RSS

F.B. 2011-13

December 2013

Dec 2, 2013, 1:58 PM

“വര്‍ഗ്ഗശത്രുക്കളോടുള്ള വെറുപ്പു്‌ അനിവാര്യമാണു്‌. ജനത്തിനും കമ്മ്യൂണിസത്തിനും വേണ്ടി പൊരുതാന്‍ അവരുടെ ശത്രുക്കളെ വെറുത്തുകൊണ്ടല്ലാതെ സാദ്ധ്യമല്ല”. ക്രൂഷോവ് പറഞ്ഞതാണിതു്‌.

“നമ്മുടെ ശത്രുക്കളെ സ്നേഹിക്കാന്‍ നമുക്കാവില്ല. അവരുടെ നശീകരണമാണു്‌ നമ്മുടെ ലക്ഷ്യം”. ഇതു്‌ മാവോയുടെ അരുളപ്പാടു്‌.

“ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു” എന്ന കാട്ടാളനീതിയില്‍ നിന്നു്‌ മാത്രം വരാന്‍ കഴിയുന്ന കല്പനകള്‍! ഇതുപോലുള്ള പ്രാകൃതവാക്യങ്ങള്‍ തലയിലേറ്റിക്കൊണ്ടു്‌ നടക്കുന്ന ഐഡിയോളജിക്കല്‍ ബാര്‍ബേറിയന്‍സ്, എതിര്‍പക്ഷം നടത്തിയിട്ടുള്ള കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വിളിച്ചുപറഞ്ഞു്‌ സ്വപക്ഷം നടത്തുന്ന എല്ലാ കൊലപാതകങ്ങളെയും കുറ്റകൃത്യങ്ങളെയും റിലേറ്റിവൈസ് ചെയ്യാന്‍ ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു? അത്തരം ഒരു അവസ്ഥയിലേക്കു്‌ ഇന്നത്തെ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കു്‌ അധഃപതിക്കാനാവുമോ എന്നു്‌ സംശയമുള്ളവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു്‌ നോക്കിയാല്‍ സംശയനിവൃത്തി വരുത്താം. അവിടെയെത്തിയാല്‍ ഒരു ഉത്സവപ്പറമ്പില്‍ എത്തിയ പ്രതീതിയാണു്‌, ഒട്ടും മുഷിയില്ല. കാരണം, കേരളം ദൈവത്തിന്റെ സ്വന്തം നാടു്‌ മാത്രമല്ല, മേളകളുടെയുംകൂടി നാടാണു്‌ – രാവിലെ വിപ്ലവഘോഷണമേള, ഉച്ചയ്ക്കു്‌ കൊലപാതകന്യായീകരണമേള, വൈകിട്ടു്‌ ഹ്യൂമനിസം, വിശ്വസാഹിത്യം, പ്രണയം തുടങ്ങിയവയെപ്പറ്റി വാതോരാതെയുള്ള പ്രഭാഷണമേള, അതിനിടെ മറ്റു്‌ പലതരം മേളകള്‍, പൂരങ്ങള്‍, സില്‍മാപ്പാട്ടുകള്‍ … …

മനുഷ്യര്‍ സാമൂഹികസാഹചര്യങ്ങളുടെ സൃഷ്ടി ആയിരിക്കുമ്പോഴും അവരെ ആ സാഹചര്യങ്ങളുടെ ഉത്തരവാദികളാക്കാനാവില്ല എന്നു്‌ മാര്‍ക്സ്. മനുഷ്യര്‍ എന്നാല്‍ ഹോമോ സാപിയന്‍സ് ആകെമൊത്തം. ജന്മി, മുതലാളി, തൊഴിലാളി തുടങ്ങിയ വര്‍ഗ്ഗവ്യത്യാസമൊന്നുമില്ലാതെ, എല്ലാ ഇരുക്കാലികളും മാര്‍ക്സിയന്‍ സോഷ്യല്‍ മെക്കാനിസത്തിലെ ഓരോ ചെറിയ വീലുകള്‍ മാത്രം! തന്മൂലം, മുതലാളി ചൂഷണം ചെയ്യുന്നതും, തൊഴിലാളി ചൂഷണം ചെയ്യപ്പെടുന്നതുമെല്ലാം ചരിത്രഗതിയുടെ ഫലമായി സംഭവിക്കേണ്ടുന്ന അനിവാര്യതകളാണു്‌. അങ്ങനെ, മനുഷ്യര്‍ ഒന്നടങ്കം നിസ്സഹായരായി നോക്കിനില്‍ക്കുമ്പോള്‍, ചരിത്രഗതിയുടെ ഫലമായി, സമൂഹത്തില്‍ ദുരിതങ്ങളും കഷ്ടപ്പാടുകളും പെരുകുന്നു – ഇനിയൊട്ടും പെരുകാനില്ലാത്തവിധം! അപ്പോള്‍, ചരിത്രഗതിയുടെ ഫലമായി, ക്യാപിറ്റലിസത്തെ നശിപ്പിച്ചുകൊണ്ടു്‌ സ്വയം സ്വതന്ത്രമാക്കാനായി തൊഴിലാളിവര്‍ഗ്ഗം വിപ്ലവകാഹളമൂതുന്നു. ശ്രദ്ധിക്കുക: നശിപ്പിക്കലും, വിപ്ലവവും, സ്വതന്ത്രമാക്കലുമെല്ലാം ചരിത്രഗതിയുടെ ഫലമായി നിര്‍ബന്ധമായും സംഭവിക്കേണ്ട അനിവാര്യതകളാണു്‌! ലോകം ഡിറ്റെര്‍മിനിസ്റ്റിക് ആണെന്ന, ന്യൂട്ടോണിയന്‍ സയന്‍സിന്റെ കാലത്തു്‌ ബൗദ്ധികലോകത്തില്‍ പ്രബലമായിരുന്ന ചിന്ത തന്റെ “സയന്റിഫിക് തിയറി”യിലേക്കു്‌ (ഉരുക്കുനിയമം!) ഏറ്റെടുത്ത മാര്‍ക്സ് ലോകചരിത്രത്തിന്റെ ഗതിയും ഡിറ്റെര്‍മിനിസ്റ്റിക് ആണെന്നു്‌ തെറ്റിദ്ധരിച്ചു, അത്രേയുള്ളു.

അതായതു്‌, മാര്‍ക്സിന്റെ അഭിപ്രായത്തില്‍, തനിക്കു്‌ യാതൊരു നിയന്ത്രണവുമില്ലാത്ത ചില സാമൂഹികസാഹചര്യങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്നവരാണു്‌ മനുഷ്യര്‍. അതേ സാമൂഹികസാഹചര്യങ്ങളുടെ ഉത്തരവാദിത്വമാണു്‌ അതേ മനുഷ്യരുടെ തലയിലേക്കു്‌ മാര്‍ക്സ് വച്ചുകെട്ടിക്കൊടുക്കുന്നതു്‌! ഇതിലെ ലോജിക് പിടികിട്ടിയോ? ഇല്ലെങ്കില്‍ കമ്മ്യൂണിസത്തെപ്പറ്റിയും, മാര്‍ക്സിയന്‍ ലോജിക്കിനെപ്പറ്റിയുമൊന്നും നിങ്ങള്‍ക്കു്‌ ഒരു ചുക്കുമറിയില്ല എന്നേ അതിനര്‍ത്ഥമുള്ളു.

Dec 3, 2013, 11:46 AM

“Say all you have to say in the fewest possible words, or your reader will be sure to skip them; and in the plainest possible words or he will certainly misunderstand them”.

“The essence of lying is in deception, not in words”.

“Let us reform our schools, and we shall find little reform needed in our prisons”.

“The first duty of government is to see that people have food, fuel, and clothes. The second, that they have means of moral and intellectual education”.

 • John Ruskin (1819 – 1900)

Dec 5, 2013, 12:23 PM

മനസ്സാക്ഷി

വിശ്വാസം മാത്രമല്ല, മനസ്സാക്ഷിയും വരുന്നതു്‌ ചെവിയില്‍ നിന്നും കണ്ണില്‍ നിന്നുമാണു്‌. മനസ്സാക്ഷി ഒരിക്കലും ഒരു പ്രത്യേക പ്രവണതയോ, ജന്മവാസനയോ അല്ല, അതു്‌ രൂപമെടുത്തതോ, പലപ്പോഴും വളരെ ശ്രമപ്പെട്ടു്‌ കുത്തിനിറയ്ക്കപ്പെട്ടതോ ആയ ഒന്നാണു്‌. ഒരിക്കലെങ്കിലും ഒരു ശിക്ഷ കാണുകയോ അനുഭവിക്കുകയോ, മറ്റുള്ളവരില്‍ നിന്നും അധിക്ഷേപം കേള്‍ക്കുകയോ, അല്ലെങ്കില്‍ മറ്റുള്ളവരെ അധിക്ഷേപിക്കുകയോ – കാരണം, മറ്റുള്ളവരില്‍ തെറ്റുകളായി നമ്മള്‍ കാണുന്നതു്‌, ഒന്നുകില്‍ ഒരിക്കലും നമ്മള്‍ നമ്മളില്‍ത്തന്നെ കാണാത്തതോ, അല്ലെങ്കില്‍, ചുരുങ്ങിയപക്ഷം, അവ തെറ്റുകളാണെന്നു്‌ മനസ്സിലാക്കുകയെങ്കിലും ചെയ്യാത്തതോ ആയ കാര്യങ്ങളാണല്ലോ – ചെയ്യാത്ത ഒരുവനു്‌ ഒന്നിനെപ്പറ്റിയും ഒരിക്കലും സ്വയം കുറ്റപ്പെടുത്താനാവുകയില്ല. മനുഷ്യന്‍ ചെയ്യുന്നതു്‌ മറ്റുള്ളവര്‍ – അവന്റെ മാതാപിതാക്കള്‍, അവന്റെ സമകാലികര്‍, സഹപ്രവര്‍ത്തകര്‍, അവന്റെ നാട്ടുകാര്‍ – ചെയ്യുന്നതും അംഗീകരിക്കുന്നതുമായി അവന്‍ കാണുന്ന കാര്യങ്ങളാണു്‌ – അതുകൊണ്ടു്‌ അതവന്‍ നല്ല മനസ്സാക്ഷിയോടുകൂടി ചെയ്യുന്നു. ഒരു കുറ്റകൃത്യമോ ഒരു ദുര്‍വൃത്തിയോ ഒരിടത്തു്‌ ആചാരമോ ശീലമോ ആണെങ്കില്‍ അവിടത്തെ മനുഷ്യര്‍ക്കു്‌ ആ കുറ്റകൃത്യത്തിലോ ദുര്‍വൃത്തിയിലോ മനസ്സാക്ഷിക്കുത്തു്‌ തോന്നേണ്ട കാര്യമില്ല. ശിക്ഷാര്‍ഹമായ ഒരുകാര്യം – ആ ശിക്ഷ മറ്റുള്ളവരുടെ വിപരീതമായ വിധി ആയാല്‍ പോലും – ചെയ്യുന്നതിനുള്ള ഭയമാണു്‌ മനസ്സാക്ഷി.

മിക്കവാറും എല്ലാ മനുഷ്യരുടെയും കാര്യത്തില്‍, മനസ്സാക്ഷിയുടെ ശബ്ദമെന്നതു്‌ പൊതുവിന്റെ ശബ്ദമല്ലാതെ മറ്റൊന്നുമല്ല. താന്‍ ചെയ്യുന്നതിനെപ്പറ്റി ആളുകള്‍ പറയുന്നതായി അവരുടെ ചെവിയില്‍ മുഴങ്ങുന്നതായ ശബ്ദം. ആ ശബ്ദത്തോടുള്ള ഭയമാണു്‌ പലപ്പോഴും മനുഷ്യരെ കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും, അതുപോലെതന്നെ കുറ്റകൃത്യങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കുന്നതു്‌.

“മനുഷ്യർ നിങ്ങൾക്കു്‌ ചെയ്യേണം എന്നു്‌ നിങ്ങൾ ഇച്ഛിക്കുന്നതു്‌ ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; (ന്യായപ്രമാണവും പ്രവാചകന്മാരും ഇതുതന്നേ)” – മത്തായി 7: 12

ഇതിന്റെ നിഷേധരൂപം യഹൂദഗ്രന്ഥമായ റ്റാല്‍മഡില്‍: “നീ നിന്റെ അയല്‍ക്കാരനെ കുറ്റപ്പെടുത്തുന്ന കാര്യം സ്വയം ചെയ്യാതിരിക്കുക.”

മോഷ്ടാവും അവന്റെ മുതല്‍ മോഷ്ടിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കൊലപാതകി അവന്റെ ജീവന്‍ എടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല. മറ്റുള്ളവരോടുള്ള തന്റെ ചെയ്തികള്‍ക്കും പെരുമാറ്റങ്ങള്‍ക്കും വിപരീതമായി, തന്റെ മുതല്‍, തന്റെ ജീവന്‍ തനിക്കു്‌ വിശുദ്ധമാണന്നും അതു്‌ മറ്റുള്ളവരാല്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്നുമുള്ള കുറ്റവാളികളുടെ ഈ ഇച്ഛയാണു്‌ മനസ്സാക്ഷിയുടെയും, നീതി-, അനീതിബോധത്തിന്റെയും ആന്തരികമായ കാരണം.

 • Ludwig Feuerbach in Theogonie

Dec 7, 2013, 1:01 PM

ഭൂതകാല ട്രാന്‍സ്ഗ്രെഷനുകളുടെ അസ്ഥിപഞ്ജരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ക്യാറ്റകോമ്പുകള്‍ തോറും കയറിയിറങ്ങി വിവരപ്പട്ടികയുണ്ടാക്കലായിരുന്നു രാഷ്ട്രീയമെങ്കില്‍ ഭാരതം എത്രയോ മുന്‍പേ ഒരു പറുദീസയായി മാറേണ്ടതായിരുന്നു. സമൂഹത്തിന്റെ ഗതകാലസൗഭാഗ്യങ്ങളെ പുകഴ്ത്തുകയോ, ദുര്‍ഭാഗ്യങ്ങളെ ഇകഴ്ത്തുകയോ ചെയ്യുന്നതു്‌ ആര്‍ക്കും സാധിക്കുന്ന ഒരു കലയാണു്‌. ഭാവിയിലെങ്കിലും സ്വയം നയിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നവിധം ഇന്നു്‌ അവരെ നയിക്കാന്‍ കഴിയുന്നതു്‌ മാത്രമേ രാഷ്ട്രീയമാവൂ. അല്ലാത്തതെല്ലാം അന്തരീക്ഷം മലീമസമാക്കുന്ന വെറും ശബ്ദകോലാഹലങ്ങള്‍ മാത്രം.

Dec 8, 2013, 2:15 PM

കുറ്റിച്ചൂലിന്റെ സ്ഥാനത്തു്‌ വാക്യും ക്ലീനറായിരുന്നെങ്കില്‍ AAP-ക്കു്‌ ഇത്രയും വോട്ടു്‌ ലഭിക്കുമായിരുന്നു എന്നു്‌ തോന്നുന്നില്ല. വാക്യും ക്ലീനര്‍, ലാന്‍ഡ് റോവര്‍ എന്നൊക്കെ കേട്ടാല്‍ത്തന്നെ കോര്‍പ്പറേറ്റുകള്‍, കുത്തകഭീമന്മാര്‍, സാമ്രാജ്യത്വവാദികള്‍ മുതലായ ഭൂതങ്ങളെപ്പറ്റി ചിന്തിക്കാനും ഭയന്നു്‌ വിറയ്ക്കാനും മാത്രം പഠിച്ചിട്ടുള്ള ജനം ധൈര്യമായി വീട്ടിനു്‌ പുറത്തിറങ്ങി വാക്യും ക്ലീനറും പിടിച്ചുകൊണ്ടു്‌ നില്‍ക്കുന്ന ഭീകരരുടെ പാര്‍ട്ടിക്കു്‌ വോട്ടു്‌ ചെയ്യാന്‍ പോകുമായിരുന്നു എന്നു്‌ കരുതാനാവുമോ?

Dec 9, 2013, 8:57 AM

ഹിസ്റ്ററി ഡിറ്റര്‍മിനിസ്റ്റിക് ആണെന്നു്‌ തെറ്റിദ്ധരിച്ച കാര്‍ള്‍ മാര്‍ക്സ് തന്റെ “ഇസം” സയന്റിഫിക് ആണെന്നു്‌ പ്രഖ്യാപിച്ചു, 150 വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌. അതങ്ങനെയല്ലെന്നും, എത്ര വിപ്ലവങ്ങള്‍ കൊണ്ടും അങ്ങനെ ആക്കിത്തീര്‍ക്കാനാവില്ലെന്നും ഇന്നു്‌ സയന്‍സ് എന്നാല്‍ എന്തെന്നു്‌ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. ലോകചരിത്രഗതിയും അതുതന്നെ തെളിയിച്ചു. പക്ഷേ, ക്രൈസ്തവര്‍ രണ്ടായിരം വര്‍ഷമായി കാത്തിരിക്കുന്ന ലോകാവസാനം ഇങ്ങെത്തുകയും അന്ത്യവിധി പ്രസ്താവിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും, “മാര്‍ക്സിസം ശാസ്ത്രമാണു്‌” എന്നു്‌ പുലമ്പിക്കൊണ്ടിരിക്കുന്ന കുറെ മാര്‍ക്സിസ്റ്റുകള്‍ അവിടെയും ഉണ്ടായിരിക്കുമെന്നാണു്‌ ചില ഓണ്‍ലൈന്‍ താത്വികങ്ങളു ഗതി കണ്ടിട്ടു്‌ തോന്നുന്നതു്‌. മാറ്റത്തിനു്‌ മാത്രമല്ല മാറ്റം സംഭവിക്കാത്തതു്‌, താത്വികങ്ങള്‍ക്കും മാറ്റമൊന്നും സംഭവിക്കാനുള്ള സാദ്ധ്യതയില്ല, ലോകാവസാനത്തോളം!

Dec 11, 2013, 10:48 AM

അരവിന്ദ് കെജ്രിവാളിനെയും AAP-യെയും ഒതുക്കി മൂലയ്ക്കാക്കിയിട്ടേ ഇനി വിശ്രമമുള്ളു. എങ്ങനെയെന്ന കാര്യത്തില്‍ ഒരു അന്തിമതീരുമാനത്തില്‍ ഞങ്ങള്‍ ഇതുവരെ എത്തിയിട്ടില്ലെന്നേയുള്ളു. അഴിമതിവിരുദ്ധതയുടെ പേരും പറഞ്ഞു്‌ ചെന്നാല്‍ ജനം ഓടിച്ചിട്ടു്‌ തല്ലും. കീഴാളവിരോധവും സംവരണവിരുദ്ധതയുമൊന്നും ഉദ്ദേശിച്ചതുപോലെ അങ്ങോട്ടു്‌ ഏല്‍ക്കുന്ന മട്ടില്ല. ഇനിയിപ്പോള്‍ സ്വവര്‍ഗ്ഗരതി ഇപ്പൊഴത്തെ അവസ്ഥയില്‍ നിയമവിധേയമല്ല, വേണമെങ്കില്‍ പാര്‍ലമെന്റിനു്‌ നിയമവിധേയമാക്കാം എന്ന സുപ്രീംകോടതി വിധിയെപ്പറ്റി കെജ്രിവാളിന്റെ അഭിപ്രായം ഒന്നു്‌ ആരാഞ്ഞാലോ? സ്വവര്‍ഗ്ഗരതി ഒരു കുറ്റകൃത്യമല്ലെന്നും സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നും അങ്ങേരൊന്നു്‌ പറഞ്ഞുകിട്ടിയാല്‍ രക്ഷപെട്ടില്ലേ? “അരവിന്ദ് കെജ്രിവാള്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണു്‌” എന്നു്‌ തുരുതുരാ G+ലും Facebook-ലും സ്റ്റാറ്റസിട്ടു്‌ ആപ്പിന്റെ ആപ്പീസ് പൂട്ടിക്കാവുന്നതേയുള്ളു. ഒരു പാര്‍ശ്വവല്‍കൃതവിഭാഗത്തിനുവേണ്ടി വാദിക്കുന്നവന്‍ ആ വിഭാഗത്തില്‍ പെടുന്നവനേ ആവൂ എന്നുള്ള കേരളീയപൊതുബോധം മുതലെടുക്കുന്നത്ര എളുപ്പമായ മറ്റൊരു കാര്യവുമില്ല. സ്വവര്‍ഗ്ഗാനുരാഗിയല്ലാത്ത ഒരുവന്‍ സ്വവര്‍ഗ്ഗാനുരാഗത്തെ അനുകൂലിക്കുകയോ? അസാദ്ധ്യം! ഇതിനായി കെജ്രിവാളുമായി ബന്ധപ്പെടാന്‍, മന്ത്രിമാരുമായൊക്കെ ടെലഫോണ്‍ ചെയ്തു്‌ ഈസിയായി ഓരോരോ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള ഏതെങ്കിലുമൊരു കലാകാരിയെ ചുമതലപ്പെടുത്തുന്നതിനെപ്പറ്റിയും ഞങ്ങള്‍ ആലോചിച്ചുകൊണ്ടാണിരിക്കുന്നതു്‌. കുളങ്ങള്‍ ഒന്നൊന്നായി കലക്കാന്‍വേണ്ടി മാത്രം ജനിച്ച കുറുക്കന്മാരോടാണു്‌ ഇന്നലെ പെയ്ത മഴക്കു്‌ ഇന്നു്‌ കിളിര്‍ത്ത തകരയുടെ കളി!

Dec 12, 2013, 2:50 PM

ചില സ്റ്റാറ്റസുകള്‍ കാണുമ്പോള്‍ കുലത്തൊഴില്‍ പട്ടിപിടുത്തമാവുന്നതാണു്‌ മാര്‍ക്സിസ്റ്റാവാനുള്ള അടിസ്ഥാനയോഗ്യത എന്നു്‌ തോന്നിപ്പോകുന്നു. പേപിടിച്ചാല്‍ പോലും ഇവറ്റകളെക്കാള്‍ അധഃപതിക്കാന്‍ നായ്‌വര്‍ഗ്ഗത്തിനു്‌ കഴിയില്ലെന്നും.

Dec 12, 2013, 3:26 PM

വാലു്‌ മുറിഞ്ഞുപോയതിന്റെ അസ്വസ്ഥത ഇന്നും വിട്ടുമാറാത്ത ഒരു പ്രിമിറ്റീവ് സമൂഹത്തിലെ അംഗമാണു്‌ നീയെങ്കില്‍, അവിടെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിനക്കെന്തെങ്കിലും ഒരു മൂല്യമുണ്ടാവണമെങ്കില്‍, നീ മണിയനാശാന്മാരുമായി ഇടപെടണം. കാരണം, നീ ആരാണു്‌, എന്താണു്‌, നീ ആരാകണം, എന്താകണം ഇതെല്ലാം നിശ്ചയിക്കുന്നതു്‌ അവിടത്തെ മണിയനാശാന്മാരാണു്‌. സ്വയം കിരീടധാരണം നടത്തി ചെളിക്കുണ്ടു്‌ വാഴുന്ന നെപോളിയന്‍ ചക്രവര്‍ത്തിമാര്‍!

Dec 13, 2013, 12:05 PM

നോര്‍ത്ത് കൊറിയന്‍ ഡിക്റ്റേറ്റര്‍ Kim Jong-un-ന്റെ അങ്കിള്‍ Chang Song-thaek എക്സിക്യൂട്ട് ചെയ്യപ്പെട്ടെന്നു്‌ വാര്‍ത്ത. അയാള്‍ ധാര്‍ഷ്ട്യക്കാരനും അധികാരമോഹിയും ആയിരുന്നത്രെ! അതൊന്നും പോരാത്തതിനു്‌ ചൈനീസ് മാതൃകയില്‍ ചില സാമ്പത്തിക പരിഷ്കരണങ്ങള്‍ നോര്‍ത്ത് കൊറിയയിലും നടത്തുന്നതിനെപ്പറ്റി അയാള്‍ ഫ്യൂററുമായി ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെട്ടുപോലും! അയാളെയൊക്കെ പിന്നെ വധിക്കാതെന്തുചെയ്യും? “പ്രതിക്രിയാവാദികള്‍ക്കു്‌” കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തില്‍ നിലനില്പിനുള്ള യാതൊരു അവകാശവുമില്ലെന്നു്‌ സ്റ്റഡിക്ലാസ്സില്‍ പഠിപ്പിക്കുന്നതു്‌ വെറുതെ തമാശയാണെന്നു്‌ കരുതി ആ പൊട്ടനങ്കിള്‍.

വാര്‍ത്ത ഇവിടെ: bit.ly/19lRNvV

നോര്‍ത്ത് കൊറിയപോലൊരു സമത്വസുന്ദരകമ്മ്യൂണിസ്റ്റ് ഭാരതമാണു്‌ തലയില്‍ കാക്കയും പുള്ളും സ്ഥിരം കുടിപാര്‍ക്കുന്ന ഓരോ ഭാരതീയനും സ്വപ്നം കാണേണ്ടതു്‌. അതിനായി ഒത്തൊരുമിച്ചു്‌ വിളിക്കാം: ഇങ്ക്വിലാബ് സിന്ദാബാദ്!

Dec 13, 2013, 12:28 PM

മനുഷ്യന്‍ നിയമപരമായി ജോലിചെയ്തു്‌ സമ്പാദിക്കുന്ന പണം എന്തു്‌ ചെയ്യണമെന്നു്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവനു്‌ നല്‍കുന്നതു്‌ ഡെമോക്രസി. അവന്‍ അതുകൊണ്ടു്‌ എന്തുചെയ്യണമെന്നു്‌ മറ്റാരൊക്കെയോ തീരുമാനിക്കുന്ന രീതി മറ്റെന്തോക്രസി.

Dec 14, 2013, 7:22 PM

അതു്‌ എന്റെ ഇസമല്ല, ഇതും എന്റെ ഇസമല്ല. എന്റെ ഇസം വളരെ കുലീനമായ ഒന്നാണു്‌. അതിനെപ്പറ്റി നിനക്കൊന്നും ഒരു ചുക്കുമറിയില്ല.

(നിനക്കൊരു ചുക്കുമറിയില്ല എന്നു്‌ പ്രഖ്യാപിക്കാന്‍ എനിക്കൊരു ചുക്കും അറിയണമെന്നില്ലല്ലോ – തനിക്കെന്തറിയാം എന്നു്‌ എന്നോടു്‌ ചോദിക്കാന്‍ നീ ധൈര്യപ്പെടുന്നതുവരെയെങ്കിലും.)

Dec 14, 2013, 8:48 PM

ഞാന്‍ വീട്ടമ്മക്കെതിരല്ല, സഞ്ചാരസ്വാതന്ത്ര്യത്തിനെതിരല്ല, സമരത്തിനെതിരല്ല, ഹര്‍ത്താലിനു്‌ എതിരല്ല, വഴിതടയുന്നതിനു്‌ എതിരല്ല, ആര്‍ക്കെങ്കിലും അഞ്ചുലക്ഷം രൂപ കിട്ടുന്നതിനോടും എനിക്കു്‌ എതിര്‍പ്പൊന്നുമില്ല (എനിക്കു്‌ കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു എന്നേയുള്ളു). പിന്നെയെന്തിനാണു്‌ ഇതൊക്കെ വിളിച്ചു്‌ പറയുന്നതു്‌ എന്നു്‌ നിങ്ങള്‍ ചോദിച്ചേക്കാം. വിളിച്ചു്‌ പറയാതിരുന്നാല്‍ ഈവക കാര്യങ്ങളോടു്‌ എനിക്കു്‌ എതിര്‍പ്പൊന്നുമില്ല എന്നു്‌ ലോകം അറിയുമോ? വല്ല അഴിമതിയോ കുറ്റകൃത്യങ്ങളോ അല്ലാതെ മറ്റൊന്നും ഒരു പൗരന്‍ ലോകത്തില്‍ നിന്നും മറച്ചുപിടിക്കരുതു്‌. ഒരു പൗരനു്‌ നിശ്ചയമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണതു്‌. പൗരബോധം, ഉത്തരവാദിത്വബോധം, വോട്ടവകാശബോധം എന്നൊക്കെപ്പറയും. ദോഷം പറയരുതല്ലോ, ഈ പരിപാടി നേരം പോക്കിനും വളരെ നല്ലതാണു്‌. കയ്യില്‍ മിനിമം രണ്ടു്‌ പത്രമെങ്കിലുമായി ആപ്പീസില്‍ പോകുന്നവരെ കണ്ടിട്ടില്ലേ? അതുപോലെ. നേരം കളയാനല്ലാതെ നേരറിയാനായി ആരെങ്കിലും പത്രം വായിക്കുമോ? അതും മലയാളപത്രങ്ങള്‍?

Dec 14, 2013, 9:44 PM

കഴിഞ്ഞൊരു പോസ്റ്റിലെ കമന്റാണു്‌. എന്നാലും കിടക്കട്ടെ.

കോഴിപ്പൂവന്മാര്‍ കൊത്തിച്ചാവുന്നതും, ചേകവന്മാര്‍ അങ്കംവെട്ടിച്ചാവുന്നതുമെല്ലാം കണ്ടുവളര്‍ന്ന മലയാളിയുടെ സബ്സ്റ്റിറ്റ്യൂട്ട് കലയാണു്‌ കച്ചിരാഷ്ട്രീയം. ക്രിക്കറ്റ്, കഥകളി, ശാസ്‌ത്രീയസംഗീതം മുതലായവയാണെങ്കില്‍ അധികം പേര്‍ക്കും കൂര്‍ക്കം വലിച്ചു്‌ ഉറങ്ങാന്‍ മാത്രം സഹായിക്കുന്ന വിനോദോപാധികളുമാണു്‌. ഒരു ജനത്തിന്റെ പൊതുസ്വഭാവം അവരുടെ സ്പോര്‍ട്ട് കലകള്‍ സാഹിത്യം തുടങ്ങിയവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നതു്‌. അതുകൊണ്ടു്‌ കോഴിപ്പോരു്‌ അങ്കംവെട്ടു്‌ മുതലായ നല്ല ഉശിരുള്ള പരമ്പരാഗതകലകളെ നമ്മള്‍ പുനരുജ്ജീവിപ്പിക്കണം എന്നാണെന്റെ അഭിപ്രായം. എന്നാല്‍ പോലും പൈങ്കിളിച്ചാനലുകളും രാഷ്ട്രീയപൊറാട്ടുനാടകങ്ങളുമൊക്കെ ജനം ഉപേക്ഷിക്കുമോ എന്നു്‌ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, രസം പിടിച്ചു്‌ കുത്തിയിരിക്കലും ഒരുതരം അഡിക്ഷനാണു്‌. മാറിവരാന്‍ സമയമെടുക്കും.

Dec 16, 2013, 11:17 AM

“ഒരു ശരിയായ മാര്‍ക്സിസ്റ്റിനു്‌ അടിസ്ഥാനപരമായിത്തന്നെ വര്‍ഗ്ഗസ്നേഹമേ പാടുള്ളു, മനുഷ്യസ്നേഹം പാടില്ല. ഒരുവന്‍ എന്നു്‌ മാര്‍ക്സിസ്റ്റല്ലാതാവുന്നോ അന്നുമുതല്‍ അവന്‍ വര്‍ഗ്ഗശത്രുവായി മാറും. ഉന്മൂലനം ചെയ്യപ്പെടാനല്ലാതെ മറ്റൊരു യോഗ്യതയുമില്ലാത്ത വര്‍ഗ്ഗശത്രു.

“ഒന്നുകില്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ” അക്കാര്യത്തില്‍ ജോര്‍ജ്ജ് ബുഷും, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ഈ ഇരട്ടത്താപ്പു്‌ മനുഷ്യര്‍ സാവകാശം മനസ്സിലാക്കിവരുന്നു.”

എന്റെ ഈ കമന്റിനു്‌ Hyacinth Flower എന്ന ഒരു ID-യില്‍ നിന്നും വന്ന പ്രതികരണം:

“ബാബുമാഷ് ചൊവ്വയിലൊ അതോ ചന്ദ്രനിലോ? ഇമ്മാതിരി സഖാക്കളെ നാട്ടിലെങ്ങും കണ്ടിട്ടില്ല. ഒന്ന് പോ മാഷെ, തമാശിക്കാതെ”

ഞാന്‍ ഇന്നലെ സൂര്യനിലായിരുന്നു. ഇന്നു്‌ ചന്ദ്രനിലാണു്‌. നാളെ ചൊവ്വയിലെത്തും. മറ്റെന്നാള്‍ ബുധനില്‍ അങ്ങനെയങ്ങനെ. രണ്ടാമത്തെ വാചകം ഭാഷയെ ഞാന്‍ മനസ്സിലാക്കുന്ന രീതിയിലാണെങ്കില്‍ സര്‍ക്കാസമാണെന്നു്‌ കരുതാനാണു്‌ എനിക്കു്‌ ഇഷ്ടം. മൂന്നാമത്തെ വാചകത്തിനു്‌ എനിക്കു്‌ പറയാനുള്ളതു്‌, ഇതു്‌ ഒരു വെറും തമാശയല്ല, ക്രൂരമായ ഒരു തമാശ തന്നെയാണെന്നാണു്‌. കാരണം, വര്‍ഗ്ഗശത്രുത്വത്തിന്റെ മാത്രം പേരില്‍ കമ്മ്യൂണിസ്റ്റുകളാല്‍ കൊലചെയ്യപ്പെട്ടവരോടു്‌ ചെയ്യുന്ന ഒരു മരണാനന്തര ക്രൂരത.

ടി.പി. ചന്ദ്രശേഖരന്റെ ആത്മാവിനു്‌ (ഞാന്‍ ആത്മാവില്‍ വിശ്വസിക്കുന്നില്ലെങ്കിലും) സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ “എമ്മാതിരി സഖാക്കളെയാണു്‌ നാട്ടില്‍ കാണാന്‍ കഴിയുന്നതെന്നു്‌” പറഞ്ഞു്‌ തരുമായിരുന്നു. (ഓ! സോറി, ടി.പി. ചന്ദ്രശേഖരന്‍ എത്രയോ വെട്ടുകള്‍ ചാവുന്നതുവരെ സ്വയം വെട്ടിയായിരുന്നല്ലോ മരിച്ചതു്‌! ചാവുന്നതുവരെ വെട്ടിക്കൊണ്ടിരുന്നു എന്നല്ലാതെ, എത്ര പ്രാവശ്യം വെട്ടി എന്നതിനു്‌ ഇവിടെ വലിയ പ്രസക്തിയില്ല.) എത്ര വര്‍ഗ്ഗശത്രുക്കളെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്തു എന്നു്‌ അഭിമാനപൂര്‍വ്വം “കിളി കിളി” പോലെ പറഞ്ഞുതരുന്ന സഖാക്കളും കേരളത്തിലുണ്ടു്‌. ചില കണ്ണടകളിലൂടെ നോക്കിയാല്‍ അവരെ കാണേണ്ടപോലെ കാണുകയില്ലെന്നേയുള്ളു.

ക്യാപ്പിറ്റലിസ്റ്റു്‌ ഇന്‍ഡസ്റ്റ്റികള്‍ കണ്‍സ്യൂമര്‍ ഗുഡ്സ് നിര്‍മ്മിക്കുന്നതുപോലെ, വന്‍തോതില്‍ വര്‍ഗ്ഗശത്രുവിനെ നശിപ്പിച്ചതിന്റെ കാര്യത്തിലും പിന്നിലായിപ്പോയി എന്നൊരു നിരാശ കമ്മ്യൂണിസത്തിനു്‌ തോന്നേണ്ട കാര്യമില്ല. റഷ്യ, ചൈന, കമ്പൂച്ചിയ എല്ലാം “ഒന്നാം നിരയില്‍” എത്താന്‍ മത്സരിച്ചിരുന്ന ആ സുവര്‍ണ്ണ കാലം അത്ര എളുപ്പം മറക്കാന്‍ കഴിയുമോ? പക്ഷേ ഒരുവന്‍/ഒരുവള്‍ കമ്മ്യൂണിസ്റ്റ് ആണെങ്കില്‍ അങ്ങനെ ചില ഏടുകള്‍ ലോകചരിത്രത്തില്‍ ഉണ്ടു്‌ എന്നുപോലും അറിയേണ്ട ആവശ്യമില്ല. അറിയാത്ത കാര്യങ്ങള്‍ മറക്കേണ്ടിയും വരുന്നില്ല.

സ്റ്റാലിനിസ്റ്റ് റഷ്യയിലെ മഹനീയമായ ശുദ്ധമാക്കലിനെ സംബന്ധിച്ച ഒരു ലിങ്ക് ഇവിടെ ഇടുന്നു. വാഴവെട്ടു്‌, സരിതോര്‍ജ്ജം തുടങ്ങിയ സാമൂഹികമായി ജ്വലിച്ചു്‌ നില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാനുള്ളപ്പോള്‍ (മലയാളിക്കു്‌ ചര്‍ച്ചതന്നെയാണു്‌ പരിഹാരവും) ഈവക കാര്യങ്ങളൊക്കെ വായിച്ചു്‌ സമയം കളയാതിരിക്കുന്നതാണു്‌ നല്ലതു്‌ എന്നറിയായ്കയല്ല.

http://en.wikipedia.org/wiki/Great_Purge

വില്ല്യം ഷേയ്ക്സ്പിയറിന്റെ ട്രാജഡി ഓഫ് ഹാംലെറ്റിലെ “To be, or not to be, that is the question” എന്ന പ്രശസ്തമായ ഫ്രെയ്സ് പോലെ, “തീപ്പെട്ടതോ, അതോ ചത്തതോ” എന്നതാണു്‌, ഗൗരവതരമായ, തമാശയൊട്ടുമില്ലാത്ത, കേരളസമൂഹത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്ന ഇന്നത്തെ ചോദ്യം.

Dec 17, 2013, 1:32 PM

റോള്‍സ് റോയ്സും ലാന്‍ഡ് റോവറും തമ്മിലുള്ള വ്യത്യാസമേ രാജഭക്തിയും നേതൃഭക്തിയും തമ്മിലുമുള്ളു. ആദ്യത്തേതു്‌ രണ്ടും നാലു്‌ വീലില്‍ ഉരുളുന്നു, രണ്ടാമത്തവ രണ്ടും മുട്ടുമടക്കി ഇഴയുന്നു.

Dec 19, 2013, 9:57 AM

ജനകീയമായ വിപ്ലവങ്ങളെ തീര്‍ച്ചയായും ആര്‍ക്കും എന്നേക്കുമായി തള്ളിപ്പറയാന്‍ കഴിയില്ല. പക്ഷേ, അവ കേരളത്തിലെ ഹര്‍ത്താലുകള്‍ പോലെ, എന്തിനും ഏതിനും വേണ്ടി നടത്തപ്പെടേണ്ടവയുമല്ല. ജനാധിപത്യം അപകടത്തിലാവുന്ന സമയങ്ങളില്‍ അതു്‌ പുനഃസ്ഥാപിക്കപ്പെടുന്നതിനു്‌ മാത്രമായി, ഒരിക്കലും അതിനപ്പുറത്തേക്കു്‌ നീളാത്ത വിധത്തില്‍ നടത്തപ്പെടുന്ന വിപ്ലവങ്ങള്‍ ഒരു ജനാധിപത്യത്തില്‍ അനിവാര്യമായിത്തീരാം.

ഭാരതത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍, അതുപോലൊരു വിപ്ലവം നടത്തപ്പെടേണ്ടതു്‌ സമൂഹത്തെ പിന്നോട്ടല്ലാതെ ഒരു ചുവടു്‌ മുന്നോട്ടു്‌ നീങ്ങാന്‍ അനുവദിക്കാത്ത വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്കു്‌ എതിരെയാണെന്നതാണു്‌ സത്യം. കാരണം, അവരാണു്‌ യഥാര്‍ത്ഥത്തില്‍ ജനാധിപത്യവ്യവസ്ഥിതിയെ അപകടത്തിലാക്കുന്നവര്‍. പുറമേക്കു്‌ ജനാധിപത്യം പ്രസംഗിച്ചുകൊണ്ടു്‌ ഒരു ടോട്ടാലിറ്റേറിയന്‍ സിസ്റ്റത്തിനു്‌ വേണ്ടി അണിയറയില്‍ കരുക്കള്‍ നീക്കുന്നവര്‍. സോഷ്യലിസം ഘോഷിക്കുന്ന ആന്റിസോഷ്യല്‍ എലെമെന്റ്സ്. മറ്റുള്ളവരെ ഫാഷിസ്റ്റുകള്‍ എന്നു്‌ മുദ്രകുത്താനായി ഏറ്റവും മുന്നില്‍ അണിനിരക്കുന്ന കൊടിയ ഫാഷിസ്റ്റുകള്‍. മാഫിയാസംഘങ്ങളെ തോല്പിക്കുന്ന ഇന്റേണല്‍ സ്റ്റ്റക്ചറുമായി, തങ്ങളുടെ ഏതു്‌ കുറ്റകൃത്യവും ന്യായീകരിക്കാന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്ന ചാവേറിനു്‌ തുല്യമായ അണികള്‍. ഏതെങ്കിലും പക്ഷത്തുനിന്നും ഉണ്ടാവുന്ന ഒരു പുതിയ പാര്‍ട്ടി, ഒരു പുതിയ സാംസ്കാരികസംരംഭം, എന്തിനു്‌, ഒരു പുതിയ അഭിപ്രായം പോലും, തങ്ങളുടെ ശരികളില്‍നിന്നും വ്യതിചലിക്കുന്നതു്‌ എന്ന നേരിയ സംശയം തോന്നിയാല്‍ ഉടനെതന്നെ റ്റെന്റക്കിള്‍ നീട്ടി അവയെയെല്ലാം വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു്‌ കൊല്ലാന്‍ റെഡിയായി നില്‍ക്കുന്ന ഐഡിയോളജിക്കല്‍ ഒക്റ്റോപ്പസുകള്‍.

പോള്‍ സക്കറിയ സ്വന്തമായ ഒരു അഭിപ്രായം പറഞ്ഞാല്‍, സജീവന്‍ അന്തിക്കാടു്‌ ഒരു സിനിമ സംവിധാനം ചെയ്താല്‍, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അയാള്‍ക്കിഷ്ടമുള്ള ആര്‍ക്കെങ്കിലും പണം സംഭാവന ചെയ്താല്‍, അങ്ങനെ എത്രയോ എത്രയോ കാര്യങ്ങളില്‍, അത്തരം “തോന്നിയവാസങ്ങള്‍” പരോക്ഷമായിട്ടെങ്കിലും തങ്ങളുടെ നിലപാടുകളെ പ്രതികൂലമായി ബാധിക്കുമെന്നു്‌ തോന്നിയാല്‍, പിന്നെ ഒട്ടും താമസമില്ല, ഇക്കാലത്തു്‌ പിമ്പ്സിന്റെയും പ്രോസ്റ്റിറ്റ്യൂട്ടുകളുടെയും ലോകത്തില്‍ പോലും കേള്‍ക്കാന്‍ കഴിയുമോ എന്നു്‌ സംശയിക്കേണ്ടിയിരിക്കുന്ന ഭാഷയില്‍ അവലോകനങ്ങളും, അതെല്ലാം അവരുടെ ജന്മാവകാശമാണെന്നപോലെ, ആശയപരമായി നേരിടാനുള്ള വക കൈവശമില്ലാത്തതിനാലാവാം, തെറിവിളികളും തുടങ്ങുകയായി. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും ആവിഷ്കാരസ്വാതന്ത്ര്യത്തിലും, അഭിപ്രായസ്വാതന്ത്ര്യത്തിലുമൊക്കെ തലയിടാന്‍ എന്തു്‌ യോഗ്യതയാണിവര്‍ക്കുള്ളതു്‌? പണ്ടത്തെ ഫ്യൂഡല്‍ മാടമ്പികളെപ്പോലെ മറ്റാരെയും ഏതു്‌ പുളിച്ച തെറി വിളിക്കാനും, അതേസമയം, തിരിച്ചു്‌ അങ്ങോട്ടു്‌ “താന്‍” എന്നു്‌ വിളിക്കാന്‍പോലും “കീഴാളരായ” നിനക്കൊന്നും അവകാശമില്ലെന്നു്‌ പ്രഖ്യാപിക്കാനും എന്തു്‌ അധികാരമാണിവര്‍ക്കുള്ളതു്‌? ആരാണിവര്‍? അവര്‍ മറ്റുള്ളവരില്‍ ആരോപിക്കുന്ന മുഴുവന്‍ തെറ്റുകളും കുറ്റങ്ങളും അവയുടെ പത്തിരട്ടിയായി ആര്‍ക്കും തിരിച്ചു്‌ അവരിലും ആരോപിക്കാന്‍ കഴിയുമെന്നു്‌ തിരിച്ചറിയാത്ത, അക്ഷരമെതിയന്മാരായ കുറെ ഹിപ്പോക്രിറ്റ്സ് അല്ലാതെ മറ്റെന്താണിവര്‍?

മനുഷ്യര്‍ക്കു് കുടിവെള്ളം പോലും ഇല്ലാതാക്കുന്നതരം കുളം കലക്കല്‍ കുലത്തൊഴിലായാലെന്നപോലെ, ഏതു്‌ നിസ്സാരസംഭവത്തെപ്പോലും കുത്തിപ്പൊക്കി (അതൊക്കെ അന്വേഷിക്കാനും തീരുമാനിക്കാനും ആ നാട്ടില്‍ നീതിവ്യവസ്ഥയോ നിയമസംഹിതയോ ഒന്നുമില്ലെന്ന മട്ടില്‍) സമൂഹത്തില്‍ കയോസും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനായി മാത്രം ഉറക്കമൊഴിച്ചു്‌ കാത്തിരിക്കുന്ന ഇത്തരം ക്ഷുദ്രജീവികളെ ഒരു ജനാധിപത്യസമൂഹം എത്രനാള്‍ സഹിക്കണം എന്നതാണു്‌ ചിന്താശേഷി മറ്റാര്‍ക്കും പണയം വച്ചിട്ടില്ലാത്ത ഓരോ ഭാരതീയനും തന്നോടുതന്നെ ചോദിക്കേണ്ട ചോദ്യം. ഭാരതത്തില്‍ ആദ്യം നടക്കേണ്ട വിപ്ലവം, ഇതുപോലുള്ള സ്യൂഡോ വിപ്ലവകാരികളുടെ ജനാധിപത്യമുഖംമൂടി അഴിച്ചുമാറ്റലാണെന്നെങ്കിലും അപ്പോള്‍ മനസ്സിലാവും.

Dec 20, 2013, 10:07 AM

നശിക്കുന്തോറും കൊല്ലും, കൊല്ലുന്തോറും നശിക്കും.

Dec 20, 2013, 10:26 AM

“നിണമൊഴുക്കി നിണമൊഴുക്കി” വരികയാണു്‌ ഞങ്ങള്‍
“ഠ”വട്ട കേരളത്തെ സ്വര്‍ഗ്ഗലോകമാക്കുവാന്‍…

Dec 22, 2013, 12:34 PM

1979-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ തന്നെ മരപ്പണി പഠിപ്പിച്ചിരുന്ന ഗുരുവിന്റെ (Meister) ഒരു സ്വഭാവവിശേഷം സര്‍ കാള്‍ പൊപ്പര്‍ സരസമായി വര്‍ണ്ണിക്കുന്നുണ്ടു്‌. കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു്‌ ഉത്തരം മുട്ടിക്കുക എന്നതു്‌ അങ്ങേരുടെ ഒരു ഹോബി ആയിരുന്നത്രെ! മൈസ്റ്ററുടെ ചോദ്യങ്ങള്‍ തനിനാടന്‍ ഭാഷയിലായിരുന്നു എന്നതിനാല്‍, ആ ചോദ്യകലാവിരുന്നു്‌ വളരെ മിഴിവുറ്റതായിരുന്നിരിക്കണം.

മൈസ്റ്റര്‍: “ഹൈബൂട്ട്സ് കണ്ടുപിടിച്ചതു്‌ ആരാന്നു്‌ നിനക്കറിയാമോ?”
അപ്രന്റിസ്: “ഇല്ല മൈസ്റ്റര്‍, അറിയില്ല.”
മൈസ്റ്റര്‍: “എന്തു്‌? അതറിയില്ലെന്നോ? ഹൈബൂട്ട്സ് കണ്ടുപിടിച്ചതു്‌ വാളെന്‍സ്റ്റൈനായിരുന്നു, ഫ്രീഡ്‌ലാന്‍ഡിലെ പ്രഭു, മുപ്പതു്‌ വര്‍ഷത്തെ യുദ്ധത്തില്‍.”

അങ്ങനെ പാവം അപ്രന്റീസിനെ കുഴക്കുന്ന ഒന്നോ രണ്ടോ ചോദ്യങ്ങള്‍ കൂടി ചോദിക്കുകയും, അവയുടെ മറുപടി അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുകയും ചെയ്തശേഷം, “നിനക്കു്‌ എന്തു്‌ അറിയണമെങ്കിലും എന്നോടു്‌ ചോദിച്ചാല്‍ മതി, എനിക്കെല്ലാം അറിയാം” എന്നുകൂടി ആ ഗുരു കൂട്ടിച്ചേര്‍ക്കുമായിരുന്നത്രെ!

എപിസ്റ്റെമോളജിയെ സംബന്ധിച്ചു്‌ മറ്റേതൊരു അദ്ധ്യാപകനില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍, തന്നെ മരപ്പണി പഠിപ്പിച്ച, സര്‍വ്വജ്ഞാനി ആയിരുന്ന, ആ മൈസ്റ്ററില്‍ നിന്നുമാണത്രെ പൊപ്പറിനു്‌ പഠിക്കാന്‍ കഴിഞ്ഞതു്‌! കാരണം, തനിക്കു്‌ ഒന്നും അറിയില്ലെന്നു്‌ മാത്രമല്ല, തനിക്കു്‌ നേടാന്‍ കഴിയുന്ന ഒരേയൊരു ജ്ഞാനം അനന്തമായ തന്റെ അറിവില്ലായ്മ എന്ന “സോക്രാട്ടിക് ജ്ഞാനം” മാത്രമാണെന്നും ആ ഗുരുവാണു്‌ തന്നെ പഠിപ്പിച്ചതെന്നു്‌ പൊപ്പര്‍.

പൊപ്പര്‍ക്കു്‌ കേരളത്തില്‍ ജനിക്കാനും ജീവിക്കാനും ഇടവരാഞ്ഞതു്‌ ഭാഗ്യം! അല്ലെങ്കില്‍, പ്രമാണിമാരുടെ അയ്യരുകളി നടക്കുന്ന അവിടെ അങ്ങേര്‍ക്കു്‌ വായ്തുറക്കാന്‍പോലും കഴിയുമായിരുന്നില്ല. ആളെ കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന മരപ്പണിമൈസ്റ്റര്‍മാരും ഒട്ടും കുറവല്ലെങ്കിലും, അവിടെ കൂടുതലായി കണ്ടുവരുന്ന ഇനം മറ്റുള്ളവര്‍ എന്തു്‌ പറയണം പറയരുതു്‌ എന്നു്‌ തിട്ടൂരം ഇറക്കുന്ന ജ്ഞാനവ്യാമോഹികളാണു്‌. ഏതോ അഥോറിറ്റികള്‍ വരച്ചുകാണിച്ച വരകളിലൂടെ മാത്രം നീങ്ങാന്‍ മറ്റു്‌ സകല മനുഷ്യരെയും നിര്‍ബന്ധിക്കുകയും അതിനു്‌ വിസമ്മതിക്കുന്നവരെ “നിണമൊഴുകും” എന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സര്‍വ്വജ്ഞാനികള്‍! “എന്നോടാണോടാ നിന്റെയൊക്കെ കളി” എന്നതാണു്‌ അത്യന്താധുനികരായി ഭാവിക്കുന്ന ഈ മിസ്റ്റര്‍ ബനാന ബ്രെയ്ന്‍സിന്റെ മുദ്രാവാക്യം തന്നെ! ശത്രുവിനെ കാണുമ്പോള്‍ പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ പാമ്പും കമ്മ്യൂണിക്കേയ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതു്‌ “അടുക്കരുതു്‌, ഞാന്‍ മഹാ അപകടകാരിയാണു്‌” എന്നാണല്ലോ. മൃഗലോകത്തില്‍ സാധാരണമായി കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണു്‌ ഈ ഭീഷണിപ്പെടുത്തല്‍. ചിമ്പാന്‍സീ സ്റ്റേഷനില്‍ നിന്നും വന്ന എവൊലൂഷന്റെ ട്രെയിന്‍ ചിന്താശേഷിയുള്ള മനുഷ്യര്‍ എന്ന സ്‌റ്റേഷനിലേക്കു്‌ പോയിട്ടു്‌ നാളേറെ ആയി എന്നറിയാതെ ഇന്നും പ്ലാറ്റ്ഫോമിലിരുന്നു്‌ സ്വപ്നം കാണുന്ന ചില നരമൃഗങ്ങളില്‍ ഈ സ്വഭാവം മാറാതെ നില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെട്ടിട്ടു്‌ കാര്യമില്ല.

മിന്നാമിനുങ്ങിനെ ഊതിയൂതി തീയുണ്ടാക്കാന്‍ ശ്രമിക്കുന്ന ചിമ്പാന്‍സീകളുടെ പ്രധാന പ്രശ്നം loss of the sense of reality ആയിരിക്കണം. അതുകൊണ്ടാവണം, യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ നിന്നും ലോജിക്കല്‍ ആര്‍ഗ്യുമെന്റ്സുമായി വരുന്നവര്‍ക്കു്‌ രക്തബലിയില്‍ കുറഞ്ഞതൊന്നും അര്‍പ്പിച്ചു്‌ അവറ്റകളില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ വരുന്നതു്‌.

വിറകിനടിയില്‍ മിന്നാമിനുങ്ങിനെ വച്ചു്‌ ഊതിക്കൊണ്ടിരുന്നാല്‍ തീയുണ്ടാവും എന്ന സയന്റിഫിക് തിയറിയുടെ ആരാധകരാണു്‌ ചിമ്പാന്‍സീകള്‍! ഈ ഉരുക്കുനിയമം മറ്റുള്ളവരും അംഗീകരിച്ചുകൊള്ളണം, അതാണു്‌ ഡിമാന്‍ഡ്. അതു്‌ സ്ഥാപിച്ചെടുക്കാനായി എന്തു്‌ ഗോഷ്ടി കാണിക്കാനും മടിയുമില്ല. ഗോഷ്ടികളില്ലാതെ എന്തു്‌ ഭക്തി?

എവിടെയെങ്കിലും, ഏതെങ്കിലും ഒരുവന്‍ ഊത്തുയജ്ഞം തുടങ്ങിവയ്ക്കേണ്ട താമസമേയുള്ളു, അവനവന്റെ ചുണ്ടിനു്‌ ചേര്‍ന്ന ഊത്തുകുഴലുകളുമായി പിണിയാളുകള്‍ എത്തുകയായി. പിന്നെ ആകെമൊത്തം കോഡ് ഭാഷയിലാണു്‌ ഊത്തു്‌. ഊതിയൂതി ഊപ്പാടു്‌ ഇളകിക്കഴിഞ്ഞാല്‍ യജ്ഞത്തിനു്‌ താത്കാലികവിരാമമാവും. ശത്രുസംഹാരപൂജ വിജയകരമായി പൂര്‍ത്തിയായി എന്നു്‌ സ്വയം വിശ്വസിപ്പിച്ചു്‌, വിപ്ലവാശംസകളോടെ, അടുത്ത യജ്ഞം വരേക്കും ഓരോരുത്തനും അവനവന്റെ സ്വന്തം ഗുഹയിലേക്കു്‌ പിന്‍വലിയും. ചിമ്പാന്‍സീകളുടെ പുലമ്പലിനു്‌ മനുഷ്യര്‍ വലിയ വിലയൊന്നും കല്പിക്കാറില്ലെന്നു്‌ ചിമ്പാന്‍സീകള്‍ക്കറിയില്ലാത്തതിനാല്‍, അടുത്ത ഊത്തുയജ്ഞം ഇല്ലാതെ പോകുമോ എന്ന സംശയത്തിന്റെ ആവശ്യമില്ല. ആകാശവും ഭൂമിയും മാത്രമല്ല, ബൈബിളിലെ വചനങ്ങളും, ബ്ലോഗുലകത്തിലെ കളക്റ്റീവ് നാടകരചനകളും, ഇവന്റുകളും പോലും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകുന്നതല്ല ചിമ്പാന്‍സീകളുടെ ഊത്തുയജ്ഞം. അതുകൊണ്ടു്‌ യജ്ഞങ്ങള്‍ കാണുമ്പോള്‍ കലണ്ഡറില്‍ നോക്കി നമ്മള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ത്തന്നെയാണു്‌ ജീവിക്കുന്നതു്‌ എന്നു്‌ ഉറപ്പുവരുത്തുന്നതു്‌ നന്നായിരിക്കും.

Dec 22, 2013, 1:20 PM

കാള്‍ പൊപ്പറെപ്പറ്റി ഇതുകൂടി:

സര്‍ കാള്‍ പൊപ്പറുടെ (1902-1994) വിദ്യാഭ്യാസകാലം അസാധാരണമായ ഒന്നായിരുന്നു. പതിനാറാം വയസ്സില്‍ പരീക്ഷ പാസാവാതെ സ്കൂള്‍ വിട്ട പൊപ്പര്‍ വിയന്ന യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് സ്റ്റ്യുഡന്റ് ആയി പഠനം തുടങ്ങി. ആ സമയത്തു്‌ “രണ്ടോ മൂന്നോ മാസം” മാര്‍ക്സിസത്തില്‍ ആകൃഷ്ടനായിരുന്നു. “ഹ്യോര്‍ള്‍ഗാസെയില്‍” വച്ചുനടന്ന പോലീസിന്റെ വെടിവയ്പില്‍ എട്ടു്‌ നിരായുധരായ തൊഴിലാളികള്‍ മരിച്ചതോടെ, അതിന്റെ ഉത്തരവാദിത്വം മാര്‍ക്സിസത്തിന്റെ കൊള്ളിവയ്പു്‌ രാഷ്ട്രീയത്തിനും അതില്‍ പങ്കെടുക്കുന്ന തനിക്കുതന്നെയും ആണെന്നു്‌ ബോദ്ധ്യമായി. അതോടെ, മാര്‍ക്സിന്റെ “സ്യൂഡോ സയന്റിഫിക് ഹിസ്റ്റോറിക്കല്‍ മറ്റീരിയലിസ”ത്തിനോടു്‌ വിട പറഞ്ഞു്‌ “പതിനേഴാം വയസ്സു്‌ മുതല്‍ ആന്റി-മാര്‍ക്സിസ്റ്റായി”. പിന്നീടു്‌ ജീവിതകാലം മുഴുവന്‍ പൊപ്പര്‍ സോഷ്യല്‍ ലിബറലിസത്തിനു്‌ പിന്‍തുണ നല്‍കുകയായിരുന്നു.

1919-ല്‍ ഐന്‍സ്‌റ്റൈന്റെ ഒരു പ്രഭാഷണം കേട്ടു. ആല്‍ഫ്രെഡ് ആഡ്ലറുടെ ചൈല്‍ഡ് ഗൈഡന്‍സ് ഏജന്‍സിയില്‍ കുറച്ചുനാള്‍ ജോലി ചെയ്തു. ഇരുപതാം വയസ്സില്‍ പ്രൈവറ്റായി പഠിച്ചു്‌ സ്കൂള്‍ പരീക്ഷ പാസ്സായി. ഇരുപതു്‌ വയസ്സുമുതല്‍ രണ്ടുവര്‍ഷം മരപ്പണി പഠിച്ചു. സാമൂഹികമായി വഴിതെറ്റിയ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചു്‌, 1985-ല്‍ മരിക്കുന്നതുവരെ പൊപ്പറിന്റെ പ്രവര്‍ത്തനങ്ങളെ സര്‍വ്വാത്മനാ പ്രോത്സാഹിപ്പിച്ചിരുന്ന, തന്റെ ഭാവിവധുവിനെ കണ്ടെത്തി. മാത്തമാറ്റിക്സും തിയൊറെറ്റിക്കല്‍ ഫിസിക്സും പഠിക്കാന്‍ തുടങ്ങി. ഇമ്മാന്വേല്‍ കാന്റിനെ വായിച്ചു. 1928-ല്‍ ചിന്തയുടെ മനഃശാസ്ത്രം എന്ന വിഷയത്തിലെ ഒരു തീസിസ് വഴി തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടി. വിയന്നയിലെ ഒരു സെക്കന്‍ഡറി സ്കൂളില്‍ മാത്തമാറ്റിക്സും ഫിസിക്സും പഠിപ്പിച്ചു. വിയന്ന യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചു്‌ പ്രവര്‍ത്തിച്ചിരുന്ന തത്വചിന്തകരുടെ അസോസിയേഷനായ വിയന്ന സര്‍ക്കിളുമായി (Wiener Kreis) ബന്ധം സ്ഥാപിച്ചു. 1934-ല്‍ പ്രസിദ്ധീകരിച്ച “ലോജിക് ഓഫ് സയന്റിഫിക് ഡിസ്ക്കവറി” എന്ന ബുക്കിന്റെ അടിസ്ഥാനത്തില്‍ 1937-ല്‍ ന്യൂസിലാന്‍ഡില്‍ ഒരു ഫിലോസഫി ലെക്ചര്‍ഷിപ്പ് ലഭിച്ചു. അപ്പോള്‍ മുതല്‍ നാച്ചുറല്‍ സയന്‍സിനെ ആധാരമാക്കിയുള്ള ഫിലോസഫി ഓഫ് സയന്‍സിനെ, സോഷ്യല്‍ സയന്‍സിലേക്കുകൂടി വ്യാപിപ്പിച്ചു്‌, ടൊട്ടാലിറ്റേറിയനിസം വഴി പാശ്ചാത്യജനാധിപത്യസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയെ ബൗദ്ധികമായി പ്രതിരോധിക്കാന്‍ ആരംഭിച്ചു. 1949 മുതല്‍ ലണ്ഡണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സറായി. 1965-ല്‍ ക്വീന്‍ എലിസബെഥ് നൈറ്റ്‌ഹുഡ് പദവി നല്‍കി ആദരിച്ചു.

“കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നവനെയും, ആഴത്തില്‍ നിന്നും കോരുന്നവനെയും തമ്മില്‍ വളരെ എളുപ്പം തെറ്റിപ്പോകുന്നവരാണു്‌ പൊതുജനം” – ഫ്രീഡ്രിഹ് നീറ്റ്‌ഷെ

Dec 22, 2013, 2:22 PM

ലോകചരിത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു്‌ വിലയിരുത്തിയാല്‍ ഒരുകാര്യം സംശയമില്ലാതെ പറയാം: മാര്‍ക്സിസം എന്ന സാമൂഹിക ക്യാന്‍സറിനെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും എന്നേക്കുമായി തുടച്ചുനീക്കിക്കൊണ്ടല്ലാതെ, ഒരു ആധുനികരാഷ്ട്രമായി വളരാന്‍ ഭാരതത്തിനാവില്ല. അതു്‌ മനസ്സിലാക്കാന്‍ ഇക്കൂട്ടര്‍ പോലും കൈകൊണ്ടു്‌ തൊട്ടിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ലാത്ത മാനിഫെസ്റ്റോയും ക്യാപിറ്റലുമൊന്നും കാണാപ്പാഠം പഠിക്കേണ്ട ആവശ്യമില്ല; മാര്‍ക്സിസ്റ്റുകള്‍ എന്ന പേരില്‍ രാപകലില്ലാതെ ഓണ്‍ലൈനില്‍ നിരങ്ങുന്നവര്‍ അവരുടെ പക്ഷമല്ലാത്ത മനുഷ്യരെയും, അന്യചിന്തകളെയും എങ്ങനെയാണു്‌ കൈകാര്യം ചെയ്യുന്നതു്‌, ഏതേതെല്ലാം നീചമായ പദങ്ങള്‍ കൊണ്ടാണു്‌ വിശേഷിപ്പിക്കുന്നതു്‌ തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വ്യക്തിപരമായി പറഞ്ഞാല്‍, തങ്ങളെ താങ്ങുന്ന വര്‍ഗ്ഗത്തിനു്‌ മാത്രമല്ലാതെ, മറ്റു്‌ മനുഷ്യര്‍ക്കു്‌ മൃഗങ്ങളുടെ വിലപോലും കല്പിക്കാത്ത ഇക്കൂട്ടരെ എന്നില്‍ നിന്നും എത്ര അകറ്റിനിര്‍ത്താന്‍ കഴിയുന്നോ അത്രയും സംതൃപ്തനാണു്‌ ഞാന്‍.

