RSS

Daily Archives: Dec 20, 2010

പ്രകൃത്യതീതനായ ദൈവം

“ഓരോ ദിവസവും, ഓരോ മിനുട്ടിലും നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിക്കുന്നവനും, ആകാശത്തിൽ ജീവിക്കുന്നവനും അദൃശ്യനും ആയ ഒരു മനുഷ്യൻ ഉണ്ടെന്നു് മതം മനുഷ്യരെ യഥാർത്ഥത്തിൽ ബോദ്ധ്യപ്പെടുത്തി. നിങ്ങൾ ചെയ്യരുതെന്നു് അവൻ ആഗ്രഹിക്കുന്നതായ പത്തു് കാര്യങ്ങളുടെ ഒരു പ്രത്യേക ലിസ്റ്റ്‌ അദൃശ്യനായ ആ മനുഷ്യന്റെ കൈവശമുണ്ടു്. ഈ പത്തു് കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു് നിങ്ങൾ ചെയ്താൽ, കാലത്തിന്റെ അവസാനം വരെ എന്നെന്നേക്കുമായി സഹിച്ചും കത്തിക്കരിഞ്ഞും വീർപ്പുമുട്ടിയും കരഞ്ഞും അലമുറയിട്ടും ജീവിക്കാനായി തീയും പുകയും ദഹിപ്പിക്കലും പീഡനവും വേദനയുംകൊണ്ടു് നിറഞ്ഞ ഒരു പ്രത്യേക സ്ഥലത്തേക്കു് അവൻ നിങ്ങളെ അയക്കും – പക്ഷേ, അവൻ നിങ്ങളെ സ്നേഹിക്കുന്നു!” – George Carlin

“അല്ലാത്തപക്ഷം നോർമ്മൽ ആയ മനുഷ്യരെ മാനസികവിഭ്രാന്തിയുടെ ഫലങ്ങൾ ശേഖരിക്കാനും, സ്വയം വിശുദ്ധർ എന്നു് കരുതാനും അനുവദിക്കുന്നു എന്നതാണു് മതപരമായ ഭക്തിയുടെ അപകടം. മറ്റെല്ലാ പ്രസ്താവങ്ങളും സാധൂകരിക്കപ്പെടണം എന്നപോലെ, മതപരമായ പ്രമാണങ്ങൾ സാധൂകരിക്കപ്പെടേണ്ടതില്ല എന്നു് ഓരോ പുതിയ തലമുറയിലേയും കുഞ്ഞുങ്ങൾ പഠിപ്പിക്കപ്പെടുന്നതിനാൽ, മാനവസംസ്കാരം ഇപ്പോഴും അസംബന്ധങ്ങളുടെ പട്ടാളങ്ങളാൽ വളയപ്പെടുന്നു. പുരാതന സാഹിത്യത്തിന്റെ പേരിൽ നമ്മൾ ഇപ്പോഴും നമ്മളെത്തന്നെ കൊല്ലുന്നു. പരിതാപകരമായ ഇതുപോലൊരു യുക്തിഹീനത സാദ്ധ്യമാണെന്നു് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?” – Richard Dawkins

ലോകം മുഴുവൻ മതാധിപത്യം വന്നാൽ

അഫ്ഘാനിസ്ഥാനിലെ ബാമിയാൻ താഴ്‌വരയിലെ ബുദ്ധപ്രതിമകളെ (Buddhas of Bamiyan) 2001-ൽ അല്ലാഹുവിന്റെ കൊലയാളികളായ താലിബാൻ മനഃപൂർവ്വം ഡൈനാമിറ്റ്‌ വച്ചു് തകർത്ത വാർത്ത കേൾക്കാത്തവർ ചുരുങ്ങും. ഗാന്ധാരസംസ്കാരത്തിന്റെയും ഗുപ്തസംസ്കാരത്തിന്റെയും ഒരു അനുപമസമന്വയം എന്നു് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പ്രദേശത്തെ ശിൽപങ്ങൾ UNESCO-യുടെ World Cultural Heritage പദവി ആസ്വദിച്ചിരുന്നു. ഈ കാട്ടാളനടപടിക്കു് നേരെ പരിഷ്കൃതലോകം മുഴുവനും ഉയർത്തിയ പ്രതിഷേധം പോലും താലിബാനെ അല്ലാഹുവിന്റെ നിയമം നടപ്പാക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല. ബുദ്ധന്റെ പ്രതിമകൾ താലിബാന്റെ ദൃഷ്ടിയിൽ വെറും വിഗ്രഹങ്ങളായിരുന്നു. അന്യന്റെ വിഗ്രഹങ്ങളെ ആരാധിക്കാതിരുന്നാൽ മാത്രം പോരാ, അവയെ കാഫിറുകളായ സായിപ്പന്മാർ കണ്ടുപിടിച്ച ഡൈനാമിറ്റ്‌ വച്ചു് നിശ്ശേഷം തകർക്കണമെന്നുമാണു് അല്ലാഹു കൽപിച്ചിരിക്കുന്നതു്. ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും മനുഷ്യർ അവരിൽ അന്തർലീനമായ കലാവാസനകളും നിർമ്മാണശേഷിയും ഉപയോഗിച്ചു് ആവിഷ്കരിച്ച അതുല്യവും അമൂല്യവുമായ സംഭാവനകൾ കാണാൻ കഴിയും. അവയാണു് യഥാർത്ഥത്തിൽ മാനവരാശിയുടെ പൈതൃകങ്ങളായി സംരക്ഷിക്കപ്പെടേണ്ടതു്. അല്ലാതെ, മനുഷ്യരെ ഉത്തമപൗരന്മാരാക്കുന്ന എല്ലാ മഹത്വങ്ങളേയും തല്ലിത്തകർത്തു്, അവരെ ദൈവകൽപന ചൊല്ലിക്കൊടുക്കുന്നവന്റെ പുറകെ നടക്കാൻ മാത്രം കഴിയുന്ന കാലിക്കൂട്ടങ്ങളും മാനസികരോഗികളും മുട്ടുമടക്കികളും പിറുപിറുക്കൽരോഗികളും ആക്കി മാറ്റുന്ന ഏതെങ്കിലും “നിത്യസത്യഗ്രന്ഥത്തിലെ” സ്തോത്രാലാപങ്ങളല്ല. ദൈവം അങ്ങനെ കല്പിച്ചിട്ടുണ്ടെന്നു് പ്രത്യേകം പറഞ്ഞില്ലെങ്കിൽ ശൗചം ചെയ്യാൻ പോലും മടിച്ചിരുന്ന കാലങ്ങളിലും ഗോത്രങ്ങളിലും ഒരുപക്ഷേ അവയൊക്കെ ആവശ്യമായിരുന്നിരിക്കാം. പക്ഷേ, ഇന്നു് യാതൊരു ന്യായീകരണവും നൽകാനില്ലാത്ത പ്രാകൃതത്വമാണു് അവയെല്ലാം. വള്ളിപുള്ളി വ്യത്യാസമില്ലാതെ സകല കാലത്തേക്കുമുള്ള ദൈവത്തിന്റെ അരുളപ്പാടുകളാണു് അവയെന്നവകാശപ്പെടുന്നതു് സമാനതകളില്ലാത്ത അജ്ഞതയുടെ പാരമ്യമല്ലാതെ മറ്റൊന്നുമല്ല.

