RSS

Daily Archives: Aug 1, 2011

പറക്കും തളികകളും അന്യഗ്രഹജീവികളും

UFO (Unidentified Flying Object) എന്നതുകൊണ്ടു് പൊതുവേ ഉദ്ദേശിക്കാറുള്ളതു് ഭൗമേതര സംസ്കാരങ്ങളിൽ നിന്നും വരുന്നവയെന്നു് വിശ്വസിക്കപ്പെടുന്ന സ്പെയ്സ്ക്രാഫ്റ്റുകളെയാണു്. ആദ്യകാലങ്ങളിൽ കാണപ്പെട്ട UFO-കളുടെ വർണ്ണനകളിലുള്ള രൂപസാദൃശ്യം അവയ്ക്കു് ‘പറക്കും തളിക’ (Flying Saucer) എന്ന പേരു് നേടിക്കൊടുത്തു. പല രൂപങ്ങളിൽ കാണപ്പെട്ടിട്ടുള്ളവയും, വിശദമായ പരിശോധനകൾക്കു് ശേഷം പരിചിതമായ വസ്തുക്കളോ പ്രതിഭാസങ്ങളോ എന്നു് തിരിച്ചറിയപ്പെട്ടവയും, അല്ലാത്തവയുമെല്ലാം ഇക്കൂട്ടത്തിൽ ഉണ്ടെന്നതിനാൽ, തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനായി UFO എന്നതിനു് പകരം തിരിച്ചറിയപ്പെടാത്ത വാനപ്രതിഭാസം എന്ന അർത്ഥത്തിൽ UAP (Unidentified Aerial Phenomenon) എന്ന പ്രയോഗവും നിലവിലുണ്ടു്.

കണ്ണുകൾക്കു് കാര്യമായ തകരാറൊന്നുമില്ലെങ്കിൽ മനുഷ്യർക്കു് പലതും കാണാനുള്ള കഴിവുണ്ടെന്നു് നമുക്കറിയാം – കേരളത്തിൽ ചാനലുകൾ വന്നശേഷം ഒന്നും കാണാതിരിക്കാനുള്ള കഴിവാണു് കൂടുതൽ ആശാവഹമെന്നു് കാണാൻ കണ്ണുള്ളവർക്കൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടെങ്കിലും. മങ്ങിയ വെളിച്ചത്തിൽ കാണുന്ന വസ്തുക്കൾ അകന്നു് നിൽക്കേണ്ടവിധം അപകടകാരികളായ ജീവികളോ മനുഷ്യരോ ഒക്കെ ആണെന്നു് തോന്നി ഭയപ്പെടുന്ന ചില മനുഷ്യരുണ്ടു്. മേഘങ്ങളിലും പൊട്ടറ്റോ ചിപ്സിലും മറ്റും പരിചിതമായ രൂപങ്ങളും വിശുദ്ധരുടെ മുഖങ്ങളുമൊക്കെ ദർശിക്കുന്നവരുമുണ്ടു്. രാശിചക്രത്തിലെ പന്ത്രണ്ടു് രാശികൾക്കു് മേടം ഇടവം മിഥുനം മുതലായ പേരുകൾ ലഭിച്ചതിന്റെ കാരണവും ഈ അക്കൗണ്ടിൽ പെടുത്താവുന്നതാണു്. ഏതെങ്കിലുമൊരു വസ്തുവിനെ കാണുമ്പോൾ അതു് മറ്റൊന്നാണു് എന്നു് തോന്നുന്നതു് കവിതയാവാം, ഭ്രാന്തുമാവാം. ഈ രണ്ടു് ലോകങ്ങളെയും തമ്മിൽ പൊതുഘടകങ്ങൾ ഒന്നുമില്ലാത്തവിധം വേർതിരിക്കുന്ന ഒരു “ബെർലിൻമതിൽ” പണിയുക അത്ര എളുപ്പമല്ലെന്നു് ചുരുക്കം.

