RSS

Daily Archives: Feb 24, 2011

ഡിസൈനർ ദൈവം

ബേത്ലെഹേമിലെ (പെൻസിൽവേനിയ) Lehigh University -യിൽ ബയോകെമിസ്ട്രി പ്രൊഫെസ്സറായ Michael Behe ഇന്റെലിജെന്റ്‌ ഡിസൈൻ (ID) എന്ന ആശയത്തെ സപ്പോർട്ട്‌ ചെയ്യുന്നതിനായി മുന്നോട്ടുവച്ച ഒരു കൊൺസെപ്റ്റ്‌ ആണു് irreducible complexity (IC). 1952-ൽ ജനിച്ച മൈക്കൽ ബീഹീ അവന്റെ അക്കഡെമിക്‌ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ എവൊല്യൂഷൻ തിയറിയെ പൂർണ്ണമായും അംഗീകരിച്ചിരുന്നു. പക്ഷേ, ‘Evolution: A Theory In Crisis’ എന്ന Michael Dentons-ന്റെ പുസ്തകം വായിച്ചതുമുതൽ ബീഹി എവൊല്യൂഷനെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. ബയോകെമിക്കൽ തലങ്ങളിൽ ലഘൂകരിക്കപ്പെടാനാവാത്തവിധം സങ്കീർണ്ണമായ ഘടനകളുടെ (irreducibly complex systems) സൂചനകൾ ഉണ്ടെന്നും, അതു് നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലുള്ള എവൊല്യൂഷനിലൂടെ സംഭവിച്ചതാവാൻ കഴിയുകയില്ലെന്നും, അതിനാൽ അതു് ബുദ്ധിമാനായ ഒരു ഡിസൈനറാൽ രൂപപ്പെടുത്തിയതാണെന്നതു് മാത്രമാണു് ന്യായീകരിക്കാൻ കഴിയുന്നതെന്നുമാണു് മൈക്കൽ ബീഹീയുടെ നിലപാടു്.

‘Darwin’s Black Box: The Biochemical Challenge to Evolution’ എന്ന തന്റെ പുസ്തകത്തിൽ ഇറെഡ്യൂസിബിൾ കോമ്പ്ലെക്സിറ്റിക്കു് ബീഹി നൽകുന്ന ഡെഫിനിഷൻ ഇതാണു്:  A single system which is composed of several interacting parts that contribute to the basic function, and where the removal of any one of the parts causes the system to effectively cease functioning. ബീഹിയുടെ അഭിപ്രായത്തിൽ, ലഘൂകരിക്കപ്പെടാനാവാത്ത സങ്കീർണ്ണവ്യവസ്ഥകൾ നേരിട്ടും അനുക്രമമായും ഉള്ള എവൊല്യൂഷനിലൂടെ രൂപമെടുക്കാനാവില്ല. ബീഹിയുടെ വാദമുഖങ്ങൾ: “അത്തരം എവൊല്യൂഷൻ സംഭവിക്കുന്നതു് ഭാഗങ്ങൾ പടിപടിയായി കൂട്ടിച്ചേർക്കുന്നതുവഴിയാണു്; നിർവചനപ്രകാരം, ഒരു ഭാഗം ഇല്ലാത്ത ഒരു സിസ്റ്റം പ്രവർത്തനരഹിതമായിരിക്കും; അതിനാൽ, നേരിട്ടും അനുക്രമമായുമുള്ള എവൊല്യൂഷനിലൂടെ പൂർവ്വഗാമികളിൽ നിന്നും രൂപമെടുക്കുന്ന ലഘൂകരിക്കപ്പെടാനാവാത്ത എല്ലാവിധ സങ്കീർണ്ണ വ്യവസ്ഥകളും പ്രവർത്തനരഹിതമായിരിക്കും”. ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ മാത്രമല്ല, അവയെ ഒഴിവാക്കാനും, അവയിൽ മാറ്റങ്ങൾ വരുത്താനും എവൊല്യൂഷനു് കഴിയുമെന്ന കാര്യം ബീഹി മറക്കുന്നു. ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലിനെ തിരിച്ചാക്കുക മാത്രം ചെയ്യുന്നതാണു് ബീഹിയുടെ ആശയമെന്നതിനാൽ, ഒരു വ്യവസ്ഥയുടെ പരിണാമത്തെ സംബന്ധിച്ചു് വ്യക്തമായി എന്തെങ്കിലും പറയാനുള്ള വകുപ്പൊന്നും അതിലില്ല. ഇന്റെലിജെന്റ്‌ ഡിസൈൻ സമൂഹത്തിനു് വെളിയിലുള്ള ശാസ്ത്രജ്ഞർ അശാസ്ത്രീയമായ ഈ ആശയത്തെ അപ്പാടെ തള്ളിക്കളയുന്നവരാണു്. എങ്കിലും, മറ്റു് പരിണാമസിദ്ധാന്ത വിരോധികളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യരടക്കമുള്ള ജീവികളുടെ എവൊല്യൂഷന്റെ അടിസ്ഥാനത്തിലെ പൊതുവായ പൂർവ്വികത്വവും, ഭൂമിയുടേയും പ്രപഞ്ചത്തിന്റെയും ശാസ്ത്രം പ്രതിനിധീകരിക്കുന്നതായ പ്രായവും മൈക്കൽ ബീഹി അംഗീകരിക്കുന്നുമുണ്ടു്.

