂര്യപ്രകാശത്തിൽ നിന്നുമാണു് സാധാരണഗതിയിൽ മനുഷ്യർക്കു് ലഭിക്കുന്നതു്. ചില ആഹാര പദാർത്ഥങ്ങളിൽ ചെറിയ അളവിൽ അതു് അടങ്ങിയിട്ടുണ്ടു്. വിറ്റമിൻ-D സംബന്ധിച്ച പ്രശ്നങ്ങളോ രോഗമോ ഉള്ളവർക്കുവേണ്ടി മരുന്നു് രൂപത്തിലും സംഭവം ലഭ്യമാണു്. ഭൂമദ്ധ്യരേഖയിൽ നിന്നും അകന്നു് കിടക്കുന്ന യൂറോപ്പിൽ സമ്മറിൽ മാത്രം ലഭിക്കുന്ന ഒരു അമൂല്യസമ്പത്താണു് സൂര്യപ്രകാശം. തണുപ്പിനെ നേരിടാൻ മഞ്ഞുകാലത്തു് ദേഹം മുഴുവൻ മൂടിക്കെട്ടിമാത്രം പുറത്തിറങ്ങി നടക്കാൻ കഴിയുന്ന യൂറോപ്യൻസ് വേനൽക്കാലത്തു് അല്പവസ്ത്രധാരികളാവുന്നതിന്റെ പിന്നിലെ ഒരു പ്രധാന ലക്ഷ്യം ഈ വിറ്റമിൻ-D സമ്പാദനമാണു്.
വേനൽക്കാലമാണെങ്കിൽ “റ്റൂ-പീസ് സ്വിംസ്യൂട്ട് “ധരിച്ചുകൊണ്ടാണു് ആളുകൾ “ഫിൽഹാർമോണിക് ഓർക്കെസ്‌റ്റ്ര” സന്ദർശിക്കുന്നതെന്നു് ഇപ്പറഞ്ഞതിനർത്ഥമില്ല. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഏറിയോ കുറഞ്ഞോ “ഡ്രസ്കോഡ്” നിലവിലുണ്ടു്. സന്ദർഭത്തിനനുസരിച്ചു് വസ്ത്രം ധരിക്കുക എന്നതു് ഓരോ സമൂഹത്തിന്റേയും സംസ്കാരത്തിന്റെ ഭാഗമായി രൂപപ്പെട്ടതായിരിക്കണം. ലേഡീസ് സ്യൂട്ട്, മെൻസ് സ്യൂട്ട്, ഫസ്റ്റ് കമ്മ്യൂണിയൻ സ്യൂട്ട്, “ആദാംസ് സ്യൂട്ട്” അങ്ങനെയങ്ങനെ… കേരളത്തിൽ ആയാലും, നാൽക്കവലയിൽ എതിർപക്ഷത്തുള്ളവരുടെ കോലമോ പടമോ ലുങ്കിയുടുത്തവർക്കും കത്തിക്കാമെന്നല്ലാതെ, നിയമസഭയിൽ ആരെങ്കിലും ലുങ്കിയുടുത്തുകൊണ്ടു് ജനാധിപത്യപരമായ പിടിവലികളും തല്ലുമുണ്ടാക്കുമോ? എല്ലാറ്റിനും അതിന്റേതായ സമയവും ഡ്രസ്കോഡും ഉണ്ടെന്നു് അവിടത്തെ ദാസന്മാർക്കുമറിയാം.
ഗൾഫ് പ്രദേശങ്ങളിലെ സ്ത്രീകളിൽ നല്ലൊരു വിഭാഗം വിറ്റമിൻ – D യുടെ കുറവു് പരിഹരിക്കാൻ ഗുളികകൾ കഴിക്കുന്നവരാണത്രെ! അവിടെ ഒരിക്കൽ ഒരു ടൂറിനു് പോയപ്പോൾ ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു് കേട്ടതാണു്. ഗൾഫിലെ സ്ത്രീകൾ വീടിനു് വെളിയിൽ ഇറങ്ങാത്തതാണോ, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുകൊണ്ടു് മാത്രം വെളിയിൽ ഇറങ്ങുന്നതാണോ ഗുളിക കഴിച്ചു് പരിഹരിക്കേണ്ടവിധം ഗുരുതരമായ അവരുടെ വിറ്റമിൻ – D ഡിഫിഷൻസിയുടെ കാരണം എന്നറിയില്ല. ഏതായാലും ഗൾഫ് പ്രദേശത്തു് സൂര്യപ്രകാശം ലഭിക്കാത്തതാണു് അതിന്റെ കാരണം എന്നു് തോന്നുന്നില്ല. പറഞ്ഞപോലെ, ഗൾഫ് രാജ്യങ്ങളിലും ഡ്രസ്കോഡുണ്ടു്. ഡ്രസ്കോഡിൽ ഒരു നിശ്ചിത അളവിൽ കൂടുതൽ മായം ചേർക്കുന്നവരല്ല അറബികൾ. കാരണം, വസ്ത്രധാരണം, പ്രഭാതകർമ്മങ്ങൾ തുടങ്ങിയ ഗൗരവതരമായ കാര്യങ്ങൾ സംബന്ധിച്ച അല്ലാഹുവിന്റെ കല്പനകൾ അക്ഷരം പ്രതി അനുസരിക്കാൻ ശ്രദ്ധിക്കുന്നവരാണു് അവർ.
ക്രൈസ്തവരുടെയിടയിലെ കന്യാസ്ത്രീകൾ, പ്രത്യേകിച്ചും കത്തോലിക്കാസഭയിലുള്ളവർ, മുഖവും കൈകളും ഒഴികെയുള്ള മുഴുവൻ ശരീരവും മറയ്ക്കുന്ന വസ്ത്രം ധരിച്ചു് മാത്രം വെളിയിൽ ഇറങ്ങാൻ അനുവാദമുള്ളവരാണു്. അവർ സ്വയം തീരുമാനിച്ചു് തിരഞ്ഞെടുക്കുന്ന ജീവിതമാണതു്! ആ ജീവിതം എങ്ങനെ ആയിരിക്കണം, അല്ലെങ്കിൽ ഒരു ക്രൈസ്തവ കന്യാസ്ത്രീ എങ്ങനെ മാത്രമേ ജീവിക്കാവൂ എന്നു് മറ്റു് ചിലർ പണ്ടെന്നോ നിശ്ചയിച്ചുറപ്പിച്ച ചിട്ടകളും മുറകളും ഞാൻ പാലിച്ചുകൊള്ളാമെന്ന എഗ്രിമെന്റിൽ അവർ സ്വാഭീഷ്ടപ്രകാരം ഒപ്പുവയ്ക്കുന്നു. അവർ, അവരുടെ തീരുമാനം, അവരുടെ മഠം, അവരുടെ ജീവിതം, അവരുടെ നിത്യമണവാളൻ. ആർക്കു് ചേതം?
പക്ഷേ, “പാത്രിയാർക്കീസുകൾ” അരുളിവാഴുന്ന ഒരു സമൂഹത്തിൽ, റ്റീനേജിൽ നിന്നും പുറത്തു് കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി എടുക്കുന്ന തീരുമാനങ്ങൾ എത്രത്തോളം സ്വന്തമായിരിക്കും, എത്രത്തോളം സ്വതന്ത്രമായിരിക്കും എന്നതു് ചിന്താർഹമായ ഒരു വിഷയം തന്നെയാണു്. ക്രൈസ്തവരായ അപ്പനും അമ്മയ്ക്കും ജനിക്കുകയും, അവരുടെ നിയന്ത്രണത്തിൽ, സഭാപരമായ ആചാരങ്ങളും ചടങ്ങുകളും നിർവ്വഹിച്ചു് പതിനേഴോ പതിനെട്ടോ വയസ്സുവരെ ജീവിക്കുകയും ചെയ്തു എന്നതൊഴികെ, ജീവിതകാലം മുഴുവൻ നീണ്ടു് നിൽക്കുന്ന ഒരു സന്ന്യാസജീവിതം നയിച്ചുകൊള്ളാമെന്ന ഒരു തീരുമാനത്തിൽ എത്തുന്നതിനു് സഹായകമായ എന്തു് അറിവും ലോകപരിചയവുമാണു് ആ പെൺകുട്ടി നേടിയിട്ടുണ്ടാവുക?
ഗർഭം ധരിക്കാൻ ശാരീരികവളർച്ച മതി, മാനസികവളർച്ചയുടെ ആവശ്യമില്ല. കന്യാസ്ത്രീപ്പട്ടം ഏറ്റെടുക്കുന്നതിനു് മുൻപു് (പിൻപും!) എത്ര പേർ ബൈബിൾ പൂർണ്ണമായി വായിച്ചിട്ടുണ്ടാവും? സ്കൂളിൽ അവർക്കു് ലഭിക്കുന്ന വിദ്യാഭ്യാസം പോലും വിമർശനാത്മകമായി കാര്യങ്ങളെ സമീപിക്കാൻ കഴിയുന്ന വിധത്തിലുള്ളതാണോ? എല്ലാറ്റിലുമുപരി, താൻ കന്യാസ്ത്രീമഠത്തിൽ പെട്ടുപോകുകയായിരുന്നു എന്നും, ഇതു് തനിക്കു് പറ്റിയ ജീവിതമല്ല എന്നും പിന്നീടൊരിക്കൽ ഒരു ബോധോദയം ഉണ്ടായാലും, മഠജീവിതം ഉപേക്ഷിച്ചു് പുറത്തുവരുന്ന ഒരു സ്ത്രീയ്ക്കു്, “പാത്രിയാർക്കീസുകളിൽ” നിന്നും, അവരുടെ ഗോത്ര സമൂഹത്തിൽ നിന്നും, പലപ്പോഴും സ്വന്തം കുടുംബത്തിൽ നിന്നുപോലും നേരിടേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളെയും മാനം കെടുത്തലുകളെയും പറ്റി ചിന്തിക്കുന്ന ഒരു സ്ത്രീയും അതുപോലൊരു ചുവടുവയ്പിനു് തീരുമാനിയ്ക്കുമെന്നു് തോന്നുന്നില്ല.
തിന്നുക, തൂറുക, ഉറങ്ങുക, ചാവുക എന്ന മൃഗീയചോദനകളിൽ ഒതുങ്ങുന്നതാണു് ഒരു കന്യാസ്ത്രീയുടെ ജീവിതം. ഒരർത്ഥത്തിൽ മൃഗങ്ങളുടെ ജീവിതം അതിലും ഭേദമാണു്. കാരണം, മൃഗങ്ങൾക്കു്, കന്യാസ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, പ്രാർത്ഥിക്കാതിരിക്കാനും, മക്കളെ ജനിപ്പിക്കുന്നതിലൂടെ സ്വന്തം ജീൻ ലോകത്തിൽ നിലനിർത്തുക എന്ന ജീവിവർഗ്ഗങ്ങളുടെ പ്രഥമവും പ്രധാനവുമായ ജീവിതലക്ഷ്യം നിറവേറ്റാൻ ശ്രമിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടു്. അസ്തിത്വത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് നോക്കുമ്പോൾ അതു് നിസ്സാരമായ ഒരു കാര്യമല്ല. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സന്ന്യാസജീവിതത്തിലൂടെ, മരണാനന്തരം തന്നെ താലി കെട്ടാനായി സ്വർഗ്ഗത്തിൽ കാത്തിരിക്കുന്ന ഒരു നിത്യമണവാളനുവേണ്ടി സകല സമ്പത്തും ഭൗതികസുഖങ്ങളും ലൗകികബന്ധങ്ങളും വെടിഞ്ഞു് ഈ ലോകത്തിൽ, ഉള്ളിന്റെയുള്ളിൽ അസംതൃപ്തരും ദോഷൈകദൃക്കുകളുമായ വേറെ കുറെ മൂശേട്ടകളോടൊപ്പം ജീവിതം നരകമാക്കി കഴിഞ്ഞുകൂടുക! അതോടൊപ്പം, മഠത്തിൽ നിലവിലിരിക്കുന്നതു് ഐഡിയൽ വേൾഡാണെന്നു് തോന്നിപ്പിച്ചു് പുറം ലോകത്തിനെ പൊട്ടൻ കളിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക!
ആത്മീയത കയറി മൂടിയാൽ എന്തെന്തു് കടുംകൈകൾ ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയില്ല എന്നതിന്റെ ഒരു ഉദാഹരണമാണു് ജിഹാദികൾ. അവരുടെ എതിർദിശയിലുള്ള മറ്റൊരു ഉദാഹരണമാണു് ജൈനമതത്തിലെ ദിഗംബരസന്ന്യാസിമാർ. ദിഗംബരസന്ന്യാസിമാരുടെ ഒരനുഗ്രഹം, അവരോടു് ആരും ബെൽറ്റ് ലെവലിനു് താഴെയുള്ള തെറി പറയില്ല എന്നതാണു്. കാരണം, വസ്ത്രമില്ലാതെ ബെൽറ്റ് മാത്രം ധരിക്കുന്നതു് അഭംഗിയാണെന്നു് കരുതുന്നവരാണവർ. അതേസമയം, ജിഹാദികളെ കണ്ടാൽ തെറി പറയാനല്ല, ഓടി രക്ഷപെടാനേ സുബോധമുള്ള ഏതു് മനുഷ്യനും ശ്രമിക്കൂ. അരയിൽ ബെൽറ്റ് ബോംബും, ആ ബെൽറ്റിനു് താഴെ “അണ്ടിപ്പാഡും” ധരിക്കുന്നവരാണു് ജിഹാദികൾ എന്നാണു് കേൾവി. സ്വർഗ്ഗത്തിൽ എത്തുമ്പോൾ ആവശ്യം വരുന്ന പണീയായുധം സംരക്ഷിക്കാനാണത്രെ അവർ പാഡ് ധരിക്കുന്നതു്! മനുഷ്യനു് ബുദ്ധിയുണ്ടായാൽ പോരാ, ചിന്തിക്കുകയും ചെയ്യണം എന്നാണു് അവരുടെ പക്ഷം.
യുക്തിബോധത്തോടെ വിമർശനാത്മകമായി കാര്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവാണു് മനുഷ്യരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നതു്. ബോധപൂർവ്വം ലോകത്തെയും തന്നെയും പറ്റി ചിന്തിക്കുകയും, യുക്തിഭദ്രമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന, സ്വയം നിർണ്ണയാവകാശമുള്ള, അരിസ്റ്റോട്ടിലും ഇമ്മാന്വേൽ കാന്റുമെല്ലാം പ്രകീർത്തിച്ച ആ പഴയ മനുഷ്യചിത്രത്തിനു് ഇന്നും അത്ര വലിയ മാറ്റമൊന്നും വരുത്തേണ്ട ആവശ്യമില്ല. ക്രിട്ടിക്കൽ റീസണിങ്ങിന്റെ ഉപയോഗപ്പെടുത്തലാണു് അന്നും ഇന്നും തത്വചിന്ത. ശരിയായ അകലത്തിലേക്കു് മാറിനിന്നു്, സൂക്ഷ്മദൃഷ്ടിയോടെ ഒരിക്കൽക്കൂടിയുള്ള നോട്ടത്തിലൂടെ കാര്യങ്ങളെ കൂടുതൽ തെളിമയോടെ കാണാനുള്ള ശ്രമം. ജിഹാദികളെയും, ദിഗംബരന്മാരെയും, കന്യാസ്ത്രീകളെയും, പർദ്ദക്കാരെയും, അല്പവസ്ത്രക്കാരെയും, മോങ് ജനതയെയുമെല്ലാം വ്യക്തമായി കാണാനും ചിന്തിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന രണ്ടാമത്തെ വീക്ഷണം.
Aug 29, 2016, 11:59 AM
സ്ത്രീകൾ ശബരിമല”ചവിട്ടലിനായി” കാത്തിരിക്കുന്നതൊക്കെ കൊള്ളാം പക്ഷേ, മെനോപോസ് കഴിഞ്ഞാൽ “ഉണ്ണികൾ പുനരുണ്ടാകില്ലെന്നു്” പറയാൻ അമ്മ പറഞ്ഞു. എനിക്കു് ഉണ്ണികൾ വേണ്ടെടാ “കൂവേ” എന്നൊരു ഒബ്ജക്ഷൻ ഉന്നയിക്കണമെന്നു് തോന്നുന്നവരിൽ നിന്നും, ഞാനൊന്നും പറഞ്ഞില്ലെടി “ചേമ്പേ” എന്നു് അഡ്വാൻസായി എക്സ്ക്യൂസി ഞാൻ സ്കൂട്ട് ചെയ്യുന്നു.
Aug 31, 2016, 9:25 AM
സാമാനങ്ങൾ (ചരക്കുകൾ) നിർമ്മിക്കുന്നതിന്റെയോ, ജോലി പൂർത്തിയാക്കുന്നതിന്റെയോ നിരക്കാണു് ലളിതമായി പറഞ്ഞാൽ “പ്രൊഡക്റ്റിവിറ്റി”. സർക്കാർ ജീവനക്കാർ ജോലിസമയത്തു് പൂക്കളമിടാനും, യൂണിയൻ പ്രവർത്തനം നടത്താനും, സമരം ചെയ്യാനും, പത്രം വായിക്കാനും, ഫെയ്സ്ബുക്കിൽ സ്റ്റാറ്റസിടാനുമെല്ലാം പോയാൽ അവർ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾ ആ സമയത്തു് നോ-ലോഡിൽ ഓടേണ്ടിവരും. അതുവഴി കുറയുന്നതു് പ്രൊഡക്ഷനും, അതോടൊപ്പം പ്രൊഡക്റ്റിവിറ്റിയുമായിരിക്കുമെന്നു് പറയേണ്ടതില്ലല്ലോ. അതു് മനസ്സിലാക്കാതെയാണെന്നു് തോന്നുന്നു ചില സ്ഥാപിതതാത്പര്യക്കാർ ഗവണ്മെന്റിന്റെ പൂക്കളനിർദ്ദേശത്തെ വിമർശിക്കുന്നതു്. പണ്ടു് കുടത്തിന്റെ അടപ്പു് തുറന്നു് പുറത്തുവിട്ട ആ പഴയ ഭൂതത്തെ ആവാഹിച്ചു് വീണ്ടും കുടത്തിൽ കയറ്റാനുള്ള ശ്രമത്തിലാണു് ഗവണ്മെന്റ് ഇപ്പോൾ മുഴുകിയിരിക്കുന്നതു്. അക്കാര്യത്തിൽ സർവ്വാത്മനാ ഗവണ്മെന്റിനോടു് സഹകരിക്കാനുള്ള ബാദ്ധ്യത ജനത്തിനുണ്ടു്. ട്യൂബിൽ നിന്നും ഞെക്കി പുറത്തു് ചാടിച്ച ടൂത്ത്പേസ്റ്റിനെ അതേപടി വീണ്ടും ട്യൂബിൽ കയറ്റുന്നപോലെ ആയാസകരമായ ഒരു കാര്യമാണതു്. ആണു്-പെണ്ണു്, ആർത്തവമുള്ളവർ-ഇല്ലാത്തവർ തുടങ്ങിയ ഒരു തരം തിരിവുമില്ലാതെ എല്ലാവരും ഒരുമിച്ചു് ഐലസ വിളിച്ചു് ഒത്തുപിടിച്ചാലേ അതു് സാദ്ധ്യമാവൂ.
Aug 31, 2016, 11:36 AM
സതി അനുഷ്ഠാനം പ്രാകൃതമായ ഒരു രീതിയാണെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. പക്ഷേ, ചില അമ്മായിഅമ്മമാരെയും നാത്തൂന്മാരെയുമെല്ലാം കാണുമ്പോൾ, ഭർത്താവു് മരിച്ചശേഷം അവരോടൊപ്പം ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലതു് ഭർത്താവിന്റെ ചിതയിൽ ചാടി ചാവുന്നതു് തന്നെയാണെന്നു് കരുതുന്ന ഭാര്യമാരെ കുറ്റം പറയാനും തോന്നുന്നില്ല. അതുപോലെതന്നെ, തന്റെ അമ്മയുടെ സഹജീവിസ്നേഹത്തെ തൃപ്തിപ്പെടുത്താനായോ, തന്റെ ജീൻ ഈ ലോകത്തിൽ നിലനിർത്താൻ അനിവാര്യമായും വേണ്ട ഒരു ഗർഭപാത്രത്തെ കരുതലോടെ തനിക്കായി നീക്കിവച്ച ഒരു സ്ത്രീയോടുള്ള നന്ദി എന്ന നിലയിലോ, സ്വന്തം ഭാര്യയുടെ മുഖത്തു് ആസിഡ് കോരി ഒഴിക്കാൻ വരെ മടിക്കാത്ത മഹാമനസ്കനായ ഒരു ഭാരതപുരുഷശ്രീശ്രീയോടൊപ്പം ജീവിക്കുന്നതിനേക്കാൾ, “സതി” അനുഷ്ഠിച്ചു്, “ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി” കാത്തു് സൂക്ഷിക്കുന്നതു് തന്നെയല്ലേ ഒരു ഭാരതീയ ഭാര്യക്കു് നല്ലതു് എന്നും ചിലപ്പോഴെങ്കിലും എനിക്കു് തോന്നാറുണ്ടു്. ഇതിന്റെയെല്ലാം വെളിച്ചത്തിലും, ആർഷഭാരതത്തിന്റെ സാംസ്കാരികപാരമ്പര്യപരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടു് ചിന്തിച്ചാൽ, മാർക്സിസ്റ്റ്, ഇസ്ലാമിസ്റ്റ് തുടങ്ങിയ “ഇസ്റ്റ്” ക്യാറ്റഗൊറികളിൽ കുടുങ്ങി സ്വന്തം ചിന്താശേഷി നഷ്ടപ്പെടുത്തിയിട്ടില്ലാത്തവരായ ആർക്കും ബോദ്ധ്യപ്പെടുന്ന ഒരു സത്യമുണ്ടു്: ആളെക്കൊല്ലാൻ മുറിവൈദ്യം തന്നെ വേണമെന്നില്ല, മുറിവേദവും, മുറിശാസ്ത്രവും തുല്യശക്തിയുള്ള ആളെക്കൊല്ലികൾ തന്നെയാണു്. പക്ഷേ, ആ സത്യം പ്രത്യയശാസ്ത്രങ്ങളിലും വേദങ്ങളിലും ഗീതങ്ങളിലും ഉണ്ടെന്നു് പറയുന്നതും, ഈ ലോകത്തിലൊരിടത്തും മനുഷ്യനു് കാണാൻ കഴിയാത്തതുമായ സാങ്കല്പികമോ, മിഥ്യയോ ആയ സത്യമല്ല, യാഥാർത്ഥ്യങ്ങളുടെ അടിത്തറയുള്ള വസ്തുത എന്ന അർത്ഥത്തിലെ, മനുഷ്യന്റെ ഗന്ധമുള്ള – മനുഷ്യരക്തത്തിന്റെ ഗന്ധമല്ല – സത്യം.
July 2016
Jul 2, 2016, 11:37 AM
മാപ്പു് ആവശ്യപ്പെട്ട ഒരു എം. പി.ക്കു് കോഴിക്കോടു് ജില്ലാ കളക്ടർ കുന്നംകുളത്തിന്റെ മാപ്പു് നൽകിയത്രെ! അതിപ്പോ കൊച്ചിയുടെ മാപ്പോ, കൊറിയയുടെ മാപ്പോ വേണ്ടതെന്നു് കൃത്യമായി പറയാതിരുന്ന സ്ഥിതിക്കു്, കൈവശമുള്ള ഒരു മാപ്പു് എടുത്തു് കൊടുത്തതിൽ തെറ്റുണ്ടെന്നു് തോന്നുന്നില്ല. ഏതു് കാര്യത്തിലും ഒരു ഒബ്ജക്ഷൻ ഉന്നയിച്ചിരിക്കണം എന്നതു് കേരളീയനെ സംബന്ധിച്ചു് ഒരു ഒബ്ലിഗേഷനും ഒബ്സെഷനുമായതിനാൽ, കോഴിക്കോടിന്റെ മാപ്പായിരുന്നെങ്കിൽ ഒന്നുകൂടി ഉചിതമായിരുന്നേനെ എന്നൊരു ഒബ്ജക്ഷൻ വേണമെങ്കിൽ ഉന്നയിക്കാമായിരുന്നു എന്നേയുള്ളു. അതേസമയം, ഒരു മാപ്പും കൊടുക്കാതിരുന്നെങ്കിൽ അതൊരു കൃത്യവിലോപമായി കാണേണ്ടി വരികയും ചെയ്യുമായിരുന്നു.
“ജാക്ക്സ്” അപ്പാർട്ട്, പാർലമെന്റിലെ ഒരു അംഗത്തെയാണു് എം. പി. എന്നു് ചുരുക്കി വിളിക്കുന്നതു്. ച്ചാൽ, പാർലമെന്റിൽ ഇരുന്നു് ഉറങ്ങുകയും, ഇടയ്ക്കിടെ നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന ഇനത്തിൽ പെട്ട ഒരു മനുഷ്യജീവി. അങ്ങനെ നിർമ്മിക്കപ്പെടുന്ന നിയമങ്ങളിൽ, തന്റെ പരിധിയിലും ചുമതലയിലും വരുന്നവയെ നീതിനിഷ്ഠമായി നടപ്പാക്കുക എന്നതാണു് കളക്ടർ ബ്രോസിന്റെയും സിസ്‌സിന്റെയും ജോലി. ഏതെങ്കിലും ഒരു കാര്യം സാധിച്ചു് കിട്ടുന്നതിനു് വേണ്ടി തന്നെ സമീപിക്കുന്നവരുടെ വ്യക്തിപരമായ പദവിയോ പത്രാസ്സോ, സാമൂഹികമായ മറ്റിനം ഉയർച്ചകളോ താഴ്ചകളോ കണക്കിലെടുക്കാതെ ആ ജോലി ഉത്തരവാദിത്വപൂർവ്വം ചെയ്തു് തീർക്കാനാണു് സമൂഹം അവർക്കു് ശമ്പളം നൽകുന്നതു്. ഇക്കാര്യം കളക്ടർ ബ്രോസ് ആൻഡ് സിസ്‌സിനെപ്പോലെതന്നെ, എം. പി. മാരും, എം. എൽ. എ. മാരും, മന്ത്രിമാരും ജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണു്. ജനങ്ങളിൽ ഒരു നല്ലവിഭാഗത്തിനു് അതൊന്നും അറിയില്ല എന്നതു്, ആ അറിവില്ലായ്മ മുതലെടുത്തു് ബ്യൂറോക്രാറ്റുകളും ഡെമോക്രാറ്റുകളും ഡെമൊൺസ്‌റ്റ്രേഷൻ-ക്രാറ്റുകളും എല്ലാം കൂടി ജനങ്ങളെ കബളിപ്പിക്കുന്ന പതിവുരീതിയെ ന്യായീകരിക്കാൻ മതിയായ കാരണമല്ല. പൗരസമൂഹത്തോടു് ചെയ്യുന്ന ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ല അതു്. ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റിന്റെ നിയമങ്ങൾ ആ സ്റ്റേറ്റിലെ പൗരസമൂഹത്തിനു് മുഴുവനുമായി നിർമ്മിക്കപ്പെടുന്നവയാണു്. അല്ലാതെ, ഭൂരിപക്ഷം ചിലരെ അനുസരിപ്പിക്കുന്നതിനു് വേണ്ടി ന്യൂനപക്ഷം ചിലർ നിർമ്മിക്കുന്നവയല്ല അവ. അതു് മനസ്സിലാക്കാൻ കഴിയാത്തവരാണു് വളഞ്ഞ വഴികളിലൂടെ അവരുടെ താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതു്. ഞാൻ നിയമനിർമ്മാണസഭയിലെ അംഗമായതുകൊണ്ടു് എനിക്കു് നിയമങ്ങളൊന്നും ബാധകമല്ല എന്നു് വിശ്വസിക്കുന്നവരുണ്ടു്. ആരെല്ലാം എന്തെല്ലാം വിശ്വസിക്കുന്നില്ല? ആ വിശ്വാസിയെ സപ്പോർട്ട് ചെയ്യാനും ആരെങ്കിലുമൊക്കെയുണ്ടാവും. ആരൊക്കെ എന്തിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നില്ല? പക്ഷേ, അതുകൊണ്ടൊന്നും നിയമത്തിന്റെ കാഴ്ചപ്പാടിൽ അതൊരു കുറ്റകൃത്യം അല്ലാതാവുന്നില്ല.
പിന്നെ, ഓരോരുത്തരുടെ പ്രതികരണ രീതിയും ഭാഷയും! അതിപ്പോൾ പഠിപ്പിച്ചതും പഠിച്ചതുമല്ലേ ആർക്കായാലും പാടാൻ കഴിയൂ? എതിരാളികളെ നാറികൾ എന്നു് വിളിക്കുന്നതാണു് മന്ത്രിയുടെ രീതിയെങ്കിൽ, എം. എൽ. എ. മാരും, എം.പി. മാരും അവരെ വിളിക്കാൻ പരനാറികൾ എന്ന വിശേഷണമല്ലാതെ മറ്റെന്തു് ഉപയോഗിക്കാൻ? ആ ജനുസ്സിൽ പെട്ട ഭാഷയും രീതിയും ഉപയോഗിച്ചുകൊണ്ടല്ലാതെ സംവദിച്ചാൽ പൊതുജനത്തിനു് ഒരു “കോപ്പും” മനസ്സിലാവില്ല എന്ന ഒരു ചെറിയ പ്രശ്നം ഒഴിവാക്കിയാൽ, ഇതൊന്നും ബല്യേ ഇശ്യൂ ആക്കേണ്ട കാര്യങ്ങളല്ല.
പണിക്കൂലി വേണമെന്നു് എംപി. പണി പരിശോധിച്ചിട്ടു് കൂലി എന്നു് കളക്ടർ. മാപ്പു് വേണമെന്നു് എംപി. ഇതാ മാപ്പു് എന്നു് കളക്ടർ!
“നമ്പിയാരെന്നു് ചോദിച്ചു, നമ്പിയാരെന്നു് ചൊല്ലിനേൻ, നമ്പി കേട്ടഥ കോപിച്ചു, തമ്പുരാനേ പൊറുക്കണേ!”
Jul 5, 2016, 11:53 AM
“കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു് സുവിശേഷം അറിയിക്കുന്നു.” – ഇതൊന്നും വരുവാനുള്ളവൻ ഞാൻ തന്നെയാണെന്നതിന്റെ തെളിവല്ലെങ്കിൽ പിന്നെയെന്താണെന്നു് ബൈബിളിൽ യേശു ചോദിക്കുന്നു. (മത്തായി 11:4)
എന്നിട്ടും, ഇതൊന്നും ശരിയാക്കലിന്റെ ലക്ഷണങ്ങൾ അല്ല എന്നു് വിലപിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവർ അതിന്റെ തൊട്ടുതാഴെയുള്ള ഈ വാക്യം കൂടി വായിച്ചാൽ അല്പം ആശ്വാസം കിട്ടിയേക്കും: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു് പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്മാൻ പോയി?”
സ്നാപകയോഹന്നാനും യേശുവും തമ്മിൽ എന്നപോലെതന്നെ, കേരളത്തിലെ രാഷ്ട്രീയ കൊണാണ്ടർമാരുടെയിടയിലെ തത്പരകക്ഷികൾ തമ്മിലും ഉണ്ടാക്കിയെടുത്തിട്ടുണ്ടായിരിക്കാൻ സാദ്ധ്യതയുള്ള അഡ്ജസ്റ്റ്മെന്റുകളെപ്പറ്റി യാതൊരു ഗന്ധവുമില്ലാതെ ഞെട്ടിത്തെറിക്കുന്നവർക്കു് ഈ ചികിത്സ പരീക്ഷിക്കാവുന്നതാണു്. ഇതിലും നല്ലതു് വേണമെന്നുള്ളവർ ഹോമിയോപ്പതിയെ ആശ്രയിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
Jul 6, 2016, 7:29 AM
സ്കൂളിൽ എനിക്കു് വർക്കി എന്നൊരു സഹപാഠി ഉണ്ടായിരുന്നു. അവന്റെ കയ്യിലിരുപ്പു് അങ്ങനെ ആയിരുന്നതിനാൽ, യുദ്ധത്തിനു് കീ കൊടുക്കുന്നവൻ എന്ന അർത്ഥത്തിൽ, അധ്യാപകരിലെ ചില രസികർ അവനെ “WarKey” എന്നായിരുന്നു വിളിച്ചിരുന്നതു്. ആരുടെയെങ്കിലും – മിക്കപ്പോഴും വാസ്തവമല്ലാത്ത – കുറ്റങ്ങൾ മറ്റാരോടെങ്കിലും ചെന്നു് പറഞ്ഞു് അവരെ തമ്മിൽ അടി കൂടിച്ചില്ലെങ്കിൽ സ്വൈരം കിട്ടുമായിരുന്നില്ലാത്ത ഒരു അസ്വസ്ഥാത്മാവു്. അവസാനം രണ്ടു് പക്ഷത്തുനിന്നും അടി തനിക്കു് തന്നെ കിട്ടുമ്പോൾ ചങ്ങായി മോങ്ങിക്കൊണ്ടു് സാറന്മാരുടെ അടുത്തു് പരാതിയുമായി ചെല്ലും. A. D. ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, മാസെഡോണിയയിലും പ്രാന്തപ്രദേശങ്ങളിലും യേശുവിന്റെ മരണവും ഉയിർത്തെഴുന്നേൽപ്പുമെല്ലാം പ്രസംഗിച്ചു് നിഷ്കുകളെ ചാക്കിട്ടു് നടന്നിരുന്ന അപ്പൊസ്തലനായ പൗലോസിന്റെ പെരുമാറ്റരീതികൾ ബൈബിളിൽ വായിക്കുമ്പോൾ ആ വർക്കിയെ ആണു് എനിക്കു് ഓർമ്മ വരാറു്.
ബൈബിളിലെ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിൽ പൗലോസിനെ ന്യായാധിപന്റെ അടുക്കൽ കൊണ്ടുചെല്ലുമ്പോൾ സംഭവിക്കുന്നതായി പറയുന്ന കാര്യങ്ങൾ രസകരമാണു് (18 : 12 – 17): റോമൻ അധീനതയിലായിരുന്ന ഗ്രീസിലെ അഖായയിൽ ദേശാധിപതിയായി വാണിരുന്ന ഗല്ലിയോയുടെ (Lucius Junius Gallio Annaeanus) മുന്നിൽ ഒരിക്കൽ അവിടത്തെ യഹൂദർ പൗലോസിനെ പിടിച്ചുകൊണ്ടു് ചെല്ലുന്നു. ന്യായപ്രമാണത്തിനു് വിരുദ്ധമായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ അവൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു പരാതി. പബ്ലിസിറ്റിക്കു് വേണ്ടി അല്പമോ, അല്പം കൂടുതലോ അടിയോ ഇടിയോ ഏൽക്കേണ്ടി വന്നാൽ പൗലോസിനു് അതൊരു പ്രശ്നമായിരുന്നില്ല. അതുവഴി ഇത്തിരി “ഓഡിയൻസ് അപ്പീൽ” ഉള്ളവിധം നാലു് വാക്കു് സംസാരിക്കാൻ അവസരം ലഭിച്ചാൽ പൗലോസ് സംതൃപ്തനാവും. അങ്ങനെ, ഗല്ലിയോയുടെ മുന്നിൽ എത്തിച്ച പൗലോസ് പതിവുപോലെ “വായ്തുറപ്പാൻ” ആരംഭിച്ചു. പക്ഷേ, “യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ (കോപ്പു്) ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു് ന്യായാധിപതി ആകുവാൻ എനിക്കു് മനസ്സില്ല” എന്നു് പറഞ്ഞു് ഗല്ലിയോ അവരെ ന്യായാസനത്തിങ്കൽ നിന്നു് പുറത്താക്കിക്കളഞ്ഞു. പിന്നെയെന്തു് ചെയ്യാൻ? അന്തിമമായ ഒരു ശ്രദ്ധ ക്ഷണിക്കൽ ചടങ്ങു് എന്ന നിലയിൽ യഹൂദർ പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു് ന്യായാസനത്തിന്റെ മുമ്പിൽവെച്ചു് അടിച്ചു് ഒരു സീൻ ഉണ്ടാക്കാൻ ശ്രമിച്ചുനോക്കി. പക്ഷേ അതുപോലും ഗല്ലിയോ കൂട്ടാക്കിയില്ല. പൗലോസ് ശരിക്കും നിരാശനായിട്ടുണ്ടായിരിക്കണം. സെനെക്കയുടെ (Seneca the Younger) മൂത്ത സഹോദരനാണു് ഈ ഗല്ലിയോ എന്നും കൂടി അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
അതുപോലുള്ള മറ്റൊരു “ഗല്ലിയോ” ആയിരുന്നു ജുഡെയ പ്രോവിൻസ് ഭരിച്ചിരുന്ന പീലാത്തോസ്. അവിടെ യേശുവിനെ ആയിരുന്നു യഹൂദരും അവരുടെ മഹാപുരോഹിതന്മാരും കൂടി ശിക്ഷാവിധിക്കായി പീലാത്തോസിന്റെ അടുത്തെത്തിച്ചതു്. “നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ” എന്നായിരുന്നു പീലാത്തോസിന്റെ ആദ്യവിധി. പക്ഷേ, മതഭ്രാന്തന്മാർ വിടുമോ? “നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ, ഞാൻ അവനിൽ കുറ്റം കാണുന്നില്ല” എന്നു് പറഞ്ഞു് ഒഴിവായ പീലാത്തോസിനെക്കൊണ്ടു്, പെസഹനാളിൽ ഒരു കുറ്റവാളിയെ വിട്ടുകൊടുക്കുന്ന രീതി അനുസരിച്ചു് ബറബ്ബാസ് എന്ന കവർച്ചക്കാരനെ മോചിപ്പിച്ചതിനും, യേശുവിനെ കുരിശിൽ തൂക്കിക്കൊല്ലാനായി വിട്ടുകിട്ടിയതിനും ശേഷമേ ന്യായപ്രമാണപ്രാണികൾ അടങ്ങിയുള്ളു. ആ കഥകൾ പക്ഷേ മിക്കവരും ഇതിനോടകം കേട്ടിട്ടുള്ളതായിരിക്കണം. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിലേക്കു് നയിച്ച യേശുവിന്റെ കുരിശുമരണം ഉയിർത്തെഴുന്നേൽപ്പു് തുടങ്ങിയ കഥകൾ.
മതവും രാഷ്ട്രവും തമ്മിൽ വേർപെടുത്തിയ ഒരു മാതൃകാരാഷ്ട്രീയമായിരുന്നു കീഴടക്കിയ രാജ്യങ്ങളിൽ റോമാക്കാർ പിൻതുടർന്നിരുന്നതു്. യഹൂദനെന്നോ, ക്രിസ്ത്യൻ എന്നോ മറ്റു് മതസ്ഥർ എന്നോ ഉള്ള വ്യത്യാസമില്ലാതെ, വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ജനങ്ങൾക്കു് അനുവദിക്കാൻ അവർ ശ്രമിച്ചിരുന്നു. പക്ഷേ, ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ടു്. രാജ്യത്തിൽ മതസ്ഥാപനങ്ങളും അവയോടുള്ള ബഹുമാനസൂചകമായ നിലപാടുകളും ചിട്ടകളുമെല്ലാം അവർക്കും ഉണ്ടായിരുന്നെങ്കിലും, “religio” എന്ന വാക്കു്, ഉദാഹരണത്തിനു്, ഭാരതീയർ മതം എന്ന വാക്കിനു് നൽകുന്ന അർത്ഥത്തിൽ ആയിരുന്നില്ല അവർ ഉപയോഗിച്ചിരുന്നതു്. ആ രീതിയിലുള്ള മതവിശ്വാസങ്ങളും ആചാരങ്ങളും അവരെ സംബന്ധിച്ചു് “superstitio” ആയിരുന്നു. കിഴക്കരുടെയും പ്രാകൃതരുടെയുമെല്ലാം രീതികൾ എന്ന നിലയിൽ അവർ അവജ്ഞയോടെ കണ്ടിരുന്ന അന്ധവിശ്വാസങ്ങൾ. പക്ഷേ, റോമാക്കാരുടെ പബ്ലിക് പോളിസികൾക്കു് തടസ്സമാകാത്തിടത്തോളം മറ്റുള്ളവരുടെ വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
അശുദ്ധമാകാതിരിക്കാൻ മനുഷ്യരിൽ ചിലരെ അകറ്റി നിർത്തേണ്ടിവരുന്ന ഭാരതത്തിലെ അമ്പലങ്ങളുടെയും, പള്ളികളുടെയും, മറ്റു് വിശുദ്ധസ്ഥലങ്ങളുടെയും പേരിൽ സ്ഥിരമായി ബഹളങ്ങളും ലഹളകളും സൃഷ്ടിച്ചു് മനുഷ്യരുടെ സ്വൈരജീവിതം തകർത്തുകൊണ്ടു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഭാരതീയരെ പ്രശ്നപരിഹാരത്തിനായി ഒന്നാം നൂറ്റാണ്ടിലെ റോമൻ പ്രോവിൻസുകൾ ഭരിച്ചിരുന്ന അധികാരികളുടെ മുന്നിൽ എത്തിച്ചിരുന്നെങ്കിൽ!? തുണി ഉടുത്തോ ഉടുക്കാതെയോ അമ്പലങ്ങളിൽ പ്രവേശിക്കേണ്ടതു്, ആർത്തവമുള്ളവരോ അല്ലാത്തവരോ ആയ സ്ത്രീകൾക്കു് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാമോ, അഞ്ചുനേരമോ ഒരുനേരമോ നിസ്കരിക്കേണ്ടതു്, നാലു് സ്ത്രീകളെ കെട്ടണമോ, ഒരു സ്ത്രീയെ കെട്ടണമോ, ആത്മഹത്യ ചെയ്തവരെ തെമ്മാടിക്കുഴിയിലോ, സാദാ കുഴിയിലോ അടക്കേണ്ടതു് തുടങ്ങിയ “അന്തമില്ലാത്ത” ഗുരുതരപ്രശ്നങ്ങളുമായി ഒരു ഗല്ലിയോയെ സമീപിക്കുന്ന കേരളീയ മത/നാട്ടുപ്രമാണികളെ അങ്ങേർ എങ്ങനെ ആയിരിക്കും സ്വീകരിക്കുക എന്നു് ആലോചിക്കുന്നതു് രസകരമായിരിക്കും. “സില്ലി മാറ്റേഴ്സിന്റെ” പേരിൽ സമൂഹത്തിൽ സ്വൈരക്കേടു് ഉണ്ടാക്കുന്നവരെ കുറ്റിയിൽ കെട്ടിയിട്ടു് ചാട്ടവാറിനു് അടിയ്ക്കലും റോമൻസ് അക്കാലത്തു് നൽകിയിരുന്ന ഒരു ശിക്ഷാവിധിയായിരുന്നു എന്നുകൂടി ഓർത്താൽ ഒന്നുകൂടി രസകരമായിരിക്കും.
Jul 6, 2016, 11:29 AM
നത്തോലി ഒരു ചെറിയ മീനല്ലെന്നു് സിൽമാക്കാർ പറഞ്ഞു് തന്നിരുന്നു. വള്ളിപുള്ളിവ്യത്യാസം ഒരു ചെറിയ വ്യത്യാസമല്ലെന്നു് 2016-ലെ ഒരു ഈദ് ആശംസയും പഠിപ്പിച്ചുതന്നു. ചാകുന്നതുവരെ പഠിച്ചുകൊണ്ടിരിക്കാനാണു് മനുഷ്യരുടെ വിധി എന്നു് പറയുന്നതു് എത്ര ശരി! നത്തോലിയോ ശരി, നെത്തോലിയോ ശരി തുടങ്ങിയ ഗഹനമായ ചിന്ത വഴി തലയിലെ ന്യൂറൽ നെറ്റ്‌വർക്സ് കുരുക്കുകളിൽ നിന്നും കുരുക്കുകളിലേക്കു് നിരന്തരം പടർന്നു് പന്തലിച്ചു് തലയ്ക്കു് വെളിയിലേക്കു് ഇറങ്ങാതിരുന്നാൽ മതിയായിരുന്നു. മറ്റൊന്നും കൊണ്ടല്ല. അതു് ക്യാൻസർ ആണെന്നു് പ്രഖ്യാപിച്ചു് മുള്ളാത്ത ലക്ഷ്മികൾ ആരെങ്കിലും വല്ല തരുവുമായി എത്തിയാൽ പിന്നെ ആ ക്യാൻസറുകളിൽ നിന്നു് രക്ഷപെടാനായിക്കൂടി കഷ്ടപ്പെടേണ്ടി വരുമല്ലോ എന്ന ഭയത്തിന്റെ പേരിൽ മാത്രം.
Jul 7, 2016, 8:34 AM
Nevertheless, “Brutus is an honourable man; So are they all, all honourable men.”
Jul 8, 2016, 6:04 PM
എന്തു് ചെയ്യണം എന്നറിയാതെ വിഷമിക്കുന്നവൻ എന്ന അർത്ഥത്തിലാണു് ഇതികർത്തവ്യതാമൂഢൻ എന്ന “മറുഭാഷ” മലയാളികൾ ഉപയോഗിക്കാറുള്ളതു്. ആദ്യത്തേതു് സാമാന്യവും അരസികവും, രണ്ടാമത്തേതു് കേൾക്കാൻ രസമുള്ളതെങ്കിലും കഠിനവും ഒരു ബുദ്ധിജീവിപരിവേഷം ഉള്ളതുമായതിനാൽ സാധാരണക്കാർക്കു് വേണമെങ്കിൽ ഈ രണ്ടു് പ്രയോഗങ്ങൾക്കും പകരം “അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ” എന്നു് പറഞ്ഞു് രക്ഷപെടാം. (കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ, “വോട്ടു് കളഞ്ഞ സഖാവിനെപ്പോലെ” എന്നൊരു പ്രയോഗം സഖാക്കളല്ലാത്തവരുടെ ഇടയിലെങ്കിലും രൂപം കൊണ്ടാൽ മലയാളഭാഷ അത്രയും കൂടി ധന്യമാകും). പൊതുവേ പറഞ്ഞാൽ, ഏതു് പ്രശ്നത്തിനും ലളിതമായ പരിഹാരങ്ങൾ തേടുന്നവരാണു് മനുഷ്യർ. ഒറ്റമൂലികൾ, ഹോമിയോ, ഓതിയൊഴിപ്പിക്കൽ, ഊതിയൊഴിപ്പിക്കൽ, ഏലസ്സുകൾ തുടങ്ങിയവ പോലെ, കോൺസ്പിരസി തിയറികൾ, ഇടതു്/വലതു്/മതതീവ്രവാദങ്ങൾ തുടങ്ങിയവയ്ക്കും മനുഷ്യരുടെയിടയിൽ ഡിമാൻഡ് ഉണ്ടാവുന്നതും, ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെ. വിദ്യാഭ്യാസം കൊണ്ടു് ഒരു ശാസ്ത്രജ്ഞനെ വളർത്തിയെടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണു് ബ്രെയിൻ വാഷിങ് കൊണ്ടു് ഒരു മതഭ്രാന്തനെയോ ഒരു സൂയിസൈഡ് ബോംബറെയോ ഉണ്ടാക്കിയെടുക്കൽ.
മനുഷ്യരിൽ കയറിക്കൂടുന്ന ധാരാളം ഭൂതങ്ങളേയും അശുദ്ധാത്മാക്കളേയും ദൈവം സൃഷ്ടിച്ചിട്ടുണ്ടു്. മനുഷ്യരുടെ ഭാഗ്യമെന്നേ പറയേണ്ടൂ, അവയോടൊപ്പംതന്നെ അവയെ എല്ലാം പുറത്താക്കാൻ പ്രാപ്തിയുള്ള പ്രേതങ്ങളെ സൃഷ്ടിക്കാനും ദൈവം മറന്നില്ല. ദൈവം കരുണാനിധിയും “ഉക്തിമാനും” ആണെന്നു് സാരം. ചെറിയ മനുഷ്യരുടെ ചെറിയ യുക്തി പോലെയല്ല വലിയ ദൈവത്തിന്റെയും ആ ദൈവത്തിന്റെ വലിയ ഭക്തന്മാരുടെയും വലിയ ഉക്തി. അതുകൊണ്ടു്, ഭൂതങ്ങളോ പ്രേതങ്ങളോ അല്ലാത്ത, ഇഹലോകത്തിലെ ജീവിതം അവസാനിച്ചാൽ ജീവിക്കാനായി പിന്നെ ഒരിടത്തും ഒരു നിമിഷം പോലും ലഭിക്കാത്തവരായ മനുഷ്യർ ഒരുകാര്യം ഓർത്തിരിക്കുന്നതു് അവരുടെ പരിമിതമായ സമയവും ഊർജ്ജവും അർത്ഥശൂന്യമായ കാര്യങ്ങൾക്കു് വേണ്ടി നഷ്ടപ്പെടുത്താതിരിക്കാൻ സഹായിക്കും: മനുഷ്യരിൽ നിന്നും ഭൂതബാധയെ ഒഴിവാക്കുക എന്നതും ഒട്ടും എളുപ്പമായ കാര്യമല്ലെങ്കിലും, ഭക്തരുടെ തലയിൽ കയറിക്കൂടിയ കോൺസ്പിരസി തിയറികളെയും, മരണാനന്തരസ്വർഗ്ഗം/നല്ലനാളെ തിയറികളെയും അവിടെനിന്നും ഇറക്കിവിടുക എന്നതു് അതിനേക്കാൾ എത്രയോ മടങ്ങു് പ്രയാസമുള്ള കാര്യമാണു്. എത്ര ശ്രമിച്ചാലും ഒരിക്കലും ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്തവയാണു് അത്തരം തിയറികളിൽ അധികവും. മനുഷ്യൻ ചന്ദ്രനിൽ കാലു് കുത്തിയിട്ടില്ല എന്ന ഇടിച്ചാൽ പൊട്ടാത്ത “തിയറി”, വാക്സിൻ എടുക്കാൻ ആവശ്യപ്പെടുന്നവർ മരുന്നു് മാഫിയകളിൽ നിന്നും പണം പറ്റുന്നവരാണെന്ന തിയറി തുടങ്ങിയവ ഉദാഹരണങ്ങൾ. ആദ്യത്തേതു് അമേരിക്കയുടെയും രണ്ടാമത്തേതു് ബഹുരാഷ്ട്രകുത്തകകളുടെയും ഇടപാടു് ആയതിനാൽ, ആ ശത്രുക്കളുടെ വിമർശനം ആഹാരമാക്കി മാത്രം ജീവിക്കാൻ കഴിയുന്നവർക്കു് അവരെ എതിർത്തുകൊണ്ടിരുന്നേ പറ്റൂ.
എന്തു് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നവന്റെ അതേ വിഷമം തന്നെയാവണം, ഒന്നുകിൽ ചെകുത്താന്റെ വായിലേക്കു് പ്രവേശിക്കുക, അല്ലെങ്കിൽ കടലിന്റെ വയറ്റിലേക്കു് ചാടുക, അതുമല്ലെങ്കിൽ ഇവ രണ്ടിനുമിടയിൽ ചത്തപോലെ അനങ്ങാതെ കിടന്നു് എന്തു് സംഭവിക്കണമെന്ന തീരുമാനം വിധിക്കു് വിട്ടുകൊടുക്കുക എന്നിവയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാത്ത മനുഷ്യരുടേതും. രാഷ്ട്രീയത്തിൽ എന്നപോലെതന്നെ, മറ്റു് സാമൂഹിക വിഷയങ്ങളിലും ഈ മൂന്നു് ചോയ്സുകളിൽ ഏതെങ്കിലും ഒന്നു് സ്വീകരിക്കാൻ നിർബന്ധിതരാവുന്നവരാണു് മലയാളികൾ. ബഹുഭൂരിപക്ഷവും മൂന്നാമത്തെ ഓപ്ഷൻ സ്വീകരിക്കുന്നവരാണു്. “നമ്മുടേതു്” അല്ലാത്തവരുടെ ഓരോ വാക്കിലും ഓരോ പ്രവൃത്തിയിലും കുറ്റങ്ങളും ദോഷങ്ങളും മാത്രം തേടുകയും, ആവകയൊന്നും കാണാനില്ലെങ്കിൽ വ്യാഖ്യാനിച്ചു് തനിക്കു് വേണ്ടതു് അവയിൽ കണ്ടെത്തുകയും ചെയ്യുന്നവരുടെ സമൂഹത്തിൽ മദ്ധ്യവഴികൾ തേടാൻ മനുഷ്യർ നിർബന്ധിതരാവും.
കേരളത്തിൽ എന്തും തെറ്റാവാം, എന്തും ശരിയുമാവാം. ആരു് പറയുന്നു, ആരോടു് പറയുന്നു, ആരൊക്കെ കേൾക്കുന്നു തുടങ്ങിയ മാനദണ്ഡങ്ങളാലാണു് മനുഷ്യരുടെ വാക്കുകളിലെ ശരിതെറ്റുകൾ വിലയിരുത്തപ്പെടുന്നതു്. “ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും” ആകണമോ വേണ്ടയോ എന്നെല്ലാം ആ മാനദണ്ഡങ്ങൾ അനുസരിച്ചു് നിശ്ചയിക്കപ്പെടും. എത്ര എമണ്ടൻ അബദ്ധവും ഒരിക്കൽ ശാസ്ത്രമായോ സദാചാരമായോ അംഗീകരിക്കപ്പെട്ടു് കഴിഞ്ഞാൽ, പിന്നെയൊരു തിരിച്ചുപോക്കു് മിക്കവാറും അസാദ്ധ്യമായിരിക്കും. ഉദാഹരണത്തിനു്, പല്ലിയുടെ കരച്ചിൽ ഗൗളിശാസ്ത്രമായി, വാക്സാമർത്ഥ്യമുള്ള ചില സൂത്രശാലികളുടെ ഉപജീവനത്തിനുള്ള മാർഗ്ഗമായി മാറിക്കഴിഞ്ഞശേഷം ഏതെങ്കിലും “അജ്ഞർ” അതിനെ ഗൗളിവിലാപം എന്നോ, ഗൗളിമൂളൽ എന്നോ മറ്റോ കളിയാക്കി വിളിച്ചാൽ ഒഴുകുന്നതു് ചോരപ്പുഴയായിരിക്കും. ഒഴുക്കുന്നതു് ഗൗളികളല്ല, ഗൗളിശാസ്ത്രം വിറ്റു് ജീവിക്കുകയും, അതു് വാങ്ങി സ്വന്തം ജീവിതത്തിനു് ഒരു “ദിശാബോധം” ഉണ്ടാക്കുകയും ചെയ്യുന്ന ഗൗളിജ്ഞാനികളുടെ കൂട്ടം. ഒരു പുരുഷൻ നാലു് സ്ത്രീകളെ ഒരേസമയം ഭാര്യമാരായി വച്ചുകൊണ്ടിരിക്കുന്നതു് സദാചാരമായി അംഗീകരിക്കപ്പെടുന്ന സമൂഹത്തിൽ, അതു് ദുരാചാരമാണെന്നോ, പുരുഷനു് ആകാമെങ്കിൽ സ്ത്രീക്കും നാലു് പുരുഷന്മാരെ ഒരേസമയം ഭർത്താക്കന്മാരായി വച്ചുകൊണ്ടിരിക്കാം എന്നോ പറയാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ സംഭവിക്കുന്നതും അതുതന്നെ ആയിരിക്കും.
മറ്റുള്ളവരെ ചൂഷണം ചെയ്തും കബളിപ്പിച്ചും നയിക്കുന്ന സുഖജീവിതത്തിനു് തടസ്സം നേരിടുമെന്നു് വന്നാൽ, ആരായാലും അസ്വസ്ഥരാകും. ഒരുനേരം കഞ്ഞികുടിച്ചു് ജീവിക്കുന്നവരുടെ ലോകത്തിൽ മൂന്നുനേരമോ അതിലും കൂടുതൽ തവണകളോ കഞ്ഞി കുടിച്ചു് ജീവിക്കാൻ കഴിവുള്ളവൻ സുഖജീവിതം നയിക്കുന്ന മുതലാളിയാണു്. അതുകൊണ്ടാവണം ബൂർഷ്വാസി “റിലേറ്റീവ്സ്” ആണെന്നു് കാൾ മാർക്സ് പറഞ്ഞതു്. പക്ഷേ, മാർക്സ് പറഞ്ഞതു് പട്ടിണിക്കാർക്കു് മനസ്സിലാകണമെങ്കിൽ “ഇക്കൊണോമിക് റിലേറ്റിവിറ്റി ഓഫ് ഡയലെക്റ്റിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം” എന്നു് ലളിതമായിത്തന്നെ പറയണം. കത്തോലിക്കാസഭയിൽ ലാറ്റിനിലും, യാക്കോബായ സഭയിൽ അരാമ്യഭാഷയിലും കുർബ്ബാന ചൊല്ലാൻ പുരോഹിതർ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണവും മറ്റൊന്നല്ല. പുരോഹിതർ ആലപിക്കുന്നതു് വെറും “ഗൊബിൾഡിഗൂക്ക്” അല്ലെന്നു് ഭക്തജനത്തിനു് തോന്നണം! മാർക്സിന്റെ ഈ റിലേറ്റിവിറ്റി തത്വപ്രകാരമാണു്, ബൂർഷ്വാസി എന്ന നിലയിലേക്കു് ഇതിനോടകം എത്തിയവർ ആ നില തുടരാനും, അവിടേക്കു് എത്രയും വേഗം എത്താൻ ആഗ്രഹിക്കുന്നവർ അതിനു് വകയില്ലാത്ത സാധുക്കൾക്കു് ആ തിയറിയിൽ ട്യൂഷൻ എടുത്തു് നാലു് കാശു് ഉണ്ടാക്കി ബൂർഷ്വാസി ആകാനും ശ്രമിക്കുന്നതു്. അല്ലാതെ, അതിന്റെ വിപരീതദിശയിലാണു് “ചരിത്രഗതി” എന്നു് വിശ്വസിക്കുന്ന മാർക്സിസ്റ്റുകൾ ആരെങ്കിലും ഇക്കാലത്തു് ഉണ്ടെങ്കിൽ അവർക്കു് തലയ്ക്കു് സ്ഥിരതയില്ല എന്നു് കരുതിയാൽ മതി. നോമ്പു് നോക്കിയും, വെറുതെ പട്ടിണി കിടന്നുമെല്ലാം വേദനിക്കുന്ന മുതലാളിമാർ ഇല്ലെന്നല്ല. അവർ ഒന്നുകിൽ സ്വർഗ്ഗത്തിലെത്തി ബൂർഷ്വാസിജീവിതം നയിക്കാനോ, അല്ലെങ്കിൽ നല്ല ശരീരവടിവുണ്ടാക്കി ഈ ലോകത്തിലെ ബൂർഷ്വാസിയിൽ ഒരു ഇമ്പ്രഷൻ നേടിയെടുക്കാനോ വേണ്ടിയാണു് ആ കഷ്ടപ്പാടുകൾ സഹിക്കുന്നതു്. ചുരുക്കത്തിൽ, സ്വർഗ്ഗത്തിലെയോ ഭൂമിയിലെയോ സുഖജീവിതമാണു് പൊതുവേ പറഞ്ഞാൽ മനുഷ്യരുടെ ലക്ഷ്യം. പണം എല്ലാറ്റിനുമുള്ള പരിഹാരമല്ല എന്നതൊക്കെ സമ്മതിച്ചു. പക്ഷേ, പണം എന്ന ആ സംഭവം നൽകുന്ന ആ ഒരു സമാശ്വാസം, അതൊന്നു് വേറെ തന്നെ!
ആ സമാശ്വാസം കൈവരിക്കാൻ പല മാർഗ്ഗങ്ങളുമുണ്ടു്. കൈനോട്ടശാസ്ത്രം, മുഖം നോട്ടശാസ്ത്രം, വായിൽ നോട്ടശാസ്ത്രം, ജ്യോതിഷശാസ്ത്രം, ഹോമിയോശാസ്ത്രം, നാച്ചുറോപ്പതിശാസ്ത്രം, ആസനശാസ്ത്രം, ആന്റിവാക്സിൻശാസ്ത്രം, വൈരുദ്ധ്യാത്മകശാസ്ത്രം തുടങ്ങി എത്രയോ ശാസ്ത്രങ്ങൾ വഴി മനുഷ്യർക്കു് പണമുണ്ടാക്കാം. ഭാരതം പോലെ സംസ്കാരസമ്പന്നമായ ഒരു രാഷ്ട്രത്തിൽ ഏതു് ഒടിയനും സിദ്ധനും കോടീശ്വരന്മാരാവാൻ വലിയ തടസ്സമൊന്നും ഇല്ല. ശാസ്ത്രജ്ഞർ എന്നു് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയനേതാക്കൾ വരെ ഒടിയന്മാരുടെയും ഒടിച്ചികളുടെയും മുന്നിൽ ചെന്നു് ഏത്തമിടുന്ന നാടാണു്! ഈയിടെ കാണുന്ന ഒരു ഫാഷൻ, ഏതു് വിദ്യയോടും ശാസ്ത്രം എന്ന വാൽ ചേർക്കലാണു്. ശാസ്ത്രത്തെ തെറി പറയുന്നവരും സ്വന്തം ബിസ്നസ് ശാസ്ത്രീയമാണെന്നേ പറയൂ. ഗൂഗിൾ ഫെയ്സ്ബുക്ക് തുടങ്ങിയ ബഹുരാഷ്ട്രകുത്തകകൾ വന്നതുകൊണ്ടു് ഇത്തരം ഒടിവിദ്വാന്മാരുടെ ചീട്ടുകളിലേക്കു് ഒളികണ്ണിടാൻ ഇപ്പോൾ മനുഷ്യർക്കു് അത്ര പ്രയാസമില്ല. അതുകൊണ്ടു്, നേർപ്പിച്ചും കുലുക്കിയും വീണ്ടും നേർപ്പിച്ചും സ്‌റ്റ്രോങ് ന്യൂക്ലിയർ ഫോഴ്സ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ആണവകണങ്ങളെപ്പോലും വേർപെടുത്തി വെള്ളത്തിലാക്കി മനുഷ്യരെ കുടിപ്പിച്ചു് ശരീരം മുഴുവൻ വ്യാപിച്ച ക്യാൻസറിനെവരെ സുഖപ്പെടുത്തുന്ന ചികിത്സാരീതികളെ മനുഷ്യർ അല്പം സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടു്. അതിന്റേതായ അസ്വസ്ഥതകൾ ശാസ്ത്രീയചികിത്സാകലാകാരന്മാരുടെ കേന്ദ്രങ്ങളിൽ ഉരുത്തിരിയുന്നുമുണ്ടു്. പക്ഷേ, പഠിപ്പിക്കുന്നവരെ ആരു് പഠിപ്പിക്കും എന്ന പുരാതനചോദ്യത്തിനു്, അവരെ “ഗൈഡ്” പഠിപ്പിക്കുമെന്നോ, പഠനം തന്നെ എന്തിനെന്നോ വരെയുള്ള മറുപടികൾ ഉയർത്തുന്നവരുടെ ലോകത്തിൽ, ബലിയാടുകളുടെ കശാപ്പുകാരനെ ചോദ്യം ചെയ്യുന്നവരുടെ നേരെ മറ്റു് കശാപ്പുകാരോടൊപ്പം കത്തി ഉയർത്താൻ അവർ കശാപ്പു് ചെയ്യാനായി നിരത്തി നിർത്തിയിരിക്കുന്ന ആടുകളും മുൻനിരയിൽത്തന്നെ ഉണ്ടായിരിക്കുമെന്നതിനാൽ, കശാപ്പുകാർക്കും, ലാടഗുരുക്കൾക്കും, കുലുക്കിക്കുത്തുകാർക്കും അത്ര പെട്ടെന്നു് കട്ടയും പടവും മടക്കേണ്ട ആവശ്യം വരുമെന്നു് തോന്നുന്നില്ല.
