കേരവൃക്ഷങ്ങള്‍ തിങ്ങി വളരുന്ന അളമായതുകൊണ്ടാണു് കേരളത്തിനു് കേരളം എന്നു് പേരു് വീണതെന്നു് പണ്ടു് പള്ളിക്കൂടത്തിലെ സാറന്മാരു് പറഞ്ഞുകേട്ടിട്ടുണ്ടു്. പക്ഷേ, കുറേ നാളത്തെ ഇങ്ക്വിലാബ് വിളിയുടെ പിന്‍ബലത്തില്‍ നേതാക്കളായിത്തീരുന്നവരുടെ ചളപിളാച്ചിയുടെ ഫലമായി, അളം കുളമായി മാറുമ്പോള്‍ സമൂഹം കരാളമായി, കേരളമായി പരിണമിക്കുകയാണെന്നാണു് എന്റെ വിശ്വാസം. ആത്മീയതയുടെ ദൃഷ്ടിയിലൂടെ നോക്കിയാല്‍ ഒരുതരം ട്രാന്‍സ്‌സെന്‍ഡെന്‍റല്‍ ഫ്യൂഷന്‍. രണ്ടല്ല ഒന്നുതന്നെ. അദ്വൈതം! തന്മൂലം, ഒന്നായതിനെ ഇടയ്ക്കിടെ രണ്ടെന്നു് കാണേണ്ടിവന്നാല്‍ ഇണ്ടലിന്റെ ആവശ്യമില്ല. മിണ്ടാതിരുന്നാല്‍ മതി. മൌനം വിദ്വാനു് ഭൂഷണം. വിദ്വാന്‍മാര്‍ മിണ്ടാതിരുന്നാലല്ലേ കപടവിദ്വാന്‍മാര്‍ക്കു് ജനങ്ങളെ കബളിപ്പിച്ചു് ചൂഷണം ചെയ്യാന്‍ പറ്റൂ. നേതാക്കള്‍ നിരന്തരം നടത്തുന്ന പരസ്പരവിരുദ്ധമായ പരസ്യപ്രസ്താവനകള്‍ വഴി ചക്കേതു് കൊക്കേതു് എന്നറിയാതെ വട്ടു് പിടിച്ച ജനം. ചിക്കുന്‍ ഗുനിയയും മറ്റു് പകര്‍ച്ചവ്യാധികളും പോരെന്നാവാം. ജനങ്ങള്‍ ദിനംപ്രതി പകര്‍ച്ചവ്യാധിമൂലം മരിക്കുമ്പോള്‍ അതിനുള്ള നിവാരണമാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനു് പകരം ഹര്‍ത്താല്‍ ആചരിക്കുന്നവരെ കേരളത്തിലേ കാണാന്‍ കഴിയൂ എന്നു് തോന്നുന്നു.
ആരുപറഞ്ഞു കേരളം ഒരു ഭ്രാന്താലയമാണെന്നു്? കേരളം ഒരു മേളാലയമാണു്. കേരളത്തില്‍ മരണം പോലും ഒരു മേളയാണു്. തൂങ്ങിമരിച്ച ഒരു അനാഥന്റെ മൃതശരീരം കഴുത്തിലെ കയര്‍ സഹിതം പത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നതു് ലോകത്തില്‍ മറ്റെവിടെ കാണാന്‍ സാധിക്കും? അഥവാ കാണാന്‍ കഴിഞ്ഞാല്‍ തന്നെയും, അതു് മനുഷ്യത്വവും സംസ്കാരവും ഉള്ളവര്‍ അനുകരിക്കണമെന്നുമില്ല. വിശുദ്ധമേളകളില്‍ നിയന്ത്രണം വിട്ട ആന മനുഷ്യനെ ചവിട്ടിപ്പിടിച്ചു് കുത്തിക്കൊല്ലുന്നതു് പത്രത്തില്‍ കാണിച്ചില്ലെങ്കില്‍ അതുകണ്ടു് ആമോദം കൊള്ളുവാന്‍ നാട്ടുകാര്‍ക്കു് കഴിയുന്നതെങ്ങനെ? അത്രമാത്രം മരവിച്ചുകഴിഞ്ഞു മലയാളിയുടെ മനസ്സ്. മനുഷ്യമനസ്സും മദ്യപാനിയേപ്പോലെയാണു് – ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ പെട്രോളോ ഡീസലോ ഒക്കെ കുടിച്ചാലേ ഒരു കിക്ക് കിട്ടൂ. എന്തും ശീലിക്കാന്‍ കാലാന്തരത്തില്‍ മനുഷ്യനു് കഴിയും. സാമൂഹികജീര്‍ണ്ണതയും ഇതിനൊരപവാദമല്ല.
മരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ കഴിയില്ലെന്നു് വരുമ്പോഴാണു് മനുഷ്യര്‍ പലപ്പോഴും ആത്മഹത്യ ചെയ്യുന്നതു്. ചത്താലും അവര്‍ക്കു് സ്വൈര്യം കൊടുക്കാതിരിക്കണമോ?
ജനങ്ങളും, അവരുടെ ആളോഹരി കടവും പെരുകുന്നു. അന്ധവിശ്വാസികള്‍, അര്‍ദ്ധപ്പട്ടിണിക്കാര്‍, ചുമട്ടുതൊഴിലാളികള്‍. പട്ടിണി കിടക്കാന്‍ ഒരു വയര്‍ കൂടി. ഇങ്ക്വിലാബ് വിളിക്കാന്‍ ഒരു തൊണ്ട കൂടി. കൂപ്പുവാന്‍ മെലിഞ്ഞ രണ്ടു് കൈകള്‍ കൂടി. ദുരിതം അനുഭവിക്കുന്ന മനുഷ്യാത്മാക്കളുടെ രക്തം കുടിച്ചു് ജീവിച്ചുകൊണ്ടു് അവരെ അവഗണിക്കുന്ന രാഷ്ട്രീയ-ആത്മീയ നേതൃത്വം. ശിരസ്സു് സമുന്നതവും മനസ്സു് സ്വതന്ത്രവുമായ ഒരവസ്ഥ ടാഗോര്‍ സ്വപ്നം കണ്ടു. ഇവിടെ ശിരസ്സു് ചാക്കുകെട്ടു് ചുമക്കുന്നു. മനസ്സു് അന്ധകാരം തേടുന്നു. അന്യായപലിശയ്ക്കു് പണം കടം വാങ്ങി, തിരിച്ചടയ്ക്കാന്‍ കഴിവില്ലാതെ കുടുംബസഹിതം ആത്മഹത്യ ചെയ്യേണ്ടിവരുന്നവര്‍. മാദ്ധ്യമങ്ങള്‍ നിറയെ നേതാക്കളുടെ വാഗ്ദാനങ്ങളാണു്. മറുപക്ഷം എന്തെല്ലാം തെറ്റുകളാണു് ചെയ്തതെന്നും, തങ്ങള്‍ എന്തെല്ലാം ശരികളാണു് ചെയ്യാന്‍ പോകുന്നതെന്നും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്ന വിഭാഗം നിരന്തരം കുരയ്ക്കുന്നു. വര്‍ത്തമാനകാലത്തെ പ്രശ്നങ്ങളുടെ പരിഹാരമല്ല, ഭൂതകാലപുരാണങ്ങളുടെ അയവിറക്കലും, ഭാവികാലത്തു് സ്വയമേവ വരാനിരിക്കുന്ന നല്ലകാലസ്വപ്നങ്ങളുമായി ചന്തി വ്രണമാകുന്നതുവരെ കുത്തിയിരിക്കലാണു് ജനങ്ങളുടെ ജോലി. അങ്ങനെയാണു് അവര്‍ പഠിപ്പിക്കപ്പെട്ടതു്.