“ചെകുത്താൻ വേദമോതുന്നു” എന്ന പഴഞ്ചൊല്ലിനോടു് എന്തുകൊണ്ടും കിടപിടിക്കാൻ കഴിയുന്ന ഒരു വാക്യമാണു് “താലിബാൻ ജനാധിപത്യം പ്രസംഗിക്കുന്നു” എന്നതു്. ലോകം മുഴുവൻ താലിബാൻ മാതൃകയിൽ “ജനാധിപത്യഭരണം” വരികയും, ആയിരക്കണക്കിനു് വർഷങ്ങളിലൂടെ എത്രയോ രാജ്യങ്ങളിൽ മനുഷ്യരാശി പടുത്തുയർത്തിയ, ഏതൊരു മനുഷ്യനും അഭിമാനത്തിനു് വകനൽകുന്ന കോട്ടകൾ, സ്മാരകശിലകൾ, ശിൽപങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, പള്ളികൾ ഇവയെല്ലാം ഡൈനാമിറ്റ്‌ വച്ചു് തകർക്കുകയും ചെയ്യുന്ന ഒരു “doomsday scenario” നിങ്ങളൊന്നു് സങ്കൽപിച്ചു് നോക്കൂ! ലോകം മുഴുവനും വ്യത്യസ്ത സംസ്കാരങ്ങളിൽ മനുഷ്യശേഷിയുടെ മഹനീയ മാതൃകകളായി ഉയർന്നുനിൽക്കുന്ന തെളിവുകളെല്ലാം കല്ലു് കല്ലിന്മേൽ ശേഷിക്കാത്ത വിധത്തിൽ വെട്ടിനിരത്തി അറേബ്യയിലെ മണലാരണ്യം പോലെ പാഴും ശൂന്യവുമാക്കി മാറ്റുന്നതും, Great Wall of China, പിരമിഡുകൾ, ശിൽപകലയുടെ ഉജ്ജ്വലമാതൃകകളായ ഭാരതത്തിലെ ക്ഷേത്രഗോപുരങ്ങൾ, എണ്ണിയാലൊടുങ്ങാത്ത മറ്റെത്രയോ കലാസൃഷ്ടികൾ എല്ലാം തകർത്തു് തരിപ്പണമാക്കുന്നതും, ലോകജനത മുഴുവൻ താലിബാന്റെ തോക്കിനുകീഴിൽ നിന്നുകൊണ്ടു് ഒരിക്കൽപ്പോലും മുടങ്ങാതെ ദിവസേന അഞ്ചുനേരം ഏകതാനത്തിൽ “അല്ലാഹു അക്ബർ” എന്നു് ആവർത്തിക്കുന്നതും, ലോകം മുഴുവനുമുള്ള സ്ത്രീകൾ പർദ്ദയിൽ മൂടി നടക്കുന്നതും, മനുഷ്യജീവികളെ എന്തു് കുറ്റത്തിന്റെ പേരിലായാലും നടുറോഡിലിട്ടു് കല്ലെറിഞ്ഞു് കൊല്ലുന്നതുമൊക്കെ ഒന്നാലോചിച്ചു് നോക്കൂ. അതു് അസംഭാവ്യമായ കാര്യങ്ങളാണെന്നു് നിങ്ങൾ കരുതുന്നുവെങ്കിൽ അതു് തെറ്റാണെന്നതിനുള്ള തെളിവു് ഇസ്ലാമിന്റെ ജന്മഭൂമിയായ സൗദി അറേബ്യയിൽ നിന്നുതന്നെ ലഭിക്കും. ഏതു് പരിഷ്കൃതസമൂഹവും ചെയ്യുന്നതുപോലെ, മെക്കയിലെയും മെദീനയിലേയുമൊക്കെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കപ്പെട്ടാൽ, അങ്ങോട്ടേക്കു് സന്ദര്‍ശകരുടെ പ്രവാഹം ഉണ്ടാവുമെന്നും അതു് ബഹുദൈവവിശ്വാസത്തിലേക്കും വിഗ്രഹാരാധനയിലേക്കും നയിക്കുമെന്നും ഉള്ള ഭയം മൂലം സ്വന്തം പൈതൃകത്തെ ബുൾഡോസർ ഉപയോഗിച്ചു്, ഇടിച്ചുനിരത്തുന്ന ഭ്രാന്തിനെപ്പറ്റി Daniel Howden The Independent-ൽ 6.8.2005-ൽ എഴുതിയ ഒരു ലേഖനത്തിൽ വായിക്കാം. The destruction of Mecca: Saudi hardliners are wiping out their own heritage

