പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും അവയുടെ പരസ്പരബന്ധങ്ങളും ആകെമൊത്തമായി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതൊരു നല്ല കാര്യമായിരുന്നേനെ. “The truth is the whole” എന്നാണു് ഹേഗെലും പറഞ്ഞതു്. അതിനാല്‍, സത്യം അറിയണമെങ്കില്‍ മുഴുവനും അറിയണം. അതറിഞ്ഞവനാണു് ഹേഗെല്‍ (എന്നു് ഹേഗെല്‍). അങ്ങേര്‍ ഇതുമാത്രമല്ല, മറ്റു് പലതും പറഞ്ഞിട്ടുണ്ടു്. ഉദാഹരണത്തിനു്, ശബ്ദത്തെപ്പറ്റിയും ചൂടിനെപ്പറ്റിയും വളരെ അത്ഭുതകരമായ കാര്യങ്ങളാണു് ഹേഗെല്‍ കണ്ടെത്തിയതു്:
“Sound is the change in the specific condition of segregation of the material parts, and in the negation of this condition; — merely an abstract or an ideal ideality, as it were, of that specification. But this change, accordingly, is itself immediately the negation of the material specific subsistence; which is, therefore, real ideality of specific gravity and cohesion, i.e. — heat. The heating up of sounding bodies, just as beaten or rubbed ones, is the appearance of heat, originating conceptually together with sound”. – Hegel
ഇപ്പറഞ്ഞതില്‍ എന്തെങ്കിലുമൊരു അര്‍ത്ഥം നല്‍കാവുന്ന ഒരേയൊരു വാചകം അവസാനത്തേതു് മാത്രമാണു്. അതിനുതന്നെ ഇതേ അര്‍ത്ഥമുള്ളു: “അടി, (ചെവിക്കു് പിടിച്ചു്) തിരുമ്മല്‍ മുതലായവ വഴി വസ്തുക്കള്‍ ശബ്ദത്തോടെ ചൂടാവുന്നതാണു് ശബ്ദവും ചൂടും”! “ശബ്ദവും ചൂടുമാണു് ശബ്ദവും ചൂടും” എന്നു് പറഞ്ഞിരുന്നെങ്കില്‍ വാക്കുകളുടെ എണ്ണമെങ്കിലും കുറയ്ക്കാമായിരുന്നു. അക്ഷരങ്ങള്‍ വളരെ വിലപിടിപ്പുള്ള വസ്തുക്കളാണു് – ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നണമെന്നില്ലെങ്കിലും. അതുകൊണ്ടു് അവയെ കവലപ്രാസംഗികരെപ്പോലെ മലിനീകരിക്കാതെയും ധൂര്‍ത്തടിക്കാതെയും ഉപയോഗിച്ചാല്‍, ശുദ്ധജലത്തിന്റെ ധൂര്‍ത്തടിയും അന്തരീക്ഷത്തിന്റെ മലിനീകരണവും ഒഴിവാക്കിയാല്‍ എന്നപോലെതന്നെ, മനുഷ്യവര്‍ഗ്ഗത്തെ നാശത്തിലേക്കു് നയിക്കാതിരിക്കാന്‍ അതു് സഹായകമാവും. എന്തായാലും ഒരുകാര്യം പറയാതെ വയ്യ: മുഴുവനും അറിഞ്ഞവനായിരുന്നു ഹേഗെലെങ്കിലും ഭാഷാപരമായ മിതവ്യയത്തിന്റെ ആവശ്യത്തെപ്പറ്റി വലിയ ഗ്രാഹ്യമുള്ളവനായിരുന്നു അദ്ദേഹം എന്നു് തോന്നുന്നില്ല. ശബ്ദത്തിലും ചൂടിലും മാത്രമല്ല, ഇനെര്‍ഷ്യയും, ഗ്രാവിറ്റിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും മറ്റും പ്രഖ്യാപിച്ചുകൊണ്ടു് ന്യൂട്ടന്റെ തത്വങ്ങളിലും ഹേഗെല്‍ കൈവച്ചിട്ടുണ്ടു്. ഹേഗെല്‍ മരിച്ചു് 48 വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം മാത്രം ഐന്‍സ്‌റ്റൈന്‍ ജനിച്ചതു് ഏതായാലും നന്നായി. ഈ ഹേഗെലിനെയാണു് താന്‍ പിടിച്ചു് “തലകീഴാക്കി” എന്നു് കാള്‍ മാര്‍ക്സ് അവകാശപ്പെട്ടതു്. ഏതു് ‘തലയെ’ ആണു് കീഴാക്കിയതെന്നും, ആ തലയെ കീഴ്മേല്‍ മറിച്ച തല അതിനുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടിക്കാണുമെന്നും ചിന്തിച്ചാല്‍ മതി. ശാസ്ത്രമെന്തെന്നറിയാതെ ശാസ്ത്രജ്ഞരായി ചമഞ്ഞു് ലോകത്തെ രക്ഷിക്കാന്‍ മത്സരഓട്ടം ഓടിയ രണ്ടു് ചരിത്രപുരുഷന്മാര്‍!
