RSS

Daily Archives: May 4, 2008

ദൈവമല്ലാത്ത ഊര്‍ജ്ജങ്ങള്‍

=  2  =

CERN -ലെ ശാസ്ത്രജ്ഞര്‍ ആദിസ്ഫോടനത്തിലെ അപരിമിതമായ എനര്‍ജി സിമ്യുലേറ്റ് ചെയ്തു് നടത്തുന്ന മറ്റൊരു പരീക്ഷണമാണു് അക്സിലെറേറ്റ് ചെയ്യപ്പെട്ട പ്രോട്ടോണുകളെ പ്രകാശത്തിന്റേതിനോടടുത്ത വേഗതയില്‍ ഒരു ലോഹക്കട്ടിയിലേക്കു് കൊളൈഡ് ചെയ്യിക്കുക എന്നതു്. അതുവഴി പുതിയ പ്രോട്ടോണുകള്‍ രൂപമെടുക്കുന്നു. അവയില്‍ ശരാശരി പത്തുലക്ഷത്തില്‍ ഒന്നു് എന്ന അനുപാതത്തില്‍ രൂപമെടുക്കുന്ന ആന്റിപ്രോട്ടോണിനെ (പ്രോട്ടോണിന്റെ പ്രതികണം) പിടിച്ചെടുത്തു് ഒരു എലക്ട്രോമാഗ്നെറ്റിക്‌ ഫീല്‍ഡ്‌ വഴി അതിന്റെ വേഗതകുറച്ചു് കെണിയില്‍ പെടുത്തിയശേഷം ഒരു ആന്റിഎലക്ട്രോണുമായി (എലക്ട്രോണിന്റെ പ്രതികണം) സംയോജിപ്പിക്കുന്നു. അതുവഴി സംജാതമാവുന്ന ആന്റിമാറ്റര്‍ പഠനവിധേയമാക്കപ്പെടുന്നു.

ഓരോ എലെമെന്ററി പാര്‍ട്ടിക്കിളിന്റേയും ഭാരം ഭൂമിയിലായാലും, മറ്റേതെങ്കിലും ഗാലക്സിയിലായാലും ഒന്നുതന്നെയായിരിക്കും. പക്ഷേ, സ്വന്തഭാരം ഇത്രയായിരിക്കണമെന്നു് ഓരോ കണങ്ങളും എങ്ങനെ “അറിയുന്നു”? അഥവാ, വ്യത്യസ്ത കണങ്ങള്‍ക്കു് എങ്ങനെ വ്യത്യസ്തമായ ഭാരം ലഭിക്കുന്നു? എപ്പോള്‍, എങ്ങനെയാണു് അതു് “തീരുമാനിക്കപ്പെട്ടതു്”? ഇവിടെയാണു് ഹിഗ്സ് ഫീല്‍ഡിന്റെ പ്രാധാന്യം. എലക്ട്രോമാഗ്നെറ്റിക്‌ ഫീല്‍ഡ്‌ പോലെയുള്ള ഫീല്‍ഡുകളില്‍ നിന്നു് വ്യത്യസ്തമായ ഹിഗ്സ് ഫീല്‍ഡ്‌ ഒരു scalar field ആണു്. അതായതു്, വെക്ടൊര്‍ ഫീല്‍ഡീല്‍ നിന്നും വ്യത്യസ്തമായി, അതിനു് മാഗ്നിറ്റ്യൂഡ് മാത്രമേയുള്ളു, ഡിറെക്ഷന്‍ ഇല്ല. ഇതിന്റെ മറ്റൊരു അസാധാരണത്വം, ഫീല്‍ഡ്‌ പൂജ്യം ആവുമ്പോള്‍ അതിന്റെ എനര്‍ജി, ഫീല്‍ഡ്‌ പൂജ്യമല്ലാത്തപ്പോഴേക്കാള്‍ കൂടുതലായിരിക്കുമെന്നതാണു്. ഈ പ്രത്യേകത നിമിത്തം, ഇന്നു് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു എന്നു് കരുതുന്ന ഈ ഫീല്‍ഡ്‌, പ്രപഞ്ചാരംഭത്തില്‍ മറ്റു് കണങ്ങളുമായി പ്രതിപ്രവര്‍ത്തനം നടത്തി, അവയുടെ സ്വഭാവത്തെ നിശ്ചയിച്ചുറപ്പിച്ചുകാണണം എന്നു് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഹിഗ്സ് ഫീല്‍ഡ്‌ ഹൈപൊതെറ്റിക്കല്‍ ആയതിനാല്‍, അവയുടെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതുവരെ ഇക്കാര്യങ്ങളില്‍ അവയുടെ പ്രാതിനിധ്യം ഒരു സാദ്ധ്യത മാത്രമായി കണക്കാക്കാനേ പറ്റൂ. ഹിഗ്സ് ബോസോണ്‍സ് തെളിയിക്കപ്പെടേണ്ടിവരുന്നതും, അതിനുവേണ്ടി ആദിസ്ഫോടനത്തിലെ അവസ്ഥ സിമ്യുലേറ്റ് ചെയ്യപ്പെടേണ്ടി വരുന്നതും അതുകൊണ്ടുതന്നെ.

