RSS

Daily Archives: Feb 2, 2021

ഊർജ്ജസമവാക്യം – സുന്നത്തിനു് മുൻപു്

ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നെല്ലാം കേൾക്കുമ്പോൾ, പി. റ്റി. തോമസിനെക്കണ്ട മുഖ്യൻ പിണറായി വിജയനെപ്പോലെയോ, വി.ഡി. സതീശനെക്കണ്ട ധനകാര്യം ഡോ. റ്റി. എം. തോമസ് ഐസക്കിനെപ്പോലെയോ, E. D.-യെക്കണ്ട “കനംലെസ്സ്” മടികളെപ്പോലെയോ, പിശാചിനെക്കണ്ട കുരിശിനെപ്പോലെയോ ഉൾക്കിടിലമുണ്ടാകാത്ത ആർക്കും ഈ ലേഖനം വായിക്കാം. പത്താം ക്ലാസ്സ് വരെയെങ്കിലും കണക്കും ഭാഷയും പഠിച്ചിട്ടുള്ളവർക്കു് അത്യുത്തമമെന്നു് UN റെക്കമന്റേഷൻ! “ന്യൂസെൻസ് മേക്കർ” ആരോഗ്യമന്ത്രിണി സഖാവു് കെ. കെ. ശൈലജാമ്മ ടീച്ചറാമ്മ അവാർഡാമ്മയുടെ ഹോമിയോവിധിപ്രകാരമുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സർവ്വരോഗസംഹാരി!

(Apropos ധനകാര്യം: കേന്ദ്ര ഗവണ്മെന്റ് കോപ്പിയടിച്ചതെന്നു് പിണറായി വിജയൻ ചിണുങ്ങിയ ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ KIIFB, 1989-നു് മുൻപു് ലോകത്തിൽ ഉത്ഭവിച്ചിരുന്നെങ്കിൽ, ഒക്ടോബർ വിപ്ലവം മുതൽ മദ്ധ്യ-, കിഴക്കൻ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ കമ്മ്യൂണിസ്റ്റ് ഭൂതത്തിനു് ഈവിധം ദയനീയമായ ജീവനാശം സംഭവിക്കില്ലായിരുന്നു. ഇപ്പോൾ കേന്ദ്രഗവണ്മെന്റ് തിരിച്ചറിഞ്ഞതുപോലെ, വെനെസ്വേലയെങ്കിലും ഡോ. റ്റി. എം. തോമസ് ഐസക്കിന്റെ സാമ്പത്തിക ഗാണ്ഡീവമായ KIIFB-യുടെ മാസ്മരശക്തി തിരിച്ചറിയുമെന്നും, ഇന്റർനാഷണൽ സാമ്പത്തികമേഖലയിലേക്കു് അതിശക്തമായ ഒരു തിരിച്ചുവരവു് നടത്തുമെന്നും കർത്താവിലും മാർക്സ് മുത്താപ്പായിലും പ്രത്യാശിക്കുന്നു.)

പറഞ്ഞുവന്നതു്, അല്ലെങ്കിൽ എഴുതിവന്നതു്, കുറച്ചുകൂടി പൊളിറ്റിക്കലി കറക്ടായി ഫോർമുലേറ്റ് ചെയ്‌താൽ, ടൈപ്പി വന്നതു് എന്തെന്നാൽ, ഐൻസ്റ്റൈന്റെ E = mc² എന്ന ഊർജ്ജസമവാക്യം അടിപൊളിയാണു്. അതിനെപ്പറ്റി കേൾക്കാത്തവർ ഉണ്ടാകാൻ വഴിയില്ല. ഭക്തിസാന്ദ്രമായ ഒരു ജപമോ, വിപ്ലവകരമായ ഒരു മുദ്രാവാക്യമോ പോലെ അനായാസമായി, ആകർഷകമായി, അവശന്മാരും ആർത്തന്മാരും ആലംബഹീനന്മാരും (പുല്ലിംഗം ശ്രദ്ധിക്കുക!) ആർത്തിപ്പണ്ടാരങ്ങളുമായ സർവ്വമാന “പുരോഗമനിതർക്കും” ആലപിക്കാൻ കഴിയുന്ന ഒരു ഭൗതികശാസ്ത്രഇക്വേഷനാണതു്: “ഈ ഈസ് ഈക്വൽ റ്റു എംസി സ്ക്വയേർഡ്”! താളനിബദ്ധം, കാവ്യാത്മകം, മനോഹരം, ലളിതം!