വിടുവായന്‍ തവളകളെപ്പോലെ ഐഡിയോളജിക്കലായി കരയുന്നതു് എത്ര എളുപ്പമാണെന്നും, അതില്‍ നിന്നുമൊക്കെ എത്രയോ മടങ്ങു് പ്രയാസമേറിയതാണു് പ്രപഞ്ചയാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്നും അറിയണമെങ്കില്‍ “ഒരുവന്‍/ഒരുവള്‍” ഹേഗെലിനെ വായിച്ചിരിക്കണം. അക്കാര്യത്തിനു് ഹേഗെലിനെക്കാള്‍ ഒട്ടും കുറയാത്ത സഹായം മാര്‍ക്സിനും നല്‍കാന്‍ കഴിയും. അതുകൊണ്ടു് “ഐഡിയോളജിക്കല്‍ കരച്ചില്‍” ആര്‍ക്കും കഴിയുന്ന ഒരു കാര്യമാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട. കഴുതകളെപ്പോലെ കരയാന്‍ തവളകള്‍ക്കാവുമോ? ചില കഴിവുകള്‍ ചില ജീവികള്‍ക്കു് ഇന്‍സ്റ്റിങ്ക്റ്റീവായി ലഭിക്കുന്നതാണു്. ദ്വിതീയാക്ഷരപ്രാസം, ആദ്യപ്രാസം, അന്ത്യപ്രാസം, ആദിമദ്ധ്യാന്തപ്രാസം, അത്യന്താധുനികപ്രാസം മുതലായ നിയമങ്ങള്‍ പാലിച്ചു് സാഹിത്യസൃഷ്ടികള്‍ നടത്താനോ, അതല്ലെങ്കില്‍ സില്‍മകള്‍ സംവിധാനം ചെയ്യാനോ, സില്‍മയില്‍ അഭിനയിക്കാനോ, നൃത്തം ചെയ്യാനോ ഇപ്പറഞ്ഞ “ജന്മവാസനയില്‍” ഏറിയോ കുറഞ്ഞോ ഒരല്പമെങ്കിലും ഉണ്ടാവാതെ പറ്റുമെന്നു് എനിക്കു് തോന്നുന്നില്ല. എഴുതുന്നവരെല്ലാം ഷേക്സ്‌പിയറോ, സില്‍മാക്കാരെല്ലാം സത്യജിത്ത് റേയോ, മിമിക്രിക്കാരെല്ലാം സൂപ്പര്‍ സ്റ്റാറുകളോ ആവുന്നില്ല എന്നും നമ്മള്‍ ശ്രദ്ധിക്കുക. അതിലൊക്കെ വളരെ ഉയരത്തിലുള്ള മരങ്ങളില്‍ സ്വയം അലങ്കരിച്ചു് തൂക്കുന്നതാണു് അവരില്‍ പലര്‍ക്കും കൂടുതല്‍ ഇഷ്ടമെങ്കിലും.
