എന്തുകൊണ്ടായിരിക്കും ശാസ്ത്രബോധത്തിന്റെയും പുരോഗമനത്തിന്റെയും വക്താക്കളായി ഭാവിക്കുമ്പോഴും മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടേതല്ലാത്ത നിലപാടുകാരെ നേരിടാന്‍ ഏതു് പ്രിമിറ്റീവ് നടപടികളും, ഏതു് തരംതാണ ഭാഷയും ഉപയോഗിക്കാന്‍ മടിക്കാതിരിക്കുന്നതു്? എന്തൊക്കെ ആയിരിക്കണം ഒരേ സമൂഹത്തില്‍, ഒരേ സാഹചര്യങ്ങളില്‍ ജീവിച്ചിരിക്കുന്ന ഒരു ശരാശരി പൗരന്റെ മാനസികനിലവാരത്തില്‍ നിന്നും എത്ര വേണമെങ്കിലും താഴാനും, അതൊരു യോഗ്യത ആയാലെന്നപോലെ കൊണ്ടാടാനും അവരെ പ്രാപ്തരാക്കുന്ന ഘടകങ്ങള്‍ ? ആരില്‍ നിന്നുമാവണം അവര്‍ ഇത്തരം നീചമായ പെരുമാറ്റരീതികള്‍ സ്വായത്തമാക്കിയതു്? ഈ ചോദ്യങ്ങളുടെ ഉത്തരം ലളിതമാണു്. ആപ്പിള്‍ അതിന്റെ മരച്ചുവട്ടില്‍ നിന്നും അധികം അകലെയായല്ല വീഴുന്നതു് എന്നപോലെ, വിപ്ലവസുവിശേഷത്തിലെ മുദ്രാവാക്യങ്ങള്‍ (അതിനപ്പുറമുള്ള വല്ലതും അറിയാന്‍ കഴിഞ്ഞവര്‍ ആ സുവിശേഷത്തെ പിന്‍തുടരാറുമില്ല) സ്ഥാപകഗുരുവില്‍ നിന്നും ഏറ്റെടുത്തപ്പോള്‍ അവയില്‍ അന്തര്‍ലീനമായ സാര്‍വ്വലൗകികവെറുപ്പുകൂടി അനുയായികളുടെ കൂടെപ്പോന്നു, അത്രതന്നെ.
അന്യജാതികളെയും അന്യവിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യാന്‍ കാഹളമൂതുന്ന ഒരു മതം, അന്യചിന്തകളെയും, അന്യനിലപാടുകളെയും വേരോടെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം, മുതലായവയെല്ലാം സൂചിപ്പിക്കുന്നതു് അവ വിഭാവനം ചെയ്ത മനുഷ്യരുടെ മനസ്സില്‍ ആളിക്കൊണ്ടിരുന്ന അടങ്ങാത്ത വെറുപ്പിനെയാണു്. ജീവിതത്തില്‍ അവര്‍ ആരായിരുന്നു എന്നു് അടുത്തറിഞ്ഞാലേ ആ വെറുപ്പിന്റെ കാരണവും ആഴവും മനസ്സിലാക്കാനാവൂ. മാര്‍ക്സിന്റെ ജീവിതത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ടു് മാര്‍ക്സിസത്തെ പരിശോധിച്ചാലേ, തന്നെത്തന്നെ വെറുത്തുകൊണ്ടു് ലോകത്തെ മുഴുവന്‍ വെറുത്ത ഒരു മനുഷ്യന്‍ തന്റെ രോഗാതുരമായ മനസ്സില്‍ തട്ടിക്കൂട്ടിയതും, സാമൂഹികജീവിതത്തിന്റെ പ്രായോഗികതയില്‍ ഒരു പരാജയം എന്നു് പില്‍ക്കാലചരിത്രം തെളിയിച്ചതുമായ ആ സിദ്ധാന്തത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാനാവൂ.
