(വോൾട്ടയറുടെ Cosi-Sancta, petit mal un pour un grand bien-ന്റെ സ്വതന്ത്ര പരിഭാഷ)
പരിണതഫലങ്ങൾ എത്ര നല്ലതാവാനുള്ള സാദ്ധ്യത ഉണ്ടെങ്കിലും, അതിനായി ഒരു ചെറിയ ചുവടുപിഴപോലും അനുവദിക്കരുതു് എന്ന സദാചാരനിയമം അത്ര നീതിയുക്തമല്ല. വിശുദ്ധ അഗസ്റ്റിനും പൂർണ്ണമായും ഈ അഭിപ്രായക്കാരനായിരുന്നു എന്നുവേണം ഊഹിക്കാൻ. പ്രോകോൺസുലേറ്റ് സെപ്റ്റിമിയുസ് അസിൻഡിനുസിന്റെ കീഴിലായിരുന്ന തന്റെ ഇടവകയിൽ സംഭവിക്കാനിടയായ ഒരു സാഹസത്തെ സംബന്ധിച്ചു് ‘ദൈവരാജ്യത്തെപ്പറ്റി’ എന്ന തന്റെ പുസ്തകത്തിൽ വി. അഗസ്റ്റിൻ നൽകുന്ന വർണ്ണന അതുപോലൊരു നിഗമനത്തിലേക്കാണു് നമ്മെ നയിക്കുന്നതു്.
പ്രസിദ്ധരായ ഒട്ടേറെ പുരോഹിതന്മാർക്കു് സന്യാസിസമൂഹങ്ങൾ സ്ഥാപിച്ചവനും, ആ പട്ടണപ്രദേശത്തെ ചെറുപ്പക്കാരികളായ മുഴുവൻ പെൺകുട്ടികളുടെയും കുമ്പസാരപിതാവുമായിരുന്ന ഒരു വൃദ്ധൻ ഹിപ്പോയിൽ ജീവിച്ചിരുന്നു. അവൻ ഒരു പ്രവാചകനായിരുന്നതിനാൽ, ദൈവാനുഗ്രഹത്താൽ ജ്ഞാനിയായിത്തീർന്നവനാണു് അവൻ എന്നു് പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. ഏതായാലും, ഒരു ബിസിനസ് എന്ന നിലയിൽ വിലയിരുത്തിയാൽ അവന്റെ തൊഴിലിൽ അവൻ ശരിക്കും തിളങ്ങിയിരുന്നു.
ഒരു ദിവസം ആ പ്രവിശ്യയിലെ ഏറ്റവും സുന്ദരിയായിരുന്ന കോസി-സാങ്ക്റ്റ എന്നൊരു പെൺകുട്ടിയെ ആളുകൾ അവന്റെയടുത്തു് കൊണ്ടുവന്നു. ജാൻസെനിസ്റ്റ് (Jansenism) വിഭാഗത്തിലെ അംഗങ്ങളായിരുന്ന അവളുടെ മാതാപിതാക്കൾ അവളെ നിരുപാധികമായ സ്വഭാവശുദ്ധിയുടെ പ്രമാണങ്ങൾ പാലിക്കാൻ ശീലിപ്പിച്ചിരുന്നു. പ്രാർത്ഥനാനിരതയായി അവൾ മിഴികൾ ദൈവസന്നിധിയിലേക്കു് ഉയർത്തിയിരിക്കുന്ന സമയത്തു് അതിൽനിന്നും ഒരുനിമിഷനേരത്തേക്കുപോലും അവളുടെ ശ്രദ്ധ തിരിക്കാൻ അവളുടെ ആരാധകക്കൂട്ടത്തിൽ അംഗമായവർക്കുപോലും കഴിഞ്ഞിരുന്നില്ല. കാര്യങ്ങൾ ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ, ഏതാനും ദിവസങ്ങൾക്കു് മുൻപു് ഹിപ്പോയിലെ ഹൈക്കോടതിയിലെ കൗൺസിലറായ കാപിറ്റോ എന്ന കുറിയവനും, തൊലിയിൽ ചുളിവു് വീണുതുടങ്ങിയവനുമായ ഒരു വൃദ്ധനുമായി അവളുടെ വിവാഹനിശ്ചയം നടന്നു. ബുദ്ധിയില്ലാത്തവനായിരുന്നില്ല എങ്കിലും, അവൻ കോപിയും ദുർമ്മുഖനും സംഭാഷണങ്ങളിൽ തീവ്രത പുലർത്തിയിരുന്നവനുമായിരുന്നു. കൂടാതെ, അവൻ പരിഹാസിയും അൽപസ്വൽപമൊക്കെ രസികത്വം ആരോപിക്കാവുന്ന ഒരു തമാശക്കാരനും അതോടൊപ്പം ഒരു വെനീസുകാരനെപ്പോലെ അസൂയാലുവുമായിരുന്നു. എല്ലാറ്റിലുമുപരി, തന്റെ ഭാര്യയുടെ കാമുകരുമായി സൗഹൃദത്തിലായിരിക്കുക എന്നതു് യാതൊരു കാരണവശാലും അംഗീകരിക്കാൻ അവനു് കഴിയുമായിരുന്നില്ല. ഇത്തരം ദുർഘടതകളുടെ വിടവിലൂടെയാണു് അവനുമായി സ്നേഹത്തിലാവാൻ തന്നാലാവുന്നതെല്ലാം ആ കൊച്ചുപെണ്ണു് ചെയ്തുകൊണ്ടിരുന്നതു്. എന്തായാലും അവൻ അവളുടെ ഭർത്താവാവേണ്ടവൻ തന്നെയാണല്ലോ. അങ്ങനെ അവൾ ആത്മാർത്ഥമായി ശ്രമിച്ചുവെങ്കിലും അവൾക്കു് കൈവരിക്കാൻ കഴിഞ്ഞ നേട്ടം ഹൃദയംഗമമായി വളരെ കുറച്ചുമാത്രമായിരുന്നു.
