RSS

Daily Archives: Nov 15, 2010

സ്വന്തം ദൈവത്തെ വ്യാഖ്യാനിച്ചു് കൊല്ലുന്നവർ

എല്ലാവർക്കും വേണ്ടതു് സത്യമാണു്. എല്ലാവരും തേടുന്നതും സത്യമാണു്. ചുരുങ്ങിയപക്ഷം അങ്ങനെ അവകാശപ്പെടുന്നവരെങ്കിലുമാണു് മിക്കവാറും എല്ലാ മനുഷ്യരും. അറിയുന്നതിനേക്കാൾ എത്രയോ കൂടുതൽ അറിയാത്ത കാര്യങ്ങളുണ്ടെന്നു് ഇതിനോടകം മനസ്സിലാക്കാൻ കഴിഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയും, ശാസ്ത്രജ്ഞരുമൊക്കെ തുടർന്നും സത്യം തേടിക്കൊണ്ടിരിക്കുന്നതു് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. അവർക്കു് കണ്ടെത്താൻ ഇനിയുമുണ്ടല്ലോ ഏറെയേറെക്കാര്യങ്ങൾ. പക്ഷേ, ഒരു ദൈവവിശ്വാസി എന്തു് സത്യമാണു് അന്വേഷിക്കുന്നതു്? ദൈവത്തെ കണ്ടെത്തി എന്നു് അവകാശപ്പെടുന്നവനാണല്ലോ ഒരു ദൈവവിശ്വാസി. ആത്യന്തികമായ, പൂർണ്ണമായ ഒരു സത്യത്തെയാണു് ദൈവം എന്ന വാക്കുകൊണ്ടു് മനുഷ്യർ വിശേഷിപ്പിക്കുന്നതെന്നാണു് ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്. ഈ ദൈവവിശേഷണത്തിൽ വെട്ടിച്ചുരുക്കലുകൾ വരുത്തിയാൽ, അതെത്ര നേരിയതായാലും ശരി, അതുവഴി പൂർണ്ണത അപൂർണ്ണതയാവും, ദൈവം ദൈവമല്ലാതാവും. അതുപോലെ സമ്പൂർണ്ണനായൊരു ദൈവത്തെ, അതിനപ്പുറം മറ്റൊന്നില്ലാത്തവിധം പരമമായൊരു സത്യത്തെ കണ്ടെത്തിയ ഒരു ദൈവവിശ്വാസി തുടർന്നും സത്യം അന്വേഷിക്കണമെങ്കിൽ അവന്റെ തലയിൽ ബാല്യം മുതലുള്ള വേദോപദേശം വഴി പിരിയാണികൾ ഊരിപ്പോയ എത്ര തുളകൾ ഉണ്ടായിരിക്കണം? കന്യാകുമാരിയിലേക്കു് തീർത്ഥയാത്ര പോകുന്നവർ അവിടെയെത്തിയശേഷവും കന്യാകുമാരിയെ അന്വേഷിക്കുന്നതുപോലെയല്ലേ തന്റെ ദൈവത്തെ കണ്ടെത്തിയ വിശ്വാസി തുടർന്നും മുടങ്ങാതെ സത്യം അന്വേഷിച്ചുകൊണ്ടിരിക്കുന്നതു്? അർത്ഥമുണ്ടെന്നു് അറിഞ്ഞുകൊണ്ടു് വാക്കുകൾ ഉപയോഗിക്കുന്ന ആരെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യുന്ന ഒരു കാര്യമാണോ ഇതു്? ഇനി, ഈ ദൈവം എന്ന സംഗതി അത്ര ഉറപ്പില്ലാത്ത ഒരു കാര്യമാണെന്നു് അൽപമെങ്കിലും ഒരു ദൈവവിശ്വാസി അംഗീകരിക്കുന്നുവെങ്കിൽ, അവൻ ഊണിലും ഉറക്കത്തിലും സ്വന്തം ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാൻ വാലും തലയുമില്ലാത്ത വാദമുഖങ്ങൾ കൊണ്ടു് ശ്രമിക്കുകയല്ല, മുകളിൽ പറഞ്ഞ വിഭാഗങ്ങളുടെ മാതൃകയിൽ സ്വതന്ത്രമായ ദൈവാന്വേഷണം ആരംഭിക്കുകയാണു് വേണ്ടതു്. അത്തരമൊരു അനേഷണത്തിനു് മുതിരാതെ, ഒരു അന്തിമസത്യത്തിൽ മനുഷ്യബുദ്ധിയെ തളച്ചിടാത്ത യഥാർത്ഥ അന്വേഷികളിൽ മുൻവിധി ആരോപിക്കുന്നതു്, മലർന്നു് കിടന്നു് തുപ്പുന്നതിനു് തുല്യമല്ലേ ആവൂ? ഒരു ദൈവം സംശയരഹിതമായി നിലനിൽക്കുന്നുണ്ടെന്നു് വിശ്വസിക്കുകയും, ആ വിശ്വാസത്തെ സ്പര്‍ശിക്കുന്നതുപോലും മഹാ അപരാധമാണെന്നു് കരുതുകയും ചെയ്യുന്നതിൽ കവിഞ്ഞ ഒരു മുൻവിധിയുണ്ടോ?

ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം സകല പ്രപഞ്ചരഹസ്യങ്ങൾക്കും ആത്യന്തികമായ മറുപടിയാവാൻ പര്യാപ്തമായ പരമമായ ഒരു സത്യമായിരിക്കണം എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാവുമെന്നു് തോന്നുന്നില്ല. അതുപോലെതന്നെ സംശയരഹിതമായ ഒരു കാര്യമാണു്, തലമുറകളിലൂടെ മനുഷ്യരുടെ അറിവുകൾ വർദ്ധിച്ചതിനനുസരിച്ചു് ദൈവത്തിന്റെ രൂപത്തിനും ഭാവത്തിനും വ്യത്യാസം വരുത്താൻ ദൈവവിശ്വാസികൾ നിർബന്ധിതരായിട്ടുണ്ടു് എന്നതും. ഇതിനു് മാനവചരിത്രത്തിലെ വ്യത്യസ്ത സംസ്കാരങ്ങൾ ആവശ്യത്തിലേറെ തെളിവുകൾ നൽകുന്നുണ്ടു്. പുത്രസമ്പത്തും, ധാന്യങ്ങൾ കൊണ്ടു് നിറഞ്ഞ പത്തായങ്ങളും, വളർത്തുമൃഗങ്ങൾ നിറഞ്ഞ തൊഴുത്തുകളും പോലെതന്നെ, പകർച്ചവ്യാധികളും, അത്യാഹിതങ്ങളും, പ്രകൃതിക്ഷോഭങ്ങളുമെല്ലാം മനുഷ്യരുടെ പ്രവൃത്തികളിലെ നന്മയും തിന്മയും വിവേചിച്ചറിയാൻ കഴിഞ്ഞിരുന്ന ദൈവങ്ങളുടെ അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളായിട്ടായിരുന്നു പുരാതനമനുഷ്യർ മനസ്സിലാക്കിയിരുന്നതു്. സൂര്യൻ, ചന്ദ്രൻ, ഇടി, മിന്നൽ മുതലായ പ്രകൃതിശക്തികളും, മൃഗരൂപികളും, മൃഗ-മനുഷ്യരൂപികളും, മനുഷ്യരൂപികളും, അരൂപിയും, സ്നേഹവും, ഊർജ്ജവും, ഏതോ ഒരു ‘പ്രപഞ്ചശക്തിയും’ ഒക്കെയായി കാലാകാലങ്ങളിൽ രൂപാന്തരം സംഭവിച്ചിട്ടുള്ള ഒന്നാണു് ദൈവം എന്ന പേരിൽ അറിയപ്പെടുന്ന പ്രഹേളിക. വാസ്തവത്തിൽ അതൊരു പ്രഹേളികയല്ല. ആർക്കും അവനവന്റെ ഉപയോഗത്തിനനുസരിച്ചു് ചെത്തിമുറിച്ചോ വലിച്ചുനീട്ടിയോ പാകപ്പെടുത്താവുന്ന ഒന്നാണു് ദൈവം എന്ന ആശയം. ദൈവത്തിന്റെ വിശേഷണങ്ങൾ ആവശ്യാനുസരണം ആരാധിതവസ്തുക്കൾക്കുപോലും നൽകപ്പെടുന്നുണ്ടു് എന്നതാണു് ഈ പാകപ്പെടുത്തൽ സാദ്ധ്യമാണെന്നതിന്റെ തെളിവു്. വ്യത്യസ്ത കാലഘട്ടങ്ങളിൽ ദൈവത്തിൽ മനുഷ്യർ അടിച്ചേൽപിച്ച നിഷേധിക്കാനാവാത്ത എത്രയോ രൂപാന്തരീകരണങ്ങൾ മാത്രം മതി പ്രപഞ്ചനാഥൻ എന്ന പദവി അർഹിക്കുന്ന ഒരു ദൈവത്തിന്റെ അസ്തിത്വം നിരുപാധികം തള്ളിക്കളയാൻ. സൂര്യനും ഇടിയും മിന്നലും സ്നേഹവും ഊർജ്ജവും അരൂപിയുമൊക്കെ ഉത്തമപുരുഷസർവ്വനാമവും ഏകവചനവും ഉപയോഗിച്ചു് സ്വയം പരിചയപ്പെടുത്തി മനുഷ്യരോടു് സംസാരിക്കുന്നതു് ഒന്നു് സങ്കൽപിച്ചുനോക്കൂ. “ഞാൻ” നിന്റെ ദൈവമായ കർത്താവാകുന്നു, “ഞാൻ” ഒഴികെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്! ഇവ ഒരു ദൈവത്തിന്റെ “വായിൽ നിന്നും” വരുന്ന വാക്യങ്ങളാണെങ്കിൽ, അതു് പറയുന്നതു് ഒരു ദൈവമല്ല എന്നറിയാൻ ആ വാക്യങ്ങളിൽ കൂടിയ ഒരു തെളിവിന്റേയും ആവശ്യമില്ല. “I am Bond, James Bond” എന്ന രീതിയിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ മുന്നിൽച്ചെന്നു് സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടുള്ള ഒരു ‘007’ അല്ല തീർച്ചയായും ദൈവം. മോശെയുടെ വാക്കുകളിലൂടെ വെളിപ്പെടുന്ന യഹോവ ഒരു ‘മോശെ’ മാത്രമാണു്. മുഹമ്മദിന്റെ വാക്കുകൾ വർണ്ണിക്കുന്ന അല്ലാഹു ഒരു ‘മുഹമ്മദ്‌’ മാത്രമാണു്. ഏതു് മതത്തിന്റെ കാര്യവും ഇതുപോലെതന്നെ. മനസ്സിൽ ഉള്ളതാണു് വാക്കുകളാവുന്നതു്. അമാനുഷികമായ മനസ്സോ വാക്കുകളോ ഇല്ല. എല്ലാ മതസ്ഥാപകരും മനുഷ്യരായിരുന്നു. അവരുടെ ദൈവങ്ങൾ അവരുടെ സൃഷ്ടിയാണു്, അവരുടെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപികരൂപങ്ങൾ മാത്രമാണു്.

ദൈവത്തിനു് മൂർത്തവും അമൂർത്തവുമായ വ്യാഖ്യാനങ്ങൾ നൽകാം. ദൈവത്തെ സർവ്വവ്യാപിയെന്നു് വിശേഷിപ്പിക്കാം, ഒപ്പംതന്നെ ഏതു് കുടുസ്സുമുറിയിലും കുടിയിരുത്തുകയുമാവാം. ദൈവം സകലപ്രപഞ്ചത്തിനും അധിപനാണു്, പക്ഷേ, അത്താഴപ്പട്ടിണിക്കാരന്റെ നയാപൈസ ആയാലും കിട്ടിയാൽ വേണ്ടെന്നു് വയ്ക്കില്ല. ആഫ്രിക്കയിലേയും ഏഷ്യയിലേയും, ഓസ്റ്റ്രേലിയയിലേയും, ഭൂമിയിൽ മറ്റെവിടെയൊക്കെ മരങ്ങളും അവയിൽ ഇലകളുമുണ്ടോ, അവിടെയൊക്കെയുമുള്ള ഓരോ മരത്തിലെയും ഓരോ ഇലകൊഴിയലും എപ്പോൾ എങ്ങനെ സംഭവിക്കുന്നു എന്നെല്ലാം ആദിയിലേ കൃത്യമായി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കര്‍ശനക്കാരനാണു് ദൈവം. പക്ഷേ, അൽപസ്വൽപം കൈമടക്കോ നിസ്സാരമായ ഒരു നേർച്ചയോ നൽകിയാൽ ഇലകൊഴിയലും മുടികൊഴിയലും സംബന്ധിച്ച അത്തരം ഉറച്ച തീരുമാനങ്ങളിൽനിന്നും അവൻ പൂർണ്ണമോ ഭാഗികമോ ആയി പിന്മാറിക്കൂടെന്നുമില്ല. മനുഷ്യരുടെ പ്രാർത്ഥന, തീർത്ഥാടനം മുതലായവയുടെ സൗകര്യാർത്ഥം ദൈവങ്ങൾ പൊതുവേ ഭൂമിയിലാണു് പ്രതിഷ്ഠിക്കപ്പെടാറുള്ളതെങ്കിലും, അവരുടെ ഒറിജിനൽ കൊട്ടാരങ്ങളും സിംഹാസനങ്ങളും തീന്മേശകളുമെല്ലാം സ്വർഗ്ഗത്തിൽത്തന്നെ നിലനിർത്തുന്നതാണു് മനുഷ്യർക്കു് പൊതുവേ ഇഷ്ടം. എത്ര കഷ്ടപ്പെട്ടിട്ടായാലും മനുഷ്യർ തീർച്ചയായും സ്വന്തമാക്കാൻ ശ്രമിക്കേണ്ടതാണെന്നു് മതങ്ങൾ പഠിപ്പിക്കുന്ന ഈ സ്വർഗ്ഗം ‘മുകളിൽ’ എവിടെയോ ആണെന്ന കാര്യത്തിലും തർക്കങ്ങൾ ഉണ്ടാവാറില്ല. അതേസമയം നരകം എന്ന സംഭവം, ഭൂമി പരന്നിരുന്ന കാലത്തു്, ഭൂമിക്കടിയിലായിരുന്നു. കുറേക്കഴിഞ്ഞു് ഭൂമി ഉരുണ്ടുപോയതുകൊണ്ടു് ഇപ്പോൾ നരകം ഭൂമിക്കുള്ളിൽ എവിടെയോ ആവാനാണു് സാദ്ധ്യത.