ആജീവനാന്തം സ്വന്തം അമ്മയെ വെറുത്തിരുന്നവനാണു് മാര്‍ക്സ്. അതുപോലെതന്നെയായിരുന്നു വംശീയമായ തന്റെ ഉറവിടത്തോടുള്ള മാര്‍ക്സിന്റെ നിലപാടും. യഹൂദവംശത്തില്‍പ്പെട്ട ഒരു പുരോഹിതകുടുംബത്തില്‍ നിന്നും വരുന്ന മാര്‍ക്സിനു് യഹൂദവംശത്തിന്റെ നേരെയും വെറുപ്പല്ലാതെ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. ബൂര്‍ഷ്വാസിയുടെ നശീകരണം ഒരു ജീവിതദൗത്യമെന്നോണം ഏറ്റെടുത്ത മാര്‍ക്സ് വരുന്നതും ഒരു ബൂര്‍ഷ്വാ കുടുംബത്തില്‍ നിന്നുതന്നെ!
മാര്‍ക്സിനു് അമ്മയോടുള്ള വെറുപ്പിന്റെ ഒരു ഉദാഹരണം: പണം വേണമെങ്കില്‍ മാത്രം (ഒരു വരുമാനവും ഇല്ലാതെ കുടുംബം പോറ്റേണ്ടവനു് വല്ലവന്റെയും പണം വെറുതെ കിട്ടാതെ പറ്റുമോ? ഒരു തൊഴിലും ചെയ്യാതെ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ കാരണവന്മാര്‍ ഉണ്ടാക്കിയ പണത്തില്‍ കയ്യിട്ടു് വാരാന്‍ പറ്റണം, അല്ലെങ്കില്‍ ഭിക്ഷയെടുക്കണം. കേരളത്തിലാണു് അതുപോലുള്ളവര്‍ ജീവിക്കുന്നതെങ്കില്‍ നോക്കുകൂലിയും നല്ലൊരോപ്ഷനാണു്) അമ്മയെ ഓര്‍ത്തിരുന്ന മാര്‍ക്സ് യൂറോപ്യന്‍ വന്‍കരയിലേക്കു് നടത്തിയ ഒരു യാത്രയെപ്പറ്റി 1861 മെയ് മാസത്തില്‍ എംഗല്‍സിനെഴുതി: “എന്റെ അമ്മാവനില്‍ നിന്നും 160 പൗണ്ട് ഞാന്‍ പിഴിഞ്ഞു. കയ്യില്‍ റെഡി ക്യാഷ് എന്നൊരു സാദ്ധ്യതയെപ്പറ്റി ചിന്തിക്കേണ്ട കാര്യം പോലുമില്ലാത്ത, അവളുടെ അന്ത്യത്തിലേക്കു് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ അമ്മ ഞാന്‍ പണ്ടു് അവള്‍ക്കു് നല്‍കിയിരുന്ന ഏതാനും കടപ്പത്രങ്ങള്‍ നശിപ്പിക്കാന്‍ സമ്മതിച്ചു. ഞാന്‍ അവളോടൊത്തുണ്ടായിരുന്ന രണ്ടു് ദിവസങ്ങള്‍ വച്ചുനോക്കുമ്പോള്‍ ദോഷം പറയരുതാത്ത ഒരു നേട്ടം”. മാര്‍ക്സിനു് അമ്മയോടുള്ള (ആ കിഴവി) ഈ ‘സ്നേഹം’ നല്ലതുപോലെ അറിയാവുന്നതുകൊണ്ടാവണം, അമ്മയുടെ മരണം അറിയിച്ചുകൊണ്ടു് (സ്വാഭാവികമായും കുടുംബസ്വത്തിന്റെ കാര്യങ്ങള്‍ നേരെയാക്കാനുള്ള യാത്രക്കു് വേണ്ടിയുള്ള പണം ചോദിച്ചുകൊണ്ടും) മാര്‍ക്സ് എഴുതിയ കത്തിനുള്ള മറുപടിയില്‍ എംഗല്‍സ് ആ ‘കിഴവി’യെപ്പറ്റി ഒരു വാക്കുപോലും പറയാതിരുന്നതു്! മാര്‍ക്സും എംഗല്‍സും! ‘ആരാദ്ധ്യര്‍’ എന്നു് ലോകം കരുതുന്ന രണ്ടു് തൊഴിലാളിസ്നേഹികള്‍!
