RSS

Daily Archives: Mar 7, 2008

വിലപേശുന്ന യഹോവ

പ്രകൃതിവിരുദ്ധവേഴ്ച്ചയും, നിഷിദ്ധഗമനവും, ആടു്-മാടു്-ഒട്ടകസംബന്ധമായ അവകാശത്തര്‍ക്കങ്ങളുമൊക്കെയാണു് പഴയനിയമത്തിലെ ദൈവമായ യഹോവയുടെ പോര്‍ട്ട്ഫോളിയോ. ഇത്തരം കാര്യങ്ങളില്‍ ഏതാണു് കുറ്റമായി കണ്ടു് ശിക്ഷിക്കേണ്ടതു്, ഏതാണു് കുറ്റമാണെങ്കിലും കണ്ണടക്കേണ്ടതു് മുതലായ തീരുമാനങ്ങള്‍ ദൈവം കൈക്കൊള്ളുന്നതു് ആരാണു് അതു് ചെയ്യുന്നതു് എന്നതിന്റെ വെളിച്ചത്തില്‍ ആയിരിക്കുമെന്നു് മാത്രം.

അബ്രാഹാമിന്റെ ഇളയ സഹോദരനായിരുന്ന ഹാരാന്റെ മകനായിരുന്നു ലോത്തു്. ഹാരാന്‍ ലോത്തിന്റെ ചെറുപ്പത്തിലേ മരിച്ചുപോയി. തന്മൂലം ലോത്തു് അബ്രാഹാമിന്റെ കൂടെ ആയിരുന്നു നാടോടിയിരുന്നതു്. പക്ഷേ രണ്ടുപേര്‍ക്കും ആടുമാടുകളും മറ്റു് സമ്പത്തുകളും കണ്ടമാനം പെരുകിയപ്പോള്‍ അവരുടെ ഇടയന്മാര്‍ തമ്മില്‍ പിണക്കമുണ്ടായി. അതിനാല്‍ അബ്രാം (അന്നു് ദൈവം അവന്റെ പേരു് അബ്രാഹാം എന്നാക്കി മാറ്റിയിരുന്നില്ല) ലോത്തുമായി പിരിയാന്‍ തീരുമാനിക്കുന്നു. അബ്രാം ഫസ്റ്റ് ചോയിസ് ലോത്തിനു് കൊടുക്കുന്നു. ലോത്തു് യോര്‍ദ്ദാനരികെ, നല്ല നീരോട്ടമുള്ള, യഹോവയുടെ തോട്ടം പോലെയും മിസ്രയീം ദേശം പോലെയും മനോഹരമായിരുന്ന പ്രദേശം തെരഞ്ഞെടുക്കുന്നു. അബ്രാം കനാന്‍ ദേശത്തുതന്നെ വസിക്കുന്നു.

ലോത്തു് സോദോം വരെ കൂടാരം നീക്കി നീക്കി അടിച്ചുകൊണ്ടിരുന്നു. ലോത്തിന്റെ കഷ്ടകാലത്തിനു് എന്നേ പറയേണ്ടൂ, ആ ഭാഗത്തെ നാലു് രാജാക്കന്മാര്‍ക്കു് അഞ്ചു് രാജാക്കന്മാര്‍ക്കെതിരെ യുദ്ധം ചെയ്യണമെന്നു് തോന്നിയതു് അപ്പോഴാണു്. അതിനിടയില്‍പെടുന്ന ലോത്തിനെ, സമ്പത്തു് സഹിതം, ജയിച്ച വിഭാഗക്കാര്‍ പിടിച്ചുകൊണ്ടുപോയി. വിവരമറിഞ്ഞ അബ്രാം തന്റെ വീട്ടില്‍ ജനിച്ച, കരാട്ടെയും കുങ്ങ്‌-ഫുവുമൊക്കെ പഠിച്ച മുന്നൂറ്റിപതിനെട്ടു് അഭ്യാസികളുമായി ചെന്നു് ലോത്തിനെ മോചിപ്പിച്ചു് തിരിച്ചുകൊണ്ടുവരുന്നു. പക്ഷേ അതുകൊണ്ടു് വലിയ പ്രയോജനമുണ്ടാവുന്നില്ല. കാരണം, അപ്പോഴാണു് സോദോം-ഗോമോറയിലെ ജനങ്ങള്‍ ദുഷ്ടരും പാപികളും പുരുഷമൈഥുനക്കാരുമൊക്കെ ആണെന്ന വിവരം ഒരു കൂട്ടക്കരച്ചിലിന്റെ രൂപത്തില്‍ ദൈവസന്നിധിയിലെത്തുന്നതു്. കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ദൈവം രണ്ടു് കൂട്ടുകാരുമായി – വിശപ്പുണ്ടായിരുന്നതുകൊണ്ടാവാം – ആദ്യം അബ്രാമിന്റെ വീട്ടുപരിസരത്തെത്തുന്നു. അവരോടു് മരച്ചുവട്ടില്‍ ഇരിക്കാന്‍ അപേക്ഷിച്ചശേഷം, അക്കാലത്തെ രീതിപോലെ, അബ്രാം ഛഠേന്നു് മൂന്നിടങ്ങഴി മാവു് കുഴച്ചു് അപ്പമുണ്ടാക്കാന്‍ ഭാര്യ സാറയെയും, ഇളയതും നല്ലതുമായ ഒരു കാളക്കുട്ടിയെ കൊന്നു് കഷണിച്ചു് കറിവയ്ക്കാന്‍ ഒരു ബാല്യക്കാരനേയും ചുമതലപ്പെടുത്തുന്നു.