ദൈവമെന്ന ആശയം കൊണ്ടു് സത്യത്തിൽ മനുഷ്യർ എന്താണു് ഉദ്ദേശിക്കുന്നതു്? ലുഡ്‌വിഗ്‌ ഫൊയർബാഹിന്റെ ചിന്തകളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, എന്റെ ദൈവം എന്നെ സംരക്ഷിക്കുന്നവനും എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നവനും ആയിരിക്കണം. അതുമാത്രം പോരാ, അവൻ എന്റെ ശത്രുക്കളെ നിശ്ശേഷം നശിപ്പിക്കുന്നവനുമായിരിക്കണം. അതുകൊണ്ടാണു് മനുഷ്യരുടെ ദൈവം ഒരേസമയം സ്നേഹനിധിയും ക്രൂരനുമാവേണ്ടി വരുന്നതു്. എന്റെ ശത്രുക്കളെ നശിപ്പിക്കാത്ത ദൈവത്തെക്കൊണ്ടു് എനിക്കെന്തു് പ്രയോജനം? “എനിക്കു് വേണ്ടത്ര ശക്തിയും കഴിവും ഉണ്ടായിരുന്നെങ്കിൽ ഞാൻ തനിയെ ചെയ്യുമായിരുന്ന കാര്യങ്ങൾ എനിക്കുവേണ്ടി ചെയ്തുതരേണ്ടവനാണു് എന്റെ ദൈവം.” ഇതിന്റെ രസകരമായ മറ്റൊരു വശം, ഞാനും എന്റെ ശത്രുവും ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവരാവുമ്പോൾ ദൈവത്തിനു് നിർബന്ധമായും വേണ്ട ഈ ക്വാളിറ്റികൾ ചുരുങ്ങിയ പക്ഷം ദൈവത്തിന്റെ ദൃഷ്ടിയിലെങ്കിലും ഒരു ഡിലെമ ആയി മാറുന്നു എന്നതാണു്. ഒരാൾക്കു് മാത്രം ജയിക്കാൻ കഴിയുന്ന ഒരു മത്സരത്തിൽ എന്നെയും എന്റെ ശത്രുവിനേയും ഒരുപോലെ ജയിപ്പിക്കാൻ ഏതെങ്കിലും ദൈവത്തിനു് കഴിയുമോ? പക്ഷേ, അതൊന്നും വിശ്വാസിയായ എനിക്കു് അറിയേണ്ട കാര്യമില്ല, ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ കാര്യങ്ങൾ സാധിച്ചുതരുന്നവനാവണം. ഓരോ വിശ്വാസിയും കരുതുന്നതു് ഇങ്ങനെയാണു്. എന്തുകൊണ്ടാണു് ഓരോ വിശ്വാസിയും ഇങ്ങനെ കരുതുന്നതു്? കാരണം, ഒരുവൻ അവന്റെ കാഴ്ചപ്പാടിൽ ദൈവസന്നിധിയിൽ മറ്റാരേക്കാളും വിലമതിക്കപ്പെടേണ്ടവനാണു്. അല്ലാവുദീന്റെ അത്ഭുതവിളക്കിനെ (അബദ്ധത്തിൽ പോലും!) തിരുമ്മുന്നവന്റെ ഏതു് കൽപനയും അനുസരിക്കാൻ ഒരു അടിമയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ജിന്നായിരിക്കണം വിശ്വാസിയുടെ കാഴ്ചപ്പാടിൽ അവന്റെ ദൈവം. (അല്ലാഡിനു് ഈ വിളക്കു് കൂടാതെ ഒരു അത്ഭുതമോതിരവും ഉണ്ടായിരുന്നു. അതിൽ തിരുമ്മിയാൽ പ്രത്യക്ഷപ്പെടുന്നതു് അൽപം ‘മൂച്ചു്’ കുറഞ്ഞ ഒരു കുഞ്ഞൻ ജിന്നായിരുന്നു. അല്ലാഡിൻ ‘ഏകജിന്നു്’ ആരാധകനായിരുന്നില്ലെന്നു് സാരം). ദൈവത്തെ തിരുമ്മാനും നുള്ളാനും ഒന്നും പറ്റാത്തതിനാൽ പ്രാർത്ഥനയും മറ്റുതരം ഗോഷ്ടികളുമാണു് അഭിനവ അല്ലാഡീന്മാരുടെ ആവാഹനമാർഗ്ഗങ്ങൾ. വിശ്വാസിയുടെ ആജ്ഞാനുവർത്തിയാണു് അവന്റെ ദൈവം. അവൻ ദൈവത്തിനു് നൽകുന്ന കൽപനകൾക്കു് അപേക്ഷയുടെ രൂപമാണെന്നതു് മാത്രമാണു് ദൈവം അവന്റെ ഭൃത്യനാണോ എന്നു് ആർക്കും സംശയം തോന്നാത്തതിനു് കാരണം. (ലുഡ്‌വിഗ്‌ ഫൊയർബാഹിനെപ്പറ്റി അൽപം കൂടെ വിശദമായ എന്റെ ഒരു പോസ്റ്റ്‌ താത്പര്യമുള്ളവർക്കു് ഇവിടെ വായിക്കാം: ദൈവങ്ങളുടെ ഉത്ഭവം)

പക്ഷേ, പല മതഗ്രന്ഥങ്ങളും വായിച്ചാൽ, മുകളിൽ എവിടെയോ ഇരുന്നു് ഒരു പാവകളിക്കാരനെപ്പോലെ മനുഷ്യപ്പാവകളുടെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിയന്ത്രിക്കുന്ന ഒരുവനാണു് ദൈവം എന്നു് ആർക്കെങ്കിലും തോന്നിയാൽ അവനെ കുറ്റം പറയാൻ കഴിയില്ല. വായിക്കുന്നതു് പരസഹായമില്ലാതെ മനസ്സിലാക്കാൻ കഴിവുള്ള ആർക്കും അവയിൽ നിന്നും മറ്റൊരർത്ഥം വായിച്ചെടുക്കാനാവില്ല. ചില പുരാതന സംസ്കാരങ്ങളിലെ ഗ്രന്ഥങ്ങളിൽ സൂര്യനെ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്ന മനുഷ്യരുടെ വർണ്ണനകളുണ്ടു്. അന്നും പ്രപഞ്ചത്തിനു് ഒരു ദൈവം ഉണ്ടായിരുന്നിരിക്കാനാണു് സാദ്ധ്യത. കാരണം, പ്രപഞ്ചത്തിന്റെ ഒരു ഇടക്കാലാശ്വാസം എന്ന രീതിയിലല്ലല്ലോ ദൈവം സൃഷ്ടിക്കപ്പെട്ടതു്. പുരാതന ഹീറോകൾ കൈവരിച്ചതെന്നു് വർണ്ണിക്കപ്പെടുന്ന അതിമാനുഷപ്രവൃത്തികൾ എല്ലാം ദൈവത്തിനുംകൂടി പങ്കുള്ളവയാണു്. എന്തുകൊണ്ടെന്നറിയില്ല, ആ ദൈവങ്ങൾ കാലത്തിനും ദേശത്തിനുമനുസരിച്ചു് വളരെ വ്യത്യസ്തരായിരുന്നു. ഈജിപ്റ്റിൽ കാളരൂപിയും ഗരുഡരൂപിയുമൊക്കെ ആയിരുന്ന ഒട്ടനവധി ദൈവങ്ങൾ ഉണ്ടായിരുന്നു. ഭാരതത്തിൽ ചില ദൈവങ്ങൾ പോത്തിനെയും എലിയേയുമൊക്കെ വാഹനങ്ങളായി ഉപയോഗിച്ചിരുന്നുവത്രെ. കോടീശ്വരന്മാരെ തട്ടിയിട്ടു് നടക്കാൻ കഴിയാത്ത ഇന്നത്തെ ഭാരതത്തിലായിരുന്നെങ്കിൽ സാക്ഷാൽ ഈശ്വരന്മാർ ഓരോരുത്തരും എട്ടോപത്തോ പ്രൈവറ്റ്‌ ജെറ്റുകൾ വാങ്ങി തൊഴുത്തിൽ കെട്ടുമായിരുന്നു എന്നുവേണം ഊഹിക്കാൻ. മറ്റുചില വിശുദ്ധ പഴംകഥകളിൽ ദൈവത്തിന്റെ സഹായത്തോടെ കടലിലെ ജലത്തെ രണ്ടായി പകുത്തവരുണ്ടു്. ദൈവത്തെ വിളിച്ചപേക്ഷിച്ചു് ബലിപീഠത്തിലേക്കു് ആകാശത്തിൽ നിന്നും തീ ഇറക്കിയവരുണ്ടു്. ഒരു ചുഴലിക്കാറ്റുവഴി ദൈവം ഉടലോടെ സ്വർഗ്ഗത്തിലേക്കു് എടുത്തുകൊണ്ടപ്പെട്ടവരുമുണ്ടു്.