Dec 27, 2013, 10:28 AM

ഇരുപക്ഷത്തിന്റെയും സമ്മതപ്രകാരമായാലും, ഏകപക്ഷീയമായ കടന്നാക്രമണമായാലും സംഗങ്ങളെല്ലാം “ബലാല്‍”സംഗങ്ങള്‍ തന്നെയല്ലേ, അതുകൊണ്ടു്‌ രണ്ടും ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളല്ലേ എന്നൊക്കെ തോന്നുന്ന ചില മനുഷ്യരും ഉണ്ടാവാം. ഈ ലോകത്തില്‍ കാണാന്‍ കഴിയാത്തതായി ഒന്നുമില്ല എന്നാണല്ലോ. അത്തരക്കാര്‍ക്കു്‌ മനുഷ്യരാശിയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ സഹായിക്കുന്ന ശാസ്ത്രീയതത്വങ്ങളും, കൊലപാതകരാഷ്ട്രീയത്തെപ്പോലും ന്യായീകരിക്കുന്ന താത്വികഉടായിപ്പുകളും തമ്മില്‍ വ്യത്യാസമൊന്നും ഇല്ല എന്നു്‌ തോന്നിയാല്‍ അതിനവരെ കുറ്റപ്പെടുത്തിയിട്ടു്‌ കാര്യമില്ല. ഒറാക്യുലര്‍ ഫിലോസഫിയുടെ വിഷബാധയേറ്റാല്‍ മനുഷ്യര്‍ ഒരുതരം സ്റ്റെഡി സ്റ്റെയ്റ്റ് മൂഢത്വത്തിന്റെ അടിമകളായി മാറുമെന്നു്‌ കരുതുന്നതില്‍ തെറ്റില്ലെന്നു്‌ തോന്നുന്നു.

November 2013

Nov 2, 2013, 10:59 AM

“Every nation has the government it deserves” – Joseph Marie de Maistre, an opponent of French Revolution.

ഏതൊരു രാഷ്ട്രത്തിനും അതര്‍ഹിക്കുന്ന ഭരണകൂടമേ ലഭിക്കാവൂ എന്നായിരുന്നേനെ കൂടുതല്‍ ശരി. ഭാരതം പോലുള്ള രാഷ്ട്രങ്ങളും, കേരളം പോലുള്ള സംസ്ഥാനങ്ങളുമൊന്നും കാണാനും മനസ്സിലാക്കാനും അവസരം ലഭിക്കാതിരുന്നതുകൊണ്ടാവും ഡ് മെസ്റ്റ്റു്‌ അങ്ങനെ പറയാതിരുന്നതു്‌.

കേരളത്തില്‍ പീഡനങ്ങളും, ബലാല്‍സംഗങ്ങളും, ഗോസിപ്പുകളും, ദിവ്യാത്ഭുതങ്ങളും എന്നുവേണ്ട, മറ്റെല്ലാത്തരത്തിലുമുള്ള സെന്‍സേഷനല്‍ ന്യൂസുകളും കൂടുതല്‍ കൂടുതലായി ഉണ്ടാവേണ്ടിയിരിക്കുന്നു. കാരണം, ജനത്തിനു്‌ വേണ്ടതും, അവര്‍ അര്‍ഹിക്കുന്നതും അതുപോലുള്ള വാര്‍ത്തകളാണു്‌. ജനം എന്റര്‍ട്ടെയ്ന്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണു്‌ അതിനുള്ള സാദ്ധ്യതയുണ്ടെന്നു്‌ തോന്നുന്നിടത്തേക്കു്‌ അവര്‍ ഈച്ച അമേധ്യത്തിലേക്കു്‌ എന്നപോലെ ഓടിക്കൂടുന്നതു്‌.

പുരാതന റോമില്‍ ഗ്ലാഡിയേറ്റേഴ്സ് വാളുകൊണ്ടു്‌ കുറ്റവാളികളെയും, വന്യമൃഗങ്ങളെയുമൊക്കെ അറേനയില്‍ വച്ചുള്ള ആക്രമണത്തിലൂടെ കൊന്നു്‌ ശക്തി തെളിയിച്ചാണു്‌ ജനക്കൂട്ടത്തെ ആനന്ദിപ്പിച്ചിരുന്നതെങ്കില്‍, കേരളത്തില്‍ നാവുകൊണ്ടു്‌ തല്ലി (ഏതാനും വര്‍ഷങ്ങളായി കീബോര്‍ഡില്‍ തല്ലിയും) എതിരാളികളെ വ്യക്തിഹത്യയും തേജോവധവും ചെയ്തു്‌ സ്വയം അഭിരമിക്കുന്നവരെക്കണ്ടു്‌ ജനക്കൂട്ടം ആനന്ദിക്കുന്ന രീതിയാണു്‌ നിലവിലുള്ളതു്‌.

Nov 5, 2013, 12:12 PM

കാര്യങ്ങള്‍ തനിക്കനുകൂലമായി നീങ്ങുമ്പോള്‍ മനുഷ്യന്‍ വിശ്വസിക്കുന്ന രണ്ടു്‌ അഥോറിറ്റികളാണു്‌ ദൈവവും കോടതിയും. കാര്യങ്ങള്‍ തനിക്കെതിരായി നീങ്ങിയാല്‍ അവന്‍ കോടതിയെ തെറി പറയും; പക്ഷേ, ദൈവത്തില്‍ തുടര്‍ന്നും വിശ്വസിക്കുന്നതിനു്‌ അതവനൊരു തടസ്സമാവാറുമില്ല. ദൈവവിശ്വാസത്തിനു്‌ മാത്രം സ്വന്തമായ ഒരു അത്ഭുതപ്രതിഭാസമാണതു്‌, ഒരുതരം മായാജാലം

Nov 6, 2013, 8:49 AM

“ങീ…ങീ…ങീ… ങൂ… ങൂ…ങൂ…
ആൾ ത്റൂ ദ ടൌൺ”

ഒരു മുതിര്‍ന്ന മാര്‍ക്സിയന്‍ ശാസ്ത്രജ്ഞന്‍ ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസത്തിലും, ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസത്തിലും ദീര്‍ഘനാളുകള്‍ നടത്തിയ ഗവേഷണഫലമായി കണ്ടെത്തിയ ഒരു അത്ഭുത ഫോര്‍മ്യുലയാണിതു്‌. ഈ മുദ്രാവാക്യം ദിനംപ്രതി മൂന്നുനേരം ഇങ്ക്വിലാബ് സിന്ദാബാദ് മേമ്പോടി ചേര്‍ത്തു്‌ വിളിച്ചാല്‍ മാര്‍ക്സ് വിഭാവനം ചെയ്തപോലത്തെ സമത്വസുന്ദരലോകം കൈവരിക്കാമെന്നു്‌. വളര്‍ച്ച മുറ്റിയ ശാസ്ത്രപണ്ഡിതരൊക്കെ ഇങ്ങനെ തറപ്പിച്ചു്‌ പറഞ്ഞാല്‍ ജീവിതത്തിലും അറിവിലും പൈതങ്ങളായവര്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ?

(പന്നികളുടെ മുന്നില്‍ മുത്തു്‌ വിതറരുതെന്ന ബൈബിള്‍ വാക്യം മറന്നാലത്തെ ഫലം)

Nov 8, 2013, 12:00 PM

അങ്ങോട്ടുചെന്നു്‌ ഏറ്റെടുക്കുന്ന ഒരു ചാക്കില്‍ അമേധ്യമായിരുന്നു എന്നു്‌ മനസ്സിലായാല്‍, അതു്‌ ചുമക്കാതെ മറ്റു്‌ ഗതിയില്ലാത്ത ഒരുവനാണു്‌ അവനെങ്കില്‍, ആ വിവരം നാട്ടുകാരോടു്‌ വിളിച്ചുകൂവി അവരെയുംകൂടി നാറ്റിക്കാതെ, അതു്‌ നിശബ്ദമായി ചുമന്നുകൊണ്ടു്‌ നടന്നു്‌ തുലയാന്‍ അവനു്‌ കഴിയണം. ഇനി, അതുപോലൊരു നാറ്റക്കേസ് ചുമക്കേണ്ട ഗതികേടൊന്നും ഇല്ലാത്തൊരു ഭാഗ്യവാനാണു്‌ അവനെങ്കില്‍, ദുര്‍ഗന്ധം അനുഭവപ്പെടുന്ന ആദ്യത്തെ നിമിഷത്തില്‍ത്തന്നെ, ആ ചാക്കുകെട്ടു്‌ വലിച്ചെറിഞ്ഞു്‌ സ്വയം സ്വതന്ത്രനാക്കാനുള്ള തന്റേടം അവനുണ്ടായിരിക്കണം. ഇതുരണ്ടുമല്ലാതെ, “ഞാന്‍ ചുമക്കുന്നതു്‌ തീട്ടച്ചാക്കാണേ” എന്നു്‌ ദിവസേന പലവട്ടം നാല്‍ക്കവലയില്‍ നിന്നു്‌ ഉറക്കെ വിളിച്ചുപറയുകയും ആ മലച്ചാക്കു്‌ തുടര്‍ന്നും ചുമക്കുകയും ചെയ്യുന്ന ഒരുവന്റെ തലയ്ക്കു്‌ സാരമായ എന്തോ തകരാറുണ്ടെന്നു്‌ ചിന്തിക്കാനേ സാധാരണക്കാരായ മനുഷ്യര്‍ക്കു്‌ കഴിയുകയുള്ളു.

Nov 9, 2013, 11:00 AM

മോഹന്‍ലാല്‍ ഫാന്‍ക്ലബ് അംഗങ്ങള്‍ മമ്മൂട്ടി ഫാന്‍ക്ലബ് അംഗങ്ങളോടു്‌: “മനുഷ്യന്‍ ഒരിക്കലും ഫാന്‍ക്ലബ് നിലവാരത്തിലേക്കു്‌ അധഃപതിക്കരുതു്‌”.

Nov 12, 2013, 5:03 PM

റൊമേനിയന്‍ കമ്മ്യൂണിസ്റ്റ് പൊളിറ്റീഷ്യന്‍ നിക്കോളായി ചൗഷെസ്കു (Nicolae Ceaușescu 1918 – 1989)-വിന്റെ പേരിലുള്ള ഇംഗ്ലീഷ് വിക്കിമീഡിയ പേജ്:

http://en.wikipedia.org/wiki/Nicolae_Ceaușescu

neutrality, factual accuracy, weasel words എന്നീ പ്രശ്നാരോപണങ്ങള്‍ ഇംഗ്ലീഷ് വിക്കിയില്‍ കാണുന്നുണ്ടെങ്കിലും, ജര്‍മ്മന്‍ വിക്കിയില്‍ അങ്ങനത്തെ പ്രശ്നങ്ങള്‍ ഒന്നുകില്‍ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല, അല്ലെങ്കില്‍ അവ ഉന്നയിക്കപ്പെടുകയും ഇതിനോടകം പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ടു്‌:

http://de.wikipedia.org/wiki/Nicolae_Ceaușescu

निकोलाइ चाउसेस्कु-വിനെപ്പറ്റി ഒരു മറാഠിക്കാരനും തുടങ്ങി ഒരു വിക്കി പേജ്. പക്ഷേ, അതില്‍ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കണമെന്ന തോന്നല്‍ ഇതുവരെ അയാള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അതില്‍ തെറ്റുകളൊന്നുമില്ല:

http://bit.ly/1bsTXbf

ദോഷം പറയരുതല്ലോ, മറാഠിയില്‍ മാത്രമല്ല, മറ്റു്‌ ചില ഭാഷകളിലും നിക്കോളായി ചൗഷെസ്കുവിന്റെ പേജ് “Tabula rasa” ആയിട്ടാണു്‌ നിലകൊള്ളുന്നതു്‌.

ഏതായാലും ചൗഷെസ്കുവിന്റെ വിക്കി പേജ് വായിച്ചിരിക്കുന്നതു്‌ നല്ലതാണു്‌. തൊഴിലാളിവര്‍ഗ്ഗം അധികാരം ഏറ്റെടുക്കുമ്പോള്‍ ഭൂമിയില്‍ സംജാതമാവാനിരിക്കുന്ന “പറുദീസയുടെ” ഒരു നേര്‍ചിത്രം, ഐഡിയോളജിയുടെ തിമിരം ബാധിച്ചു്‌ കാഴ്ചശേഷി മുഴുവന്‍ നശിച്ചിട്ടില്ലെങ്കില്‍, അവിടെനിന്നും ലഭിക്കും.

പ്രൈമറി സ്കൂളിനുശേഷം പതിനൊന്നാം വയസ്സില്‍ ചെരിപ്പുകുത്തുന്ന തൊഴില്‍ പഠിക്കാന്‍ തുടങ്ങിയ നിക്കോളായി ചൗഷെസ്കുവിനു്‌ അക്കാലത്തു്‌ നിയമവിരുദ്ധമായിരുന്ന റൊമേനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുക്കാന്‍ കഴിഞ്ഞു. തൊഴില്‍ പഠിപ്പിച്ചിരുന്ന ആശാന്‍ പാര്‍ട്ടിയംഗം ആയിരുന്നു എന്നതാണു്‌ അതിനു്‌ സഹായകമായതു്‌. 1932-ല്‍ പാര്‍ട്ടി അംഗമായിത്തീര്‍ന്ന ചൗഷെസ്കു പടിപടിയായി ഉയര്‍ന്നു്‌ 1965-ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും, തുടര്‍ന്നു്‌ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും, അതുവഴി രാഷ്ട്രത്തലവനും, പട്ടാളത്തലവനുമായി സര്‍വ്വാധികാരവും ഏറ്റെടുത്തു്‌ ഒരു നിയോസ്‌റ്റാലിനിസ്റ്റ് ഡിക്റ്റേറ്റര്‍ ആയി മാറി. 1989 ഡിസംബര്‍ 25-നു്‌ ഭാര്യ എലേനയോടൊപ്പം എക്സിക്യൂട്ട് ചെയ്യപ്പെട്ടതോടെ അവസാനിച്ച ഒരു കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയുടെ ചരിത്രം.

ചൗഷെസ്കുവിന്റെയും ഭാര്യയുടെയും എക്സിക്യൂഷന്റെ വീഡിയോയും യൂട്യൂബില്‍ ലഭ്യമാണു്‌. ഈ പോസ്റ്റില്‍ ഞാനതു്‌ ഒഴിവാക്കുന്നു. എങ്കിലും, വേണ്ടവര്‍ക്കു്‌ “Ceausescu tárgyalása és kivégzése 98 rész” എന്നു്‌ സെര്‍ച്ച് ചെയ്താല്‍ അതു്‌ കാണാന്‍ കഴിയും.

Nov 13, 2013, 12:21 PM

According to English Wikipedia:

“Communism is a socialist movement to create a classless, moneyless, and stateless social order structured upon common ownership of the means of production, as well as a social, political and economic ideology that aims at the establishment of this social order. This movement, in its Marxist–Leninist interpretations, significantly influenced the history of the 20th century, which saw intense rivalry between the “socialist world” (socialist states ruled by communist parties) and the “Western world” (countries with capitalist economies).

According to Marxist theory, higher-phase communism is a specific stage of historical development that inevitably emerges from the development of the productive forces that leads to excess abundance of final goods, allowing for distribution based on need and social relations based on freely associated individuals. Marxist theory holds that the lower-phase of communism, colloquially referred to as socialism, being the new society established after the overthrow of capitalism, is a transitional stage in human social evolution and will give rise to a fully communist society, in which remuneration and the division of labor are no longer present. Leninism adds to Marxism the organizational principle of the vanguard party to lead the proletarian revolution and to secure all political power after the revolution for the working class, for the development of universal class consciousness and worker participation, in the transitional stage between capitalism and communism.”

ആര്‍ക്കു്‌ വേണമെങ്കിലും ഇപ്പറഞ്ഞതിനെ വളരെ ലളിതമായി ഇപ്രകാരം മലയാളത്തിലേക്കു്‌ തര്‍ജ്ജമ ചെയ്യാം:

“സ്വന്തം ആരാച്ചാരന്മാര്‍ക്കു്‌ സിന്ദാബാദ് വിളിച്ചുകൊണ്ടു്‌, ഇരിക്കുന്ന കൊമ്പു്‌ മുറിക്കാന്‍ തൊഴിലാളിവര്‍ഗ്ഗത്തെ പ്രാപ്തരാക്കുന്ന ഒരേയൊരു ഐഡിയോളജിയാണു്‌ കമ്മ്യൂണിസം”.

പക്ഷേ, അതിനു്‌ തുനിയുന്നവന്‍ ഒരു നിബന്ധന പാലിച്ചിരിക്കണം: കമ്മ്യൂണിസം ക്യാപിറ്റലിസം തുടങ്ങിയ എല്ലാ ഇസങ്ങളെയും അംഗീകരിക്കുന്നതോ നിരാകരിക്കുന്നതോ ആയി വിക്കിപ്പീഡിയയിലോ മറ്റിടങ്ങളിലോ എഴുതിയിരിക്കുന്ന മുഴുവന്‍ ആര്‍ഗ്യുമെന്റ്സിനെയുംപറ്റി മാത്രമല്ല, നൂറ്റന്‍പതു്‌ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പും പിന്‍പും മനുഷ്യമനസ്സില്‍ രൂപമെടുത്തു്‌ വളരുകയോ തളരുകയോ ചെയ്ത എല്ലാ ചിന്താസരണികളെയും, ആ കാലഘട്ടങ്ങളില്‍ സംഭവിച്ച ലോകചരിത്രത്തെ പൊതുവെയുംപറ്റി ഒരു ഏകദേശരൂപം അവനുണ്ടായിരിക്കണം എന്ന ഒരേയൊരു നിബന്ധന.

Nov 14, 2013, 9:55 AM

എന്തുകൊണ്ടായിരിക്കും ശാസ്ത്രബോധത്തിന്റെയും പുരോഗമനത്തിന്റെയും വക്താക്കളായി ഭാവിക്കുമ്പോഴും മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടേതല്ലാത്ത നിലപാടുകാരെ നേരിടാന്‍ ഏതു്‌ പ്രിമിറ്റീവ് നടപടികളും, ഏതു്‌ തരംതാണ ഭാഷയും ഉപയോഗിക്കാന്‍ മടിക്കാതിരിക്കുന്നതു്‌? എന്തൊക്കെ ആയിരിക്കണം ഒരേ സമൂഹത്തില്‍, ഒരേ സാഹചര്യങ്ങളില്‍ ജീവിച്ചിരിക്കുന്ന ഒരു ശരാശരി പൗരന്റെ മാനസികനിലവാരത്തില്‍ നിന്നും എത്ര വേണമെങ്കിലും താഴാനും, അതൊരു യോഗ്യത ആയാലെന്നപോലെ കൊണ്ടാടാനും അവരെ പ്രാപ്തരാക്കുന്ന ഘടകങ്ങള്‍ ? ആരില്‍ നിന്നുമാവണം അവര്‍ ഇത്തരം നീചമായ പെരുമാറ്റരീതികള്‍ സ്വായത്തമാക്കിയതു്‌? ഈ ചോദ്യങ്ങളുടെ ഉത്തരം ലളിതമാണു്‌. ആപ്പിള്‍ അതിന്റെ മരച്ചുവട്ടില്‍ നിന്നും അധികം അകലെയായല്ല വീഴുന്നതു്‌ എന്നപോലെ, വിപ്ലവസുവിശേഷത്തിലെ മുദ്രാവാക്യങ്ങള്‍ (അതിനപ്പുറമുള്ള വല്ലതും അറിയാന്‍ കഴിഞ്ഞവര്‍ ആ സുവിശേഷത്തെ പിന്‍തുടരാറുമില്ല) സ്ഥാപകഗുരുവില്‍ നിന്നും ഏറ്റെടുത്തപ്പോള്‍ അവയില്‍ അന്തര്‍ലീനമായ സാര്‍വ്വലൗകികവെറുപ്പുകൂടി അനുയായികളുടെ കൂടെപ്പോന്നു, അത്രതന്നെ.

അന്യജാതികളെയും അന്യവിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യാന്‍ കാഹളമൂതുന്ന ഒരു മതം, അന്യചിന്തകളെയും, അന്യനിലപാടുകളെയും വേരോടെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രം, മുതലായവയെല്ലാം സൂചിപ്പിക്കുന്നതു്‌ അവ വിഭാവനം ചെയ്ത മനുഷ്യരുടെ മനസ്സില്‍ ആളിക്കൊണ്ടിരുന്ന അടങ്ങാത്ത വെറുപ്പിനെയാണു്‌. ജീവിതത്തില്‍ അവര്‍ ആരായിരുന്നു എന്നു്‌ അടുത്തറിഞ്ഞാലേ ആ വെറുപ്പിന്റെ കാരണവും ആഴവും മനസ്സിലാക്കാനാവൂ. മാര്‍ക്സിന്റെ ജീവിതത്തിന്റെ വെളിച്ചത്തില്‍ നിന്നുകൊണ്ടു്‌ മാര്‍ക്സിസത്തെ പരിശോധിച്ചാലേ, തന്നെത്തന്നെ വെറുത്തുകൊണ്ടു്‌ ലോകത്തെ മുഴുവന്‍ വെറുത്ത ഒരു മനുഷ്യന്‍ തന്റെ രോഗാതുരമായ മനസ്സില്‍ തട്ടിക്കൂട്ടിയതും, സാമൂഹികജീവിതത്തിന്റെ പ്രായോഗികതയില്‍ ഒരു പരാജയം എന്നു്‌ പില്‍ക്കാലചരിത്രം തെളിയിച്ചതുമായ ആ സിദ്ധാന്തത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാനാവൂ.

ആജീവനാന്തം സ്വന്തം അമ്മയെ വെറുത്തിരുന്നവനാണു്‌ മാര്‍ക്സ്. അതുപോലെതന്നെയായിരുന്നു വംശീയമായ തന്റെ ഉറവിടത്തോടുള്ള മാര്‍ക്സിന്റെ നിലപാടും. യഹൂദവംശത്തില്‍പ്പെട്ട ഒരു പുരോഹിതകുടുംബത്തില്‍ നിന്നും വരുന്ന മാര്‍ക്സിനു്‌ യഹൂദവംശത്തിന്റെ നേരെയും വെറുപ്പല്ലാതെ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. ബൂര്‍ഷ്വാസിയുടെ നശീകരണം ഒരു ജീവിതദൗത്യമെന്നോണം ഏറ്റെടുത്ത മാര്‍ക്സ് വരുന്നതും ഒരു ബൂര്‍ഷ്വാ കുടുംബത്തില്‍ നിന്നുതന്നെ!

മാര്‍ക്സിനു്‌ അമ്മയോടുള്ള വെറുപ്പിന്റെ ഒരു ഉദാഹരണം: പണം വേണമെങ്കില്‍ മാത്രം (ഒരു വരുമാനവും ഇല്ലാതെ കുടുംബം പോറ്റേണ്ടവനു്‌ വല്ലവന്റെയും പണം വെറുതെ കിട്ടാതെ പറ്റുമോ? ഒരു തൊഴിലും ചെയ്യാതെ ജീവിക്കണമെങ്കില്‍ ഒന്നുകില്‍ കാരണവന്മാര്‍ ഉണ്ടാക്കിയ പണത്തില്‍ കയ്യിട്ടു്‌ വാരാന്‍ പറ്റണം, അല്ലെങ്കില്‍ ഭിക്ഷയെടുക്കണം. കേരളത്തിലാണു്‌ അതുപോലുള്ളവര്‍ ജീവിക്കുന്നതെങ്കില്‍ നോക്കുകൂലിയും നല്ലൊരോപ്ഷനാണു്‌) അമ്മയെ ഓര്‍ത്തിരുന്ന മാര്‍ക്സ് യൂറോപ്യന്‍ വന്‍കരയിലേക്കു്‌ നടത്തിയ ഒരു യാത്രയെപ്പറ്റി 1861 മെയ് മാസത്തില്‍ എംഗല്‍സിനെഴുതി: “എന്റെ അമ്മാവനില്‍ നിന്നും 160 പൗണ്ട് ഞാന്‍ പിഴിഞ്ഞു. കയ്യില്‍ റെഡി ക്യാഷ് എന്നൊരു സാദ്ധ്യതയെപ്പറ്റി ചിന്തിക്കേണ്ട കാര്യം പോലുമില്ലാത്ത, അവളുടെ അന്ത്യത്തിലേക്കു്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ അമ്മ ഞാന്‍ പണ്ടു്‌ അവള്‍ക്കു്‌ നല്‍കിയിരുന്ന ഏതാനും കടപ്പത്രങ്ങള്‍ നശിപ്പിക്കാന്‍ സമ്മതിച്ചു. ഞാന്‍ അവളോടൊത്തുണ്ടായിരുന്ന രണ്ടു്‌ ദിവസങ്ങള്‍ വച്ചുനോക്കുമ്പോള്‍ ദോഷം പറയരുതാത്ത ഒരു നേട്ടം”. മാര്‍ക്സിനു്‌ അമ്മയോടുള്ള (ആ കിഴവി) ഈ “സ്നേഹം” നല്ലതുപോലെ അറിയാവുന്നതുകൊണ്ടാവണം, അമ്മയുടെ മരണം അറിയിച്ചുകൊണ്ടു്‌ (സ്വാഭാവികമായും കുടുംബസ്വത്തിന്റെ കാര്യങ്ങള്‍ നേരെയാക്കാനുള്ള യാത്രക്കു്‌ വേണ്ടിയുള്ള പണം ചോദിച്ചുകൊണ്ടും) മാര്‍ക്സ്‌ എഴുതിയ കത്തിനുള്ള മറുപടിയില്‍ എംഗല്‍സ് ആ “കിഴവി”യെപ്പറ്റി ഒരു വാക്കുപോലും പറയാതിരുന്നതു്‌! മാര്‍ക്സും എംഗല്‍സും! “ആരാദ്ധ്യര്‍” എന്നു്‌ ലോകം കരുതുന്ന രണ്ടു്‌ തൊഴിലാളിസ്നേഹികള്‍!

നശീകരണമാണെളുപ്പം, പടുത്തുയര്‍ത്തല്‍ വളരെ ശ്രമകരമാണു്‌. സ്വന്തം വെറുപ്പിനെ തൃപ്തിപ്പെടുത്താന്‍ നശീകരണത്തിന്റെ പാത സ്വീകരിക്കുന്ന ഒരു മനസ്സില്‍ നിര്‍മ്മാണാത്മകമായ ആശയങ്ങള്‍ക്കു്‌ സ്ഥാനമില്ല. ഇതു്‌ മനസ്സിലാക്കിയാല്‍, പുരോഗമനവും ശാസ്ത്രീയതയും പ്രസംഗിക്കുകയും, അതോടൊപ്പം കൃഷിയുടെ യന്ത്രവത്കരണത്തേയും, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തേയും, നമ്മുടേതല്ലാത്ത, നമുക്കു്‌ കയറി നിരങ്ങാന്‍ അനുവാദമില്ലാത്ത മറ്റെല്ലാ സംരംഭങ്ങളെയും – അതു്‌ വ്യവസായസംരംഭങ്ങളായാലും, ഇനി, വെറുമൊരു വിക്കിപ്പീഡിയ ആയാല്‍ പോലും – കൂട്ടായി എതിര്‍ത്തു്‌ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തത്വശാസ്ത്രികളെ കാണുമ്പോള്‍ അത്ഭുതപ്പേടേണ്ടിവരില്ല. കാലുകുത്താന്‍ കഴിഞ്ഞ എല്ലാ പ്രബുദ്ധരാജ്യങ്ങളില്‍നിന്നും ഏതാനും ദശാബ്ദങ്ങള്‍ക്കകം പൂര്‍ണ്ണമായും കെട്ടുകെട്ടുകയോ, അതല്ലെങ്കില്‍ രൂപാന്തരം പ്രാപിക്കുകയെങ്കിലുമോ ചെയ്യാന്‍ നിര്‍ബന്ധിതമായ ഒരു തത്വസംഹിതയെ ഇന്നും കെട്ടിപ്പുണരുന്ന സമൂഹങ്ങളുണ്ടെങ്കില്‍ അതിന്റെ കാരണം, അവയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയല്ലാതെ മറ്റൊന്നുമല്ല. (നിഷ്പക്ഷമായ) പത്രവായനയിലൂടെയെങ്കിലും ലോകഗതി മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ആരെങ്കിലും അതുപോലെ എന്നോ ചത്ത ഒരു കുഞ്ഞിന്റെ ജാതകത്തെയോ, അതിനു്‌ വ്യാഖ്യാനമെഴുതിയ പണ്ഡിതരെയോ അപഗ്രഥിക്കാന്‍ ശ്രമിക്കുമെന്നു്‌ തോന്നുന്നില്ല. പക്ഷേ, ഉപരിപഠനത്തിനോ ഗവേഷണത്തിനോ ഒക്കെ ആയി “ഒന്നാം നംബര്‍ ക്യാപിറ്റലിസം” നിലവിലിരിക്കുന്ന ഒരു രാജ്യത്തുചെന്നു്‌ താമസിച്ചുകൊണ്ടു്‌ “ഒന്നാം നംബര്‍ കമ്മ്യൂണിസം” പ്രഘോഷിക്കുന്നതില്‍ ഉളുപ്പില്ലായ്മയൊന്നും കാണാന്‍ കഴിയാത്ത മനുഷ്യജന്മങ്ങള്‍ ജീവിച്ചിരിക്കുന്ന ഒരു ലോകമാണു്‌ ഇതെന്നതിനാല്‍, അതുപോലെ അര്‍ത്ഥശൂന്യമായ വായനകളും വ്യാഖ്യാനങ്ങളും നടത്തുന്നവരും അതു്‌ കേട്ടു്‌ കയ്യടിക്കുന്നവരും ഈ ലോകത്തില്‍ നിന്നും പൂര്‍ണ്ണമായി എന്നെങ്കിലും അപ്രത്യക്ഷമാവുമെന്നു്‌ കരുതുകയും വേണ്ട.

Nov 18, 2013, 9:58 AM

“How we remember, what we remember and why we remember form the most personal map of our individuality.” – Christina Baldwin

“Nothing is worse than active ignorance.” – Johann Wolfgang von Goethe

Nov 18, 2013, 1:34 PM

വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്ന വിധം

“ഒരു മരണാനന്തരജീവിതമുണ്ടോ? ഉണ്ടെന്നു്‌ തെളിയിക്കാന്‍ ബയോസെന്റ്‌റിസശാസ്ത്രത്തിനു്‌ കഴിയുമെന്നു്‌ പ്രൊഫസ്സര്‍ റോബര്‍ട്ട് ലാന്‍സ.” – ഇതു്‌ The Independent-ല്‍ 18.11.2013-നു്‌ വന്ന ഒരു വാര്‍ത്ത.

“മരണത്തിനു്‌ ശേഷവും ജീവിതമുണ്ടെന്നു്‌ ക്വാണ്ടം ഫിസിക്സ്.” – ഇതു്‌ കേരള ഓണ്‍ലൈന്‍ ന്യൂസില്‍ 18.11.2013-നു്‌ വന്ന അതേ “സ്റ്റോറി”യുടെ തലക്കെട്ടു്‌.

(“ന്യൂസിലെ” മറ്റൊരു “സ്റ്റോറി”: “പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ്; ഹൈസ്കൂള്‍ ക്ലാസിലെ നിരവധി പെണ്‍കുട്ടികളെന്നു്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.” കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ക്കു്‌ ഗഹനത കുറവാണെന്ന പരാതി വേണ്ടെന്നു്‌ സാരം.)

റോബര്‍ട്ട് ലാന്‍സ: “ക്വാണ്ടം സ്യൂപര്‍പൊസിഷന്‍ സംബന്ധിച്ച ഭാവിപരീക്ഷണങ്ങള്‍ ബയോസെന്റ്റിസത്തെ ഒന്നുകില്‍ പിന്‍തുണയ്ക്കും, അല്ലെങ്കില്‍ നിഷേധിക്കും.”

ഭാവിയിലെ കാര്യമായതുകൊണ്ടു്‌ തീര്‍ച്ചയായും പിന്‍തുണയ്ക്കും എന്നു്‌ തീര്‍ത്തു്‌ പറയാമായിരുന്നു എന്നാണെന്റെ എളിയ അഭിപ്രായം. കാരണം, മരണാനന്തരജീവിതത്തിനുവേണ്ടി പ്രാര്‍ത്ഥനയും നേര്‍ച്ചയുമായി കഷ്ടപ്പെടുന്ന മനുഷ്യര്‍പോലും അവരുടെ നിലപാടില്‍ പ്രൊഫസ്സര്‍ റോബര്‍ട്ട് ലാന്‍സയുടേതിനെക്കാള്‍ ഉറപ്പുള്ളവരാണു്‌. സ്വര്‍ഗ്ഗരാജ്യം നിഷേധിക്കപ്പെട്ടേക്കാം എന്നു്‌ ഉള്ളില്‍ സംശയം ഉണ്ടായാലും അതു്‌ പുറത്താരും അറിയാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍. മറ്റാരും അറിയാത്ത കാര്യം ദൈവം എങ്ങനെ അറിയാന്‍?

ഫാള്‍സിഫയബിള്‍ ആണെങ്കിലേ ഒരു തിയറി ശാസ്ത്രീയമാവൂ. അതല്ലാത്തവയെല്ലാം സ്യൂഡോസയന്‍സാണു്‌.

Nov 18, 2013, 2:33 PM

“All science is either physics or stamp collecting.” – Ernest Rutherford

Nov 19, 2013, 8:38 AM

“Wishful thinking is apparently a thing that cannot be avoided. But it should not be mistaken for scientific thinking.” – Sir Karl Popper

Nov 30, 2013, 11:41 AM

ജാഗ്രത, ശ്രവണശക്തി, അനുകൂലിക്കാന്‍ വാലാട്ടല്‍, പ്രതികൂലിക്കാന്‍ കുരയ്ക്കല്‍, യജമാനത്വത്തോടു്‌ പ്രകടിപ്പിക്കുന്ന നിത്യവും നിരുപാധികവുമായ വിധേയത്വം, കിട്ടുന്നതെന്തും തിന്നു്‌ സന്തോഷത്തോടെയും നന്ദിയോടെയും ജീവിക്കാനുള്ള സന്നദ്ധത – ഇതില്പരം മറ്റൊന്നും വീട്ടുനായ്ക്കള്‍ യജമാനന്മാര്‍ക്കു്‌ നല്‍കേണ്ടതില്ല, ആരും അവയില്‍ നിന്നു്‌ പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. പക്ഷേ, ചിന്താശേഷിയുള്ളവര്‍ എന്നു്‌ അഭിമാനിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിലെ അംഗങ്ങളില്‍നിന്നു്‌ വീട്ടുനായ്ക്കളുടെ ഗുണങ്ങള്‍ക്കും കഴിവുകള്‍ക്കും ഉപരിയായ ചിലതെല്ലാം ലോകം പ്രതീക്ഷിക്കുന്നുണ്ടു്‌.

October 2013

Oct 2, 2013, 3:09 PM

“വേല ചെയ്‌വാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുതു്‌ എന്നു്‌ ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു്‌ നടക്കുന്നു എന്നു്‌ കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു്‌: സാവധാനത്തോടെ വേല ചെയ്തു്‌ അഹോവൃത്തി കഴിക്കേണം എന്നു്‌ കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു്‌ പ്രബോധിപ്പിക്കുന്നു. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു്‌ പോകരുതു്‌. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു്‌ അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു്‌ അവനോടുള്ള സംസർഗ്ഗം വിട്ടു്‌ അവനെ വേര്‍തിരിപ്പിൻ. എങ്കിലും ശത്രു എന്നു്‌ വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു്‌ അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു്‌.” – തെസ്സലൊനീക്യര്‍ക്കുള്ള രണ്ടാം ലേഖനത്തില്‍ (3: 10- 15) വിശുദ്ധ പൗലോസ്.

“ജോലി ചെയ്യാത്തവന്‍ തിന്നുകയുമരുതു്‌ എന്നു്‌ ബൈബിള്‍ പറയുമ്പോള്‍ സോഷ്യലിസം അതിനോടു്‌ പൂര്‍ണ്ണമായും യോജിക്കുന്നു.” – മാര്‍ക്സിസ്റ്റും, ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരുവനുമായ ഔഗുസ്റ്റ് ബേബെല്‍ (August Bebel: 1840 – 1913)

“ജോലി ചെയ്യാത്തവന്‍ തിന്നരുതു്‌. തന്റെ ജീവിതത്തിനുവേണ്ടി പൊരുതാത്തവന്‍ ഈ ഭൂമിയില്‍ ജീവിക്കരുതു്‌. ശക്തിയും, അദ്ധ്വാനശീലവും, ധീരതയുമുള്ളവര്‍ക്കേ ഇവിടെ ഒരു സ്ഥാനമുള്ളു.” – അഡോള്‍ഫ് ഹിറ്റ്ലര്‍.

“ജോലി ചെയ്യാത്തവന്‍ തിന്നുകയുമരുതു്‌ എന്ന തത്വപ്രകാരം, ജോലി എന്നതു്‌ USSR-ല്‍ ഒരു കടമയും, അദ്ധ്വാനശേഷിയുള്ള ഏതൊരു പൗരന്റെയും ബഹുമതിയുമാണു്‌.” – 1936-ലെ “സ്റ്റാലിന്‍-ഭരണഘടന”യില്‍ ജോസഫ് സ്റ്റാലിന്‍.

നാറ്റ്സി ജര്‍മ്മനിയിലും കമ്മ്യൂണിസ്റ്റ് റഷ്യയിലുമൊക്കെ മാനസികവും ശാരീരികവുമായ വൈകല്യങ്ങളുള്ളവരടക്കം ലക്ഷക്കണക്കിനു്‌ മനുഷ്യരുടെ വ്യവസ്ഥാനുസൃതമായ ഉന്മൂലനത്തിന്റെ ന്യായീകരണമായിരുന്നു ഈ തത്വം. “വിശുദ്ധഗ്രന്ഥങ്ങളില്‍” നിന്നും അനുയോജ്യമായതു്‌ തിരഞ്ഞെടുക്കുക, വേണമെങ്കില്‍ അല്പം ചെത്തിമിനുക്കുക, അധികാരം ഉപയോഗിച്ചു്‌ നടപ്പില്‍ വരുത്തുക – അത്രയേ വേണ്ടൂ ഏതു്‌ വംശ/വര്‍ഗ്ഗനശീകരണത്തിനും.

Oct 3, 2013, 1:52 PM

“സന്തുഷ്ടരായ അടിമകളാണു്‌ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും കടുത്ത ശത്രുക്കള്‍.” – Marie von Ebner-Eschenbach

Oct 4, 2013, 11:47 AM

ക്രിസ്തുമതത്തിലെ ത്രിത്വഫലകം (Shield of the Trinity)

പിതാവു്‌ പുത്രനല്ല, പുത്രന്‍ പരിശുദ്ധാത്മാവല്ല, പരിശുദ്ധാത്മാവു്‌ പിതാവല്ല. പക്ഷേങ്കി, പിതാവു്‌ ദൈവമാണു്‌, പുത്രന്‍ ദൈവമാണു്‌, പരിശുദ്ധാത്മാവും ദൈവമാണു്‌. ത്രിത്വത്തിലെ ഏകത്വം. (മതഭാരതത്തില്‍ ഇതിനു്‌ മുപ്പത്തിമുക്കോടിത്വത്തിലെ ഏകത്വമെന്നും, മതേതരഭാരതത്തില്‍ “യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി” എന്നുമാണു്‌ പറയാറുള്ളതു്‌).

യേശുവിന്റെ ജ്ഞാനസ്നാനം (ദൈവത്തിന്റെ മകനായാലും ജ്ഞാനം ഉണ്ടാവണമെങ്കില്‍ ഏതെങ്കിലും യോഹന്നാന്റെ കൈകൊണ്ടു്‌ കുളിപ്പിക്കപ്പെടണം)

ത്രിത്വഫലകത്തിന്റെ മുകളില്‍ മാലാഖപ്പിള്ളേരെ എന്തോ പഠിപ്പിക്കുന്ന താടിക്കാരനായ പിതാവു്‌ താഴെ സ്നാപകന്‍ തലയില്‍ വെള്ളമൊഴിക്കുന്ന പുത്രന്‍ യേശുവല്ല, പുത്രനായ യേശു പ്രാവിന്റെ രൂപത്തില്‍ കാണുന്ന പരിശുദ്ധാത്മാവല്ല, പ്രാവു്‌ താടിക്കാരനുമല്ല. പക്ഷേ ഇവര്‍ ഓരോരുത്തരും – താടിക്കാരനും, യേശുവും, പ്രാവും – ഒറ്റയ്ക്കൊറ്റയ്ക്കു്‌ എടുക്കുമ്പോള്‍ ഒരേയൊരു ദൈവമാണുതാനും.

മനസ്സിലാക്കാന്‍ അത്ര എളുപ്പമായ കാര്യമല്ല. അതുകൊണ്ടാണു്‌ സഭാപിതാക്കള്‍ ഈ “ദൈവികാത്ഭുതത്തെ” “ക്രൈസ്തവവിശ്വാസത്തിന്റെ നിഗൂഢത” എന്നു്‌ വിളിക്കുന്നതു്‌. അങ്ങനെ വിളിക്കപ്പെടുന്നതുകൊണ്ടാണു്‌ ജനലക്ഷങ്ങള്‍ സഭാപിതാക്കളുടെ പുറകെ കൂടുന്നതും. മനസ്സിലാവാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അവയെ അതിവിശുദ്ധമായ പരമസത്യമെന്നു്‌ വിശ്വസിച്ചു്‌ ആരാധിക്കുന്നതാണു്‌ മനുഷ്യര്‍ക്കു്‌ ഇഷ്ടമെന്നു്‌ ആദ്യം മനസ്സിലാക്കിയവരാണു്‌ പുരോഹിതവര്‍ഗ്ഗം.

കൂര്‍ക്ക ചേമ്പല്ല, ചേമ്പു്‌ ചേനയല്ല, ചേന കൂര്‍ക്കയുമല്ല. പക്ഷേ കൂര്‍ക്ക കിഴങ്ങാണു്‌, ചേമ്പു്‌ കിഴങ്ങാണു്‌, ചേനയും കിഴങ്ങാണു്‌!

ചിത്രങ്ങള്‍ വേണ്ടവർ ഗൂഗിളിൽ Shield of the Trinity തിരയുക.

Oct 10, 2013, 4:51 PM

“ഞങ്ങളോടൊപ്പമല്ലാത്ത രാഷ്ട്രങ്ങള്‍ ഞങ്ങള്‍ക്കെതിരാണു്‌.” (I’ve said in the past that nations are either with us or against us in the war on terror). – George W. Bush after the World trade center attacks on 11.09.2001.

ക്രൈസ്തവഭക്തനായ ബുഷിനു്‌ ഈ വാചകം ബൈബിളില്‍ നിന്നും കിട്ടിയതാവണം. ഈ വാചകത്തെ സുവിശേഷകര്‍ ബൈബിളില്‍ യേശുവിന്റേതെന്ന പേരില്‍ കുടിയിരുത്തുന്നതിനു്‌ മുന്‍പുതന്നെ സമാനമായ ഒന്നു്‌ ജൂലിയസ് സീസറിനെപ്പറ്റി നിലവിലുണ്ടു്‌: “ഞങ്ങളോടൊപ്പമല്ലാത്തവരെയെല്ലാം ഞങ്ങള്‍ (പൊമ്പിയും കൂട്ടരും) ഞങ്ങളുടെ ശത്രുക്കളായി കരുതുന്നു എന്നു്‌ നീ പറഞ്ഞതു്‌ ഞങ്ങള്‍ കേട്ടു. നീയോ, (സീസര്‍) നിനക്കെതിരല്ലാത്ത എല്ലാവരെയും നിന്റെ പിന്‍തുണക്കാരായി കരുതുന്നു.”

പൊമ്പിയും അനുയായികളും നിഷ്പക്ഷരെ ശത്രുക്കളായി പരിഗണിക്കുമ്പോള്‍ സീസര്‍ അത്തരക്കാരെ കൂട്ടത്തില്‍ ഉള്ളവരായിട്ടാണു്‌ കരുതുന്നതു്‌. മറ്റു്‌ പല രാഷ്ട്രീയക്കാരെയും പോലെതന്നെ, പൊമ്പിയുടെ വഴി സ്വീകരിക്കാനാണു്‌ ജോര്‍ജ്ജ് ബുഷും ഇഷ്ടപ്പെടുന്നതു്‌.

ബൈബിളിലെ സുവിശേഷങ്ങളിലും കാണാം വ്യത്യസ്തമായ ഈ നിലപാടുകള്‍. നാലു്‌ സുവിശേഷങ്ങളില്‍ ആദ്യത്തേതായ മര്‍ക്കോസിന്റെ സുവിശേഷം പറയുന്നു: “നമുക്കു്‌ പ്രതികൂലമല്ലാത്തവൻ നമുക്കു്‌ അനുകൂലമല്ലോ” (മര്‍ക്കോസ് 9: 40). മറ്റൊരു ഉപദേശി യേശുവിന്റെ നാമം ഉപയോഗിച്ചു്‌ മനുഷ്യരില്‍ നിന്നും പിശാചുക്കളെ പുറത്താക്കുന്നു എന്ന വാര്‍ത്ത ഒരു ശിഷ്യനില്‍ നിന്നും കേള്‍ക്കുമ്പോള്‍, അവനെ ആരും തടയാതിരിക്കാനായി യേശു നല്‍കുന്ന മറുപടിയാണിതു്‌.

മത്തായിയുടെ സുവിശേഷം മര്‍ക്കോസിന്റേതിനു്‌ ഏതാനും ദശാബ്ദങ്ങള്‍ക്കു്‌ ശേഷമാണു്‌ എഴുതപ്പെട്ടതു്‌. അപ്പോഴേക്കും ആദ്യകാല ക്രൈസ്തവരുടെയിടയില്‍ അഭിപ്രായഭിന്നതകളും ചേരിതിരിവുകളും അസഹിഷ്ണുതയും രൂപമെടുക്കാന്‍ തുടങ്ങി. മര്‍ക്കോസിന്റെ സുവിശേഷകാലത്തു്‌ വളരെ സഹിഷ്ണു ആയിരുന്ന യേശുവിനെക്കൊണ്ടു്‌ മത്തായി പറയിപ്പിക്കുന്നു: “എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു” (മത്തായി 12:30). അസഹിഷ്ണുതയുടെ വഴി സ്വീകരിക്കാനാണു്‌ സുവിശേഷകന്‍ ലൂക്കോസും തീരുമാനിക്കുന്നതു്‌: “എനിക്കു്‌ അനുകൂലമല്ലാത്തവൻ എനിക്കു്‌ പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു” (ലൂക്കോസ് 11:23) ദോഷം പറയരുതല്ലോ, “വിരോധിക്കരുതു്‌; നിങ്ങൾക്കു്‌ പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു്‌ അനുകൂലമല്ലോ” എന്നും ലൂക്കോസ് പറയുന്നുണ്ടു്‌ (ലൂക്കോസ് 9:50). ഒരു പുറത്തു്‌ എഴുതിയിരിക്കുന്നതിന്റെ വിപരീതം മറുപുറത്തു്‌ എഴുതിവച്ചിരിക്കുന്ന കൃതികളാണല്ലോ വേദഗ്രന്ഥങ്ങള്‍ എന്നു്‌ അറിയപ്പെടുന്നതു്‌! ദൈവങ്ങള്‍ സ്കിറ്റ്സോഫ്രെനിയ ബാധിച്ചവരായതിനാലാവണം അവര്‍ നേരിട്ടു്‌ പറഞ്ഞെഴുതിച്ച മതഗ്രന്ഥങ്ങളിലൂടെ അവരുടെ “സ്പ്ലിറ്റ് പെഴ്സണാലിറ്റി” അവരറിയാതെ ഇതുപോലെ പുറത്തു്‌ വരുന്നതു്‌.

അതുകൊണ്ടു്‌ ജോര്‍ജ്ജ് ബുഷോ, മറ്റിനം രാഷ്ട്രീയക്കാരോ, മതനേതാക്കളോ ഒക്കെ പറയുന്ന കാര്യങ്ങളെ മുഖവിലയ്ക്കെടുക്കേണ്ടതില്ല. അവര്‍ എന്തു്‌ പറയുന്നു എന്നതല്ല, എന്തെങ്കിലും പറയുന്നുണ്ടോ എന്നാണു്‌ നമ്മള്‍ ശ്രദ്ധിക്കേണ്ടതു്‌. അവര്‍ ഒന്നും പറയാതിരുന്നാല്‍ നമ്മള്‍ എന്തെടുത്തു്‌ നമ്മുടെ സ്റ്റാറ്റസില്‍ പതിപ്പിക്കും? നമ്മള്‍ ഇപ്പോള്‍ ഒരു സ്റ്റാറ്റസും ഇല്ലാത്ത ഏതോ അവസ്ഥയിലാണെന്നു്‌ ലോകം ചിന്തിച്ചാല്‍ തീര്‍ന്നില്ലേ സകലതും?! പത്രങ്ങള്‍ (അവയുടെ പേരു്‌ ഏതക്ഷരത്തില്‍ തുടങ്ങുന്നതായാലും) ജീവിച്ചിരിക്കണമെങ്കില്‍ വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.

Oct 16, 2013, 3:35 PM

ധനമുള്ളവര്‍ക്കു്‌ സ്വതന്ത്രമാര്‍ക്കറ്റിലൂടെ കൂടുതല്‍ ധനമുണ്ടാക്കാന്‍ (ഉള്ളതു്‌ ഇല്ലാതാക്കി പാപ്പരാവാനും!) സഹായിക്കുന്ന സാമ്പത്തികവ്യവസ്ഥിതിയാണു്‌ ക്യാപ്പിറ്റലിസം. ധനം ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സ്വയം അതിനുള്ള ശേഷിയില്ലാത്ത അടിയാളന്മാരെ “ഇപ്പൊ ശരിയാക്കിത്തരാം” എന്നു്‌ പറഞ്ഞുപറ്റിച്ചു്‌ അവരുടെ ചിലവില്‍ മുതലാളികളും സര്‍വ്വാധികാരികളുമാവാന്‍ ഏതാനും തമ്പ്രാക്കന്മാരെ സഹായിക്കുന്ന സാമ്പത്തികവ്യവസ്ഥിതി സോഷ്യലിസവും.

Oct 19, 2013, 4:40 PM


മണ്ണിനടിയില്‍ സ്വര്‍ണ്ണമുണ്ടോ എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ രണ്ടുപകരണങ്ങള്‍:

 1. GOLD SCAN from KTS-Electronic – the first metal detector with visualization software

http://kts-electronic.com/en/metal-detector-gold-scan.html

 1. Rover Gold – Gold Detector from OKM

http://www.okmmetaldetectors.com/products/rover-gold.php?lang=en

(ശ്രദ്ധിക്കുക: എനിക്കു്‌ ഈ കമ്പനികളുമായി ഒരു ബന്ധവുമില്ല. ഈ ഉപകരണങ്ങള്‍ ഞാന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അതിനാല്‍ ഈ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ക്കു്‌ സ്വര്‍ണ്ണം കിട്ടുകയോ കിട്ടാതിരിക്കുകയോ, വല്ല ധനനഷ്ടവും മാനഹാനിയും സംഭവിക്കുകയോ ഒക്കെ ചെയ്താല്‍ എനിക്കോ പീലാത്തോസിനോ അതില്‍ ഒരു കുറ്റവും ഉണ്ടായിരിക്കുന്നതല്ല.)

Oct 21, 2013, 8:15 AM

“Hasta siempre Comandante” എന്ന എന്റെ ഒരു പ്ലസ് പോസ്റ്റില്‍ രാകേഷ് വാര്യരുടെ ഒരു കമന്റിനു്‌ ഞാന്‍ നല്‍കിയ മറുപടി തെറ്റിദ്ധാരണാജനമായി തോന്നിയതിനാല്‍ ക്ലാരിഫിക്കേഷനു്‌ വേണ്ടി സെബിന്‍ ജേക്കബ് സെപ്റ്റംബര്‍ ആദ്യം എനിക്കൊരു മെയില്‍ അയച്ചിരുന്നു. അതിനു്‌ ഞാന്‍ നല്‍കിയ മറുപടിയാണു്‌ താഴെ. അതു്‌ പ്രസിദ്ധീകരിക്കണം എന്നു്‌ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും വി. എസ്. അച്യുതാനന്ദന്‍ നവതി ആഘോഷമെല്ലാം കഴിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ അതു്‌ വെളിച്ചം കാണുന്നതില്‍ തെറ്റില്ലെന്നു്‌ തോന്നി. കാരണം, സെബിനുള്ള ഒരു ക്ലാരിഫിക്കേഷന്‍ എന്നതിനെക്കാള്‍ എന്റെ ചില കാഴ്ചപ്പാടുകളും നിലപാടുകളുമാണു്‌ അതില്‍ കൂടുതലും. എന്റേതല്ലാത്ത കാഴ്ചപ്പാടുകളുള്ള ധാരാളം പേരുണ്ടാവാം. ഉണ്ടാവാമെന്നല്ല, ഉണ്ടു്‌. അതിനുള്ള അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ, അവരുമായി തര്‍ക്കിച്ചു്‌ അവരുടെ നിലപാടുകള്‍ തിരുത്തിക്കാനോ ആഗ്രഹമൊന്നുമില്ലാത്തതിനാല്‍ ഈ പോസ്റ്റില്‍ കമന്റ് ഡിസേബിള്‍ ചെയ്യുന്നു. (സോറി, കമന്റ് ഡിസേബിള്‍ ചെയ്യാന്‍ പറ്റുന്നില്ല)

ഇതില്‍ പേരെടുത്തു്‌ പറഞ്ഞിരിക്കുന്ന ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം എന്നു്‌ പ്രത്യേകം സൂചിപ്പിക്കുന്നു.

പ്രിയ സെബിന്‍,
മെയിലിനു്‌ നന്ദി.
വസ്തുതാപരമായി അനാവശ്യം എന്നു്‌ ബോദ്ധ്യം (ബോധ്യം) ഉണ്ടെങ്കിലും, ആദ്യമേ അവസാനത്തില്‍ നിന്നും തുടങ്ങുന്നു. ഒരിക്കല്‍ ചിന്തകന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു (അങ്ങേരാണു്‌ sal kwt എന്ന പേരില്‍ ഇപ്പോള്‍ ഇസ്ലാമിനെ പ്രതിരോധിക്കുന്ന ബ്ലോഗര്‍ എന്നു്‌ തോന്നുന്നു) എന്റെ ഏതോ ഒരു പോസ്റ്റില്‍ ഞാന്‍ ഉപയോഗിച്ച “ക്ഷണം” എന്ന വാക്കു്‌ (അതോ അതു്‌ “ക്ഷണനം” എന്നായിരുന്നോ എന്നുപോലും മറന്നു) ആദ്യമായി കീറിമുറിക്കാന്‍ ശ്രമിച്ചതു്‌. “ക്ഷണനം” ഒരു പഴയ പ്രയോഗമാണെന്നും, അതിനു്‌ വധം, ഹിംസ, മുറിവേല്‍പ്പിക്കല്‍ മുതലായ അര്‍ത്ഥങ്ങളുണ്ടെന്നും അന്നേതന്നെ റെഫറന്‍സ് വഴി ഞാന്‍ മനസ്സിലാക്കിയിരുന്നു. വേണമെങ്കില്‍ രണ്ടര്‍ത്ഥത്തിനും ന്യായീകരണങ്ങള്‍ കണ്ടെത്താമെന്നു്‌ സാരം. നമുക്കുവേണ്ടതു്‌ എന്തെന്നു്‌, നമ്മുടെ നിലപാടിനു്‌ ഏറ്റവും സഹായകമായതു്‌ ഏതു്‌ അര്‍ത്ഥമെന്നു്‌ അറിയണമെന്നേയുള്ളു. (സെബിന്‍ പറഞ്ഞ “മരണം” എന്നൊരര്‍ത്ഥം ഞാന്‍ റെഫര്‍ ചെയ്ത ഗ്രന്ഥത്തില്‍ കണ്ടില്ല. സംസ്കൃതത്തില്‍ അങ്ങനെ ഒരര്‍ത്ഥമുണ്ടോ എന്നു്‌ അറിയുകയുമില്ല). ഒരു “ഇടതുപക്ഷ” ഗ്രൂപ്പില്‍ നിന്നും അന്നെനിക്കു്‌ ലഭിച്ച ആ “ക്ഷണന”ത്തിനു്‌ ഞാന്‍ ആദ്യം “ഇന്‍വിറ്റേഷന്‍” എന്ന പദമാണു്‌ ഉപയോഗിച്ചതെന്നു്‌ ശ്രദ്ധിച്ചുകാണുമെന്നു്‌ കരുതുന്നു. അശ്രദ്ധ മൂലമോ അബദ്ധത്തിലോ സംഭവിച്ച ഒരു കാര്യമല്ല അതു്‌ – അങ്ങനെയും പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും.

ഒരു ചര്‍ച്ചയില്‍/സംവാദത്തില്‍, ഉദ്ദേശിച്ച അര്‍ത്ഥം എന്തെന്നു്‌ സംശയരഹിതമായി അറിയാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും, ഇതുപോലെ വാക്കുകള്‍ ഇഴകീറി പരിശോധിക്കാന്‍ താത്പര്യപ്പെടുന്നവര്‍ വിഷയത്തില്‍ കാര്യമായി ഒന്നും തന്നെ പറയാന്‍ ഇല്ലാത്തവരായിരിക്കും എന്നാണു്‌ പൊതുവെ കേട്ടിട്ടുള്ളതും, എന്റെ നേരിട്ടുള്ള അനുഭവവും. “തരിപെറുക്കലിന്റെ” ലക്ഷ്യം തന്നെ അതാണു്‌. (“വിഷയത്തില്‍” എന്ന വാക്കിനെ, “ലൈംഗികവിഷയത്തില്‍” എന്നു്‌ വായിക്കുന്നതു്‌ മല്ലൂസിന്റെ ഇടയില്‍ സാധാരണമാണല്ലോ. ചിന്താപരമായി ഒരുവന്‍ മുന്‍തൂക്കം നല്‍കുന്നതു്‌ ഏതു്‌ ലോകത്തിനാണു്‌ എന്നു്‌ അറിയാന്‍ കഴിയുന്ന ഒരു മാനദണ്ഡം എന്ന നിലയിലാണു്‌ ഞാന്‍ അത്തരം “അധികവായനകളെ” കാണാറുള്ളതു്‌). “ക്ഷണം” എന്ന വാക്കുതന്നെ, പെട്ടെന്നു്‌, ഒരു നിമിഷത്തില്‍, മുഹൂര്‍ത്തം, ഉദ്ഭവം, ഇന്‍വിറ്റേഷന്‍ മുതലായ പല അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാവുന്ന ഒന്നാണെന്നു്‌ ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു്‌ ഭാഷയിലും, ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തിലാണു്‌ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കപ്പെടുന്നതു്‌. അതിനു്‌ കഴിയാത്തിടത്തു്‌ ഭാഷ തെറ്റിദ്ധാരണകള്‍ക്കേ ഇടം നല്‍കൂ. അതുകൊണ്ടുതന്നെയാണു്‌ പലപ്പോഴും ഭാഷ മനുഷ്യനു്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതും. ആശയം മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങു്‌ എളുപ്പമാണു്‌ അക്ഷരത്തെറ്റുകള്‍ തിരയുന്നതും, വാക്കുകളുടെ “പൊരുള്‍” തിരിക്കുന്നതും. “എന്റെയത്ര യോഗ്യത നിനക്കില്ല” എന്നു്‌ സ്ഥാപിച്ചെടുക്കാന്‍ പറ്റിയ ഏറ്റവും നല്ല കുറുക്കുവഴി. തരിപെറുക്കല്‍കാരല്ലാത്തവരെ മലയാളം ബ്ലോഗ് ലോകത്തില്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി ഉപയോഗിച്ചുതന്നെ പെറുക്കേണ്ടിവരും. വാക്കുകള്‍ അരിച്ചുപെറുക്കി വളച്ചൊടിച്ചു്‌ സ്വന്തം നിലപാടുകള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടു്‌ വിഭാഗങ്ങളാണു്‌ മാര്‍ക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും. ആരു്‌ എന്തു്‌ പറയണം, എന്തു്‌ പറയരുതു്‌ എന്നു്‌ തിട്ടൂരം ഇറക്കാന്‍ തിടുക്കപ്പെടുന്നവര്‍. അവര്‍ക്കു്‌ ഈ വക തിട്ടൂരങ്ങള്‍ ഒന്നും ബാധകവുമല്ല. സെബിന്‍ ഈ വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.

ഇനി, സൂചിതമായ ഇന്‍വിറ്റേഷനെപ്പറ്റി:
ഒരു “ഇടതുപക്ഷ'”ചര്‍ച്ചാഗ്രൂപ്പിലേക്കു് എന്നെ ക്ഷണിച്ചുകൊണ്ടുള്ള ഇമെയില്‍ ലഭിച്ചപ്പോള്‍ത്തന്നെ ഞാന്‍ അതു്‌ നിരസിക്കാന്‍ തീരുമാനിച്ചിരുന്നു. ആരായിരുന്നു അതയച്ചതു്‌ എന്നു്‌ സത്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതിനു്‌ മറുപടി അയച്ചിരുന്നോ എന്നും ഓര്‍മ്മയില്ല. പക്ഷേ, ഈ വിഷയത്തില്‍ എന്റെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു എന്നൊരു ഇമെയില്‍ സൂരജില്‍ നിന്നും താമസിയാതെ എനിക്കു്‌ ലഭിച്ചു. cpi(m)-ന്റെ പ്രമുഖ ജിഹ്വകളില്‍ ഒരാളായിട്ടാണു്‌ അന്നു്‌ ഞാന്‍ സൂരജിനെ പോസ്റ്റുകളില്‍ നിന്നും മറ്റും മനസ്സിലാക്കിയിരുന്നതു്‌. പിന്നീടു്‌ ഒരിക്കല്‍ സൂരജ്‌ പിന്‍തുടരുന്നതു്‌ സോഷ്യല്‍ ഡെമോക്രസി ആണെന്നു്‌ എവിടെയോ കണ്ടു എന്നാണോര്‍മ്മ. എന്റെ പല പോസ്റ്റുകളും (മിക്കവാറും എല്ലാ പോസ്റ്റുകളും എന്നാണെന്റെ വിശ്വാസം) ശ്രദ്ധാപൂര്‍വ്വം വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടും ചെയ്യാറുമുള്ള ഒരു വ്യക്തി എന്ന നിലയില്‍ ആ മെയിലിനു്‌ ഞാന്‍ മറുപടി എഴുതുകയും ചെയ്തു. എന്റെ വ്യക്തിപരമായ തീരുമാനം എന്ന നിലയില്‍ ആ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടുള്ള സൂരജിന്റെ ഒരു മറുപടി എനിക്കും ലഭിച്ചു. അവിടെത്തീരുന്നതാണു്‌ ആ കഥ. അതുകൊണ്ടു്‌, രാകേഷിനു്‌ ആ മറുപടി എഴുതുമ്പോള്‍ സെബിന്‍ എന്റെ അകന്ന ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല, ഉണ്ടാവേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.

