നടുവേദന വയറുവേദന തുടങ്ങിയവമൂലം ശാരീരികവും, ഭർത്താവു് മക്കൾ കോഴി ആടു് പശു തുടങ്ങിയ ബന്ധുമിത്രാദികളെപ്പറ്റിയുള്ള കരുതലും വേവലാതിയുംമൂലം മാനസികവും, സ്വർഗ്ഗത്തിലെത്താൻ കഴിയാതെ നരകത്തിലെങ്ങാനും പെട്ടുപോകുമോ എന്ന ആധിമൂലം ആത്മീയവുമായ ഒരുപാടു് ഹൃദയവേദനകൾ ഉള്ളിലൊതുക്കി വീർപ്പുമുട്ടുന്നവരായിരുന്നു പഴയ ഉൾനാടൻ ഗ്രാമങ്ങളിലെ നസ്രാണി പെണ്ണുംപിള്ളകൾ. എല്ലാ ഞായറാഴ്ചയും പള്ളിയിലെത്തി ദൈവതിരുമുൻപിൽ അതെല്ലാമൊന്നു് ഊരിവച്ചാൽ തത്കാലത്തേക്കു് ഒരല്പം ആശ്വാസം കിട്ടുമെന്നല്ലാതെ, ശാശ്വതമായ പരിഹാരമൊന്നുമില്ലാത്ത നിത്യനൊമ്പരങ്ങൾ. പള്ളിയിൽ നിന്നും തിരിച്ചു് വീട്ടിലെത്തിയാൽ വീണ്ടും തുടങ്ങും ഈവകകളുടെവക കുത്തിനോവിക്കൽ. ഏതോ ഒരു പഴയ സിൽമയിൽ, “പെണ്ണായിപ്പിറന്നതു് മണ്ണായിത്തീരുവോളം കണ്ണീരു് കുടിക്കാനോ” എന്നൊരു ചോദ്യം നായിക എയറിലേക്കു് വിടുന്നുണ്ടെന്നതിൽ നിന്നും പ്രശ്‍നം എത്ര ഗുരുതരമാണെന്നു് മനസ്സിലാക്കാം.
സ്ത്രീകൾക്കു് വ്യക്തിജീവിതത്തിൽ നേരിടേണ്ടിവരുന്ന വിവിധവിഷാദയോഗത്തിനു് മതപരമായുള്ള താത്കാലികപരിഹാരം പള്ളിയിലെ കുമ്പസാരക്കൂട്ടിൽ പോയി അച്ചനോടു് നുണപറയലാണെങ്കിൽ, നേതാക്കൾക്കു് രാഷ്ട്രീയജീവിതത്തിൽ നേരിടേണ്ടിവരുന്ന പുത്രവിഷാദയോഗത്തിനു് സാമൂഹികമായ താത്കാലികപരിഹാരം ഒരു പത്രസമ്മേളനം പെരുമ്പറകൊട്ടി വിളിച്ചുകൂട്ടി നുണപറയലാണു്. മതവും രാഷ്ട്രീയവും തമ്മിലുള്ള കൊള്ളലും കൊടുക്കലും കെട്ടുപിണയലുമെല്ലാം സാധാരണക്കാരായ മനുഷ്യർക്കു് സങ്കല്പിക്കാൻ കഴിയുന്നതിനേക്കാൾ വളരെ സങ്കീർണ്ണമാണു്. ദൈവഭക്തിയുടെ ഘടനകൾ മനസ്സിലാക്കിയാൽ, പാർട്ടിഭക്തിയുടെ ഘടനകളുടെയും ഒരു ഏകദേശരൂപം മനസ്സിലാക്കാം.
പള്ളിയിൽ പോകാനായി മാത്രം ഒരു ചട്ടയും മുണ്ടും ഏതൊരു ചേട്ടത്തിയുടെയും പെട്ടിയിൽ ഉണ്ടായിരിക്കും. അർദ്ധവിശുദ്ധമായ ഈ ചട്ടക്കും മുണ്ടിനും പുറമെ, “വിരിപ്പാവു്” എന്നു് വിളിപ്പേരുള്ള ഒരു പൂർണ്ണവിശുദ്ധവസ്ത്രവും ആ പെട്ടിയിലുണ്ടാവും. വിവാഹസമയത്തു് മണവാളൻ മണവാട്ടിക്കു് നൽകുന്നതും (നൽകേണ്ടതും), പള്ളിയിലെ കെട്ടിയ്ക്ലച്ചൻ ചില മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനിടയിൽ, യേശുവിന്റെ തിരുശരീരം ഭക്ഷിച്ചതും, തിരുരക്തം കുടിച്ചതുമായ തന്റെ തിരുവായിൽ നിന്നുള്ള ഉച്ഛ്വാസവായുകൊണ്ടു് ഊതി വിശുദ്ധീകരിക്കുന്നതുമായ ഈ തിരുവസ്ത്രത്തിനു് വിവാഹശേഷം ഒരു പ്രധാന ചുമതല കൂടി നിറവേറ്റേണ്ടതുണ്ടു് – ചേട്ടത്തിയുടെ മൃതശരീരത്തെ മൂടുക എന്ന ചുമതല.