ശിൽപകലാശേഷിയും ചിത്രകലാശേഷിയും മാനുഷികമായ മറ്റെത്രയോ ബുദ്ധിവൈഭവങ്ങളും അനാവശ്യവും ദൈവദൂഷണവുമായിരുന്നെങ്കിൽ അത്തരം കഴിവുകളൊന്നുമില്ലാത്ത വെറും മാംസപിണ്ഡങ്ങളായി മനുഷ്യരെ സൃഷ്ടിക്കാൻ അല്ലാഹുവിനു് കഴിയേണ്ടതായിരുന്നു. അതോ, അതിനുള്ള ശേഷി ഇല്ലാത്ത ഒന്നിനെയാണോ മുസ്ലീമുകൾ അക്ബറെന്നും സർവ്വശക്തനെന്നുമെല്ലാം വിളിക്കുന്നതു്? അതുപോലെ, പുരുഷവർഗ്ഗത്തിനു് പ്രകൃതിദത്തമായ അഗ്രചർമ്മം ഒരു അനാവശ്യമായിരുന്നെങ്കിൽ അതില്ലാതെ അവരെ സൃഷ്ടിക്കാൻ, അല്ലാഹുവാണു് മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവെങ്കിൽ, അവനു് കഴിയേണ്ടതായിരുന്നു. വിളിച്ചുണർത്തിയിട്ടു് അത്താഴമില്ല എന്നു് പറയുന്നതുപോലെ, കൊടുത്തശേഷം മുറിച്ചുമാറ്റാനായി ഒരു അഗ്രചർമ്മം വച്ചുപിടിപ്പിക്കുന്നതു് ഒരു ദൈവമാണെങ്കിൽ ആ ദൈവത്തിന്റെ ബുദ്ധി അപാരമായിരിക്കണം. വേദഗ്രന്ഥങ്ങളിൽ ആദ്യാവസാനം കുത്തിനിറച്ചിരിക്കുന്ന ദൈവികബുദ്ധിയുടെ ഇത്തരം ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ടു്. പക്ഷേ, വിശ്വാസിയുടെ കണ്ണിൽ സ്വന്തം വേദഗ്രന്ഥത്തിലെ വിഡ്ഢിത്തങ്ങൾ എക്കാലത്തേക്കും മറഞ്ഞേ ഇരിക്കൂ. അതും ഒരുതരം ദൈവവിധി ആവാം. ഇതുപോലൊരു ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനാണു് സൃഷ്ടിവാദികൾ ശ്രമിക്കുന്നതെങ്കിൽ അവരുടെ അവസ്ഥ ദയനീയം എന്നേ പറയേണ്ടതുള്ളു. ഇതുപോലെ അങ്ങേയറ്റം പ്രകൃതിവിരുദ്ധനും, മനുഷ്യവർഗ്ഗവിരുദ്ധനും, ബുദ്ധിശൂന്യനും ആയ ഒരു ദൈവത്തേക്കാൾ എല്ലാവിധത്തിലും ഉയർന്ന യോഗ്യത Flying Spaghetti Monster എന്ന ദൈവത്വത്തിനു് അവകാശപ്പെടാം എന്നാണെന്റെ അഭിപ്രായം.

മതഭ്രാന്തന്മാർ എന്ന അർത്ഥത്തിൽ താലിബാൻ അഫ്ഘാനിസ്ഥാനിൽ മാത്രമല്ല, അമേരിക്കയിലെ ചില ക്രൈസ്തവവിഭാഗങ്ങളിലുമുണ്ടു്. 2001-ലെ ട്വിൻ ടവർ തകർക്കലിനുശേഷം അവർക്കു് പിന്തുണ വർദ്ധിച്ചിട്ടുമുണ്ടു്. സ്വന്തം ഇന്റലിജെൻസില്‍  ഒതുങ്ങുന്ന ഒരു ഇന്റലിജെന്റ്‌ ഡിസൈനറെ അല്ലാതെ, അതിനപ്പുറമുള്ള ഒരു ഇന്റലിജെന്‍സിനെ ഉൾക്കൊള്ളാൻ മനുഷ്യർക്കു് ആവില്ല എന്ന കാര്യം ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയാത്തതുകൊണ്ടാവാം, പ്രപഞ്ചവും അതിലുള്ളവയും ഒരു ദൈവത്തിന്റെ “ഇന്റലിജെന്റ്‌ ഡിസൈൻ” ആണെന്നു് അവരിൽ ചിലർ വാദിക്കുന്നതു്. ഹോമോസെക്ഷ്വാലിറ്റി, ഭ്രൂണഹത്യ മുതലായവയ്ക്കെതിരായി നിലകൊള്ളുന്ന അവരിൽ, അന്യമതവിശ്വാസികളുടെ രാജ്യങ്ങളെ, പ്രത്യേകിച്ചും ഇസ്ലാം വിശ്വാസം നിലവിലിരിക്കുന്നവയെ, ആക്രമിച്ചു് ക്രിസ്തീയമാക്കണമെന്നുവരെ വാദിക്കുന്നവരുണ്ടു്. മുസ്ലീം താലിബാനു് വേണ്ടതു് ലോകം മുഴുവൻ ഇസ്ലാമാണെങ്കിൽ, അമേരിക്കയിലെ ക്രൈസ്തവതാലിബാനു് വേണ്ടതു് ലോകം മുഴുവൻ ക്രിസ്തുമതമാണു്. അതിനുള്ള ലെജിറ്റിമേഷൻ ആയി അവർ ഉയർത്തിപ്പിടിക്കുന്നതു് അധികപങ്കും വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയായ രണ്ടു് പഴഞ്ചൻ കഥാപ്പുസ്തകങ്ങളും.

പ്രകൃത്യതീതനായ ദൈവം

ശാസ്ത്രലോകത്തിൽ മാത്രമല്ല, ചിന്താശേഷിയുള്ള ധാരാളം മനുഷ്യരുടെ ഇടയിലും പ്രകൃത്യതീതനായ ഒരു ദൈവം എന്ന ആശയം യുക്തിയുക്തമായ കാരണങ്ങളാൽ അസ്വീകാര്യമാണു്. ഈ നിലപാടു് പുസ്തകരൂപേണ പ്രകടിപ്പിച്ചിട്ടുള്ള പലരിൽ ഒരാൾ മാത്രമാണു് റിച്ചാർഡ്‌ ഡോക്കിൻസ്‌. ഗോഡ്‌ ഡെല്യൂഷൻ എന്ന തന്റെ ഗ്രന്ഥത്തിൽ, മനസ്സിലാക്കണം എന്നു് ആഗ്രഹമുള്ളവർക്കൊക്കെ മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത വിധം ലളിതമായ ഭാഷയിൽ, ഒരു സ്യൂപ്പർ നാച്യുറൽ ദൈവം എന്തുകൊണ്ടു് പ്ലോസിബിൾ അല്ല എന്നു് ഡോക്കിൻസ്‌ വളരെ വ്യക്തമായി വിവരിക്കുന്നുണ്ടു്. എല്ലാം ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കുന്ന സൃഷ്ടിവാദികൾ അതു് വായിച്ചു് അതിലെ വാദമുഖങ്ങളെ ഓരോന്നായി ഖണ്ഡിക്കുകയാണെങ്കിൽ അതിനു് വസ്തുനിഷ്ഠതയും ശാസ്ത്രീയതയും ഉണ്ടെന്നു് പറയാമായിരുന്നു. അതൊന്നുമില്ലാതെ, ആ പുസ്തകത്തെ അധികരിച്ചു് ആരോ എഴുതിയ മറ്റൊരു പുസ്തകത്തെ അധികരിച്ചു് മറ്റാരോ എഴുതിയ ഒരു ബ്ലോഗിനെ അധികരിച്ചു് വേറെ ആരോ നടത്തിയ വിമര്‍ശനത്തിന്റെ പുറകെ നടന്നു് കുറെ കുറുക്കന്മാർ കൂവിയാൽ ഡോക്കിൻസ്‌ ഖണ്ഡിക്കപ്പെടുകയില്ല, സൃഷ്ടിവാദം ശരിയാണെന്നു് തെളിയുകയില്ല, പരിണാമസിദ്ധാന്തം തെറ്റാണെന്നു് സ്ഥാപിക്കപ്പെടുകയുമില്ല. സ്വന്തം വേദഗ്രന്ഥത്തിന്റെ ആത്യന്തികത്വത്തിലും അതിന്റെ ദൈവികമായ ഉറവിടത്തിലും ഉത്തമബോദ്ധ്യമുള്ളവർ, പ്രത്യേകിച്ചും അവർ ശാസ്ത്രത്തേയും ശാസ്ത്രത്തിന്റെ മെഥഡോളജിയേയും അംഗീകരിക്കാത്തവർ കൂടിയാവുമ്പോൾ, ന്യായമായും ചെയ്യേണ്ടതു്, എന്റെ അഭിപ്രായത്തിൽ, സകല ശാസ്ത്രസത്യങ്ങളേയും ആ ഗ്രന്ഥത്തിലെ നിത്യസത്യങ്ങളുടെ മാത്രം വെളിച്ചത്തിൽ ഖണ്ഡിക്കുകയാണു്. അല്ലാതെ, “വല്ലവന്റേയും സദ്യക്കു് വാ, എന്റെ വിളമ്പൽ കാണണമെങ്കിൽ” എന്ന രീതിയിൽ, ശാസ്ത്രത്തിന്റെ പുറകെ നടന്നു് ‘വിടവുകൾ’ ചൂണ്ടിക്കാണിക്കുന്നതു്, ഒരുതരം നാണംകെട്ട ഏർപ്പാടാണു്. ഇന്നുവരെ അറിവിന്റെ മേഖലയിലെ സകല വിടവുകളേയും അതൊക്കെ “ദൈവേഷ്ടം” എന്നു് എഴുതിത്തള്ളിയിട്ടുള്ളതല്ലാതെ, സ്വന്തമായി ഒരു വിടവുപോലും നികത്താൻ ത്രാണിയില്ലാതിരുന്നവർ ശാസ്ത്രം നികത്താത്ത വിടവുകളെ ചൂണ്ടിക്കാണിക്കുന്നതു് അവിടെയൊക്കെ സ്വന്തം ദൈവത്തെ തിരുകിക്കയറ്റുക എന്ന പഴയ അടവാണെന്നു് എല്ലാവർക്കുമറിയാം. പക്ഷേ, ഒളിച്ചിരുന്ന ഓരോ വിടവുകളിൽ നിന്നും വലിച്ചു് പുറത്തിടപ്പെട്ടതിനാൽ ഇന്നു് മിക്കവാറും കിടപ്പിടമില്ലാത്ത അവസ്ഥയിലെത്തിയ ദൈവത്തെ തിരുകിയാൽ മറയുന്നതല്ല അനുദിനമെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ “ശാസ്ത്രീയവിടവുകൾ”. അതുകൊണ്ടു്, വിടവുകൾ നികത്തപ്പെട്ടശേഷം കിത്താബിലെ വരികളെ വ്യാഖ്യാനിച്ചു് ഇടയിൽ തിരുകി സായൂജ്യമടഞ്ഞിരുന്ന സുവർണ്ണകാലം ഇങ്ങിനി വരാതെ മറഞ്ഞുകഴിഞ്ഞു. സൃഷ്ടിവാദികൾക്കു് അതിന്റെ ഒരു അസ്ക്യത അനുഭവപ്പെടുന്നതു് മനസ്സിലാക്കാവുന്ന കാര്യമാണു്. എന്തു് വില നൽകിയും ശാസ്ത്രബോധത്തിന്റെ വെളിച്ചം അനുയായികളുടെ തലയിലേക്കു് കടന്നുചെല്ലാതിരിക്കാൻ ശ്രദ്ധിച്ചാൽ കുറെനാൾകൂടി കഷ്ടിച്ചു് പിടിച്ചുനിൽക്കാനാവും എന്നല്ലാതെ മനുഷ്യരുടെ ബോധമണ്ഡലത്തിന്റെ വികാസത്തിനു് നിർബന്ധമായും കാരണമാവുന്ന “കാലത്തിന്റെ ആത്മാവിനെ” (German: Zeitgeist) എന്നേക്കുമായി തടഞ്ഞുനിർത്താൻ ദൈവവചനഘോഷണം എന്ന വാചാടോപത്തിനു് സാദ്ധ്യമാവില്ല. “എനിക്കുശേഷം പ്രളയം” എന്ന തത്വം മുദ്രാവാക്യമാക്കിയവർക്കു് അതിനപ്പുറത്തേക്കു് ചിന്തിക്കേണ്ട ആവശ്യമില്ല എന്ന വസ്തുതയും ഇവിടെ വിസ്മരിക്കുന്നില്ല.