തന്റെ മാതാപിതാക്കൾ പിന്തുടരുന്ന കത്തോലിക്കാമതവിശ്വാസത്തിൽ നിന്നും രണ്ടുവർഷം മുൻപു് താൻ വേർപെട്ടു എന്നും, ഇപ്പോൾ താനൊരു നിരീശ്വരവാദിയാണെന്നും കഴിഞ്ഞ ഒക്ടോബറിൽ മൈക്കൽ ബീഹീയുടെ മകൻ പരസ്യപ്പെടുത്തിയതു് ഈ അവസരത്തിൽ ശ്രദ്ധാർഹമാണു്. മാതാപിതാക്കൾ വിശ്വാസികളായതുകൊണ്ടോ, അവർ മക്കളെ വിശ്വാസികളായി വളർത്തിയതുകൊണ്ടോ മക്കൾ വിശ്വാസികളാവണമെന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണു് അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന റൊണാൾഡ്‌ റേഗന്റെ മകനും നിരീശ്വരവാദിയുമായ Ronald Prescott Reagan. “വിശ്വാസം നല്ലതാണു്, എങ്കിലും തിട്ടം വരുത്തുന്നതു് ഒന്നുകൂടി നല്ലതാണു്” എന്നു് പ്രസിഡന്റ്‌ റേഗനും ലെനിനും പറഞ്ഞിട്ടുണ്ടു്. മറ്റുള്ളവർക്കു് ഉപദേശം നൽകാനാണു് മനുഷ്യർ പൊതുവേ തിടുക്കം കൂട്ടാറുള്ളതു്, അവനവനെത്തന്നെ ഉപദേശിക്കുന്ന കാര്യത്തിൽ മനുഷ്യർക്കു് പണ്ടേതന്നെ വലിയ താത്പര്യമില്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ അതിനു് ആമയുടെ വേഗതയുമായിരിക്കും. പ്രസിഡന്റ്‌ റേഗനും ബീഹീയും “തിട്ടം വരുത്തണമെന്നു്” മറ്റുള്ളവരെ ഉപദേശിച്ചതേയുള്ളു, അതേസമയം, അവരുടെ മക്കൾ അവർക്കു് വിപരീതമായി പിതാക്കന്മാരുടെ ഉപദേശം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. മതപരമായ കാര്യങ്ങളിൽ താൻ എന്താണു് വിശ്വസിക്കുന്നതെന്നു് തിട്ടം വരുത്താൻ ആഗ്രഹിക്കുന്ന സാമാന്യബുദ്ധിയുള്ള ഒരുവനു് ഒരു മത/ദൈവവിശ്വാസിയായി തുടരാനാവില്ല എന്നതൊരു സത്യമാണു്. മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങൾ മാത്രം മതി ഒരുവനെ ഈശ്വരവിശ്വാസി അല്ലാതാക്കി മാറ്റാൻ. മതഗ്രന്ഥങ്ങൾ വായിക്കാനും വായിക്കുന്നതു് യുക്തിബോധത്തോടെ മനസ്സിലാക്കാനും ഉള്ള മിനിമം ബുദ്ധിയും ശേഷിയും അതിനു് വേണമെന്നേയുള്ളു. പക്ഷേ, “മകരജ്യോതി” എന്നതു് മനുഷ്യർ മലമുകളിൽ ചൂട്ടു് കത്തിക്കുന്നതാണെന്നു് അതു് കത്തിക്കുന്നവർ നേരിട്ടുവന്നു് പരസ്യമായി പറഞ്ഞാലും, അതു് ദൈവം കത്തിക്കുന്നതാണെന്നേ ഞാൻ വിശ്വസിക്കൂ എന്നു് നിർബന്ധം പിടിക്കുന്ന ഒരുവനു് വസ്തുതകളെ തുറന്ന മനസ്സോടെ, വിമർശനബുദ്ധിയോടെ മനസ്സിലാക്കാനാവില്ല എന്നതു് മറ്റൊരു സത്യമാണു്.