മനുഷ്യർ മുപ്പതോ നാൽപ്പതോ വർഷങ്ങൾ മാത്രം ജീവിച്ചിരുന്ന കാലത്തു് ആ ചുമതല നിറവേറ്റാൻ വിരിപ്പാവിനു് ഒരുപാടു് നാളൊന്നും കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. “മരണം നിങ്ങളെത്തമ്മിൽ വേർപിരിക്കുന്നതുവരെ ഒരുമിച്ചു് കഴിയാനായി ഞാനിതാ നിങ്ങൾ രണ്ടെണ്ണത്തിനെയും ദൈവനാമത്തിൽ കെട്ടിപ്പൂട്ടുന്നു” എന്ന, കല്യാണസമയത്തെ പുരോഹിതന്റെ ആശിർവാദം അക്കാലത്തു് രൂപമെടുത്തതാണു്. മനുഷ്യൻ നൂറു് വയസ്സുവരെയോ അതിൽ കൂടുതലോ ജീവിക്കുന്ന ഇക്കാലത്തു് ആ വചനം കേൾക്കുന്ന ദമ്പതികൾക്കു് ഇങ്ങനെ തോന്നിക്കൂടെന്നില്ല: “കർത്താവേ, ഇവൻ പറയുന്നതെന്തെന്നു് ഇവനറിയുന്നില്ല, ഇവനോടു് ക്ഷമിക്കേണമേ”.
സ്ത്രീകളുടെയത്രമാത്രം ഹൃദയവേദനകൾ പുരുഷന്മാർക്കു് ഇല്ലാത്തതുകൊണ്ടോ എന്തോ, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകണം എന്ന കലശലായ പിടിവാശി അവർക്കുള്ളതായി കണ്ടിട്ടില്ല. പക്ഷെ, ഹാശാ ആഴ്ച എന്നറിയപ്പെടുന്ന, ഓശാന ഞായറാഴ്ച മുതൽ ഉയിർപ്പു് ഞായറാഴ്ച വരെയുള്ള ആഴ്ചയിൽ പുരുഷന്മാരും പള്ളിയിൽ പോകാനുള്ള അവരുടെ മുണ്ടും ഷർട്ടും ഉത്തരീയവും പുറത്തെടുക്കും. യേശു കുരിശിൽ മരിച്ചതിലുള്ള ദുഃഖമാണോ, ഉയിർപ്പു് ഞായറാഴ്ചയിൽ കള്ളപ്പവും പോർക്കെർച്ചിയും തിന്നാൻ കഴിയുന്നതിലുള്ള മുൻകൂർസന്തോഷമാണോ ഹാശാ ആഴ്ചയിൽ പുരുഷന്മാരിൽ പ്രകടമാകാറുള്ള ഈ കേന്ദ്രീകൃതഭക്തിയുടെ പിന്നിലെ രഹസ്യം എന്നെനിക്കറിയില്ല.
എവിടെ ആട്ടിൻകാട്ടമുണ്ടോ, അവിടെ കൂർക്കക്കിഴങ്ങുമുണ്ടാവും എന്നപോലെ, എവിടെ ആട്ടിൻകൂട്ടമുണ്ടോ, അവിടെ ആട്ടിടയനുമുണ്ടാവും. എവിടെ ഈ രണ്ടു് ജനുസ്സുകളുമുണ്ടോ, അവിടെ ഒരു തൊഴുത്തു്, അഥവാ ഒരു പള്ളിയുണ്ടാവും. തുടക്കത്തിൽ ഓലമേഞ്ഞ ഒരു ചായ്പ്പോ, ചാപ്പലോകൊണ്ടു് ദൈവത്തിന്റെ കണ്ണു് വെട്ടിക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ഏറ്റവും അടുത്ത മുഹൂർത്തത്തിൽത്തന്നെ എല്ലാ സ്വർഗ്ഗീയ സൗകര്യങ്ങളുമുള്ള ഒരു കത്തീഡ്രലായി അതിനെ രൂപാന്തരപ്പെടുത്താതിരുന്നാൽ, ദൈവം ഓലപ്പള്ളിവിട്ടു്, പണ്ടു് യേശു പോയ അതേ റൂട്ടിൽ, സ്വർഗ്ഗത്തിലേക്കു് കരേറിപ്പോകും. ഭാഗ്യത്തിനു്, വൈദേശികമായ പച്ചപ്പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങൾ പള്ളിക്കാര്യം അത്രത്തോളം വഷളാകുന്നതുവരെ കാത്തിരിക്കാതെ, വേണ്ടതു് വേണ്ടസമയത്തു് ചെയ്തുകൊടുക്കും.