പ്രപഞ്ചം എങ്ങനെ ഉണ്ടായി, ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി മുതലായ ചോദ്യങ്ങൾക്കു് ക്രിയേഷനിസ്റ്റുകൾക്കു് ഒരു മറുപടിയേയുള്ളു – “ദൈവം”! മറുപടി മറച്ചുപിടിക്കാനോ, അല്ലെങ്കിൽ, മറുപടി അറിയില്ല എന്നു് തെളിച്ചു് പറയുന്നതു് ഒഴിവാക്കാനോ ആയി നാടൻ ഭാഷയിൽ “ആർക്കറിയാം” എന്നോ “ദൈവത്തിനറിയാം” എന്നോ ഒക്കെ പറയുന്ന അതേ അർത്ഥമേ ഈ മറുപടിയ്ക്കും സത്യത്തിൽ നൽകേണ്ടതുള്ളു. ഒരു പിടിയുമില്ലാത്ത ഏതു് കാര്യത്തേസംബന്ധിച്ചും ആർക്കും എപ്പോഴും നൽകാവുന്ന “ദൈവം” എന്ന യൂണിവേഴ്സൽ മറുപടിക്കു്, പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച യുക്തിഭദ്രമായ അറിവു് എന്ന അർത്ഥത്തിൽ യാതൊരു വിലയുമില്ല, വാസ്തവത്തിൽ അതൊരു മറുപടി പോലുമല്ല എന്നതാണു് സത്യം. ചോദ്യം എന്താണെന്നുപോലും അറിയേണ്ട ആവശ്യമില്ലാതെ നൽകാവുന്ന, തെറ്റെന്നോ ശരിയെന്നോ ആർക്കും തെളിയിക്കാനാവാത്ത, ഇടിച്ചാൽ പൊട്ടാത്ത ഒരു “ഇഡിയറ്റ്‌ പ്രൂഫ്‌” മറുപടി എന്നതിൽക്കവിഞ്ഞ ഒരു മൂല്യവുമില്ലാത്ത ഒരു വെറും വാക്കു്, അതുമാത്രമാണു് ദൈവം. ദൈവം എന്ന ഈ മറുപടി, അതിന്റെ അർത്ഥമില്ലായ്മയുടെ അതേ ലെവലിൽത്തന്നെ ലളിതവുമായതിനാൽ, എണ്ണമറ്റ മനുഷ്യരും അവരുടെ മക്കളും മക്കളുടെ മക്കളുടെ മക്കളും തലമുറതലമുറകളായി ഇതിനോടകം ഇല്ലാത്ത ആ ദൈവം കൽപിച്ചതെന്നു് പഠിപ്പിക്കപ്പെട്ട  പ്രാർത്ഥനകൾ ചൊല്ലി, നേർച്ചകാഴ്ചകൾ അർപ്പിച്ചു്, ഏറിയോ കുറഞ്ഞോ സംതൃപ്തരായി ജീവിച്ചു് മരിച്ചിട്ടുണ്ടു്, ഇനിയും മരിക്കുകയും ചെയ്യും. സ്വന്തം പ്രവൃത്തികളെപ്പറ്റി വിമർശനാത്മകമായി ചിന്തിക്കാതിരിക്കുന്നിടത്തോളം, യാതൊരു സങ്കീർണ്ണതയുമില്ലാത്ത, സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്തവർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടൊന്നുമില്ലാത്ത, അത്ര ലളിതമായ ഒരു ആശയമാണു് ദൈവം. പൊതുവേ നോക്കുമ്പോൾ, ലോകജനസംഖ്യയിൽ അധികപങ്കും ദൈവവിശ്വാസികളാണു് എന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണു്. അതേസമയം, നോബെൽ പ്രൈസ്‌ നേടിയവരുടെയും, ശാസ്ത്രജ്ഞരുടെയും ഇടയിൽ നടത്തപ്പെട്ട സർവ്വേകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു് അവരുടെ ഇടയിൽ കാര്യങ്ങൾ നേരെ തിരിച്ചാണെന്നാണു്. പള്ളിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന വിശുദ്ധന്മാരുടെ ഫോട്ടോകൾക്കു് മുന്നിൽ തലകുനിച്ചു് വണങ്ങി നടന്ന ഒരു അമ്മൂമ്മ അവസാനം ചെകുത്താന്റെ ഫോട്ടോയ്ക്കു് മുന്നിലും വണങ്ങുന്നതു് കണ്ടു് കാരണം തിരക്കിയപ്പോൾ, ഇനി ചത്തു് ചെല്ലുന്നതു് വല്ല നരകത്തിലെങ്ങാനും ആണെങ്കിലോ എന്നായിരുന്നു ആ ഭക്തയുടെ പ്രതികരണം. മിക്കവാറും ഇതുതന്നെയാണു് അധികം മനുഷ്യരും ദൈവത്തിൽ വിശ്വസിക്കുന്നതിനു് കാരണം. ഇനി, ദൈവമെങ്ങാനും ഉണ്ടെങ്കിലോ? അത്തരം വിശ്വാസം ആത്മാർത്ഥമല്ല എന്നു് മാത്രമല്ല, അടിസ്ഥാനരഹിതവുമാണു്. ഡോക്കിൻസ്‌ പറയുന്നപോലെ, യഹോവയാണു് ദൈവം എന്നുകരുതി വിശ്വസിച്ചു് ആരാധിച്ചിട്ടു് അവസാനം അവിടെയെത്തുമ്പോൾ സ്വർഗ്ഗീയസിംഹാസനത്തിൽ ഇരിക്കുന്നതു് കൊടിയ പിശാചായ Beelzebub എങ്ങാനുമാണെങ്കിൽ? മിനിമം ഒരു മനുഷ്യന്റെ ബുദ്ധിയെങ്കിലും ഉള്ളവനാണു് ദൈവമെങ്കിൽ, തെളിവൊന്നും ഇല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കാതിരുന്നതിന്റെ പേരിൽ, മനുഷ്യരെ കുറ്റം വിധിക്കുകയല്ല, യുക്തിയുക്തമായ അവരുടെ നടപടിയിൽ അവരെ അനുമോദിക്കുകയേ ചെയ്യൂ.

