സുഹൃദ്വലയങ്ങളിൽ കുഞ്ഞാൺമക്കളുടെ വീരശൂരബുദ്ധിവിശേഷങ്ങൾ വിളമ്പുന്നതു് അപ്പന്മാർക്കു് ഒരു ഹരമാണു്. താൻ സൃഷ്ടിച്ചെടുത്തതു് വെറുമൊരു കിഴങ്ങിനെയല്ല, തന്നെപ്പോലെതന്നെ ബുദ്ധിയും ശക്തിയും സൗന്ദര്യവും തികഞ്ഞ ഒരു “കുഞ്ഞപ്പനെ” ആണെന്ന സത്യം സന്തോഷപൂർവ്വം തന്റെ സുഹൃത്തുക്കളെ അറിയിക്കുക എന്ന നിരുപദ്രവകരമായ ഒരു ലക്ഷ്യമേ ആ വിളമ്പലിനുള്ളു. നാലുകെട്ടിലമ്മമാരുടെ നാട്ടുവിശേഷസദസ്സുകളിൽ, അവർ ജന്മം നൽകിയ “കുഞ്ഞമ്മമാരും” പാടിപ്പുകഴ്ത്തപ്പെടാറുണ്ടായിരിക്കണം. പക്ഷെ, “കൊട്ടിയമ്പലത്തിനു് അപ്പുറത്തേക്കു് ചാടാൻ” കെട്ടിലമ്മമാർക്കു് അനുവാദമില്ലാത്തൊരു പേട്രിയാർക്കൽ സമൂഹത്തിൽ അതിനത്ര പ്രചാരം കിട്ടാതിരിക്കുന്നതു് സ്വാഭാവികം. എങ്കിലും, മാർക്സിസത്തിൽ അധിഷ്ഠിതമായ കേരളഫെമിനിസത്തിന്റെ അശ്രാന്തപരിശ്രമം വഴി, അടുക്കളക്കരിപിടിച്ച ബ്ലാക്ക് ആൻഡ് വൈറ്റു് ലോകത്തിൽ നിന്നും പരസ്യചുംബനമേളകളുടെ വർണ്ണശബളിമയിലേക്കു് സ്ത്രീകൾ മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, മേട്രിയാർക്കിക് സമൂഹത്തിലേക്കുള്ള റാഡിക്കലായ ഒരു മാറ്റം താമസിയാതെ ഉണ്ടാവുമെന്നു് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. ടീച്ചറമ്മമാർ പോളിറ്റ് ബ്യൂറോയിലിരുന്നു് അന്യഭാഷകളിൽ വിപ്ലവാഹ്വാനം നടത്തുകയും, പുരുഷകേസരികൾ വീട്ടിലിരുന്നു് പൂച്ചക്കവിതകൾ രചിക്കുകയും ചെയ്യുന്ന, മാർക്സിയൻ ഫെമിനിസത്തിന്റെ നല്ല “നാളെകഴിഞ്ഞുകൾ”!
പഴയൊരു വെടിവട്ടത്തിൽ ഒരു സഹപ്രവർത്തകൻ തന്റെ മൂന്നോ നാലോ വയസ്സുള്ള ഒറ്റമകനെപ്പറ്റി അതുപോലൊരു വടക്കൻവീരഗാഥ ചൊല്ലിയതു് ഓർമ്മവരുന്നു: അവന്റെ ആരോമലുണ്ണിക്കു് ചെറിയൊരു വയറുവേദന വന്നു. “പലരോടും നിനയാതെ ഒരു കാര്യം തുടങ്ങൊല്ല” എന്ന, ലോകാരംഭം മുതൽ കേരളത്തിൽ പ്രാബല്യത്തിലിരിക്കുന്ന ആചാരക്രമം അനുസരിച്ചു്, പലരോടും നിനഞ്ഞു്, കുഞ്ഞുങ്ങളുടെ വയറുവേദനക്കു് ലോകത്തിൽ ലഭ്യമായതിൽവച്ചു് ഏറ്റവും നല്ല ചികിത്സ കുഞ്ഞിനു് അല്പം ചെറുതേൻ കൊടുക്കലാണെന്ന രഹസ്യം അവൻ മനസ്സിലാക്കി. ഒരു വീട്ടിൽ എന്തെല്ലാം സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു് ആ വീട്ടുകാരേക്കാൾ കൃത്യമായി അയൽവാസികൾക്കു് അറിയാവുന്ന ലോകത്തിലെ ഏക നാടു് എന്ന നിലയിൽ, ഈദൃശ ഉപദേശങ്ങൾ നൽകി സഹായിക്കൽ കേരളീയർക്കു് പ്രയാസമുള്ള കാര്യമല്ല. സുഹൃത്തിന്റെ വീട്ടിൽ ആവണക്കെണ്ണ ഉണ്ടാവാതിരുന്നതു് ആ കുഞ്ഞിന്റെ ഭാഗ്യം!