ഗൂഗിള്‍ പ്ലസിലെ പല കമ്മ്യൂണിറ്റികളില്‍ നിന്നും എനിക്കു്‌ “ക്ഷണനം” ലഭിച്ചിട്ടുണ്ടു്‌, ഇപ്പോഴും ഇടയ്ക്കൊക്കെ ലഭിക്കാറുമുണ്ടു്‌. അത്തരം ഇന്‍വിറ്റേഷനുകള്‍ ഞാന്‍ സ്വീകരിക്കാറില്ല, നിരസിക്കാറുമില്ല. ഗൂഗിള്‍ പ്ലസില്‍ ഓട്ടോമാറ്റിക് ആയി ആരും അംഗമാവാത്തതുകൊണ്ടാവാം, അത്തരം കമ്മ്യൂണിറ്റികളുടെ സ്റ്റാറ്റസുകള്‍ എനിക്കു്‌ ലഭിക്കാറില്ല, എന്റെ ഭാഗ്യം. ഫെയ്സ്ബുക്കിലാണെങ്കില്‍ ഞാന്‍ മുപ്പതിലേറെ ഗ്രൂപ്പുകളില്‍ “അംഗ”മാണു്‌. പക്ഷേ, തുടക്കത്തില്‍ ആരെയും മുഷിപ്പിക്കാതിരിക്കാന്‍ ഞാന്‍ ചേര്‍ന്ന മൂന്നോ നാലോ ഗ്രൂപ്പുകള്‍ അടക്കം ഒന്നിലും ഞാന്‍ ആക്റ്റീവല്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ താത്പര്യങ്ങളുടെ പേരില്‍ ഗ്രൂപ്പോ കമ്മ്യൂണിറ്റിയോ തുടങ്ങുന്നതു്‌ അവരുടെ സ്വാതന്ത്ര്യം. അതില്‍ പങ്കെടുക്കാനോ പങ്കെടുക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം എന്റെ അവകാശം.

തുറന്നു്‌ പറയുന്നതില്‍ മുഷിയരുതു്‌: മാര്‍ക്സിസം, ഇസ്ലാമിസം, ഫെമിനിസം, “ഹിന്ദുത്വ” മുതലായ വിഷയങ്ങളില്‍ മലയാളികള്‍ നടത്തുന്ന “ചര്‍ച്ചകള്‍” കാണുമ്പോള്‍ കുറെപ്പേര്‍ തീട്ടത്തില്‍ കിടന്നു്‌ ഉരുളുന്നു എന്നേ എനിക്കു്‌ തോന്നാറുള്ളു. ഈവക കാര്യങ്ങളെപ്പറ്റിയൊക്കെ ഒരുപാടില്ലെങ്കിലും വേണ്ടത്ര അളവില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍, കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ മതിയായ അറിവില്ലാത്തവരുടെ ജല്പനങ്ങള്‍ എന്നില്‍ എന്നും അറപ്പേ ഉളവാക്കിയിട്ടുള്ളു. അതിനാല്‍, അവയില്‍നിന്നും ഒഴിഞ്ഞു്‌ നില്‍ക്കാന്‍ കഴിയുന്നതു്‌ ഒരു മഹാഭാഗ്യമായാണു്‌ ഞാന്‍ കരുതുന്നതു്‌. എങ്ങനെ ചിലവഴിക്കണം എന്നറിയാന്‍ കഴിയാത്തത്ര സമയം ഉള്ളവരുണ്ടാവാം – പ്രത്യേകിച്ചും ചെറുപ്പക്കാരുടെയിടയില്‍. അവര്‍ അനൗണ്‍സ്മെന്റ് ജീപ്പുവഴി വിതരണം ചെയ്യുന്ന നോട്ടീസ് ശേഖരിക്കാന്‍ ആര്‍പ്പിട്ടു്‌ ഓടുന്ന പിള്ളേരെപ്പോലെ ഓരോ ദിവസവും ഓരോ “ജീപ്പുകളുടെ” പുറകെ ഓടുന്നതിനു്‌ എനിക്കു്‌ വിരോധമൊന്നുമില്ല. സരിത, ഉമ്മന്‍ ചാണ്ടി, പി. സി. ജോര്‍ജ്ജ്, കുഞ്ഞാലിക്കുട്ടി, വി. എസ്., പിണറായി, ടി. പി., മന്‍മോഹന്‍ സിംഗ്, സോണിയ, രാഹുല്‍, അങ്ങനെ മാറി മാറി. ആ ഓട്ടത്തിനിടയില്‍ എത്ര നാറുന്ന പദങ്ങള്‍ വിളിച്ചുപറയാന്‍ കഴിയുന്നോ, അത്രയും കൂടുതലായിരിക്കും അവനു്‌ സമാനമനസ്കരുടെയിടയില്‍ ലഭിക്കുന്ന അംഗീകാരം. എന്റെ അഭിപ്രായത്തില്‍, അങ്ങനെയൊന്നും നേടിയെടുക്കാന്‍ ആവുന്നതല്ല ഒരു രാഷ്ട്രീയ നിലപാടും. അല്ലെങ്കില്‍, അങ്ങനെ നേടിയെടുക്കുന്നതു്‌, കുറെ കാലാപ്പിള്ളേര്‍ക്കു്‌ കൂത്തരങ്ങു്‌ വാഴാനുള്ള അവകാശമാണു്‌, അതു്‌ രാഷ്ട്രീയമല്ല. ഇതിനെയൊക്കെ രാഷ്ട്രീയം എന്നു്‌ വിളിക്കുന്നതാണു്‌ പരമദയനീയം! പക്ഷേ, ഈ രാഷ്ട്രീയം അല്ലാതെ മറ്റൊരു രാഷ്ട്രീയം കണ്ടിട്ടില്ലാത്ത കുറെ മനുഷ്യര്‍ക്കു്‌ മറ്റെന്താണു്‌ ചെയ്യാന്‍ കഴിയുക?

മലയാളികളുടെ ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ആറേഴു്‌ വര്‍ഷമായി വീക്ഷിക്കുന്നവനാണു്‌ ഞാന്‍. ആദ്യമാദ്യം ഇന്റന്‍സീവ് ആയും ഇപ്പോള്‍ വളരെ വിരളമായും. അതുവഴി ഓണ്‍ലൈന്‍ ലോകത്തില്‍ ആക്റ്റീവ് ആയ മിക്കവാറും എല്ലാ മലയാളികളുടെയും നിലപാടുകളെപ്പറ്റി, കേരളത്തിലെ “രാഷ്ട്രീയ”ത്തെപ്പറ്റി, കേരളത്തിലെ സാമൂഹിക അവസ്ഥയെയും നിലവാരത്തെയും പറ്റി ആവശ്യത്തിലേറെ ധാരണ ഉണ്ടാക്കിയെടുക്കാന്‍ എനിക്കു്‌ കഴിഞ്ഞു. സത്യം പറഞ്ഞാല്‍, ഇക്കാര്യങ്ങളില്‍ കേരളത്തില്‍ നിലവിലിരിക്കുന്ന നിലവാരത്തെപ്പറ്റി ഇന്നുള്ള ധാരണയുടെ നാലിലൊന്നു്‌ ഏഴു്‌ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌ എനിക്കുണ്ടായിരുന്നെങ്കില്‍ മലയാളം ബ്ലോഗ് ലോകത്തിലേക്കു്‌ ഒരിക്കലും ഞാന്‍ കടന്നു്‌ വരികയില്ലായിരുന്നു. ഒരു മലയാളിയും സമ്മതിച്ചു്‌ തരികയില്ല എന്നു്‌ അറിഞ്ഞുകൊണ്ടുതന്നെ പറയുന്നു: ആറാം നൂറ്റാണ്ടിലെയോ, അതിനൊക്കെ വളരെ മുന്‍പത്തെയോ മനുഷ്യരുടെ മാനസികനിലവാരവുമായി ജീവിക്കുന്ന കുറെ മനുഷ്യരാണു്‌ ഭാരതീയര്‍ പൊതുവെയും, കേരളീയര്‍ പ്രത്യേകിച്ചും. അവരിലെ അംഗസംഖ്യാപരമായി അവഗണനീയമായ ഒരു വിഭാഗത്തിനു്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പലതരം എലക്ട്രോണിക് “കളിപ്പാട്ടങ്ങള്‍” ഉണ്ടെന്ന ഒരു വ്യത്യാസമേയുള്ളു. ഓണ്‍ലൈന്‍ ജീവികള്‍ എല്ലാംതന്നെ ഈ വിഭാഗക്കാരാണു്‌. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളും, വിശ്വാസപ്രമാണങ്ങളും, നീതിശാസ്ത്രങ്ങളും ഏതുതന്നെ ആയാലും.

ഭാരതത്തിന്റെ യഥാര്‍ത്ഥ രൂപം എത്ര വികൃതമാണെന്നതിനെപ്പറ്റി ഭാരതീയനും, പകിസ്ഥാന്റേതിനെപ്പറ്റി പകിസ്ഥാനിയും, ബംഗ്ലാദേശിന്റേനെപ്പറ്റി ബംഗ്ലാദേശിയുമൊക്കെ (ഈ രാജ്യങ്ങള്‍ മൂന്നു്‌ ഉദാഹരണങ്ങള്‍ മാത്രം) മനസ്സിലാക്കുന്നതിനെക്കാള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതിന്റെ വെളിച്ചത്തിലാണു്‌ ഞാനിതു്‌ പറയുന്നതു്‌ – ആ നാടുകളിലെ “ചുമതലപ്പെട്ടവര്‍” ഒരിക്കലും അംഗീകരിച്ചു്‌ തരികയില്ല എന്നു്‌ അറിഞ്ഞുകൊണ്ടുതന്നെ. കാരണം, “ചുമതലപ്പെട്ടവരും” അവരെ താങ്ങിനിര്‍ത്തുന്നവരും തികച്ചും സംതൃപ്തരാണു്‌. ഈ സംതൃപ്തിക്കു്‌ ഭംഗം വരാതിരിക്കാന്‍ ഇടയ്ക്കിടെ താഴേക്കു്‌ നോക്കി അവിടെ നിലവിലിരിക്കുന്ന ദുരിതങ്ങളുമായി സ്വന്തം “സുഖത്തെ” താരതമ്യം ചെയ്യേണ്ടതുണ്ടു്‌. അതവര്‍ വളരെ ഭംഗിയായി, മുതലക്കണ്ണീരിന്റെ അകമ്പടിയോടെ പതിവായിത്തന്നെ ചെയ്യുന്നുമുണ്ടു്‌. ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളെപ്പറ്റി, വ്യത്യസ്ത സംസ്കാരങ്ങളെപ്പറ്റി, യൂറോപ്യനു്‌ ലഭിക്കുന്ന ചിത്രം പൗഡര്‍ പൂശി മിനുക്കിയ കപടചിത്രങ്ങളല്ല. അങ്ങനെയുള്ളവ വേണ്ടവര്‍ക്കു്‌ അതും ലഭിക്കുന്നുണ്ടാവാം. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ടു്‌ വീര്‍ക്കുകയും, ജനകീയത പ്രസംഗിക്കുകയും ചെയ്യുന്ന പ്രൈവറ്റ് ചാനലുകളാണു്‌ അവ. പക്ഷേ, യൂറോപ്പില്‍ ജനങ്ങള്‍ നല്‍കുന്ന നികുതി വഴി നിലനില്‍ക്കുന്ന സ്റ്റേഷനുകള്‍ കഴിവതും ഒബ്ജക്റ്റീവ് ആയ ഒരു ജേര്‍ണലിസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവയാണു്‌.

“ഒരു സമരത്തെ എങ്ങനെ കാണണം, എങ്ങനെ കണ്ടുകൂടാ എന്നതു് ഓരോരുത്തരുടെയും സൌകര്യമല്ലേ?”

തീര്‍ച്ചയായിട്ടും. അതു്‌ മാത്രമല്ല, ഒരു സമരം തന്നെ എന്തിനു്‌ എന്നു്‌ ചിന്തിക്കുന്നതുപോലും ഓരോരുത്തരുടെയും സൌകര്യമാണു്‌. പക്ഷേ, ചിന്ത എത്രമാത്രം സ്വതന്ത്രമായിരിക്കുന്നുവോ, അത്രമാത്രം വസ്തുനിഷ്ഠതയേ അതിനു്‌ അവകാശപ്പെടാനാവൂ. തന്റേതല്ലാത്ത നിലപാടുകളെ മുളപൊട്ടാന്‍ പോലും അനുവദിക്കാതെ, “വെട്ടുക്കിളികളുടെ” മാതൃകയില്‍ ആക്രമിക്കുന്നതു്‌ ചിലര്‍ക്കു്‌ ചിലപ്പോള്‍ “സൗകര്യം” ആകാമെങ്കിലും, അതിനു്‌ കൂടുതല്‍ യോജിക്കുന്ന വാക്കു്‌ “അടിച്ചമര്‍ത്തല്‍” എന്നാണു്‌. അധികാരത്തിലെത്താന്‍ വേണ്ടി “അടിച്ചമര്‍ത്തല്‍” ആയുധമാക്കുന്നവര്‍ അധികാരത്തിലെത്തിയാല്‍ എന്തു്‌ ചെയ്യുമെന്നു്‌ ചിന്തിക്കാവുന്നതേയുള്ളു.

കേരള “രാഷ്ട്രീയ”ത്തെപ്പറ്റി കഴിവതും ഒന്നും പറയാതിരിക്കുന്നതാണു്‌ എനിക്കിഷ്ടം. കാരണം, കേരളത്തില്‍ (ഭാരതത്തിലും) പൊളിറ്റിക്സ് എന്നൊന്നില്ല, ഉള്ളതു്‌ പൊളേമിക്സ് ആണു്‌. അതിനുവേണ്ടി ചിലവഴിക്കാന്‍ മാത്രം സമയമോ താത്പര്യമോ എനിക്കില്ല. എങ്കിലും സെബിന്‍ കേരളരാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയിലും, സ്വകാര്യമായ ഒരു മെയില്‍ എനിക്കു്‌ അയച്ചതിനാലുമാണു്‌ ഇത്രയും പറഞ്ഞതു്‌. രാകേഷിനു്‌ ഞാന്‍ കൊടുത്ത മറുപടിയും സെബിനും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന ഒറ്റ വാചകത്തില്‍ വേണമെങ്കില്‍ തീര്‍ക്കാമായിരുന്നിട്ടും ഇത്രയും ദീര്‍ഘമായി എഴുതിയതു്‌, ഒരു രാഷ്ട്രീയ നിലപാടുമില്ലാത്ത ഒരു നിഷ്പക്ഷനോ, നിഷ്കുവോ (അങ്ങനെയൊക്കെയാണല്ലോ തങ്ങളോടൊപ്പം തീട്ടത്തില്‍ കിടന്നുരുളാന്‍ തയ്യാറാവാത്തവര്‍ക്കു്‌ കേരളത്തിലെ “ഇടതുപക്ഷ” രാഷ്ട്രീയപടുക്കള്‍ നല്‍കാറുള്ള വിശേഷണങ്ങള്‍) ഒന്നുമല്ല ഞാന്‍ എന്നു്‌ വ്യക്തമാക്കാന്‍ കൂടി ആയിരുന്നു.

ആശംസകളോടെ,

Oct 26, 2013, 11:49 AM

ഗ്യാലിലെയോ ഗ്യാലിലൈ 1632-ല്‍ എഴുതിയ “ഡയലോഗില്‍” (The Dialogue Concerning the Two Chief World Systems) രസകരമായ ഒരു സംഭവം വിവരിക്കുന്നുണ്ടു്‌. ഈ പുസ്തകമാണു്‌ “വേദവിരുദ്ധത” ആരോപിച്ചു്‌ 1633-ല്‍ കത്തോലിക്കാസഭ നിരോധിച്ചതു്‌.

വെനീസിലെ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ വസതിയില്‍ ശവങ്ങള്‍ കീറിമുറിച്ചു്‌ പരിശോധിക്കപ്പെടുന്നതു്‌ കാണാന്‍ പഠനം ലക്ഷ്യമാക്കിയും ജിജ്ഞാസ മൂലവും ആളുകള്‍ എത്താറുണ്ടായിരുന്നു. ഒരിക്കല്‍ അക്കൂട്ടത്തില്‍ ഗ്യാലിലെയോയും ഉണ്ടായിരുന്നു. തന്റെ ജോലി വളരെ കൃത്യമായും ശ്രദ്ധാപൂര്‍വ്വവും ചെയ്തിരുന്നവനായ ആ ഡോക്ടറുടെ അന്നത്തെ ജോലി നാഡീവ്യൂഹത്തിന്റെ ആരംഭവും അവസാനവും കണ്ടെത്തുക എന്നതായിരുന്നു. നാഡീവ്യൂഹം തലച്ചോറില്‍ നിന്നും പുറപ്പെട്ടു്‌ പിന്‍കഴുത്തിലൂടെ, നട്ടെല്ലിലൂടെ, ശരീരായവങ്ങള്‍ മുഴുവനും ശാഖോപശാഖകളായി വ്യാപിച്ചു്‌ കിടക്കുന്നതും, അതില്‍ നിന്നും ഒരു ഭാഗം മാത്രം ഹൃദയത്തിലേക്കു്‌ പോകുന്നതുമെല്ലാം മറ്റുള്ളവരോടൊപ്പം അവിടെ ഉണ്ടായിരുന്ന ഒരു അരിസ്റ്റോട്ടേലിയന്‍ തത്വചിന്തകനെയും കാണിച്ചുകൊടുത്തശേഷം, ഇപ്പോള്‍ നിങ്ങള്‍ക്കു്‌ ബോദ്ധ്യമായോ എന്നു്‌ ആ ഡോക്ടര്‍ അയാളോടു്‌ ചോദിച്ചു. അക്കാലത്തു്‌ അരിസ്റ്റോട്ടിലിന്റെയും ഗ്യാലെന്റെയും (Galen of Pergamon) അനുയായികള്‍ തമ്മില്‍ നിലനിന്നിരുന്ന ഒരു വലിയ തര്‍ക്കവിഷയമായിരുന്നു നാഡീവ്യൂഹത്തിന്റെ തുടക്കം ഹൃദയത്തില്‍ നിന്നോ അതോ തലച്ചോറില്‍ നിന്നോ എന്നതു്‌. നാഡികളുടെ തുടക്കം തലച്ചോറില്‍ നിന്നാണെന്നു്‌ അംഗീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ല എന്നു്‌ ഉറപ്പായ അരിസ്റ്റോട്ടേലിയന്‍ ചിന്തകന്‍ അല്പനേരം ചിന്താമഗ്നനായി നിന്നശേഷം പറഞ്ഞു: “നിങ്ങള്‍ എല്ലാം വളരെ വ്യക്തമായി, സംശയരഹിതമായി എന്നെ കാണിച്ചുതന്നു – നാഡികളുടെ തുടക്കം ഹൃദയത്തില്‍ നിന്നുമാണെന്ന അരിസ്റ്റോട്ടിലിന്റെ സ്പഷ്ടമായ പ്രസ്താവന ഇതിനെതിരായിട്ടല്ലായിരുന്നെങ്കില്‍ നിങ്ങള്‍ പറയുന്നതു്‌ തന്നെയാണു്‌ ശരി എന്നു്‌ സമ്മതിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുമായിരുന്നു”.

ഇന്നും ഇതുപോലത്തെ “അരിസ്റ്റോട്ടേലിയന്‍ ചിന്തകര്‍” അരങ്ങു്‌ വാഴുന്ന സമൂഹങ്ങളുണ്ടു്‌.

നിങ്ങള്‍ പറയുന്നതു്‌ ശരിയാണെന്ന കാര്യത്തില്‍ എനിക്കു്‌ സംശയമേതുമില്ല. പക്ഷേ,
വളരെ ‘സ്പഷ്ടമായി’ ഭഗവദ് ഗീത മറ്റൊന്നു്‌ പറയുമ്പോള്‍??
വളരെ ‘സ്പഷ്ടമായി’ ബൈബിള്‍ മറ്റൊന്നു്‌ പറയുമ്പോള്‍??
വളരെ ‘സ്പഷ്ടമായി’ ഖുര്‍ആന്‍ മറ്റൊന്നു്‌ പറയുമ്പോള്‍??
വളരെ ‘സ്പഷ്ടമായി’ Samuel Hahnemann മറ്റൊന്നു്‌ പറയുമ്പോള്‍??
വളരെ ‘സ്പഷ്ടമായി’ മാനിഫെസ്റ്റോ മറ്റൊന്നു്‌ പറയുമ്പോള്‍??

ഈ പട്ടിക ഇവിടെ അവസാനിക്കുന്നതല്ല.

മതവിശ്വാസങ്ങള്‍ക്കെതിരെ, ആള്‍ദൈവങ്ങള്‍ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളും (അങ്ങനെയൊരു വിഭാഗം ഇന്നുണ്ടെങ്കില്‍, അത്തരം സത്യസന്ധമായ വല്ല ആക്രമണങ്ങളും അവര്‍ നടത്തുന്നുണ്ടെങ്കില്‍) അതേ രീതിയില്‍ അവര്‍ തങ്ങളോടുതന്നെ, സ്വന്തം വിശ്വാസപ്രമാണങ്ങളോടുതന്നെ നടത്തേണ്ടവയാണു്‌. അതിനുള്ള യാതൊരു യോഗ്യതക്കുറവും മാര്‍ക്സിസം എന്ന “മത”വിശ്വാസത്തിനുമില്ല.

Oct 27, 2013, 2:09 PM

വിശുദ്ധ ജസ്റ്റിന്‍ (AD 100 – 165) പുരാതനഗ്രീസിലെ തത്വചിന്താസരണികളെ ഒട്ടും വിലമതിക്കാത്ത ഒരു സഭാപിതാവായിരുന്നു:: “സ്റ്റൊവിക്സിനു്‌ ദൈവത്തെപ്പറ്റി ഒന്നുമറിയില്ല, പെരിപറ്റെറ്റിക്കുകള്‍ ധനലോഭികളാണു്‌, പിതാഗൊറിയന്‍സ് ആവശ്യത്തിലേറെ താത്വികരാണു്‌, പ്ലേറ്റണിസ്റ്റുകള്‍ അവരുടെ അവകാശവാദങ്ങളില്‍ വളരെയേറെ തീക്ഷ്ണത പ്രകടിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ക്കുമാത്രം സത്യം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കുന്നു, എന്തെന്നാല്‍, അതിനുവേണ്ടി മരിക്കാന്‍ പോലും അവര്‍ സന്നദ്ധരാണു്‌.”

വിശുദ്ധ ജസ്റ്റിന്‍ പിതാവിന്റെ ഉത്തമബോദ്ധ്യത്തിന്റെ വെളിച്ചത്തില്‍, ഗ്രീക്ക് ചിന്തകരുടെ ദുഷിച്ച സ്വഭാവങ്ങളൊന്നും ഇല്ലാതിരിക്കുന്നവര്‍ക്കാണു്‌ സത്യം യാഥാര്‍ത്ഥ്യമാവുന്നതു്‌. മറ്റു്‌ വാക്കുകളില്‍ പറഞ്ഞാല്‍, ദൈവത്തെപ്പറ്റി എല്ലാം അറിയാവുന്ന, ഒട്ടും ധനലോഭികളല്ലാത്ത, താത്വികത എന്നാല്‍ എന്തെന്നു്‌ പോലുമറിയാത്ത, തീക്ഷ്ണതയെ സ്വന്തം അവകാശവാദങ്ങളില്‍ തൊട്ടുതീണ്ടാന്‍ പോലും അനുവദിക്കാത്തവര്‍ക്കാണു്‌ സത്യം യാഥാര്‍ത്ഥ്യമാവുന്നതു്‌. വിശ്വാസം വരാത്തവര്‍ക്കു്‌ അരമനവാസികളായ ക്രിസ്തുമതവിശ്വാസികളെ നോക്കി സംശയനിവൃത്തി വരുത്താവുന്നതാണു്‌. അവിടങ്ങളില്‍, വെളിച്ചം കാണാന്‍ പാടില്ലാത്ത ചില സത്യങ്ങള്‍ക്കുവേണ്ടി ചിലര്‍ ചിലപ്പോഴൊക്കെ കൊല്ലപ്പെടാറും, അപ്പോള്‍ ഗത്യന്തരമില്ലാത്തതിനാല്‍ അവര്‍ ചാവാറും ഉണ്ടെന്നല്ലാതെ, പിതാവു്‌ പറഞ്ഞപോലെ, സത്യത്തിനുവേണ്ടി സ്വമേധയാ ഇക്കാലത്തു്‌ ആരെങ്കിലും മരിക്കാറുള്ളതായി കേട്ടിട്ടില്ല. അതു്‌ സ്വര്‍ഗ്ഗത്തില്‍ ലഭ്യമാവാന്‍ സാദ്ധ്യതയുള്ളതിനേക്കാള്‍ കൂടുതല്‍ “യഥാര്‍ത്ഥ സത്യങ്ങള്‍” അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ ലഭ്യമാക്കാവുന്നതേയുള്ളു എന്നു്‌ ആടുകള്‍ ഇടയന്മാരില്‍ നിന്നും കണ്ടും കേട്ടും പതിയെ മനസ്സിലാക്കി വരുന്നതുകൊണ്ടായിക്കൂടെന്നില്ല. യഥാര്‍ത്ഥസത്യം മാത്രമല്ല, അതിനുവേണ്ടി മരിക്കുന്നവരെയും അരമനകളില്‍ കാണാനാവും എന്നു്‌ കരുതി അങ്ങോട്ടു്‌ നോക്കുന്നവര്‍ നിരാശപ്പെടാതിരിക്കാനാണു്‌ ഇതു്‌ പറയുന്നതു്‌.

സ്വന്തം പിഴവുകള്‍ കാണാനുള്ള ശേഷി നശിപ്പിക്കുകയും, അത്രയും കൂടി അന്യരുടെ കുറ്റങ്ങളും കുറവുകളും ഒന്നൊഴിയാതെ തെളിഞ്ഞു്‌ കാണാനുള്ള കഴിവു്‌ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയായി അവനവന്റെ നിലപാടുകളില്‍ മനുഷ്യര്‍ക്കുള്ള അന്ധമായ വിശ്വാസത്തെ കാണുന്നതില്‍ തെറ്റില്ല. ഒരേ ദൈവത്തിലും ഒരേ മതത്തിലും വിശ്വസിക്കുന്ന രണ്ടു്‌ വിഭാഗങ്ങളെ, മനുഷ്യസ്നേഹവും ലോകസമാധാനവും പ്രസംഗിച്ചുകൊണ്ടു്‌ പരസ്പരം കൊല്ലാന്‍ മടിയില്ലാത്തവരാക്കിത്തീര്‍ക്കുന്നതാണു്‌ ഈ “സത്യാന്ധവിശ്വാസം” എന്നതുതന്നെ അതിന്റെ തെളിവു്‌. സ്വന്തം ഇരട്ടത്താപ്പിനെ തിരിച്ചറിയാന്‍ കഴിയാത്തവിധം മനുഷ്യബുദ്ധിയെ ബാധിച്ചു്‌ ഉപയോഗശൂന്യമാക്കുന്ന അത്തരം ഏകപക്ഷീയമായ അന്ധവിശ്വാസതിമിരത്തിനു്‌ മതപരമെന്നോ, രാഷ്ട്രീയമെന്നോ, ശാസ്ത്രീയമെന്നോ, മറ്റേതെങ്കിലും ഇനത്തില്‍ പെട്ടതെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.

ഗര്‍ഭം ധരിക്കലും പ്രസവിക്കലുമൊന്നും ഒരു സ്ത്രീക്കു്‌ കന്യകയായി തുടരുന്നതിനു്‌ തടസ്സമല്ല എന്നു്‌ വിശ്വസിക്കുന്ന കുറച്ചു്‌ മനുഷ്യരെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്നിരിക്കെ, രണ്ടാം നൂറ്റാണ്ടുകാരനായ ഒരു സഭാപിതാവു്‌ സത്യത്തെപ്പറ്റി ധരിച്ചു്‌ വച്ചിരിക്കുന്ന അബദ്ധങ്ങളെ കുറ്റപ്പെടുത്തുന്നതു്‌ തീര്‍ത്തും മര്യാദകേടായിരിക്കും. കമ്മ്യൂണിസം പ്രസംഗിക്കുന്ന യഹോവാസാക്ഷികള്‍ മുതല്‍, ഒരു ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിച്ചുകൊണ്ടു്‌ സുഖജീവിതം നയിക്കുന്നതിനോടൊപ്പംതന്നെ തൊഴിലാളിവര്‍ഗ്ഗം മുതലാളിവര്‍ഗ്ഗത്തെ അന്തിമമായി നശിപ്പിച്ചു്‌ ഭൂമിയെ ഒരു നിത്യപറുദീസയാക്കി മാറ്റുന്ന സുദിനത്തിനുവേണ്ടി കാത്തിരിക്കുകയും അധരവ്യായാമം നടത്തുകയും ചെയ്യുന്ന വിദ്യാസമ്പന്നര്‍വരെ “അതൊന്നുമറിയാത്ത രാമനാരായണന്മാരായി” ഈ ആധുനിക ലോകത്തിലും വാഴുന്നുണ്ടു്‌ എന്ന വസ്തുത കണക്കിലെടുത്താല്‍ ജസ്റ്റിന്‍ പിതാവിന്റെ സത്യവീക്ഷണത്തിനു്‌ സംഭവിച്ച ഈ ചെറിയ പിഴവു്‌ ക്ഷമിക്കാവുന്നതേയുള്ളു.

Oct 28, 2013, 9:59 AM

ഉമ്മന്‍ ചാണ്ടിക്കു്‌ പരിക്കു്‌ പറ്റിയതു്‌ നന്നായി. ഒരാള്‍ക്കു്‌ പരിക്കു്‌ പറ്റുമ്പോള്‍ അതു്‌ നന്നായി എന്നൊക്കെ പറയാന്‍ മനുഷ്യന്‍ എത്രമാത്രം ക്രൂരനായിരിക്കണം എന്നൊന്നും ചിന്തിക്കണ്ട. ഒന്നു്‌ ചീഞ്ഞാല്‍ മറ്റൊന്നിനു്‌ വളം. ഉമ്മന്‍ ചാണ്ടിയുടെ പരിക്കിനും, മിക്കവാറും എല്ലാ കടലാസുകള്‍ക്കും എന്നപോലെ, രണ്ടു്‌ വശങ്ങളുണ്ടു്‌. അമ്മയെ തല്ലാന്‍ പോലുമുണ്ടു്‌ ഇടതു്‌ വലതു്‌ എന്നിങ്ങനെ രണ്ടുവശങ്ങള്‍. തല്ലുകൊള്ളാന്‍ വശങ്ങളൊന്നും ബാക്കിയില്ലാത്ത മാതാപിതാക്കളാണു്‌ അമ്പലമുറ്റത്തോ അനാഥാലയങ്ങളിലോ ഒക്കെ ആശ്രയം തേടുന്നതു്‌. ചിലര്‍ അങ്ങോട്ടുള്ള യാത്രയില്‍ വഴിയില്‍ വച്ചുതന്നെ തീര്‍ന്നുപോകാറുമുണ്ടു്‌. ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കു്‌ ഇത്ര അനുയോജ്യമായ വിഷയങ്ങള്‍ വേറെയില്ല. ഇവയൊന്നും ഇല്ലായിരുന്നെങ്കില്‍ സമൂഹത്തില്‍ നിലവിലിരിക്കുന്ന ദുരിതങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പ്രകടിപ്പിക്കാന്‍ വെമ്പുന്ന സഹാനുഭൂതിയും ധാര്‍മ്മികരോഷവുമെല്ലാം പുറത്തു്‌ വരാന്‍ നിവൃത്തിയില്ലാതെ ഉള്ളില്‍ കുമിഞ്ഞുകൂടി മനുഷ്യര്‍ ഹൃദയം തകര്‍ന്നു്‌ ചാകേണ്ടിവരുമായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ പരിക്കുകൊണ്ടു്‌ മറ്റൊരു നേട്ടം കൂടി ഉണ്ടായി. പുതിയ കേസുകള്‍ ഒന്നുമില്ലാതെ വിഷമിക്കുകയായിരുന്ന ഓണ്‍ലൈന്‍ ഷെര്‍ലോക്ക് ഹോംസുകള്‍ക്കും ഫൊറെന്‍സിക് സയന്റിസ്റ്റുകള്‍ക്കും അവരുടെ യോഗ്യത തെളിയിക്കാന്‍ പറ്റിയ ഒരവസരമാണു്‌ അതുവഴി വീണുകിട്ടിയതു്‌. അവരുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്കു്‌ മറ്റെന്തു്‌ പരിമിതികള്‍ ഉണ്ടെങ്കിലും, അവ സമയംകൊല്ലികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Oct 30, 2013, 11:24 AM

ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഏതോ ഒരു സ്വാമി ഒരു സ്വപ്നം കണ്ടു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരു കോട്ടയിലെ മണ്ണിനടിയില്‍ ആയിരം ടണ്‍ സ്വര്‍ണ്ണം പൂത്തിരിക്കുകയാണത്രെ! കല്ലില്‍ കൊത്തിയ ദേവീവിഗ്രഹങ്ങള്‍ “പൂക്കാറുള്ള” ഒരു നാട്ടില്‍, ദേവിയുടെ ആ തീണ്ടാരിത്തുണികള്‍ അഡ്വാന്‍സായി ബുക്ക് ചെയ്യാന്‍ ഭക്തജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ഒരു നാട്ടില്‍, മണ്ണിനടിയിലെ സ്വര്‍ണ്ണശേഖരത്തിനു്‌ എന്തുകൊണ്ടു്‌ പൂത്തുകൂടാ? ആ വിവരം എന്തുകൊണ്ടു്‌ വേദങ്ങളും ഉപനിഷത്തുകളുമെല്ലാം മനഃപാഠമാക്കിയ ഒരു ക്ഷേത്രപൂജാരിയെ സ്വര്‍ണ്ണശേഖരങ്ങളുടെ ചുമതലക്കാരനായ ദൈവത്തിനു്‌ സ്വപ്നത്തിലൂടെ വെളിപ്പെടുത്തി കൊടുത്തുകൂടാ? താന്‍ അങ്ങനെ ഒരു സ്വര്‍ണ്ണസ്വപ്നം കണ്ടു എന്ന വിവരം എന്തുകൊണ്ടു്‌ ആ പൂജാരിക്കു്‌ ഇന്‍ഡ്യന്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയുമൊക്കെ അറിയിച്ചുകൂടാ? ഭാരതം ചന്ദ്രയാനെ വിക്ഷേപിക്കാന്‍ തീരുമാനിച്ചതു്‌ “ആമ്പല്‍കണവന്‍” തണ്ണിയടിക്കുന്നവനാണെന്നു്‌ ഏതെങ്കിലും ഒരു സ്വാമി സ്വപ്നം കണ്ടതിന്റെ പേരില്‍ ആണെന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌. ഭാരതീയന്റെ കടം വീട്ടാന്‍ മണ്ണിനടിയിലെ സ്വര്‍ണ്ണം, അവനു്‌ വെള്ളമടിക്കാന്‍ ചന്ദ്രനിലെ തണ്ണി! അതിനുള്ള മാര്‍ഗ്ഗദര്‍ശനമായാണു്‌ സ്വാമിമാര്‍ക്കു്‌ ഇങ്ങനെ ഓരോന്നു്‌ ഭഗവാന്‍ സ്വപ്നത്തിലൂടെ “യുഗേ യുഗേ” സംഭവിപ്പിക്കുന്നതു്‌.

സ്വാമി പറഞ്ഞു, നുമ്മ ചെയ്തു. പക്ഷേ ചീറ്റിപ്പോയി. ആത്മീയരുടെ സ്വപ്നം കാണലും, “രാഷ്ട്രീയരുടെ” കല്ലെറിയലുമൊക്കെ ചീറ്റിപ്പോയാല്‍ ഉടനെ താത്വികമായ അവലോകനങ്ങളിലൂടെ അവയെല്ലാം ന്യായീകരിക്കപ്പെടേണ്ടതുണ്ടു്‌. കാരണം, പ്രശ്നം നിലനില്പിന്റേതാണു്‌. സ്വര്‍ണ്ണസ്വപ്നവിഷയത്തില്‍ ഇന്നു്‌ ഫേയ്സ്ബുക്കില്‍ കാണാനിടയായ അതുപോലൊരു ന്യായീകരണം: “സ്വപനം എന്നത് മനസ്സിന്‍റെ ഒരു പ്രവര്‍ത്തനം മാത്രം ആണ് കണ്ടതും കാണാത്തതും ചേര്‍ത്ത് വച്ച് കാണുന്നതാന് സ്വപനം എന്നിങ്ങനെ തുടങ്ങി മനസ്സിനെ കുറിച്ചും സ്വപ്നത്തെ കുറിച്ചും വളരെ ആഴത്തില്‍ ഉള്ള പഠനം ഉണ്ട് മാണ്ടൂക്യോപനിഷത്തില്‍ .ആ ഉപനിഷത്ത് സനാതനസംസ്ക്കാരത്തിന്റെ ഭാഗം ആണ് .അത് പഠിച്ചവര്‍ ആണ് എങ്കില്‍ ഈ വക വിഡ്ഢികളുടെ വാക്കിനു വേഷം കേട്ടി ഇറങ്ങില്ലായിരുന്നു .”

അവിശ്വാസികള്‍ക്കു്‌ പണ്ടേതന്നെയുള്ള ഒരു ദൂഷ്യമാണതു്‌. വാങ്ങിച്ച കുറെ പുസ്തകങ്ങളുടെ ഫോട്ടോ എടുത്തു്‌ ബ്ലോഗില്‍ ഇടുകയോ, ഇന്ന പുസ്തകം ഞാന്‍ ഇന്നുമുതല്‍ വായിച്ചുതുടങ്ങി എന്നു്‌ സകല ലോകത്തെയും അറിയിക്കാനായി അതിലെ ഒന്നോ രണ്ടോ വാചകങ്ങള്‍ പകര്‍ത്തിവച്ച പോസ്റ്റിടുകയോ അല്ലാതെ, വല്ല വേദങ്ങളോ ഉപനിഷത്തുക്കളോ ഒന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യില്ല. എന്നിട്ടു്‌ സ്വപ്നം ഫലിച്ചില്ല, സ്വര്‍ണ്ണം കിട്ടിയില്ല എന്നൊക്കെ കരഞ്ഞുകൊണ്ടു്‌ നടക്കുകയും ചെയ്യും! സനാതനസംസ്കാരം പഠിച്ച സ്വാമിമാര്‍ പറയുന്നതുതന്നെ മുഴുവന്‍ വിഡ്ഢിത്തം. പിന്നെ അതൊന്നും പഠിക്കാത്ത അവിശ്വാസിപ്പൊട്ടന്മാര്‍ പറയുന്ന കാര്യങ്ങളെപ്പറ്റി എന്തു്‌ പറയാന്‍?

അപ്പോ, ഈ സ്വപ്നസ്വാമി ഇപ്പറഞ്ഞ മാണ്ഡൂക്യോപനിഷത്തൊന്നും പഠിക്കാതെയാണോ ഇതുവരെ ദൈവവുമായി നേരിട്ടു്‌ ബന്ധപ്പെട്ടുകൊണ്ടിരുന്നതു്‌ എന്നൊന്നും ചോദിക്കാന്‍ പോകണ്ട. ആസാമിമാരോടു്‌ എന്തെങ്കിലും ചോദിക്കാന്‍ പോയാല്‍ മുളഞ്ഞിലില്‍ കയ്യിട്ടു്‌ വാരിയതുപോലാവും. അതുകൊണ്ടു്‌, അല്പം ശ്രദ്ധിച്ചാല്‍ അവരുടെ സ്റ്റോക്ക് റെസ്പോണ്‍സുകളുടെ ദുര്‍ഗന്ധത്തില്‍ ശ്വാസം മുട്ടി ചാവാതിരിക്കാം. പശുക്കള്‍ അയവിറക്കാന്‍ ആമാശയത്തിലുള്ളതേ വായിലേക്കു്‌ തികട്ടിയെടുക്കാറുള്ളു. പക്ഷേ, “ഉത്തമബോദ്ധ്യക്കാര്‍” വീണ്ടും വീണ്ടും ചവച്ചരയ്ക്കാനായി വന്‍കുടലിലുള്ളതുവരെ തികട്ടിയെടുക്കാന്‍ മടിയില്ലാത്തവരാണു്‌. ദുഃഖിച്ചാല്‍ സൂക്ഷിക്കണ്ട എന്നോ മറ്റോ ആണല്ലോ ഭാരതീയ പഴമൊഴി.

September 2013

Sep 24, 2013, 3:46 PM

“The whole dream of democracy is to raise the proletarian to the level of stupidity attained by the bourgeois.” – Gustave Flaubert (1821 – 1880)

“Democracy is a device that ensures we shall be governed no better than we deserve.” – George Bernard Shaw (1856 – 1950)

“Democracy means government by discussion, but it is only effective if you can stop people talking.” – Clement Atlee (1883 – 1967)

“Not all are free who mock their chains.” – Gotthold Lessing (1729 – 1781)

“There are only three ways to live: beg, steal, or do something.” – Mirabeau (1749 – 1791)

“A bit of education adorns the whole person.” – Heinrich Heine (1797 – 1856)

Sep 27, 2013, 3:11 PM

“I never want to hear the name Qatar again.”

http://bit.ly/1dLwEL

Sep 29, 2013, 11:25 AM

നിഷേധവോട്ട് രേഖപ്പെടുത്താനുള്ള ഒരു ബട്ടണ്‍ കൂടി വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നു്‌ സുപ്രീം കോടതി. എന്തുകൊണ്ടു്‌ പാടില്ല? വോട്ട് ചെയ്യാനും, വോട്ട് ചെയ്യാതെ വീട്ടിലിരിക്കാനുമുള്ള അവകാശം ജനാധിപത്യത്തില്‍ അനുവദിക്കപ്പെടാമെങ്കില്‍, ഇലക്ഷന്‍ ദിവസം പോളിങ് ബൂത്തില്‍ പോയി “എനിക്കു്‌ ഈ പാര്‍ട്ടികളെയോ ഈ സ്ഥാനാര്‍ത്ഥികളെയോ വേണ്ട” എന്നു്‌ മറ്റാരുടെയും ഇടപെടലോ ഒളിഞ്ഞുനോട്ടമോ ഇല്ലാതെ രേഖപ്പെടുത്താനും, ആ രേഖപ്പെടുത്തല്‍ അതേ ഇലക്ഷനില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൈവിരലില്‍ വാട്ടര്‍പ്രൂഫ് ആയ ഒരു ചുട്ടിയുമായി വീട്ടിലേക്കു്‌ മടങ്ങാനുമുള്ള അവകാശം ഒരു പൗരനു്‌ ഉണ്ടായിരിക്കണമെന്നാണു്‌ എന്റെ അഭിപ്രായം. നിഷേധികള്‍ കള്ളവോട്ട് ചെയ്യുന്നു എന്നതുകൊണ്ടു്‌ നിഷേധവോട്ട് ചെയ്യുന്നവരും കള്ളവോട്ട് ചെയ്യണം എന്നു്‌ നിര്‍ബന്ധമൊന്നുമില്ല.

“സ്വാതന്ത്ര്യം” കിട്ടിയിട്ടു്‌ പത്തറുപതു്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ സ്ഥിതിക്കു്‌, ബാലറ്റ് പേപ്പറുകളില്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പേരുകള്‍ മാത്രമേ ഉള്ളുവെങ്കില്‍ ഭാരതത്തില്‍ എത്രപേര്‍ വോട്ടുചെയ്യും, അതില്‍ എത്ര വോട്ടുകള്‍ അസാധു ആയിരിക്കും എന്നൊക്കെ സാവകാശം ചിന്തിക്കാന്‍ തുടങ്ങുന്നതില്‍ തെറ്റില്ലെന്നു്‌ തോന്നുന്നു. കൈപ്പത്തിയും സൈക്കിളും അരിവാളും കൊട്ടുവടിയുമൊക്കെ പടത്തിലായാലും കണ്ടാല്‍ തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കു്‌ നഷ്ടപ്പെടാത്തിടത്തോളം ഭാരതത്തില്‍ “ജനങ്ങളുടെ ആധിപത്യം” വലിയ മാറ്റമൊന്നുമില്ലാതെ തുടരുമെന്ന കാര്യത്തില്‍ എനിക്കു്‌ സംശയമൊന്നുമില്ല. എങ്കിലും പറഞ്ഞെന്നേയുള്ളു.

“കാശുകൊടുത്തു്‌” വോട്ട് ചെയ്യിക്കുന്ന രീതി നിലവിലിരിക്കുന്ന പ്രദേശങ്ങളിലെ ബാലറ്റ് പേപ്പറുകളില്‍ കൈപ്പത്തിക്കും സൈക്കിളിനും അരിവാളിനും കൊട്ടുവടിക്കുമൊക്കെ പകരം കപ്പ കഞ്ഞി പൊറോട്ട ബിരിയാണി മുതലായവയുടെ പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു്‌ കൂടുതല്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും, വ്യത്യസ്ത കക്ഷികള്‍ക്കു്‌ നല്‍കപ്പെടുന്ന വോട്ടുകളുടെ “വിലനിലവാരം” അറിയാനും സഹായിച്ചേക്കും. നിഷേധവോട്ട് രേഖപ്പെടുത്തുന്നവര്‍ക്കു്‌ ആരു്‌ കാശുകൊടുക്കും എന്നൊരു പ്രശ്നമുണ്ടു്‌. അതു്‌ പക്ഷേ, ഓണ്‍ലൈന്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളു.

കള്ളവോട്ട് എന്നൊരു പ്രശ്നമേയില്ലാത്ത ജനാധിപത്യരാജ്യങ്ങളുണ്ടു്‌ എന്നപോലെതന്നെ, കള്ളവോട്ട് എന്നതു്‌ പരിഹാരമില്ലാത്ത ഒരു പ്രശ്നമായ രാജ്യങ്ങളുമുണ്ടു്‌. റഷ്യയിലെ ഒരു പോളിങ് ബൂത്തിലിരുന്നു്‌ പല വോട്ടര്‍മാരുടെ പേരില്‍ തകൃതിയായി “വോട്ടുകള്‍” രേഖപ്പെടുത്തുന്ന ഒരു “ആപ്പീസറുടെ” വീഡിയോ എടുക്കുന്നതും, അയാളോടു്‌ അക്കാര്യം നേരിട്ടു്‌ പറയുന്നതുമെല്ലാം രണ്ടാഴ്ച മുന്‍പു്‌ ഒരു റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. ഓസ്‌റ്റ്രിയയില്‍ ഇന്നു്‌ പൊതുതെരഞ്ഞെടുപ്പാണു്‌. ജര്‍മ്മനിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. അവിടെയൊന്നും ബാലറ്റ് പേപ്പറുകളില്‍ പടപ്രദര്‍ശനങ്ങളില്ല, നിഷേധവോട്ട് ചെയ്യാന്‍ ബട്ടണുകളില്ല, കൈവിരലില്‍ ചുട്ടികുത്തലില്ല, “കള്ളവോട്ട്” എന്നൊരു പ്രശ്നമേയില്ല.

ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ അഞ്ചു്‌ ശതമാനമെങ്കിലും (ഓസ്‌റ്റ്രിയയില്‍ നാലു്‌ ശതമാനം) ലഭിക്കാത്ത പാര്‍ട്ടികള്‍ പാര്‍ലമെന്റിനു്‌ പുറത്താവുമെന്നതിനാല്‍, കഴിഞ്ഞ ലെജിസ്ലേറ്റീവ് പീരിയഡില്‍ ക്രിസ്റ്റ്യന്‍ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടികളായ CDU, ബവേറിയയില്‍ മാത്രമുള്ളതും ഇപ്രാവശ്യം ആ സംസ്ഥാനത്തു്‌ ഒറ്റയ്ക്കു്‌ ഭൂരിപക്ഷം നേടിയതുമായ CSU എന്നിവയോടൊത്തു്‌ ഭരിച്ചിരുന്ന ലിബറല്‍ പാര്‍ട്ടി (FDP) ഈവട്ടം പുറത്തായി. CDU/CSU വിഭാഗത്തിനോടു്‌ ചേര്‍ന്നു്‌ ഭരണം പങ്കിടാന്‍ SPD-ക്കും ഗ്രീന്‍ (“Die Grünen”) പാര്‍ട്ടിക്കും മടി. SPD-യോടു്‌ ചേരാന്‍ CDU/CSU- വിനു്‌ മടിയില്ലെങ്കിലും ഗ്രീന്‍ പാര്‍ട്ടിയോടു്‌ ചേരാന്‍ അവരില്‍ ഭൂരിഭാഗത്തിനും മടി. പിന്നെ ആകെയുള്ളതു്‌ ഇടതന്മാരാണു്‌. പഴയ കിഴക്കന്‍ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റുകളുടെ പിന്‍തുടര്‍ച്ചക്കാരും, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ സമാനമനസ്കരായ ചില വിഭാഗങ്ങളും ചേര്‍ന്നു്‌ രൂപീകരിക്കപ്പെട്ട ഇടതു്‌ പാര്‍ട്ടി (“Die Linke”). ഇവരും SPD-യും ഗ്രീന്‍ പാര്‍ട്ടിയും ചേര്‍ന്നാല്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും, അവരോടു്‌ ചേരാന്‍ അവരുടെ ഇന്നത്തെ പ്രോഗ്രാമുകളുടെ വെളിച്ചത്തില്‍ മറ്റൊരു പാര്‍ട്ടിയും തയ്യാറില്ല. SPD-യും ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്നു്‌ ഭരിക്കാന്‍ ഇടതര്‍ക്കു്‌ എതിര്‍പ്പില്ലതാനും. ജര്‍മ്മനിയിലെ വിലപേശല്‍ എത്രനാള്‍ നീളുമെന്നു്‌ കാത്തിരുന്നു്‌ കാണുക എന്നേ പറയാന്‍ പറ്റൂ. ഓസ്‌റ്റ്രിയയിലെ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ അത്രയും കാക്കേണ്ടതില്ല. ഇന്നു്‌ വൈകിട്ടു്‌ അഞ്ചുമണിക്കു് ബൂത്തുകള്‍ ക്ലോസ് ചെയ്തു്‌ ഉടനെതന്നെ ഒരു ഏകദേശറ്റ്രെന്‍ഡ് അറിയാന്‍ കഴിയും.

Sep 29, 2013, 4:59 PM

“പ്രാപഞ്ചിക കഴപ്പു്‌” (forename: പ്രാപഞ്ചിക, surname: കഴപ്പു്‌) എന്നൊരു താരം ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ എനിക്കൊരു ഫ്രണ്ഡ് റിക്വസ്റ്റ് അയച്ചിരിക്കുന്നു. മത്സ്യം കൂര്‍മ്മം വരാഹം മുതലായ പലതരം അവതാരങ്ങളെപ്പറ്റി കേട്ടിട്ടുണ്ടു്‌. “പ്രാപഞ്ചിക കഴപ്പു്‌” എന്നൊരു “അവരാത”ത്തെപ്പറ്റി ഇതാദ്യം കേള്‍ക്കുന്നു. “കോച്ചി വലിക്കല്‍”, കട്ടു കഴപ്പു്‌'”മുതലായവരൊക്കെ ബാധിച്ചാല്‍ അസഹ്യമാണെന്നു്‌ കേട്ടിട്ടുണ്ടു്‌. അപ്പോള്‍പ്പിന്നെ പ്രാപഞ്ചിക കഴപ്പൊക്കെ പിടികൂടിയാല്‍ എന്താവും സ്ഥിതി! അതുകൊണ്ടു്‌ അപ്പൊഴേ ഒഴിവാക്കി.

ഏതാനും ദിവസം മുന്‍പു്‌ ഒരു “കപില മുനി” (forename: കപില, surname: മുനി) ഫെയ്സ്ബുക്കില്‍ ഒരു ഫ്രണ്ഡ് റിക്വസ്റ്റ് അയച്ചിരുന്നു. കോഴി കഞ്ചാവു്‌ വലിക്കുമെന്നു്‌ അറിയാമായിരുന്നെങ്കിലും, ഋഷികള്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറക്കുമെന്നു്‌ അതുവഴിയാണു്‌ ആദ്യമായി അറിഞ്ഞതു്‌.

August 2013

Aug 12, 2013, 5:52 AM

ഉമ്മന്‍ ചാണ്ടിയെക്കാള്‍ അനുയോജ്യനായ ഒരു മുഖ്യമന്ത്രിയെ തങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നു്‌ തെളിയിക്കാന്‍ മല്ലൂസിനു്‌ കഴിയാത്തിടത്തോളം അദ്ദേഹം എന്തിനു്‌ രാജി വയ്ക്കണം എന്നെനിക്കറിയില്ല. ഉമ്മന്‍ ചാണ്ടിയെ അങ്ങോട്ടു്‌ വിളിക്കുന്ന തെറികളെ കടത്തിവെട്ടുന്ന തെറികള്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി തിരിച്ചും വിളിച്ചിരുന്നെങ്കില്‍ കുറച്ചും കൂടി നല്ല രസമുണ്ടായിരുന്നേനെ. ഈ വിഷയത്തില്‍ ഒരു ദോഷം പറയാനായി അതുമാത്രമേ ഞാന്‍ കാണുന്നുള്ളു. ചിരിച്ചു്‌ ചിരിച്ചു്‌ ചാകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തു്‌ വിപ്ലവം?

Aug 12, 2013, 5:45 AM

ചിലവുചുരുക്കി ലാഭം വര്‍ദ്ധിപ്പിക്കാന്‍ “മാവോയിസവും” “ക്യാപിറ്റലിസവും” കൈകോര്‍ക്കുമ്പോള്‍ … (ജര്‍മ്മന്‍ വീഡിയോ 1:49)

ചൈനയിലെ ഷെങ്സൗവില്‍ നിന്നും ജര്‍മ്മനിയിലെ ഹംബര്‍ഗ് വരെ പതിനായിരത്തിഇരുന്നൂറ്റിപതിനാലു്‌ കിലോമീറ്റര്‍ പതിനഞ്ചു്‌ ദിവസങ്ങള്‍ കൊണ്ടു്‌. കപ്പല്‍വഴി വേണ്ടിവരുന്നതിനേക്കാള്‍ പകുതിയിലും കുറവു്‌ സമയമാണു്‌ അതെന്നതിനാല്‍ ക്യാപ്പിറ്റല്‍ കോസ്റ്റ് പകുതിയായി കുറയ്ക്കാന്‍ കഴിയുമെന്നു്‌ ജര്‍മ്മന്‍ റെയില്‍വേയുടെ തലവന്‍ റ്യൂഡിഗെര്‍ ഗ്രൂബെ. ഗ്രൂബെ ട്രെയിന്‍ ഡ്രൈവര്‍ക്കു്‌ പൂക്കള്‍ നല്‍കി സ്വീകരിക്കുമ്പോള്‍ ഒപ്പം സന്തോഷിക്കുന്നതു്‌ ഷെങ്സൗ മേയര്‍ മാ യി. ടയര്‍, ഷൂസ്‌, വസ്ത്രങ്ങള്‍ – എല്ലാമായി 51 കണ്ടെയ്നേഴ്സ് നിറയെ 660 ടണ്‍ വസ്തുക്കളാണു്‌ ചൈന ജര്‍മ്മനിയില്‍ എത്തിച്ചതു്‌. ഈ വര്‍ഷം തന്നെ മറ്റു്‌ ട്രെയിനുകള്‍ പിന്‍തുടരുമെന്നു്‌ ചൈന.

http://www.stern.de/wirtschaft/news/einweihung-in-hamburg-containerzug-verbindet-china-und-deutschland-in-rekordzeit-2046555.html

Aug 25, 2013, 8:14 PM

http://www.youtube.com/watch?v=p63bSSnHe2s

മരണശേഷം ചാവെസ് സ്വര്‍ഗ്ഗത്തിലെത്തി ചെ ഗുവേര തുടങ്ങിയ സോഷ്യലിസ്റ്റ് എലീറ്റുകളെ കാണുന്നതിന്റെ ഒരു റ്റി.വി. സ്പോട്ട്. അതു്‌ കാണുമ്പോള്‍ ചാവെസിനെ പരിഹസിക്കാനായി ആരോ നിര്‍മ്മിച്ച ഒരു നാലാംകിട തമാശയാണെന്നു്‌ തോന്നിയേക്കാമെങ്കിലും, നേരെ മറിച്ചാണു്‌ വസ്തുത. വെനെസ്വേലന്‍ സ്റ്റെയ്റ്റ് ടെലിവിഷന്‍ ViVe പ്രദര്‍ശിപ്പിച്ച ഒരു സ്പോട്ടാണിതു്‌. നേതൃത്വം വിളമ്പുന്ന ഏതു്‌ വിഡ്ഢിത്തവും വാങ്ങി തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു സമൂഹമാണു്‌ തങ്ങളുടേതു്‌ എന്ന ഉറപ്പില്ലെങ്കില്‍ ഇതുപോലൊന്നു്‌ റ്റി.വി.യില്‍ പ്രദര്‍ശിപ്പിക്കാന്‍ വെനെസ്വേല തയ്യാറാവുമോ? അതുപോലെ അജ്ഞരായ മനുഷ്യര്‍ ജീവിക്കുന്ന മണ്ണില്‍ മാത്രം വേരൂന്നാനും പടര്‍ന്നുപിടിക്കാനും കഴിയുന്ന ഒരു പകര്‍ച്ച വ്യാധിയാണു്‌ കമ്മ്യൂണിസം. ആദര്‍ശപരമായും, അതിന്റെ ഇതുവരെയുള്ള ചരിത്രത്തിന്റെ വെളിച്ചത്തിലും മറ്റൊരു വിലയിരുത്തലില്‍ എത്തിച്ചേരണമെങ്കില്‍ ആ ആശയസംഹിതയുടെ നേരെ അല്പമൊന്നും അന്ധതയും വിധേയത്വവും ഉണ്ടായാല്‍ മതിയാവില്ല. കമ്മ്യൂണിസം എന്ന പ്ലേഗിനോടു്‌ വിടപറഞ്ഞുകൊണ്ടു്‌ പുരോഗതി പ്രാപിച്ചിട്ടുള്ള സമൂഹങ്ങളല്ലാതെ, കമ്മ്യൂണിസത്തെ കെട്ടിപ്പിടിച്ചുകൊണ്ടു്‌ പുരോഗതി കൈവരിച്ചിട്ടുള്ള ഒരൊറ്റ സമൂഹവും ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ചിന്തകളിലൂടെയും അക്ഷരങ്ങളിലൂടെയും സെല്യുലോയ്ഡുകളിലൂടെയുമൊക്കെ പ്രായോഗികം എന്നു്‌ തോന്നത്തക്കവിധത്തില്‍ ആവിഷ്കരിക്കാവുന്ന ഒരു യുട്ടോപ്പിയന്‍ ഡ്രീം എന്നല്ലാതെ, മനുഷ്യരുടെ ലോകത്തില്‍, മനുഷ്യരുടെ പങ്കാളിത്തത്തോടെ ഒരുകാലത്തും നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം. മനുഷ്യവിദ്വേഷം പുലര്‍ത്തുന്ന കാര്യത്തില്‍, ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏതൊരു നീചആശയത്തോടും കിടപിടിക്കാന്‍ കഴിയുന്ന ഒരു പ്രത്യയ”ശാസ്ത്ര”മാണു്‌ കമ്മ്യൂണിസം. മനുഷ്യന്റെ അറിവില്ലായ്മയെ മുതലെടുത്തു്‌, അവന്റെ രക്തമൂറ്റി വളരാന്‍ ശ്രമിക്കുന്ന വിഷവിത്തു്‌, അതാണു്‌ കമ്മ്യൂണിസം. കമ്മ്യൂണിസം എന്നാല്‍ എന്തെന്നു്‌ പാര്‍ട്ടിത്തമ്പ്രാക്കളില്‍ നിന്നല്ലാതെ മനസ്സിലാക്കാന്‍ എന്നെങ്കിലും മനുഷ്യര്‍ക്കു്‌ കഴിഞ്ഞാല്‍, അന്നുവരെ, ആ ദിവസം വരെ മാത്രം, നിലനില്‍ക്കാന്‍ കഴിയുന്ന ഒന്നാണു്‌ മാര്‍ക്സിസത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസം എന്ന വ്യാജതത്വസംഹിത. നേതാക്കളുടെ കല്പനപ്രകാരം നിക്കറും ഷര്‍ട്ടുമിട്ടു്‌, ചുവന്ന കൊടിയും പിടിച്ചു്‌ റോഡിലൂടെ തെക്കുവടക്കു്‌ ഓടാനും ജീവന്‍ ബലികഴിക്കാനുമൊന്നും പിന്നെ ഒരു പാച്ചുവിനെയും കോവാലനെയും കിട്ടുകയില്ല.