Jul 9, 2016, 12:46 PM
സ്‌റ്റ്രീമിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നിടത്തോളം, ഇപ്പോൾ ഒരു ഡോക്ടർ സക്കീര്‍ നായിക്കാണു് താരം. ഇസ്ലാമിലെ ഏതോ ഒരു ആത്മീയ അരുവിയെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയാണു് ആ മാന്യദേഹം എന്നു് മനസ്സിലാക്കാൻ ആ മുഖത്താമരയിലെ എക്സ്റ്റ്രാഫിറ്റിങ്സ് ശ്രദ്ധിച്ചാൽ മതി. എന്തുകൊണ്ടാണു് അദ്ദേഹം ഇത്രയേറെ ആഘോഷിക്കപ്പെടുന്നതെന്നു് അറിയില്ല. സത്യം പറഞ്ഞാൽ, അതറിയണമെന്ന ആഗ്രഹവും എനിക്കില്ല. കാരണം, ഒന്നാമതായി, അദ്ദേഹം മുഹമ്മദിനെ വെല്ലുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരിക്കുമെന്നതു് മിക്കവാറും അസാദ്ധ്യമായ കാര്യമാണു്. രണ്ടാമതായി, ഖുർആനിലൂടെ മുഹമ്മദ് പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും അദ്ദേഹത്തിനു് പറയാൻ ഉണ്ടാവുമെന്നു് കരുതുന്നതും അബദ്ധമായിരിക്കും. മുഹമ്മദ്, ഇസ്ലാം എന്നീ വിഷയങ്ങളിൽ അധിഷ്ഠിതമല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ അദ്ദേഹത്തിനു് പറയാനുണ്ടെന്നു് തോന്നുന്നില്ല. എന്നെ സംബന്ധിച്ചു്, അക്കാര്യങ്ങൾ അറിയാൻ സക്കീര്‍ നായിക്ക് എന്റെ കൂടെ ഉണ്ടായേ പറ്റൂ എന്നു് നിർബന്ധമൊന്നുമില്ല. മാർക്സ് പറയുന്നതു് മനസ്സിലാക്കാൻ മാർക്സിസ്റ്റിനെയല്ല, മാർക്സിനെയും, മാർക്സ് വിരുദ്ധരേയുമാണു് വായിക്കേണ്ടതു് എന്ന നിലപാടുകാരനാണു് ഞാൻ. വ്യാഖ്യാതാക്കളുടെ സഹായം ആവശ്യമുള്ളവർ അത്തരക്കാരെ സമീപിക്കുന്നതിനു് എനിക്കു് എതിർപ്പുമില്ല. അതുപോലെ, മുഹമ്മദ് ആരെന്നു് അറിയാൻ ഖുർആൻ വായിച്ചാൽ മതി. ഭൂരിഭാഗവും ബൈബിളിന്റെ വികലീകരിച്ച കോപ്പിയായ ഖുർആനെ വ്യക്തമായി അറിയാൻ ബൈബിൾ വായിച്ചാൽ മതി. ശാസ്ത്രജ്ഞാനത്തിന്റെ പിൻതുണയോടെയുള്ള സ്വതന്ത്രവും വിശാലവും ക്രിട്ടിക്കലുമായ വായനകളും പഠനങ്ങളും കൈമുതലായുണ്ടെങ്കിൽ, ബൈബിളിലെ വൈരുദ്ധ്യങ്ങളും, കെട്ടുകഥകളെ തോല്പിക്കുന്ന വർണ്ണനകളും തിരിച്ചറിയാൻ സാധിക്കും. ബൈബിളിലെ വിഡ്ഢിത്തങ്ങൾ മനസ്സിലാക്കാൻ പള്ളീലച്ചന്റെ ഞായറാഴ്ച പ്രസംഗങ്ങൾ കേട്ടാൽ മാത്രം മതിയാവില്ല.
ചുരുക്കത്തിൽ, ബൈബിളിനെ “പൊളിച്ചടുക്കിയാൽ”, അതോടൊപ്പം ഖുർആനും ഓട്ടോമാറ്റിക്കായി പൊളിച്ചടുക്കപ്പെടും. പ്രത്യേകമായ ഒരു ഖുർആൻ പൊളിച്ചടുക്കലിന്റെ ആവശ്യമില്ലെന്നു് സാരം. ബൈബിളിന്റെ പൊളിച്ചടുക്കൽ എന്ന ചടങ്ങു് യൂറോപ്യൻ ബൗദ്ധികലോകം പണ്ടേതന്നെ പൂർത്തീകരിച്ചതാണു്. ഇപ്പറഞ്ഞതിനു്, ഈ രണ്ടു് മതവിഭാഗങ്ങളിലേയും വിശ്വാസികൾ ആ പൊളിച്ചടുക്കൽ അംഗീകരിച്ചു എന്നു് ഒരു കാരണവശാലും അർത്ഥവുമില്ല. ഏതൊരു കാര്യവും അംഗീകരിക്കപ്പെടണമെങ്കിൽ ആദ്യം അതെന്താണെന്നു് ബോദ്ധ്യപ്പെടണം. ബോദ്ധ്യപ്പെടണമെങ്കിൽ ആദ്യം അതെന്താണെന്നു് മനസ്സിലാക്കപ്പെടണം. ഇവയൊക്കെയാണെങ്കിൽ പ്രാർത്ഥിച്ചോ, ധ്യാനിച്ചോ, നേർച്ചയിട്ടോ, കുമ്പസാരിച്ചോ ദൈവത്തിന്റെ കണ്ണിൽ പൊടിയിട്ടു്, ലോകാരംഭത്തിലേതന്നെ അങ്ങേർ ഓരോ മനുഷ്യനെയും പറ്റി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കാര്യങ്ങൾ തിരുത്തി എഴുതിക്കുന്നത്ര എളുപ്പമായ കാര്യങ്ങളുമല്ല. (മാലാഖമാരുടെ ചിറകിലെ തൂവൽ കൊണ്ടും, നാരായം കൊണ്ടും മനുഷ്യരുടെ നിത്യവിധികൾ തിരുത്തി എഴുതിയെഴുതി അവശനായപ്പോഴാണു് തൊഴിൽ ലഘൂകരണത്തിനായി പേന കണ്ടുപിടിക്കാൻ അല്ലാഹു തീരുമാനിച്ചതു്). അതിലും എളുപ്പം, പഠിച്ചിട്ടു് വിമർശിക്കൂ സഹോദരാ, ഗ്രന്ഥത്തെ ഒറിജിനൽ ഭാഷയിൽ വായിക്കൂ സുഹൃത്തേ, ലേഖനം നീണ്ടുപോയി കൂട്ടുകാരാ, വിശദീകരിക്കാമോ ചങ്ങായീ തുടങ്ങിയ “ഫാക്ച്വൽ” ആർഗ്യുമെന്റുകളുമായി തട്ടു് പൊളിപ്പൻ ചർച്ചാനാടകങ്ങൾ അരങ്ങേറുന്നതാണു്. ചിരപരിചിതമായ ആത്മീയ കമ്പിളിപ്പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു് കിടന്നുറങ്ങി, സക്കീർ നായിക്കിനെപ്പോലുള്ള സത്യവിശ്വാസികളോടൊപ്പം സ്വർഗ്ഗം പങ്കിടുന്നതിനെപ്പറ്റി സ്വപ്നം കാണുന്നതു് മറ്റൊരോപ്ഷൻ.
Jul 11, 2016, 12:14 PM
കുഞ്ഞുകുട്ടികളും പ്രാരബ്ധങ്ങളുമായി കുറച്ചുപേർ ഐസിസിനോടൊപ്പം ജിഹാദിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നും ഇറാക്കിലേക്കോ സിറിയയിലേക്കോ മറ്റോ പോയത്രെ! കേരളത്തിൽ നിന്നുള്ള വാർത്തയായതുകൊണ്ടു്, പണ്ടാരോ മൂന്നു് കാക്കകളെ ഛർദ്ദിച്ചതുപോലത്തെ കഥയായിക്കൂടെന്നില്ല. കഥ സത്യമെങ്കിൽ, പെണ്ണും പിടക്കോഴിയുമായി യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന പുരുഷന്മാർ ഒന്നുകിൽ അവിടങ്ങളിൽ സംഭവിക്കുന്നതു് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതുപോലെ, രാവിലെ പുട്ടും കടലയുമോ, ഇഡ്ഡലി സാമ്പാറോ വയറ്റിലാക്കിയശേഷം സ്വന്തം കക്ഷിയുടെ ദിനപ്പത്രവും കക്ഷത്തിൽ തിരുകി ആപ്പീസിലേക്കു് പോയി, ഉച്ചക്കു് ഹോട്ടൽ ഭക്ഷണവും കഴിഞ്ഞു് വൈകിട്ടു് പൂമുഖവാതിലിൽ സ്നേഹം വിടർത്തി കാത്തുനിൽക്കുന്ന പൂന്തിങ്കളിന്റെ അടുത്തേക്കു് മടങ്ങുന്നപോലത്തെ ഒരു ദിനചര്യ ആണെന്നു് കരുതുന്നവരോ, അല്ലെങ്കിൽ ചെയ്യുന്നതെന്തെന്നു് അറിയാൻ കഴിയാത്തവിധം സ്ഥലകാലബോധം നഷ്ടപ്പെട്ടവരോ ആയിരിക്കണം. വിഷയം മതവുമായി ബന്ധപ്പെട്ടതായതിനാൽ, രണ്ടാമത്തേതാവാനാണു് കൂടുതൽ ചാൻസ്.
ഈ വിഷയത്തിലെ ഏതോ ഒരു വിശദീകരണത്തിൽ കണ്ടതുപോലെ, അവർ ആടുകളെ മേയ്ക്കാനായിട്ടാണു് സിറിയയിലേക്കു് പോയതെങ്കിൽ അവരുടെ ആടുകൾ മണ്ണും കല്ലും കോൺക്രീറ്റും തിന്നു് ജീവിക്കുന്ന ഇനമായിരിക്കാൻ ശ്രദ്ധിച്ചാൽ അവയ്ക്കു് പട്ടിണിമരണം സംഭവിക്കാതിരിക്കും. യുദ്ധറിപ്പോർട്ടുകളിലൂടെ കാണുന്നതു് അനുസരിച്ചു്, ആവക വസ്തുക്കൾക്കു് ഇപ്പോൾ അവിടങ്ങളിൽ യാതൊരു പഞ്ഞവുമില്ല. ഒരുപക്ഷേ, അല്ലാഹു അവരെ ആട്ടിത്തെളിച്ചതു് സിറിയയിലേയോ ഇറാക്കിലേയോ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു് ആയിക്കൂടെന്നുമില്ല. ദൈവചിന്തകൾ ആരുകണ്ടു? ദൈവത്തിന്റെ ചിന്തയും മനുഷ്യരുടേതു് പോലെതന്നെ ഒരു ഇലെക്ട്രോകെമിക്കൽ പ്രോസെസ് ആണെങ്കിലും, അല്ലാഹുവിന്റെ തലയിലെ ഇലെക്ട്രിസിറ്റിയുടെ വോൾട്ടേജും കറന്റുമൊക്കെ മനുഷ്യരുടേതു് പോലെ തന്നെയാണോ, കെമിക്കലുകളുടെ ഡൈല്യൂഷൻ ഹോമിയോയുടെതുപോലെ തന്നെയും പിന്നെയുമാണോ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശുദ്ധഗ്രന്ഥത്തിൽ സൂചനയൊന്നും ഇല്ലാത്തിടത്തോളം ദൈവത്തിന്റെ ചിന്തകൾ എന്തെല്ലാമെന്നു് മനുഷ്യർക്കു് അറിയാൻ കഴിയില്ല. ഭക്തർ ഭാവനയുടെ ആൾക്കാരായതിനാൽ, അവർക്കതു് സാധിച്ചുകൂടെന്നുമില്ല.
ഇനി, സത്യമായിട്ടും അവർ ജിഹാദിൽ പങ്കെടുക്കാനായിട്ടാണു് പോയതെങ്കിൽ, അവരെ സംബന്ധിച്ചു് അതൊരു നല്ല കാര്യം തന്നെ. ഈ നരകത്തിൽ നിന്നും എത്രയും പെട്ടെന്നു് സ്വർഗ്ഗത്തിലേക്കു് കരകേറാൻ കഴിയുക എന്നതിൽ കവിഞ്ഞു് എന്താണു് ഒരു ഭക്തനു് ആഗ്രഹിക്കാനുള്ളതു്? അതും തന്റെ ദൈവത്തിന്റെ വഴി പിൻതുടരാത്ത കുറേ അന്യവിശ്വാസികളേയും അവിശ്വാസികളേയും നരകത്തിലെ വിറകാക്കി മാറ്റിയശേഷമാണു് ആ കരകയറൽ എന്ന സ്ഥിതിക്കു് അല്ലാഹുവിന്റെ സന്നിധിയിൽ പ്രത്യേക പരിഗണനകൾ കൊലയാളിഭക്തനു് ലഭിക്കുമെന്നും ഉറപ്പു്. അതൊരു ദൈവിക വാഗ്ദാനമാണു്. കാഫിറിന്റെ തലയും ഉടലും തമ്മിൽ വേർപെടുത്തുന്നവർക്കു് നൽകിയ വാക്കു് ഒരിക്കലും മാറ്റുന്നവനല്ല ദൈവം. പക്ഷേ, അതൊരു പ്രശ്നമാകുന്നതു്, അല്ലാഹുവിന്റെ വചനങ്ങളാൽ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ട ഈ ദൈവമക്കൾ യുദ്ധത്തിൽ ചാവാതെ, എന്നെങ്കിലും ജനിച്ച നാട്ടിലേക്കു് മടങ്ങിവന്നാലാണു്. അവിടത്തെ ജനങ്ങൾ ഏതു് സമയവും പൊട്ടിത്തെറിക്കാൻ തയ്യാറായിരിക്കണം. എനിക്കു് ഇപ്പോൾ ചാവണ്ട എന്നൊന്നും പറഞ്ഞു് രക്ഷപെടാമെന്നു് കരുതണ്ട. അവിശ്വാസികളുടെ അഭിപ്രായം ചോദിച്ചിട്ടല്ല അല്ലാഹു ഓരോരോ കാര്യങ്ങൾ ചെയ്യുന്നതും, സത്യവിശ്വാസികളെക്കൊണ്ടു് ചെയ്യിക്കുന്നതും. അവിശ്വാസികളെ കാണുന്നിടത്തു് വച്ചെല്ലാം കൊന്നു് സ്വർഗ്ഗം നേടാൻ ശ്രമിക്കണം എന്നതു് സത്യവിശ്വാസികൾക്കുള്ള ദൈവത്തിന്റെ ലിഖിതകല്പനയായതിനാൽ, സത്യവിശ്വാസികളുടെ നന്മക്കായി വിട്ടുവീഴ്ച ചെയ്യാനും ചാവാനുമുള്ള ബാദ്ധ്യത അവിശ്വാസികൾക്കുണ്ടു്.
ഈ വിഷയസംബന്ധിയായി നടന്ന ഏതോ ഒരു ചാനൽ ചർച്ചയിൽ, മനുഷ്യർക്കു് വിശാലമായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരോ ഊന്നിയൂന്നി പറഞ്ഞത്രെ! വിശാലമായ കാഴ്ചപ്പാടു് ഒരു നല്ല കാര്യമാണു്. പക്ഷേ, ഏതെങ്കിലും ഒരു ഇസത്തിനകത്തു് നിൽക്കുന്ന ഉത്തമബോദ്ധ്യക്കാർ അതിനു് വെളിയിലേക്കു് ഒരുപാടു് വിശാലമായി കാര്യങ്ങളെ കാണുമെന്നും, ചിന്തിക്കുമെന്നുമൊക്കെ കരുതണമെങ്കിൽ അസാമാന്യമായ ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കണം. കുട്ടയ്ക്കടിയിൽ മൂടിയിട്ടിരിക്കുന്ന കോഴികൾ തമ്മിൽത്തമ്മിൽ കൊത്തു് കൂടുമ്പോഴും വിശാലമായി ചിന്തിക്കണം എന്നു് അങ്ങോട്ടുമിങ്ങോട്ടും ആഹ്വാനം ചെയ്യാറുണ്ടെന്നാണു് കേൾവി.
Jul 12, 2016, 12:28 PM
ഖുർആനെയും അതിന്റെ നിയമവ്യവസ്ഥയേയും പറ്റി സർവ്വരാജ്യ തൊഴിലാളിവിപ്ലവത്തിനു് ആഹ്വാനം ചെയ്ത കാൾ മാർക്സ് :
“ഖുർആനും അതിൽ അധിഷ്ഠിതമായ മുസ്ലീമുകളുടെ നിയമവ്യവസ്ഥയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജിയോഗ്രഫിയേയും എത്നോഗ്രഫിയേയും വിശ്വാസികൾ എന്നും അവിശ്വാസികൾ എന്നും രണ്ടായി തരം തിരിച്ചു് ലളിതവും സൗകര്യപ്രദവുമാക്കി ലഘൂകരിക്കുന്നു. അവിശ്വാസി “ഹാർബി”, അഥവാ ശത്രു ആണു്. അവിശ്വാസികളുടെ സമൂഹത്തിനു് ഭ്രഷ്ടു് കല്പിച്ചുകൊണ്ടു് വിശ്വാസികൾക്കും അവിശ്വാസികൾക്കുമിടയിൽ ഇസ്ലാം സ്ഥിരമായ ശത്രുത്വം സ്ഥാപിക്കുന്നു.”
കാൾ മാർക്സിന്റെ അഭിപ്രായം അത്രപോരാ എന്നു് തോന്നുന്നവർക്കു്, സമാധാനത്തിന്റെ മതം സ്ഥാപിച്ചു എന്നു് അവകാശപ്പെടുന്ന മുഹമ്മദ് നബിയുടെ വാക്യങ്ങൾ ഖുർആനിൽനിന്നും (9: 5, 29):
“അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു് വെച്ചു് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക…. … വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതു് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോടു് നിങ്ങള്‍ യുദ്ധം ചെയ്തു് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ടു് കയ്യോടെ കപ്പം കൊടുക്കുന്നതു് വരെ.”
വലിയ വലിയ വ്യാഖ്യാനങ്ങൾക്കൊന്നും തുനിയാതിരുന്നാൽ, ഇപ്പറഞ്ഞതിനു് ഇത്രയേ അർത്ഥമുള്ളു: തങ്ങൾ സമൂഹത്തിൽ ന്യൂനപക്ഷമായിരിക്കുന്നിടത്തോളം, യഹൂദരോ ക്രിസ്ത്യാനികളോ “ജാതികളോ” ആയ ജനങ്ങളുമായി യുദ്ധം ചെയ്യാതിരിക്കുന്നതാണു് മുസ്ലീമുകൾക്കു് നല്ലതു്. അതിനു് ശേഷം അവരുമായുള്ള യുദ്ധം അനുവദനീയം മാത്രമല്ല, ഓരോ മുസ്ലീമിന്റേയും കടമയുമാണു്. ഒരു കയ്യിൽ ഖുർആനും മറുകയ്യിൽ കലാഷ്നിക്കോവോ, വാളോ ഉയർത്തിപ്പിടിച്ചു് അല്ലാഹു അക്ബർ ഉരുവിടുന്ന ജിഹാദികൾ നിറവേറ്റാൻ ശ്രമിക്കുന്നതും ഖുർആനിൽ അധിഷ്ഠിതമായ ബ്രെയ്ൻവാഷിങ്ങിലൂടെ വിശുദ്ധമെന്നു് അവർ പഠിപ്പിക്കപ്പെട്ട ഈ കടമയാണു്. ഐസിസ് പോലുള്ളവർ ഊർജ്ജം സംഭരിക്കുന്നതു് ഖുർആനിൽ നിന്നുമല്ലെന്നു് സ്ഥാപിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ, അങ്ങനെ സ്ഥാപിച്ചെടുക്കേണ്ടതു് അവരുടെ നിലനില്പിനു് അതാവശ്യമാണെന്നേ അതിനർത്ഥമുള്ളു. അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ഒരുതരം രഹസ്യ അജണ്ട. ഖുർആൻ ആദ്യാവസാനം ഒരു മസ്തിഷ്കപ്രക്ഷാളനഗ്രന്ഥമാണു്. പറയൂ, പറയൂ എന്നു് നിരന്തരം ആവർത്തിക്കുന്ന ഒരു അല്ലാഹുവും, ചൊല്ലിക്കൊടുക്കുന്നതു് വീണ്ടും വീണ്ടും ഏറ്റുചൊല്ലാനുള്ള ആഹ്വാനങ്ങളും അതിനു് മതിയായ തെളിവുകളാണു്.
തീവ്രവാദത്തിനു് മതമില്ലെന്നാണു് ചില രാഷ്ട്രീയക്കാരുടെ അഭിപ്രായം. തീവ്രവാദത്തിനു് മതമില്ലെന്നല്ല, തീവ്രവാദത്തിനു് മതം വേണമെന്നു് നിർബന്ധമില്ല, അതിനു് രാഷ്ട്രീയംതന്നെ ധാരാളം എന്നായിരുന്നു അവരുടെ അഭിപ്രായമെങ്കിൽ ഒന്നുകൂടി ശരിയായിരുന്നേനെ! ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചു് കിട്ടുന്നതിനല്ലേ മനുഷ്യർ അൽഫോൻസാമ്മയോടുള്ള ഉപകാരണസ്മരണ പത്രങ്ങൾതോറും പണം നൽകി പരസ്യപ്പെടുത്തുന്നതു്? പത്രങ്ങൾക്കു് പണം, അൽഫോൻസാമ്മയ്ക്കു് പരസ്യം. അതുവഴി, കൂടുതൽ മനുഷ്യർ, കൂടുതൽ ഉദ്ദിഷ്ടകാര്യങ്ങൾ, കൂടുതൽ ഉപകാരസ്മരണകൾ, കൂടുതൽ പരസ്യങ്ങൾ, കൂടുതൽ ചില്ലറകിലുക്കങ്ങൾ!
Jul 13, 2016, 11:22 AM
ഇന്നായിരുന്നെങ്കിൽ രോഗിയെ വട്ടാപ്പീസിലെ കൗച്ചിൽ കിടത്തി സൈക്കൊഅനാലിസിസിനു് വിധേയമാക്കാതെതന്നെ ഫ്രൊയിഡിനു് രോഗനിർണ്ണയം വളരെ എളുപ്പം സാദ്ധ്യമാവുമായിരുന്നു! അതിനു്, രോഗി ഫെയ്സ്ബുക്കിലിട്ട സ്റ്റാറ്റസുകളിലേക്കു് ഫ്രൊയിഡിനു് ഒരു പ്രവേശനാനുമതിയും, ചാറ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയാൽ ധാരാളം മതിയായേനെ! വട്ടായിപ്പോയതിന്റെ കിടപ്പുവശവും ചികിത്സാസാദ്ധ്യതകളും അസാദ്ധ്യതകളുമെല്ലാം അതുവഴി ഓൺലൈനായിത്തന്നെ ക്രമപ്പെടുത്തി രോഗിയെ ധരിപ്പിക്കാൻ ഫ്രൊയിഡിനു് കഴിയുമായിരുന്നു. ഓരോ രോഗിക്കും വേണ്ടി കൗച്ചിൽ പുതിയ ഷീറ്റ് വിരിക്കണ്ട, അലക്കണ്ട, തേയ്ക്കണ്ട… തുടങ്ങിയ ഒട്ടേറെ ഗുണങ്ങൾ ഇതിനെല്ലാം പുറമേയും! അതൊരു റാഷണലിസേഷൻ മെഷർ അല്ലെങ്കിൽ!?
Jul 14, 2016, 11:47 AM
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ബൈബിൾ വാക്യങ്ങൾക്കു് നല്ല കൺജങ്ക്ചർ ആണത്രെ!
“വിശുദ്ധമായതു് നായ്‌ക്കൾക്കു് കൊടുക്കരുതു്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു്; അവ കാൽകൊണ്ടു് അവയെ ചവിട്ടുകയും തിരിഞ്ഞു് നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു്” എന്നു് യേശു പറഞ്ഞതായി മത്തായി പറയുന്ന ഒരു വാക്യം ബൈബിളിൽ ഉണ്ടു് (മത്തായി 7: 6). പക്ഷേ, യേശു ആ വാക്യം പറയുന്നതു് വിശുദ്ധമായ വാക്കുകളെ അമേധ്യം തിന്നാൻ അറപ്പില്ലാത്ത നായ്ക്കളുടെയും, മലം തിന്നു് ചെളിയിൽ തിമിർക്കുന്നതിൽ അശുദ്ധിയൊന്നും കാണാത്ത പന്നികളുടെയും മുന്നിൽ വാരി വിതറുന്നതിനെ കുറിച്ചാണു്. അല്ലാതെ, നായ്ക്കളും പന്നികളും മാറിമാറി ആനുകാലികമായി നക്കിത്തുടച്ചു് അശുദ്ധമാക്കിയ ഇമിറ്റേഷൻ മുത്തുകളെക്കുറിച്ചാവാൻ വഴിയില്ല. യേശുവും മത്തായിയും ജീവിച്ചിരുന്ന രണ്ടായിരം വർഷങ്ങൾക്കു് മുൻപത്തെ ലോകത്തിൽ ഇമിറ്റേഷൻ മുത്തുകളും ക്യുബിക് സിർക്കോണിയയും മറ്റും ഉണ്ടായിരുന്നു എന്നുപോലും കരുതാനാവില്ല.
ആറു് വാക്യങ്ങൾ താഴെ, പ്രവാചകന്മാരും ന്യായപ്രമാണവും പറയുന്ന മുഴുവന്റേയും സാരാംശം എന്നു് വിശേഷിപ്പിച്ചു് യേശു പറയുന്ന ഒരു വാക്യമുണ്ടു്. നായ്ക്കൾക്കും പന്നികൾക്കും വേണ്ടിയല്ല, മനസ്സിലാക്കാൻ കഴിവുള്ള മനുഷ്യരെ ലക്ഷ്യമാക്കി പറയുന്ന ശക്തമായ ആ വാചകം ഇമ്മാന്വേൽ കാന്റടക്കമുള്ള പിൽക്കാല തത്വചിന്തകർ ഏറ്റെടുത്തു് വ്യത്യസ്തമായ വാക്കുകളിലൂടെ അവതരിപ്പിച്ച മഹത്തായ ഒരു ആശയമാണു്:
“മനുഷ്യർ നിങ്ങൾക്കു് ചെയ്യേണം എന്നു് നിങ്ങൾ ഇച്ഛിക്കുന്നതു് ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു് തന്നേ”.
(മറ്റു് വിധത്തിൽ പറഞ്ഞാൽ, മനുഷ്യർ നിങ്ങളോടു് ചെയ്യരുതെന്നു് നിങ്ങൾ ഇച്ഛിക്കുന്നതു് നിങ്ങൾ അവരോടും ചെയ്യാതിരിപ്പിൻ!)
Jul 16, 2016, 3:25 PM
യഹോവ എന്ന ദൈവം, ഒരു യോസെഫുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയ എന്ന കന്യകയിൽ ജനിപ്പിച്ച സ്വന്തം മകനാണു് നസറായനായ യേശു. യഹൂദർ ആ യേശുവിനെ കുരിശിൽ തറച്ചു് കൊന്നു. എങ്കിലും അവൻ മൂന്നാം ദിവസം കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലെ തന്റെ പിതാവിന്റെ അടുത്തേക്കു് പോയി. മനുഷ്യരുടെ പാപങ്ങൾ പരിഹരിക്കപ്പെടുന്നതിനായി പാപമില്ലാത്ത ഒരു കുഞ്ഞാടു് (ഇവിടെ യേശു) പാപികളാൽ കൊല്ലപ്പെടുകയും ഉയിർക്കുകയും ചെയ്യേണ്ടതു് ദൈവത്തിന്റെ ബുദ്ധിയിൽ ആവശ്യമായിരുന്നു. താൻ ഉണ്ടാക്കിയ ഗർഭത്തെ യോസെഫിന്റെ തലയിൽ വച്ചുകൊടുത്ത ദൈവബുദ്ധി! ഗർഭം ധരിപ്പിക്കുന്നതുപോലത്തെ സുഖമൊന്നുമില്ല മക്കളെ വളർത്താൻ. ആ അർത്ഥത്തിൽ അന്നു് സംഭവിച്ചതെല്ലാം ദൈവത്തിന്റെ പ്ലാൻ അനുസരിച്ചു് കൃത്യമായും, യോസെഫ് അടക്കമുള്ള മനുഷ്യരുടെ നന്മക്കു് വേണ്ടിയുമായിരുന്നു സംഭവിച്ചതു്. അങ്ങനെ യേശു ജനിച്ചു, വളർന്നു, കുരിശിൽ മരിച്ചു, ഉയിർത്തു, ക്രിസ്തുമതം രൂപമെടുക്കുകയും ചെയ്തു. ഈ കഥകൾ ബൈബിൾ ഒരിക്കലും വായിച്ചിട്ടില്ലാത്ത ക്രിസ്തുമതവിശ്വാസികളും കേട്ടിട്ടുള്ളതായിരിക്കണം.
ഒരു ഓണംകേറാമൂലയിൽ പോയി സ്വന്തമായി ഒരു മകനെ ജനിപ്പിച്ചു് “ലോകത്തെ” രക്ഷിക്കുന്നതിനെപ്പറ്റി യഹോവയായ ദൈവം ആഴത്തിൽ ആലോചിച്ചും പഠിച്ചുംകൊണ്ടിരുന്ന അതേ കാലത്തു് തന്നെയാണു് റോമാക്കാർ സ്കോട്ട്‌ലന്റ് മുതൽ ഈജിപ്റ്റ് വരെയും, സ്പെയിൻ മുതൽ മെസൊപ്പൊട്ടേമിയ വരെയും നീണ്ടു് പരന്നു് കിടന്നിരുന്ന ഒരു സാമ്രാജ്യം സ്ഥാപിച്ചു് ഭരിച്ചുകൊണ്ടിരുന്നതു്! പക്ഷേ, യഹോവ ഇങ്ങനെയൊരു ഇടപാടു് ഒപ്പിച്ച വിവരം ഒന്നുകിൽ അവർ അറിഞ്ഞില്ല, അല്ലെങ്കിൽ സാമ്രാജ്യത്തിലെ ഗൗരവതരമായ വിഷയങ്ങൾക്കിടയിൽ ഇത്തരം സില്ലി കാര്യങ്ങൾ ശ്രദ്ധിക്കാൻ അവർക്കു് നേരമുണ്ടായിരുന്നില്ല.
ആ റോമൻ സാമ്രാജ്യത്തിന്റെ തന്നെ നിയന്ത്രണത്തിലായിരുന്നതും, മദ്ധ്യധരണ്യാഴിയോടു് തൊട്ടുചേർന്നു് കിടക്കുന്നതുമായ പ്രദേശങ്ങളിലെ ‘ഠ’ വട്ടത്തിലൂടെ ആയിരുന്നു, യേശുവിന്റെ സ്വർഗ്ഗാരോഹണകഥകളും, ലോകാരംഭം മുതലുള്ള സകല മനുഷ്യരുടെയും നന്മതിന്മകളുടെ കണക്കുകൾ പരിശോധിച്ചു് പുണ്യാളന്മാരെ സ്വർഗ്ഗീയർ എന്നും, പാപികളെ നരകീയർ എന്നും വിധിക്കാനായി അന്നത്തെ തലമുറ അവസാനിക്കുന്നതിനു് മുൻപുതന്നെ മേഘത്തിലേറി യേശു വീണ്ടും ഭൂമിയിലേക്കു് വരുമെന്നും മറ്റുമുള്ള സുവിശേഷഘോഷണങ്ങളുമായി പൗലോസ് ചുറ്റിത്തിരിഞ്ഞിരുന്നതു്! ഇന്നത്തെ തുർക്കിയുടെയും ഗ്രീസിന്റെയുമെല്ലാം പ്രാന്തപ്രദേശങ്ങൾ.
യേശുവിന്റെ രണ്ടാം വരവിനു് വേണ്ടിയുള്ള ക്രിസ്ത്യാനികളുടെ കാത്തിരുപ്പു് തുടങ്ങി ഏകദേശം അറുന്നൂറു് വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ യഹോവ തന്നെ അല്ലാഹു എന്ന പേരിൽ വീണ്ടും ഭൂമിയിലെത്തി. ഇസ്ലാം എന്ന പുതിയൊരു മതം സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ആ ചുമതല, ഖുർആൻ എന്നൊരു ഗ്രന്ഥം സഹിതം, മുഹമ്മദ് എന്നൊരു അറബിയെ ഏല്പിച്ചശേഷം അല്ലാഹു സ്വർഗ്ഗത്തിലേക്കു് മടങ്ങിപ്പോയി. ആ ഗ്രന്ഥത്തിലൂടെ അല്ലാഹു നൽകിയ കല്പനകൾ അക്ഷരം പ്രതി നടപ്പിലാക്കിക്കൊണ്ടു് ഇസ്ലാം മതം പഴയ ക്രിസ്തുമതത്തിനെ തോല്പിക്കാൻ എന്നപോലെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു! ആ സാംസ്കാരിക മുന്നേറ്റത്തിന്റെ പെരുമ്പറകൊട്ടലുകളും വർണ്ണചിത്രങ്ങളുമാണു് ഫ്രാൻസിലും, അമേരിക്കയിലും, ബംഗ്ലാദേശിലുമെല്ലാം ലോകം കണ്ടുകൊണ്ടിരിക്കുന്നതു്.
ഈവിധ ഗ്രന്ഥങ്ങളിലെ വർണ്ണനകൾ കണ്ണുമടച്ചു് വിശ്വസിക്കാവുന്നതാണോ എന്നു് ചോദിച്ചാൽ, ആണെന്നും അല്ലെന്നും പറയാം. അവരുടെ പേരുകൾ സൂചിപ്പിക്കുന്നതുപോലെ, അവിശ്വാസികൾ അതൊന്നും വിശ്വസിക്കുന്നവരല്ല, വിശ്വാസികൾ അതു് വിശ്വസിക്കുന്നവരാണുതാനും. വിശ്വാസികൾക്കു് അവ വിശ്വസിക്കാനുള്ള കടമ പോലുമുണ്ടു്. കാരണം, തന്റെ ദൈവം പറയുന്നതു് ആത്യന്തികസത്യമാണെന്ന ഉത്തമബോദ്ധ്യമുള്ളവരാണു് വിശ്വാസികൾ. ആ ആത്യന്തികസത്യത്തിന്റെ മടിയിൽ ഇരുന്നുകൊണ്ടു് താനൊരു സത്യാന്വേഷിയാണെന്നു് പ്രഖ്യാപിക്കുന്നതിൽ യുക്തിഹീനതയൊന്നും കാണുന്നവരല്ല ഭക്തർ. അവരുടെ ഈ “യുക്തിഭദ്രത”, സത്യത്തെ വ്യാഖ്യാനങ്ങളിലൂടെ വ്യഭിചാരം ചെയ്യുക എന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ പ്രഥമവും പ്രധാനവുമായ ജോലി കുറച്ചൊന്നുമല്ല എളുപ്പമാക്കുന്നതു്.
എന്താണു് ചെയ്യേണ്ടതെന്നു് ലളിതമായ ഭാഷയിലും, എന്തിനു് വേണ്ടിയാണു് അതു് ചെയ്യേണ്ടതെന്നു് ഒന്നുകിൽ കട്ടിയായതോ അന്യമായതോ ആയ ഭാഷയിൽ മാത്രം പറയുകയോ, അല്ലെങ്കിൽ ഒന്നും പറയാതെ മറച്ചു് പിടിക്കുകയോ ചെയ്താൽ വിശ്വാസസംബന്ധമായ ഏതു് പോക്കാന്തവളയേയും ഭക്തർ വിഴുങ്ങിക്കൊള്ളുമെന്നു് ദൈവത്തിന്റെ റെപ്രസെന്ററ്റിവ്സിനു് അറിയാം. താൻ റെപ്രസെന്റ് ചെയ്യുന്നതിനെ വിറ്റു് ജീവിക്കുന്നവനാണു് റെപ്രസെന്ററ്റിവ്. പ്രശ്നങ്ങളെ ഊതിവീർപ്പിച്ചും, പരിഹാരങ്ങളെ ലളിതമാക്കിയും അവതരിപ്പിക്കുക. അതാണു് തമ്പുരാന്മാരിൽ നിന്നും ഭക്തർ പ്രതീക്ഷിക്കുന്നതു്! ഒന്നുവച്ചാൽ പത്തു്, പത്തുവച്ചാൽ നൂറു്! ലോട്ടറി പോലെ! നേർച്ചകൾ പോലെ! വോട്ടു് പോലെ! ഇന്നു് എനിക്കു് വോട്ടുചെയ്താൽ നാളെ നിനക്കു് സ്വർഗ്ഗം!
അല്ലാഹു അക്ബർ! തമ്പ്രാൻ കീ ജേ! ഇങ്കിലാ സിന്താവാ! ഹാലേലുയ്യ! ഓം ശാന്തി ശാന്തി ശാന്തി! അത്രയൊക്കെ ധാരാളം മതി. ബാക്കി മസാലക്കൂട്ടുകൾ ഭക്തർ സ്വയം ചേർത്തുകൊള്ളും.
Jul 17, 2016, 11:30 AM
ഒൻപതാം ക്ലാസ്സിൽ ഞങ്ങളെ (അതായതു്, പണ്ടൊരു പോസ്റ്റിൽ പറഞ്ഞ “WarKey”-യെയും എന്നെയുമൊക്കെ) മലയാളം പഠിപ്പിച്ചിരുന്നതു് ഒരു പ്രഭാകരൻ മാഷായിരുന്നു. മുറിക്കയ്യൻ കാക്കിഷർട്ടിന്റെ പശ്ചാത്തലത്തിലല്ലാതെ പ്രഭാകരൻ മാഷിനെ സ്കൂളിൽ ആരും കണ്ടിട്ടില്ല. മുൻവശത്തു് ഏകദേശം 20cm x 15cm വലിപ്പത്തിലുള്ള നാലു് പോക്കറ്റുകളുള്ള കട്ടിത്തുണിഷർട്ടുകളായിരുന്നു മാഷിന്റെ വിശേഷലക്ഷണം. ധാരാളം വായിക്കുന്ന സ്വഭാവക്കാരനായിരുന്നതിനാൽ, ഈ പോക്കറ്റുകളിൽ ഒന്നുരണ്ടെണ്ണത്തിലെങ്കിലും ഓരോ പുസ്തകം തിരുകിവയ്ക്കാൻ മാഷ് മറന്നിരുന്നില്ല. മൗലികമായി ആളൊരു രസികൻ ആയിരുന്നെങ്കിലും, രസികത്വത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു മൗലികവാദി ആയിരുന്നില്ല. ഷർട്ടിന്റെ മുന്നിലെന്നപോലെ പിന്നിലും നാലു് പോക്കറ്റുകൾ വച്ചുപിടിപ്പിക്കാൻ അദ്ദേഹത്തിനു് തോന്നാതിരുന്നതിൽ നിന്നുമാണു് അദ്ദേഹമൊരു മൗലികവാദിയല്ലെന്ന നിഗമനത്തിൽ വർക്കിയും ഞാനും അടങ്ങുന്ന വിദ്യാർത്ഥിലോകം എത്തിച്ചേർന്നതു്. രാമായണപാരായണമാസമായ കർക്കിടകമാസമായതിനാലാവാം, സന്ധിയും സമാസവും വൃത്തവും അലങ്കാരവുമൊക്കെ പഠിപ്പിച്ച പ്രഭാകരൻ മാഷ് ഓർമ്മയിലേക്കു് കടന്നു് വന്നതു്.
പ്രഭാകരൻ മാഷ് ഞങ്ങളെ കാകളിയിൽ നിന്നും കളകാഞ്ചിയിലെത്തിച്ചതു് ഇങ്ങനെയാണു്:
ശാരികപ്പൈതലേ ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലു നീ (വൃത്തം കാകളി)
ശാരികയേയും പൈതലിനേയും കൊണ്ടു് ചകരി പിരിപ്പിച്ചാൽ,
ചകരിപിരി ചകരിപിരി ചാരുശീലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലുനീ (വൃത്തം കളകാഞ്ചി)
മറ്റൊരു സാദ്ധ്യത:
ചകരിപിരി ചകരിപിരി ചകരിപിരിലേ വരി-
കാരോമലേ കഥാശേഷവും ചൊല്ലുനീ (വൃത്തം കളകാഞ്ചി)
മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ
എട്ടുചേർത്തുള്ളീരടിക്കു് ചൊല്ലാം കാകളിയെന്നുപേർ
കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചി കേൾ
കണകുണകളടിപൊളികൾപകിടകളിപമ്പരം
പാണ്ഡവാ കൗരവാ കൊല്ലെടാ തിന്നെടാ.
മനുഷ്യന്മാരുടെ കാര്യോം, വൃത്തങ്ങളുടെ കാര്യോം, അലങ്കാരങ്ങളുടെ കാര്യോം, പഞ്ഞക്കർക്കിടത്തിന്റെ കാര്യോം രാമായണപാരായണത്തിന്റെ കാര്യോമൊക്കെ ഇത്രേള്ളൂ.
കൊണ്ടുകൊണ്ടങ്ങിരിക്കും ജനത്തിനെ കൊണ്ടില്ലെന്നു് വരുത്തുന്നതും ദിവാൻ.
Jul 19, 2016, 9:41 AM
കേരളരാഷ്ട്രീയത്തിൽ ഇപ്പോൾ ചപ്പാത്തി ചുടുന്നതു് പോലെ തിരിച്ചും മറിച്ചുമിട്ടാണത്രെ ധാർമ്മികതയും മനസ്സാക്ഷിയും മാനവികതയുമെല്ലാം പാകപ്പെടുത്തി കൊണ്ടിരിക്കുന്നതു്! “Too many cooks spoil the broth” എന്നായതിനാൽ, ആദർശചപ്പാത്തികൾ വേവാതിരിക്കാനോ, കരിഞ്ഞുപോകാനോ ഉള്ള സാദ്ധ്യതകളും ചെറുതല്ല. പാചകക്കാരുടെ പൂർവ്വകാല ചരിത്രം വച്ചു് നോക്കുമ്പോൾ പൊതുജനം ഒന്നു് ജാഗ്രതയായിരിക്കുന്നതു് നന്നായിരിക്കും.
Jul 19, 2016, 12:24 PM
അത്താത്തുർക്കിന്റെ നാട്ടിലെ കുട്ടിപ്പട്ടാളത്തിന്റെ അട്ടിമറിശ്രമവും, അനിഷ്ടരായവരെ അറസ്റ്റുചെയ്യലും, വധശിക്ഷ വീണ്ടും നടപ്പിലാക്കേണ്ടതു് ചർച്ചാവിഷയമാവലുമെല്ലാം വളരെ പെട്ടെന്നായിരുന്നു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു് വേണ്ടി ഒരു ജനത എന്തെന്തെല്ലാം കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരും എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു് തുർക്കി.
കഴിഞ്ഞതെല്ലാം എത്രയും പെട്ടെന്നു് മറക്കുക എന്നതാണു് പൊതുജനസ്വഭാവം. അതുകൊണ്ടു്, അവരെ കാര്യങ്ങൾ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കണം. അല്ലാഹുവിന്റെ കാര്യം അതിലും കഷ്ടമാണു്. അങ്ങു് വലിയവനാണു് എന്നു് ദിവസത്തിൽ മിനിമം അഞ്ചുവട്ടമെങ്കിലും വിളിച്ചു് പറഞ്ഞുകൊണ്ടിരുന്നില്ലെങ്കിൽ താനൊരു പീക്കിരിയാണെന്നു് അങ്ങേർക്കു് തോന്നും. ഓത്തുപള്ളിക്കൂടം മുതലേ അതാണു് അങ്ങേരുടെ സ്വഭാവം. അതുകൊണ്ടു് ഒരു മാറ്റിയെടുക്കൽ അസാദ്ധ്യമാണു്. ജനങ്ങളുടെ മറവി മാറ്റാനും അതുപോലുള്ള ചില ഓർമ്മപ്പെടുത്തലുകൾ വല്ലപ്പോഴുമെങ്കിലും ആവശ്യമാണു്. അതു് ഒന്നുകിൽ അവരുടെയിടയിലെ “നാരദർ” ചെയ്യണം, അല്ലെങ്കിൽ അവരെ ഭരിച്ചു് ശരിയാക്കിക്കൊള്ളാം എന്നു് സത്യപ്രതിജ്ഞ എടുത്തിരിക്കുന്ന നേതൃത്വം ചെയ്യണം. തുർക്കികളുടെ ഭരണം ഏറ്റെടുത്ത ഒരു അധികാരി എന്ന നിലയിൽ തുർക്കി പ്രസിഡന്റ് എർഡോവാൻ ചെയ്തതും മറ്റൊന്നുമല്ല.
ചരിത്രത്തിൽ നിന്നും മനുഷ്യർ ഒന്നും പഠിക്കുന്നില്ല എന്നാണു് ചരിത്രം നമ്മെ പഠിപ്പിക്കുന്നതു് എന്നു് ഹേഗെൽ. പക്ഷേ, ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കാത്ത മനുഷ്യരെ, ചരിത്രത്തിൽ നിന്നുമുള്ള കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ ഭരിക്കാനാവില്ല എന്നൊന്നും ഹേഗെൽ പറഞ്ഞിട്ടില്ല. അങ്ങനെ നോക്കുമ്പോൾ, പൗലോസ്, മുഹമ്മദ്, … … സ്റ്റാലിൻ, ഹിറ്റ്‌ലർ, മുസ്സോളിനി, മാവോ, കാസ്‌ട്രൊ, ചെ, പീനഷേയ് തുടങ്ങിയ മനുഷ്യാവകാശസംരക്ഷകരുടെ നീണ്ട ചങ്ങലയിലെ ഒരു കുഞ്ഞുകണ്ണി മാത്രമാണു് റീസെപ് റ്റയിപ് എർഡോവാൻ. അവസാനത്തേതാവാൻ വഴിയില്ലാത്ത ഒരു ചെറുകണ്ണി.
പട്ടാളം അട്ടിമറിശ്രമം നടത്തിയതു് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഇന്നലെ വരെ ജുഡീഷ്യറിയിലും മിലിറ്ററിയിലുമായി ഏകദേശം 8000 പേർ അറസ്റ്റു് ചെയ്യപ്പെട്ടത്രെ! ആരെയൊക്കെ ഉന്മൂലനം ചെയ്താലാണു് തനിക്കു് സ്വൈരമായി വാഴാൻ കഴിയുക എന്നതിന്റെ വിശദമായ ഒരു ലിസ്റ്റ് എർഡോവാന്റെ മേശവലിപ്പിൽ മോക്ഷം കാത്തു് കിടക്കുന്നുണ്ടായിരുന്നു എന്നുവേണം കരുതാൻ. മൂന്നുദിവസം കൊണ്ടു് ജനസേവനാർത്ഥം ഇത്ര കൃത്യമായ ഒരു ലൊജിസ്റ്റിക്സ് സാദ്ധ്യമാക്കാൻ കഴിഞ്ഞതു് അതുകൊണ്ടാവാനേ വഴിയുള്ളു. ഇതുപോലെ തകൃതിയായി എതിരാളികളെ പിടിച്ചു് കൂട്ടിലിടുക എന്നതു് ഇതിനു് മുൻപു് നടപ്പാക്കിയിരുന്നതു് നാത്സികളും കമ്മ്യൂണിസ്റ്റുകളും മാത്രമായിരുന്നു. എങ്ങനെ ആയാലെന്തു്? “ജനാധിപത്യം” സംരക്ഷിക്കപ്പെടണം, അതേ ജനത്തിനു് വേണ്ടൂ.
(ഇപ്പറഞ്ഞതിനു്, ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള നിരുപാധികമായ അവകാശം പട്ടാളത്തിനുണ്ടെന്നോ, വധശിക്ഷയെ ഞാൻ അനുകൂലിക്കുന്നു എന്നോ അർത്ഥമില്ല. എർഡോവാൻ ഇച്ഛിച്ചതും പട്ടാളം ശ്രമിച്ചതും അട്ടിമറി എന്നേ ഉദ്ദേശിച്ചുള്ളു. മതാധിപത്യത്തോടു് ആഭിമുഖ്യമോ, ചുരുങ്ങിയപക്ഷം എതിർപ്പില്ലായ്മയെങ്കിലുമോ പ്രകടിപ്പിക്കുന്ന ഒരു ജനതയുടെ ജനാധിപത്യബോധം മറ്റൊരു വിഷയമാണു്.)
Jul 22, 2016, 10:17 AM
വിശേഷാവകാശങ്ങളും അധികാരങ്ങളും പേറുന്ന ഉണിക്കോനാർമാരുടെയും ഉണിച്ചന്ത്രാർമാരുടെയും മൂപ്പിളവു് തർക്കങ്ങൾക്കു് പരിഹാരം കാണാൻ ചേകോന്മാർ അങ്കം വെട്ടി കൊല്ലുകയും ചാവുകയും ചെയ്യുമ്പോഴും, കടമകളല്ലാതെ, അവകാശങ്ങളൊന്നുമില്ലാത്തവരും, സമൂഹത്തിന്റെ ഓരങ്ങളിൽ വസിക്കുന്നവരുമായവർ പീഡിപ്പിക്കപ്പെടുകയോ, ദുരുപയോഗം ചെയ്യപ്പെടുകയോ, ഭീഷണിപ്പെടുത്തപ്പെടുകയോ, അവർക്കു് മറ്റു് തരത്തിലുള്ള അവകാശലംഘനങ്ങൾ നേരിടേണ്ടി വരികയോ ചെയ്യുമ്പോഴും, അതെല്ലാം ഒന്നുകിൽ കണ്ടില്ലെന്നു് നടിക്കുകയോ, അല്ലെങ്കിൽ പക്ഷം ചേർന്നു് “നഖങ്ങൾ കൂട്ടിയുരുമ്മി” കണ്ടു് രസിക്കുകയോ, മസാലകൾ ചേർത്തു് ജനത്തിനു് വിളമ്പി മുതലെടുപ്പു് നടത്തുകയോ ചെയ്യുന്ന “സമൂഹത്തിലെ പ്രധാന ദിവ്യന്മാർ” തമ്മിൽത്തമ്മിൽ ഇടയ്ക്കിടെ അങ്കം വെട്ടുന്നതു് കാണുന്നതും ജനത്തിനു് മുഷിയുമെന്നു് തോന്നുന്നില്ല. സിൽമയിലായാലും ജീവിതത്തിലായാലും ബസിലായാലും പള്ളിയിലായാലും പള്ളിക്കൂടത്തിലായാലും മറ്റെന്തിനേക്കാളും കൂടുതലായി സ്റ്റണ്ടിന്റേയും സെക്സിന്റേയും വിവിധ അവസ്ഥാന്തരങ്ങൾ അരങ്ങേറുന്നതു് കണ്ടും കയ്യടിച്ചും ശീലിച്ച ജനമല്ലേ? ദിവ്യന്മാർ ഇടിച്ചും അടിച്ചും പൊളിക്കട്ടെ! ജനം പതിവു് അടിയഭിഷേകങ്ങൾക്കൊപ്പം ഇതുംകൂടി കണ്ടു് കയ്യടിച്ചു് സ്വയം മറന്നു് ആർപ്പിടട്ടെ! ആരാന്റെ ദുഃഖങ്ങളും ഗതികേടുകളും വിറ്റു് കാശാക്കിയിരുന്നവർ അരങ്ങിലെത്തി തുണിയില്ലാക്കളികളുടെ തട്ടു് തകർപ്പൻ പ്രകടനം കാഴ്ചവച്ചു് “ആരാനുകളായിരുന്ന പഴയ നടീനടന്മാരെ” തൃപ്തിപ്പെടുത്തുന്നതുപോലുള്ള പ്രതിഭാസങ്ങളും ഒരുതരം റിറ്റ്രിബ്യൂട്ടിവ് ജസ്റ്റീസ് തന്നെ!
Jul 22, 2016, 11:13 AM
ദളിതർ പ്രതികരിക്കാൻ തുടങ്ങുന്നതു് നല്ല ലക്ഷണമാണു്. പ്രതികരിക്കേണ്ടതിന്റെ ആവശ്യകത സ്വയം ബോദ്ധ്യപ്പെട്ടിട്ടാണു് അങ്ങനെ ചെയ്യുന്നതെങ്കിൽ ഒന്നുകൂടി നല്ലതു്. ദളിതരുടെ മാത്രമല്ല, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ചിലവിൽ സ്ഥാപിതവും സ്വാർത്ഥവുമായ താത്പര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന ആട്ടിൻതോലിട്ട മത-, രാഷ്ട്രീയചെന്നായ്ക്കൾക്കു് ഭാരതത്തിൽ പഞ്ഞമൊന്നുമില്ലാത്തതിനാലാണു് ഇതു് പ്രത്യേകം എടുത്തു് പറയേണ്ടി വരുന്നതു്. ദളിതർ എന്നൊരു വിഭാഗം ഇന്നലെ പൊട്ടിമുളച്ചതാണെന്നു് തോന്നിപ്പിക്കുന്ന വിധത്തിൽ, ദളിതർ പ്രതികരിച്ച രീതി തെറ്റിപ്പോയി, അവർ അങ്ങനെ ആയിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നതു്, അവർ ഞങ്ങളുടെ കൂടെ നിന്നാണു് (കീഴിൽ നിന്നാണു് എന്നു് വായിക്കുക) പ്രതികരിക്കേണ്ടതു് തുടങ്ങിയ തിട്ടൂരങ്ങൾ ഇറക്കുന്ന സന്മനസ്സുകളിൽ കുമിഞ്ഞു് കൂടിയിരിക്കുന്ന ദളിതസ്നേഹത്തിന്റെ ധാരാളം “ദൃഷ്ടാന്തങ്ങൾ” ചുറ്റുപാടും ശ്രദ്ധിച്ചാൽ കാണാവുന്നതേയുള്ളു. അകത്തുള്ളതേ പുറത്തേക്കു് വമിക്കൂ. സമൂഹത്തിൽ തങ്ങൾക്കു് നേരിടേണ്ടിവരുന്ന ശോചനീയാവസ്ഥകളെ തിരിച്ചറിഞ്ഞു് സ്വയം പൊരുതി നേടിയെടുക്കുന്ന സദ്ഫലങ്ങൾ പേപ്പട്ടികൾ നക്കിപ്പോകാതിരിക്കാൻ ഇത്തരം സഹായമനസ്കരെ അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. “ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ തന്നെ കഞ്ഞി കുടിക്കേണ്ട” ഗതികേടു് കോരനു് അന്തിമമായി ഇല്ലാതാവണമെങ്കിൽ, എനിക്കു് നിന്റെ കുമ്പിളിലെ കഞ്ഞി വേണ്ട എന്നു് പറയാനുള്ള തന്റേടം കോരനല്ലെങ്കിൽ കോരന്റെ മക്കളെങ്കിലും ആർജ്ജിച്ചിരിക്കണം. ഏറിയോ കുറഞ്ഞോ അവർക്കു് കിട്ടുന്ന വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം അതായിരിക്കണം. തനിക്കു് വേണ്ടതെന്തെന്നു് അറിയാൻ കഴിഞ്ഞാൽ, തനിക്കു് വേണ്ടാത്തവയെ തിരിച്ചറിഞ്ഞു് അകറ്റി നിർത്താനും എളുപ്പമായിരിക്കും.
Jul 25, 2016, 10:17 AM
ചത്തു് സ്വർഗ്ഗത്തിൽ ചെല്ലുന്ന കൊലയാളിഭക്തരെ കാത്തിരിക്കുന്ന ഹൂറികൾക്കും മദ്യപ്പുഴകൾക്കും ഇളംശരീരങ്ങൾക്കും (പരോപകാരാർത്ഥമിളം ശരീരം എന്നു് കവി അല്ലാഹു) വേണ്ടി നിരപരാധികളെ ഈ ഭൂമിയിൽ നിന്നും ദൈവനാമത്തിൽ എലിമിനേറ്റ് ചെയ്യുന്ന ഇസ്ലാമിസ്റ്റുകളെയും, തൊണ്ട തുറന്നു് നാലു് മുദ്രാവാക്യം മുഴക്കുകയും മുതലാളികളെ ഉന്മൂലനം ചെയ്യുകയും ചെയ്താൽ വർഗ്ഗരഹിതമായ ഒരു ചുവപ്പൻ നാളെ ഉദിച്ചുയരുമെന്നു് പഠിപ്പിക്കുന്ന രാഷ്ട്രീയ മീമാംസകരെയുമെല്ലാം കാണുമ്പോൾ, ഒട്ടകങ്ങൾ മരുന്നുകടയുടെ മുന്നിൽ നിന്നു് ചിരിച്ചിരുന്ന ആ സുവർണ്ണകാലത്തെ ഓർക്കാതിരിക്കാൻ ആർക്കാണു് കഴിയുക? കള്ളത്തരങ്ങൾ എന്നാൽ പ്രധാനമായും കള്ളപ്പറയും ചെറുനാഴിയുമാണെന്നു് പ്രഖ്യാപിച്ചു് മഹാബലി കേരളം വാണിരുന്ന ആ നല്ലകാലം! കള്ളവുമില്ല, പൊളിയുമില്ല. അതിനും അല്പം മുൻപുള്ള കാലത്താണു് ഹനുമാൻ ഏതോ പച്ചമരുന്നിനു് വേണ്ടി മരുത്വാമല പിഴുതെടുത്തതും, അതും ചുമന്നുകൊണ്ടു് രാമൻ പാലം പണിതുകൊണ്ടിരുന്ന സേതുസമുദ്രം ലക്ഷ്യമാക്കി പറന്നതും. പച്ചമരുന്നു് എമർജൻസി ആയി ട്രാൻസ്പോർട്ട് ചെയ്യാൻ പുഷ്പകവിമാനം ഉപയോഗിക്കാൻ കഴിയാതെ പോയതു്, അതു് രാവണന്റെ കസ്റ്റഡിയിലായിരുന്നതിനാലാണു്. അതുപോലെ, തീരെ ചെറുതല്ലാത്ത നാലു് മലകൾ ഭാരതത്തിനും ലങ്കയ്ക്കുമിടയിൽ കുത്തി നിർത്താൻ ഹനുമാനോടു് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ പ്രത്യേകമായ ഒരു പാലം പണിയുടെ ആവശ്യം വരില്ലായിരുന്നു. പക്ഷേ, രാമൻ പറയാത്തതു് ചെയ്യാൻ ഹനുമാനു് അനുവാദമില്ല. പറ്റിയ സാങ്കേതിക ഉപദേഷ്ടാവു് ഇല്ലാതിരുന്നതിനാൽ, അക്കാര്യം ആരും രാമനോടു് സൂചിപ്പിച്ചതുമില്ല. നല്ല ലോകം, നല്ല കാലം എന്നെല്ലാം മനുഷ്യർ വിളിക്കുന്നതു് അത്തരം ലോകങ്ങളെയും കാലങ്ങളെയുമാണു്. മാനുഷരെല്ലാരും ഒന്നുപോലെ നേരെ (രണ്ടു് പോലെ വളഞ്ഞതല്ല) ആയിരുന്നതും, പൊയ്പോയതും, എന്തു് വില കൊടുത്തും തിരിച്ചു് കൊണ്ടുവരേണ്ടതുമായ സമത്വസുന്ദരലോകങ്ങൾ!
ഒരു പ്രധാന കാര്യം ഇപ്പോൾ മറന്നു് പോയേനെ! ചാവേറുകളും അമൊക്കുകളും ഉറുമ്പുകളെ ചവിട്ടിയരച്ചു് കൊല്ലുന്നത്ര ലാഘവത്തിൽ മനുഷ്യരെ ബോംബുകളും തോക്കുകളും കൊണ്ടു് കൊന്നൊടുക്കുന്ന ആധുനികലോകത്തിലെ ഭക്തിപ്രസ്ഥാനകലാരൂപങ്ങളെ നേരിടാൻ കേരളത്തിൽ വളരെ ഫലപ്രദമായ ഒരു പുതിയ മാർഗ്ഗം കണ്ടെത്തിയിട്ടുണ്ടു്. ചാവേറുകളെ പ്രതിരോധിക്കാൻ എല്ലാ മനുഷ്യരും ചാവേറുകളാവുക, അമൊക്കുകളെ നേരിടാൻ എല്ലാ മനുഷ്യരും അമൊക്കുകളാവുക! എങ്ങനീണ്ടു്? ഇപ്പറഞ്ഞവരുടെ കൂട്ടത്തിലേക്കു് ഈ സൂത്രം കണ്ടെത്തിയ “ജ്ഞാനികളെ” ഉൾപ്പെടുത്തരുതു്. അവർ ഇല്ലാതായാൽ അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സുഖസൗകര്യങ്ങൾ ആരു് നോക്കും? സ്വയം നിയന്ത്രിക്കാൻ കഴിവില്ലാത്തവരാക്കി അവർ വളർത്തിയെടുത്ത ജനങ്ങളെ ആരു് നിയന്ത്രിക്കും?
Jul 26, 2016, 6:38 AM
“നിങ്ങൾ ഇത്രത്തോളം തരം താഴരുതു്.” കാരണം, നിങ്ങൾ ഞാനിരിക്കുന്നിടത്തേക്കു് താണാൽ എനിക്കു് ഇരിപ്പിടവും കിടപ്പിടവും ഇല്ലാതാവും.
Jul 26, 2016, 9:21 AM
ഒരു ഭരണം കയ്യിൽ കിട്ടി എന്നു് കരുതി പഠിച്ച പണി ചെയ്യാതിരിക്കാൻ മനുഷ്യർക്കു് കഴിയുമോ? എങ്ങനെയോ കശാപ്പുകാരനാവേണ്ടി വന്ന ഡാൻസ് മാസ്റ്റർ ഇറച്ചിനുറുക്കുന്നതും ഒരു പ്രത്യേക താളത്തിലായിരിക്കും: തിത്തിത്തരികിട തിമൃദത്തരികിട മൊത്തംതരികിട തോം.