ഏതാണ്ടു് ആയിരത്തി നാനൂറു് വർഷങ്ങൾക്കു് മുൻപു്, സൂര്യനെ കിഴക്കും പടിഞ്ഞാറുമൊക്കെ ഉദിപ്പിക്കാൻ കഴിയുന്നവനാണു് താനെന്നു് ദൈവം അറേബ്യയിലെ മുഹമ്മദിനോടു് പറഞ്ഞു എന്നു് മറ്റൊരു കഥയുണ്ടു്. ആ ദൈവം ഇത്തരമൊരു അസാധാരണ സൂര്യോദയം സംഭവിപ്പിക്കുന്നതിനുള്ള തന്റെ മാന്ത്രികശേഷി കൂടാതെ മറ്റു് പലതും മുഹമ്മദിനു് വെളിപ്പെടുത്തിക്കൊടുത്തിരുന്നു എന്നും ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. പ്രധാനവിഷയങ്ങൾ ശൗചം കല്യാണം ലൈംഗികബന്ധം മൊഴിചൊല്ലൽ യുദ്ധം കൊല മുതലായവയായിരുന്നു. (എങ്കിലും, അതിൽ ബിഗ്ബാംഗും, എനിക്കു് ശരിക്കു് ഉച്ചരിക്കാൻ അറിയാത്ത മറ്റുചില ശാസ്ത്രരഹസ്യങ്ങളും പ്രതീകാത്മകമായി സൂചിപ്പിച്ചിട്ടുണ്ടെന്നു് പിൽക്കാലത്തെ വ്യാഖ്യാനങ്ങൾ നിസ്സംശയം തെളിയിക്കുകയുണ്ടായത്രെ!) അന്നത്തെ മനുഷ്യരുടെ തലയ്ക്കകത്തു് ഒരുപാടു് ബുദ്ധിയുണ്ടായിരുന്നതുകൊണ്ടു് ദൈവം ചെയ്തതും പറഞ്ഞതുമെന്നു് പറഞ്ഞുകേട്ടവ മുഴുവൻ നേരിട്ടു് കാണണമെന്നോ കേൾക്കണമെന്നോ ഒരു പിടിവാശിയുമില്ലാതെ സകല വിശ്വാസികളും കണ്ണുമടച്ചു് വിശ്വസിക്കുകയായിരുന്നു. വിശ്വാസികൾ അങ്ങനെയാണു്. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നു് ദൈവം കൽപിച്ചു എന്നു് വിശ്വസിക്കണമെന്നാണു് അവരെ പഠിപ്പിച്ചിരിക്കുന്നതു്. (യോഹ. 20: 29) ഇത്രയും പറഞ്ഞതു്, ആസ്തികർ നാസ്തികരെപ്പോലെ കിറുക്കന്മാരോ, മണ്ടശിരോമണികളോ അല്ല, അവർ അതീവബുദ്ധിമാന്മാരാണു് എന്നു് വ്യക്തമാക്കാനാണു്.

വേദഗ്രന്ഥങ്ങളിൽനിന്നും ആരോ തിരഞ്ഞെടുത്തു് ഓതിക്കൊടുത്ത ഏതാനും വാക്യങ്ങൾ അക്ഷരം പ്രതി പിന്തുടരുക എന്നതുമാത്രമാണു് അവരുടെ കടമ. അന്യഗ്രന്ഥങ്ങൾ അവർ വായിക്കാറില്ല. ലോകത്തിലെ മറ്റു് സകല ഗ്രന്ഥങ്ങളിലും ഉള്ളതു് മുഴുവൻ സ്വന്തം വേദഗ്രന്ഥത്തിൽ ഉള്ളപ്പോൾ എന്തിനു് അവയൊക്കെ വായിച്ചു് സമയം കളയണം? മറ്റു് ഗ്രന്ഥങ്ങൾ വായിക്കുന്നവർ അവരുടെ അഭിപ്രായത്തിൽ അവ എഴുതിയവരെ ദൈവമായി ആരാധിക്കുന്നവരാണു്. ഡോക്കിൻസിനെ വായിക്കുന്നവന്റെ ദൈവം ഡോക്കിൻസ്‌. ഹോക്കിങ്ങിനെ വായിക്കുന്നവന്റെ ദൈവം ഹോക്കിംഗ്‌. ഒരു വിശ്വാസി അന്യഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടെങ്കിൽത്തന്നെ അതു് അവയിലെ അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കാനാണു്. ഓരോ പ്രിന്റിംഗ്‌ മിസ്റ്റേക്കും അതെഴുതിയവനെ അധിക്ഷേപിക്കാനുള്ള ഓരോ വിജയാഘോഷമാണവർക്കു്. ആശയം പിടികിട്ടാത്തവർക്കു് അക്ഷരത്തെറ്റുകൾ എപ്പോഴും ആഹ്ലാദകാരണമായിരിക്കും. അതെഴുതിയവനെ വിമര്‍ശിച്ചു് അവനേക്കാൾ യോഗ്യനാവാനുള്ള ഒരു കുറുക്കുവഴി. തലച്ചോറു് ബാല്യത്തിലേ ആമ്പ്യുട്ടേയ്റ്റ്‌ ചെയ്യപ്പെട്ടവർ അല്ലാതെന്തു് ചെയ്യാൻ? ബുദ്ധിമാനാവാൻ തലച്ചോറു് വേണമെന്നു് നിർബന്ധമൊന്നുമില്ല. പിശാചിന്റെ ഏകദേശം അത്രതന്നെ ബുദ്ധിമാൻ ആവാൻ ദൈവത്തിനും ഒരു തലച്ചോറിന്റെ ആവശ്യം വരുന്നില്ലല്ലോ. അതോ മനുഷ്യരൂപിയായതിനാൽ ദൈവത്തിനും മനുഷ്യരെപ്പോലെ ഒരു തലച്ചോർ ഉണ്ടോ? പ്രതീകാത്മകമായ ഒരു തലച്ചോർ?