സത്യമെന്തെന്നു്‌, ലോകത്തിന്റെ ഗതി ഇന്നെവിടെച്ചെന്നു്‌ നില്‍ക്കുന്നുവെന്നു്‌ പാച്ചുമാരും കോവാലന്മാരും ഒരിക്കലും അറിയരുതു്‌. അതിനാണു്‌ റിയല്‍ ലോകത്തിലും, വിര്‍ച്വല്‍ ലോകത്തിലും സ്റ്റഡിക്ലാസ്സുകളും, താത്വികാവലോകനങ്ങളുമെല്ലാം മുടക്കമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നതു്‌. ഒരുകാര്യം വ്യക്തമാണു്‌: തൊഴിലാളിവര്‍ഗ്ഗത്തിന്റെ പുനരുദ്ധാരണമല്ല ഈ ബൗദ്ധികവ്യായാമത്തിന്റെ ലക്ഷ്യം. ആയിരുന്നെങ്കില്‍, അതു്‌ അവര്‍ക്കു്‌ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടേനെ! “തമ്പ്രാന്‍ സഖാവു്‌” പറയുന്നതു്‌ “നമ്മള്‍ കൊയ്യുന്ന വയലെല്ലാം നമ്മുടേതാകുന്ന” ഏതോ ഒരു നല്ലകാലത്തെപ്പറ്റിയാണെന്ന തോന്നല്‍ സ്റ്റേജിനു്‌ മുന്നിലെ തറയിലിരുന്നു്‌ അതൊക്കെ കേള്‍ക്കുന്ന തൊഴിലാളിപ്പരിഷകള്‍ക്കു്‌ തോന്നണം. അവര്‍ നിരുപാധികം തലകുലുക്കണം. അതേവേണ്ടൂ. അതിനപ്പുറം അവര്‍ മനസ്സിലാക്കിയാല്‍ സഖാവിന്റെ കഞ്ഞിയില്‍ പാറ്റവീഴും. ഏതോ നേര്‍ച്ച നേര്‍ന്നിട്ടുണ്ടെന്ന രീതിയില്‍ ഓണ്‍ലൈന്‍ ലോകത്തില്‍ നിന്നും പുറത്തിറങ്ങാതെ പതിവായി പോസ്റ്റുകളും സ്റ്റാറ്റസുകളും ഇടുന്നവരില്‍ നല്ലൊരുപങ്കും കഷ്ടപ്പെടുന്നതു്‌ ലോകത്തില്‍ സമത്വസുന്ദരമായ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി കൊണ്ടുവരാന്‍ വേണ്ടിയാണു്‌. ഒരു പാത്രം നിറയെ കഴിച്ചാല്‍ വിശപ്പു്‌ മാറാന്‍ സഹായിച്ചേക്കാവുന്ന ഭക്ഷണം തുടരെത്തുടരെ ഒരു പത്തു്‌ പ്രാവശ്യം ആവര്‍ത്തിച്ചു്‌ കഴിച്ചാല്‍ സാധാരണഗതിയില്‍ മനുഷ്യര്‍ ഛര്‍ദ്ദിക്കാറാണു്‌ പതിവു്‌. അതറിയാത്തതുകൊണ്ടാവാം, പലതരം “ഇസങ്ങള്‍” വാരിനിറച്ച പ്ലെയ്റ്റുകള്‍ നിറുത്തലില്ലാതെ വിളമ്പാന്‍ ഈ അദ്ധ്വാനികള്‍ക്കു്‌ അറപ്പോ മടുപ്പോ ഒന്നും തോന്നാത്തതു്‌. മാര്‍ക്സിസത്തെയും ഇസ്ലാമിസത്തെയും ഫെമിനിസത്തെയുമെല്ലാം മറ്റാരും നശിപ്പിക്കേണ്ടതില്ല, അക്കാര്യം അതിന്റെ “ഭാരവാഹികള്‍” തന്നെ ഇത്തരം “ഐഡിയോളജിക്കല്‍ ട്രാന്‍സ്ഫെറെന്‍സ് ന്യൂറൊസിസ്” വഴി മറ്റു്‌ മനുഷ്യരെ വെറുപ്പിച്ചു്‌ നേടിയെടുത്തുകൊള്ളും.

മാര്‍ക്സിസത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ എന്നെ നിശബ്ദനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഈയിടെയാണു്‌ എന്റെ ശ്രദ്ധയില്‍ പെട്ടതു്‌. മാര്‍ക്സിന്റെ മതിലില്‍ കുരുത്തവര്‍ എന്നവകാശപ്പെടുന്നവരാണു്‌ അവരില്‍ ചിലര്‍. എന്റെ പോസ്റ്റുകളിലെ ചില പദങ്ങള്‍ ഏറ്റെടുത്തു്‌ ഒറ്റവരിസ്റ്റാറ്റസുകളോ പോസ്റ്റുകളോ ഒക്കെ പബ്ലിഷ് ചെയ്യുക എന്നതാണു്‌ രീതി. തൂറിത്തോല്പിക്കുക എന്ന തന്ത്രം. കൃമി പിടിച്ച പിള്ളേര്‍ പ്രദര്‍ശിപ്പിക്കുന്ന അസ്വസ്ഥതയോടെ അവര്‍ ഇടുന്ന സ്റ്റാറ്റസുകളും, പേപ്പട്ടികളെപ്പോലെ പോസ്റ്റുകള്‍ തോറും ഓടിനടന്നു്‌ പാസാക്കുന്ന “പെറുക്കി” കമന്റുകളുമൊക്കെ കാണുമ്പോള്‍ ആ സമയത്തു്‌ അവര്‍ക്കു്‌, ലിംഗഭേദമനുസരിച്ചു്‌, അസാമാന്യമായ സ്ഖലനമോ, ഓര്‍ഗാസമോ ഒക്കെ ഉണ്ടാവാറുണ്ടു്‌ എന്നേ കരുതാനാവൂ. ഏതായാലും, “യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു, കമ്മ്യൂണിസത്തിന്റെ ഭൂതം” എന്നു്‌ മാര്‍ക്സിനു്‌ പണ്ടു്‌ ബോധോദയം ഉണ്ടായതുപോലെ, ഞാന്‍ രാപകലില്ലാതെ ഒരു ഭൂതമെന്നോണം ഇവരെ പിന്തുടരുന്നു എന്നൊരു ഭയം ഇവര്‍ക്കുണ്ടെന്നു്‌ തോന്നുന്നു – ഒരുതരം പാരനോയ! പേപ്പട്ടികള്‍ക്കു്‌ അവറ്റകള്‍ കാണുന്നതെല്ലാം പട്ടികളാണെന്നു്‌ തോന്നാമെങ്കില്‍, ഒരു ഭൂതത്തിനു്‌ താന്‍ കാണുന്നതെല്ലാം ഭൂതങ്ങളാണെന്നു്‌ എന്തുകൊണ്ടു്‌ തോന്നിക്കൂടാ? പക്ഷേ, യൂറോപ്പിനെ ബാധിച്ചു എന്നു്‌ മാര്‍ക്സ് സന്തോഷത്തോടെ വ്യാമോഹിച്ച കമ്മ്യൂണിസത്തിന്റെ ഭൂതത്തെ യൂറോപ്പ് വിഴുങ്ങുകയായിരുന്നു. ഭൂതത്തിന്റെ അല്പം എല്ലും ഇത്തിരി രോമവും മാത്രമാണു്‌ ഇന്നവിടെ ആകെ അവശേഷിക്കുന്നതു്‌. അതറിയാന്‍ മാര്‍ക്സ്‌ ജീവിച്ചിരുന്നില്ല. നിത്യമായി ജീവിക്കാന്‍ മാര്‍ക്സിനും ആവില്ലല്ലോ. ഇന്നത്തെ മാര്‍ക്സിസ്റ്റുകള്‍ക്കാണെങ്കില്‍ അതറിയാന്‍ തരിമ്പും ആഗ്രഹവുമില്ല. എന്നെ തൂറിത്തോല്പിക്കാന്‍ നടക്കുന്നവരോടു്‌ എനിക്കു്‌ ഒന്നേ പറയാനുള്ളു: ഏതെങ്കിലും ഒരു മാര്‍ക്സിസ്റ്റിനെയോ, ഇസ്ലാമിസ്റ്റിനെയോ, മോഡിയിസ്റ്റിനെയോ, ഫെമിനിസ്റ്റിനെയോ, മറ്റുതരം “ഇസ്റ്റുകളെയോ” അഭിസംബോധനം ചെയ്യുകയല്ല എന്റെ ഒരു പോസ്റ്റിന്റെയും ലക്ഷ്യം. കമഴ്ത്തിവച്ചകലങ്ങളും പൊട്ടക്കലങ്ങളും നിറയ്ക്കാനാവില്ലെന്നു്‌ അറിയാന്‍ മാത്രമുള്ള സാമാന്യബോധം എനിക്കുണ്ടു്‌. ഞാന്‍ എഴുതുന്നതു്‌ വായിക്കാന്‍ ഇഷ്ടപ്പെടുന്ന കുറച്ചുപേരെയെങ്കിലും എനിക്കറിയാം. എന്റെ സമയവും ഊര്‍ജ്ജവും ഞാന്‍ ചിലവഴിക്കുന്നതു്‌ അവര്‍ക്കു്‌ വേണ്ടി മാത്രമാണു്‌. എന്നെ വായിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കു്‌ എന്നെ അണ്‍ഫ്രണ്ട് ചെയ്യാം, അണ്‍ഫോളോ ചെയ്യാം. നാറ്റം സഹിക്കാന്‍ കഴിയാത്ത വിധം അടുത്തേക്കു്‌ വരുന്നവരെ ഞാനും ഒഴിവാക്കിത്തുടങ്ങി. ആയിരം നാറികളെക്കാള്‍, എനിക്കു്‌ വായിക്കാന്‍ തോന്നുന്ന, എന്നെ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പത്തുപേരെയാണു്‌ എനിക്കിഷ്ടം.

താന്‍ കേള്‍ക്കുന്ന ഒച്ചയും അനക്കവുമെല്ലാം തന്നെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നു്‌ വിലയിരുത്താനുള്ള സ്വാതന്ത്ര്യം ഏതു്‌ പേപ്പട്ടിയ്ക്കുമുണ്ടു്‌. ആരെങ്കിലും തല്ലിക്കൊല്ലുകയോ സ്വയം ചാവുകയോ ചെയ്യുന്നതുവരെ അവയുടെയെല്ലാം നേരെ നോക്കി കുരച്ചുകൊണ്ടിരിക്കാനും അതിനു്‌ കഴിഞ്ഞെന്നു്‌ വരും. പക്ഷേ, തന്റെ കുര കേള്‍ക്കുന്ന സകലചരാചരങ്ങളും തന്നെ നോക്കി തിരിച്ചും കുരയ്ക്കണമെന്നു്‌ പ്രതീക്ഷിക്കുന്നതു്‌ അധികപ്രസംഗമാണു്‌. അതിനു്‌ അതു്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം അതൊരു പേപിടിച്ച പട്ടിയാണെന്നതു്‌ മാത്രമാണു്‌. അതിനു്‌ മറ്റു്‌ ജീവജാലങ്ങളെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. പേപ്പട്ടിവിഷത്തിനു്‌ ഒപ്പത്തിനൊപ്പമോ, അതിനല്പം മുന്‍പില്‍ പോലുമോ നില്‍ക്കാന്‍ കഴിയുന്ന മറ്റൊരു വിഷബാധയാണു്‌ താനാണു്‌ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്നും, ഈ മുഴുവന്‍ പ്രപഞ്ചവും ചലിക്കുന്നതു്‌ തനിക്കു്‌ വേണ്ടിയാണെന്നും മറ്റുമുള്ള വിശ്വാസം. അങ്ങനെ തനിക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവു്‌ ശരിക്കും വലിയ ഒരുത്തനാണെന്നു്‌ ദിവസത്തില്‍ പലവട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ചു്‌ പറഞ്ഞു്‌ അവനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നില്ലെങ്കില്‍ അവന്‍ തന്നേക്കാള്‍ ചെറിയവനായിപ്പോകും എന്ന ഭയം ഈ വിശ്വാസവിഷത്തില്‍ നിന്നും ഉരുത്തിരിയുന്ന, കൂടുതല്‍ ഗൗരവതരമായ മറ്റൊരു പാരനോയ.

“പൊട്ടക്കിണറ്റിലെ തവളകള്‍” എന്നാണു്‌ കേരളത്തില്‍ രാഷ്ട്രീയവും മതവും സാംസ്കാരികവിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നവര്‍ പരസ്പരം വിശേഷിപ്പിച്ചു്‌ കാണാറുള്ളതു്‌. യഥാര്‍ത്ഥത്തില്‍ ഏതാണു്‌ പൊട്ടക്കുളം? ആരാണു്‌ തവളകള്‍? പൊട്ടക്കുളം എന്നതുകൊണ്ടു്‌ ഉദ്ദേശിക്കുന്നതു്‌ കേരളത്തെയാണെങ്കില്‍, ആ പൊട്ടക്കുളത്തില്‍ത്തന്നെ ജീവിക്കുന്നവരല്ലേ ഇപ്പറയുന്ന മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും മതാനുയായികളും സാംസ്കാരികനേതാക്കളുമെല്ലാം? അങ്ങനെയെങ്കില്‍ ആ പൊട്ടക്കുളത്തിന്റെ ഓരോ മൂലകളില്‍ ഇരുന്നു്‌ പരസ്പരം “പൊട്ടക്കിണറ്റിലെ തവളകള്‍” എന്നു്‌ വിളിക്കുകയല്ലാതെ മറ്റെന്താണു്‌ ഇക്കൂട്ടര്‍ ചെയ്യുന്നതു്‌? ഒരു പൊട്ടക്കിണറില്‍ കഴിഞ്ഞുകൊണ്ടു്‌ അതേ പൊട്ടക്കിണറില്‍ കഴിയുന്നവരെ “പൊട്ടക്കിണറ്റിലെ തവളകള്‍” എന്നു്‌ പരിഹസിക്കുന്നതില്‍ എന്തെങ്കിലുമൊരു അര്‍ത്ഥമുണ്ടോ? അതിനുള്ളില്‍ കഴിയുന്ന എല്ലാ തവളകളും ആ പൊട്ടക്കിണറ്റില്‍ ഉള്‍പ്പെടുന്നവ തന്നെയല്ലേ? അല്ലെങ്കില്‍ എന്തു്‌ യോഗ്യതയാണു്‌ കുറെയെണ്ണത്തിനെ അങ്ങനെയല്ലാത്തവയാക്കുന്നതു്‌? ഇതുപോലെ അര്‍ത്ഥശൂന്യമായ വാചാടോപങ്ങളുമായി കുറെ നേതാക്കളും അവരുടെ ശിങ്കിടികളും വാണരുളുന്ന കേരളരാഷ്ട്രീയത്തെപ്പറ്റി അഭിപ്രായം പറയാന്‍ അറയ്ക്കുന്നവരൊക്കെ അരാഷ്ട്രീയവാദികള്‍!

നേതാക്കളെ വിശ്വസിച്ചു്‌ കുറെ സഖാക്കള്‍ പോയി ചവിട്ടി കാലില്‍ തീട്ടം പറ്റിച്ച ഏറ്റവും അവസാനത്തെ “മുന്നേറ്റ”മായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം. ഉമ്മന്‍ ചാണ്ടിയെ രാജിവയ്പിച്ചിട്ടല്ലാതെ മടക്കമില്ല എന്നായിരുന്നു മാര്‍ക്സിസ്റ്റുകളുടെ ശപഥം. മറ്റു്‌ വിഭാഗങ്ങളുടെ അസാധാരണമായ പിന്‍തുണയും അതിനുണ്ടായിരുന്നു. ഒരുലക്ഷം വിനീതവിധേയരെ സമരത്തിനായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തിരുവനന്തപുരത്തെത്തിക്കുകയും ചെയ്തു. അതിനൊക്കെ മുന്‍പേതന്നെ രാജി വയ്ക്കാന്‍ തയ്യാറാവാത്ത ഉമ്മന്‍ ചാണ്ടിയുടെ തൊലിയുടെ കട്ടി അളക്കലും താരതമ്യം ചെയ്യലുമെല്ലാം സോഷ്യല്‍ മീഡിയകളിലെ തത്പരകക്ഷികളുടെ സ്ഥിരം റിച്വല്‍ ആയി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ഉമ്മന്‍ ചാണ്ടി രാജി വച്ചില്ല. വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന ഉറപ്പു്‌ മാത്രം നല്‍കി. അങ്ങനെ, രണ്ടുദിവസം തികയുന്നതിനു്‌ മുന്‍പു്‌ ഉപരോധം പിന്‍വലിച്ചു്‌ “വീരപോരാളികളെ” വിജയപൂര്‍വ്വം വീടുകളിലേക്കു്‌ മടക്കി അയച്ചു. ഉമ്മന്‍ ചാണ്ടി രാജി വച്ചില്ല എന്നതും, ഒരു ജുഡീഷ്യല്‍ അന്വേഷണം കൊണ്ടു്‌ ഒരു പ്രയോജനവും ഇല്ല എന്നതും എല്ലാവരും അംഗീകരിക്കുന്ന സത്യം. എന്നിട്ടും, ആ സമരം ഒരു വിജയമായിരുന്നു എന്നു്‌ സ്ഥാപിക്കാന്‍ താത്വികാവലോകനങ്ങള്‍ നിരത്താന്‍ എത്രമാത്രം ഉളുപ്പില്ലായ്മ ഉണ്ടായാലാണു്‌ ഒരുവനു്‌ കഴിയുക? എന്തു്‌ അടിത്തറയിലാണു്‌ അതുപോലൊരുവനുമായി ഒരു സംവാദത്തിലേര്‍പ്പെടാന്‍ സുബോധമുള്ള മനുഷ്യര്‍ തയ്യാറാവേണ്ടതു്‌? അതു്‌ യുക്തിഭദ്രമായ ചിന്തയുടെയോ, സാമാന്യബുദ്ധിയുടെ പോലുമോ ലോകമല്ല, അന്ധമായ വിശ്വാസത്തിന്റെയും, നിരുപാധികമായ വിധേയത്വത്തിന്റെയും ലോകമാണു്‌. അവിടെയാണു്‌ ചാവെസിനെപ്പോലെയുള്ള നേതാക്കള്‍ക്കു്‌ ആരാധകരും, മുകളിലത്തെ പോലുള്ള കാര്‍ട്ടൂണുകളെ സത്യമെന്നു്‌ നിരുപാധികം അംഗീകരിക്കുന്നവരും ഉണ്ടാകുന്നതു്‌.


April 2013

Apr 3, 2013, 10:03 AM http://on.fb.me/106Py”നൊവാര്‍ട്ടിസ് കാണിച്ചത് ചെറ്റത്തരമാണെന്നതില്‍ സംശയമില്ല”

അത്രയുമേ പറയാവൂ. അതിനപ്പുറം വേണ്ടാത്ത കാര്യങ്ങളൊന്നും പറഞ്ഞു്‌ ഞങ്ങളെ ശല്യം ചെയ്യരുതു്‌. ഞങ്ങള്‍ ഗണേശന്റെയും യാമിനിയുടെയും കുടുംബകലഹവും, പി. സി. ജോര്‍ജ്ജിന്റെ പൂരപ്പാട്ടുകളും, പി. ജെ. കുര്യന്റെ ലൈംഗികബന്ധങ്ങളും പോലുള്ള രാഷ്ട്രമീമാംസകള്‍ വിശദമായി അപഗ്രഥിച്ചു്‌ അഭിരമിച്ചുകൊണ്ടിരിക്കുകയാണു്‌. അതിനുപുറമെ, ഞങ്ങളുടെയിടയിലെ കുണ്ടിയടിസ്പെഷ്യലിസ്റ്റുകള്‍ക്കു്‌ അവരുടെ അന്താരാഷ്ട്രാനുയായികള്‍ക്കു്‌ കുണ്ടിയടിയില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കേണ്ടതായിട്ടുമുണ്ടു്‌. അതിനിടയില്‍ അപ്രധാനമായ കാര്യങ്ങളും പറഞ്ഞുകൊണ്ടുവന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം പന്നിക്കുഴിയിലിട്ടു്‌ ഉരുട്ടിയും വലിച്ചിഴച്ചും നാറ്റിയ്ക്കും. ഇതൊന്നും ഞങ്ങള്‍ ഇന്നും ഇന്നലെയും മുതല്‍ കാണാന്‍ തുടങ്ങിയ കാര്യങ്ങളല്ല.

അല്ലാതെ, താഴെപ്പറയുന്നതുപോലുള്ള കാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഞങ്ങളുടെ ആ. ഭാ. സം. വ്രണപ്പെടും. വെറുതെ ഞങ്ങളെ ദ്വേഷ്യം പിടിപ്പിക്കരുതു്‌.

 • “എന്നാല്‍ പേര്‍ത്തും പേര്‍ത്തും ഇത്തരം അല്പവിജയങ്ങളില്‍ മതിമറക്കുന്ന സോ കോള്‍ഡ് “ജനകീയാരോഗ്യ”തല്പരര്‍ ഇതില്‍ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടം കാണുന്നേയില്ല. നീലിഭൃംഗാദിയോ കാമിലാരിയോ ഇമ്മ്യുണോക്യുവാറും പോലുള്ള ഗുണ്ട് മരുന്നുകളല്ലാതെ അന്താരാഷ്ട്ര ശാസ്ത്രലോകത്ത് ഫലം തെളിയിച്ച കൊള്ളാവുന്ന ഒരു മരുന്ന് പോലും ഇന്ത്യന്‍ യൂണിവേഴ്സിറ്റികളോ കമ്പനികളോ ആദ്യം മുതല്‍ അവസാനം വരെ ഗവേഷിച്ച് വികസിപ്പിച്ച് എടുത്തിട്ടേയില്ല ഇത് വരെ. കാലാകാലം സായിപ്പിന്റെ നോട്ട് പുസ്തകം നോക്കി കോപ്പിയടിക്കാനും, മകന്റെ ഞൊണ്ടല്‍ കാണിച്ച് എരക്കുന്ന മൂത്ത യാചകരെപ്പോലെ, തദ്ദേശീയ മാര്‍ക്കറ്റിലെ “പോക്കണം കെട്ട രോഗിക”ളുടെ കദനകഥ കാണിച്ച് ചുളുപേറ്റന്റും അതുവഴി ലോക്കല്‍ മാര്‍ക്കറ്റിലെ അതിഭീമമായ ഷെയറും തൂത്തുവാരുന്ന ലോക്കല്‍ “കുത്തക മൊയ്ലാളി”യെക്കൂടി നമ്മളൊന്ന് തെളിച്ച് കാണേണ്ടതുണ്ട്.”
 • വര്‍ഷാവര്‍ഷം യൂറോപ്പ്പീന്ന് എവിടുന്നേലും വല്ല പൊട്ട ഹെലികോപ്റ്ററും വാങ്ങി കാശ്മീരില്‍ കൊണ്ട് ഇടിച്ച് കേറ്റാന്‍ ഡിഫന്‍സിനെന്നും പറഞ്ഞ് വിരിയിച്ച് കൊടുക്കുന്ന പൈസയുടെ ഒരംശം ജനറ്റിക്സിനും ബയോടെക്നോളജിക്കും വകയിരുത്തുകയും അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളില്‍ പേരെടുത്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അവരര്‍ഹിക്കുന്ന ആനുകൂല്യങ്ങളും ഓട്ടോണമിയും ഫണ്ടും നല്‍കി തിരികെ കൊണ്ട് വന്ന് സ്വദേശീയ ഗവേഷണ വിംഗുകള്‍ സ്ഥാപിച്ച് വളര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌.”

അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളില്‍ പേരെടുത്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരോടു്‌ എനിക്കൊന്നേ പറയാനുള്ളു: ഇതുപോലൊരു ഇന്വിറ്റേഷന്‍ നിങ്ങള്‍ക്കു്‌ ലഭിച്ചാല്‍ തന്നെ – നിങ്ങള്‍ ഏതെങ്കിലും മന്ത്രിയുടെയോ തന്ത്രിയുടെയോ മക്കളല്ലെങ്കില്‍ – ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതു്‌ സ്വീകരിച്ചു്‌ അങ്ങോട്ടു്‌ പോകുന്നതു്‌ നിങ്ങളെ സംബന്ധിച്ചു്‌ ആത്മഹത്യാപരമായിരിക്കും. സ്വതന്ത്രലോകങ്ങളില്‍ അറിവിന്റെ തേന്‍ ശേഖരിച്ചു്‌ ജീവിക്കുന്ന തേനീച്ചകള്‍ക്കു്‌ വയ്ക്കോലിലിട്ടു്‌ ചക്ക വെട്ടുന്ന സമൂഹങ്ങളില്‍ അകാലനിര്യാണമല്ലാതെ മറ്റൊന്നും നേടാനില്ല. മത്സ്യങ്ങള്‍ക്കു്‌ വെള്ളത്തിലല്ലാതെ, കരയില്‍ ജീവിക്കാനാവില്ല എന്നപോലെതന്നെ. ഇക്കാര്യം ഓര്‍ത്താല്‍ നിങ്ങള്‍ക്കു്‌ നല്ലതു്‌.

http://on.fb.me/106Pyqj

Apr 5, 2013, 8:56 AM

ഒരു മുപ്പതു്‌ വയസ്സുകാരന്‍ പയ്യന്‍ കയ്യില്‍ പന്തവുമായി നോര്‍ത്ത് കൊറിയയിലെ കുന്നിന്‍മുകളില്‍ കയറിനിന്നു്‌ എലിവാണപ്പെട്ടിയ്ക്കു്‌ തീ കൊളുത്തുമെന്നു്‌ വിളിച്ചു്‌ കൂവുന്നുണ്ടു്‌. നോര്‍ത്ത് കൊറിയ പോലുള്ള രാജ്യങ്ങളില്‍ ഒരു പുത്രനു് ജീവിതകാലം മുഴുവന്‍ കുന്നിന്‍മുകളില്‍ അള്ളിപ്പിടിച്ചിരുന്നു്‌ ജനനായകനായി വാഴാന്‍, അപ്പന്‍ മരിക്കുമ്പോള്‍ അതേ സ്ഥാനം വഹിച്ചുകൊണ്ടായിരുന്നു കുന്നിന്റെ മുകളില്‍ വാണിരുന്നതു്‌ എന്നതില്‍ കവിഞ്ഞ ഒരു യോഗ്യതയുടെ ആവശ്യമില്ല.

എലിവാണപ്പെട്ടിയ്ക്കുവേണ്ടി ചിലവാക്കുന്ന പണംകൊണ്ടു്‌ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകമായ വല്ല പദ്ധതികളും ആവിഷ്കരിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ. പക്ഷേ തലയില്‍ ചകിരിച്ചോറു്‌ മാത്രമായാല്‍ അങ്ങനെ തോന്നാനാവുമോ? ചുരുങ്ങിയ പക്ഷം, സമൃദ്ധിയില്‍ കഴിയുന്ന തെക്കന്‍ കൊറിയയില്‍ ചെന്നു്‌ വല്ല ജോലിയും ചെയ്തു്‌ ജീവിക്കാന്‍ മനുഷ്യരെ അനുവദിച്ചിരുന്നെങ്കില്‍ അവര്‍ ആദ്യം തൃപ്തിയായി ആഹാരം കഴിക്കുകയും പിന്നെ DSLR ക്യാമറകള്‍ വാങ്ങി പൂവിന്റെയും പുഴുവിന്റെയും വിരയുടെയുമെല്ലാം പടം പിടിച്ചു്‌ ഫെയ്സ് ബുക്കില്‍ ഇടുകയും ചെയ്തേനെ.

പസിഫിക് പ്രദേശത്തുള്ള രാജ്യങ്ങള്‍ മുഴുവന്‍ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ഭീഷണിയെ നേരിടാന്‍ (കഴിയുമെങ്കില്‍ ആറ്റംബോംബുകള്‍ അടക്കമുള്ള) ആയുധങ്ങള്‍ ശേഖരിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണു്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതു്‌. അതുവഴി നേട്ടം കൊയ്യുന്നവര്‍ എന്ന നിലയില്‍, അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള ആയുധനിര്‍മ്മാണക്കമ്പനികള്‍ കൈകള്‍ തിരുമ്മി ഊറിച്ചിരിക്കുകയാവണമിപ്പോള്‍.

http://www.npr.org/blogs/thetwo-way/2013/04/04/176243879/the-sky-isnt-falling-over-korea-yet

Apr 30, 2013, 1:16 PM

ഇന്റര്‍നെറ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും മൂന്നാഴ്ചയോളം മാറിനിന്നതു്‌ അസ്വസ്ഥതയോടെ ആയിരുന്നു. മടങ്ങി വരുമ്പോഴേക്കും വിപ്ലവം വരികയും, സ്ഥിതിസമത്വം സ്ഥാപിതമാവുകയും, സ്ത്രീകള്‍ വിമോചിക്കപ്പെടുകയും, ലൈംഗികാതിക്രമങ്ങളും ജാതിമതചിന്തകളുമെല്ലാം അപ്രത്യക്ഷമാവുകയുമൊക്കെ ചെയ്താല്‍ അതൊന്നും തത്സമയം കാണാനാവില്ലല്ലോ എന്നായിരുന്നു ഭയം. പക്ഷേ ഭാഗ്യത്തിനു്‌, ഇതുവരെ മാറ്റമൊഴികെ ബാക്കിയൊന്നിനും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ദൈവപുത്രന്‍ മേഘത്തിലേറി വരുന്നതും, നല്ലനാളെയ്ക്കുവേണ്ടി ഇന്നലെവരെ വര്‍ഗ്ഗശത്രുക്കളെ അരിഞ്ഞുവീഴ്ത്തിയിരുന്ന തൊഴിലാളിവര്‍ഗ്ഗം നാളെമുതല്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി രൂപാന്തരം പ്രാപിക്കുന്നതുമെല്ലാം വളരെ പെട്ടെന്നു്‌ സംഭവിക്കാവുന്ന കാര്യങ്ങളാണു്‌. (അറിയാത്തവര്‍ക്കായി: എന്തെങ്കിലും തൊഴില്‍ ചെയ്തു്‌ ജീവിക്കുന്നവരാണു്‌ തൊഴിലാളിവര്‍ഗ്ഗം എന്നറിയപ്പെടുന്നവര്‍) ശാസ്ത്രബോധത്തിന്റെയും മനുഷ്യമനഃശാസ്ത്രത്തിന്റെയും ABC- യുമായി ഈവക കാര്യങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താനാവും എന്നൊക്കെ ചിന്തിച്ചു്‌ സമയം നഷ്ടപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പ്രപഞ്ചനാഥനായ അല്ലാഹു അക്ഷരാഭ്യാസം പോലുമില്ലാതിരുന്നത്ര സാദാ മനുഷ്യനായിരുന്ന ഒരു മുഹമ്മദ് നബിക്കു്‌ പ്രത്യക്ഷപ്പെട്ടു എന്നു്‌ വിശ്വസിക്കുന്നവരുടെ ലോകത്തില്‍, കുരിശില്‍ മരിച്ച യേശു എന്നൊരു യഹൂദന്‍ മൂന്നാം ദിവസം ഭൂമിയുടെ ആകര്‍ഷണശക്തിയെ നിസ്സാരമായി ഭേദിച്ചു്‌ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു്‌ കരേറി എന്നു്‌ വിശ്വസിക്കുന്നവരുടെ ലോകത്തില്‍, അനേകം വക്ത്രങ്ങളും അനേകം നയനങ്ങളുമെല്ലാമായി, കഴുത്തില്‍ മാലകളും കാതുകളില്‍ കമ്മലുകളും കൈകളില്‍ ആയുധങ്ങളുമെല്ലാം ധരിച്ചവന്റെ രൂപമാണു്‌ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന്റെ വിശ്വരൂപമെന്നു്‌ വിശ്വസിക്കുന്നവരുടെ ലോകത്തില്‍, പ്രൊഡക്ഷന്‍ മീന്‍സിലെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയുടെയും തൊഴില്‍വിഭജനത്തിന്റെയും പൂര്‍ണ്ണമായ അവസാനത്തോടെ, അതുവരെ അന്യാധീനപ്പെട്ടവരും, അടിമകളുമായിരുന്ന ഇണ്ഡസ്ട്രിയല്‍ പ്രോളെറ്റേറിയറ്റ് എന്നേക്കും സ്വതന്ത്രമായ “ടോട്ടല്‍” മനുഷ്യരായി മാറുമെന്നും, അവരുടെ സങ്കല്പങ്ങളും വീക്ഷണങ്ങളും സംജ്ഞകളും – ചുരുക്കത്തില്‍ അവരുടെ മൊത്തം കോണ്‍ഷ്യസ്നെസ് – മാറിമറിഞ്ഞു്‌ അവര്‍ നിത്യമായ ജീവിതസാക്ഷാത്കാരം കൈവരിക്കുമെന്നുമൊക്കെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നതും വിശ്വസിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണു്‌. അങ്ങനെ വിശ്വസിക്കാന്‍ തയ്യാറാവാതിരിക്കുകയോ, അല്ലെങ്കില്‍ ആ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കാന്‍ ധൈര്യപ്പെടുകയോ ചെയ്യുന്നവന്‍ അപകടകാരിയാണു്‌. അവനെ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചു്‌ വ്യക്തിപരമായി ആക്രമിച്ചു്‌ നിശബ്ദനാക്കേണ്ടതു്‌ ഒരു മാര്‍ക്സിസ്റ്റിന്റെ നിലനില്പിന്റെ പ്രശ്നമാണു്‌. അതിനായി പ്രയോഗിക്കേണ്ട രീതികളും സംജ്ഞകളും തേടി മറ്റെങ്ങും പോകേണ്ടതില്ല. ആജീവനാന്തം സ്വന്തം അമ്മയെ വെറുത്തിരുന്ന, “നെഗേറ്റിങ് ജീനിയസ്” എന്നു്‌ സ്വന്തം പിതാവു്‌ ഖേദപൂര്‍വ്വം വിളിച്ചിരുന്ന കാര്‍ള്‍ മാര്‍ക്സ് തന്റെ സന്തതസഹചാരി ആയിരുന്ന എംഗല്‍സിനു്‌ എഴുതിയ 1569 കത്തുകളില്‍ തൊഴിലാളിവര്‍ഗ്ഗത്തിനോടുള്ള തന്റെ “സ്നേഹം” പ്രകടിപ്പിക്കാനായി അത്തരം പ്രയോഗങ്ങള്‍ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ടു്‌. വായിച്ചുപഠിച്ചു്‌ പ്രബുദ്ധരായി പ്രാവര്‍ത്തികമാക്കുകയേ വേണ്ടൂ. ഇതുവരെയുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ വ്യതിയാനം വരുത്താന്‍ കഴിയാത്തവ വായിച്ചതുകൊണ്ടു്‌ കാര്യമായ പ്രയോജനം ഒന്നുമില്ല എന്നാണല്ലോ പണ്ഡിതരായവര്‍ പറയുന്നതും. അതായതു്‌, പണ്ടത്തെ ജന്മി- മുതലാളി- പൗരോഹിത്യ-ബൂര്‍ഷ്വാമേധാവിത്വം, പ്രതിലോമത്വം മുതലായവയില്‍ നിന്നും നവലിബറല്‍, സ്വത്വരാഷ്ട്രീയം, ഹെജെമണി (ഇവനെ സൂക്ഷിക്കണം!) മുതലായവയില്‍ എത്തിയപോലെയോ, അതിലും ശക്തമായതോ ആയ ഒരു വ്യതിയാനം – വായനയുടെ ലക്ഷ്യം അതായിരിക്കണമെന്നു്‌ സാരം.

ചുരുക്കത്തില്‍, സ്ഥിരം ഓണ്‍ലൈന്‍ ആയിരിക്കാന്‍ കഴിയാത്തവര്‍ക്കു്‌ സാമൂഹികവിപ്ലവം വരുന്നതിന്റെ തത്സമയപ്രക്ഷേപണം കാണാന്‍ കഴിഞ്ഞില്ലെന്നു്‌ വരാം. ഈ സ്പ്രിങ്-സമ്മര്‍ സീസണില്‍, എപ്പോഴും ഓണ്‍ലൈന്‍ ആവാന്‍ കഴിയാത്ത രീതിയിലുള്ള, അത്ര ഹ്രസ്വമല്ലാത്ത ചില യാത്രകള്‍ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുള്ളതിനാല്‍ വിപ്ലവത്തിന്റെ സ്ട്രീമിങ് കാണാന്‍ കഴിയാതെ പോകുമോ എന്ന ഭയം ചില്ലറയല്ല.

Apr 30, 2013, 2:03 PM

താന്‍ ഇരിക്കേണ്ടിടത്തു്‌ താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ നായ്ക്കള്‍ കയറി ഇരുന്നാലോ എന്ന പേടി മൂലമാവാം ചില ആധുനികനേതാക്കള്‍ അവരവരുടെ സിംഹാസനങ്ങളില്‍ ഉറച്ചിരിക്കാന്‍ തത്രപ്പെടുന്നതു്‌. നായ്ക്കള്‍ക്കു്‌ മാത്രം അര്‍ഹതപ്പെട്ട സിംഹാസനങ്ങളിലിരുന്നു്‌ വാഴുന്നവര്‍ക്കു്‌ അവയെ ഭയപ്പെടേണ്ടതുണ്ടല്ലോ.

March 2013

Mar 1, 2013, 10:48 AM

“ഈ തത്വങ്ങള്‍ ബോദ്ധ്യപ്പെട്ടശേഷം നമ്മള്‍ നമ്മുടെ ലൈബ്രറികള്‍ കയറിയിറങ്ങിയാല്‍, എത്ര വലിയ നശീകരണമായിരിക്കും നമ്മള്‍ അവിടെ നടത്തേണ്ടിവരിക! ഏതെങ്കിലുമൊരു പുസ്തകം കയ്യിലെടുക്കുക, ഉദാഹരണത്തിനു്‌, തിയോളജിയിലെയോ, മെറ്റഫിസിക്സിലെയോ ഒന്നു്‌. അതിനുശേഷം നമ്മള്‍ സ്വയം ചോദിക്കുക: അളവോ സംഖ്യയോ സംബന്ധിച്ചു്‌ അബ്സ്റ്റ്റാക്റ്റ് ആയ വിവരണങ്ങള്‍ എന്തെങ്കിലും അതിലുണ്ടോ? ഇല്ല. വസ്തുതായാഥാര്‍ത്ഥ്യങ്ങളും അസ്തിത്വവും സംബന്ധിച്ചു്‌ അനുഭവത്തില്‍ അധിഷ്ഠിതമായ എന്തെങ്കിലും വിവരങ്ങള്‍ അതിലുണ്ടോ? ഇല്ല. എങ്കില്‍ അതിനെ തീജ്ജ്വാലകള്‍ക്കു്‌ വിട്ടുകൊടുക്കുക, അതില്‍ കള്ളന്യായങ്ങളും (sophistry) മായാജാലങ്ങളും (phantasmagoria) അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല” – “An Enquiry Concerning Human Understanding” ല്‍ ഡേവിഡ് ഹ്യൂം.

മുഴുവന്‍ മെറ്റഫിസിക്കല്‍ ഗ്രന്ഥങ്ങളും അതിന്‍പ്രകാരം കത്തിയ്ക്കപ്പെടേണ്ടവയാണു്‌.

“ഡേവിഡ് ഹ്യൂം എന്നെ സൈദ്ധാന്തികമയക്കത്തില്‍ നിന്നും ഉണര്‍ത്തി.” – Immanuel Kant.

“തത്വചിന്താപരമായി ഹേഗെലും ഹെര്‍ബാര്‍ട്ടും ഷ്ലയര്‍മാഹറും കൂടി (Georg Wilhelm Friedrich Hegel, Johann Friedrich Herbart, Friedrich Daniel Ernst Schleiermacher) ആകെമൊത്തം എഴുതിയതിനെക്കാള്‍ കൂടുതല്‍ ഡേവിഡ് ഹ്യൂമിന്റെ ഓരോ പേജില്‍ നിന്നും പഠിക്കാനുണ്ടു്‌.” – Arthur Schopenhauer

Mar 1, 2013, 12:14 PM

“അവസാനം, നാല്പതുകള്‍ പിന്നിട്ട ഞാന്‍ “ഹെഡ് ഓഫ് ദ ഹൗസ്ഹോള്‍ഡ്” എന്ന പദവിയില്‍ പ്രവേശിച്ചു. ഏതാണ്ടു്‌ ഏഴു്‌ മാസങ്ങള്‍ക്കു്‌ മുന്‍പു്‌ ഞാന്‍ സ്വന്തമായി ഒരു വീടു്‌ വാങ്ങിച്ചു്‌ ശരിക്കും ഒരു കുടുംബജീവിതം ആരംഭിച്ചു; ഒരു തലവനും – അതു്‌ ഈ ഞാന്‍ തന്നെ – സബോര്‍ഡിനേറ്റ് ആയ രണ്ടു്‌ അംഗങ്ങളും – ഒരു മെയ്ഡ് സെര്‍വെന്റും ഒരു പൂച്ചയും – ചേര്‍ന്നതാണു്‌ എന്റെ കുടുംബം. എന്റെ സഹോദരി എന്റെയടുത്തേക്കു്‌ താമസം മാറ്റി എനിക്കു്‌ കമ്പനി തരുന്നു. ഞാന്‍ മനസ്സിലാക്കുന്നതുപോലെ, മിതവ്യയം വഴി ശുചിത്വവും ചൂടും വെളിച്ചവും തൃപ്തിയും സമൃദ്ധമായി ആസ്വദിക്കാന്‍ എനിക്കു്‌ കഴിയുന്നുണ്ടു്‌. അതില്‍ കൂടുതല്‍ എന്താണു്‌ മനുഷ്യനു്‌ ആവശ്യപ്പെടാനുള്ളതു്‌? ഇന്‍ഡിപെന്‍ഡെന്‍സ്? അതെനിക്കു്‌ ഉയര്‍ന്ന അളവില്‍ ഉണ്ടു്‌. ബഹുമാനം? അതിന്റെ ഒരു വിധത്തിലുള്ള കുറവും എനിക്കില്ല. ആനുകൂല്യം? സമയമാവുമ്പോള്‍ അതെത്തിക്കൊള്ളും. ഒരു സ്ത്രീ? ജീവിതത്തിന്റെ അനുപേക്ഷണീയമായ അനിവാര്യതകളില്‍ അതു്‌ ഉള്‍പ്പെടുന്നില്ല. പുസ്തകങ്ങള്‍? അവ തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടുന്നുണ്ടു്‌; വായിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ അവ എന്റെ കൈവശം ഉണ്ടുതാനും. ചുരുക്കത്തില്‍, പ്രധാനമായ എല്ലാ കാര്യങ്ങളിലും ഏറിയോ കുറഞ്ഞോ ഉന്നതമായ അളവില്‍ ഞാന്‍ ധന്യനാണു്‌. തത്വചിന്തയില്‍ വലിയ പരിശ്രമങ്ങളൊന്നും നടത്താന്‍ നിര്‍ബന്ധിതനാവാതെ, അല്ലലില്ലാതെയും സംതൃപ്തനായും ഞാന്‍ ജീവിക്കുന്നു.” – (David Hume in a letter to Dr. Clephane, dt. 05.01.1753

Mar 3, 2013, 8:08 AM

“ഏതോ” ഒരു മന്ത്രിയുടെ അവിഹിതബന്ധത്തെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്തയുടെ അടിക്കുറിപ്പു്‌:

“(ഈ വാര്‍ത്ത ഒരു വ്യക്തിയുടേയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. ജനങ്ങള്‍ക്കു മാതൃകയാകേണ്ടവര്‍, പ്രത്യേകിച്ചും മന്ത്രിസഭയിലെ ഒരംഗം ധാര്‍മികതയുടെ അതിര്‍വരമ്പ്‌ ഭേദിക്കുമ്പോള്‍ അതു തടയേണ്ടതാണെന്ന മാധ്യമ ധാര്‍മികത മുന്‍നിര്‍ത്തിയാണ്‌ ഇതു റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.)”

മലയാളക്കരയില്‍ ഒരു പത്രത്തിനെങ്കിലും അവിഹിതത്തിനെതിരെ “മാദ്ധ്യമധാര്‍മ്മികത”യോടെ പ്രതികരിക്കാനായല്ലോ. വായിച്ചപ്പോള്‍ കണ്ണില്‍ “ആനന്ദശ്മശ്രുക്കള്‍” നിറഞ്ഞു! ഇന്നത്തെ ദിവസം ധന്യമായി.

അടിക്കുറിപ്പു്‌: എന്റെ ഈ അഭിപ്രായം ആ മന്ത്രിയുടെ പ്രവൃത്തിയിലെ ശരിതെറ്റുകളെപ്പറ്റിയല്ല.

Mar 3, 2013, 8:48 AM

ഒരുപാടു്‌ സാഹിത്യകാരന്മാരുടെ, തത്വചിന്തകരുടെ, ശാസ്ത്രജ്ഞരുടെ എല്ലാം നിരന്തരവും കഠിനവുമായ പരിശ്രമം വഴിയാണു്‌ ലോകം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നതു്‌. അവര്‍ ജനിച്ചു്‌ വളര്‍ന്ന നാടുകള്‍ അവരെ അവരാക്കിത്തീര്‍ത്തതില്‍ വഹിച്ചിട്ടുള്ള പങ്കു്‌ അവഗണിക്കാവുന്നതല്ല. ഉദാഹരണത്തിനു്‌, ന്യൂട്ടണ്‍ ഇംഗ്ലണ്ടില്‍ അല്ലാതെ, കേരളത്തിലായിരുന്നു ജനിച്ചിരുന്നതെങ്കില്‍, യുക്തിചിന്തയെന്തെന്നോ, ശാസ്ത്രബോധമെന്തെന്നോ അറിയാത്ത നെത്തോലിക്കച്ചവടക്കാര്‍ അവനെ ഭ്രാന്തന്‍ എന്നു്‌ വിളിച്ചു്‌ മീന്‍വെട്ടിയ വെള്ളത്തില്‍ കുളിപ്പിച്ചു്‌ കിടത്താതിരിക്കാന്‍ ഏതെങ്കിലും ഗുരുക്കളെപ്പോലെ ചമ്പ്രം പടിഞ്ഞിരുന്നു്‌, സോറി, പദ്മാസനത്തിലിരുന്നു്‌, ഞാനാരു്‌? നീയാരു്‌? നിന്റെ മറ്റവനാരു്‌? മുതലായ ആദ്ധ്യാത്മികചോദ്യങ്ങള്‍ ചോദിച്ചു്‌ കാലം കഴിച്ചു്‌ ആരാദ്ധ്യപുരുഷനായും പടമായും മാറേണ്ടി വരുമായിരുന്നു. മനുഷ്യവര്‍ഗ്ഗത്തിനു്‌ ഒരിത്തിരി ഭാഗ്യമുണ്ടായിരുന്നിരുന്നതുകൊണ്ടാവണം അങ്ങനെയൊരു ഗതികേടു്‌ സംഭവിക്കാതിരുന്നതു്‌.

Mar 3, 2013, 10:06 AM

മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍ പ്രണയത്തിന്റെ പൈങ്കിളിവര്‍ണ്ണനകളാണെന്നു്‌ കരുതുന്നതു്‌ ഭയങ്കര അബദ്ധമായിരിക്കും. പുരാണകൃതികളുടെ അത്രതന്നെയോ അതില്‍ കൂടുതലോ അവ പ്രപഞ്ചരഹസ്യങ്ങളിലേക്കു്‌ വെളിച്ചം വീശുന്നുണ്ടു്‌. ഉദാഹരണത്തിനു്‌, മറിയക്കുട്ടി ചാക്കോച്ചനെ ഒളികണ്ണിട്ടു്‌ നോക്കി എന്ന വര്‍ക്കിവാക്യം മാനുഷികമായ സാദാ പ്രണയമാണു്‌ സൂചിപ്പിക്കുന്നതു്‌ എന്നു്‌ നമ്മള്‍ മനസ്സിലാക്കിയാല്‍ അതു്‌ നമ്മുടെ അജ്ഞതയുടെ തെളിവു്‌ മാത്രമാണു്‌. മുട്ടത്തു്‌ “ഏപിക്കുകളില്‍” ആഴമേറിയ പഠനങ്ങളും വ്യാഖ്യാനങ്ങളും നടത്തിയിട്ടുള്ള ആത്മീയപണ്ഡിതരുടെ അഭിപ്രായത്തില്‍ പരമാത്മാവില്‍ ലയിക്കാന്‍ ദാഹിക്കുന്ന ജീവാത്മാവിനെയാണു്‌ ഇവിടെ വര്‍ക്കി പ്രതീകാത്മകമായി നമ്മെ വരച്ചുകാണിക്കുന്നതു്‌. ചാക്കോച്ചന്‍ പരമാത്മാവും മറിയക്കുട്ടി ജീവാത്മാവുമാണു്‌ എന്ന ജ്ഞാനം ഉള്‍ക്കൊള്ളാതെ നിര്‍വാണം സാദ്ധ്യമല്ലതന്നെ!

തോര്‍ത്തു്‌ മാത്രമുടുത്ത മറിയക്കുട്ടി പുഴക്കരയിലെ പാറക്കല്ലില്‍ അവളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരുന്നു എന്ന വര്‍ക്കിസൂക്തം വായിക്കുമ്പോള്‍, സ്ത്രീകളുടെ കുളിമുറി ഫോട്ടോകളെടുത്തു്‌ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാന്‍ നടക്കുന്ന ഫോട്ടോഗ്രാഫിക് കലാകാരന്മാര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥമല്ല നമ്മള്‍ മനസ്സിലാക്കേണ്ടതു്‌. പരിശുദ്ധമായ പരമാത്മാവിലേക്കു്‌ കുടിയേറുന്നതിനു്‌ മുന്‍പായി പലവിധ ലൗകിക ഇടപാടുകള്‍ വഴി അശുദ്ധമായിത്തീര്‍ന്ന ജീവാത്മാവു്‌ കൃത്യമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെ സ്വയം ശുദ്ധീകരിച്ചിരിക്കണം എന്ന വൈദികമായ ദിവ്യാനുശാസനമാണു്‌ മറിയക്കുട്ടിയുടെ അലക്കിക്കുളിയിലൂടെ ശ്രീ വര്‍ക്കി നമ്മെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതു്‌.

അജ്ഞാനികളായ മനുഷ്യര്‍ കരുതുന്നതുപോലെ വെറുതെ വായിച്ചു്‌ മനസ്സിലാക്കാവുന്നതല്ല മുട്ടത്തുവര്‍ക്കിയുടെ ഇതിഹാസങ്ങളുടെ സാരാംശം. അംഗീകൃത മുട്ടത്തു്‌പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ ബാല്യത്തില്‍ കഥകളായും, മുതിരുമ്പോള്‍ ഗഹനമായ വ്യാഖ്യാനങ്ങളായും കുത്തിയിരുന്നു്‌ പഠിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ അതിലെ അല്പസ്വല്പം കാര്യങ്ങളൊക്കെ ചിലപ്പോള്‍ പിടികിട്ടിയേക്കാം. ഉറപ്പൊന്നും പറയാന്‍ പറ്റില്ല. അല്ലെങ്കില്‍ത്തന്നെ ഉറപ്പു്‌ എന്നതു്‌ സാക്ഷാല്‍ ദൈവത്തിന്റെ മാത്രം കയ്യിലിരുപ്പാണല്ലോ.

Mar 3, 2013, 11:05 AM

http://www.youtube.com/watch?v=iijy8Okb1PY
പ്രകൃതിഭംഗി – മനുഷ്യാദ്ധ്വാനം!

20 Amazing Places on Our Planet (Video length 2:46)

Mar 6, 2013, 8:01 AM

“ധാര്‍മ്മികമായ കാര്യങ്ങളില്‍ അന്തിമമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന, യാഥാര്‍ത്ഥ്യവും മനുഷ്യപ്രകൃതിയുമായി ബന്ധപ്പെട്ട, ശരിയായ പദാവലികള്‍ ഉണ്ടെന്നു്‌ കരുതുന്നവരാണു്‌ അദ്ധ്യാത്മജ്ഞാനികള്‍ (metaphysicians). അതുകൊണ്ടു്‌ അവരും അവര്‍ക്കു്‌ ചുറ്റുമുള്ളവരും ശീലിച്ചുകഴിഞ്ഞ ആ പദാവലികള്‍ ഉപയോഗിച്ചു്‌ ഏതു്‌ പ്രധാനപ്പെട്ട കാര്യത്തിലും ആധികാരികമായും അന്തിമമെന്നോണവും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ അവര്‍ അപാകതയൊന്നും കാണുന്നില്ല. മറ്റു്‌ പദാവലികള്‍ ഉപയോഗിച്ചു്‌ സ്വന്തം അനുമാനങ്ങളില്‍ എത്തുന്നവരുടെ ജീവിതവും ബോദ്ധ്യങ്ങളും പ്രവൃത്തികളും വിവരിക്കാനും വിധിപറയാനും തങ്ങളുടെ പദാവലികള്‍ തികച്ചും പര്യാപ്തമാണെന്ന കാര്യത്തിലും അവര്‍ക്കു്‌ സംശയമൊന്നുമില്ല. സാമാന്യബോധത്തിനു്‌ (common sense) ആത്മസന്ദേഹം എന്ന അലട്ടല്‍ ഉണ്ടാകുന്നില്ല എന്നതിനാല്‍, സാമാന്യബോധത്തിലേക്കു്‌ വിരല്‍ ചൂണ്ടിക്കൊണ്ടു്‌ സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവര്‍ക്കു്‌ മടിയൊന്നുമില്ല.

നമ്മുടെ ഭാഷയില്‍ നിന്നും സ്വതന്ത്രമായ ഒരു സത്യവുമില്ല. നമുക്കു്‌ കുരുക്കഴിക്കാന്‍ കഴിയാത്തവിധം ഭാഷയും യാഥാര്‍ത്ഥ്യവും പരസ്പരം വ്യാപിച്ചുകിടക്കുന്നു.” – Richard Rorty.

Mar 6, 2013, 8:40 AM

“ഡാര്‍വിന്റെ പദാവലി ഉപയോഗിച്ചു്‌ സാംസ്കാരികപരിണാമത്തെ ബയോളജിക്കല്‍ എവൊല്യൂഷന്റെ തുടര്‍ച്ചയായി വിവരിക്കാനാവും. അമീബയില്‍ നിന്നും മനുഷ്യക്കുരങ്ങിലും, അവിടെ നിന്നും ഇന്നത്തെ അവസ്ഥയിലും എത്തിച്ചേര്‍ന്ന പരിണാമത്തിന്റെ പുരോഗതിയില്‍ എവിടെയോ വച്ചു്‌ നിയാന്‍ഡര്‍താല്‍ മനുഷ്യരുടെ മുക്കലും മുരളലുമായി ആരംഭിച്ച “ഭാഷ”യാണു്‌ പിന്നീടു്‌ ജര്‍മ്മന്‍ തത്വചിന്തകരുടെ പ്രബന്ധങ്ങളിലെ സങ്കീര്‍ണ്ണമായ ഭാഷയായി പരിണമിച്ചതു്‌. ഈ അനാളജിപ്രകാരം, നമ്മുടെ ഭാഷയും സംസ്കാരവും, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പരിണാമത്തില്‍ യാദൃച്ഛികമായി ആയിരം മ്യൂട്ടേഷനുകള്‍ അവയ്ക്കു്‌ വളരാന്‍ പറ്റിയ സാഹചര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ അനേകലക്ഷങ്ങള്‍ അതിനു്‌ കഴിയാതെ നശിക്കുന്നതിന്റെ ഫലമായി രൂപം കൊള്ളുന്നവയാണു്‌.” – Richard Rorty

Mar 6, 2013, 9:46 AM

ചിന്തയിലും പ്രവൃത്തികളിലും, അതുവഴി സാമൂഹികമായും സാമ്പത്തികമായും, സ്വയം പര്യാപ്തത കൈവരിക്കുന്നതില്‍ വിജയിക്കാന്‍ കഴിയാത്ത സമൂഹങ്ങള്‍ അവരുടെ ആശാകേന്ദ്രമായ ഐഡല്‍ ഇല്ലാതാവുമ്പോള്‍ ചെന്നുപതിക്കുന്നതു്‌ വഴികാണാനാവാത്ത ശൂന്യാന്ധകാരത്തിലായിരിക്കും. മറ്റൊരു മശിഹയുടെ വരവു്‌ പ്രതീക്ഷിച്ചു്‌ കാത്തിരിക്കാനല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ അവര്‍ പ്രാപ്തരായിരിക്കുകയില്ല

Mar 8, 2013, 8:10 AM

കോഡ് ഭാഷയില്‍ ആശയവിനിമയം നടത്തുന്നതില്‍ വിദഗ്ദ്ധരായ മലയാളികള്‍ക്കു്‌ ബ ബ്ബ ബ്ബ ഭാഷയില്‍ സാമൂഹികവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി, കയ്യും കാലും തലയുമില്ലാത്ത സാഹിത്യസൃഷ്ടികളെ ആധുനികം എന്നു്‌ വിശേഷിപ്പിച്ചു്‌ പുകഴ്ത്തുന്ന സാംസ്കാരികവിശാരദര്‍ക്കു്‌ നാറുന്ന അമേദ്യം വിളമ്പുന്ന ചീഫ് വിഴുപ്പു്‌! ഇതൊക്കെ ആയിരിക്കണം “സന്തുലിതമായ രാജനീതി” എന്നു്‌ വിളിക്കപ്പെടുന്ന അവസ്ഥ.

ഞങ്ങളെക്കാള്‍ യോഗ്യതയുള്ളവന്‍ ഞങ്ങളുടെയിടയില്‍ വാഴാന്‍ പാടില്ല എന്ന ന്യായത്തിനു്‌ 2500 വര്‍ഷങ്ങളുടെ പഴക്കമുണ്ടു്‌. ഈ ന്യായത്തിന്റെ പേരിലായിരുന്നു ഹെറാക്ലൈറ്റസിന്റെ കാലത്തു്‌ എഫേസസ് പട്ടണം ഭരിച്ചിരുന്ന ഹെര്‍മൊഡോര്‍ ജനങ്ങളാല്‍ നാടുകടത്തപ്പെട്ടതു്‌. അതുകൊണ്ടു്‌ നമുക്കു്‌ ഉച്ചത്തില്‍ നീട്ടി വിളിക്കാം: മന്ത്രിമാര്‍ നീണാള്‍ വാഴട്ടെ, വി(ഴു)പ്പുകള്‍ നീണാള്‍ വാഴട്ടെ!

Mar 8, 2013, 8:46 AM

പതിനാറായിരത്തിയെട്ടു്‌ ഭാര്യമാര്‍ ഉണ്ടായിരുന്ന ദൈവം!
ലിംഗം മുറിച്ചെറിയുന്ന മറ്റൊരു ദൈവം!
ആ ലിംഗത്തെ അര്‍ദ്ധനിമീലിതനേത്രങ്ങളോടെ ഇന്നും ആരാധിക്കുന്ന ഭക്തകള്‍!
മനുഷ്യര്‍ തമ്മില്‍ മാത്രമല്ല, മനുഷ്യരും മൃഗങ്ങളും തമ്മില്‍ പോലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ക്ഷേത്രശില്പങ്ങള്‍!
മൂന്നു്‌ വയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ സാമൂഹ്യദ്രോഹികളെ പ്രേരിപ്പിക്കുന്ന “ദിവ്യമായ അനുരാഗകല”!
ആ മൃഗങ്ങളെപ്പോലും ആവേശത്തോടെ പിന്‍തുണയ്ക്കാന്‍ മടിയ്ക്കാത്ത ആദ്ധ്യാത്മികപടുക്കളും, ആര്‍ഷഭാരതസംസ്കൃതരും!

ഇന്നു്‌ അന്തര്‍ദേശീയ സ്ത്രീദിവസം.
വെറും അയ്യായിരം കൊല്ലങ്ങള്‍ കൊണ്ടു്‌ ഇതില്‍ കൂടുതലൊക്കെ പുരോഗമിക്കണമെന്നു്‌ പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.

അപ്പോള്‍ ശരി. ആഹ്ലാദപൂര്‍ണ്ണമായ അന്തര്‍ദേശീയ സ്ത്രീദിനം! സോറി, ഹാപ്പി ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ! (മറുഭാഷയിൽ പറഞ്ഞാലേ ഒരു ഗുമ്മുള്ളു)

Mar 8, 2013, 9:54 AM

പണ്ടൊക്കെ, കസവുമുണ്ടുടുത്തു്‌ കയ്യില്‍ ഓലക്കുടയും മടിയില്‍ മുറുക്കാന്‍ ചെല്ലവുമായി നാടു്‌ ചുറ്റിയിരുന്ന “അയിത്തം” ഇന്നു്‌ ഒന്നുകില്‍ പാന്റ്സും ഷര്‍ട്ടുമോ, അല്ലെങ്കില്‍ അലക്കിവെളുപ്പിച്ചു്‌ കഞ്ഞിപിഴിഞ്ഞുണക്കി തീപ്പെട്ടിപ്പലകയാക്കാന്‍ പറ്റിയ ഘനത്തില്‍ തേച്ചു്‌ മടക്കിയ ഖദര്‍ വസ്ത്രങ്ങളോ ധരിച്ചു്‌, വെള്ള തേച്ച ശവക്കല്ലറകളുടെ രൂപത്തില്‍, പോക്കറ്റില്‍ മൊബൈലും ആധുനികമായ മറ്റെല്ലാത്തരം എക്സ്ട്രാ ഫിറ്റിംഗ്സുമായി മോട്ടോര്‍വാഹനങ്ങളിലാണു്‌ സഞ്ചാരം. പ്രമാണിമാര്‍ കോളണികളുടെ അകമ്പടിയോടെ പ്രൗഢഗംഭീരമായി നീങ്ങുന്നതു്‌ കാണുമ്പോള്‍ കീഴാളന്മാര്‍ “അടിയന്‍ ഒരു പാവമാണേ” എന്നു്‌ കേണുകൊണ്ടു്‌ ഓച്ഛാനിച്ചു്‌ സൈഡൊതുങ്ങി നിന്നാല്‍ കഷ്ടിച്ചു്‌ കഴിഞ്ഞുപോകാം.

മന്ദബുദ്ധികളായ ഈ കീഴാളന്മാരെ അവരുടെ ദുരവസ്ഥയെപ്പറ്റി ബോധവാന്മാരാക്കാന്‍ ശ്രമിക്കുന്നവരുടെ കാര്യമാണു്‌ ഏറ്റവും രസകരം. പറയുന്നതെന്തെന്നു്‌ കേള്‍ക്കുന്നതിനു്‌ പകരം, അവരെ സ്വന്തം പന്നിക്കുഴിയിലിട്ടു്‌ വലിച്ചിഴയ്ക്കാനാവും അവര്‍ തിടുക്കപ്പെടുക. പ്രമാണിമാര്‍ കാണ്‍കെയാണു്‌ ഈ കലാപരിപാടി അവതരിപ്പിക്കപ്പെടുന്നതെങ്കില്‍, അടിയാന്റെ ആവേശം ഇരട്ടിയായിരിക്കും. തന്റെ കളി മേലാളന്‍ ആസ്വദിക്കുന്നുണ്ടു്‌ എന്നു്‌ ഇടയ്ക്കിടെയുള്ള പാളിനോട്ടത്തിലൂടെ ബോദ്ധ്യപ്പെടുക കൂടി ചെയ്താല്‍ പിന്നത്തെ കഥ പറയാനുമില്ല.

Mar 8, 2013, 10:53 AM

പൂജയും ധ്യാനവുമായി ദൈവത്തിന്റെ മടിയില്‍ വസിക്കുന്നവര്‍ എന്നു്‌ അഭിമാനിക്കുന്ന ചില “ആദ്ധ്യാത്മികശ്മശ്രുക്കള്‍” സ്ത്രീപീഡനം ബാലപീഡനം മുതലായ സാമൂഹികവിഷയങ്ങളില്‍ മനുഷ്യര്‍ ഗഹനമായ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി “ഊന്നിയൂന്നി” പറയുന്നതു്‌ കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ദൈവത്തിനോടുള്ള പതിവായ പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ ഈവക പീഡനങ്ങള്‍ കൃപയാല്‍ ഒഴിവാക്കിത്തരണമേ എന്നൊരു വാക്യം കൂടി ചേര്‍ത്താല്‍ നിസ്സാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നത്തില്‍ എന്തിനു്‌ വെറുതെ മനുഷ്യരെ ഉള്‍പ്പെടുത്തി കുളമാക്കുന്നു എന്നു്‌ മനസ്സിലാക്കാന്‍ കഴിയാത്തതാണു്‌ എന്റെ അത്ഭുതത്തിന്റെ പ്രധാന കാരണം. ലൈംഗികകുറ്റകൃത്യങ്ങള്‍ക്കു്‌ മുഴുവന്‍ നിദാനമായ ഈ ലിംഗം എന്ന സംഗതി മറ്റെല്ലാ ജീവികളിലുമെന്നപോലെ മനുഷ്യരിലും വച്ചുപിടിപ്പിച്ചവന്‍ ഇപ്പറഞ്ഞ ദൈവംതമ്പുരാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം മാത്രമല്ല തോന്നുന്നതു്‌, എന്താണു്‌ തോന്നുന്നതു്‌ എന്നു്‌ തോന്നാന്‍ പോലും തോന്നാത്തപോലൊരു ശൂന്യതയാണു്‌ തോന്നുന്നതു്‌.