ഏതെങ്കിലും ഗ്രന്ഥശാലാവാര്‍ഷികത്തിലാണു് പ്രസംഗമെങ്കില്‍, നാളെമുതല്‍ ഓരോ വീടും ഒരു ഗ്രന്ഥശാലയായി മാറ്റുമെന്നു് വിളംബരം ചെയ്യും. ബീഡിത്തൊഴിലാളിയൂണിയനിലാണു് പ്രസംഗമെങ്കില്‍, ബീഡികളെ മുഴുവന്‍ ചുരുട്ടുകളാക്കി മാറ്റുമെന്നു് ഉറപ്പുനല്‍കും. അതാണു് കേരളരാഷ്ട്രീയം. ഏതെങ്കിലും ഒരു പദ്ധതി ആരംഭിച്ചാല്‍ തന്നെ അതു് താമസിയാതെ തല്ലിപ്പൊളിച്ചു് മുടക്കുമുതല്‍ വേണ്ടപ്പെട്ടവര്‍ പോക്കറ്റിലാക്കും. വേണമെങ്കില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി അനുയോജ്യമായ ഒരു അന്വേഷണത്തിനു് ഉത്തരവുമിറക്കും. അന്വേഷണത്തില്‍ നിന്നു് അന്വേഷണത്തിലേക്കു്, അഴിമതിയില്‍ നിന്നു് അഴിമതിയിലേക്കു്, ഇടതില്‍ നിന്നു് വലതിലേക്കു്, വലതില്‍ നിന്നു് ഇടതിലേക്കു്. ജനങ്ങള്‍ അനുദിനം നാശത്തില്‍ നിന്നും നാശത്തിലേക്കും. ഭരിക്കുന്നവര്‍ നന്നാവാതെ സമൂഹം നന്നാവുന്നതെങ്ങനെ? സമൂഹം നന്നാവാതെ സമൂഹത്തെ ഭരിക്കുന്നവര്‍ നന്നാവുന്നതെങ്ങനെ? ജനങ്ങള്‍ തെരഞ്ഞെടുത്തു് വിടുന്നവരാണു് അവരെ ഭരിക്കുന്നതു്. സമൂഹം വളരണമെങ്കില്‍ മനുഷ്യര്‍ മാനസികമായി വളരണം. മറ്റൊരു പോംവഴിയുമില്ല.
മതങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നിരിക്കുന്നിടത്തോളം മാനസികവളര്‍ച്ച സാദ്ധ്യമാവുകയില്ല. ഓരോ ജപവും ബോധവല്‍ക്കരണത്തിന്റെ വിപരീത ദിശയിലേക്കു് വയ്ക്കപ്പെടുന്ന ഓരോ ചുവടുകളാണു്. മനസ്സിനെ അന്ധവിശ്വാസങ്ങളുടെയും അജ്ഞതയുടെയും തടവറയില്‍ തളച്ചിടുവാന്‍ ജപമാലയെക്കാള്‍ അനുയോജ്യവും, കരുത്തേറിയതുമായ ഒരു ചങ്ങലയുമില്ല. ആവര്‍ത്തിച്ചവയുടെ ആവര്‍ത്തനം മനുഷ്യചേതനയെ മന്ദീഭവീപ്പിക്കാനേ ഉപകരിക്കൂ. ജപം വഴി മനുഷ്യന്‍ അവനെത്തന്നെ ഹിപ്നോട്ടൈസ് ചെയ്യുന്നു. ചര്‍വ്വിതചര്‍വ്വണത്തിനു് തലച്ചോറിന്റെ പങ്കാളിത്തം ആവശ്യമില്ല. മനുഷ്യരുടെ തലച്ചോറിനെ ഓഫ് ചെയ്യുക എന്നതാണു് ഏതു് ജപവും ലക്‍ഷ്യമാക്കുന്നതു്.