അറിവിന്റെ ഈ യുഗത്തിൽ പേർസ്സോണിഫൈ ചെയ്യപ്പെടുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ശാസ്ത്രജ്ഞൻ ശാസ്ത്രജ്ഞൻ എന്ന പദവിക്കു് അർഹനാണോ എന്നു് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നേ പറയാനുള്ളു. വിശ്വാസപരമായ കാര്യങ്ങളിൽ അപവാദങ്ങൾ അപഹസിക്കപ്പെടുന്ന അങ്ങേയറ്റം യാഥാസ്ഥിതികമായ സമൂഹങ്ങളിൽ ശാസ്ത്രജ്ഞരും ഒഴുക്കിനനുകൂലമായി ഒഴുകാൻ ശ്രമിക്കുന്നതു് മനസ്സിലാക്കാവുന്ന കാര്യമാണു്. പക്ഷേ, അത്തരം നിലപാടുകൾക്കു് ശാസ്ത്രലോകത്തിൽ ആകമാനം പ്രാതിനിധ്യസ്വഭാവം ആരോപിക്കുന്നതു് അസംബന്ധമേ ആവൂ. വിശ്വാസപരമായ കാര്യങ്ങൾക്കു് എന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽത്തന്നെ, അതു് വ്യക്തിപരമായ തലങ്ങളിൽ മാത്രമായി ഒതുങ്ങുന്ന പരിഷ്കൃതവും സ്വതന്ത്രവുമായ സമൂഹങ്ങളിൽ ദൈവം ശാസ്ത്രലോകത്തിൽ ഒരു ചർച്ചാവിഷയമേ അല്ല. ദൈവാസ്തിത്വത്തിനു് അനുകൂലമായി ഉപയോഗിക്കാൻ പറ്റിയ ഓരോ കച്ചിത്തുരുമ്പുകളും തേടി പരക്കം പായുന്ന ക്രിയേഷനിസ്റ്റുകൾ ആസ്തികചായ്‌വുള്ള ശാസ്ത്രജ്ഞരെ വാനോളം ഉയർത്തിപ്പിടിക്കുന്നതുതന്നെ, ശാസ്ത്രത്തിനു് പരോക്ഷമായി അവർ നൽകുന്ന സ്ഥാനവിലയുടെ തെളിവാണു്. “പ്രപഞ്ചം സൃഷ്ടിച്ചതു് ദൈവമാണെന്നു് Mr. X എന്ന ശാസ്ത്രജ്ഞൻ പോലും അഭിപ്രായപ്പെട്ടു, പിന്നെയാണു് നീ” എന്ന ലൈൻ. ന്യൂട്ടണെപ്പോലുള്ള ശാസ്ത്രജ്ഞർ ദൈവവിശ്വാസികളായിരുന്നു എന്നതു്, ദൈവാസ്തിത്വത്തിന്റെ തെളിവു് എന്നതിനേക്കാൾ, അവർ ജീവിച്ചിരുന്ന സാമൂഹികപശ്ചാത്തലത്തിലേക്കാണു് വിരൽ ചൂണ്ടുന്നതു്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ നിലവിലിരിക്കുന്ന ഊരുവിലക്കുകളുടെ വകഭേദങ്ങൾ ഒരുകാലത്തു് യൂറോപ്യൻ സാമൂഹികജീവിതത്തിന്റേയും ഭാഗമായിരുന്നു. ഇന്നവർ ആസ്വദിക്കുന്ന വ്യക്തിസ്വാതന്ത്ര്യവും, മനുഷ്യാവകാശങ്ങളും ഏതെങ്കിലും ദൈവം സ്വർഗ്ഗത്തിൽ നിന്നും നൂലിൽ കെട്ടി ഇറക്കിക്കൊടുത്തതല്ല, ചിന്താശേഷിയുള്ള മനുഷ്യർ കൈവരിച്ച നേട്ടങ്ങളാണു്.

അതേസമയം, കഴിഞ്ഞ പോസ്റ്റിൽ നമ്മൾ കണ്ടതുപോലെ, ഏകദൈവവിശ്വാസം എന്ന ആശയം തന്നെ ലോകത്തിൽ ആദ്യമായി മനുഷ്യർ കേട്ടതു് ഏതാണ്ടു് 3300 വർഷങ്ങൾക്കു് മുൻപു് ഈജിപ്റ്റിലാണു്. അതിനുശേഷം, ചരിത്രമോ മിത്തോ എന്നു് ഇന്നും നിശ്ചയമില്ലാത്ത ഒരു മോശെക്കു് വെളിപ്പെട്ടു എന്നു് ബൈബിൾ അവകാശപ്പെടുന്ന യഹോവ B.C. 3761-ൽ പ്രപഞ്ചത്തെ സൃഷ്ടിക്കുകയായിരുന്നത്രെ! സൂര്യബിംബത്തെ ആധാരമാക്കിയുള്ള ഏകദൈവത്തെ ഫറവോ അഖേനറ്റെൻ സൃഷ്ടിച്ചപ്പോൾ, ഈ യഹോവ അവനു് പ്രത്യക്ഷപ്പെട്ടു് താനാണു് സാക്ഷാൽ ദൈവമെന്നും, സൂര്യദൈവം അന്യദൈവമാണെന്നും അവനെ ആരാധിക്കരുതെന്നും കൽപിച്ചു് എന്തുകൊണ്ടു് അവന്റെ മേൽ തീമഴ പെയ്യിക്കുകയോ, പുറപ്പാടു് കാലത്തെ മാതൃകയിൽ ഒരു  പത്തു് പന്ത്രണ്ടു് ബാധകൾ വരുത്തുകയോ ചെയ്തില്ല എന്നെനിക്കറിയില്ല. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനായി ഫീനോടൈപ്പും, ജീനോടൈപ്പും, ഞണ്ടും ഞവണിയുമായി ബിഗ്‌-ബാംഗിലേക്കു് കുതിക്കുന്ന അസ്തിത്വവാദികൾ അവരുടെ ദൈവത്തിനു് നൽകുന്ന വിശേഷണങ്ങളും നിർവചനങ്ങളും കേട്ടാൽ നരകത്തിലെ വറചട്ടിയിൽ പൊരിഞ്ഞുകൊണ്ടിരിക്കുന്ന ഫറവോ അഖേനറ്റെനും, സ്വർഗ്ഗത്തിൽ യഹോവയുടെ മടിയിൽ വസിക്കുന്ന മോശെയും ചിരിച്ചുചിരിച്ചു് തലകുത്തിമറിയും. 3300 വർഷങ്ങൾക്കു് മുൻപു് ഒരു ആശയം എന്ന രീതിയിൽ പോലും മനുഷ്യവർഗ്ഗത്തിനു് അജ്ഞാതമായിരുന്ന ഒരു ഏകദൈവത്തെയാണു്, ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ, 1375 കോടി വർഷങ്ങൾ പ്രായമുള്ള ഒരു പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി സൃഷ്ടിവാദികൾ കുടിയിരുത്തി പൂമാല അണിയിക്കുന്നതു്. കുറ്റം പറയരുതല്ലോ, അവരുടെ അഭിപ്രായത്തിൽ പ്രപഞ്ചത്തിനു് പതിനായിരം വർഷം പോലും പ്രായമില്ല. എന്നിട്ടും, വെറും 3300 വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന ഒരു അഖേനറ്റെൻ വേണ്ടിവന്നു തത്വത്തിലെങ്കിലും ഒരു ഏകദൈവത്തെ വിഭാവനം ചെയ്യാൻ! അതിനുശേഷം, മൃഗതൃഷ്ണയും (Fata Morgana) മറ്റു് പലതരം തോന്നലുകളും വിരളമല്ലാത്ത ഒരു മരുപ്രദേശത്തു് തീയുടെ നടുവിൽ എരിയാതെ നിൽക്കുന്ന ഒരു മുൾമരത്തെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ (എങ്കിലും രൂപമോ, നാമമോ ഒന്നുമില്ലാത്ത!) അതു് സകലത്തിന്റേയും സ്രഷ്ടാവായ ഏകദൈവം ആയിരുന്നു എന്നു് മോശെ ഏകപക്ഷീയമായി അങ്ങു് തീരുമാനിക്കുകയായിരുന്നു, എതിർപ്പുകളേയും അന്യനിലപാടുകളേയും മൃഗീയമായ കൊലപാതകങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയായിരുന്നു. ഈ ക്രൂരകൃത്യങ്ങളുടെ ഒരു സമാഹാരമാണു് പഴയനിയമം. പക്ഷേ, ദൈവം അപ്പോഴും സ്നേഹമാണു്!