Mar 8, 2013, 12:44 PM

“നിങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചു്‌ നിങ്ങള്‍ പറയുമ്പോള്‍ ഞങ്ങളുടെ (പുരുഷന്മാരുടെ) സുരക്ഷിതത്വത്തെക്കുറിച്ചാണു്‌ ഞങ്ങള്‍ വ്യാകുലപ്പെടുന്നതു്‌” – കെ. സുധാകരന്‍. M. P.

സ്ത്രീകളുടെ സുരക്ഷിതത്വത്തെ കുറിച്ചു്‌ അവര്‍ പറയുമ്പോള്‍ എന്റെ സുരക്ഷിതത്വത്തെക്കുറിച്ചു്‌ ഞാന്‍ ഒട്ടും വ്യാകുലപ്പെടാറില്ല എന്നു്‌ ബന്ധപ്പെട്ട എല്ലാവരെയും ഇതിനാല്‍ ഞാന്‍ ബോദ്ധ്യപ്പെടുത്തുന്നു.

ശ്രീ. ടി. എന്‍. ശേഷന്റെ വക “A Heart Full of Burden” എന്നൊരു പുസ്തകം കണ്ടിട്ടുണ്ടു്‌.

ഇതുപോലെ കുറെ കോപ്പന്മാര്‍ ഒരുപാടു്‌ വ്യാകുലതകളും ഹൃദയം നിറയെ ഭാരവുമെല്ലാം ചുമന്നുകൊണ്ടു്‌ നടന്നു്‌ വിഷമിക്കാതെ, മനുഷ്യരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിച്ചാല്‍ തന്നെ പകുതി ആശ്വാസമായേനെ!

Mar 12, 2013, 8:04 AM

അവധിയില്‍ പോയിരുന്ന ഇറ്റാലിയന്‍ തടവുകാര്‍ മടങ്ങിവരില്ലത്രെ! കഷ്ടമായിപ്പോയി. കഷ്ടമായതു്‌ അവര്‍ മടങ്ങിവരാത്തതുകൊണ്ടല്ല. ഇവിടെനിന്നും രക്ഷപെടണം എന്ന ആഗ്രഹം അറിയിച്ചിരുന്നെങ്കില്‍ തലച്ചുമടായി അവരെ ഇറ്റലിയില്‍ എത്തിക്കാന്‍ കഴിവുള്ളവര്‍ കേരളത്തില്‍ ഉണ്ടായിരുന്നല്ലോ എന്നതിനാലാണു്‌. ഇതിപ്പോള്‍ ചുമട്ടുകൂലിയും നോക്കുകൂലിയുമല്ലേ നഷ്ടപ്പെട്ടതു്‌?

തൊഴിലില്‍ പരമ്പരാഗതരീതികള്‍ നിലനിര്‍ത്തുന്നവനാണു്‌ ഭാരതീയന്‍. അതേസമയംതന്നെ, “from each according to his ability, to each according to his needs എന്ന മാര്‍ക്സിയന്‍ സ്വപ്നലക്ഷ്യം ലോകത്തില്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയ സമൂഹം കൂടിയാണു്‌ ഭാരതം. അതിനാല്‍, അവനവന്റെ കഴിവിനനുസരിച്ചു്‌, അവനവന്റെ ആവശ്യത്തിനനുസരിച്ചു്‌ എവിടെ കാണുന്നതും എടുത്തു്‌ സ്വന്തം പോക്കറ്റിലേയ്ക്കു്‌ തിരുകാന്‍ കഴിയാത്ത ഏതവസ്ഥയും അവനെ സംബന്ധിച്ചു്‌ കഷ്ടവും നഷ്ടവുമാണു്‌. പിന്നെ അവന്‍ ചൂടാവാതിരിക്കുന്നതെങ്ങനെ?

Mar 12, 2013, 8:38 AM

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒരുപാടു്‌ പൂവാലന്മാരെ ഒരു പെണ്‍കുട്ടി മല്ലുസില്‍മയില്‍ കാണുന്ന സ്റ്റണ്ടുപോലെ ഒറ്റയ്ക്കു്‌ അടിച്ചു്‌ നിലംപരിശാക്കിയത്രെ! ഈ വാര്‍ത്ത കേരളസമൂഹത്തില്‍ വലിയ കോളിളക്കമാണു്‌ സൃഷ്ടിച്ചതു്‌. പതിനൊന്നാമത്തെ ഒരു അവതാരം അവതരിച്ചാല്‍ എന്നപോലെ ആയിരുന്നു ജനലക്ഷങ്ങള്‍ ആ പെണ്‍കുട്ടിയെ പാടിപ്പുകഴ്ത്തിയതു്‌. കഷ്ടകാലത്തിനു്‌, അധികം താമസിയാതെ, പുരുഷന്മാര്‍ ആരോ ആയിരുന്നു അടിവിദഗ്ദ്ധര്‍ എന്നും, കഥാനായിക അടിയ്ക്കു്‌ വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തതേ ഉള്ളു എന്നുമുള്ള “ബ്രേക്കിംഗ് ന്യൂസ്” വിഡ്ഢിപ്പെട്ടികളിലൂടെ പായാന്‍ തുടങ്ങി. ഏകാദശാവതാരത്തിനു്‌ സമ്മാനിക്കാന്‍ വാങ്ങിയ ട്രോഫികളും കപ്പുകളും സോസറുകളും മറ്റു്‌ പലവ്യഞ്ജനങ്ങളുമെല്ലാം ആരാധകര്‍ ഇനി എന്തു്‌ ചെയ്യുമോ ആവോ.

ഇതാണു്‌ ജനം, ഇതു്‌ മാത്രമാണു്‌ ജനം! സമ്മതിക്കാതെ വയ്യ.

Mar 12, 2013, 9:21 AM

ഭാരതനാവിന്റെ പരദൂഷണശേഷി, അപവാദപ്രചരണവൈദഗ്ദ്ധ്യം മുതലായവ സംബന്ധിച്ചു്‌ മാറിയോ മോണ്ടിക്കു്‌ ഒരു ചുക്കും അറിയില്ല. ഭാരതീയന്‍ തെറിപറഞ്ഞു്‌ കണ്ണുപൊട്ടിക്കും എന്ന ഒരൊറ്റ ഭയം ഇല്ലാതിരുന്നെങ്കില്‍ ശത്രുരാജ്യങ്ങള്‍ പണ്ടേതന്നെ പൊരിഞ്ഞ ജുത്തം ചെയ്തു്‌ ഭാരതത്തെ കീഴടക്കിയേനെ. മോണ്ടി കളി പഠിക്കാന്‍ കിടക്കുന്നതേയുള്ളു.

Mar 12, 2013, 10:02 AM

കുടിയ്ക്കുന്ന രക്തത്തിന്റെ കാര്യത്തില്‍ കൊതുകുകള്‍, അട്ടകള്‍, പുഴുക്കള്‍ മുതലായ ഇനങ്ങള്‍ക്കു്‌ അയിത്തമോ തീണ്ടലോ ജാതിചിന്തയോ ഒന്നുമില്ലാത്തതു്‌ ഒട്ടും നല്ല കാര്യമല്ല. അവറ്റകള്‍ക്കു്‌ മനുസ്മൃതിയില്‍ അടിസ്ഥാനജ്ഞാനം ഉണ്ടാക്കിയെടുക്കേണ്ടതു്‌ ആവശ്യമാണു്‌. ആരുടെ ചോര ഒരു കാരണത്താലും കുടിക്കരുതു്‌, ആരുടെ ചോര കുടിച്ചശേഷം ആരുടെ ചോര കുടിയ്ക്കാം, ആരുടേതു്‌ കുടിച്ചശേഷം ആരുടേതു്‌ ഒരിക്കലും കുടിക്കരുതു്‌ മുതലായ ചിട്ടകളും ആചാരമര്യാദകളും അവയും മനസ്സിലാക്കേണ്ടതുണ്ടു്‌. ഇല്ലെങ്കില്‍, ഋഷികള്‍ കഷ്ടപ്പെട്ടു്‌ തപസ്സിരുന്നു്‌ വളര്‍ത്തിയെടുത്ത ഒരു ഉന്നതസംസ്കാരം നശിച്ചു്‌ നാറാണക്കല്ലുവരെ ഇളകിപ്പോകും. അതുപോലൊരു സാഹചര്യത്തില്‍ എന്നാലിനിയൊരു വെള്ളരിക്കാപ്പട്ടണം ആയേക്കാം എന്നു്‌ തീരുമാനിക്കുകയല്ലാതെ രാജ്യത്തിനു്‌ വേറെ വഴിയൊന്നുമില്ല.

Mar 12, 2013, 10:14 AM

സ്വര്‍ഗ്ഗത്തിലെ ദൈവവും മാലാഖമാരും, ഭൂമിയിലെ മനുഷ്യരും, നരകത്തിലെ പിശാചുക്കളും വത്തിക്കാന്‍ കൊട്ടാരത്തിന്റെ പൊഹക്കുഴലില്‍ നിന്നും വെളുത്ത പൊഹ ഉയരുന്നതു്‌ കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ചു്‌ ഉദ്വേഗഭരിതരായി കാത്തിരിക്കുന്നു.

Mar 12, 2013, 12:24 PM

ദാ, ഇങ്ങേരാണു്‌ നിന്റെ അച്ഛന്‍ എന്നു്‌ പ്രസവിച്ച അമ്മ ഏതെങ്കിലും ഒരുത്തനെ ചൂണ്ടിക്കാണിച്ചു്‌ മകനോടോ മകളോടോ പറഞ്ഞാല്‍ പോലും സംശയിക്കേണ്ടിവരുന്ന ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുക എന്നതു്‌ ഒരു മഹാഭാഗ്യമാണു്‌.

കേരളമേ, നീ പൊക്കിപ്പിടിക്കുന്ന നിന്റെ ആത്മീയഗുരുക്കള്‍ നിന്നെ പഠിപ്പിച്ചതായി നീ അഹങ്കരിക്കുന്ന സനാതനതത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നെപ്പറ്റിത്തന്നെ നീ ഒരു നിമിഷം ചിന്തിച്ചാല്‍ ആത്മഹത്യ ചെയ്യുകയല്ലാതെ നിനക്കു്‌ മറ്റു്‌ പോംവഴിയൊന്നുമില്ല. അതുകൊണ്ടു്‌ നീ ചിന്തിക്കരുതു്‌, നീ ഒരിക്കലും നിന്നെപ്പറ്റി, നീ എത്തിപ്പെട്ട പരിതാപകരമായ നിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി ചിന്തിക്കരുതു്‌! ആര്‍ക്കും വേണ്ടാതായിത്തുടങ്ങിയ നിന്റെ ഗതകാലഗാഥകള്‍ ആലപിച്ചു്‌ നീ നിന്റെ നാളുകള്‍ ഏതുവിധേനയും തള്ളിനീക്കുക! നിന്റെ മണ്ണില്‍ ജനിക്കുകയും, ഏതാനും വര്‍ഷങ്ങള്‍ അവിടെ ജീവിക്കുകയും ചെയ്തവന്‍ എന്നതിന്റെ പേരിലുള്ള ഒരു അപേക്ഷയായി കരുതിയാല്‍ മതി.

Mar 19, 2013, 6:58 PM

കഴുതയ്ക്കു്‌ കാരറ്റ്, മനുഷ്യനു്‌ ഐഡലുകള്‍! അതിനു്‌ കാരറ്റിനെ കുറ്റം പറഞ്ഞിട്ടു്‌ കാര്യമൊന്നുമില്ല. ഒരു ബുദ്ധനോ, ഒരു യേശുവോ, ഒരു മുഹമ്മദോ, ഒരു പാപ്പയോ, ഒരു മാര്‍‌ക്സോ, ഒരു മാവോയോ, ഒരു മന്ത്രിയോ, ഒരു തന്ത്രിയോ ഒന്നുമില്ലെന്നു്‌ വന്നാല്‍ മനുഷ്യര്‍ “അവര്‍ക്കനുയോജ്യരായ” പകരക്കാരെ കണ്ടെത്തി വാഴിക്കും. തന്റെ ദൈവവുമായി മോശെ മലയില്‍ നിന്നും നാലോ അഞ്ചോ ആഴ്ചകള്‍ക്കുള്ളില്‍ മടങ്ങിവരാതിരുന്നാല്‍ കഴുത്തിലും കാതിലുമുള്ളതെല്ലാം ഊരിയുരുക്കി കാളക്കുട്ടിയെ വാര്‍ത്തെടുത്തു്‌ ദൈവമാക്കി വാഴിച്ചു്‌ ആരാധിക്കുന്നവരാണു്‌ മനുഷ്യര്‍. സ്വൈര്യമായി ഇരുന്നു്‌ തൂറാന്‍ സ്വന്തമായി ഒരു കക്കൂസില്ലെങ്കില്‍, ഒരെണ്ണം നിര്‍മ്മിക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനേക്കാള്‍, കക്കൂസുമായി ഏതെങ്കിലും ഹിപ്പൊപ്പൊട്ടമസ് അവതരിക്കുന്നതും നോക്കി കാത്തിരിക്കാനാണു്‌ ഇക്കൂട്ടര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതു്‌. സ്വന്തമായി ഒരു കക്കൂസ് ഇല്ലാത്തതിന്റെ കുറ്റം ഏതെങ്കിലും ശത്രുചിത്രത്തിന്റെ (അമേരിക്ക ഒരു നല്ല ഓപ്ഷനാണു്‌) തലയില്‍ മുടക്കമില്ലാതെ ചാര്‍ത്തിക്കൊടുക്കാനാവുമെന്നതിനാല്‍ കാത്തിരുപ്പു്‌ ഒരു മുഷിച്ചില്‍ ആയി തോന്നുകയുമില്ല. (ഒരു ശത്രുചിത്രമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്തവന്‍ ആ ചിത്രം ഇല്ലാതാവണമെന്നു്‌ ആഗ്രഹിക്കുന്നവനായിരിക്കുമോ, ആവാന്‍ കഴിയുമോ?) നല്ല നാളെകളും, നല്ല മറ്റെന്നാളുകളും, ചത്തശേഷം വരാനിരിക്കുന്ന കിടിലന്‍ ജീവിതവുമെല്ലാം സ്വപ്നം കാണാനാണു്‌ ദൈവം ഇന്നുകളെ സൃഷ്ടിച്ചിരിക്കുന്നതെന്ന ഉറപ്പില്‍ സ്വപ്നാടനം ചെയ്യുന്നവരാണു്‌ ബഹുഭൂരിപക്ഷം മനുഷ്യരും! അവരെ ശല്യം ചെയ്യാതിരിക്കുക. ചാവുന്നതുവരെ തങ്ങളുടെ സുന്ദരസ്വപ്നങ്ങളില്‍ നിന്നും ഉണരാതിരിക്കുക എന്നതാണു്‌ അവരുടെ ആഗ്രഹം, കൃത്യമായി പറഞ്ഞാല്‍, അങ്ങനെമാത്രം ആഗ്രഹിക്കാനാണു്‌ അവരെ നയിക്കുന്ന അവരുടെ ഐഡലുകള്‍ അവരെ പഠിപ്പിച്ചിരിക്കുന്നതു്‌.

Mar 19, 2013, 10:53 AM

രാവിലെ ഉദാത്തമായ സാഹിത്യം. ഉച്ചയ്ക്കു്‌ സാമൂഹികപരിഷ്കരണത്തിനു്‌ അനുയോജ്യമായ അത്യുന്നതമായ താത്വികാവലോകനങ്ങള്‍. വൈകിട്ടു്‌, അപ്പോഴേക്കും മഴനനഞ്ഞു്‌ നീലനിറം മുഴുവന്‍ ഒലിച്ചുപോയി ഒറിജിനല്‍ ആവുന്നതിനാതിനാലാവാം, മറ്റു്‌ കുറുക്കന്മാരോടൊത്തു്‌ ഓരിയിടല്‍. ദിവസേന ഈ കോമഡിയുടെ തനിയാവര്‍ത്തനം – കീബോര്‍ഡ് വിപ്ലവം, മല്ലു വേര്‍ഷന്‍!

Mar 21, 2013, 9:22 AM

ചരിത്രം എന്നാല്‍ എന്തെന്നു്‌ അറിയാന്‍ ആചാര്യ എം.ആര്‍.രാജേഷ്‌ പറയുന്ന മൊഴിമുത്തുകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു്‌ പഠിക്കുക! ഇതുപോലെ വസ്തുനിഷ്ഠമായ ഒരു പഠനം എന്റെ കൈകടത്തല്‍ വഴി അശുദ്ധമാവാതിരിക്കാന്‍ “പ്രബന്ധം” അതേപടി കോപ്പി-പേസ്റ്റ് ചെയ്യുകയായിരുന്നു. അതിനാല്‍, ഉള്ളടക്കത്തിന്റെ കമ്പ്ലീറ്റ് ഉത്തരവാദിത്വവും ആചാര്യനില്‍ മാത്രം നിക്ഷിപ്തമാണു്‌.

(ഒരു കാര്യം ഉറപ്പായും പറയാം: ഇതൊക്കെ എഴുതിവിടാന്‍ മാത്രം തൊലിക്കട്ടി ഉള്ള ആചാര്യന്‍മാര്‍ക്കു്‌ ബുള്ളെറ്റ്-പ്രൂഫ് വെസ്റ്റുകള്‍ ധരിക്കേണ്ട ആവശ്യം ഒരിക്കലും വരില്ല.)

=യാദവരും ശിവയോഗികളും പാശ്ചാത്യദേശങ്ങളില്‍=

ഏകദേശ കണക്കുകള്‍ തെളിയിക്കുന്നത്‌ മഹാഭാരത യുദ്ധം നടന്നത്‌ ക്രി.മു.3067 നവംബര്‍ 22 നാണെന്നാണ്‌. ഭാരതയുദ്ധത്തിലെ വിനാശകരമായ അണുവിസ്ഫോടനം സാധാരണ ജനജീവിതത്തെ തടസ്സപ്പെടുത്തി. അപ്പോള്‍ പാലിത്താന്‍ എന്ന സ്ഥലത്തുനിന്നും യാത്രയായ യാദവര്‍ തങ്ങളെത്തിപ്പെട്ട സ്ഥലത്തിന്‌ സ്വന്തം നാടിന്റെ പേരുതന്നെ നല്‍കി. അതാണ്‌ ക്രമേണ പാലസ്തീന്‍ ആയത്‌. സഹസ്രാബ്ദങ്ങള്‍ക്ക്‌ മുന്‍പുള്ള ഈ യാത്രയാണ്‌ പുറപ്പാടുവ്യത്താന്തങ്ങള്‍ ഇന്നും പ്രതിധ്വനിക്കുന്നത്‌. സൗരാടഷ്ട്രര്‍, യഹൂദര്‍ തുടങ്ങിയ വംശപരമ്പരകള്‍ ഈ യാദവരാണ്‌. ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന യഹൂദ എന്ന വാക്കുതന്നെ യാദവ എന്ന സംസ്കൃതവാക്കിന്റെ അപ്രഭ്രംശമാണ്‌. ഹീബ്രു എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പോലും ഹരിബ്രു ഹരിഭഗവാന്റെ വാണി എന്നാണ്‌. ആദം ഭാരതീയനാണെന്ന വിശ്വാസം രൂഢമൂലമാണ്‌. മാര്‍ക്കോപോളോയുടെ സഞ്ചാരകൃതികളില്‍ ചൈനീസ്‌ യൂദരുടെ ഒരു രേഖ തര്‍ജ്ജമചെയ്തു കാണുന്നു. ഇസ്രായേലരുടെ മതത്തോട്‌ ബഹുമാനപുരസ്സരം, ഞങ്ങളുടെ അന്വേഷണത്തില്‍ അതിന്റെ ഒന്നാമത്തെ പൂര്‍വ്വികന്‍ ആദം ഇന്ത്യയില്‍ ഉണ്ടായി എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, യഹൂദരുടെ ആചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭാരതീയരുടേതുമായി ഏതെ സാമ്യമുണ്ട്‌. തുളസി ഇരുവര്‍ക്കും പരിപാവനമായ ഒരു ചെടിയാണ്‌. എത്രയോ നാളുകള്‍ കഥയായി വ്യാപിച്ച്‌ കിടന്ന പഴയ നിയമ പുസ്തകത്തില്‍ ഇസ്രായലികളുടെ ഭാരതീയ ബന്ധത്തെ തെളിയിക്കുന്ന ഒട്ടേറെ പ്രമാണങ്ങളുണ്ട്‌. ദിനവ്യന്താന്തത്തില്‍ ഒട്ടേറെ തവണ പരാമര്‍ശിക്കുന്ന ചണം ഭാരതത്തില്‍ നിന്ന ്‌ ഇറക്കുമതിചെയ്തതായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഭാരതത്തില്‍ നിന്ന്‌ പാശ്ചാത്യലോകത്തേക്ക്‌ ഒഴുകിയിരിക്കുന്നു. ശേബാരാഞ്ജി ശലോമോന്‍ രാജാവിനു കൊടുത്തുപോലുള്ള സുഗന്ധദ്രവ്യം പിന്നീട്‌ ഉണ്ടായിട്ടില്ല എന്ന്‌ പഴയ നിയമത്തില്‍ വിവരിക്കുന്നു. കൂടാതെ ശ്രീകോവിലെകുറിച്ചും നിലവിളക്കിന്‌ കുറിച്ചും പ്രചീന ഇസ്രയലികള്‍ വാചാലരായിരുന്നു. ആ വിവരണം കാണുക. അന്തര്‍ മന്ദിരത്തില്‍ മുന്‍പാകെ നിയമപ്രകാരം കത്തേണ്ടതിന്‌ നിര്‍മ്മലമായ തങ്കം കൊണ്ടുള്ള നിലവിളക്കും ദീപങ്ങളും ഈദൃശ്യമായ കര്‍മ്മമണ്ഡലങ്ങള്‍ ഇസ്രായേല്‍ രൂപപ്പെടുത്തിയത്‌ യാദവരായിരുന്നു. മംഗോളിയ, റഷ്യ, ഇസ്രയാല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദിക ചിന്താസരണിയുടെ പ്രചാരണത്തിനായി വൈദികവിഹാരങ്ങള്‍ സ്ഥാപിച്ചിരുന്നത്‌.
ആചാര്യ എം.ആര്‍.രാജേഷ്‌

http://www.janmabhumidaily.com/jnb/News/5624

February 2013

Feb 1, 2013, 1:21 PM

ജര്‍മ്മനിയില്‍ ഒന്നുരണ്ടാഴ്ചകള്‍ക്കു്‌ മുന്‍പു്‌ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയെ മയക്കുമരുന്നു്‌ ചേര്‍ത്ത പാനീയം നല്‍കിയശേഷം ആരോ ബലാല്‍സംഗം ചെയ്തു. പിറ്റേന്നു്‌ ബോധം തെളിഞ്ഞപ്പോള്‍ അവള്‍ തന്റെ സംശയവും ആശങ്കയും അവളുടെ അമ്മയെ അറിയിച്ചു. അമ്മ ഉടനെതന്നെ അവളുമായി വൈദ്യപരിശോധനയ്ക്കും, “അതിനുശേഷമുള്ള ഗുളിക”യുടെ (morning-after pill) പ്രിസ്ക്രിപ്ഷന്‍ ലഭിക്കുന്നതിനുമായി കത്തോലിക്കാസഭ നടത്തുന്ന രണ്ടു്‌ ഹോസ്പിറ്റലുകളില്‍ എത്തിയെങ്കിലും, രണ്ടിടത്തും അവര്‍ സ്വീകരിക്കപ്പെട്ടില്ല. “അതിനുശേഷമുള്ള ഗുളിക” പ്രിസ്ക്രൈബ് ചെയ്യാന്‍ കത്തോലിക്കാസഭയുടെ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന ഡോക്ടേഴ്സിനെ സഭ അനുവദിക്കുന്നില്ല എന്നതായിരുന്നു കാരണം. അങ്ങനെ ചെയ്താല്‍ അവര്‍ ജോലിനഷ്ടം ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമത്രെ! മനുഷ്യരുടെ (തത്കാലം സഭയുടെ തടങ്കലില്‍ “സ്വതന്ത്രരായി” കഴിയുന്ന മനുഷ്യരുടെ) ജീവന്റെ പൊതുവായ ഉത്തരവാദിത്തം ദൈവം സഭയെയാണു്‌ ഏല്പിച്ചിരിക്കുന്നതു്‌ എന്നതിനാല്‍, “ഭ്രൂണഹത്യയെ” എതിര്‍ക്കാതിരിക്കാന്‍ സഭക്കു്‌ എങ്ങനെ കഴിയും?

ഈ വാര്‍ത്ത വെളിയില്‍ വന്നപ്പോള്‍ ഗര്‍ഭനിരോധനത്തെ എതിര്‍ക്കുന്ന സ്വന്തം നിലപാടു്‌ സര്‍വ്വശക്തിയും ഉപയോഗിച്ചു്‌ ന്യായീകരിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു പതിവുപോലെ സഭയുടെ വക്താക്കള്‍. പക്ഷേ രാഷ്ട്രീയത്തില്‍നിന്നും മാദ്ധ്യമങ്ങളില്‍ നിന്നുമുള്ള വിമര്‍ശനം രൂക്ഷമായപ്പോള്‍ പിന്‍വലിയുകയല്ലാതെ സഭയ്ക്കു്‌ നിവൃത്തിയില്ലാതായി. അവസാനം കൊളോണിലെ കര്‍ദ്ദിനാള്‍ മൈസ്നെര്‍ക്കു്‌ ബോധോദയമുണ്ടായി. “ഗര്‍ഭം തടയലാണു്‌, ഗര്‍ഭം അലസിപ്പിക്കലല്ല ആ ഗുളികയുടെ പണിയെങ്കില്‍ അതൊരു പ്രശ്നമല്ല. വൈദ്യശാസ്ത്രം ഇത്രടം വരെയൊക്കെ എത്തിയകാര്യം ഞങ്ങളറിഞ്ഞില്ല കേട്ടോ”. morning-after pill എന്നൊരു സംഭവം ഉണ്ടെന്നു്‌ കര്‍ദ്ദിനാള്‍ മൈസ്നെര്‍ അടക്കമുള്ള സഭാനേതൃത്വം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നു്‌! സഭയുടെ ഏതിക്സ് കമ്മീഷന്‍ ഒരു വര്‍ഷത്തോളമായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണിതു്‌. സഭയിലെയും വൈദ്യശാസ്ത്രത്തിലെയുമൊക്കെ പ്രതിനിധികള്‍ അല്ലാതെ മറ്റാരാണു്‌ അതുപോലൊരു കമ്മിറ്റിയില്‍ ഇരിക്കുന്നതു്‌, വൈദ്യശാസ്ത്രം ഇന്നു്‌ എവിടെ എത്തിനില്‍ക്കുന്നു എന്നറിയാത്തവരെ എന്തിനാണു്‌ അവിടെ ഇരുത്തിയിരിക്കുന്നതു്‌ എന്നൊന്നും ചോദിക്കരുതു്‌.

നല്ലവനായ സമരിയക്കാരന്റെ മാതൃകയില്‍ സാധുസംരക്ഷണം പ്രസംഗിക്കുന്ന കത്തോലിക്കാസഭയ്ക്കു്‌ ഈ സംഭവം വഴി നേരിടേണ്ടിവന്ന അപമാനം ചില്ലറയല്ല. കരിപുരണ്ട മുഖം രക്ഷിക്കാന്‍ ഇടയന്മാര്‍ നല്ലപോലെ പരിശ്രമിക്കേണ്ടിവരും. എന്തു്‌ സംഭവിച്ചാലും നാണം കെട്ടു്‌ സഭയുടെ പിന്നാലെ നടക്കുന്ന ആടുകളുടെ പിന്തുണ ഉണ്ടാവുമെന്നതിനാല്‍ ഇതും അതിജീവിക്കും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. ആഫ്രിക്കയിലും മറ്റും കോണ്ടം പോലുള്ള ഗര്‍ഭനിരോധനോപാധികള്‍ വിലക്കുന്ന സഭയാണു്‌ ജര്‍മ്മനിയില്‍ ഗര്‍ഭം തടയാനുള്ള ഗുളികയോടു്‌ ദൈവത്തിനു്‌ വലിയ എതിര്‍പ്പൊന്നുമില്ല എന്നു്‌ പതിയെ സമ്മതിക്കുന്നതു്‌.

മനുഷ്യന്‍ ജന്മമെടുക്കുന്നതുതന്നെ ഒരു പാപമായതിനാലും (ജന്മപാപം), അവരെ അതില്‍ നിന്നും മോചിപ്പിക്കേണ്ടതു്‌ അത്യാവശ്യമായതിനാലുമാണല്ലോ ദൈവം ഒരു സാദാ സ്ത്രീയില്‍ നിന്നും സ്വന്തം മകന്‍ യേശുവിനെ ജന്മമെടുപ്പിച്ചതു്‌. ജനിപ്പിക്കുന്നതു്‌ ദൈവമായാലും ജന്മമെടുക്കുന്നവനു്‌ ജന്മപാപമുണ്ടാവണം. അതിന്റെ പരിഹാരം അവന്റെ കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പുമാണു്‌. ഇപ്പറഞ്ഞതെല്ലാം സത്യമാണെന്നു്‌ വിശ്വസിക്കുക മാത്രമാണു്‌ ബാക്കി എല്ലാ മനുഷ്യരുടെയും ജന്മപാപത്തിന്റെ പരിഹാരം. സ്വന്തം പാപം മോചിച്ചുകിട്ടാന്‍ എല്ലാവരും കുരിശുമരണം വരിക്കേണ്ട കാര്യമില്ല എന്നു്‌ സാരം. അതു്‌ തിയോളജിയാണു്‌; അത്ര എളുപ്പം മനസ്സിലാവില്ല. സ്വന്തം മകന്റെ ജന്മത്തിനു്‌ രണ്ടായിരം വര്‍ഷങ്ങള്‍ക്കു്‌ ശേഷം, ആരുടെ ജന്മപാപം മോചിപ്പിക്കാനായി അവന്‍ ജന്മമെടുത്തുവോ, അതേ ജന്മപാപികളായ മനുഷ്യര്‍ “days-before pill”, “morning-after pill” മുതലായവയൊക്കെ കണ്ടുപിടിച്ചു്‌ ജന്മമെടുക്കല്‍ എന്ന കര്‍മ്മംതന്നെ നിര്‍ത്തിവയ്ക്കാനും, സ്വന്തം പ്ലാനും പദ്ധതിയുമനുസരിച്ചു്‌ നിയന്ത്രിക്കാനുമെല്ലാം കഴിവുള്ളവരാവുമെന്നു്‌ ദൈവത്തിനു്‌ അറിയാമായിരുന്നു എന്നെനിക്കു്‌ തോന്നുന്നില്ല. അല്ലെങ്കില്‍ മറ്റൊരുവനു്‌ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഒരു പെണ്ണില്‍നിന്നും സ്വന്തം മകനെ ജനിപ്പിച്ചു്‌ ഇമ്മാതിരി പീഡനങ്ങള്‍ അനുഭവിപ്പിക്കാന്‍ അങ്ങേര്‍ തയ്യാറാവുമായിരുന്നോ? ഇല്ലെന്നാണെന്റെ വിശ്വാസം.

ഏതായാലും, വളരെ താമസിച്ചാണെങ്കിലും കര്‍ദ്ദിനാളിനു്‌ ഉദിച്ച ഈ വെളിപാടു്‌ വഴി കത്തോലിക്കാ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടേഴ്സിനു്‌ നല്ല ആശ്വാസം തോന്നുന്നുണ്ടാവണം. അവര്‍ക്കു്‌ ഇനിമുതല്‍ അവരുടെ തൊഴിലിനോടു്‌ നീതി പുലര്‍ത്താനാവുമല്ലോ. ഇതുപോലെ എത്രയെത്ര വെളിപാടുകള്‍ ഇനിയും ഉണ്ടാവാന്‍ കിടക്കുന്നു!? മനുഷ്യരെ പറ്റിച്ചു്‌ സുഖജീവിതം നയിക്കാനായി കുറെ മതനേതാക്കള്‍ ചുമന്നുകൊണ്ടു്‌ നടക്കുന്നതും പഠിപ്പിക്കുന്നതുമായ അബദ്ധങ്ങള്‍ എന്നേക്കുമായി തട്ടിന്‍പുറത്തു്‌ കയറ്റുവാന്‍ ഇതുപോലുള്ള വെളിപാടുകള്‍ എല്ലാ മതങ്ങളിലും ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു മതത്തിലെ വിശ്വാസികള്‍ എത്ര വിഡ്ഢികളാണോ അത്ര കൂടുതല്‍ സമയം അതിനു്‌ വേണ്ടിവരും. കാരണം, മനുഷ്യരുടെ വിഡ്ഢിത്തം എന്ന പാറയിലാണു്‌ മതങ്ങള്‍ അവയുടെ കോട്ടകൊത്തളങ്ങള്‍ പണികഴിപ്പിച്ചിരിക്കുന്നതു്‌.

Feb 2, 2013, 11:08 AM

വായൊന്നു്‌ വരി രണ്ടു്‌:

“ശ്രീനാരായണഗുരു ദൈവമാണു്‌.”

“ഏതു്‌ പൊന്നുതമ്പുരാന്‍ പറഞ്ഞാലും ജാതി പറയും.”

Feb 2, 2013, 11:14 AM

അറിഞ്ഞില്ല എന്നു്‌ പറയാതിരിക്കാന്‍:

ലൈംഗികബന്ധം, വ്യഭിചാരം, ബലാല്‍സംഗം മുതലായ, സ്ത്രീയും പുരുഷനും ഭാഗഭാക്കുകളാവുന്ന വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം എന്നതു്‌ പുരുഷനു്‌ മാത്രം അവകാശപ്പെട്ട കാര്യമാണു്‌.

ഇക്കാര്യം മനുസ്വാമി പണ്ടേ പറഞ്ഞിട്ടുണ്ടു്‌. സ്ത്രീയെ അവളുടെ കൌമാരത്തില്‍ അച്ഛനും, യൌവനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും സംരക്ഷിക്കുമെന്നതിനാല്‍ അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാണു്‌ ആ ചങ്ങായി പറഞ്ഞതു്‌. അഥവാ, അദ്ദേഹം അങ്ങനെ പറഞ്ഞു എന്നാണു്‌ പൊതുവെയുള്ള ധാരണ. ഇതിലെ “സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്ന അന്ത്യഭാഗം ശരിയാണെങ്കിലും, ആദ്യഭാഗം അത്ര ശരിയായിരിക്കാന്‍ വഴിയില്ലെന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌. കാരണം, സ്ത്രീ അവളുടെ കൌമാരത്തില്‍ അച്ഛനെയും, യൌവനത്തില്‍ ഭര്‍ത്താവിനെയും, വാര്‍ദ്ധക്യത്തില്‍ പുത്രനെയും സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥയാണു്‌ അതിനാല്‍ അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന കുറെക്കൂടി ഈടുള്ള ഒരു നിയമം സാദ്ധ്യമായിരുന്നു എന്നിരിക്കെ ജ്ഞാനിയായ മനുസ്വാമി അങ്ങനെയേ പറഞ്ഞിരിക്കാന്‍ വഴിയുള്ളു. മനുഷ്യര്‍ – സ്ത്രീകള്‍ പ്രത്യേകിച്ചും – ഒരു പണിയുമില്ലാതെ വെറുതെ വീട്ടില്‍ കുത്തിയിരുന്നാല്‍ അവരുടെ മനസ്സു്‌ ദുശ്ചിന്തകള്‍കൊണ്ടു്‌ നിറയും, അവര്‍ക്കു്‌ ബ്ലോഗെഴുതാന്‍ തോന്നും എന്ന ലോകസത്യം അറിയാത്തവനായിരുന്നില്ല മനുസ്വാമി. ബ്രാഹ്മണന്‍ ശുദ്രനെയല്ല, ശുദ്രന്‍ ഇത്തിരി അകന്നുനിന്നുകൊണ്ടു്‌ ബ്രാഹ്മണര്‍കളെയാണു്‌ സംരക്ഷിക്കേണ്ടതെന്നു്‌ നിശ്ചയിച്ച സ്വാമി, സ്ത്രീ പുരുഷന്മാര്‍കളെ സംരക്ഷിക്കണം എന്നല്ലാതെ, പുരുഷര്‍കള്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു്‌ പറയും എന്നു്‌ കരുതാന്‍ ന്യായമൊന്നും കാണുന്നില്ല. ഇവിടെ നമുക്കു്‌ ദൃശ്യമാവുന്ന പൂര്‍വ്വാപരവൈരുദ്ധ്യം ഓലക്കെട്ടു്‌ പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന ഒരു പിശകാവാനേ സാദ്ധ്യതയുള്ളു. ഓലയല്ലേ, നാരായമല്ലേ, പകര്‍ത്തലല്ലേ, (പലപ്പോഴും) കേട്ടെഴുത്തല്ലേ, പിശകും, പിശകാതെ തരമില്ല.

അതുകൊണ്ടു്‌ സ്ത്രീകള്‍മാര്‍ തത്കാലം മനുസ്വാമി ചൂണ്ടിക്കാണിച്ചുതന്ന വഴിയിലൂടെ, പ്രാര്‍ത്ഥനയും ജപവും, ധ്യാനവുമൊന്നും മുടക്കാതെ അടങ്ങിയൊതുങ്ങി അങ്ങു്‌ നടന്നേച്ചാല്‍ മതി. വ്യക്തിസ്വാതന്ത്ര്യം, പൗരാവകാശം, മനുഷ്യാവകാശം മുതലായ അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി വെറുതെ ബഹളം വച്ചിട്ടു്‌ കാര്യമൊന്നുമില്ല. ഏറിയാല്‍ ഈശ്വരകോപശാപങ്ങള്‍ വിളിച്ചുവരുത്താം, അത്രതന്നെ!

Feb 2, 2013, 11:55 AM

ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണത്രെ മാര്‍പ്പാപ്പ! മനുഷ്യനു്‌ മദം പൊട്ടിയാല്‍ ഇങ്ങനെ പൊട്ടണം.

(ദൈവം എന്നു്‌ കേള്‍ക്കുമ്പോഴെല്ലാം ആ ദൈവം ഭരിക്കുന്ന ആകമാനപ്രപഞ്ചം എന്നതു്‌ വത്തിക്കാന്‍ പോലുള്ള ഒരു “ഠ” വട്ട കിനാശ്ശേരി ആണെന്ന കാര്യം നമ്മള്‍ മറക്കരുതു്‌. ദൈവത്തെപ്പറ്റിയും ആ ദൈവത്തിന്റെ റെപ്രസെന്റേറ്റീവുകള്‍ എന്നു്‌ ഞെളിയുന്നവരെപ്പറ്റിയും നമുക്കു്‌ തെറ്റിദ്ധാരണകളൊന്നും ഉണ്ടാവരുതല്ലോ.

Feb 5, 2013, 8:39 AM

“പ്രകാശം പരത്തുന്നവരോടു്‌” സാദാ മനുഷ്യര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതു്‌ സൂര്യനോടു്‌ ഭൂമി കരാട്ടെ പയറ്റുന്നതിനു്‌ സമം.” – (ഡിങ്കോപനിഷത്ത് 351: 153)

Feb 6, 2013, 9:42 AM

സ്വന്തം അമ്മയോ മകളോ മകനോ ദിവസങ്ങളോ മാസങ്ങളോ ദിനംപ്രതി പലവട്ടം ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നു്‌ കേള്‍ക്കുമ്പോഴും കൊമേഴ്സ്യല്‍ മല്ലുസില്‍മകളിലെ തൊലിഞ്ഞ ഡയലോഗുകളുമായി അര്‍മ്മാദിക്കാന്‍ ഉളുപ്പില്ലാത്ത ഇരുക്കാലികളുടെ കിനാശ്ശേരിയിലേക്കു്‌ കേരളത്തിനു്‌ ഇനി അധികദൂരം പോകേണ്ടതില്ല.

Feb 6, 2013, 9:55 AM

എച്ചിലിലയിലും അമ്പലമുറ്റത്തും കിടന്നുരുളുന്നവരും പള്ളിയിലും മോസ്കിലും മുട്ടുകുത്തുന്നവരും പരസ്പരം വിരല്‍ചൂണ്ടി “ചിരിച്ചു്‌ ചാവുന്ന” അതുല്യപ്രതിഭാസമാണു്‌ ഭാരതത്തില്‍ നിലവിലിരിക്കുന്ന മതവിശ്വാസം. ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ “ഖുര്‍ആനികളും” “ഗീതികളും” ആര്‍പ്പിടും. ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ “ഗീതികളും’ ‘ബിബ്ലികളും’ ആര്‍പ്പിടും. ഗീതയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ ‘ബിബ്ലികളും” “ഖുര്‍ആനികളും” ആര്‍പ്പിടും. ഭാരതീയന്റെ ഡിക്ഷണറിപ്രകാരം ഒരു തെറ്റു്‌ തെറ്റാവുന്നതു്‌ അതു്‌ മറ്റവന്‍ ചെയ്യുമ്പോള്‍ മാത്രമാണു്‌. തന്റെ പക്ഷത്തിന്റെ ഏതു്‌ തെറ്റും മറുപക്ഷങ്ങളുടെ തെറ്റുകളുമായി താരതമ്യം ചെയ്തു്‌ ലഘൂകരിക്കപ്പെടണം, ന്യായീകരിക്കപ്പെടണം. അതാണു്‌ നിയമരാഷ്ട്രം എന്നതിന്റെ ഭാരതീയ വ്യാഖ്യാനം.

Feb 10, 2013, 10:19 AM

1984-ല്‍ റിലീസ് ചെയ്യപ്പെട്ട “Police Academy” എന്ന കോമഡി ഫിലിമിനും, അതിന്റെ വന്‍വിജയത്തെ തുടര്‍ന്നു്‌ രൂപം കൊണ്ട സീരിയലുകള്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ നല്‍കപ്പെട്ട പേരു്‌ “Dümmer als die Polizei erlaubt’ (പോലീസ് അനുവദിക്കുന്നതിലും പെരിയ വിഡ്ഢി) എന്നായിരുന്നു. പോലീസ് അനുവദിക്കുന്നതിനെക്കാള്‍ വിവേകശൂന്യരായിട്ടുള്ള മനുഷ്യര്‍ ഇല്ലാത്ത നാടുകള്‍ ഉണ്ടാവാന്‍ വഴിയില്ലെങ്കിലും, അത്തരക്കാരെയും തോല്പിക്കാന്‍ പോന്ന മനുഷ്യര്‍ നിയമജ്ഞക്കുപ്പായവുമിട്ടു്‌ ഉന്നതപദവികള്‍ അലങ്കരിക്കുന്ന രാജ്യങ്ങള്‍ വിരളമായിരിക്കും. ആര്‍ഷഭാരതം പോലെ തലമുറതലമുറകളോളം പെറ്റു്‌ പെരുകുക എന്നതൊഴികെ മറ്റു്‌ കാര്യമായ ഒരനക്കവുമില്ലാതെ കെട്ടിക്കിടക്കുന്ന പുരാതനമായ സാംസ്കാരികജീര്‍ണ്ണതകളില്‍ മാത്രമേ ഈവക സ്പീഷീസിനു്‌ മുളച്ചുവളര്‍ന്നു്‌ പൂവിട്ടുവിരിഞ്ഞു്‌ “പ്രകാശം പരത്താന്‍” കഴിയുന്ന ചേറും ലവണങ്ങളും ഉണ്ടാവാറുള്ളു എന്നതാവണം അതിന്റെ കാരണം. താമര വേരൂന്നുന്നതും ചെളിയിലാണല്ലോ. ഭാരതീയ സമൂഹത്തെ പിന്നോട്ടല്ലാതെ ഒരു ചുവടുപോലും മുന്നോട്ടു്‌ നീങ്ങാന്‍ അനുവദിക്കാതിരുന്നാല്‍ ഇതുപോലുള്ള അനേകമനേകം ഉത്തമജനുസ്സുകളെ ഇനിയുമിനിയും ഭാരതമാതാവു്‌ പെറ്റിടും.

ആനി ബെസന്റിനെ “വസന്തമാതാവു്‌” എന്നു്‌ വിളിച്ചു്‌ ആരാധിച്ചിരുന്ന ഒരു മനുഷ്യനെ പണ്ടൊരിക്കല്‍ നേരിട്ടു്‌ പരിചയപ്പെടേണ്ടിവന്നിട്ടുണ്ടു്‌. ചന്ദ്രനെപ്പോലെ “പ്രകാശം പരത്തിയിരുന്ന” ഒരു വ്യക്തി. മുഖാമുഖമല്ലെങ്കിലും, മാദ്ധ്യമങ്ങളിലൂടെ ഇപ്പോള്‍ ഒരു വസന്തപിതാവിനെക്കൂടി പരിചയപ്പെടാന്‍ കഴിഞ്ഞു – ചെല്ലുന്നിടത്തെല്ലാം സൂര്യനെപ്പോലെ “പ്രകാശം പരത്തുന്ന” ഒരു അമൂല്യവ്യക്തിത്വം.

Feb 10, 2013, 12:15 PM

http://www.youtube.com/watch?v=00zuflvRKLo
“നിങ്ങളൊക്കെ പട്ടികളാണെടാ പട്ടികള്‍” എന്നു്‌ സഹപാഠികളോടു്‌ വിളിച്ചുപറഞ്ഞുകൊണ്ടു്‌ ഒരു കുട്ടി എന്നേക്കുമായി ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകുന്ന ചിത്രത്തിനു്‌ ദശാബ്ദങ്ങള്‍ പഴക്കമുണ്ടു്‌. കേശവദേവിന്റെ ഒരു നോവലിലായിരുന്നു അതെന്നാണോര്‍മ്മ. ഇന്നു്‌ കാലം മാറിയെന്നും, താന്‍ പുരോഗമിച്ചു എന്നും തന്നോടുതന്നെ ആവര്‍ത്തിച്ചു്‌ സ്വയം വിശ്വസിപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഭാരതീയന്റെ ലോകത്തില്‍, ഒരു വിവരദോഷി വിളമ്പുന്ന കാട്ടാളത്തെ അസംബന്ധമെന്നു്‌ കാര്‍ക്കിച്ചുതുപ്പി ഇറങ്ങിപ്പോകാന്‍ അനേകം പെണ്‍കുട്ടികളുടെയിടയിലും ഒരുവള്‍ മാത്രമേ ഉണ്ടായുള്ളു. കാലവും കോലവും മാറിയതുകൊണ്ടു്‌ സമൂഹത്തിനു്‌ കാര്യമായ പ്രയോജനമൊന്നുമില്ല. അതിനു്‌ മനുഷ്യരുടെ തലയില്‍ മാറ്റം വന്നാലേ പറ്റൂ. അതിനുള്ള ഏതു്‌ തുടക്കം കുറിക്കലും സ്വാഗതം ചെയ്യപ്പെടണം; ഒരു കുരുവിക്കു്‌ തനിയെ ഒരു വസന്തം സൃഷ്ടിക്കാനാവില്ലെങ്കിലും…

Feb 13, 2013, 10:49 AM

സ്ത്രീകള്‍ക്കു്‌ മര്‍മ്മം നോക്കി തൊഴിക്കാനറിയാത്തതാണു്‌ സ്ത്രീപീഡനങ്ങളുടെ കാരണം എന്നൊരു പുതിയ കണ്ടെത്തല്‍ ലൈംഗികവിദഗ്ദ്ധര്‍ നടത്തിയിട്ടുണ്ടത്രെ! അതിന്‍പ്രകാരം രാജ്യത്തുടനീളം സ്ത്രീകള്‍ക്കുവേണ്ടി തൊഴി പരിശീലനക്യാമ്പുകള്‍ ആരംഭിച്ചു്‌ ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെപ്പറ്റി കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സാംസ്കാരിക-, വിദ്യാഭ്യാസവകുപ്പുകളിലെ മന്ത്രിമാര്‍ വിവിധ ഗസ്റ്റ്ഹൗസുകളില്‍ മാറിമാറി സമ്മേളനങ്ങളും കൂടിയാലോചനകളും നടത്തി എന്തുകൊണ്ടു്‌ ഒരു തീരുമാനത്തിലെത്തുന്നില്ല എന്നു്‌ മനസ്സിലാകുന്നില്ല.

തൊഴി പഠിപ്പിക്കുന്നതിനോടൊപ്പം സ്ത്രീകള്‍ ബോധവത്കരിക്കപ്പെടുന്നതും ദോഷം ചെയ്യാന്‍ വഴിയില്ല. അതിനായി, പതിനാറായിരത്തിയെട്ടു്‌ ഭാര്യമാരുണ്ടായിരുന്ന ദൈവത്തെയും, ഒരു പുരുഷനു്‌ ഒരേസമയം നാലു്‌ ഭാര്യമാരെ വരെ ഔദ്യോഗികമായി വച്ചുപൊറുപ്പിക്കാമെന്നു്‌ കല്പിച്ച ദൈവത്തെയും, ആയിരക്കണക്കിനു്‌ നിത്യകന്യകകള്‍ മണവാട്ടിമാരായിട്ടുള്ള ദൈവത്തെയുമെല്ലാം മാതൃകയാക്കാവുന്നതാണു്‌. ദൈവങ്ങളോടു്‌ സ്വതവേ ഒരു സോഫ്റ്റ് കോര്‍ണര്‍ ഉള്ളവരാണു്‌ സ്ത്രീകള്‍ എന്നതിനാല്‍ നല്ല വിജയസാദ്ധ്യതയുള്ള ഒരു പദ്ധതിയായിരിക്കുമതു്‌. ദൈവം പറഞ്ഞു എന്നു്‌ പറഞ്ഞാല്‍ നിരുപാധികം സമ്മതം മൂളുന്നതിനെയാണു്‌ “ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി” എന്നതുകൊണ്ടു്‌ ഉദ്ദേശിക്കുന്നതുതന്നെ എന്നാണു്‌ കേട്ടിട്ടുള്ളതു്‌. അതാണെങ്കില്‍ ഭാരതസ്ത്രീകളുടെ മാത്രം സ്വഭാവഗുണമല്ലെന്നാണു്‌ ചില അത്ഭുതഗര്‍ഭകഥകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതും.

ബലാല്‍സംഗം പോലുള്ള സ്ത്രീപീഡനങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ സ്വീകരിക്കാവുന്ന മറ്റു്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍: ജനിക്കുന്നതു്‌ പെണ്‍കുട്ടിയാണെങ്കില്‍ അതിന്റെ പ്രസവമെടുക്കുന്നതുതന്നെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രത്തിലേക്കായിരിക്കണം, മരണം വരെ അത്തരം വസ്ത്രങ്ങളില്‍ പൊതിഞ്ഞു്‌ നടക്കാനേ പെണ്‍കുഞ്ഞുങ്ങളെ അനുവദിക്കാവൂ, ബലാല്‍സംഗവും കൊലപാതകവും കുളിസീനും സ്റ്റണ്ടുമൊക്കെയുള്ള സില്‍മകള്‍ പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും വേണ്ടി രാപകലില്ലാതെ ടിവിയില്‍ പ്രദര്‍ശിപ്പിക്കണം, അതുപോലെതന്നെ, വാലും കൊമ്പുമുള്ള ദൈവങ്ങളുടെ അത്ഭുതപ്രവൃത്തികള്‍, ഭക്തകുചേല, കണ്ണുനീര്‍ ചോലകള്‍ തുടങ്ങിയവയെ ആസ്പദമാക്കുന്ന സില്‍മകള്‍ ഇവയെല്ലാം സ്ത്രീകള്‍ പതിവായി കണ്ടു്‌ കരയുന്നുണ്ടെന്നും, അതല്ലാത്ത വിഷയങ്ങളിലെ സില്‍മകള്‍ അവര്‍ കാണുന്നില്ലെന്നും ഉറപ്പുവരുത്തണം, കേന്ദ്രമന്തിമാര്‍, മത-, സാഹിത്യ-,സില്‍മാ-, രാഷ്ട്രീയ മേഖലകളിലെ പണ്ഡിറ്റുകള്‍, ശ്രീശ്രീമാര്‍, തലേക്കെട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ മുടക്കമില്ലാതെ കാണിച്ചു്‌ സാംസ്കാരികമായി വളരാന്‍ അവരെ അനുവദിക്കണം, മാസത്തിലൊരിക്കല്‍ സംഘംചേര്‍ന്നു്‌ പെരുവഴിയില്‍ കഞ്ഞിവയ്ക്കുക, പുളിച്ചാര്‍ത്തു്‌ മനംപിരട്ടല്‍ ഉണ്ടാക്കുന്ന തരത്തില്‍പ്പെട്ട ഒന്നോ രണ്ടോ ശീലുകള്‍ വേദപുസ്തകങ്ങളില്‍ നിന്നോ, വേതാളകഥകളില്‍ നിന്നോ, വടക്കന്‍ വീരഗാഥയില്‍ നിന്നോ ഒക്കെ ദിനംപ്രതി ആവര്‍ത്തിക്കുക മുതലായ കലാപരിപാടികള്‍ അനുവദിക്കാം. പക്ഷേ, അപ്പോഴൊക്കെയും സ്ത്രീശരീരത്തിലെ കുന്നുകളും കുഴികളുമെല്ലാം സമൂലം മൂടിയിട്ടുണ്ടോ എന്നു്‌ കൃത്യമായി ശ്രദ്ധിക്കണം. വസ്ത്രം ധരിച്ച സ്ത്രീശരീരം കണ്ടാല്‍ പുരുഷനേത്രങ്ങള്‍ക്കു്‌ അതു്‌ സമൂലശരീരകോണ്ടം ധരിച്ച വല്ല ഞാഞ്ഞൂലുമായിരിക്കും എന്നേ തോന്നാവൂ.

ഈ സദാചാരനിബന്ധനകള്‍ പാലിക്കാത്ത സ്ത്രീകളെ ചാട്ടവാറിനടിക്കുകയോ, കല്ലെറിഞ്ഞു്‌ കൊല്ലുകയോ ചെയ്യണം. സ്ത്രീകള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളിലും, ശിക്ഷണനടപടികളിലും ഇതുപോലെ മറ്റനേകം മാതൃകകളും ദൃഷ്ടാന്തങ്ങളും സാദ്ധ്യതകളുമുണ്ടു്‌. കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍ ഗസ്റ്റ്ഹൗസുകളിലും മറ്റും ആശയങ്ങളുടെ സഹകരണാടിസ്ഥാനത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കായി സമ്മേളിക്കുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം താത്വികമായ പഠനങ്ങള്‍ക്കും പ്രായോഗികമായ പരീക്ഷണങ്ങള്‍ക്കും വിധേയമാക്കാവുന്നതാണു്‌.

ആര്‍ഷഭാരതത്തെ ഉദ്ധരിക്കാനായി അതിവേഗം കാറില്‍ പോയാലേ ബഹുദൂരം സഞ്ചരിച്ചശേഷം കൃത്യസമയത്തു്‌ വീട്ടിലെത്തി അത്താഴം കഴിച്ചു്‌ കിടന്നുറങ്ങാന്‍ പറ്റൂ എന്നതിനാല്‍, ദരിദ്രനാരായണന്മാരായ ജനകോടികളെ ഭരിക്കുന്ന മന്ത്രിമാര്‍ക്കു്‌ യാത്ര ചെയ്യാന്‍ ഭാവിയില്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിക്കൊടുക്കുന്നതും അത്തരം അവസരങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതു്‌ നന്നായിരിക്കും.

Feb 17, 2013, 2:07 PM

“ഭാരതീയജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ നെത്തോലിക്കുള്ള പങ്കു്‌” എന്ന വിഷയത്തില്‍ ധാരാളം സിമ്പോസിയങ്ങള്‍ നടത്തപ്പെടേണ്ടതു്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണു്‌. ചെറുതല്ലാത്ത നെത്തോലിക്കു്‌ ആര്‍ഷഭാരതത്തിന്റെ ജനാധിപത്യപരമായ വികസനത്തിനു്‌ സഹായകമായ ഒട്ടും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കഴിയും. അതുപോലെതന്നെ, സ്ത്രീകളുടെ യൂട്ടറസ് സംരക്ഷണം സഹകരണാടിസ്ഥാനത്തില്‍ ഏറ്റെടുത്തിരിക്കുന്ന സാമൂഹിക-മതപര-സാംസ്കാരികനേതാക്കളെ എല്ലാം അണിനിരത്തിക്കൊണ്ടു്‌ “യൂട്ടറസോളജിയില്‍” പതിവായി സ്റ്റഡിക്ലാസ്സുകളും സംഘടിപ്പിക്കണം. വിഷയം വികസനമാണെന്നു്‌ നമ്മള്‍ മറക്കരുതു്‌. യൂട്ടറസിന്റെ ചാട്ടം ഓട്ടം മുതലായ കാര്യങ്ങളില്‍ ഭാരതീയരുടെ ഇടയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാണു്‌ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അതിനാല്‍, യൂട്ടറസിന്റെ ബഹുമുഖ ആക്റ്റിവിറ്റികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു്‌ തുടരെത്തുടരെ സ്റ്റഡിക്ലാസ്സുകള്‍ നടത്തിക്കൊണ്ടല്ലാതെ നാടിന്റെ പുരോഗതി കൈവരിക്കുക എന്നതു്‌ സാദ്ധ്യമല്ലതന്നെ.

Feb 19, 2013, 12:01 PM

ആകാശത്തട്ടിനു്‌ മുകളില്‍ ഒരു സ്വര്‍ഗ്ഗമോ ഭൂമിക്കടിയില്‍ ഒരു നരകമോ ഇല്ലെന്നു്‌ കോപ്പര്‍നിക്കസിന്റെ ഹീലിയോസെന്റ്റിക് മോഡലിനു്‌ ശേഷമോ, ഏറ്റവും വൈകിയാല്‍ പ്രപഞ്ചവികസനം എന്ന ആശയം ഹബ്ബിള്‍ കണ്ടെത്തിയതിനു്‌ ശേഷമെങ്കിലുമോ ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവണം. അതിനേക്കാള്‍ എത്രയോ കൂടുതല്‍ മനുഷ്യര്‍, ദൈവപുത്രനായിരുന്ന ഒരു യേശു കുരിശില്‍ മരിച്ചെന്നും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ പോയെന്നും, ജീവിച്ചിരിക്കുന്നവരിലേയും മരിച്ചവരിലേയും നല്ലവരായ മനുഷ്യരെ മുഴുവന്‍ അതേ സ്വര്‍ഗ്ഗത്തിലേക്കു്‌ കൂട്ടിക്കൊണ്ടുപോകാനായി ഇന്നോ നാളെയോ മേഘത്തിന്റെ പുറത്തു്‌ കയറി മടങ്ങിവരുമെന്നും വിശ്വസിച്ചു്‌ കാത്തിരിക്കുന്നവരായുണ്ടു്‌. ബൈബിളിലെ പുതിയനിയമത്തില്‍ ഉള്ള കാര്യങ്ങള്‍ മുഴുവന്‍ യേശു നേരിട്ടു്‌ പറഞ്ഞതോ ചെയ്തതോ ഒക്കെ ആണെന്ന തെറ്റായ ധാരണ പുലര്‍ത്തുന്നവരാണു്‌ അവരില്‍ അധികവും. മറ്റെല്ലാ മതങ്ങളെയും പോലെതന്നെ, സത്യത്തിന്റെ നേരിയ അംശം പോലും അവകാശപ്പെടാനില്ലാത്ത കുറെ കഥകളുടെ അടിസ്ഥാനത്തിലാണു്‌ ക്രൈസ്തവമതങ്ങളും പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതു്‌. അത്തരം മതവിഭാഗങ്ങളില്‍ ഒന്നാണു്‌ മാര്‍പ്പാപ്പ നയിക്കുന്ന കത്തോലിക്കാസഭയും.

ഏതെങ്കിലുമൊരു മാര്‍പ്പാപ്പയ്ക്കു്‌ ഒരു സുപ്രഭാതത്തില്‍ ഈ കാത്തിരിപ്പും വിശ്വാസവും ആകെമൊത്തം അടിസ്ഥാനരഹിതവും അബദ്ധവുമാണെന്നു്‌ മനസ്സിലാക്കാന്‍ മതിയായ ശാസ്ത്രബോധം ഉദിച്ചാല്‍ പോലും അങ്ങേര്‍ അതു്‌ ഒരു ഇടയലേഖനം വഴി തന്നെ പിന്‍തുടരുന്ന വിശ്വാസികളെ മുഴുവന്‍ അറിയിക്കുമെന്നു്‌ കരുതാന്‍ മാത്രം വിഡ്ഢിത്തം കത്തോലിക്കാസഭ നശിച്ചു്‌ കാണണം എന്നു്‌ ആഗ്രഹിക്കുന്നവര്‍ക്കുപോലും ഉണ്ടായിരിക്കുമെന്നു്‌ തോന്നുന്നില്ല. കാരണം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി സഭ മനുഷ്യരെ ദൈവികമെന്നും നിത്യമെന്നും പറഞ്ഞു്‌ പഠിപ്പിച്ച ആദര്‍ശസത്യങ്ങളുടെ അന്ത്യമായിരിക്കുമതു്‌. ഇനി, ഒരു മാര്‍പ്പാപ്പ സത്യമായും അങ്ങനെ ചെയ്തു എന്നു്‌ കരുതുക! അടുത്തനിമിഷം പുറത്തു്‌ തെരുവുകളില്‍ ആ പാപ്പയുടെ രക്തത്തിനു്‌ വേണ്ടിയുള്ള അലര്‍ച്ചകളാവും ഉയരുന്നതു്‌. കോപ്പര്‍നിക്കസിന്റെ അസ്റ്റ്റോണമിയോ, മാര്‍പ്പാപ്പയ്ക്കുണ്ടായ പുതിയ ശാസ്ത്രബോധമോ ഒന്നുമല്ല വിശ്വാസികള്‍ക്കു്‌ വേണ്ടതു്‌. അവര്‍ മാര്‍പ്പാപ്പയെ ചുമക്കുന്നതു്‌ തലമുറകളിലൂടെ നടന്നുനടന്നു്‌ പുല്ലുപോലും മുളക്കാതായ വഴികളിലൂടെ അവന്‍ തങ്ങളെ തുടര്‍ന്നും നയിക്കുമെന്ന പ്രതീക്ഷയിലാണു്‌. അതിനു്‌ തയ്യാറില്ലാത്ത പാപ്പയെ എടുത്തു്‌ ദൂരെയെറിഞ്ഞു്‌ തങ്ങളുടെ സ്വപ്നാടനത്തിനു്‌ തടസ്സം നില്‍ക്കാത്ത മറ്റൊരു പാപ്പയെ അവര്‍ വാഴിക്കും. അതാണു്‌ മനുഷ്യര്‍. ജനക്കൂട്ടത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും റാഷണല്‍ ആയിരുന്നിട്ടില്ല, അവ എക്കാലവും ഇമോഷണലേ ആയിരുന്നിട്ടുള്ളു. ഇന്നു്‌ പുകഴ്ത്തുന്നവനെ നാളെ ഇകഴ്ത്താനും, വേണമെങ്കില്‍ അവനെത്തന്നെ മറ്റന്നാള്‍ വീണ്ടും പുകഴ്ത്താനും മടിയില്ലാത്തവരായിരുന്നു എന്നാളും ജനക്കൂട്ടം.