അങ്ങനെയല്ലെന്നു് തോന്നുന്നവർ നെഞ്ചിൽ കൈവച്ചു് (തലച്ചോർ നെഞ്ചിലും, നെഞ്ചു് തലച്ചോറിലും ആണെന്നു് വിശ്വസിക്കുന്നവർ നെറുകന്തലയിൽ കൈവയ്ക്കാൻ ശ്രദ്ധിക്കുക) പറയൂ, “പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ ശൈലാഗ്രശൃംഗത്തില്‍ വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന വിമലാകാശാന്തരംഗങ്ങളില്‍ നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന തുടിതന്നുത്താള ഡുംഡും രവം തത്വത്തിന്‍ പൊരുളാലപിപ്പു മധുരം സത്യം.. ശിവം .. സുന്ദരം. സത്യശിവസൌന്ദര്യങ്ങള്‍ തന്‍ ഭദ്രപീഠമീ ശൈലം ശിവശൈലം സത്യശിവസൌന്ദര്യം” എന്നോ,

“ശിവശൈലം കിരീടം സാഗരം ശ്രീപാദം സ്വര്‍ഗ്ഗീയ സ്വരഗംഗാ തടങ്ങള്‍ നിന്നലങ്കാരം ശിവശൈലം കിരീടം സാഗരം ശ്രീപാദം സ്വര്‍ഗ്ഗോപനീയം എന്നും അഭിരാമഭാരതം ശിവശൈലം. ധനിരിഗമഗാഗഗ രിഗമഗാമ രിമഗരിസനി ധനിരിഗമ മഗഗ രിരിരി രിസനി സരിഗമഗാ നിസരിഗരീ സരിഗമഗ നിസരിഗരീ സരിഗമഗ രിസരിഗരീ രിരിര്‍ സാസസ നിസരിഗരിരി സസനിധനി ധനിനി ധനിസസ നിസരിരി സരിഗഗ രിഗമമ ഗമമഗ ധധമ നിനിധ സസനി രിസസ നിനിധധ മമഗ ഗഗരിരി സരിഗമധനിസരി ഗാരിനീധ ഗാരിനീധ”

എന്നോ പോലുള്ള നാക്കുളുക്കികളോ, അതോ “ഈ ഈസ് ഈക്വൽ റ്റു എംസി സ്ക്വയേർഡ്” എന്ന കേവല പ്രസ്താവനയോ നാലാളു് കേൾക്കെ തെറ്റില്ലാതെ ഉച്ചരിക്കാൻ, സംസാരശേഷിയുള്ള ഒരു തത്തയ്ക്കു് എളുപ്പം? ആദ്യത്തേതു് രണ്ടും വെടിയും പുകയും കലർന്ന ഉത്താല ഡുംഡും രവങ്ങളിലെ തത്വപ്പൊരുളുകളാണെന്നും, അവസാനത്തേതു് ശാസ്ത്രീയമായ ഒരു പ്രപഞ്ചസത്യമാണെന്നുമുള്ള ചെറിയൊരു “കിം കി ഡോക്” ഒഴിവാക്കിയാൽ എല്ലാം വാഴ്വേ മായം, സർവ്വം പൊഹമയം!

പക്ഷേ, സത്യം പറയണമല്ലോ, “ഈ ഈസ് ഈക്വൽ റ്റു എംസി സ്ക്വയേർഡ്” എന്നതു് “സുന്നത്തു്” ചെയ്യപ്പെട്ടു് കുറുക്കി വികൃതമാക്കിയ ഒരു സമവാക്യമാണു്. (അറിയാത്തവർക്കായി: സത്യത്തിന്റെ പ്രകൃതിസഹജതയെ അജ്ഞതയുടെ അതിപ്രസരത്താൽ വെട്ടിമാറ്റിയും കീറിമുറിച്ചും വികൃതമാക്കപ്പെടുന്ന ദൈവികവും, അതുകൊണ്ടുതന്നെ വിശുദ്ധവുമായ ഒരു കർമ്മപരിപാടിയാണു് സുന്നത്തു്). യഥാർത്ഥ എനർജ്ജി ഇക്വേഷനിലെ റിലേറ്റിവിസ്റ്റിക് ഘടകത്തെ മുറിച്ചുമാറ്റി കുഞ്ഞനന്തനന്ദനനാക്കിയ ഇക്വേഷനാണു് E = mc² എന്നു് സാരം.

