ശവക്കല്ലറയിലായിരുന്ന മൂന്നു് ദിവസങ്ങളിൽ യേശു നിഷ്ക്രിയനായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ മൂന്നു് ദിവസങ്ങൾ എന്നതു് അത്ര ശരിയായ കണക്കല്ല. കാരണം, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു് മരണമടഞ്ഞ യേശു അന്നു് വൈകിട്ടെപ്പോഴെങ്കിലുമാവണം കല്ലറയിൽ വയ്ക്കപ്പെട്ടതു്. ശനിയാഴ്ച യഹൂദർക്കു് ശബത്തുനാൾ ആയതിനാൽ ആരും കല്ലറയുടെ ഭാഗത്തേക്കു് പോയിട്ടുമില്ല. ഞായറാഴ്ച അതിരാവിലെ അവിടെ എത്തിയവരാണു് കല്ലറ ഒഴിഞ്ഞുകിടക്കുന്നതായി കണ്ടതു്. തത്വത്തിൽ, വെള്ളിയാഴ്ച രാത്രി തന്നെ യേശു ഉയിർത്തെഴുന്നേറ്റിരുന്നു എന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതു് കണ്ണുമടച്ചു് നിഷേധിക്കാനാവില്ല എന്നർത്ഥം. അതെന്തായാലും, ഉള്ള സമയം കളയാതെ യേശു നരകത്തിൽ എത്തി ആദാം മുതൽ സ്നാപകയോഹന്നാൻ വരെയുള്ള മുഴുവൻ നീതിമാന്മാരെയും സാത്താന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു എന്നാണു് നിക്കോദിമോസിന്റെ സുവിശേഷം എന്നറിയപ്പെടുന്ന അപ്പോക്രിഫയിൽ രേഖപ്പെടുത്തിയിരിക്കുന്നതു്.
ആ സുവിശേഷത്തിന്റെ ആദ്യഭാഗത്തു് പീലാത്തോസിന്റെ മുന്നിൽ വച്ചു് യേശു വിചാരണ ചെയ്യപ്പെടുന്നതിനെക്കുറിച്ചു് വളരെ വിശദമായും, അതേസമയം, കുരിശിൽ തറയ്ക്കപ്പെടുന്നതും, മന്ത്രിയും യേശുവിനെ പിന്തുടർന്നിരുന്നവനും ദൈവരാജ്യത്തിന്റെ വരവു് കാത്തിരുന്നവനുമായ അരിമത്യക്കാരൻ യോസേഫ് (ലൂക്കോസ് 23:50-56) മൃതശരീരം ഏറ്റുവാങ്ങുന്നതും കല്ലറയിൽ വക്കുന്നതുമെല്ലാം സംബന്ധിച്ചു് വളരെ ചുരുക്കത്തിലും വർണ്ണിച്ചിട്ടുണ്ടു്. അതിന്റെ രണ്ടാം ഭാഗത്തു് യേശു യഥാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റുവോ എന്നതിനെ സംബന്ധിച്ചു് യഹൂദരുടെ ന്യായാധിപസംഘം (Synedrium) നടത്തുന്ന അന്വേഷണങ്ങൾ വിശാലമായി വിവരിച്ചിരിക്കുന്നു. പുതിയനിയമകാലത്തെ യഹൂദരുടെ ഒരുതരം സുപ്രീം കോടതിയായിരുന്ന ആ സംഘത്തിൽ മഹാപുരോഹിതന്മാരും, ഉന്നതകുടുംബങ്ങളിലെ തലവന്മാരും, പരീശന്മാരിൽപെട്ട ശാസ്ത്രികളും അടങ്ങുന്ന 71 പേർ അംഗങ്ങളായിരുന്നു.