ഇതു്‌ മാര്‍പ്പാപ്പയെയും കത്തോലിക്കാസഭയേയും മാത്രം ബാധിക്കുന്ന ഒരു കാര്യമാണെന്നു്‌ കരുതണ്ട. സുവര്‍ണ്ണവാഗ്ദാനങ്ങളുടെ പുറകെ മണത്തുകൊണ്ടു്‌ നടക്കുന്ന ഏതു്‌ കൂട്ടത്തിനും ബാധകമായ കാര്യമാണിതു്‌. ഉദാഹരണത്തിനു്‌ തൊഴിലാളികളുടെ ലോകാധിപത്യം എന്ന മാര്‍ക്സിയന്‍ സ്വപ്നം ഇന്നല്ലെങ്കില്‍ നാളെ ലോകത്തില്‍ സംജാതമാകുമെന്നു്‌ വിശ്വസിക്കുന്നവരാണു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകള്‍. ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഒട്ടേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടു്‌, രക്തപ്പുഴകള്‍ ഒഴുകിയിട്ടുണ്ടു്‌. എന്നിട്ടും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശാശ്വതമായി വേരുറപ്പിക്കാന്‍ മാര്‍ക്സിസത്തിനു്‌ കഴിഞ്ഞില്ല എന്നതു്‌ കഴിഞ്ഞ മുപ്പതു്‌ വര്‍ഷങ്ങളിലെ ലോകചരിത്രം. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മാര്‍ക്സിസം ഒരു പരാജയമായിരുന്നു എന്നു്‌ താന്‍ അംഗീകരിക്കുന്നു എന്നു്‌ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരതത്തിലെ നേതാവു്‌ ശ്രീ പ്രകാശ് കാരാട്ടു്‌ ഒരു പ്രസ്താവന ഇറക്കും എന്നു്‌ പ്രതീക്ഷിക്കാനാവുമോ? അതും, കത്തോലിക്കാസഭയുടെ നിലപാടുകള്‍ കാലോചിതമോ സാമാന്യബോധത്തിനു്‌ നിരക്കുന്നതോ അല്ലെന്നൊരു പ്രസ്താവന മാര്‍പ്പാപ്പ ഇറക്കും എന്നു്‌ പ്രതീക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പ്രകാശ് കാരാട്ടു്‌ അങ്ങനെ പ്രസ്താവിച്ചാല്‍ അതില്‍ സന്തോഷിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉണ്ടാവുമെന്നപോലെതന്നെ, മാര്‍പ്പാപ്പ താന്‍ ഇരിക്കുന്ന കൊമ്പു്‌ മുറിക്കുന്നതു്‌ കാണാന്‍ ആഗ്രഹിക്കുന്ന പാപ്പാവിരുദ്ധരും തീര്‍ച്ചയായും ഉണ്ടാവും. സൗദി രാജാവോ, ഇറാനിലെ അയത്തൊള്ളമാരോ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളല്ല എന്ന സത്യം ഒരിക്കല്‍ അംഗീകരിക്കും എന്നു്‌ കരുതുന്നപോലെയോ, ഭഗവദ്ഗീതയും ഭഗവാനും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം ഹൈന്ദവപണ്ഡിതര്‍ എന്നെങ്കിലും സമ്മതിച്ചുതരുമെന്നു്‌ വ്യാമോഹിക്കുന്നതുപോലെയോ ഒക്കെത്തന്നെ.

കാരാട്ടു്‌ അങ്ങനെ ഒരു പ്രസ്താവന ഇറക്കിയാല്‍, അബദ്ധം ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച പാപ്പയുടെ കാര്യത്തില്‍ എന്നപോലെതന്നെ, അതുവരെ കാരാട്ടിനെ ചുമന്നവര്‍ കാരാട്ടിന്റെ രക്തം കിട്ടുന്നതുവരെ മുറവിളി കൂട്ടിക്കൊണ്ടിരിക്കും. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു്‌ നേരിടാന്‍ കഴിവില്ലാത്തവര്‍ രക്തം കൊണ്ടേ തൃപ്തിപ്പെട്ടിട്ടുള്ളു. കൈകാലുകള്‍ വെട്ടല്‍, തലവെട്ടല്‍ മുതലായവയൊക്കെയാണു്‌ അവര്‍ക്കു്‌ ആകെ അറിയാവുന്ന മാര്‍ഗ്ഗങ്ങള്‍. ചാവുന്നതു്‌ ഞാനോ എനിക്കു്‌ വേണ്ടപ്പെട്ടവരോ അല്ലാതിരിക്കുകയും, എന്റെ ശത്രുപക്ഷത്തില്‍ പെട്ടവര്‍ ആയിരിക്കുകയും ചെയ്യുന്നിടത്തോളം അതെന്നെ അലട്ടുന്നില്ലെന്നു്‌ മാത്രമല്ല, സന്തോഷപ്രദമായ കാര്യവുമായിരിക്കും.

സ്ഥാപനങ്ങളായി മാറിയ എല്ലാ മത-രാഷ്ട്രീയ വ്യവസ്ഥകളും മനുഷ്യരക്തം കൊണ്ടു്‌ കുതിര്‍ന്ന മണ്ണിലാണു്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്‌. അവനവന്റെ ശരികള്‍ക്കും നീതിശാസ്ത്രങ്ങള്‍ക്കും വേണ്ടി കൊന്നവരും ചത്തവരും. അവര്‍ക്കിടയില്‍ പെട്ടുപോയതുകൊണ്ടുമാത്രം ചാവേണ്ടിവന്ന നിരപരാധികള്‍ അതിലേറെയും! തങ്ങളെ രക്ഷപെടുത്താനായി അവതരിക്കുന്ന മശിഹായെ കാത്തിരിക്കുന്നവരാണു്‌ പൊതുവേ മനുഷ്യര്‍. അവരുടെ ഇടയിലേക്കു്‌ ലോകത്തെ രക്ഷപെടുത്താനുള്ള ഒറ്റമൂലിസിദ്ധാന്തങ്ങളുമായി എത്തുന്നവര്‍ അതിനാലാണു്‌ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതു്‌. ഈ മശിഹാമാരുടെയെല്ലാം യഥാര്‍ത്ഥ ചിത്രവും, ലോകത്തിന്റെ യഥാര്‍ത്ഥ ചരിത്രവും എന്തെന്നു്‌ മനസ്സിലാക്കാനും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും മനുഷ്യര്‍ക്കു്‌ കഴിയുമായിരുന്നെങ്കില്‍ ആത്യന്തികപരിഹാരമായി കരുതി മനുഷ്യര്‍ പിന്‍തുടര്‍ന്ന എല്ലാ ആദര്‍ശസത്യങ്ങളും നീതിശാസ്ത്രങ്ങളും പൊള്ളയായ വിടുവാക്കുകളായിരുന്നു എന്നു്‌ അവര്‍ തിരിച്ചറിഞ്ഞേനെ. ചുരുങ്ങിയപക്ഷം, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി നേടിയെടുക്കാന്‍ മാത്രം യോഗ്യതയുള്ള ഒരു ശാശ്വതസത്യവും, ഒരു നീതിശാസ്ത്രവും, ഒരു ദൈവസ്നേഹവും, ഒരു മനുഷ്യസ്നേഹവും, ഒരു തൊഴിലാളിസ്നേഹവും, ഇന്നോളം ലോകത്തില്‍ ഉണ്ടായിട്ടില്ല എന്നറിയാനെങ്കിലും അതവരെ സഹായിച്ചേനെ.

Feb 24, 2013, 12:09 PM

എപിസ്റ്റെമോളജിയുടെ ഭാഗമായി അരിസ്റ്റോട്ടിലിന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന മെറ്റഫിസിക്കല്‍ സംജ്ഞകളായ ആക്സിഡെന്റ്സ്, സബ്സ്റ്റന്‍സ് എന്നിവയെ വിമര്‍ശിക്കുന്നതിനിടയില്‍ ജോണ്‍ ലോക്ക് ഒരു ഭാരതീയനെ ഉദാഹരിക്കുന്നുണ്ടു്‌. ആരാണു്‌ ഭൂമിയെ താങ്ങി നിര്‍ത്തുന്നതെന്ന ചോദ്യത്തിനു്‌ ഒരു ആന എന്നായിരുന്നു അവന്റെ മറുപടി. ആ ആനയെ താങ്ങിനിര്‍ത്തുന്നതു്‌ ഒരു വലിയ ആമയാണെന്നും. ആ ആമയെ ആരാണു്‌ താങ്ങിനിര്‍ത്തുന്നതു്‌ എന്നു്‌ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: “ആര്‍ക്കറിയാം, എന്തോ ഒന്നു്‌”. അതിനു്‌ പകരം “സബ്സ്റ്റന്‍സ്” എന്നു്‌ അവന്‍ മറുപടി പറഞ്ഞിരുന്നെങ്കിലും വ്യത്യാസമൊന്നും ഉണ്ടാവുമായിരുന്നില്ല എന്നു്‌ ലോക്ക്. ഇവിടെ തന്റെ അറിവില്ലായ്മ അംഗീകരിക്കാന്‍ മടി കാണിക്കാത്ത നമ്മുടെ ഭാരതീയനില്‍ നിന്നും വ്യത്യസ്തമായി, ഇന്‍ഫിനിറ്റ് റിഗ്രെസുകളില്‍ അവസാനിക്കുന്ന തരം ചോദ്യങ്ങളില്‍ നിന്നും രക്ഷപെടാന്‍ ദൈവം എന്ന സംജ്ഞ ഉപയോഗിക്കുന്ന രീതിയാണു്‌ സാധാരണ വിശ്വാസികള്‍ സ്വീകരിക്കാറുള്ളതു്‌. അവിടെ “ആര്‍ക്കറിയാമുകള്‍” എല്ലാം “ദൈവത്തിനറിയാമുകള്‍” ആയി മാറുന്നതിനാല്‍, ഒരു വിഷയത്തിലും അറിവില്ലായ്മ സമ്മതിക്കുക എന്നൊരു പ്രശ്നമേ ഉദിക്കുന്നില്ല. എന്തിനും മറുപടിയുള്ളിടത്തു്‌ തുടര്‍ചോദ്യങ്ങള്‍ക്കു്‌ പ്രസക്തിയില്ലാത്തതിനാല്‍ ചോദ്യകര്‍ത്താവു്‌ എപ്പോഴെങ്കിലും മടുത്തു്‌ പിന്മാറുകയും ചെയ്യും. അതാണു്‌ വിശ്വാസിയുടെ സുവര്‍ണ്ണാവസരം. അവിടെ എത്തിപ്പെട്ടാല്‍ അന്തിമമായ ഒരു മാരകപ്രഹരം എന്നോണം ഒരു “ഹാ ഹാ ഹാ” കൂടി പാസ്സാക്കി ദൈവത്തിന്റെയും അതുവഴി തന്റെയും വിജയം ആഘോഷിച്ചുകൊണ്ടു്‌ അവന്‍ അടുത്ത ഇരയ്ക്കായുള്ള കാത്തിരിപ്പു്‌ തുടരും.

ഹെറാക്ലൈറ്റസ് മുതല്‍ ലൈബ്നിറ്റ്സ് വരെ ഏതാണ്ടു്‌ രണ്ടായിരം വര്‍ഷത്തിലേറെ കാര്യമായ പരിക്കുകളൊന്നും ഏല്‍ക്കാതെ പിടിച്ചുനിന്ന മെറ്റഫിസിക്കല്‍ പാരമ്പര്യത്തില്‍ നിന്നും പാശ്ചാത്യ ഫിലോസഫിയെ മോചിപ്പിച്ചു്‌ ആധുനികചിന്തയിലേയ്ക്കുള്ള തുടക്കം കുറിച്ച എമ്പിരിസിസത്തിന്റെ ഒരു പ്രധാന ഉപജ്ഞാതാവായിരുന്ന ജോണ്‍ ലോക്കിനെപ്പോലുള്ളവര്‍ എന്തിനും ഏതിനും ദൈവം എന്ന മറുപടി നല്‍കി രക്ഷപെടുന്ന വിശ്വാസികളുടെ മുന്നില്‍ വെറും ശശി! പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി സ്റ്റേയ്റ്റ് അഥോറിറ്റിയെ ലെജിസ്ലേറ്റീവ്, എക്സിക്യുട്ടീവ് എന്നിങ്ങനെ രണ്ടായി തരം തിരിക്കണമെന്ന ലോക്കിന്റെ നിര്‍ദ്ദേശമാണു്‌ പിന്നീടു്‌ മൊണ്ടെസ്ക്യു യൂറോപ്യന്‍ വന്‍കരയില്‍ എത്തിച്ചു്‌ ലെജിസ്ലേറ്റീവ്, എക്സിക്യുട്ടീവ്, ജുഡിഷ്യറി എന്ന മൂന്നിനങ്ങളായി വിപുലീകരിച്ചതും, ജനാധിപത്യത്തിന്റെയും മനുഷ്യരുടെ മൗലികാവകാശങ്ങളുടെയും അടിത്തറയായി ഇന്നു്‌ മിക്കവാറും എല്ലാ ജനാധിപത്യരാഷ്ട്രങ്ങളിലും നിലവിലിരിക്കുന്നതുമായ ഭരണവ്യവസ്ഥ.

നാല്‍ക്കാലികളും ഇഴജന്തുക്കളുമെല്ലാം തമ്മില്‍ത്തമ്മിലും, ദൈവവും മനുഷ്യരുമായുമൊക്കെ വിവിധതരം സൗഹൃദസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കാലത്തു്‌ ജീവിച്ചിരുന്ന ദൈവങ്ങള്‍ ലോകം മുഴുവന്‍ മാറിപ്പോയാലും മാറിപ്പോകാത്ത തരം അക്ഷരങ്ങളായി അരുളിച്ചെയ്തതോ, കല്ലില്‍ കൊത്തിക്കൊടുത്തതോ ആയ കുറെ “നിത്യനിയമങ്ങള്‍” അനുദിനമെന്നോണം മാറിക്കൊണ്ടിരിക്കുന്ന ആധുനിലോകത്തിലെ രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമായിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നേനെ? ഒട്ടകപ്പക്ഷികള്‍ ചെയ്യാറുണ്ടെന്നു്‌ കേട്ടിട്ടുള്ളതുപോലെ, തല മണ്ണില്‍ പൂഴ്ത്തി “ദൈവം, ദൈവം” എന്നും, “ഹാ ഹാ ഹാ” എന്നും മാറിമാറി പിറുപിറുത്തു്‌ തന്നോടുതന്നെ ചിരിച്ചുകൊണ്ടിരുന്നാല്‍ തീരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി രാപകലില്ലാതെ പഠനങ്ങളും പരീക്ഷണങ്ങളും എഴുത്തുകുത്തുകളുമായി കഷ്ടപ്പെടുന്നവനൊക്കെ എന്തിന്റെ കേടാണോ ആവോ.

തലയില്‍ കാക്ക തൂറിയാല്‍ പോയി തല രോമം സഹിതം കഴുകി വൃത്തിയാക്കുന്നതിനു്‌ പകരം കാക്കക്കാഷ്ഠവും ചുമന്നുകൊണ്ടു്‌ ലക്ഷണശാസ്ത്രക്കാരന്റെ അടുത്തേയ്ക്കു്‌ ഓടുന്ന ഇരുക്കാലിജീവികള്‍ക്കു്‌ സ്വയം സാക്ഷരര്‍ എന്നു്‌ വിശേഷിപ്പിക്കാന്‍ നിയമപരമായി തടസ്സമൊന്നുമില്ലാത്ത ലോകത്തിലെ ഒരേയൊരു പ്രദേശമായിരിക്കണം കേരളം.

Feb 24, 2013, 3:04 PM

തലയില്‍ കാക്ക തൂറിയാല്‍ പോയി തല രോമം സഹിതം കഴുകി വൃത്തിയാക്കുന്നതിനു്‌ പകരം കാക്കക്കാഷ്ഠവും ചുമന്നുകൊണ്ടു്‌ ലക്ഷണശാസ്ത്രക്കാരന്റെ അടുത്തേയ്ക്കു്‌ ഓടുന്ന ഇരുക്കാലിജീവികള്‍ക്കു്‌ സ്വയം സാക്ഷരര്‍ എന്നു്‌ വിശേഷിപ്പിക്കാന്‍ നിയമപരമായി തടസ്സമൊന്നുമില്ലാത്ത ലോകത്തിലെ ഒരേയൊരു പ്രദേശമായിരിക്കണം കേരളം.

January 2013

Jan 1, 2013, 10:48 AM

ക്രിസ്മസും ന്യൂയിയറും കഴിഞ്ഞതു്‌ ഭാഗ്യം. പരസ്യങ്ങളുടെ അതിപ്രസരം ഇനി അല്പം കുറയേണ്ടതാണു്‌. രണ്ടായിരം യൂറോയുടെ ഫര്‍ണ്ണീച്ചര്‍ വാങ്ങിയാല്‍ മൂവായിരം യൂറോ തിരിച്ചുകിട്ടുമെന്നുപോലും തോന്നാന്‍ സാദ്ധ്യതയുള്ള തരത്തിലായിരുന്നു ചില പരസ്യങ്ങള്‍.

രണ്ടായിരത്തഞ്ഞൂറു്‌ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പത്തെ ആതെന്‍സില്‍ വില്‍ക്കാന്‍ നിരത്തിവച്ചിരിക്കുന്ന വസ്തുക്കള്‍ കാണുമ്പോള്‍ എനിക്കാവശ്യമില്ലാത്ത എന്തുമാത്രം സാധനങ്ങളാണു്‌ ഈ ലോകത്തിലെന്നു്‌ അത്ഭുതപ്പെടാറുണ്ടായിരുന്ന സോക്രട്ടീസ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിരത്തി വച്ചിരിക്കുന്ന വസ്തുക്കളുടെ ബാഹുല്യം കണ്ടിരുന്നെങ്കില്‍!? അനുഭവത്തില്‍ നിന്നും പറഞ്ഞാല്‍, എനിക്കു്‌ വേണ്ടാത്ത സാധനങ്ങള്‍ മറ്റുള്ളവര്‍ക്കും വേണ്ടാത്തവയായിരുന്നെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പണ്ടേ അടച്ചുപൂട്ടേണ്ടിവരുമായിരുന്നു.

Jan 1, 2013, 11:49 AM

ജീവിതത്തില്‍ മിതമായ ഉല്ലാസങ്ങള്‍ നല്ലതാണെന്ന പക്ഷക്കാരനായിരുന്ന ഡെമോക്രിറ്റസിന്റെ രണ്ടു്‌ വാക്യങ്ങള്‍:
“ഏതെങ്കിലും ഒരു കാര്യത്തിന്റെ കാരണവിശദീകരണം കണ്ടെത്താന്‍ കഴിയുന്നതാണു്‌ പേര്‍ഷ്യയിലെ രാജാവാകുന്നതിനെക്കാള്‍ എനിക്കിഷ്ടം.”
“ആഘോഷങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം വഴിയമ്പലങ്ങളില്ലാത്ത സുദീര്‍ഘമായ ഒരു വഴിയാണു്‌.”

ഡെമോക്രിറ്റസ് തൊണ്ണൂറാം വയസ്സില്‍ ആസന്നമരണനായി കിടന്നതു്‌ ധാന്യദേവതയായ ഡെമീറ്ററിനു്‌ അര്‍പ്പിക്കപ്പെടുന്ന, ഫലപുഷ്ടിക്കു്‌ വേണ്ടിയുള്ള, മൂന്നു്‌ ദിവസം നീണ്ടു്‌ നില്‍ക്കുന്ന ആഘോഷത്തിന്റെ നാളുകളിലായിരുന്നു. അതുമൂലം ദേവതയോടുള്ള തന്റെ കടമകള്‍ നിറവേറ്റാന്‍ തനിക്കു്‌ കഴിയാതെ പോകുമോ എന്നു്‌ അവന്റെ സഹോദരി ദുഃഖിച്ചിരുന്നത്രെ! ഡെമോക്രിറ്റസ് അവളെ ധൈര്യപ്പെടുത്തി: “നീ ഓരോ ദിവസവും ഫ്രെഷ് ആയി ഒരു റൊട്ടിയുണ്ടാക്കി ചൂടോടെ എനിക്കു്‌ തന്നാല്‍ ഞാന്‍ ആഘോഷം കഴിയുന്നതുവരെ ജീവിച്ചിരിക്കും”. അവള്‍ അങ്ങനെ ചെയ്തെന്നും, അവന്‍ ആ റൊട്ടി മൂക്കിനടുത്തു്‌ പിടിച്ചു്‌ അതിന്റെ സുഗന്ധം ആസ്വദിച്ചുകൊണ്ടു്‌ ഉത്സവം തീരുന്നതുവരെ ജീവിച്ചുവെന്നും, അതിനുശേഷം ശാന്തമായി ജീവന്‍ വെടിഞ്ഞുവെന്നും ചരിത്രം.

Jan 2, 2013, 3:59 PM

ഡല്‍ഹിയിലെ ബലാല്‍സംഗക്കുരുതിയെ സില്‍മയാക്കാന്‍ പോകുന്നെന്നു്‌ കേട്ടു. ബലാല്‍സംഗസീനുകളില്‍ ഭാരതീയ സില്‍മ ഇതുവരെ സ്വീകരിച്ചതുപോലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടു്‌ കമ്പിപ്പാര കയറ്റുന്ന സീനിലും ഉണ്ടാവുമെന്നു്‌ കരുതാം. കുഞ്ഞുകുട്ടിപരാധീനങ്ങളോടൊത്തു്‌ കാണേണ്ട ചിത്രം എന്ന നിലയില്‍ ഒരു “A” സര്‍ട്ടിപ്പിക്കോത്ത് കൂടെ സംഘടിപ്പിച്ചാല്‍ പഷ്ടു്‌. കമ്പിപ്പാര സ്ലോ മോഷനില്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ പിന്നണിയില്‍ ഏതെങ്കിലുമൊരു പോത്തിന്റെ വിലാപഗാനം ഇഴഞ്ഞു്‌ നീങ്ങിക്കൊണ്ടിരിക്കുന്നതു്‌ വളരെ നന്നായിരിക്കും. കാണികളുടെ കണ്ണുകളില്‍ അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂത്രം എത്ര വേഗം നിറയുന്നോ, അത്രതന്നെയോ അതില്‍ കൂടുതലോ വേഗത്തില്‍ ബോക്സോഫീസ് ഗാന്ധിത്തലകള്‍കൊണ്ടു്‌ നിറയും. ഭാരതമാതാ കീ ജയ്!

Jan 3, 2013, 11:04 AM

ഒരു പഴഞ്ചൊല്ല്: “അര്‍ത്ഥമില്ലാത്തവനു്‌ അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കും”.

കേട്ടിട്ടു്‌ മഴയത്തു്‌ പിടിക്കുന്ന തഴക്കുടയോ ശീലക്കുടയോ ഒന്നുമല്ല, വല്ല മുത്തുക്കുടയോ ആലിലക്കുടയോ മറ്റോ ആണു്‌ വിവക്ഷ എന്നു്‌ തോന്നുന്നു.

Jan 3, 2013, 11:24 AM

ഇന്‍ഫീരിയോറിറ്റി കോമ്പ്ലെക്സിന്റെ ഒരു മുഖംമൂടിയാണു്‌ വാചാലത എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ?

Jan 3, 2013, 1:44 PM

“അതു്‌, അല്ലെങ്കില്‍ ഇതു്‌” എന്ന എക്സ്ക്ലുസിവിറ്റിയല്ല, “അതും, ഇതും” എന്ന ഇങ്ക്ലുസിവിറ്റി ആയിരിക്കണം ഒരു ടോളറന്റ് സൊസൈറ്റി സ്വീകരിക്കേണ്ട പോളിസി.

Jan 4, 2013, 10:44 AM

ഭാരതത്തിന്റെ ഭാവി യുവതലമുറയുടെ കൈകളില്‍ “ഭദ്ര”.

Jan 4, 2013, 12:15 PM

If inability to grasp things can be considered as stupidity, every believer is provably stupid.

Jan 4, 2013, 1:58 PM

യൂറോപ്യന്‍ സാഹിത്യത്തില്‍ കുടുംബകലഹത്തിന്റെയും ലഹളയുടെയും മകുടോദാഹരണമായി വര്‍ണ്ണിക്കപ്പെടുന്നവളാണു്‌ സോക്രട്ടീസിന്റെ ഭാര്യയും മൂന്നു്‌ ആണ്‍മക്കളുടെ മാതാവുമായിരുന്ന Xanthippe. അവള്‍ ഫെമിനിസ്റ്റ് ആയിരുന്നോ, അതുകൊണ്ടാണോ സോക്രട്ടീസ് ഒരു തത്വചിന്തകനായി മാറാന്‍ നിര്‍ബന്ധിതനായതു്‌ മുതലായ കാര്യങ്ങള്‍ എന്റെ അറിവിനു്‌ അതീതമാണു്‌. ഇത്രയും വളച്ചുകെട്ടി പറഞ്ഞതു്‌, ഒരു ഫെമിനിസ്റ്റ് ആവാന്‍ Xanthippe ആവണമെന്നില്ല എന്നു്‌ പറയാനാണു്‌. എന്റെ ശ്രമത്തില്‍ ഞാന്‍ വിജയിക്കുമോ പരാജയപ്പെടുമോ മുതലായ കാര്യങ്ങള്‍ അറിയുന്ന ഒരുവനേയുള്ളു: നാമമില്ലാത്തതിനാല്‍ “ഡിങ്കന്‍” എന്നു്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നവനായ ഏകനും സര്‍വ്വശക്തനും ആയ സാക്ഷാല്‍ ഭഗവാന്‍! മനുഷ്യനു്‌ വെര്‍ബല്‍ ഡയറിയ പിടിപെടുന്നതു്‌ കാവ്യാത്മകതയില്‍ നിന്നോ, കാമാതുരതയില്‍ നിന്നോ, കഥയില്ലായ്മയില്‍ നിന്നോ എന്നറിയുന്നവനും അവന്‍ തന്നെ.

Jan 7, 2013, 11:15 AM

ഇപ്പോള്‍ കേട്ട ഒരു പണ്ഡിതാഭിപ്രായം:

“സാംസ്കാരികവിനിമയം സാധ്യമാകണമെങ്കില്‍ അറിവിന്റെ കൈമാറ്റം നടക്കണം. അറിവിനെയും ഗവേഷണത്തെയും പാര്‍ശ്വവല്‍ക്കരിക്കുന്ന സമീപനരീതി മാറേണ്ടതുണ്ടു്‌.” (ഇതു്‌ ഏതോ വേദഗ്രന്ഥത്തില്‍ വായിച്ചപോലൊരു തോന്നല്‍.)

ഇതുപോലുള്ള നവീകരണനിര്‍ദ്ദേശങ്ങളെയും മറ്റിനം ഗോസിപ്പുകളെയും ജനജീവിതത്തിനു്‌ അത്യന്താപേക്ഷിതം എന്ന നിലയില്‍ ഗവണ്മെന്റ് അധികം താമസിയാതെ സബ്സിഡി നല്‍കി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങുമെന്നു്‌ പ്രതീക്ഷിക്കുന്നു. സാമൂഹിക പുരോഗതിയ്ക്കുവേണ്ടി ക്രിയാത്മകമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും, അന്യര്‍ പീഡിപ്പിക്കപ്പെടുമ്പോഴും ബലാല്‍സംഗം ചെയ്യപ്പെടുമ്പോഴും മാത്രം ഗോസിപ്പു്‌ ചമയ്ക്കുന്ന ഇപ്പോഴത്തെ രീതിയില്‍ ഒതുങ്ങിക്കൂടാതെ, ഒരുപക്ഷേ അതേ അവസ്ഥ നേരിടേണ്ടിവരുന്ന ബന്ധുക്കളുടെയും സ്വന്തക്കാരുടെയും കാര്യത്തിലേയ്ക്കുകൂടി ആ കലയെ വളര്‍ത്തിയെടുക്കാനും ഭാരതീയനു്‌ അതൊരു പ്രോത്സാഹനമായിരിക്കും.

Jan 9, 2013, 11:17 AM

സൂര്യപുത്രനെങ്കിലും സുഗമമായ യാത്രയ്ക്കുവേണ്ടി ഒരു പോത്തിനെയല്ലാതെ മറ്റൊരു വാഹനവും ലഭിക്കാതെ പോയ ഒരു യമനാണു്‌ മനുഷ്യരുടെ മരണത്തിന്റെ ചുമതല വഹിക്കുന്നതെന്നും, ഒരു യഹൂദസ്ത്രീയില്‍ നിന്നും ദൈവം ഒരു മകനെ ജനിപ്പിച്ചെന്നും, യഹൂദരാല്‍ കൊലചെയ്യപ്പെട്ടിട്ടും ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ കരേറിയ അവന്‍ ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാനായി ഇന്നോ നാളെയോ വീണ്ടും മടങ്ങി വരുമെന്നും, മരണശേഷം മനുഷ്യരെ അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു്‌ കാത്തിരിക്കുന്നതു്‌ മദ്യവും മദിരാക്ഷികളുമുള്ള ഒരു സ്വര്‍ഗ്ഗമോ, മനുഷ്യര്‍ക്കു്‌ നീണ്ടുനിവര്‍ന്നുകിടന്നു്‌ പൊരിയാന്‍ കഴിയുന്ന വറചട്ടികള്‍ നിരത്തിവച്ചിരിക്കുന്ന നരകമോ ആണെന്നുമൊക്കെയുള്ള ഉത്തമബോദ്ധ്യങ്ങളില്‍ നിന്നും ബന്ധപ്പെട്ട ഭാരതീയര്‍ വിടുതല്‍ പ്രാപിക്കുന്നതിനു്‌ മുന്‍പു്‌ കാക്കകള്‍ കവിതയെഴുതാനും പോത്തുകള്‍ മൊത്സാര്‍ട്ടിനെയും ബീറ്റ്ഹോഫനെയും നാണിപ്പിക്കാന്‍ പോന്ന സിംഫണികള്‍ കമ്പോസ് ചെയ്യാനുമാണു്‌ സാദ്ധ്യത. സുരക്ഷിതമായ ഭാവിയുള്ള “വ്യാവസായിക” സംരംഭങ്ങളില്‍ മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ഇതൊരു വിദഗ്ദ്ധനിര്‍ദ്ദേശമല്ല, വേണമെങ്കില്‍ മാത്രം പ്രയോജനപ്പെടുത്താവുന്ന ഒരു അഭിപ്രായപ്രകടനം മാത്രം. വിറ്റ്ഗെന്‍‌സ്റ്റൈന്റെ ഭാഷയില്‍ പറഞ്ഞാല്‍, മുകളിലെത്തിയശേഷം തള്ളി താഴെയിടാവുന്ന ഒരു ഏണി.

Jan 9, 2013, 12:17 PM

ഒരുപാടു്‌ നേരം നിന്നാല്‍ ഉറക്കം തൂങ്ങും. ധ്രുവക്കരടികള്‍ ഇടതുകയ്യരാണു്‌. നക്ഷത്രമത്സ്യത്തിനു്‌ തലച്ചോറില്ല.

(അതിനു്‌ ഞാനെന്തു്‌ വേണം എന്നു്‌ നക്ഷത്രമത്സ്യത്തെപ്പോലെ ചോദിക്കരുതു്‌. ഇവയൊക്കെ അറിവുകളാണു്‌.)

Jan 9, 2013, 12:40 PM

വളരെ പ്രധാനപ്പെട്ട മറ്റു്‌ മൂന്നറിവുകള്‍:

 1. പന്നികള്‍ ഒട്ടകങ്ങളാണു്‌; അവയ്ക്കു്‌ പന്ത്രണ്ടു്‌ കാലുകള്‍ ഉണ്ടെന്ന വ്യത്യാസമേയുള്ളു – മുന്നില്‍ രണ്ടു്‌, പിന്നില്‍ രണ്ടു്‌, ഇടതുവശത്തു്‌ രണ്ടു്‌, വലതുവശത്തു്‌ രണ്ടു്‌, ഒരോ മൂലയിലും ഓരോന്നു്‌.
 2. മനുഷ്യനിര്‍മ്മിതമായ സാറ്റലൈറ്റ് തലയില്‍ വന്നു്‌ വീഴുമോ എന്ന ഭയം Keraunothnetophobia എന്നറിയപ്പെടുന്നു.
 3. ചില ആളുകള്‍ക്കു്‌ അവരുടെ നാവിന്‍ തുമ്പുകൊണ്ടു്‌ സ്വന്തം മൂക്കു്‌ തൊടാന്‍ പറ്റും.

Jan 11, 2013, 2:17 PM

ഗൗരവതരമായ ചിന്തകള്‍ അര്‍ഹിക്കുന്ന സാമൂഹികവിഷയങ്ങളോടുള്ള പ്രതികരണങ്ങള്‍ വഴി സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരു മനുഷ്യനിലും പന്നിക്കുഴിയില്‍ വീണതുപോലുള്ള തോന്നല്‍ ഉണര്‍ത്താന്‍ യോഗ്യതയുള്ളവരാണു്‌ ഭാരതീയനെ നയിക്കുന്ന ബഹുഭൂരിപക്ഷം നേതാക്കളും. അവരുടെ പ്രതികരണങ്ങളെ വ്യാഖ്യാനിച്ചും താത്വികമായി “അവലോകിച്ചും” പന്നിക്കുഴി പനിനീര്‍ക്കുളമാണെന്ന തോന്നല്‍ മനുഷ്യരില്‍ ഉണര്‍ത്താന്‍ സ്ഥിരമായി കഷ്ടപ്പെടേണ്ടി വരുന്നവരാണു്‌ അണികള്‍ എന്നറിയപ്പെടുന്ന ഹതഭാഗ്യരായ ജീവികള്‍. അണികള്‍ക്കു്‌ ഒന്നടങ്കം സത്യമെന്നും, അല്ലാത്തവര്‍ക്കു്‌ മുഴുവന്‍ വിവരദോഷിയായ ഒരു ഭ്രാന്തന്റെ ജല്പനങ്ങളെന്നും തോന്നത്തക്കവിധം ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നതിനുള്ള യോഗ്യത അപാരം തന്നെ! ഏതു്‌ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണാവോ ആ ഡിഗ്രി ലഭിക്കുക?

Jan 11, 2013, 2:24 PM

ഏതെങ്കിലും അനിഷ്ടസംഭവത്തിന്റെ തുടര്‍ച്ചയായി സമൂഹത്തിലെ (എണ്ണത്തില്‍ തീരെ ചെറുതല്ലാത്ത) ബലഹീനവിഭാഗങ്ങള്‍ ആനുകാലിക വൃത്താന്തങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറുമ്പോള്‍ (അപ്പോള്‍ മാത്രം) എട്ടുകാലിമമ്മൂഞ്ഞിനെപ്പോലെ അവരുടെ ചുമതല ഏറ്റെടുക്കാന്‍ കാണിക്കുന്ന ആവേശം ഒരുകാര്യം. പണ്ടുമുതലേ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്ന അത്തരക്കാര്‍ക്കുവേണ്ടി പ്രായോഗികമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതു്‌ മറ്റൊരുകാര്യം. ജനസമ്മതി സ്വന്തം നിലനില്പിന്റെ അനിവാര്യതയായ “വര്‍ഗ്ഗങ്ങള്‍ക്കു്‌” ആദ്യത്തേതേ ആവശ്യമുള്ളു. അവരെസംബന്ധിച്ചു്‌ അതു്‌ ഒഴിവാക്കാന്‍ പാടില്ലാത്തത്ര പ്രാധാന്യം അര്‍ഹിക്കുന്നതുമാണു്‌.

Jan 13, 2013, 12:28 PM

രാഷ്ട്രീയം മതം തത്വചിന്ത ശാസ്ത്രം മുതലായ “കലകള്‍” പൂര്‍ണ്ണമായി പൂത്തുവിരിയുന്നതു്‌ അനുഭവിച്ചു്‌ അറിയണമെങ്കില്‍ വിശ്വാസത്തൊഴിലാളികളും തര്‍ക്കത്തൊഴിലാളികളും തമ്മില്‍ പയറ്റുന്ന കളരികളില്‍ പോകണം. “എടമ്പിരി വലമ്പിരി തിരിഞ്ഞുവെട്ടി, ഓതിരം കടകം പതിഞ്ഞുവെട്ടി, ആനത്തിരുപ്പു്‌ മറഞ്ഞുവെട്ടി, അങ്കപ്പരപ്പു്‌ പറഞ്ഞുവെട്ടി, ചുറ്റോടു്‌ ചുറ്റിനും വെട്ടിവെട്ടി” വിടക്കാവുന്ന വെടിക്കിടാങ്ങളുടെ അങ്കക്കളരികളില്‍.

ഇന്‍ഫൊട്ടെയിന്മെന്റ് വാല്യൂ വച്ചു്‌ വിലയിരുത്തിയാല്‍, അതിനോടു്‌ അല്പമെങ്കിലും അടുത്തു്‌ വരാന്‍ കഴിയുന്ന ഒരേയൊരു കല അഭിസാരിണിയും വ്യഭിചാരിണിയും അരങ്ങേറുന്ന സദാചാരസംവാദം മാത്രമായിരിക്കാനാണു്‌ സാദ്ധ്യത.

Jan 13, 2013, 12:33 PM

ഉള്ളതായ അവസ്ഥയെ “ഉണ്മ” എന്നു്‌ നാമകരണം ചെയ്ത മലയാളഭാഷ, ഇല്ലാത്തതായ അവസ്ഥയെ എന്തുകൊണ്ടു്‌ “ഇല്‍മ” എന്നു്‌ വിളിച്ചില്ല എന്നു്‌ മനസ്സിലാകുന്നില്ല. അതുവഴി എന്തെന്തു്‌ സാദ്ധ്യതകളാണു്‌ മലയാളഭാഷയ്ക്കു്‌ നഷ്ടമായതു്‌? ഉദാഹരണത്തിനു്‌, പ്രപഞ്ചത്തിലെ ദൈവത്തിന്റെ “ഉണ്മ” തെളിയിക്കാനായി ദൈവത്തെ ഹാര്‍ഡ്‌വെയറിലെ സോഫ്റ്റ്വെയറിനോടും മറ്റും താരതമ്യം ചെയ്യുന്ന ഏര്‍പ്പാടിനെ ഒരു തനതു്‌ അലങ്കാരത്തിനു്‌ കീഴില്‍ അണിനിരത്താന്‍ കഴിയാത്ത, അലങ്കാരാധിഷ്ഠിതമായി ചിന്തിക്കുമ്പോള്‍ ഒരു ഡിസാസ്റ്റര്‍ എന്നുമാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന, ഇപ്പോള്‍ നിലവിലിരിക്കുന്ന സാഹിത്യപരമായ ദുരവസ്ഥയെ അതുവഴി ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ? അതായതു്‌, വര്‍ണ്ണ്യത്തില്‍ അവര്‍ണ്ണ്യത്തിന്റെ ധര്‍മ്മത്തിനേക്കാള്‍ അധര്‍മ്മത്തിനാണു്‌ കൂടുതല്‍ ചേര്‍ച്ച എന്നതിനാല്‍ “അതുതന്നെ ആകാന്‍ ആകില്ലല്ലോ ഇതു്‌” എന്നു്‌ ഭയങ്കരമായി സംശയിക്കേണ്ടിവരുന്ന സാഹിത്യസാഹചര്യങ്ങളെ “ഇല്‍പ്രേക്ഷ” എന്നു്‌ ഒട്ടും ആശങ്കയില്ലാതെ നാമകരണം ചെയ്യാമായിരുന്നില്ലേ എന്നു്‌.

“മറ്റൊന്നിന്‍ അധര്‍മ്മയോഗത്താലതുതാനല്ലല്ലോയിതു്‌
എന്നു്‌ വര്‍ണ്ണ്യത്തിലാശങ്ക ഇല്‍പ്രേക്ഷ്യാഖ്യയലംകൃതി”

Jan 13, 2013, 2:46 PM

“ക്രൂശിക്കപ്പെട്ടവന്‍ ദൈവപുത്രനാണു്‌: അതു്‌ ലജ്ജാവഹമായതിനാല്‍ ഞങ്ങള്‍ ലജ്ജിക്കുന്നില്ല. മരിച്ചവന്‍ ദൈവപുത്രനാണു്‌: അതു്‌ വിഡ്‌ഢിത്തമായതിനാല്‍ പൂര്‍ണ്ണമായും വിശ്വസനീയമാണു്‌. ശവസംസ്കാരം നടത്തിയിട്ടും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു: അതു്‌ അസാദ്ധ്യമായതിനാല്‍ അസന്ദിഗ്ദ്ധമാണു്‌.”

“I believe because it is absurd” എന്ന മുദ്രാവാക്യത്തില്‍ അഭിമാനിക്കാന്‍ ആദിക്രൈസ്തവസഭയെ പഠിപ്പിച്ച സഭാപിതാവു്‌ ടെര്‍ട്ടലിയാന്റെ (Tertullian 160 – 225 AD) വാക്കുകളാണിവ! ആഥെന്‍സും ജെറുസലേമും തമ്മില്‍, അക്കാഡമിയും സഭയും തമ്മില്‍, അവിശ്വാസികളും വിശ്വാസികളും തമ്മില്‍ എന്തു്‌ ബന്ധം എന്നു്‌ ചോദിച്ച മഹാന്‍! ക്രൈസ്തവസഭയുടെ അടിസ്ഥാനപരമായ ആശയസംഹിതകള്‍ രൂപമെടുക്കുന്നതില്‍ ഗ്രീക്ക് തത്വചിന്ത വഹിച്ച സ്വാധീനത്തിന്റെ ആഴം കൂടി ഇതിനോടു്‌ കൂട്ടിച്ചേര്‍ത്തു്‌ വായിച്ചാലേ സഭയും ഗ്രീക്ക് തത്വചിന്തയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ പരമാവധി പരിശ്രമിച്ച മതപണ്ഡിതനായ ടെര്‍ട്ടലിയാന്‍ പിതാവിന്റെ വിവരദോഷം ശരിക്കും ബോദ്ധ്യമാവൂ.

Jan 16, 2013, 1:40 PM

ഗൂഗിള്‍ പ്ലസിലും ഫെയ്സ് ബുക്കിലും കളിയും വിനോദവും വാക്കുതര്‍ക്കവുമായി സത്യത്തിന്റെ നാഷണല്‍ ഹൈവേയില്‍ നിന്നും ഒഴിഞ്ഞുമാറി സഞ്ചരിക്കുന്ന സത്യനിഷേധികളുടെ അടിയന്തിരശ്രദ്ധക്കായി അല്ലാഹു അരുളിച്ചെയ്യുന്നതെന്തെന്നാല്‍:

“ഐഹികജീവിതമെന്നത്‌ കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌?”

(പരിശുദ്ധ ഖുര്‍ആനിലെ അന്‍ആം അഥവാ, കാലികള്‍ എന്ന അദ്ധ്യായം മുപ്പത്തിരണ്ടാം വാക്യം)

Jan 16, 2013, 2:15 PM

പരിശുദ്ധ ഖുര്‍ആന്‍, അന്‍ആം, അഥവാ കാലികള്‍ എന്ന ആറാം അദ്ധ്യായം അന്‍പത്തിരണ്ടാം വാക്യം:

“തങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട്‌ രാവിലെയും വൈകുന്നേരവും അവനോടു്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുതു്‌. അവരുടെ കണക്കു്‌ നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്കു്‌ നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നതു്‌? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും.”

ശൈത്താനോപനിഷത്തു്‌ ഇരുപത്തിരണ്ടേ പതിനൊന്നു്‌:

“രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കാത്ത യുക്തിവാദിപ്പരിഷകള്‍ തുപ്പുകയോ തൂറുകയോ കെട്ടിയോ കെട്ടാതെയോ ജീവിക്കുകയോ മക്കളെ ജനിപ്പിക്കുകയോ “എര്‍ച്ചി” തിന്നുകയോ പുല്ലുതിന്നുകയോ മണ്ണു്‌ മാന്തുകയോ ഒക്കെ ചെയ്യുന്നപക്ഷം അവരുടെ ആല്‍ജിബ്രയും ജോമട്രിയും നോക്കേണ്ട ചുമതല നിന്റേതാണു്‌. നിന്‍റെ മാത്തമാറ്റിക്സ് മനസ്സിലാക്കി മാതൃകയാക്കേണ്ട ബാധ്യത അവര്‍ക്കുണ്ടുതാനും. അങ്ങനെ ചെയ്യാതിരുന്നാല്‍ നീയും അവനും അക്രമികളില്‍പെട്ടവരായിരിക്കും. പറഞ്ഞില്ലെന്നു്‌ പറയാതിരിക്കാന്‍ നിന്റെ നാഥനായ ശൈത്താന്‍ നിന്നോടു്‌ പറയുന്നതാവിതു്‌.”

Jan 16, 2013, 4:46 PM

(ദൈവജ്ഞാനസദ്യയില്‍ മിനിമം നാലു്‌ കോഴ്സ് വിളമ്പിയാല്‍ നരകമോചനം.)

“നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അതു്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണു്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണു്‌.”

(ഖുര്‍ആന്‍, ഹഷ്ര്‍ അഥവാ “തുരത്തിയോടിക്കല്‍” എന്ന 59-ആം അദ്ധ്യായം അഞ്ചാം വാക്യം:

കാര്യം പിടികിട്ടിയല്ലോ? ഇനി അങ്ങനെയല്ല എന്നും പറഞ്ഞു്‌ വന്നേക്കരുതു്‌.

Jan 16, 2013, 5:12 PM

(ഒരു ദിവസം അഞ്ചു്‌ പോസ്റ്റൊക്കെ ഇടാന്‍ അനുവാദമുണ്ടോ ആവോ? അവിവേകമാണെങ്കില്‍ വിവേകികള്‍ പൊറുത്തേക്കണേ.)

ഖുര്‍ആന്‍, ഹഷ്ര്‍ അഥവാ “തുരത്തിയോടിക്കല്‍” എന്ന 59-ആം അദ്ധ്യായം ഇരുപത്തൊന്നാം വാക്യം:

“ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത്‌ (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക്‌ വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.”

(ഹിമാലയത്തിന്റെ ഭാഗ്യം.)

Jan 23, 2013, 4:13 PM

മലവാസിദൈവങ്ങള്‍

കോടിക്കണക്കിനു്‌ ഭാരതീയര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ വാസസ്ഥലമായ ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ മുകളില്‍ ന്യൂസിലന്‍ഡ്കാരനായ എഡ്മണ്ഡ് ഹിലറിയും നേപ്പാള്‍കാരനായ ടെന്‍സിങ് നോര്‍ഗെയും എത്തിയതു്‌ 1953-മെയ്മാസം 29-നായിരുന്നു. ഏതാണ്ടു്‌ അറുപതു്‌ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌. അവര്‍ അവിടെ എവിടെയെങ്കിലും ഒറ്റയ്ക്കോ കുടുംബമായോ ജീവിക്കുന്ന ഏതെങ്കിലും ദൈവങ്ങളെ കണ്ടു എന്നു്‌ പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല. ദൈവങ്ങളെ കണ്ടിരുന്നെങ്കില്‍, ഒരു കൊടുമുടി കീഴടക്കുന്നതിനെക്കാള്‍ എത്രയോ കൂടുതല്‍ കോളിളക്കം സൃഷ്ടിക്കാന്‍ പോന്ന അതുപോലൊരു സെന്‍സേഷണല്‍ വാര്‍ത്ത അവര്‍ ആരോടും പറയാതിരിക്കുമായിരുന്നു എന്നും തോന്നുന്നില്ല. ഹിലറിയും നോര്‍ഗെയും കൂടി അശുദ്ധമാക്കിയ പവിത്രസ്ഥലം വിധിപ്രകാരം അര്‍ദ്ധനഗ്നരായ ഏതെങ്കിലും പൂജാരികള്‍ അവിടെയെത്തി പുണ്യാഹം തളിച്ചു്‌ ശുദ്ധീകരിച്ചിരുന്നോ എന്നറിയില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും, ആധുനികശാസ്ത്രത്തിലുള്ള എല്ലാ കണ്ടുപിടുത്തങ്ങളും പൗരാണികഭാരതത്തിലെ ഓലക്കെട്ടുകളില്‍ ഉള്ളവയാണെന്നു്‌ അവകാശപ്പെടുന്ന ചില ഭാരതീയര്‍ക്കുമാത്രം ഇന്നും ഹിമാലയം ദൈവങ്ങളുടെ വാസസ്ഥലമാണു്‌. അവരുടെ ഇഹലോകജീവിതവും പരലോകസ്വപ്നങ്ങളും മുഴുവന്‍ ആ ദൈവങ്ങളെ ചുറ്റിയാണു്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നതു്‌. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ വിവേചനശേഷിയെ, ദൈവത്തെ വഹിക്കുന്ന എലിയും, പര്‍വ്വതം അപ്പാടെ പിഴുതെടുത്തുകൊണ്ടു്‌ പറക്കുന്ന കുരങ്ങും ജീവിച്ചിരുന്ന പുണ്യപുരാതന കാലഘട്ടത്തിലേക്കു്‌ പറിച്ചു്‌ നട്ടതിനുശേഷം അവിടെനിന്നും വീണ്ടും ഒന്നു്‌ എന്നു്‌ തുടങ്ങിക്കൊണ്ടല്ലാതെ ഈ നിലപാടിനു്‌ എന്തെങ്കിലുമൊരു അടിസ്ഥാനമോ ന്യായമോ കണ്ടെത്താന്‍ ആധുനികലോകത്തില്‍ ജീവിക്കുന്ന യുക്തിബോധമുള്ള ഒരു മനുഷ്യനു്‌ കഴിയുമെന്നു്‌ തോന്നുന്നില്ല. സൂര്യനെ വിഴുങ്ങുകയും, ഭൂമിയെ ചുമക്കുകയും ചെയ്യുന്ന പാമ്പുകളുടെ കഥകള്‍ക്കു്‌ വ്യാഖ്യാനം വഴി സാധുത്വം നല്‍കാന്‍ ശ്രമിക്കുന്ന “നിത്യഇന്നലെ”കളുമായി വേണം മനുഷ്യന്‍ സംവാദത്തില്‍ ഏര്‍പ്പെടാന്‍!

ഹിമാലയത്തില്‍ ഒരു ദൈവവും വസിക്കുന്നില്ല എന്ന വസ്തുത എത്രവട്ടം ആവര്‍ത്തിച്ചാല്‍ ഒരു മനുഷ്യനെ അതു്‌ ബോദ്ധ്യപ്പെടുത്താനാവും? അവനൊരു ദൈവവിശ്വാസിയാണെങ്കില്‍ എത്രവട്ടം ആവര്‍ത്തിച്ചിട്ടും കാര്യമില്ലെന്നതാണു്‌ സത്യം. ദൈവവിശ്വാസികള്‍ സര്‍വ്വജ്ഞാനികളായ മുന്‍ഷികളാണു്‌. അവര്‍ മറ്റുള്ളവരെ പഠിപ്പിക്കാറേയുള്ളു, സ്വയം വല്ലതും പഠിക്കേണ്ട ആവശ്യം അവര്‍ക്കില്ല. അതുകൊണ്ടു്‌ അവര്‍ മടിയില്‍ മുറുക്കാന്‍ ചെല്ലവുമായി സദസ്സുകളില്‍ നിന്നും സദസ്സുകളിലേക്കും, പോസ്റ്റുകളില്‍ നിന്നും പോസ്റ്റുകളിലേക്കും ചര്‍ച്ചാനൊമാഡുകളായി ഓടിനടന്നു്‌ വേദഗ്രന്ഥങ്ങളെയും അതുവഴി അവയുടെ ദൈവികപൈതൃകത്തെയും കാത്തു്‌ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരാല്‍ സംരക്ഷിക്കപ്പെടാതിരുന്നതിനാല്‍ ആപ്പീസ് അടച്ചുപൂട്ടി പാതാളത്തിലേക്കു്‌ പോകേണ്ടി വന്ന ദൈവങ്ങള്‍ കുറച്ചൊന്നുമല്ല ലോകചരിത്രത്തില്‍.

Jan 25, 2013, 12:57 PM

“നിര്‍ദ്ദിഷ്‌ടമായ നിന്റെ കടമ നിര്‍വഹിക്കുന്നതിനുള്ള അധികാരം നിനക്കുണ്ടു്‌. പക്ഷേ, നിന്റെ പ്രവൃത്തിയുടെ ഫലത്തിനുള്ള യാതൊരു അവകാശവും നിനക്കില്ല. നിന്റെ പ്രവൃത്തിഫലങ്ങളുടെ കാരണമായി നീ ഒരിക്കലും നിന്നെത്തന്നെ കരുതാതിരിക്കുക. ഒരിക്കലും നിന്റെ കടമകള്‍ ചെയ്യാതിരിക്കുകയുമരുതു്‌”.

ഇതു്‌ പറയുന്നതു്‌ മറ്റാരുമല്ല, ഒറിജിനല്‍ ദൈവം ഭഗവദ്ഗീതയില്‍ പറയുന്നതാണിതു്‌ (2:47). ഏതായാലും സന്ദര്‍ഭം വിവരിച്ച സ്ഥിതിക്കു്‌ എനിക്കു്‌ മനസ്സിലായ രീതിയില്‍ ആശയവും വിശദമാക്കിയേക്കാം. “ശ്രീ ശ്രീ” പദവികള്‍ ഒന്നും ഇല്ലാത്തതിനാല്‍ വല്ല വികാരങ്ങളും വ്രണപ്പെടുമോ ആവോ.

ഞാന്‍ നിന്നോടു്‌ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിന്റെ കടമയാണു്‌. അതിന്റെ നിയമപരമായ സാധുത്വം അവ നിന്നോടു്‌ നിര്‍ദ്ദേശിക്കുന്നതു്‌ “ഞാന്‍” ആണെന്നതുതന്നെ. എന്റെ കല്പനകള്‍ നിരുപാധികം നിറവേറ്റുന്നതാണു്‌ നിന്റെ “സ്വാതന്ത്ര്യം”. പക്ഷേ, ഒന്നോര്‍ത്തോളൂ, ജോലി ചെയ്യുന്നതു്‌ നീയാണെങ്കിലും അതിന്റെ ഫലം നിനക്കുള്ളതല്ല. കാരണം, ആ ഫലത്തിന്റെ കാരണം നീയല്ല. ഫലത്തിന്റെ കാരണം നീയല്ലെങ്കില്‍ പിന്നെയാരു്‌? ഈ “ഞാന്‍” തന്നെ, അല്ലാതാരു്‌? പ്രയത്നഫലത്തിന്റെ കാരണം നീ ആണെന്നു്‌ വന്നാല്‍ അതെല്ലാം സ്വന്തമായി അനുഭവിക്കണമെന്നും ആസ്വദിക്കണമെന്നുമൊക്കെയുള്ള ദുശ്ചിന്തകള്‍ക്കു്‌ നീ വിധേയനാവും. അതു്‌ ശരിയാവില്ല. എന്നുകരുതി നീ നിന്റെ പണികള്‍ – അതു്‌ യുദ്ധം ചെയ്യലാവട്ടെ, കൃഷിയാവട്ടെ, കച്ചവടമാവട്ടെ, “നീചമായ” മറ്റു്‌ കര്‍മ്മങ്ങള്‍ ആവട്ടെ – ചെയ്യാന്‍ ഒരുകാലത്തും മടിക്കുകയും വേണ്ട. സ്വാര്‍ത്ഥമായ താത്പര്യങ്ങള്‍ ഒന്നുമില്ലാതെ, നിയമബദ്ധമായ അത്തരം കടമകള്‍ നിര്‍വഹിച്ചാല്‍ (ഞാന്‍ പൂജയും തപസ്സും ധ്യാനവുമൊക്കെയായി വെറുതെയിരുന്നു്‌ നിന്റെ ചിലവില്‍ സുഖിക്കുന്നതുപോലെ) നിനക്കും സ്വാതന്ത്ര്യത്തിന്റെ പാതയില്‍ എത്തിച്ചേരാനാവും. നിന്റെ പ്രവൃത്തിഫലങ്ങളുടെ കുത്തകാവകാശിയായ എന്നെ ആ ഫലങ്ങള്‍ കൊണ്ടു്‌ തൃപ്തിപ്പെടുത്തുക എന്നതാണു്‌ നിന്റെ പ്രഥമവും പ്രധാനവുമായ കടമ. എന്നെ തൃപ്തിപ്പെടുത്തുന്നതു്‌ എങ്ങനെയെന്നാണു്‌ നിന്റെ ചോദ്യമെങ്കില്‍, എന്നെ പ്രതിനിധീകരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതു്‌ എന്നെ തൃപ്തിപ്പെടുത്തുന്നതിനു്‌ സമമാണെന്നറിയുക!

നിന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ നിനക്കു്‌ മുഷിപ്പു്‌ തോന്നാതിരിക്കാന്‍ നീ ചെയ്യേണ്ടതു്‌: “ഭജഗോവിന്ദം ഭജഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ”!

വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവികളിൽ മാത്രമല്ല, കണ്ണുകളിലും ഈയം ഉരുക്കിയൊഴിക്കുകയും നാവു്‌ പിഴുതെടുക്കുകയും ചെയ്യണം. ആര്‍ക്കും വേണ്ടാതെ തട്ടിന്‍ പുറത്തിരുന്നു്‌ ദ്രവിക്കേണ്ട സൃഷ്ടിപ്പുകള്‍ ഉപയോഗിച്ചു്‌ സുഖജീവിതം നയിക്കുന്ന ഒരു കള്ളക്കൂട്ടം ഒരുനാളും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ അതേ വഴിയുള്ളു. കാലികളില്‍ ഞാന്‍ എട്ടുകാലി, പുലികളില്‍ ഞാന്‍ പുള്ളിപ്പുലി, ഹോളുകളില്‍ ഞാന്‍ ബ്ലാക്ക്ഹോള്‍ എന്നും മറ്റും സ്വയം പരിചയപ്പെടുത്തുന്ന ഒരു ദൈവത്തിന്റേതാണു്‌ അവയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ എന്നു്‌ മനുഷ്യര്‍ അറിഞ്ഞിരുന്നെങ്കില്‍, ഞങ്ങളുടെ കക്ഷത്തിലിരിക്കുന്ന ഓലക്കെട്ടു്‌ ദൈവദത്തമാണു്‌, ഞങ്ങളുടെ എച്ചില്‍ ദൈവികമാണു്‌, ഞങ്ങള്‍ തൂറുന്നതുപോലും ദൈവബുദ്ധി ആണു്‌ എന്നും മറ്റും അവകാശപ്പെടുന്ന മനുഷ്യാധമന്മാരുടെ മുഖത്തു്‌ അവര്‍ കാര്‍ക്കിച്ചു്‌ തുപ്പിയേനെ.

ശോധനയ്ക്കു്‌ സംസ്കൃതം നിര്‍ബന്ധമായവര്‍ക്കു്‌:
“കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മഫലഹേതുര്‍ഭൂര്‍മാ തേ സങ്ഗോƒസ്ത്വകര്‍മണി”
(ഭഗവദ്ഗീത 2:47

Jan 25, 2013, 3:59 PM

മൂന്നും നാലുമൊക്കെ വയസ്സുള്ള പിള്ളേര്‍ വെള്ളം കാണുന്നിടത്തൊക്കെ, അതു്‌ ചെളിവെള്ളമാണെങ്കില്‍ പ്രത്യേകിച്ചും, അതിലിറങ്ങി തുള്ളിച്ചാടി ആര്‍പ്പിടാറുണ്ടു്‌. ആ പ്രായത്തിന്റെ സ്വഭാവമാണതു്‌. പക്ഷേ മുപ്പതും നാല്പതും വയസ്സായിട്ടും ഈ സ്വഭാവം മാറുന്നില്ലെങ്കില്‍ അവര്‍ സംസാരിക്കുന്ന ഭാഷ മലയാളമായിരിക്കാനാണു്‌ സാദ്ധ്യത.

Jan 25, 2013, 4:54 PM

ഒരു പെണ്‍കുഞ്ഞു്‌ കുളിപ്പിച്ചു്‌ കുപ്പായമിടീച്ചു്‌ പൗഡര്‍ പൂശി മുടിചീകി ഒരുക്കി സ്ഥിരം കൂടെ കൊണ്ടുനടക്കുന്ന ഒരു പാവയെ മുതിര്‍ന്നവര്‍ പരിഹസിക്കുകയോ, ചവറ്റുകുട്ടയില്‍ എറിയുകയോ, വില കൂടിയ പാവകളുമായി താരതമ്യം ചെയ്യുകയോ ഒക്കെ ചെയ്താല്‍ ആ കുഞ്ഞിനു്‌ അതു്‌ താങ്ങാനാവുന്ന കാര്യമല്ല. മുതിര്‍ന്നശേഷം ഒരുപക്ഷേ അവള്‍തന്നെ ചെയ്തേക്കാവുന്ന കാര്യങ്ങളാണു്‌ അതെല്ലാമെങ്കിലും. അതുപോലെതന്നെയാണു്‌ വിശ്വാസിയുടെ ദൈവത്തെ അവിശ്വാസികള്‍ വിലമതിക്കാതിരിക്കുകയോ പരിഹസിക്കുകയോ ഒക്കെ ചെയ്യുന്നതും. ഒരു വ്യത്യാസമേയുള്ളു: കുഞ്ഞുങ്ങള്‍ വളരും, വിശ്വാസം ഒരുതരം മാനസികമുരടിപ്പായതിനാല്‍ വിശ്വാസികള്‍ വളരില്ല. അതുകൊണ്ടു്‌ വിശ്വാസികള്‍ക്കു്‌ മരണം വരെ (അവരുടെ ദൃഷ്ടിയില്‍ “മാനസികവളര്‍ച്ചയില്ലാത്തതും കണ്ണിനു്‌ കാഴ്ചയില്ലാത്തതും” ആയ) അവിശ്വാസികളില്‍ നിന്നും തങ്ങളുടെ ദൈവത്തെ രക്ഷപെടുത്താനായി സ്ഥിരം ഉണര്‍ന്നിരിക്കേണ്ടിവരുന്നു. ഡിങ്കനെ പരിഹസിക്കുമ്പോള്‍ ഡിങ്കവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നതും വ്രണം കഴുകി ശുദ്ധിയാക്കാന്‍ അവര്‍ ഡെറ്റോള്‍ വാങ്ങി പാപ്പരാവുന്നതും നമ്മള്‍ നിത്യേനയെന്നോണം കാണുന്നുമുണ്ടല്ലോ.

(ആണ്‍കുഞ്ഞുങ്ങള്‍ സാധാരണഗതിയില്‍ പാവകളെക്കൊണ്ടായിരിക്കില്ല കളിക്കുന്നതു്‌. എങ്കിലും അവര്‍ക്കു്‌ അവരുടെ കളിപ്പാട്ടങ്ങളും ദൈവങ്ങളെപ്പോലെ).

Jan 29, 2013, 9:39 AM

“അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു.”