ചില പ്രത്യേക മാനസികാവസ്ഥയിൽ ഇല്ലാത്ത വസ്തുക്കൾ കാണാനുള്ള കഴിവുപോലുമുള്ള ജീവിയാണു് മനുഷ്യൻ. അതുപക്ഷേ വേറെ വകുപ്പാണു്. മറ്റുചിലർക്കാണെങ്കിൽ ശത്രുക്കളെ കാണുമ്പോൾ – കേരളരാഷ്ട്രീയത്തിലെന്നപോലെ മൂത്തുപോയ ചില കേസുകെട്ടുകളിൽ അവരെപ്പറ്റി ചിന്തിക്കുമ്പോൾ പോലും – തലയിൽ ഉറുമ്പരിച്ചു് കയറുന്നതുപോലെ തോന്നുമത്രേ! എക്സ്‌ട്രീം ആയ കേയ്സുകളിൽ ശവക്കുഴി വരെ മനുഷ്യരോടൊപ്പമുണ്ടാവാൻ സാദ്ധ്യതയുള്ള ഈവിധ തരുതരിപ്പുകൾ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുമോ എന്നറിയാനെന്നോണം, ഒരു ജർമ്മൻ ബിഹേവിയറൽ ഫിസിയോളജിസ്റ്റും ബയോളജിസ്റ്റും ആയിരുന്ന എറിഹ്‌ ഫോൺ ഹോൾസ്റ്റ്‌ (Erich von Holst) കോഴികളിൽ നടത്തിയ രസകരമായ ഒരു പരീക്ഷണമുണ്ടു്. ബോധം കെടുത്തിയശേഷം അവയുടെ തലച്ചോറിൽ മുടിനാരിഴപോലെ നേരിയ കമ്പികൾ പിടിപ്പിക്കുകയായിരുന്നു ആദ്യപടി. മുറിവുണങ്ങിയശേഷം അവയിൽ ചിലതു് ഒന്നും സംഭവിക്കാത്തപോലെ വർഷങ്ങളോളം ജീവിക്കുകയും ചെയ്തത്രെ. അങ്ങനെ അരോഗദൃഢഗാത്രരായി തികച്ചും വ്യവസ്ഥാപിതമായ രീതിയിൽ പേരുദോഷങ്ങളൊന്നും കേൾപിക്കാതെ കൊക്കിയും കൂവിയും, കടമുള്ള ദിവസങ്ങളിൽ പ്രാർത്ഥനാനിരതരായി ധ്യാനങ്ങളിൽ പങ്കെടുത്തും ജീവിക്കാൻ തുടങ്ങിയ കോഴികളിലായിരുന്നു ഹോൾസ്റ്റിന്റെ പരീക്ഷണങ്ങൾ. തലച്ചോറിൽ സ്ഥാപിക്കപ്പെട്ട അഗ്രമൊഴികെ ബാക്കിഭാഗം ഇൻസുലേറ്റ്‌ ചെയ്തതും, പുറത്തേക്കു് നയിക്കപ്പെട്ടിരുന്നതുമായ ഈ നേരിയ വയറിലൂടെ നെർവ്‌ ഇമ്പൾസിന്റെ അതേ ശക്തിയിലുള്ള വൈദ്യുതി കടത്തിവിട്ടപ്പോൾ, ഏതു് ഭാഗമാണു് എനെർജൈസ്‌ ചെയ്യപ്പെടുന്നതു് എന്നതിന്റെ അടിസ്ഥാനത്തിൽ, കോഴികൾ (ഉദാഹരണത്തിനു്) ഒരു ശത്രുവിനെ കണ്ടാലെന്നപോലെ പെരുമാറുകയും, “ഇല്ലാത്ത നിന്നെയിഹ ഉണ്ടെന്നു് കണ്ടു്”, അതിനെ ആക്രമിക്കാൻ തയ്യാറാവുകയും ചെയ്തു. വൈദ്യുതി വേർപ്പെടുത്തിയാൽ കോഴി വീണ്ടും പഴയപടി “നോർമൽ”. കോഴിയെ ആയാലും, മനുഷ്യനെ ആയാലും, ഒരു പ്രത്യേക പെരുമാറ്റത്തിലേക്കു് നയിക്കാൻ പ്രേരിപ്പിക്കുന്നവിധം തലച്ചോറിലെ ബന്ധപ്പെട്ട ഭാഗങ്ങൾ എനർജൈസ്‌ ചെയ്യപ്പെടുന്നതു് പ്രകൃതിസഹജമായ അനുഭവങ്ങൾ വഴി രൂപമെടുക്കുന്ന രാസ-വൈദ്യുതഘടകങ്ങളുടെ ഫലമായാണോ, അതോ കൃത്രിമമായ ഇമ്പൾസുകൾ വഴിയാണോ എന്നതു് തലച്ചോറിന്റെ പ്രതികരണത്തെ നിർബന്ധമായും ബാധിക്കുന്ന കാര്യമല്ലെന്ന നിഗമനത്തിലെത്താൻ അതുവഴി ഹോൾസ്റ്റിനു് കഴിഞ്ഞു.

അതുപോലെതന്നെ, മയക്കുമരുന്നുകൾ, രോഗം, തലക്കേൽക്കുന്ന പരിക്കുകൾ, ജീവിതസാഹചര്യങ്ങൾ ഇവയെല്ലാം ന്യൂറൽ നെറ്റ്‌വർക്ക്സിൽ പൊരുത്തക്കേടുകൾക്കു് കാരണമാവാം. ചില മനുഷ്യർ അവർക്കു് നേരിട്ടുണ്ടായതായി വർണ്ണിക്കുന്ന അഭൗമികദർശനങ്ങളും, ദിവ്യാനുഭവങ്ങളും, അത്ഭുതപ്രതിഭാസങ്ങളുമെല്ലാം അവരുടെ “അനുഭവങ്ങൾക്കു്” അവരുടെതന്നെ തലച്ചോറു് നൽകുന്ന “വഴിതെറ്റിയ” വ്യാഖ്യാനങ്ങളാണു്. ഇന്ദ്രിയങ്ങൾ വഴി മനുഷ്യർക്കു് ഉണ്ടാവുന്ന “ശരിയായ” അനുഭവങ്ങളും തലച്ചോറിന്റെ നിർമ്മിതി മാത്രമാണെന്നു് നമുക്കറിയാം. സ്വന്തം ശരീരത്തെയും, ബാഹ്യലോകത്തെയും വിവിധതരം അനുഭവങ്ങളിലൂടെ വിലയിരുത്തുന്നതിനുള്ള തലച്ചോറിന്റെ ആന്റെനകൾ മാത്രമാണു് ഇന്ദ്രിയങ്ങൾ. അതിനാൽ അവയിൽ നിന്നുള്ള സിഗ്നലുകളെ സ്വീകരിക്കാനും, തരം തിരിക്കാനും, പുനർനടപടികൾ സമയനഷ്ടമില്ലാതെ നിർദ്ദേശിക്കാനും ശേഷിയുള്ള തലച്ചോർ എന്നൊരു റിസീവറും അതിലെ കണ്ട്രോൾ സിസ്റ്റവും ഇല്ലെങ്കിൽ അനുഭവങ്ങളില്ല, അറിവില്ല, ജ്ഞാനമില്ല, ആത്മാവില്ല, തേന്മാവില്ല, തേന്മാവിൽ കസ്തൂരിമാമ്പഴങ്ങളുമില്ല. അതുപോലൊരു അവസ്ഥയിൽ അതീന്ദ്രിയജ്ഞാനം എന്ന അത്ഭുതപ്രതിഭാസം ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ എന്നു് ചോദിച്ചാൽ, പ്രിയ സുഹൃത്തുക്കളെ, എനിക്കറിയില്ല. പക്ഷേ, “കൊല്ലെടാ, അവനെ”, “വെട്ടെടാ, കഴുത്തു്” മുതലായ വിശുദ്ധകൽപനകൾ വഴി സംസ്കാരസമ്പന്നമാക്കപ്പെടാൻ ചുരുങ്ങിയപക്ഷം ആകൃതിയിലെങ്കിലും ഒരു തലച്ചോറു് ആവശ്യമാണെന്നതിനാൽ അതില്ലാത്തവരിലെ അതീന്ദ്രിയജ്ഞാനം എന്ന “ആത്മീയ” ഭ്രാന്തു് ആളുപദ്രവത്തിനു് കാരണമാവാൻ എന്തായാലും വഴിയില്ലെന്നാണെന്റെ വിശ്വാസം. (കണ്ടോ, ഞാൻ വിശ്വാസം എന്ന വാക്കുപയോഗിച്ചു! ഞാനൊരു വിശ്വാസിയാണെന്നതിനു് ഇതിൽ കൂടിയ ഒരു തെളിവു് വേണോ?)