അയൽവാസികൾ പറയും, നമ്മൾ ചെയ്യും! പറഞ്ഞു, ചെയ്തു. കുഞ്ഞിനു് ചെറുതേൻ കൊടുത്തു, വയറുവേദന മാറുകയും ചെയ്തു. വയറുവേദന മാറിയതു് തേൻ കൊണ്ടാണോ, കുടലറിഞ്ഞു് നാലു് വളിയോ, വയററിഞ്ഞു് നാലു് ഏമ്പക്കമോ വിട്ടാൽ മാറുമായിരുന്ന വേദനയായിരുന്നോ കുഞ്ഞിന്റേതു് തുടങ്ങിയ കാര്യങ്ങളുടെ പുറകെ നടന്നു് ഗവേഷണം നടത്തുന്ന രീതി കേരളത്തിൽ പതിവില്ല. ഏതു് കമ്മ്യൂണിസ്ററ് പച്ച അരച്ചു് കുടിച്ചിട്ടായാലും, രോഗം മാറിയാൽ ബന്ധപ്പെട്ട എല്ലാ കക്ഷികളും ഹാപ്പി! രോഗം മാറാതിരിക്കുകയോ, രോഗി തട്ടിപ്പോവുകയോ ചെയ്താൽ അതു് വാരഫലം അനുകൂലമല്ലാതിരുന്നതിനാലോ, പഥ്യം തെറ്റിച്ചതിനാലോ, അരിയെത്തിയതിനാലോ, ദൈവം (ഫോൺ)വിളിച്ചാൽ പോകാതിരിക്കാൻ മനുഷ്യർക്കു് പറ്റാത്തതിനാലോ മറ്റോ ആണെന്നു് ഗോത്രത്തിലെ ലോക്കൽ കമ്മിറ്റി വിധി പ്രസ്താവിക്കും, അത്രതന്നെ! അതുപോലുള്ള നഷ്ടങ്ങളുടെ വിടവുകളിൽ തിരുകി തൃപ്തിയടയാൻ വേണ്ടിയാണു്, “വരാനുള്ളതു് വഴിയിൽ തങ്ങില്ല”, “ദൈവം തന്നു, ദൈവം എടുത്തു”, “നല്ലവരെ ദൈവം പെട്ടെന്നു് വിളിക്കും” തുടങ്ങിയ സാരവാക്യങ്ങൾ ഗുരുക്കളും ലഘുക്കളും, വല്യുണ്ണികളും കുഞ്ഞുണ്ണികളും, വല്യകോഴിത്തമ്പ്രാക്കളും, കുഞ്ഞുകോഴിദാസന്മാരുമെല്ലാം ചേർന്നു് പനയോലക്കെട്ടുകളിൽ ഭദ്രമായി കുറിച്ചു് വച്ചിരിക്കുന്നതു്. കടുവയെ ദേശീയമൃഗമായും, മയിലിനെ ദേശീയപക്ഷിയായും പ്രഖ്യാപിച്ചിരിക്കുന്ന വിശുദ്ധപശുക്കളുടെയും ഞരമ്പുകോഴികളുടെയും രാജ്യമാണു് ഭാരതം എന്നു് പറയുന്നതിൽ തെറ്റില്ല. ആലാണു് ഭാരതീയരുടെ ദേശീയ മരം. പക്ഷെ, ആലിനു് മുളയ്ക്കാനും വളരാനും തനിക്കൊരു തണലാവാനും കഴിയുന്നൊരു വളഭൂമിയാവാൻ മത്സരിച്ചുകൊണ്ടിരിക്കുന്ന മലയാളികളോടു് അതു് പ്രത്യേകം പറയേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല.