പ്രകാശത്തിന്റെ വേഗതയുടെ 20 ശതമാനത്തിൽ കുറഞ്ഞ വേഗതകളുടെ കാര്യത്തിൽ റിലേറ്റിവിറ്റി വഴിയുള്ള ഇഫക്ട് അവഗണനാർഹമായ വിധം ചെറുതായതിനാൽ, “linearisation” എന്നു് വിളിക്കപ്പെടുന്ന പ്രക്രിയയിലൂടെ “രേഖീയമാക്കപ്പെടുന്ന” അത്തരം വെട്ടിച്ചുരുക്കലുകൾ ശാസ്ത്രീയമായി നിയമാനുസൃതമാണു്. അവഗണനീയമാംവിധം ചെറുതായ ഘടകങ്ങളെ ഒഴിവാക്കി കുറുക്കിയവയാണു് ഫിസിക്സിലെയും എൻജിനിയറിങ്ങിലെയുമെല്ലാം പല ഇക്വേഷനുകളും. (ഉദാ: പെൻഡുലത്തിന്റെ ഓസിലേറ്റിങ് ആംഗിൾ θ വളരെ ചെറുതാവുമ്പോൾ, sine θ = θ എന്നു് “linearise” ചെയ്യാമെന്നതിനാലാണു് ഗലീലിയോയുടെ പെൻഡുലം ഇക്വേഷൻ അതിന്റെ ഒറിജിനൽ രൂപത്തിൽ ശരിയാകുന്നതു്. ഗലീലിയോയുടെ കാലത്തു് ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയായ ട്രിഗണോമെട്രി രൂപമെടുത്തിരുന്നില്ല.)

ഐൻസ്റ്റൈന്റെ എനർജ്ജി ഇക്വേഷന്റെ സുന്നത്തിനു് മുൻപുള്ള രൂപം ഇതാണു്: E² = m²c^4 + p²c². ഇതിലെ p²c² ഒഴിവാക്കിയശേഷമുള്ള (E² = m²c^4) സമവാക്യത്തിന്റെ വർഗ്ഗമൂലമാണു് ഐൻസ്റ്റൈന്റെ ലോകപ്രസിദ്ധമായ എനർജ്ജി ഇക്വേഷൻ: E = mc². (E =energy, m = mass, c = velocity of light, p = relativistic impuls). മാസിന്റെയും (m) വെലോസിറ്റിയുടെയും(v) ഗുണനഫലമായ ഇംപൾസിനെ “ലോറന്റ്സ് ഫാക്ടർ” (Lorentz factor) കൊണ്ടു് ഗുണിച്ചാൽ കിട്ടുന്നതാണു് റിലേറ്റിവിസ്റ്റിക് ഇംപൾസ്. ഗാമ ഫാക്ടറെന്നും (γ factor) അറിയപ്പെടുന്ന ലോറന്റ്സ് ഫാക്ടറിൽ ചില തിരിമറികൾ നടത്തിയാൽ ഐൻസ്റ്റൈന്റെ എനർജി ഇക്വേഷനിൽ എത്താം.