നശീകരണമാണെളുപ്പം, പടുത്തുയര്‍ത്തല്‍ വളരെ ശ്രമകരമാണു്. സ്വന്തം വെറുപ്പിനെ തൃപ്തിപ്പെടുത്താന്‍ നശീകരണത്തിന്റെ പാത സ്വീകരിക്കുന്ന ഒരു മനസ്സില്‍ നിര്‍മ്മാണാത്മകമായ ആശയങ്ങള്‍ക്കു് സ്ഥാനമില്ല. ഇതു് മനസ്സിലാക്കിയാല്‍, പുരോഗമനവും ശാസ്ത്രീയതയും പ്രസംഗിക്കുകയും, അതോടൊപ്പം കൃഷിയുടെ യന്ത്രവത്കരണത്തേയും, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തേയും, നമ്മുടേതല്ലാത്ത, നമുക്കു് കയറി നിരങ്ങാന്‍ അനുവാദമില്ലാത്ത മറ്റെല്ലാ സംരംഭങ്ങളെയും – അതു് വ്യവസായസംരംഭങ്ങളായാലും, ഇനി, വെറുമൊരു വിക്കിപ്പീഡിയ ആയാല്‍ പോലും – കൂട്ടായി എതിര്‍ത്തു് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തത്വശാസ്ത്രികളെ കാണുമ്പോള്‍ അത്ഭുതപ്പേടേണ്ടിവരില്ല. കാലുകുത്താന്‍ കഴിഞ്ഞ എല്ലാ പ്രബുദ്ധരാജ്യങ്ങളില്‍നിന്നും ഏതാനും ദശാബ്ദങ്ങള്‍ക്കകം പൂര്‍ണ്ണമായും കെട്ടുകെട്ടുകയോ, അതല്ലെങ്കില്‍ രൂപാന്തരം പ്രാപിക്കുകയെങ്കിലുമോ ചെയ്യാന്‍ നിര്‍ബന്ധിതമായ ഒരു തത്വസംഹിതയെ ഇന്നും കെട്ടിപ്പുണരുന്ന സമൂഹങ്ങളുണ്ടെങ്കില്‍ അതിന്റെ കാരണം, അവയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയല്ലാതെ മറ്റൊന്നുമല്ല. (നിഷ്പക്ഷമായ) പത്രവായനയിലൂടെയെങ്കിലും ലോകഗതി മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ആരെങ്കിലും അതുപോലെ എന്നോ ചത്ത ഒരു കുഞ്ഞിന്റെ ജാതകത്തെയോ, അതിനു് വ്യാഖ്യാനമെഴുതിയ പണ്ഡിതരെയോ അപഗ്രഥിക്കാന്‍ ശ്രമിക്കുമെന്നു് തോന്നുന്നില്ല. പക്ഷേ, ഉപരിപഠനത്തിനോ ഗവേഷണത്തിനോ ഒക്കെ ആയി ‘ഒന്നാം നംബര്‍ ക്യാപിറ്റലിസം’ നിലവിലിരിക്കുന്ന ഒരു രാജ്യത്തുചെന്നു് താമസിച്ചുകൊണ്ടു് ‘ഒന്നാം നംബര്‍ കമ്മ്യൂണിസം’ പ്രഘോഷിക്കുന്നതില്‍ ഉളുപ്പില്ലായ്മയൊന്നും കാണാന്‍ കഴിയാത്ത മനുഷ്യജന്മങ്ങള്‍ ജീവിച്ചിരിക്കുന്ന ഒരു ലോകമാണു് ഇതെന്നതിനാല്‍, അതുപോലെ അര്‍ത്ഥശൂന്യമായ വായനകളും വ്യാഖ്യാനങ്ങളും നടത്തുന്നവരും അതു് കേട്ടു് കയ്യടിക്കുന്നവരും ഈ ലോകത്തില്‍ നിന്നും പൂര്‍ണ്ണമായി എന്നെങ്കിലും അപ്രത്യക്ഷമാവുമെന്നു് കരുതുകയും വേണ്ട.