എല്ലാവിധത്തിലും കൂടുതല്‍ പൂര്‍ണ്ണമായി “കാരണങ്ങളുടെ” നിരകള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ നമ്മള്‍ ഇങ്ങനെ തീരുമാനിക്കുന്നു: അതോ ഇതോ ഒക്കെ സംഭവിക്കാന്‍ അതും ഇതുമൊക്കെ ആദ്യമേ സംഭവിച്ചിരിക്കണം – പക്ഷേ അതുവഴി നമ്മള്‍ എന്തെങ്കിലും മനസ്സിലാക്കുക എന്നതു് ഉണ്ടായില്ല. ഉദാഹരണത്തിനു്, ഏതൊരു രാസപരമായ രൂപമെടുക്കലിലും ഗുണം (quality) എന്നതു് ഒരു “അത്ഭുതമായി” പണ്ടേപ്പോലെതന്നെ നമുക്കു് തോന്നുന്നു, അതുപോലെതന്നെയാണു് ഓരോ യാന്ത്രികചലനങ്ങളും; തള്ളല്‍ (push) എന്നാല്‍ എന്തെന്നു് ആരും “വിശദീകരിച്ചില്ല”. എങ്ങനെ നമുക്കു് അതൊക്കെ വിശദീകരിക്കാന്‍ കഴിയും! വരകള്‍, പ്രതലങ്ങള്‍, രൂപങ്ങള്‍, പരമാണുക്കള്‍, വിഭജിക്കാവുന്ന സമയഘട്ടങ്ങള്‍, വിഭജിക്കാവുന്ന സ്ഥലങ്ങള്‍ (spaces) മുതലായ ഇല്ലാത്ത കാര്യങ്ങള്‍ കൊണ്ടാണു് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ – എല്ലാറ്റിനേയും നമ്മള്‍ ആദ്യമേതന്നെ ചിത്രങ്ങളായി, നമ്മുടെ ചിത്രങ്ങളായി, മാറ്റുമ്പോള്‍ എങ്ങനെയാണു് വിശദീകരണം എന്നതു് സാദ്ധ്യം പോലുമാവുന്നതു്!
Daily Archives: Mar 23, 2009
കാര്യകാരണബന്ധം – (cause and effect)
(By Friedrich Nietzsche- ഒരു സ്വതന്ത്ര പരിഭാഷ)
“വിശദീകരണം” (explanation) എന്നാണു് നമ്മള്‍ അതിനെ വിളിക്കുന്നതു്: പക്ഷേ പൗരാണികമായ കാലഘട്ടങ്ങളിലെ ജ്ഞാനത്തില്‍ നിന്നും ശാസ്ത്രത്തില്‍ നിന്നും നമ്മളെ വേര്‍തിരിക്കുന്നതു് “വര്‍ണ്ണന”യാണു് (description). നമ്മള്‍ കൂടുതല്‍ മെച്ചമായി വര്‍ണ്ണിക്കുന്നു – പക്ഷേ, മുന്‍പുണ്ടായിരുന്നവരെപ്പോലെതന്നെ നമ്മളും വളരെ കുറച്ചേ വിശദീകരിക്കുന്നുള്ളു. പഴയ സംസ്കാരങ്ങളിലെ അപരിഷ്കൃതരായ ആളുകളും അന്വേഷകരും “കാരണവും” “ഫലവും” (cause and effect) എന്നു് പറയപ്പെടുന്ന രണ്ടു് വ്യത്യസ്തകാര്യങ്ങള്‍ മാത്രമാണു് കണ്ടതെങ്കില്‍ നമ്മള്‍ നാനാവിധമായ ഒന്നിനുപിറകെഒന്നുകള്‍ കണ്ടെത്തി; രൂപമെടുക്കലിന്റെ (becoming) ചിത്രം നമ്മള്‍ പൂര്‍ത്തീകരിച്ചു, എങ്കിലും ആ ചിത്രത്തിന്റെ അപ്പുറമോ അതിനു് പിന്നിലോ എത്തിച്ചേര്‍ന്നതുമില്ല.
കാര്യങ്ങളെ കഴിവതും വിശ്വസ്തമായി മാനുഷീകരിക്കാനുള്ള ഒരു ശ്രമമായി ശാസ്ത്രത്തെ പരിഗണിച്ചാല്‍ ധാരാളം മതി; കാര്യങ്ങളെയും അവയുടെ ഒന്നിനുപിറകെഒന്നുകളെയും വര്‍ണ്ണിക്കുന്നതിലൂടെ നമ്മള്‍ നമ്മെത്തന്നെ കൂടുതല്‍ കൃത്യമായി വര്‍ണ്ണിക്കുവാന്‍ പഠിക്കുന്നു.
കാരണവും ഫലവും: അത്തരമൊരു ദ്വിത്വം (duality) ഒരുപക്ഷേ ഒരിക്കലും നിലനില്‍ക്കുന്നില്ല – നമ്മുടെ മുന്നിലെ അവിച്ഛിന്നതയില്‍നിന്നും (continuum) ഏതാനും കഷണങ്ങള്‍ വേര്‍പെടുത്തി എടുക്കുക മാത്രമാണു് സത്യത്തില്‍ നമ്മള്‍ ചെയ്യുന്നതു്; അഥവാ, ഒരു ചലനത്തെ എപ്പോഴും ഒറ്റപ്പെട്ട ബിന്ദുക്കളായി മാത്രം നമ്മള്‍ നിരീക്ഷിക്കുന്നതുപോലെ, യഥാര്‍ത്ഥത്തില്‍ കാണുകയല്ല, അനുമാനിക്കുകമാത്രമാണു് (നമ്മള്‍ ചെയ്യുന്നതു്). വിവിധതരം ഫലങ്ങള്‍ (effects) സംഭവിക്കുന്നതിന്റെ ഗതിവേഗം നമ്മെ വഴിതെറ്റിക്കുന്നു; പക്ഷേ ആ ഗതിവേഗം നമുക്കു് മാത്രമാണു്. നമുക്കു് പിടികിട്ടാത്ത അനന്തമായ എത്രയോ പ്രക്രിയകള്‍ ഈ ദ്രുതഗതിയുടെ നിമിഷത്തില്‍ സംഭവിക്കുന്നുണ്ടു്.
കാരണവും ഫലവും എന്നതു് നമ്മുടെ രീതി അനുസരിച്ചു് യഥേഷ്ടം വിഭജിക്കപ്പെട്ടതും കഷണിക്കപ്പെട്ടതുമായി കാണാതെ, അവിച്ഛിന്നതയായി കാണാന്‍ കഴിയുന്ന, സംഭവപരമ്പരകളുടെ ഒരു പ്രവാഹമായി കാണാന്‍ കഴിയുന്ന ഒരു മനുഷ്യബുദ്ധി (intellect) കാര്യകാരണബന്ധം എന്ന ആശയം വലിച്ചെറിയുകയും എല്ലാ നിബന്ധനത്വവും (coditionality) നിഷേധിക്കുകയും ചെയ്യും.