മനുഷ്യർ അവരുടെ അറിവില്ലായ്മ എന്ന വിടവിൽ തിരുകാൻ കണ്ടുപിടിച്ച ദൈവം എന്ന ഒരർത്ഥവുമില്ലാത്ത ഈ വാക്കു് അതിൽത്തന്നെ ഒരു വലിയ പ്രശ്നമാവാൻ വഴിയില്ല. വേദഗ്രന്ഥങ്ങൾ വർണ്ണിക്കുന്നതുപോലുള്ള ഒരു സ്വഭാവക്കാരനായിരുന്നെങ്കിൽ ദൈവം ഈ ലോകത്തിൽ ദൈവത്തിന്റെ പ്രവാചകന്മാരെയോ, ദൈവപ്രതിനിധികളെയോ ഒരുനിമിഷം വച്ചുപൊറുപ്പിക്കുമായിരുന്നില്ല. മൃഗീയവും ലജ്ജാവഹവുമായ എന്തെല്ലാം കുറ്റകൃത്യങ്ങളാണു് അവർ ദൈവത്തിന്റെ തലയിൽ കെട്ടിവച്ചതു്? ഒരു എന്റിറ്റി എന്ന നിലയിൽ ദൈവത്തെ വരച്ചുകാണിക്കാൻ ശ്രമിക്കുന്ന ഓരോ മതത്തിന്റേയും വേദഗ്രന്ഥം ആ ദൈവത്തിനു് നേരെ ഉയർത്താവുന്നതിൽ വച്ചു് ഏറ്റവും വലിയ ദൈവനിന്ദയാണു്. യുദ്ധത്തിനും, കൊലപാതകങ്ങൾക്കും, വ്യഭിചാരങ്ങൾക്കും, സംസ്കൃതചിത്തനായ ഏതൊരു മനുഷ്യനേയും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള എല്ലാത്തരം ആഭാസത്തിനും കൂട്ടുനിൽക്കുന്നവനായി മാത്രമല്ല, സ്വയം വ്യഭിചാരം ചെയ്യുന്നവനായിപ്പോലും ദൈവത്തെ ചിത്രീകരിച്ചു് വച്ചിരിക്കുന്ന ഇത്തരം മനുഷ്യരെയല്ലാതെ പിന്നെ ആരെയാണു് നമ്മൾ ദൈവദോഷികൾ എന്നു് വിളിക്കേണ്ടതു്? ഈ ലോകത്തിലെ മുഴുവൻ വേദഗ്രന്ഥങ്ങളും ഒന്നൊഴിയാതെ സ്വർഗ്ഗത്തിൽ നിന്നും “തീയും ഗന്ധകവും” ഇറക്കി നിശ്ശേഷം നശിപ്പിക്കപ്പെടുന്നില്ല എന്നതാണു്, എന്റെ അഭിപ്രായത്തിൽ, ഒരു ദൈവം നിലനിൽക്കുന്നില്ല എന്നതിന്റെ ഏറ്റവും ശക്തമായ തെളിവു്. ഇല്ലാത്ത ഒരു ദൈവത്തിനല്ല, ആ ദൈവത്തെ ഭാവനയിൽ സൃഷ്ടിച്ച മനുഷ്യർക്കാണു് എല്ലാ മാനുഷികപ്രശ്നങ്ങളുടെയും ഉത്തരവാദിത്തം. – എവിടെ ദൈവമുണ്ടോ അവിടെ മനുഷ്യരുണ്ടു്, എവിടെ ദൈവവും മനുഷ്യരുമുണ്ടോ അവിടെ മതങ്ങളുണ്ടു്, എവിടെ ദൈവവും മനുഷ്യരും മതങ്ങളുമുണ്ടോ അവിടെ പ്രശ്നങ്ങളുമുണ്ടു് – അതൊരു പ്രശ്നമാണു്, അതു് അത്ര ചെറിയ ഒരു പ്രശ്നമല്ലതാനും.