ലോറന്റ്സ് ഫാക്ടറിൽ അധിഷ്ഠിതമായ ഐൻസ്റ്റൈന്റെ സ്പെഷൽ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ രണ്ടു് അടിസ്ഥാന നിയമങ്ങൾ ഇവയാണു്: 1. ചലിക്കുന്ന വാച്ചു് സാവധാനമാകും (Time dilation). 2. ചലിക്കുന്ന വസ്തുവിന്റെ നീളം ചുരുങ്ങും (Length contraction). ഭാരമുള്ള വസ്തുക്കൾക്കു് ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത മാക്സിമം വേഗതയായ പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന, മാസ്‌ലെസ്സ് ആയ കണികകളുടെ (ഉദാ: photon, gluon) ലോകത്തിൽ, സമയം നിശ്ചലതയിലെത്തും, നീളം പൂജ്യത്തിലെത്തും. ടൈം, സ്‌പെയ്‌സ് എന്നിവയുടെ ക്യാരക്ടറിസ്റ്റിക്കുകളിൽ അടിസ്ഥാനപരമായ ചില തലതിരിയലുകൾ ബ്ലാക്ക് ഹോളുകൾക്കുള്ളിൽ സംഭവിക്കാം എന്നപോലെ, വാക്യും ഫ്ലക്ച്വേഷനുകളിൽ പ്രകാശത്തിന്റേതിനേക്കാൾ കൂടിയ വേഗത സാദ്ധ്യവുമാണു്. പിന്നീടു് എപ്പോഴെങ്കിലും “ബ്ലാക്ക് ഹോളേ ബ്ലാക്ക് ഹോളേ, ഒന്നു് നിന്നിട്ടു് പോ ബ്ലാക്ക് ഹോളേ” എന്നപോലുള്ള വല്ല മന്ത്രിക്കവിതകളിലും ഈവകകളെ കാണേണ്ടിവന്നാൽ, ഒരു “déjà vu” അനുഭവം ഉണ്ടായിക്കോട്ടേ എന്നുകരുതി വെറുതെ സൂചിപ്പിച്ചെന്നു് മാത്രം. ലോറന്റ്സ് ട്രാൻസ്ഫോർമേഷന്റെ ഉപജ്ഞാതാവും ഹോളണ്ടുകാരനുമായിരുന്ന ലോറന്റ്സിനെപ്പറ്റി ഐൻസ്റ്റൈൻ: “For me personally he meant more than all the others I have met on my life’s journey”. (Hendrik Antoon Lorentz: 18. 07. 1853 – 04. 02. 1928)

ലോറന്റ്സ് ട്രാൻസ്ഫൊർമേഷനെപ്പറ്റി കൂടുതൽ അറിയണമെന്നുള്ളവർക്കുള്ള ലിങ്ക്: https://en.wikipedia.org/wiki/Lorentz_transformation

റിലേറ്റിവിസ്റ്റിക് ഇംപൾസ് മനുഷ്യശരീരത്തിൽ വഹിക്കുന്ന പങ്കു്:

രണ്ടു് up ക്വാക്കുകളും, ഒരു down ക്വാക്കും ചേർന്ന ഒരു പ്രോട്ടോണിന്റെ മാസ്സ് 938MeV (മെഗാ ഇലക്ട്രോൺ വോൾട്ട്) ആണു്. പക്ഷേ, ഒരു up ക്വാക്കിന്റെ റെസ്റ്റ് മാസ്സ് ഏകദേശം 2.2 MeV-യും, ഒരു down ക്വാക്കിന്റേതു് 4.7 MeV-യുമായതിനാൽ, പ്രോട്ടോണിന്റെ “നിശ്ചലപിണ്ഡം” ഏകദേശം 9.1 MeV മാത്രമാണു്. പ്രോട്ടോൺ പുറത്തേയ്ക്കു് പ്രദർശിപ്പിക്കുന്ന പിണ്ഡമായ 938MeV-ലെ ബാക്കി ഭാരം പിന്നെ എവിടെ നിന്നു് വരുന്നു? ഈ ഭാരവർദ്ധനവിനു് കാരണം, പ്രോട്ടോണിലെ ക്വാക്കുകളുമായി പ്രതിപ്രവർത്തനം നടത്തി അവയെ ചേർത്തു് നിർത്തുന്നതും, പ്രകാശത്തിന്റെ കണികകളായ ഫോട്ടോണുകളെപ്പോലെ മാസ്‌ലെസ്സ് ആയതും, അവയുടെ വേഗതയിൽ ചലിക്കുന്നതുമായ ഗ്ലുവോണുകളുടെ റിലേറ്റിവിസ്റ്റിക് ഇംപൾസിന്റെ ഫലമായ പിണ്ഡമാണു്. നിശ്ചലാവസ്ഥയിൽ ഭാരമില്ലാത്ത ഒരു കണികയുടെ വേഗത കൂടുന്നതിനനുസരിച്ചു് അതിന്റെ കൈനറ്റിക് എനർജ്ജി റിലേറ്റിവിസ്റ്റിക്കായി കൂടിക്കൊണ്ടിരിക്കും. എനർജ്ജി കൂടുന്നു എന്നാൽ മാസ്സ് കൂടുന്നു എന്നർത്ഥം. കാരണം, എനർജ്ജി മാസ്സാണു്, മാസ്സ് എനർജ്ജിയാണു്. അഥവാ, പിണ്ഡവും ഊർജ്ജവും ഇക്വിവലെന്റാണു്. E = mc².

പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവ അടിസ്ഥാനഘടകങ്ങളായുള്ള ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ, നൈട്രജൻ മുതലായ ഒട്ടനവധി മൂലകങ്ങളാലാണു് മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. പ്രോട്ടോണുകൾക്കും ന്യൂട്രോണുകൾക്കുമുള്ളിൽ പ്രകാശവേഗതയിൽ ചലിച്ചുകൊണ്ടു് അവയുടെ പിണ്ഡത്തിന്റെ മുന്തിയപങ്കിനും കാരണഭൂതരാകുന്ന, വ്യാപ്തിയും സമയവും പൂജ്യമായ ഗ്ലുവോണുകൾ എന്ന “ഒന്നുമല്ലായ്മകളാൽ” കൂടിയാണു് മനുഷ്യശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നതു് . അതേസമയം, പുറത്തേയ്ക്കുള്ള മനുഷ്യന്റെ ലോകത്തിൽ നീളവും വീതിയും ഉയരവുമുണ്ടു്, മുന്നോട്ടുമാത്രം ചലിക്കുന്ന സമയവുമുണ്ടു്.

രൂപാന്തരപ്പെടുത്തിയാൽ ഭീമമായ എനർജ്ജി ആക്കി മാറ്റാവുന്ന ഒരല്പം ദ്രവ്യവും, പ്രകാശവേഗത്തിൽ ചലിക്കുന്ന “ഒന്നുമല്ലായ്മകൾ” വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഒരുപാടു് എനർജ്ജിയും ചേർന്ന ഒരു ആഗ്രിഗേറ്റാണു് മനുഷ്യൻ. ദ്രവ്യത്തിന്റെ പൂർണ്ണമായ രൂപാന്തരീകരണം വഴി സ്വതന്ത്രമാക്കാൻ കഴിയുന്ന എനർജ്ജിയുടെ അളവു് ഐൻസ്റ്റൈന്റെ ഊർജ്ജസമവാക്യം ഉപയോഗിച്ചു് നിർണ്ണയിച്ചാൽ, ആറ്റം ബോംബ് സ്ഫോടനം വഴി ഒരു ചെറിയ അളവു് ദ്രവ്യം മാത്രമേ എനർജ്ജി ആയി സ്വതന്ത്രമാക്കപ്പെടുന്നുള്ളു എന്നു് കാണാൻ കഴിയും.

മനുഷ്യർ ജീവിക്കുന്ന മാക്രോസ്കോപ്പിക് ലോകത്തിലെയും, അറ്റോമിക്, സബറ്റോമിക് ലോകത്തിലെയും പ്രതിഭാസങ്ങളെ തമ്മിൽത്തമ്മിൽ ഒന്നിനൊന്നു് എന്ന രീതിയിൽ കൈകാര്യം ചെയ്തും താരതമ്യം ചെയ്തും എത്തിച്ചേരുന്ന നിഗമനങ്ങൾ ഗുരുതരമായ തെറ്റുകളായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പെട്ടിയിൽ “ചത്തുജീവിക്കുന്ന” ഷ്ര്യോഡിങ്ങറുടെ പൂച്ചയെയും, ഈ ലോകത്തിൽ ചത്തതും മറ്റേതോ ലോകത്തിൽ ജീവിക്കുന്നതുമായ അല്ലാഹുവിന്റെ പൂച്ചകളെയുമെല്ലാം ചുമന്നുകൊണ്ടു് കോണ്ടം ശാസ്ത്രം വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും വരുന്നവരിൽ നിന്നും അല്പം അകലം പാലിക്കുന്നതുകൊണ്ടു് ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസവും, ദൈവങ്ങളുടെ ശാസ്ത്രമായ മതതത്വശാസ്ത്രവുമെല്ലാം പ്രസംഗിച്ചു് ഉപജീവിക്കുന്ന പണ്ഡിതരിൽനിന്നും അകന്നു് നിന്നാൽ നിങ്ങൾക്കു് കൊള്ളാം.

 
Comments Off on ഊർജ്ജസമവാക്യം – സുന്നത്തിനു് മുൻപു്

Posted by on Feb 2, 2021 in Uncategorized