ദൈവത്തേയും മാലാഖമാരേയുമൊക്കെ കണ്ടിട്ടുള്ള ചില മനുഷ്യരുണ്ടെന്നു് കേൾക്കാത്തവർ ചുരുങ്ങും. കോടാനുകോടി മനുഷ്യർ ജീവിച്ചു് മരിക്കുന്ന ഈ ലോകത്തിൽ തന്റെ നവീകരിക്കപ്പെട്ട ചില ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഏതാനും സഹസ്രാബ്ദങ്ങൾ കൂടുമ്പോൾ (മാത്രം) സർവ്വശക്തനായ ഒരു ദൈവത്തിനു് ഒരു മനുഷ്യന്റെ സഹായം ആവശ്യം വരുന്നുവെങ്കിൽ അതെന്തൊരു ദൈവമായിരിക്കണം? ഒറ്റവാക്കുകൊണ്ടു് ഒരു പ്രപഞ്ചം സൃഷ്ടിക്കാൻ കഴിയുന്ന ദൈവം മനുഷ്യരുടെ ഇടയിൽ തന്റെ ചില കർമ്മപരിപാടികൾ നടപ്പിലാക്കാൻ ഒറ്റയാന്മാരെ തേടുന്നു! അതും ഏതു് തരത്തിൽപെട്ട ഒറ്റയാന്മാർ! അതിനായി ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണു് താൻ എന്നൊരു തോന്നൽ ഒരുവന്റെ തലച്ചോറിൽ ഉണ്ടാകുന്നുവെങ്കിൽ അവന്റേതു് എത്രമാത്രം രോഗാതുരമായ ഒരു തലച്ചോറായിരിക്കണം എന്നു് ചിന്തിച്ചാൽ മതി. ഏതായാലും ഒരുകാര്യം ഉറപ്പാണു്: അജ്ഞത മൂലം, മാനസികവിഭ്രാന്തിയാണു് അവയുടെ ഉറവിടം എന്നറിയാതെ, അത്തരം ജൽപനങ്ങളെ ദൈവികവെളിപാടുകളായി അംഗീകരിക്കാനും, അനന്തര തലമുറകൾക്കു് പകർന്നുകൊടുക്കാനും മനുഷ്യർ തയ്യാറാവാത്തിടത്തോളം വെളിപാടുകാരന്റെ തലച്ചോർ മരിക്കുന്ന കൂട്ടത്തിൽ മരിക്കുന്ന ദൈവങ്ങളും മാലാഖമാരും കൽപനകളുമൊക്കെയാണു് അവയോരോന്നും. അങ്ങനെ കാലാകാലങ്ങളിൽ ദൈവം ഓരോ തോന്നലുകൾക്കനുസരിച്ചു് മാറിമാറി അപ്പപ്പോൾ കണ്ടവർക്കു് പകർന്നുനൽകിയ ആശയസംഹിതകൾ എവിടെയെങ്കിലും അകാലനിര്യാണം പ്രാപിക്കാതിരുന്നിട്ടുണ്ടെങ്കിൽ അവിടെയെല്ലാം ഈ “നിത്യ-താത്കാലിക” ഏകസത്യവിശ്വാസം സ്ഥാപിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി കൊല്ലും കൊലയും വംശനശീകരണവും സംഭവിച്ചിട്ടുണ്ടെന്നതിനു് ലോകചരിത്രം സാക്ഷി.