പണ്ടൊക്കെ, അതായതു് കേരളത്തില്‍ I. R. 8-ന്റെ സ്ഥാനത്തു് I. T. കൃഷി തുടങ്ങുന്നതിനുമൊക്കെ മുന്‍പു്, കൊയ്ത്തും പണിയുമെല്ലാം കഴിഞ്ഞു് മനുഷ്യര്‍ സ്വസ്ഥമാവുന്ന കന്നിമാസത്തില്‍ ഗ്രാമപ്രദേശങ്ങളിലെ മനുഷ്യര്‍ “നിങ്ങളെന്നെ (എന്തിനിങ്ങനെ) കമ്മൂണിഷ്ടാക്കി” എന്നും മറ്റുമുള്ള നാടകങ്ങളുടെ റിഹേഴ്സലുകള്‍ നടത്താറും, കലശലായ മനംപിരട്ടല്‍ മൂലം യുവനടികളെ അധികം ദീര്‍ഘിപ്പിക്കാതെ കെട്ടിച്ചു് വിടേണ്ട സാഹചര്യം ഇല്ലാതിരുന്ന അവസരങ്ങളില്‍ അവ അരങ്ങേറ്റം വരെയൊക്കെ എത്താറും ഉണ്ടായിരുന്നു. അപൂര്‍വ്വമായെങ്കിലും അവരില്‍ ചിലര്‍ “K. P. A. C.” വരെയോ, “വെള്ളിത്തിര” വരെയോ ഒക്കെ എത്തിപ്പെട്ടിരുന്നിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. പഠനവിധേയമാക്കാന്‍ കൊള്ളാവുന്ന മറ്റു് ചരിത്രങ്ങളോ, സ്വതന്ത്രമായ ചരിത്രപഠനം നടത്താന്‍ യോഗ്യതയുള്ള ചരിത്രകാരന്മാരോ ഇല്ലാത്തതിനാല്‍, ഉള്ള “ചരിത്രകാരന്മാര്‍ക്കു്” അവരുടെ കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍, “ഉള്ളതുകൊണ്ടു് ഓണം പോലെ” എന്ന നിലയില്‍, ഇതുപോലുള്ള വിഷയങ്ങള്‍ പഠനവിധേയമാക്കാവുന്നതാണു്. പലതരം വര്‍ണ്ണങ്ങളാലും വര്‍ണ്ണനകളാലും തമ്മില്‍ത്തമ്മില്‍ വേര്‍പെട്ടു് നില്‍ക്കുന്നതും, പരസ്പരവിരുദ്ധമായതുമായ കലാസൃഷ്ടികളുടെ സമാഹാരത്തെയാണല്ലോ നമ്മള്‍ ചരിത്രം എന്നു് വിശേഷിപ്പിക്കുന്നതു്! ഹിന്ദുവിനു് ഒരു ഭാരതചരിത്രം, മുസ്ലീമിനു് മറ്റൊരു ഭാരതചരിത്രം, ക്രൈസ്തവനു് ഇതുരണ്ടുമല്ലാത്ത മറ്റൊന്നു്… അങ്ങനെ വസ്തുനിഷ്ഠമായി, നിരയനുസരിച്ചു്. മതങ്ങള്‍ ചരിത്രരചന തീര്‍ത്തുകഴിയുമ്പോള്‍ ജാതികള്‍ക്കു് അവരുടെ വകയായുള്ള ചരിത്രരചന തുടങ്ങാം. അച്ചടിമഷി പുരട്ടിയിരിക്കുന്ന കടലാസുകളുടെ വിലപോലും ഇല്ലാത്ത തകൃതികളാണു് സാഹിത്യസൃഷ്ടികള്‍ എന്ന പേരില്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയില്‍ എണ്‍പതു് ശതമാനവും എന്നതിനാല്‍, ഈ രീതിയില്‍ “സാമൂഹികപ്രതിബദ്ധതയുള്ള” വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ സാമ്പത്തികമായി വന്‍വിജയം കരസ്ഥമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇനി, ഹേഗെലിന്റെ മറ്റൊരു മൊഴിമുത്തു്! മനസ്സിലാകാത്തതിനെ അന്ധമായി ആരാധിക്കുക എന്ന പ്രവണത മനുഷ്യവര്‍ഗ്ഗത്തിനു് ജന്മസിദ്ധമായതിനാല്‍, കാണാതെ പഠിച്ചു്, ചായക്കട, കള്ളുഷാപ്പു് മുതലായ ഇടങ്ങളില്‍ “വിദഗ്ദ്ധര്‍” തമ്മില്‍ കയ്യേറ്റത്തിലും കൊലയിലും വരെ എത്തിച്ചേരാവുന്നത്ര ആവേശത്തോടെ അരങ്ങേറുന്ന രാഷ്ട്രീയവും മതപരവും സാമൂഹികവുമായ ചര്‍ച്ചകളില്‍ സന്ദര്‍ഭാനുസരണം ഉരുവിട്ടാല്‍ എതിര്‍പക്ഷത്തിന്റെ കണ്ണില്‍ പൊടി വാരിയെറിയുന്നതിനു് തുല്യമായ ഫലം കിട്ടിക്കൂടെന്നില്ല. പഴയകാലത്തെ പൂഴിക്കടകന്‍ അടി, പുതിയകാലത്തെ ചെളി വാരിയെറിയല്‍ മുതലായവയെല്ലാം ഒരര്‍ത്ഥത്തില്‍ എതിരാളിയുടെ കണ്ണിലേക്കു് മണ്ണു് വാരിയെറിഞ്ഞു് കണ്ണുകാണാതാക്കുക എന്ന മലയാളിത്തനിമയുള്ള അടവുകള്‍ തന്നെയാണല്ലോ.