ഈ പശ്ചാത്തലത്തിലാണു് തന്റെ വിവാഹജീവിതം മംഗളകരമാവുമോ എന്നറിയാൻ കോസി-സാങ്ക്റ്റ പ്രവാചകനായ നമ്മുടെ പുരോഹിതനെ തേടിച്ചെന്നതു്. ഒരു പ്രവാചകന്റേതായ സ്വരത്തിൽത്തന്നെ ആ വൃദ്ധൻ പ്രസ്താവിച്ചു: “പ്രിയ മകളേ, നിന്റെ ഗുണങ്ങൾ ഏറെ തിന്മകൾക്കു് കാരണമാവും, എങ്കിലും മൂന്നുപ്രാവശ്യം വ്യഭിചാരം ചെയ്തതിന്റെ പേരിൽ ഒരിക്കൽ നീ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടും.” ഈ പ്രവചനം വഴി ചിന്താക്കുഴപ്പത്തിലായ സുന്ദരിയായ ആ പെൺകുട്ടി ആകെ വിഷമത്തിലായി. അവന്റെ വാക്കുകൾക്കു് പിന്നിൽ രഹസ്യമായ എന്തോ അർത്ഥം മറഞ്ഞിരിക്കുന്നുണ്ടെന്നു് കരുതിയതിനാൽ അവൾ ഒരു വിശദീകരണത്തിനായി കരയാൻ തുടങ്ങി. പക്ഷേ, അവൾക്കു് ആകെ ലഭിച്ച വിശദീകരണം അവൾ മൂന്നുപ്രാവശ്യം വ്യഭിചരിക്കുന്നതു് ഒരേ കാമുകനുമായുള്ള മൂന്നു് റോൺഡെവ്യൂ വഴിയല്ല, മൂന്നു് വ്യത്യസ്ത വ്യക്തികളുമായുള്ള ലൈംഗികസാഹസങ്ങൾ വഴിയായിരിക്കും എന്നു് മാത്രമായിരുന്നു.
കോസി-സാങ്ക്റ്റ അലറിക്കരഞ്ഞുകൊണ്ടു് ആ പുരോഹിതനെ അധിക്ഷേപിക്കാനും താനൊരിക്കലും, ഒരു കാരണവശാലും വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയില്ലെന്നു് ആണയിടാനും തുടങ്ങി. പക്ഷേ, നമ്മൾ ഉടനെ കാണാനിരിക്കുന്നതുപോലെ ആ പ്രവചനം സംഭവിക്കുകതന്നെ ചെയ്തു.
താമസിയാതെ ഗംഭീരമായ ചടങ്ങുകളോടെ കോസി-സാങ്ക്റ്റ വിവാഹിതയായി. നവദമ്പതികളുടെ ലജ്ജയെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ വിവാഹാനന്തര ചടങ്ങുകളിൽ സാധാരണയായി നടത്തപ്പെടുന്ന അരോചകമായ പരോക്ഷസൂചനകളും ഉറയില്ലാത്ത ദ്വയാർത്ഥപ്രയോഗങ്ങളും വിഡ്ഢിത്തങ്ങളും നിറഞ്ഞ ആശംസാപ്രസംഗങ്ങളെ അവൾ വലിയ താത്പര്യമൊന്നും പ്രദര്‍ശിപ്പിക്കാതെ കേട്ടുകൊണ്ടിരുന്നു. എങ്കിലും, അവളുടെ ഭർത്താവു് “ബീഭത്സർ” എന്നു് വിശേഷിപ്പിച്ചവരും ദീര്‍ഘകായരും സുമുഖരുമായ ഏതാനും ചെറുപ്പക്കാരോടൊപ്പം അവൾ ഔത്സുക്യത്തോടെ നൃത്തം ചെയ്യുകയുണ്ടായി.