യഹോവ കൂട്ടുകാരോടൊത്തു് ആഹരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ ചോദിക്കുന്നു: “നിന്റെ ഭാര്യ സാറ എവിടെ?” അവള്‍ കൂടാരത്തിലുണ്ടു് എന്നു് അബ്രാമിന്റെ മറുപടി. അപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നു: “ഒരു ആണ്ടു് കഴിഞ്ഞിട്ടു് ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും. അപ്പോള്‍ നിന്റെ ഭാര്യ സാറയ്ക്കു് ഒരു മകന്‍ ഉണ്ടാകും.” ഈ അരുളപ്പാടു് കേള്‍ക്കുമ്പോള്‍ സാറ, വൃദ്ധയായ എനിക്കു് മക്കളുണ്ടാകുമോ എന്നു് ഉള്ളില്‍ പരിഹസിച്ചു് ചിരിക്കുന്നു. ഇതു് മനസ്സിലാക്കിയ യഹോവ അബ്രാഹാമിനോടു് പറയുന്നു: “നിന്റെ ഭാര്യ ചിരിക്കുന്നതെന്തു്? യഹോവയ്ക്കു് കഴിയാത്ത കാര്യമുണ്ടോ?” ഉടനെ സാറ: “ഇല്ല ഞാന്‍ ചിരിച്ചില്ല”. യഹോവ: “അങ്ങനെയല്ല, നീ ചിരിച്ചു”.

അതെന്തായാലും, സാറ ഈ സംഭവം നടക്കുന്ന സമയത്തു് അത്ര വൃദ്ധ ആയിരുന്നിരിക്കാന്‍ ഇടയില്ല. കാരണം, ഇതിനു് ശേഷം (സാറ യിസഹാക്കിനെ പ്രസവിക്കുന്നതിനു് മുന്‍പു്) അബ്രാം ഗെരാരില്‍ ചെന്നു് പാര്‍ക്കുമ്പോള്‍ “ഇവള്‍ എന്റെ പെങ്ങള്‍” എന്നു് പറയുകയും അവിടത്തെ രാജാവായ അബീമേലെക്‌ അവളെ ആളയച്ചു് കൂട്ടിക്കൊണ്ടു് പോവുകയും ചെയ്യുന്നുണ്ടു്. അബീമേലെക്‌ സാറയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കാന്‍ യഹോവ സ്വപ്നം വഴി പ്രത്യക്ഷപ്പെട്ടും മറ്റും രാത്രിയില്‍ ഉറക്കമൊഴിച്ചു് കുറെയേറെ പാടു് പെടുന്നതായും വര്‍ണ്ണിക്കപ്പെടുന്നു. ഭാര്യയെ സഹോദരി എന്നു് പറയുന്നതു് അബ്രാമിന്റെ ഒരു പതിവു് സൂത്രമാണു്. ഒരിക്കല്‍ മിസ്രയിമില്‍ വച്ചു് ഈ തന്ത്രം വഴി ഫറവോയില്‍ നിന്നും കുറേ സമ്പത്തു് അബ്രാം നേടിയിരുന്നു. അബ്രാമിന്റെ മകനായ യിസഹാക്കും പില്‍ക്കാലത്തു് ഇതേ തന്ത്രം തന്നെ പ്രയോഗിക്കുന്നുണ്ടു്. അതായതു്, അബീമേലെക്‌ രാജാവിന്റെ ദൃഷ്ടിയില്‍ ആകര്‍ഷണീയയായി തോന്നാന്‍ മാത്രമെങ്കിലുമുള്ള യൗവനം സാറയ്ക്കു് ആ സമയത്തു് ഉണ്ടായിരുന്നിരിക്കണം.