“It is the totality which reaches its truth – the potential becomes actualized – only at the end of the process of its own teleological self-becoming. It is a result of its own development in which it gives itself its own content – Nature (the presupposition of human consciousness) – and returns from the otherness of this content through human consciousness. In other words, it becomes object to itself and comes to know itself to be this object. It becomes self-consciously, self-thinking thought.” – Hegel
“It is the totality which reaches its truth”. അതുതന്നെയല്ലേ “The truth is the whole” എന്ന വാക്യം പറയുന്നതും? ആണെന്നു് കരുതാം. മനുഷ്യനായാല്‍ എന്തെങ്കിലുമൊന്നു് കരുതാതിരിക്കുന്നതെങ്ങനെ? കേരളത്തില്‍ കരുതിയിരുന്നാല്‍ത്തന്നെ മനുഷ്യനായി ജീവിക്കാന്‍ പറ്റാത്തതാണു് ഇന്നത്തെ കാലം. പഴയ കാലത്തെ മനുഷ്യര്‍ നാച്ചുറല്‍ ഫിലോസഫി മുഴുവനും അറിയാനുള്ള ശ്രമമായിരുന്നു നടത്തിക്കൊണ്ടിരുന്നതു്. ഇത്തിരി കൊണ്ടൊന്നും അവര്‍ തൃപ്തിപ്പെട്ടിരുന്നില്ല. ഇന്നത്തെ നാച്ചുറല്‍ സയന്‍സ് ആ ഉദ്യമം ഉപേക്ഷിച്ചു. മുഴുവനും അറിയാനുള്ള ആഗ്രഹമില്ലാത്തതിനാലല്ല, അതു് സാദ്ധ്യമല്ലാത്തതിനാല്‍. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നതാണു് അവരുടെ രീതി. – റിഡക്ഷനിസം. ചെറിയ ചുവടുകളിലൂടെ അറിയാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെ ചേര്‍ത്തുവച്ചു് മൊത്തത്തെപ്പറ്റി എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍ കഴിയുമോ എന്നറിയാനുള്ള ശ്രമം.
മനുഷ്യനു് ആകെമൊത്തം ഈ ലോകത്തില്‍ ജീവിക്കാന്‍ ലഭിക്കുന്ന സമയം എഴുപതോ എണ്‍പതോ വര്‍ഷങ്ങളാണു്. കേരളത്തിലെ ട്രാഫിക്കില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തില്‍ ഒരു നാല്പതോ അന്‍പതോ വര്‍ഷങ്ങള്‍ വേണമെങ്കില്‍ കുറയ്ക്കാം. അതായതു്, അവരുടെ ജീവിതദൈര്‍ഘ്യം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ മാത്രം. ശാസ്ത്രജ്ഞര്‍ എന്നറിയപ്പെടുന്ന നശിച്ച വര്‍ഗ്ഗം അവരെക്കാള്‍ നശിച്ച ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയതിന്റെ ഫലമായി, ശാസ്ത്രീയമായി പുരോഗതി പ്രാപിച്ച സമൂഹങ്ങളില്‍ ഒരു പത്തോ ഇരുപതോ വര്‍ഷങ്ങള്‍ (സത്രീകളുടെ കാര്യത്തിലാണെങ്കില്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍) കൂട്ടുകയുമാവാം. നൂറു് വയസ്സുവരെയൊക്കെ ജീവിക്കുന്ന പുരുഷന്മാരും, നൂറിനുമീതെ വയസ്സുവരെ ജീവിക്കുന്ന സ്ത്രീകളും പരിഷ്കൃതരാജ്യങ്ങളില്‍ ഇന്നൊരു അപൂര്‍വ്വതയല്ല. അങ്ങനെ, ചുരുക്കം ദശാബ്ദങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്ന മനുഷ്യര്‍ “മുഴുവന്‍ സത്യവും” മനസ്സിലാക്കിയിട്ടേ ചാകാവൂ എന്നെല്ലാം പറയുന്നതു് ഇത്തിരി കടന്നകയ്യാണു്.