അങ്ങനെ എത്രയോ തലമുറകളിലെ വിശ്വാസികൾ ദൈവം കൽപിച്ച നിയമങ്ങളെല്ലാം അക്ഷരം പ്രതി പാലിച്ചു് ഒരച്ചിലുണ്ടാക്കിയ പാവകളെപ്പോലെ അടങ്ങിയൊതുങ്ങി ഇതാണു് ജീവിതം എന്നുകരുതി ജീർണ്ണിച്ചുകൊണ്ടിരുന്നപ്പോഴാണു് കഷ്ടകാലത്തിനു് ഏതാനും നൂറ്റാണ്ടുകൾക്കു് മുൻപു് ചില ‘അധികപ്രസംഗികൾ’ സൂര്യനല്ല, സൂര്യനെ ചുറ്റി ഭൂമിയാണു് ചലിക്കുന്നതെന്നു് കണ്ടെത്തിയതു്. അതോടെ സൂര്യനെ പിടിച്ചുനിർത്തലും, പടിഞ്ഞാറു് ഉദിപ്പിക്കലുമൊക്കെ വിറ്റു് കാശാക്കിക്കൊണ്ടിരുന്നവർക്കു് നിൽക്കക്കള്ളിയില്ലാതായി. മുഖം രക്ഷപെടുത്തണമെങ്കിൽ ഒന്നുകിൽ നിലപാടു് തെറ്റായിരുന്നു എന്നു് അംഗീകരിക്കണം, അല്ലെങ്കിൽ ഒരു പുതിയ വ്യാഖ്യാനം കണ്ടെത്തണം! സാമാന്യം വെളിവുള്ളവർ ആദ്യത്തെ മാർഗ്ഗം സ്വീകരിച്ചു്, അതൊക്കെ വളർച്ചയെത്താത്ത മനുഷ്യബുദ്ധിയുടെ തെറ്റായ ഭാവനാസൃഷ്ടികളാണെന്നു് അംഗീകരിച്ചു. വെളിവില്ലെങ്കിലും അതീവബുദ്ധിമാന്മാരായ മറ്റുചിലർ മണ്ടത്തരം എന്നു് ഏതു് പൊട്ടനും തിരിയുന്ന കാര്യങ്ങൾ പ്രതീകാത്മകവും, മണ്ടത്തരമല്ല എന്നു് കഷ്ടിച്ചു് സ്ഥാപിച്ചെടുക്കാവുന്നവ ഒരു പൊടിക്കുപോലും പ്രതീകാത്മകമല്ലാതെ പറഞ്ഞതാണെന്നും വരുത്താൻ അന്നുമുതൽ ഇന്നുവരെ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ദോഷം പറയരുതല്ലോ, ചില ‘ലോറൽ ആൻഡ്‌ ഹാർഡി’മാരുടെ ഇത്തരത്തിലുള്ള മിമിക്രികൾ ഒട്ടും എന്റർടെയിന്മെന്റ്‌ വാല്യൂ ഇല്ലാത്തവയാണെന്നു് പറയുന്നതു് അനീതിയായിരിക്കും. സാക്ഷാൽ കുരങ്ങൻ മാതൃകയിൽ അങ്ങോട്ടു് പറയുന്നതു് അതേപടി ഇങ്ങോട്ടു് തിരിച്ചുപറയുന്ന തരം ഡയലോഗുകളാണു് അവരുടെ മാസ്റ്റർപീസ്‌. കാഴ്ചക്കാർ മുഴുവൻ ‘ലോറലും ഹാർഡിയും’ ആണെന്ന ധാരണയിൽ അവർ ഡാർവിനേയും, ഐൻസ്റ്റൈനേയും, ഡോക്കിൻസിനേയുമൊക്കെ കാലിൽ പിടിച്ചു് കശക്കി എറിയുന്ന നമ്പരുകൾ കോമാളികളുടെ ചരിത്രത്തിൽ സമാനതകളില്ലാത്തവയാണു്. ഒരിക്കലും അധഃപതിക്കാൻ പാടില്ലാത്ത ഒരു നിലവാരത്തിലേക്കു് മനുഷ്യരുടെ സാമാന്യബുദ്ധി തരം താണാൽ എങ്ങനെയിരിക്കും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ! ഈ ദയനീയാവസ്ഥ സ്വയം മനസ്സിലാക്കാൻ അവർക്കോ, അവരെ അതു് പറഞ്ഞു് ബോദ്ധ്യപ്പെടുത്താൻ മറ്റാർക്കെങ്കിലുമോ കഴിയുകയില്ല. അത്തരം കാര്യങ്ങൾ തിരിച്ചറിയുന്നതിനു് മനുഷ്യർക്കു് ആകെയുള്ള ഒരു ഉപകരണമായ തലച്ചോറാണു് ബാല്യം മുതലുള്ള വേദോപദേശം വഴി കത്തിച്ചുകരിച്ചു് ചാരമാക്കി മാറ്റപ്പെട്ടതു്.