ചടങ്ങുകൾക്കെല്ലാം ഒടുവിൽ ചെറിയ വൈമനസ്യത്തോടെ അവൾ കുറിയ കാപിറ്റോയോടൊപ്പം മണിമെത്തയിൽ കിടന്നു. രാത്രി മുഴുവനും ഉറങ്ങിയെങ്കിലും ഉണർന്നപ്പോൾ അവൾ മധുരസ്വപ്നങ്ങളാൽ നിറഞ്ഞവളായിരുന്നു. ആ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു പക്ഷേ അവളുടെ ഭർത്താവായിരുന്നില്ല. അവൾക്കു് വ്യക്തമായ ധാരണയൊന്നുമില്ലാത്തവിധം ഒരു ഒഴിയാബാധയായി അവളുടെ തലയിൽ കൂടിയിരുന്നതു് റിബാൾഡോസ് എന്നൊരുവൻ ആയിരുന്നു. കാമദേവൻ സ്വന്തകയ്യാൽ സൃഷ്ടിച്ചതായാലെന്നപോലെ, സൗന്ദര്യവും ധീരതയും താന്തോന്നിത്തവും ഒരുപോലെ ആ യുവാവിൽ ഇണങ്ങിച്ചേർന്നിരുന്നു. അവൻ അൽപം അവിവേകിയായിരുന്നു എന്നതു് നിഷേധിക്കാനാവുമായിരുന്നില്ലെങ്കിലും, അവിവേകം അതാഗ്രഹിച്ചിരുന്ന സ്ത്രീകളുടെ അടുത്തു് മാത്രമായി അവൻ ചുരുക്കിയിരുന്നു. ഹിപ്പോ പട്ടണം ഒരു കോഴിക്കൂടായിരുന്നെങ്കിൽ അതിലെ കോഴിപ്പൂവനായിരുന്നു അവൻ. ആ പട്ടണത്തിലെ മുഴുവൻ സ്ത്രീകളെയും അവൻ ഇളക്കിവിട്ടു് തമ്മിൽത്തല്ലിച്ചു. അതുവഴി, സകല ഭർത്താക്കന്മാരിൽനിന്നും അമ്മമാരിൽനിന്നും അവനും അകലേണ്ടിവന്നു. അൽപം ചാഞ്ചാട്ടവും സ്വൽപം പൊങ്ങച്ചവുമൊക്കെ ആയിരുന്നു സാധാരണഗതിയിൽ അവന്റെ പ്രണയങ്ങളുടെ അടിസ്ഥാന നമ്പരുകളെങ്കിൽ, കോസി-സാങ്ക്റ്റയെ അവൻ പ്രേമിച്ചതു് ആത്മാർത്ഥമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ അവളെ കീഴടക്കൽ പ്രയാസമേറിയതാവുന്തോറും അവന്റെ പ്രണയവും കൂടിയതേയുള്ളു. ബുദ്ധിമാനായ ഒരു കാമുകൻ എന്ന നിലയിൽ അവൻ ആദ്യം അവളുടെ ഭർത്താവിനു് തന്നിൽ മതിപ്പു് ജനിപ്പിക്കാൻ ശ്രമിച്ചു. എല്ലാവിധത്തിലും അവൻ കാപിറ്റോയെ സന്തോഷിപ്പിക്കാൻ ബദ്ധശ്രദ്ധനായി. കാഴ്ചയിൽ നല്ല ഭംഗിയുള്ളവനാണു് കാപിറ്റോ എന്നു് പുകഴ്ത്തി, അവന്റെ തമാശകളെ കയ്യോടെ അനുമോദിച്ചു. അവർ തമ്മിലുള്ള കളികളിൽ അവൻ മനഃപൂർവ്വം തോറ്റു് പണം നഷ്ടപ്പെടുത്തി. അപ്രസക്തമായ കാര്യങ്ങളെപ്പറ്റി പരമരഹസ്യമെന്നോണം അവനു് വിവരങ്ങൾ കൈമാറി. ഇതിന്റെയൊക്കെ ഫലമായി റിബാൾഡോസ് ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ മനുഷ്യനായി കോസി-സാങ്ക്റ്റയ്ക്കു് തോന്നി എന്നു് മാത്രമല്ല, അവൾക്കു് ആലോചിക്കാൻ കഴിയുന്നതിലും കൂടുതലായി അവൾ അവനെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തു. അവൾ അതിനെപ്പറ്റിയൊന്നും കാര്യമായി ചിന്തിച്ചിരുന്നില്ലെങ്കിലും, അവളുടെ ഭർത്താവു് അവളെപ്പറ്റി ചിന്തിച്ചിരുന്നു. മറ്റൊരു മനുഷ്യനും കഴിയാത്തത്ര അളവിൽ സ്വയംസംതൃപ്തനായിരുന്നു അവനെങ്കിലും, റിബാൾഡോസിന്റെ സന്ദര്‍ശനങ്ങൾ തന്നെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന കാര്യത്തിൽ അവനു് ഒട്ടുംതന്നെ സംശയമുണ്ടായിരുന്നില്ല. അതിനാൽ, പരിഹാസ്യം എന്നുമാത്രം വിശേഷിപ്പിക്കേണ്ട ഒരു നിസ്സാരകാരണം ചൂണ്ടിക്കാണിച്ചു് കാപിറ്റോ അവനുമായി തെറ്റുകയും ഭാവിയിൽ തന്റെ വീട്ടിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തു.