അല്ലെങ്കിലും ആയുസ്സിന്റെ കാര്യത്തില്‍ പുരുഷവര്‍ഗ്ഗം ആദിമുതലേ അവഗണിക്കപ്പെട്ടവരാണു്. ഉദാഹരണത്തിനു്, പിടകള്‍ക്കു് കാലവും സമയവും നോക്കാതെ എപ്പോള്‍ വേണമെങ്കിലും മുറ്റത്തും പറമ്പിലും കൊക്കിക്കൊണ്ടു് നടക്കാം. അതു് ആരിലും ഒരുവിധ ചൊറിച്ചിലും ഉണ്ടാക്കാറില്ല. പക്ഷേ, പുലര്‍കാലത്തില്‍ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള പൂവന്മാരുടെ കൂവല്‍ ഒരു പത്തുമിനിട്ടു് മുന്നെയോ, പത്തുമിനിട്ടു് താമസിച്ചോ സംഭവിച്ചാല്‍ ആ വീട്ടില്‍ ആ പൂവനാവും അന്നത്തെ അത്താഴത്തിന്റെ കറി. കൃത്യമായി ടൈം ടേബിള്‍ പാലിക്കാന്‍ വിധിക്കപ്പെട്ടവരാണു് പൊതുവേ പുരുഷവര്‍ഗ്ഗം. ഒരു പത്തുമിനിട്ടു് നേരത്തെയോ, അല്ലെങ്കില്‍ പത്തുമിനിട്ടു് താമസിച്ചോ ആണു് ഉണര്‍ന്നതും കൂവിയതും എന്നതു് വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റമായി എനിക്കു് തോന്നുന്നില്ല.
അതിനെക്കാളൊക്കെ കഷ്ടം, complete truth, absolute truth എന്നൊക്കെ വിളിക്കപ്പെടുന്ന സംഗതി എന്താണെന്നു് സങ്കല്പിക്കാന്‍ പോലും മനുഷ്യര്‍ക്കു് കഴിയില്ല എന്നതാണു്. റിലേറ്റിവിറ്റിയും ക്വാണ്ടം തിയറിയുമൊക്കെ വന്നശേഷം പ്രത്യേകിച്ചും. തീര്‍ച്ചയായും, ദൈവവിശ്വാസികളും മറ്റിനം പച്ചക്കുതിരകളുമെല്ലാം (പച്ചക്കുതിര ജര്‍മ്മന്‍ ഭാഷയില്‍ ദൈവാരാധിക എന്നു് അര്‍ത്ഥം വരുന്ന Gottesanbeterin എന്നാണു് അറിയപ്പെടുന്നതു്! തികച്ചും യോഗ്യമായ ഒരു വിളിപ്പേരു്). കമ്പ്ലീറ്റ് ട്രൂത്ത്, അബ്സൊല്യൂട്ട് ട്രൂത്ത് എന്നൊക്കെപ്പറഞ്ഞാല്‍ എന്തെന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണു്. ഇപ്പറഞ്ഞ ഏതാനും കാര്യങ്ങള്‍ മാത്രമല്ല, ഇനി ലോകാവസാനത്തോളം സകലലോകവും പറയാനിരിക്കുന്ന സര്‍വ്വമാനകാര്യങ്ങളും ദൈവം എന്ന ഒരൊറ്റ വാക്കിലേക്കു് ഒതുക്കാന്‍ കഴിയുന്നവയാണെന്ന കാര്യത്തില്‍ ഒരു തരിക്കുപോലും സംശയമില്ലാത്തവര്‍! അവര്‍ക്കാണെങ്കില്‍ അതിനു് സാമാന്യവിദ്യാഭ്യാസത്തിന്റെ പോലും ആവശ്യവുമില്ല. സത്യം പറയാമല്ലോ, ജനിക്കണമെങ്കില്‍ അത്തരം പച്ചക്കുതിരകളായി ജനിക്കണം! പ്രപഞ്ചത്തില്‍ ഒരു അസ്തിത്വത്തിനു് ലഭിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഭാഗ്യമാണതു്. ജനിക്കുക, മുടങ്ങാതെ പ്രാര്‍ത്ഥിക്കുക, മുടങ്ങാതെ തിന്നുക, തിന്നുതിന്നു് വീര്‍ക്കുക, കഴിയുന്നത്ര പെരുകുക, എപ്പോഴെങ്കിലും ചാവുക, അവസാനം നിത്യസ്വര്‍ഗ്ഗത്തിലെത്തുക! അതില്‍ കൂടിയ ഒരു ഭാഗ്യമുണ്ടോ?