ഇലയറിഞ്ഞു് വിളമ്പുക, ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കുക തുടങ്ങിയ കലാപരിപാടികളിൽ അഗ്രഗണ്യരാണു് പള്ളീലച്ചന്മാർ എന്നതിനാൽ, സദസ്സറിഞ്ഞു് ഭംഗിയായി പ്രസംഗിക്കാനും അവർക്കു് കഴിയും. ബൈബിളിൽ ഇല്ലാത്തതിനെ ഉണ്ടാക്കാനോ, ഉള്ളതിനെ ഇല്ലാതാക്കാനോ, വളച്ചുപിരിച്ചു് ഒടിച്ചുനുറുക്കി അഞ്ചിനെ അയ്യായിരമാക്കി പതിനായിരം പേർക്കു് വിളമ്പാനോ ഒരു പള്ളീലച്ചനെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. പൊളിവചനം, കള്ളവ്യാഖ്യാനം, വ്യാജവാഗ്ദാനം തുടങ്ങിയ തന്ത്രങ്ങളും അടവുകളും രാഷ്ട്രീയക്കാരെപ്പോലെതന്നെ, പുരോഹിതർക്കും ജന്മവാസനയായി ലഭിക്കുന്ന കഴിവുകളാണു്. അതവരുടെ ജന്മാവകാശമായാലെന്നപോലെ അംഗീകരിക്കുകയും, എന്തു് ത്യാഗം സഹിച്ചും, എന്തു് വില കൊടുത്തും സംരക്ഷിക്കുകയും ചെയ്യുന്നവരാണു് രാഷ്ട്രീയത്തിലെയും മതത്തിലേയും യാഥാർത്ഥഭക്തർ.
“യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന വാക്യം, ദൈവത്തിന്റെ വായിൽ നിന്നും താൻ നേരിട്ടു് കേട്ടു് പകർത്തിയതെന്ന മട്ടിൽ പുരോഹിതൻ ബൈബിളിൽ എഴുതിവച്ചതിനു് ഒരു ലക്ഷ്യമേയുള്ളു: ജ്ഞാനം വേണ്ടവർ പുരോഹിതനെ ഭക്തിക്കണം. ദൈവത്തിന്റെ ഇടക്കാരൻ എന്ന നിലയിലാണു് പുരോഹിതന്റെ തുടക്കമെങ്കിലും, വളരെപ്പെട്ടെന്നു് ദൈവമായി പ്രൊമോഷൻ കിട്ടുന്ന ഒരു തൊഴിലാണതു്. മന്ത്രിയും തന്ത്രിയും തമ്മിൽ അക്കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. ജനപ്രതിനിധി എന്ന നിലയിൽ തുടക്കം കുറിക്കുന്ന മന്ത്രിമാരും വളരെപ്പെട്ടെന്നാണല്ലോ നാടുവാഴിയും വിഗ്രഹവും ദൈവവുമെല്ലാമായി രൂപാന്തരം പ്രാപിക്കുന്നതു്! അതിന്റെ പേരിൽ മന്ത്രിമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തോട്ടത്തിന്റെ നോട്ടക്കാരനായി തന്നെ തിരഞ്ഞെടുത്ത മുതലാളികൾതന്നെ തന്റെ മുന്നിൽ അപേക്ഷയും ആവലാതിയുമായി മുട്ടിൽവീണു് കേഴാനുള്ള അനുവാദത്തിനായി ക്യൂ നിൽക്കുന്നതു് കാണുമ്പോൾ, ദൈവത്തിൽനിന്നും ഒട്ടും താഴെയല്ലാത്ത ഒരു മഹാസംഭവമാണു് താനെന്നു് ആർക്കായാലും തോന്നിപ്പോകും. പോരെങ്കിൽ, പൂർവ്വാശ്രമത്തിൽ ഭീകരമായി മുദ്രാവാക്യം വിളിച്ചു് തീവ്രത തെളിയിച്ചിട്ടുള്ള പോരാളികളാണു് ഉത്തരാശ്രമത്തിൽ തേരാളികളായി രൂപാന്തരപ്പെടുന്നതു്.