ഏതെങ്കിലും ഒരു വിശുദ്ധന്റേതെന്ന ധാരണയിൽ പുഴുതിന്ന ഒരു പല്ലോ, ഒടിഞ്ഞ ഒരുകഷണം എല്ലോ കുറേ വർഷങ്ങൾ ഒരിടത്തു് ആരാധിക്കപ്പെട്ടാൽ, പിന്നെ അതു് ഒരു കാളയുടേതോ കഴുതയുടേതോ ആയിരുന്നെന്നു് അതവിടെ കൊണ്ടുചെന്നു് പ്രതിഷ്ഠിച്ചവൻ തന്നെ സാക്ഷ്യപ്പെടുത്താൻ ശ്രമിച്ചാൽ, അവനെ വിശ്വാസിസമൂഹം ദൈവദോഷം എന്ന കുറ്റം ചുമത്തി എപ്പോൾ തല്ലിക്കൊന്നു എന്നു് ചോദിച്ചാൽ മതി. നിരുപാധികമായ ഏതൊരു വിശ്വാസത്തിന്റേയും ഒഴിവാക്കാനാവാത്ത ഒരു സൈഡ്‌ എഫെക്റ്റ്‌ ആണു് മറുപക്ഷത്തിനുനേരെ വളരെ പെട്ടെന്നു് സംഭവിക്കാവുന്ന കൊലപാതകങ്ങൾ. ദൈവം പോലും ഈ കാര്യത്തിൽ ഒരു അപവാദമല്ല. ബൈബിൾ പ്രകാരം, ലോകത്തിൽ ആദ്യം നടന്ന കൊലപാതകത്തിനുതന്നെ ദൈവമാണു് ഉത്തരവാദി. ജ്യേഷ്ഠനായ കയീൻ അർപ്പിച്ച ധാന്യവിളകളുടെ ബലിയേക്കാൾ അനുജൻ ഹാബേൽ അർപ്പിച്ച ആട്ടിൻകുട്ടിയിൽ ദൈവം കൂടുതൽ സംതൃപ്തനായതിൽ അസൂയ മൂത്താണു് കായീൻ ഹാബേലിനെ അടിച്ചുകൊന്നതു്. “ഇന്റെലിജെന്റ്‌ ഡിസൈനർ” എന്ന ഔദ്യോഗികപദവിയിൽ സ്വർഗ്ഗത്തിൽ വാണരുളുന്ന ദൈവത്തിനു് വേണ്ടതു് ചുമ്മാ കഞ്ഞിയും പയറുമല്ല, നല്ല പൊരിച്ച ആട്ടിറച്ചിയാണു് എന്നതു് ഈ കഥയുടെ ഗുണപാഠം. “കല്ലും നെല്ലുമെല്ലാമവിലെന്നുവച്ചിട്ടൊരുപിടി നല്ലപോലെ വാരി വേഗം വയറ്റിലാക്കാൻ” യഹോവ ശ്രീകൃഷ്ണനോ, കയീൻ കുചേലനോ, ഇവർ രണ്ടുപേരും സസ്യഭുക്കുകളോ അല്ല. “മേദസ്സുള്ള” മാംസം നൽകി ദൈവത്തെ തൃപ്തിപ്പെടുത്തിയിട്ടും പാവം ഹാബേലിനു് കിട്ടിയതു് മരണം! അതങ്ങനെയാണു്. ഈ ലോകത്തിൽ എന്നും തിന്മയേ ജയിച്ചിട്ടുള്ളു. എക്കാലവും ലോകത്തിൽ ന്യൂനപക്ഷമായിരുന്ന തിന്മയുടെ വിജയം അധികപങ്കും നല്ലവരായ ഭൂരിപക്ഷത്തിനെക്കൊണ്ടു് നിശ്ശബ്ദമായും സന്തോഷത്തോടെയും അംഗീകരിപ്പിക്കുക എന്നതാണു് ദൈവകൽപനകളുടെ ലക്ഷ്യം തന്നെ.

ഭാരം ചുമക്കുന്ന വിശ്വാസിക്കഴുതകളുടെ മുന്നിൽ പ്രലോഭിപ്പിക്കാനായി തൂക്കുന്ന ക്യാരറ്റാണു് സ്വർഗ്ഗരാജ്യം. ക്യാരറ്റ്‌ കെട്ടിത്തൂക്കുന്ന നീണ്ട കോലും തന്റെ മുതുകത്തുതന്നെയാണു് ഫിറ്റുചെയ്തിരിക്കുന്നതെന്നറിയാതെ ക്യാരറ്റ്‌, ക്യാരറ്റ്‌, ക്യാരറ്റ്‌… എന്നു് ജപിച്ചുകൊണ്ടു് ആവേശഭരിതരായി ഭാരം ചുമന്നു് മുന്നോട്ടു് നീങ്ങുന്ന കഴുതകൾ. പിടക്കോഴികൾ കുഞ്ഞുങ്ങൾക്കു് നൽകുന്ന മുലയൂട്ടു് വാഗ്ദാനം മാത്രമാണു് മതങ്ങൾ വാഗ്ദാനം ചെയ്യുന്ന മരണാനന്തരസ്വർഗ്ഗമെന്നു് മനസ്സിലാക്കാൻ സഹസ്രാബ്ദങ്ങളിലെ ചരിത്രാനുഭവങ്ങൾ തെളിവായി ഉണ്ടായിട്ടുപോലും അതു് കണ്ണുതുറന്നു് കാണാൻ ത്രാണിയില്ലാത്ത വിശ്വാസിസമൂഹം. ക്രൈസ്തവസഭ യൂറോപ്പിൽ കൊടികുത്തിവാണിരുന്ന മദ്ധ്യകാലങ്ങളിൽ ദൈവത്തിന്റെ പാദാരവിന്ദങ്ങളെ മുത്തം വയ്ക്കാനെന്നോണം പണിതുയർത്തപ്പെട്ട ദേവാലയങ്ങളില്‍ നല്ലൊരുപങ്ക് ഇന്നു് ആരാധനയിൽ പങ്കെടുക്കാൻ മനുഷ്യരോ, ദ്രവിച്ചുപോകാതെ മെയിന്റെനൻസ്‌ നടത്താൻ പണമോ ഇല്ലാതെ ഒന്നുകിൽ ഇടിഞ്ഞുപൊളിഞ്ഞു് വീഴുന്നു, അല്ലെങ്കിൽ ഹോട്ടലുകളും ഡിസ്കൊതേക്കുകളും നടത്താനായി കിട്ടുന്ന വിലയ്ക്കു് ആർക്കെങ്കിലുമൊക്കെ വിൽക്കപ്പെടുന്നു! സാമൂഹികമായി ഇന്നും യൂറോപ്യൻ മദ്ധ്യകാലത്തോ, അതിനും പുറകിലോ കഴിയുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ കോടികൾ മുടക്കിയുള്ള പള്ളിപണികൾ തുടങ്ങിയിട്ടേയുള്ളു. മനുഷ്യർക്കു് വിദ്യാഭ്യാസം നൽകി സമൂഹത്തെ സാംസ്കാരികമായി നവീകരിക്കേണ്ടതിന്റെ ആവശ്യകത ആദ്യം മനസ്സിലാക്കേണ്ടതു് ജനങ്ങളെ നയിക്കുന്നവരാണു്. പക്ഷേ, മുന്നിൽ നടക്കുന്നതു് “ഐസ്ക്രീം” ഉറുഞ്ചുന്ന കിഴങ്ങന്മാരാവുമ്പോൾ, പിന്നിൽ നടക്കുന്നവർ കൈവെട്ടുകാരായ കപ്പക്കിഴങ്ങുകൾ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു? പ്രാർത്ഥനയുടെ തീവ്രത പോരാത്തതാണു് കേരളം ബൗദ്ധികമായും സാംസ്കാരികമായും ചെളിക്കുഴിയിൽ നിന്നും ചെളിക്കുഴിയിലേക്കു് കൂപ്പുകുത്തുന്നതിന്റെ കാരണം. അതുകൊണ്ടു് കൂടുതൽ പ്രാർത്ഥിക്കുക, കൂടുതൽ നേർച്ചയിടുക, കൂടുതൽ ധ്യാനിക്കുക, കൂടുതൽ കിഴങ്ങുകളാവുക – അതാണു് വിജയത്തിലേക്കുള്ള വഴി.