മൂന്നാം ഭാഗത്തിനു് നൽകപ്പെട്ടിരിക്കുന്ന പേരു് ‘ക്രിസ്തുവിന്റെ നരകാവരോഹണം’ (Descensus Christi ad inferos) എന്നാണു്. യേശു നരകത്തിൽ നിന്നും മോചിപ്പിച്ചു് സ്വർഗ്ഗത്തിൽ എത്തിച്ചവരിൽ പെട്ട രണ്ടു് പുരുഷന്മാരാണു് അതു് എഴുതിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ നരകയാത്ര ആദ്യം എഴുതപ്പെട്ടതു് ഗ്രീക്ക് ഭാഷയിൽ ആയിരുന്നു. പിൽക്കാലത്തു് അവസാനഭാഗത്തു് ശ്രദ്ധാർഹമായ ചില മാറ്റങ്ങൾ വരുത്തി അതിന്റെ ഒരു ലാറ്റിൻ പരിഭാഷ രൂപമെടുക്കുകയായിരുന്നു. അതിൽ, ഉദാഹരണത്തിനു്, പീലാത്തോസ് ഒരു കത്തുമായി തന്റെ കൈസറിനു് മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. കൈസറുടെ പേരു് Claudius എന്നാണു് കൊടുത്തിരിക്കുന്നതു്. പക്ഷേ, പീലാത്തോസ് ജീവിച്ചിരുന്നതു് Tiberius റോമൻകൈസർ ആയിരുന്ന കാലത്താണു്. ലൂക്കോസിന്റെ സുവിശേഷത്തിൽ സ്നാപകയോഹന്നാനെ പരാമർശിക്കുന്ന ഭാഗത്തു് ബൈബിളിലും Tiberius റോമൻ കൈസർ ആയിരുന്നു എന്നു് സൂചിപ്പിക്കപ്പെടുന്നുമുണ്ടു്:
“തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യനാടു് വാഴുമ്പോൾ, ഹേരോദാവു് ഗലീലയിലും അവന്റെ സഹോദരനായ ഫിലിപ്പോസ് ഇതൂര്യ ത്രഖോനിത്തി ദേശങ്ങളിലും (Iturea and the region of Trachonitis) ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാനു് മരുഭൂമിയിൽ വെച്ചു് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.” – ലൂക്കോസ് 3:1-3
ക്ലൗഡിയസിന്റെ കാലത്തു് പത്രോസും മന്ത്രവാദിയായ ഒരു ശീമോനും തമ്മിൽ നടന്ന തർക്കത്തിൽ പീലാത്തോസിന്റേതെന്നു് പറയപ്പെടുന്ന ഈ കത്തു് ഉപയോഗിക്കപ്പെട്ടിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നും വിരുദ്ധമായി നീക്കോദിമോസ് സുവിശേഷത്തിൽ പീലാത്തോസ് ക്ലൗഡിയസിന്റെ കാലത്തിലേക്കു് പറിച്ചുനടപ്പെട്ടതിന്റെ കാരണം അതാവാം. ഈ കത്തിൽ പീലാത്തോസ് വളരെ നീതിനിഷ്ഠയുള്ളവനും നല്ലവരിൽ നല്ലവനുമായും, യേശുവിന്റെ മരണത്തിനുള്ള മുഴുവൻ ഉത്തരവാദിത്വവും യഹൂദരുടേതുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
പീലാത്തോസിന്റെ മുന്നിൽ വച്ചു് നടന്ന യേശുവിന്റെ വിചാരണ വേളയിൽ സംഭവിച്ചതായി വർണ്ണിക്കപ്പെടുന്നതും, അംഗീകൃതബൈബിളിൽ ഇല്ലാത്തതുമായ വിവിധ അത്ഭുതങ്ങളിലേക്കു് സ്ഥലപരിമിതിമൂലം ഇവിടെ കടക്കുന്നില്ല. അതുപോലെതന്നെ, പീലാത്തോസിൽ നിന്നും യേശുവിന്റെ മൃതശരീരം ചോദിച്ചുവാങ്ങി പുതിയതും തന്റെ സ്വന്തവുമായിരുന്ന കല്ലറയിൽ സംസ്കരിക്കുന്ന അരിമത്യനായ യോസേഫിനെ യഹൂദർ പിടികൂടുന്നതും, പിറ്റേന്നു് ശാബത്തായതിനാൽ ആഴ്ചയുടെ ആദ്യദിവസം ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി ‘ജനലുകളില്ലാത്ത‘ ഒരു വീട്ടിൽ തടവിലാക്കുന്നതും, വീടിന്റെ വാതിൽ അടച്ചു് ഭദ്രമാക്കി മുദ്രവച്ചു് കാവൽക്കാരെ നിർത്തുന്നതും, ഇത്രയൊക്കെ ചെയ്തിട്ടും അവനെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ യേശു രക്ഷപെടുത്തുന്നതിന്റേയുമെല്ലാം വിശദാംശങ്ങൾ വിസ്താരഭയം മൂലം ഒഴിവാക്കുകയേ നിവൃത്തിയുള്ളു. പിന്നീടു് യഹൂദരുടെ ന്യായാധിപസംഘത്തിനുമുന്നിൽ വച്ചു് നടന്ന വിചാരണയിൽ ശനിയാഴ്ച അർദ്ധരാത്രിയിൽ താൻ തടങ്കലിൽ ആക്കപ്പെട്ടിരുന്ന വീടിന്റെ നാലു് മൂലകളും ഒപ്പം മുകളിലേക്കു് ഉയർത്തപ്പെടുകയും, ഇടിമിന്നൽ ഉണ്ടാവുകയും, താൻ ഭയപ്പെട്ടു് തറയിൽ വീഴുകയും ചെയ്തു എന്നും അപ്പോൾ യേശു അവനെ കൈപിടിച്ചു് പുറത്തുകടത്തുകയായിരുന്നു എന്നും മറ്റും യോസേഫ് വ്യക്തമാക്കുന്നുണ്ടു്.