Jul 27, 2016, 8:15 AM
ഗുരുവായൂർ കേശവന്റെയൊക്കെ കാലത്തെ നെറ്റിപ്പട്ടങ്ങളായിരുന്നു നെറ്റിപ്പട്ടങ്ങൾ. ഏതെങ്കിലും കുഴിയാന എന്റെ നെറ്റിയേയും ഒന്നലങ്കരിക്കൂ എന്നു് അപേക്ഷിച്ചുകൊണ്ടു് എത്ര പുറകെ നടന്നാലും, നീ പോയി പണിനോക്കി കൂലിവാങ്ങൂ എന്നു് മുഖത്തുനോക്കി പറയാൻ തന്റേടമുണ്ടായിരുന്ന നെറ്റിപ്പട്ടങ്ങൾ! ഇന്നത്തെ നെറ്റിപ്പട്ടങ്ങളെ എന്തിനു് കൊള്ളാം? നട്ടെല്ലുള്ള ഒരെണ്ണമെങ്കിലുമുണ്ടോ? അതെന്തിനു്, ഏതെങ്കിലും കുഴിയാന തന്നെ വിളിക്കുന്നുണ്ടോ എന്നറിയാൻ കുളിച്ചു് കുറിയും തൊട്ടു് മനപ്പായസം കുടിച്ചു് കാത്തിരിക്കുന്ന അവസരവാദികളായ ചില പിന്തിരിപ്പൻ മൂരാച്ചി നെറ്റിപ്പട്ടങ്ങൾ പോലുമുണ്ടെന്നാണു് കരക്കമ്പി.
Jul 27, 2016, 12:20 PM
ചില ഭക്തർ വിരിച്ചിട്ട തീക്കനലുകൾക്കു് മുകളിലൂടെ നടക്കുന്നതു് കണ്ടിട്ടുണ്ടു്. തീപ്പരമ്പിന്റെ നീളമാണു് ഭക്തിയുടെ അളവുകോൽ! മൂത്ത ഭക്തർക്കു് അഞ്ചോ പത്തോ അതിൽ കൂടുതലോ കിലോമീറ്റർ നീളത്തിൽ വിരിച്ചിട്ട തീക്കനലുകൾക്കു് മുകളിലൂടെ, ചാർലി ചാപ്ലിൻ ഈവ്നിങ് വാക്കിനു് പോകുന്നത്ര കൂളായി, വിരാമമില്ലാതെ നടക്കാൻ കഴിയുമത്രെ! എന്തിനാണു് അവർ ഇത്ര കഷ്ടപ്പെട്ടു് തീക്കനലെല്ലാം റെഡിയാക്കി അതിന്റെ മീതെ ഇങ്ങനെ നടക്കുന്നതെന്നു് എനിക്കറിയില്ല. അവരുടെ ഒരു മട്ടു് കണ്ടിട്ടു് അതിനെപ്പറ്റി അവർക്കും വലിയ ഗ്രാഹ്യമൊന്നുമില്ലെന്നു് തോന്നുന്നു.
Jul 28, 2016, 10:48 AM
“ദാവീദ്‍ രാജാവു് വയസ്സുചെന്നു് വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു് തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനു് പരിചാരികയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു് അവളെ പരിഗ്രഹിച്ചില്ല.” (രാജാക്കന്മാർ 1: 1 – 4)
ഗുണദോഷപാഠങ്ങൾ: രാജാക്കന്മാരായാലും ചക്രവർത്തിമാരായാലും, രാഷ്ട്രപിതാക്കളായാലും, പാർട്ടി ചെയർമാന്മാരായാലും വയസ്സുചെന്നാൽ വൃദ്ധനാവും. വൃദ്ധനായാൽ കുളിരും. അതാണു് പ്രകൃതിനിയമം. കമ്പിളി പുതപ്പിച്ചാൽ മാറുന്നയിനത്തിൽപെട്ട ഒരു കുളിരല്ല അതു്. സുന്ദരിയും സർവ്വോപരി കന്യകയുമായ ഒരു യുവതിയെ പ്രസ്തുത കക്ഷിയുടെ മാറിൽ കിടത്തുക എന്നതാണു് അതിനുള്ള പരിഹാരം. കട്ടിലിനടിയിൽ നെരുപ്പോടു് വയ്ക്കുക, വൈദ്യുതിയുണ്ടെങ്കിൽ തെർമ്മൽ ബ്ലാങ്കെറ്റ് ഉപയോഗിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും കുളിരിന്റെ തീവ്രത കുറയ്ക്കാമെങ്കിലും, വിർജിൻ ബ്ലാങ്കെറ്റാണെങ്കിൽ കൂടുതൽ ഇഫക്റ്റീവും നല്ല തമാശയുമായിരിക്കും. അതു് ഭൃത്യന്മാർക്കറിയാം. ഭൃത്യരെ ഒരിക്കലും അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുതു്. മാറിൽ കിടത്തിയിരിക്കുന്ന കന്യകയുമായി രാജാവു് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ടോ എന്നുപോലും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നവരാണു് ഭൃത്യന്മാർ. ദാവീദ്‍ രാജാവു് അബീശഗിനെ പരിഗ്രഹിച്ചില്ല എന്ന, ലോകജനതക്കു് മൊത്തം ആശ്വാസജനകമായ ആ നഗ്നയാഥാർത്ഥ്യം അങ്ങനെയാണു് അവർ മനസ്സിലാക്കിയതും, രേഖാമൂലം ലോകത്തെ അറിയിച്ചതും. രാജാവിന്റെ ആരോഗ്യസ്ഥിതി മോണിറ്റർ ചെയ്യാൻ CCTV ക്യാമറകൾ ഇല്ലാഞ്ഞാൽ പിന്നെ അവരെന്തു് ചെയ്യാൻ?
ഇത്രയും പറഞ്ഞ സ്ഥിതിക്കു് ഇതുകൂടി പറഞ്ഞേക്കാം: അതിസുന്ദരിയായ ബത്ത്-ശേബ എന്നൊരു സ്ത്രീ വൈകിട്ടു് കുളിച്ചുകൊണ്ടു് നിൽക്കുന്നതു് മാളികമുകളിൽ നിന്നു് കാണുകയും ഉടനെതന്നെ അവളെ കൊട്ടാരത്തിൽ വരുത്തി അവളോടുകൂടി ശയിച്ചു് അവളെ ഗർഭം ധരിപ്പിക്കുകയും, അവളുടെ ഭർത്താവായിരുന്ന ഊരീയാവിനെ ശത്രുവിന്റെ വെട്ടുകൊണ്ടു് മരിക്കത്തക്കവിധം പടയുടെ മുന്നിൽ നിർത്താൻ കല്പിച്ചു് കൊല്ലിക്കുകയും ചെയ്ത സന്മനസ്സാണു് ചെറുപ്പത്തിലേതന്നെ കവണിയേറു് വിദഗ്ദ്ധനായിരുന്നതിനാൽ രാജാവാകാൻ ഭാഗ്യം ലഭിച്ച ഈ ദാവീദ്! സ്ഥിരം പിൻബുദ്ധിക്കാരനായ യഹോവ ദാവീദിന്റെ ഈ തോന്നിയവാസം കേട്ടു് വന്നപ്പോഴേക്കും പതിവുപോലെ താമസിച്ചു് പോയിരുന്നു. അതുകൊണ്ടു്, ബത്ത്-ശേബ പ്രസവിക്കുന്ന കുഞ്ഞു് ഏഴാം ദിവസം മരിച്ചുപോകട്ടെ എന്നു് ചങ്കു് തകർന്നു് ശപിക്കാനേ അങ്ങേർക്കു് കഴിഞ്ഞുള്ളു. പക്ഷേ, ഭാഗ്യത്തിനു്, ബത്ത്-ശേബ വീണ്ടും പ്രസവിച്ചു. ആ മകനാണു് ബുദ്ധിമാൻ എന്നു് ലോകം വാഴ്ത്തുന്ന ശലോമോൻ.
ഈ ദാവീദ് രാജാവിന്റെ കുലത്തിലാണു് കുറേനാൾ കഴിഞ്ഞു് യേശു പിറന്നുവീണതു്! യേശുവിന്റെ പിതാവു് യഹോവ എന്ന ദൈവമാണെങ്കിൽ, യേശു എങ്ങനെ ദാവീദിന്റെ കുലത്തിൽ പിറന്നവനാവും? അതിനുമുണ്ടു് യഹോവയ്ക്കു്, അഥവാ സുവിശേഷകർക്കു് ന്യായീകരണം. “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു് സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്തായി). സ്വപ്നം എന്നൊരു ഏർപ്പാടു് ഇല്ലായിരുന്നെങ്കിൽ മതകഥാകഥനങ്ങളുടെ കാര്യം മഹാകഷ്ടമായിരുന്നേനെ! അതുപോലെ, യേശു യോസേഫിന്റെ മകൻ എന്നു് ജനം വിചാരിച്ചു എന്നൊരു വാക്യം മാന്ത്രികമെന്നോണം ആവാഹിച്ചശേഷമാണു്, യോസേഫ് ഹേലിയുടെ മകൻ എന്നു് തുടങ്ങുന്ന യേശുവിന്റെ വംശാവലി സുവിശേഷക്കാരൻ ലൂക്കോസ് പിന്നോട്ടു് ആദാം വരെ എണ്ണിപ്പെറുക്കുന്നതു്!
ഒരു പേട്രിയാർക്കൽ സമൂഹത്തിൽ, പുരുഷനുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിച്ചു എന്നും, മനുഷ്യരെ പാപങ്ങളിൽ നിന്നും മോചിപ്പിക്കാനായി ദൈവമാണു് അവനെ അവളിൽ ജനിപ്പിച്ചതെന്നും മറ്റുമുള്ള നട്ടാൽ കുരുക്കാത്ത നുണകൾ നാടുനീളെ പ്രസംഗിച്ചു് നടക്കുകയും, പിന്നീടൊരിക്കൽ ആ നുണകളെയെല്ലാം സത്യമെന്നു് തോന്നത്തക്കവിധം എഴുതി പിടിപ്പിക്കുകയും ചെയ്യേണ്ടി വന്നാൽ അതിന്റെ ഫലം ഇതുപോലുള്ള ചാപിള്ളകളേ ആവൂ.
Jul 28, 2016, 1:14 PM
വിവിധതരം ശില്പകലകൾ, ചിത്രകലകൾ, സാഹിത്യം, സംഗീതം, നൃത്തകലകൾ തുടങ്ങിയവയെല്ലാം മനുഷ്യർ മാത്രമല്ല, ഏറിയോ കുറഞ്ഞോ പക്ഷിമൃഗാദികൾ പോലും തമ്മിൽത്തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കാറുള്ള മാദ്ധ്യമങ്ങളാണു്. മനസ്സിനെ സന്തോഷിപ്പിക്കാനും മനുഷ്യനെ ചിന്തിപ്പിക്കാനും ചിത്രങ്ങൾക്കും ശില്പങ്ങൾക്കും സാഹിത്യരചനകൾക്കും സിനിമകൾക്കും മറ്റു് പലയിനം കലാരൂപങ്ങൾക്കും കഴിയുമെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ, എന്റെ ദൂതനോടു് ഞാൻ അരുളിച്ചെയ്തതായി ആ ദൂതൻ നിങ്ങളോടു് പറയുന്ന മൂന്നേമുക്കാൽ വാക്കുകളിൽ ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള സകല പ്രപഞ്ചരഹസ്യങ്ങളും ശാസ്ത്രസത്യങ്ങളും ഉണ്ടെന്നും, അവയ്ക്കു് വെളിയിലുള്ളതെല്ലാം പിശാചിന്റെ സൃഷ്ടിപ്പായതിനാൽ നിഷിദ്ധവും നശിപ്പിക്കപ്പെടേണ്ടതുമാണെന്നും ഏകനും, മറ്റു് ദൈവങ്ങളെ കണ്ണെടുത്താൽ കണ്ടുകൂടാത്തവനുമായ ഒരു ദൈവം കല്പിച്ചിട്ടുണ്ടെന്നു് ബാല്യം മുതലേ ആവർത്തിച്ചാവർത്തിച്ചു് തലയിൽ അടിച്ചുകയറ്റി ആ ദൈവത്തിൽ വിശ്വസിപ്പിക്കപ്പെടുന്ന മനുഷ്യർ ആ കല്പനകൾ അക്ഷരം പ്രതി അനുസരിക്കുകയല്ലാതെ മറ്റെന്തു് ചെയ്യാൻ?
താൻ തന്റെ ദൂതനു് ചൊല്ലിക്കൊടുത്ത മൂന്നേമുക്കാൽ അക്ഷരങ്ങൾ ആർക്കും അനുകരിക്കാൻ പറ്റാത്തതും ലോകാവസാനത്തോളം വള്ളിപുള്ളിവ്യത്യാസം വരുത്തേണ്ട ആവശ്യമില്ലാത്തവിധം പരിപൂർണ്ണമാണെന്നുമൊക്കെ ഒരു ദൈവം അവകാശപ്പെട്ടാൽ, അച്ചങ്ങായിക്കു് അക്ഷരങ്ങളുടെ ലോകമെന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നറിയില്ല എന്നേ അതിനർത്ഥമുള്ളു. ഒരു ദൈവത്തിന്റെയും സഹായമില്ലാതെ മനുഷ്യരാൽ മാത്രം ലോകത്തിൽ ഇതുവരെ എഴുതപ്പെട്ടതു് മൂന്നേമുക്കാലല്ല, കോടാനുകോടി അക്ഷരങ്ങളാണെന്നു് മാത്രമല്ല, അവയെ അനുകരിക്കാൻ പോയിട്ടു്, അവയിൽ നല്ലൊരുപങ്കും എന്താണു് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നെങ്കിലും മനസ്സിലാകണമെങ്കിൽ മേൽപ്പടി ദൈവം എത്രവട്ടം പുനർജ്ജനിച്ചാലും മതിയാവുമെന്നു് തോന്നുന്നില്ല. അങ്ങേരുടെ “മാസ്റ്റർ പീസിലൂടെ” ഒരുവട്ടം കണ്ണോടിച്ചിട്ടുള്ളവരും, ഇപ്പറഞ്ഞ മനുഷ്യനിർമ്മിതഗ്രന്ഥങ്ങളുടെ ഒരു നേരിയ അംശമെങ്കിലും മനസ്സിലാക്കിയിട്ടുള്ളവരുമായ ആർക്കും അക്കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല.
ഒരു ദൈവത്തിനു് മനസ്സിലാവാത്ത കാര്യങ്ങൾ ആ ദൈവത്തിന്റെ ഭക്തർക്കു് മനസ്സിലാകുമോ? മനസ്സിലാകുമായിരുന്നെങ്കിൽ, എന്തിനു്, സുബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ, തനിക്കു് സ്വർഗ്ഗത്തിലെത്തി സുഖിക്കാൻ കഴിയും എന്ന ഭ്രാന്തൻ സങ്കല്പത്തിന്റെ പേരിൽ നിരപരാധികളായ മനുഷ്യരെ തോക്കുകൾക്കും ബോംബുകൾക്കും ഇരയാക്കുമ്പോഴും, ബാമിയനിലെ ബുദ്ധപ്രതിമകളെയും, ആലെപ്പൊയിലെ പുരാതനശില്പകലകളെയും, മാനവസംസ്കാരം പടുത്തുയർത്തിയ എല്ലാത്തരം മോണ്യുമെന്റുകളേയും തീരാത്ത വെറുപ്പോടെ തല്ലിത്തകർക്കുമ്പോഴും, താൻ എന്താണു് ചെയ്യുന്നതു് എന്നു് ഒരു നിമിഷം ചിന്തിക്കാതിരിക്കാൻ ഒരു മനുഷ്യജീവിക്കു് കഴിയുമോ? അതിനു് കഴിയാത്ത ഒരു ജന്തുവുമായി എന്തു് ആശയവിനിമയമാണു് സാമാന്യബോധം നശിച്ചിട്ടില്ലാത്ത ഒരു മനുഷ്യനു് സാദ്ധ്യമാവുക? വായിച്ചാൽ തെറ്റു്, എഴുതിയാൽ തെറ്റു്, ചിത്രം വരച്ചാൽ തെറ്റു്, ശില്പം നിർമ്മിച്ചാൽ തെറ്റു്, പാടിയാൽ തെറ്റു്, നൃത്തം ചെയ്താൽ തെറ്റു്…തെറ്റുകളുടെ ഒരു നീണ്ട ഘോഷയാത്രയാണു്! പിന്നെ എന്താണു് ശരി? എന്താണു് മനുഷ്യർ ചെയ്യേണ്ടതു്? എന്തു് ചെയ്യാനാണു് വായും ഗുദവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ചുരുക്കം ചില പീറ ഭക്തരുടെ അഭിപ്രായത്തിൽ മനുഷ്യർക്കു് അനുവാദമുള്ളതു്? ഉത്തരം ലളിതം: തിന്നുക, തൂറുക, പ്രാർത്ഥിക്കുക, മക്കളെ ഉണ്ടാക്കുക! ചുരുക്കത്തിൽ: ഒരിക്കലും മനുഷ്യനായി പരിണമിക്കാതിരിക്കുക, എന്നാളും മൃഗമായി തുടരുക!
(“കൂട്ടു് ചേർക്കാൻ പാടില്ലാത്ത” ദൈവങ്ങൾ പോലും!! ഉണ്ടു്, കൂട്ടു് ചേർക്കാൻ പാടില്ലാത്ത ദൈവങ്ങളുണ്ടു്. എല്ലാം സൃഷ്ടിച്ചവനും, സർവ്വശക്തനും, ഏകരിൽ ഏകനുമായ ദൈവം അങ്ങനെ ചില ചെറിയ ദൈവങ്ങളെയും സൃഷ്ടിച്ചിട്ടുണ്ടു്. വേണ്ടിവന്നാൽ തന്നേക്കാൾ വലിയ ദൈവത്തെവരെ സൃഷ്ടിക്കാൻ കഴിയുന്നവനാണു് ഭക്തന്റെ സർവ്വശക്തൻ!)
Jul 31, 2016, 12:15 PM
നല്ലൊരു സാമ്പത്തികവിദഗ്ദ്ധയെ ഉപദേഷ്ടാവായി കിട്ടുക എന്നതു് ഏതൊരു സംസ്ഥാനഗവണ്മെന്റിന്റെയും അന്തസ്സു് ഉയർത്തുമെന്ന കാര്യം നിസ്തർക്കമാണു്. മാർക്സിന്റെ “ഡയമെറ്റ്രിക്കൽ” മറ്റീരിയലിസത്തിലും, സർപ്ലസ് വാല്യു തിയറിയിലുമെല്ലാം അടിയുറച്ചു് വിശ്വസിക്കുന്ന ഒരു ഇടതുപക്ഷ ഗവണ്മെന്റാണു് ആ സംസ്ഥാനം ഭരിക്കുന്നതെങ്കിൽ പറയുകയും വേണ്ട. അന്തസ്സു് ഹീലിയം നിറച്ച ബലൂൺ പോലെയാവും മുകളിലേക്കു് ഉയരുക. അന്യാധീനപ്പെട്ടു് ‘കമ്മോഡിറ്റീസ്’ ഉല്പാദിപ്പിക്കുന്നതിലൂടെ സ്വയം നഷ്ടപ്പെടുകയും, സംസ്ഥാനത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്, ISRO “വാണം വിടുന്നതുപോലെ”, മുകളിലേക്കു് ഉയർത്തുകയും ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിനും അതു് തീർച്ചയായും അഭിമാനകരമായ ഒരു കാര്യമായിരിക്കും. ആ സാമ്പത്തികവിദഗ്ദ്ധ ഒരു “തീവ്ര വലതുപക്ഷ, നവലിബറൽ സാമ്പത്തികശാസ്ത്രജ്ഞ” കൂടി ആണെങ്കിൽ സംസ്ഥാനവാസികളുടെ ആനന്ദമൂർച്ഛക്കു് മറ്റെന്തു് വേണം? അലുവയും മത്തിക്കറിയും ഉഗ്രൻ കോമ്പിനേഷനാണെന്നാണു് പണ്ടേതന്നെ കേട്ടുകേൾവി.
എല്ലാറ്റിനും ഒരു ഉത്സവപ്രതീതി വേണമെന്നു് നിർബന്ധമുള്ളവരാണു് മലയാളികളെന്നതിനാൽ, സാമ്പത്തികവിദഗ്ദ്ധയുടെ വരവേല്പു് ഗംഭീരമായിരിക്കുമെന്നു് വേണം കരുതാൻ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും, താലപ്പൊലിയേന്തിയ മൃഗരാജകടികളുമെല്ലാം ഗജരാജവിരാജിതമന്ദഗതിയോടെ ഹാജരുണ്ടാവും. അക്കൂട്ടത്തിൽ ചോപ്പൻ ഷർട്ടും കാക്കി നിക്കറുമിട്ട ഒരു നൂറു് നോക്കുകൂലിക്കാരെക്കൂടി “സമരം 1001-ആം ദിവസം” എന്നു് വലിയ ചുവന്ന അക്ഷരങ്ങളിൽ എഴുതിയ പ്ലാക്കർഡുകളുമായി അണിനിരത്തിയാൽ ഒന്നുകൂടി ഇരമ്പും. “ആധുനിക ബൃഹദാഖ്യാനങ്ങളുടെ സാർവ്വലൗകീക പരിപ്രേക്ഷ്യത്തിന് കണ്ടെടുക്കാൻ പറ്റാത്തത്ര സൂക്ഷ്മമായ തലങ്ങളിലാണു് സാമൂഹ്യവും സാംസ്കാരികവും ആയ പാർശ്വവൽക്കരണത്തിന്റെ രാഷ്ട്രീയം നിലനില്ക്കുന്നതു് എന്ന തിരിച്ചറിവു്” സാമ്പത്തികവിദഗ്ദ്ധയ്ക്കുണ്ടാവാൻ ആ ജനസാഗരം സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. “ആഗോള സൈദ്ധാന്തിക ഘടനകൾ”, “സവർണ്ണ സ്ത്രീയിൽ ജാതീയമായ സവർണ്ണതയും ലിംഗപരമായ സബാൾട്ടേണിറ്റിയും എന്ന വിപരീതങ്ങൾ സംഗമിക്കുന്നതെങ്ങനെ” തുടങ്ങിയ എകോണോമിക് പരിപ്പുവടകളും, ഡയലെക്റ്റിക് കട്ടൻചായകളും ഓൺലൈനിൽ വിതരണം ചെയ്യുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വിദഗ്ദ്ധരുടെ വക ഒരു ഒപ്പന കൂടി ഏർപ്പാടാക്കിയാൽ ജനം എപ്പോ ഞെട്ടി എന്നു് ചോദിച്ചാൽ മതി.
Best of luck! എന്ന അർത്ഥത്തിൽ, “കഴുത്തും കാലും ഒടിയട്ടെ!” (Hals- und Beinbruch!) എന്നൊരു പ്രയോഗം ജർമ്മൻ ഭാഷയിലുണ്ടു്. ഉറുമ്പിൻ കൂട്ടിലേക്കു് ചാടാൻ തീരുമാനിച്ച പുതിയ സാമ്പത്തികവിദഗ്ദ്ധയ്ക്കു് അർപ്പിക്കാൻ അതിനേക്കാൾ യോജിച്ച ഒരു ആശംസ ഗൂഗിളിൽ മുഴുവൻ തപ്പിയിട്ടും കിട്ടിയില്ല.
P.S. “വലതു് പക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ടു്? ഏഴു് ചോദ്യങ്ങളും ഉത്തരങ്ങളും” എന്നൊരു തലക്കെട്ടു് ഫെയ്സ്ബുക്ക് സ്‌റ്റ്രീമിൽ കണ്ടു. വായിച്ചില്ല. വായിക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഇന്നത്തെ ലോകത്തിൽ ധാരാളമുണ്ടു്. ഒരു കണക്കിനു് അതൊരനുഗ്രഹവുമാണു്. എന്താ ഇക്കാലത്തു് സമയത്തിന്റെയൊക്കെയൊരു സ്പീഡ്? അതാണെങ്കിൽ ഫെയ്സ് ബുക്കിനു് മാത്രം ബാധകമായ ഒരു കാര്യവുമല്ല. വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ടു് എന്നു് ഏഴോ എഴുപതോ വട്ടം ചോദിച്ചാലും ഒരൊറ്റ മറുപടിയുടെ ആവശ്യമേ അതിനുള്ളു: ഇടതു് പക്ഷ ഉപദേശികളുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ! പ്രോട്ടസ്റ്റന്റ് ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ടു് എന്നു് ഏതാനും കത്തോലിക്കപ്പുരോഹിതർ ചോദിച്ചാൽ, അതിനു്, കത്തോലിക്കപ്പുരോഹിതരുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ എന്ന ഒരു മറുപടിയേ ഉള്ളു എന്നതുപോലെതന്നെ!
June 2016
Jun 1, 2016, 11:28 AM
റിപ്പബ്ലിക് ഓഫ് കേരളയുടെ മേലുള്ള അധികാരം CPI (M) നേതൃത്വത്തിലുള്ള LDF പിടിച്ചടക്കിയതു് ഇൻഡ്യൻ ഡയസ്പൊറയ്ക്കു് വലിയ ഒരനുഗ്രഹമായി. മുഴുവൻ ഡയസ്പൊറയ്ക്കും ഇല്ലെങ്കിലും, അവരിലെ റാഡിക്കൽ ലെഫ്റ്റ് വിഭാഗത്തിനെങ്കിലും ഒരു സുവർണ്ണകാലമാണു് സംജാതമായിരിക്കുന്നതു്. പുത്തനുണർവ്വിന്റെ നവയുഗം പിറന്നു് വീണിരിക്കുന്നു! ഉണർന്നവനു് നാലു് പുത്തനുണ്ടാക്കാൻ ബുദ്ധിമുട്ടില്ലെന്നേ ആ പുത്തനുണർവ്വിനു് അർത്ഥമുള്ളു എന്നു് ചില ദുഷിച്ച നാവുകൾ പറഞ്ഞു് പരത്തുന്നുണ്ടു്. അതു് കാര്യമാക്കാനില്ല. രാപകലില്ലാതെ മാലാഖമാർ ദൈവത്തിനു് ദിവസേന സ്തോത്രഗീതങ്ങൾ പാടുന്ന സ്വർഗ്ഗീയാന്തരീക്ഷസുഖം ആസ്വദിക്കാൻ ഇനിമേൽ തേനീച്ചക്കൂട്ടിൽ കല്ലെറിയേണ്ട ആവശ്യമില്ല, പുത്തനുണർവ്വിന്റെ പുകഴ്ത്തുപാട്ടുകൾ അലയടിക്കുന്ന കേരളത്തിലേക്കു് നോക്കിയാൽ മതി.
ഫാഷിസത്തെക്കൊണ്ടു് പൊറുതിമുട്ടി നാടുവിടേണ്ടിവരികയും, മതാധികാരകിരാതവാഴ്ചകളുടെയും, മുതലാളിത്തതേർവാഴ്ചകളുടെയും നുകങ്ങൾക്കു് കീഴിൽ പിൻകഴുത്തു് വച്ചുകൊടുത്തു് തഴമ്പു് വീഴിക്കേണ്ടിവരികയും ചെയ്തവർക്കു് ഇനി പാലും തേനും ഒഴുകുന്ന കേരളത്തിലേക്കു് മടങ്ങിപ്പോകാം. “From each according to his ability, to each according to his work”, അഥവാ “ജോലി ചെയ്തു് ജീവിക്കുന്നവനിൽ നിന്നും കൂലി വാങ്ങാനായി നോക്കുന്നവനിലേക്കു്” എന്ന തത്വത്തിൽ അധിഷ്ഠിതമായ ധനസമ്പാദനരീതി! നാലു് പേർ കേട്ടാൽ ദോഷം പറയാത്ത പ്രൊമോഷൻ സാദ്ധ്യത! സ്ഥലവും സാഹചര്യങ്ങളും അനുകൂലമാക്കി പടമാവാൻ ശ്രദ്ധിച്ചാൽ രക്തസാക്ഷി പദവിയിലേക്കുവരെ പ്രൊമോഷൻ ലഭിച്ചുകൂടായ്കയില്ല. ഒരു “ഫുൾഫിൽഡ് ലൈഫ്” നയിക്കാൻ സഹായകമായ ഈ അപൂർവ്വാവസരം പാഴാക്കുന്നവർ അതിനു് വലിയ വില കൊടുക്കേണ്ടിവരും!
Jun 2, 2016, 7:11 AM
അതിരപ്പിള്ളി പദ്ധതിയെപ്പറ്റി അഭിപ്രായം പറയാനുള്ളവർ വേഗം വേഗം ടിക്കറ്റെടുത്തു് ചർച്ചാഹാളിലേക്കു് പ്രവേശിക്കാൻ മടിക്കണ്ട. പ്രൈവറ്റ് ബസിലെ കിളി “ങാ, പാം റൈറ്റ്” എന്നു് പറഞ്ഞു് ബെല്ലടിക്കുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കുന്ന ഒരു ഗവണ്മെന്റാണു് ഇന്നു് കേരളം ഭരിക്കുന്നതു്. അഞ്ചുമണിക്കു് ജോലിയിൽ നിന്നും വിരമിക്കേണ്ട പ്രൊഫസ്സറെ നാലു് മണി മുതൽ ഒരു മണിക്കൂർ നേരത്തേക്കു് പ്രിൻസിപ്പലാക്കാൻ മൂന്നരമണിക്കു് ഉത്തരവു് ഇറക്കുന്ന “സഗൗരവ” സ്പീഡി ഗോൺസാലസുകൾ വാഴുന്ന ബനാനറിപ്പബ്ലിക്! പോരെങ്കിൽ, ഈ സര്‍ക്കാരിന്റെ കാലത്തു് “പഴയതുപോലെ ആരെങ്കിലും കയറിയും ഇറങ്ങിയും കളിനടത്തി മുന്നോട്ടു് പോകുന്നുണ്ടോ എന്നു് നോട്ട് ചെയ്തു് മുകളിലേക്കു് റിപ്പോർട്ട് ചെയ്തു്” എല്ലാം ശരിയാക്കാൻ കണ്ണിലെണ്ണയുമൊഴിച്ചു് ജാഗ്രതയോടെ കാത്തിരിക്കുന്ന വേതാളങ്ങൾ വേറെയും! ഹൈഡ്രോഎലക്ട്രിക്, വിൻഡ് പവ്വർ, ഫോട്ടോവോൾട്ടായിക്, കോൺസെൻറ്റ്രേറ്റഡ് സോളാർ പവ്വർ, ബയോ, മിനി ന്യൂക്ലിയർ പവ്വർ, മാക്സി ന്യൂക്ലിയർ പവ്വർ അങ്ങനെ ഏതു് സാങ്കേതികത്വവും വാണം വിടുന്ന ലാഘവത്തോടെ സമഗ്രമായി അപഗ്രഥിക്കാൻ കഴിവുള്ള പ്രത്യയശാസ്ത്രസാങ്കേതിക വിദഗ്ദ്ധരായിരിക്കും പരിസ്ഥിതിയേയും പവ്വർ ജനറേഷനെയും തമ്മിൽ കൂട്ടിമുട്ടിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ മുന്നോട്ടു് വയ്ക്കപ്പെടുന്ന ഓരോ നിർദ്ദേശവും ഇഴകീറി പരിശോധിച്ചു് തീരുമാനം എടുക്കുന്നവർ. സംശയമുള്ള കാര്യങ്ങളിൽ അവർ തമിഴ്നാട്ടിൽ നിന്നുമുള്ള വിദഗ്ദ്ധാഭിപ്രായങ്ങൾ സ്വീകരിക്കും. അതുകൊണ്ടു് വിഷയത്തിന്റെ സൂക്ഷ്മമായ പഠനത്തിനും ക്രൂരമായ വിലയിരുത്തലുകൾക്കും വേണ്ടി ചിലവഴിക്കുന്ന ഊർജ്ജവും സമയവും പാഴായിപ്പോകും എന്ന പരാതിയുടെ ആവശ്യമില്ല.
F. I. R. എഴുതുന്നതുപോലെ എഴുതി സമർപ്പിക്കപ്പെടുന്ന നിർദ്ദേശങ്ങൾ പോസ്റ്റ് മോർട്ടം പോലും ചെയ്യാതെ ദഹിപ്പിക്കപ്പെടുമെന്നും കൂടി ഓർത്തിരുന്നാൽ നല്ലതു്. ഇതു് കേരളമാണു്, ഡെന്മാർക്കല്ല. അടുത്തിടയൊന്നും ആകാനും വഴിയില്ല. ആ അർത്ഥത്തിലായാലും നിർദ്ദേശങ്ങൾ സമർപ്പിക്കാനായി അധികം കാത്തിരുന്നിട്ടു് കാര്യമില്ല. സർവ്വോപരി, നാളെ വല്ല അത്ഭുതഗർഭമോ ബലാൽസംഗമോ വെടിക്കെട്ടോ പോലെ കൂടുതൽ കൂലങ്കഷമായ ചർച്ചകൾ ആവശ്യമായ ഗുരുതരസംഭവങ്ങൾ നടന്നാൽ ജനശ്രദ്ധ അങ്ങോട്ടു് കേന്ദ്രീകരിക്കപ്പെടും. അതോടെ വൈദ്യുതി-പരിസ്ഥിതി വിഷയത്തിന്റെ കാര്യം സ്വാഹയുടെ സംഭോഗം പോലെ!
Jun 2, 2016, 1:16 PM
മാര്‍ക്കാണ്ടെയ കട്ജു, തന്റെ പോസ്റ്റുകളിൽ കവിതാരൂപത്തിലുള്ള കമന്റുകൾ എഴുതാൻ സ്ത്രീകളോടു് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ്, എന്റെ ഫ്രണ്ട് ലിസ്റ്റിലെ ആരോ ലൈക്ക് ചെയ്തതിന്റെ ഫലമായിട്ടാവണം, സ്‌റ്റ്രീമിൽ ഒന്നു് മിന്നി മറയുന്നതു് കണ്ടിരുന്നു. അതൊന്നു് ഷെയർ ചെയ്തേക്കാമെന്നു് കരുതിയപ്പോൾ, മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയെപ്പോലെ, ആ പോസ്റ്റ് പൊഹച്ചുരുളുകളായി ആഹാശത്തേക്കു് പൊങ്ങിപ്പോയി എന്നൊരു ഫെയ്സ്ബുക്ക് മെസേജ് കിട്ടി. കട്ജുവിനെ ഞാൻ ഫോളോ ചെയ്യുന്നില്ലാത്തതുകൊണ്ടു് കൂടുതൽ വിവരങ്ങളൊന്നും അറിയില്ല.
തനതു് മലയാളി മാതൃകയിൽ, സ്വന്തം അനുഭവങ്ങളിൽ മസ്സിൽ പിടിച്ചുനിന്നുകൊണ്ടു് കട്ജുവിനെ ഒന്നു് ബോധവത്കരിക്കുക എന്നതായിരുന്നു ആ പോസ്റ്റ് ഷെയർ ചെയ്യുന്നതുവഴി, ജന്മനാ ഒരു സഹജീവിസ്നേഹിയായ ഞാൻ ലക്ഷ്യമാക്കിയതു്. പക്ഷേ, എന്റെ ഉദ്യമം പരിപൂര്‍ണ്ണമായും പാളിപ്പോയി എന്നു് പറഞ്ഞാൽ മതിയല്ലോ. പക്ഷേ അത്തരം ചെറിയ തിരിച്ചടികൾക്കു് ഇല്ലാതാക്കാൻ കഴിയുന്നതല്ല എന്റെ സഹജീവിസ്നേഹം. ഒരു കട്ജുവിനെ മാത്രമേ സഹായിക്കാവൂ എന്നു് നിർബന്ധമൊന്നുമില്ല എന്നാണു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും പറഞ്ഞിരിക്കുന്നതു്. സഹായാർത്ഥികളുടെ ലിസ്റ്റിൽ കട്ജു മാത്രമേ പെടാവൂ എന്നു് പെന്തകൊസ്റ്റുകളോ യഹോവാസാക്ഷികളോ പോലും കരുതുന്നുണ്ടെന്നും തോന്നുന്നില്ല. ചുരുക്കത്തിൽ, കട്ജുവിനു് മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലെ സ്ത്രീനാമങ്ങൾ കണ്ടു് മനപ്പായസം കുടിച്ചു് വയറ്റിളക്കം ബാധിക്കുന്ന മറ്റനേകം പുരുഷന്മാർക്കും ലൊപെരാമൈഡ് ഗുളികകളുടെ ആവശ്യമുണ്ടു്. അതുകൊണ്ടു്, സോഷ്യൽ മീഡിയകളിലൂടെ പുഷ്പിക്കാൻ ആഗ്രഹിക്കുന്ന, കട്ജു അടക്കമുള്ളവർ അറിഞ്ഞിരിക്കേണ്ട ഒന്നാമത്തെ നിയമം: ഇന്റർനെറ്റ് യുഗത്തിൽ നാമം ലിംഗത്തിന്റെ എവിഡൻസല്ല. ഉദാഹരണത്തിനു്, സാക്ഷാൽ വീരപ്പൻ പോലും “മറിലിൻ മൺറോ” എന്ന പേരിലാണു് എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതു്! ഞാൻ പിന്നെ ജന്മനാ ഒരു നല്ല മനുഷ്യനായതുകൊണ്ടു് ഏതു് ഫ്രണ്ട് റിക്വസ്റ്റും സ്വീകരിക്കും. നുണ പറയരുതല്ലോ, “മുങ്ങിച്ചത്ത തിലോപ്പിയ” എന്ന രീതിയിലുള്ള ഐഡികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ ഞാൻ ഒഴിവാക്കാറുണ്ടു്. കാരണം, ചത്ത തിലോപ്പിയകൾ എഴുതുന്ന കവിതകൾ പേടിപ്പെടുത്തുന്നതാണു്.
Jun 3, 2016, 8:18 AM
എന്റെ ലേഖനമോ കവിതയോ കഥയോ അവയിൽ അച്ചടിച്ചു് വരുന്നതോടെ നഷ്ടപ്പെടുന്നതാണു് “മ” പത്രങ്ങൾക്കു് ഞാൻ പതിച്ചു് നൽകിയിരിക്കുന്ന മഞ്ഞപ്പത്രപദവി.
Jun 5, 2016, 9:31 AM
മന്ത്രിമാർക്കു് വിവരം ഉണ്ടായിരിക്കണം എന്നു് പറയുന്നതിലൊന്നും വലിയ കാര്യമില്ല. അമ്പലങ്ങളിലെ വിഗ്രഹങ്ങൾക്കും പള്ളിയിലെ കുരിശുകൾക്കും എന്തെങ്കിലും വിവരമുണ്ടായിട്ടാണോ കോടിക്കണക്കിനു് ഭക്തജനം അവിടേക്കു് ഒഴുകുന്നതു്? എറിഞ്ഞുടയ്ക്കാൻ കുറച്ചു് തേങ്ങയും നേർച്ചയിടാൻ ഇത്തിരി പണവും, അതേയുള്ളു നിബന്ധന. വിഷയങ്ങളിൽ വിവരമുണ്ടെങ്കിലേ ഓരോ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പറ്റൂ എന്നു് നിർബന്ധം പിടിച്ചാൽ ശിവലിംഗത്തിനു് കാമസൂത്രത്തിൽ ബിരുദമെടുക്കേണ്ടിവരും. നടക്കുന്ന കാര്യത്തിലേ നമ്മൾ പിടിവാശി പിടിക്കാവൂ. മന്ത്രിമാരുടെ കാര്യവും അത്രേയുള്ളു. ഭക്തജനമുണ്ടെങ്കിൽ ആർക്കും മന്ത്രിയാവാം. മന്ത്രിയായാൽ എന്തെങ്കിലുമൊക്കെ വിളിച്ചു് പറയാൻ ബാദ്ധ്യസ്ഥനാവുകയും ചെയ്യും. നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണു് ജനം. മൻമോഹൻ സിങ്ങിനെപ്പോലെ, മൗനം ഭൂഷണമാക്കിയ ചുരുക്കം ചില വിദ്വാന്മാരെ ഒഴിവാക്കിയാൽ, ഉള്ളതുകൊണ്ടു് ഓണം പോലെ വിളമ്പാൻ മടിയുള്ളവരല്ല പൊതുവേ മന്ത്രിമാർ. കലവറയിൽ ചൂടു് കാറ്റല്ലാതെ കാര്യമായ വിഭവങ്ങൾ ഒന്നും ഇല്ലെന്നും ആ വിവരം അവർക്കില്ലെന്നുമുള്ള ഒരേയൊരു പ്രശ്നമാണു് അവരുടെ കാലൻ.
ചെരിപ്പു് ഇടുകയുമില്ല, തീട്ടത്തിൽ പതിവായി ചവിട്ടുകയും വേണം എന്നൊരു നിർബന്ധം ഉള്ളവരാണു് പൊതുവേ മന്ത്രിമാർ. അതുകൊണ്ടു്, കാലു് കഴുകാൻ മൊന്തയിൽ വെള്ളവുമായി പിന്നാലെ നടക്കുന്ന കുറേ മൊന്തന്മാർ ഇല്ലാതെ ഒരു മന്ത്രിക്കും തന്റെ മന്ത്രിപദവി നിലനിർത്താൻ കഴിയില്ല. ചരിത്രപരമായ ഒരു അനിവാര്യതയാണു് അതെന്നു് ചരിത്രം പഠിച്ചാലേ അറിയാൻ കഴിയൂ. ഉദാഹരണത്തിനു്, കോംഗൊയുടെ ചരിത്രം അറിയാത്തവർക്കു്, എന്തുകൊണ്ടാണു് “വിയറ്റ്കോംഗോയിൽ” മുഹമ്മദലി കറുത്തവർഗ്ഗക്കാർക്കെതിരെ യുദ്ധം ചെയ്യാതിരുന്നതു് എന്നറിയാൻ കഴിയുമോ? മറ്റൊരു ഉദാഹരണം പറഞ്ഞാൽ, ബോക്സർ എന്നാൽ ഇടിയനുമാവാം, ഒരിനം ഡോഗ് ബ്രീഡുമാവാം (https://en.wikipedia.org/wiki/Boxer_%28dog%29). പട്ടികളുടെയും പൂച്ചകളുടെയുമെല്ലാം വർഗ്ഗചരിത്രം മുഴുവൻ പഠിച്ചശേഷം മന്ത്രിയാവാൻ കാത്തിരുന്നാൽ ജീവിതത്തിൽ എന്നെങ്കിലും ആർക്കെങ്കിലും മന്ത്രിയാവാൻ പറ്റുമോ? ഇല്ലതന്നെ! അത്രേയുള്ളു കാര്യം. അഭിപ്രായം ചോദിക്കുന്നവർക്കു് ചോദിച്ചാൽ മതി.
ചുരുക്കത്തിൽ, കേരളത്തിലായാലും ശരി, കോംഗൊയിലായാലും ശരി, മന്ത്രിയാവാൻ യാതൊരു വിവരവും ഉണ്ടാവണമെന്നില്ല, അഥവാ വിവരമുണ്ടായിട്ടു് മന്ത്രിയാവാനിരുന്നാൽ ഗണപതിയുടെ കല്യാണം കഴിഞ്ഞാലും അതു് നടക്കുകയുമില്ല. വിവരമില്ലെങ്കിലും, പോലീസിന്റെ തല്ലു് കൊണ്ടിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു അധികയോഗ്യതയായി പരിഗണിക്കപ്പെടും. ഭാരതീയർക്കു് തല്ലുകൊള്ളികളോടു് പണ്ടേതന്നെ ഒരു സോഫ്റ്റ് കോർണറുണ്ടു്. ആ കണ്ടെത്തലാവണം ഇൻഡ്യയുടെ സ്വാതന്ത്ര്യം സഹനസമരത്തിലൂടെ മാത്രമേ സാദ്ധ്യമാവൂ എന്ന വിജയകരമായ ആശയത്തിലേക്കു് ഗാന്ധിജിയെ നയിച്ചതു്. ഏതായാലും, സുഭാഷ് ചന്ദ്രബോസിന്റെ പിന്നാലേ അധികം ഭാരതീയർ പോകാതിരുന്നതും അങ്ങേർ നേരത്തേതന്നെ അപ്രത്യക്ഷമായതും നന്നായി. അല്ലെങ്കിൽ, കുത്തിയിരുന്നു് നാവുകൊണ്ടു് മാത്രം യുദ്ധം ചെയ്യുന്ന വീരശൂരപരാക്രമികൾ അങ്ങേരെ നാണം കെടുത്തിയേനെ!
P. S. മരുഭൂമിയിലെ ചുഴിമണലിൽപെട്ടു് നമ്മളിങ്ങനെ താഴേയ്ക്കു് താഴേയ്ക്കു് പോയിക്കൊണ്ടിരിക്കുമ്പോൾ, രക്ഷപെടാനായി കയറിപ്പിടിക്കുന്നതു് ഒരു കരിന്തേളിന്റെ വാലിലായാലത്തെ ആ അവസ്ഥ! എന്റെ പൊന്നുസാറേ!
Jun 5, 2016, 12:15 PM
ഇപ്പോഴത്തെ അർജന്റീനിയൻ പ്രസിഡന്റിന്റെ പേരു് “മാക്രി” എന്നാണു് (Mauricio Macri). വല്ല അപകടവും സംഭവിച്ചു് അങ്ങേർക്കു് ഇഹലോകവാസം വെടിയേണ്ടിവന്നാൽ, തവളച്ചാട്ടത്തിൽ കേരളത്തിന്റെ ലോകറിക്കാർഡ് ഭേദിച്ച മൊറിഷ്യൻ തവളയുടെ അകാലനിര്യാണത്തിൽ ഞാൻ ഹൃദയം പൊട്ടിയ അനുശോചനം രേഖപ്പെടുത്തുന്നു എന്നൊന്നും മല്ലു മന്ത്രിമാർ ചാനലുകളിൽ ചെന്നു് പ്രസ്താവിക്കാതിരുന്നാൽ മതിയായിരുന്നു. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്നാണല്ലോ. കേരളത്തിൽ ഇപ്പോൾ കലി വാഴുന്ന കാലമായതിനാൽ എന്തും സംഭവിക്കാം. ഒന്നും സംഭവിക്കാതെയുമിരിക്കാം.
Jun 5, 2016, 12:50 PM
പാടിപ്പതിഞ്ഞ പഴമ്പാട്ടുകളും കീറിപ്പറിഞ്ഞ മുദ്രാവാക്യങ്ങളും ഏറ്റുപാടിക്കൊണ്ടു് കേരളസമൂഹം ബൗദ്ധികവും സാംസ്കാരികവുമായ ഒരു നവോത്ഥാനത്തിലൂടെ, ഒരു പുത്തനുണർവ്വിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന നിർണ്ണായകമായ ഈ വേളയിൽ ISIS സപ്പോട്ടകളായ സഹോദരന്മാരോടു് എനിക്കു് ഒരപേക്ഷയേയുള്ളു: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സഖാവും, കേരളസംസ്ഥാനത്തിൽ മന്ത്രിയുമായ ശ്രീ ഇ. പി. ജയരാജൻ അവർകൾക്കു് ഒരു വായബദ്ധം പിണഞ്ഞു. അദ്ദേഹത്തിനു് പിണഞ്ഞ ആ നാവബദ്ധത്തിൽ “മുഹമ്മദ്” എന്നൊരു വാക്കു് കടന്നു് കൂടിയിട്ടുണ്ടു്. സത്യമായിട്ടും മനസാ വാചാ കർമ്മണാ മുഹമ്മദ് നബിയെ ഉദ്ദേശിച്ചുകൊണ്ടല്ല സഖാവു് ജയരാജൻ ആ വാക്കു് ഉപയോഗിച്ചിട്ടുള്ളതു് എന്നതിനു് അല്ലാഹുവും ഞാനും സാക്ഷി. അതുകൊണ്ടു്, കണ്ണിനു് കണ്ണു്, നാവിനു് നാവു്, പല്ലിനു് പല്ലു് എന്ന, കരുണാനിധിയായ അല്ലാഹു, വെപ്പുപല്ലു് മാർക്കറ്റിൽ എത്തുന്നതിനു് മുൻപേ മുഹമ്മദ് നബിക്കു് ഇറക്കിക്കൊടുത്ത കല്പനപ്രകാരം സഖാവു് ജയരാജന്റെ നാക്കു് അറുത്തുമാറ്റി ദൈവനീതി നടപ്പാക്കാൻ ദയവുചെയ്തു് ശ്രമിക്കരുതു്. ഇതൊരു അപേക്ഷയാണു്. ചോരയുടെ മണമടിച്ച വന്യമൃഗങ്ങളുടെ പെരുമാറ്റം പ്രവചനാതീതമാണെന്നപോലെ, ജോസഫ് സാറിന്റെ കൈവെട്ടിമാറ്റി നേടിയ തൊഴിൽ പരിചയം ഏതേതു് പുതുമേഖലകൾ തേടാനാണു് സമാധാനം കാംക്ഷിക്കുന്ന ദൈവമക്കളെ പ്രേരിപ്പിക്കുന്നതെന്നു് തീർത്തു് പറയാൻ കഴിയാത്തതുകൊണ്ടുള്ള വിനീതമായ ഒരപേക്ഷ.
Jun 6, 2016, 8:31 AM
Gestapo ആയിരുന്നു നാത്സികളുടെ രഹസ്യപ്പോലീസ്. കമ്മ്യൂണിസ്റ്റ് റഷ്യയിൽ KGB-ക്കായിരുന്നു ആ സംരക്ഷണച്ചുമതല. കമ്മ്യൂണിസ്റ്റ് ജർമ്മനിയിൽ (DDR) “Shield and sword of the party” എന്ന തലയിലെഴുത്തുമായി ആ ജോലി നിർവ്വഹിച്ചിരുന്ന രഹസ്യപ്പോലീസ് Stasi എന്ന ഓമനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നതു്. വിദേശ- സ്വദേശവ്യത്യാസമില്ലാത്ത ചാരപ്രവൃത്തിയിലൂടെ “ജനത്തിന്റെ” സുരക്ഷിതത്വം ഉറപ്പാക്കുക എന്നതായിരുന്നു എല്ലാറ്റിന്റെയും ലക്ഷ്യം. പ്രോപഗാൻഡ വഴി ഈ സുരക്ഷിതത്വബോധം ജനത്തിനു് ലഭിക്കുകയും ചെയ്തിരുന്നു. അതിനാൽ, ഇലക്ഷൻ നടന്നാൽ, DDR-ൽ “സുരക്ഷിതജനം” നൂറു് ശതമാനത്തിനടുത്തു് വോട്ടുനൽകി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിക്കുമായിരുന്നു. മറ്റു് പാർട്ടികളെ വളരാൻ അനുവദിക്കാതിരുന്നാൽ അങ്ങനെ ചില ഗുണങ്ങളുണ്ടു്. മറ്റാരേയും വളരാൻ അനുവദിക്കാതിരിക്കുക എന്ന കല ഏറ്റവും ഭംഗിയായി ചെയ്യാൻ അറിയുന്നവരാണു്, കൊല, വ്യക്തിഹത്യ തുടങ്ങിയ ഏതു് മാർഗ്ഗവും ലക്ഷ്യത്തെ വിശുദ്ധീകരിക്കും എന്ന കാട്ടാളനീതിയെ ആദർശമാക്കി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകൾ.
പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, 1989-ൽ ബർലിൻമതിൽ വീണപ്പോൾ അണക്കെട്ടു് പൊട്ടി വെള്ളം കുത്തിയൊഴുകുന്നപോലെ ജനം ബൂർഷ്വാജർമ്മനിയിലേക്കു് ഒഴുകി. പത്തു് നാല്പതു് കൊല്ലം മുദ്രാവാക്യങ്ങൾ പാടിപ്പഠിപ്പിച്ച പ്രോലെറ്റേറിയൻ പാർട്ടിയെ പിൻഭാഗം കാണിച്ചിട്ടു് നാടുവിടാൻ തീരുമാനിച്ച നന്ദിയില്ലാത്ത തൊഴിലാളിവർഗ്ഗം! അന്നുമുതൽ ഇന്നുവരെ, ജോലി ചെയ്തു് ജീവിക്കുന്ന പശ്ചിമജർമ്മൻ “ബൂർഷ്വകൾ” സോളിഡാരിറ്റി സർച്ചാർജ് എന്നപേരിൽ നികുതിയുടെ നല്ലൊരംശം നൽകി, “റിയൽ സോഷ്യലിസം” വഴി കുട്ടിച്ചോറാക്കപ്പെട്ട പഴയ DDR-നെ “ബൂർഷ്വീകരിച്ചു”കൊണ്ടിരിക്കുന്നു.
ഇതൊക്കെയാണു് വസ്തുതകൾ എങ്കിലും, റിപ്പബ്ലിക് ഓഫ് കേരളയിലെ ചില കോൺക്രീറ്റ് തലകളിൽ ഇന്നും ക്യൂബ ഒരു ഐഡിയൽ റിപ്പബ്ലിക്കും, “കാസ്ട്രോ ഈസ് ആനോണറബിൾ മാനും” ആയതിനാൽ, കേരളത്തിലും താമസിയാതെ “കേസ്റ്റാപ്പോ” എന്നോ മറ്റോ പേരിൽ ഒരു രഹസ്യപ്പോലീസ് രൂപമെടുത്തുകൂടെന്നില്ല. ഇതു് സോഷ്യൽ മീഡിയകളുടെ കാലമായതിനാൽ റിക്രൂട്ടിംഗ് അവിടെ നിന്നും ആയിരിക്കാനാണു് സാദ്ധ്യത. കാരണം, യജമാനഭക്തി, ആക്രമണോത്സുകത തുടങ്ങിയ കാര്യങ്ങളിൽ അമേരിക്കൻ പിറ്റ് ബുൾ റ്റെറിയർ പോലും സല്യൂട്ടടിച്ചു് ലാൽ സലാം വിളിച്ചുപോകുന്നത്ര ഉയർന്ന വിധേയത്വയോഗ്യതകൾ കൂടാതെ, ആൾമാറാട്ടം, എട്ടുകാലി മമ്മൂഞ്ഞു് ചമയൽ, ശത്രുസങ്കേതങ്ങളിൽ നുഴഞ്ഞുകയറ്റം തുടങ്ങിയ ലളിതകലകളിൽ ഹൌഡിനിയെ തോല്പിക്കുന്ന മികവും തികവും കൈവരിച്ചിട്ടുള്ള ബോധിസ്വത്വങ്ങളുടെ ഒരു പൂൾ തന്നെയുണ്ടു് സോഷ്യൽ മീഡിയകളിൽ. അവരെയൊക്കെ ഒന്നു് ബഹുമാനിച്ചു് തുടങ്ങുന്നതു് നന്നായിരിക്കും. എന്തിനു് വെറുതെ ഉള്ള റേഷനരി ഇല്ലാതാക്കണം?
Jun 8, 2016, 11:59 AM
ഏതു് വിദ്യാലയവും അതിലെ അധ്യാപകരോളം മാത്രമേ നല്ലതായിരിക്കൂ. ജൂബയുടെ കൈക്കുള്ളിൽ ചൂരൽ വടിയും തിരുകി നടക്കുന്ന ഗുരുകുലകാല ഉഷ്കൂളുകളിലെ മുൻഷിമാർ മാത്രമല്ല, പോസ്റ്റ് മോഡേൺ യുഗത്തിലെ, രാഷ്ട്രീയം ചരിത്രം സാമ്പത്തികം സാമൂഹ്യം മതപരം തുടങ്ങിയ സമസ്തമേഖലകളും കയറിയിറങ്ങി വാചാലത തെളിയിക്കുന്ന പെരിപറ്റെറ്റിക്കുകളും ഇതറിഞ്ഞിരിക്കുന്നതു് നല്ലതാണു്. ഒറ്റമൂലിപരിഹാരങ്ങളുടെയും നിത്യസത്യവെളിപാടുകളുടെയും പുളിച്ചാർത്ത ഛർദ്ദിലുകൾ സ്വയം തിന്നുകയും വിദ്യാർത്ഥികളെ തീറ്റിക്കുകയും ചെയ്യലല്ല, ജീവിതകാലം മുഴുവൻ അർപ്പിതമനസ്സോടെ ഒരു വിദ്യാർത്ഥി ആയിരിക്കലാണു് യഥാർത്ഥത്തിൽ അധ്യാപനം എന്നു് മനസ്സിലാക്കാൻ അതു് സഹായിച്ചേക്കും.
Jun 9, 2016, 11:08 AM
അടിമസമ്പ്രദായം നിലനിന്നിരുന്ന കാലത്തു് ധനികരായ മനുഷ്യർ, സ്വന്തം ശരീരമല്ലാതെ മറ്റൊരു സമ്പത്തും ഇല്ലാത്ത സ്ത്രീകളെയും പുരുഷന്മാരെയും അടിമച്ചന്തകളിൽ പോയി കാളകളേയും പോത്തുകളേയുമെന്നപോലെ വിലപേശി പണം കൊടുത്തു് വാങ്ങി അടിമകളാക്കുന്നതായിരുന്നു രീതി. അവിശ്വസനീയം എന്നു് തോന്നിയേക്കാമെങ്കിലും, അടിമകൾ അവരെ വാങ്ങുന്നവർക്കു് അങ്ങോട്ടു് പണം കൊടുത്തു് അടിമത്വം ഏറ്റെടുക്കേണ്ടിവരുന്ന ഒരു രീതി ഭാരതം പോലുള്ള രാജ്യങ്ങളിൽ നിലവിലിരിക്കുന്നുണ്ടു്. അടിമകൾ സ്ത്രീകളെന്നും, അടിമപ്പണം സ്ത്രീധനം എന്നും, അടിമസമ്പ്രദായം കല്യാണമെന്നും, അടിമച്ചന്ത വിവാഹക്കമ്പോളമെന്നുമാണു് അറിയപ്പെടുന്നതു് എന്ന നോമിനൽ ആയ ചില വ്യത്യാസങ്ങൾ ഒഴിച്ചാൽ, രണ്ടും അടിമക്കച്ചവടം തന്നെ. അടിമയോടൊപ്പം പണവും സ്വന്തമാക്കാൻ “യജമാനനെ” അനുവദിക്കുന്ന ഒരു സാമൂഹ്യനീതി കണ്ടെത്തിയ ആ ഭാരതീയബുദ്ധിയെയാണു് നമ്മൾ നമിക്കേണ്ടതു്!
കറുത്തവരെ വെളുത്തവർ അടിമകളാക്കിയിരുന്ന പഴയ മാതൃകയിലും ഇന്നു് ഭാരതത്തിൽ അടിമക്കച്ചവടം നടക്കുന്നുണ്ടു്. ആ അടിമകളിലധികവും ബാലികാബാലന്മാരാണു്. രാസപദാർത്ഥങ്ങളുമായി ഇടപഴകേണ്ട തൊഴിലുകളിൽ പോലും യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ, മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യിക്കാനായി മാതാപിതാക്കൾക്കു് വില കൊടുത്തു് വാങ്ങുന്നവരും, അനാഥരായതിനാൽ ആർക്കും ഒന്നും കൊടുക്കാതെ പിടിച്ചുകൊണ്ടുപോകാൻ കഴിയുന്നവരുമായ ബാല്യവേലാടിമകൾ. ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച്ചു് ജോലി ചെയ്തു് ഏതാനും വർഷങ്ങൾക്കുള്ളിൽ രോഗികളായി ചാകേണ്ടിവരുന്ന ഭാരതീയ പൗരന്മാർ!
കൊളോണിയൽ കാലത്തെ സായിപ്പിന്റെ അടിമത്വത്തിൽ നിന്നും മോചനം നേടിയശേഷം ഭാരതം സാംസ്കാരികമായി വളരെയേറെ പുരോഗമിച്ചിട്ടുള്ളതിനാൽ, അടിമത്വത്തിനും അതിനനുസൃതമായ രൂപഭാവാന്തരങ്ങൾ സംഭവിക്കണമല്ലോ. സായിപ്പു് ഭാരതീയരെക്കൊണ്ടു് ഭാരതീയരുടെ നേരെ തോക്കുചൂണ്ടിച്ചു് കീഴ്പ്പെടുത്തി അവരെ ചൂഷണം ചെയ്തു, ഭാരതീയൻ ആലംബഹീനരായ ഭാരതീയരെ “അടിച്ചും ഇടിച്ചും തെറിവിളിച്ചും” കീഴ്പ്പെടുത്തി ചൂഷണം ചെയ്തു് സായിപ്പാവാൻ ശ്രമിക്കുന്നു!
Jun 10, 2016, 1:46 PM
ദൈവാസ്തിത്വത്തെ നിരസിക്കുന്നവർക്കു് ഭക്തരിൽ നിന്നും പലപ്പോഴും കേൾക്കേണ്ടിവരുന്ന ഒരു ചോദ്യമാണു്, ദൈവത്തിനു് പകരമായി മറ്റെന്താണു് നിങ്ങൾക്കു് മുന്നോട്ടു് വയ്ക്കാനുള്ളതെന്നു്. ഏതെങ്കിലുമൊരു ദൈവത്തിന്റെ പുറകെ ഓടാതെ മനുഷ്യർക്കെങ്ങനെ ജീവിക്കാൻ കഴിയും? അതാണവരുടെ ചിന്ത. സ്വന്തം ദൈവമാണു് അവരുടെ റെഫറൻസ് പോയിന്റ്. ആ ദൈവത്തിലുള്ള വിശ്വാസം എന്ന അടിത്തറയിൽ നിന്നുള്ള ഏതു് വ്യതിയാനവും സ്വന്തം ജീവിതത്തിൽ നികത്താനാവാത്ത ഒരു വിടവു് സൃഷ്ടിക്കുമെന്ന ഭയം മൂലമാണു് അവിടെത്തന്നെ തുടർന്നും നിൽക്കാൻ അവരിഷ്ടപ്പെടുന്നതു് (status quo bias). ദൈവത്തിനു് ഒരു ഓൾട്ടെർനേറ്റിവ് ലഭിക്കാൻ വേണ്ടിയല്ല, അങ്ങനെയൊരു ഓൾട്ടെർനേറ്റിവ് ഉണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല എന്ന ബോദ്ധ്യമാണു് അവരെക്കൊണ്ടു് ആ ചോദ്യം ചോദിപ്പിക്കുന്നതു്.