സൃഷ്ടിവാദികൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു ചോദ്യമാണു് ഈ പ്രപഞ്ചത്തിലെ സങ്കീർണ്ണതകൾ ആകസ്മികമായി സംഭവിച്ചതാവാൻ കഴിയുമോ എന്നതു്. തീർച്ചയായും ആകസ്മികമായി സംഭവിക്കുന്നവയല്ല അവ. ഒരു സങ്കീർണ്ണതയുടെ സ്റ്റാറ്റിസ്റ്റിക്കലായ അസാദ്ധ്യത എത്ര കൂടുതലാണോ, അത്രയും കുറഞ്ഞതായിരിക്കും അതു് സംഭവിച്ചതിനു് പിന്നിൽ പ്രവർത്തിച്ചതു് ഒരു ആകസ്മികത (chance) ആവാനുള്ള സാദ്ധ്യതയും. അതുപോലെതന്നെ അസംഭവ്യമാണു് ഒരു ഗ്രെയ്റ്റ്‌ ഡിസൈനർ ആണു് ആ സങ്കീർണ്ണതകളെ എല്ലാം മെനഞ്ഞെടുത്തതു് എന്ന വിശ്വാസവും. എണ്ണമറ്റ സങ്കീർണ്ണതകളെ ഒറ്റയടിക്കു് സംഭവിപ്പിക്കാൻ കഴിയുന്ന ഒരു “ഡിസൈനർ” ആ സങ്കീർണ്ണതകളേക്കാളെല്ലാം എത്രയോ മടങ്ങു് സങ്കീർണ്ണമായിരിക്കണം. ആ ഡിസൈനറുടെ സങ്കീർണ്ണത കൂടുന്തോറും, അവൻ എവിടെനിന്നു് വന്നു എന്ന ചോദ്യത്തിന്റെ പ്രസക്തിയും കൂടുകയാണു് ചെയ്യുന്നതു്, കുറയുകയല്ല. ആ ചോദ്യത്തിനു് മറുപടി നൽകാനുള്ള ബാദ്ധ്യത അതുപോലൊരുവനെ പ്രപഞ്ചസൃഷ്ടിയുടെ പിന്നിൽ പ്രതിഷ്ഠിക്കുന്നവരുടേതു് മാത്രമാണു്. ഡിസൈനർ ശൂന്യതയിലായിരുന്നു, അതുകൊണ്ടു് അവനെ ജനിപ്പിക്കാനോ, അവനു് “സ്വയം ജനിക്കാനോ” ഒരു കാരണത്തിന്റെ ആവശ്യമില്ല എന്നും മറ്റുമുള്ള പ്രഖ്യാപനങ്ങൾ മതങ്ങളുടെ അകത്തളങ്ങളിൽ തടവിലാക്കപ്പെട്ടവർ മറുചോദ്യമില്ലാതെ ഐകകണ്ഠ്യേന ഏറ്റുചൊല്ലുമെന്നതും ഇന്നൊരു തർക്കവിഷയം ആവേണ്ട കാര്യമാണെന്നു് തോന്നുന്നില്ല. അതുപോലുള്ള സനാതനസത്യങ്ങളിൽ വിശ്വസിക്കുകയും, ഏതു് വിഡ്ഢിത്തവും ഉച്ചഭാഷിണിയിലൂടെ രാവും പകലുമില്ലാതെ വിളിച്ചുപറഞ്ഞു് മനുഷ്യരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുകയും, ഉറക്കം കെടുത്തുകയും ചെയ്യുന്നവരുടെ കൂട്ടമാണു് മതമെന്ന കൂടുകൾക്കുള്ളിൽ കഴിയുന്ന സ്വർഗ്ഗയാത്രികരായ അന്യഗ്രഹജീവികൾ എന്നതും പൊതുവേ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ കാര്യമാണു്. ഗത്യന്തരമൊന്നുമില്ലാത്തതിനാൽ സ്വർഗ്ഗത്തിലേക്കുള്ള യാത്രാമദ്ധ്യേ തത്കാലം ഭൂമിയിൽ കഷ്ടപ്പെട്ടും ബുദ്ധിയും ശ്വാസവും മുട്ടിയും ജീവിക്കുന്നുണ്ടെങ്കിലും, ഇഹലോകജീവിതം എന്നതു് മഹാ പോക്രിത്തരമാണെന്ന കാര്യത്തിൽ കടുകിടപോലും സംശയമില്ലാത്ത കുറേ aliens. മുൻപു് പ്രകാശവേഗതയിൽ കോസ്മോസിൽ സഞ്ചരിച്ചുകൊണ്ടിരുന്നവരായിരുന്നു ഈ മതാഭ്യാസികൾ. ഇവരുടെ ജനനം ഒരു മഹാപാപത്തിന്റെ ഫലമാണെന്ന ദൈവവിധിമൂലം (ഇവരുടെ ഓരോരോ ഗോഷ്ടികൾ കണ്ടാൽ ആ വിധി ശരിയാണെന്നു് തോന്നുകയും ചെയ്യും) UFO കൈമോശം വന്നുപോയ ശൂന്യാകാശസഞ്ചാരികളാണു് കക്ഷികൾ! സാധാരണ മനുഷ്യരെപ്പോലെ പ്രപഞ്ചത്തിലെ കാര്യങ്ങൾ മനസ്സിലാക്കാനോ, ഇന്ദ്രിയാതീതനെന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവവുമായി നേരിട്ടു് ബന്ധപ്പെടാനോ ഒന്നും ഇത്തിരിപ്പോലും ഇന്ദ്രിയത്തിന്റെ സഹായം ഇവർക്കാവശ്യമില്ല. അതുകൊണ്ടാണു് ഭൂമിയിലെ ശാസ്ത്രങ്ങളോടു് ഇവർ തീവ്രമായ ഒരുതരം പുച്ഛം പ്രകടിപ്പിക്കുന്നതു്. ഉദാഹരണത്തിനു്, ഒരു കാരണവുമില്ലാതെ ഉണ്ടായിവന്ന ഒരു ഗ്രെയ്റ്റ്‌ ഡിസൈനർ എന്തു് കാരണത്തിനു് ഇക്കണ്ട പ്രപഞ്ചമെല്ലാം ഉണ്ടാക്കി എന്നു് നമ്മൾ അവരോടു് ചോദിച്ചാൽ മനുഷ്യരെല്ലാം ആ ഡിസൈനറെ താണുവണങ്ങി തൊഴുതു് കുമ്പിടുന്നതിനാണു് എന്ന മറുപടി അണ്ണാൻ അണ്ടിപ്പരിപ്പു് കൊറിക്കുന്ന സ്പീഡിൽ അവർ നമ്മോടു് പറയും. അപ്പോൾ “അമ്പമ്പട ഡിസൈനറേ, നീ ആളു് കൊള്ളാമല്ലോ!” എന്നു് പറയേണ്ട ഒറ്റ ചുമതലയേ നമുക്കുള്ളു. മനുഷ്യനെ തന്റെ മുന്നിൽ മുട്ടുകുത്തിക്കാനായി ലക്ഷക്കണക്കിനു് പ്രകാശവർഷങ്ങൾ അകലെ ഗ്യാലക്സികളേയും നക്ഷത്രങ്ങളേയും ഡിസൈൻ ചെയ്ത മഹാ ബുദ്ധിമാനായ ഡിസൈനർ! സൃഷ്ടിച്ച ദിവസംതന്നെ ആദാം പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ഒരു UFO-യിൽ കയറി “ഇന്നാ, തിന്നോ” എന്നു് പഴവും കാണിച്ചു് നിൽക്കുന്ന ഹവ്വായിൽ നിന്നും രക്ഷപെടാനായി സ്ഥലംവിട്ടു എന്നു് കരുതിയാൽത്തന്നെ, കഴിഞ്ഞ ആറായിരം വർഷം കൊണ്ടു് അവൻ പ്രപഞ്ചത്തിന്റെ “പൂമുഖം” പോലും പിന്നിട്ടിട്ടുണ്ടാവില്ല. (അൽപമെങ്കിലും ഭാരമുള്ള ഒരു വസ്തുവിനും പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കാനാവില്ല എന്ന വസ്തുത ആദാമിനോടുള്ള സ്നേഹം മൂലം തത്കാലം നമുക്കു് മറക്കാം.) ഇതിൽ നിന്നെല്ലാം നമ്മൾ എന്തു് മനസ്സിലാക്കണം? “എല്ലാ കാര്യങ്ങളിലും കൊൺക്രീറ്റ്‌ ആയ ഒരു പ്ലാൻ ഉള്ള ഒരു ഉഗ്രൻ ഡിസൈനറാണു് ദൈവം”.