മനുഷ്യർ ഭൂമിയെപ്പിടിച്ചു് സൂര്യനെ ചുറ്റിച്ചതിനുശേഷം കാലചക്രം പിന്നെയും കുറെയേറെ തിരിഞ്ഞു. അപ്പോഴൊരിക്കൽ, പുരോഹിതവർഗ്ഗത്തിനു് അദ്ധ്വാനഭാരമില്ലാതെ ആഹാരം കഴിക്കാൻ, ദൈവത്തിനെന്ന പേരിൽ, നേർച്ചകാഴ്ചകൾ നൽകി ഭൂമിയിൽ നല്ലവരും അനുസരണയുള്ളവരുമായി ജീവിച്ചവർ (അവർ മാത്രം!) മരിച്ചുകഴിഞ്ഞു് നിത്യവാസത്തിനു് പോകുന്ന സ്വർഗ്ഗത്തിൽ പച്ചയായ മനുഷ്യർ ജീവനോടെ പോയി തിരിച്ചുവന്നു. അവർക്കവിടെ ദൈവത്തേയോ മാലാഖമാരേയോ സ്വർഗ്ഗീയ തീന്മേശകളേയോ ഒന്നും കാണാൻ കഴിഞ്ഞില്ല. പക്ഷേ, അതിനുപകരം സ്വർഗ്ഗത്തിലെ ദൈവത്തിനു് കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ എന്നപോലെ, ഭൂമിയെ വെളിയിൽ നിന്നു് കാണാനും വർണ്ണിക്കാനും അവർക്കു് കഴിഞ്ഞു. ആ വർണ്ണനകൾ മുകൾവശവും താഴ്‌വശവും കിഴക്കും പടിഞ്ഞാറുമുള്ള ഈ ഭൂമിയിലെ പൊടിപിടിച്ച ഏതോ മരുപ്രദേശത്തു് ലോകാവസാനം വരെ സകല മനുഷ്യർക്കും ബാധകമാവാൻ ദൈവം കൽപനകളും ന്യായപ്രമാണങ്ങളും ഇറക്കിക്കൊടുത്തു എന്നപോലുള്ള കെട്ടുകഥകൾ ആയിരുന്നില്ല, ശൂന്യാകാശത്തിൽ നിന്നും ഭൂമിയെ വീക്ഷിച്ചവരുടെ ദൃക്‌സാക്ഷിവിവരണങ്ങൾ ആയിരുന്നു. കോടിക്കണക്കിനു് വർഷങ്ങൾ ദൈര്‍ഘ്യമുള്ള ലോകചരിത്രത്തിൽ മനുഷ്യരുടെ സ്രഷ്ടാവായ ദൈവം ഒളിച്ചും മറഞ്ഞും ആർക്കോ എവിടെയോ ഒരിക്കൽ പ്രത്യക്ഷപ്പെട്ടു എന്നു് അവര്‍തന്നെ പറഞ്ഞു എന്നു് കേട്ടിടത്തു് കേട്ടവർ ആവർത്തിക്കുന്നതു് കണ്ണുമടച്ചു് വിശ്വസിച്ചാൽ നീ രക്ഷപെടും, അല്ലെങ്കിൽ നിന്നെ നരകത്തിലെ വറചട്ടിയിൽ വീണ്ടും വീണ്ടും പൊരിക്കും എന്ന വിഡ്ഢിത്തം വിളമ്പുന്നതുപോലെ ആയിരുന്നില്ല, തത്വത്തിൽ ആർക്കുവേണമെങ്കിലും പോകാനും നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടാനും കഴിയുന്ന വസ്തുതകളായിരുന്നു അവയൊക്കെ. ഒരു വസ്തുത എത്ര ശ്രമിച്ചാലും ആർക്കും ഒരിക്കലും നേരിട്ടു് കാണാൻ കഴിയാത്തതും, ആ വസ്തുത ആർക്കും എപ്പോഴും നേരിട്ടു് കണ്ടു് ബോധ്യപ്പെടാനുള്ള സാദ്ധ്യത സോപാധികമെങ്കിലും നിലനിൽക്കുന്നതും രണ്ടും രണ്ടു് കാര്യമാണു്. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ഒരു പാത്രത്തിലിട്ടു് കുലുക്കിയാലോ, “ആബ്ര കഡാബ്ര, വെള്ളമുണ്ടാവട്ടെ!” എന്നു് കൽപിച്ചാലോ വെള്ളമുണ്ടാവുകയില്ല. അതിനുപോലും ചില നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കണം. ഫെവിക്കോൾ വച്ചു് ഒട്ടിച്ചിരുന്നതുപോലെ ഒട്ടിയിരുന്ന ആകാശത്തേയും ഭൂമിയേയും “സിംസല ബിം, രണ്ടും വേർപ്പെടട്ടെ!” എന്നു് പറഞ്ഞു് വേര്‍പെടുത്തുന്നതുപോലെയും, അതു് കണ്ണുമടച്ചു് വിശ്വസിക്കുന്നതുപോലെയുമുള്ള കാര്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല ആവർത്തിച്ചു് തെളിയിക്കാനാവുന്ന രാസപരമോ ഭൗതികശാസ്ത്രപരമോ ആയ കാര്യങ്ങൾ. “ചക്കയില്ലാതെ കുരുവുണ്ടാവുകയില്ല, അതുകൊണ്ടു് ദൈവമില്ലാതെ പ്രപഞ്ചമുണ്ടാവുകയില്ല” എന്നൊക്കെയുള്ള തോന്നലുകൾ മാറണമെങ്കിൽ ആദ്യം മനുഷ്യൻ ചക്കയുടെയും കുരുവിന്റേയും ചുമതലക്കാരനായ കുട്ടിദൈവത്തിന്റെ പ്ലാവിൽ നിന്നും താഴെയിറങ്ങി ലോകം ഇന്നെവിടെ എത്തിനിൽക്കുന്നു എന്നു് കാണണം, മനസ്സിലാക്കണം.

കാലുവലിക്കുക എന്നൊരേർപ്പാടുണ്ടു്. വലിക്കുന്നതു് മനുഷ്യരുടെ കാലുകളായാലും, അവർ ഇരിക്കുന്ന സ്റ്റൂളിന്റെയോ സിംഹാസനത്തിന്റേയോ കാലുകളായാലും അതുവഴി വീഴുന്നവന്റെ നടു ഒടിയുകയാവും സാധാരണഗതിയിൽ ഫലം. നീചരായ ചില മനുഷ്യർ അവരുടെ ശത്രുക്കളെ തറപറ്റിക്കാൻ ചെയ്യുന്ന ഒരുതരം ചതിപ്പണിയാണതു്. ഒരുമാതിരി തത്വദീക്ഷയുള്ളവർ ശത്രുവിനെപ്പോലും പിന്നിൽ നിന്നും കുത്താറില്ലാത്തതുപോലെതന്നെ, ആരുടെയും കാലുവലിക്കാറുമില്ല. ചില സത്യവിശ്വാസികൾ (അവരുടെ സ്വന്തം അഭിപ്രായത്തിൽ സ്വർഗ്ഗത്തിനു് ഉറപ്പായും അവകാശികളായവർ) ഇക്കാര്യത്തിൽ നേരേമറിച്ചു് പെരുമാറുന്നവരാണു്. സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവർ മനുഷ്യരുടെ മാത്രമല്ല, അവരുടെ ദൈവത്തിന്റെ പോലും കാലുവലിക്കാൻ മടിക്കാത്തവരാണെന്നു് പണ്ടേ അറിയാമായിരുന്നെങ്കിലും ഈ ദിവസങ്ങളിൽ ചില ‘കറതീർന്ന’ വിശ്വാസികളുടെ അഭിപ്രായപ്രകടനം കേൾക്കേണ്ടിവന്നപ്പോൾ എനിക്കതു് ഒരിക്കൽ കൂടി ബോദ്ധ്യമായി. ദൈവം ഒരു സിംഹാസനത്തിലാണു് ഇരിക്കുന്നതെന്നു് പണ്ടാരോ പറഞ്ഞുകേട്ടപ്പോൾ അവർ അതിന്റെ കാലുകൾക്കു് ചുമട്ടുകാരെ നിയമിച്ചു. പിന്നീടു്, ദൈവം അങ്ങനെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നവനാവില്ല എന്നു് ആയിരം പ്രാവശ്യം ആരോ ആവർത്തിക്കുന്നതു് കേട്ടപ്പോൾ അവരിൽ ചിലരുടെ തലയിലെ ട്യൂബ്‌ ലൈറ്റ്‌ മിന്നി. ഉടനെ അവർ ആരും കാണാതിരിക്കാൻ പൂച്ചയുടെ മാതൃകയിൽ കണ്ണടച്ചുപിടിച്ചുകൊണ്ടു് ദൈവത്തിന്റെ ചുമട്ടുകാരെ സിംഹാസനസഹിതം വലിച്ചു് താഴെയിട്ടു. സകല ലോകവും ഈ പ്രവൃത്തി കണ്ടെങ്കിലും ഒരു ദൈവം അതുവഴി താഴെ വീഴുകയോ മുകളിലേക്കു് ഉയരുകയോ ചെയ്തതായി ആരും കണ്ടില്ല. അതുകൊണ്ടു്, ഇപ്പോൾ ദൈവം എല്ലായിടത്തുമുണ്ടെന്നും പറയാം, ഒരിടത്തുമില്ലെന്നും പറയാം. രണ്ടായാലും ഏതെങ്കിലുമൊരു സിംഹാസനത്തിന്റെ ആവശ്യം ഏതായാലും ഇപ്പോഴത്തെ ദൈവത്തിനില്ല. മറ്റുചില വിശ്വാസികൾ ദൈവസിംഹാസനച്ചുമട്ടുകാരെ ഇപ്പോഴും വിടാതെ പിടിച്ചിരിക്കുന്നു. ഇനി ദൈവമെങ്ങാനും അതിൽ ഇരിക്കുന്നുണ്ടെങ്കിലോ! പിടി വിട്ടാൽ തീർന്നില്ലേ ദൈവത്തിന്റെ കാര്യം?