മനുഷ്യവംശങ്ങളെ തമ്മിലടിപ്പിക്കുന്നതിനുവേണ്ടി പൊതിച്ചോറുമായി ഇടയ്ക്കിടെ ഭൂമിയിലെത്തി ഏതെങ്കിലുമൊരു ഒറ്റയാനു് മുന്നിൽ പ്രത്യക്ഷപ്പെട്ടു് പിന്നീടു് പരസ്യമാക്കപ്പെടേണ്ടുന്ന രഹസ്യസംഭാഷണങ്ങളിൽ ഏർപ്പെടുന്ന സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും നാഥനും അമ്മായപ്പനുമായ ഒന്നാന്തരത്തിൽപ്പെട്ട ഒരു ഉഗ്രൻ ദൈവം! മനുഷ്യരെ കാലാകാലങ്ങളായി തമ്മിലടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവത്തിനല്ലാതെ മറ്റാർക്കാണു് സകല മനുഷ്യരുടെയും തന്തപ്പടിയെന്നു് അവകാശപ്പെടാനുള്ള യോഗ്യത? ഇല്ലാത്ത ദൈവത്തെ ഉള്ളവനെന്നു് വരുത്തി, മനുഷ്യഭാവനയിൽ മാത്രം നിലനിൽപുള്ള ആ നിഴൽദൈവം സ്വാഭാവികമായും ഒരിക്കലും പറയാത്ത (ഇല്ലാത്ത ദൈവത്തിന്റെ ശബ്ദതരംഗങ്ങൾ ശൂന്യതയിലൂടെ പടരുന്നു എന്നു് വിശ്വസിക്കുക. അതൊക്കെയല്ലേ മനുഷ്യനു് ജീവിതത്തിൽ ആകെയുള്ള ഒരു രസം) കാര്യങ്ങൾ അവന്റെ വായിൽ കുത്തിത്തിരുകുന്നവരും, പിഞ്ചുമനസ്സു് മുതലേ തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടുന്ന ദൈവഭയം മൂലം സ്വന്തം പ്രവൃത്തികളെ വിമർശനാത്മകമായ ഒരു നേരിയ പരിശോധനക്കുപോലും വിധേയമാക്കാനുള്ള ശേഷിയില്ലാതെ ആജീവനാന്തം വിധേയത്വത്തിന്റെ അടയാളങ്ങളായ കുനിഞ്ഞ മുതുകും നെഞ്ചോടു് ചേർത്ത കൈകളുമായി ആ ആത്മീയകച്ചവടക്കാരെ പിൻതുടരുന്നവരുമാണു് മനുഷ്യബുദ്ധിക്കുമുന്നിൽ വളരെ ഗൗരവപൂർവ്വം ആടിത്തിമിർക്കുന്ന മതം എന്ന ചവിട്ടുനാടകത്തിലെ അഭിനേതാക്കൾ. വെള്ളം വീഞ്ഞാവുക, വീഞ്ഞു് മനുഷ്യരക്തമാവുക, ഗോതമ്പു് മനുഷ്യശരീരമാവുക, മനുഷ്യൻ രായ്ക്കുരാവു് സ്വർഗ്ഗത്തിൽ പോയി മടങ്ങിവരിക, മരിച്ചവരിൽ ചിലർ വീണ്ടും ചാവാനായും, മറ്റുചിലർ സ്വർഗ്ഗത്തിലേക്കു് കരേറാനായും ഉയിർത്തെഴുന്നേൽക്കുക, കുരങ്ങൻ മല ചുമക്കുക, കോഴിക്കു് മുല വരിക, മനുഷ്യരുടെ ഇടയിൽ സ്ഥിതിസമത്വം നിലവിൽ വരിക… ഇവയെല്ലാം അവയിൽത്തന്നെ വേണ്ടുവോളം ചിരിക്കാൻ വക നൽകുന്ന തമാശകളാണു്. അതൊന്നും പോരാഞ്ഞിട്ടെന്നപോലെ, അത്തരം തമാശകൾ ദൈവത്തിന്റെ മരണം നേരിട്ടു് കണ്ട വിശ്വാസിയുടെ ഗൗരവഭാവം വിടാതെ പറയാനുംകൂടി കഴിയുന്നവരാണു് സാക്ഷാൽ ചാർലി ചാപ്ലിനെ വരെ ലജ്ജിപ്പിക്കാൻപോന്ന യഥാർത്ഥ കുഞ്ഞാടുകൾ. ഈ നാടകത്തിൽ അവർ അഭിനയിക്കുകയല്ല, ആ കെട്ടുകഥകളെല്ലാം അക്ഷരം പ്രതി സത്യമാണെന്ന ഉറപ്പിൽ ഏതോ ഒരു (വിർച്വൽ)ദൈവവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടു് ജീവിക്കുകയാണു് ചെയ്യുന്നതെന്നതിനാൽ ചിരിക്കാനുള്ള വകയൊന്നും അവരതിൽ കാണുകയില്ല. അവരുടെ ഗ്രന്ഥങ്ങൾ അവർ പ്രതീക്ഷിക്കുന്നതുപോലെ മനസ്സിലാക്കാത്തതിനാലാണു് മറ്റുള്ളവർ അതൊക്കെ വായിച്ചു് തലകുത്തിനിന്നു് ചിരിക്കുന്നതെന്നാണു് അവരുടെ ഭാഷ്യം. നിങ്ങൾക്കു് അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതിരുന്നുകൂടെ എന്നാണവരുടെ ചോദ്യം. ഞങ്ങൾ നിങ്ങളെപ്പോലെയൊന്നുമല്ല, ഞങ്ങൾക്കു് ദൈവത്തെവരെ അറിയാം എന്നാണവരുടെ ഭാവം. “വട്ടാശുപത്രികളിൽ” എത്തുന്ന ചിലർ അമേരിക്കൻ പ്രസിഡന്റോ, സ്റ്റാലിനോ, ഹിറ്റ്‌ലറോ ഒക്കെയാണെന്നു് പറഞ്ഞാണു് സ്വയം പരിചയപ്പെടുത്താറുള്ളതെന്നു് കേൾക്കുന്നു. ആ സ്ഥിതിക്കു് ദൈവത്തെ എനിക്കറിയാം എന്ന ഒരു വിശ്വാസിയുടെ അവകാശവാദത്തിൽ കഴമ്പില്ലെന്നു് പറയാനാവുമോ? താനൊരു ദൈവമാണെന്നു് സായിബാബക്കുണ്ടായിരുന്ന തോന്നലോളം വരുമോ ദൈവത്തെ തനിക്കറിയാമെന്ന ഒരു വിശ്വാസിയുടെ തോന്നൽ? എനിക്കു് ദൈവത്തെ അറിയാം, ദൈവത്തിനു് എന്നെ അറിയാം. “ഇന്തോ ചീനാ ഭായി ഭായി.”

എന്റെ ഗ്രന്ഥം എങ്ങനെ വ്യാഖ്യാനിക്കണമെന്നു് തീരുമാനിക്കുന്നതു് നീയോ അതോ ഞാനോ? അതാണു് വിശ്വാസിയുടെ നിലപാടു്. താൻ ഉരുണ്ടും ഇഴഞ്ഞും നീങ്ങിക്കൊണ്ടിരിക്കുന്ന തന്റെ വഴി മാത്രമാണു് സത്യം എന്ന ഒരൊറ്റ വിശ്വാസപ്രമാണമേ വിശ്വാസിയുടെ ലോകത്തിലുള്ളു. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ കൂടിയാട്ടമാണെന്നതിനാൽ, സ്വന്തഗ്രന്ഥം ഉപയോഗിച്ചു് തന്റെ വഴി മാത്രമാണു് ശരി എന്നു് സ്ഥാപിക്കുന്നതിലും എത്രയോ മടങ്ങു് എളുപ്പമാണു് അന്യഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിച്ചു് അതു് തെറ്റായ വഴിയാണു് എന്നു് വരുത്തിത്തീർക്കൽ. ഈ തന്ത്രം മറുപക്ഷത്തിനും അതുപോലെതന്നെ പ്രയോഗിക്കാവുന്നതാണെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ലതാനും. കൊച്ചിയിലെ ഓടകളേക്കാൾ അസഹ്യമായ ദുർഗ്ഗന്ധവാഹികളാണു് ഏതു് മതവും എന്നു് പുറത്തറിയാതിരിക്കാൻ എല്ലാ മതങ്ങളും സ്വാഗതം ചെയ്യുന്ന “ആപ്തവാക്യം” ഇതാണു്: “മതവികാരം വ്രണപ്പെടുത്തരുതു്”. കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളെ താങ്ങിനിർത്തുന്നതുതന്നെ മതങ്ങളാണെന്നതിനാൽ ഇതോ ഇതിൽ കൂടിയതോ ആയ ഏതു് തരം വിഡ്ഢിത്തത്തിനും നിയമസാധുത്വം നേടിയെടുക്കാൻ പ്രയാസവുമില്ല. സദാചാരത്തിന്റെ അപ്പൊസ്തലന്മാരായി ചമയുകയും, അതോടൊപ്പം അംഗീകൃത സദാചാരവിരുദ്ധരെ തിരഞ്ഞെടുത്തു് അധികാരസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നവരുടെയും പോരെങ്കിൽ ദൈവത്തിന്റെയും സ്വന്തം നാടല്ലേ? അതങ്ങനെയേ വരൂ. ശരിയാണു്: തിന്മയുടെ തീരാരോഗവാഹികളായ പഴുപ്പും ചോരയും തിങ്ങിവിങ്ങുന്ന മതങ്ങൾ പോലുള്ള വ്രണങ്ങളെ സ്പർശിക്കരുതു്. അവയെ തൊട്ടാൽ പൊട്ടിയൊലിക്കുന്നതു് ഓടകളെ തോൽപിക്കുന്ന വിഷവും ദുർഗ്ഗന്ധവുമായിരിക്കും. പണ്ടേ തൂത്തുവാരിക്കൂട്ടി തീയിട്ടു് നശിപ്പിക്കേണ്ടിയിരുന്ന ജീർണ്ണതകളിൽ അട്ടകളെപ്പോലെ ഇഴഞ്ഞുല്ലസിക്കുന്നവർക്കു് അവരും അവരുടെ പരിസരങ്ങളും ചീഞ്ഞുനാറുന്നു എന്നാരെങ്കിലും പറയുന്നതു് ഇഷ്ടപ്പെടുകയില്ല. കാരണം, ശുചീകരണം എപ്പോഴും അദ്ധ്വാനമാണു്, അതു് പലപ്പോഴും ഇഷ്ടസ്വർഗ്ഗങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും വലിച്ചെറിഞ്ഞുകൊണ്ടും മാത്രമേ നടപ്പിലാക്കാൻ കഴിയൂ.