പ്രപഞ്ചത്തിലെ കോമ്പ്ലെക്സിറ്റിയുടെ കാരണം ചാൻസ്‌ ആണു് എന്നു് പറയുന്ന അത്രതന്നെ അസംബന്ധമാണു് അതിനു് പിന്നിൽ ഒരു ഇന്റെലിജെന്റ്‌ ഡിസൈനർ ആണെന്നു് പറയുന്നതും. ഒന്നുകിൽ അതു്, അല്ലെങ്കിൽ ഇതു്, ഇതുമാത്രം എന്ന രീതിയിൽ, കോമ്പ്ലെക്സിറ്റിയുടെ പിന്നിൽ ചാൻസ്‌ അല്ലെങ്കിൽ പിന്നെ ആകെയുള്ള ഒരേയൊരു ഓപ്ഷൻ ദൈവം എന്ന ഇന്റെലിജെന്റ്‌ ഡിസൈനർ മാത്രമാണെന്ന നിലപാടാണു് സൃഷ്ടിവാദികളുടെ പ്രധാനപ്രശ്നം. ഇതു് രണ്ടുമല്ലാതെ, നാച്യുറൽ സെലക്ഷൻ എന്ന മറ്റൊരു എലിഗന്റ്‌ സൊല്യൂഷൻ ഈ പ്രശ്നത്തിനുണ്ടെന്നു് ഒന്നുകിൽ അവർക്കറിയില്ല, അല്ലെങ്കിൽ, നാച്യുറൽ സെലക്ഷൻ എന്നാൽ എന്തു് എന്നറിയാത്തതിന്റെ പേരിൽ അങ്ങനെയൊന്നേ ഇല്ല എന്ന ഭാവത്തിൽ അതിനേസംബന്ധിച്ചു് അവർ നിശ്ശബ്ദത പാലിക്കുന്നു. പ്രത്യേകതരം പൂക്കളുടേയും, ചെടികളുടേയും ജീവികളുടേയുമെല്ലാം വർണ്ണഭംഗിയുള്ള ചിത്രങ്ങൾ നിരത്തി അവയെല്ലാം തികച്ചും ആകസ്മികമായി ഉണ്ടായവയാണെന്നു് എങ്ങനെ പറയാൻ കഴിയുമെന്നും, അവയെല്ലാം ഒരു ഇന്റെലിജെന്റ്‌ ഡിസൈനറുടെ തെളിവല്ലേ എന്നുമാണു് പല സൃഷ്ടിവാദസൈറ്റുകളിലും ആവർത്തിച്ചു് ചോദിക്കപ്പെടുന്ന ചോദ്യം. ചില പ്രകൃതിപ്രതിഭാസങ്ങൾ സ്റ്റാറ്റിസ്റ്റിക്കലി അസംഭവ്യവും, വർണ്ണിക്കാനാവാത്തവിധം അത്ഭുതപ്പെടുത്തുന്നവയും, ഇഴപിരിക്കാനാവാത്തവിധം സങ്കീർണ്ണവും ആയതിനാൽ, അവ ആകസ്മികമായി ഉണ്ടായവയല്ല, അവയെല്ലാം ഒരു ഡിസൈനർ രൂപം നൽകിയവയാണു് എന്നതു് യുക്തിഹീനമായ ഒരു വാദമാണു്. സങ്കീർണ്ണത എന്നതു് അസംഭവ്യമായ ഒന്നായി തോന്നുന്നതു് അതു് ഒറ്റയടിക്കു് സംഭവിച്ചതാണെന്ന ധാരണ മൂലമാണു്. അതുകൊണ്ടാണു് അതുപോലൊരു മഹാത്ഭുതത്തിനു് പിന്നിൽ ദൈവത്തിന്റെ “കരങ്ങൾ” മാത്രമാണെന്ന എളുപ്പമുള്ള മറുപടിയിൽ സഷ്ടിവാദികൾ എത്തിച്ചേരുന്നതു്. കൂടുതൽ അന്വേഷണത്തിന്റെ ആവശ്യം വരുന്നില്ല എന്നതിനാലാണു്, ദൈവം എന്ന ഒറ്റമൂലി മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ആശ്വാസപ്രദമായ ഒരു സർവ്വരോഗസംഹാരി ആയിരുന്നതും. അസ്തിത്വസംബന്ധമായ ചോദ്യങ്ങൾക്കു് ആത്യന്തികമെന്നു് അവകാശപ്പെടുന്ന ആദ്ധ്യാത്മികതയുടെ ഒറ്റമൂലിമറുപടികൾ അനായാസവും, അതുകൊണ്ടുതന്നെ അജ്ഞാനിക്കുപോലും എളുപ്പം ആശ്വാസദായകവും ആവാമെന്നതിനാലാണു് തിന്നുന്തോറും വിശപ്പു് കൂടുക മാത്രം ചെയ്യുന്ന നേർച്ചപ്പെട്ടികൾക്കു് ആഹാരക്ഷാമം അനുഭവിക്കേണ്ടിവരാത്തതു്. മതങ്ങൾ ഊതിവീർപ്പിച്ചു് വീർപ്പിച്ചു് പ്രപഞ്ചത്തിനും വെളിയിലേക്കു് എത്തിക്കപ്പെട്ട ദൈവം എന്ന ബലൂൺ മനുഷ്യന്റെ ചിന്താശേഷി വളരുന്നതിനനുസരിച്ചു് രൂപമെടുക്കുന്ന ചോദ്യങ്ങൾക്കു് മറുപടി നൽകാനാവാതെ “വീണിതല്ലോ കിടക്കുന്നൂ ധരണിയിൽ, ശോണിതം പോലുമണിയാതെ” എന്നരീതിയിൽ കാറ്റുപോയി ചുക്കിച്ചുളിഞ്ഞു് കിടക്കുന്നു. ഇനി എത്ര ഊതിയിട്ടും വലിയ കാര്യമില്ല എന്നു് സാവകാശമെങ്കിലും തോന്നിത്തുടങ്ങിയതുകൊണ്ടു് ദൈവത്തിന്റെ കാവൽനായ്ക്കൾ ഇപ്പോൾ ശാസ്ത്രത്തിന്റെ പുറകെ തെറി പറഞ്ഞുകൊണ്ടു് നടക്കുകയാണു്. ഈ ശാസ്ത്രജ്ഞന്മാർ പറയുന്നതൊന്നും അത്ര ശരിയായ കാര്യങ്ങളല്ലത്രെ! മലയാളത്തിൽ പറഞ്ഞാൽ, “അവർ പറയുന്നതൊന്നും ഞങ്ങൾക്കു് പിടികിട്ടുന്നില്ല, അതുകൊണ്ടു് അതെല്ലാം തെറ്റാണു്”. പിന്നെ എന്താണു് ശരി? “ആബ്ര കഡാബ്ര, എല്ലാം ഉണ്ടാവട്ടെ!” അപ്പോൾ എല്ലാം ഉണ്ടായി. പാമ്പു് വന്നതും, പഴം പറിച്ചതും, തൊലി പൊളിച്ചതും, തിന്നതുമെല്ലാം വിശദാംശങ്ങൾ.