സൂത്രത്തിൽ ജ്ഞാനിയാകാൻ ഒരവസരം കിട്ടിയാൽ, അതു് വേണ്ടെന്നു് വയ്ക്കുന്ന ചേട്ടന്മാരോ ചേട്ടത്തിമാരോ ഇതുവരെ ജനിച്ചിട്ടില്ല, ജനിക്കാൻ സാദ്ധ്യതയുമില്ല. ചൂണ്ടയിലെ ഇര “യഹോവാഭക്തി” ആയാൽ മാത്രമേ ജ്ഞാനം ലഭിക്കാൻ എന്തുകൊണ്ടും യോഗ്യർ എന്നു് സ്വയം കരുതുന്ന ജ്ഞാനദാഹികൾ കൊത്തൂ എന്നില്ല. നിങ്ങൾ സൂപ്പറാണെന്ന ഒരു പുകഴ്ത്തലിനു് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. “ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം” എന്ന മോശെയുടെ പുകഴ്ത്തലിലാണു് യഹൂദജനം കൊത്തിയതു്. ദൈവം തിരഞ്ഞെടുത്ത ജനമായിരുന്നിട്ടും, ദൈവവുമായുള്ള ആ ഉടമ്പടിയുടെ ഓർമ്മയ്ക്കായി മോശെയുടെ കാലംമുതൽ ഇന്നുവരെ ചേലാകർമ്മം ചെയ്യാൻ യഹൂദർ മടിക്കാതിരുന്നിട്ടും, ആദ്യം ബാബിലോണിലും, പിന്നീടു് രണ്ടായിരം വർഷങ്ങൾ സ്വന്തമായി ഒരു രാജ്യമില്ലാതെ ലോകമെമ്പാടും അഭയാർത്ഥികളായി യഹൂദർക്കു് അലയേണ്ടിവന്നു. പക്ഷെ, ബുദ്ധിവൈഭവമുള്ള ഒരു ജനതയായതിനാൽ, ഇസ്രായേൽ എന്ന ചെറിയ രാജ്യത്തിൽ എത്തിച്ചേർന്നു്, ഏഴു് ദശാബ്ദങ്ങൾകൊണ്ടു് വലിയൊരു ശക്തിയായി വളരാൻ അവർക്കു് കഴിഞ്ഞു എന്നതു് ചരിത്രം.
തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിലൂടെ ലോകത്തിൽ എന്നേക്കും സ്ഥിതിസമത്വം സ്ഥാപിക്കാമെന്ന “സിദ്ധാന്തം” ഇരയായി കൊളുത്തി മാർക്സ് ഇട്ട ചൂണ്ടയിൽകൊത്തി കുരുങ്ങിക്കിടക്കുന്നവരാണു് മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റുകൾ. പക്ഷേ, നെറ്റിയിൽ “ബുദ്ധിജീവി” എന്നു് സ്റ്റിക്കറൊട്ടിച്ചാൽ ഉണ്ടാകുന്നതല്ല ബുദ്ധി എന്നതിനാൽ, ലോകം മുഴുവൻ ദിനംപ്രതിയെന്നോണം രക്തവർണ്ണമായിക്കൊണ്ടിരിക്കുന്നതായി സ്വപ്നം കാണുകയും, മാർക്സിസത്തിന്റെ ഉത്ഭവപ്രദേശമായ യൂറോപ്പിൽ എവിടെയെങ്കിലും ഇലക്ഷനിൽ സോഷ്യൽ ഡെമോക്രാറ്റുകളോ, മറ്റു് ഇടതുപക്ഷ പാർട്ടികളോ ജയിച്ചാൽ അതു് മാർക്സിസത്തിന്റെ വിജയമായി അകൗണ്ടിൽ വരവു് വയ്ക്കുകയും ചെയ്യുന്ന, തിരുത്താനാകാത്ത ധാർഷ്ട്യവും, കേട്ടാലറയ്ക്കുന്ന വീരവാദങ്ങളുമായി അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിത്യഇന്നലെകൾ!
കണ്ണിനു് കണ്ണു്, പല്ലിനു് പല്ലു്, പെണ്ണിനു് മൂടുപടം തുടങ്ങിയ, പ്രാചീന അറേബ്യയിലെ ഷരിയാ നിയമങ്ങൾ ലോകം മുഴുവൻ നടപ്പാക്കലാണു് സകല ലോകപ്രശ്നങ്ങളുടെയും പരിഹാരം എന്ന ചൂണ്ടയിൽ കുരുങ്ങിക്കിടക്കുന്ന കൂട്ടർ വേറെ! “സോഷ്യൽ ഡെമോക്രാറ്റുകൾ” എന്ന വിശിഷ്ട പദവിയിൽ കുറഞ്ഞ അവാർഡുകൾ കൈപ്പറ്റാൻ വിസമ്മതിക്കുന്ന ആധുനികർ വരെയുണ്ടു് അവരുടെയിടയിൽ.
തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ അയ്യരുകളിയാണു് ഭൂലോകജീവിതം എന്നു് പറഞ്ഞാൽ മതി.