ഒരു വ്യക്തിതന്നെ പല ശാസ്ത്രശാഖകളിൽ പണ്ഡിതനായിരുന്ന പുരാതനകാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്നു് ഒരു ശാസ്ത്രശാഖയിൽ പല അവാന്തരവിഭാഗങ്ങൾ രൂപമെടുത്തു് വളർന്നുകൊണ്ടിരിക്കുന്നു. ഇന്റർഡിസിപ്ലിനറി ആയ പരസ്പരസഹകരണം ഇല്ലാതെ ഇന്നു് അർത്ഥപൂർവ്വമായ ഗവേഷണങ്ങളും പഠനങ്ങളും സാദ്ധ്യമല്ല. അതുപോലൊരു ശാസ്ത്രീയസങ്കീർണ്ണതയിൽ, ഒരുവിധ ശാസ്ത്രീയ തെളിവുകളുടെയും പിൻബലമില്ലാതെ അതിന്റെയൊക്കെ തലപ്പത്തു് പ്രതിഷ്ഠിക്കപ്പെടുന്ന ഒരു ദൈവം പ്രശ്നങ്ങളുടെ പരിഹാരം എന്നതിനേക്കാൾ, കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനേ ഉതകൂ. ശാസ്ത്രീയസങ്കീർണ്ണതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണു് പരിണാമസിദ്ധാന്തം. 1859-ൽ The Origin of Species എന്ന ഗ്രന്ഥത്തിലൂടെ ചാൾസ്‌ ഡാർവിൻ ആവിഷ്ക്കരിച്ച പരിണാമസിദ്ധാന്തത്തിനോടു് 1930-കളിൽ Mendelian inheritance കൂട്ടിച്ചേർക്കപ്പെട്ടു. ഡാർവിന്റെ മരണശേഷം രൂപമെടുത്തവയോ വികാസം പ്രാപിച്ചവയോ ആയ Genetics, Populationsbiologie, Paleontology, Zoology, Botany, Biological systematics മുതലായ ശാസ്ത്രശാഖകളിൽ നിന്നുള്ള അറിവുകൾ കൂടി സംയോജിപ്പിച്ചു് വിപുലീകരിക്കപ്പെട്ടതാണു് ഇന്നത്തെ modern evolutionary synthesis. ആ അർത്ഥത്തിൽ, പരിണാമസിദ്ധാന്തം ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന ഒരു വസ്തുതയാണു്. പരിമിതികൾ മാത്രം ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏതാനും സൃഷ്ടിവാദികളെ തൃപ്തിപ്പെടുത്തുക എന്നതല്ല ഒരു ശാസ്ത്രത്തിന്റെയും ലക്ഷ്യം. സേപിയൻസ്‌ ഹോമ്യോപ്പതിയോ അലോപ്പതിയോ എന്നു് ചർച്ച ചെയ്യാൻ ഇതിന്റെയൊന്നും ആവശ്യവുമില്ല. നിയോ-ഡാർവിനിയൻ സിന്തെസിസ്‌ എന്തെന്നു് മനസ്സിലാക്കിയവർ എന്നിട്ടും പരിണാമസിദ്ധാന്തം തെറ്റെന്നു് സ്ഥാപിക്കാൻ ശ്രമിക്കുകയും, അതിനേക്കാൾ മെച്ചം സൃഷ്ടിവാദം ആണെന്നു്, വാദിക്കുകയും ചെയ്യുന്നുവെങ്കിൽ, അതിന്റെ കാരണം, ഒന്നുകിൽ അവരുടെ ബുദ്ധിഹീനത, അല്ലെങ്കിൽ അവർക്കു് ബാല്യത്തിലേ സംഭവിച്ച മസ്തിഷ്കപ്രക്ഷാളനം. ഈ രണ്ടു് തകരാറുകൾക്കും കാര്യമായ പ്രതിവിധിയൊന്നുമില്ല. മുകളിൽ സൂചിപ്പിച്ച ഏകദൈവത്തിന്റെ ഉത്ഭവചരിത്രം വായിച്ചിട്ടും ഒരു പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിൽനിന്നും പിടിവിടാൻ കഴിയാത്തവർ എവൊല്യൂഷനറി സിന്തെസിസ്‌ വായിച്ചിട്ടും കാര്യമൊന്നുമില്ല. എല്ലാം ദൈവം സൃഷ്ടിച്ചു, എല്ലാം ദൈവത്തിന്റെ ഗ്രന്ഥത്തിൽ ഉണ്ടു് എന്നൊക്കെ പറയുന്നതും, വസ്തുതകൾ തുറന്നു് പറയുന്നവരെ തെറിവിളിച്ചു് നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതും പോലെ അത്ര എളുപ്പമല്ല ശാസ്ത്രസംബന്ധമായ കാര്യങ്ങൾ. “ഞാൻ പൂച്ചയെ കാക്കയെന്നു് കണ്ടു, അങ്ങനെയല്ലെങ്കിൽ നിനക്കു് വിശദീകരിക്കാം” എന്നു് പറയുന്നതു് ശാസ്ത്രമല്ല, അതിന്റെ പേരു് വേറെയാണു്.

“മനുഷ്യാന്തസ്സിനോടുള്ള അധിക്ഷേപമാണു് മതം. മതമുണ്ടായാലും ഇല്ലെങ്കിലും, നന്മ ചെയ്യുന്ന നല്ല മനുഷ്യരും, തിന്മ ചെയ്യുന്ന ചീത്ത മനുഷ്യരും ഉണ്ടായിരിക്കും. പക്ഷേ, നല്ല മനുഷ്യരെക്കൊണ്ടു് തിന്മ ചെയ്യിക്കാൻ മതം തന്നെ വേണം.” – Steven Weinberg

“മതപരമായ ഉത്തമവിശ്വാസത്തിന്റെ പേരിൽ ചെയ്യുന്നത്ര പൂർണ്ണമായും സന്തോഷത്തോടെയും മനുഷ്യർ ഒരിക്കലും കുറ്റകൃത്യങ്ങൾ ചെയ്യുകയില്ല.” – Blaise Pascal

താത്പര്യമുള്ളവർക്കു് വായിക്കാൻ ബ്ലോഗിലെ ഒരു നല്ല ലേഖനം: പരിണാമം, വസ്തുതകൾ – ബാബുരാജ്‌

(തുടരും)

 
6 Comments

Posted by on Dec 20, 2010 in മതം

 

Tags: , , ,