നാച്യുറൽ സെലക്ഷൻ എന്നതു് സഞ്ചയിക്കുന്ന ഒരു പ്രക്രിയയാണു് (cumulative process). അസംഭവ്യം എന്നു് തോന്നുന്ന ഒരു വലിയ വ്യവസ്ഥയിൽ നാച്യുറൽ സെലക്ഷൻ എത്തിച്ചേരുന്നതു് ചെറിയ ചെറിയ ഘടകങ്ങളെ കീഴടക്കുന്നതിലൂടെയാണു്. ഡോക്കിൻസ്‌ അതിനെ Climbing Mount Improbable-നോടാണു് താരതമ്യം ചെയ്യുന്നതു്. ഒരുവശം കയറാനാവാത്തവിധം കുത്തനെയും, മറുവശം പടിപടിയായി പർവ്വതശൃംഗം വരെ കയറാവുന്നവിധം ഇളം ചരിവുള്ളതുമായ ഒരു പർവ്വതം. നാച്യുറൽ സെലക്ഷൻ പർവ്വതശൃംഗത്തിലേക്കു് എത്തുന്നതു് കുത്തനെയുള്ള വശത്തിലൂടെ ഒറ്റക്കുതിപ്പിനല്ല, മറുവശത്തുള്ള ചെറിയ ചരിവിലൂടെ സാഹചര്യത്തിനനുസരിച്ചു് കുറഞ്ഞതോ കൂടിയതോ ആയ വേഗതയിൽ ചുവടുചുവടായിട്ടാണു്. ദൈവത്തിന്റെ “ആറുദിവസസൃഷ്ടി” ശീലിച്ചുപോയ സൃഷ്ടിവാദിക്കു് പർവ്വതമുകളിലെ സങ്കീർണ്ണതക്കു് ഒറ്റ വിശദീകരണമേയുള്ളു: ഒരു ഇന്റെലിജെന്റ്‌ ഡിസൈനർ! പടിപടിയായിപ്പോലും കയറാൻ കഴിയാത്ത ഇറെഡ്യൂസിബിൾ കോമ്പ്ലെക്സിറ്റി പ്രകൃതിയിൽ ഉണ്ടായിക്കൂടെന്നില്ല. പക്ഷേ, ഇതുവരെ അങ്ങനെയൊന്നു് കണ്ടെത്തപ്പെട്ടിട്ടില്ല. അങ്ങനെയൊരു സങ്കീർണ്ണത കണ്ടെത്തിയാൽ ആ നിമിഷം ഒരു തിയറി എന്ന നിലയിൽ എവൊല്യൂഷൻ തകർന്നുവീഴും. ഡാർവിൻ തന്നെ സൂചിപ്പിച്ചിട്ടുള്ള കാര്യമാണതു്. “അനുസ്യൂതമായ അനേകം ചെറിയ മാറ്റങ്ങളിലൂടെയല്ലാതെ രൂപമെടുത്ത ഒരു സങ്കീർണ്ണ അവയവം നിലനിൽക്കുന്നുണ്ടെന്നു് തെളിയിക്കാനായാൽ, എന്റെ തിയറി നിരുപാധികം അടിയറവു് പറയേണ്ടിവരും. പക്ഷേ, അതുപോലൊന്നു് ഞാൻ കാണുന്നില്ല”. ഡാർവിന്റെ കാലം മുതൽ ഇന്നുവരെ ആർക്കും അതുപോലൊരു സങ്കീർണ്ണത ചൂണ്ടിക്കാണിക്കാനായിട്ടില്ല. എവൊല്യൂഷനെ തറപറ്റിക്കുന്നതിനായി സൃഷ്ടിവാദികൾ ഇതുവരെ നിരത്തിയ ഒറ്റ ഉദാഹരണത്തിനു് പോലും ഈ കടമ്പ കടക്കാനായിട്ടില്ല. ഇനി, ലഘൂകരിക്കപ്പെടാനാവാത്ത ഒരു സങ്കീർണ്ണതയെ എന്നെങ്കിലുമൊരിക്കൽ പ്രകൃതിയിൽ കണ്ടെത്തിയാൽത്തന്നെ, അതു് ഒരു കാരണവശാലും സങ്കീർണ്ണതകളുടെ സങ്കീർണ്ണതയായ ഒരു ഇന്റെലിജെന്റ്‌ ഡിസൈനറുടെ തെളിവാവുകയില്ല. ചുരുക്കിപ്പറഞ്ഞാൽ, IC-യുടെ തെളിവു് ID-യുടെ തെളിവല്ല.