കാളവണ്ടിയോ കഴുതവണ്ടിയോ ഒന്നും ഇല്ലാതിരുന്ന കാലത്തു് ചില ‘ദൈവങ്ങളെ’ മനുഷ്യർ മഞ്ചലിൽ ചുമന്നാണു് A-യിൽ നിന്നും B-യിൽ എത്തിച്ചിരുന്നതു്. ചില പുരാതന ദേവാലയങ്ങളിൽ ഈ ഭൂതകാലത്തിന്റെ അസ്ഥിപഞ്ജരം ശാപമോക്ഷം തേടിയെന്നപോലെ തട്ടിൻപുറത്തു് അന്ത്യവിശ്രമം കൊള്ളുന്നതു് നേരിട്ടു് കാണാൻ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. ഇത്തരം ദൈവമഞ്ചലുകളുടെ പുറകെ ഓടി കവിതയെഴുതി ഉപജീവനത്തിനുള്ള വക നേടിയിരുന്ന ചില മഹാകവികൾ മഞ്ചൽ മൂളി വരുന്നതൊക്കെ അവരുടെ ഗ്രന്ഥങ്ങളിൽ വളരെ കാവ്യാത്മകമായി വർണ്ണിച്ചിട്ടുമുണ്ടു്. പുരാതന കാലങ്ങളിൽ ചില പ്രദേശങ്ങളിൽ ദൈവത്തെപ്പറ്റിയും അത്തരം ‘സമാനതകളില്ലാത്ത’ കാവ്യാത്മകവർണ്ണനകൾ രൂപമെടുത്തിരുന്നു. മുൻപോട്ടു് നടക്കുമ്പോഴും പുറകോട്ടു് ചിന്തിച്ചിരുന്ന ചില മനുഷ്യരുടെ രാജ്യങ്ങളിൽ പിൽക്കാലത്തു് ഇവയിൽ പലതും ദൈവത്തിന്റെ സ്വന്തം രചനകളായി രൂപാന്തരം പ്രാപിച്ചു. അന്നൊക്കെ ദൈവം ലഭ്യമായ ഇരിപ്പിടങ്ങൾ കൊണ്ടു് തൃപ്തിപ്പെടുകയായിരുന്നു പതിവു്. അന്നു് കുരണ്ടി ആയിരുന്നതിനെ ഇന്നു് പണ്ഡിതരായ വ്യാഖ്യാതാക്കൾ ശ്രദ്ധാപൂർവ്വം ഏറെ സമയമെടുത്തു് വ്യാഖ്യാനിച്ചു് സന്ദർഭാനുസൃതം സിംഹാസനമോ ‘മസാഷ്‌ കൗച്ചോ’ ഒക്കെ ആക്കി മാറ്റിക്കൊണ്ടിരിക്കുന്നു. കാലം മാറുന്നതനുസരിച്ചു് ദൈവങ്ങളുടെയും ഫർണ്ണീച്ചറും, വേഷവിധാനങ്ങളുമൊക്കെ നവീകരിക്കപ്പെടണം. ഒറ്റനോട്ടത്തിൽത്തന്നെ ഒരു മതിപ്പു് തോന്നിയില്ലെങ്കിൽ ദൈവമായാലും ശരി, മനുഷ്യർ പിന്നെ അങ്ങോട്ടു് തിരിഞ്ഞുനോക്കില്ല. അങ്ങനെയൊരു നശിച്ച സ്വഭാവം ഈ മനുഷ്യർ എന്ന വർഗ്ഗത്തിനുണ്ടു്. അതുകൊണ്ടു് എന്തെങ്കിലും വിറ്റു് കാശാക്കണമെന്നുള്ളവർ അതു് ഭംഗിയായി പൊതിഞ്ഞുകെട്ടി പൊതുജനമദ്ധ്യേ അവതരിപ്പിക്കണം. മുലപ്പാലുപോലും പശുവിൻപാലിനേക്കാളും ഒട്ടകപ്പാലിനേക്കാളും അമൂല്യമാവുന്നതിന്റെ കാരണം അതിന്റെ പാക്കേജിംഗ്‌ ആണെന്ന കാര്യം ദൈവങ്ങളെ മൊത്തമായും ചില്ലറയായും വിറ്റു് കാശാക്കാൻ ശ്രമിക്കുന്നവർ മറക്കരുതു്. (‘പശുവിൻ പാൽ’ എന്നു് പറഞ്ഞതു് അശ്ലീലമായോ എന്തോ! എൻഡോസൾഫാനും മതവിശ്വാസവുമൊഴികെ ബാക്കിയെല്ലാം കേരളത്തിൽ സദാചാരവിരുദ്ധമാണെന്നാണു് കേൾവി.)

മതങ്ങളെ വിമര്‍ശിക്കുന്നതു് ഒരു വലിയ പാതകമായി കരുതുന്ന എല്ലാ തീവ്രവിശ്വാസികളും ചോദിക്കാറുള്ള ഒരു പതിവു് ചോദ്യമാണു്, നിങ്ങൾക്കു് അറിഞ്ഞുകൂടാത്ത കാര്യങ്ങളെ എന്തിനു് വിമർശിക്കുന്നു, അവരെ അവരുടെ വഴിക്കു് വിട്ടുകൂടെ എന്നു്. അവർക്കു് അതിലും എളുപ്പം ചോദിക്കാവുന്നതും, അതുവഴി അവരുടെ ജീവിതം തന്നെ ലഘൂകരിക്കാവുന്നതുമായ മറ്റൊരു ചോദ്യമാണു്, വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെ, ഞാൻ എന്റെ വഴിയെ പോകും, സർവ്വശക്തനായ ദൈവം എന്നോടുകൂടെ ഉള്ളപ്പോൾ ഞനെന്തിനു് ഏതെങ്കിലും ദൈവനിഷേധികൾക്ക്‌ ചെവികൊടുക്കണം, അവർക്കുള്ള ശിക്ഷ കൊടുക്കാൻ എന്റെ ദൈവം പ്രാപ്തനാവാതിരിക്കുമോ എന്നു്. പക്ഷേ, ഒരു തീവ്രവിശ്വാസിയും ഈ ചോദ്യം സ്വയം ചോദിക്കില്ല. നിങ്ങൾ നിങ്ങളുടെ വഴിയെ പോകുന്നതിനു് എനിക്കു് യാതൊരു എതിർപ്പുമില്ലെന്നു് മതവിമര്‍ശകർ നൂറുവട്ടം മറുപടി പറഞ്ഞാലും, വിശ്വാസി നൂറ്റൊന്നാമതും ഇതേ ചോദ്യം ഒരു സംശയരോഗിയേപ്പോലെ വീണ്ടും ആവർത്തിക്കും. എന്തുകൊണ്ടു് മതങ്ങൾ വിമര്‍ശിക്കപ്പെടേണ്ടിവരുന്നു എന്നു് മതത്തിനുള്ളിൽ സുരക്ഷിതനാണെന്നു് വിശ്വസിക്കുന്നവനെ പറഞ്ഞുമനസ്സിലാക്കാനാവില്ല എന്നു് മറ്റാരേക്കാളും കൂടുതലായി അറിയുന്നവരാണു് സാമൂഹികപ്രതിബദ്ധതയുടെ പേരിൽ മതവിമര്‍ശനം നടത്തുന്നവർ. സന്തോഷത്തോടെ ഇരുട്ടറയിൽ കഴിയുന്ന ഒരുവൻ അതിൽ ഭാഗ്യവാനാണെങ്കിൽ അവനെ നിർബന്ധിച്ചു് പുറത്തിറക്കേണ്ട ഒരാവശ്യവും ആർക്കുമില്ല. സ്വാതന്ത്ര്യത്തിന്റെ വില സ്വയം മനസ്സിലാക്കി എന്നെങ്കിലും അവൻ പുറത്തുവരുന്നെങ്കിൽ അതു് സ്വാഗതാർഹമായ അവന്റെ സ്വന്തം തീരുമാനം.