വിധിനിർണ്ണയത്തിനും തിരഞ്ഞെടുപ്പിനുമായി മനുഷ്യർ ഉപയോഗപ്പെടുത്തുന്ന രണ്ടുതരം കോഗ്നിറ്റീവ് സിസ്റ്റങ്ങളെപ്പറ്റി ഡാനിയേൽ കാനെമാൻ “തിങ്കിങ്, ഫാസ്റ്റ് ആൻഡ് സ്ലോ” എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ടു്. ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന ഒരു ഇന്റുയിറ്റീവ് സിസ്റ്റവും, പരിചിന്തനശേഷിയുള്ള (reflective) ഒരു റാഷണൽ സിസ്റ്റവും (system-1 and system-2). അത്യാവശ്യം ഗണിതം പഠിച്ചവർക്കു് മൂന്നും രണ്ടും കൂട്ടിയാൽ എത്രയെന്ന ചോദ്യത്തിനു് അഞ്ചു് എന്ന മറുപടി പറയാൻ പ്രത്യേകമൊരു പരിചിന്തനത്തിന്റെ ആവശ്യമില്ലാത്തതും, ഡ്രൈവിങ് അറിയാവുന്നവനു് റോഡിൽ ശ്രദ്ധിക്കുക എന്നതല്ലാതെ അക്സിലറേറ്ററും ബ്രേക്കും ഗിയറുമെല്ലാം എവിടെയാണെന്നു് പരതിക്കൊണ്ടിരിക്കേണ്ടി വരാത്തതും തുടർച്ചയായ പരിശീലനം വഴി അത്തരം ജോലികളുടെ നിയന്ത്രണം “സിസ്റ്റം-1” ഏറ്റെടുക്കുന്നതുകൊണ്ടാണു്. പരിശീലനത്തിലൂടെ “കണ്ഡീഷൻ” ചെയ്യപ്പെട്ടു് അനിയന്ത്രിതമായും, അനായാസമായും, അതിവേഗത്തിലും, ബോധപൂർവ്വമല്ലാതെയും, അസോസിയേഷനുകളിലൂടെയും പ്രവർത്തിക്കുന്ന ഈ സിസ്റ്റത്തിൽ നിന്നും വ്യത്യസ്തമായി, നിയമങ്ങളാൽ നയിക്കപ്പെടുന്ന “സിസ്റ്റം-2” പ്രവർത്തിക്കുന്നതു് ഇതിനെല്ലാം നേരെ വിപരീതമായാണു് – നിയന്ത്രിതം, തീക്ഷ്ണം, സാവധാനം, ബോധപൂർവ്വം, നിഗമനത്തിലൂടെ (deduction).
ദൈവത്തിലുള്ള വിശ്വാസവും കണ്ഡീഷൻഡ് റിഫ്ലക്സ് തത്വപ്രകാരം പ്രവർത്തിക്കുന്ന ഒരു പ്രതിഭാസം ആയതിനാലാണു്, ദൈവാസ്തിത്വം നിഷേധിക്കാൻ പര്യാപ്തമായതും, ഒന്നോ രണ്ടോ പുസ്തകങ്ങൾ എഴുതാൻ മതിയായതുമായ കാര്യങ്ങൾ ലളിതമായും ലോജിക്കലി കൺസിസ്റ്റന്റ് ആയും നാലോ അഞ്ചോ പേജിലായി ചുരുക്കി ആരെങ്കിലും എഴുതിയിരിക്കുന്ന ഒരു ലേഖനം കണ്ടാൽ, ലേഖകൻ ഒരു നാസ്തികനാണെന്നു് ശീലം വഴി സിസ്റ്റം-1-നു് അറിയാമെങ്കിൽ, അതു് വായിച്ചുപോലും നോക്കാതെ, അതിനെ നിഷേധിച്ചുകൊണ്ടുള്ള ഒരു മറുപടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ദൈവഭക്തനു് ഇരിക്കപ്പൊറുതി കിട്ടാത്തതു്. ആ ലേഖനം ശ്രദ്ധാപൂർവ്വം വായിക്കുകയും അതിനെപ്പറ്റി പരിചിന്തനം ചെയ്യുകയും ചെയ്യണമെങ്കിൽ സിസ്റ്റം-2-നെ കൂട്ടുചേർത്താലേ കഴിയൂ. അതാണെങ്കിൽ കഠിനവും ബോധപൂർവ്വവുമായതിനാൽ സാവധാനം മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണുതാനും. എപ്പോൾ വേണമെങ്കിലും എടുത്തുകാണിച്ചു് തടിതപ്പാൻ കഴിയുന്ന സ്റ്റീരിയോ ടൈപ് മറുപടികൾ സിസ്റ്റം-1-ന്റെ കൊട്ടകളും കൂടകളും നിറയെ ഉള്ളപ്പോൾ മനുഷ്യൻ എന്തിനു് വെറുതെ വായിച്ചും ചിന്തിച്ചും കഷ്ടപ്പെടണം? ഭക്തി ലോജിക്കിനു് സ്റ്റാറ്റസ് ക്വൊ ബയസിന്റെ ആശംസകൾ!
Jun 11, 2016, 11:07 AM
അമൃതാനന്ദമയിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നടക്കുന്നുണ്ടെന്നു് ആരോപിക്കപ്പെടുന്ന സാമ്പത്തികക്രമക്കേടുകളും, സംശയാസ്പദമായ ചുറ്റുപാടുകളിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളും വിശദമായ പരിശോധനകൾക്കു് വിധേയമാക്കി സത്യാവസ്ഥ തെളിയിക്കേണ്ടതു് അതിനുള്ള ചുമതല വഹിക്കുന്നവരുടെ ഉത്തരവാദിത്വമാണു്. പൊതുജനത്തിൽ നിന്നും ആരെങ്കിലും അക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഒരു കുറ്റകൃത്യം നടന്നു എന്ന വിവരമല്ലാതെ, കുറ്റാന്വേഷണം നടക്കണമെങ്കിൽ ആരെങ്കിലും അതു് പ്രത്യേകമായി ശ്രദ്ധയിൽ പെടുത്തിയിരിക്കണം എന്നൊരു നിർബന്ധം ലോകത്തിൽ ഏതെങ്കിലുമൊരു രാജ്യത്തിൽ ഉള്ളതായി കേട്ടിട്ടില്ല. ചില പ്രത്യേക താത്പര്യങ്ങൾ സംരക്ഷിക്കണം എന്നുള്ളവർ അത്തരം നിർദ്ദേശങ്ങൾ വയ്ക്കാൻ പൊതുജനത്തോടു് ആഹ്വാനം ചെയ്താൽ അതിൽ അത്ഭുതവുമില്ല. ചുമതലപ്പെട്ടവർ കുറ്റാന്വേഷണങ്ങളിൽ കാണിക്കുന്ന അനാസ്ഥയും, വരുത്തുന്ന പിഴവുകളും വഴി സംസ്ഥാനത്തു് നിലവിലിരിക്കുന്ന നിയമവാഴ്ച തന്നെയാണു് പ്രതിക്കൂട്ടിൽ കയറേണ്ടിവരുന്നതു്.
കുതിരയെയോ റാണിയെയോ രക്ഷപെടുത്താനായി കാലാളെ കുരുതികൊടുക്കുന്നതു് ചെസ്സ് കളിയിൽ ന്യായീകരിക്കാനാവുമെങ്കിലും, കുറ്റവാളിയെ രക്ഷപെടുത്താനായി നിരപരാധികളെ കുരുതി കൊടുക്കുന്ന തരം മഹാമനസ്കത, നിയമവാഴ്ച നിലവിലിരിക്കുന്ന ജനാധിപത്യസമൂഹങ്ങളിൽ അണികളെയോ കാണികളെയോ തൃപ്തിപ്പെടുത്താനായിപ്പോലും ആരും ചെയ്യാറില്ലാത്ത കാര്യമാണു്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കു് വരുന്ന മനുഷ്യർ സമ്പൂർണ്ണസാക്ഷരരുടെ നാട്ടിലെ കൊലയാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും കുറ്റകൃത്യങ്ങൾ ഏറ്റെടുക്കാനല്ല, അവർക്കൊരു ജീവിതം കെട്ടിപ്പടുക്കാൻ കഴിഞ്ഞേക്കുമെന്ന ആഗ്രഹവുമായി വരുന്നവരാണു്. അപ്പനും അമ്മയും മറ്റു് വേണ്ടപ്പെട്ടവരും ഉള്ളവരോ, ഉണ്ടായിരുന്നവരോ ആയ, നിന്നേയും എന്നേയും പോലുള്ള മനുഷ്യരാണവരും. അതുകൊണ്ടുതന്നെ, അവരിൽ കുറ്റവാളികളേ ഇല്ല എന്നൊന്നും ഇപ്പറഞ്ഞതിനു് അർത്ഥവുമില്ല.
സമ്പൂർണ്ണസാക്ഷരർക്കും ലോജിക്കൽ ഭക്തർക്കും അതു് മനസ്സിലായാലും ഇല്ലെങ്കിലും, കുറ്റം ചെയ്തവരാണു്, അവർക്കുവേണ്ടി മറ്റാരെങ്കിലുമല്ല ശിക്ഷ അനുഭവിക്കേണ്ടതെന്നതു് ഒരു മൗലികനീതിയാണു്. കാര്യങ്ങളുടെ കിടപ്പും നടപ്പും എന്തുകൊണ്ടു് ഇപ്പോൾ ആയിരിക്കുന്നതുപോലെ ആയിത്തീർന്നു എന്നു് മനസ്സിലാക്കാൻ, അഴിമതിയുടേയും കുറ്റകൃത്യങ്ങളുടേയും ഭാരം ചുമക്കുന്നവരെ മുഴുവൻ എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയാൽ കേരളത്തിൽ എത്ര നേതാക്കളും എത്ര ഉദ്യോഗസ്ഥരും ബാക്കി വരും എന്നും, അവരെ ഒഴിവാക്കാൻ ശ്രമിച്ചാൽ അതിനെതിരായി കൊടിപിടിയ്ക്കാനും, “കളങ്കമില്ലാത്ത സ്വന്തക്കാർക്കുവേണ്ടി രക്തം ചിന്താനും” തയ്യാറായി എത്ര ആയിരങ്ങൾ തെരുവിലിറങ്ങുമെന്നും ആലോചിച്ചാൽ മതി.
ഇപ്പറഞ്ഞ കാര്യങ്ങൾ നിലനിൽക്കെത്തന്നെ, എന്റെ അഭിപ്രായത്തിൽ, അമൃതാനന്ദമയിയും, അവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിൻതുണയ്ക്കുന്നവരും കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുന്ന, അക്ഷന്തവ്യം എന്നു് മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യം, കേരളസമൂഹത്തിനോടു്, പ്രത്യേകിച്ചും അതിലെ യുവതലമുറയോടു് അവർ ചെയ്യുന്ന ബൗദ്ധികമായ വ്യഭിചാരമാണു്.
ശാസ്ത്രീയമനോഭാവത്തേയും മാനുഷികത്വത്തേയും അന്വേഷണോത്സാഹത്തേയും പരിഷ്കരണത്തേയും വളർത്തുക എന്നതു് ഓരോ ഇൻഡ്യൻ പൗരന്റേയും കടമ ആയിരിക്കണമെന്നു് ഇൻഡ്യൻ ഭരണഘടന പ്രസ്താവിക്കുന്നു. അമൃതാനന്ദമയി ആയി രൂപാന്തരപ്പെട്ട സുധാമണിയുടെ – അക്കാര്യത്തിനു്, മറ്റേതു് ആൾദൈവങ്ങളുടെയോ, ആളല്ലാത്ത ദൈവങ്ങളുടെയോ – സന്നിധാനത്തിൽ എത്തുന്ന ഒരു ഇൻഡ്യൻ പൗരനു്, പണം പിടുങ്ങി കീശ വീർപ്പിക്കാനുള്ള തന്ത്രങ്ങളുമായി കാത്തിരിക്കുന്ന കുറേ ഷാർലറ്റനുകളെയല്ലാതെ, എന്തു് ശാസ്ത്രബോധമാണു്, എന്തു് മാനവികതയാണു്, എന്തു് അന്വേഷണദാഹമാണു്, എന്തു് നവീകരണശ്രമമാണു് അവിടെ കാണാൻ കഴിയുന്നതു്, അല്ലെങ്കിൽ, അവിടെ നടത്താൻ കഴിയുന്നതു്? കുറേ ചെപ്പടിവിദ്യക്കാർക്കു് ദൈവികപരിവേഷം ചാർത്തിക്കൊടുത്തതുകൊണ്ടു് എന്തു് ബൗദ്ധികവികസനമാണു് ഒരു സമൂഹത്തിനു് കൈവരിക്കാൻ കഴിയുന്നതു്?
ലോജിക് എന്നാൽ എന്തെന്നോ, റീസൺ എന്നാൽ എന്തെന്നോ അറിയാതെ, “യുക്തിപൂർവ്വം ഭക്തരാവണം” എന്നും മറ്റുമുള്ള പമ്പരവിഡ്ഢിത്തം പ്രഘോഷിക്കുന്ന കുറേ മരത്തലകളെ സൃഷ്ടിച്ചിട്ടുള്ളതല്ലാതെ, ഭരണഘടന ആഹ്വാനം ചെയ്യുന്നവിധത്തിൽ ഇൻഡ്യൻ സമൂഹത്തെ എൻലൈറ്റെൻ ചെയ്യാൻ ഉതകുന്ന എന്തു് നടപടികളാണു് ഈ “അമ്മയോ” മറ്റു് ആൾദൈവങ്ങളോ കൈക്കൊണ്ടിട്ടുള്ളതു്? മോക്ഷംതേടികളിൽ നിന്നും, ധനികരാഷ്ട്രങ്ങളിൽ നിന്നും ഒപ്പിച്ചതിന്റെ നേരിയ ഒരംശം വല്ല അഗതികൾക്കും നക്കാപ്പിച്ചയായി നൽകി പത്രങ്ങളിലൂടെ “കരുണാർദ്രത” പ്രദർശിപ്പിക്കുന്നതു് ശാസ്ത്രബോധം വളർത്തലോ, മാനവികതയോ, സാമൂഹിക നവീകരണമോ, എൻലൈറ്റെന്മെന്റോ അല്ല, അതു് കച്ചവടമാണു്. ഭാരതം പോലെ, അജ്ഞതയിൽ അഭിരമിക്കുന്ന ഒരു സമൂഹത്തിൽ, തുടങ്ങിയാൽ സ്വയം പടർന്നു് പന്തലിച്ചുകൊള്ളുന്ന, കാര്യമായ മുതൽമുടക്കൊന്നുമില്ലാത്ത ആത്മീയക്കച്ചവടം.
Jun 14, 2016, 9:42 AM
“Pray for the souls!”
ഒരക്ഷരത്തിന്റെ വ്യത്യാസമില്ലായിരുന്നെങ്കിൽ – pray എന്നതിനു് പകരം prey ആയിരുന്നെങ്കിൽ – ഈ ആത്മീയവചനം ഒരു സാര്‍വ്വലൗകിക സത്യമായിരുന്നേനെ! Prey for the souls! ആത്മാക്കൾക്കു് വേണ്ടതു് ഇരകളെയാണു്. “വിശുദ്ധാത്മാക്കൾ” വിശ്വസ്താത്മാക്കളായ കഴുതകളെ നിത്യസ്വർഗ്ഗത്തിന്റേയും നല്ലനാളെകളുടെയും സാങ്കല്പിക ക്യാരട്ടുകൾ കാണിച്ചു് പുറകെ നടത്തി ചൂഷണം ചെയ്യുന്നു; വിശുദ്ധാത്മാക്കൾ ഘോഷിക്കുന്ന വ്യവസ്ഥിതിയിൽ ഫിറ്റാവാത്ത അശുദ്ധാത്മാക്കളെ ഉന്മൂലനം ചെയ്തു് വിശ്വസ്താത്മാക്കൾ സങ്കല്പസ്വർഗ്ഗത്തിലെ ക്യാരട്ടുകൾ നേടുന്നതിനുള്ള അവരുടെ യോഗ്യത തെളിയിക്കുന്നു.
Jun 23, 2016, 12:11 PM
പണ്ടു് പണ്ടു്, 2007ന്റെ മദ്ധ്യത്തിൽ, ഞാൻ മലയാളം ബ്ലോഗുലകത്തിലേക്കു് വലതുകാൽ വച്ചു് കയറിയ കാലത്തു് കേരളത്തിൽ സ്വന്തമായി വൃദ്ധമന്ദിരങ്ങൾ സ്ഥാപിക്കുന്നതിനെപ്പറ്റി ഇന്റെൻസീവ് ആയ ചില ചർച്ചകൾ നടന്നിരുന്നു. ഇതിനിടെ കാഞ്ഞു് പോയിട്ടില്ലെങ്കിൽ അവരൊക്കെ ഇപ്പോൾ കേരളത്തിലെ സുഖവാസപ്രദേശങ്ങളിൽ സ്വിമ്മിങ് പൂളും, ഗോൾഫ് ഫെസിലിറ്റിയുമൊക്കെയുള്ള സ്വന്തം വൃദ്ധസദനങ്ങളിൽ അല്ലലറിയാതെ വസിക്കുന്നുണ്ടാവണം.
നിങ്ങൾ എന്നോടു് ചോദിച്ചാൽ, അക്കാലമായിരുന്നു ബ്ലോഗുലകത്തിന്റെ സുവർണ്ണകാലം എന്നേ ഞാൻ പറയൂ. റഷ്യയിലും ചൈനയിലുമെല്ലാം റിയലായി നടന്നതുപോലുള്ള “റീ-എജ്യുക്കേഷന്റെ” ഒരു വിർച്വൽ മോഡൽ ബ്ലോഗിൽ ഉടനീളം കാണാമായിരുന്നു. റാഗിങ് എന്നൊക്കെപ്പറഞ്ഞാൽ അക്കാലത്തെ റാഗിങ് ആയിരുന്നു റാഗിങ്! വിർച്വൽ സെക്റ്റുകൾ അധോലോകമാതൃകയിലായിരുന്നു എതിർസെക്റ്റുകളെ ആക്രമിച്ചു് നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതു്! സ്വന്തം ഐഡിയോളജിക്കൽ/തിയോളജിക്കൽ നിലപാടുകളുമായി പൊരുത്തപ്പെടാത്ത കവിതയോ കഥയോ ലേഖനമോ എഴുതുന്നവരുടെ കഴുത്തിൽ കഴുതപ്പുലികളെ തോല്പിക്കുംവിധം “ലിറ്റെറാറ്റി” സംഘം ചേർന്നു് ചവണപ്പിടി പിടിച്ചു് മിണ്ടാതാക്കുന്നതു് ആരെയും രോമാഞ്ചകുഞ്ചു ആക്കുന്നത്ര മഹത്തായ ഒരു കലയായിരുന്നു. വിർച്വൽ “വ്യഭിചാരികളെ” വിർച്വൽ സദാചാരികൾ വിർച്വലായി കല്ലെറിഞ്ഞുകൊല്ലുന്നതു് ബ്ലോഗിൽ ഒരു അസാധാരണത്വമേ അല്ലായിരുന്നു.
അതൊന്നും ഇന്നില്ലെന്നല്ല. പക്ഷേ, ഇപ്പോൾ റാഗിങ് വിദഗ്ദ്ധരുടെ എണ്ണവും എരിവും കുറഞ്ഞുകൊണ്ടിരിക്കുന്നതിനാലാവാം, പണ്ടത്തെ ആ ഒരു ശൗര്യം ഇന്നു് അനുഭവപ്പെടുന്നില്ല. ഒരുപക്ഷേ അവർ റിയൽ വേൾഡിലെ കൂടുതൽ ത്രില്ലിങ് ആയ റാഗിങ് രീതികളിലേക്കു് ശ്രദ്ധ തിരിച്ചതാവാനും മതി. റാഗിങ് എന്ന പേരിൽ ഒരു ദളിതു് വിദ്യാർത്ഥിനിയെ മറ്റു് രണ്ടു് വിദ്യാർത്ഥിനികൾ ചേർന്നു് ടൊയ്ലെറ്റ് ക്ലീനർ കുടിപ്പിച്ചതിന്റെ വാർത്ത കേട്ടാൽ, മൃഗീയമായ ആ കുറ്റകൃത്യത്തെ നിരുപാധികം അപലപിക്കുന്നതിനും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നു് ആവശ്യപ്പെടുന്നതിനും പകരം, ഏതേതു് പാർട്ടികൾ പ്രതികരിച്ചില്ല, ഏതേതു് ജാതികൾ പ്രതികരിച്ചില്ല എന്നതിന്റെ കണക്കെടുക്കാൻ തിടുക്കപ്പെടുന്ന ഒരുവൻ/ഒരുവൾ എത്രമാത്രം പെർവെർട്ട് ആയിരിക്കുമെന്നു് ചിന്തിച്ചാൽ മതി. “സെൽഫ്-അഗ്രാൻഡൈസിങ്” ഇഡിയറ്റ്സ്!
“Enlightenment is man’s emergence from his self-imposed immaturity” എന്നു് ഇമ്മാന്വേൽ കാന്റ്. മറ്റൊരുവനാൽ നയിക്കപ്പെടാതെ സ്വബുദ്ധിയെ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാണു് ബാല്യാവസ്ഥ. ബാല്യാവസ്ഥ (അപക്വത) ഒരു സ്വയംകൃതകുറ്റമാകുന്നതു്, ഗ്രഹണശേഷിക്കു് കുറവില്ലാതിരുന്നിട്ടും മറ്റൊരുവന്റെ സഹായത്താലല്ലാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കാനുള്ള ധൈര്യക്കുറവും സ്ഥിരതയില്ലായ്മയും മൂലമാണു്. അതുകൊണ്ടാണു് “അറിയാൻ ധൈര്യപ്പെടുക!” (Sapere aude!) എന്നു് കാന്റ് ആഹ്വാനം ചെയ്യുന്നതു്.
എന്തു് കുറ്റത്തിന്റെ പേരിലായാലും, മനുഷ്യജീവികളുടെ മുഖത്തേക്കു് ആസിഡ് കോരിയൊഴിക്കാനും, അവരുടെ അടിവയറ്റിലേക്കു് കമ്പിപ്പാര കയറ്റാനും, അവരെക്കൊണ്ടു് ടോയ്ലെറ്റ് ക്ലീനർ കുടിപ്പിക്കാനും, രാഷ്ട്രീയപ്രതിയോഗികളെ അറുകൊല ചെയ്യാനും ചെയ്യിക്കാനുമെല്ലാം കഴിയണമെങ്കിൽ കാന്റിയൻ മാതൃകയിലുള്ള ഒരു അപക്വമനസ്സു് മാത്രമുണ്ടായാൽ പോരാ, നല്ലൊരളവു് മാനസികവൈകൃതവും കൂടി ഉണ്ടായിരിക്കണം. ചികിത്സ കൊണ്ടുപോലും മാറാൻ സാദ്ധ്യതയില്ലാത്ത അത്തരം മാനസികവൈകൃതങ്ങൾ എൻലൈറ്റെന്മെന്റ് കൊണ്ടു് ഭേദമാക്കാൻ കഴിയുമെന്നു് കരുതുന്നതും വ്യാമോഹം മാത്രമായിരിക്കും.
Jun 24, 2016, 2:49 PM
മരിച്ചതോ, മരിച്ചു എന്നു് വിശ്വസിക്കപ്പെടുന്നതോ ആയ ഒരു മനുഷ്യന്റെ ശരീരം ദുരൂഹമായ സാഹചര്യത്തിൽ, കണ്ടെടുക്കാൻ പറ്റാത്തവിധം അപ്രത്യക്ഷമായാൽ, അവൻ ഉയിർത്തെഴുന്നേറ്റു് സ്വർഗ്ഗത്തിലേക്കു് പോയി എന്നു് പറഞ്ഞു് പരത്താൻ വലിയ ബുദ്ധിമുട്ടില്ല. സാക്ഷ്യം പറയാൻ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്തണമെന്നേയുള്ളു. മതസ്ഥാപകർ സ്വപ്നത്തിൽ പോലും സങ്കല്പിച്ചിരിക്കാൻ സാദ്ധ്യതയില്ലാത്ത സിദ്ധാന്തങ്ങൾ അവരുടെ മരണശേഷം ഭാവനാസമ്പന്നരായ മുൻനിര അനുയായികൾക്കു് വ്യാഖ്യാനങ്ങൾവഴി അവരുടെ വായിൽ തിരുകാൻ കഴിയുന്നതും, പിൻനിര അനുയായികൾ അവയെല്ലാം കൈമൊത്തിന്റേയും കാൽമൊത്തിന്റേയും അകമ്പടിയോടെ ഭയഭക്തിപുരസ്സരം ഏറ്റുവാങ്ങി വിഴുങ്ങുന്നതും അതുകൊണ്ടാണു്. ബൈബിൾ പറയുന്നതു് സത്യമാണെങ്കിൽ, ഹാനോക്, ഏലിയ, യേശു എന്നിവരെല്ലാം ഉടലോടെ സ്വർഗ്ഗത്തിലേക്കു് എടുക്കപ്പെട്ടവരാണു്. കൊൺസ്പിരസി തിയറികൾ, മറ്റിനം ഭാവനാസൃഷ്ടികൾ എന്നിവപോലെതന്നെ, മതപരവും രാഷ്ട്രീയവുമായ പ്രവചനങ്ങൾക്കും ഉപരിപ്ലവതയിൽ സംതൃപ്തരായ മനുഷ്യരുടെയിടയിൽ എന്നും നല്ല ഡിമാൻഡുണ്ടായിരുന്നു.
ലോകത്തിൽ ജീവജാലങ്ങൾ ഉണ്ടായകാലം മുതൽ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു ബിസ്നസ് തന്ത്രമാണു് ഡിമാൻഡ് നോക്കി സപ്ലൈ ചെയ്യുക എന്നതു്. മനുഷ്യരടക്കമുള്ള ജീവികളൊന്നും പിടിച്ചു് തിന്നാനില്ലായിരുന്നെങ്കിൽ, “ഡിസ്പ്രൊപ്പോർഷണൽ” ആയി പെറ്റു് പെരുകാൻ മത്തികൾ തീരുമാനിക്കുമായിരുന്നു എന്നു് തോന്നുന്നില്ല. മത്തികളുടെ ലോകത്തിൽ സ്വയം നശീകരണത്തിനുള്ള ലോകമഹായുദ്ധങ്ങളോ വർഗ്ഗസമരങ്ങളോ ഇല്ല എന്ന വസ്തുതയുടെ വെളിച്ചത്തിൽ ഒന്നു് ചിന്തിച്ചു് നോക്കൂ. കടലുകളിൽ “എവിടെത്തിരിഞ്ഞൊന്നു് നോക്കിയാലും അവിടെല്ലാം” മത്തികൾ, മത്തികൾ മാത്രം! നിയന്ത്രണമില്ലാതെ പെറ്റു് പെരുകുന്ന മത്തികൾ! ആ ഒരു സാഹചര്യത്തിൽ കടലിലെ സുന്നികളും, ഷിയകളും, കത്തോലിക്കരും, പ്രോട്ടെസ്റ്റന്റുകളും, ബ്രാഹ്മണരും, ദളിതരുമെല്ലാം എവിടേക്കു് പോകും?
മുയലുകളുടെ കാര്യവും അതുപോലെ തന്നെ. വേട്ടക്കാരൻ കാടടച്ചു് വെടിവയ്ക്കുന്നതു് മുയലുകൾക്കു് സഹിക്കാൻ കഴിയുന്ന കാര്യമല്ല. വേട്ടക്കാരൻ കൃത്യമായി തന്റെ നെഞ്ചിലേക്കു് തന്നെ വെടിവയ്ക്കുന്നതാണു് ഏതു് മുയലിനും ഇഷ്ടം. ജിഹാദിയുടെ അന്ത്യസമയത്തെ അല്ലാഹു അക്ബർ വിളിപോലെ, “കൊള്ളാം സാറേ” എന്നു് വേട്ടക്കാരനോടു് ഞരങ്ങിക്കൊണ്ടു് അന്ത്യശ്വാസം വലിക്കാൻ കഴിയുക എന്നതാണു് ഏതൊരു മുയലിന്റെയും സായുജ്യം. ഭാരതീയൻ അതിനെ വിധിയെന്നോ, കർമ്മമെന്നോ ഒക്കെ വിളിയ്ക്കും. Destiny എന്നു് സായിപ്പു്. മാറ്റാൻ കഴിയാത്ത “Destiny”-യെ മോക്ഷം എന്നു് വിളിച്ചു് സ്വയം ആശ്വസിപ്പിക്കുക എന്നതു് ചില ഭാരതീയരുടെ കാഴ്ചപ്പാടിൽ “തത്വചിന്ത” പോലുമാണു്.
Brexit-ന്റെ കാര്യവും ഇതിൽ നിന്നും ഭിന്നമല്ല. ഗ്രേറ്റ് ബ്രിട്ടൺ “Brexit”-നു് തീരുമാനിച്ച സ്ഥിതിക്കു് അതിലേക്കു് നയിച്ച കാരണങ്ങൾ അപഗ്രഥനം ചെയ്യൽ വലിയ പ്രയാസമുള്ള കാര്യമല്ല. “Afterwards one is always wiser”. അതേസമയം, ആ തീരുമാനത്തിന്റെ പരിണതഫലങ്ങൾ പ്രവചിക്കുക എന്നതു് അത്രതന്നെ എളുപ്പമല്ല. അല്ലെങ്കിൽ നിങ്ങൾ “ലീനിയർ” ആയ ഒരു ചരിത്രഗതിയിൽ വിശ്വസിക്കുന്ന മാർക്സോ, ഇ. എം. എസോ, പ്രവാചകനോ, പ്രവാചകഭക്തനോ മറ്റോ ആയിരിക്കണം.
Jun 26, 2016, 9:42 AM
വെറ്റെറിനറി ഡോക്ടേഴ്സ് ഹോമിയോ ചികിത്സക്കു് തയ്യാറെടുക്കുകയാണെന്നു് വാർത്ത. ഹോമിയോ രീതിയിൽ മൃഗങ്ങളെ ചികിത്സിക്കാനാണു് അവർ ലക്ഷ്യമിടുന്നതെന്നു് തോന്നുന്നു. ഭാരതത്തിന്റെ തനതു് സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അവരുടെ ചികിത്സ മൃഗങ്ങളിൽ മാത്രമായി ഒതുക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല എന്നാണെന്റെ അഭിപ്രായം. മൃഗങ്ങളെപ്പോലെതന്നെ മനുഷ്യരെയും ചികിത്സിക്കാനുള്ള അനുവാദം നിയമപരമായിത്തന്നെ വെറ്റെറിനറി ഡോക്ടേഴ്സിനു് നൽകേണ്ടതാണു്. അതുപോലെതന്നെ, മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടേഴ്സിനു് മൃഗങ്ങളെയും ചികിത്സിക്കാൻ അനുവാദം നൽകണം. ചികിത്സാരീതികളിൽ ഹോമിയോപ്പതി എന്നോ അല്ലോപ്പതിയെന്നോ ഉള്ള തരംതിരിവുകളുടെയൊന്നും യാതൊരു ആവശ്യവുമില്ല. പൊതുവേതന്നെ, ആയുർവേദം, സിദ്ധ, ഹോമിയോപ്പതി, യുനാനി, യോഗ (ASHUY) തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ആർക്കും ആരെയും എപ്പോഴും ചികിത്സിക്കാൻ കഴിയണം.
അങ്ങനെയുള്ള വ്യത്യാസങ്ങളൊന്നും ഇല്ലാതിരിക്കുന്നതായിരിക്കും ഭാരതത്തിലെ ജനങ്ങൾക്കു് കൂടുതൽ ഇഷ്ടവും. ബ്രാഹ്മണൻ, ദളിതൻ തുടങ്ങിയ തരംതിരിവുകൾ പണ്ടേതന്നെ ഇഷ്ടമുള്ളവരല്ല അവർ. ആ നിലപാടു് അത്ര അർത്ഥശൂന്യമല്ലതാനും. ചങ്കും കരളും, എല്ലും പല്ലും. കണ്ണും മൂക്കുമെല്ലാം മനുഷ്യർക്കുള്ളതുപോലെതന്നെ മൃഗങ്ങൾക്കുമുണ്ടു്. അങ്ങനെയൊരു ആദ്ധ്യാത്മിക കാഴ്ചപ്പാടിൽ നിന്നു് നോക്കിയാൽ, മനുഷ്യൻ തന്നെ മൃഗം, മൃഗം തന്നെ മനുഷ്യൻ എന്ന സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ആരെ, എന്തിനെ, എങ്ങനെ, എന്തുകൊണ്ടു് ചികിത്സിച്ചാലെന്തു് രോഗം മാറിയാൽ പോരേ എന്ന അവരുടെ ചോദ്യം അത്ര അന്യായമല്ലെന്നു് സാരം.
Jun 27, 2016, 11:09 AM
“ഒവ്വ!”
മലയാളിയുടെ ഒരു തനതു് പ്രയോഗം മറക്കാതിരിക്കാൻ സൂചിപ്പിച്ചെന്നേയുള്ളു.
Jun 27, 2016, 2:45 PM
കെമിക്കൽസ് കണ്ടുപിടിക്കുന്നതിനു് മുൻപു് ആളുകൾ 120 വയസ്സ് വരെ ജീവിച്ചിരുന്നെന്നു് കേരളസംസ്ഥാനത്തിലെ കൃഷി മന്ത്രി.
ചില സൂക്ഷ്മഭേദങ്ങൾ ഒഴിവാക്കിയാൽ മന്ത്രി പറഞ്ഞതിൽ വലിയ തെറ്റുണ്ടെന്നു് തോന്നുന്നില്ല. പഴയ സുവർണ്ണകാലത്തിൽ ആളുകൾ 120 വയസ്സു് വരെയല്ല, 120 വയസ്സിനു് മേൽ ജീവിച്ചിരിക്കുമായിരുന്നു. വരെ എന്നതിനു് പകരം, അതുക്കും മേലെ എന്നായിരുന്നെങ്കിൽ മന്ത്രിയുടെ പ്രസ്താവനയ്ക്കു് A+ ലഭിച്ചേനെ! സത്യചരിത്രങ്ങൾ സത്യവെളിപാടുകളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന സത്യഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ആർക്കും ഈ സത്യം മനസ്സിലാക്കാവുന്നതേയുള്ളു.
ബൈബിളിലെ ഒന്നാനാം മനുഷ്യനായ ആദാം 930 വർഷമാണു് ജീവിച്ചിരുന്നതു്. 130 വയസ്സുള്ളപ്പോഴാണു് ശേത്ത് എന്ന മൂന്നാമത്തെ മകനെ ആദാം ജനിപ്പിക്കുന്നതു്. അതിനു് മുൻപു് എപ്പോഴോ കയീൻ, ഹാബെൽ എന്ന രണ്ടു് മക്കളെയും ആദാം ജനിപ്പിച്ചിരുന്നു. പക്ഷേ, ഏതാനും ദശാബ്ദങ്ങൾക്കു് മുൻപത്തെ കേരളസമൂഹത്തിൽ എന്നപോലെതന്നെ, സൃഷ്ടിയും സംഹാരവുമെല്ലാം എപ്പോൾ എങ്ങനെ എന്നൊക്കെ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന രീതി, ചുരുങ്ങിയതു് ആദാമിന്റെ ആദ്യകാലത്തെങ്കിലും ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. ചരിത്രഗതി ഈവിധം ആവുമെന്നൊക്കെ ഗണിക്കാൻ അന്നു് ജ്യോതിഷികളില്ലായിരുന്നല്ലോ. ഈ ശേത്ത് 912 വർഷം ജീവിച്ചു. 105 വയസായപ്പോൾ ശേത്ത് എനോശിനെ ജനിപ്പിച്ചു. അങ്ങനെ ഏറിയോ കുറഞ്ഞോ ഒൻപതു് നൂറ്റാണ്ടുകൾവീതം ജീവിച്ച തലമുറകളിലെ ഒരു കണ്ണിയാണു് മഹാപ്രളയകാലത്തെ നോഹ. ശേം, ഹാം, യാഫെത്ത് എന്ന തന്റെ മൂന്നു് ആണ്മക്കളെ നോഹ ജനിപ്പിക്കുന്നതു് അഞ്ഞൂറു് വയസ്സു് കഴിഞ്ഞ ശേഷമാണു്. ആദാമിനെയും ശേത്തിനേയുമൊക്കെ വച്ചു് നോക്കുമ്പോൾ മക്കളെ ജനിപ്പിക്കുന്ന കാര്യത്തിൽ നോഹ അത്ര ഉത്സാഹിയല്ലായിരുന്നിരിക്കണം. മനുഷ്യർ ആയിരം വർഷമൊക്കെ ജീവിക്കുന്ന ലോകത്തിൽ എന്തിനു് ധൃതി പിടിക്കണം എന്നു് കരുതിയാണോ നോഹ അമാന്തിച്ചതു് എന്നറിയില്ല. അതെന്തായാലും, ആ കാലഘട്ടത്തിലാണു് ദൈവമായ യഹോവ മനുഷ്യരുടെ ആയുസ്സു് 120 വർഷമായി ചുരുക്കാൻ തീരുമാനിച്ചതു്. ബൈബിളിലെ മറ്റു് ആരംഭകാലപിതാക്കൾ എത്രയെത്ര നൂറ്റാണ്ടുകൾ വീതമാണു് ജീവിച്ചിരുന്നതു് എന്നറിയേണ്ടവർക്കു് ഉല്പത്തി അഞ്ചാം അദ്ധ്യായം വായിച്ചു് ജ്ഞാനദാഹം ശമിപ്പിക്കാം.
മനുഷ്യരുടെ വയസ്സിന്റെ കാര്യത്തിൽ ബൈബിളിനെ കടത്തിവെട്ടുന്നതാണു് ഭാരതീയരുടെ പുരാണങ്ങൾ. അവിടെ ചിലർക്കൊന്നും മരണമേയില്ല. ചിരമായി ജീവിക്കുന്നവരാണവർ! പുരാണങ്ങൾ പരതിയാൽ മിനിമം ഒരു അയ്യരുകളിക്കുള്ള ചിരഞ്ജീവികളെയെങ്കിലും കണ്ടെത്താൻ ബുദ്ധിമുട്ടു് വരില്ല. ചിരഞ്ജീവി കരുണാനിധി, ചിരഞ്ജീവി വീരപാണ്ഡ്യകട്ടബൊമ്മൻ എന്നൊക്കെ ബഹുമാനസൂചകമായി വിശേഷിപ്പിക്കപ്പെടുന്ന ചിരഞ്ജീവികളല്ല, കല്ലിൽ വച്ചു് ചതച്ചാലും ചാകാത്ത, വേണമെങ്കിൽ യേശുവിനോടോ മറ്റോ മാത്രം താരതമ്യം ചെയ്യാൻ കഴിയുന്ന, എന്നെന്നേക്കും ജീവിക്കുന്ന സാക്ഷാൽ ചിരഞ്ജീവികൾ!
പാമ്പു് കടിയേറ്റും, വിഷഫലങ്ങളും വിഷക്കൂണുകളും മറ്റും തിന്നും മനുഷ്യർ പണ്ടും തട്ടിപ്പോയിട്ടുണ്ടു്. പക്ഷേ, “കെമിക്കൽസ്” കണ്ടുപിടിക്കുന്നതിനു് മുൻപു് അവയിലെ കെമിക്കൽസ് ആണു് ഘാതകർ എന്നു് ആർക്കുമറിയുമായിരുന്നില്ല എന്നേയുള്ളു. പാമ്പു് കടിച്ചു, തട്ടിപ്പോയി, അത്രതന്നെ! തട്ടിപ്പോയവനോ, അവന്റെ കഴിഞ്ഞുപോയ തലമുറകളിൽ പെട്ട ആരെങ്കിലുമോ ചെയ്തതും, ഉടനടി ശിക്ഷ നൽകാൻ എന്തുകൊണ്ടോ ആരാധനാമൂർത്തിക്കു് കഴിയാതെ പോയതുമായ പാതകത്തെപ്പറ്റി കൃത്യമായ വിവരം കൈവശമുള്ള ഒന്നോ രണ്ടോ സഹൃദയരെ ഏതു് സമൂഹത്തിലും കാണാനാവും. അവരുടെ സാക്ഷ്യം വഴി പാമ്പുകടിയേറ്റു് അവൻ മരിക്കേണ്ടിവന്നതിന്റെ പിന്നിലെ ദൈവനീതി പൊതുവിനു് ബോദ്ധ്യപ്പെടും. ആരാധനാമൂർത്തിയുടെ കോപശമനം! ജനം അതോടെ സംതൃപ്തരായി പിറ്റേന്നു് മുതൽ പതിവുപോലെ വാഴ നടാനായി പറമ്പിലേക്കു് പോകും.
കെമിക്കൽസ് കണ്ടുപിടിക്കുന്നതിനു് മുൻപു് ആളുകൾ 120 വയസ്സ് വരെ ജീവിച്ചിരുന്നു എന്നൊരു “മിനിമലിസ്റ്റ്” പ്രസ്താവന കേൾക്കുമ്പോൾ അതിനു് മുൻപു് കെമിക്കൽസേ ഇല്ലായിരുന്നു എന്നൊരു ധാരണ ജനത്തിനുണ്ടായിക്കൂടെന്നില്ല. പരിധിവിട്ടു് പട്ടയടിച്ചു് പാമ്പാവുന്ന ഏർപ്പാടു് മനുഷ്യരുടെയിടയിൽ പണ്ടും ഉണ്ടായിരുന്നു. “C2H6O” എന്നൊരു കെമിക്കലാണു് പട്ട/ആൽക്കഹോൾ. മേൽപ്പറഞ്ഞ നോഹ തന്നെ പ്രളയശേഷം മുന്തിരിത്തോട്ടം നട്ടുണ്ടാക്കി വീഞ്ഞുകുടിച്ചു് ബോധം കെട്ടു് തുണിയില്ലാതെ കിടന്നുറങ്ങിയിരുന്നു എന്നും, ഹാം എന്ന മകൻ അവന്റെ നഗ്നത കണ്ടു എന്നും, അതിന്റെ പേരിൽ നോഹ ഹാമിന്റെ മകനായ കനാനെ ശപിച്ചു എന്നുമൊക്കെ ബൈബിൾ വിവരിക്കുന്നുണ്ടു്. നഗ്നത കണ്ടവനെയല്ല, അവന്റെ മകനെയാണു് നോഹ ശപിക്കുന്നതു്! ഈ നോഹ മാത്രമായിരുന്നു ഭൂമിയിലെ ഒരേയൊരു നല്ലവൻ എന്നതുകൊണ്ടാണു് ലോകത്തിലെ സകല പാപികളെയും പ്രളയത്തിൽ മുക്കിക്കൊന്നപ്പോൾ അവനേയും കുടുംബത്തേയും മാത്രം യഹോവ പെട്ടകത്തിൽ കയറ്റി രക്ഷപെടുത്തിയതു് എന്നോർത്താലേ ദൈവികമായ നീതിയുടേയും ദീർഘദൃഷ്ടിയുടേയും സർവ്വജ്ഞാനത്തിന്റേയും ആ കുളിരുകോരൽ നമുക്കു് അനുഭവപ്പെടൂ.
വീഞ്ഞുകുടിച്ചു് എന്നതിനു് പകരം, “C2H6O”-യുടെ ദുരുപയോഗം മൂലമാണു് നോഹ പാമ്പായി കിടന്നതു് എന്നെഴുതാൻ ബൈബിൾ എഴുത്തുകാരനു് കഴിയുമായിരുന്നില്ല. കാരണം, ആൽക്കഹോളിന്റെ ഫോർമ്യുല C2H6O ആണെന്നു് അക്കാലത്തു് ബൈബിൾ കഥാകൃത്തിനും, തന്മൂലം യഹോവയ്ക്കും അറിയുമായിരുന്നില്ല. ഇതുപോലുള്ള (പഴയതോ പുതിയതോ ആയ) മിക്കവാറും എല്ലാ സത്യകഥകൾക്കും പ്രസ്താവനകൾക്കും കമന്ററികൾക്കും ഒരു ഗുണപാഠമുണ്ടാവും. അതു് നല്ലതാണു്. വല്ലതുമൊക്കെ പഠിക്കാൻ പറ്റും. ബോധം കെട്ടു് നഗ്നനായി ഉറങ്ങിയിരുന്ന നോഹ അണ്ടർവെയർ ധരിച്ചിരുന്നില്ല എന്നതാണു് നോഹക്കഥയുടെ ഗുണപാഠം.
May 2016
May 2, 2016, 5:16 PM
കാലം കഴിഞ്ഞവയെ മനുഷ്യർക്കു് പൊതുവെ അത്ര ഇഷ്ടമല്ല. പക്ഷേ, ഇതു് എല്ലാ കാര്യങ്ങൾക്കും ബാധകമല്ല. ധാരാളം കാര്യങ്ങൾ ഇതിനു് അപവാദമായുണ്ടു്. പഴയകാല മാസ്റ്റേഴ്സിന്റെ പെയ്‌ന്റിങ്സ്, ഓൾഡ്-റ്റൈമർ ഓട്ടൊമൊബൈൽസ് തുടങ്ങിയവയ്ക്കെല്ലാം ധാരാളം ആരാധകരുണ്ടു്. മതഗ്രന്ഥങ്ങൾ, പ്രത്യയശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയവ അവയിൽ വിശ്വസിക്കുന്നവർക്കു് അനന്തമായ മൂല്യമുള്ളവയാണു്. ദൈവത്തിന്റെ വിശുദ്ധമായ വചനങ്ങൾ എഴുതിവച്ചിരിക്കുന്ന ഗ്രന്ഥത്തിന്റെ താളുകളെ തന്റെ അളിഞ്ഞ കൈകൊണ്ടു് തൊട്ടാൽ അവ അശുദ്ധമാകുമെന്ന ഭയം മൂലം അവ ഒരിക്കലും തുറന്നിട്ടില്ലാത്ത ഭക്തരെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. പണമുള്ള ഭക്തർ അവരുടെ വിശുദ്ധഗ്രന്ഥത്തെ ശുദ്ധിയുള്ള മൃഗത്തിന്റെ തോലിൽ പൊതിഞ്ഞു് സ്വർണ്ണം കെട്ടി ഭദ്രമായി സൂക്ഷിക്കാൻപോലും ശ്രദ്ധിക്കാറുണ്ടു്. പഴകുംതോറും വീര്യവും വിലയും വർദ്ധിക്കുന്ന മദ്യങ്ങളുണ്ടു്. മലയാളികളാണെങ്കിൽ പാമ്പുകളിലും പഴയതാണു് നല്ലതെന്നു് കരുതുന്നവരാണു്. പക്ഷേ, മനുഷ്യരുടെ വാർദ്ധക്യത്തിന്റെ കാര്യത്തിൽ ഒരുതരം ആമ്പിവലെന്റ് നിലപാടു് പുലർത്താനാണു് അവർ ഇഷ്ടപ്പെടുന്നതു്. പ്രായമായവരെ പ്രയോജനമൂല്യം അനുസരിച്ചു് റോഡ്സൈഡിൽ തട്ടേണ്ടവരെന്നും മഞ്ചലിൽ ചുമന്നുകൊണ്ടു് നടക്കേണ്ടവരെന്നും തരം തിരിക്കുന്നതാണു് കേരളത്തിൽ പൊതുവെ കണ്ടുവരുന്ന രീതി. അന്യരെന്നോ, സ്വന്തമെന്നോ, മാതാപിതാക്കളെന്നോ ഉള്ള വ്യത്യാസം അക്കാര്യത്തിലില്ല. വൃദ്ധരെ എന്തു് ചെയ്യണം എന്ന കാര്യത്തിൽ കോസ്റ്റ്-ബെനിഫിറ്റ് അനാലസിസ് ആണു് മലയാളികളെ നയിക്കുന്ന മാർഗ്ഗരേഖ. സമ്പൂർണ്ണസാക്ഷരതയുടെ, അഥവാ തറനിലത്തെഴുത്തിന്റെ ഗുണം.
മൃതപ്രായരായാലും ജനങ്ങളുടെയിടയിൽ ഡിമാൻഡ് നശിക്കാത്ത രണ്ടു് കൂട്ടരാണു് സ്വപക്ഷത്തെ രാഷ്ട്രീയക്കാരും സ്വമതത്തിലെ ആത്മീയരും. ആദ്യത്തെ വിഭാഗം, അവരെ മുന്നിൽ നിർത്തിയാൽ ഇഹലോകജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞേക്കാവുന്ന നേട്ടങ്ങളുടെ പേരിലും, രണ്ടാമത്തെ വിഭാഗം, അവരെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിൽ മരണാനന്തരജീവിതത്തിൽ ഉണ്ടായേക്കാവുന്ന കോട്ടങ്ങളോടുള്ള ഭയത്തിന്റെ പേരിലും അനുയായികളാൽ ആദരിക്കപ്പെടുന്നു. അനുയായികൾ പ്രകടിപ്പിക്കുന്ന ഈ ആദരവു് മാനുഷികമായ ഒരു സ്വഭാവഗുണമാണെന്നൊന്നും കരുതണ്ട. ഇഹത്തിലും പരത്തിലും സ്വന്തംകാര്യം കാണാനുള്ള ഒരു അഡ്ജസ്റ്റ്മെന്റ് മാത്രമാണതു്. മനുഷ്യത്വവുമായി അതിനു് കാര്യമായ ബന്ധമൊന്നുമില്ല. കിട്ടുന്ന ഏതു് അവസരത്തിലും സ്വപക്ഷത്തോടു് പ്രകടിപ്പിക്കുന്ന ആദരവിന്റെ അത്രതന്നെ അളവിലോ അതിൽ കൂടുതലോ അവഹേളനം എതിർപക്ഷത്തോടു് പ്രകടിപ്പിക്കാൻ മടിയില്ലാത്തവരാണു് ഇപ്പറഞ്ഞ അനുയായികൾ എല്ലാവരുംതന്നെ.
ഏതായാലും, വേണ്ടപ്പെട്ടവരെ മരിക്കുവോളം പുകഴ്ത്തിപ്പറയുക, പൊക്കിക്കൊണ്ടു് നടക്കുക, മരിച്ചാൽ, ഒന്നുകിൽ ഉപ്പിലിട്ടുണക്കി സർവ്വാഭരണവിഭൂഷിതമായി പിരമിഡുകൾക്കുള്ളിൽ പ്രതിഷ്ഠിച്ചു് ശവക്കല്ലറമോഷ്ടാക്കളെ ആകർഷിക്കുക, അല്ലെങ്കിൽ എംബാം ചെയ്തു് മിനുക്കി മൗസൊളിയത്തിൽ സൂക്ഷിച്ചു് പോലീസിനെയോ പട്ടാളത്തെയോ സ്ഥിരമായി കാവൽ നിർത്തി, മൃതന്റെ ഐഡിയോളജിയെ പുറംകാലിനു് തൊഴിക്കാൻ മടിക്കാത്ത പ്രതിലോമകാരികളിൽ നിന്നും സംരക്ഷിക്കുക, അതുമല്ലെങ്കിൽ പ്രതിമകളാക്കി നാൽക്കവലകൾ തോറും കുത്തിനിർത്തി, തൂറാൻമുട്ടി ടോയ്ലെറ്റ് തേടുന്ന പ്രാവുകളെയും കാക്കകളെയും സഹായിക്കുക, മരിച്ചവർ ആത്മീയരാണെങ്കിൽ (സത്യത്തിൽ ആത്മീയർ മരിക്കുകയല്ല, കാലം ചെയ്യുകയോ, സമാധിയടയുകയോ ഒക്കെയാണു് ചെയ്യുന്നതു്) അവരുടെ ശവമഞ്ചം തെരുവിലൂടെ ചുമന്നുകൊണ്ടുനടന്നു് “നഗരി കാണിക്കുക” തുടങ്ങിയ ഏർപ്പാടുകൾക്കുവേണ്ടി എത്രവേണമെങ്കിലും കഷ്ടപ്പെടാൻ സ്വപക്ഷസ്നേഹം മൂലം ഇക്കൂട്ടർക്കു് മടിയില്ല. ഇൻഡ്യ, ഈജിപ്റ്റ്, ക്യൂബ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ പരിശോധിച്ചാൽ, ആരാധനാബദ്ധമായ ഈ ആർഭാടങ്ങളിൽപെട്ട ഒരിനമോ അല്ലെങ്കിൽ മറ്റൊരിനമോ കണ്ടെത്താൻ പുരാവസ്തുഗവേഷകർക്കു് പ്രയാസമുണ്ടാവില്ല.
എംബാം ചെയ്യൽ, ഉപ്പിലിട്ടുണക്കൽ, നഗരി കാണിക്കൽ തുടങ്ങിയ മരണാനന്തര പീഡനങ്ങൾക്കു് അല്പം അയവു് വന്നിട്ടുണ്ടെങ്കിലും, കാര്യം കാണാൻ വയസ്സൻകാലും പിടിക്കണമെന്നയിനം കൊട്ടിയാടലുകൾക്കു് ഇന്നും ഭാരതീയരുടെയിടയിൽ ആവശ്യക്കാർ കുറഞ്ഞിട്ടില്ല. ഇലക്ഷൻകാലങ്ങളിൽ ക്രമാതീതമായി വർദ്ധിക്കാറുള്ള ഈവിധ മഞ്ചലോട്ടങ്ങൾ ഈ വസ്തുതയെ ശരി വയ്ക്കുന്നുണ്ടു്. സിൽമയിൽ രാജാപ്പാർട്ടുകളൊക്കെ കണ്ടു് ശീലിച്ചിട്ടുള്ളതുകൊണ്ടാവാം, ജനങ്ങളുടെ അധിപതികളെ ചെല്ലും ചെലവും കൊടുത്തു് തീറ്റി മെഴുപ്പിക്കലും, പൂവിട്ടു് പൂജിക്കലുമാണു് ജനാധിപത്യം എന്നു് കരുതുന്നവരാണു് അധികം ഭാരതീയരും. അതുകൊണ്ടു്, അറുപതോ എഴുപതോ വർഷങ്ങളായി കേട്ടു് ശീലിച്ച സുന്ദരവാഗ്ദാനങ്ങൾ മൂത്തുപഴകിയ നേതാക്കളിൽ നിന്നുതന്നെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആന്റിക്വിറ്റിയോടുള്ള അടങ്ങാത്ത സ്നേഹം മൂലം, പരിശുദ്ധാത്മാവിനെ സ്വീകരിച്ച പെന്തക്കൊസ്തുകാരെപ്പോലെ, നവജീവൻ ഉൾക്കൊണ്ടു് പണ്ടത്തേക്കാൾ കൂടുതൽ ആവേശഭരിതരായി അന്യഭാഷകളിൽ ആർപ്പിടാൻ ജനം തയ്യാറാവുന്നു. പരിശീലിപ്പിച്ചെടുത്ത ഈ വിധേയത്വം മൂലമാണു്, ജനാധിപത്യത്തിൽ അധികാരികളായിരിക്കേണ്ട ജനം അവരുടെ ന്യായമായ അവകാശങ്ങൾക്കു് വേണ്ടി – അവ ജനസേവകരുടെ പക്ഷത്തു് നിന്നുള്ള ഔദാര്യങ്ങളായാലെന്നപോലെ – അവരുടെ മുന്നിൽ വാക്കൈ പൊത്തി നിൽക്കാനും, അതൊരു സ്വാഭാവികതയായി കരുതി നിശ്ശബ്ദം സഹിക്കാനും തയ്യാറാവുന്നതു്.
ജനം ബോധവത്കരിക്കപ്പെടാത്തിടത്തോളം, തനിക്കുതന്നെ മനസ്സിലാകാത്ത സങ്കീർണ്ണമായ സാമൂഹികപ്രശ്നങ്ങളുടെ പരിഹാരമെന്നോണം ആത്മീയമോഡലിലുള്ള ശരിയാക്കൽ മന്ത്രങ്ങളും, കൈവയ്പുചികിത്സകളും, ഓതിയൊഴിപ്പിക്കലുകളും കാണിച്ചു് അവരുടെ കണ്ണിൽ പൊടിയിട്ടു് അധികാരക്കസേരയിൽ എത്തിപ്പെടാനുള്ള നേതാക്കളുടെ ശ്രമം പതിവുപോലെ തുടർന്നുകൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഓരോ ഇലക്ഷൻ പ്രചാരണവും ഈ വസ്തുത ആവർത്തിച്ചു് ഉറപ്പിക്കുക മാത്രമാണു് ചെയ്യുന്നതു്.
May 3, 2016, 9:12 AM
ഓരോ ക്രിമിനൽ കുറ്റകൃത്യം സംഭവിക്കുമ്പോഴും കുറെ വിഭാഗം ജനങ്ങൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ജാഥ നയിക്കുകയും ചെയ്താലേ പ്രതി(യെ)കളെ കണ്ടെത്താനും നിയമാനുസൃതമായ ശിക്ഷ നൽകാനുമുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നാണെങ്കിൽ, പോലീസ് ഫോഴ്സിനെ പിരിച്ചുവിടുന്നതാവും നല്ലതു്. ധാർമ്മികബോധം ഉള്ളവരാണു് സാധാരണഗതിയിൽ പ്രതിഷേധജാഥകൾ നയിക്കാറുള്ളതെന്നതിനാൽ, ജാഥയുടെ മുൻനിരക്കാർ സ്വയമേവ ഒരു ടീം രൂപീകരിച്ചു് കേസന്വേഷണം നടത്തിയാൽ അതു് കൂടുതൽ കാര്യക്ഷമമായിരിക്കുംതാനും. രാഷ്ട്രീയമോ മതപരമോ മറ്റിനമോ ആയ സ്ഥാപിതതാല്പര്യങ്ങൾ ഇല്ലാത്തവരാണു് അവരെങ്കിൽ, “മുകളിൽ നിന്നുള്ള ഇടപെടലുകൾ” ഉണ്ടാവുകയില്ല, ഉണ്ടായാൽത്തന്നെ അതു് വകവയ്ക്കേണ്ട കാര്യവുമില്ല. മുകളിൽ നിന്നുള്ള ഇടപെടലുകൾ ഇല്ലാതെ കേസുകൾ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ട പഠനവും പരിശീലനവും പോലീസ് ഫോഴ്സിനു് നൽകാനാവുന്നില്ലെങ്കിൽ അങ്ങനെയൊരു പരിപാടിയേ വേണ്ടെന്നു് വയ്ക്കുന്നതല്ലേ നല്ലതു്? അതു് ഖജനാവു് കാലിയാകാതിരിക്കാൻ സഹായിക്കും. മാത്രവുമല്ല, ഓരോ കുറ്റകൃത്യങ്ങളേയും സ്വപക്ഷമുന്നേറ്റത്തിനു് മുതൽക്കൂട്ടാക്കി മാറ്റാൻ രാഷ്ട്രീയസ്വയംസേവാത്തൊഴിലാളികൾക്കും അതു് നല്ലൊരു സഹായമായിരിക്കും.
May 4, 2016, 10:00 AM
എത്ര പുരോഗമിച്ച സമൂഹങ്ങളിലും ഏതാനും ഡോഗ്മാറ്റിക് ഇഡിയറ്റ്സ് ഉണ്ടാവും. ഏതു് ഇൻപുട്ട് നൽകിയാലും “സമഗ്രമായ” പ്രോസെസിങ്ങിനു് ശേഷം ഔട്ട്പുട്ടായി ഒരുകൊട്ട അമേധ്യവും, ബോണസായി കുറെ ഹാ ഹാ ഹാ കളും മാത്രം ഡെലിവെർ ചെയ്യാനല്ലാതെ മറ്റൊന്നിനും കഴിവില്ലാത്ത കുറേ ദയനീയാത്മാക്കൾ. ഉദാഹരണത്തിനു്, സ്വീഡൻ എന്നു് കേട്ടാൽ അതുമായി ശവഭോഗത്തെ മാത്രം അസോസിയേറ്റ് ചെയ്യാൻ കഴിയുന്ന “സർവ്വതന്ത്രസ്വതന്ത്രചിന്തകർ”! ബലാൽസംഗമെന്നു് കേട്ടാൽ അതു് ചെയ്തതു് യുക്തിവാദിയോ നാസ്തികനോ ആവാനേ വഴിയുള്ളു എന്നു് ഊഹിച്ചുകളയുന്ന റിലീജ്യസ് ഇഡിയറ്റ്സ്! കൊലപാതകമെന്നു് കേട്ടാൽ അതിന്റെ ഉത്തരവാദിത്വം ശത്രുപക്ഷത്തിന്റെ തലയിൽ വച്ചുകെട്ടാതെ ഉറക്കം വരാത്ത പൊളിറ്റിക്കൽ ഇഡിയറ്റ്സ്! എക്സ്റ്റ്രീമുകളിലൂടെയല്ലാതെയുള്ള ഒരു ചിന്ത അസാദ്ധ്യമായ ഈവിധ ലളിതഘടനാസ്തിത്വങ്ങൾ തനിക്കു് ചുറ്റും സ്വയം കെട്ടിപ്പൊക്കിയ കൽത്തുറുങ്കിന്റെ മതിലുകളാണു് പ്രപഞ്ചത്തിന്റെ അതിരുകളെന്ന ഉത്തമബോദ്ധ്യത്തിൽ അഭിരമിക്കുന്നവരാണു്. കുക്കൂണിൽ നിന്നും ഒരിക്കലും മോചനം ആഗ്രഹിക്കാത്ത ഇത്തരം ഇഡിയോട്ടിക് പ്യൂപ്പകളെക്കൂടി “നന്നാക്കിയിട്ടേ” സമൂഹത്തിന്റെ പുരോഗതിക്കു് വേണ്ടി ശ്രമിക്കാവൂ എന്നാണെങ്കിൽ, സാമൂഹിക പുരോഗതി എന്നതു് ഗണപതിയുടെ കല്യാണം പോലെയോ, മാർക്സിയൻ “നല്ല നാളെ” പോലെയോ ഒരു യുട്ടോപ്പിയ ആയി അവസാനിക്കുകയേയുള്ളു. വസ്തുത ഇതാണെന്നിരിക്കെ, ഒരു സമൂഹത്തിൽ ബഹുഭൂരിപക്ഷവും ഐഡിയോളജിക്കൽ ഇഡിയറ്റ്സ് ആയാലത്തെ അവസ്ഥ (ബാക്കിയുള്ളവർക്കെങ്കിലും) ആലോചിക്കാവുന്നതേയുള്ളു.