CERN-ല്‍ ആദിസ്ഫോടനം സിമ്യുലേറ്റ് ചെയ്യുന്നതുവഴി എനര്‍ജി ദ്രവ്യമായി മാറ്റപ്പെടുന്നു. അങ്ങനെ, ബിഗ്-ബാങ്ങിനു്‌ നൂറുകോടിയില്‍ ഒരംശത്തിനു് താഴെയുള്ള സെക്കന്റിലെവരെ അവസ്ഥയില്‍ എനര്‍ജിയും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാനും, അതുവഴി, അവയില്‍ ഹിഗ്സ് ഫീല്‍ഡ്‌ കണ്ടെത്താനും, ആ ഫീല്‍ഡിന്റെ പ്രപഞ്ചാരംഭത്തിലെ പങ്കാളിത്തം മനസ്സിലാക്കാനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നു. ഹിഗ്സ് ഫീല്‍ഡ്‌ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു കാരണം ശൂന്യത എന്നാല്‍ ഒന്നുമില്ലായ്മ ആവാന്‍ കഴിയില്ല എന്ന ചിന്തയാണു്. കണങ്ങളുടെ ഭാരത്തിനു് ഉത്തരവാദി ഈ ശൂന്യത ആവാനേ കഴിയൂ എന്നാണു് പൊതുവേ വിശ്വസിക്കപ്പെടുന്നതു്. ഇതു് നേരത്തേ സൂചിപ്പിച്ച സിമെട്രി ബ്രേക്കിങ്ങുമായി ബന്ധപ്പെട്ടു് കിടക്കുന്ന കാര്യമാണു്. നമുക്കു് അറിയാവുന്ന നാലു് അടിസ്ഥാന ശക്തികളാണു് ഗ്രാവിറ്റേഷണല്‍, എലെക്ട്രോമാഗ്നെറ്റിക്, വീക് അറ്റോമിക്, സ്റ്റ്രോങ് അറ്റോമിക് എന്നീ ശക്തികള്‍. ഇവയില്‍ electromagnetic force, weak atomic force എന്നിവ യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയെങ്കിലും, അവയുടെ ശക്തിയുടെ റേഞ്ച്‌ തുല്യമല്ല. ആരംഭം മുതലേ എല്ലാം സിമട്രിക്കല്‍ ആയിരുന്നെങ്കില്‍ ഇവ രണ്ടും തുല്യമാവാതിരിക്കാന്‍ കാരണമൊന്നുമില്ലതാനും. തന്മൂലം, ഈ രണ്ടു് ശക്തികളും തമ്മിലുള്ള ഡിസ്പാരിറ്റിക്കു് കാരണം പ്രപഞ്ചാരംഭത്തിലുണ്ടായ ഒരു സിമെട്രി ബ്രേക്കിങ് മാത്രമേ ആവാന്‍ കഴിയൂ എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ആന്റിമാറ്ററിന്റെ കഥയും ആരംഭിച്ചതു് ഏതാണ്ടു് ഇതുപോലെതന്നെ ആയിരുന്നു. ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റി തിയറിയും, ക്വാണ്ടം തിയറിയും തമ്മില്‍ ഏകോപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വഴി രൂപംകൊണ്ട യൂണിഫൈഡ്‌ ഫീല്‍ഡ്‌ തിയറിയുടെ ഗണിതശാസ്ത്രപരമായ അനന്തരഫലമായിരുന്നു ആന്റിമാറ്റര്‍ ഉണ്ടായിരിക്കണമെന്നതു്. തിയററ്റിക്കല്‍ ഫിസിക്സിന്റെ ഈ നിഗമനത്തിന്റെ ഭൗതികസാധുത്വം തേടിയുള്ള അന്വേഷണങ്ങള്‍ ശാസ്ത്രത്തെ ആന്റിമാറ്ററിന്റെ കണ്ടെത്തലില്‍ എത്തിക്കുകയായിരുന്നു.