ഫോസിലുകളുടെ കാര്യത്തിലായാലും, മറ്റേതു് വിഷയത്തിലായാലും സൃഷ്ടിവാദികൾക്കു് വേണ്ടതു് വിടവുകളാണു്. ഒരു ലേഖനത്തിലോ, പ്രസംഗത്തിലോ, ആസ്വാദകരിൽ താത്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വാക്യങ്ങൾ വരെ, മുൻ-പിൻഭാഗങ്ങളിൽ നിന്നും മുറിച്ചുമാറ്റി, അവ എവൊല്യൂഷനു് എതിരാണെന്നും, “ഇന്റെലിജെന്റ്‌ ഡിസൈനു്” അനുകൂലമാണെന്നും വരുത്താൻ സൃഷ്ടിവാദികൾക്കു് ഒരു പ്രത്യേക കഴിവുതന്നെയുണ്ടു്. ശാസ്ത്രത്തിനു് ഇതുവരെ തൃപ്തികരമായ മറുപടി ലഭിക്കാത്തതും, പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിഷയങ്ങളുടെ പേരുകൾ തപ്പിയെടുത്തു് അത്തരം വിടവുകളിൽ ദൈവത്തെ കുടിയിരുത്തുന്നതാണു് അവരുടെ പ്രധാന ഹോബി. പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുന്നതുപോലെ, ശാസ്ത്രജ്ഞാനത്തിലെ അവശേഷിക്കുന്ന വിടവുകളിലേക്കു് മാറ്റിപ്പാർപ്പിച്ചുപാർപ്പിച്ചു് ഈ വിടവന്വേഷികൾ ദൈവത്തെ തലചായ്ക്കാനിടം ഇല്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചു. ഫോസിലുകളിലെ ഒരു വിടവു് പുതുതായി കണ്ടെത്തിയ ഒരു ഫോസിൽകൊണ്ടു് നികത്തപ്പെട്ടാൽ, “ഇപ്പോൾ രണ്ടു് വിടവുകൾ നികത്താനുണ്ടു്” എന്നു് പറയുന്ന സൃഷ്ടിവാദികളുടെ തലയിൽ എത്ര വിടവുകളും തുളകളുമാണു് ഉള്ളതെന്നു് ആലോചിച്ചാൽ മതി. ഫോസിൽ ചരിത്രത്തിലെ ഒരു വിടവിൽ ഫോസിൽ ഇല്ല എന്നു് വന്നാൽ അതു്, സൃഷ്ടിവാദികളുടെ കാഴ്ചപ്പാടിൽ, എവൊല്യൂഷൻ സംഭവിച്ചിട്ടില്ല എന്നതിനും, സകല പ്രപഞ്ചസങ്കീർണ്ണതകളേയും സൃഷ്ടിച്ചവനായ ഒരു ദൈവം ഉണ്ടു് എന്നതിനും മതിയായ തെളിവാണു്. പക്ഷേ, ഇന്റെലിജെന്റ്‌ ഡിസൈനർ ആയ ഈ ദൈവം ഒപ്പിച്ചതായി ബൈബിളിലും ഖുർആനിലുമൊക്കെ വർണ്ണിച്ചിരിക്കുന്ന സംഭവങ്ങളെപ്പറ്റി ഒരക്ഷരം അവർ പറയുകയുമില്ല. അവിടെയും അവരുടെ ഈ “ഗ്യാപ്പ്‌ സ്നേഹം” മുഖംമൂടിയില്ലാതെ പുറത്തുവരും. വേദഗ്രന്ഥങ്ങളിൽ എന്തെഴുതിയിരിക്കുന്നു എന്നതല്ല, സൃഷ്ടിവാദികളുടെ നിലനിൽപിനു് അനുകൂലമായി എന്തെഴുതിയിരിക്കുന്നു എന്നതാണു് അവർക്കു് പ്രധാനം. അവയിലെ ഇരുണ്ട വശങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്താൽ, ഉരുണ്ടുനേർച്ച നടത്തുകയാണോ എന്നു് തോന്നുന്ന വിധത്തിൽ അവർ തകൃതിയായി ഉരുണ്ടുമറിഞ്ഞുകൊണ്ടിരിക്കും.