ജീവിതത്തിൽ ആദ്യമായി കഴിച്ച ചെറുതേൻ അത്ര ചെറിയ തേനല്ല എന്ന രഹസ്യം കഥാനായകനായ ആരോമലുണ്ണിക്കു് പിടികിട്ടി. അതിനു് ശേഷം പതിവായി ഉണ്ണിക്കു് വയറുവേദന വരാനും, ചെറുതേൻ കഴിച്ചാൽ അതു് മാറുമെന്ന നിർദ്ദേശം ഒരു ചികിത്സാവിധി എന്ന രീതിയിൽ ഉണ്ണിതന്നെ കുടുംബസദസ്സിൽ മുന്നോട്ടു് വയ്ക്കാനും തുടങ്ങിയത്രെ! ഇവിടെ, “മക്കൾവീരഗാഥ” ആലപിക്കുന്നവർ ശ്രോതാക്കളിൽനിന്നും, “മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ”, “അപ്പന്റെയല്ലേ മോൻ” തുടങ്ങിയ, എത്ര ആവർത്തിച്ചാലും വിരസത അനുഭവപ്പെടാത്ത, അല്ലാഹു അക്ബറിനേക്കാൾ പുണ്യപുരാതനമായ കമന്റുകൾ പ്രതീക്ഷിക്കുന്നുണ്ടു്. നല്ലവരായ സുഹൃത്തുക്കൾ ആ പ്രതീക്ഷക്കൊപ്പം വളരാറുമുണ്ടു്. സുഹൃത്തുക്കളെയും, തനിയെ ഒരു കുട നിവർത്താനോ പിടിക്കാനോ പോലും ശേഷിയില്ലെങ്കിലും, രാജ്യഭരണം അച്ചട്ടായി നിർവ്വഹിക്കുന്ന നാടുവാഴികളെയുമെല്ലാം മഴയത്തോ വെയിലത്തോ നിർത്താതിരിക്കാനുള്ള ബാദ്ധ്യത നല്ല മനുഷ്യർക്കുണ്ടു്. അഥവാ, പനയോലവചനം അനുസരിച്ചു് അത്തരം മനുഷ്യർക്കേ നല്ല മനുഷ്യർ എന്ന വിശേഷണത്തിനു് അർഹതയുള്ളു.
കയ്പുള്ള കഷായം കുടിക്കേണ്ടിവരുമ്പോൾ, വായിലെ കയ്പുരസം പോയിക്കിട്ടാൻ, പഥ്യം അനുവദിക്കുന്ന പക്ഷം, തേനോ കൽക്കണ്ടമോ മറ്റോ കുഞ്ഞുങ്ങളുടെ നാവിൽ വച്ചുകൊടുക്കുന്ന ഒരു രീതിയുണ്ടു്. അതുവഴി, കഷായമല്ല, കൽക്കണ്ടമാണു് രോഗശാന്തിക്കു് കാരണമാവുന്നതു് എന്ന തെറ്റായ നിഗമനത്തിലേക്കു് കുഞ്ഞുങ്ങൾ എത്തിച്ചേർന്നുകൂടെന്നില്ല. ശ്രോതാക്കൾക്കു് അരോചകമായി തോന്നാതിരിക്കാനായി, തത്വചിന്ത, ശാസ്ത്രം തുടങ്ങിയ “തിക്തക”വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ അവയിൽ ഹ്യൂമറിന്റെ കൽക്കണ്ടങ്ങൾ ചേർക്കാറുണ്ടു്. അവധാനപൂർവ്വം ചെയ്തില്ലെങ്കിൽ അടപടലേ പാളിപ്പോകാവുന്ന ഒരു ഏർപ്പാടാണതു്. “യുക്തിവാദമല്ല നിരീശ്വരവാദം” എന്നും മറ്റുമുള്ള കേവലപ്രസ്താവനകൾ ശാസ്ത്രാധിഷ്ഠിതതത്വചിന്തയുടെ മൂര്‍ദ്ധന്യദശയിലെ വെളിപാടുകളാണെന്ന ഉത്തമബോദ്ധ്യമുള്ള അഡ്വെഞ്ചറേഴ്സ് ചുറ്റിത്തിരിയുന്ന ഓൺലൈൻ ലോകത്തിൽ ഇക്കാര്യത്തിൽ എത്ര ശ്രദ്ധിച്ചാലും അതു് കൂടുതലാവില്ല. വിഗ്രഹത്തിനു് പൂമാല ചാർത്തുന്നതും, കുരങ്ങിനു് പൂമാല നൽകുന്നതും തമ്മിൽ “അജഗജാന്തരവ്യത്യാസം” ഉണ്ടു്: ആദ്യത്തേതു് അജവും, രണ്ടാമത്തേതു് ഗജവുമാണു്. മറിച്ചായാൽ ശരിയാവില്ല. ഭക്തിയുടെ ലോകം എസ്സെൻസിന്റേതല്ല, ഫോമിന്റെയും ഫോർമാലിറ്റികളുടേതുമാണു്. നെറ്റിയിൽ “എസ്സെൻസ്” എന്നു് എഴുതിവയ്ക്കാൻ തലയ്ക്കുള്ളിൽ സെൻസ് വേണമെന്നില്ല എന്നു് ചുരുക്കം. മാത്രവുമല്ല, സെൻസില്ലായ്മയും ഉളുപ്പില്ലായ്മയും കോംപ്ലെമെന്ററിയുമാണു്.