ഭർത്താവിന്റെ ഈ തീരുമാനത്തിൽ കോസി-സാങ്ക്റ്റ വളരെ ദുഃഖിതയായിരുന്നെങ്കിലും എന്തെങ്കിലുമൊരു അഭിപ്രായം പറയാൻ അവൾ ധൈര്യപ്പെട്ടില്ല. ഈവിധ പ്രയാസങ്ങൾ വഴി കൂടുതൽ പ്രണയരോഗിയായി മാറിയ റിബാൾഡോസ് വീണ്ടും ഒരു കൂടിക്കാഴ്ചക്കുള്ള അവസരം എങ്ങനെ കണ്ടെത്താം എന്ന ആലോചനയുമായി തന്റെ മുഴുവൻ സമയവും ചിലവഴിച്ചു. ഒരു സന്യാസി ആയും വസ്ത്രം വിൽപനക്കാരനായും പാവകളിക്കാരനായുമൊക്കെ വേഷം മാറുന്നതിനെപ്പറ്റി അവൻ ചിന്തിച്ചു. പക്ഷേ, അതൊന്നും തന്റെ ആരാധനാപാത്രത്തെ കീഴടക്കാൻ പര്യാപ്തമാവില്ലെന്നു് മാത്രമല്ല, അതൊക്കെ ഇത്തിരി അധികമായതിനാൽ അവളുടെ ഭർത്താവു് അതുവഴി അവനെ തിരിച്ചറിഞ്ഞുകൂടെന്നുമില്ല. അതേസമയം, കോസി-സാങ്ക്റ്റ അവളുടെ ആരാധകനുമായി ഏകാഭിപ്രായക്കാരി ആയിരുന്നെങ്കിൽ ഭർത്താവിനു് സംശയം തോന്നാത്ത വിധത്തിൽ മുൻകരുതലുകൾ എടുത്തുകൊണ്ടു് ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കാൻ റിബാൾഡോസിനു് ആവുമായിരുന്നു. പക്ഷേ, അവൾ അവളുടെ ആന്തരികമായ താത്പര്യത്തിനെതിരെ പൊരുതുകയായിരുന്നു എന്നതിനാലും, സ്വയം കുറ്റപ്പെടുത്തേണ്ട ആവശ്യമൊന്നും അതുവരെ ഇല്ലാതിരുന്നതിനാലും അവൾ “എന്നെക്കണ്ടാൽ കിണ്ണം കട്ടു എന്നു് തോന്നുമോ?” എന്ന നിലപാടു് സ്വീകരിച്ചു. അതു് അവൾ തീർത്തും കുറ്റക്കാരിയാണെന്ന തോന്നൽ അവളുടെ ഭർത്താവിൽ ജനിപ്പിക്കാനേ സഹായിച്ചുള്ളു.
ഭാര്യയുടെ വിശ്വസ്തതയിൽ അധിഷ്ഠിതമാണു് തന്റെ ബഹുമാനം എന്നായിരുന്നു കോപാകുലനായിത്തീർന്ന ആ ചെറിയ മനുഷ്യന്റെ ധാരണ. അവൻ അവളെ ക്രൂരമായ അധിക്ഷേപങ്ങളാൽ പൊതിയുകയും, മനുഷ്യർ അവളെ സൗന്ദര്യമുള്ളവളായി കണ്ടതിന്റെ മുഴുവൻ കുറ്റവും അവൾക്കു് നൽകി ശിക്ഷിക്കുകയും ചെയ്തു. ഒരു സ്ത്രീക്കു് സംഭവിക്കാവുന്നതിൽ വച്ചു് ഏറ്റവും ഭീകരമായ അവസ്ഥയിലായിരുന്നു കോസി-സാങ്ക്റ്റ: അന്യായമായ കുറ്റപ്പെടുത്തലുകൾ സഹിക്കേണ്ടിവന്നതു് കൂടാതെ, താൻ ആരോടു് വിശ്വസ്തയായിരുന്നോ ആ പുരുഷനിൽ നിന്നും അവൾക്കു് അപമര്യാദയായ പെരുമാറ്റങ്ങൾ ഏൽക്കേണ്ടിയും വന്നു. അതേസമയംതന്നെ, മനസ്സിൽ നിറയെ ജ്വലിച്ചിരുന്ന വികാരതീവ്രതയെ അവൾക്കു് എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചു് നേരിടേണ്ടിയുമിരുന്നു.
കാമുകൻ തനിക്കു് സ്വൈര്യം തന്നിരുന്നെങ്കിൽ ഭർത്താവു് തന്നോടു് ക്രൂരമായി പെരുമാറാതിരുന്നേനെ എന്നും, എല്ലാ പ്രതീക്ഷകളും നശിപ്പിക്കപ്പെട്ട ഒരു പ്രണയത്തിൽനിന്നും വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ സ്വതന്ത്രയാക്കാനാവുമെന്നും അവൾക്കുറപ്പായിരുന്നു. ഈ ഉത്തമബോദ്ധ്യത്തിന്റെ പേരിൽ അവൾ താഴെക്കാണുന്ന പ്രകാരം റിബാൾഡോസിനു് ഒരു എഴുത്തെഴുതി:
“നിങ്ങൾക്കു് ഒരു നല്ല മനസ്സാക്ഷി ഉണ്ടെങ്കിൽ, എന്നെ നിർഭാഗ്യവതിയാക്കുന്ന ഈ ഏർപ്പാടു് നിർത്തുക. നിങ്ങൾ എന്നെ പ്രേമിക്കുന്നു, പക്ഷേ, നിങ്ങളുടെ പ്രേമം ഭാവി ജീവിതകാലം മുഴുവൻ എന്റെ ഉടമയും നാഥനുമായവന്റെ സംശയത്തിനും ക്രൂരതക്കും എന്നെ വിധേയയാക്കുന്നു. ഞാൻ വരുത്തിവയ്ക്കുന്ന ഒരേയൊരു അപകടം ഇതുമാത്രമായിരിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ. എന്നോടു് ദയതോന്നി എന്നെ പിൻതുടരൽ നിങ്ങൾ അവസാനിപ്പിക്കുക. നിങ്ങളെയും എന്നെയും നിർഭാഗ്യരാക്കുന്നതും, അതുവഴി ഒരിക്കലും നിങ്ങൾക്കു് ഭാഗ്യവാനാവാൻ കഴിയാത്തതുമായ ഈ പ്രണയത്തിന്റെ പേരിൽ ഞാൻ നിങ്ങളോടു് ആണയിട്ടു് അപേക്ഷിക്കുന്നു.”