ശാസ്ത്രം ഒരു പുതിയ കണ്ടുപിടുത്തം നടത്തുമ്പോള്‍ തുറന്നുവരുന്നതു് പുതിയ പല മേഖലകളാണു്. ഒരു ചോദ്യത്തിന്റെ മറുപടിയായി ഒരു വാതില്‍ തുറക്കുമ്പോള്‍, പുതിയ ചോദ്യങ്ങളുടെ അടഞ്ഞു്‌ കിടക്കുന്ന എത്രയോ പുതിയ വാതിലുകളാണു് പ്രത്യക്ഷപ്പെടുന്നതു്‌. അതു് ശരിയുമാണു്. കാരണം,പുതിയ ചോദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥ അന്വേഷണത്തിന്റേയും, തന്മൂലം മനുഷ്യബുദ്ധിയുടെതന്നെയും മുരടിപ്പും അന്ത്യവുമായിരിക്കും. പുതിയ ചോദ്യങ്ങളുടെ പഠനവും മറുപടികളും വഴി പഴയ മറുപടികളെ തിരുത്തുകയോ പുതുക്കുകയോ ചെയ്യേണ്ടിവരുന്നതു് ശാസ്ത്രത്തിന്റെ അടിസ്ഥാനസ്വഭാവമാണു്. അതുവഴിയാണു് ശാസ്ത്രം വളരുന്നതും നിലനില്‍ക്കുന്നതും. പഴയതു് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവിധം അപ്പാടെ ശരിയെന്നു് വിശ്വസിച്ചു് അതില്‍ കടിച്ചുതൂങ്ങുന്നതാണു് മതവിശ്വാസം. പുതിയതിന്റെ നേരെ മുന്‍വിധി ഇല്ലാതിരിക്കുന്നതും, റാഷണല്‍ എന്നു് തെളിയിക്കപ്പെട്ട പുതിയവയെ അംഗീകരിക്കുന്നതുമാണു് ശാസ്ത്രീയത. ശാസ്ത്രത്തില്‍ സത്യം ഏകമല്ല, നിത്യമല്ല, ദൈവികവുമല്ല. ഡാര്‍ക് മാറ്റര്‍, ഡാര്‍ക് എനര്‍ജി എന്നീ പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കാമെന്ന നിഗമനത്തില്‍ ശാസ്ത്രം എത്തിച്ചേര്‍ന്നതും പഴയതുവഴി പുതിയതിലേക്കു് എന്ന അതേ മാര്‍ഗ്ഗത്തിലൂടെയാണു്. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ സ്വാഭാവികമായ പരിണതഫലമാണതു്.