May 6, 2016, 9:45 AM
അക്ഷയജട്ടീയയെപ്പറ്റി എന്തെന്തു് തെറ്റിദ്ധാരണകളാണു് മലയാളക്കരയിലെ യൂണിവേഴ്സിറ്റി പ്രൊഫസ്സേഴ്സിന്റെ ഇടയിൽ പോലും നിലവിലുള്ളതെന്ന നഗ്നയാഥാർത്ഥ്യം എനിക്കു് മനസ്സിലായതു് ഇന്നു് ഫെയ്സ്ബുക്കിലെ ഒരു കമന്റ് കണ്ടപ്പോഴാണു്. അക്ഷയതൃതീയയെ കളിയാക്കാനാണത്രെ “അക്ഷയജട്ടീയ” എന്നൊരു ആഘോഷദിനം ജട്ടിപൂജക്കായി ഡിങ്കോയിസ്റ്റുകൾ നീക്കിവച്ചിരിക്കുന്നതു്! വള്ളിയിൽ തൂങ്ങിക്കിടക്കുന്ന എമണ്ടൻ കുമ്പളങ്ങകൾ കണ്ടു്, “മേൽക്കാച്ചിങ്ങ ഇത്രേമൊണ്ടെങ്കി കീഴ്ക്കാച്ചിങ്ങ എന്തൊണ്ടളിയാ” എന്നു് അത്ഭുതപ്പെട്ടു് കുമ്പളത്തിന്റെ വേരു് മാന്തിയ രണ്ടു് മലയാളി അളിയന്മാരുടെ “കാച്ചിൽകഥ” പോലെ, പ്രധാന അദ്ധ്യാപകരുടെ മേൽക്കാച്ചിങ്ങാതെറ്റിദ്ധാരണകൾ ഇത്രേം വലുതാണെങ്കിൽ നിരക്ഷരകുക്ഷികളായ സാദാ വോട്ടർമാരുടെ കീഴ്ക്കാച്ചിങ്ങാതെറ്റിദ്ധാരണകൾ എത്രമാത്രം വലുതും ഭീകരവുമായിരിക്കും!?
“അക്ഷയജട്ടീയ” എന്നാൽ ഡിങ്കന്റെ മുദ്രയുള്ള ജട്ടി വാങ്ങി ധരിക്കുന്നവർക്കു് (വിലകൊടുത്തു് വാങ്ങിയതായിരിക്കണം. മോഷ്ടിച്ചതായാൽ ഫലം വിപരീതമാവും) ഒരിക്കലും ക്ഷയിക്കാത്ത അനുഗ്രഹങ്ങൾ ഡിങ്കഭഗവാൻ വാരിക്കോരി നൽകുന്ന ദിവസമാണു്. ധനവും മാനവും പെരുകാനും ക്ഷയം വരാതിരിക്കാനും ഡിങ്കഭക്തർ ആചരിക്കുന്ന ഒരു പുണ്യദിനം. യൂണിവേഴ്സിറ്റി പ്രൊഫസ്സറന്മാരെ വരെ ഇത്തരം “സില്ലി മാറ്റേഴ്സ്” പഠിപ്പിക്കണം എന്നു് വന്നാൽ, കേരളത്തെ മാനസികരോഗവിമുക്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മനുഷ്യർക്കു് ഗോവിന്ദച്ചാമിമാരെയും, രാഷ്ട്രീയനേതാക്കളെയും, മതപണ്ഡിതരെയും ചികിത്സിക്കാൻ നേരം കിട്ടുമോ?
May 6, 2016, 10:14 AM
ഏതാനും “V. I. P” -കൾക്കു് ഉണ്ടായിരുന്ന ഗൺമാൻ സംരക്ഷണം (വെടിക്കാരൻ അകമ്പടി എന്നായിരുന്നെങ്കിൽ ജനത്തിനു് കാര്യം എളുപ്പം പിടികിട്ടിയേനെ!) ഗവണ്മെന്റ് എടുത്തുകളഞ്ഞത്രെ! ആ “V. I. P” -കളിൽ നിന്നും ജനങ്ങൾക്കു് മേലിൽ അപായമൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല എന്നു് ഗവണ്മെന്റിനു് തോന്നിക്കാണണം.
May 10, 2016, 8:31 AM
“അവശന്മാരാർത്തന്മാർ ആലംബഹീനന്മാരവരുടെ സങ്കടമാരറിവാൻ?”
ഒണ്ടൊണ്ടു് അറിവാനാളൊണ്ടു്. “ഉമിനീരിറക്കാതെ ചാവുമ്പോൾ ഉദകക്രിയപോലും ചെയ്യേണ്ട ആവശ്യമില്ലാത്ത ആ ആർദ്രചിത്തരുടെ” (കേൾക്കുമ്പോൾത്തന്നെ മലയാളികളുടെ കണ്ണുകളിൽ – ഇടതു് കണ്ണിലും വലതു് കണ്ണിലും – മൂത്രം നിറയാനായി കവി കഷ്ടപ്പെട്ടു് തയ്യാറാക്കിയ ഹൃദയഭേദകമായ വിശേഷണങ്ങൾ!) സങ്കടം അറിയാൻ കഴിയുന്ന മനുഷ്യസ്നേഹികളായ നേതാക്കൾ ഇന്നുമുണ്ടു്. “അപഹാസപാത്രങ്ങളായ” ആ അടിയാളന്മാർ മേലാളന്മാരുടെ മാതൃകയിൽ പതിവായി ഹർത്താൽ ആചരിക്കാറില്ലാത്തതുകൊണ്ടു് ശുഭ്രവസ്ത്രധാരികളായ ആ നല്ല സമരിയാക്കാരന്മാരെയും -കാരികളെയും മനസ്സിലാക്കാൻ അത്ര എളുപ്പം ആർക്കും കഴിയാറില്ലെന്നേയുള്ളു.
(കവിതാരചന: ചങ്ങമ്പുഴ കൃഷ്ണപിള്ള. കവിതയുടെ പേരു്: വാഴക്കുല അഥവാ തേങ്ങാക്കൊല)
May 10, 2016, 10:03 AM
നാടകമേ ഉലകം! കർട്ടനുയരുമ്പോൾ സിംഹാസനത്തിൽ തൊലി വെളുത്ത രാജാപ്പാർട്ടു്! “തൊലി വെളുത്ത” എന്നാൽ ലണ്ഡൻ സായിപ്പിന്റെ അത്രത്തോളം വെളുത്തതു് എന്നു് അർത്ഥമില്ല. കണ്ണൂരും കോഴിക്കോട്ടും കൊല്ലത്തും ചങ്ങനാശേരിയിലും പാലായിലുമൊക്കെ കാണുന്നയിനം മനുഷ്യത്തൊലികളുടെ വെളുപ്പു് എന്നു് കരുതിയാൽ മതി. “ഊരും പേരും ഇല്ലാത്തവർ” എന്നു് കേട്ടാൽ നാടും നാമവും ഇല്ലാത്തവർ എന്നല്ല, “ഈരും പേനും ഇല്ലാത്തവർ” എന്നല്ലേ നമ്മൾ കരുതാറുള്ളു? അതുപോലെതന്നെ.
ശീല പൊങ്ങിക്കഴിയുമ്പോൾ രാജാപ്പാർട്ടു് ഗർജ്ജിക്കുന്നു: “ആരവിടെ?”. തൊലികറുത്ത ഒരു ഭടപ്പാർട്ടു് ഭയഭക്ത്യാദരവുകളോടെ പ്രവേശിച്ചു് വണങ്ങുന്നു. “തൊലി കറുത്ത” എന്നാൽ ആഫ്രിക്കയിലെ ഇദി അമീന്റെ അത്രത്തോളം കറുത്തതു് എന്നർത്ഥമില്ല. കണ്ണൂരും കോഴിക്കോട്ടും കൊല്ലത്തും ചങ്ങനാശേരിയിലും പാലായിലുമൊക്കെ കാണുന്നയിനം മനുഷ്യത്തൊലികളുടെ കറുപ്പു് എന്നു് കരുതിയാൽ മതി. ഭടപ്പാർട്ടു് വിനയനും കുനിയനുമായി അറിയിക്കുന്നു: “അടിയൻ”. രാജൻ വീണ്ടും: “അടിയവനെ!” അടിക്കാൻ മറ്റാരെയും കാണാത്തതിനാൽ ഭടപ്പാർട്ടു് തന്നെത്താൻ അടിച്ചു് കൊല്ലുന്നു. ചത്തു് വീഴുന്നു. ശീല താഴുന്നു. ശുഭം!
ഇത്തരം നാടകങ്ങൾ ഒരു കിടിലൻ അവതരണഗാനത്തോടെ ആയിരിക്കും ആരംഭിക്കുക. വയലാറിന്റെ വക “ബലികുടീരങ്ങൾ” എന്ന പാട്ടു് ആ വകയിലെ ഒരു തട്ടു് തകർപ്പൻ ആയിരുന്നു. കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ സകല രോമങ്ങളും ശത്രുവിനെക്കണ്ട മുള്ളൻപന്നിയെപ്പോലെ എഴുന്നു് നിൽക്കുന്ന ടൈപ്പ് പാട്ടു്!
“ബലികുടീരങ്ങളേ…………….
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൾ പടഹമുയർത്തീ
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ”
“ഹിമഗിരിമുടികൾ കൊടികളുയർത്തിയ”, “കടലുകൾ പടഹമുയർത്തിയ” അക്കാലത്തു് സിന്ദൂരവും താമരയും ബി ജെ പിയിൽ ചേർന്നിട്ടുണ്ടായിരുന്നില്ല. ങാ, അതൊക്കെ ഒരു കാലം!
പുല്ലിംഗത്തിനു് പരിക്കൊന്നും പറ്റാത്ത വിധം ആരെങ്കിലും എന്നെ കൊല്ലുന്നതു് അത്ര വലിയ ഒരു പ്രശ്നമായി എനിക്കു് തോന്നുന്നില്ല. ലിംഗമില്ലാത്ത പുരുഷൻ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതു് മഹാ നാണക്കേടാണെന്നാണു് എന്റെ പക്ഷം. കാരണം, മുഹമ്മദുനബി പറഞ്ഞതു് ശരിയാണെങ്കിൽ, ഒരു പുരുഷൻ ചത്തു് സ്വർഗ്ഗീയറെഡ്സ്ട്രീറ്റിലെ മദ്യപ്പുഴബാറുകളിൽ എത്തുമ്പോൾ ഒന്നോ രണ്ടോ അല്ല, 72 യുവസുന്ദരികളായിരിക്കും അവന്റെ “തോട്ടത്തിന്റെ നടുവിൽ” ആദാമിന്റെ കാലത്തേതന്നെ അല്ലാഹു വിലക്കിയ ആ വൃക്ഷം – നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം – നിൽക്കുന്നുണ്ടോ എന്നറിയാനായി ഇമ വെട്ടാതെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതു് – അവൻ മീശയും മുടിയും വടിച്ചവനും, താടിവടിക്കാത്തവനും ആണെങ്കിൽ മാത്രം! അല്ലാത്തവരെ ഹൂറികൾ തഴയും. കാരണം, താടിയാണു് അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ ലൈംഗികധാടിയുടെ മനോമീറ്റർ! ചുരുക്കത്തിൽ, താടിയാണു് ധാടി! ഭൂമിയിലെപ്പോലെ തന്നെ സ്വർഗ്ഗത്തിലും പുരുഷന്മാരേക്കാൾ പൊതുവെ കാഴ്ചശക്തിയും പ്രായോഗികബുദ്ധിയും കൂടുതലുള്ളവരാണു് സ്ത്രീകൾ. തിയറിയിലെ പരിമിതികൾ പ്രാക്ടിക്കലിലാണു് അവർ കോമ്പൻസേറ്റ് ചെയ്യുന്നതു്. തോക്കില്ലാതെ വെടി വയ്ക്കാനാവില്ലെന്നു് അറിയാൻ അവർക്കു് വെടിമരുന്നിന്റെ കെമിക്കൽ കോമ്പോസിഷൻ അറിയേണ്ട ആവശ്യമില്ലെന്നു് സാരം.
അതുകൊണ്ടു്, എന്റെ അഭിപ്രായത്തിൽ, ലിംഗമില്ലാത്ത പുരുഷനു് കിട്ടുന്ന അല്ലാഹുവിന്റെ സ്വർഗ്ഗം പട്ടിക്കു് കിട്ടുന്ന കൊട്ടത്തേങ്ങയേക്കാൾ കഷ്ടമായിരിക്കും. എത്രയായാലും, പെണ്ണുങ്ങളെപ്പോലെ, ചാവേറോ, ബോംബേറോ, പാളിപ്പോയ ബോംബ് നിർമ്മാണമോ വഴി ഇഞ്ച ചതച്ചതുപോലെ അലങ്കോലമായിപ്പോയ പുരുഷന്റെ കല്യാണസാമാനത്തെ നോക്കി കിക്കിക്കീ എന്നു് ചിരിക്കുന്ന സ്വഭാവം കൊട്ടത്തേങ്ങകൾക്കില്ല.
ബൈബിളിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരുവൻ സ്വർഗ്ഗം മുഴുവനും നേടിയാലും അവനു് അണ്ടിയില്ലെങ്കിൽ ആ നേട്ടം കൊണ്ടു് അവനെന്തു് പ്രയോജനം?
May 12, 2016, 9:30 AM
സൊമാലിയയിലേയും അട്ടപ്പാടിയിലേയും ഇതുവരെ മരിക്കാത്ത അസ്ഥികൂടങ്ങൾക്കു് അവരുടെയിടയിലെ പട്ടിണിമരണങ്ങളെപ്പറ്റി വല്ല അഭിപ്രായമോ, അവ പറയാനുള്ള ശക്തിയോ സ്വാതന്ത്ര്യമോ ഒക്കെ ഉണ്ടോ ആവോ?
കേരളത്തിൽ പട്ടികവർഗ്ഗങ്ങളിലെ ശിശുമരണനിരക്കു് സൊമാലിയയിലേക്കാൾ അപകടകരമാണു് എന്നു് മോദി പറഞ്ഞത്രെ! കേരളത്തിൽ ഏതു് കാര്യവും വിലയിരുത്തപ്പെടുന്നതു് എന്തു് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, ആരു് പറയുന്നു എന്നതിന്റേയും ആരു് കേൾക്കുന്നു എന്നതിന്റേയും അടിസ്ഥാനത്തിലാണെന്ന വസ്തുത മോദിക്കു് ഇതുവരെ മനസ്സിലായിട്ടില്ലെന്നു് തോന്നുന്നു. കേരളത്തിലെ പട്ടികവർഗ്ഗങ്ങളിൽ ശിശുമരണങ്ങളേയില്ല എന്നോ, സൊമാലിയയിലേക്കാളും വളരെ താഴെയാണെന്നോ, കേരളത്തിൽ തേനും പാലും ഒഴുകുകയാണെന്നോ ഒക്കെ പറഞ്ഞിരുന്നെങ്കിൽ, അതിൽ മറഞ്ഞിരിക്കുന്ന പരോക്ഷമായ ചാണ്ടിഭരണറെക്കഗ്നീഷൻ മൂലം, കമ്മിസമൂഹം തെറി വിളിക്കുമായിരുന്നെങ്കിലും, കൊങ്കിസമൂഹത്തിന്റെ കയ്യടിയെങ്കിലും ഉറപ്പാക്കാമായിരുന്നു. ഇതിപ്പോൾ രണ്ടു് തേനീച്ചക്കൂടുകൾക്കു് ഒന്നിച്ചു് തീവച്ചതുപോലെ ആയി കാര്യം! പതിവുപോലെ, മൂളക്കം കുറയാൻ അല്പം നേരക്കമെടുക്കുമെന്നതൊഴിച്ചാൽ മറ്റു് അത്യാഹിതമൊന്നും സംഭവിക്കാനില്ല. പട്ടിണിമരണമായാലും, ശിശുമരണമായാലും, തന്നെ അതു് നേരിട്ടു് ബാധിക്കാത്തിടത്തോളം, മലയാളിയെസംബന്ധിച്ചു് എല്ലാം ആവേശഭരിതമായ വളവളകൾക്കു് പറ്റിയ അല്പായുസ്സു്-രസഗുളകൾ മാത്രമാണു്.
പട്ടിണിമരണത്തിലേക്കു് വഴുതിവീണുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞിന്റേയും അതിനു് സമീപം കാത്തിരിക്കുന്ന ഒരു കഴുകന്റേയും ചിത്രം കാണാത്തവർ വിരളമായിരിക്കും. ഇരയെ ജീവനോടെ കൊത്തിപ്പറിച്ചാലും ആരിൽ നിന്നും എതിർപ്പൊന്നും ഉണ്ടാവാൻ സാദ്ധ്യതയില്ലാതിരുന്നിട്ടും, ഇരയുടെ മരണത്തിനായി കാത്തിരിക്കുന്ന ഒരു ശവംതീനിക്കഴുകൻ! ആ കഴുകന്റെ സ്ഥാനത്തു് പ്രബുദ്ധനായ ഒരു രാഷ്ട്രീയമല്ലു ആകാതിരുന്നതു് നന്നായി. അല്ലെങ്കിൽ, തല കുമ്പിട്ടു് കുനിഞ്ഞിരുന്നു് മരിച്ചുകൊണ്ടിരിക്കുന്ന ആ അസ്ഥികൂടത്തിന്റെ മുതുകത്തു് കയറിനിന്നു് ഐഡിയോളജി പ്രസംഗിക്കുന്ന ഒരു സമ്പൂർണ്ണസാക്ഷരതാനികൃഷ്ടനെക്കൂടി ലോകത്തിനു് കാണേണ്ടിവന്നേനെ!
May 13, 2016, 10:56 AM
ഇൻഡ്യയിലെ ദളിതർക്കായാലും ആദിവാസികൾക്കായാലും ഒരു വിദേശയാത്രക്കോ മറ്റോ വേണ്ടി ഒരു പാസ്പ്പോർട്ട് ആവശ്യമായി വന്നാൽ അതിൽ രേഖപ്പെടുത്തുന്ന നാഷണൽ സ്റ്റാറ്റസ് “CITIZEN OF INDIA” എന്നായിരിക്കും.
അതറിയാത്ത ചില “സിറ്റിസൺസ് ഓഫ് ഇൻഡ്യ” ഇൻഡ്യയിലും ഇൻഡ്യക്കു് വെളിയിലുമായി ചുറ്റിത്തിരിയുന്നുണ്ടെന്നു് തോന്നിയതുകൊണ്ടു് ചുമ്മാ സൂചിപ്പിച്ചെന്നേയുള്ളു.
May 14, 2016, 10:20 AM
കൈരളിപ്പെണ്ണിന്റെ വയർ അല്പം വീർത്തിട്ടിട്ടുണ്ടു്. പെണ്ണിനു് ഗർഭമായിരിക്കാനാണു് സാദ്ധ്യത എന്നായിരുന്നു പ്രശ്നം വച്ചു് നോക്കിയ ചങ്ങായിയുടെ വിധി. അതു് കേട്ട പാതി കേൾക്കാത്ത പാതി പെൺവീട്ടിൽ കയറ്റിറക്കം ഉണ്ടായിരുന്ന രണ്ടു് എട്ടുകാലി മമ്മൂഞ്ഞുകൾ അവളുടെ ഇടതുപക്ഷത്തും വലതുപക്ഷത്തുമായി നിന്നു് ഗർഭത്തിന്റെ അവകാശം തന്റേതെന്നു് സ്ഥാപിക്കാനായി പരസ്പരം ഗോഗ്വാവിളികളും പിടിവലികളും തുടങ്ങി. ശക്തമായ ഉലച്ചിൽ ഏറ്റതുകൊണ്ടാവാം, കൈരളിപ്പെണ്ണു് ദിഗന്തങ്ങളെ ഭേദിക്കുമാറു് ഭീകരമായ ഒരു വളി വിട്ടു. അതുവഴി സഹ്യപർവ്വതനിരകൾക്കുണ്ടായ കുലുക്കം ഗുജറാത്തിനെവരെ ഞെട്ടിച്ചുകളഞ്ഞു! സംഭവം ഗർഭമായിരുന്നില്ല, ഗ്യാസായിരുന്നു. എട്ടുകാലി മമ്മൂഞ്ഞുകളുടെ വായാടിത്തം കേട്ടാൽ വിശപ്പു് മാറില്ലെന്നു് മനസ്സിലാക്കി ഗൾഫിലേക്കും മറ്റും രക്ഷപെട്ട മലയാളികൾ ഒഴുക്കിക്കൊണ്ടിരുന്ന വിദേശനാണയം വരുത്തിവച്ച ഗ്യാസ്! വയറു് ബോംബുപോലെ പൊട്ടിത്തെറിക്കാതിരുന്നതു് ഭാഗ്യം എന്നു് കരുതിയാൽ മതി. വല്ലവന്റെയും വിയർപ്പിന്റെ ഫലം ഊറ്റിയെടുത്തു്, അതുകൊടുത്തു് അന്യസംസ്ഥാനങ്ങളിൽ നിന്നും ആഹാരവും തൊഴിൽശക്തിയും വിലയ്ക്കുവാങ്ങി അനങ്ങാതിരുന്നു് തിന്നും കുടിച്ചും കൊണ്ടു് ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളും സീരിയലുകളും കണ്ടുകൊണ്ടിരുന്നാൽ അജീർണ്ണതയും ഗ്യാസ്ട്രബിളും മാത്രമല്ല, സ്റ്റ്യുപ്പിഡിറ്റിയും വരും, അവ മാത്രമേ വരൂ.
May 15, 2016, 10:31 AM
ഭക്തന്റെ “കൺഫർമേറ്റൊറി ബയസ്” അവിടെയും ഫാറ്റ മൊർഗാനയെ വ്യാഖ്യാനിച്ചു് മരുപ്പച്ചയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. (“Confirmatory bias is the tendency to search for, interpret, favor, and recall information in a way that confirms one’s preexisting beliefs or hypotheses, while giving disproportionately less consideration to alternative possibilities.” – Wiki)
May 17, 2016, 7:42 AM
കവടി നിരത്താൻ പരിശീലിക്കേണ്ടതായിരുന്നു.
May 18, 2016, 10:05 AM
USA-യുടെ പ്രസിഡന്റ് എന്ന നിലയിൽ നോർത്ത് കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനും സ്വേച്ഛാധിപതിയുമായ കിം ജോങ് ഉന്നുമായി താൻ ചർച്ച നടത്തുമെന്നും, അതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തനിക്കു് തോന്നുന്നില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡോണാൾഡ് ട്രമ്പ്!
ഈനാംപേച്ചികളും മരപ്പട്ടികളും തമ്മിൽ സംവാദത്തിൽ ഏർപ്പെടുന്നതു് അസാധാരണമായ ഒരു കാര്യമല്ല. മല്ലു സോഷ്യൽ മീഡിയകളിലാണെങ്കിൽ അതിന്റെ അയ്യരുകളികളും പത്തരുകളികളും തട്ടിയിട്ടു് നടക്കാൻ വയ്യാത്ത അവസ്ഥയാണു്. അവനവൻ വിശ്വസിക്കുന്ന ധാർമ്മിക-രാഷ്ട്രീയ-ഒറ്റമൂലി മൂല്യങ്ങൾക്കുവേണ്ടി സന്ധിയില്ലാസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇടതുകളും-വലതുകളും, മുമ്പുകളും-പിമ്പുകളും തമ്മിലുള്ള വാക്പയറ്റുകൾ! യഹോവാപക്ഷം-അല്ലാഹുപക്ഷം, മാവോയിസ്റ്റ്പക്ഷം-മൗദൂദിപക്ഷം, ബിജെപിപക്ഷം-മാർക്സിസ്റ്റ്പക്ഷം, കോൺഗ്രസ്പക്ഷം-സൗരോർജ്ജപക്ഷം, മോദിയുമായി “എടാ പോടാ” വിളിക്കാൻ മാത്രം അടുപ്പമുള്ളവർ-മോദിയുടെ കോട്ടിലെ അക്ഷരങ്ങൾ എണ്ണാൻ അവകാശമുള്ളവർ, വിഎസിനെ വലതുനിന്നു് താങ്ങുന്നവർ, പിണറായിയെ ഇടതുനിന്നു് താങ്ങുന്നവർ, ഛോട്ടാ നേതാക്കളെ സൗകര്യം പോലെ മുന്നിൽ നിന്നും പിന്നിൽ നിന്നുമെല്ലാം മാറിമാറി താങ്ങുന്നവർ, അങ്ങനെ ഉന്തുന്നവരുടേയും തള്ളുന്നവരുടേയും, പൊക്കുന്നവരുടേയും താഴ്ത്തുന്നവരുടേയും ഗോഗ്വാവിളികൾ, നൂറരുകളികൾ!
അത്തരം ചെറുകിട ഈനാംപേച്ചി-മരപ്പട്ടി കൂട്ടുകെട്ടുകളെയെല്ലാം നിഷ്‌പ്രഭമാക്കുന്നതായിരിക്കും ട്രമ്പും ഉന്നും തമ്മിലുള്ള കൂടിച്ചേരൽ എന്നുറപ്പു്. പോസിറ്റീവ് ചാർജ്ജും നെഗറ്റീവ് ചാർജ്ജും പരസ്പരം അടുത്താൽ സംഭവിക്കുന്നതുപോലൊരു ഇലക്ട്രിക് ഡിസ്ചാർജ്, ഒരു ഇടിമിന്നൽ ആയിരിക്കുമതു്. നല്ലപോലെ ഇടിവെട്ടി ഒരു മഴ പെയ്താൽ മാനം തെളിയാനും സാദ്ധ്യതയുണ്ടു്. രണ്ടു് പ്രശ്നങ്ങളേയുള്ളു: ഒന്നു്, താൻ ഇപ്പോൾ പറഞ്ഞതു് നാളെയും പറയുമോ എന്നു് ഡോണാൾഡ് ട്രമ്പിനു് നല്ല നിശ്ചയമില്ല. രണ്ടു്, ട്രമ്പിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന തന്റെ ചോദ്യത്തിനു് കണ്ണാടി പറയുന്ന ഉത്തരം ഇന്നും അന്നും ഒന്നായിരിക്കുമോ എന്നു് ഉന്നിനും നല്ല നിശ്ചയമില്ല.
May 19, 2016, 1:07 PM
മലയാളിത്തത്തിന്റെ വിജയം! ഒരുത്തൻതന്നെ വീണ്ടും വീണ്ടും കലത്തിൽ കയ്യിട്ടു് വാരിത്തിന്നുന്നതു് സഹിക്കാൻ ത്രാണിയുള്ളവരല്ല മലയാളികൾ. സഹസ്രാബ്ദങ്ങളായി ധരിച്ചിരിക്കുന്ന അടിവസ്ത്രങ്ങൾ മാറ്റാൻ മടിക്കുന്നവർ, ധരിക്കാൻ തുടങ്ങിയിട്ടു് ഏതാനും ദശാബ്ദങ്ങൾ മാത്രമായിട്ടുള്ള മേൽവസ്ത്രങ്ങൾ അഴിച്ചു് മാറ്റുമെന്നു് കരുതുന്നതു് അബദ്ധമായിരിക്കും. മേൽക്കുപ്പായം ഇടയ്ക്കിടെ ഒന്നു് തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കാൻ കഴിയുന്നതുതന്നെ അവർക്കൊരു വലിയ മാറ്റമാണു്. അതുകൊണ്ടു്, കാലാനുസാരിയായ ഇലക്ഷനുകളിലൂടെ ഒരു ചെറിയ വിഭാഗം വോട്ടർമാർ സാദ്ധ്യമാക്കുന്ന ഓരോ “കുടമാറ്റവും” സമൂഹത്തിൽ ഒരു സമൂലപരിവർത്തനം സംഭവിച്ചാലെന്നപോലെ വിവിധ “കമ്പിളിപ്പുതപ്പു് വിഭാഗങ്ങൾ” ആഘോഷപൂർവ്വം കൊണ്ടാടുന്നു.
May 21, 2016, 10:37 AM
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനു് ‘N’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരു പേരു് വേണമത്രെ! “നെയ്യപ്പം” എന്ന പേരിനെ വിന്നേഴ്സ് പോഡിയത്തിൽ എത്തിക്കാനുള്ള ശ്രമം മലയാളികൾ തുടങ്ങിക്കഴിഞ്ഞു. രുചികരമായ പലഹാരങ്ങളുടെ പേരാണുപോലും പതിവുരീതി. അതു് കഷ്ടമായിപ്പോയി. എന്തെന്തു് സെലക്ഷൻ സാദ്ധ്യതകളാണു് അതുവഴി ആൻഡ്രോയിഡിനു് നഷ്ടപ്പെട്ടതു്? നത്തോലി, നായാടി, നമ്പൂരി, നായ, നാമോ, നാറാണത്തു്, … … അങ്ങനെ ‘N’-ൽ തുടങ്ങുന്ന എത്രയെത്ര കലക്കൻ പേരുകളിൽ മുങ്ങിത്തപ്പാൻ “ഗൂഗിൾ-N”-നു് കഴിയുമായിരുന്നില്ല?
ദോഷം പറയരുതല്ലോ, നെയ്യപ്പം ഒരു നല്ല ഓപ്ഷനാണു്. മലയാളിയെ പൂർണ്ണമായും പ്രതിനിധീകരിക്കാൻ നെയ്യപ്പത്തിനു് കഴിയും. പേരിലുള്ളതു് വസ്തുവിൽ ഉണ്ടാവാതിരിക്കുന്നതു് കേരളക്കരയുടെ ഒരു തനിമതന്നെയാണു്. (പേരിൽ ഇല്ലാത്ത “മായകൾ” വസ്തുവിൽ ഉണ്ടാവുന്നതും മലയാളക്കരയിൽ അപൂർവ്വമല്ല). പേരു് നെയ്യപ്പം എന്നാണെങ്കിലും, നെയ്യപ്പത്തിനു് നെയ് ഒരു നിർബന്ധമല്ല. ചേർക്കുന്നതിൽ അപാകതയുമില്ല. നെയ് ചേർത്താൽ ബൂർഷ്വാ നെയ്യപ്പം കിട്ടും, ചേർത്തില്ലെങ്കിൽ കളക്റ്റീവ് നെയ്യപ്പം കിട്ടും. നെയ്യപ്പം തിന്നാൽ ലഭിക്കുന്ന രണ്ടു് ഗുണങ്ങളും രണ്ടിൽ നിന്നും ലഭിക്കുകയും ചെയ്യും. ഞാൻ തിന്നാൻ തുടങ്ങുന്ന ഈ അപ്പത്തിൽ നെയ്യുണ്ടു് എന്നു് മനസ്സിൽ ധ്യാനിച്ചു് തിന്നാൽ നെയ്യപ്പമായി. പേരിൽ മാർക്സിസം ഉള്ള ഒരു പാർട്ടിയെ പിന്തുടരുന്ന ഒരുവൻ “ശരിയായ” മാർക്സിസ്റ്റ് ആകാനും ആകാതിരിക്കാനും സാദ്ധ്യതയുള്ളതുപോലെ. ധ്യാനിക്കുന്നവൻ പക്കാ മാർക്സിസ്റ്റ്, ധ്യാനിക്കാത്തവൻ പരസ്യമായി ഇടതു്, രഹസ്യമായി ഒരല്പം മാർക്സിസ്റ്റ് – അതാണു് നടപ്പുരീതി.
അതുപോലെ പിൻതുടരപ്പെടുന്നവയാണു് എല്ലാ ഐഡിയോളജികളും. അതാണെന്നു് കരുതിയാൽ അതുതന്നെ! അങ്ങനെ കരുതാൻ മറ്റെല്ലാവരും ബാദ്ധ്യസ്ഥരാണെന്നു് കരുതാത്തിടത്തോളം ആ കരുതൽ ഒരു പ്രശ്നമാവണമെന്നുമില്ല. പക്ഷേ, ആരു് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ബെർമൂഡ വള്ളിക്കളസവും, പ്രതീകാത്മകശവമടക്കു് ആർട്ട് ഇൻസ്റ്റലേഷനും, അവഹേളനങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യവും, സ്ത്രീവിരുദ്ധപുലികളികൾ മാനവകമ്മ്യൂണിസവുമൊക്കെ ആകുന്നതു് എന്നതിനാൽ, അതത്ര എളുപ്പമായ കാര്യമല്ല. വിഗ്രഹങ്ങളെ ദൈവങ്ങളായി ആരാധിക്കാനും, ശത്രുക്കളുടെ വയ്ക്കോൽ രൂപങ്ങളെവരെ ബലാൽസംഗം ചെയ്യാനും തോന്നിക്കുന്ന പ്രിമിറ്റീവ് ആസക്തികൾ സ്ഥിരമായി പുളിച്ചു് തികട്ടിക്കൊണ്ടിരിക്കുന്ന പ്രാകൃതതലകളിൽ പ്രതിപക്ഷബഹുമാനം പോലുള്ള സാംസ്കാരികമൂല്യങ്ങൾ ഉണ്ടാവുമെന്നു് കരുതുന്നതാണു് തെറ്റു്.
May 22, 2016, 7:33 AM
എഴുതാനും വായിക്കാനും അറിയാത്ത ഇംഗ്ലണ്ഡുകാർ പോലും ഇംഗ്ലീഷിലേ സംസാരിക്കുള്ളൂത്രെ! അധികപ്രസംഗം എന്നല്ലാതെ എന്താ ഇപ്പൊ പറയ്യ?
May 24, 2016, 8:33 AM
ചീഫ് മിനിസ്റ്റർ, ചീഫ് ഓഫ് പൊലീസ് തുടങ്ങിയ ഡെസിഗ്നേഷനുകൾ പോലെ, chief whip-നെ (മുഖ്യ ചാട്ട) “chief VIP” എന്നു് വിളിക്കുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു. ലോകജനാധിപത്യങ്ങളിലെ ഒരു നടപ്പുരീതി വച്ചു് നോക്കുമ്പോൾ, ചീഫ് വിപ്പ് ഒരു വെരി ഇമ്പോർട്ടന്റ് പേഴ്സൺ (VIP) കൂടി ആയിരിക്കണമല്ലോ. കേരളം അക്കാര്യത്തിൽ ഒരു പടികൂടി മുന്നിലാണു്. കേരളീയർ ആ വാക്കിനു് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ടു് കൊടിയ അർത്ഥവിപുലതകൾ സാദ്ധ്യമാക്കിയിട്ടുണ്ടു്. ഉദാഹരണത്തിനു്, കേരളത്തിൽ ചീഫ് വിപ്പിനെ മുഖ്യചാട്ടവാറെന്നോ, മുഖ്യചമ്മട്ടിയെന്നോ, മുഖ്യഉറുമിയെന്നു് പോലുമോ വിളിക്കുന്നതു് അന്യായമോ അർത്ഥശൂന്യതയോ അല്ല. വടക്കൻ വീരഗാഥകളുടെ ഹാങ്ങോവറിൽ നിന്നും ഇതുവരെ മോചനം പ്രാപിച്ചിട്ടില്ലാത്ത കേരളീയൻ രാഷ്ട്രീയത്തിൽ നിന്നും പ്രതീക്ഷിക്കുന്നതുതന്നെ കളരിപ്പയറ്റുകളും കോഴികൾ തമ്മിലുള്ള പോരുകളുമാണു്! എല്ലാം, “കൊളമാണു് ലക്ഷ്യമെങ്കിൽ അങ്ങോട്ടേക്കു് ഏതു് മാർഗ്ഗം സ്വീകരിച്ചാലും പ്രശ്നമൊന്നുമില്ല” എന്നും, “മാറ്റമില്ലാത്തതു് മാറ്റത്തിനും മാറ്റാർക്കും മാത്രം” എന്നും മറ്റും അരുളിച്ചെയ്തശേഷം യശശ്ശരീരനായ കാൾ മാർക്സ് മുത്തപ്പന്റെ അനുഗ്രഹം!
May 25, 2016, 8:38 AM
കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റ്രീം നിറയെ കേരളരാഷ്ട്രീയത്തിലെ കൊലക്കണക്കുകളുടെയും പണക്കണക്കുകളുടേയും മാർച്ച് പാസ്റ്റായിരുന്നു. കൊലപാതകരഹിത-, അഴിമതിരഹിതനവയുഗം പൊട്ടിവിരിഞ്ഞതിന്റെ ആഘോഷമായിരിക്കുമതെന്നു് കരുതി. ഇന്നു് സ്‌റ്റ്രീമിൽ കവിതകളുടെ ഫാഷൻ പരേഡാണു്. അഴിമതിക്കാരും കൊലപാതകികളും മൊത്തമായി കവിതാരചനയിലേക്കു് തിരിഞ്ഞെന്നുണ്ടോ? “മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ” എന്നും മറ്റുമുള്ള ശോകഗാനങ്ങൾ പാടി കടാപ്പുറത്തുകൂടി അലഞ്ഞുതിരിയുന്ന ഏകാന്തഗായകരായ കൊടിസുനികളേയും ദാവൂദ് ഇബ്രാഹിമുകളെയും കൂടി കണ്ടിട്ടു് ചാകേണ്ടിവരുമോ എന്റെ തിർമൽ ദേവാ!
(അറിയാത്തവർക്കുവേണ്ടി: തിർമൽ ദേവൻ ഒരു ഫിസിയോ തെറാപ്പിസ്റ്റാണു്. തിരുമ്മൽ വിദഗ്ദ്ധരുടെ കുലദൈവം. തിരുമ്മൽ ദേവൻ തേഞ്ഞുതേഞ്ഞു് തിർമൽ ദേവൻ ആവുകയായിരുന്നു.)
May 25, 2016, 2:17 PM
ഏതെങ്കിലും എമ്മെല്ലെമാരുകളോ മന്ത്രിമാരുകളോ ചെരിപ്പു് ധരിക്കാതെ നടക്കുന്നതിനെ കുറ്റം പറയാൻ ഞാനാളല്ല. പണമില്ലായ്മ, അലെർജി, ആദർശം തുടങ്ങിയ കാരണങ്ങൾ ചെരിപ്പു് വേണ്ടെന്നു് വയ്ക്കാൻ മനുഷ്യരെ നിർബന്ധിതരാക്കുന്ന വകുപ്പുകളാണു്. (ഉടുതുണി പോലും വേണ്ടെന്നു് വയ്ക്കുന്ന മനുഷ്യർ ജീവിക്കുന്ന നാടാണു്!) പക്ഷേ, യാത്രാവേളകളിൽ കേരളത്തിലെ പൊതുകക്കൂസുകൾ ഉപയോഗിക്കേണ്ട ആവശ്യമുള്ള ജനപ്രതിനിധികൾ ഏതാനും കയ്യുറകളും, അലെർജി ഉണ്ടാക്കാത്ത ഒരു ജോഡി ചെരിപ്പും, സൗകര്യം പോലെ, ഒരു ചാക്കിലോ സഞ്ചിയിലോ കൂട്ടത്തിൽ കരുതുന്നതാണു് അവർക്കും അവരാൽ ഭരിക്കപ്പെടുന്ന ജനത്തിനും നല്ലതു്.
ജനപ്രതിനിധികൾ പകർച്ചവ്യാധി പിടിച്ചു് ചത്താൽ പിന്നെ ജനം ജീവിച്ചാലെന്തു്? ജീവിച്ചില്ലെങ്കിലെന്തു്? പണ്ടു് അമേരിക്കക്കാർ കൊളോണിയൽ ഇംഗ്ലണ്ഡിനോടു് പറഞ്ഞപോലെ, പ്രാതിനിധ്യം ഇല്ലാതെ നികുതി ചുമത്തുന്നതെങ്ങനെ? അതുകൊണ്ടുള്ള അപേക്ഷയാണു്: ചെരിപ്പുധാരണത്തെ കാറ്റഗോറിക്കലി നിഷേധിക്കുന്ന ജനപ്രതിനിധികളായാലും, ജനത്തെ പ്രതി, കേരളത്തിലെ സമ്പൂർണ്ണസാക്ഷര ജനകീയ കക്കൂസിനു് അകത്തു് കയറുന്നതിനു് മുൻപു് ഈശ്വരപ്രാർത്ഥനയോടെ ആദ്യം കയ്യുറയും പിന്നെ ചെരിപ്പും ധരിക്കാൻ മറക്കാതിരിക്കുക.
(ഒന്നിനും രണ്ടിനും മുൻപും പിൻപും ശരീരഭാഗങ്ങൾ തൊട്ടു് വന്ദിക്കാൻ ബാദ്ധ്യതയുള്ളവർ ആ ചടങ്ങു് ചെരിപ്പിടാൻ ഉപയോഗിച്ച കയ്യുറകൾ കൊണ്ടു് നിർവഹിക്കാതിരിക്കുക.)
പുറത്തിറങ്ങിയശേഷം ദേശീയഗാനാലാപത്തോടെ ആദ്യം ചെരിപ്പും പിന്നെ കയ്യുറയും ഊരി മാറ്റുന്നതിൽ തെറ്റില്ല. ചില ഗാന്ധിയൻ ആദർശങ്ങൾക്കു് ആഘാതം ഏൽക്കാതിരിക്കാൻ ആ നടപടി സഹായിക്കുകയും ചെയ്യും. പക്ഷേ, പൊതുകക്കൂസിനകത്തു്, “മസ്റ്റ് വി ഹാവ് ചപ്പൽസ് ഇൻ കേരള”!
ചെരിപ്പുധാരണം സാമൂഹിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ എന്ന വിഷയത്തിലെ ഗവേഷണങ്ങൾ ഇതുവരെ ആരംഭദശ തരണം ചെയ്തിട്ടില്ല. അതുകൊണ്ടു് ആ കാര്യത്തിൽ ഒരഭിപ്രായം ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല.
May 27, 2016, 2:57 PM
“തിരുവനന്തപുരം എകെജി സെന്ററിന് മുന്നില്‍ വെയ്ക്കാവുന്ന ഒരു ബോര്‍ഡ് (വേണമെങ്കില്‍ മതി, നിര്‍ബന്ധമില്ല)” – “വെള്ളാപ്പള്ളി ഈ വീടിന്റെ ഐശ്വര്യം” – Joseph Antony-യുടെ വക ഒരു സ്റ്റാറ്റസ്
എകെജി സെന്റർ ഭാരതത്തിൽ ആയതുകൊണ്ടു് കുഴപ്പമില്ല. വയ്ക്കുന്ന ബോർഡ് നെയ്‌പ്രൂഫും പാൽപ്രൂഫും ആയിരിക്കാൻ ശ്രദ്ധിക്കണമെന്നേയുള്ളു. കാരണം, എവിടെയെങ്കിലും പടങ്ങളോ പ്രതിമകളോ ഇരിക്കുന്നതു് കണ്ടാൽ അതിന്റെ മീതെ നെയ്യും പാലും കോരിയൊഴിക്കണം എന്നൊരു സദ്സ്വഭാവം ഭാരതീയർക്കുണ്ടു്. നെയ്യും പാലും വഴി ബോർഡിനു് കൊറോഷൻ സംഭവിക്കരുതല്ലോ. പക്ഷേ, കൊറോഷൻ പ്രൂഫ് ആയാലും അല്ലെങ്കിലും, നെറ്റിയിൽ “ഹോട്ട്സ്പോട്ട്” ഉള്ള ബോർഡുകൾ യാതൊരു കാരണവശാലും USA-യിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നു്. അമ്മയുടെ ആലിംഗനതെറാപ്പിപോലുള്ള അത്ഭുതരോഗശാന്തി ശുശ്രൂഷകളിലേയ്ക്കു് പണമുള്ള രാജ്യങ്ങളിൽ നിന്നും പച്ചപ്പരമാര്‍ത്ഥം തേടുന്ന ചില രോഗികൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടു് എന്നതിനാൽ, ഏതെങ്കിലുമൊരു ഭക്തനു് അതുപോലൊരു പ്രതിഷ്ഠാവെളിപാടു് ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ അവിടേക്കു് നടത്തേണ്ടിവരുന്ന എത്ര ദീർഘമായ തീർത്ഥയാത്രയും ഒരു ബുദ്ധിമുട്ടായി കരുതുന്നവരല്ല പെരുച്ചാഴികൾ. പ്രതിഷ്ഠാകർമ്മത്തിനു് അമ്മദൈവമോ അപ്പൻദൈവമോ എന്ന വ്യത്യാസമൊന്നുമില്ല. നിന്റെ ഐഡലിനു് കഴിയുന്നതും അതിൽ കൂടുതലും എന്റെ ഐഡലിനു് കഴിയും എന്നു് അനുയായികൾക്കു് തോന്നണം. അല്ലെങ്കിൽ ആളുകൾ കൊഴിഞ്ഞുപോകും. ശ്രേഷ്ഠമല്ലാത്തതിനെ ആരാധിക്കുന്ന സ്വഭാവം മനുഷ്യഭക്തിക്കു് പണ്ടേയില്ല. ദൃഢപ്രതിജ്ഞ ആയാലും സത്യപ്രതിജ്ഞ ആയാലും ശ്രേഷ്ഠതയുടെ കാര്യത്തിൽ നല്ലൊരളവു് യാഥാസ്ഥിതികത്വം ഇഷ്ടപ്പെടുന്നവരാണു് മനുഷ്യർ.
USA ഒരു കൗബോയ് നാടായതിനാൽ, എവിടെയെങ്കിലും ഒരു “സ്പോട്ട്” കണ്ടാൽ അതിനെ ലക്ഷ്യമാക്കി ചറപറാ വെടിവയ്ക്കുക എന്നൊരു സദ്സ്വഭാവം അമേരിക്കൻസിനുണ്ടു്. ഓരോ നാടുകൾ, ഓരോ രീതികൾ! സ്പോട്ട് കണ്ടാൽ സ്പോട്ടിൽ വെടി – അതാണു് യാങ്കികളുടെ നയം. ഒരു ചുറ്റിക എവിടെയെങ്കിലും വെറുതെ ഇരിക്കുന്നതു് കണ്ടാൽ, അതു് ചുമ്മാതെയുള്ള ഒരു ഇരിക്കലല്ലെന്നും, എന്നെയെടുത്തു് ഏതെങ്കിലും ഒരാണിയുടെ തലയ്ക്കു് അടിയ്ക്കൂ എന്നൊരു കല്പനയുമായാണു് ചുറ്റിക അങ്ങനെ ഇരിക്കുന്നതെന്നും കരുതുന്ന മനുഷ്യരുണ്ടു്. സ്ത്രീകൾ മിനിസ്കെർട്ടോ ബിക്കിനിയോ ധരിക്കുന്നതു് താനെന്ന കാമസൂത്രവിദഗ്ദ്ധനെ അവരുടെ കിടപ്പറകളിലേക്കു് തൽക്ഷണം കൂട്ടിക്കൊണ്ടു് പോകാനാണെന്നു് കരുതുന്ന ലോകസദാചാരപരിപാലകരായ മനുഷ്യരുമുണ്ടു്! അമേരിക്കൻ കൗബോയ്സും അതുപോലെതന്നെ. വഴിയിൽ കാണുന്ന ഏതു് സ്പോട്ടും “എന്നെ വെടിവയ്ക്കൂ” എന്നു് തന്നോടു് പറയുകയാണെന്നു് കരുതുന്നവരാണവർ. സാധാരണഗതിയിൽ കറുത്ത സ്പോട്ടുകളാണു് അവരിൽ വെടിദാഹം ഉണർത്താറുള്ളതെങ്കിലും, ചുവപ്പും കമ്മ്യൂണിസവും തമ്മിലുള്ള ചരിത്രപരമായ രക്തബന്ധം മൂലം ചുവന്ന സ്പോട്ടുകൾ അവരെ കൂടുതൽ ഭ്രാന്തു് പിടിപ്പിക്കാൻ സാദ്ധ്യതയുണ്ടു്. വെളുത്തുള്ളിയും ഡ്രാക്കുളയും തമ്മിലുള്ള ആത്മബന്ധമാണു് പണ്ടേതന്നെ കാപ്പിറ്റലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മിൽ പുലർത്തുന്നതു്. അതുകൊണ്ടു്, “ഹോട്ട്സ്പോട്ട്” ബോർഡുകൾ അമേരിക്കയിൽ കൊണ്ടുപോയി സ്ഥാപിക്കുന്നതിനു് മുൻപു് രണ്ടുവട്ടം ആലോചിക്കുന്നതു് ഉചിതമായിരിക്കും.
May 28, 2016, 8:10 AM
സ്വന്തം കഴിവുകളെ ഓവർഎസ്റ്റിമേറ്റ് ചെയ്യാനുള്ള മനുഷ്യരുടെ സ്വാഭാവിക പ്രവണതക്കു് പ്രൊഫസ്സർ ഡേവിഡ് മയേഴ്സ് നൽകിയ പേരാണു് “The Lake Wobegon effect”. മിനെസോട്ടയിലെ ഒരു ഫിക്ഷണൽ ടൗണിനു് ഗാരിസൺ കീലർ നൽകിയ പേരാണു് Lake Wobegon – “where all the women are strong, all the men are good looking, and all the children are above average.”
സ്വന്തം കഴിവുകളെ ഓവർഎസ്റ്റിമേറ്റ് ചെയ്യാൻ ലെയ്ക്ക് വൊബെഗൊണിൽ ജീവിക്കുന്നവർക്കേ കഴിയൂ എന്നു് നിർബന്ധമൊന്നുമില്ല. കേരളീയരും അക്കാര്യത്തിൽ മുൻപന്തിയിൽത്തന്നെയാണു്. എന്നോടാണോടാ കളി എന്ന ഒറ്റച്ചോദ്യത്തിലൂടെ മതം, ശാസ്ത്രം, രാഷ്ട്രീയം, കല, സാഹിത്യം തുടങ്ങിയ ഏതു് വിഷയത്തിലും സ്വന്തം അജയ്യത തെളിയിക്കാൻ കഴിയുന്നവരാണു് മലയാളികൾ. ഡ്രൈവിങ്ങിൽ നിക്കൊ റോസ്ബെർഗ്, സാഹിത്യത്തിൽ ഷേക്സ്പിയർ, കവികളിൽ കാളിദാസൻ, സർവ്വകലാവല്ലഭരിൽ മൈക്കലാൻജെലോ, ലൈംഗികതയിൽ കാസനോവ തുടങ്ങിയ മഹാരഥന്മാരെയെല്ലാം നിഷ്‌പ്രഭരാക്കാൻ കഴിയുന്നവരെന്ന തിരുത്താനാവാത്ത ശുഭാപ്തിവിശ്വാസം വച്ചുപുലർത്തുന്നവർ. പ്രൊഫ. മയേഴ്സിനു് കേരളത്തെ പരിചയം ഉണ്ടായിരുന്നു എന്നു് തോന്നുന്നില്ല. അല്ലെങ്കിൽ ഈ അൺറിയലിസ്റ്റിക് ഒപ്ടിമിസത്തിനു് “The State Kerala Effect” എന്ന പേരു് നൽകി ബഹുമാനിക്കാൻ അദ്ദേഹം മടിക്കുമായിരുന്നില്ല.
May 29, 2016, 7:55 AM
പരിശുദ്ധാത്മാവു് തലയിൽ കയറിക്കൂടിയാൽ അന്യഭാഷകളിൽ സംസാരിക്കുന്നതു് എല്ലാത്തരം ഭക്തരുടെയും രീതിയാണു്. തലയുടെ നിയന്ത്രണം ഏറ്റെടുത്തു് കഴിഞ്ഞാൽ പിന്നെ സംസാരിക്കുന്നതു് ഭക്തനായിരിക്കില്ല, പരിശുദ്ധാത്മാവായിരിക്കും. പാമ്പാവാൻ വേണ്ടി പട്ട കുടിച്ചവർ, പട്ട കുടിച്ചതുകൊണ്ടു് പാമ്പായവർ തുടങ്ങിയവരുടെ നിയന്ത്രണം പട്ട ഏറ്റെടുക്കുന്നതുപോലെ. ഭക്തി ഒരു ഭ്രാന്താണു്. തടിതപ്പാൻ വേണ്ടി എണ്ണമറ്റ എക്സ്ക്യൂസുകൾ സദാ കൈവശമുള്ള ഒരുതരം ഭ്രാന്തു്. എരിവു് മൂക്കുമ്പോൾ എതിരാളികളെ ലക്ഷ്യമാക്കി നായിന്റെമോൻ, പരനാറി, ശുംഭൻ, പട്ടിത്തീട്ടം തുടങ്ങിയ മറുഭാഷകൾ അനർഗ്ഗളം വിനിർഗ്ഗമിക്കുന്നതു് ഈ ഭ്രാന്തിൽ നിന്നുമാണു്. മറുഭാഷകനു് ആ നിമിഷത്തിൽ താൻ ആരായാണോ തോന്നുന്നതു് എന്നറിയാൻ ഉപകരിക്കുന്ന പദാവലികളുടെ കുത്തിയൊഴുക്കു്.
സാധാരണഗതിയിൽ, വലിയ വിലയൊന്നും നൽകാതെ അവഗണിക്കാവുന്ന ജല്പനങ്ങളാണവ. പക്ഷേ, അച്ചങ്ങായി ആരെ അലങ്കരിക്കാൻ എന്ന ഭാവത്തിലാണോ ആ വാക്കുകൾ പുറത്തു് വിട്ടതു്, അവരെ പിന്നീടൊരിക്കൽ, പ്രത്യേകിച്ചും അവരുടെ സബോർഡിനേറ്റ് എന്ന നിലയിൽ, നേരിടേണ്ടിവരികയും, അവരുമായി ഹസ്തദാനം പോലുള്ള ആചാരമര്യാദകൾ പാലിക്കാൻ നിർബന്ധിതനാവുകയും ചെയ്യുമ്പോൾ പഴയ ശ്രേഷ്ഠഭാഷ ഒരു തലവേദനയായി മാറിക്കൂടായ്കയില്ല. കാരണം, അത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായി ചുണ്ടിൽ വിരിയേണ്ട ഡിപ്ലോമാറ്റിക് ചിരി കടയടച്ചു് ഹർത്താൽ ആചരിച്ചുകളയും. മനസ്സിലാക്കാൻ അത്ര പ്രയാസമുള്ള ഒരു കാര്യമല്ലതു്. അതിനു്, നായിന്റെമോനും പട്ടിത്തീട്ടത്തിനുമെല്ലാം കൈകൊടുക്കേണ്ടി വന്നാൽ പ്രകാശം പരത്തുന്ന ഒരു വ്യക്തി അനുഭവിക്കേണ്ടിവരുന്ന വൈക്ലബ്യം എത്രയായിരിക്കുമെന്നു് ഒന്നാലോചിച്ചു് നോക്കിയാൽ മതി. കഥാപുരുഷനു് ഇവിടെ ആകെ ചെയ്യാൻ കഴിയുന്നതു്, യാന്ത്രികമായ, ന്ന്വച്ചാൽ ജീവനില്ലാത്ത, ഒരു ചിരി കഷ്ടപ്പെട്ടു് നിർമ്മിച്ചു് ചുണ്ടിൽ ഫിറ്റ് ചെയ്യുക എന്നതാണു്. ചിരിനിർമ്മാതാവിനു് ആ നിർമ്മാണം വഴി മാർക്സിയൻ മാതൃകയിലുള്ള വല്ല അന്യവത്കരണവും സംഭവിക്കുമോ എന്നൊന്നും കൃത്യമായി പറയാൻ കഴിയില്ലെങ്കിലും, മുഖത്തെ ചിരിമസ്സിലുകളിൽ ഒരുവിധ ചലനവും ആ ചിരിവഴി സൃഷ്ടിക്കപ്പെടുകയില്ല എന്നതൊരു വസ്തുതയാണു്. എങ്കിലും ഒന്നുമില്ലാത്തതിൽ ഭേദം.
ജനങ്ങളുടെ ജീവിതം ശരിയാക്കാനായി പൊതുസമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നവർ അവരുടെ വാക്കുകൾ സബ്ജക്റ്റ് സ്പെസിഫിക്കും ഒബ്ജക്റ്റീവും മാത്രമായിരിക്കാൻ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന ഒരു കാര്യമേ ഇതിലുള്ളു എന്നതാണു് ഏറെ രസം. പക്ഷേ പറയുന്നത്ര അനായാസം പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു കാര്യമല്ലതു്. വ്യക്തിത്വരൂപീകരണത്തിനായി കുടുബത്തിൽ നിന്നേതന്നെ സോൾവ് ചെയ്തു് തുടങ്ങേണ്ടുന്ന ഒരുപാടു് വേര്യബിൾസുണ്ടു്. അവ ഒന്നാകെ നെഗ്ലക്റ്റ് ചെയ്യപ്പെട്ടാൽ അതിന്റെ ഫലമായി പുറത്തു് വരുന്നതു് മറുഭാഷകൾ സംസാരിക്കാനല്ലാതെ കാര്യമായ മറ്റു് വിഭവശേഷികളൊന്നുമില്ലാത്ത ഒരു ജനസമൂഹമായിരിക്കും.
May 30, 2016, 12:38 PM
രാഹുൽ ഈശ്വർ ഒരു ഊളയാണെന്നു് പറയണമെന്ന അതിയായ ആഗ്രഹം മറ്റു് പലരേയും പോലെ എനിക്കുമുണ്ടു്. പക്ഷേ, അതു് പറയാൻ തുടങ്ങുമ്പോഴെല്ലാം, “ഉത്ഭവാത്മകമായി” നീയും ഒരു പീറമലയാളിയാണെടാ ഊളേ എന്നൊരു അശരീരി ഞാൻ കേൾക്കുന്നു! അതോടെ, നൂറ്റിഎൺപതു് ഡിഗ്രിയിലേക്കു് തിളച്ചു് കിസ് ഓഫ് ലൗവിനു് ഇറങ്ങിത്തിരിച്ചെങ്കിലും, കിടപ്പറയിൽ ചെയ്യുന്നതു് റോഡിൽ ചെയ്യരുതു് എന്നൊരു അശരീരി കേട്ടതിന്റെ പേരിൽ, “കിടപ്പറയിൽ ചെയ്യുന്നതു് ചെയ്യാനായി” റോഡിലേക്കു് പുറപ്പെട്ട “സ്വതന്ത്രചിന്തകരായ” യുവസഖാക്കൾക്കു് പൂജ്യം ഡിഗ്രിയിലേക്കു് തണുത്തു് കൂട്ടിലേക്കു് മടങ്ങേണ്ടിവന്നതുപോലെ, എനിക്കും ആ ഉദ്യമത്തിൽ നിന്നും നിരുപാധികം പിൻതിരിയേണ്ടിവരുന്നു.
April 2016
Apr 2, 2016, 8:39 AM
ഇന്നു് കണ്ടൊരു മൊഴിമുത്തു്:
“ലോകത്തിന്‍െറ ഇന്നത്തെ പോക്കില്‍ താന്‍ ദു:ഖിതനാണു്.” – യേശുദാസ്
ആ മാന്യദേഹത്തിനു് ഒരുപക്ഷേ ഒരിക്കലും അറിയാൻ കഴിയാത്തതു്: യേശുദാസിന്റെ എന്നത്തേയും പോക്കിൽ വളരെ മുൻപേ മുതൽ ദുഃഖിക്കാൻ തുടങ്ങിയതാണു് ഇന്നത്തെ ലോകം . “അല്ലാഹു എന്ന പേരിന്റെ അർത്ഥവും, അതിന്റെ വിശദീകരണവും” യേശുദാസ് അറിയുന്ന പോലെയല്ലാതെ മനസ്സിലാക്കിയ ഇന്നത്തെ മനുഷ്യർ പ്രത്യേകിച്ചും. ഭാഷ അറിഞ്ഞുകൊണ്ടാണു് “ബിസ്മി” ചൊല്ലുന്നതെങ്കിൽ പ്രശ്നമൊന്നുമില്ല എന്ന ആ തിരിച്ചറിവുണ്ടല്ലോ, അതാണു് ഹൈലൈറ്റ്!
കൊലയാളികൾക്കുവരെ സംരക്ഷകപട്ടം ചാർത്തിക്കൊടുത്തു് ജീവൻ രക്ഷിക്കേണ്ട ഗതികേടിലേക്കു് ജ്ഞാനപീഡനക്കാർ “പോക്കിയ” ജനമല്ലേ? ഏതു് വിഡ്ഢിത്തം കേട്ടാലും, കേൾക്കുന്നതു് ഉന്നതപീഠത്തിൽ നിന്നെങ്കിൽ, അവർ ആർപ്പിട്ടുകൊള്ളും. വായ്ത്താളങ്ങളെ അവർ വാക്കുകളേക്കാൾ ഇഷ്ടപ്പെടുന്നതും മറ്റൊന്നുകൊണ്ടുമല്ല.
(“ചാവറ കള്‍ചറല്‍ സെന്‍ററില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം പ്രകാശനം ചെയ്തശേഷം “ബിസ്മി” ചൊല്ലിക്കൊണ്ട് തുടങ്ങിയത് സദസ്സിനെ അതിശയിപ്പിച്ചു. “ബിസ്മി” പറയുന്നതിലല്ല, ഭാഷ അറിയാത്തതിനാലാണ് പ്രശ്നമുണ്ടാകുന്നത്. ഒരു സ്റ്റേജ് പരിപാടിയില്‍ ഉണ്ടായ അനുഭവത്തെ ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു. പലര്‍ക്കും “അല്ലാഹു” എന്ന പേരിന്‍െറ അര്‍ഥമോ അതിന്‍െറ ഒന്ന് വിശദീകരിക്കാനോ അറിയില്ല.”)
Apr 2, 2016, 12:13 PM
“വിവാഹം വിദ്യാഭ്യാസത്തേക്കാൾ പ്രധാനമെന്നു് ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.”
കല്യാണം വിളിച്ചുചൊല്ലുന്നതിനും, കല്യാണപ്പെണ്ണിന്റെ കഴുത്തിൽ ഇടേണ്ടുന്ന കുടുക്കിനെ കൂദാശ ചെയ്തു് കൊടുക്കുന്നതിനുമൊക്കെ കുറച്ചു് വല്ലതുമാണോ തടയുന്നതു്? അതു് മാത്രമോ? കൂട്ടിക്കെട്ടലിന്റെ aftermath(ematics) വച്ചുനോക്കുമ്പോൾ, വിവാഹം അപ്രധാനമായാൽ അതുവഴി മറ്റെത്രയോ വരുമാനസ്രോതസ്സുകൾ കൂടിയാണു് അടയുന്നതു്! മക്കളുടെ മാമൂദീസ, ആദ്യകുർബ്ബാന, അന്ത്യകുർബ്ബാന, മോൻകെട്ടുകൾ, മോൾകെട്ടുകൾ തുടങ്ങിയവയെല്ലാം പള്ളിക്കു് ഗാന്ധിത്തലകളുടെ വറ്റാത്ത ഒരു ഉറവതന്നെ വാഗ്ദാനം ചെയ്യുന്നവയാണു്. തെമ്മാടിക്കുഴിയെന്നു് കേട്ടാൽ കുരിശുകണ്ട പിശാചിനെപ്പോലെ മരണവെപ്രാളം കാണിക്കുന്നവരാണു് വിശ്വാസികൾ! അതുകൊണ്ടു് വിശ്വാസപരമായ ചടങ്ങുകളിൽ വീഴ്ച വരുത്താൻ അവർ ധൈര്യപ്പെടുമെന്ന ഭയത്തിന്റെ ആവശ്യവുമില്ല. സർവ്വോപരി, പള്ളിയുടെ ഭക്തിദുർഗന്ധമില്ലാത്ത വിദ്യാഭ്യാസം ലഭിച്ചാൽ, ബൈബിൾ വായിച്ചാൽ മനസ്സിലാകുന്ന നിലയിലേക്കു് വിശ്വാസികൾ എത്തിച്ചേർന്നു് കൂടെന്നുമില്ല.