ധാർമ്മികമെങ്കിലും, ഇത്രമാത്രം മനസ്സലിയിക്കുന്ന ഒരു കത്തു് അവൾ പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതഫലമായിരിക്കും വരുത്തിവയ്ക്കുന്നതെന്നു് പാവം കോസി-സാങ്ക്റ്റക്കു് ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല. ഈ കത്തു് പതിവിലും എത്രയോ കൂടുതലായി റിബാൾഡോയുടെ പ്രണയാസക്തിയെ ആളിക്കത്തിച്ചു. തന്റെ കാമുകിയെ ഒരുമാത്ര വീണ്ടും കാണുന്നതിനുവേണ്ടി ജീവിതം തന്നെ പണയപ്പെടുത്താനായിരുന്നു അവന്റെ തീരുമാനം.
വരാനിരിക്കുന്ന കാര്യങ്ങളെ മുൻകൂട്ടി നേരിടാൻ മാത്രം പച്ചപ്പരമാർത്ഥി ആയിരുന്നതിനാൽ കാപിറ്റോ നല്ല കഴിവുള്ളവരായ ചാരന്മാരെ ഏർപ്പാടാക്കിയിരുന്നു. അവരിൽ നിന്നും, ഒരു കാർമ്മിലൈറ്റ് സന്ന്യാസിയുടെ വേഷത്തിൽ കോസി-സാങ്ക്റ്റയെ സമീപിച്ചു് അവളോടു് ഭിക്ഷ ചോദിക്കാനാണു് റിബാൾഡോസ് പരിപാടി തയ്യാറാക്കിയിരിക്കുന്നതെന്നു് അവൻ മനസ്സിലാക്കി. ഒരു കാർമ്മിലൈറ്റ് സന്ന്യാസിയുടെ വസ്ത്രം ഒരു ഭർത്താവിന്റെ ബഹുമതിയെ മറ്റെല്ലാറ്റിനേക്കാളും കൂടുതൽ അപകടകരമായി ബാധിക്കുന്ന ഒന്നാണെന്നു് കരുതിയിരുന്നതിനാൽ, അവനു് ആകെ നഷ്ടപ്പെട്ടതുപോലെ തോന്നി. ഒളിച്ചിരുന്നു് റിബാൾഡോസ് വരുമ്പോൾ പിടികൂടി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനുവേണ്ടി അവൻ നല്ല പ്രതിഫലം നൽകി കൂലിത്തല്ലുകാരെ ചുമതലപ്പെടുത്തി. ആ യുവാവു് വീട്ടിൽ പ്രവേശിച്ചപ്പോൾ അവനെ സ്വീകരിച്ചതു് ഈ കൂലിത്തല്ലുകാരായിരുന്നു. താൻ ബഹുമാന്യനായ ഒരു കാർമ്മിലൈറ്റ് സന്ന്യാസിയാണെന്നും, ഒരു പാവം സന്ന്യാസിയെ ഇങ്ങനെ കൈകാര്യം ചെയ്യുന്നതു് മഹാ പാപമാണെന്നും ആവുന്നത്ര ഉച്ചത്തിൽ അവൻ വിളിച്ചുപറഞ്ഞിട്ടും ഒരു ഗുണവുമുണ്ടായില്ല – അവർ ആക്രമിച്ചു് നിലംപരിശാക്കിയ റിബാൾഡോസ് തലയ്ക്കേറ്റ ഒരു അടിയുടെ ഫലമായി പതിനാലു് ദിവസങ്ങൾക്കു് ശേഷം മരണമടഞ്ഞു. ആ പട്ടണത്തിലെ മുഴുവൻ സ്ത്രീകളും അവന്റെ പേരിൽ വിലപിച്ചു. കോസി-സാങ്ക്റ്റയെ ആശ്വസിപ്പിക്കാനാവുമായിരുന്നില്ല, കാപിറ്റോ പോലും കോപാകുലനായി, പക്ഷേ, അതിന്റെ കാരണം അവൻ മറ്റൊരു ദുഷിച്ച സംഗതി വലിച്ചു് തലയിൽ വച്ചതായിരുന്നു.
പ്രോകോൺസൽ അസിൻഡിനുസിന്റെ ഒരു ബന്ധുവായിരുന്നു റിബാൾഡോസ്. അതിനാൽ ഈ ചതിക്കൊലപാതകത്തിന്റെ ഉത്തരവാദിയെ മാതൃകാപരമായി ശിക്ഷിക്കാൻ ആ റോമാക്കാരൻ ആഗ്രഹിച്ചു. ഹിപ്പോയിലെ ഹൈക്കോടതി കൗൺസിലറായ കാപിറ്റോയുമായി ഒരു “പപ്പുപറിക്കൽ” പണ്ടേതന്നെ ബാക്കിയുണ്ടായിരുന്നതിനാൽ, അവനെ തൂക്കിലേറ്റാൻ ഉതകുന്ന ഈ കാര്യത്തിന്റെ ചുമതല അവൻ സന്തോഷത്തോടെ ഏറ്റെടുത്തു. കാപിറ്റോ മുഴുവൻ രാജ്യത്തിലും വച്ചു് ഏറ്റവും വലിയ പൊങ്ങച്ചക്കാരനും അസഹ്യനുമായ ഒരു പീറനിയമജ്ഞനായിരുന്നതിനാൽ ഇത്ര തിടുക്കത്തിൽ വിധിവിഹിതം അവനെ തേടിവന്നതിൽ അസിൻഡിനുസ് അതീവസന്തുഷ്ടനായി.