മനുഷ്യരെ ചില കാര്യങ്ങൾ അറിയിക്കാനായി ദൈവം അയക്കുന്നവയാണു് പറക്കും തളികകൾ എന്നു് വിശ്വസിക്കുന്നവരുടെ കൂട്ടങ്ങളും നിലവിലുണ്ടു്. UFO-കൾ വഴി ദൈവം അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാനും വ്യാഖ്യാനിക്കാനും കഴിവുള്ളവർ എന്നു് അവകാശപ്പെടുന്നവരാണു് അത്തരം സെക്റ്റുകളുടെ തലവന്മാർ. ദൈവത്തിന്റെ ഓരോ കഷ്ടപ്പാടുകൾ! ഒട്ടകപ്പാലിനോടും ഈത്തപ്പഴത്തിനോടുമുള്ള വ്യാക്കൂണുമൂലമാവാം, പണ്ടൊക്കെ ദൈവം നേരിട്ടു് സന്ദേശങ്ങൾ മരുഭൂമിയിൽ എത്തിക്കുകയായിരുന്നു പതിവു്. മനുഷ്യർ റോബോട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ദൈവം UFO-യെ ഉപയോഗിക്കാൻ തുടങ്ങി. “നാടു് നീങ്ങുമ്പോൾ നടുവെ നീങ്ങണം” എന്നോ മറ്റോ ഒരു ചൊല്ലുണ്ടെന്നു് ദൈവത്തിനും അറിയാമായിരിക്കണം. ഉള്ളവയെ കാണുന്നതിനേക്കാൾ ഇല്ലാത്തവയെ കാണാനുള്ള മനുഷ്യരുടെ പ്രത്യേക താത്പര്യത്തിന്റേയും ശേഷിയുടെയും വെളിച്ചത്തിൽ പറക്കും തളികകളെ ദർശിച്ചു എന്ന ചില മനുഷ്യരുടെ അവകാശവാദങ്ങളെ ആദ്യമേതന്നെ ഒരു തരംതിരിക്കൽ നടത്തിയാൽ ആ കഥകളിലെ തൊണ്ണൂറു് ശതമാനം “UFO”-കളും വിശദീകരിക്കാനാവുന്ന പ്രതിഭാസങ്ങൾ എന്ന നിലയിൽ തുടക്കത്തിലേ അവഗണിക്കാവുന്നവയാണെന്നു് കാണാനാവും. UFO ആണെന്നു് തെറ്റിദ്ധരിക്കപ്പെട്ട ദർശനങ്ങളിൽ ഗ്രഹങ്ങൾ മുതൽ തിരിനാളങ്ങളുടെയും മറ്റും ചൂടുകൊണ്ടു് മുകളിലേക്കു് ഉയരുന്ന ദീപങ്ങൾ വരെ ഉൾപ്പെടും. കാലാവസ്ഥാബലൂണുകൾ, സ്കൈബീമർ, റോക്കറ്റുകൾ, ഏറിയൽ ഡ്രോൺസ്‌, ബോൾ ലൈറ്റ്‌നിംഗ്‌, Satellite/Iridium flare, Lenticular clouds ഇവയെല്ലാം UFO-കൾ ആണെന്നു് പലപ്പോഴായി ചിലരെങ്കിലും തെറ്റിദ്ധരിച്ച വസ്തുക്കളോ പ്രതിഭാസങ്ങളോ ആണു്. അത്തരം കാഴ്ചകൾക്കു് സ്വന്തം ഭാവനാശേഷിക്കനുസരിച്ചു് മനുഷ്യർ നൽകുന്ന വർണ്ണനകളിലെ സത്യാസത്യങ്ങൾ അപഗ്രഥിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം. ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ, ഭൗമേതരമായ ഒരു സംസ്കാരത്തിലെ ജീവികൾ ഭൂമിയെ തേടി വരുന്നതിനുള്ള എന്തെങ്കിലും സാദ്ധ്യത ശാസ്ത്രീയവും സാങ്കേതികവുമായ അർത്ഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്നൊരു പരിശോധനയാണു് ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നതു്.