വാൽക്കഷണം:
ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷൻ അനുശാസിക്കുന്നതനുസരിച്ചു്, അയ്യപ്പഭക്തർക്കു് ലിംഗ-, പ്രായഭേദമെന്യേ ശബരിമലയിലെ അയ്യപ്പസന്നിധാനം സന്ദർശിക്കാൻ കഴിയണം. അതിനെ നിഷേധിക്കുന്ന ഏതു് നിലപാടും റിയാക്ഷനറിയാണു്. അതിൽ കൂടുതലെന്തെങ്കിലും സുപ്രീം കോർട്ട് പറഞ്ഞെന്നോ, പറയുമെന്നോ എനിക്കു് തോന്നുന്നില്ല. ചൈനയും തുർക്കിയും പോളണ്ടുമെല്ലാം നടപ്പിലാക്കുന്നതും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ നീതിനിർവഹണരീതി ഏറ്റെടുക്കാൻ ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണെന്റെ അറിവു്. എങ്കിലും, എവിടെ മതമുണ്ടോ അവിടെ അതിന്റെ കൊണവുമുണ്ടാവുമെന്നതിനാൽ, ഭാവിയിൽ മതമോ കമ്മ്യൂണിസമോ ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന പക്ഷം, പള്ളിയിൽ പോകലും, സ്വേച്ഛാപരമായി ശമ്പളം പിടിച്ചുപറിക്കലും പോലുള്ള കാര്യങ്ങളിൽ, സർവ്വാധിപത്യശക്തികളെ തൃപ്തിപ്പെടുത്തുന്നതരം തീരുമാനങ്ങൾ കൈക്കൊള്ളാൻ കോടതികൾ നിർബന്ധിതരാക്കപ്പെട്ടുകൂടെന്നില്ല.
ശബരിമലയിലെന്നല്ല, മറ്റുമലകളിലും കയറാൻ ഇഷ്ടപ്പെടുന്ന ധാരാളം മനുഷ്യരുണ്ടു്. അവരതു് ചെയ്യുന്നതു് 41 ദിവസം വ്രതമെടുത്തോ, കറുത്ത വസ്ത്രം ധരിച്ചുകൊണ്ടോ അല്ല. അതിനു് അവർക്കു് വേണ്ടതു് ഓരോ മലയുടെയും സാഹചര്യങ്ങൾക്കും കാലാവസ്ഥക്കും അനുസരിച്ച വസ്ത്രങ്ങളും, പാദരക്ഷകളും, വഴിയാഹാരത്തിനുള്ള മുൻകരുതലുകളുമാണു്. അതിനായി കെട്ടുകൾ അവർക്കും ആവശ്യമുണ്ടു്. അവ ഒരുമുടിയോ ഇരുമുടിയോ മുമ്മുടിയോ എന്നതിനേക്കാൾ, ആവശ്യമുള്ള വസ്തുക്കളെ ഉൾക്കൊള്ളാനുള്ള വലിപ്പം അവയ്ക്കുണ്ടോ എന്നതിനാണു് പ്രധാന്യം. അതിനാവശ്യം, വ്രതമെടുത്തു് ശരീരം ക്ഷയിപ്പിക്കുന്നതിനേക്കാൾ നല്ല ആഹാരം കഴിച്ചു് മല കയറാനുള്ള ആരോഗ്യം നിലനിർത്തലാണു്. സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ, ആർത്തവകാലത്തിനു് മുൻപുള്ള ബാല്യകാലമോ, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങുന്ന വാർദ്ധക്യകാലമോ അല്ല, ആർത്തവവും ആരോഗ്യവും ഉള്ള കാലം തന്നെയാണു് അതിനു് യോജിച്ചതു്. മലകൾക്കു് ഭക്തരെപ്പോലെ ഭ്രാന്തില്ലാത്തതിനാൽ, ആർത്തവമുള്ള സ്ത്രീകൾ മല കയറിയാൽ തങ്ങളുടെ നൈഷ്ഠികമോ, മറ്റിനങ്ങളിൽ പെട്ടതോ ആയ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നതിന്റെ പേരിൽ അവ കളക്റ്റീവായി കൂട്ടവിലാപം നടത്തി സ്ത്രീകളെ പിന്തിരിപ്പിക്കുമെന്ന ഭയവും വേണ്ട.
അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്ന ഭക്തകളെ തടയുന്നവരിൽ നിന്നും അവർ സംരക്ഷിക്കപ്പെടണം. അതിനു് കഴിവില്ലെങ്കിൽ, അതു് ചെയ്യുമെന്ന പ്രഖ്യാപനങ്ങൾ വലിയ വായിൽ നടത്താതിരിക്കുകയെങ്കിലും ചെയ്യണം. ശബരിമലയിൽ യുവതികളായ ഭക്തകൾക്കും പ്രവേശിക്കാമെന്നുള്ള കോടതിവിധി അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ അതിനെതിരായി സമരം ചെയ്യുന്നതിൽ അന്യായമായി ഒന്നുമില്ല. പക്ഷെ, അതു് നിരീശ്വരരോ, യുക്തിവാദികളോ ആയ യുവതികൾ അയ്യപ്പന്റെ മുന്നിൽപ്പോയി – തന്ത്രിരരും, സൂത്രശരരും, രാജവംശരരും ചേർന്നു് അയ്യപ്പനെ ഇരുത്തിയിരിക്കുന്നതുപോലെ – കവച്ചു് കുത്തിയിരുന്നു്, അതിന്റെ സെല്ഫിയെടുത്തു് സോഷ്യൽ മീഡിയകളിൽ പരസ്യപ്പെടുത്തി തന്റെ ഈർപ്പപ്രദേശത്തിന്റെ മഹത്വം സകല ലോകത്തെയും കാണിക്കുന്നതിലൂടെയാവണമെന്നില്ല. ഉള്ളതേ കാണിക്കാൻ പറ്റൂ എന്നതു് ശരിതന്നെ. പക്ഷെ, അതിനു് ഉള്ളതെല്ലാം എവിടെയും തുറന്നു് കാണിക്കണമെന്നു് അർത്ഥമില്ല.
യുവസ്ത്രീകളെ പിടിച്ചുകെട്ടി പോലീസ് അകമ്പടിയോടെ ശബരിമലയിൽ എത്തിച്ചു് അയ്യപ്പനെക്കൊണ്ടു് അനുഗ്രഹിപ്പിക്കണമെന്നു് സുപ്രീം കോർട്ട് എന്നല്ല, സുബോധമുള്ള ഏതെങ്കിലുമൊരു വ്യക്തിയോ ഏജൻസിയോ പറയുമെന്നു് കരുതാൻ മാത്രം ഞാനൊരു ഐഡിയോളജി അടിമയല്ല. ഇന്ത്യയിലെ ജഡ്ജിമാർ ശുംഭന്മാരാണെന്ന അഭിപ്രായം ഞാനിതുവരെ പ്രകടിപ്പിച്ചിട്ടില്ലാത്തതിനാൽ, വേണ്ടവരെയും വേണ്ടാത്തവരെയും ശബരിമലയിൽ എത്തിച്ചു് ഇന്ത്യൻ നിയമസംഹിതയെ മാനിക്കുന്ന ഒരു മാന്യവ്യക്തിയാണു് ഞാനെന്ന തിരുത്തിയ തോന്നൽ മനുഷ്യരിൽ ജനിപ്പിക്കേണ്ട ആവശ്യവും എനിക്കില്ല. വാടകക്കൊലയാളികൾക്കു് ക്വൊട്ടേഷൻ കൊടുക്കുന്നതരം കാട്ടാളത്തത്തിന്റെ പ്രതിനിധി എന്ന കുപ്രസിദ്ധി ഞാൻ നേടിയിട്ടില്ല. അതുകൊണ്ടു്, കാണുന്നവരോടെല്ലാം, എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ എന്നു് ചോദിക്കേണ്ട ഗതികേടുമില്ല.