അതുപോലെതന്നെ, യേശു നരകത്തിൽ എത്തി ആദാം മുതൽ സ്നാപകയോഹന്നാൻ വരെയുള്ള സകല മരിച്ചവരെയും രക്ഷപെടുത്തിയ വിവരം മറ്റൊരവസരത്തിൽ ന്യായാധിപസംഘത്തെ അറിയിക്കുന്നതും യോസേഫാണു്. ന്യായാധിപസംഘത്തോടു് അവൻ ചോദിക്കുന്നു: “യേശു ഉയിർത്തെഴുന്നേറ്റു എന്നതിലാണോ നിങ്ങൾ അത്ഭുതം കൊള്ളുന്നതു്? പക്ഷേ, യഥാർത്ഥ അത്ഭുതം അവൻ ഉയിർത്തെഴുന്നേറ്റതോടൊപ്പം അനേകം മരിച്ചവരേയും ഉയിർത്തെഴുന്നേൽപിച്ചു എന്നതാണു്. അവരിൽ പലരും യേരുശലേമിൽ പ്രത്യക്ഷപ്പെടുകയുമുണ്ടായി. അവരിൽ മറ്റാരെയും നിങ്ങൾ വിശ്വസിച്ചില്ലെങ്കിലും, യേശു കുഞ്ഞായിരുന്നപ്പോൾ അവനെ കൈകളിൽ എടുത്തവനായ ശിമെയോന്റെ രണ്ടു് മക്കളെ നിങ്ങൾ വിശ്വസിക്കുന്നുണ്ടാവുമല്ലോ? മരിച്ചവരായ അവരെ നമ്മൾ സംസ്കരിച്ചിട്ടു് അധികനാളായിട്ടില്ല എന്നും നിങ്ങൾക്കറിയാം. പക്ഷേ, ഇപ്പോൾ അവരുടെ ശവക്കല്ലറകൾ തുറന്നിരിക്കുന്നതും അതു് ശൂന്യമായിരിക്കുന്നതും ആർക്കും പോയി കാണാവുന്നതുമാണു്. അവരാണെങ്കിൽ ഇപ്പോൾ അരിമത്യയിൽ ഉണ്ടുതാനും.” അങ്ങനെ ന്യായാധിപസംഘത്തിൽ പെട്ടവരും മഹാപുരോഹിതന്മാരുമായ ഹന്നാവും കയ്യഫാവും യോസേഫിനോടും നിക്കോദിമോസിനോടും ഗമാലിയേലിനോടുമൊപ്പം അരിമത്യയിലെത്തി ശിമെയോന്റെ രണ്ടു് മക്കളെയും ‘ജീവിച്ചിരിക്കുന്നവരായി’ കാണുകയും അവരെ യേരുശലേമിലേക്കു് കൊണ്ടുവരികയും ചെയ്യുന്നു. സിനഗോഗിൽ എത്തിയ അവരോടു് യഹോവയിലും പഴയനിയമത്തിലും ആണയിട്ടു് അവരെ ഉയിർത്തെഴുന്നേൽപിച്ചതു് സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ മുഖത്തു് കുരിശടയാളം വരക്കുകയും കടലാസും മഷിയും തൂവലും ചോദിച്ചുവാങ്ങി യേശുവിന്റെ നരകയാത്ര സംബന്ധിച്ച കൃത്യമായ വിവരങ്ങൾ താഴെക്കാണും പ്രകാരം രേഖപ്പെടുത്തുകയുമായിരുന്നത്രെ:
ലോകത്തിന്റെ ഉയിർത്തെഴുന്നേൽപ്പും ജീവനുമായ യേശുനാഥാ, നിന്റെ ഉയിർത്തെഴുന്നേൽപിനെപ്പറ്റിയും, നരകത്തിൽ നീ ചെയ്ത അത്ഭുതപ്രവൃത്തികളെപ്പറ്റിയും വർണ്ണിക്കാൻ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ! ആദികാലം മുതൽ മരണമടഞ്ഞവരായ മറ്റെല്ലാവരോടുമൊപ്പം ഞങ്ങളും നരകത്തിൽ ആയിരുന്നു. പാതിരാവിന്റെ നാഴികയിൽ നരകത്തിന്റെ അന്ധകാരത്തിൽ സൂര്യപ്രകാശം പോലുള്ള വെളിച്ചം ഉണ്ടായി. എല്ലാവർക്കും തമ്മിൽത്തമ്മിൽ കാണാൻ കഴിഞ്ഞു. ഉടനെതന്നെ പിതാവായ അബ്രാഹാമും മറ്റു് പുരാതനപിതാക്കന്മാരും പ്രവാചകന്മാരും ഒരുമിച്ചുകൂടി പരസ്പരം പറഞ്ഞു: “വാഗ്ദത്തം ചെയ്യപ്പെട്ട വലിയ വിളക്കുകളുടെ പ്രകാശമാണതു്!” അപ്പോൾ അവരോടൊപ്പം ഉണ്ടായിരുന്നവനായ യെശയ്യാപ്രവാചകൻ സ്ഥിരീകരിച്ചു: “പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പ്രകാശമാണതു്. ജീവിച്ചിരുന്ന കാലത്തു് ഞാൻ അതിനെപ്പറ്റി പ്രവചിച്ചിരുന്നു. കാണുക, സെബൂലൂന്റെയും നഫ്താലിയുടെയും രാജ്യത്തിൽ അന്ധകാരത്തിൽ കഴിയുന്നവരായ ജനങ്ങളുടെ മേൽ ഒരു വലിയ പ്രകാശം പതിക്കുന്നു.” അതിനുശേഷം മരുഭൂമിയിൽ നിന്നുള്ള ഒരു സന്ന്യാസി ഞങ്ങളുടെ മദ്ധ്യത്തിലേക്കു് വന്നു. പിതാക്കന്മാർ അവനോടു് നീ ആരാണെന്നു് ചോദിച്ചപ്പോൾ അവന്റെ മറുപടി: “ഞാൻ പ്രവാചകന്മാരിൽ അവസാനത്തവനും, ദൈവപുത്രനു് വഴിനിരപ്പാക്കാൻ വന്നവനും, ജനങ്ങളോടു് പാപമോചനത്തിനായി അനുതപിച്ചു് മാനസാന്തരപ്പെടാൻ പ്രസംഗിച്ചവനുമായ യോഹന്നാനാണു്. ദൈവപുത്രൻ എന്റെയടുത്തേക്കു് വരുന്നതായി അകലനിന്നേ കണ്ടപ്പോൾതന്നെ ഞാൻ ജനങ്ങളോടു്പറഞ്ഞു: കാണൂ, ഇതാ ലോകത്തിന്റെ പാപഭാരം ഏറ്റെടുക്കുന്ന ദൈവത്തിന്റെ ആട്ടിൻകുട്ടി! എന്റെ കൈകൾ കൊണ്ടു് അവനെ ഞാൻ യോർദ്ദാൻ നദിയിൽ മാമൂദീസ മുക്കിയപ്പോൾ പരിശുദ്ധാത്മാവു് ഒരു പ്രാവിന്റെ രൂപത്തിൽ അവനിൽ വന്നിറങ്ങുന്നതു് ഞാൻ കാണുകയും, ഇതാ, ഞാൻ തിരഞ്ഞെടുത്തവനായ എന്റെ പ്രിയ പുത്രൻ എന്ന പിതാവായ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു. അതിനാൽ, ഏകജാതനായ ദൈവപുത്രൻ ഇങ്ങോട്ടും വരുന്നു എന്നു് നിങ്ങളെ അറിയിക്കാനായി അവൻ എന്നെ നിങ്ങളുടെ അടുത്തേക്കും അയച്ചിരിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും, അവനിൽ വിശ്വസിക്കാത്തവരോ വിധിക്കപ്പെടും. അതുകൊണ്ടു് ഞാൻ നിങ്ങളോടു് പറയുന്നു: മുകളിലെ ശൂന്യതയുടെ ലോകത്തിൽ വച്ചു് നിങ്ങൾ വിഗ്രഹങ്ങളെ ആരാധിച്ചതിനും, പാപങ്ങൾ ചെയ്തതിനുമായി അനുതപിച്ചു് മാനസാന്തരപ്പെടാനുള്ള സമയം ഇതാണു്. മറ്റൊരവസരം അതിനായി നിങ്ങൾക്കു് ലഭിക്കുകയില്ല.”