നമ്മുടെ ഗ്യാലക്സിയിലോ അതിനു് വെളിയിൽ എവിടെയെങ്കിലുമോ ഉള്ളതും, ജീവന്റെ നിലനിൽപ്പു് സാദ്ധ്യമാക്കുന്ന ചുറ്റുപാടുകൾ നിലവിലിരിക്കുന്നതുമായ ഏതെങ്കിലുമൊരു ഗ്രഹത്തിൽ നിന്നും വരുന്നവരായിരിക്കണം നമ്മുടെ ഭൂമിയെ സന്ദർശിക്കാൻ ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ ആ വിരുന്നുകാർ എന്ന കാര്യത്തിൽ എന്തായാലും ഒരു സംശയത്തിനു് സ്ഥാനമില്ല. കോടാനുകോടി ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള ഈ പ്രപഞ്ചത്തിൽ ജീവൻ രൂപമെടുക്കാനും അവയിൽ നിന്നും കാലക്രമേണയുള്ള പരിണാമത്തിലൂടെ ജീവജാലങ്ങളും ബുദ്ധിയുള്ള ജീവികളും ഉരുത്തിരിയാനും അനുയോജ്യമായ സാഹചര്യങ്ങൾ നിലവിലിരിക്കുന്ന ആയിരമോ പതിനായിരമോ ഒരുപക്ഷേ അതിൽ കൂടുതലോ ഗ്രഹങ്ങൾ ഉണ്ടായിക്കൂടെന്നില്ല, ഉണ്ടായേ തീരൂ എന്നു് നിർബന്ധവുമില്ല. ആ സന്ദർശകർ നമ്മുടെ ഗ്യാലക്സിയിൽ എവിടെനിന്നെങ്കിലും വരുന്നവരാണെങ്കിൽ ഒരു ഇന്റർസ്റ്റെല്ലാർ ഫ്ലൈറ്റ്‌ സംഘടിപ്പിക്കാൻ മാത്രം ബൗദ്ധികവളർച്ച പ്രാപിച്ചവരായിരിക്കണം അവർ. മറ്റു് ഗ്യാലക്സികളിൽ നിന്നും ഉള്ളവരാണെങ്കിൽ ഒരു ഇന്റർഗാലക്റ്റിക്‌ ഫ്ലൈറ്റ്‌ തന്നെ ഓർഗനൈസ്‌ ചെയ്യാതെ അവർക്കു് ഭൂമിയിൽ എത്തിച്ചേരാൻ കഴിയില്ല. പ്രപഞ്ചത്തിൽ എവിടെയെങ്കിലുമുള്ള പ്രിമിറ്റീവ്‌ ആയ ജീവികളിൽ നിന്നും അതുപോലൊരു ബൗദ്ധികശേഷി പ്രതീക്ഷിക്കാനാവില്ല എന്നതിനാൽ, ഭൂമിയിലൊഴികെ മറ്റൊരിടത്തും ബുദ്ധിയുള്ള ജീവികളിലേക്കു് വളരാൻ ജീവനു് കഴിഞ്ഞിട്ടില്ലെങ്കിൽ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ എവിടെനിന്നെങ്കിലും ആരെങ്കിലും ഭൂമിയിലേക്കു് വിരുന്നുവരും എന്ന പ്രതീക്ഷയിൽ നമ്മളിവിടെ കാത്തിരുന്നിട്ടു് കാര്യമൊന്നുമില്ല.

അന്യഗ്രഹങ്ങളിൽ എവിടെയെങ്കിലും ബൗദ്ധികവളർച്ചയുടെ ആരംഭഘട്ടം പിന്നിടാതെ കഴിഞ്ഞുകൂടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരെ അലട്ടുന്നതു് പ്രധാനമായും നിലനിൽപിന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരവും വംശവർദ്ധനവുമൊക്കെ ആയിരിക്കും. പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ബുദ്ധിയുള്ള ജീവികൾ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവരുടെ ലോകത്തിലെ പ്രശ്നങ്ങളാവില്ല. അത്തരം കാര്യങ്ങൾ അവരുടെ ബുദ്ധിയിലും ചിന്തകളിലും ഉദിച്ചിട്ടുപോലും ഉണ്ടാവില്ല. സ്വന്തഗ്രഹത്തെപ്പറ്റിത്തന്നെ പഠിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടില്ലാത്ത ആരെങ്കിലും ഭൂമിയെ തേടിവരുമെന്ന തോന്നൽ അസംബന്ധമാണു്. പിന്നെ അതിനു് ശ്രമിക്കാൻ നേരിയ സാദ്ധ്യതയെങ്കിലുമുള്ളതു് മനുഷ്യരുടെ ഏകദേശം അതേ ബൗദ്ധികത കൈവരിച്ചുകഴിഞ്ഞ അന്യഗ്രഹജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവരാണു്. പക്ഷേ, അതുപോലൊരു വിഭാഗത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വളർച്ചയും മനുഷ്യരുടേതിൽ നിന്നും അധികം വ്യത്യസ്തമാവാൻ വഴിയില്ലാത്തതിനാൽ, അവർ നമ്മെ കണ്ടെത്താനുള്ള അതേ ചാൻസ്‌ നമുക്കു് അവരെ കണ്ടെത്താനുമുണ്ടു്. നമ്മൾ ഇതുവരെ അന്യഗ്രഹജീവികളെ കണ്ടെത്തിയിട്ടില്ല, ഈ അടുത്ത കാലത്തൊന്നും അതിനുള്ള സാദ്ധ്യതയുമില്ല. ആ സ്ഥിതിക്കു്, നമ്മുടെ അതേ നിലവാരത്തിലുള്ള ഏതെങ്കിലും അന്യഗ്രഹജീവികൾ നമ്മളെ ഈ അടുത്ത കാലത്തൊന്നും സന്ദർശിക്കുമെന്നു് കരുതുന്നതിൽ അർത്ഥമൊന്നുമില്ല. അതിനർത്ഥം, UFO വഴി സത്യാവസ്ഥയിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തുന്നുണ്ടെങ്കിൽ അവർ മനുഷ്യരേക്കാൾ ബൗദ്ധികമായി വളരെ ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞവരായിരിക്കണം. ഇനി, UFO എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നവ ഉള്ളിൽ ജീവികളില്ലാത്ത റിമോട്ട്‌ കണ്ട്രോൾഡ്‌ സ്പെയ്സ്ക്രാഫ്റ്റുകളാണെന്നു് കരുതിയാൽ തന്നെ, അവയെ ആരെങ്കിലും അയച്ചതാവണമെന്നതിനാൽ, അതിനുള്ള സാങ്കേതികജ്ഞാനം കൈവരിച്ച അന്യഗ്രഹജീവികൾക്കേ അതു് സാദ്ധ്യമാവൂ. മനുഷ്യനു് ഇതുവരെ കൈവരിക്കാൻ കഴിഞ്ഞതിനേക്കാൾ വളരെ ഉയർന്ന ബുദ്ധിശക്തി അതിനു് ആവശ്യമാണു്.