1905-ല്‍ ഐന്‍സ്റ്റൈന്‍ തന്റെ സ്പെഷല്‍ തിയറി ഓഫ് റിലേറ്റിവിറ്റി അവതരിപ്പിച്ചു. സ്ഥല-കാലങ്ങളുടെ വക്രതയുടെ ഫലമായി ഉണ്ടാവുന്ന ഒരു പ്രതിഭാസമാണു്‌ ഗ്രാവിറ്റേഷന്‍ എന്നു് സ്ഥാപിക്കാന്‍, നിലവിലുണ്ടായിരുന്ന നോണ്‍-യുക്ലിഡിയന്‍ ജ്യോമെട്രിയിലെ തിയറി ഉപയോഗിക്കുക മാത്രമാണു് ഐന്‍സ്റ്റൈന്‍ ചെയ്തതു്. യുക്ലിഡിയന്‍ പോസ്റ്റ്യുലേറ്റ്സില്‍ അധിഷ്ഠിതമായ, കാര്‍ട്ടീഷന്‍ കോഓര്‍ഡിനേറ്റ്സിനു്‌ പൊരുത്തപ്പെടാന്‍ കഴിയുന്ന, സ്പെയ്സ് എന്ന ത്രീ-ഡിമെന്‍ഷണല്‍ കണ്ടിന്യുവം, റ്റൈം എന്ന വണ്‍-ഡിമെന്‍ഷണല്‍ കണ്ടിന്യുവം എന്നിവയെ ആധാരമാക്കുന്ന ന്യൂട്ടോണിയന്‍ ഫിസിക്സില്‍ നിന്നും നോണ്‍-യുക്ലിഡിയന്‍ മാത്തമാറ്റിക്സിന്റെ സഹായത്തോടെ, സ്പെയ്സ്-റ്റൈം കണ്ടിന്യുവം എന്ന ഫോര്‍-ഡിമെന്‍ഷണല്‍ കണ്ടിന്യുവം സൃഷ്ടിച്ചെടുത്തതുവഴി, നീളം, ഭാരം, സമയം ഇവയെല്ലാം ആപേക്ഷികമാണെന്നും, അവയുടെ വേഗതയില്‍ വരുന്ന വ്യത്യാസത്തിനനുസരിച്ചു് ഈ മൂല്യങ്ങളിലും മാറ്റം സംഭവിക്കുമെന്നും സ്ഥാപിക്കുകയായിരുന്നു ഐന്‍സ്റ്റൈന്‍. (ഐന്‍സ്റ്റൈന്‍ എന്ന ജര്‍മ്മന്‍ സായിപ്പിനെ ഐന്‍സ്റ്റീന്‍ എന്ന ഇന്‍ഗ്ലീഷ് സായിപ്പാക്കുന്നതു്‌, രാജന്‍ എന്ന മലയാളിയെ ജര്‍മ്മന്‍കാര്‍ “രയാന്‍” ആക്കുന്നതുപോലെയാണു്‌. രണ്ടിലും ആളൊന്നുതന്നെ; എന്നാലും ഒരുതരം ബൌദ്ധിക-വൈകാരിക അസ്ക്യത.)

പ്രകാശത്തിന്റെ വേഗത കോണ്‍സ്റ്റന്റ് ആണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നതു്, ആല്‍ബെര്‍ട്ട് മൈക്കെള്‍സണ്‍ എന്ന അമേരിക്കന്‍ ഫിസിസിസ്റ്റ്‌ നടത്തിയ ഒരു പരീക്ഷണത്തിന്റെ വിശദീകരിക്കാനാവാത്ത ഫലം വഴിയായിരുന്നു. പരീക്ഷണത്തില്‍ സൂര്യനില്‍ നിന്നും എത്തുന്ന പ്രകാശത്തിന്റെ വേഗതയും, ഭൂമി സൂര്യനെ ചുറ്റുന്ന വേഗതയും ചേര്‍ന്നു് 300030 km/sec എന്ന ഫലമാണു് ലഭിക്കേണ്ടിയിരുന്നതെങ്കിലും, മൈക്കെള്‍സണു്‌ ലഭിക്കുന്നതു് 300000 km/sec മാത്രം! ആപേക്ഷികമായ വേഗതകളെ ഇഷ്ടാനുസരണം പരസ്പരം കൂട്ടാം എന്നതായിരുന്നു അതുവരെയുള്ള ധാരണ. അങ്ങനെയെങ്കില്‍, വേഗതകളെ ഇഷ്ടംപോലെ കൂട്ടിച്ചേര്‍ത്തു് പ്രപഞ്ചത്തിലെവിടെയും നിമിഷം കൊണ്ടു് എത്താന്‍ കഴിയേണ്ടതല്ലേ? അതു്  അബ്സെര്‍ഡ് ആണെന്നതിനാല്‍, വേഗതക്കു് ഒരു പരിധി ഉണ്ടാവണം. അതായതു്, അതിനപ്പുറം എന്നൊന്നില്ലാത്ത ഒരു മാക്സിമം വേഗത ഉണ്ടായിരിക്കണം. ഈ ചിന്തവഴിയാണു്‌ പ്രകാശത്തിന്റെ വേഗതയുടെ കോണ്‍സ്റ്റന്‍സിയില്‍ ഐന്‍സ്റ്റൈന്‍ എത്തിപ്പെട്ടതു്‌. 1916-ല്‍ സ്പെഷല്‍ തിയറി ഓഫ് റിലേറ്റിവിറ്റി, ജെനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി ആയി വിപുലീകരിക്കപ്പെട്ടു.