ഹേഗെലിന്റെയും മാര്‍ക്സിന്റെയും, എന്തിനു്, ഐന്‍സ്റ്റൈന്റെ പോലും ലോകത്തില്‍ നിന്നും ശാസ്ത്രവും മനുഷ്യരും (ചിലരെങ്കിലും) ഇന്നു് വളരെ മുന്നോട്ടുപോയി. പണ്ടു് തത്വചിന്തയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന സംജ്ഞകള്‍ക്കു് ഇന്നത്തെ പ്രകൃതിശാസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സംജ്ഞകളുടെ സൂക്ഷ്മതാനിലവാരം ഇല്ല എന്നതു് തത്വചിന്തകര്‍ തന്നെ അംഗീകരിച്ചുകഴിഞ്ഞ കാര്യമാണു്. ക്ലാസിക്കല്‍ ഫിലോസഫി കൈകാര്യം ചെയ്തതു് യഥാര്‍ത്ഥത്തിലുള്ള പ്രശ്നങ്ങളായിരുന്നില്ല, സ്യൂഡോ പ്രശ്നങ്ങളായിരുന്നു. വാസ്തവത്തില്‍ തത്വചിന്തകര്‍ ഇടപെടാന്‍ പോകരുതാത്ത മേഖലയാണതു്. അതുകൊണ്ടുതന്നെ, പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും ക്ലാസിക്കല്‍ ഫിലോസഫി ചോദിച്ച ചോദ്യങ്ങളും, നടത്തിയ പരിശോധനകളും അര്‍ത്ഥശൂന്യമായിരുന്നു. ക്വാണ്ടം മെക്കാനിക്സിന്റെ വരവോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമായി. ശാസ്ത്രത്തില്‍ നിന്നും സ്പഷ്ടമായ സംജ്ഞകള്‍ പ്രതീക്ഷിക്കുന്ന തത്വചിന്തകരെ അതിലെ കോമ്പ്ലിമെന്റാരിറ്റി, അണ്‍സെര്‍ട്ടെന്റി റിലേഷന്‍, ഇന്റെര്‍ഫെറെന്‍സ് പ്രോബബിലിറ്റി മുതലായവയെല്ലാം നിരുത്സാഹപ്പെടുത്തിയാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. നീല്‍സ് ബോര്‍ പറയുന്നു: “ഒരു വസ്തുത സ്പഷ്ടമായി മനസ്സിലാക്കാന്‍ കഴിയുമ്പോഴും, അതിനെപ്പറ്റി സാദൃശ്യങ്ങളും ഉപമകളും വഴി മാത്രം സംസാരിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് ക്വാണ്ടം തിയറി. തരംഗവും കണവും ക്ലാസിക്കല്‍ സംജ്ഞകളാണെങ്കിലും ഇവിടെ അവ കോമ്പ്ലിമെന്ററി ആയതിനാല്‍ യഥാര്‍ത്ഥ ലോകവുമായി ചേര്‍ന്നുപോകാന്‍ കഴിയാത്തവിധം പരസ്പരവിരുദ്ധമായി നിലകൊള്ളുന്നവയാണു്. എങ്കിലും, ഒരു വസ്തുതയുടെ വിവരണത്തിനു് നമുക്കു് സ്വാഭാവികഭാഷയുടെ പരിധിക്കുള്ളില്‍ നില്‍ക്കേണ്ടതുള്ളതിനാല്‍, സാദൃശ്യങ്ങളും ഉപമകളും വഴി മാത്രമേ ഈ വസ്തുതയെ നമുക്കു് സമീപിക്കാന്‍ കഴിയൂ”.