സസ്യവർഗ്ഗത്തിന്റെ നിലനിൽപിനു് കാർബൺ ഡയോക്സൈഡ്‌ അത്യന്താപേക്ഷിതമാണെങ്കിൽ, മനുഷ്യനു് ജീവിക്കാൻ ഓക്സിജൻ കൂടാതെ കഴിയില്ല. നേരെ മറിച്ചായാൽ ഭൂമിയിൽ ഈ രണ്ടു് വിഭാഗത്തിന്റേയും അന്ത്യമാവും ഫലം. കാർബൺ ഡയോക്സൈഡ്‌ മനുഷ്യർക്കു് “ജീവവായു” അല്ല, “മാരകവായു” ആണെന്നു് ചുരുക്കം. അതുകൊണ്ടു്, ഭൂമിയിലേതുപോലെ, കാർബണിന്റെ അടിസ്ഥാനത്തിലല്ലാതെ, മറ്റെവിടെയെങ്കിലും മറ്റേതെങ്കിലുമൊരു മൂലകത്തിന്റെ അടിസ്ഥാനത്തിൽ “ജീവൻ” രൂപമെടുക്കുന്നതിനു് തത്വത്തിൽ തടസ്സമൊന്നുമില്ല. അവ ഏതുവിധത്തിലുള്ളവ ആയിരിക്കും എന്നതിനെ സംബന്ധിച്ചു് തലപുകച്ചിട്ടു് തത്കാലം വലിയ കാര്യവുമില്ല. പ്രപഞ്ചത്തിലെ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ രൂപമെടുത്തു എന്നതുകൊണ്ടു് അതു് ബുദ്ധിയുള്ള ജീവികളുടെ നിലയിലേക്കു് പരിണാമത്തിലൂടെ വളർന്നുകൊള്ളണമെന്നില്ല. പ്രപഞ്ചത്തിൽ സ്ഥിരമെന്നോണം സംഭവിക്കുന്ന കോസ്മിക്‌ കറ്റാസ്റ്റ്രൊഫീകൾ, മാതൃനക്ഷത്രത്തിന്റെ അന്ത്യം, ജീവികൾക്കിടയിലെതന്നെ യുദ്ധങ്ങൾ അങ്ങനെ പല കാരണങ്ങളാൽ ഒരു ഗ്രഹത്തിലെ ജീവന്റെ വളർച്ച എന്നേക്കുമായി നശിപ്പിക്കപ്പെടാം. സ്വന്തം മാതൃനക്ഷത്രം ജീവജാലങ്ങളുടെ സംരക്ഷണത്തിനു് ഉതകാത്ത ഒരു അവസ്ഥയിലേക്കു് എത്തുന്നതിനു് മുൻപു് സ്വന്തഗ്രഹത്തെ ഉപേക്ഷിച്ചു് തുടർജീവിതം സാദ്ധ്യമാവുന്ന അന്യഗ്രഹങ്ങളിൽ ഏതിലെങ്കിലും കുടിയേറാൻ മാത്രം ബുദ്ധിവികാസം സംഭവിച്ചിട്ടില്ലാത്ത എല്ലാ സംസ്കാരങ്ങളും എന്നെങ്കിലും നശിക്കാൻ വിധിക്കപ്പെട്ടവയാണു്. 1370 കോടി വർഷങ്ങൾ പഴക്കമുള്ള ഈ പ്രപഞ്ചത്തിൽ ഇതിനോടകം പല ഗ്രഹങ്ങളും സംസ്കാരങ്ങളും അവയുടെ വളർച്ചയുടെ പല ഘട്ടങ്ങളിൽ വച്ചു് നാശത്തെ നേരിട്ടിട്ടുണ്ടാവാമെന്നതു് അവഗണിക്കാനാവാത്ത ഒരു സാദ്ധ്യതയാണു്. അന്യസംസ്കാരങ്ങളിൽ നിന്നുമുള്ള ഒരുവിധ സിഗ്നലുകളും സ്വീകരിക്കാൻ നമുക്കു് കഴിയാത്തതിന്റെ കാരണവും ഒരുപക്ഷേ അതായിരിക്കാം. നമ്മൾ തന്നെ എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളുടെയും മറ്റും രൂപത്തിൽ “ഏയ്‌, കൂയ്‌, അവിടെ ആരെങ്കിലുമുണ്ടോ?” എന്നു് വിളിച്ചുചോദിക്കാൻ തുടങ്ങിയിട്ടു് (അതിനാൽ, ആ വിളി അവിടെ പുറത്തുള്ളവരിൽ കേൾക്കാൻ “ചെവിയുള്ള” ആരെങ്കിലും കേൾക്കാനുള്ള സാദ്ധ്യതതന്നെ തുടങ്ങിയിട്ടും) ഏതാണ്ടു് നൂറു് വർഷങ്ങളേ ആയിട്ടുള്ളു. സമുദ്രത്തിലെ ഒരു തുള്ളി വെള്ളം പോലെ 1370 കോടി വർഷങ്ങൾക്കിടയിലെ നൂറു് വർഷങ്ങൾ!