തിന്നു് തൃപ്തിയായ ശേഷം യഹോവയുടെ കൂട്ടുകാര്‍ സോദോമിലേക്കു് പോകുന്നു. അബ്രാം ദൈവത്തിന്റെ സന്നിധിയില്‍ തന്നെ നില്‍ക്കുന്നു. സോദോമിനെ നശിപ്പിക്കാതിരിക്കാന്‍ വേണ്ടി അബ്രാം യഹോവയുമായി ഹൃദയഭേദകമായ ഒരു വിലപേശല്‍ നടത്തുന്നതു്‌ അപ്പോഴാണു്‌. അതു് വായിച്ചാല്‍ ആരും കരഞ്ഞുപോകും.

അബ്രാം: “പക്ഷേ ആ പട്ടണത്തില്‍ അന്‍പതു് നീതിമാന്മാര്‍ ഉണ്ടെങ്കില്‍ നീ അതിനെ നശിപ്പിക്കുമോ?”

ദൈവം: “ഇല്ല, അന്‍പതു് നീതിമാന്മാര്‍ അവിടെയുണ്ടെങ്കില്‍ ക്ഷമിച്ചേക്കാം.”

അബ്രാം: “പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോടു് സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ. അന്‍പതു് നീതിമാന്മാരില്‍ പക്ഷേ അഞ്ചുപേര്‍ കുറഞ്ഞുപോയെങ്കിലോ?”

ദൈവം: “നാല്‍പത്തഞ്ചുപേരെ ഞാന്‍ അവിടെ കണ്ടാല്‍ അതിനെ നശിപ്പിക്കയില്ല.”

അബ്രാം: “പക്ഷേ നാല്‍പതുപേരെ കണ്ടാലോ?”

ദൈവം: “ഇല്ല, നാല്‍പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല.”

അബ്രാം: “കര്‍ത്താവു് കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ?”

ദൈവം: (ആത്മഗതം: ഇന്നു് കണി കണ്ടതു് ആരെയാണാവോ?) “സമ്മതിച്ചു. മുപ്പതു് പേരെ അവിടെ കണ്ടാല്‍ നശിപ്പിക്കയില്ല.”

അബ്രാം: “ഞാന്‍ കര്‍ത്താവിനോടു് സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതു് പേരെ അവിടെ കണ്ടാലോ?”

ദൈവം: “ഇല്ല ഇരുപതു് നീതിമാന്മാരെ അവിടെ കണ്ടാല്‍ ഞാന്‍ ആ പട്ടണത്തെ നശിപ്പിക്കയില്ല.”

അബ്രാം: “ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടാലോ?”

ദൈവം: “(ഒരുതരം, രണ്ടുതരം, മൂന്നുതരം. ഇതു് എന്റെയും അവസാനവാക്കു്.) ഇല്ല, പത്തു് നീതിമാന്മാരെ അവിടെ കണ്ടാല്‍ ആ പട്ടണത്തെ‍ നശിപ്പിക്കില്ല.”

അതിനുശേഷം തടി കഴിച്ചിലാക്കി, വളരെ വളരെ ദീര്‍ഘമായ ഒരു നിശ്വാസവും വിട്ടു് യഹോവ അവിടെനിന്നും രക്ഷപെടുന്നു.

(കാളക്കച്ചവട-ടെക്‍നോളജിയില്‍ ബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റാഗിംഗും ഈശ്വരപ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ ആദ്യം പഠിക്കുന്ന പാഠം ദൈവവും അബ്രാമും തമ്മിലുള്ള ഈ സംഭാഷണമാണു്.)

ആധാരം: ഉല്‍പത്തി 11: 27-32, 13: 1-13, 18: 1-33, 20: 1-18.

അടുത്തതില്‍: സോദോം-ഗോമോറയുടെ നാശവും, ലോത്തിന്റെ അഗമ്യഗമനവും (incest)

 
4 Comments

Posted by on Mar 7, 2008 in മതം, ലേഖനം

 

Tags: , , ,