പതിനേഴാം നൂറ്റാണ്ടോടെ മാത്രമാണു് ചുരുങ്ങിയപക്ഷം യൂറോപ്പിലെങ്കിലും മനുഷ്യര്‍ അഥോറിറ്റികളില്‍ നിന്നും സ്വതന്ത്രമായി അനുഭവജ്ഞാനത്തിലേക്കു്, അല്ലെങ്കില്‍, പരീക്ഷണങ്ങള്‍ വഴി വിശദാംശങ്ങള്‍ വെരിഫൈ ചെയ്തു് അനുഭവജ്ഞാനം സ്ഥിരീകരിക്കുന്ന രീതിയിലേക്കു് പുരോഗമിച്ചതു്. അതുവരെ അറിവു് എന്നതു് ആകമാനതയെപ്പറ്റി പൊതുവായുള്ള ചില വിവരങ്ങള്‍ മാത്രമായിരുന്നു. അതിനു് മനുഷ്യര്‍ ആശ്രയിച്ചിരുന്നതു് പ്ലേറ്റോ, അരിസ്റ്റോട്ടില്‍ മുതലായവരുടെ ചിന്തകളെയോ ക്രൈസ്തവസഭയുടെ ഡോക്ട്രിനുകളെയോ ആയിരുന്നു. അക്കാലത്തു് അനുഭവലോകത്തിലെ ചെറിയ ചെറിയ കാര്യങ്ങളും അവയുടെ വിശദാംശങ്ങളുമൊന്നും മനുഷ്യരെ അധികം അലട്ടിയിരുന്നില്ല. അതിനെല്ലാം “ജ്ഞാനികളായ” മന്ത്രവാദികള്‍ നല്‍കുന്ന വിശദീകരണങ്ങള്‍കൊണ്ടു് മനുഷ്യര്‍ സംതൃപ്തരായിരുന്നു. അതിന്റെ ഫലമായി ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും അന്ധവിശ്വാസം പെരുകുകയും, വലിയ കാര്യങ്ങളില്‍ ഒരു ചുവടുപോലും മുന്നോട്ടു് പോകാന്‍ കഴിയാതിരിക്കുകയും ചെയ്തു എന്നതൊഴിച്ചാല്‍, ആകാശത്തിലേപ്പോലെ ഭൂമിയിലും എന്ന രീതിയില്‍ “നന്മതിന്മകള്‍ക്കപ്പുറത്തുള്ള” ഏതോ ലോകത്തെ സ്വപ്നം കണ്ടുകൊണ്ടു് ജീവിച്ചു് മരിക്കുക എന്നതിനു് അപ്പുറം എത്തുന്നതായിരുന്നില്ല അന്നത്തെ മനുഷ്യജീവിതം.
ഒരു കരിവണ്ടിനെ അര്‍ദ്ധരാത്രിയില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ മേശപ്പുറത്തു് ചോക്കുകൊണ്ടു് വരച്ച ഒരു വൃത്തത്തിന്റെ നടുക്കു് വച്ചാല്‍, അതിനു് ആ വൃത്തത്തിനു് പുറത്തുകടക്കാന്‍ സാധിക്കുകയില്ല എന്നൊരു വിശ്വാസം പഴയ കാലത്തുണ്ടായിരുന്നു. ഒരിക്കല്‍ നിര്‍ദ്ദിഷ്ടമായ എല്ലാ കണ്ഡീഷനുകളും പാലിച്ചുകൊണ്ടു് വൃത്തത്തിനു് നടുവില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു വണ്ടു് ഒന്നും സംഭവിച്ചിട്ടില്ല എന്നപോലെ (സ്വാഭാവികമായും) വൃത്തത്തിനു് പുറത്തിറങ്ങി അതിന്റെ പാട്ടിനുപോയതോടെ ആ വിശ്വാസം അവസാനിച്ചു. ഇതു് പതിനേഴാം നൂറ്റാണ്ടിലെ ലണ്ഡനില്‍ സംഭവിച്ചതാണു്. എങ്കിലും, മഴ പെയ്യിക്കാനായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും യാഗവും ഹോമവുമൊക്കെ നടത്തുന്ന ചില രാജ്യങ്ങളുണ്ടു്! അവിടങ്ങളില്‍ മേശപ്പുറത്തു് വരച്ച വൃത്തത്തിന്റെ നടുവില്‍ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ പ്രതിഷ്ഠിക്കപ്പെടുന്ന കരിവണ്ടുകള്‍ പ്രതിമയെപ്പോലെ ഇരുത്തിയിടത്തു് ഇരിക്കാറാണു് പതിവെന്നും കേള്‍ക്കുന്നു. അത്തരം രാജ്യങ്ങളില്‍ വണ്ടും, മനുഷ്യരും, കല്ലും, തടിയുമൊക്കെ ഒരുപോലെയാണു് – നിന്നിടത്തുനിന്നും ഒരു ചുവടുപോലും അനങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന യാഥാസ്ഥിതികത്വമാണു് അവയുടെ മുഖമുദ്ര! ഇരുത്തിയാല്‍ ഇരുത്തിയിടത്തു് ഇരിക്കുന്ന, കിടത്തിയാല്‍ കിടത്തിയിടത്തു് കിടക്കുന്ന തരം യാഥാസ്ഥിതികത്വം.