ഈ ലോകഗോളത്തില്‍ എവിടെയോ ഇരുന്നുകൊണ്ടു്‌ പ്രപഞ്ചത്തെ വീക്ഷിക്കുന്ന ഒരു മനുഷ്യന്‍ ഇതുപോലൊരു “ആത്മഗതത്തിലൂടെ” ശാരീരികവും മാനസികവുമായ സ്വന്തം പരിമിതിയെപ്പറ്റി എളിമപ്പെട്ടാല്‍, അതൊരു യാഥാര്‍ത്ഥ്യമാണെന്നതിനാല്‍, അതില്‍ അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. “ലോകഗോളം” എന്നതുകൊണ്ടു്‌ കവി ഉദ്ദേശിക്കുന്നതു്‌ ഭൂമിയെ ആണെങ്കില്‍ – അതു്‌ മിക്കവാറും സ്പഷ്ടമാണെങ്കിലും – ആ ലോകഗോളം തിരിയുന്നതായ മാര്‍ഗ്ഗം അതില്‍ത്തന്നെ ഇന്നത്തെ മനുഷ്യന്റെ അറിവില്‍ അത്ര “അനന്തമോ അജ്ഞാതമോ അവര്‍ണ്ണനീയമോ” ആയ ഒരു കാര്യമല്ല. എന്നിരുന്നാലും അവന്റെ എളിമപ്പെടലില്‍ ശരികേടൊന്നും ഇല്ല. കാരണം, അറിഞ്ഞതിനേക്കാള്‍ എത്രയോ കൂടുതലാണു്‌ ഇനിയും അറിയാനുള്ളവ എന്നാണല്ലോ ഇത്രയൊക്കെയെങ്കിലും അറിഞ്ഞവരും അറിഞ്ഞ കാര്യങ്ങള്‍ ലോകത്തെ അറിയിച്ചവരുമായവര്‍പോലും വിനയം കൈവെടിയാതെ പറയുന്നതു്‌.

കവി ഉദ്ദേശിച്ചതു്‌ എന്താണെന്നു്‌ കവിക്കേ അറിയൂ. പക്ഷേ, സ്വന്തം എളിമ പ്രകടിപ്പിക്കാനായിട്ടല്ല, മറ്റു്‌ മനുഷ്യരുടെ കഥയില്ലായ്മ ചൂണ്ടിക്കാണിക്കാനായിട്ടാണു്‌ ഈ കവിതാശകലം പൊതുവേ ഉദ്ധരിക്കപ്പെട്ടു്‌ കണ്ടിട്ടുള്ളതു്‌. ഭൂമിയില്‍ എങ്ങാണ്ടോ ഒരിടത്തിരുന്നു്‌ അന്തംവിട്ടു്‌ നോക്കുന്ന നീയൊക്കെ കഥയെന്തറിയുന്നു എന്ന മുന്‍ഷീഭാവത്തില്‍. മര്‍ത്യന്‍ കഥയെന്തെന്നു്‌ അറിയുന്നില്ലെങ്കില്‍ പിന്നെ ആരാണു്‌ കഥയറിയുന്നതു്‌? കഥയറിയുന്ന ആരെങ്കിലും ഉണ്ടാവാതെ പറ്റില്ലല്ലോ. കാരണമില്ലാതെ വീട്ടിലോ നാട്ടിലോ എന്തെങ്കിലുമൊരു കാര്യം സംഭവിച്ചിട്ടുണ്ടോ? അസാദ്ധ്യം! ഭാഗ്യത്തിനു്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ സബ്സ്റ്റിറ്റ്യൂട്ട് ആവാന്‍ ദൈവം എന്നൊരു “ശക്തി” ഉണ്ടു്‌. യാതൊരു ഉപദ്രവവുമില്ല, എവിടെ വേണമെങ്കിലും തിരുകാം. പ്രപഞ്ചത്തിന്റെ നേരിയ ഒരംശം പോലും “മര്‍ത്യര്‍ക്കു്‌” അറിയില്ല. മുഴുവന്‍ അംശവും അറിയുന്നവന്‍ ദൈവം. അവനെ കമ്പ്ലീറ്റായി അറിയുന്നവന്‍ കവിയായ ഈ “ഞാന്‍”. മുഴുവന്‍ തിന്നു്‌ തീര്‍ക്കുന്ന ഭീമനെ തിന്നാന്‍ ശേഷിയുണ്ടെന്നു്‌ കരുതുന്ന ബകന്‍!

Jan 29, 2013, 9:42 AM

poovan@gmail.com സമാന്തരമായി piTa@gmail.com കൂടി മെയ്ന്‍‌റ്റെയ്ന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കൊക്കലിനിടയില്‍ കൂവലിന്റെയും, കൂവലിനിടയില്‍ കൊക്കലിന്റെയും (അനു)രാഗസ്വരതാളലയാംശങ്ങള്‍ നുഴഞ്ഞുകയറുന്നതു്‌ കഷ്ടം തന്നെ. “സ്വയംകൃതാനര്‍ത്ഥങ്ങള്‍” നല്‍കുന്ന ചാരിതാര്‍ത്ഥ്യത്തിലെ കല്ലുകടികള്‍.

December 2012

Dec 2, 2012, 1:46 PM

When democracy becomes shariocracy:

“Dr. Mursi, give us a signal and we bring you the judge in a bag!” (Heard today in the radio worldnews)

Dec 2, 2012, 3:28 PM

Every enlightened Indian must feel lucky and honoured to have so much excellent politicians in India carrying “hotspot” on their foreheads. I can only hope that they are indeed web-enabled.

Religious exhibitionists to represent India in the international politics! I don’t know why these people don’t go and represent snakes, rats and apes in some primeval forests instead.

Dec 3, 2012, 11:38 AM

“യാതൊരുവിധ അതിരുകളും ഉണ്ടായിരിക്കരുതെന്നു്‌ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ ആഗ്രഹിക്കുന്നതു്‌, ആ അതിരുകള്‍ എന്റെ സ്ഥാവരജംഗമങ്ങള്‍ക്കു്‌ ഒരു പ്രതിബന്ധമാവരുതു്‌ എന്നു്‌ മാത്രമാണു്‌. … … ഒരു കവര്‍ച്ചക്കാരന്‍ പോലും പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഇല്ലാതാവണം എന്നാഗ്രഹിക്കുന്നില്ല, അവനു്‌ വേണ്ടതു്‌ അതു്‌ മറ്റൊരുവന്റേതായിരിക്കാതെ, തന്റേതായി മാറണം എന്നു്‌ മാത്രമാണു്‌. … … ഒന്നുകില്‍ ഞാന്‍ ഒരുതരത്തിലുമുള്ള നീതിയും നിയമവും ഉണ്ടായിരിക്കരുതു്‌ എന്നാഗ്രഹിക്കണം, അല്ലെങ്കില്‍ എനിക്കു്‌ നേട്ടമുണ്ടാക്കാത്ത സാഹചര്യങ്ങളിലും നിയമം നടപ്പാക്കപ്പെടുന്നതും, നീതി പരിപാലിക്കപ്പെടുന്നതും അംഗീകരിക്കാന്‍ ഞാന്‍ സന്നദ്ധനായിരിക്കണം” – Ludwig Feuerebach in Theogonie.

Dec 3, 2012, 11:39 AM

“മനുഷ്യര്‍ ശപഥം /സത്യപ്രതിജ്ഞ ചെയ്യുന്നതു്‌ ദൈവങ്ങളുടെ നാമത്തില്‍ത്തന്നെ ആയിരിക്കണമെന്നു്‌ നിര്‍ബന്ധമൊന്നുമില്ല. മറ്റു്‌ പലതിന്റെ നാമത്തിലും മനുഷ്യനു്‌ സത്യപ്രതിജ്ഞ ചെയ്യാനാവും. ഉദാഹരണത്തിനു്‌, ഒരു രാജാവു്‌ അവന്റെ ചെങ്കോലിന്റെ നാമത്തില്‍, ഒരു പട്ടാളക്കാരന്‍ അവന്റെ ആയുധത്തിന്റെ നാമത്തില്‍, ഒരു മീന്‍പിടുത്തക്കാരന്‍ അവന്റെ വലയുടെ നാമത്തില്‍, ഒരു മനുഷ്യന്‍, അവന്റെ പദവിക്കും തൊഴിലിനും പുറമെ, സ്വന്തമോ പ്രിയപ്പെട്ടതോ ആയ ഒരു തലയുടെ നാമത്തില്‍, ഒരു ഇംഗ്ലീഷ് ലോര്‍ഡ്‌ അവന്റെ മഹിമയുടെ നാമത്തില്‍, ഒരു ടര്‍ക്കിക്കാരന്‍ അവന്റെ താടിയുടെ നാമത്തില്‍, ഒരു ബെഡുവിന്‍ അവന്റെ ലൈംഗികാവയവത്തിന്റെ നാമത്തില്‍ …. എല്ലാം ശപഥം ചെയ്യാറുണ്ടു്‌” – Ludwig Feuerebach in Theogonie.

Dec 10, 2012, 10:51 AM

കാക്കാത്തികള്‍ക്കും മഷിനോട്ടക്കാര്‍ക്കും അംഗത്വം നല്‍കുന്ന ഒരു കമ്മ്യൂണിറ്റിയ്ക്കു്‌ Astrology എന്നല്ലാതെ Astronomy എന്നു്‌ പേരിടുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. ചില Community invitations ലഭിച്ചു്‌ സംഗതി എന്തെന്നറിയാന്‍ അകത്തുകയറിനോക്കി നിരാശയോടെ നിശബ്ദം മടങ്ങേണ്ടി വന്നു. ചാപിള്ള കമ്മ്യൂണിറ്റിയില്‍ മറുപിള്ളകള്‍ക്കു്‌ അഡ്മിഷന്‍ നല്‍കണമോ വേണ്ടയോ മുതലായ കാര്യങ്ങള്‍ “അഡ്മിനു്‌” തീരുമാനിക്കാം. പക്ഷെ, ആ കമ്മ്യൂണിറ്റിയെ “നിത്യജീവന്‍” എന്നൊക്കെ നാമകരണം ചെയ്യുന്നതു്‌ ഒരിത്തിരിയധികം കടന്ന കയ്യായിരിക്കുകയില്ലേ എന്നൊരു സംശയം തോന്നി, അത്രേയുള്ളു.

ഞാന്‍ ഒരു കമ്മ്യൂണിറ്റിയിലും അംഗമാവാന്‍ ആഗ്രഹിക്കുന്നില്ല എന്നു്‌ എനിക്കു്‌ ഇന്‍വിറ്റേഷന്‍ അയച്ച എല്ലാ സഹൃദയരേയും ഖേദപൂര്‍വ്വം അറിയിക്കുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഈ ലോകം അവസാനിക്കും എന്നതിനാല്‍ അതുവരെ കമ്മ്യൂണിറ്റികളിലൊക്കെ ചേര്‍ന്നു്‌ മനസ്സും ശരീരവും പാപപങ്കിലമാക്കാതെ നോമ്പും പ്രാര്‍ത്ഥനയും ധ്യാനവും ഉപവാസവുമൊക്കെയായി പരലോകയാത്രയ്ക്കു്‌ തയ്യാറെടുക്കാനാണു്‌ ഞാനും ജപമാലയും തീരുമാനിച്ചിരിക്കുന്നതു്‌. എന്റെ കമ്മ്യൂണല്‍അസാന്നിദ്ധ്യം മൂലം നിങ്ങള്‍ക്കുണ്ടായതോ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതോ ആയ എല്ലാ അസൗകര്യങ്ങള്‍ക്കും മാപ്പു്‌.

ഒരുങ്ങിക്കൊള്‍വിന്‍! ദൈവരാജ്യം ഇതാ ഇങ്ങെത്തിപ്പോയി!

Dec 10, 2012, 11:09 AM

ഒരു സ്വയം വിമര്‍ശനത്തിനു്‌ ഒരുവനെ അപ്രാപ്തനാക്കുന്നവിധം മനുഷ്യന്റെ തലയില്‍ ക്യാന്‍സര്‍ പോലെ പടര്‍ന്നുകയറുന്ന രാഷ്ട്രീയമോ മതപരമോ സാംസ്കാരികമോ ആയ എല്ലാത്തരം വിശ്വാസങ്ങളും ഉത്തമബോദ്ധ്യങ്ങളും ഒബ്സെഷനല്‍ ന്യുറോസിസ് ആണു്‌.

Dec 10, 2012, 1:34 PM

Aristocracy, Timocracy, Oligarchy, Democracy, Tyranny ഈ രീതിയിലായിരുന്നു പ്ലേറ്റോ ഭരണസമ്പ്രദായങ്ങളെ തരംതിരിച്ചതു്‌. ഡെമോക്രസിയെപ്പറ്റി അദ്ദേഹത്തിനു്‌ വലിയ അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ലെന്നു്‌ സാരം. ഇതെല്ലാം പ്ലേറ്റോ എഴുതിവച്ചതു്‌ രണ്ടായിരത്തഞ്ഞൂറു്‌ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പാണെന്ന കാര്യം നമ്മള്‍ വിസ്മരിക്കരുതല്ലോ. “സമത്വം തുല്യമായി തുല്യര്‍ക്കും അതുല്യര്‍ക്കും ഇടയില്‍ വിതരണം ചെയ്യുന്ന ഭരണരീതി” എന്നായിരുന്നു ഡെമോക്രസിയോടുള്ള പരിഹാസം. “വലിയ ജനക്കൂട്ടത്തിന്റെ ആത്മീയകണ്ണു്‌ ദൈവികമായ സത്യത്തെ കാണാന്‍ പര്യാപ്തമായതല്ല”. ജന്മനാ ഒരു അരിസ്റ്റോക്രാറ്റായിരുന്ന പ്ലേറ്റോയില്‍ നിന്നും മറ്റെന്തു്‌ പ്രതീക്ഷിക്കാന്‍? പ്ലേറ്റോയുടെ ദൃഷ്ടിയില്‍ ഏറ്റവും മോശം ഭരണരീതിയായ റ്റിറണി ഡെമോക്രസിയുടെ ആന്റിതെസിസ് ആയല്ല, അതിന്റെ കോണ്‍സിക്വെന്‍സ് ആയി രൂപമെടുക്കുന്നതാണു്‌. (പ്ലേറ്റോയുടെ ദൈവം പേഴ്സണലൈസ് ചെയ്യപ്പെട്ടതോ അല്ലാത്തതോ ആയ ഇന്നത്തെ മതദൈവങ്ങളുമായി താരതമ്യം ചെയ്യാനാവുന്നതല്ല എന്നു്‌ മറക്കാതിരിക്കുക. ദൈവങ്ങളുടെ കാര്യത്തില്‍ മനുഷ്യന്‍ എത്ര കൂടുതല്‍ സൂക്ഷിക്കുന്നോ അത്രയും നല്ലതു്‌. അതുകൊണ്ടാണു്‌ പ്രത്യേകം പറയുന്നതു്‌. ആ സൂക്ഷ്മത വേണ്ടതു്‌ ദൈവങ്ങളുടെ പേരിലല്ല, ദൈവവിശ്വാസികളുടെ പേരില്‍.)

ഡെമോക്രസിയില്‍ സ്ത്രീകള്‍ പുരുഷന്മാരെ പിന്‍തുടരുന്നില്ല, മൃഗങ്ങള്‍ പോലും ധിക്കാരികളാണു്‌. അതങ്ങനെയല്ലേ വരൂ. ഉടമസ്ഥ എങ്ങനെയോ അങ്ങനെതന്നെ പട്ടിക്കുഞ്ഞും! സമത്വമാണു്‌ ഡെമോക്രസിയുടെ ആദര്‍ശം എന്നറിയാവുന്നതിനാല്‍ കുതിരകളും കഴുതകളും സ്വതന്ത്രരാണു്‌, അതിനാല്‍ അവറ്റകള്‍ പോലും മനുഷ്യര്‍ക്കു്‌ വഴി മാറാന്‍ മടിക്കുന്നു. (പ്ലേറ്റൊയെപ്പോലൊരു തത്വചിന്തകന്‍ തമാശ പറയാന്‍ പാടില്ലെന്നാരു്‌ പറഞ്ഞു?)

ഇതു്‌ കേള്‍ക്കുമ്പോള്‍ പ്ലേറ്റോ ഒരു സ്ത്രീവിദ്വേഷി ആയിരുന്നു എന്ന മുദ്രകുത്തല്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി: സ്ത്രീയും പുരുഷനും മൗലികമായി തുല്യരാണെന്ന അഭിപ്രായക്കാരനായിരുന്നു പ്ലേറ്റോ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു്‌ ഒരേ രീതിയിലുള്ള വിദ്യാഭ്യാസം നല്‍കണമെന്നായിരുന്നു പ്ലേറ്റോയുടെ നിലപാടു്‌. പ്രായോഗികബുദ്ധിമുട്ടുകള്‍ പരിഗണിച്ചു്‌ പിന്നീടു്‌ ആ അഭിപ്രായം പിന്‍വലിച്ചെങ്കിലും, സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം യുദ്ധത്തില്‍ പങ്കെടുത്തു്‌ അനുയോജ്യമായ ജോലികള്‍ ചെയ്യേണ്ടതാണു്‌ എന്നുപോലും പ്ലേറ്റോ നിഷ്കര്‍ഷിച്ചിരുന്നു.

റ്റൈറന്റ് ഉണ്ടാവുന്നതു്‌: അന്തശ്ഛിദ്രം മൂലം ജനത്തിനു്‌ ഒരു നായകനെ ആവശ്യമാണു്‌. കുറെനാള്‍ ജനത്തിന്റെ തലയില്‍ കയറി ഇരുന്നു്‌ അധികാരത്തിന്റെ വീഞ്ഞു്‌ മോന്തിക്കഴിയുമ്പോള്‍, രക്തം മണത്ത സിഹത്തെപ്പോലെ, അവന്‍ റ്റൈറന്റ് ആയി മാറും. ആദ്യമാദ്യം സൗഹൃദപൂര്‍വ്വം പലവിധ വാഗ്ദാനങ്ങളുമായി ജനങ്ങളെ സമീപിക്കുന്ന അവന്‍ അധികാരത്തിലെത്തിയാല്‍ എതിരാളികളെ നശിപ്പിക്കാന്‍ തുടങ്ങും. രാജ്യത്തിനു്‌ എപ്പോഴും ഒരു നായകന്‍ ഉണ്ടായിരിക്കണം എന്ന ബോധം ജനങ്ങളില്‍ നിന്നും മായാതിരിക്കാനും, തന്റെ ഭരണത്തിനെതിരായി അവര്‍ തിരിയാതിരിക്കാനുമായി യുദ്ധങ്ങള്‍ സൃഷ്ടിക്കും, രാജ്യത്തെ നല്ലവരും ശേഷിയുള്ളവരുമായ എല്ലാവരെയും തകര്‍ത്തു്‌ രാജ്യത്തെ “ശുദ്ധീകരിക്കും”, അവസാനം അവനു്‌ ചുറ്റും അവശേഷിക്കുന്നതു്‌ കുറെ ജന്തുക്കള്‍ മാത്രമാവും. അങ്ങനെ റ്റിറണി എന്തെന്നു്‌ ജനം മനസ്സിലാക്കി വരുമ്പോഴേക്കും വളരെ താമസിച്ചു്‌ പോയിരിക്കും. റ്റിറണി എന്നതു്‌ അടിമകളുടെയിടയിലെ അടിമത്വമാണു്‌. റ്റിറണിയില്‍ ജനം മാത്രമല്ല അടിമകള്‍, റ്റൈറന്റിനെ താങ്ങിനിര്‍ത്തുന്നവരും അടിമകള്‍ തന്നെ. അവന്‍ പോലും അവന്റെ വ്യക്തിപരമായ ആസക്തികളുടെയും, വികാരാധിക്യത്തിന്റെയും അടിമയായിരിക്കും.

അന്ധകാരത്തില്‍ കഴിയുന്ന, ബോധവത്കരിക്കപ്പെടാത്ത സമൂഹങ്ങളില്‍ ഏറിയോ കുറഞ്ഞോ ഇന്നും നിലനില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണിവ. ദൈവവേഷം ധരിച്ച സാത്താന്മാര്‍ ഒരിക്കലും ഉറങ്ങുന്നില്ല എന്നതിനാല്‍, ബോധവത്കരിക്കപ്പെട്ടതെന്നും, പരിഷ്കൃതമെന്നും കരുതപ്പെടുന്ന സമൂഹങ്ങളില്‍ പോലും നിത്യജാഗ്രതയില്‍ കഴിയാന്‍ ജനം തയ്യാറാവാതിരുന്നാല്‍ ഇന്നും സംഭവിക്കാവുന്ന വസ്തുതകള്‍.

Dec 11, 2012, 1:54 PM

ആറ്റമിസത്തിന്റെ ഉപജ്ഞാതാവായിരുന്ന ലുസിപ്പസിന്റെ ശിഷ്യനും, ആ തിയറിയെ വികസിപ്പിച്ചു്‌ പ്രപഞ്ചത്തിനു്‌ ഒരു മറ്റീരിയലിസ്റ്റിക്-മെക്കനിസ്റ്റിക് വിശദീകരണം നല്‍കാന്‍ ശ്രമിച്ചവനുമായ ഡെമോക്രിറ്റസ് (ca. 460 – 370 BC) അവന്റെ സമകാലികരെ അപേക്ഷിച്ചു്‌ (ഭാരതം അടക്കമുള്ള) പല വിദൂരദേശങ്ങളിലേക്കും യാത്ര ചെയ്തിരുന്നവനാണത്രെ! അവന്‍ ഭാരതത്തില്‍ എത്തുക മാത്രമല്ല, അവിടത്തെ തത്വചിന്തകരും ജ്ഞാനികളുമായ നഗ്നസാധുക്കളെ (Gymnosophists) കാണുകയും കേള്‍ക്കുകയും ചെയ്തുപോലും! അതു്‌ പഴയ കഥ. അതിനുശേഷം ഏതാണ്ടു്‌ രണ്ടായിരത്തിമുന്നൂറു്‌ വര്‍ഷത്തോളം കാര്യമായ ശ്രദ്ധയൊന്നും ലഭിക്കാതെ കിടന്നുപോയ ആറ്റമിക് തിയറിക്കു്‌ അതിനുശേഷം ഇക്കഴിഞ്ഞ രണ്ടു്‌ നൂറ്റാണ്ടുകളില്‍ സംഭവിച്ച വിപ്ലവകരമായ വിജയം ശാസ്ത്രചരിത്രം.

ഭാരതീയര്‍ എന്ന നിലയില്‍ നമുക്കു്‌ ഏറെ അഭിമാനത്തിനു്‌ വക നല്‍കുന്ന ഒരു വശം ഇതിനുണ്ടു്‌. അന്നത്തെ നഗ്നസാധുക്കള്‍ക്കു്‌ ഇന്നത്തെ ആധുനികശാസ്ത്രം വരെ അറിയാമായിരുന്നു എന്നതാണതു്‌. അതുകൊണ്ടുണ്ടായ ഒരു പ്രധാന നേട്ടം, പാശ്ചാത്യര്‍ രാപകലില്ലാതെ കഷ്ടപ്പെട്ടു്‌ ഓരോ പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരുന്നപ്പോള്‍ ഭാരതീയനു്‌ “ഭജഗോവിന്ദം ഭജഗോവിന്ദം ഭജഗോവിന്ദം മൂഢമതേ” എന്നു്‌ വഴിയേ പോകുന്നവനെയൊക്കെ ഉപദേശിച്ചും ശാസിച്ചും പണ്ഡിതന്‍ ചമയാന്‍ സാധിച്ചു എന്നതാണു്‌. ആത്യന്തികമായ ആദ്ധ്യാത്മികജ്ഞാനം കണ്ടെത്തി ഓലക്കെട്ടില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ വെറുതെയെന്തിനു്‌ ഭൗതികമായ വല്ല പൊട്ടജ്ഞാനത്തിന്റെയും പുറകെ നടക്കണം? തികഞ്ഞ അസംബന്ധമല്ലേ അതു്‌?

അതുകൊണ്ടാണു്‌ ഇന്നും വല്ല ഗ്രീക്കുകാരോ മറ്റോ ഭാരതത്തില്‍ എത്തിയാല്‍ അന്നു്‌ ഡെമോക്രിറ്റസ് കണ്ടിരിക്കാന്‍ സാദ്ധ്യതയുള്ള അതേ പോസില്‍ ഇഹലോകജീവിതം രസകരമാക്കുന്ന നഗ്നസാധുക്കളെ കണ്ടു്‌ സായൂജ്യമടയാന്‍ സാധിക്കുന്നതു്‌. ദേഹം മുഴുവന്‍ ചാരം ചൂടിയും, തലകുത്തിയും, ഒറ്റക്കാലിലും, ഒറ്റക്കയ്യിലും, ചമ്പ്രം പടിഞ്ഞുമൊക്കെ ബാലന്‍സ് ചെയ്യുന്നതു്‌ വെറും സര്‍ക്കസ്‌ കളിയാണെന്നു്‌ തെറ്റിദ്ധരിക്കരുതു്‌, ഗഹനമായ അര്‍ത്ഥതലങ്ങളുള്ള പോസുകളാണു്‌ അവയെല്ലാം. ഓര്‍ഡിനറി മോര്‍ട്ടലുകള്‍ക്കു്‌ അതൊന്നും പിടികിട്ടില്ല എന്നു്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ ജ്ഞാനവും ശേഖരിച്ചുകഴിഞ്ഞ ഒരു മനുഷ്യനു്‌ പിന്നെ ആകെ ചെയ്യാനുള്ളതു്‌ “ജിംനാസ്റ്റിക്സോഫിസം (ദൈവത്തിനുള്ളതു്‌ ദൈവത്തിനു്‌, കൊടിച്ചികള്‍ക്കുള്ളതു്‌ കൊടിച്ചികള്‍ക്കു്‌) മാത്രമാണു്‌. അതാണു്‌ നിര്‍വാണത്തിലേക്കുള്ള വഴി. പരലോകജീവിതം ഏതാണ്ടു്‌ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ രീതിയില്‍ ആക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നടന്നുതന്നെ തീര്‍ക്കേണ്ട ഊടുവഴി. “ഒരു വെടി, പക്ഷി രണ്ടു്‌”. കാട്ടാളന്‍ അമ്പെയ്താല്‍ ഒരു പക്കി, നഗ്നസാധു വെടിവച്ചാല്‍ രണ്ടു്‌ പക്കി(കള്‍).

Dec 11, 2012, 6:54 PM

അങ്ങനെ എനിക്കും കിട്ടി ഇന്നലെ സമാധാനത്തിനുള്ള ഒരു ശകലം നോബല്‍ പ്രൈസ്. സമാധാനമായി.
http://www.bbc.co.uk/news/world-europe-20677068

Dec 15, 2012, 10:17 AM

ഹനുമാന്‍ ക്ഷേത്രത്തില്‍ ഒരു പൂജയുണ്ടു്‌. അതു്‌ കഴിഞ്ഞുവേണം കൊച്ചി മുസിരിസ് ബിയനാലെയെപ്പറ്റിയുള്ള ഒരു സ്റ്റഡിക്ലാസ്സില്‍ പങ്കെടുക്കാന്‍.

Dec 15, 2012, 11:11 AM

മത്തങ്ങ വലുതാണു്‌, മത്തങ്ങയല്ലാതെ മത്തങ്ങയില്ല.

Dec 15, 2012, 11:27 AM

വര്‍ഗ്ഗസമരത്തില്‍ അടിവയറിനുള്ള പ്രസക്തിയെപ്പറ്റി മാര്‍ക്സ് വല്ലതും എഴുതിയിട്ടുണ്ടോ ആവോ?

Dec 17, 2012, 5:29 PM

പാട്ടുകേട്ടും, ബ്ലോഗിലും പ്ലസിലും ഫെയ്സ്ബുക്കിലുമൊക്കെ “ടിപ്പിട്ടിപ്പി”യും സമയം നഷ്ടപ്പെടുത്തുന്ന എല്ലാ മനുഷ്യജന്മങ്ങളുടെയും ശ്രദ്ധയ്ക്കു്‌:

ലോകാവസാനത്തിനു്‌ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഈ ശുഭമുഹൂര്‍ത്തത്തില്‍ പാട്ടുകേള്‍ക്കാതെയും, ടിപ്പിട്ടിപ്പാതെയും നിങ്ങള്‍ ഭക്തിമാര്‍ഗ്ഗത്തിലേക്കു്‌ തിരിയുക! ലോകാവസാനത്തെപ്പറ്റി ഭക്തിറേഡിയോയിലും ഭക്തിടെലിവിഷനിലും രാപകലില്ലാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന റണ്ണിംഗ് കമണ്ട്രി യുക്തിയെ പൂര്‍ണ്ണമായി വെടിഞ്ഞു്‌ കേട്ടുകൊണ്ടിരിക്കേണ്ട സമയമാണിതു്‌. വെടി തീര്‍ന്നു്‌ വടിയാവുന്നതിനു്‌ മുന്‍പു്‌ അനുഭവിച്ചിരിക്കണം എന്ന നിങ്ങളുടെ ആഗ്രഹങ്ങള്‍ പുറത്തുപോയി നിറവേറ്റേണ്ടവയാണെങ്കില്‍, എന്നെപ്പോലെതന്നെ നിങ്ങളും ഒരു പോക്കറ്റ് റേഡിയോ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതു്‌ നന്നായിരിക്കും. റേഡിയോ തരംഗങ്ങള്‍ ദൈവത്തെപ്പോലെയാണു്‌. അവ കക്കൂസിലും നമ്മെ കൈവെടിയാതെ, നമ്മോടൊപ്പം ഉണ്ടാവും. നമ്മള്‍ ഒപ്പിക്കുന്ന ഓരോ പ്രവൃത്തികളിലേക്കും ഒളിഞ്ഞുനോക്കി അവയിലെ നന്മതിന്മകള്‍ വേര്‍തിരിക്കുകയാണു്‌ അവയുടെ പണി. ലോകം അവസാനിച്ചാല്‍ പിന്നെ തിരിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നതിനാല്‍ റേഡിയോ എന്നല്ല, എന്തുവേണമെങ്കിലും നമുക്കു്‌ ആരോടും കടം വാങ്ങുകയും ചെയ്യാം. ഹാ…. ഹാ…. ഹാ…. (അതൊരു തമാശയായിരുന്നു. ഞാന്‍ എന്തിനു്‌ ചിരിച്ചു എന്നൊരു സംശയം ഇതു്‌ വായിക്കുന്ന ഭക്തരായ മനുഷ്യര്‍ക്കു്‌ ഉണ്ടാവരുതല്ലോ.)

ജീവിതാഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഇനി നമ്മള്‍ വൈകിക്കുന്നതു്‌ ഒട്ടും ബുദ്ധിയല്ല. അതുകൊണ്ടു്‌, ചാകുന്നതിനു്‌ മുന്‍പു്‌ മുതലമാംസം തിന്നണം എന്നു്‌ ആഗ്രഹമുള്ളവര്‍ മുതലയെ പിടിക്കാന്‍ പോവുക. മുള്ളന്‍പന്നിറോസ്റ്റ് നാടന്‍പുട്ടുമായി ചേരുന്ന അനവദ്യ- അനുപമകോമ്പൊസിഷന്‍ തിന്നനുഭവിച്ചിട്ടു്‌ ചാകണം എന്നാഗ്രഹിക്കുന്നവര്‍ മുള്ളന്‍പന്നിയെ പിടിക്കാന്‍ പോവുക. നമ്മള്‍ എവിടെ ആയാലും, എങ്ങോട്ടു്‌ പോയാലും, എപ്പോഴും റേഡിയോ ഓണ്‍ ആയി പോക്കറ്റില്‍ സൂക്ഷിക്കാന്‍ മറക്കരുതു്‌. എന്നെസംബന്ധിച്ചു്‌ പറഞ്ഞാല്‍, എന്റെ അവസാന അത്താഴം സിംഗിള്‍ മാള്‍ട്ട് സ്കോച്ച് പന്നിയിറച്ചി പൊരിച്ചതു്‌ ചേര്‍ത്തു്‌ സേവിക്കുക എന്നതാണു്‌. കഷ്ടകാലത്തിനെന്നേ പറയേണ്ടൂ, ഞാന്‍ സാധാരണ പര്‍ച്ചേയ്സ് നടത്തുന്ന ചെറിയ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ നാലാഴ്ചയായി ഞാന്‍ ചെന്നപ്പോഴൊക്കെ, എന്നോടു്‌ അല്പമൊരു ബഹുമാനം ഉള്ളതുപോലെ പെരുമാറുന്നു എന്നു്‌ എനിക്കു്‌ തോന്നുന്നവളും സുന്ദരിയുമായ ഒരു “തുര്‍ക്കിച്ചി”യാണു്‌ കൗണ്ടറില്‍ ഇരിക്കാറു്‌. അവളെപ്പോലെതന്നെ ഈ നാട്ടില്‍ ഞാനും ഒരു വിദേശി ആയതുകൊണ്ടു്‌ I typewriter, you typewriter എന്ന രീതിയിൽ, അവളുടെ “നമ്മള്‍ വികാരം” എന്നോടുള്ള ഒരു പ്രത്യേക ബഹുമാനമായി ഞാന്‍ തെറ്റിദ്ധരിക്കുന്നതും ആയിക്കൂടെന്നില്ല. തോന്നലുകളുടെ ആകെത്തുകയാണല്ലോ നമ്മള്‍ ഈ ജീവിതം ജീവിതം എന്നു്‌ വിളിക്കുന്ന സാധനം.

എന്തിനെന്നോ, എന്തുകൊണ്ടെന്നോ അറിയില്ല, ഈദൃശ തെറ്റിദ്ധാരണകള്‍ പുരുഷജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണു്‌. ഞാന്‍ എന്റെ പുരുഷജന്മത്തെ കാര്യമായി വിലമതിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. തുറന്നു്‌ പറയാമല്ലോ, വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ വിലയിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഒരു പുരുഷജന്മത്തിനു്‌ എന്തര്‍ത്ഥം എന്നൊക്കെ ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ടു്‌. ആലോചനയിലെ പഞ്ഞമല്ല എന്റെ യഥാര്‍ത്ഥ പഞ്ഞം എന്നു്‌ പറയാനാണു്‌ ഞാന്‍ ഇക്കണ്ട സമയം മുഴുവന്‍ ശ്രമിക്കുന്നതു്‌. അതു്‌ നിങ്ങള്‍ക്കു്‌ മനസ്സിലാവുന്നുണ്ടോ ആവോ. എന്റെ ശ്രമങ്ങള്‍ പലപ്പോഴും ഫലം കാണാതെ പോകാറാണു്‌ പതിവു്‌ എന്നതിനാല്‍ വീണ്ടും വീണ്ടും എനിക്കു്‌ എന്റെ വധം തുടരേണ്ടിയും വരുന്നു. വധിക്കുക എന്നതു്‌ ഒരുവന്റെ കര്‍മ്മമായാല്‍ അതു്‌ വളരെ കഷ്ടമായ ഒരു വിധിയാണു്‌. വധിക്കരുതു്‌ എന്നു്‌ ചിന്തിച്ചുകൊണ്ടു്‌ വധിക്കേണ്ടിവരുന്ന ഒരു മാനസികാവസ്ഥയെപ്പറ്റി നിങ്ങള്‍ ഒരു നിമിഷം ഒന്നു്‌ ആലോചിച്ചുനോക്കൂ. ഭയങ്കരം, അല്ലേ? ഒരു അര്‍ജ്ജുനനാവാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ എന്നു്‌ നിങ്ങള്‍ എന്നോടു്‌ ചോദിച്ചാല്‍ എന്റെ മറുപടി വെടി പൊട്ടുന്നതുപോലെ “ഇല്ല” എന്നായിരിക്കും. തെറ്റെന്നു്‌ ഉത്തമബോദ്ധ്യമുള്ള ഒരു കാര്യം മറ്റൊരുവന്‍ നിര്‍ബന്ധിക്കുന്നതിന്റെ പേരില്‍ ചെയ്യേണ്ടിവരിക! ഹോ! ഭീകരം! സത്യത്തില്‍ പരമദയനീയമാണു്‌ അതുപോലുള്ള ഒരവസ്ഥ. പറഞ്ഞുപറഞ്ഞു്‌ കാടുകയറി എന്നു്‌ ആവര്‍ത്തിച്ചു്‌ പറയേണ്ടി വരുന്നതുപോലുള്ള ഒരു അവസ്ഥയാണതു്‌.

അതുകൊണ്ടു്‌ ഞാന്‍ കാര്യമാത്രപ്രസക്തമായി ചുരുക്കിപ്പറയാം. അന്ത്യനാള്‍ അടുത്തിരിക്കുന്നതിനാല്‍, വിധിപ്രകാരം പൊരിച്ചു്‌ സ്കോച്ചിന്റെ അകമ്പടിയോടെ ആമാശയത്തിലേക്കു്‌ കയറ്റി അയക്കാന്‍ അല്പം പന്നിയിറച്ചി വാങ്ങാം എന്നുകരുതി അവിടെ ചെന്നപ്പോഴെല്ലം ആ പെണ്‍കൊച്ചായിരുന്നു കൗണ്ടറില്‍. അതിനാല്‍ എനിക്കു്‌ നാലുപ്രാവശ്യം പന്നിയിറച്ചിക്കു്‌ പകരം തുര്‍ക്കിക്കോഴിയുടെ മാംസം വാങ്ങി മടങ്ങേണ്ടിവന്നു. ഞാന്‍ അശുദ്ധമാംസം തിന്നുന്നവനാണെന്നും, അതുവഴി മോശെയുടെ ന്യായപ്രമാണങ്ങളും മുഹമ്മദ് നബിയുടെ കല്പനകളും പാലിക്കാത്ത ഒരു കാഫിര്‍ ആണെന്നും അവള്‍ക്കു്‌ തോന്നരുതല്ലോ. ചുമ്മാ വന്നുകയറിയ ഒരു ഇമ്പ്രഷന്‍ ഞാനായിട്ടു്‌ എന്തിനു്‌ നശിപ്പിക്കണം? (അവള്‍ക്കു്‌ അങ്ങനെ തോന്നിയാല്‍ എനിക്കൊരു കോപ്പുമില്ല എന്നു്‌ തോന്നാന്‍ പുരുഷനു്‌ തോന്നാതിരിക്കാന്‍ തോന്നുന്ന ഏതോ ഒരു പച്ചമരുന്നു്‌ ചേര്‍ത്തായിരിക്കണം സാഡിസ്റ്റ് ആയ ദൈവം പുരുഷനെ സൃഷ്ടിച്ച മണ്ണു്‌ കുഴച്ചതു്‌). എന്തിനേറേ പറയുന്നു, നാലാഴ്ച തുടര്‍ച്ചയായി തുര്‍ക്കിക്കോഴിയിറച്ചി തിന്നതുമൂലം കുറെ ദിവസങ്ങളായി വയറ്റില്‍ നിന്നും തുര്‍ക്കിക്കോഴിയുടേതു്‌ പോലുള്ള ചില ശബ്ദകോലാഹലങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടു്‌. ലോകാവസാനത്തിനു്‌ മുന്‍പു്‌ ലഭിക്കുന്ന ഈ ഒരേയൊരു ക്രിസ്തുമസ് സീസണില്‍, ദശാംശം നല്‍കുകയും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുറതെറ്റാതെ പള്ളിയില്‍ പോകുകയും ചെയ്യുന്ന സത്യക്രിസ്ത്യാനിയായ എനിക്കുതന്നെ വേണം ഇതൊക്കെ സംഭവിക്കാന്‍. മോശെയുടെയും മുഹമ്മദ് നബിയുടെയും കാലത്തെ പന്നികളുടെ ആഹാരം നല്‍കിയല്ല യൂറോപ്പിലെ പ്രൊട്ടീന്‍ ഫാക്ടറികളില്‍ പന്നികളെ മലയാളക്കരയിലെ സിനിമാനടികളെപ്പോലെ വീര്‍പ്പിച്ചെടുക്കുന്നതു്‌ എന്നതുകൊണ്ടു്‌ പന്നിമാംസം നിഷിദ്ധമാവേണ്ട കാര്യമൊന്നുമില്ല. പക്ഷേ, “സ്ലിം ബ്യൂട്ടി” ആയ അവള്‍ക്കു്‌ പന്നിസൗന്ദര്യം എന്നാല്‍ എന്തെന്നു്‌ എങ്ങനെ മനസ്സിലാവാന്‍? ഡിങ്കന്‍ അനുവദിച്ചാല്‍, ഒരു അവസാനശ്രമം എന്ന നിലയില്‍ നാളെ ഒന്നുകൂടി ആ കടയില്‍ പോകണമെന്നുണ്ടു്‌. അതിനുമുന്‍പു്‌ സൂര്യന്‍ ഒരു ഗ്രഹമാണു്‌ എന്നു്‌ ഉത്തമബോദ്ധ്യമുള്ള ഏതെങ്കിലും ഒരു വിര്‍ച്വല്‍ ജ്യോതിഷശാസ്ത്രജ്ഞനെ കണ്ടിരുന്നെങ്കില്‍, ഒരു തുര്‍ക്കിച്ചിയെ കൊന്നിട്ടു്‌ ചാവണം എന്നൊരു ഗ്രഹപ്പിഴ എന്റെ ജാതകത്തില്‍ ഉണ്ടോ എന്നറിയാമായിരുന്നു.

എന്റെ കാര്യം ഇങ്ങനെയൊക്കെ ആയി. നിങ്ങളെങ്കിലും ലോകാവസാനത്തിനു്‌ മുന്‍പു്‌ ആഗ്രഹമുള്ള കാര്യങ്ങള്‍ കണ്ടിട്ടും, കേട്ടിട്ടും, ചെയ്തിട്ടും, അനുഭവിച്ചിട്ടുമേ ചാകാവൂ എന്നു്‌ പറയാനാണു്‌ ഞാന്‍ ഇത്രയും “ടിപ്പിട്ടിപ്പി” എന്റെ വിരല്‍ വ്രണമാക്കിയതു്‌. എന്തെന്നാല്‍, ലോകാവസാനത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടിലും പത്തായത്തിന്റെ അറകളിലും തലയിണയുടെ ഉറകളിലും ഒരുപാടു്‌ ഗാന്ധിത്തലകള്‍ ഉണ്ടായിട്ടു്‌ നിങ്ങള്‍ക്കോ നിങ്ങളുടെ ആത്മാവിനോ എന്തു്‌ പ്രയോജനം? അതിനാല്‍ നിങ്ങളില്‍ പണമില്ലാത്തവര്‍ അവസാനനിമിഷത്തിനുമുന്‍പു്‌ കിട്ടുന്നിടത്തുനിന്നെല്ലാം ഗണപതിയുടെ കല്യാണം പോലെ, “നാളെത്തരാം” എന്ന വാഗ്ദാനം നല്‍കിയശേഷം പണം കടം വാങ്ങി ജീവിതം അടിപൊളിയായി ആസ്വദിച്ചിട്ടു്‌ മലമുകളിലേക്കു്‌ ഒറ്റയോട്ടമായി ഒളിച്ചോടിപ്പോവുക എന്നു്‌ സൈന്യങ്ങളുടെ ദൈവമായ ഡിങ്കന്‍ അരുളിച്ചെയ്യുന്നു!

ഇനി ലോകം അന്നു്‌ അവസാനിച്ചില്ലെങ്കില്‍? ചാകാമെന്നു്‌ കൊതിച്ചവര്‍ക്കു്‌ ചാകാന്‍ കഴിഞ്ഞില്ലെങ്കില്‍? അതൊരു പ്രശ്നമേയല്ല. ചിരിച്ചുകൊണ്ടായാലും കരഞ്ഞുകൊണ്ടായാലും, മനുഷ്യനെ സംബന്ധിച്ചു്‌ ചാകലോടെ എന്നേക്കുമായി എല്ലാം അവസാനിക്കുന്ന ഒരു ലോകത്തില്‍, ദൈവികമായതിനാലാവാം സംഭവിക്കാതെ പോയ ഒരു ലോകാവസാനവാഗ്ദത്തത്തിന്റെ പേരില്‍ കരഞ്ഞുകൊണ്ടു്‌ ചാകേണ്ടി വരിക എന്നതിനേക്കാള്‍, സ്വന്തം വിഡ്ഢിത്തത്തെപ്പറ്റി ഓര്‍ത്തു്‌ ചിരിച്ചുകൊണ്ടു്‌ ചാകാന്‍ കഴിയുക എന്നതു്‌ അത്ര ചെറിയ ഒരു ഭാഗ്യമല്ല.

Dec 18, 2012, 11:21 AM

യാക്കോബായ/ഓര്‍ത്തഡോക്സ് പള്ളികളില്‍ കുര്‍ബ്ബാന കഴിയുമ്പോള്‍ വിശ്വാസികളായ ആടുകളെ ഇടയന്‍ അവരവരുടെ വീടുകളിലേക്കു്‌ ആട്ടിയോടിക്കുന്ന ഒരു ഭാഗമുണ്ടു്‌. അതും, പുറകെ ഒരു സമൂഹഗാനവും കൂടി കേട്ടുകഴിഞ്ഞാല്‍ പള്ളിക്കു്‌ പുറത്തു്‌ ഇട്ടിരിക്കുന്ന സ്വന്തം ചെരിപ്പുകളുമായി, പള്ളിയ്ക്കുള്ളില്‍ നില്‍ക്കുന്ന സ്വന്തം കുരിശുകളെയും കൂട്ടി അന്നൊക്കെ എല്ലാവര്‍ക്കും വിശുദ്ധമന്ദിരം കാലിയാക്കാമായിരുന്നു. കൂട്ടുകാരൊക്കെ പോകുന്നു, അതുകൊണ്ടു്‌ ഞാനും പോകുന്നു എന്ന രീതിയില്‍ ചെറുപ്പത്തില്‍ പള്ളിയില്‍ പോയിരുന്നപ്പോള്‍ കേട്ടുകേട്ടു്‌ മനഃപാഠമായതാണെന്നതിനാല്‍, പൂര്‍ണ്ണമെന്നോ, തെറ്റുകളില്ലെന്നോ, അതുപോലെതന്നെയാണു്‌ ഇന്നും അതു്‌ അവതരിപ്പിക്കപ്പെടുന്നതെന്നോ ഒന്നും പറയാനാവില്ല. ഏതായാലും ഒരു എട്ടു്‌ ഒന്‍പതു്‌ ദശമാനം ശരിയായിരിക്കാനാണു്‌ സാദ്ധ്യത. (ഗണിതശാസ്ത്രചക്രവാളത്തില്‍ ഇപ്പോള്‍ ദശമാനവും, ശതമാനവും, സഹസ്രമാനവും ഒക്കെയാണത്രെ ഫാഷന്‍). ലോകാവസാനം അടുക്കുകയല്ലേ, ചുമ്മാ കിടക്കട്ടെ. ലോകാവസാനത്തിലേക്കു്‌ സമാധാനമില്ലാതെ പോയി വീഴേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാവരുതല്ലോ.

“കര്‍ത്താവിന്റെ പാപപരിഹാരപ്രദമായ ബലിപീഠത്തില്‍ നിന്നും നിങ്ങള്‍ പ്രാപിച്ചതായ വാഴ്വുകളോടും വഴിയാഹാരങ്ങളോടും കൂടെ, വിശുദ്ധത്രിത്വത്തിന്റെ കൃപയ്ക്കും കരുണയ്ക്കുമായി നിങ്ങളെ ഞങ്ങള്‍ ഭരമേല്പിക്കുന്ന ഈ സമയത്തു്‌ സമാധാനത്തോടെ പോകുവിന്‍. ദൂരസ്ഥരോടുകൂടെ സമീപസ്ഥരും, മരിച്ചുപോയവരോടുകൂടെ ജീവനുള്ളവരും, കര്‍ത്താവിന്റെ ജയമുള്ള ശ്ലീബായാല്‍ രക്ഷിക്കപ്പെട്ടവരും, പരിശുദ്ധ മാമൂദീസായുടെ റൂശ്മയാല്‍ മുദ്രകുത്തപ്പെട്ടവരുമേ, ഈ ത്രിത്വം നിങ്ങളുടെ കടങ്ങളെ പരിഹരിക്കുകയും, പാപങ്ങളെ മോചിപ്പിക്കുകയും, വിശ്വാസികളായ നിങ്ങളുടെ മരിച്ചുപോയവരുടെ ആത്മാക്കളെ ആശ്വസിപ്പിക്കുകയും ചെയ്യും. ബലഹീനനും ദാസനും പാപിയുമാകുന്ന ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ കരുണയും കൃപയും കൈക്കൊള്ളുമാറാകട്ടെ. നിങ്ങള്‍ സന്തോഷിച്ചു്‌ ആനന്ദിച്ചു്‌ തൃപ്തരായി സമാധാനത്താലേ പോകുവിന്‍. എന്നേയ്ക്കും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്‌വിന്‍.”

Dec 19, 2012, 11:11 AM

കഥ പഴയതാണെങ്കിലും സാരാംശം ഇന്നും പ്രസക്തം:

കാലാനുസൃതമായി ഞണ്ടു്‌ സമൂഹം വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കു്‌ ശേഷം ഞണ്ടുകളുടെ ലോകമഹാസമ്മേളനത്തില്‍ തീപ്പൊരിനേതാവു്‌: “നവോത്ഥാനകാംക്ഷികളായ വര്‍ഗ്ഗസ്നേഹികളേ! ഭൂമിയിലെ മറ്റെല്ലാ ജീവികളും നേരെ നടക്കുമ്പോള്‍ നമ്മള്‍ മാത്രം വശങ്ങളിലേക്കു്‌ നടക്കുന്നു. എല്ലാ വശങ്ങളില്‍ നിന്നും ഒട്ടേറെ അവഹേളനങ്ങള്‍ അതുമൂലം നമ്മള്‍ സഹിക്കേണ്ടിവരുന്നുമുണ്ടു്‌. നമ്മള്‍ ഇപ്പോഴും സൈഡ് വലിവു്‌ മാറാത്ത പുരാവസ്തുക്കളാണെന്നു്‌ ഇനിമേല്‍ ആരും നമ്മളെ പരിഹസിക്കാന്‍ പാടില്ല. അതിനാല്‍ ഇന്നുമുതല്‍ നേരെ മാത്രമേ നടക്കുകയുള്ളു എന്നു്‌ നമ്മള്‍ ശപഥം എടുക്കുകയും അതു്‌ നിശ്ചയമായും പാലിക്കുകയും വേണം. ഒരു തുടക്കമെന്നോണം നിങ്ങള്‍ക്കു്‌ മാതൃകയായി ഞാന്‍ ഇതാ സ്റ്റേജില്‍ നിന്നും നേരെ നടന്നു്‌ വെളിയിലേക്കു്‌ പോകുന്നു. നിങ്ങളും അതേപോലെ നടന്നുകൊണ്ടു്‌ എന്നെ അനുഗമിക്കുക”.

അതിനുശേഷം നേതാവു്‌ പതിവുപോലെ സൈഡിലേക്കു്‌ നടന്നു്‌ പുറത്തേക്കു്‌ പോയെന്നും, സദസ്യരായ ബാക്കി ഞണ്ടുകള്‍ അതേ രീതിയില്‍ തന്നെ നടന്നു്‌ നേതാവിനെ അനുഗമിച്ചു എന്നും പാണന്മാര്‍.

Dec 19, 2012, 11:13 AM

തലച്ചോറു്‌ വേദോപദേശ ഇസ്കോളിലെ ഡപ്പിയില്‍ ഇട്ടുവച്ചാല്‍ പിന്നെ അതെന്റെ തലയില്‍ ഇല്ലല്ലോ. അപ്പോളതു്‌ ആ ഡപ്പിയിലല്ലേ? ഹ്ഹി..

Dec 21, 2012, 11:15 AM

ലോകാവസാനം പ്രമാണിച്ചു്‌ ജര്‍മ്മനിയിലെ ഒട്ടേറെ ജനങ്ങള്‍ അവിടത്തെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയ എന്ന സംസ്ഥാനത്തിലെ നിലനില്‍ക്കുന്നില്ലാത്ത പട്ടണമായ ബീലഫെല്‍ഡിലേക്കു്‌ ഇരച്ചുകയറുകയാണത്രെ! തന്മൂലം ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ വന്‍ വില്പനയാണു്‌ നടക്കുന്നതെന്നു്‌ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിക്കുന്നു. 🙂 http://en.wikipedia.org/wiki/Bielefeld_Conspiracy

Dec 21, 2012, 5:17 PM

Pope Benedict versus Justin Bieber 🙂

Pope tweeted: “In the Name of the Father, the Son and the Holy Spirit”

15 Million Catholics retweeted: Amen! (And the rest of the catholics cannot tweet.)

“The pope already tweets in English, German, Italian, French, Spanish, Portuguese, Polish and Arabic and he will start tweeting in Latin and Chinese soon.” (and in മലയാളം too, I hope) 🙂

Dec 22, 2012, 8:43 AM

ഇന്‍ഡ്യന്‍വയറുപോലെ ഇപ്പൊപ്പൊട്ടും എന്ന രീതിയില്‍ വീര്‍ത്തിരിക്കുന്ന ഭാരതത്തിന്റെ ഒരു ഭൂപടത്തില്‍ നൂറ്റിഇരുപതു്‌ കോടി (ഇത്തിരി കൂടിയാലും കുറയരുതു്‌) പൂജ്യങ്ങള്‍ – സഫ്രാന്‍, പച്ച, വെള്ള തുടങ്ങി സങ്കല്പസാദ്ധ്യമായ എല്ലാ വര്‍ണ്ണങ്ങളിലും, മദ്ധ്യത്തില്‍ ചേരുമ്പടി ചേര്‍ത്ത മതചിഹ്നങ്ങളുമായി – പതിപ്പിച്ച ഒരു ഇന്‍സ്റ്റലേഷന്‍, “ഭാരതം അന്നും ഇന്നും എന്നും” എന്നോ മറ്റോ ഒരു തലേക്കെട്ടുമായി ബിയെനാലെക്കു്‌ അവതരിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ. എത്ര വലിയ സംഖ്യകൊണ്ടു്‌ ഗുണിച്ചാലും “ഒവ്വ” എന്നൊരു ഉത്തരമേ ലഭിക്കൂ എന്നതാണല്ലോ പൂജ്യത്തിന്റെ ഒന്നാം നമ്പര്‍ ഗുണം. അതിനാല്‍, കരി ഓയില്‍ ചേര്‍ത്തു്‌ കുടിവെള്ളത്തിനുള്ള കിണറിനുവേണ്ടി റിംഗുകള്‍ വാര്‍ക്കുന്നവരുടെയും, കരി ഓയില്‍കൊണ്ടു്‌ കലയില്‍ കവിത വിരിയിക്കുന്നവരുടെയുമൊക്കെ തലയിലേക്കു്‌ ഒരു ഓളം പോലെ ഒഴുകിച്ചെന്നു്‌ അവരിലെ കലാസ്വാദനത്തിന്റെ ഓരോ ഞരമ്പുകളെയും കുളിരണിയിക്കാന്‍ അതുപോലുള്ള “ഇന്‍സ്റ്റിലേഷനുകള്‍” ഇല്ലാതെ സാദ്ധ്യമാവും എന്നെനിക്കു്‌ തോന്നുന്നില്ല.

Dec 23, 2012, 2:52 PM

Socrates: “I know that I know nothing.”

സോക്രട്ടീസിനെക്കാള്‍ ബുദ്ധിമാനായി ആരുമില്ലെന്നു്‌ തന്റെ ഒരു സുഹൃത്തിനോടു്‌ ഡെല്‍ഫൈയിലെ ഒരു ഓറക്കിള്‍ പറഞ്ഞതായി കോടതിയില്‍ തന്റെ പ്രതിരോധത്തിനിടയില്‍ സോക്രട്ടീസ് സൂചിപ്പിക്കുന്നുണ്ടു്‌. അതു്‌ കേട്ടതിനുശേഷം ഈ വസ്തുതയില്‍ എത്രമാത്രം വാസ്തവം ഉണ്ടെന്നറിയാനായി പൊതുവെ ബുദ്ധിയുള്ളവര്‍ എന്നു്‌ കരുതുന്നവരായ രാഷ്ട്രീയക്കാര്‍, കവികള്‍, കൈത്തൊഴിലാളികള്‍ മുതലായവരുമായി സോക്രട്ടീസ് പല സംഭാഷണങ്ങളിലൂടെ ശ്രമിച്ചുവത്രെ. അതുവഴി സോക്രട്ടീസ് ആവര്‍ത്തിച്ചു്‌ മനസ്സിലാക്കിയതു്‌, അവര്‍ക്കെല്ലാം അവരുടെ തൊഴില്‍ ചെയ്യുന്നതിനാവശ്യമായ നിശ്ചിതമായ ഒരു അറിവു്‌ ഉണ്ടെങ്കിലും, മനുഷ്യര്‍ എന്ന നിലയില്‍ മറ്റു്‌ മനുഷ്യരോടു്‌ നീതിപൂര്‍വ്വം പെരുമാറാനും ധര്‍മ്മനിഷ്ഠരായിരിക്കാനും വേണ്ട യോഗ്യത ഇല്ലെന്നായിരുന്നു. മാത്രവുമല്ല, അവരുടെ ഈവിധ അജ്ഞതയെപ്പറ്റി അവര്‍ക്കു്‌ അറിവില്ലായിരുന്നെങ്കിലും, ഏറെ ബുദ്ധിയുള്ളവരാണു്‌ തങ്ങള്‍ എന്ന കാര്യത്തില്‍ അവര്‍ക്കു്‌ സംശയം ഉണ്ടായിരുന്നുമില്ല.

സദ്ഗുണത്തിന്റെ സത്തയെപ്പറ്റി സോക്രട്ടീസിനും വിവരമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, സംഭാഷണ പങ്കാളിയെ അപേക്ഷിച്ചു്‌ സ്വന്തം അജ്ഞതയെപ്പറ്റി സോക്രട്ടീസ് ബോധവാനായിരുന്നു. അതുകൊണ്ടു്‌ സംഭാഷണശേഷം പിരിയുമ്പോള്‍ സോക്രട്ടീസ് ചിന്തിച്ചു: “ഞങ്ങള്‍ രണ്ടുപേരും കാര്യമായ ജ്ഞാനമൊന്നും ഉള്ളവരല്ല. അറിവില്ലാത്തപ്പോഴും അറിവുള്ളവനായി ഭാവിക്കാന്‍ അവനു്‌ മടിയില്ല എന്നതും, ഞാന്‍ അങ്ങനെ ഭാവിക്കുന്നില്ല എന്നതും മാത്രമാണു്‌ ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ഒന്നും അറിയാത്തവനായ ഞാന്‍ എനിക്കറിയാത്തതു്‌ അറിയാമെന്നു്‌ വിശ്വസിക്കുന്നില്ല. അവനെക്കാള്‍ ഒരല്പമെങ്കിലും കൂടുതല്‍ ഞാന്‍ ബുദ്ധിമാനാവുന്നതു്‌ അതിനാലാണു്‌”. “I know that I know nothing”.

ഈ “ഇത്തിരിക്കൂടുതല്‍” അറിവിന്റെ പേരിലാണു്‌ തത്വചിന്ത ഉപേക്ഷിക്കാനോ, വധശിക്ഷയില്‍ നിന്നും ഒളിച്ചോടാന്‍ സുഹൃത്തുക്കള്‍ ഒരുക്കിയ മാര്‍ഗ്ഗം സ്വീകരിക്കാനോ സോക്രട്ടീസ് തയ്യാറാവാതിരുന്നതു്‌. “മരണത്തില്‍ നിന്നുമല്ല, തിന്മയില്‍ നിന്നുമാണു്‌ രക്ഷപെടേണ്ടതു്‌. അനീതിക്കു്‌ കീഴ്പ്പെടുന്നതാണു്‌ അനീതി ചെയ്യുന്നതിനേക്കാള്‍ നല്ലതു്‌, അതു്‌ സ്വന്തം മരണത്തിനു്‌ കാരണമാവുമ്പോള്‍ പോലും”.

എന്തുകൊണ്ടു്‌ മനുഷ്യര്‍ കൊല ചെയ്യരുതു്‌ എന്ന ചോദ്യത്തിനു്‌ ഹന്നാ ആറെന്‍ഡ്റ്റും (Hannah Arendt: 1906 – 1975) ഈ രീതിയില്‍ ഒരു മറുപടി നല്‍കുന്നുണ്ടു്‌. “എനിക്കു്‌ എന്നോടൊപ്പം ജീവിക്കേണ്ടതുള്ളതിനാല്‍, സത്യത്തില്‍ എനിക്കു്‌ ഒരിക്കലും വേര്‍പെടാന്‍ കഴിയാത്ത ഒരേയൊരു മനുഷ്യന്‍ ഞാനായതിനാല്‍, ആ വ്യക്തിയുടെ സഹവാസം എനിക്കു്‌ എപ്പോഴും സഹിക്കേണ്ടതുള്ളതിനാല്‍ ഞാനൊരു കൊലയാളി ആവാന്‍ ആഗ്രഹിക്കുന്നില്ല”.

Dec 24, 2012, 8:26 PM

അടുക്കളജോലിക്കു്‌ നില്‍ക്കുന്ന പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയശേഷം വിറകുവെട്ടും പറമ്പിലെ പണികളുമൊക്കെയായി ജീവിക്കുന്ന ഏതെങ്കിലും ആശ്രിതനെക്കൊണ്ടു്‌ അവളെ വിവാഹം കഴിപ്പിച്ചു്‌ സമൂഹത്തിലെ തന്റെ സദാചാരിപ്പട്ടം സംരക്ഷിക്കുന്ന ജന്മികളെപ്പറ്റി കേട്ടിട്ടുണ്ടു്‌. തന്റെ വിശുദ്ധമായ ആലയത്തിലെ അല്ലറചില്ലറ ജോലികളൊക്കെ ചെയ്തു്‌ ജീവിക്കുന്നവളും, മറ്റൊരു സാധുവുമായി വിവാഹനിശ്ചയം കഴിഞ്ഞവളുമായ ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയശേഷം “നിന്റെ ഭാവി ഭാര്യയെ ഞാന്‍ ഗര്‍ഭിണിയാക്കിയിട്ടുണ്ടു്‌, അവളെ ഭാര്യയായി ചേര്‍ത്തുകൊള്‍വാനും (ജനിക്കുന്ന കുഞ്ഞിനു്‌ ചിലവിനു്‌ കൊടുത്തുകൊള്‍വാനും) നിനക്കു്‌ ഒരു ശങ്കയും വേണ്ട” എന്നു്‌ അവനോടു്‌ പറയണമെങ്കില്‍ അവന്‍ വെറും ജന്മിയോ മുതലാളിയോ ഒന്നുമായാല്‍ പോരാ, പ്രപഞ്ചസ്രഷ്ടാവായ സാക്ഷാല്‍ ദൈവം തന്നെ ആയിരിക്കണം. (അല്ലെങ്കില്‍, അങ്ങനെ ദൈവം കല്പിച്ചു എന്നു്‌ എഴുതിവയ്ക്കാന്‍ ഉളുപ്പില്ലാത്ത ഒരുവന്റെ കൈവേല ആയിരിക്കണം അതു്‌). അതൊക്കെ വിശ്വസിക്കാന്‍ അല്പം ധിഷണാശക്തി ഒന്നും പോരാ, ഭക്തിവിഷയത്തില്‍ നല്ല ആസക്തി തന്നെ വേണം.

തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു! ദൈവം ഭൂമിയിലേക്കു്‌ മനുഷ്യസ്നേഹം മൂലം താണിറങ്ങി വരുന്നതും മറിയയെ ഗര്‍ഭം ധരിപ്പിക്കുന്നതുമെല്ലാം. അതിനും അഞ്ഞൂറു്‌ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌ മുതല്‍ ഗ്രീസില്‍ ഡെമോക്രിറ്റസും സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അവര്‍ക്കു്‌ മുന്‍പും പിന്‍പുമുള്ള മറ്റെത്രയോ തത്വചിന്തകരും ഈ ലോകത്തിന്റെയും അതിലെ മനുഷ്യരുടെയും അര്‍ത്ഥങ്ങളും ആഴങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം ഭൂമിയില്‍ പെണ്ണുകാണല്‍ നടത്തുകയായിരുന്നു, തനിക്കു്‌ ഗര്‍ഭം ധരിപ്പിച്ചു്‌ ഈ ലോകത്തെ രക്ഷിക്കാന്‍! ഭയങ്കരം, അല്ലാതെന്തു്‌ പറയാന്‍? അപ്പോള്‍ എല്ലാം പഴയപോലെ: മേരി ക്രിസ്മസ്!