സൗരയൂഥത്തിനോടു് ഏറ്റവും അടുത്തു് നിൽക്കുന്ന സ്റ്റാർ സിസ്റ്റം ആയ Alpha Centauri ഏകദേശം 4.3 പ്രകാശവർഷങ്ങൾ അകലെയാണു് സ്ഥിതി ചെയ്യുന്നതു്. അതിനർത്ഥം, ആൽഫ സെന്റൗറിയുടെ പരിസരത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയിൽ എത്തിച്ചേരാൻ ഒരു സ്പെയ്സ്ക്രാഫ്റ്റിനു്, അതു് പ്രകാശവേഗതയിൽ (ഒരു സെക്കൻഡിൽ മൂന്നു് ലക്ഷം കിലോമീറ്റർ) സഞ്ചരിച്ചാൽ പോലും, ഏകദേശം നാലര വർഷത്തോളം യാത്ര ചെയ്യേണ്ടി വരും. ഭൂമിയിൽ നിന്നും എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളുടെ രൂപത്തിൽ അയക്കുന്ന ഒരു സന്ദേശം സ്വീകരിക്കാനും തിരിച്ചു് മറുപടി അയക്കാനും കഴിവുള്ള ജീവികൾ അവിടെ ഏതെങ്കിലുമൊരു ഗ്രഹത്തിൽ ഉണ്ടെന്നു് സങ്കൽപിച്ചാൽ തന്നെ, അതുപോലൊരു മറുപടിക്കുവേണ്ടി നമ്മൾ ഏകദേശം ഒൻപതു് വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു് വരുത്തുന്ന” ഒരു “ഭവാനി” മുകളിലെവിടെയോ ഉണ്ടെന്നതിനാൽ മറുപടി കിട്ടുന്നതിനു് മുൻപു് മേഘസന്ദേശം അയച്ചവനെ “ഭവാനി” ചേനയും കാച്ചിലും അടിയിൽ നിന്നും നോക്കിക്കണ്ടു് ഗൃഹാതുരത്വത്തിന്റെ തീച്ചൂളയിൽ വെന്തെരിയേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ടാവാനും മതി. ആൽഫ സെന്റൗറി 4.3 പ്രകാശവർഷങ്ങൾ അകലെയാണെങ്കിൽ, NGC 4414 എന്ന, 55000 പ്രകാശവർഷങ്ങൾ വ്യാസമുള്ള, സ്പൈറൽ ഗ്യാലക്സി ഭൂമിയിൽ നിന്നും ആറുകോടി പ്രകാശവർഷങ്ങൾ അകലെയാണു് സ്ഥിതി ചെയ്യുന്നതു്. റിലേറ്റിവിറ്റി പ്രകാരം വേഗത വർദ്ധിക്കുമ്പോൾ സമയം സാവകാശമാവും. ബുദ്ധിയുടെ കാര്യത്തിൽ നമ്മെക്കാൾ ആയിരമോ പതിനായിരമോ ഒക്കെ വർഷങ്ങൾ മുന്നിലെത്തിക്കഴിഞ്ഞിട്ടുള്ള ഒരു സംസ്കാരം പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ, പ്രകാശത്തിന്റേതിനോടടുത്ത വേഗതയിൽ സഞ്ചരിക്കാനുള്ള സാങ്കേതികത്വം അവർ വികസിപ്പിച്ചിട്ടുണ്ടെങ്കിൽ, അതുപോലൊരു യാത്രയിൽ പങ്കെടുക്കുന്നവർക്കു്, അവരുടെ വേഗതയുടെ അടിസ്ഥാനത്തിൽ, അവർ യാത്ര തുടങ്ങിയിട്ടു് ഒരു വർഷമായി എന്നു് തോന്നുമ്പോൾ ഭൂമിയിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. അതുപോലെതന്നെ, ആ “ഒരു വർഷം” കൊണ്ടു് സ്വന്തം ഗ്രഹത്തിലെ അവരുടെ ബന്ധുക്കളും മിത്രങ്ങളുമെല്ലാം, അവർ പഴയനിയമത്തിലെ പിതാക്കളെപ്പോലെ ആയിരത്തിലേറെ വർഷങ്ങൾ ജീവിക്കുന്ന അത്ഭുതജീവികളല്ലെങ്കിൽ, പണ്ടെതന്നെ മരിച്ചുകഴിഞ്ഞിട്ടുണ്ടാവും. ചുരുക്കത്തിൽ, അന്യഗ്രഹജീവികൾ UFO എന്ന “കുപ്പിപ്പിഞ്ഞാണത്തിൽ” കയറി ഭൂലോകവാസികളെ സന്ദർശിക്കനെത്തുക എന്നതു് അങ്ങേയറ്റം അസംഭവ്യമായ കാര്യമാണു്.

സങ്കൽപാതീതമായ അത്തരമൊരു ശാസ്ത്രീയനേട്ടം കൈവരിക്കാൻ മാത്രം വളർന്ന ഒരു സംസ്കാരത്തിനു് ഭൗമാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന എലക്ട്രോമാഗ്നെറ്റിക്‌ തരംഗങ്ങളിൽ നിന്നും ഭൂമിയെ സംബന്ധിച്ചു് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ തളികപ്പുറത്തുകയറി ഭൂമിയിൽ വന്നിറങ്ങേണ്ട ആവശ്യമൊന്നുമില്ല. അത്രയും ഉന്നതമായ ഒരു സംസ്കാരം കെട്ടിപ്പടുക്കണമെങ്കിൽ ഈ ഭൂമിയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നിലവിലിരിക്കുന്നതിൽ നിന്നും നേർവിപരീതമായ ഒരു സാഹചര്യം ഉണ്ടെങ്കിലേ സാദ്ധ്യമാവൂ. അജ്ഞതയും, ദാരിദ്ര്യവും, രോഗങ്ങളും, മതഭ്രാന്തും, യുദ്ധങ്ങളും, പരിസ്ഥിതിമലിനീകരണം വഴി സ്വയം നശിപ്പിക്കാനുള്ള മടിയില്ലായ്മയും, ആകെയുള്ള ഒരു ജീവിതത്തേക്കാൾ ഒരടിത്തറയുമില്ലാതെ ഉണ്ടെന്നു് ആരോ എവിടെയോ പറഞ്ഞുകേട്ട ഒരു മരണാനന്തരജീവിതത്തിനു് മുൻതൂക്കം നൽകാൻ മാത്രമുള്ള ഒറിജിനൽ വിഡ്ഢിത്തവും മുഖമുദ്രയായ ഒരു ലോകത്തിൽ വന്നിറങ്ങിയിട്ടു് അതുപോലൊരു ഉന്നത ജീവിവർഗ്ഗം എന്തുനേടാൻ?

 
5 Comments

Posted by on Aug 1, 2011 in ശാസ്ത്രം

 

Tags: , ,