“ഒരുവന്‍ /ഒരുവള്‍” എന്നു് മുകളില്‍ പ്രത്യേകം എടുത്തുപറയേണ്ടിവന്നതുകൊണ്ടു് ഒരു വിശദീകരണം: സ്ത്രീപുരുഷസമത്വത്തില്‍ ഭാഗികമായി മാത്രം വിശ്വസിക്കുന്നവനാണു് ഞാന്‍. അതു് ഇതില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗം ഇത്തിരി ഉയര്‍ന്നതാണെന്നോ, മറ്റേ വര്‍ഗ്ഗം അതിലുമിത്തിരി താഴ്ന്നതാണെന്നോ ഉള്ള ചിന്തയുടെ പേരിലല്ല, പൂര്‍ണ്ണമായ സ്ത്രീപുരുഷസമത്വം മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടുചെന്നു് എത്തിച്ചേക്കാവുന്ന സ്വയം നശീകരണത്തിനു് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതിന്റെ പേരില്‍ മാത്രം. വിദ്യാഭ്യാസത്തിനും തൊഴിലിനും തുല്യ അവസരങ്ങള്‍, തുല്യജോലിക്കു് തുല്യകൂലി മുതലായ കാര്യങ്ങള്‍ ജാതി, മത, ലിംഗഭേദമെന്യേ മനുഷ്യവര്‍ഗ്ഗത്തിനു് പൊതുവായി ബാധകമായിരിക്കേണ്ട ജന്മാവകാശങ്ങള്‍ ആയിരിക്കണം എന്നാണെന്റെ അഭിപ്രായം. ഇന്ന ജോലി ഇന്ന വിഭാഗമേ ചെയ്യാവൂ എന്നൊരു നിര്‍ബന്ധത്തിന്റെ പോലും ആവശ്യമില്ല എന്നുംകൂടി പറയാന്‍ കഴിഞ്ഞിരുങ്കില്‍ അതായിരുന്നേനെ എനിക്കു് കൂടുതല്‍ ഇഷ്ടം. പക്ഷേ, ചില വിഷയങ്ങളില്‍ (പുരുഷവര്‍ഗ്ഗത്തെ എങ്ങനെ പ്രസവശേഷിയുള്ള ജീവികളാക്കി മാറ്റാം എന്ന പോലുള്ളവ) ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്താന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്കു്, ഈ രണ്ടു് വര്‍ഗ്ഗങ്ങളുടെയും ശരീരങ്ങള്‍ തമ്മില്‍ കാലാകാലങ്ങളായി നിലവിലിരിക്കുന്ന പ്രസക്തമായ ചില വ്യത്യാസങ്ങള്‍ക്കു് കാര്യമായ മാറ്റമൊന്നും സംഭവിക്കാത്തവിധത്തില്‍ തട്ടിക്കൂട്ടാവുന്ന സ്ത്രീപുരുഷസമത്വംകൊണ്ടു് തൃപ്തിപ്പെടുക എന്നതല്ലാതെ തത്കാലം മറ്റു് നിവൃത്തിയൊന്നും ഞാന്‍ കാണുന്നില്ല. സാങ്കേതികമായ ഇത്തരം പ്രശ്നങ്ങള്‍ക്കു് ഒരു കാലത്തു് അനുയോജ്യമായ പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പക്ഷം അന്നു് സ്ത്രീപുരുഷസമത്വത്തിലെ ഈ “ഭാഗികത” ഒഴിവാക്കുന്നതിനോടു് എനിക്കു് വിയോജിപ്പുമില്ല. വിയോജിക്കാന്‍, ഇതിപ്പോള്‍ വൈരുദ്ധ്യത്തില്‍ അധിഷ്ഠിതമായ ഭൗതികവാദം പോലെ, തൊടാനും തീണ്ടാനുമൊന്നും അനുവാദമില്ലാത്ത ഒരു “സയന്റിഫിക്” തിയറിയോ, മരണാനന്തരജീവിതം പോലെ, ലോകാവസാനം വരെ ഇടിച്ചാലും കടിച്ചാലും പൊട്ടാത്ത ഒരു വിശ്വാസസത്യമോ ഒന്നുമല്ലല്ലോ.