സ്നാപകയോഹന്നാൻ നരകത്തിൽ ഇപ്രകാരം പ്രസംഗിച്ചുകൊണ്ടിരുന്നതു് കേട്ടപ്പോൾ ആദ്യമനുഷ്യനും ആദിപിതാവുമായ ആദാം തന്റെ മകനായ ശേത്തിനോടു് പറഞ്ഞു: “പ്രിയമകനേ, ഞാൻ മരിക്കാൻ കിടന്നപ്പോൾ നിന്നെ എങ്ങോട്ടാണു് അയച്ചതെന്നു് മനുഷ്യരാശിയുടെ ഈ എല്ലാ പിതാക്കന്മാരേയും പ്രവാചകന്മാരേയും പറഞ്ഞറിയിക്കൂ!” അതുകേട്ട ശേത്ത് പറഞ്ഞു: “സകല പിതാക്കന്മാരും പ്രവാചകന്മാരുമായുള്ളവരേ, കേൾക്കൂ! ആദിപിതാവും എന്റെ പിതാവുമായ ആദാം മരിക്കാൻ കിടന്നപ്പോൾ ദൈവത്തിനു് ഒരു അനുതാപപ്രാർത്ഥന അർപ്പിക്കാനായി അവൻ എന്നെ പറുദീസയുടെ പടിവാതിൽക്കലേക്കു് പറഞ്ഞയച്ചു. പ്രാർത്ഥന കേൾക്കുമ്പോൾ മാലാഖ ഇറങ്ങിവന്നു് എന്നെ കരുണയുടെ വൃക്ഷത്തിങ്കലേക്കു് കൂട്ടിക്കൊണ്ടുപോകുമെന്നും, അങ്ങനെ ആ മരത്തിൽനിന്നുമുള്ള എണ്ണകൊണ്ടു് തിരുമ്മുമ്പോൾ എന്റെ പിതാവിനു് ക്ഷീണം മാറി എഴുന്നേൽക്കാൻ ആവുമെന്നും ഉള്ള ധാരണയിലായിരുന്നു അതു്. എന്റെ പ്രാർത്ഥനക്കു് ശേഷം ദൈവത്തിന്റെ ഒരു മാലാഖ ഇറങ്ങിവന്നു് എന്നോടു് ചോദിച്ചു: ശേത്തേ, എന്താണു് നീ ആഗ്രഹിക്കുന്നതു്? നിന്റെ പിതാവിനുവേണ്ടി ബലഹീനരെ എഴുന്നേൽപ്പിക്കാൻ കഴിവുള്ള എണ്ണയോ, അതോ ചുരുങ്ങിയപക്ഷം, ആ എണ്ണ ഒഴുക്കുന്ന മരമോ നീ പ്രതീക്ഷിക്കുന്നതു്? ആ മരം പക്ഷേ ഇപ്പോഴില്ല. അതുകൊണ്ടു് നീ തിരിച്ചുപോയി നിന്റെ പിതാവിനോടു് പറയുക: ലോകസൃഷ്ടിക്കു് ശേഷം 5500 വർഷങ്ങൾ പൂർത്തിയാവുമ്പോൾ ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യരൂപമെടുത്തു് ഭൂമിയിൽ വരും. അവൻ ആ എണ്ണ കൊണ്ടു് നിന്റെ പിതാവിനെ തടവുകയും അവൻ എഴുന്നേൽക്കുകയും ചെയ്യും. അവൻ വെള്ളം കൊണ്ടും പരിശുദ്ധാത്മാവുകൊണ്ടും അവനേയും അവനിൽ നിന്നും പുറപ്പെട്ട സകല പിൻഗാമികളേയും കഴുകും. അപ്പോൾ അവൻ എല്ലാ രോഗങ്ങളിൽ നിന്നും മുക്തനാവും. പക്ഷേ, ഇപ്പോൾ അതു് സാദ്ധ്യമല്ല.” പുരാതനപിതാക്കളും പ്രവാചകന്മാരും ഇതു് കേട്ടപ്പോൾ അത്യന്തം സന്തുഷ്ടരായി.
(നരകത്തിലെത്തിയ യേശു സാത്താനേയും നരകനാഥനേയും കീഴടക്കി മരിച്ചവരെ മോചിപ്പിക്കുന്നതും അവർ പറുദീസയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം അടുത്തതിൽ)