കേരളത്തിൽ മനുഷ്യർ പെണ്ണുകെട്ടിയാൽ പത്താം മാസം പ്രസവമാണു്. അല്ലെങ്കിൽ എവിടെയോ എന്തോ തകരാറുണ്ടെന്നു് ജനം ഊഹിക്കാൻ തുടങ്ങും. ജനം ഊഹിക്കാൻ തുടങ്ങിയാൽ അതോടെ കെട്ടിയവരുടെ കഥ തീരും! ഇനി, പ്രസവിച്ചാൽ പിന്നെ മുല കൊടുക്കലായി, അപ്പി കോരലായി, നൂറുകൂട്ടം പണികളായി തിരക്കോടു് തിരക്കായിരിക്കും. അതിനുശേഷം പഠിക്കാൻ പോകണമെന്നെങ്ങാൻ പ്രസവിച്ചവൾ പറഞ്ഞുപോയാൽ അതോടെ ആ “എരണംകെട്ടവളുടെ” കഥയും നാട്ടുകാർ തീർക്കും! അതിനു് പറ്റിയ അയൽക്കാരുടെയും അമ്മായി-അമ്മാവന്മാരുടെയും കൈകളിൽ ഭദ്രമാണു് കേരളം. അഭിപ്രായസ്വാതന്ത്ര്യം എന്നതുകൊണ്ടു് മലയാളി ഉദ്ദേശിക്കുന്നതുതന്നെ അന്യരുടെ കാര്യങ്ങളിൽ അധികാരപൂർവ്വം ഇടപെട്ടു് അവരെ കുളിപ്പിച്ചു് കിടത്തുന്നതിനുള്ള അവകാശമാണു്. അതുകൊണ്ടാണു്, “വിവാഹം തുടർപഠനത്തിന് തടസ്സമാകില്ല” എന്നു് ഉറപ്പിച്ചു് പറയാൻ ഇടുക്കി ബിഷപ്പിനു് കഴിയുന്നതു്. കെട്ടിക്കിട്ടിയാൽ നമുക്കുള്ളതു് നമുക്കു് കിട്ടും. ബാക്കി കാര്യങ്ങൾ നാട്ടുകാർ നോക്കിക്കൊള്ളും. അതാണു് പിതാവിന്റെ കണക്കുകൂട്ടൽ.
വിശുദ്ധനായ പൗലോസ് (നീറ്റ്സ്ഷെയുടെ അഭിപ്രായത്തിൽ, കള്ളനാണയമായ പൗലോസ്!) കൊരിന്ത്യർ 1: 20-ൽ പറയുന്നപോലെ, ലോകത്തിന്റെ ജ്ഞാനം ഭോഷത്വമാക്കിത്തീർത്ത ഒരു ദൈവത്തിന്റെ നാമത്തിലാണല്ലോ ഇക്കണ്ട വായ്ത്താരികളും ഇടയലേഖനങ്ങളും മുഴുവൻ എന്നതാണു് ആകെയൊരാശ്വാസം! ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിന്റെ താർക്കികൻ എവിടെ? എന്നൊക്കെയാണു് മറ്റേ ലോകത്തിന്റെ താർക്കികനായ പൗലോസ് ആക്രോശിക്കുന്നതു്. ക്രിസ്തുമതത്തിന്റെ സ്ഥാപകപിതാവായ പൗലോസ്! ആ ക്രിസ്തുമതത്തെ തൈലാഭിഷേകം നടത്തി ആയുസ്സു് നീട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇന്നത്തെ പിതാക്കൾ! വിജ്ഞാനവിരോധം മൂട്ടിൽ നിന്നുതന്നെ തുടങ്ങിയതാണെന്നു് ചുരുക്കം.
Apr 3, 2016, 10:56 AM
“വിശ്വ വിഖ്യാത തെറി”! കൊള്ളാം. ഒരു കോളെജ് മാഗസിനു് യോജിച്ച കലക്കൻ പേരു്!
ഒരു വടക്കൻ വീരഗാഥയിൽ ബാലൻ കെ. നായരും മമ്മൂട്ടിയും തമ്മിലുള്ള ഒരു ഡയലോഗാണു് എനിക്കു് ഓർമ്മ വരുന്നതു്: “അടവിലും തൊഴിലിലും ആരോമൽ(സ്) ആർക്കും പിന്നിലല്ല. പക്ഷേ, അങ്കം ജയിക്കാൻ അതുമാത്രം പോര”.
Apr 5, 2016, 8:01 AM
കുറേ വർഷങ്ങൾക്കു് മുൻപാണു് “കൽപ്പണിക്കാരന്റെ അറ്റഷേ കെയ്സ്” എന്നൊരു പ്രയോഗം എവിടെയോ വായിച്ചതു്. അധികം ആവശ്യം വരാഞ്ഞതിനാലാവാം, പിന്നീടു് അതു് മറന്നും പോയിരുന്നു.
സ. പിണറായി വിജയന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഏപ്രിൽ നാലിനു് തിരുവനന്തപുരം കനകക്കുന്നു് കൊട്ടാരത്തിൽ വച്ചു് നടക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ ആ പ്രയോഗം എങ്ങനെയോ എനിക്കോർമ്മ വന്നു. വെബ്സൈറ്റുകളും കമ്പ്യൂട്ടറുകളും തമ്മിലുള്ള ആത്മബന്ധമാണോ, തൊഴിലാളിവർഗ്ഗവും കനകക്കൊട്ടാരങ്ങളും തമ്മിലുള്ള ശത്രുബന്ധമാണോ അതുപോലൊരു അസോസിയേഷനിലേക്കു് എന്നെ എത്തിച്ചതു് എന്നറിയില്ല. ഏതായാലും, കാലം മാറുമ്പോൾ കോലവും മാറുന്നതിൽ തെറ്റൊന്നുമില്ല എന്നാണു് എന്റെയും അഭിപ്രായം. (കോലം മാറുമ്പോൾ = തടി കൂടുമ്പോൾ) മാറ്റുവിൻ ചട്ടകളെ അല്ലെങ്കിൽ ചട്ടകളുടെ തുന്നൽ പൊട്ടും എന്നാണല്ലോ കവിയും പാടിയതു്.
Apr 5, 2016, 12:16 PM
ഏതു് വിശ്വാസവും അന്ധവിശ്വാസമാണെന്നും മറ്റും ചില യുക്തിവാദികളും നിരീശ്വരവാദികളും അവകാശപ്പെടാറുണ്ടു്. അജ്ഞത മൂലമാണു് അവർ അങ്ങനെ പറയുന്നതു്. ശ്രീമാൻ കരുണാനിധി വ്യക്തമായ തെളിവുകളുമായി ഒരു ദൂതനെ അയച്ചിട്ടും അവനിൽ വിശ്വസിക്കാത്ത നിഷേധികളാണവർ. സത്യത്തിൽ, വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ സബ്സ്റ്റാൻഷ്യലായ വ്യത്യാസമുണ്ടു്. നിങ്ങൾ കാണുന്നില്ലേ? അന്ധവിശ്വാസത്തിൽ ‘അ’, ‘ന്ധ’ എന്നീ രണ്ടക്ഷരങ്ങൾ അധികപ്പറ്റായുണ്ടു്. അതുകൊണ്ടാണു് ഞങ്ങന്റെ വിശ്വാസം ശരിയായ സത്യവിശ്വാസവും, നിങ്ങന്റെ വിശ്വാസം തെറ്റായ അന്ധവിശ്വാസവുമാകുന്നതു്. വിശ്വാസമുള്ളവർക്കേ ദൃഷ്ടാന്തം മുള്ളൂ.
Apr 6, 2016, 12:45 PM
2015-ൽ ലോകത്തിൽ നടന്നിടത്തോളം വധശിക്ഷകൾ കഴിഞ്ഞ ഇരുപത്തഞ്ചു് വർഷങ്ങൾക്കുള്ളിൽ നടന്നിട്ടില്ലെന്നു്, 77 പേജുകൾ നീളുന്ന ഒരു ഡോക്യുമെന്റിൽ ആംനെസ്റ്റി ഇന്റെർനാഷണൽ. 2015-ൽ, ഏറ്റവും ചുരുങ്ങിയപക്ഷം, 1634 മനുഷ്യർ വധശിക്ഷക്കു് വിധേയരായി. ഇതു് 2014-ൽ നടപ്പാക്കിയതിനേക്കാൾ 573 പേർ കൂടുതലാണു്. 25 രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കപ്പെട്ടു. അതിൽ, പത്തിൽ ഒൻപതും നടന്നതു് മൂന്നു് രാജ്യങ്ങളിലായാണു്: ഇറാൻ – (ചുരുങ്ങിയതു്) 977 പേർ, പാകിസ്ഥാൻ – 326 പേർ, സൗദി അറേബ്യ – (ചുരുങ്ങിയതു്) 158 പേർ. 28 പേരെ വധിച്ച അമേരിക്ക അഞ്ചാം സ്ഥാനത്താണു്. 61 രാജ്യങ്ങൾ വധശിക്ഷ വിധിച്ചു. ചുരുങ്ങിയതു്, 20292 മനുഷ്യർ വധശിക്ഷയും കാത്തു് തടവറകളിൽ കഴിയുന്നുണ്ടു്.
ചൈനയിൽ വധശിക്ഷകൾ “സ്റ്റെയ്റ്റ് സീക്രട്ട്” ആയതിനാൽ, അവിടെ നിന്നുള്ള കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല. വ്യത്യസ്ത വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മറ്റു് രാജ്യങ്ങളെല്ലാം കൂടി നടപ്പാക്കുന്നത്രയോ, അതിൽ കൂടുതലോ വധശിക്ഷകൾ (2400) ചൈന നടപ്പാക്കുന്നുണ്ടത്രെ! അതിനർത്ഥം, ലോകത്തിൽ 2015-ൽ വധശിക്ഷക്കു് വിധേയരായതു് 4000 മനുഷ്യരാണു്!
സന്തോഷകരമായ കാര്യം, വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളുടെ എണ്ണം 2015-ൽ 102 എന്ന റിക്കോർഡ് വാല്യുവിലേക്കു് ഉയർന്നു എന്നതാണു്. കഴിഞ്ഞ പത്തു് വർഷങ്ങളിൽ ആരെയും വധശിക്ഷക്കു് വിധേയമാക്കാത്ത രാജ്യങ്ങളെക്കൂടി ഇതിനോടു് ചേർത്താൽ, 102 എന്നതു് 140 ആയി ഉയരും. കൂടാതെ, ഏതെല്ലാം കുറ്റകൃത്യങ്ങളെയാണു് വധശിക്ഷകൊണ്ടു് നേരിടേണ്ടതു് എന്ന കാര്യം ചൈന പരിശോധിക്കുകയും ചെയ്യുന്നുണ്ടത്രെ!
(അവലംബം: Spiegel Online)
P.S. കുറച്ചു് നാൾ മുൻപു്, അവയവങ്ങൾ മാറ്റിവയ്ക്കേണ്ട ആവശ്യമുള്ളവർക്കു് ചൈന ഒരു “എൽ ഡോറാഡൊ” ആണെന്നൊരു റിപ്പോർട്ട് കണ്ടിരുന്നു. വേണ്ടത്ര “ദസ് കാപ്പിറ്റൽ” ഉള്ള രോഗികൾ ചൈനയിലെത്തി ബന്ധപ്പെട്ടവരെ സമീപിച്ചാൽ മതി, ചുരുങ്ങിയ സമയത്തിനുള്ളിൽ അനുയോജ്യമായ അവയവവുമായി അവർക്കു് ആരോഗ്യവാന്മാരായി മടങ്ങാൻ കഴിയും! ആവശ്യാനുസരണം ഏതു് സമയവും വധിച്ചു് അവയവങ്ങൾ എടുക്കാനായി, വധശിക്ഷക്കു് വിധിക്കപ്പെട്ട രാഷ്ട്രീയത്തടവുകാരുടെയും, “Falun Gong” വിഭാഗത്തിൽ പെട്ടവരുടെയുമെല്ലാം ഒരു പൂൾ തന്നെ സൂക്ഷിക്കപ്പെടുന്നുണ്ടത്രെ! പണമുള്ള മനുഷ്യശരീരങ്ങളുടെ കേടുപാടുകൾ തീർക്കാനായി കൊല്ലുവോളം ജീവിപ്പിക്കുന്ന ഹ്യൂമൻ സ്പെയർപാർട്ട്സ്! മാവോയിസത്തിൽ നിന്നും അന്യമായ വിശ്വാസമോ നിലപാടുകളോ പുലർത്തുന്ന എലമെന്റുകളെ എലിമിനേയ്റ്റ് ചെയ്യാൻ പാർട്ടിയുടെ അധികാരവും വധശിക്ഷയും ഉപയോഗപ്പെടുത്താമെങ്കിൽ, എന്തുകൊണ്ടു് അതുവഴി അല്പം വിദേശനാണയം കൂടി സമ്പാദിച്ചുകൂടാ? അതാണു് സോഷ്യലിസ്റ്റ് മാർക്കറ്റ് എക്കോണമി! എല്ലാം തൊഴിലാളിവർഗ്ഗത്തിന്റെ അന്തിമമായ മോചനത്തിനാണെന്നു് മറക്കാതിരുന്നാൽ പ്രശ്നമൊന്നുമില്ല.
വേണമെന്നുള്ളവർക്കു് കൂട്ടി വായിക്കാൻ: https://en.wikipedia.org/wiki/Persecution_of_Falun_Gong
Apr 10, 2016, 12:33 PM
പരവൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വെടിക്കെട്ടുകളും ആനയെഴുന്നള്ളിപ്പുകളുമെല്ലാം ദൈവങ്ങൾക്കു് വേണ്ടിയല്ല, മനുഷ്യർക്കു് വേണ്ടി നടത്തപ്പെടുന്നവയാണു്. അദ്ധ്വാനിച്ചു് ജീവിക്കുന്ന മനുഷ്യർ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വിളവെടുപ്പു്, പുതുവത്സരാരംഭം തുടങ്ങിയ ആഘോഷങ്ങൾ കൊണ്ടാടുന്നതു് ലോകത്തിൽ എവിടെയും സാധാരണമാണു്. അത്തരം ആഘോഷങ്ങളും, സാഹിത്യം കലകൾ തുടങ്ങിയ വിനോദങ്ങളും ഇല്ലാതാക്കിയാൽ മനുഷ്യർ യന്ത്രങ്ങളായി മാറുകയാവും ഫലം. മനുഷ്യരുടെ നിപുണതകളേയും ആനന്ദങ്ങളേയുമെല്ലാം പൈശാചീകരിക്കൽ അടിസ്ഥാനതത്വങ്ങളായി സ്വീകരിച്ചിരിക്കുന്ന ചില ഇസങ്ങളും ഇല്ലാതില്ല. ഇന്നല്ലെങ്കിൽ നാളെ മണ്ണടിയാൻ വിധിക്കപ്പെട്ടവയാണവ. ആനയെഴുന്നള്ളിപ്പു് പോലെ, മൃഗങ്ങൾ പീഡിപ്പിക്കപ്പെടുന്ന സമ്പ്രദായങ്ങൾ നിരോധിക്കപ്പെടണം. പക്ഷേ, നിരോധനം എന്തിനും യോജിച്ച ഒരു യൂണിവേഴ്സൽ പരിഹാരമാർഗ്ഗമാണെന്നു് കരുതുന്നതു് അബദ്ധമായിരിക്കും. നിരോധനങ്ങളുടെ ചരിത്രം അതിനു് തെളിവാണു്. നിരോധനം പാലിക്കാൻ മനുഷ്യർ തയ്യാറായിരുന്നെങ്കിൽ പരവൂർ ദുരന്തവും ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നുവേണം, വാർത്ത ശരിയാണെങ്കിൽ, കരുതാൻ.
(പ്രധാനമായും) ഒരു മതം മാത്രം നിലവിലുള്ള യൂറോപ്യൻ സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി, ഭാരതം പോലൊരു ബഹുമതസമൂഹത്തിൽ ആഘോഷങ്ങളുടെ എണ്ണം – തന്മൂലം അവധിദിനങ്ങളുടെ എണ്ണവും – കൂടുതലായിരിക്കും എന്നു് പറയേണ്ടതില്ലല്ലോ. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ആഘോഷങ്ങളിൽ – മറ്റിനങ്ങളോടൊപ്പം – വെടിക്കെട്ടു് ഒരു ഭാഗമാണെങ്കിൽ, മുസ്ലീങ്ങളുടേതിൽ പകൽ സമയത്തു് മുസ്ലീം ഹോട്ടലുകളും ചായക്കടകളും അടച്ചിടലാണു് രീതി. ഒരുവൻ സ്വയം ആഹാരം കഴിക്കാതിരിക്കുന്നതിനേക്കാൾ ദൈവത്തിനു് – അദ്ദേഹം കരുണാമയനാണെങ്കിൽ പ്രത്യേകിച്ചും – കൂടുതൽ ഇഷ്ടം അവൻ നോമ്പു് നോക്കാത്ത, വിശക്കുന്ന മനുഷ്യർക്കു് ആഹാരവും, ദാഹിക്കുന്നവർക്കു് പാനീയവും കൊടുക്കുന്നതായിരിക്കും. പക്ഷേ, അതു് മറ്റൊരു വിഷയം. അതിനേക്കാൾ മനുഷ്യർക്കു് ജീവാപായം സംഭവിക്കാൻ സാദ്ധ്യത കൂടുതലുള്ളവയാണു് വെടിക്കെട്ടുകൾ. അതുകൊണ്ടു് എന്താണു് ചെയ്യുന്നതെന്നു് അറിയാൻ വേണ്ടത്ര പഠനവും പരിശീലനവും ലഭിച്ചവർക്കേ അമ്പലങ്ങളിലും പള്ളികളിലും മറ്റും വെടിക്കെട്ടുകൾ സൂക്ഷിക്കാനും നടത്താനും അനുവാദം ഉണ്ടാവാൻ പാടുള്ളു. പൗരന്റെ ജീവനും സ്വത്തിനും വിലകൽപ്പിക്കുന്ന സമൂഹങ്ങൾ എത്രമാത്രം നിഷ്കർഷ ഇത്തരം കാര്യങ്ങളിൽ പുലർത്തുന്നുണ്ടെന്നറിയാൻ, വെടികെട്ടുകൾ എങ്ങനെ സൂക്ഷിക്കണം എന്നതിനെപ്പറ്റിമാത്രമുള്ള ജർമ്മൻ നിയമം ശ്രദ്ധിച്ചാൽ മതി. (ഭാഷ ജർമ്മനാണെങ്കിലും, ഇതു് ഗൂഗിളിന്റെ കാലമാണല്ലോ). http://bit.ly/1S3vm3u
പക്ഷേ, എന്തു് ദുരന്തം സംഭവിച്ചാലും, എത്ര പേർ അതുവഴി മരിച്ചാലും, എത്ര പേർക്കു് പരിക്കു് പറ്റിയാലും, അതിൽ നിന്നെല്ലാം എങ്ങനെ എനിക്കു്/നമുക്കു് മുതലെടുക്കാൻ പറ്റും എന്നു് നോക്കി കാത്തിരിക്കുന്ന “മനുഷ്യസ്നേഹികളോടു്” ഇതൊക്കെ പറഞ്ഞിട്ടു് വലിയ കാര്യമൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. ആരാണു് “ശവം തീനികൾ”, ആരാണു് ശവം തീനികളുടെ ഉച്ഛിഷ്ടം തിന്നുന്നവർ, അവരിൽ ആരാണു് കൂടുതൽ യോഗ്യർ എന്നൊക്കെ സ്ഥാപിക്കാനുള്ള മത്സരയോട്ടത്തിലല്ലേ അവർ? മനസ്സിന്റെ അടിത്തട്ടിൽ എത്രമാത്രം ദുഷിപ്പുമായാണു് ഇക്കൂട്ടർ ജീവിതം തള്ളിനീക്കുന്നതു് എന്നറിയാൻ സഹായിക്കുമെന്നതാണു് ഇത്തരം ദുരന്തങ്ങളിലെ “ഐറണി ഓഫ് ഫെയ്റ്റ്”! വിരമിച്ച ഒരു വനിതാ പ്രിൻസിപ്പലിനെ ആദരിക്കാനായി “ശവക്കൂന” കൂട്ടിയവരും, അതൊരു “ഇൻസ്റ്റലേഷൻ” ആയിരുന്നു എന്നു് വ്യഖ്യാനിച്ചു് ജനത്തെ അത്ഭുതകരമായി ബോധവത്കരിച്ച അവരുടെ നേതാവുമൊക്കെ ജീവിക്കുന്ന സമ്പൂർണ്ണസാക്ഷരരുടെ ജനാധിപത്യസമൂഹമല്ലേ? കൂടുതൽ എന്തു് പറയാൻ?
Apr 12, 2016, 10:14 AM
ചെറിയ പനിയോ തലവേദനയോ വന്നാൽ പാരാസെറ്റമോളോ ആസ്പിരിനോ കഴിക്കുന്നതാണു് സാധാരണ രീതി. നാട്ടുചികിത്സയിൽ പക്ഷേ, രോഗി ഒരു വൈദ്യന്റെ കഷായമോ ഗുളികയോ ആണു് സേവിക്കുന്നതു്. വൈദ്യന്റെ പേരല്ലാതെ, മരുന്നുകളുടെ പേരു് അറിയേണ്ട കാര്യം രോഗിക്കില്ല. മരുന്നു് എന്തെന്നു് രോഗി അറിഞ്ഞാൽ ഫലം കുറയാനും മതി. ആ പേരു് സൂചിപ്പിക്കുന്നതുപോലെതന്നെ, നാട്ടുചികിത്സ ഓരോ നാട്ടിലേയും ചികിത്സയാണു്. ഓരോ നാട്ടിലും ഓരോരോ വൈദ്യന്മാർ. ഉദാഹരണത്തിനു്, മേലൂരിടത്തിൽ ഉണിക്കോനാർ വൈദ്യൻ ചികിത്സിക്കും, കീഴൂരിടത്തിൽ ഉണിച്ചന്ത്രാർ വൈദ്യൻ ചികിത്സിക്കും. ഏതു് രോഗത്തിനായാലും രണ്ടുപേരുടെയും കഷായങ്ങളും ഗുളികകളും രണ്ടിനമായിരിക്കും. രണ്ടുപേരുടേയും ആരാധനാമൂർത്തികളും വ്യത്യസ്തമായിരിക്കും. വൈദ്യന്റെ മരുന്നു് ഫലപ്രദമാവുന്നതിൽ ആരാധനാമൂർത്തിക്കുള്ള പങ്കു് ചെറുതല്ല. താൻ പാതി, ദൈവം പാതി! അരിയെത്തിയാൽ ആരും ചാവും. ഞാൻ അരിയല്ല, ഗോതമ്പാണു് തിന്നുന്നതു് എന്നതു് വൈദ്യന്റെയോ ദൈവത്തിന്റെയോ മുന്നിൽ പറയാൻ കൊള്ളാവുന്ന ഒരു എക്സ്ക്യൂസ് അല്ല. അരിയെത്തിയാൽ ഗോതമ്പു് തിന്നുന്നവനും ചാവും, വൈദ്യനും ചാവും. ചാവുന്നതിന്റെ തലേന്നു് ഉണിക്കോനാർ തന്റെ ഇഷ്ടസന്താനത്തെ അരികെ വിളിച്ചു് ഏതെല്ലാം പച്ചിലകളും വേരുകളും കായ്കനികളുമാണു് തന്റെ കഷായ-ഗുളികകളുടെ ചേരുവകൾ എന്നു് അവനു് പറഞ്ഞുകൊടുക്കും. പിതാവിന്റെ മരണപ്പിറ്റേന്നു് മുതൽ മകൻവൈദ്യൻ ചികിത്സ ആരംഭിക്കും. ഉണിച്ചന്ത്രാരുടെ കാര്യവും അതുപോലെതന്നെ. അതാണു് നാട്ടുനടപ്പു്. നാട്ടുചികിത്സയുടെ ലക്ഷ്യം ചികിത്സാശാസ്ത്രത്തെ വളർത്തലല്ല, വൈദ്യന്മാരുടെ കഞ്ഞികുടിയാണു്. സ്വന്തം കഞ്ഞിയിൽ വന്നുവീഴാൻ ഒരു പാറ്റയെയും അവർ അനുവദിക്കില്ല. അക്കാര്യത്തിൽ മകനും പാറ്റയും തമ്മിൽ വ്യത്യാസമൊന്നും കാണുന്നവരല്ല നാട്ടുവൈദ്യന്മാർ. മകൻവൈദ്യൻ വല്ല വെടിക്കെട്ടിലോ മറ്റോ പെട്ടു് അകാലചരമം പ്രാപിച്ചാൽ ആ കുടുംബം കൈവശം വച്ചു് അനുഭവിച്ചിരുന്ന ചികിത്സാകലയും അതോടെ ഇഹലോകവാസം വെടിയും. ചികിത്സയുടെ ഉള്ളുകള്ളികൾ ഒളിഞ്ഞുനിന്നു് മനസ്സിലാക്കിയിട്ടുള്ള അമ്മയോ ഭാര്യയോ ഉണ്ടെങ്കിൽ അവർ സ്വന്തം കുടുംബചികിത്സയെ ഏറ്റെടുത്തു് നടത്തി രക്ഷപെടുത്തും.
യാതൊരു കാരണവശാലും ഇതു് കേരളത്തിലെ നാട്ടുചികിത്സകളിൽ മാത്രം കണ്ടുവരുന്ന ഒരു രീതിയാണെന്നു് കരുതരുതു്. രാഷ്ട്രീയം, മതം, സാഹിത്യം, പാട്ടു്, കൂത്തു്, വെടിക്കെട്ടു്, സിൽമാദികലകൾ, പത്രപ്രവർത്തനം, എന്നുവേണ്ട, കേരളത്തിലെ എല്ലായിനം സാമൂഹിക-സാംസ്കാരികമേഖലകളിലും ഇടപെടുന്ന “സ്പെഷ്ലിസ്റ്റുകൾ” പിൻതുടരുന്ന രീതിയാണിതു്. എക്സിസ്റ്റെൻഷ്യലിസം – കേരളാമോഡൽ!
Apr 12, 2016, 10:31 AM
ആലപ്പുഴയിൽ വിശുദ്ധ മാതാവിന്റെ രൂപത്തിൽ നിന്നും രക്തമൊഴുകുന്നെന്നു് വാർത്ത. ദേവികൾക്കു് തൃപ്പൂത്തു് വരുന്ന നാടാണു്. മാതാവിനും അങ്ങനെ വല്ലതും സംഭവിച്ചതാവാനേ വഴിയുള്ളു. ഒത്തിരി ഇറുങ്ങിയ അടിവസ്ത്രം വഴിയോ, മറ്റു് സാങ്കേതികതടസ്സങ്ങൾ മൂലമോ ആർത്തവരക്തത്തിന്റെ സ്വാഭാവികഗതിക്കു് തടസ്സം നേരിട്ടാൽ രക്തം മുകളിലേക്കു് ഉയർന്നു് കണ്ണിൽക്കൂടിയും മൂക്കിൽക്കൂടിയുമൊക്കെ പുറത്തുവരില്ലെന്നു് ആരുകണ്ടു? ഒരു ടിപ്പർ ലോറിയിൽ കയറ്റി മാതാവിനെ ഒരു ഗൈനക്കോളജിസ്റ്റിനെയോ, അയാൾ വല്ല തെറിയും പറഞ്ഞാൽ, വല്ല പ്ലംബറെയോ കാണിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു എന്നു് തോന്നുന്നു – പ്രഥമദൃഷ്ട്യാ.
Apr 13, 2016, 11:57 AM
ഒരു കവിതയെഴുതിയിട്ടു് ഒരുപാടു് നാളായി:
ആടുജീവിതം പേടുജീവിതം
മറന്നിടാമെല്ലാം വിഷുവടുത്തുപോയ്
വിഷുവടുത്തുപോയ് വിഷുവടുത്തുപോയ്
വിഷമമൊക്കെയും പടികടന്നുപോയ്
പടികടന്നുപോയ് കുടിലമാനസ
കിരാതഡിങ്കോൾഫി പടികടന്നുപോയ്
ഷവർമ്മയില്ലാത്ത തെളിർമ്മയില്ലാത്ത
പുളിർമ്മയില്ലാത്ത കുളിർമ്മയില്ലാത്ത
കരുണയില്ലാത്ത ഹൃദയമില്ലാത്ത
കദനരാക്ഷസി നടയിറങ്ങിപ്പോയ്
കറിക്കരിയുന്ന തുരുമ്പൻകത്തിയെ
കരളിലാഴ്ത്തുന്ന കരാളതാടക!
കടിച്ചുകീറുവാൻ പൊരിച്ചെടുക്കുന്ന
കുക്കുടത്തുട മതിയെനിക്കിനി
അമിട്ടുപൊട്ടണം പടക്കം പൊട്ടണം
കതിന പൊട്ടണം വിഷുവടുത്തുപോയ്
എവിടെ കൊന്നകൾ മലർവിരിക്കുന്നോ
അവിടെ നല്ലോണം ലഹരി മൂക്കണം
വരണ്ട ഭൂമിയിൽ ഇളകിയാടണം
ഇരുണ്ട ലോകത്തെ ഇളിച്ചുകാട്ടണം
രണ്ടുകൈകളേം പിടിച്ചുകെട്ടിയ
വടങ്ങളൊക്കെയും വലിച്ചെറിയണം
രണ്ടുകാൽകളേം തളച്ചിടാനായി
വിളക്കിച്ചേർത്തതാം ഇരുമ്പിൻചങ്ങല
കടിച്ചുപൊട്ടിച്ചു് കുടഞ്ഞെറിയണം
തളർന്നുപോകാതെ പിടഞ്ഞെണീക്കണം
പിടഞ്ഞെണീക്കണം ഉയിർത്തെണീക്കണം
ചുരുണ്ടുകൂടാതെ നിവർന്നുനിൽക്കണം
ആടുജീവിതം പേടുജീവിതം
മറന്നിടാമെല്ലാം വിഷുവടുത്തുപോയ്
കടിച്ചുകീറുവാൻ പൊരിച്ചെടുക്കുന്ന
കുക്കുടത്തുട മതിയെനിക്കിനി
അമിട്ടുപൊട്ടണം പടക്കം പൊട്ടണം
കതിന പൊട്ടണം വിഷുവടുത്തുപോയ്
Apr 14, 2016, 4:28 PM
“മൈ ലൈഫ്: ഫിഡൽ കാസ്ട്രോ” എന്ന ഗ്രന്ഥം അവസാനിക്കുന്നതു് ”ഒരിക്കലും ഞങ്ങൾ നിങ്ങളോടു് നുണ പറയില്ല” എന്ന കാസ്ട്രോയുടെ വാചകത്തോടെയാണത്രെ! അക്കാര്യം പ്രത്യേകം എടുത്തു് പറയേണ്ടിവരുന്നു എന്നതിൽ കൂടിയ ഒരു തെളിവു് ആ പ്രസ്താവനയുടെ സത്യസന്ധതയ്ക്കു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.
Apr 17, 2016, 11:19 AM
“അവർ” പിള്ളേരായതാണു് പ്രശ്നം. അല്ലാതെ, ആ പിള്ളേരെ “പഠിപ്പിച്ചു്” കൊളമാക്കിയ “നമ്മൾക്കു്” അതിൽ പങ്കൊന്നുമില്ല. (നമുക്കുവേണ്ടി കൊല്ലാനും ചാവാനും ആ പിള്ളേർ തയ്യാറാവുന്നിടത്തോളം ഇതൊന്നും നുമ്മ ബല്യ ഇശ്യു ആക്കുകയുമില്ല!) അത്ഭുതമെന്നേ പറയേണ്ടൂ, കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും “മറ്റവരാണു്” കാരണക്കാർ. തെറിവിളിച്ചു് ചൊറിച്ചിലടക്കാൻ ദുഷിച്ചവരിൽ ദുഷിച്ചവനായ ഒരു ചതിയൻ ചന്തു, തലയിലേറ്റി പുകഴ്ത്തി ആർപ്പിടാൻ നല്ലവരിൽ നല്ലവനായ ഒരു ആരോമലുണ്ണി, അല്ലെങ്കിൽ വീരരിൽ വീരയായ ഒരു ഉണ്ണിയാർച്ച! രണ്ടായാലും പുത്തൂരം വീട്ടിലാണു് ജന്മം എങ്കിൽ ഒന്നൂടെ പഷ്ടു്.
ഞങ്ങ കേരളീയർ പണ്ടേതന്നെ ഫെയർ ആൻഡ് ലൗലിയുടെ ആൾക്കാരാണു്. സവർണ്ണതയുടെ ആ ഒരു ഗുമ്മുണ്ടല്ലോ, അതു് എത്രയായാലും അവർണ്ണതയ്ക്കു് കിട്ടില്ല. അവർണ്ണതയെ ഏറിയാൽ സമരിക്കാനോ, ജാഥിക്കാനോ, നിരാഹരിക്കാനോ, തല്ലുകൊണ്ടു് ചാവാനോ ഒക്കെ ഉപയോഗിക്കാം. അതിൽ കൂടുതലൊന്നും വേണ്ട. “കാക്ക കുളിച്ചാൽ കൊക്കാകുമോ” എന്നും മറ്റും പണ്ഡിതശിരോമാണിക്യങ്ങൾ പുരാതനകാലം മുതലേ മനുഷ്യരെ പാടിപ്പഠിപ്പിച്ചതു് പിന്നെ എന്തിനായിരുന്നു? അന്താരാഷ്ട്രബൗദ്ധികലെവലിലേക്കു് കഴുത്തിനു് കുത്തിപ്പിടിച്ചു് ഉയർത്താനായിട്ടല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു അവർ കഷ്ടപ്പെട്ടു് ജനത്തെ ബോധവത്കരിച്ചതു്? ദീർഘവീക്ഷണത്തോടെ അവർ നടത്തിയ വിദ്യാഭ്യാസപദ്ധതികൾ ഇല്ലായിരുന്നെങ്കിൽ, ഏതൊരു പ്രശ്നത്തേയും തുടക്കം മുതലേ വില്ലൻ-ഹീറോ, കറുപ്പു്-വെളുപ്പു്, നായാടി-നമ്പൂരി, പുതുക്രിസ്ത്യാനി-പഴംക്രിസ്ത്യാനി തുടങ്ങിയ ദ്വന്ദ്വങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ മലയാളിക്കു് കഴിയുമായിരുന്നോ?
ദ്വന്ദ്വങ്ങളെ തരം തിരിക്കുന്ന കാര്യത്തിൽ ദ്വൈതനോ അദ്വൈതനോ എന്ന വ്യത്യാസമൊന്നും മലയാളി കാണിക്കാറില്ല. അണ്ടിയോടു് അടുക്കുന്തോറും ദ്വൈതന്റെ മാങ്ങയ്ക്കും അദ്വൈതന്റെ മാങ്ങയ്ക്കും ഒരുപോലെ പുളി കൂടിക്കൊണ്ടിരിക്കും. മറ്റാരും കണ്ടെത്തുന്നതിനു് മുൻപേ ഏതൊരു പ്രശ്നത്തിലെയും ദ്വന്ദ്വങ്ങളെ കണ്ടെത്തി, അവയിൽ തന്റെ നിലപാടുകളോടു് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്നിന്റെ പക്ഷം ചേർന്നു്, പുതിയ സെൻസേഷണൽ വാർത്തകൾ വല്ലതും ഉണ്ടാകുന്നതുവരെ ഊതിക്കത്തിച്ചുകൊണ്ടിരിക്കാനുള്ള കഴിവിലാണു് മലയാളിയുടെ മഹത്വം സ്ഥിതി ചെയ്യുന്നതു്. അത്ര തീവ്രമല്ലാത്ത, പൂർണ്ണനഗ്നർക്കുപോലും മഞ്ഞിൽ തണുത്തു് മരവിച്ചോ, വെയിലിൽ പൊള്ളിയുരുകിയോ മരിക്കാതെ ഒരുവിധം ജീവിച്ചുപോകാൻ വലിയ പ്രയാസമില്ലാത്ത കാലാവസ്ഥയും, വിളവിറക്കിനും വിളവെടുപ്പിനുമിടയിൽ മിക്കവാറും ഒരു മേൽനോട്ടത്തിൽ കൂടിയ പ്രയത്നമൊന്നും ആവശ്യമില്ലാത്ത കാർഷികവ്യവസ്ഥിതിയും പങ്കുചേർന്നു് മനുഷ്യർക്കു് പതിച്ചുനൽകിയ അലസതയുടെയും സമയധാരാളിത്വത്തിന്റെയും പാർശ്വഫലം!
Apr 17, 2016, 11:21 AM
അറിവു് ഒരു നിരന്തരത്വമാണെങ്കിൽ (അക്കാര്യത്തിൽ സംശയം ആവശ്യമില്ലതാനും) വേദാന്തം എങ്ങനെ അറിവിന്റെ അറ്റമാവും? ഒരാൾക്കു് ഒരേസമയം ഓടാനും നിൽക്കാനും കഴിയും എന്നു് പറയുന്നപോലത്തെ ഒരു അസംബന്ധമല്ലേ അതുപോലൊരു അവകാശവാദം?
Apr 20, 2016, 9:33 AM
ഡോണാൾഡ് ട്രമ്പും ഹിലറി ക്ലിന്റണും മുന്നേറുകയാണത്രെ! എനിക്കതു് പണ്ടേ തോന്നിയിരുന്നു. സ്വതവേതന്നെ ഡക്ക്സും ബ്ലൂ ജീൻസും ഇഷ്ടപ്പെടുന്നവരാണു് ഭൂരിപക്ഷം അമേരിക്കക്കാരും. ഹീറോസ്, ഹീറോയിൻസ്, റൊണാൾഡ് റേഗൻ, ഡൊണാൾഡ് ഡക്ക്, ഡെയ്സി ഡക്ക്, കോൺഗ്രസ്, പ്രസിഡന്റ്! ഡോണാൾഡ് ട്രമ്പ് പണക്കാരനും തന്മൂലം ബൂർഷ്വായും ആയതുകൊണ്ടു് അയാൾ പ്രസിഡന്റ് ആവുന്നതു് മലയാളികൾക്കു് അത്ര പഥ്യമാവാൻ വഴിയില്ല. അതു് കുശുമ്പാണെന്നാണു് അസൂയക്കാർ പറയുന്നതു്. പോരെങ്കിൽ, പോലീസിന്റെ തല്ലു് കൊണ്ടവൻ എന്ന പ്രഥമവും പ്രധാനവുമായ യോഗ്യതയില്ലാത്ത ആരെയും രാഷ്ട്രീയത്തൊഴിലാളി ആയി അംഗീകരിക്കുന്നവരല്ല പൊതുവേ കേരളീയർ. തല്ലു് കൊണ്ടാലേ മനുഷ്യർ നന്നാവൂ എന്നും, നന്നായവരിൽ നിന്നേ നല്ല രാഷ്ട്രീയം വരൂ എന്നുമാണു് രാഷ്ട്രീയകാര്യങ്ങളിൽ പ്രബുദ്ധരായ മലയാളികൾ പറയുന്നതു്. പക്ഷേ, അതിനേക്കാൾ കൂടുതലായി എന്നെ ആശയക്കുഴപ്പത്തിലാക്കുന്നതു് ട്രമ്പിന്റെ തലമുടിയാണു്. അതുപോലത്തെ തലമുടിയുമായി ഒരാൾ അമേരിക്കൻ പ്രസിഡന്റ് കസേരയിൽ ഇരിക്കുക എന്നതു് എന്റെ ബുദ്ധിയിലോ ഭാവനയിലോ ഒതുങ്ങുന്ന കാര്യമല്ല. എന്നാലും ചൈനയിലെ അത്ര പ്രശ്നമുണ്ടാവാൻ വഴിയില്ലെന്നു് തോന്നുന്നു. അവിടെ ഗ്രോസ് നാഷണൽ പ്രൊഡക്റ്റിന്റെ പകുതിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ മുടി കറുപ്പിക്കാനാണത്രെ ഉപയോഗിക്കുന്നതു്! ഹിലറി ക്ലിന്റൺ പ്രസിഡന്റ് ആവുന്നതും മലയാളികൾക്കത്ര ഇഷ്ടമുള്ള കാര്യമാവാൻ വഴിയില്ല. പ്രഭാതത്തിൽ ആയാലും, തിയേറ്ററിൽ ആയാലും കൂവൽ കോഴിപ്പൂവന്മാരുടെ അവകാശമാണെന്നാണു്, ആൺ-പെൺ ഭേദമില്ലാതെ, അവരുടെ ഉത്തമബോദ്ധ്യം. വേണ്ടാത്തിടത്തു് കയറി പിടക്കോഴികൾ ഇടപെടുന്നതു് അവർക്കു് സഹിക്കാൻ കഴിയുന്ന കാര്യമല്ല.
ഒരു ഓൺലൈൻ പത്രം സ്വന്തമായിട്ടുണ്ടായിരുന്നെങ്കിൽ “പിടക്കോഴി കൂവുന്ന നൂറ്റാണ്ടു്- ലോകാവസാനം അടുത്തോ?” എന്ന ഗംഭീരതലക്കെട്ടിൽ ഒരു ലേഖനം എഴുതി ഞെട്ടലുകൾക്കായി നോക്കിപ്പാർത്തിരിക്കുന്ന വിർച്വൽ ലോകത്തെ ഞെട്ടിക്കാമായിരുന്നു. പക്ഷേ, എന്തു് ചെയ്യാൻ? സമ്പത്തു് കാലത്തു് തൈപത്തു് വയ്ക്കാതെ ലോകാവസാനകാലത്തു് കാപത്തു് തിന്നണം എന്നു് കരുതിയാൽ ചുമ്മാ കരുതിക്കൊണ്ടിരിക്കാമെന്നല്ലാതെ എന്തു് പ്രയോജനം?
Apr 22, 2016, 11:32 AM
വിശപ്പു് സഹിക്കാനാവാതെ ഒരു ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്നൊരു വാർത്ത കണ്ടു. മലയാളക്കരയിലെ പത്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യമോ മിഥ്യയോ എന്നറിയാൻ എട്ടു് ദിക്കുകളിൽ നിന്നു് വീക്ഷിച്ചാലും മതിയായിക്കൊള്ളണമെന്നില്ല. ആസന്നമായ നിയമസഭാ ഇലക്ഷൻ മൂലം സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ ഈദൃശ ദുർഘടത കൂടിയിട്ടുള്ളതല്ലാതെ ഒരു കാരണവശാലും കുറഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. പത്രക്കാരുടേതു് പോലെതന്നെ, ലളിതവും ജനങ്ങളുടെയിടയിൽ ഭാഗികമായെങ്കിലും പവ്വർഫുളുമായ രാഷ്ട്രീയക്കാരുടെയും ഫിലോസഫി ഇത്രയേയുള്ളു: ഈച്ചകളെ ബോധവത്കരിക്കുക എന്നതല്ല അവയെ പിടിക്കാൻ വല കെട്ടുന്ന ചിലന്തികളുടെ ലക്ഷ്യം. ഇതു് ഈച്ചകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള ഒരു നിഗമനമല്ല എന്നതിനാൽ, ഇതിന്റെ നേർവിപരീതമായ ഒരു നിലപാടാണു് കൂടുതൽ യുക്തിഭദ്രം എന്നു് കരുതുന്ന ഈച്ചകൾ ധാരാളം ഉണ്ടാവുമെന്ന കാര്യത്തിൽ യാതൊരു ഒബ്ജെക്ഷനും എനിക്കില്ല. (അതിന്റെ പേരിൽ ഒരു തർക്കം വേണ്ട എന്നു് സംസ്കൃതം). കേരളത്തിലെ പഞ്ചായത്തുകളിൽ (അക്കാര്യത്തിനു്, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലുമൊക്കെ) “സോഷ്യൽ വർക്കർ” എന്നൊരു തസ്തിക ഉണ്ടോ എന്നോ, ഇല്ലെങ്കിൽ, അതിന്റെ കാരണം, ജോലി ലഭിച്ചാൽ അവരും കാലക്രമേണ വെള്ളാനകളാവുമെന്നോ, അതോ ഞമ്മന്റെ “കക്ഷത്തിൽ” പെടാത്ത “പ്രതിലോമകാരികളെ” നിയമിച്ചാൽ അതു് സ്വന്തം മാംസത്തിൽ കത്തിയിറക്കുന്നതിനു് തുല്യമായിരിക്കുമെന്നോ ഒക്കെയുള്ള എക്സിസ്റ്റെൻഷ്യൽ ഭയമാണോ എന്നോ ഒന്നും എനിക്കറിയില്ല. (കുശുമ്പു് യൂണിവേഴ്സലാണു്. അതിനു് വ്യക്തിയെന്നോ പാർട്ടിയെന്നോ തരംതിരിവില്ല). ആഹാരം കഴിക്കാൻ വകയില്ലാതെ വലയുന്ന ഒരു കുടുംബത്തെ നേരിട്ടു് സഹായിക്കാൻ കഴിവില്ലെങ്കിൽ, ആ വിവരം പഞ്ചായത്തിലോ മറ്റു് ബന്ധപ്പെട്ടവരെയോ അറിയിക്കാനെങ്കിലും കഴിയുന്നില്ലെങ്കിൽ അതെന്തൊരുതരം അയല്പക്കസ്നേഹമാണെന്നും എനിക്കറിയില്ല. പക്ഷേ, ഓരോരുത്തന്റെ “അമ്മയെ കെട്ടിയവന്റെ” പാർട്ടിക്കു് മൈലേജ് ഉണ്ടാക്കാനായി ഇതുപോലൊരു വാർത്തയെ ദുരുപയോഗം ചെയ്യുന്നതിനേക്കാൾ ഭേദമായിരുന്നേനെ അതു്. ആ വാർത്ത ശരിയാണെങ്കിൽ, ആ പെൺകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അതുപോലൊരു നാറുന്ന സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നതിനേക്കാൾ ഭേദം ആത്മഹത്യയാണെന്ന ആ ആദിവാസി പെൺകുട്ടിയുടെ തീരുമാനത്തിനു് മുന്നിൽ ബഹുമാനപൂർവ്വം നമ്രശിരസ്കനാവാനേ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിക്കും കഴിയൂ. പക്ഷേ, ആ കയറിൽ തൂങ്ങിയാടേണ്ടിയിരുന്നതു് ആ ആദിവാസി പെൺകുട്ടി ആയിരുന്നില്ല; വർണ്ണശബളമായി അലങ്കരിച്ച സ്റ്റേജുകളിൽ തീപ്പൊരി പ്രസംഗങ്ങളുടെ ചിലന്തിവലകൾ പണിതുയർത്തി “നല്ല നാളെകൾ” വാഗ്ദാനം ചെയ്യുന്ന ആട്ടിടയന്മാരും പോത്തുനോട്ടക്കാരുമായിരുന്നു.
Apr 23, 2016, 9:45 AM
പത്തു മിനിറ്റുകൊണ്ടു് ഒരുത്തൻ 68 ചൂടൻ പട്ടികളെ തിന്നു എന്ന വാർത്ത വിശ്വസിക്കുന്നവരുടെ നാട്ടിൽ, PhD കഴിഞ്ഞ് ഡോക്ടറാവുന്ന ഒരു കനയ്യകുമാർ ചികിത്സിക്കുന്ന രോഗികളുടെ ദുരവസ്ഥയെപ്പറ്റി ചിന്താവിഷ്ടയായ സീത വ്യാകുലമാതാവാകുന്നതിൽ അപാകതയൊന്നുമില്ല. പിടിക്കപ്പെട്ടാൽ, തത്വചിന്തയെ ചികിത്സിക്കാനുള്ള യോഗ്യതയാണു് Doctor of Philosophy എന്നു് വ്യാഖ്യാനിക്കുകയുമാവാം. “ad hominem” അനുസരിച്ചു് തത്വചിന്തയെ ചികിത്സിക്കുക എന്നാൽ തത്വചിന്തകരെ കുളിപ്പിച്ചു് കിടത്തുക എന്നേ അർത്ഥമുള്ളു. കേരളത്തിൽ രാഷ്ട്രീയക്കാർ പരസ്പരം വ്യക്തിഹത്യ നടത്തുന്നതു് രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്നതുപോലത്തെ ഒരു ചുറ്റിക്കളി, അഥവാ റെവല്യൂഷൻ.
Apr 24, 2016, 10:53 AM
സൂത്രത്തിൽ നിന്നും ലീലയിലേക്കുള്ള ഷിഫ്റ്റും ഒരു പാരഡൈം ഷിഫ്റ്റ് തന്നെ!
Apr 26, 2016, 10:20 AM
അത്ഭുതമെന്നേ പറയേണ്ടൂ, കഴിക്കുന്നതു് മാംസാഹാരമായാലും സസ്യാഹാരമായാലും മിശ്രാഹാരമായാലും ദഹനം കഴിഞ്ഞാൽ വിസർജ്ജ്യമേ പുറത്തുവരൂ. അക്കാര്യത്തിൽ നടവർഗ്ഗം, ഇഴവർഗ്ഗം, പറവർഗ്ഗം, കരവർഗ്ഗം, ജലവർഗ്ഗം, തൊഴിലാളിവർഗ്ഗം, മുതലാളിവർഗ്ഗം, മലയാളിവർഗ്ഗം എന്ന തരംതിരിവൊന്നുമില്ല. ജാതിമതവർണ്ണവിവേചനമില്ല. ചിലയിനം ജീവികൾ അയവിറക്കി ഈ പ്രശ്നത്തിനു് ഒരു പരിഹാരം കാണാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലം തഥൈവ. ഒരു സ്റ്റേബിലൈസർ സർക്യൂട്ട് പോലെ, ഇൻപുട്ട് എന്തായിരുന്നാലും എല്ലാറ്റിനേയും വെട്ടിനിരത്തി ലെവലാക്കി ഒരേ ഔട്ട്പുട്ട് തരുന്ന ഒരുതരം സമത്വവാദിയാണു് ജീവികളുടെ ദഹനേന്ദ്രിയവ്യവസ്ഥ എന്നു് പറഞ്ഞാൽ തെറ്റാവില്ല.
മിക്കവാറും എല്ലായിനം ഭക്തരുടെ ലോകവും ഇതുപോലെയാണു് പ്രവർത്തിക്കുന്നതു്. അങ്ങോട്ടു് ആരെന്തു് പറഞ്ഞാലും ഇങ്ങോട്ടു് ലഭിക്കുന്നതു് മുദ്രാവാക്യസമാനമായ മറുപടികളായിരിക്കും. അല്പം പരിചിതമായിക്കഴിഞ്ഞാൽ സാധാരണഗതിയിൽ ആർക്കും ആന്റിസിപേറ്റ് ചെയ്യാൻ കഴിയുന്ന സ്ഥിരരൂപവാക്യങ്ങൾ മറുപടികളായി ആവർത്തിക്കുന്നവരാണു് ഭക്തർ. പക്ഷേ, അവർ അവയെ വാദങ്ങളിൽ അവതരിപ്പിക്കുന്നതു് അനിഷേദ്ധ്യമായ പുതുപുത്തൻ ആർഗ്യുമെന്റുകൾ ആയാലെന്നപോലെ ആയിരിക്കും. ജീവിതകാലം മുഴുവൻ ശ്രമിച്ചാലും തന്റെ ജപമാലയിൽ എത്ര മണികളുണ്ടെന്നു് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവരാണു് കക്ഷികൾ എന്നാലോചിക്കുമ്പോൾ അതിൽ അത്ര വലിയ അത്ഭുതത്തിനു് വകയുമില്ല. കാലഹരണപ്പെടുക എന്നൊരു വാക്കു് അവരുടെ ഡിക്ഷണറിയിൽ ഉണ്ടാവാൻ വഴിയില്ല. കേട്ടുകേട്ടു് മടുത്തതുകൊണ്ടാവണം, അവരുടെതന്നെ വാദങ്ങളുമായി ചില രസികന്മാർ അവരെ സമീപിക്കാറുള്ളതു്. അവരെപ്പിടിച്ചു് വല്ല സത്യസായിബാബയോ അമൃതാനന്ദമയിയോ മറ്റോ ആക്കുകയോ, കുന്തങ്കാലിലിരുത്തി കൂച്ചിക്കെട്ടി വല്ല ബാലികേറാമലയിലും കൊണ്ടുപോയി പ്രതിഷ്ഠിക്കുകയോ ചെയ്യാതിരുന്നാൽ ഭാഗ്യം! ജീവനിൽ കൊതിയുള്ളവർ ഒരിക്കലും ഭക്തരെ അണ്ഡർഎസ്റ്റിമേറ്റ് ചെയ്യരുതു്. അസാമാന്യമായ ത്രാണിയുള്ളവരാണു് ഭക്തർ. സ്വന്തം ആത്മാവിനെയും, അതിലുപരി സ്വന്തം ദൈവങ്ങളേയും രക്ഷപെടുത്താനായി എന്തു് കടുംകൈ ചെയ്യാനും അവർ മടിക്കില്ല.
Apr 27, 2016, 2:39 PM
ഡെസിമൽ സിസ്റ്റമാണു് പൊതുവേ മനുഷ്യർ ഉപയോഗിക്കുന്നതു്. കൈകളിൽ മൊത്തം പത്തു് വിരലുകൾ ഉള്ളതുകൊണ്ടാവാം അതുപോലൊരു രീതി സ്വീകരിക്കാൻ മനുഷ്യർ തീരുമാനിച്ചതു്. വിടർത്താനും മടക്കാനും കഴിയുന്നവയാണു് വിരലുകൾ എന്നതിനാൽ കണക്കെടുപ്പും എളുപ്പമാണു്. ഒരു മടക്കലും ഒരു വിടർത്തലും വഴി ഇരുപതു് വരെയുള്ള കണക്കെടുപ്പു് സാദ്ധ്യമാവും എന്നതൊരു ചെറിയ കാര്യമല്ല.
ബൈനറി ന്യൂമെറൽ സിസ്റ്റം വ്യാപകമായതു് കമ്പ്യൂട്ടറുകൾ വന്നതിനു് ശേഷമായതു് ഒരുകണക്കിനു് ഭാഗ്യമെന്നേ പറയേണ്ടൂ. ചൈനയിലെ “യിൻ-യാങ്”, ഭാരതത്തിലെ “ദ്വൈതം” തുടങ്ങിയവയിലെ ദ്വന്ദ്വഭാവങ്ങൾ ഉപയോഗിച്ചു് ഒരു ബൈനറി സിസ്റ്റം വികസിപ്പിക്കാൻ ആര്യഭടനു് തോന്നിയിരുന്നെങ്കിൽ നാരായത്തിനു് എഴുത്തോലയെ കണ്ടമാനം പീഡിപ്പിക്കേണ്ടിവന്നേനെ. അതു് മാത്രമോ? ഓലയിൽ നിരനിരയായി നിരന്നു് നിൽക്കുന്ന ലക്ഷോപലക്ഷം പൂജ്യങ്ങളുടെയും ഒന്നുകളുടെയും നാരായക്കുറികൾ കണ്ടു് തലപെരുത്തു് എത്രയെത്ര മനുഷ്യർക്കു് ഭ്രാന്തു് പിടിക്കുമായിരുന്നില്ല? സ്വതവേതന്നെയുള്ള ആദ്ധ്യാത്മികവൈകല്യത്തിനു് പുറമേയാണു് അതെന്നോർക്കണം!
തിരഞ്ഞെടുപ്പു് ആസന്നമായ കേരളത്തിൽ രാഷ്ട്രീയക്കാർ എതിരാളികളെ തറപറ്റിക്കാനായി ചോദിക്കുന്ന ചോദ്യങ്ങളുടെ എണ്ണം അധികപങ്കും എന്തുകൊണ്ടു് പത്തിൽ ഒതുങ്ങുന്നു? അതിന്റെ രഹസ്യവും ഈ ഡെസിമൽ സിസ്റ്റത്തിലാണു് കുടികൊള്ളുന്നതെന്നു് തോന്നുന്നു. അതുപോലെ, സ്വർഗ്ഗത്തിലെ കണക്കു് കൂട്ടലുകളും ഡെസിമൽ സിസ്റ്റത്തിൽ ആയിരിക്കാനേ വഴിയുള്ളു. അല്ലെങ്കിൽ മോശെക്കു് നൽകിയ കല്പനകളുടെ എണ്ണം യഹോവ എന്തുകൊണ്ടു് പത്തിൽ ഒതുക്കി? എന്തുകൊണ്ടു് യഹോവ ഒൻപതോ, അല്ലെങ്കിൽ പതിനൊന്നോ കല്പനകൾ നൽകിയില്ല? സ്വർഗ്ഗത്തിലെ സിസ്റ്റം ദശകഗണനമാണെന്നും, യഹോവയ്ക്കു് രണ്ടു് കൈകളിലായി പത്തു് വിരലുകളുണ്ടെന്നുമല്ലാതെ ന്യായീകരിക്കാനാവുന്ന മറ്റു് വിശദീകരണമൊന്നും കല്പലകകളിൽ പത്തു് കല്പനകൾ സ്വന്തകൈകൾ കൊണ്ടു് കൊത്താൻ തീരുമാനിച്ച യഹോവയുടെ പ്രവൃത്തിക്കു് നൽകാനാവില്ല.
ഏതായാലും, മനുഷ്യർ “millipedes” ആവാതിരുന്നതു് യഹോവയുടെയും രാഷ്ട്രീയക്കാരുടെയും ഭാഗ്യം. അല്ലെങ്കിൽ കയ്യുളിയും ചുറ്റികയും ഉപയോഗിച്ചു് കല്പലകകളിൽ ആയിരം കല്പനകൾ ഒറ്റയ്ക്കു് കൊത്തേണ്ടിവരുമായിരുന്ന യഹോവയും, ആയിരം ചോദ്യങ്ങൾ ചോദിക്കാനും അവയ്ക്കെല്ലാം മറുപടി പറയാനും നിർബന്ധിതരാവുമായിരുന്ന രാഷ്ട്രീയക്കാരും അവശരായിപ്പോയേനെ! അതിന്റെയെല്ലാം നഷ്ടം സഹിക്കേണ്ടി വരുന്നതു് കാഴ്ചക്കാരായ ജനങ്ങളും. ബഫൂൺസ് കിടപ്പിലായാൽ പിന്നെ അവർക്കെന്തു് കോമഡി?
Apr 28, 2016, 11:10 AM
സോഷ്യൽ മീഡിയയിൽ ഇപ്പോൾ യുക്തിവാദികളാണു് “നിരപരാധികൾ”! തട്ടിക്കളയുകയാണോ ശരിയാക്കിക്കളയുകയാണോ വേണ്ടതു് എന്ന കാര്യത്തിലേ ഒരല്പം കൺഫ്യൂഷിയസ് നിലവിലുള്ളു എന്നാണു് കേൾക്കുന്നതു്. അവറ്റകളെ പരസ്യമായി കല്ലെറിഞ്ഞു് കൊല്ലണമെന്നാണു് എന്റെ അഭിപ്രായം. ഒരു സ്ത്രീയെ നാലുപേർ ചേർന്നു് ബലാൽസംഗം ചെയ്താലും കല്ലെറിഞ്ഞു് കൊല്ലേണ്ടതു് അവളെയായിരിക്കണം എന്നാണു് ദൈവൻ കല്പിച്ചിരിക്കുന്നതു്. നാലു് ബലാൽസംഗികൾ ഉള്ള സ്ഥിതിക്കു് കള്ളസാക്ഷികളെ പ്രത്യേകം കൊണ്ടുവരേണ്ടതില്ലല്ലോ എന്നാണു് ദൈവന്റെ ന്യായം. ദൈവൻ യുക്തിമാൻ മാത്രമല്ല, ന്യായവാനുമാണു്. യുക്തിവാദിയെ കൊല്ലുന്നതിൽ യുക്തി കാണുന്ന ഒരു ദൈവനേ യുക്തിമാനും കരുണാനിധിയുമാകാൻ കഴിയൂ. അതാണു് ഭക്തന്റെ സ്വതന്ത്രചിന്തയിലെ യുക്തി! ദൈവകല്പനപ്രകാരം ശിക്ഷ നടപ്പിലാക്കണം എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തവരാണു് ഇന്നും ചില രാജ്യങ്ങളിലെ മനുഷ്യർ. പിന്നിൽ BCE എന്നുകൂടി ചേർക്കും എന്നതൊഴിച്ചാൽ, അവർ വർഷം എഴുതുന്നതും, യുക്തിവാദികളെപ്പോലെ, 2016 എന്നുതന്നെ. കല്ലെറിഞ്ഞു് കൊല്ലൽ കാലഹരണപ്പെട്ട ഒരു ശിക്ഷയല്ല എന്നു് ചുരുക്കം. ആഘോഷമായി നടത്തപ്പെടേണ്ട ഒരു കലാപരിപാടിയാണു് അതു്. മുട്ടുകുത്തും പ്രാർത്ഥനയും കൃഷിനിലങ്ങളെ ഉഴുതു് മറിക്കലുമൊഴികെ മറ്റു് സകല ഹോബികളും നിഷിദ്ധമായ സത്യവിശ്വാസികളായ സമാധാനികൾക്കു് ഒരു ചെയ്ഞ്ച് എന്ന നിലയിലും കൂടിയാണു് ദൈവൻ കല്ലെറിഞ്ഞുകൊല്ലൽ, കൈവെട്ടൽ, കാൽവെട്ടൽ, തലവെട്ടൽ തുടങ്ങിയ മൃദുശിക്ഷകൾ ഏർപ്പെടുത്തിക്കൊടുത്തതു്. ദൈവൻ എല്ലാം അറിയുന്നവനാകുന്നു.
അതുകൊണ്ടു് സംഭവം ഗംഭീരമായിരിക്കണം. ആദ്യം ചെയ്യേണ്ടതു്, കല്ലെറിഞ്ഞു് കൊല്ലേണ്ടവരുടെ വിശദവിവരങ്ങൾ ചെണ്ടകൊട്ടും നോട്ടീസ് വിതരണവുമായി നാടുനീളെ പരസ്യപ്പെടുത്തുകയാണു്. കാഴ്ചക്കാർ കുറഞ്ഞുപോയാൽ കല്ലേറുകൊലച്ചടങ്ങിനു് ഒരു ഗുമ്മുണ്ടാവില്ല. കൊലദിവസം പബ്ലിക് ഹോളിഡേ ആക്കിയാൽ ഒന്നുകൂടി നന്നായിരിക്കും. അല്ലെങ്കിൽത്തന്നെ പ്രൊഡക്റ്റിവിറ്റി അടിനരകത്തിൽ സ്ഥിരവാസമാക്കിയ നാടുകളിൽ ഒന്നോരണ്ടോ അവധിദിനങ്ങൾ കൂടിയതുകൊണ്ടു് ഒരു ചുക്കും സംഭവിക്കാനുമില്ല. കൺവെൻഷനും മഹാമഹങ്ങളുമെല്ലാം നടത്തുന്ന വലിയ മൈതാനത്തു് വച്ചായിരിക്കണം ചടങ്ങു്. ഉച്ചഭാഷിണികളിലൂടെ കരുണാർദ്രമായ ഭക്തിഗീതങ്ങൾ ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിക്കണം. ഓതിയും ഊതിയും നിഷിദ്ധി നീക്കിയ ഉച്ചഭാഷിണികളേ ഉപയോഗിക്കാവൂ.