ഐന്‍സ്റ്റൈന്‍ വിഭാവനം ചെയ്ത പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ സ്റ്റാറ്റിക് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രപഞ്ചമോഡലില്‍ ഒരു റെഡ് ഷിഫ്റ്റ് പ്രവചിക്കപ്പെട്ടിരുന്നില്ല. ഒരു ഐന്‍സ്റ്റൈന്‍ പോലും മുന്‍വിധിയില്‍ നിന്നും പൂര്‍ണ്ണമായി സ്വതന്ത്രനല്ല എന്നതിനു് തെളിവാണു് അദ്ദേഹം തന്റെ സമവാക്യത്തെ കൈകാര്യം ചെയ്ത രീതി. തന്റെ സങ്കല്‍പത്തിലുണ്ടായിരുന്ന ഹോമോജിനിയസും, ഐസൊട്രോപ്പിക്കും, സ്റ്റാറ്റിക്കുമായ ഒരു യൂണിവേഴ്സിനു്‌ ഭംഗം വരാതിരിക്കാന്‍ 1917-ല്‍ അദ്ദേഹം തന്റെ സമവാക്യത്തില്‍ ഒരു കോസ്മൊളോജിക്കല്‍ കോണ്‍സ്റ്റന്റ് കുത്തിത്തിരുകി. ഗ്രാവിറ്റേഷന്‍ വഴി തന്റെ സ്റ്റാറ്റിക്‌ യൂണിവേഴ്സ്‌ “ഇടിഞ്ഞുവീഴാതിരിക്കാന്‍” ഗ്രാവിറ്റേഷണല്‍ ആകര്‍ഷണത്തെ ചെറുക്കാനുതകുന്ന വികര്‍ഷണത്തിന്റെ ഒരു ഘടകമായിരുന്നു ആ കോണ്‍സ്റ്റന്റ്‌ വഴി ഐന്‍സ്റ്റൈന്‍ കൃത്രിമമായി തന്റെ ഇക്വേഷനോടു്‌ കൂട്ടിച്ചേര്‍ത്തതു്. ആ വര്‍ഷം തന്നെ പ്രപഞ്ചത്തിന്റെ വികാസം കണ്ടെത്തുകയും, 1929-ല്‍ എഡ്വിന്‍ ഹബിള്‍ അതു് നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍, ഖേദം പ്രകടിപ്പിച്ചുകൊണ്ടു് തന്റെ ഇക്വേഷനില്‍ നിന്നും കോസ്മൊളോജിക്കല്‍ കോണ്‍സ്റ്റന്റ് ഐന്‍സ്റ്റൈന്‍ എടുത്തു് മാറ്റി. യഥാര്‍ത്ഥത്തില്‍, 1922-ല്‍ അലക്സാണ്ഡര്‍ ഫ്രീഡ്മാന്‍ എന്ന റഷ്യന്‍ ഗണിതശാസ്ത്രജ്ഞനാണു് ഐന്‍സ്റ്റൈന്റെ മൂലസമവാക്യത്തില്‍ നിന്നും സ്റ്റാറ്റിക്‌ അല്ലാത്ത ഒരു പ്രപഞ്ചത്തിനു് അനുയോജ്യമായ homogeneous and isotropic solution കണ്ടെത്തിയതു്.