ഡോക്കിൻസിന്റെ വാക്കുകൾ കടമെടുത്താൽ, “അജ്ഞേയവാദികൾ അജ്ഞേയതയെ നിലനിർത്താൻ ആഗ്രഹിക്കുന്നതിനാൽ അതിൽ ആഹ്ലാദിക്കുന്നു, ശാസ്ത്രജ്ഞരും അജ്ഞേയതയിൽ ആഹ്ലാദിക്കുന്നു, പക്ഷേ, അവർ ആഹ്ലാദിക്കുന്നതു് മറ്റൊരു കാരണത്തിന്റെ പേരിലാണു്: അജ്ഞേയത അവർക്കു് ചെയ്തുതീർക്കാനായി ചില ജോലികൾ നൽകുന്നു”. കൈവരിച്ച നേട്ടങ്ങൾ ശാസ്ത്രജ്ഞർക്കു് നൽകുന്നതു് സാധാരണഗതിയിൽ വിരസതയാണു്, അവരെ മുന്നോട്ടു് നയിക്കുന്ന ശക്തി കുടികൊള്ളുന്നതു് അജ്ഞതയിലാണു്. അറിയാത്തതു് അറിയില്ലെന്നു് അംഗീകരിച്ചുകൊണ്ടു് അതിനെ അറിയാൻ ശ്രമിക്കുന്നവനാണു് ശാസ്ത്രജ്ഞൻ. എല്ലാം അറിയാവുന്നവനായ ദൈവത്തെപ്പോലും അറിയാം എന്നു് ഭാവിക്കുന്നവനാണു് ദൈവവിശ്വാസി. മനുഷ്യരെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ അനുവദിക്കാതെ, അവരെ എന്നാളും അജ്ഞതയിൽ തളച്ചിടുന്നതിനായി, “നിങ്ങൾ അജ്ഞതയിൽ സംതൃപ്തരായിരിക്കുക എന്നു് ദൈവം കൽപിക്കുന്നു” എന്നു് പഠിപ്പിക്കുന്നതാണു് മതങ്ങൾ മനുഷ്യരോടു് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട തെറ്റുകളിലൊന്നു്.

(തുടരും)

 
4 Comments

Posted by on Feb 24, 2011 in മതം

 

Tags: , , ,