അവളുടെ കാമുകനെ തല്ലിക്കൊന്നതു് അനുഭവിക്കേണ്ടിവന്ന കോസി-സാങ്ക്റ്റ ഇപ്പോൾ സ്വന്തം ഭർത്താവിനെ തൂക്കിക്കൊല്ലുന്നതും കാണേണ്ടിവരുന്ന അവസ്ഥയിലായി – അതെല്ലാമാണെങ്കിലോ, അവൾ നിർമ്മലയായതിന്റെ പേരിലും. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ, അവൾ റിബാൾഡോയുടെ പ്രണയത്തിനുനേരെ അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിൽ അവൾക്കതു് അവളുടെ ഭർത്താവിൽ നിന്നും നിഷ്പ്രയാസം മറച്ചുവയ്ക്കാനാവുമായിരുന്നു.
നമ്മുടെ പുരോഹിതന്റെ പ്രവചനം അങ്ങനെ പകുതി നിവൃത്തിയായി. അതിനെപ്പറ്റി ഓർത്തപ്പോൾത്തന്നെ, ബാക്കിയും കൂടി സംഭവിക്കുമോ എന്ന ഭയം അവളെ പിടികൂടി. എങ്കിലും, മനുഷ്യനു് അവന്റെ വിധിയെ ഒഴിവാക്കാൻ ആവില്ല എന്നു് അവൾ വിശ്വസിച്ചിരുന്നതിനാൽ, ലോകത്തിലെ ഏറ്റവും അന്തസ്സുറ്റ വഴിയെ തന്നെ തന്റെ അന്ത്യലക്ഷ്യത്തിലേക്കു് നയിക്കേണ്ട ചുമതല അവൾ ദൈവത്തെ ഭരമേൽപ്പിച്ചു.
പ്രോകോൺസൽ അസിൻഡിനുസ് ഒരു സ്ത്രീലമ്പടൻ എന്നതിനേക്കാൾ കൂടുതലായി മദ്യപിച്ചു് കൂത്താടുന്ന ഒരു വെറിയനുമായിരുന്നു. വലിയ ആലോചനയൊന്നുമില്ലാത്ത ഒരു ക്രൂരനും, അതിക്രമക്കാരനും, കാവൽസൈന്യഹീറോയുമായിരുന്ന അവനെ ജനങ്ങൾ ഭയപ്പെട്ടിരുന്നു. അവന്റെ ശത്രുത ഒഴിവാക്കാൻ മാത്രമായി ഹിപ്പോയിലെ സകല സ്ത്രീകൾക്കും അവനുമായി ചില ഏർപ്പാടുകളെല്ലാം ഉണ്ടായിരുന്നു. അവൻ കോസി-സാങ്ക്റ്റയെ വിളിച്ചുവരുത്തി. കണ്ണുനീരിൽ കുതിർന്നാണു് അവൾ എത്തിയതെങ്കിലും അതുവഴി അവൾക്കു് കൂടുതൽ ആകർഷണീയത കൈവരികയായിരുന്നു. അവൻ അവളോടു് പറഞ്ഞു: “മഹതീ, നിങ്ങളുടെ ഭർത്താവു് തൂക്കിലേറ്റപ്പെടേണ്ട കുറ്റമാണു് ചെയ്തിരിക്കുന്നതു്. അവനെ രക്ഷിക്കാൻ നിങ്ങൾക്കു് മാത്രമേ കഴിയൂ.” “അവന്റെ ജീവനുവേണ്ടി എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണു്” അവളറിയിച്ചു. “അതു് ആരും നിങ്ങളോടു് ആവശ്യപ്പെടുന്നില്ല” അവൻ പ്രതികരിച്ചു. “അല്ലാതെ ഞാൻ എന്താണു് ചെയ്യേണ്ടതു്?” അവൾ ചോദിച്ചു. “ഒരു രാത്രിയിലേക്കു് നിങ്ങളെ എനിക്കു് വേണം.” മറുപടിയായി പ്രോകോൺസൽ പറഞ്ഞു. “എന്റെ രാവുകൾ എന്റേതല്ല, എന്റെ ഭർത്താവിന്റേതാണു്.” കോസി-സാങ്ക്റ്റ അറിയിച്ചു. “എന്റെ രക്തം അവനായി നൽകാൻ ഞാൻ തയ്യാറാണു്, പക്ഷേ എന്റെ മാനം ബലികഴിക്കാൻ എനിക്കാവില്ല.” “നിങ്ങളുടെ ഭർത്താവു് അനുവദിച്ചാലോ?” അവൻ ചോദിച്ചു. “അവനാണു് എന്റെ നാഥൻ. ഓരോ ഉടമസ്ഥനും അവന്റെ വസ്തുവകകളെപ്പറ്റി സ്വന്ത ഇഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കുന്നു. പക്ഷേ, എന്റെ ഭർത്താവിനെ എനിക്കറിയാം. അവനൊരിക്കലും അതു് ചെയ്യില്ല. അവൻ നല്ലൊരു പിടിവാശിക്കാരനായതിനാൽ എന്നെ അന്യർ വിരലുകൊണ്ടു് തൊടുന്നതിലും ഭേദം തൂക്കിലേറാനാവും അവൻ ഇഷ്ടപ്പെടുന്നതു്.” അവൾ ഉറപ്പിച്ചു് പറഞ്ഞു. അതു് നമുക്കു് കാണാമെന്നായിരുന്നു ആ ജഡ്ജിയുടെ ദ്വേഷ്യത്തോടെയുള്ള മറുപടി.