ഇവിടത്തെ പ്രശ്നം അതല്ല, “താണ നിലത്തേ നീരോടൂ” എന്നപോലെ, എളുപ്പമുള്ള വഴിയേ പോകാനാണു് മനുഷ്യർ പൊതുവേ ഇഷ്ടപ്പെടുന്നതെന്നതിനാൽ, ഭൂരിപക്ഷത്തിന്റെ പുറകെ പോകാൻ യുവതലമുറ തീരുമാനിക്കുന്നതിനു് മുൻപു് – അതിനുള്ള അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടുതന്നെ – വസ്തുതകളുടെ മറുവശം കൂടി അറിയാനുള്ള ഒരവസരം അവർക്കു് ലഭ്യമാക്കിയിരിക്കണം. ഈ മറുവശം എന്നതു് ഏതാനും നൂറ്റാണ്ടുകൾ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഏതാനും ദശാബ്ദങ്ങൾ മാത്രം പ്രായമുള്ളതും, ഇന്നും അഭൂതപൂർവ്വമായ വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്നതും, ശാസ്ത്രാധിഷ്ഠിതവുമായ മാനവരാശിയുടെ അറിവുകളാണു്. അല്ലാതെ, അങ്ങോട്ടു് പറയുന്നതു് ഈച്ചക്കോപ്പിപോലെ ഇങ്ങോട്ടു് തിരിച്ചുപറയുന്ന സ്വഭാവക്കാരനായ ഒരു മുസ്ലീം പണ്ഡിതൻ ഒരു പഴയ ചർച്ചയിൽ പറഞ്ഞു് കേട്ടതുപോലുള്ള ‘മറുവശം’ അല്ല. അദ്ദേഹം ശ്രമിക്കുന്നതും ആളുകളെ വസ്തുതകളുടെ ‘മറുവശം’ മനസ്സിലാക്കാനാണത്രെ! സഹസ്രാബ്ദങ്ങളായി ആവർത്തിക്കപ്പെടുന്നവയ്ക്കു് അതിൽത്തന്നെ ഒരു മറുവശമുണ്ടെങ്കിൽ അതു് മതങ്ങൾ ഇതുവരെ എന്തുകൊണ്ടു് മനുഷ്യരിൽ നിന്നും മറച്ചുപിടിച്ചു എന്നതുപോലുള്ള ചോദ്യങ്ങൾക്കു് ഒരു വിശ്വാസിയുടെ മരവിപ്പിക്കപ്പെട്ട ബുദ്ധിയിൽ സ്ഥാനമില്ല. ശരിയാണു്, ഏതു് നാണയത്തിനുമെന്നപോലെ, മതങ്ങൾക്കുമൊരു മറുവശമുണ്ടു്, പക്ഷേ, അതു് ചൂണ്ടിക്കാണിക്കാൻ കഴിയുന്നവർ മതവിമർശകരാണു്, മതങ്ങളോ, തീവ്രവിശ്വാസികളോ അല്ല.

മനസ്സിലാവാത്ത കാര്യങ്ങളിൽ ഇടപെടുകയാണത്രെ മതവിമര്‍ശകർ! ആടിനെ ആടെന്നു് കാണാൻ കണ്ണുണ്ടായാൽ മതി. പക്ഷേ, ആടിനെ പട്ടിയാണെന്നു് മനസ്സിലാക്കാൻ കണ്ണുമാത്രം പോരാ, അതിനു് വ്യാഖ്യാനങ്ങൾ വേണം, ഒരുപാടു് നീണ്ടുപരന്ന വ്യാഖ്യാനങ്ങൾ. മതവിമര്‍ശകർ മതഗ്രന്ഥങ്ങളെ ശരിയായി മനസ്സിലാക്കുന്നില്ല എന്നു് ഒരു വിശ്വാസി പറയുമ്പോൾ അതിനൊരർത്ഥമേയുള്ളു: അവർ ആടിനെ ആടായി മാത്രം കാണുന്നു. മതിഭ്രമം ബാധിച്ച വിശ്വാസിയെപ്പോലെ അവർ ആടിനെ പട്ടി എന്നു് തിരിച്ചറിയുന്നില്ല. ഏതു് മതവും ഇതുതന്നെ പറയുന്നു എന്നതാണു് ഇതിലെ ദുര്‍ഗ്രാഹ്യത. ഒരു മതം പറയുന്നതു് ആ മതത്തിൽ പെട്ടവർക്കല്ലാതെ മറ്റാർക്കും ശരിയായി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ എന്തോ ചീഞ്ഞുനാറുന്നുണ്ടു്. ശാസ്ത്രഗ്രന്ഥങ്ങളും, സാഹിത്യഗ്രന്ഥങ്ങളുമെല്ലാം വായിച്ചാൽ മനസ്സിലാവുന്നവർ മതഗ്രന്ഥങ്ങൾ വായിച്ചാൽ മനസ്സിലാവില്ലത്രേ! ജാലവിദ്യകൾ കാണിക്കുന്ന ഒരു മാന്ത്രികനു് സ്റ്റേജിന്റെ പിൻവശം സദസ്യർ കാണരുതെന്നു് നിർബന്ധമുണ്ടു്. അവിടേക്കു് അവരുടെ നോട്ടമെത്തിയാൽ അവന്റെ എല്ലാ ജാലവിദ്യകളും പൊളിയും. തത്വത്തിൽ അതേ തന്ത്രമാണു് മതഗ്രന്ഥങ്ങളുടെ മനസ്സിലാവായ്മ എന്ന അവകാശവാദത്തിന്റെ പിന്നിലും. ഞങ്ങൾ തൊപ്പിയിൽ നിന്നും പുറത്തെടുക്കുന്ന മുയലിനെ മാത്രമേ നിങ്ങൾ കാണാവൂ. ഈ കൺകെട്ടുവിദ്യയുടെ പേരാണു് മതഗ്രന്ഥവ്യാഖ്യാനം.

(തീർന്നില്ല, തുടരും. സത്യത്തിൽ ഈ ദൈവവും മതവും എനിക്കു് മടുത്തു. മതവിശ്വാസികളെ മാനസാന്തരപ്പെടുത്താനായിരുന്നു എന്റെ ഈ എഴുത്തെങ്കിൽ പണ്ടേ ഞാൻ ഈ പണി നിർത്തുമായിരുന്നു. അതല്ലാത്ത ഒരു വിഭാഗം വായനക്കാർ എനിക്കുള്ളതാണു് ശരിയെന്നു് ബോദ്ധ്യമുള്ള ചിലതൊക്കെ തുടർന്നും എഴുതുന്നതിനുള്ള പ്രേരണ.)

 
11 Comments

Posted by on Nov 15, 2010 in മതം

 

Tags: , ,