1998-ല്‍, പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല, വികാസത്തിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണെന്നും തെളിയിക്കപ്പെട്ടു. അതിനര്‍ത്ഥം, വികാസവേഗതയെ വര്‍ദ്ധിപ്പിക്കുന്ന, സജീവമായ ഏതോ ഒരു ആന്റി-ഗ്രാവിറ്റേഷണല്‍ ഫോഴ്സ് പ്രപഞ്ചത്തില്‍ ഉണ്ടാവണമെന്നാണല്ലോ. ഉണ്ടെന്നു് തത്വത്തില്‍ അറിയാമെന്നല്ലാതെ, പ്രകാശം പ്രസരിപ്പിക്കുകയോ, മറ്റേതെങ്കിലും രൂപത്തില്‍ സ്വയം വെളിപ്പെടുത്തുകയോ ചെയ്യാത്തതിനാല്‍, ഈ പ്രതിഭാസത്തെപ്പറ്റി മറ്റു് വിവരങ്ങളൊന്നും അറിയാന്‍ കഴിയുകയുമില്ല. ഈ രഹസ്യശക്തിയെ ശാസ്ത്രജ്ഞര്‍ “ഡാര്‍ക്ക് എനര്‍ജി” എന്നു് പേരുനല്‍കി വിളിച്ചു. പ്രപഞ്ചത്തിന്റെ വികാസം ആദിസ്ഫോടനം മുതല്‍ ആരംഭിച്ചു എന്നു് നമുക്കറിയാം. എപ്പോഴെങ്കിലും ഒരു മടക്കയാത്ര ആരംഭിക്കാന്‍ കഴിയണമെങ്കില്‍ ഈ വികാസത്തിന്റെ ഗതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണു് വേണ്ടതു്. അപ്പോഴാണു് വികാസത്തിന്റെ വേഗത സ്ഥിരമായി കൂടിക്കൊണ്ടിരിക്കുകയാണെന്ന കണ്ടെത്തല്‍. പ്രപഞ്ചവികാസത്തിനു് കാരണം ഇരുണ്ട എനര്‍ജിയോ ഇരുണ്ട ദ്രവ്യമോ ആവാം. രണ്ടും പ്രപഞ്ചത്തില്‍ ഉണ്ടുതാനും. ഈ രണ്ടു് പ്രതിഭാസങ്ങളെയും കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ പലതരത്തില്‍ നടക്കുന്നുണ്ടു്. അതിലൊന്നാണു് ഇരുണ്ട ദ്രവ്യത്തെ കണ്ടെത്താന്‍ കോസ്മോളജിസ്റ്റ്സ്, എലെമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിസിസ്റ്റ്സ് എന്നിവര്‍ ഒരുമിച്ചു് നടത്തുന്ന ഒരു പരീക്ഷണം. കോസ്മിക്‌ റേഡിയേഷന്‍ തടയുന്നതിനുവേണ്ടി കിലോമീറ്റര്‍ കട്ടിയുള്ള പാറയുടെ ഉള്ളിലാണു് പരീക്ഷണശാല. അങ്ങേയറ്റം ശുദ്ധീകരിച്ച, ആബ്സൊല്യുട്ട് സീറോയോടടുത്ത ഊഷ്മാവിലേക്കു് (-273,15 ° C) തണുപ്പിച്ച ജെര്‍മ്മേനിയം ക്രിസ്റ്റല്‍സില്‍ സംഭവിക്കുന്ന ഏറ്റവും ചെറിയ താപവര്‍ദ്ധനപോലും പ്രത്യേക സെന്‍സേഴ്സ് ഉപയോഗിച്ചു് അളക്കപ്പെടുന്നു. ഫലം ലഭിക്കുമോ എന്നു് നിശ്ചയമില്ലാത്ത, വളരെ ചിലവുകൂടിയ ഒരു പദ്ധതിയാണതു്. മറ്റു് ചിലയിടങ്ങളില്‍, ഇരുണ്ട ദ്രവ്യത്തെ കണ്ടെത്താന്‍ ആദ്യം ന്യുട്രിനോകളെ തേടുന്നു.