ഏതെങ്കിലും സഖ്യരാഷ്ട്രത്തിന്റെ തലവനെക്കൊണ്ടു് പരിപാടി ഉദ്ഘാടനം ചെയ്യിച്ചാൽ സംഭവത്തിനു് ഒരു അന്തർദേശീയത കൈവരും. അതു് പ്രധാനപ്പെട്ട ഒരു കാര്യമാണു്. നമ്മൾ ഒരു സംഭവമാണെന്നു് ലോകം അറിയണം. നമ്മുടെ പ്രൗഢിക്കു് മങ്ങലേൽപ്പിക്കുന്നവയെ നമ്മൾ നശിപ്പിക്കണം. നശിപ്പിക്കാൻ പറ്റാത്തതിനെ മൂടി വയ്ക്കുകയെങ്കിലും ചെയ്യണം. മറ്റുള്ളവർ നമ്മെപ്പോലെ ബുദ്ധിമാന്മാർ അല്ലാത്തതിനാൽ, അവരെ കബളിപ്പിക്കാൻ എളുപ്പമാണു്. ദരിദ്രനാരായണന്മാർക്കു് പട്ടിണിയായതുകൊണ്ടു് ഒളിമ്പിക് മത്സരങ്ങൾ ആരെങ്കിലും വേണ്ടെന്നു് വയ്ക്കുമോ? രാജ്യത്തു് പട്ടിണി എത്ര കൂടുതലാണോ അത്രകണ്ടു് കൂടുതലായിരിക്കണം ജനശ്രദ്ധ തിരിച്ചുവിടാനായി ഭരണാധികാരികൾ നടത്തേണ്ടുന്ന വേഷംകെട്ടലുകൾ! 2016-ൽ ബ്രസീലിൽ നടക്കേണ്ടുന്ന സമ്മർ ഒളിമ്പിക്സ്, നോർത്ത് കൊറിയയിലെ മിലിറ്ററി പരേഡ് ഇവയിലൊക്കെ നമുക്കു് ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്!
നമ്മുടെ ഉജ്ജ്വലപ്രകടനങ്ങൾ കണ്ടും കേട്ടും ലോകം ഞെട്ടണം. ഒറ്റയൊരുത്തൻ വീട്ടിനു് വെളിയിൽ ഇറങ്ങാൻ ധൈര്യപ്പെടരുതു്. അന്യനിലപാടുകൾ വച്ചു് പുലർത്താനോ, അതിനെപ്പറ്റി മിണ്ടാൻ പോലുമോ ഒരുത്തനെയും അനുവദിക്കരുതു്. നമ്മൾ ഫാഷിസത്തിനു് എതിരാണു്. നമുക്കു് ഇഷ്ടമില്ലാത്തതെല്ലാം ഫാഷിസമാണു്. അതു് ചെയ്യുന്നവരെല്ലാം ഫാഷിസ്റ്റുകളാണു്. നമ്മൾ ചൊല്ലിക്കൊടുക്കുന്നതു് ഏറ്റു് ചൊല്ലുന്നതിൽ കൂടിയ യുക്തിയൊന്നും ആർക്കും വേണ്ട. യുക്തിവാദികൾ മുർദ്ദാബാദ്! ഇനി ആർക്കെങ്കിലും വല്ലതും വായിച്ചു് പഠിക്കണം എന്നുണ്ടെങ്കിൽ അതിനാണു് നമ്മുടെ കിത്താബുള്ളതു്. മനുഷ്യനു് വേണ്ടതെല്ലാം അതിലുണ്ടു്. അതിൽ ഇല്ലാത്തതൊന്നുമില്ല. അഥവാ ഉണ്ടെങ്കിൽ അതൊന്നും മനുഷ്യനു് വേണ്ടവയല്ല. തിന്നുക, തൂറുക, ഓടിനടന്നു് കൃഷിനിലങ്ങൾ കലപ്പകൊണ്ടു് ഉഴുതു് മറിക്കുക, ഇടവേളകളിൽ വിടവില്ലാതെ കുരുവെണ്ണി പ്രാർത്ഥിക്കുക! ഈ ചടങ്ങുകൾ വരിയും നിരയും തെറ്റാതെ ആവർത്തിച്ചുകൊണ്ടേ ഇരിക്കുക. അതുമതി, അതു് ധാരാളം മതി, ചാകുവോളം ഈ ഭൂമിയിലും, ചത്തശേഷം സ്വർഗ്ഗത്തിലും ഇതുതന്നെ മനുഷ്യനു് പണി! മറ്റൊരു പണിയുടെ ആവശ്യം മനുഷ്യനില്ല.
March 2016
Mar 1, 2016, 5:36 PM
പുതിയതോ സങ്കീർണ്ണമോ ആയ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ, പരിചിതമോ ലളിതമോ ആയ മറുപടികളെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്നവരാണു് മനുഷ്യർ. മതം, രാഷ്ട്രീയം, ധാർമ്മികത തുടങ്ങിയ കാര്യങ്ങളിൽ സ്വയം ചിന്തിച്ചു് ഒരു തീരുമാനത്തിൽ എത്തുന്നതിനേക്കാൾ പ്രമാണഗ്രന്ഥങ്ങളെയോ, അവയുടെ അഥോറിറ്റികളുടെ അഭിപ്രായങ്ങളെയോ സ്വന്തനിലപാടായി സ്വീകരിക്കാൻ മനുഷ്യർ മടിക്കാറില്ലാത്തതു് അതുകൊണ്ടാണു്. ഭൌതികശാസ്ത്രത്തിന്റെ കോംപ്ലക്സിറ്റിയേക്കാൾ പൌരാണികവും ലളിതവുമായ ഗൗളിശാസ്ത്രത്തെയാണു് പൊക്കി തലയിൽ വയ്ക്കാൻ എളുപ്പം. കുറഞ്ഞ റിസ്കിൽ, ഓൺ ഹാൻഡായ പ്രശ്‌നപരിഹാരങ്ങളാണു് മനുഷ്യർക്കു് വേണ്ടതു്.
Mar 1, 2016, 6:12 PM
ഉത്തരവാദിത്വബോധമുള്ള സ്പെക്യുലേറ്റേഴ്സ് മാർക്കറ്റിനെ നിയന്ത്രിച്ചു് ധാന്യവിലയെ സ്റ്റെബിലൈസ് ചെയ്യാൻ സഹായിക്കുമ്പോൾ, “ലാഭൈകദൃക്കുകളായ” സ്പെക്യുലേറ്റേഴ്സ് ധാന്യവില കൃത്രിമമായി ഊതിവീർപ്പിച്ചു് മാർക്കറ്റിന്റെ സമനില തെറ്റിച്ചു് സ്വന്തം പോക്കറ്റ് വീർപ്പിക്കുന്നു. അതുവഴി, ആഫ്രിക്കപോലെയുള്ള “മൂന്നാം രാജ്യങ്ങളിലെ”, സ്വതവേതന്നെ എല്ലാ സാമൂഹികതലങ്ങളിലും പിന്നാക്കം നിൽക്കുന്ന ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും വഴുതിവീഴുന്നു. warrants-നെ പറ്റി പഠിച്ചാൽ എങ്ങനെ ഈ “ബ്ലഡ്സക്കറുകൾ” അതു് സാധിച്ചെടുക്കുന്നു എന്നറിയാൻ കഴിയും. മറ്റൊരു എളുപ്പവഴിയുള്ളതു്, സോഷ്യൽ മീഡിയയിലെ “എർഗൊണോമിക്സ്, പോളിട്രിക്സ്” സ്പെക്യുലേഷനുകൾ ശ്രദ്ധിക്കുക എന്നതാണു്.
Mar 2, 2016, 1:06 PM
അഭിനയകലയിലെ അവാർഡുകൾ കുറച്ചുകൂടി വിപുലപ്പെടുത്തേണ്ട സമയം അതിക്രമിച്ചു എന്നാണെന്റെ അഭിപ്രായം. നല്ല നടൻ/നടി എന്ന അവാർഡ് സിൽമയിൽ അഭിനയിക്കുന്ന നടനോ നടിയ്ക്കോ മാത്രമായി പരിമിതപ്പെടുത്തുന്നതു് കടുത്ത വിവേചനമാണു്. അഭിനയം സിൽമയിൽ മാത്രമേ സാധിക്കൂ എന്ന തെറ്റിദ്ധാരണയാണു് അതിനു് പിന്നിൽ. അവനവന്റെ പ്രൊഫഷനിൽ സിൽമയിലെ സൂപ്പർസ്റ്റാറുകളെവരെ തോല്പിക്കാൻ കഴിയുന്നത്ര ഉഗ്രൻ അഭിനയം കാഴ്ച വയ്ക്കുന്ന എഞ്ചിനിയേഴ്സ്, ഡോക്ടേഴ്സ്, പൊളിറ്റീഷ്യൻസ്, സാംസ്കാരികനായകർ തുടങ്ങിയവർ കേരളത്തിൽ കുറച്ചൊന്നുമല്ല. പാടത്തും പറമ്പിലും കൂലിവേല ചെയ്യുന്നവർ, മറ്റിനം മെയ്ക്കാടു് പണികൾ ചെയ്യുന്നവർ അങ്ങനെ “മുഷിഞ്ഞ” തൊഴിലുകൾ ചെയ്തു് ജീവിക്കുന്നവരേ അഭിനയിക്കാത്തവരായുള്ളു. അതു് അവർക്കു് അഭിനയിക്കാൻ അറിയാത്തതുകൊണ്ടാവണം എന്നു് നിർബന്ധമൊന്നുമില്ല. അഭിനയം കൊണ്ടു് മാത്രം ജീവിക്കാൻ കഴിയില്ലെന്നു് അറിയാവുന്നതുകൊണ്ടോ, നോക്കുകൂലി വാങ്ങി ജീവിക്കാൻ മാത്രം ഉളുപ്പില്ലായ്മ ഇല്ലാത്തതുകൊണ്ടോ, ലഭ്യമായ എന്തെങ്കിലും ജോലി ചെയ്യുകയേ നിവൃത്തിയുള്ളു എന്നതുകൊണ്ടോ ഒക്കെ ആവാം അവരുടെ ഈ അഭിനയവിരോധം. അവരെ അഭിനയത്തിനുള്ള അവാർഡിനു് പരിഗണിക്കേണ്ട കാര്യമില്ല. രോഗശാന്തി ശുശ്രൂഷകർക്കുള്ള അവാർഡ് പാസ്റ്റേഴ്സിനു് മാത്രം എന്നപോലെ, നടനത്തിനുള്ള അവാർഡ് നാട്യക്കാർക്കു് മാത്രം അവകാശപ്പെട്ടതായിരിക്കണം. ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടാൽ എന്തെന്തു് സാദ്ധ്യതകൾ തുറക്കപ്പെടുകയില്ല? ഗൈനക്കോളജിയിലെ മികച്ച നടൻ/നടി, എലക്ട്രോണിക്സിലെ മികച്ച ഗായകൻ/ഗായിക, നിയമസഭയിലെ മികച്ച വസ്ത്രാലങ്കാരം, പാർലമെന്റിലെ മികച്ച പശ്ചാത്തല സംഗീതം … …
കാലാനുസൃതമായ നവീകരണം ഏതു് കാര്യത്തിനും ആവശ്യമായതിനാൽ, മതങ്ങൾക്കു് അഭൂതപൂർവ്വമായ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ സിൽമാ അവാർഡുകൾ മതാടിസ്ഥാനത്തിൽ ആയിരിക്കേണ്ടതു് അത്യന്താപേക്ഷിതമാണെന്നു് പ്രത്യേകം പറയേണ്ട കാര്യമില്ല. എങ്കിലും ചുമ്മാ പറഞ്ഞേക്കാം. ഒരു വഴിക്കു് പോകുന്നതല്ലേ? മികച്ച ഹിന്ദുനടൻ/നടി, മികച്ച മുസ്ലീംനടൻ/നടി, മികച്ച നസ്രാണിനടൻ/നടി, അങ്ങനെ എല്ലാ മതങ്ങൾക്കും സംസ്ഥാനത്തിലെ അവരുടെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടു്. പ്രസവനിരക്കു് കൂടുതലുള്ള മതങ്ങളിൽ രണ്ടോ മൂന്നോ നടീനടന്മാരെ മികച്ചവരായി പ്രഖ്യാപിച്ചു്, ഓരോരുത്തർക്കും അവാർഡുകൾ നൽകി ബഹുമാനിക്കുന്നതും പരിഗണിക്കാവുന്ന കാര്യമാണു്. നാട്യത്തിനു് മാത്രമല്ല, പാട്ടു്, സദ്സ്വഭാവനടൻ/നടി, ദുസ്സ്വഭാവനടൻ/നടി, പിന്നണിഗായകൻ/ഗായിക, മുന്നണിഗായകൻ/ഗായിക എന്നിങ്ങനെ സിൽമയും ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലേയും കലാകാരികൾക്കും കലാകാരന്മാർക്കും മതങ്ങളുടെ അടിസ്ഥാനത്തിൽ അവാർഡുകൾ നൽകേണ്ടതു് നവകേരളത്തിന്റെ ഒരു അനിവാര്യതയാണു്. മതപരമായ അവാർഡ്ദാനം ഒരുവിധം ക്ലച്ച് പിടിച്ചു് ഓടിത്തുടങ്ങിയാൽ, അധികം താമസിയാതെ ജാതിപരമായ അവാർഡ് ദാനങ്ങളിലേക്കു് ഗിയർ മാറ്റിയിട്ടു് അവാർഡ്ദാനശകടത്തിന്റെ ഓട്ടം കൂടുതൽ സ്മൂത്താക്കാവുന്നതാണു്. ഇത്രയും ചെയ്താൽ, മത-ജാതി അടിസ്ഥാനത്തിൽ അവാർഡുകൾ നൽകാത്തതിനാലാണു് കേരളത്തിൽ മതേതരത്വം പൂത്തുലയാതിരിക്കുന്നതു് എന്നൊരു പരാതി, കേരളത്തിലേക്കു്, പ്രത്യേകിച്ചും വടക്കൻ കേരളത്തിലേക്കു്, ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒബാമയിൽ നിന്നും കേൾക്കാനും, അതിന്റെ പേരിൽ തെക്കുവശത്തെ മൂലയിൽ പോയി മുഖം പൊത്തിനിന്നു് നാണിക്കാനും മലയാളിസമൂഹത്തിനു് ഇടവരില്ല.
Mar 3, 2016, 3:47 PM
കക്കുന്നവന്റെ കൈ വെട്ടണം എന്നു് മനുഷ്യരെ പഠിപ്പിച്ച ദൈവമുണ്ടു്. പക്ഷേ, കക്കുന്നവനെ എങ്ങനെ കക്കാത്തവൻ ആക്കി മാറ്റാമെന്നോ, വെട്ടി മാറ്റിയ കൈ എങ്ങനെ വീണ്ടും തുന്നിച്ചേർക്കാമെന്നോ മനുഷ്യരെ പഠിപ്പിച്ച ഒരു ദൈവവും ഇന്നുവരെ ലോകത്തിൽ ഉണ്ടായിട്ടില്ല, ഇനിയൊട്ടു് ഉണ്ടാവുകയുമില്ല. അതും അതിൽ എത്രയോ കൂടുതലും ചെയ്യാൻ കഴിയുന്ന ഒരു ജീവിയേയുള്ളു – മനുഷ്യൻ! എല്ലാ ദൈവങ്ങളുടെയും സ്രഷ്ടാവായ മനുഷ്യൻ! പക്ഷേ, അവനൊരു തെറ്റു് പറ്റി. ദൈവം എന്ന ആ മയക്കുമരുന്നു് അവൻ കുത്തിവച്ചതു്, ഒന്നും അറിയാത്തപ്പോഴും എല്ലാം അറിയാമെന്നു് ഭാവിക്കാൻ മടിയോ ലജ്ജയോ ഇല്ലാത്ത കുറേ മനുഷ്യരുടെ തലയിലേക്കായിരുന്നു! അന്നുമുതൽ തുടങ്ങിയതാണു്, തന്റെ കഞ്ചാവിനാണു് കൂടുതൽ ലഹരി എന്നു് സ്ഥാപിക്കാനായി വാളിന്റെയോ, കൊട്ടോടിയുടെയോ, മറ്റിനം വീട്ടുപകരണങ്ങളുടെയോ അടയാളങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു് സമനില തെറ്റിയ ആ ഭക്തസമാധാനികൾ ലോകത്തിൽ നടത്തുന്ന കൊല്ലും കൊലയും തീവയ്പ്പും.
Mar 5, 2016, 7:59 AM
Theory-induced Blindness:
“Once you have accepted a theory and used it as a tool in your thinking, it is extraordinarily difficult to notice its flaws. If you come upon an observation that does not seem to fit the model, you assume that there must be a perfectly good explanation that you are somehow missing. You give the theory the benefit of the doubt, trusting the community of experts who have accepted it.” – Daniel Kahneman, an Israeli-American psychologist and winner of the 2002 Nobel Prize in Economics.
Mar 5, 2016, 9:10 AM
സരിതകൾ വരും പോകും, രോഹിത് വെമുലകൾ വരും പോകും, കൻഹയ്യ കുമാറുകൾ വരും പോകും. അപ്പോഴെല്ലാം നെറ്റിയിൽ “ജനാധിപത്യം” എന്നു് വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുള്ള ട്രോജൻ ഹോഴ്സുകൾ രംഗത്തു് വന്നുകൊണ്ടുമിരിക്കും. അവയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നതു്, കലാപങ്ങളിലൂടെ അരാജകത്വം സൃഷ്ടിച്ചു് രസിക്കാനോ, അവ്യക്തമായ മറ്റു് സ്വാർത്ഥ-, സ്ഥാപിതതാല്പര്യങ്ങൾ നേടിയെടുക്കാനോ ആഗ്രഹിക്കുന്ന സാമൂഹ്യദ്രോഹികളായിരിക്കും. ഒരുപാടു് താമസിച്ചുമാത്രം നേരം വെളുക്കുന്ന ധാരാളംപേർ ഇക്കൂട്ടർക്കുവേണ്ടി ട്രോജനെ തള്ളാൻ റെഡിയായി നിൽക്കുന്നുണ്ടു് എന്നതാണു് അവരുടെ ഭാഗ്യം.
പുതിയ ചുവടുകൾ വയ്ക്കാൻ ധൈര്യപ്പെടുന്ന യുവജനങ്ങൾ ഏതു് സമൂഹത്തിന്റെയും വളർച്ചക്കു് ആവശ്യമാണു്. പക്ഷേ, മുളപൊട്ടുമ്പോഴേക്കും, പിന്നിത്തുടങ്ങിയ സ്വന്തം ആശയപഴഞ്ചാക്കുകളിൽ ഒതുങ്ങുന്ന വിധത്തിൽ അവരെ “ബഡ്ഡ്” ചെയ്തു് “സ്വന്തമാക്കാൻ” ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധതാപ്പാനകൾ തിരിച്ചറിയപ്പെടുകയും, ഒഴിവാക്കപ്പെടുകയും ചെയ്യാത്തിടത്തോളം, എല്ലാം പഴയപടി “കുരുക്കളെയും അവരുടെ കിത്താബുകളേയും” കേന്ദ്രീകരിച്ചുള്ള വിപ്ലവമന്ത്രോച്ചാരണങ്ങളും ഏകതാനപ്രദക്ഷിണങ്ങളുമായി തുടർന്നുകൊണ്ടിരിക്കും.
Mar 6, 2016, 10:07 AM
“ഉറപ്പായി പറയാവുന്നതു് ഞാനൊരു മാർക്സിസ്റ്റ് അല്ല എന്നതാണു്” എന്നു് മാർക്സ് പറയാറുണ്ടായിരുന്നു എന്നു് ഫ്രീഡ്രിഹ് എൻഗെൽസ്. അതിൽ അത്ഭുതമൊന്നുമില്ല. യഥാർത്ഥ മാർക്സിസം എന്തെന്നു് അറിയാൻ ഫ്രാൻസിലെ സഖാക്കളെ സമീപിച്ചിട്ടു് കാര്യമില്ലെന്നും, അതു് കേരളത്തിലെ സഖാക്കളിൽ നിന്നുതന്നെ പഠിക്കണമെന്നും മാർക്സിനു് അറിയാമായിരുന്നു. പക്ഷേ, അങ്ങേരുടെ കഷ്ടകാലത്തിനു്, “EMS – postEMS” കാലത്തെ കേരളത്തിൽ ജീവിക്കാൻ മാർക്സിനു് കഴിഞ്ഞില്ലല്ലോ.
“Now what is known as ‘Marxism’ in France is, indeed, an altogether peculiar product — so much so that Marx once said to Lafargue: ‘Ce qu’il y a de certain c’est que moi, je ne suis pas Marxiste.’” – Friedrich Engels: Letter to Bernstein, 1882.
“The materialist conception of history has a lot of them nowadays, to whom it serves as an excuse for not studying history. Just as Marx used to say, commenting on the French “Marxists” of the late 1870s: “All I know is that I am not a Marxist.” – Friedrich Engels: Letter to Schmidt, 1890
Mar 6, 2016, 1:55 PM
“പുരുഷന്മാർക്കു് ഒരേസമയം നാലു് ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്കു് എന്തുകൊണ്ടു് നാലു് ഭർത്താക്കന്മാരായിക്കൂടാ” – ജസ്റ്റീസ് കെമാൽ പാഷ
ആകാമല്ലോ. ആകുന്നുമുണ്ടു്. നാടുകളിലും വീടുകളിലും നടക്കുന്നതെല്ലാം നമ്മൾ അറിഞ്ഞിരിക്കണം എന്നു് നിർബന്ധം പിടിക്കരുതു്. ഫിസിയോളജിയുടെ പ്രത്യേകത മൂലം “ഒരേസമയം” നാലു് ലൈംഗികപങ്കാളികളെ വേണമെങ്കിൽ “ആക്കാൻ” പുരുഷന്മാരേക്കാൾ സ്ത്രീകൾക്കു് എളുപ്പം പോലുമാണു്. ലച്ചോപലച്ചം ബീജങ്ങൾ ഒരു അണ്ഡത്തിന്റെ പുറകെ ഓടുന്നപോലെ, ഒരുലച്ചം അണ്ഡങ്ങൾ ഒരേസമയം ഒരു ബീജത്തിന്റെ പുറകെ ഓടാൻ തുടങ്ങിയാൽ എന്താവും ലോകത്തിന്റെ അവസ്ഥ!? നമ്മൾ പ്രാഗ്മാറ്റിക് ആയിരിക്കണം എന്നാണെന്റെ പക്ഷം.
ഇതൊന്നും ബല്യ ഇശ്യൂ ആക്കേണ്ട കാര്യങ്ങളല്ല. ഇശ്യൂ ആക്കൽ ഈ പെണ്ണുങ്ങൾക്കു് പണ്ടേതന്നെ അത്ര ഇഷ്ടമുള്ള കാര്യവുമല്ല. സ്വന്തം കാര്യത്തിൽ പ്രത്യേകിച്ചും. ആസ്വാദകർ ആസ്വദിക്കുക, എന്നിട്ടു് മിണ്ടാതിരിക്കുക എന്നതാണു് അവരുടെയിടയിൽ ഇതിന്റെയൊക്കെയൊരു നടപ്പുരീതി. സത്യം പറയാമല്ലോ, നാലു് “ഭർത്താക്കന്മാർ” എന്നൊരു ലിമിറ്റേഷൻ ഉള്ള കാര്യം സ്ത്രീകളുടെ ലോകത്തിൽ ഇതുവരെ എത്തിച്ചേർന്നിട്ടില്ലെന്നാണു് എനിക്കു് കിട്ടിയ വിവരം. നമ്മൾ കൌണ്ടർ പ്രൊഡക്റ്റീവ് ആകാതിരിക്കുന്നതല്ലേ നല്ലതു്?
പിന്നെ, ഈ സിവിൽ കോഡും ക്രിമിനൽ കോഡുമൊക്കെ. അതു് നീങ്ങ അതാതിന്റെ തരം പോലെ ഒണ്ടാക്കുകയോ ഒണ്ടാക്കാതിരിക്കുകയോ എന്താ വേണ്ടേന്നു് വച്ചാൽ ചെയ്തോളൂ. അവർ, ച്ചാൽ, വിഷയാസക്തരായ ആണുങ്ങളും പെണ്ണുങ്ങളും, അതിനനുസരിച്ചു് സമയവും സന്ദർഭവുമൊക്കെ അഡ്ജസ്റ്റ് ചെയ്തോളും. മുതലക്കുഞ്ഞുങ്ങൾക്കു് ആരും ഇന്നുവരെ നീന്തലിനു് ട്യൂഷൻ എടുത്തിട്ടില്ല. പറ്റുമെങ്കിൽ, മനുഷ്യർ ഇണ ചേരുന്നിടത്തു് ഒളിഞ്ഞുനോക്കാനും കല്ലെറിഞ്ഞു് കൊല്ലാനുമൊക്കെ നടക്കുന്നതു് മഹാ കച്ചറ പരിപാടിയാണെന്നു് സദാചാരസംരക്ഷകരായ സംസ്കാരസമ്പന്നരെ വേണ്ടവിധം ഒന്നു് പറഞ്ഞു് മനസ്സിലാക്കിയാൽ വേണ്ടില്ല എന്നൊരഭിപ്രായമുണ്ടു്.
ദോഷം പറയരുതല്ലോ, ഒരു ഏകീകൃതസിവിൽ കോഡ് (അതെന്താണെന്നു് കോഡെഴുത്തുകാർക്കു് മാത്രമേ അറിയൂ!) ഒട്ടും മോശം സംഭവമല്ല. DNA-യുടെ ഒക്കെ കാലമാണു്. പണ്ടൊക്കെ വിശ്വസിക്കാൻ കൊള്ളാത്ത മനുഷ്യരേ ഉണ്ടായിരുന്നുള്ളു. ഇക്കാലത്തു് നിരോധിനെപ്പോലും വിശ്വസിക്കാൻ കൊള്ളില്ല. വിശ്വാസവഞ്ചനയുടെ ഫലം ചുമക്കേണ്ടി വരുന്നവർക്കു് നിയമപരമായ ഒരു ഇൻഷുറൻസ് ഉള്ളതു് എന്തുകൊണ്ടും നല്ലതാണു്.
Mar 6, 2016, 3:48 PM
“ക്രിമിനലുകളുടെ നാമത്തിൽ വരുന്നവർ വാഴ്ത്തപ്പെടും!”
Mar 8, 2016, 8:30 AM
US അമേരിക്കയിൽ അടിമസമ്പ്രദായം നിർത്തലാക്കിയ കാലഘട്ടത്തിൽ തെക്കൻ സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യത്തിലേക്കു് വിടുതൽ ചെയ്യപ്പെടുന്നതിനേക്കാൾ അടിമത്വത്തിൽ തുടരാൻ ഇഷ്ടപ്പെട്ട “കറുത്ത വർഗ്ഗക്കാർ” ഉണ്ടായിരുന്നത്രെ! ഇന്നത്തെ ഒരു ഇൻഡ്യൻ ഫാഷൻ വച്ചു് പറഞ്ഞാൽ, അവർക്കു് ഹിന്ദിയിൽ മുദ്രാവാക്യം വിളിക്കാനുള്ള അനുവാദവും അറിവും ഉണ്ടായിരുന്നെങ്കിൽ, “സ്ലേവറി അബൊളിഷൻ” പ്രഖ്യാപിച്ചവരുടെ നേരെ മുഷ്ടി ചുരുട്ടി ആകാശത്തേക്കു് എറിഞ്ഞുകൊണ്ടു് “ആസാദി സേ ആസാദി” എന്നു് വിളിക്കാൻ തയ്യാറാവുമായിരുന്നവർ! പക്ഷേ, അനുവദിച്ച സ്വതന്ത്ര്യം സ്വീകരിക്കുക എന്നല്ലാതെ, അതു് വേണ്ടെന്നു് വയ്ക്കാനുള്ള സ്വാതന്ത്ര്യം – സ്വാതന്ത്ര്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം – അവർക്കുണ്ടായിരുന്നില്ല. ഫലത്തിൽ, തലേന്നു് വരെ അടിമകൾ എന്ന ലേബലിൽ ചെയ്തുകൊണ്ടിരുന്ന ജോലി പിറ്റേന്നു് മുതൽ അവർ സ്വതന്ത്രർ എന്ന ലേബലിൽ ചെയ്യാൻ തുടങ്ങി. അതിൽ കൂടുതലൊന്നും അവരുടെ ലോകത്തിൽ അന്നു് സംഭവിച്ചില്ല. 1865-ൽ ആയിരുന്നു ആ പ്രഖ്യാപനം. 1929-ൽ ജനിച്ച മാർട്ടിൻ ലൂഥർ കിങ് കൊല്ലപ്പെട്ടതു്, നൂറില്പരം വർഷങ്ങൾക്കു് ശേഷം, 1968-ലാണു്!
നിയമനിർമ്മാണം വഴി അടിമസമ്പ്രദായമോ, മറ്റു് കാട്ടാളത്തങ്ങളോ നിർത്തലാക്കി മനുഷ്യാവകാശങ്ങളുടെ അംഗീകാരത്തിലേക്കു് ഒരു വലിയ ചുവടുവയ്പു് നടത്തി എന്നതുകൊണ്ടു് മാത്രം സാമൂഹികമായ അസമത്വങ്ങൾ ദൂരീകരിക്കപ്പെടുകയോ മനുഷ്യാവകാശങ്ങൾ സ്ഥാപിക്കപ്പെടുകയോ ചെയ്യുകയില്ല. മനുഷ്യരുടെ തലയിൽ വളർന്നു് പന്തലിച്ച അച്ചുകളിൽ, ചിന്താരീതികളിൽ മാറ്റങ്ങൾ വരാത്തിടത്തോളം, നിയമനിർമ്മാണം വഴിയോ, വിപ്ലവങ്ങൾ വഴിപോലുമോ സംഭവിക്കുന്ന സാമൂഹികമാറ്റങ്ങൾ ഏട്ടിലെ പശുക്കളോ, “സ്റ്റ്രോ ഫയറോ” മാത്രമായി അവശേഷിക്കുകയേയുള്ളു. റഷ്യൻ വിപ്ലവത്തിനു് ശേഷം ബോൾഷെവിക്സ് മിക്കവാറും ഉന്മൂലനം ചെയ്ത റഷ്യൻ ഓർത്തഡോക്സ് ചർച്ചിനു് ഇപ്പോൾ നവോത്ഥാനം സംഭവിച്ചു് വിശ്വാസികൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ, രണ്ടു് ലോകമഹായുദ്ധങ്ങളടക്കം ധാരാളം യുദ്ധങ്ങൾ നടന്നിട്ടും, അതുപോലുള്ള മതനശീകരണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത പശ്ചിമയൂറോപ്പിൽ ചർച്ചുകൾ പലതും ഇന്നു് വിശ്വാസികളുടെ അഭാവം മൂലം മെയിന്റെനൻസിനു് പോലും പണമില്ലാതെ പൂട്ടിയിടേണ്ടതായോ, ഹോട്ടൽ പോലുള്ള മറ്റാവശ്യങ്ങൾക്കായി വിൽക്കുകയോ വാടകയ്ക്കു് നൽകുകയോ ചെയ്യേണ്ടതായോ വരുന്നു എന്നതു് ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു.
സ്വാതന്ത്ര്യത്തിൽ മാത്രമേ മനുഷ്യബുദ്ധിക്കു് വികസിക്കാനാവൂ. അടിമത്വത്തിൽ അതിനു് വളർച്ച മുരടിച്ചു്, കേട്ടുപഠിച്ച ശീലുകൾ ഏറ്റുപാടി, ഇതാണു് സ്വർഗ്ഗം എന്നു് സായൂജ്യമടയാനേ സാധിക്കൂ. തലമുറകളിലൂടെ സാമൂഹികമായ അടിമത്തത്തിൽ കഴിയേണ്ടിവന്ന ഒരു ജനത്തിനു് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി ദീർഘകാലപദ്ധതികളിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ. സ്വാതന്ത്ര്യം എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഇൻഡസ്‌റ്റ്രിയൽ ക്യാപ്പിറ്റലിസത്തിന്റെ പശ്ചാത്തലത്തിൽ മാർക്സ് വിഭാവനം ചെയ്ത, സാമ്പത്തികം എന്ന ഏകതാനതയുടെ അടിസ്ഥാനത്തിലെ “ഏകവർഗ്ഗസ്വാതന്ത്ര്യ”മല്ല. ജീവിതത്തിന്റെ എല്ലാ ഫാസെറ്റുകളും ഉൾപ്പെടുന്ന, ഉത്തരവാദിത്വജനാധിപത്യത്തിൽ അധിഷ്ഠിതമായ വ്യക്തിസ്വാതന്ത്ര്യവും സാമൂഹികസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളായി എല്ലാത്തരം ജനങ്ങളിലും എത്തുമ്പോഴേ അതു് മനുഷ്യവർഗ്ഗത്തിന്റെ സ്വാതന്ത്ര്യമാവൂ. വിപ്ലവങ്ങളുടെ വിപ്ലവമായ ഒരു “അമ്മവിപ്ലവത്തിലൂടെയോ”, ഒരു ലോകരക്ഷകന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ വരവോടെയോ എന്നേക്കുമായി പൂർത്തീകരിക്കപ്പെടുന്ന ഒന്നല്ല, നിരന്തരമുള്ള തിരുത്തലിലൂടെയും പുതുക്കലിലൂടെയും മാത്രം വികസിക്കാൻ കഴിയുന്നതും, ഒരുപക്ഷേ ഒരിക്കലും പൂർത്തീകരിക്കപ്പെടാൻ കഴിയാതെ പോയേക്കാവുന്നതുമായ ഒരു “കണ്ടിന്യുവസ് പ്രോസെസ്” മാത്രമാണു് മനുഷ്യവർഗ്ഗത്തിന്റെ സ്വാതന്ത്ര്യം.
“പാരീസ് മാന്യുസ്ക്രിപ്റ്റ്സിൽ” തൊഴിലാളികളുടെ അന്യവത്കരണത്തേക്കുറിച്ചു് മാർക്സ് വളരെയേറെ വാചാലനാകുന്നുണ്ടു്. സ്വകാര്യസ്വത്തു്, തൊഴിൽ വിഭജനം, മൂലധനമെന്ന പിശാചു് ഇവയൊക്കെയാണു് മനുഷ്യരെ (ന്ന്വച്ചാൽ, തൊഴിലാളികളെ, മുതലാളികൾ മാർക്സിന്റെ ദൃഷ്ടിയിൽ മനുഷ്യരേ അല്ല) ഏലിയനേഷനിലേക്കു് എത്തിക്കുന്നതു്! തൊഴിലാളി അവന്റെ ജീവിതം ഉല്പന്നവസ്തുവിൽ അർപ്പിക്കുന്നു; പക്ഷേ, ഇപ്പോൾ അതു് അവന്റേതല്ല, ആ വസ്തുവിന്റേതാണു്. എത്ര പ്രസക്തമാണോ അവന്റെ പ്രയത്നം, അത്ര അപ്രസക്തനാണു് തൊഴിലാളി. എന്താണോ അവന്റെ തൊഴിലിന്റെ ഫലം, അതു് അവനല്ല. ഉല്പന്നം എത്ര വലുതാണോ, അത്ര ചെറുതാണു് അവൻ. എത്ര കൂടുതൽ അവൻ ഉല്പാദിപ്പിക്കുന്നുവോ, അത്ര കുറച്ചേ അവനു് ചിലവഴിക്കാൻ കിട്ടുന്നുള്ളു. എത്ര കൂടുതൽ മൂല്യം അവൻ ഉണ്ടാക്കുന്നുവോ, അത്രയേറെ മൂല്യശൂന്യനാവുന്നു അവൻ. എത്ര പരിഷ്കൃതമാണോ അവന്റെ ഉല്പന്നം, അത്രമാത്രം അവൻ അപരിഷ്കൃതനായിത്തീരുന്നു. എത്രശക്തമാണോ അവന്റെ തൊഴിൽ, അത്രകണ്ടു് അശക്തനാവുന്നു അവൻ… ഇങ്ങനെയൊക്കെയാണു് മാർക്സ് തൊഴിലാളികളുടെ അന്യവത്കരണം “ശാസ്ത്രീയമായി” സ്ഥാപിക്കുന്നതു്! പൊള്ളയായ, യാഥാർത്ഥ്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത വാക്കുകളും വാക്പയറ്റുകളും! സ്വന്തമായി തൊഴിൽ ചെയ്തു് ജീവിക്കുകയോ, ജീവിക്കുന്നവരുടെ സാമീപ്യമോ വിയർപ്പു് ഗന്ധമോ അനുഭവിക്കുകയോ ചെയ്യാത്ത ഒരാൾക്കു് മാത്രം പടച്ചു് വിടാൻ കഴിയുന്ന അർത്ഥശൂന്യമായ വാചാടോപങ്ങൾ! “മതത്തെ മാർക്സിസം പ്രകൃത്യാ ആക്രമിക്കുന്നില്ല” എന്നും മറ്റും നേതാവു് പറഞ്ഞാൽ അതിനു് ആമീൻ വിളിക്കാൻ മാത്രം ശീലിച്ച മനുഷ്യർക്കു് അങ്ങനെ തോന്നണമെന്നില്ലെങ്കിലും.
വരാനിരിക്കുന്ന തൊഴിലാളിസർവ്വാധിപത്യം പ്രവചിക്കുന്ന, അവിടെ സർവ്വസ്വാതന്ത്ര്യം വാഴുമെന്നു് വാഗ്ദാനം ചെയ്യുന്ന മാർക്സ്! തൊഴിലാളിക്കു് സംഭവിക്കുന്ന ഏലിയനേഷൻ വ്യക്തമാക്കാൻ മാർക്സ് ഉപയോഗിച്ച അതേ റെട്ടറിക് “നല്ല നാളെയിലെ” കമ്മ്യൂണിസ്റ്റ് ലോകത്തിലേക്കു് “നിർബന്ധിച്ചു്” സ്വതന്ത്രരാക്കപ്പെടുന്ന തൊഴിലാളികളിലേക്കുകൂടി വ്യാപിപ്പിച്ചാൽ? ആശ്രിതത്വം എന്നാൽ പാരതന്ത്ര്യമാവണമെന്നില്ല എന്നു് കരുതുന്ന, അതു് നൽകുന്ന സുരക്ഷിതത്വത്തിൽ സംതൃപ്തരായ മനുഷ്യർ ഉണ്ടാവരുതെന്നുണ്ടോ? രാജാവിന്റെ ഭൃത്യരെപ്പോലെ, കിം ജോങ് ഉനിന്റെ അംഗരക്ഷകരെപ്പോലെ, പാർട്ടി ചെയർമാന്റെ കാവൽക്കാരെപ്പോലെ സ്വാതന്ത്ര്യത്തിലേക്കു് “എലിയനേറ്റ്” ചെയ്യപ്പെടാൻ ഇഷ്ടമില്ലാത്തവരോ ഭയമുള്ളവരോ ഒക്കെ തൊഴിലാളികളും ജീവിച്ചു് പോകാൻ ആഗ്രഹിക്കുന്ന മനുഷ്യരും തന്നെയല്ലേ? മാവോയുടെ ലോകത്തിൽ ജീവിച്ചിരുന്ന മനുഷ്യർ, ഏറിയാൽ, ക്യാപിറ്റലിസത്തിൽ നിന്നും ആസാദി, സാമ്രാജ്യത്വത്തിൽ നിന്നും ആസാദി, ആസാദിയിൽ നിന്നും ആസാദി എന്നൊക്കെയല്ലാതെ, മാവോയിസത്തിൽ നിന്നും ആസാദി, മാവോയുടെ സാംസ്കാരികവിപ്ലവത്തിൽ നിന്നും ആസാദി എന്നൊക്കെ മുദ്രാവാക്യം മുഴക്കാൻ മാത്രം ജീവനിൽ കൊതിയില്ലാത്തവരായിരുന്നോ എന്നറിയില്ല. പക്ഷേ, ആയിരുന്നെങ്കിൽ അവർ നേരിട്ടിരിക്കാവുന്നതു്, 1989-ൽ റ്റിയാനമെൻ സ്ക്വയറിൽ “സ്വർഗ്ഗീയ സമാധാനത്തിന്റെ ഗെയ്റ്റിനു്” മുന്നിലേക്കു് പ്രതിഷേധജാഥ നയിച്ചവർക്കു് നേരിടേണ്ടി വന്നതിൽ നിന്നും ഒട്ടും വ്യത്യസ്തമാവുമായിരുന്നില്ല എന്നു് ഉറപ്പായും പറയാം.
വിപ്ലവം ചിലവാകില്ല എന്നു് തോന്നുന്നിടത്തു് അധികാരത്തിലെത്താൻ വാരിയണിയേണ്ടിവരുന്ന ഒരു മുഖം മൂടി മാത്രമാണു് കമ്മ്യൂണിസത്തെസംബന്ധിച്ചു് – അതു് മാർക്സിസമായാലും, ലെനിനിസമായാലും, മാവോയിസമായാലും – ജനാധിപത്യം. അതറിഞ്ഞിരിക്കുന്നതു് നല്ലതാണു്. കുട്ടിച്ചാത്തനെ ഒഴിപ്പിക്കാൻ ബേൽസബൂബിനെ കുടിയിരുത്തി പുലിവാലു് പിടിക്കാതിരിക്കാൻ അതു് സഹായിക്കും.
Mar 9, 2016, 11:46 AM
മനുഷ്യരുടെ കൈ വെട്ടരുതു്. പെൻസിലുകൾ വെട്ടാതിരിക്കുകയുമരുതു്. പക്ഷേ, അവയെ കൈ വെട്ടുന്നപോലെ നടുവെ വെട്ടി രണ്ടായി മുറിക്കരുതു്. മുന മുറിയാത്ത വിധം അറ്റത്തെ തടി മാത്രം വെട്ടിമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. പത്തുപേർ പെൻസിൽ വെട്ടിയാൽ അതിൽ ഒരുത്തനോ ഒരുത്തിക്കോ അതുകൊണ്ടു് എഴുതിപ്പഠിക്കണം എന്നു് തോന്നിക്കൂടായ്കയില്ല. അതുവഴി വലിയ കാര്യവിവരം ഒന്നും ഉണ്ടായില്ലെങ്കിലും കയ്യക്ഷരമെങ്കിലും നന്നായാൽ അത്രയുമായല്ലോ എന്നതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.
Mar 14, 2016, 10:49 AM
“Democracy is a government of the fools, for the fools, by the fools.” – George Bernard Shaw
അതിനെ ഇങ്ങനെ മലയാളീകരിച്ചാൽ “മലയാളം പെഡന്റ്സ്” ചൂടാവുമോ എന്നറിയില്ല: “കച്ചറകൾക്കുവേണ്ടി കച്ചറകൾ ഭരിക്കുന്ന (ഭരിക്കാൻ അനുവദിക്കാതിരിക്കുന്ന) കച്ചറകളുടെ ഭരണകൂടമാണു് ജനാധിപത്യം”. കിളി പോയതറിയാത്ത കുറേ “ഡെമോക്രാറ്റുകൾ” അസ്വസ്ഥരായി ഓടിനടന്നു് വളവളകളും തെറിവിളികളും വിളമ്പി ജനങ്ങളെ സ്ഥിരം എന്റർട്ടെയ്ൻ ചെയ്തുകൊണ്ടിരിക്കുന്നതിലൂടെ അതു് മാനിഫെസ്റ്റ് ചെയ്യപ്പെടുന്നു!
ഈ പ്രത്യേക സാഹചര്യത്തിൽ, വിക്കിപ്പീഡിയയെ ആകർഷണീയവും അതുവഴി ജനകീയവുമാക്കി കൂടുതൽ വിക്കിപ്പീഡിയന്മാരെ സൃഷ്ടിക്കാൻ അതിന്റെ പേരു്, ഫക്കിപ്പീഡിക എന്നോ കക്കിപ്പീഡിക എന്നോ മാറ്റിയാൽ മതിയാവേണ്ടതാണു്. ശവമുള്ളിടത്തു് കഴുകന്മാർ കൂടും എന്നു് ബൈബിൾ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) എന്നോ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ എന്നോ ഒക്കെ വിശദമായും ആർഭാടമായും പറഞ്ഞുകൊണ്ടേ ഓൺലൈനിലെ രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളുവെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ ശുഷ്കമായിരുന്നേനെ എന്നാണെനിക്കു് തോന്നുന്നതു്. കമ്മി, സുഡാപ്പി, സംഘി, കൊങ്കി തുടങ്ങിയ “ചുരുക്കെഴുത്തുകൾ” രാഷ്ട്രീയ ചർച്ചകളെ കുറച്ചൊന്നുമല്ല ജനകീയവും ആവേശകരവുമാക്കി മാറ്റിയതു്. ഒരു പേരിൽ എന്തിരിക്കുന്നു എന്നതല്ല, എന്തൊക്കെയോ ഇരിക്കുന്നു എന്നതാവണം ശരി.
Mar 16, 2016, 11:39 AM
സോഷ്യലിസത്തെയും, തൊഴിലാളികളെയും, ഡിറ്റർമിനിസ്റ്റിക് ആയ ഒരു ഭാവികാലത്തേയും പ്രതിനിധീകരിക്കുന്നവർക്കു് ശാസ്ത്രീയതയുടെ മുഖംമൂടിയണിഞ്ഞു് ജനസ്വാധീനം നേടാൻ ഐൻസ്റ്റൈൻ ഒരു നല്ല സെലക്ഷനാണെന്ന കാര്യത്തിൽ സംശയമില്ല. ഇസ്രായേലിന്റെ പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിട്ടും അതു് വേണ്ടെന്നു് വച്ച ഐൻസ്റ്റൈനു് രാഷ്ട്രീയത്തെപ്പറ്റി മോശമായ അഭിപ്രായം ഒന്നും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. റഷ്യയോ ചൈനയോ പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം അതു് സീകരിക്കുകയും ചെയ്തേനെ! ഒരു “ആന്റിഅഥോറിറ്റേറിയൻ” എന്ന നിലയിൽ ഐൻസ്റ്റൈൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരിക്കാൻ സാദ്ധ്യതയുള്ളതു് “വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടൊട്ടാലിറ്റേറിയൻ സിസ്റ്റങ്ങളെ” ആയിരിക്കണമല്ലോ.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, എന്റെ അഭിപ്രായത്തിൽ, ഒരു “സോഷ്യലിസ്റ്റ്-ഹോബി-ഹോഴ്സ്” ആയി ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു് അവരെ പൊട്ടൻ കളിപ്പിക്കാൻ ഐൻസ്റ്റൈനേക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ള പ്രസിദ്ധവ്യക്തി ഹിറ്റ്‌ലർ ആയിരുന്നേനെ! തൊഴിലാളിസ്നേഹവും സോഷ്യലിസവുമെല്ലാം ഹിറ്റ്‌ലറുടെ “ദേശീയസോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളിപ്പാർട്ടിയുടെ” (Nationalsozialistische Deutsche Arbeiterpartei) പേരിൽത്തന്നെ ആളിക്കത്തുകയല്ലേ? അത്രയേറെ ആളിക്കത്തുന്ന സോഷ്യലിസം കണ്ടാൽ, ഈയാമ്പാറ്റകളെ തോല്പിക്കുന്ന ആവേശത്തോടെ പറന്നടുക്കാതിരിക്കാൻ കഴിയാത്ത വോട്ടർമാരെവിടെ കേരളത്തിൽ? “ഇന്നലെകളെ പറ്റി സംസാരിക്കുക എന്നതാണു് ചരിത്രപരമായ സമ്പ്രദായം” എന്നപോലെ, നാളെകളുടെ ചരിത്രപരമായ ഉറപ്പിനെപ്പറ്റി സംസാരിക്കുന്നതും, ആ നല്ല നാളെകളെ വാഗ്ദാനം ചെയ്യുന്നതുമാണു് രാഷ്ട്രീയപരമായ കേരളീയസമ്പ്രദായം എന്നു് അറിയാവുന്നവരാണു് അവിടത്തെ വോട്ടർമാർ.
Mar 19, 2016, 9:28 AM
പോയ മൂന്നും നാലും വർഷങ്ങളിലെ വരെ സ്റ്റാറ്റസുകൾ ഫെയ്സ്ബുക്ക് എടുത്തു് കാണിക്കുമ്പോഴാണു് ഇക്കാലമത്രയും ഒരു ഐഡിയോളജിക്കൽ മാറ്റവും എന്നിൽ സംഭവിച്ചില്ലല്ലോ എന്ന ദു:ഖം എനിക്കുണ്ടാകുന്നതു്. ഇക്കണക്കിനു് പോയാൽ, എനിക്കു് എന്നെത്തന്നെ തല്ലിക്കൊല്ലേണ്ടി വരുമെന്നു് തോന്നുന്നു.
മാറ്റത്തിനൊഴികെ മറ്റെല്ലാറ്റിനും മാറ്റമുണ്ടാവണമെന്നു് മാർക്സ് അസന്ദിഗ്ദ്ധമായി കല്പിച്ചിട്ടുണ്ടു്. മാറ്റം എന്നതുകൊണ്ടു് മാർക്സ് ഉദ്ദേശിച്ചതു് മാർക്സിസത്തെ മാത്രം ആവാനേ വഴിയുള്ളു. ലോകത്തിന്റെ ആകെമൊത്തം മാറ്റം ലക്ഷ്യമാക്കി വിപ്ലവിക്കുന്ന മാർക്സിസത്തിനൊഴികെ മറ്റെല്ലാ കിടുതാപ്പുകൾക്കും അനിവാര്യമായ മാറ്റമുണ്ടാവണമെന്നല്ലാതെ മറ്റു് ദുരുദ്ദേശങ്ങളൊന്നും മാർക്സിനു് ഉണ്ടാവേണ്ട കാര്യമില്ല.
ആ ലോജിക് പ്രകാരമാണു്, മൂന്നുനാലു് വർഷങ്ങളായിട്ടും ആശയത്തിനോ ആമാശയത്തിനു് പോലുമോ മാറ്റമൊന്നും വരാത്ത എന്റെ കാര്യം പോക്കാണെന്നു്, അല്ലെങ്കിൽ പോക്കാവേണ്ടതുണ്ടെന്നു് ഞാൻ മനസ്സിലാക്കിയതു്. ഒരു മാറ്റവുമില്ലാതെ ജീവിച്ചുകൊണ്ടിരിക്കാൻ, മാർക്സിനു് തന്നെപ്പറ്റിത്തന്നെ ഉറപ്പായി പറയാൻ കഴിഞ്ഞിരുന്നതുപോലെ, “ഞാനും ഒരു മാർക്സിസ്റ്റല്ല”.
Mar 20, 2016, 11:09 AM
കള്ളു് അഡിക്ഷനിൽ നിന്നും രക്ഷപെടാൻ അഡിക്ഷൻ ക്ലിനിക്കുകളിൽ പോകാം. കാളി അഡിക്ഷനിൽ നിന്നും രക്ഷപെടാൻ ഏതു് അഡിക്ഷൻ ക്ലിനിക്കിൽ പോയാൽ മതിയാവും?
കാളി മാത്രമല്ല മനുഷ്യരിൽ അഡിക്ഷൻ ഉണ്ടാക്കുന്നതു്. മുഹമ്മദ്, യേശു, ദൈവം, മതം, യുക്തിവാദം, കാപ്പി, ചായ, പഞ്ചസാര, ബീഡി, സിഗററ്റ്, ഡ്രഗ്സ്, സദാചാരം, കമ്പ്യൂട്ടർ, മൊബൈൽ, കമ്മി, സംഘി, കൊങ്കി, മൂരി, പശു തുടങ്ങിയവയെല്ലാം മനുഷ്യരെ ആഡിക്റ്റ്സ് ആക്കുന്നവയാണു്. അവയിൽ നിന്നും വേണ്ടേ മനുഷ്യർക്കു് ഒരു മോചനം?
മദ്യം പാനം ചെയ്യുക എന്നതിനു് ആൽക്കഹോളിനു് ആഡിക്റ്റ് ആവുക എന്നാണു് അർത്ഥമെങ്കിൽ, യൂറോപ്യൻ രാജ്യങ്ങളെ ഭരിക്കുന്നതു് ആൽക്കഹോൾ ആഡിക്റ്റുകളാണെന്നു് പറയേണ്ടിവരും. അങ്ങനെയെങ്കിൽ, വൈൻ ആഹാരത്തിന്റെ ഒരു അവിഭാജ്യഘടകം എന്നുതന്നെ പറയാവുന്ന മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ മുഴുവൻ ആൽക്കഹോൾ ആഡിക്റ്റുകളാണെന്നു് പറയേണ്ടിവരും. അങ്ങനെയെങ്കിൽ, കുർബ്ബാന സമയത്തു് യേശുവിന്റെ രക്തവും ശരീരവും എന്ന പേരിൽ വീഞ്ഞും ഗോതമ്പപ്പവും വാഴ്ത്തുകയും ഭക്ഷിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ എല്ലാം ആൽക്കഹോൾ ആഡിക്റ്റുകളാണെന്നു് പറയേണ്ടിവരും.
ഓരോ പ്രദേശങ്ങളിലും അവിടങ്ങളിലേതായ ആഹാരപദാർത്ഥങ്ങളും ആഹാരരീതികളുമുണ്ടു്. അതുകൊണ്ടാണു്, അവസാനത്തെ അത്താഴസമയത്തു് യേശു ശിഷ്യന്മാരോടൊപ്പം റൊട്ടിയും വീഞ്ഞും കഴിച്ചു എന്നു് ബൈബിളിൽ വായിക്കേണ്ടി വരുന്നതു്. ബോധം മറയുന്നതുവരെ “ചാരായം” കുടിച്ചു്, വയറു് പൊട്ടുന്നതുവരെ ചോറും കറികളും വാരിവിഴുങ്ങുന്ന മലയാളി മാതൃക ആയിരുന്നു അവിടെ നിലനിന്നിരുന്നതെങ്കിൽ, യേശുവിനെ തലച്ചുമടായി പീലാത്തോസിന്റെ മുന്നിൽ എത്തിക്കേണ്ടി വരുമായിരുന്നു.
ഒരു മനുഷ്യൻ ആരായിരിക്കുന്നുവോ, ആ നിലയിലേക്കു് അവനെ എത്തിക്കുന്നതിൽ അവന്റെ കുടുംബപരവും, മതപരവും, സാമൂഹികവുമായ ചുറ്റുപാടുകൾ വഹിക്കുന്ന പങ്കു് ഒട്ടും ചെറുതല്ല. ഇന്നത്തെ സാഹചര്യത്തിൽ സ്വീഡനിൽനിന്നും ഒരു ഒസാമാ ബിൻ ലാദനോ, മഞ്ഞിൽ ജീവിക്കുന്ന എസ്കിമോകളുടെ ഇടയിൽ നിന്നും ഭാരതീയ മാതൃകയിലെ ഒരു “നഗ്നസ്വാമിമതമോ” ഉണ്ടാവാനുള്ള സാദ്ധ്യത മിക്കവാറും പൂജ്യമായിരിക്കും എന്നതുപോലെ.
Mar 20, 2016, 11:58 AM
പഴയതു്:
എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ടു്.
പുതിയതു്:
- എവിടെ ഡോണാൾഡ് ട്രമ്പുണ്ടോ, അവിടെ അടിപിടിയും പിടിവലിയുമുണ്ടു്.
- എവിടെ വെറുപ്പിന്റെ സുവിശേഷകരുണ്ടോ, അവിടെ നിണമൊഴുകുന്ന തെരുവുകളും, തൂങ്ങിയാടുന്ന മൃതശരീരങ്ങളുമുണ്ടു്.
Mar 21, 2016, 11:01 AM
സ്റ്റ്റീമിൽ “ചുവപ്പു് സ്റ്റാറ്റസുകൾ” കണ്ടാൽ നിശബ്ദനിർവികാരമായി താഴേക്കു് സ്ക്രോൾ ചെയ്തു് പോകുക എന്നതു് കുറച്ചു് നാളായി എന്റെയൊരു ശീലമാണു്. ക്ഷീരബല ആയാലും നൂറ്റൊന്നിൽ കൂടുതൽ പ്രാവശ്യം ആവർത്തിച്ചാൽ താങ്ങാനാവില്ല. പക്ഷേ, ഇന്നലെ ചുവപ്പുനിറം കണ്ടു് പതിവുപോലെ താഴേക്കു് സ്ക്രോൾ ചെയ്തപ്പോൾ ഇടിനാദം പോലെ, “സ്റ്റോപ്പ്” എന്നൊരു അശരീരി ഉണ്ടായി. “ഞെട്ടിത്തെറിച്ച” ഞാൻ തിരിച്ചു് സ്ക്രോൾ ചെയ്തപ്പോഴാണു് ആ സത്യം എനിക്കു് മനസ്സിലായതു്! ഞാൻ സ്ക്രോൾ ചെയ്തുവിട്ടതു് ചുവന്ന ജട്ടിയാൽ അലങ്കൃതനായി സ്റ്റ്റീമിൽ പ്രത്യക്ഷപ്പെട്ട സാക്ഷാൽ ഡിങ്കഭഗവാനെ ആയിരുന്നു!
എന്റെ തെറ്റു്, എന്റെ തെറ്റു്, എന്റെ ദാരുണമായ തെറ്റു്! സർവ്വശക്തനായ ഡിങ്കനും അവന്റെ ഇടവകാംഗങ്ങൾക്കും മുന്നിൽ ഞാനെന്റെ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു് കുമ്പസാരിക്കുന്നു:
“I confess to almighty Dinkan
and to you, my brothers and sisters,
that I have greatly sinned,
in my thoughts and in my words,
in what I have done and in what I have failed to do,
through my fault, through my fault,
through my most grievous fault;
therefore I ask blessed “Pankila never-virgin”,
all the Angels and Saints,
and you, my brothers and sisters,
to pray for me to the Lord our God”.
Mar 23, 2016, 1:44 PM
വളയാത്ത ഒരു നട്ടെല്ലായിരുന്നു ജീവികളുടെ അതിജീവനത്തിനു് കൂടുതൽ അഡ്വൻറ്റേജ്യസ് ആയിരുന്നതെങ്കിൽ, (മനുഷ്യരുടെ) നട്ടെല്ലിന്റെ സ്ഥാനത്തു് തുടയെല്ലോ (femur), അതിന്റെ മുന്തിയ ഒരു വേർഷനോ മാത്രമേ പ്രകൃതി ഫിറ്റ് ചെയ്യുമായിരുന്നുള്ളു. കാരണം, പ്രകൃതി എന്നാൽ, അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങളുടെ മാതൃകയിലുള്ള ഒരു ഡൂക്കിലി ദൈവമല്ല.
പ്രകൃതിയെ കടത്തി വെട്ടാൻ കരുത്തുള്ള ഒരു ദൈവമേ – “ബിഗ്-ബാംഗ്” എന്ന ബല്യപെരുന്നാൾ വെടിക്കെട്ടിനു് മുൻപായാലും പിൻപായാലും – ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളു – ദീർഘവീക്ഷണമുണ്ടായിരുന്ന ഒരു എലികന്യക സകലലോകത്തിന്റെയും രക്ഷയെ മുന്നിൽ കണ്ടു് പങ്കിലക്കാട്ടിൽ “പിഴച്ചു് പ്രസവിച്ച” എലിപുത്രൻ, സാക്ഷാൽ ഡിങ്കഭഗവാൻ!
Mar 29, 2016, 5:37 PM
യുക്തിവാദികളെ കൊല്ലുക!
സമകാലികരാഷ്ട്രീയജല്പനങ്ങളുടെ നികൃഷ്ടതയും ജനകീയതയുടെ സ്വാർത്ഥപരതയും കാണണമെങ്കിൽ മനുഷ്യർ പർവ്വതങ്ങളിൽ ജീവിക്കാൻ പരിശീലിച്ചിട്ടുണ്ടായിരിക്കണം എന്നു് നീറ്റ്സ്‌ഷെ. കേരളത്തിലായിരുന്നു ജീവിച്ചിരുന്നതെങ്കിൽ ഇത്തരം “മണ്ടത്തരങ്ങൾ” അങ്ങേർ ചിന്തിച്ചു് കൂട്ടുമായിരുന്നു എന്നു് തോന്നുന്നില്ല. ഏതെങ്കിലുമൊരു പക്ഷത്തിന്റെയോ, ഒരു ഇസത്തിന്റെയോ, ഒരു ജാതിയുടെയോ ഒരു മതത്തിന്റെയോ, ഒരു ദൈവത്തിന്റെയോ പിന്നാലെ അവസരോചിതം സിന്ദാബാദോ മുർദ്ദാബാദോ വിളിച്ചുകൂവി നടന്നുകൊണ്ടല്ലാതെയുള്ള ഒരു ജീവിതം സങ്കല്പിക്കാൻ പോലും കഴിയാത്തിടത്തു് സ്വതന്ത്രമായ ചിന്തകൾ മുളയിലേ നുള്ളപ്പെടും. പ്രതിലോമപരമായ, ഒഴുക്കിനെതിരെ നീന്താനുള്ള ഏതു് പ്രവണതയും നശിപ്പിക്കപ്പെടണം എന്നതാണു് അവിടങ്ങളിലെ മാനിഫെസ്റ്റോതന്നെ. സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുന്ന മനുഷ്യർ എല്ലായിനം സിംഹാസനവാസികളുടെയും എക്കാലത്തേയും പേടിസ്വപ്നമായിരുന്നു. സാധാരണഗതിയിൽ, സ്വസ്ഥതയുണ്ടെങ്കിൽ മാത്രം സാദ്ധ്യമാവുന്ന ഒരു പ്രക്രിയയാണു് സ്വതന്ത്രചിന്ത. അതിനാലാണു് ഇരുമുടിക്കെട്ടോ, മരക്കുരിശോ, മാറാപ്പോ, കൊടികളോ, ബാനറുകളോ ഒക്കെയായി മനുഷ്യരെ പൊന്തിയോസിൽ നിന്നും പീലാത്തോസിലേക്കു് മാറിമാറി ഓടിച്ചുകൊണ്ടിരിക്കണമെന്നു് ദൈവങ്ങൾക്കു്/തമ്പ്രാക്കൾക്കു് ഇത്ര നിർബന്ധം. സ്വൈര്യം കൊടുത്താൽ വളരെ അപകടകാരിയായേക്കാവുന്ന ഒരു ജീവിയാണു് മനുഷ്യൻ എന്നവർക്കറിയാം.
മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയാൽ അവന്റെ ചിന്ത സ്വതന്ത്രമാവും. ചിന്ത സ്വതന്ത്രമായാൽ അവൻ തൂമ്പയെ തൂമ്പയെന്നും, കൊട്ടോടിയെ കൊട്ടോടിയെന്നും, അരിവാളിനെ അരിവാളെന്നും, അങ്ങനെ ഓരോന്നിനേയും പേരുപറഞ്ഞു് വിളിക്കാൻ തുടങ്ങും. യാഥാർത്ഥ്യങ്ങളെ ഭംഗിവാക്കുകൾ കൊണ്ടു് മൂടിവച്ചു്, അവയുടെ “സ്വത്വത്തെ”ത്തന്നെ എലിയനേയ്റ്റ് ചെയ്യുന്ന നാമമാത്രസ്വതന്ത്രചിന്തകരുടെ (മാർക്സിസ്റ്റ് സ്വതന്ത്രചിന്തകർ, മാവോയിസ്റ്റ് സ്വതന്ത്രചിന്തകർ, ഇസ്ലാമിസ്റ്റ് സ്വതന്ത്രചിന്തകർ തുടങ്ങിയ “ഓക്സിമൊറോൺ” ജനുസ്സുകൾ) രീതി സ്വതന്ത്രചിന്തകർക്കു് അജ്ഞാതമാണു്. അതുകൊണ്ടാണു് പരസ്പരം വെറുക്കുന്ന തൂമ്പകളും കൊട്ടോടികളും അരിവാളുകളും മറ്റിനം മാരകായുധങ്ങളും ഒറ്റക്കെട്ടായി, സംഘം ചേർന്നു്, അവരെ അവരുടെ പേരുചൊല്ലി വിളിച്ചതിന്റെ പേരിൽ സ്വതന്ത്രചിന്തകരെ വെറുക്കുന്നതു്. അതുകൊണ്ടാണു് സ്വതന്ത്രചിന്തകരോടു് ഏറ്റവും അടുത്തു് നിൽക്കുന്ന ഒരു വിഭാഗമെന്ന നിലയിൽ യുക്തിവാദികളുടെ നേരെ അവർ കല്ലെറിയുന്നതു്. എറിയുന്നതു് കല്ലുകൾ കൊണ്ടല്ല, ബൂമെറാങ്ങുകൾ കൊണ്ടാണു് എന്നു് അറിയാൻ കഴിയാത്തതു് അവരുടെ കഷ്ടകാലം. മറുവശം അറിയുക എന്നതിനേക്കാൾ, കൂട്ടത്തിൽ ഒഴുകുക എന്നതായിരുന്നല്ലോ എന്നാളും അവരുടെ ആദർശവും ശക്തിയും!
February 2016
Feb 1, 2016, 9:31 AM
ചത്തുചീഞ്ഞതിൽ നിന്നും നാറ്റമേ വരൂ. കുഴിച്ചു് മൂടുന്നതുവരെ അതിന്റെ ഓരോ അംഗങ്ങളും അംശങ്ങളും അസഹ്യമായ നാറ്റം വമിപ്പിച്ചുകൊണ്ടേയിരിക്കും. ചത്തതു് വിഷപ്പാമ്പായാലും ശരി, മാർക്സിസമായാലും ശരി. ഇവ തമ്മിൽ അത്ര ചെറുതല്ലാത്ത ഒരു വ്യത്യാസം ഇല്ലാതെയുമില്ല. ആദ്യത്തേതു്, ചത്തതിനു് ശേഷം സ്വന്തം ദ്രവിക്കലിനെപ്പറ്റി ഒരു ഗ്രാഹ്യവുമില്ലാതെ ചീഞ്ഞു് മണ്ണടിയുമ്പോൾ, അക്ഷരംകൊത്തലിൽ വൈദഗ്ദ്ധമുള്ള രണ്ടാമത്തേതു്, സ്വന്തം പ്യൂട്രിഫാക്ഷൻ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആ ചീയലിന്റെ അഴുക്കുകൾ മുഴുവനും എന്തു് വില കൊടുത്തും നാറ്റിക്കേണ്ടവരായ നിത്യശത്രുക്കളുടെ മുഖത്തേക്കു് വാരിയെറിഞ്ഞു് തീർത്തതിനു് ശേഷം മാത്രംമണ്ണടിയുന്നു.
ജനാധിപത്യപരമായ ഒരു ഇടതുപക്ഷം ലോകത്തിന്റെതന്നെ ഒരു അനിവാര്യതയാണു്. പക്ഷേ, അതു് മാർക്സിസം-ലെനിനിസം-മാവോയിസം മാതൃകയിലുള്ള ഒരു രാഷ്ട്രീയവ്യവസ്ഥിതിയാവാൻ കഴിയില്ല. കാരണം, പ്രോപഗാൻഡ കൊണ്ടു് പിടിച്ചുനിർത്തപ്പെടുന്ന ടോട്ടാലിറ്റേറിയനിസമല്ല ഡെമോക്രസിയും നിയമരാഷ്ട്രവും.
Feb 2, 2016, 10:52 AM
പണ്ടൊരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞതാണു്. പക്ഷേ, കൂടുതൽ ഇഴകളും കൂടുതൽ ചുറ്റുമുണ്ടെങ്കിൽ കെട്ടു് കൂടുതൽ മുറുകുമെന്നാണല്ലോ. പൂണൂലിനായാലും ഒറ്റ ഇഴ പോരെന്നല്ലേ പ്രമാണം?
ബൈബിൾ പ്രകാരം ലോകാരംഭത്തിൽ ആദാം എന്ന ഒരു പുരുഷനും ഹവ്വ എന്നൊരു സ്ത്രീയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ, മനുഷ്യവർഗ്ഗം ഈ രണ്ടുപേരുടെ മക്കളിൽ നിന്നും – തന്മൂലം നിഷിദ്ധസംഗമത്തിന്റെ (incest) ഫലമായി – രൂപമെടുത്തതാണെന്നു് വിശ്വസിക്കുന്നവരുണ്ടു്. അതു് ശരിയല്ല എന്നതിനു് ബൈബിളിൽ തന്നെ തെളിവുണ്ടു്. (ഉല്പത്തിപ്പുസ്തകത്തിലെ നാലാം അദ്ധ്യായത്തിലെ പതിനാറും പതിനേഴും വാക്യങ്ങൾ കാണുക). ഞങ്ങടെ ഗ്രന്ഥം പഠിച്ചിട്ടു് വിമർശിക്കൂ എന്നതു് എല്ലാ മതവിശ്വാസികളുടെയും സ്ഥിരം പല്ലവിയാണു്. ബൈബിൾ ശരിക്കു് പഠിക്കൂ, എന്നിട്ടു് വിമർശിക്കൂ എന്നു് ആഹ്വാനം ചെയ്യുന്നവർ എന്നെങ്കിലും ബൈബിൾ വായിക്കാൻ തുടങ്ങിയിട്ടെങ്കിലും ഉണ്ടായിരുന്നെങ്കിൽ, നാലാം അദ്ധ്യായം വായിക്കുന്നതിനു് മുൻപേ ആ വായന നിർത്തിയിട്ടില്ലെങ്കിൽ, അവർക്കു് ആദമിന്റെ കാലത്തു് മറ്റു് മനുഷ്യരും ലോകത്തിൽ ഉണ്ടായിരുന്നു എന്നു് കാണാൻ കഴിയേണ്ടതായിരുന്നു. പക്ഷേ, ഭക്തികൊണ്ടു് അടഞ്ഞ കണ്ണുകളുമായി വേദഗ്രന്ഥം തുറക്കുന്ന ഭക്തന്മാർക്കു് വേണ്ടതു് സത്യമെന്തെന്നു് അറിയലല്ല, അത്ഭുതങ്ങളുടെ കഥകളാണു്. ആ കഥകളാണെങ്കിൽ ചെറുപ്പത്തിലേ തന്നെ വീടും നാടും പള്ളിയും വഴി തലയിൽ തനിക്കുപോലും ഡിലീറ്റ് ചെയ്യാൻ പറ്റാത്തവിധം സേവ് ചെയ്തു് വച്ചിട്ടുള്ളവയുമാണു്. അതുകൊണ്ടു് ഒരു ഭക്തനു് ബൈബിൾ വായനയുടെ ആവശ്യമില്ലെന്നു് മാത്രമല്ല, ക്രിട്ടിക്കലായ ഒരു വായന ദൈവദോഷം വരുത്തിവയ്ക്കുകയും ചെയ്യും. ഏറിയാൽ ചെയ്യാവുന്നതു് കാണാതെ പഠിപ്പിച്ച അത്ഭുതകഥകളുടെ പാരായണം മാത്രം. അസാദ്ധ്യമായവ ദൈവം സാദ്ധ്യമാക്കിയതിന്റെ അത്ഭുതകഥകൾ പാടുന്നതിലേയും, കേൾക്കുന്നതിലേയും, വിശ്വസിക്കുന്നതിലേയും ആ ഒരു ത്രിൽ!
മനുഷ്യസൃഷ്ടിപ്പിന്റെ ഇവിടെ പ്രസക്തമായ കഥ ചുരുക്കത്തിൽ: ആദാമിനും ഹവ്വയ്ക്കും ആദ്യം ഉണ്ടായ രണ്ടു് മക്കളാണു് കയീനും ഹാബേലും. (ഹാബേലിന്റെ മരണശേഷം ശേത്ത് എന്നൊരു മകൻ കൂടി അവർക്കു് ജനിക്കുന്നുണ്ടു്). ഇളയ സഹോദരനായ ഹാബേലിനെ കൊന്നതിന്റെ പേരിൽ കയീനെ യഹോവയായ ദൈവം തന്റെ “തിരുസന്നിധിയിൽ” നിന്നും ആട്ടിപ്പുറത്താക്കി. നാടുവിടേണ്ടിവന്ന കയീൻ എദനു് കിഴക്കുള്ള നോദ് എന്ന സ്ഥലത്തുചെന്നു് പാർക്കുന്നു, ഒരു സ്ത്രീയെ സംഘടിപ്പിക്കുന്നു, അവളെ പരിഗ്രഹിക്കുന്നു, അവൾ ഒരു മകനെ പ്രസവിക്കുന്നു; സൃഷ്ടിയുടെ ഈ ചടങ്ങുകൾ നടക്കുന്നതിനിടയിൽത്തന്നെ കയീൻ ഒരു പട്ടണം പണിയുകയും, പട്ടണത്തിനു് മകന്റെ പേരായ ഹാനോക്ക് എന്നു് പേരിടുകയും ചെയ്യുന്നു. സർവ്വം ശുഭം.
അവശേഷിക്കുന്ന ചില ചോദ്യങ്ങൾ: ആദ്യത്തെ മനുഷ്യനായ ആദാമിനെ സൃഷ്ടിക്കാനായി യഹോവ മണ്ണു് കുഴച്ചുകൊണ്ടിരുന്നപ്പോൾ നോദ് എന്ന ദേശത്തു് മക്കളെ ജനിപ്പിച്ചുകൊണ്ടിരുന്ന മനുഷ്യവർഗ്ഗം ഏതായിരുന്നു? ഏതു് ഡിങ്കനായിരുന്നു അവരെ സൃഷ്ടിച്ചതു്? ആദാമിന്റെ മൂത്തമകന്റെ ഭാര്യയാവാൻ മാത്രം പ്രായമുള്ള പെണ്മക്കൾ അവർക്കുണ്ടായിരുന്നു എങ്കിൽ അവർ യഹോവയുടെ മനുഷ്യസൃഷ്ടിക്കും മുൻപോ, ചുരുങ്ങിയപക്ഷം അതിനോടൊപ്പമെങ്കിലുമോ “മനുഷ്യരെ സൃഷ്ടിക്കൽ” തുടങ്ങിയിരുന്നു എന്നുവേണ്ടേ കരുതാൻ?
നോദ് എന്ന ദേശത്തു് കയീൻ പണിയുന്നതു് ഹാനോക്ക് എന്ന ഒരു “പട്ടണം” ആണു്! സ്വന്തം കുടുംബാംഗങ്ങളായ നാലോ അഞ്ചോ അതിൽ കൂടുതലോ പേർക്കു് വസിക്കാൻ ഏറിയാൽ ഒരു വീടല്ലാതെ, ഒരു പട്ടണംതന്നെ പണിയാൻ കയീൻ തീരുമാനിച്ചതു് എന്തിനായിരിക്കും? അതോ അക്കാലത്തെ നോദുകാർ വീടിനു് നൽകിയിരുന്ന പേരു് “പട്ടണം” എന്നായിരുന്നോ?
ergo: ഒരു ദൈവവും ഒരു മനുഷ്യനേയും സൃഷ്ടിച്ചിട്ടില്ല. ആദിമനുഷ്യനായ ആദാമിന്റെ സൃഷ്ടി എന്നതു് ബൈബിളിലെ ഒരു നുണക്കഥ മാത്രം. ബൈബിളിൽ ആദാമിന്റേതെന്നു് പറയുന്ന കാലഘട്ടത്തിൽ മറ്റു് നാടുകളും പട്ടണങ്ങളും മനുഷ്യരും ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതാണു് വാസ്തവം. കയീനെ നോദിൽ എത്തിക്കുകയും കല്യാണം കഴിപ്പിക്കുകയും ചെയ്തതുവഴി ബൈബിൾ എഴുതിയവർക്കു് മറച്ചുപിടിക്കാനോ നിഷേധിക്കാനോ കഴിയാതായിത്തീർന്ന ഒരു സത്യം.
മലയാളം മാധ്യമങ്ങളെ മാതൃകയാക്കി, ബൈബിളിൽ നിന്നും ചോർത്തിയ ഈ “രഹസ്യറിപ്പോർട്ടിന്റെ” പൂർണ്ണരൂപം വേണമെന്നുള്ളവർക്കു് ഉല്പത്തിപ്പുസ്തകത്തിലെ നാലാം അദ്ധ്യായം വായിക്കാം. ആകെ 26 വാക്യങ്ങൾ മാത്രമേയുള്ളു.
Feb 2, 2016, 2:53 PM
തിരുവനന്തപുരത്തു് ഇന്നലെ ഒരു പയ്യനെ മറ്റു് ചില പയ്യന്മാർ തല്ലിക്കൊന്നു എന്നും ചാനലുകൾക്കു് അതൊരു ചാകര ആയിരുന്നു എന്നും സോഷ്യൽ മീഡിയ വഴി അറിഞ്ഞു. ഇത്തരം സെൻസേഷണൽ ന്യൂസുകളുടെ തൽസമയപ്രക്ഷേപണമോ താമസിച്ചപ്രക്ഷേപണമോ കാണാൻ ഞാൻ ഒട്ടും ബദ്ധപ്പെടാറില്ല. എനിക്കു് എല്ലാം തികഞ്ഞ ഒരു കൊലപാതകസീൻ കാണണമെന്നു് തോന്നുമ്പോൾ ഞാൻ ഏതെങ്കിലും മലയാളം സിൽമ കാണാറാണു് പതിവു്. മല്ലു സിൽമകളിൽ സൂപ്പർ സ്റ്റാറുകൾ മെഷീൻ ഗണ്ണുകളുമായി ടപടപടപേന്നു് വെടി വയ്ക്കുമ്പോൾ വെടിയേൽക്കുന്നവന്റെ ശരീരത്തിൽ നിന്നും ഫൗണ്ടനിൽ നിന്നെന്നപോലെ രക്തമൊഴുകി അവൻ പിടഞ്ഞു് വീണു് ചാവുന്ന ആ രംഗങ്ങൾ! ഹായ്, എന്താ ഒരു രസം! നിങ്ങൾക്കറിയാം. വൈകുന്നേരങ്ങളിൽ അമ്മ-മുത്തശിമാരെല്ലാം കുളിച്ചൊരുങ്ങി, കുശവൻ പുത്തൻകലങ്ങളുടെ പുറത്തു് വരയ്ക്കുന്നപോലത്തെ ഭസ്മക്കുറിയൊക്കെ തൊട്ടു് മക്കളേയും പേരക്കിടാങ്ങളേയും മടിയിലിരുത്തി കണ്ടു് രസിക്കുന്നതരം മലയാളം സിൽമകൾ! ധാരാളം ദൃഷ്ടാന്തങ്ങളുള്ള അത്തരം സിൽമകൾ കാണാനാണു് എനിക്കു് ഏറ്റവും ഇഷ്ടം. അതിൽനിന്നൊക്കെ മനുഷ്യർക്കു് പലതും പഠിക്കാനാവുമെന്നതാണു് കാര്യം.
പണ്ടത്തെ മലയാള സിൽമകളിൽ AK-47 ഉപയോഗിച്ചുള്ള വെടിയ്ക്കു് ഇന്നത്തെ അത്ര പ്രചാരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. പഴയ സിൽമകളിൽ നല്ല ഒന്നാംതരം ബലാൽസംഗസീനുകളൊക്കെ ഉണ്ടാവുമായിരുന്നു. വില്ലൻ നായികയെ വട്ടമിട്ടു് പിടിക്കാൻ ശ്രമിക്കുമ്പോൾ, ചില ഹൈ പിച്ച് ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടു് നായിക കുതറി മാറാൻ ശ്രമിക്കും. രണ്ടുപേരും നന്നേ ക്ഷീണിക്കുന്നതുവരെ ആവർത്തിക്കപ്പെടുന്ന ഈ അനുഷ്ഠാനമാണു് സിൽമയിലെ ബലാൽസംഗം. ഇന്നത്തെ സിൽമകളിലും ബലാൽസംഗസീനുകൾ ഉണ്ടെങ്കിലും പഴയതിന്റെ അത്ര ഒരു ഗുമ്മില്ല. അതിലും നല്ല ബലാൽസംഗങ്ങൾ ഇന്നു് ബസിലും ട്രെയിനിലുമൊക്കെ നടക്കുന്നുണ്ടു്. അതോടെ സിൽമാസീനുകൾ തോറ്റു് തുന്നം പാടി; ഇൻഡ്യൻ റിയൽ ലൈഫ് സീനുകൾ ജയിച്ചു് പതാക ഉയർത്തി. അതിനു് മുൻപു് നായികമാരുടെ കുളിസീനിനായിരുന്നു ഡിമാൻഡ്. തൊലി പോകുന്നതുവരെ നായിക കാലിന്റെ മുട്ടുമുതൽ പാദം വരെ സോപ്പിട്ടു് ഉരുമ്മിക്കൊണ്ടിരിക്കുന്ന ചടങ്ങാണു് കുളിസീൻ. താഴെ ഇരുന്നു് നോക്കിയാൽ കൂടുതൽ കാണാനാവുമെന്ന ധാരണയിൽ പ്രേക്ഷകർ തറട്ടിക്കറ്റെടുത്തു് വെള്ളിത്തിരയുടെ ചോട്ടിൽ പോയി മേലോട്ടു് നോക്കി ഇരുന്നിരുന്ന സുവർണ്ണകാലം. മലയാളികളെ ഇന്നത്തെ രീതിയിൽ പ്രബുദ്ധരാക്കി മാറ്റിയതിൽ ഈവിധ സിൽമാറിച്ച്വലുകൾ വഹിച്ച പങ്കു് പറഞ്ഞറിയിക്കാവുന്നതല്ല.
കൊല ചെയ്യാനും ബലാൽസംഗം ചെയ്യാനും അന്യന്റെ കുളിമുറികളിലേക്കു് ഒളിഞ്ഞുനോക്കാനുമെല്ലാം മനുഷ്യനു് സ്വാഭാവികമായ ഒരു മടിയുണ്ടു്, ഒരുതരം “സ്വയംനിരോധനം”. ഇപ്പറഞ്ഞ കൃത്യങ്ങൾ പതിവായി കാണുന്നതിലൂടെ ആ നിരോധനമതിലിന്റെ ഉയരം കുറഞ്ഞുകുറഞ്ഞു് വരികയും അതിനെ മറികടക്കാൻ മനുഷ്യനു് മടിയില്ലാതാവുകയും ചെയ്യും. മനുഷ്യന്റെ ബൗദ്ധികനിലവാരം എത്ര കുറഞ്ഞിരിക്കുന്നുവോ അത്ര കൂടുതലായിരിക്കും നിരുപദ്രവകരമായ കാര്യങ്ങളെപ്പോലും തെറ്റായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അതിനോടു് അതിവൈകാരികമായി പ്രതികരിക്കാനുമുള്ള അവന്റെ പ്രവണത. പ്രൊഫസ്സർ ഡിങ്കൻ എന്ന ഒരു സിനിമയുടെ പേരിൽ കുറെ ഡിങ്കന്മാർ ദിലീപിന്റെ ചായക്കടയിലേക്കു് നടത്തിയ “പ്രതിഷേധപ്രകടനത്തിനോടു്” ചില ഓൺലൈൻ സത്യമതവിശ്വാസികൾ പ്രതികരിച്ച രീതി കണ്ടവർക്കു് ഇക്കാര്യം മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
Feb 4, 2016, 12:42 PM
ഭക്തരായ മനുഷ്യർ അവരവരുടെ ദൈവങ്ങളെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും സ്തുതിക്കും, ഉച്ചഭാഷിണികളിലൂടെ രാപകലില്ലാതെ പാടിപ്പുകഴ്ത്തും. അതു് സ്വാഭാവികമാണു്. യഹോവയായ ദൈവത്തെ യഹൂദരും ക്രിസ്ത്യാനികളും “തപ്പുകളാലും ചതുരത്തപ്പുകളാലും” പാടിപ്പുകഴ്ത്തുന്നപോലെ, ഹിന്ദുക്കൾ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരേയും, മുപ്പത്തിമുക്കോടിയിൽ അവശേഷിക്കുന്ന മറ്റു് ദൈവങ്ങളേയും ഗീതങ്ങളും ഗാഥകളും തംബുരുവും കൊണ്ടു് വാഴ്ത്തുന്നപോലെ, മുസ്ലീങ്ങൾ അവരുടെ ദൈവത്തെ, കഷായം സേവിക്കുന്നതുപോലെ, ദിനംപ്രതി അഞ്ചുനേരമോ, വേണ്ടിവന്നാൽ അതിൽ കൂടുതലോ പ്രാവശ്യം “അല്ലാഹു അക്ബർ” എന്നു് ആവർത്തിച്ചു് പറഞ്ഞു് അങ്ങേർ വലിയവൻതന്നെയെന്നു് ഉറപ്പു് വരുത്തുന്നപോലെ, മാർക്സിസ്റ്റുകൾ അവരുടെ ദൈവമായ മാർക്സ് പഠിപ്പിച്ച വിപ്ലവസൂക്തങ്ങളെ ആറ്റിക്കുറുക്കി “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നാക്കി തൊണ്ടപൊട്ടെ വിളിച്ചുകൊണ്ടു് തെരുവുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നപോലെ, ഡിങ്കോയിസ്റ്റുകളും അവരുടെ ദൈവമായ ഡിങ്കഭഗവാനു് ചെംജെട്ടിഗാനങ്ങളോടെയും പച്ചക്കപ്പപ്പാട്ടുകളോടെയും സ്തുതിയും സ്തോത്രവും അർപ്പിച്ചുകൊണ്ടിരിക്കും. ഭക്തിയുടെ ലോകത്തിൽ നിത്യസാധാരണമായ ഒരു പ്രതിഭാസമാണതു്.
ദൈവം ഉള്ളിടത്തു് ഭക്തിയുണ്ടു്. ഭക്തി ഉള്ളിടത്തു് ദൈവം ഇല്ലാതിരിക്കില്ല. ഇല്ലെങ്കിൽ മനുഷ്യർ പുതിയൊരു ദൈവത്തെ സൃഷ്ടിക്കും. കാരണം, ഭക്തി ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു കൂട്ടമാണു് മനുഷ്യർ. ദൈവത്തിന്റെ കല്പനകൾ വാങ്ങാൻ മലയിലേക്കു് പോയ മോശെ തിരിച്ചു് വരാൻ താമസിച്ചപ്പോൾ “ഭക്തിക്കാൻ” മുട്ടിയ യഹൂദരും സ്വർണ്ണം കൊണ്ടു് ഒരു കാളക്കുട്ടി ദൈവത്തെ ഉണ്ടാക്കി പാട്ടു് പാടുകയും പ്രാർത്ഥിക്കുകയും ചെയ്തു എന്ന “ചരിത്രസത്യം” നമ്മൾ മറക്കരുതു്.
ഡിങ്കോയിസ്റ്റുകൾ ഹൃദയപൂർവ്വം ആലപിക്കുന്ന ഭക്തിഗീതങ്ങൾ അന്യവിശ്വാസികൾക്കു് അരോചകമാണു്, അവരെ അതു് ബോറടിപ്പിക്കുന്നു എന്നൊക്കെയാണു് അസഹിഷ്ണുക്കളുടെ പരാതി! ചരിത്രബോധമില്ലായ്മയല്ലാതെ മറ്റെന്താണതു്? ഡിങ്കമതമൊഴികെ മറ്റൊരു മതവും ഇന്നുവരെ അന്യമതങ്ങളെ സഹിഷ്ണുതയോടെ കണ്ടിട്ടില്ല. ഡിങ്കമതം ശാസ്ത്രജ്ഞരെയോ, മന്ത്രവാദിനികളെന്നു് മുദ്രകുത്തി സ്ത്രീകളെയോ ചുട്ടെരിച്ചിട്ടില്ല, വിധവകളോടു് ഭർത്താവിന്റെ ചിതയിൽ ചാടി ചാവാൻ കല്പിച്ചിട്ടില്ല, അന്യവിശ്വാസികളെ കണ്ടിടത്തു് വച്ചുതന്നെ കഴുത്തറക്കാൻ ആഹ്വാനം ചെയ്തിട്ടില്ല, ആരെയും ഗ്യാസ് ചേമ്പറിൽ അടച്ചു് കൊന്നിട്ടില്ല, ഡിങ്കോയിസത്തിൽ നിന്നും അന്യമായ ആദർശങ്ങൾ പിൻതുടരുന്നവരുടെ വംശനാശം വരുത്തണം എന്നു് പറഞ്ഞിട്ടില്ല. ഇതൊക്കെ ചെയ്തിട്ടുള്ളവർക്കു്, ഇപ്പോഴും ചെയ്യുന്നവർക്കു് ഡിങ്കമതത്തെ കുറ്റം വിധിക്കാൻ എന്തവകാശം?
പറഞ്ഞതുതന്നെ രണ്ടായിരം വർഷമായി പറയുന്ന ക്രിസ്തുമതം, അതിനും മുന്നേ തുടങ്ങിയ ചവയ്ക്കൽ ഇന്നും തുടരുന്ന ഹിന്ദുയിസവും ബുദ്ധിസവും യൂദായിസവും, ആയിരത്തിനാനൂറു് വർഷങ്ങളായി “അല്ലാഹു അക്ബർ” എന്നു് ഒരു മടുപ്പുമില്ലാതെ ആവർത്തിക്കുന്ന ഇസ്ലാം, നൂറ്റമ്പതു് വർഷമായി “നല്ല നാളെ, നല്ല നാളെ” എന്നു് മുടങ്ങാതെ ഉരുവിടുന്ന മാർക്സിസം … ഇവയൊന്നും ചർവ്വിതചർവ്വണം അല്ലെന്നുണ്ടോ? ഡിങ്കമതം ബോറടിപ്പിക്കുന്നത്രെ! സോഷ്യൽ മീഡിയ തുറന്നാൽ ച്യൂവിങ് ഗം ചവയ്ക്കുന്നപോലെ, ചാണ്ടി -സരിത, ചാണ്ടി – സരിത എന്നു് ചവയ്ക്കുന്നതിന്റെ അപസ്വരങ്ങൾ അനുഭവിക്കേണ്ടി വരുന്നത്ര അരോചകതയോ, പള്ളി-ക്ഷേത്രാദികളിലെ ഉച്ചഭാഷിണികൾ മുറുക്കിത്തുപ്പുന്നത്ര ബോറടിയോ, ശബ്ദമലിനീകരണമോ ഡിങ്കഭക്തരുടെ ശത-സഹസ്രനാമജപം വഴി ഉണ്ടാവുന്നതെങ്ങനെ എന്നു് മനസ്സിലാകുന്നില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ അതിനു് അനലോഗും ഡിജിറ്റലുമായ പല പരിഹാരങ്ങളുമുണ്ടു്. ആർക്കും പരസഹായമില്ലാതെ ചെയ്യാവുന്ന സമസ്താപരാധപരിഹാരബലികൾ. എന്നിട്ടും അവയൊന്നും ചെയ്യാതെ ജനകോടികൾ ഡിങ്കമതത്തിനു് ചെവി കൊടുക്കുന്നുവെങ്കിൽ, നിത്യജീവൻ ഡിങ്കനിലൂടെ മാത്രം എന്നേ അതിനു് അർത്ഥം നൽകേണ്ടതുള്ളു.
മനുഷ്യവർഗ്ഗം പട്ടിണി കിടന്നു് നശിച്ചുപോകാതെ നിത്യജീവൻ പ്രാപിച്ചു് രക്ഷപെടേണ്ടതിനായി തന്റെ ഏകസമ്പാദ്യമായ പച്ചക്കപ്പയെവരെ മനുഷ്യർക്കു് ഇറക്കിക്കൊടുക്കാൻ മാത്രം ഡിങ്കൻ ലോകത്തെ സ്നേഹിച്ചു.
Feb 5, 2016, 10:30 AM
സിക്ക വൈറസിനെ പ്രതിരോധിക്കാൻ പറ്റിയ രണ്ടിനം വാക്സിനുകൾ കണ്ടെത്തിയെന്നു് ഭാരതീയ ശാസ്ത്രജ്ഞർ. വൈറസിനു് കാരണമെന്നു് കരുതുന്ന കൊതുകുവർഗ്ഗത്തെ കണ്ടുപിടിക്കാനുള്ള ശ്രമം പണ്ടേതന്നെ തുടങ്ങിയിരുന്നു എന്നും, ആ ശ്രമം ഒരുവർഷം മുൻപു് വിജയിച്ചിരുന്നു എന്നും അവർ വെളിപ്പെടുത്തി. അഞ്ചു് വർഷത്തിനുള്ളിൽ മൃഗങ്ങളിൽ ഈ വാക്സിൻ പരീക്ഷിക്കും. പരീക്ഷണം വിജയിച്ചാൽ അടുത്ത പഞ്ചവത്സരപദ്ധതിയിൽ ഉൾപ്പെടുത്തി മനുഷ്യരിൽ പരീക്ഷിക്കും. പത്തു് വർഷങ്ങൾക്കുള്ളിൽ സിക്ക വൈറസിനെ പ്രതിരോധിക്കാൻ പറ്റിയ ഒരു വാക്സിൻ കണ്ടെത്താൻ അന്യരാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കു് കഴിഞ്ഞാലോ എന്ന ചോദ്യത്തിനു് ആ സാദ്ധ്യത എങ്ങനെ ഭാരതീയശാസ്ത്രജ്ഞർക്കു് അനുകൂലമായി മാറ്റിയെടുക്കാൻ കഴിയുമെന്ന കാര്യം അപ്പോൾ ചിന്തിക്കും എന്നായിരുന്നു മറുപടി. പരീക്ഷണങ്ങൾക്കും വട്ടച്ചിലവിനും വേണ്ടത്ര പണം താമസിയാതെ ഗവണ്മെന്റിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.
അഖണ്ഡഭാരതത്തിലെ ജാതീയപ്രശ്നങ്ങൾ പരിഗണിച്ചു് ആദ്യം മനുഷ്യരിലും പിന്നീടു് മൃഗങ്ങളിലും പരീക്ഷണം നടത്തുന്ന കാര്യവും ആലോചനയിലുണ്ടത്രെ! ഒരു സ്വാമിനഗ്നന്റെ ചോദ്യത്തിനു് മറുപടിയായി, പശുക്കളിലോ, ദൈവവാഹനങ്ങളായ മൃഗങ്ങളിലോ പരീക്ഷണം നടത്തുകയില്ലെന്നു് അവർ ഉറപ്പുനൽകി. എലികളിൽ പരീക്ഷണം നടത്തുകയില്ല എന്ന അറിയിപ്പു് ഹർഷാരവത്തോടെയാണു് ഡിങ്കോയിസ്റ്റുകൾ സ്വീകരിച്ചതു്. “മൂഷികരെ” ഒഴിവാക്കിയതിൽ കേരളത്തിലെ രാഷ്ട്രീയനേതാക്കളും ഹൃദയഭേദകമായ നന്ദി രേഖപ്പെടുത്തി. സ്വ. ലേ.
Feb 5, 2016, 11:39 AM
നിയമരാഷ്ട്രം (constitutional state) പരാജയപ്പെടുന്നിടത്തു് സാമ്പത്തികമോ, രാഷ്ട്രീയമോ, മതപരമോ, ഇവയെല്ലാം ചേർന്നതോ ആയ മഫിയോസികൾ മേൽക്കോയ്മ സ്ഥാപിക്കും. അതുപോലൊരു സാഹചര്യത്തിലേക്കാണു് കേരളം/ഭാരതം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നതു്.
Feb 5, 2016, 1:22 PM
“നിയമസഭയിൽ ഗവർണ്ണർ നയം പ്രഖ്യാപിച്ചു് പ്രസംഗിച്ചു.” – വാർത്ത
“നയവഞ്ചകരോടു് നയം പ്രഖ്യാപിച്ചിട്ടു് എന്തു് കാര്യം?” – ജനം
Feb 7, 2016, 7:23 AM
“നിശ്ചിതകാലത്തേക്കു് മരണം വരെയും സമരം ചെയ്യും”.
(730 ദിവസം മുൻപത്തെ ഒരു പോസ്റ്റ്)
Feb 8, 2016, 12:37 PM
ഇടതു്- വലതു് തിരഞ്ഞെടുപ്പു് യുഗ്മഗാനം/സമൂഹഗാനം
കട്ടു കട്ടില്ല, കട്ടു കട്ടില്ല
കട്ടവരുണ്ടോ മാളോരേ?
തിരഞ്ഞെടുപ്പു് അടുക്കുമ്പോൾ ജനങ്ങളെ പാട്ടിലാക്കാൻ ശ്രമിക്കേണ്ടതു് രാഷ്ട്രീയപ്പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും നിലനില്പിന്റെ പ്രശ്നമാണു്. എലക്ഷൻ ജയിക്കാൻ ആവശ്യമായതും, അതിനുശേഷം കാര്യമായ ഉപയോഗമൊന്നും ഇല്ലാത്തതുമായ ഒരു അനിവാര്യതിന്മയാണു് രാഷ്ട്രീയപ്പാർട്ടികളുടെ ദൃഷ്ടിയിൽ ജനം. പാലം കടക്കുവോളം നാരായണനാരായണ ചൊല്ലി തൃപ്തിപ്പെടുത്തേണ്ടവർ! എല്ലാം ദൈവനിശ്ചയമാണെന്നു് വിശ്വസിക്കുന്ന സമൂഹങ്ങളിൽ, ജനാധിപത്യവും ഒരുതരം ദൈവനിശ്ചയമാണെന്നും, കുറേ ജനാബുകളെയും ശ്രീ ശ്രീ കളെയും ജീ ജീ കളെയും പിടലിയിലേറ്റി ചുമക്കുന്നതാണു് സംഭവമെന്നും ജനങ്ങൾക്കുമറിയാം. മറ്റൊരുതരം ജനാധിപത്യം അവർക്കു് അജ്ഞാതമാണു്. പൊതുജനം കഴുതയാണെന്നു് പൊതുജനത്തിനുതന്നെ ഉറപ്പുള്ള അവസ്ഥ! പക്ഷേ, യഥാർത്ഥ കഴുതകൾ ഇതു് സമ്മതിക്കാറില്ല. അവരുടെ കാഴ്ചപ്പാടിൽ, പൊതുജനം എന്നതു് എല്ലായ്പോഴും കഴുതകളല്ല. ചിലപ്പോഴൊക്കെ അവർ പാമ്പാട്ടിയുടെ കൊട്ടയിലെ പാമ്പോ, പാപ്പാന്റെ മുന്നിലെ ആനയോ, യജമാനന്റെ മുന്നിലെ പട്ടിയോ, കുരങ്ങുകളിക്കാരന്റെ കയറിൻ തുമ്പത്തെ കുരങ്ങോ ഒക്കെയുമാണു്. നാനാത്വത്തിൽ ഏകത്വം എന്നല്ല, ഏകത്വമില്ലാത്ത നാനാത്വം എന്നതാണു് കഴുതകളുടെ ലോകദർശനം. ലോകത്തെ ദ്വൈതത്തിലേക്കോ അദ്വൈതത്തിലേക്കോ ചുരുക്കാൻ അവ ഇഷ്ടപ്പെടുന്നില്ല.
ജനങ്ങളെ വശത്താക്കാൻ രാഷ്ട്രീയക്കാർക്കു് പല വഴികളുമുണ്ടു്. എല്ലാ വഴികളുടെയും കേന്ദ്രബിന്ദു ഇത്രമാത്രമായിരിക്കും: സമൂഹത്തെ അലട്ടുന്ന ഓരോ പ്രശ്നങ്ങളേയും പരിഹരിക്കാൻ ഏതേതുതരം മുയലുകളെയാണു് ഞങ്ങൾ തൊപ്പിയിൽ നിന്നും പുറത്തെടുക്കാൻ പോകുന്നതെന്നും, ഭരണപക്ഷത്തിന്റെ മുയലുകൾക്കു് എന്തുകൊണ്ടു് ഇതുവരെ അതു് സാധിച്ചില്ലെന്നും പാമ്പാട്ടിയുടെ കുഴലൂത്തുപോലെ ജനങ്ങളോടു് ഓതിക്കൊണ്ടിരിക്കുക! മനുഷ്യർ ഇവിടെ നിസ്സഹായരാണു്. കാരണം, കണ്ണുകളെ അടയ്ക്കാൻ കഴിയുന്നപോലെ ചെവികളെ അടയ്ക്കാൻ മനുഷ്യർക്കു് കഴിയില്ല. അതുകൊണ്ടുതന്നെ സെൽഫികളെ കണ്ണടച്ചുപിടിച്ചു് ഒഴിവാക്കാൻ കഴിയുന്നതുപോലെ ശബ്ദമലിനീകരണത്തെ ചെവിയടച്ചുപിടിച്ചു് ഒഴിവാക്കാൻ മനുഷ്യർക്കു് ആവില്ല. സാധാരണഗതിയിൽ അതൊരു ഗുരുതരമായ പ്രശ്നമാണെങ്കിലും, ഉച്ചഭാഷിണികളിലൂടെയുള്ള പള്ളിപ്പാട്ടുകളും അമ്പലപ്പാട്ടുകളും വാങ്കുവിളികളും കേട്ടുകേട്ടു് ചെവിക്കല്ലു് കരിങ്കല്ലായി മാറിയതിനാലാവാം എത്ര ഉച്ചത്തിൽ കാറിയാലും അതു് കേൾക്കുന്നതായിപ്പോലും ഭാവിക്കാതെ ആത്മധ്യാനത്തിൽ മുഴുകാൻ മലയാളികൾക്കു് കഴിയും.
യൂറോപ്പിലേയും അമേരിക്കയിലേയുമൊക്കെ തിരഞ്ഞെടുപ്പു് കാഹളങ്ങൾ ശ്രദ്ധിച്ചാൽ ആ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ഏകദേശരൂപം ലഭിക്കും. മറ്റു് സമൂഹങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒരു സമൂഹത്തേയും അവിടത്തെ ജനങ്ങളുടെ സാംസ്കാരിക നിലവാരത്തേയും, ജനം നേരിടുന്ന പ്രശ്നങ്ങളേയും ഒറ്റ ഫോക്കസിലായി കാണാനുള്ള ഒരവസരമാണു് തിരഞ്ഞെടുപ്പു് പ്രചരണമഹാമഹങ്ങൾ നൽകുന്നതു്. അഴിമതിയുടെയും മോഷണത്തിന്റെയും സത്യാവസ്ഥകൾ പരിശോധിക്കാനുള്ള തിരക്കു് മൂലം മറ്റു് പ്രശ്നങ്ങൾ കാണാനോ കേൾക്കാനോ പഠിക്കാനോ സമയമില്ലാത്ത സമൂഹങ്ങളിൽ ഈ ഫോക്കസ് “കട്ടു-കട്ടില്ല” എന്ന ദ്വന്ദ്വത്തിലേക്കു് ചുരുങ്ങുന്നതിന്റെ കാരണം മറ്റൊന്നല്ല.
“തൊട്ടു തൊട്ടില്ല, തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ; മൊട്ടുവിരിയുമ്പോൾ മുത്തുകൊഴിയുമ്പോൾ മുത്തായ മുത്തൊക്കെ ഞാനെടുക്കും” എന്നൊരു സിൽമാപ്പാട്ടുണ്ടു്. അതുപോലെ, ജയിക്കുന്നവർക്കു് ആവോളം മുത്തുകൾ യഥേഷ്ടം തിരഞ്ഞെടുക്കാനാണു് ഭാരതത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തപ്പെടുന്നതു്. മുത്തുകൾ വിരിയണം കൊഴിയണം തുടങ്ങിയ ആഡംബരങ്ങളൊന്നും ഭാരതീയനെ ബാധിക്കുന്ന കാര്യങ്ങളല്ല. കൊഴിയാത്തതിനെ കുലുക്കി താഴെ വീഴിക്കും, പഴുക്കാത്തതിനെ ഞെക്കി പഴുപ്പിക്കും, എന്നിട്ടും പഴുക്കാത്തതിനെ പച്ചക്കു് തിന്നും – അതാണു് ഭാരതീയൻ! കല, സാഹിത്യം, സംഗീതം, ഫാഷൻ തുടങ്ങിയ മിക്കവാറും എല്ലാ സാംസ്കാരിക പ്രതിഭാസങ്ങളും സിൽമയിലൂടെ നിശ്ചയിക്കപ്പെടുന്ന ഭാരതീയസമൂഹത്തിൽ അതിന്റെ സ്വാധീനം തിരഞ്ഞെടുപ്പുകളിലും “കട്ടു-കട്ടില്ല” എന്ന രീതിയിൽ പ്രതിഫലിക്കുന്നതു് സ്വാഭാവികം.
അധികം സിൽമകളും തിന്മയും നന്മയും തമ്മിലുള്ള പോരാട്ടവും, നന്മയുടെ അന്തിമവിജയവും പ്രദർശിപ്പിക്കുന്നവയാണെങ്കിലും, എന്തുകൊണ്ടു് ഭാരതത്തിൽ തിന്മ പെരുകുകയും, നന്മക്കു് പലപ്പോഴും ആത്മഹത്യ ചെയ്യേണ്ടിവരികയും ചെയ്യുന്നു എന്ന ചോദ്യത്തിനു്, മനുഷ്യരുടെ കൂട്ടമാണു് സമൂഹം എന്നേ മറുപടിയുള്ളു. എന്തു് കണ്ടാലും, എന്തു് കേട്ടാലും, അവയിൽ നിന്നും തനിക്കു് വേണ്ടതു് മാത്രമേ മനുഷ്യൻ സ്വീകരിക്കൂ. നന്മ-തിന്മാസിൽമകൾ കാണുന്ന മനുഷ്യർക്കു് വേണ്ടതു് തിന്മ ആയതുകൊണ്ടു് അവർ അതു് തിരഞ്ഞെടുക്കുന്നു. നന്മ ഉപേക്ഷിക്കപ്പെടുന്നു. ഭാരതം ഋഷികളുടേതായതുകൊണ്ടു് അവിടത്തെ സ്ഥിതി മറ്റൊന്നായിരിക്കണം എന്നു് പിടിവാശി പിടിച്ചിട്ടു് കാര്യമൊന്നുമില്ല. കാരണം, ഋഷികളും ഒട്ടും മോശമല്ല. അവരും തികഞ്ഞ വേന്തരന്മാരാണു്.
Feb 9, 2016, 9:15 AM
ഒരു ജനാധിപത്യസമൂഹത്തിൽ ജനങ്ങളുടെ അവകാശമാണു് അഭിപ്രായസ്വാതന്ത്ര്യം. ആ വാക്കു് സൂചിപ്പിക്കുന്നതുപോലെതന്നെ, അതൊരു അഭിപ്രായനിർബന്ധമല്ല, അഭിപ്രായസ്വാതന്ത്ര്യമാണു്. (തനിക്കു് അറിയാവുന്ന കാര്യങ്ങളിൽ) അഭിപ്രായം പറയാൻ പൌരസമൂഹത്തിനു് നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യവും, അവകാശവും.
അഴകുള്ള മൂക്കിനും മുഖത്തിനും മൂക്കുത്തി ഒരു അലങ്കാരമാണു്. മനുഷ്യരുടെ (അധികപങ്കും സ്ത്രീകളുടെ) മൂക്കിനെ അലങ്കരിക്കാനാണു് – പന്നിമൂക്കുകളെ മോടി പിടിപ്പിക്കാനല്ല – മൂക്കുത്തികൾ നിർമ്മിക്കപ്പെടുന്നതു്.
അഴകിന്റെ കാര്യത്തിൽ സ്വന്തം മൂക്കും മുഖവും മറ്റാരുടേതിൽ നിന്നും ഒട്ടും പിന്നിലല്ല എന്നാണു് ഏതു് പന്നിയും കരുതുന്നതു്. അതൊരു സെൽഫ് പ്രിസർവേഷൻ ഇൻസ്റ്റിങ്ക്റ്റിന്റെ ഭാഗമായതിനാൽ അങ്ങനെ കരുതാതിരിക്കാൻ ഒരു പന്നിക്കും കഴിയുകയുമില്ല. അങ്ങനെ കരുതാനും ഏതിനം മൂക്കുത്തിയും അണിയാനുമുള്ള സ്വാതന്ത്ര്യം പന്നികൾക്കുണ്ടുതാനും. പക്ഷേ, അതൊരു നിർബന്ധമായി പന്നികൾ കരുതുന്നതു് കഷ്ടമാണു്. മൂക്കുത്തിയിട്ട മൂക്കുകൊണ്ടു് ചേറു് ഉഴുതു് മറിച്ചാൽ മൂക്കുത്തി എന്തു് കരുതും, “നാട്ടുകാർ എന്തു് കരുതും” എന്നെങ്കിലും ചിന്തിക്കണ്ടേ?
Feb 10, 2016, 11:49 AM
ഫെയ്സ്ബുക്ക് സ്റ്റ്റീമിൽ വന്നുകിട്ടിയതു്:
“ആരും മതഗ്രന്ഥങ്ങള്‍ പഠിച്ചിട്ടല്ല ജന്മനാ തന്നെ മത വിശ്വാസി ആകുകയാണ്.മത ഗ്രന്ഥങ്ങളെ കണ്ണുംപൂട്ടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. മതവിമര്‍ശകര്‍ പക്ഷെ ഗ്രന്ഥംപഠിച്ചു അതിനെ ആണ് വിമര്‍ശിക്കുന്നത്.ആളുകള്‍കേള്‍ക്കും എന്നല്ലാതെ അത്കൊ ണ്ടു യാതൊരുപ്രയോജനവുംഇല്ല. ആവിമര്‍ശനം അഡ്രസ് ചെയ്യുന്നത് ഗ്രന്ഥംപഠിക്കുന്ന ന്യുനപക്ഷത്തെമത്രമാണ്.ഇസ്ലാമായാലുംക്രിസ്ത്യാനി ആയാലുംഹിന്ദുആയാലും ഇതു തന്നെസ്ഥിതി.മതവിമരശകരായയുക്തിവാദികളുടെ ആദ്യയുക്തിക്കുറവ് ഇവിടെയാണ്.”
ഇവിടെ എവിടെയാണു് യുക്തിവാദികളുടെ “ആദ്യയുക്തിക്കുറവു്” എന്നെനിക്കു് മനസ്സിലാകുന്നില്ല.
- “മതവിശ്വാസികൾ മതഗ്രന്ഥങ്ങൾ പഠിക്കാതെ കണ്ണും പൂട്ടി മതവിശ്വാസികൾ ആവുകയാണു്”. – അങ്ങനെ ആയിരിക്കാം. ആയിക്കോട്ടേ. അതിൽ യുക്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു് മതവിശ്വാസികളുടെ പ്രശ്നമല്ലാതെ യുക്തിവാദികളുടെയോ മതവിമർശകരുടെയോ യുക്തിക്കുറവാകുന്നതെങ്ങനെ?
- “മതവിമർശകർ മതഗ്രന്ഥങ്ങൾ പഠിച്ചിട്ടാണു് മതങ്ങളെ വിമർശിക്കുന്നതു്”. – ഏതു് വിഷയമായാലും അതു് പഠിച്ചിട്ടു് വിമർശിക്കുന്നതു് ശരിയും യുക്തവുമായ രീതിയല്ലാതെ യുക്തിയില്ലായ്മ ആകുന്നതെങ്ങനെ? അതോ മതഗ്രന്ഥങ്ങൾ പഠിക്കാതെ അവർ മതങ്ങളെ വിമർശിക്കേണ്ടിയിരുന്നോ?
- “വിമർശകർ അഡ്രസ്സ് ചെയ്യുന്നതു് ഗ്രന്ഥം പഠിക്കുന്ന ന്യൂനപക്ഷത്തെ മാത്രമാണു്”. – വസ്തുതകൾ ചൂണ്ടിക്കാണിക്കുകയാണു് വിമർശകർ ചെയ്യുന്നതു്. ഗ്രന്ഥം പഠിച്ചവരോ പഠിക്കാത്തവരോ ആയ ആർക്കും അവർ പറയുന്നതെന്തെന്നു് കേൾക്കാം, വേണമെന്നുണ്ടെങ്കിൽ കാര്യമെന്തെന്നു് മനസ്സിലാക്കുകയുമാവാം. ഇനി, വിമർശകർ ഗ്രന്ഥം പഠിക്കുന്ന ന്യൂനപക്ഷത്തിനെ മാത്രമാണു് അഡ്രസ്സ് ചെയ്യുന്നതെങ്കിൽത്തന്നെ, അവർ ആരെയും നിർബന്ധിക്കുകയോ, ജാഥകാർക്കു് എന്നപോലെ കള്ളും പണവും നൽകി പ്രലോഭിപ്പിക്കുകയോ ഒന്നും ചെയ്യാത്തിടത്തോളം അതിലെന്തു് തെറ്റു്?
- “ആളുകള്‍ കേള്‍ക്കും എന്നല്ലാതെ അതുകൊണ്ടു് യാതൊരു പ്രയോജനവും ഇല്ല”. – കേൾക്കുന്ന കാര്യങ്ങൾ കൊണ്ടു് ആളുകൾക്കു് പ്രയോജനമുണ്ടോ ഇല്ലയോ എന്നതു് കേൾക്കുന്നവർ തീരുമാനിക്കേണ്ട കാര്യമല്ലേ? ആളുകളെ ഓരോന്നു് പാടിക്കേൾപ്പിച്ചതുകൊണ്ടു് ഒരു പ്രയോജനവും ഇല്ലെങ്കിൽ ഇക്കണ്ട രാഷ്ട്രീയപ്പാർട്ടികളും മതങ്ങളുമെല്ലാം കൊടിതോരണങ്ങളുമായി മഹാസമ്മേളനങ്ങൾ നടത്തി തൊണ്ട പൊട്ടിക്കുന്നതു് എന്തിനു് വേണ്ടിയായിരിക്കും?
യുക്തിവാദികളുടെ യുക്തിയില്ലായ്മയെപ്പറ്റിയുള്ള ഈ ബേജാറാവലിന്റെ കാരണം തേടി അധികം അലയേണ്ടതില്ല. മതങ്ങളെ വിമർശിക്കുന്നവർ എല്ലാത്തരം “മതങ്ങളേയും” ഇന്നല്ലെങ്കിൽ നാളെ വിമർശിക്കും. കാരണം, മതഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രഗ്രന്ഥങ്ങളും കൻജീനിയലാണു്. കെട്ടിക്കിടക്കുന്ന ചെളിവെള്ളങ്ങൾ ഉണ്ടെങ്കിലേ രോഗകാരികളായ കൊതുകുകൾക്കു് മുട്ടയിടാൻ പറ്റൂ. “യുക്തിക്കുറവുള്ള” ഏതെങ്കിലും യുക്തിവാദി ചെളിവെള്ളം തുറന്നുവിട്ടാൽ മുട്ടയിടൽ നടക്കില്ല. കൊതുകുകളുടെ വംശനാശമാവും അതിന്റെ ഫലം. കൊതുകുകളെപ്പോലെതന്നെ, മതശാസ്ത്രികളും പ്രത്യയശാസ്ത്രികളും വംശം നശിക്കാൻ ആഗ്രഹിക്കുന്നവരല്ല. മനസ്സിലാക്കാവുന്ന കാര്യം.
Feb 14, 2016, 11:15 AM
ഇന്നു് ജനതാ പാർട്ടിക്കോ, നാളെ കോൺഗ്രസ്സ് പാർട്ടിക്കോ, മറ്റെന്നാൾ മറ്റേതെങ്കിലും പാർട്ടിക്കോ, ഒറ്റയ്ക്കോ കൂട്ടായോ ഭരിക്കാനാവുന്ന ഭാരതമെന്ന ജനാധിപത്യരാഷ്ട്രത്തിന്റെ പരമാധികാരത്തെ (State Sovereignty) നശിപ്പിക്കാനോ, അന്യരാജ്യങ്ങൾക്കു് പണയം വയ്ക്കാനോ, സങ്കുചിതമായ സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ ശിഥിലീകരിക്കാനോ ശ്രമിക്കുന്നതു് രാജ്യദ്രോഹകുറ്റവും, നിയമത്തിന്റെ പരമാവധി കാഠിന്യത്തോടെ ശിക്ഷിക്കപ്പെടേണ്ടതുമാണു്. ദാറ്റ് ഈസ് ഓൾ യുവറോണർ.
സോഷ്യൽ മീഡിയകളിലെ “JNU നാട്ടുവിശേഷങ്ങളും കിഞ്ചനവർത്തമാനങ്ങളും” കേട്ടപ്പോൾ തോന്നിയ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളു.
ഇൻഡ്യ മുർദ്ദാബാദ്! പാകിസ്ഥാൻ സിന്ദാബാദ്! ഇൻഡ്യയിൽ നിന്നും കേരളത്തെ മോചിപ്പിക്കുക! തുടങ്ങിയ, JNU കാമ്പസിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്ന കാര്യത്തിൽ “ഞങ്ങൾക്കു്” സംശയമൊന്നുമില്ല. പക്ഷേ അതു് വിളിച്ചതു് ഞങ്ങളല്ല.
Feb 15, 2016, 9:41 AM
“എങ്ങനെ വിശ്വസിക്കും ഈ മുഖ്യമന്ത്രിയെ? – ഡോ. ടി എം തോമസ് ഐസക്ക്”
എന്റെ പൊന്നുസാറേ, വിശ്വാസവും അവിശ്വാസവുമൊക്കെ പ്രസംഗിക്കാൻ രാഷ്ട്രീയമെന്താ വല്ല ഭക്തി-മുക്തി-വാരഫലക്കച്ചവടമോ മറ്റോ ആണോ? മറ്റു് വഴിയൊന്നും ഇല്ലാത്തതിനാൽ അമ്പലങ്ങളിലും പള്ളികളിലും ആൾദൈവങ്ങളിലും ആശ്രയം തേടേണ്ടി വരുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയുമാണു് രാഷ്ട്രീയത്തിന്റെ ജോലി. അല്ലാതെ, രാഷ്ട്രീയത്തിൽ ഇടപെടുന്നതിനേക്കാൾ മണ്ണപ്പം ചുട്ടുകളിക്കൽ കൂടുതൽ യോജിക്കുന്നവരായ കുറെ നേതാക്കൾ പരസ്പരം കൊതിക്കെറുവു് തീർക്കുന്നതും അനുയായികളെ രക്തസാക്ഷികളാക്കാൻ വിടുന്നതുമല്ല. പരസ്പരം കുറ്റപ്പെടുത്തൽ കലഹത്തിനു് പറ്റിയ ഒരു കലയാവാം. ഏതൊരു അമ്മായിഅമ്മയിലും മരുമകളിലും ഇൻസ്റ്റിങ്ക്റ്റീവായി ഉള്ള കല. പക്ഷേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആ കല പോര. വിശക്കുന്ന മനുഷ്യർക്കു് വേണ്ടതു് ആഹാരമാണു്. ഉടുക്കാൻ ഇല്ലാത്തവർക്കു് വേണ്ടതു് വസ്ത്രമാണു്. വിദ്യാർത്ഥികൾക്കു് വേണ്ടതു്, മാതാപിതാക്കളുടെ ജാതിയോ മതമോ പദവിയോ സാമ്പത്തികസ്ഥിതിയോ നോക്കാതെ, ഏറ്റവും ചുരുങ്ങിയപക്ഷം, എന്താണു് പഠിക്കുന്നതെന്നെങ്കിലും അറിയാൻ കഴിയുന്ന തരത്തിൽ പകർന്നു് നൽകപ്പെടുന്ന വിദ്യാഭ്യാസമാണു്. ആൺപെൺ ഭേദമില്ലാതെ, തൊഴിലാളികൾക്കു് വേണ്ടതു് ജീവിക്കാൻ മതിയായ വരുമാനം ലഭിക്കുന്ന തൊഴിലുകളാണു്; ഉള്ള കഞ്ഞിയിൽ കൂടി പാറ്റയെ വീഴിക്കുന്നതരം സമരങ്ങളല്ല. സ്ത്രീകൾക്കു് വേണ്ടതു് പുരുഷന്മാർക്കു് സമൂഹത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യങ്ങളിൽ നിന്നും, അവകാശങ്ങളിൽ നിന്നും ഒട്ടും കുറവല്ലാത്ത സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമാണു്. നീതിബോധമുള്ള മനുഷ്യർക്കു് വേണ്ടതു് സദാചാരപോലീസിന്റെ കടന്നാക്രമണം ഭയപ്പെടാതെ പൊതുവായ ഇടങ്ങളും റോഡുകളും ബസ്, ട്രെയിൻ തുടങ്ങിയ യാത്രസൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയുമെന്ന ഉറപ്പു് വരുത്തലാണു്.
സാമാന്യജനങ്ങളെ സംബന്ധിച്ചു് ഇടതു് കക്ഷത്തിന്റേയും വലതു് കക്ഷത്തിന്റേയും ദുർഗന്ധങ്ങൾ തമ്മിൽ ഒരു വ്യത്യാസവും ഇല്ല എന്നു് ആദ്യം മനസ്സിലാക്കുക. ഇടതുപക്ഷവും വലതുപക്ഷവും, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്നങ്ങളും, അധികാരത്തിനു് വേണ്ടിയുള്ള വടംവലികളും, ഐഡിയോളജിക്കൽ ഡില്യൂഷനുകളുമെല്ലാം നിങ്ങൾ നേതാക്കൾ നേരിൽക്കണ്ടു് പരസ്പരം പത്മാസനത്തിൽ തിരുകി ആത്മസായൂജ്യം അടയുന്നതല്ലേ ഭംഗി? ജനങ്ങളെ എന്തിനു് ആ ചെളിക്കുണ്ടിലിട്ടു് വലിച്ചിഴക്കണം? മനുഷ്യരെ അലട്ടുന്നതു് അവരുടെ പ്രശ്നങ്ങളാണു്, അല്ലാതെ, ജനങ്ങളുടേതെന്നു് വരുത്താൻ നിങ്ങൾ വ്യത്യസ്ത പാർട്ടികളുടെ നേതാക്കൾ ശ്രമിക്കുന്ന സ്വന്തം പ്രശ്നങ്ങളല്ല. അതുകൊണ്ടു്, നിങ്ങൾക്കു് അർത്ഥപൂർവ്വം ചെയ്യാൻ കഴിയുന്നതു് ഒന്നേയുള്ളു: വിണ്ടുകീറിത്തുടങ്ങിയ പഴയ തഴമ്പുകൾ തടവി സഹാനുഭൂതിതരംഗങ്ങൾ സൃഷ്ടിക്കലല്ലാതെ, മേല്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ വല്ല പുതിയ പരിപാടിയും ഉണ്ടെങ്കിൽ അതു് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുക. അല്ലെങ്കിൽ അവരെ വെറുതെ വിടുക. അവർ എങ്ങനെയെങ്കിലും സ്വയം നന്നായിക്കൊള്ളും.
അപ്പോൾ ശരി, എല്ലാം പറഞ്ഞപോലെ. ബീപ്-പ്ലവം സിന്ദാബാദ്!
Feb 16, 2016, 8:32 AM
അതിരുകളില്ലാത്ത ഒരു ലോകമാണു് ഞാൻ വിഭാവനം ചെയ്യുന്നതു്. പക്ഷേ, അതെത്രവട്ടം പറഞ്ഞാലും പാസ്പോർട്ടും വിസയും കാണിക്കാതെ പല അന്യരാജ്യങ്ങളുടെയും അതിർത്തി കടക്കാൻ കാവൽക്കാർ എന്നെ അനുവദിക്കുന്നില്ല. “പ്രകാശം പരത്തുന്നവർ”! മിസ് വി. ഭാവനയുമായി പൊട്ടക്കിണറ്റിൽ ജീവിക്കാതെയും വിശാലവീക്ഷണം ഉണ്ടാവാം എന്നു് തെറ്റിദ്ധരിച്ച എന്നെ പറഞ്ഞാൽ മതി.
Feb 16, 2016, 11:11 AM
രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നാൽ ചർച്ചാകേരളം “പക്ഷേ”-കളുടെയും, റിലേറ്റിവൈസേഷനുകളുടെയും ലോകമായും, ഓൺലൈൻ ചർച്ചകൾ ഒരു സോഫ്റ്റ്‌വെയറിൽ ഒതുക്കാൻ കഴിയുന്നത്ര സ്റ്റീരിയോടൈപ്പ് ആയും മാറും. എന്തുകൊണ്ടു് സാമൂഹികപരിഷ്കരണത്തിനായി “മുല്ലപ്പൂ വിപ്ലവങ്ങൾ” ചില സമൂഹങ്ങളിൽ മാത്രം പൊട്ടിപ്പുറപ്പെടുന്നു എന്നറിയേണ്ടവർക്കായി ഇത്രയും. വിപ്ലവമെന്നാൽ വിടുവായത്തമായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! എങ്കിൽ, ദിനംപ്രതി മൂന്നുനേരം ഞങ്ങളുടെ രാജ്യത്തും വിപ്ലവം സംഭവിക്കുന്നുണ്ടു് എന്നു് ഭാരതീയർക്കു് വീമ്പിളക്കാമായിരുന്നു.
Feb 16, 2016, 12:38 PM
“തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” – ബൈബിൾ, യോഹന്നാന്റെ സുവിശേഷം: അദ്ധ്യായം 3, വാക്യം 16.
“മനുഷ്യവർഗ്ഗം പട്ടിണി കിടന്നു് നശിച്ചുപോകാതെ നിത്യജീവൻ പ്രാപിച്ചു് രക്ഷപെ