ഉടനെതന്നെ പ്രതിയെ തന്റെ മുന്നിൽ ഹാജരാക്കാൻ അവൻ കൽപിച്ചു. തൂക്കിലേറുന്നതോ “കൊമ്പു് മുളയ്ക്കുന്നതോ” വേണ്ടതെന്നു് തീരുമാനിക്കാൻ അവനു് അവസരം നൽകി. ഒഴികഴിവൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആ ചെറിയ മനുഷ്യൻ ദീർഘനേരം നിർബന്ധിപ്പിച്ചു. അവസാനം, അവന്റെ സ്ഥാനത്തു് മറ്റാരായിരുന്നെങ്കിലും എടുക്കുമായിരുന്ന തീരുമാനംതന്നെ അവനും എടുത്തു. സഹാനുഭൂതിയോടെ അവന്റെ ഭാര്യ അവന്റെ ജീവൻ രക്ഷിച്ചു – അതായിരുന്നു മൂന്നു് പ്രാവശ്യത്തേതിൽ ഒന്നാമത്തേതു്.
അതേദിവസം തന്നെ കോസി-സാങ്ക്റ്റയുടെ മകനു് ഹിപ്പോയിലെ സകല ഡോക്ടർമ്മാർക്കും അജ്ഞാതമായിരുന്ന ഒരു അപൂർവ്വരോഗം പിടിപെട്ടു. ആ രോഗം ഭേദമാക്കാൻ കഴിയുന്ന രഹസ്യം അറിയാമായിരുന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നു. പക്ഷേ, അവൻ ഹിപ്പോയിൽ നിന്നും ഏതാനും മൈലുകൾ അകലെ അക്വീല എന്ന പട്ടണത്തിലായിരുന്നു താമസിച്ചിരുന്നതു്. പ്രാക്ടീസ് ചെയ്യുന്ന പട്ടണത്തിലല്ലാതെ മറ്റു് സ്ഥലങ്ങളിൽ രോഗികളെ ചികിത്സിക്കാൻ പോകുന്നതിൽ നിന്നും അക്കാലത്തു് എല്ലാ ഡോക്ടർമ്മാരെയും നിരോധിച്ചിരുന്നു. അതിനാൽ കോസി-സാങ്ക്റ്റക്കു് അവന്റെ അടുത്തേക്കു് പോകുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അവൾ വളരെ സ്നേഹിച്ചിരുന്ന അവളുടെ ഒരു സഹോദരനുമായി അവൾ അക്വീലയിലേക്കു് പുറപ്പെട്ടു. കഷ്ടകാലത്തിനു് അവർക്കു് വഴിയിൽ പിടിച്ചുപറിക്കാരെ നേരിടേണ്ടിവന്നു. അവർ അവളുടെ സഹോദരനെ കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ കോസി-സാങ്ക്റ്റയും അവളുടെ സൗന്ദര്യവും അവരുടെ തലവന്റെ ദൃഷ്ടിയിൽ പെട്ടു. അവൾക്കു് ഒട്ടും ചിലവില്ലാത്ത അൽപം സൗമനസ്യം തന്നോടു് കാണിക്കാൻ അവൾ തയ്യാറായാൽ സഹോദരനെ കൊല്ലുക എന്ന പരിപാടി ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നു് അവളെ സമീപിച്ചുകൊണ്ടു് അവൻ പറഞ്ഞു. കാര്യം വളരെ അർജ്ജന്റായിരുന്നു. താൻ സ്നേഹിക്കാത്ത ഭർത്താവിന്റെ ജീവൻ രക്ഷിച്ച കോസി-സാങ്ക്റ്റക്കു് ഇപ്പോൾ നഷ്ടപ്പെടാൻ പോകുന്നതു് അവൾ ഏറെ സ്നേഹിച്ചിരുന്ന അവളുടെ സഹോദരനെയായിരുന്നു. അതിലുപരി, തന്റെ മകൻ നേരിടുന്ന അപകടസന്ധിയും അവളെ വല്ലാതെ അസ്വസ്ഥയാക്കിയതിനാൽ, ഒട്ടും സമയം നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവസ്ഥയിലായിരുന്നു അവൾ. സർവ്വശക്തനായ ദൈവത്തിന്റെ കൈകളിൽ തന്നെത്തന്നെ ഭരമേൽപ്പിച്ചുകൊണ്ടു് അവൾ അവളോടു് ആവശ്യപ്പെട്ടതു് ചെയ്തുകൊടുത്തു. മൂന്നു പ്രാവശ്യത്തിൽ രണ്ടാമത്തേതായിരുന്നു അതു്.