ഇരുണ്ട എനര്‍ജിയില്‍ നിന്നു് വ്യത്യസ്തമായി, ഇരുണ്ട ദ്രവ്യത്തെ അതു് പ്രകാശം പ്രസരിപ്പിക്കാത്തതുകൊണ്ടു് നേരിട്ടു് കാണാന്‍ കഴിയുകയില്ലെങ്കിലും, അതിന്റെ അസ്തിത്വം പരോക്ഷമായി വീക്ഷിക്കാന്‍ നമുക്കു് സാധിക്കും. ഇരുണ്ട ദ്രവ്യത്തിന്റെ ഗ്രാവിറ്റി മൂലം, സമീപത്തുകൂടി കടന്നുപോകുന്ന പ്രകാശത്തിന്റെ ഗതിയില്‍ അതു് വരുത്തുന്ന വ്യതിചലനം വഴി അതിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനും, അളവു് കണക്കാക്കുവാനും ശാസ്ത്രജ്ഞര്‍ക്കു് കഴിയും. ഇരുണ്ട ദ്രവ്യം എന്നതു്‌ പാര്‍ട്ടിക്കിള്‍സ് ആവണമെന്നില്ലെന്നും വാക്യും ഫ്ലക്ചുവേഷന്റെ ഫലമാവാമെന്നും ഒരഭിപ്രായം നിലവിലുണ്ടു്.

ഇരുണ്ട എനര്‍ജിയുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം ഫലപ്രദമാവില്ല. അതിനു് പ്രധാന കാരണം, ദ്രവ്യത്തിന്റെ ഗുണങ്ങളൊന്നും അതിനില്ല എന്നതാണു്. പ്രപഞ്ചത്തില്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഡാര്‍ക്ക് എനര്‍ജി പ്രകാശത്തെ എങ്ങനെ, എങ്ങോടു് വ്യതിചലിപ്പിക്കാന്‍?ഡാര്‍ക്ക് എനര്‍ജിയെ മനസ്സിലാക്കണമെങ്കില്‍ പ്രപഞ്ചത്തെ മൊത്തമായി പരിഗണിച്ചാലേ സാദ്ധ്യമാവൂ. അത്തരമൊരു പരിഗണനയില്‍ ഏറിയോ കുറഞ്ഞോ നീതീകരിക്കാവുന്നതായ രണ്ടു് മാതൃകകളുണ്ടു്. ഒന്നു്, ഐന്‍സ്റ്റൈന്‍ എടുത്തുമാറ്റിയ കോസ്മൊളോജിക്കല്‍ കോണ്‍സ്റ്റന്റിനെ പങ്കുചേര്‍ത്തുകൊണ്ടുണ്ടുള്ളതു്‌. മറ്റൊന്നു്, അഞ്ചാമത്തെ ഒരു പുതിയ ഫീല്‍ഡ്‌, അഥവാ അഞ്ചാമതൊരു പ്രപഞ്ചശക്തി കണ്ടെത്തുക എന്നതു്‌. അത്തരമൊരു ഫീല്‍ഡില്‍ ഡാര്‍ക്ക് എനര്‍ജി കോണ്‍സ്റ്റന്റ് ആയിരിക്കുകയില്ല, ഡൈനാമിക് ആയിരിക്കും. അതു് സമയത്തിനു് ആപേക്ഷികമായി വ്യത്യാസം വരുന്ന ഒന്നായിരിക്കുമെന്നു് സാരം. ഈവിധം ഒരു പുതിയ ഫീല്‍ഡ്‌ തെളിയിക്കപ്പെട്ടാല്‍, അതു് ശാസ്ത്രത്തിലെ അടിസ്ഥാനപരവും വിപ്ലവകരവുമായ ഒരു നേട്ടമായിരിക്കും. കാരണം, അതുവഴി നമുക്കു് ലഭിക്കുന്നതു് പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഫീല്‍ഡിന്റെ പ്രതിപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അറിവായിരിക്കും.

(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ച 2008 മെയ് നാലില്‍നിന്നും വ്യത്യസ്തമായി, 2012 ജൂലൈ നാലിനു്‌ ഹിഗ്സ് ബോസോണുമായി കണ്‍സിസ്റ്റന്റ് ആയ ഒരു കണം കണ്ടെത്തിയെന്നു്‌ CERN പ്രഖ്യാപിച്ചു. https://home.cern/topics/higgs-boson)

 
Comments Off on ദൈവമല്ലാത്ത ഊര്‍ജ്ജങ്ങള്‍

Posted by on May 4, 2008 in ലേഖനം

 

Tags: , , ,