അന്നുതന്നെ അവർ അക്വീലയിൽ എത്തി ഡോക്ടറെ കണ്ടു. ഒരു പ്രത്യേക മൂഡിലാണു് എന്നതൊഴികെ മറ്റൊന്നിന്റേയും കുറവില്ലാത്ത സ്ത്രീകൾ വീട്ടിലേക്കു് വരുത്തുന്ന തരത്തിൽ പെട്ട ഒരു ആധുനികഫാഷൻ ഡോക്ടറായിരുന്നു അവൻ. അതിൽ ചില സ്ത്രീകൾക്കു് അവൻ വിശ്വസ്തനായ ഒരു സുഹൃത്തായിരുന്നുവെങ്കിൽ, മറ്റുചിലർക്കു് അവൻ ഒരു കാമുകനായിരുന്നു. സൗമ്യനും മര്യാദക്കാരനുമായിരുന്നെങ്കിലും ഇടയ്ക്കിടെ സൂത്രത്തിൽ രക്ഷപെടാൻ സഹായകമായിരുന്നു എന്നതൊഴികെ തന്റെ ഫാക്കൽറ്റിയുമായി കാര്യമായ ബന്ധമൊന്നും അവനുണ്ടായിരുന്നില്ല.
കോസി-സാങ്ക്റ്റ അവളുടെ മകന്റെ രോഗവിവരം വിവരിച്ചശേഷം വളരെ ഉയർന്ന ഒരു തുക അവന്റെ പ്രതിഫലമായി വാഗ്ദാനം ചെയ്തു. “ബഹുമാന്യയായ മഹതീ, ഈ തുകകൊണ്ടുള്ള പ്രതിഫലമല്ല ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതു്. നിങ്ങൾക്കു് സ്വയം ചെയ്യാൻ കഴിയുന്ന ഒരു ചികിത്സാരീതികൊണ്ടു് പ്രതിഫലം നൽകാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ എന്റെ മുഴുവൻ സ്വത്തും നിങ്ങൾക്കു് ബലിയർപ്പിക്കാൻപോലും ഞാൻ തയ്യാറാണു്. നിങ്ങൾ എന്നിൽ ഉണർത്തിയ രോഗത്തിൽ നിന്നും എന്നെ ചികിത്സിച്ചു് ഭേദമാക്കിയാൽ നിങ്ങളുടെ മകന്റെ ആരോഗ്യം ഞാൻ തിരിച്ചുനൽകും.” സ്ത്രീലോലനായ ആ ഡോക്ടർ അവളോടു് പറഞ്ഞു.
അവന്റെ നിർദ്ദേശം അസാധാരണമായി ആ യുവതിക്കു് തോന്നിയെങ്കിലും, വിധി അവളെ ഇതിനോടകം വിചിത്രമായ കാര്യങ്ങൾ ശീലിപ്പിച്ചിരുന്നു. നിർബന്ധബുദ്ധിക്കാരനായിരുന്ന ആ ഡോക്ടർ അവളുടെ മകന്റെ മരുന്നിനായി മറ്റൊരു പ്രതിഫലവും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഭർത്താവുമായി കൂടിയാലോചിക്കാൻ അവൾക്കു് കഴിയുമായിരുന്നില്ല, ഈ ലോകത്തിലെ ഏറ്റവും ചെറിയ ഒരു സഹായത്തിന്റെ പേരിൽ എല്ലാറ്റിലുമുപരി താൻ സ്നേഹിക്കുന്ന തന്റെ മകനെ മരിക്കാൻ അനുവദിക്കുക എന്നതു് അവൾക്കു് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. അവൾ ഒരു നല്ല സഹോദരി മാത്രമായിരുന്നില്ല, സ്നേഹവതിയായ ഒരു അമ്മയുമായിരുന്നു. ഡോക്ടർ നിശ്ചയിച്ച വിലനൽകി അവൾ മകന്റെ മരുന്നു് വാങ്ങിച്ചു – പുരോഹിതനാൽ പ്രവചിക്കപ്പെട്ട മൂന്നു് വ്യഭിചാരങ്ങളിൽ അവസാനത്തേതായിരുന്നു അതു്.
അങ്ങനെ പതിവ്രതയായതിന്റെ പേരിൽ കാമുകൻ കൊലചെയ്യപ്പെടാനും, ഭർത്താവു് തൂക്കിക്കൊലക്കു് വിധിക്കപ്പെടാനും ഇടവന്ന കോസി-സാങ്ക്റ്റക്കു് അൽപം സൗമനസ്യം കാണിക്കാൻ തയ്യാറായതിന്റെ ഫലമായി സഹോദരൻ കൊലചെയ്യപ്പെടാതിരിക്കാനും, ഭർത്താവിന്റെയും മകന്റെയും ജീവൻ രക്ഷപെടുത്താനും സാധിച്ചു. അതുപോലൊരു സ്ത്രീ ഒരു കുടുംബത്തിനു് ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമാണെന്നു് ലോകം മനസ്സിലാക്കി. അവളുടെ നിസ്വാർത്ഥതയിലൂടെ സ്വന്തക്കാർക്കു് ഒരുപാടു് നല്ല കാര്യങ്ങൾ ചെയ്തതിന്റെ പേരിൽ അവൾ മരണാനന്തരം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. അവളുടെ ശ്മശാനസ്തംഭത്തിൽ ഇങ്ങനെ എഴുതപ്പെട്ടിരുന്നു:
ഒരു ചെറിയ ചുവടുപിഴ ഒരുപാടു് നന്മ വരുത്തുന്നു.