Dec 25, 2012, 10:03 AM

ക്രിസ്മസിന്റെ തിരക്കു്‌ കഴിഞ്ഞിട്ടു്‌ വേണം, എടീ അരുന്ധതീ, നീ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് ഒക്കെ എഴുതിയവളല്യോടീ, നീ ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോടീ എന്നൊക്കെ ചോദിച്ചു്‌ അവള്‍ക്കു്‌ ഒരു തുറന്ന കത്തെഴുതണം. ആങ്ങള-പെങ്ങള്‍ എന്ന നിലയില്‍ അവളെ നേര്‍വഴിക്കു്‌ നടത്താന്‍ ഞാനല്ലാതെ വേറെ ആരുമില്ലല്ലോ. എന്റെ ആങ്ങളസ്ഥാനം എന്നില്‍ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്നവനാണു്‌ ഞാന്‍ എന്നു്‌ പൊതുജനം കൂടി മനസ്സിലാക്കണം എന്നൊരു കടുംപിടുത്തം എനിക്കു്‌ ഉള്ളതുകൊണ്ടാണു്‌ കത്തു്‌ തുറന്നുതന്നെ ഇരിക്കട്ടെ എന്നു്‌ കരുതിയതു്.

Dec 26, 2012, 11:14 AM

ഒരു കമന്റും മറുപടിയും പ്രസക്തമെന്നു്‌ തോന്നിയതിനാല്‍ പോസ്റ്റുന്നു.

കമന്റ്: ആഘോഷിക്കാന്‍ ഒരുരുതര്‍ക്കും ഓരോ കാരണങ്ങള്‍ ….ആഘോഷങ്ങള്‍ സന്തോഷത്തിന്റെയും,ഒത്തുചേരലിന്റെതുമാകുമ്പോള്‍ ,ആഘോഷങ്ങള്‍ക്ക് പിന്നിലെ കാരണവും,അതിനുള്ളിലെ സത്യവും ,സംഗത്യവുമോന്നും നോക്കാതെ ആഘോഷികരുതോ ഓണവും,ക്രിസ്മസും,ഈദും???

മറുപടി: ആഘോഷിക്കണം. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ മാനസികവളര്‍ച്ചയ്ക്കു്‌ അതു്‌ ആവശ്യവുമാണു്‌. ചുറ്റുപാടും ക്രിസ്മസ് ട്രീകളും, നക്ഷത്രവിളക്കുകളും, അലങ്കാരങ്ങളുമെല്ലാം കാണുമ്പോള്‍ തന്റെ വീട്ടില്‍ ഇതൊന്നും കാണാന്‍ കഴിയാത്ത ഒരു കുഞ്ഞിന്റെ മനസ്സില്‍ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണെന്ന തോന്നല്‍ രൂപമെടുക്കാനുള്ള സാദ്ധ്യതയുണ്ടു്‌. അതൊരു നല്ല കാര്യമല്ല. കുഞ്ഞുങ്ങള്‍ പൊതുസമൂഹത്തിന്റെ ഒരു ഭാഗമായി വളരേണ്ടതു്‌ ആവശ്യമാണു്‌. പക്ഷേ, അതു്‌ അവരുടെ സ്വതന്ത്രമായ വ്യക്തിത്വവികസനത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഒരു ഇന്‍ഡോക്ട്രിനേഷനിലൂടെ ആവാതിരിക്കണമെന്നേയുള്ളു. ബാല്യത്തില്‍ താന്‍ കളിച്ചിരുന്നതു്‌ കഥകളുടെയും കളിപ്പാവകളുടെയും കൂട്ടത്തിലായിരുന്നു എന്നു്‌ മനസ്സിലാക്കാനും ആ കൂട്ടില്‍ നിന്നും പുറത്തുവരാനും പല മനുഷ്യര്‍ക്കും കഴിയാത്തതിന്റെ കാരണം ആ രീതിയില്‍ അവര്‍ വളര്‍ത്തപ്പെട്ടതാണു്‌. ഓരോ പ്രായത്തിലും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളേ കുഞ്ഞുങ്ങളുടെ തലയിലേക്കു്‌ തിരുകാവൂ. ദൈവവും പിശാചും, സ്വര്‍ഗ്ഗവും നരകവുമൊന്നും ഒരു കുഞ്ഞിനു്‌ മനസ്സിലാകുന്ന ലോകങ്ങളല്ല.

ഞാന്‍ പോസ്റ്റില്‍ എഴുതിയ കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു്‌ വേണ്ടിയല്ല എന്നും മനസ്സിലാക്കുമല്ലോ.

Dec 26, 2012, 2:44 PM

ഇന്നത്തെ ചിന്താവിഷയം കുണ്ടി ആയതിനാല്‍:

ഇവിടെ വേനല്‍ക്കാലത്തു്‌ വെളുത്ത പാന്റ്സ് ധരിക്കുക എന്നൊരു രീതിയുണ്ടു്‌. ഇപ്പോള്‍ അതു്‌ അത്ര നിര്‍ബന്ധമായ ഒരു “ട്രെന്‍ഡി” അല്ല എന്നതിനാല്‍ അങ്ങനെയൊരു രീതിയുണ്ടായിരുന്നു എന്നു്‌ തിരുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌, ന്ന്വച്ചാല്‍, Levi’s 501 Red Tab-നു്‌ ഏതാണ്ടു്‌ 100 യൂറോ വില ഉണ്ടായിരുന്ന പുരാതന കാലത്തു്‌, ഞാനും വാങ്ങി അതേ മോഡല്‍ ഒരു വെള്ള ലേവീസ് ജീന്‍സ്. “നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടില്‍ കിടക്കുന്ന മൂളിക്കുരങ്ങു്‌ നീ” തുടങ്ങിയ മല്ലുശ്ലോകങ്ങളല്ലാതെ, “ഓള്‍ മല്ലൂസ് ആര്‍ മൈരൂസ്” മുതലായ നവോത്ഥാനസ്ലോഗനുകള്‍ നുമ്മ ഹൃദിസ്ഥമാക്കിയിട്ടില്ലാതിരുന്ന പുണ്യപുരാതനസുവര്‍ണ്ണകാലം. ലേവീസ് ജീന്‍സില്‍ ഡോക്ടറേറ്റ് ഉള്ള ആര്‍ക്കും അറിയാവുന്നതുപോലെ, ആ പാന്റ്സിന്റെ പിന്നില്‍ വലത്തേ ചന്തിയുടെ ഭാഗത്താണു്‌ ആ കോപ്പന്മാര്‍ Levi’s എന്ന ചുവന്ന ടാബ് ഫിറ്റ് ചെയ്തിരിക്കുന്നതു്‌. ഒരിക്കല്‍ ഞാന്‍ റോഡ് സൈഡിലൂടെ ഒരു മദ്ധ്യവയസ്കയെ കടന്നു്‌ ഞെളിഞ്ഞുപിരിഞ്ഞു്‌ മുന്നേറിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ വിളിച്ചുപറഞ്ഞു: “എച്ച്യൂസ് മി, ഞാന്‍ നിങ്ങളെ ഒന്നു്‌ ശല്യം ചെയ്തുകൊള്ളട്ടെ”? ഒരു കാവലിയര്‍ പ്രതികരിക്കേണ്ടുന്ന വിധത്തില്‍ നിന്നും ഒട്ടും പിന്നോട്ടു്‌ പോകാതെ ഞാന്‍ പറഞ്ഞു: “ബഹുമാന്യയായ യുവസുന്ദരീ, താങ്കള്‍ ചുമ്മാ എന്നെ ശല്യം ചെയ്തോളൂ.”

അപ്പോള്‍ അവള്‍: “താങ്കളുടെ പാന്റ്സിന്റെ പുറകില്‍ രക്തം കാണുന്നു.” “അമ്പടി തൈക്കിളവീ, എന്റെ കുണ്ടിയിലേക്കായിരുന്നു നിന്റെ നോട്ടം അല്ലേ?” എന്നു്‌ എന്നിലെ മല്ലു മനസ്സില്‍ പറഞ്ഞതു്‌ “ആദരണീയായ മനോഹരീ, നിങ്ങളുടെ ശ്രദ്ധയ്ക്കു്‌ വളരെ നന്ദി. പക്ഷേ, അതു്‌ ആ പാന്റ്സിലെ ഒരു ചുവന്ന ടാബാണു്‌. ഞാന്‍ അതില്‍ അങ്ങേയറ്റം നിസ്സഹായനാണു്‌” എന്ന വാക്കുകളിലൂടെ പുറത്തുവന്നു. ഓ എച്ച്യൂസ് മി, താങ്കളെ ശല്യം ചെയ്യേണ്ടി വന്നതില്‍ ഞാന്‍ ഹൃദയം പൊട്ടി ഖേദിക്കുന്നു.” ഞാന്‍: നോ പ്രോബ്ലം, മാം. താങ്കള്‍ക്കു്‌ ഒരു ശുഭദിനം ആശംസിക്കുന്നു.” (“നീ പോയി തൂങ്ങിച്ചാവെടീ, ചന്തീലു്‌ നോക്കിത്തള്ളേ” എന്നു്‌ മല്ലൂസ് ഭാഷ).

അപ്പോള്‍ ദാണ്ടെ വരുന്നൂ, ഏതു്‌ പാടാത്ത വീണയും പാടിപ്പോകുന്ന തരം ഒരു ആഫ്രൊഡൈറ്റി. ഗണിതശാസ്ത്രപരമായി പറഞ്ഞാല്‍, ‘8’ എന്നെഴുതിയതുപോലുള്ള ഒരു സ്ത്രീരൂപം. ഞാന്‍ അറിയാതെ (മനസ്സില്‍) പാടിപ്പോയി: “യവന സുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ” അപ്പോള്‍ “ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു്‌ ഞാൻ, പ്രേമ തപസ്സിരുന്നവളാണു്‌ ഞാൻ” എന്നു്‌ തിരിച്ചു്‌ പാടേണ്ടതിനു്‌ പകരം ആ ഹൃദയശൂന്യ എന്റെ മുഖത്തേക്കു്‌ പോയിട്ടു്‌ ഞാന്‍ 100 യൂറോ മുടക്കി വാങ്ങിയ ലേവീസിലേക്കുപോലും നോക്കാതെ ആര്‍ക്കോ വായുഗുളിക വാങ്ങാന്‍ പോകുന്ന പോലെ എന്നെക്കടന്നു്‌ ചീറിപ്പാഞ്ഞുപോയി. കോപ്പു്‌.

അതുവഴി സത്യാന്വേഷണപരൂക്ഷ പാസ്സാവുന്നതിനു്‌ വേണ്ടിയുള്ള എന്റെ പഠനത്തില്‍ ഒരു അദ്ധ്യായം കൂടി ഞാന്‍ കവര്‍ ചെയ്തു: “പുരുഷനിതംബത്തിന്റെ ഭംഗി ആസ്വദിക്കാനുള്ള ശേഷി സ്ത്രീകള്‍ക്കു്‌ ലഭിക്കുന്നതു്‌ അവര്‍ ഒരു പ്രത്യേക പ്രായം പിന്നിട്ടു്‌ കഴിഞ്ഞതിനു്‌ ശേഷം മാത്രമാണു്‌”.

http://en.wikipedia.org/wiki/Aphrodite

Dec 26, 2012, 4:21 PM

വിപ്ലവം വരുന്ന വഴികള്‍, പോകുന്ന വഴികള്‍.

Dec 27, 2012, 10:35 AM

ക്രിസ്മസ് ഈവില്‍ പത്തുമണിക്കു്‌ ജര്‍മ്മനിയിലെ ബോണില്‍ 24 വയസ്സുള്ള ഒരു ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിയെ രണ്ടു്‌ ഇസ്ലാമിസ്റ്റുകള്‍ ചേര്‍ന്നു്‌ ആക്രമിച്ചത്രെ. ഇസ്ലാമിലേക്കു്‌ കണ്‍വെര്‍ട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം നാവു്‌ മുറിച്ചുകളയും എന്നുമായിരുന്നു പോലും ഭീഷണി. എങ്ങനെയോ രക്ഷപെട്ട അവന്‍ പോലീസില്‍ പരാതി നല്‍കി. നാവിലെ പരിക്കുകള്‍ അത്ര സാരമായവയല്ല എന്നു്‌ ഹോസ്പിറ്റല്‍ അധികൃതര്‍. അവന്റെ മൊഴി അവിശ്വസനീയമായി തോന്നുന്നില്ലെന്നാണു്‌ പോലീസിന്റെ ഭാഷ്യം. സാധാരണ രീതിയിലുള്ള ഒരു ശാരീരിക ആക്രമണം എന്ന വകുപ്പില്‍ പെടുന്നതല്ലാത്തതിനാല്‍ പ്രത്യേക വിഭാഗം പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടു്‌. രണ്ടുദിവസമായി റേഡിയോയില്‍ ഇതൊരു പ്രധാന വാര്‍ത്തയാണു്‌. അവസാനം, അവന്‍ വല്ല സംഘിയുമാണെന്നോ, ഇസ്ലാം വിരോധം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നോ ഒന്നും വരാതിരുന്നാല്‍ മതിയായിരുന്നു.

എന്തായാലും സ്നേഹസ്വരൂപികളായ ദൈവങ്ങള്‍ മനുഷ്യമനസ്സില്‍ വിതയ്ക്കുന്ന സമാധാനത്തിന്റെ വിത്തുകള്‍ ആയിരവും പതിനായിരവുമൊന്നുമല്ല, അതിലൊക്കെ വളരെക്കൂടുതല്‍ മേനി വിളയുന്നവയാണു്‌.

Dec 29, 2012, 9:29 AM

“ഏതൊരു കാര്യത്തെസംബന്ധിച്ചും തുല്യന്യായത്തോടെ രണ്ടുപക്ഷത്തേയ്ക്കും ചര്‍ച്ച ചെയ്യാനാവും. ഏതൊരു കാര്യത്തെസംബന്ധിച്ചും തുല്യന്യായത്തോടെ രണ്ടുപക്ഷത്തേയ്ക്കും ചര്‍ച്ച ചെയ്യാനാവുമോ എന്ന കാര്യത്തെ സംബന്ധിച്ചുപോലും അതുപോലൊരു ചര്‍ച്ച സാദ്ധ്യമാണു്‌. ഓരോ അവകാശവാദവും മറ്റൊന്നിനു്‌ എതിരെയാണു്‌ നില്‍ക്കുന്നതു്‌.” – പ്രോട്ടഗോറസ് (ca. 485 – 415 BC)

ചര്‍ച്ചയും വിമര്‍ശനവും ഹാസ്യവുമെല്ലാം ഒരു ജനാധിപത്യസമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താനാവുന്ന കാര്യങ്ങളല്ല. പക്ഷേ, വ്യക്തി ബലാല്‍സംഗം ചെയ്യപ്പെടുന്നതും, മത-, രാഷ്ട്രീയശക്തികളാല്‍ സമൂഹം വ്യഭിചരിക്കപ്പെടുന്നതും പോലുള്ള, സമൂഹത്തിന്റെ ജീര്‍ണ്ണതയിലേക്കു്‌ വിരല്‍ ചൂണ്ടുന്ന ഗൗരവതരമായ വിഷയങ്ങളിലെങ്കിലും ചര്‍ച്ചകള്‍ ചര്‍ച്ചാവ്യഭിചാരമാവാതിരുന്നെങ്കില്‍ എന്നുമാത്രം ആഗ്രഹിക്കുന്നു.

Dec 30, 2012, 9:37 AM

രാവിലെ ശിവലിംഗക്ഷേത്രത്തില്‍ ഒരു പുഷ്പാര്‍ച്ചന. ഉച്ചക്കു്‌ ബലാല്‍സംഗക്കുരുതിയോടു്‌ രോഷം പ്രകടിപ്പിക്കാന്‍ സില്‍മാനടീനടന്മാരോടൊപ്പം ഒരു കാല്‍നടജാഥ. വൈകിട്ടു്‌ കലക്കന്‍ സ്റ്റണ്ടും, ഉശിരന്‍ ബലാല്‍സംഗവുമുള്ള ഒരു മല്ലു ഫിലിം. തിരക്കുതന്നെ.

Dec 30, 2012, 10:41 AM

ഒരുവന്‍ എത്രമാത്രം പ്രിമിറ്റീവ് ആയാലാണു്‌ എഴുത്തും വായനയുമറിയാത്ത ഒരു മദ്ധ്യവയസ്കനു്‌ അവന്റെ പേരക്കിടാവാകാന്‍ പോന്ന ഒരു ഒന്‍പതു്‌ വയസ്സുകാരി ബാലികയെ (പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കിടന്നുമുള്ളല്‍ പോലും മാറിയിരിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു പെണ്‍കുട്ടിയെ) ഭോഗിക്കാനുള്ള അനുവാദം നല്‍കാനായി പ്രപഞ്ചനാഥന്‍ (അതേന്നു്‌, ഇക്കണ്ട ഗ്യാലക്സികളെയും ബ്ലാക്ക് ഹോളുകളെയും മറ്റു്‌ സകല പണ്ടാരങ്ങളെയും സൃഷ്ടിച്ച ആ ചങ്ങായിതന്നെ.) ഭൂമിയിലേക്കു്‌ വന്നു എന്നു്‌ വിശ്വസിക്കാന്‍ കഴിയുക?

ഒരുവന്റെ തലയില്‍ എത്രമാത്രം ചാണകം ഉണ്ടായാലാണു്‌, ഒരുവശത്തു്‌ ഈ പ്രാകൃതകഥ ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒരു സത്യമാണു്‌ എന്നു്‌ വിശ്വസിക്കുകയും, മറുവശത്തു്‌ ലോകത്തില്‍ അവിടെയുമിവിടെയും ചില ലൈംഗികപെര്‍വെര്‍ട്ടുകള്‍ നടത്തുന്ന, മൃഗങ്ങളെ ലജ്ജിപ്പിക്കുന്ന തരം കാട്ടാളത്തത്തിന്റെ കാരണം തുണിയും കോണകവുമാണെന്നു്‌ വാദിക്കാന്‍ കഴിയുക?

ഒരുവന്റെ തലയില്‍ എത്രമാത്രം ചെളി ഉണ്ടായാലാണു്‌, മരണശേഷം സ്വര്‍ഗ്ഗത്തില്‍ ഇഷ്ടാനുസരണം ഭോഗിക്കാന്‍ യുവസുന്ദരികളെയും ബാലന്മാരെയും ലഭിക്കുമെന്നും കുടിച്ചു്‌ കൂത്താടാന്‍ മദ്യപ്പുഴകള്‍ ഉണ്ടാവുമെന്നുമൊക്കെ വിശ്വസിച്ചുകൊണ്ടു്‌ ഈ ലോകത്തിലെ സദാചാരത്തിനും മദ്യനിരോധനത്തിനും സ്ത്രീശരീരത്തെ ഒളിപ്പിച്ചു്‌ വയ്ക്കലിനുമൊക്കെ വേണ്ടി തൊള്ള തുറക്കാനാവുക?

ഒരുവന്‍ എത്രമാത്രം സെക്സ് ഒബ്സെസ്ഡ് ആയാലാണു്‌ സ്ത്രീയെന്നോ, സ്ത്രീയുടെ വസ്ത്രധാരണമെന്നോ കേള്‍ക്കുമ്പോള്‍ മറ്റൊരു വിഷയത്തിലും കാണിക്കാത്ത ആവേശത്തോടെ അങ്ങോട്ടേയ്ക്കു്‌ ഇരച്ചുകയറാന്‍ അവനു്‌ തോന്നുന്നതു്‌?

സ്ത്രീ അത്ര ഭീകരമായ ഒരു സാധനമായിരുന്നെങ്കില്‍ ഈ &%§$& ദൈവത്തിനു്‌ അവളെ സൃഷ്ടിക്കാതിരുന്നുകൂടായിരുന്നോ? അതോ ആരെങ്കിലും അയാളെ അതിനായി നിര്‍ബന്ധിച്ചിരുന്നോ?

Dec 31, 2012, 1:13 PM

ഒരു വൃത്തത്തിന്റെ സര്‍ക്കംഫ്രെന്‍സിലൂടെ ഒരുവട്ടം നടക്കുമ്പോള്‍ നമ്മള്‍ 360° കവര്‍ ചെയ്യും. അപ്പോള്‍ നമ്മള്‍ എത്തുന്നതു്‌ 360°-യും 0°-യും ചേരുന്ന ഒരു കോഓര്‍ഡിനേറ്റ് സിന്‍ഗ്യുലാരിറ്റിയില്‍ ആണു്‌. വൃത്തം സൈക്ലിക്കല്‍ ആയതാണു്‌ കാരണം. ഈ ചിന്തയൊന്നും ഇല്ലാതെ ഒരു ഉറുമ്പിനു്‌ ആ സിന്‍ഗ്യുലാരിറ്റിയെയും കടന്നു്‌ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ തുടര്‍ന്നു്‌ നടക്കാനാവും എന്നതാണു്‌ “അത്ഭുതം”. ഓരോ ന്യൂയിയറിലും സൂര്യനെ ചുറ്റിയുള്ള ചലനത്തില്‍ ഭൂമി ഒരു കോഓര്‍ഡിനേറ്റ് സിന്‍ഗ്യുലാരിറ്റിയെ കടന്നു്‌ പോകുന്നു എന്നല്ലാതെ തലപോകുന്ന മറ്റു്‌ കാര്യങ്ങളൊന്നും സംഭവിക്കുന്നില്ല. അതിനാലാവണം വൃത്തത്തിലൂടെ നടക്കുന്ന ഉറുമ്പും, ഭ്രമണപഥത്തിലൂടെ ചലിക്കുന്ന ഭൂമിയും ആ അവസരത്തില്‍ വലിയ ആഘോഷമോ വെടിക്കെട്ടോ ഒന്നും നടത്താത്തതു്‌. 2012 ഡിസംബര്‍ 31 രാത്രി 11 മണി 59 മിനുട്ട് 59 സെക്കന്‍ഡ്, 2013 ജനുവരി രാത്രി 0 മണി 0 മിനുട്ട് 0 സെക്കന്‍ഡ് മുതലായവ വട്ടം ചുറ്റികളായ ഭൂമിയുടെയും ഉറുമ്പിന്റെയും കാഴ്ചപ്പാടില്‍ വെറും കോപ്രായങ്ങള്‍ മാത്രമായിരിക്കണം.

വ്യക്തിപരമായി പറഞ്ഞാല്‍, 2013-ല്‍ ഒരുപാടു്‌ നല്ല കാര്യങ്ങള്‍ ചെയ്യണമെന്നു്‌ ഞാന്‍ കരുതിയിരുന്നു. നിലവിളക്കുകൊളുത്തി ഭക്തിപൂര്‍വ്വം പ്രതിജ്ഞയെടുക്കാന്‍ തുടങ്ങിയപ്പോഴാണു്‌ Samoa-യില്‍ 2013 തുടങ്ങിയിട്ടു്‌ രണ്ടു്‌ മണിക്കൂറായെന്നു്‌ കേട്ടതു്‌. ഇനിയിപ്പോള്‍ അടുത്തവര്‍ഷാരംഭത്തില്‍ നോക്കണം. അലറാന്‍ ഇപ്പൊഴേ വച്ചിട്ടുണ്ടു്‌.

ഓ, ഇപ്പോ മറന്നേനെ, വേണ്ടവര്‍ക്കൊക്കെ നവവത്സരാശംസകള്‍!

Dec 31, 2012, 5:18 PM

കൂട്ടബലാല്‍സംഗം മൂലം മരണമടഞ്ഞ പെണ്‍കുട്ടിയോടും കുടുംബത്തോടുമുള്ള സൊളിഡാരിറ്റിയുടെ പേരില്‍ ഡല്‍ഹിയില്‍ ആര്‍മിയിലടക്കം നവവത്സരാഘോഷങ്ങള്‍ ക്യാന്‍സല്‍ ചെയ്തതായി റേഡിയോ വാര്‍ത്ത കേട്ടു. മതവും രാഷ്ട്രീയവും കൂടി സഹസ്രാബ്ദങ്ങളിലൂടെ ഭാരതീയസമൂഹത്തെ ബലാല്‍സംഗം ചെയ്തിട്ടും ജനങ്ങളുടെ പ്രതികരണശേഷി എന്നേക്കുമായി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നു്‌ കേള്‍ക്കുന്നതിലും, ലോകത്തിന്റെ ദൃഷ്ടി ഭാരതത്തിലേക്കു്‌ കൂടി തിരിഞ്ഞാണു്‌ ഇരിക്കുന്നതെന്നു്‌ അറിയാന്‍ കഴിയുന്നതിലുമുള്ള സന്തോഷം, അതുമാത്രം.

November 2012

Nov 2, 2012, 9:36 AM

ബഹുമാനപ്പെട്ട സുപ്രീം കോടതിയോടു്‌ താഴ്മയായി ഒരപേക്ഷ: മനുഷ്യര്‍ക്കു്‌ നേര്‍വഴിയെ നടക്കാന്‍ മാതൃകയാവുന്നവിധം ദൈവങ്ങള്‍ക്കു്‌ നേര്‍വഴി കാണിച്ചുകൊടുക്കാന്‍ അവിടുന്നു്‌ കനിവുണ്ടാവണം.

പതിനാറായിരത്തെട്ടു്‌ ഭാര്യമാരുണ്ടായിരുന്ന ദൈവത്തിന്റെ നാട്ടിലും, ഒന്‍പതു്‌ വയസ്സുകാരി പെണ്‍കുട്ടിയെ ഭോഗിക്കാന്‍ എഴുത്തും വായനയും അറിയാത്ത ഒരു മനുഷ്യനെ തോന്നിപ്പിച്ച ദൈവത്തിന്റെ നാടുകളിലും, ഒന്നിലധികം ഭാര്യമാരെ ഒരേസമയം ഔദ്യോഗികമായി വച്ചുകൊണ്ടിരിക്കാന്‍ മോര്‍മണ്‍ സെക്റ്റിനെ അനുവദിക്കുന്ന ദൈവത്തിന്റെ നാട്ടിലുമൊക്കെ ജീവിക്കുന്നവരാണു്‌ നേര്‍വഴിയെ നടക്കാന്‍ കൊതിക്കുന്ന മനുഷ്യര്‍. ഇതില്‍ അവസാനത്തെ ദൈവം ഒരു മോര്‍മണ്‍ അമേരിക്കയുടെ പ്രസിഡന്റ് ആയി കാണാന്‍ ആഗ്രഹിക്കുക പോലും ചെയ്യുന്നത്ര സാത്വികനാണു്‌. നന്മ തുടങ്ങേണ്ടതു്‌ ദൈവത്തില്‍ നിന്നുമാണു്‌. ദൈവത്തില്‍ നിന്നും തുടങ്ങിയല്ലാതെ മനുഷ്യനു്‌ നന്മ ലഭിക്കുക സാദ്ധ്യമല്ലതന്നെ!

മനുഷ്യനന്മയുടെ കാര്യമായതിനാല്‍, ഈ കേസുകെട്ടു്‌ അധികനാള്‍ നീട്ടിക്കൊണ്ടുപോകാതിരുന്നാല്‍ ബഹുമാനപ്പെട്ട കോടതിക്കു്‌ തീര്‍ച്ചയായും ദൈവാനുഗ്രഹമുണ്ടാവും.

Nov 2, 2012, 10:13 AM

ശ്രീ നാരായണഗുരുവിനെ ഭക്തര്‍ അധികം താമസിയാതെ പച്ച, കത്തി, താടി, കരി മുതലായ കഥകളി വേഷങ്ങളിലോ, വെസ്റ്റേണ്‍ മോഡലില്‍ കോട്ടും സ്യൂട്ടും ഹാറ്റുമൊക്കെ ധരിച്ചോ, ഭഗവാന്റെ വിശ്വരൂപമാതൃകയിലോ ഒക്കെ അവതരിപ്പിക്കുമെന്നു്‌ കരുതാം. “Fine feathers make fine birds”.

Nov 2, 2012, 2:23 PM

ഒരേസമയം തന്നെ സ്നേഹമയനും, തത്സമയം തന്നെ ഭയങ്കരനും, അതേസമയം തന്നെ നീതിമാനും പരമകാരുണികനുമായ ദൈവമെ, എനിക്കു്‌ നിന്നോടു്‌ ഒരുപാടു്‌ കാര്യങ്ങള്‍ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടു്‌. എങ്കിലും, “എന്തിനേറെപ്പറയുന്നു തന്തയില്ലാത്തവനോടു്‌, ഏറെയേറെ പറഞ്ഞെന്നാല്‍ തന്തയുണ്ടാമോ?” എന്ന, എല്ലാം അറിയുന്നവനായ അങ്ങു്‌ തീര്‍ച്ചയായും കേട്ടിട്ടില്ലാതിരിക്കാന്‍ വഴിയില്ലാത്ത, മഹദ്വചനപ്രകാരം ഞാന്‍ ഒന്നും പറയുന്നില്ല.

Nov 2, 2012, 4:01 PM

ഫെയ്സ് ബുക്ക് തുറന്നപ്പോള്‍ കണ്ടതും കേട്ടതുമായ ഒരു പാട്ടു്‌:

“പറന്നുപറന്നുപറന്നുചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നുകൂട്ടി ഞാനൊരു പൂമരക്കൊമ്പില്‍.”

പറന്നുചെല്ലാന്‍ പറ്റാത്ത കാടുകളില്‍ “ഞാന്‍” കൂടുകൂട്ടിയതു്‌ അവിടെവരെ നടന്നുചെന്നും, കാട്ടുവള്ളികള്‍ കൊണ്ടു്‌ തളപ്പിട്ടു്‌ പൂമരത്തില്‍ വലിഞ്ഞുകയറിയും ആണെന്നു്‌ വേണമെങ്കില്‍ കരുതാമെങ്കിലും, ഒരു കൂടു്‌ ഒരു പൂമരത്തിന്റെ കൊമ്പില്‍ ഒന്നിലധികം കാടുകളിലായി നായകന്‍ എങ്ങനെ കൂട്ടിയെന്നു്‌ മനസ്സിലാവുന്നില്ല. ഇനി, പല കാടുകളിലായി പല കൂടുകള്‍ ഉണ്ടെന്നു്‌ കരുതിയാല്‍ത്തന്നെ, പറക്കാന്‍ ആഗ്രഹിക്കുന്ന ഒരുവനാണു്‌ താന്‍ എന്ന തോന്നല്‍ ഇവിടെ കഥാനായകന്‍ ഉണര്‍ത്തുന്നുണ്ടു്‌ എന്നതിനാല്‍, പറന്നുചെല്ലാന്‍ പറ്റാത്ത കാടുകളില്‍ ഒന്നോ ഒന്നിലധികമോ കൂടുകള്‍ കൂട്ടി വച്ചിട്ടു്‌ എന്തു്‌ പ്രയോജനം എന്നും മനസ്സിലാവുന്നില്ല. അത്ര എളുപ്പം പരിഹാരം കാണാന്‍ കഴിയുന്ന ഒരു പ്രശ്നമല്ല അതു്‌. സാധാരണഗതിയില്‍ ഇത്തരം പ്രശ്നങ്ങള്‍ക്കു്‌ എന്തെങ്കിലും പരിഹാരം എഴുതിവച്ചിട്ടുണ്ടെങ്കില്‍ അതു്‌ ആദിഗ്രന്ഥങ്ങളില്‍ മാത്രമാണു്‌. എല്ലാ ഓലക്കെട്ടുകളും ചികഞ്ഞു്‌ നോക്കേണ്ടിവരും. “ചിന്താഭാരം” മൂലം ഇന്നിനി എന്തായാലും സ്വൈര്യമായി ഉറങ്ങാന്‍ കഴിയുമെന്നു്‌ തോന്നുന്നില്ല. 🙂

Nov 5, 2012, 7:09 PM

 1. “മണ്ടത്തരം ചെയ്യുന്നവനാണു്‌ മണ്ടന്‍.” – Forrest Gump
 2. “തലയില്‍ വയ്ക്കോലുള്ളവന്‍ സത്യത്തിന്റെ തീപ്പൊരികളെ ഭയപ്പെടുന്നു.” – Jupp Müller
 3. “പൊള്ളയായ തലകൊണ്ടു്‌ കുലുക്കാന്‍ എളുപ്പമാണു്‌.” – Zarko Petan
 4. “വിഡ്ഢിത്തം ഉരുണ്ടതാണു്‌. അതു്‌ എവിടെ ആരംഭിക്കുന്നുവെന്നോ, എവിടെ അവസാനിക്കുന്നുവെന്നോ ആര്‍ക്കും അറിയില്ല.” – Ernst Ferstl
 5. “എന്തു്‌ വിഡ്ഢിത്തവും പറയാന്‍ ഭയമില്ല എന്നതാണു്‌ വിഡ്ഢികളുടെ ഏറ്റവും വലിയ ശക്തി.” – Jean Cocteau
 6. “ഗൗരവം ഭാവിക്കാന്‍ വിഡ്ഢിത്തം മതി, പക്ഷേ, പ്രസന്നതയ്ക്കു്‌ അവബോധം അനിവാര്യമാണു്‌.” – William Shakespeare
 7. “അധികം സ്മാരകങ്ങളും പൊള്ളയാണു്‌.” – Stanislaw Jerzy Lec
 8. “ചോയിസ് ഒരുപാടുള്ളതിനാല്‍, ഒരേ മണ്ടത്തരം വാസ്തവത്തില്‍ മനുഷ്യന്‍ ജീവിതത്തില്‍ രണ്ടുവട്ടം ചെയ്യേണ്ടതില്ല.” – Bertrand Russell
 9. “ബുദ്ധിയുള്ളവന്‍ വിട്ടുകൊടുക്കുന്നു. ഈ ദുഃഖസത്യത്തിലാണു്‌ വിഡ്ഢിത്തത്തിന്റെ ലോകാധിപത്യത്തിന്റെ അടിത്തറ.” – Marie von Ebner-Eschenbach
 10. “ഒന്നും അറിയാത്തവന്‍ എല്ലാം വിശ്വസിക്കണം.” – Marie von Ebner-Eschenbach
 11. “സത്യം അറിയാത്തവന്‍ ഒരു വിഡ്ഢി മാത്രമാണു്‌. പക്ഷേ, സത്യം അറിയുകയും അതിനെ നുണയെന്നു്‌ വിളിക്കുകയും ചെയ്യുന്നവന്‍ ഒരു ക്രിമിനലാണു്‌.” Bertolt Brecht
 12. “നമ്മള്‍ എല്ലാവരും ജീവിക്കുന്നതു്‌ ഒരേ ആകാശത്തിനു്‌ കീഴിലാണു്‌. പക്ഷേ, നമ്മള്‍ എല്ലാവരും ഒരേ ചക്രവാളമുള്ളവരല്ല.” – Konrad Adenauer
 13. “പൊതുവിന്റെ ഓരോ അഭിപ്രായവും, പൊതുവായ ഓരോ ആചാരവും മൂഢത്വമാണെന്നു്‌ പന്തയം വയ്ക്കാം. കാരണം, വലിയൊരു കൂട്ടത്തിനു്‌ ഇഷ്ടപ്പെട്ടവയാണു്‌ അവ.” – Nicolas Chamfort
 14. “പാരമ്പര്യം ഒരു വിളക്കാണു്‌. വിഡ്ഢി അതിനെ മുറുകെപ്പിടിയ്ക്കുന്നു, സമര്‍ത്ഥനു്‌ അതു്‌ വഴി തെളിയ്ക്കുന്നു.” – George Bernard Shaw
 15. “സജീവമായ അജ്ഞതയെക്കാള്‍ ഭീകരമായതല്ല മറ്റൊന്നും.” – Johann Wolfgang von Goethe
 16. “ഭൂമിയിലെ കീഴടക്കാനാവാത്ത ഏറ്റവും വലിയ ശക്തിയാണു്‌ അജ്ഞത.” – Anselm Feuerbach
 17. “എഴുതാനും വായിക്കാനും പഠിച്ചിട്ടു്‌ ചിന്ത മറ്റുള്ളവരെ ഏല്പിച്ചാല്‍ അതുകൊണ്ടു്‌ മനുഷ്യനു്‌ എന്തു്‌ പ്രയോജനമാണുള്ളതു്‌?” – Ernst R. Hauschka
 18. “ബുദ്ധികൊണ്ടുള്ള നേട്ടം കുടികൊള്ളുന്നതു്‌ മനുഷ്യനു്‌ മണ്ടനായി നടിക്കാനാവും എന്നതിലാണു്‌. മറിച്ചാവുന്നതു്‌ കൂറെക്കൂടി ദുഷ്കരമാണു്‌.” – Kurt Tucholsky
 19. “എല്ലാം സാദ്ധ്യമാണു്‌, നിങ്ങളുടെ പൊട്ടച്ചോദ്യങ്ങള്‍ പോലും.” – Joschka Fischer
 20. “ചില സമകാലികരുടെ ശ്രേഷ്ഠത, ആരാധകരുടെ വെളിവില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു.” – Heiner Geißler
 21. “ആദ്യത്തെ മനുഷ്യനായിരുന്നില്ല അവസാനത്തെ കുരങ്ങന്‍.” – Erich Kästner

Nov 8, 2012, 6:38 PM

പരാശരമുനിയുടെ വിശദീകരണപ്രകാരം ഭഗവാന്‍ എന്നാല്‍, ആറുതരത്തില്‍ പൂര്‍ണ്ണതയുള്ളവനാണു്‌ – പൂര്‍ണ്ണശക്തി, പൂര്‍ണ്ണപ്രശസ്തി, പൂര്‍ണ്ണജ്ഞാനം, പൂര്‍ണ്ണസൗന്ദര്യം, പൂര്‍ണ്ണസമ്പത്തു്‌, പൂര്‍ണ്ണപരിത്യാഗം.

ഭൂമിയിലായിരുന്നപ്പോള്‍ കൃഷ്ണനു്‌ ഇപ്പറഞ്ഞ ഡിങ്കോള്‍ഫികള്‍ എല്ലാമുണ്ടായിരുന്നു. അതിനാലാണു്‌, അതിനാല്‍ മാത്രമാണു്‌, പരാശരമുനിയെപ്പോലുള്ള മഹാജ്ഞാനികള്‍ ദൈവത്തിന്റെ അത്യുന്നതവ്യക്തിത്വമായി കൃഷ്ണനെ ഐകകണ്ഠേന അംഗീകരിച്ചതു്‌. അല്ലാതെ, മുസ്ലി പവ്വര്‍ എക്സ്ട്രാ കഴിച്ചാല്‍ പോലും ശക്തിയില്ലാതെ, മനുഷ്യരുടെയിടയില്‍ ഒരു പ്രശസ്തിയുമില്ലാതെ, കാര്യങ്ങളുടെ (കാരണങ്ങളുടെയും) ഇരിപ്പും കിടപ്പും സംബന്ധിച്ചു്‌ ഒരു ഗ്രാഹ്യവുമില്ലാതെ, കാക്കയുടെ അത്രപോലും സൗന്ദര്യമില്ലാതെ, ഏഴാം മാളികമുകളിലെ കട്ടിലില്‍ ഇരുന്നോ, ഒരുപക്ഷേ കിടന്നോ, രുഗ്മിണി വായിക്കുന്ന ഏതോ കഥാപ്പുസ്തകം (കാമസൂത്രവുമാവാം) കേട്ടുകൊണ്ടിരുന്ന കൃഷ്ണനെ കാണാന്‍ പഴന്തുണിയില്‍ കല്ലും നെല്ലും കലര്‍ന്ന അവിലും പൊതിഞ്ഞുകൊണ്ടു്‌ യാത്ര തിരിച്ച കുചേലന്റെ മടിയില്‍ ഉണ്ടായിരുന്ന അത്രപോലും ചില്ലറ സ്വന്തമായില്ലാതെ, ഇതെല്ലാം ഉണ്ടായാലും “ആര്‍ക്കുവേണം ഇതൊക്കെ?” എന്നു്‌ ചോദിച്ചു്‌ അവയെല്ലാം പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ മാത്രം പരിത്യാഗമനസ്ഥിതിയില്ലാതെ, ചുമ്മാ ആരെങ്കിലും വന്നു്‌ ഞാന്‍ ഭഗവാനാണു്‌, എന്റെ വിശ്വരൂപം നോക്കി ബോദ്ധ്യപ്പെട്ടോളൂ എന്നും മറ്റും പറഞ്ഞാല്‍ മയങ്ങുന്നവരല്ല പരാശരമുനിയെപ്പോലുള്ള മഹാജ്ഞാനികള്‍. അവര്‍ വേറെ ജനുസ്സുകള്‍! ബിരുദത്തിനായി മുന്നില്‍ വന്നുനില്‍ക്കുന്നവന്‍ പേരുകേട്ട ശക്തനും, സുന്ദരനായ ജ്ഞാനിയും, ഉള്ളതു്‌ മുഴുവന്‍ തങ്ങള്‍ക്കു്‌ ദാനം ചെയ്യാന്‍ മടിയ്ക്കാത്ത ധനികനും ആണോ എന്നൊക്കെ സമഗ്രമായി പരിശോധിച്ചു്‌ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ജ്ഞാനികളായ മുനികള്‍ ദൈവത്തിനായാലും അത്യുന്നതവ്യക്തിത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളു. ചില സ്പെഷ്യല്‍ ഡോക്ടറേറ്റുകള്‍ പോലെ, ഒരു മതത്തില്‍ ഒരേയൊരു അപേക്ഷകനു്‌ മാത്രം പതിച്ചുകൊടുക്കപ്പെടുന്ന ഒരു ഉന്നതബിരുദമാണതു്‌.

എനിക്കു്‌ മനസ്സിലാവാത്തതു്‌, പൂര്‍ണ്ണമായി പരിത്യജിക്കേണ്ട നാലഞ്ചു്‌ പൂര്‍ണ്ണതകളെ എന്തിനു്‌ ഒരുവന്‍ – അവന്‍ ദൈവമായാല്‍ പോലും – വെറുതെ ചുമന്നുകൊണ്ടു്‌ നടക്കുന്നു എന്നതാണു്‌. മോര്‍ ലഗ്ഗേജ്, മോര്‍ കംഫര്‍ട്ട് എന്നാവുമോ ദേവലോകത്തിലെ മുദ്രാവാക്യം? അഗ്രചര്‍മ്മം വച്ചുപിടിപ്പിച്ചിട്ടു്‌, അല്ലെങ്കില്‍ വേണ്ട, ചെത്തിക്കളഞ്ഞേക്കൂ, ഭാരം കുറഞ്ഞിരിക്കും എന്നു്‌ കല്‍പിക്കുന്നതുപോലെതന്നെ ‘ഉദാത്തമായ’ ഒരേര്‍പ്പാടല്ലേ അതു്‌? സ്കിറ്റ്സോഫ്രേനിയ എന്ന, മനുഷ്യരുടെയിടയില്‍ ഒരു രോഗമായ വിഭക്തവ്യക്തിത്വം ദൈവങ്ങളുടെയിടയില്‍ ഒരു സദ്ഗുണമായിരിക്കാനേ വഴിയുള്ളു.

ദൈവങ്ങള്‍ക്കു്‌ ദൈവങ്ങളാവാന്‍ നിര്‍ബന്ധമായും വേണ്ട ഒരു നിബന്ധന മനുഷ്യര്‍ ഉണ്ടായിരിക്കണം എന്നതാണു്‌. ജന്തുക്കളിലും, സസ്യങ്ങളിലും, നക്ഷത്ര-, ഗ്രഹജീവികളിലുമെല്ലാം ദൈവത്തിന്റെ ആത്മാവു്‌ വസിക്കുന്നുണ്ടെങ്കിലും, അവയ്ക്കൊന്നും ആത്മീയവിഷയത്തില്‍ മനുഷ്യന്റെയത്ര താത്പര്യമില്ല. അതിനാല്‍ എല്ലാം മനുഷ്യര്‍ തന്നെ ചെയ്യണം. ദൈവങ്ങള്‍ പലരൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നതിനാല്‍, ദൈവം ഉണ്ടെന്നു്‌ വിശ്വസിച്ചതുകൊണ്ടു്‌ മാത്രം കാര്യമില്ല, ദൈവത്തെ ദൈവം എന്നു്‌ തിരിച്ചറിയാന്‍ കഴിയുകയും വേണം. ദൈവം കുരങ്ങാവുമെങ്കിലും, എല്ലാ കുരങ്ങുകളും ദൈവങ്ങളാവുകയില്ല. അതോ ആവുമോ? ‘അമ്മയുടെ’ കാല്‍ കഴുകുന്നതിനേക്കാളോ, കേരളത്തിലെ ഷവര്‍മ്മ കഴിക്കുന്നതിനെക്കാളോ കൂടിയതൊന്നും അതുവഴിയും സംഭവിക്കുകയില്ലെങ്കിലും, ദൈവമല്ലാത്ത വല്ല പട്ടിയെയോ പൂച്ചയെയോ ഒക്കെ കയറി ദൈവമെന്നു്‌ വിളിക്കുകയും നാലുകാലുകളും കഴുകി വെള്ളം കുടിക്കുകയുമൊന്നും ചെയ്യേണ്ടിവരരുതല്ലോ. അവിടെയാണു്‌ പരാശരമുനിയെപ്പോലെ മഹാജ്ഞാനികളായ വ്യാഖ്യാതാക്കളുടെ പ്രസക്തി. ദൈവമേതു്‌ ദൈവമല്ലാത്തതേതു്‌, വെളിപാടേതു്‌ വെളിപാടല്ലാത്തതേതു്‌ മുതലായ കാര്യങ്ങള്‍ വേദഭാഷാശാസ്ത്രപരമായി തട്ടുതകര്‍പ്പന്‍ ജ്ഞാനമില്ലാത്തവര്‍ക്കു്‌ ഇഴപിരിച്ചെടുക്കാനാവുന്ന കാര്യങ്ങളല്ല.

Nov 8, 2012, 6:44 PM

ദൈവത്തിന്റെ ‘മനുഷ്യസ്നേഹം’ യെശയ്യാപ്രവാചകന്റെ വാക്കുകളില്‍:

“ജാതികളേ, അടുത്തുവന്നു്‌ കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്റെ നിറവും ഭൂതലവും അതിൽ മുളെക്കുന്നതൊക്കെയും കേൾക്കട്ടെ. യഹോവെക്കു്‌ സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു്‌; അവൻ അവരെ ശപഥാർപ്പിതമായി കൊലക്കു്‌ ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു്‌ നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു്‌ മലകൾ ഒഴുകിപ്പോകും. ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. എന്റെ വാൾ സ്വർഗ്ഗത്തിൽ ലഹരിച്ചിരിക്കുന്നു; അതു്‌ എദോമിന്മേലും എന്റെ ശപഥാർപ്പിതജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും. യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുംകൊണ്ടും തന്നേ; യഹോവെക്കു്‌ ബൊസ്രയിൽ ഒരു യാഗവും എദോംദേശത്തു്‌ ഒരു മഹാ സംഹാരവും ഉണ്ടു്‌. അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു്‌ ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു്‌ നിറഞ്ഞിരിക്കും. അതു്‌ യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു. അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. രാവും പകലും അതു്‌ കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു്‌ ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു്‌ പോകയുമില്ല.” (യെശയ്യ 34: 1-10)

ദൈവത്തിന്റെ മനുഷ്യസ്നേഹം യോഹന്നാന്റെ വാക്കുകളില്‍:

“നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു്‌ തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു്‌ പ്രായശ്ചിത്തം ആകുവാൻ അയച്ചതു്‌ തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.” (1. യോഹന്നാന്‍ 4:10)

കണ്‍ക്ലൂഷന്‍:

കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും, ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുകൊണ്ടും പൊതിഞ്ഞിരിക്കുന്ന വാളുമായി സംഹാരരുദ്രനായി നില്‍ക്കുന്ന യഹോവയായ ദൈവം സ്നേഹമാകുന്നു!

Nov 9, 2012, 12:47 PM

“യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു്‌ എബ്രായപേരുള്ള ഒരു കുളം ഉണ്ടു്‌; അതിന്നു്‌ അഞ്ചു്‌ മണ്ഡപം ഉണ്ടു്‌. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു്‌) കിടന്നിരുന്നു. (അതതു്‌ സമയത്തു്‌ ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു്‌ വ്യാധി പിടിച്ചവനായിരുന്നാലും അവനു്‌ സൌഖ്യം വരും) എന്നാൽ മുപ്പത്തെട്ടു്‌ ആണ്ടു രോഗം പിടിച്ചു്‌ കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു്‌ യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ” എന്നു്‌ അവനോടു ചോദിച്ചു. രോഗി അവനോടു്‌: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു്‌ ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു്‌ മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു്‌: “എഴുന്നേറ്റു്‌ നിന്റെ കിടക്ക എടുത്തു നടക്ക” എന്നു്‌ പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു്‌ നടന്നു.” (യോഹന്നാന്‍ 5: 2 – 9)

ഇതുകൊണ്ടാണു്‌ രോഗികളായ മനുഷ്യര്‍ (രോഗികളല്ലാത്ത മനുഷ്യരില്ല) ക്യൂ പാലിക്കണം എന്നു്‌ പറയുന്നതു്‌. ക്യൂ പാലിക്കുന്ന കാര്യത്തില്‍ ഇംഗ്ലീഷുകാര്‍ നല്ലൊരു മാതൃകയാണു്‌. ഒരു ക്യൂവില്‍ എത്തിപ്പെടാന്‍ വേണ്ടി ഒരു (പ്രീ)ക്യൂവില്‍ നില്‍ക്കാന്‍ പോലും മടിക്കാത്തവരാണു്‌ അവര്‍. ബൈബിളിലെ ഈ രോഗിയുടെ ദയനീയാവസ്ഥ വായിച്ചതിന്റെ ശേഷമാവണം സ്വന്തം സമൂഹത്തില്‍ അതുപോലൊരു പെരുമാറ്റമര്യാദ സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചതു്‌.

ആ രോഗി കിടന്നിരുന്നതു്‌ ഒരു തഴപ്പായയിലോ, ഏറിയാല്‍ ഒരു മെത്തപ്പായയിലോ ആയിരുന്നിരിക്കണം. അല്ലെങ്കില്‍ യേശു അങ്ങനെ പറയുമായിരുന്നു എന്നെനിക്കു്‌ തോന്നുന്നില്ല. മുപ്പത്തെട്ടു്‌ കൊല്ലം രോഗിയായി കിടന്നിരുന്നവനോടു്‌ നീ നിന്റെ “ഡണ്‍ലൊപ്പില്ലോയും” കട്ടിലും എടുത്തുകൊണ്ടു്‌ നടക്കുക എന്നൊക്കെ പറയണമെങ്കില്‍ യേശു എന്ന മനുഷ്യന്‍ എത്രമാത്രം കണ്ണില്‍ ചോരയില്ലാത്തവന്‍ ആയിരുന്നിരിക്കണം? അങ്ങനെ പറഞ്ഞാല്‍ വിശ്വാസികളുടെ ഇടയില്‍ ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കാനാവില്ല എന്നതിന്റെ പേരില്‍ മാത്രം ബെഡ്ഡും കിടക്കയും ചുമന്നുകൊണ്ടു്‌ നടക്കുക എന്നു്‌ യേശു അവനോടു്‌ പറഞ്ഞിരിക്കാനിടയില്ല. കിടക്കയും കട്ടിലും കണ്ടിട്ടുള്ളവനും, തഴപ്പായയോ മെത്തപ്പായയോ ഒരിക്കലും കണ്ടിട്ടില്ലാത്തവനുമാവണം ഈ യേശുകഥാകഥനം നടത്തിയതു്‌. കഥയറിയാത്തവനു്‌ ആട്ടം കണ്ടാല്‍ പോരാ, സ്വയം ആടുകയും വേണം എന്നൊക്കെ തോന്നാന്‍ തുടങ്ങിയാലത്തെ പ്രശ്നം.

Nov 9, 2012, 12:49 PM

ക്രൈസ്തവ പുരോഹിതന്മാരെ നമ്മള്‍ കുറ്റം പറയരുതു്‌. ദൈവപുത്രനായ യേശു പറഞ്ഞതു്‌ അനുസരിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളു. അനുസരണ കുര്‍ബ്ബാനയേക്കാള്‍ പ്രയോജനകരമാണു്‌, ചുരുങ്ങിയപക്ഷം കുര്‍ബ്ബാന ചൊല്ലുന്നവന്റെ കാഴ്ചപ്പാടിലെങ്കിലും.

“നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു്‌ നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.” – (യോഹന്നാന്‍ 4: 38)

Nov 9, 2012, 12:50 PM

ബൈബിളില്‍ യോഹന്നാനെ വായിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുന്നതു്‌ നന്നായിരിക്കും. പ്രത്യേകിച്ചും വിവാഹമംഗളാശംസകള്‍ എന്ന രീതിയില്‍ ബൈബിള്‍ വാക്യങ്ങള്‍ മുഴുവന്‍ എഴുതാതെ, കമ്പിയടിക്കുന്ന രീതിയില്‍ ചുരുക്കി, പുസ്തകവും അദ്ധ്യായവും വാക്യവും മാത്രം എഴുതി അയക്കുമ്പോള്‍:

1 യോഹന്നാന്‍ 4: 18:
“സ്നേഹത്തിൽ ഭയമില്ല; ഭയത്തിനു്‌ ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല”.

യോഹന്നാന്‍ 4: 18
“അഞ്ചു ഭർത്താക്കന്മാർ നിനക്കുണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു്‌ യേശു പറഞ്ഞു.

Nov 9, 2012, 1:27 PM

ഒരു കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ “ഞാനൊരു ‘കടുവകളി’ കാണുകയാണോ” എന്ന സംശയം തോന്നാത്തവനു്‌ കാര്യമായ എന്തോ തകരാറുണ്ടാവണം.

Nov 10, 2012, 11:44 AM

പട്ടിയ്ക്കു്‌ പൊതിയാത്തേങ്ങ, മലയാളിയ്ക്കു്‌ മഹാനിധി.

Nov 10, 2012, 11:45 AM

അല്ലാഹുവും യഹോവയും

ബൈബിളും ഖുര്‍ആനും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും, ബൈബിളിലെയും ഇസ്ലാമിലെയും ദൈവങ്ങള്‍ പോലും രണ്ടും രണ്ടാണെന്നും വാദിക്കുന്ന മുസ്ലീമുകളുണ്ടു്‌. ഊഹമല്ല, അവരില്‍ ചിലരെ ബ്ലോഗിലൂടെ നേരിട്ടു്‌ പരിചയപ്പെടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടുണ്ടു്‌. പക്ഷേ, ആരെന്തു്‌ പറഞ്ഞാലും, ബൈബിള്‍ ഇല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ ഉണ്ടാവുമായിരുന്നില്ല എന്നതാണു്‌ സത്യം. മോശെയുടെ വടി പാമ്പാവുന്നപോലുള്ള അത്ഭുതങ്ങള്‍ (മണ്ടത്തരങ്ങള്‍ എന്നു്‌ മലയാളം) പോലും ബൈബിളില്‍ നിന്നും അതേപോലെ ഏറ്റെടുത്തിരിക്കുന്ന ഖുര്‍ആനും ബൈബിളും തമ്മില്‍ ബന്ധമൊന്നുമില്ല എന്നു്‌ പറയണമെങ്കില്‍ അല്പമൊന്നും ദൈവാനുഗ്രഹം ഉണ്ടായാല്‍ പോര. അതെങ്ങനെ, ആ ഗ്രന്ഥങ്ങള്‍ വായിച്ചാലല്ലേ അവയില്‍ എന്തെന്തു്‌ വിഡ്ഢിത്തങ്ങളാണു്‌ എഴുതിവച്ചിരിക്കുന്നതു്‌ എന്നറിയാനാവൂ. വായിച്ചതുകൊണ്ടു്‌ മാത്രം മണ്ടത്തരം തിരിച്ചറിയണമെന്നില്ല എന്നതു്‌ മറ്റൊരു സത്യം. ശാസ്ത്രത്തില്‍ കൊട്ടക്കണക്കിനു്‌ ബിരുദങ്ങള്‍ ഉള്ളതു്‌, ഗ്യാലക്സികളുടെയും, ബ്ലാക്ക് ഹോളിന്റെയും, ഡാര്‍ക്ക് എനര്‍ജിയുടെയുമൊക്കെ സ്രഷ്ടാവായ ഒരു ദൈവം കാഞ്ചിപുരം പട്ടില്‍ പൊതിഞ്ഞു്‌ നിന്നുകൊണ്ടു്‌ തന്റെ “വിശ്വരൂപം” പ്രദര്‍ശിപ്പിക്കുന്നതു്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നു്‌ വിശ്വസിക്കാന്‍ ഒരു തടസ്സമല്ല എന്നതിന്റെ തെളിവുകള്‍, “എന്നോടു്‌ സംവദിക്കാന്‍ ആദ്യം എന്റെ ഗ്രന്ഥം പഠിച്ചിട്ടു്‌ വാ” എന്നും മറ്റുമുള്ള വീമ്പിളക്കലുകളുമായി റിയല്‍ ലോകത്തില്‍ നിന്നും വിര്‍ച്ച്വല്‍ ലോകത്തിലേക്കു്‌ അലയടിച്ചു്‌ കയറിക്കൊണ്ടിരിക്കുന്ന ആധുനികയുഗത്തില്‍ ജീവിക്കുന്നവരല്ലേ നമ്മള്‍. സര്‍വ്വാംഗവിഭൂഷിതനായി സ്വയം പ്രദര്‍ശിപ്പിക്കുന്ന ഒരു സര്‍വ്വേശ്വരനില്‍ വിശ്വസിക്കാന്‍ മടിയില്ലാത്തവര്‍ വേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും വായിക്കാത്തതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. വായിക്കാതിരുന്നാല്‍ സമയമെങ്കിലും ലാഭിക്കാം. ആ സമയം കൂടി പ്രാര്‍ത്ഥനയ്ക്കായി വിനിയോഗിക്കുകയും ചെയ്യാം.

ദൈവം മോശെയ്ക്കു്‌ (മൂസയ്ക്കു്‌) പ്രത്യക്ഷപ്പെട്ടതിനെപ്പറ്റിയുള്ള ഖുര്‍ആനിലെയും ബൈബിളിലെയും വര്‍ണ്ണനകളാണു്‌ താഴെ കൊടുക്കുന്നതു്‌. ബൈബിളില്‍ നിന്നുള്ള ഇത്തരം പകര്‍ത്തിയെഴുതലുകള്‍ എത്ര വേണമെങ്കിലും ഖുര്‍ആനില്‍ കാണാനാവും. ഇവിടെ നല്‍കിയിരിക്കുന്നതു്‌ ഖുര്‍ആനിലെ “ഖസസ്”എന്ന അദ്ധ്യായത്തില്‍ നിന്നും, ബൈബിളിലെ “പുറപ്പാടു്‌” പുസ്തകത്തിലെ മൂന്നും നാലും ആദ്ധ്യായങ്ങളില്‍ നിന്നും എടുത്തിട്ടുള്ളവയാണു്‌. സന്ദര്‍ഭവും മറ്റും കൂടുതല്‍ അറിയണമെന്നുള്ളവര്‍ പുറപ്പാടു്‌ പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങള്‍ വായിച്ചശേഷം ഖുര്‍ആനിലെ ഇരുപത്തെട്ടാം അദ്ധ്യായം വായിക്കുന്നതായിരിക്കും നല്ലതു്‌. ഖസസ്’ എന്നാല്‍ കഥാകഥനം എന്നാണു്‌. എല്ലാം കെട്ടുകഥകളാവുമ്പോള്‍ ഒരദ്ധ്യായത്തിനെങ്കിലും കഥാകഥനം എന്ന പേരു്‌ നല്‍കാതിരിക്കുന്നതെങ്ങനെ? ഞാന്‍ കൂടുതല്‍ പറയുന്നില്ല. “മറ്റാര്‍ക്കും ഒരുകാലത്തും അതുപോലൊന്നു്‌ എഴുതിയുണ്ടാക്കാന്‍ സാദ്ധ്യമല്ലാത്തവിധം മഹനീയമായ” ഗ്രന്ഥത്തില്‍ പകര്‍ത്തിവച്ചിരിക്കുന്ന, ലോകാവസാനം വരെ വലിഡിറ്റി നഷ്ടപ്പെടാത്ത ശാശ്വതസത്യങ്ങളും, അവയുടെ തീകായല്‍ നിലവാരവുമൊക്കെ അറിയണമെന്നുള്ളവര്‍ സ്വയം വായിച്ചു്‌ ഒരു നിഗമനത്തിലെത്തുക.

ആദ്യം ഖുര്‍ആനിലെ ഖസസില്‍ നിന്നുള്ള ഈ ഭാഗങ്ങള്‍ കാണൂ:

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്നു്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോടു്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്നു്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്നു്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?

അങ്ങനെ അദ്ദേഹം അതിന്നടുത്തു്‌ ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.

നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടതു്‌ ഒരു സര്‍പ്പമെന്നോണം പിടയുന്നതു്‌ കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു്‌ നോക്കിയതു്‌ പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ടു്‌ വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.

നീ നിന്‍റെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത്‌ വരുന്നതാണ്‌. ഭയത്തില്‍ നിന്ന്‌ മോചനത്തിനായ്‌ നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക്‌ ചേര്‍ത്തു്‌ പിടിക്കുകയും ചെയ്യുക. അങ്ങനെ അതു്‌ രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്കു്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു്‌ തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു”. (28: 29 – 32)

ലോകം ഉണ്ടാവുന്നതിനും മുന്നേ മുഹമ്മദ് നബി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നും മറ്റും വിശ്വസിക്കുന്നവരുണ്ടു്‌. പക്ഷേ, മൂസയ്ക്കു്‌ അല്ലാഹു പ്രത്യക്ഷപ്പെട്ടപ്പോള്‍ നബി ആ ഭാഗത്തെങ്ങും ഉണ്ടായിരുന്നില്ല എന്നാണു്‌ അല്ലാഹുതന്നെ പറയുന്നതു്‌. അതില്‍ തെറ്റില്ല. നബി ആ സമയത്തു്‌ സ്വര്‍ഗ്ഗത്തില്‍ ആയിരുന്നിരിക്കാമല്ലോ.

“(നബിയേ,) മൂസായ്ക്ക്‌ നാം കല്‍പന ഏല്‍പിച്ചു്‌ കൊടുത്ത സമയത്തു്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല. … … നാം (മൂസായെ) വിളിച്ച സമയത്തു്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു.) നിനക്കു്‌ മുമ്പു്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്കു്‌ നീ താക്കീതു്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ചു്‌ മനസ്സിലാക്കിയേക്കാം”. (28: 44, 46)

ഇനി ബൈബിളില്‍ മോശെക്കു്‌ ദൈവം പ്രത്യക്ഷപ്പെടുന്ന ഈ ഭാഗം കാണൂ:

“മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു്‌ അപ്പുറത്തു്‌ ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടുചെന്നു. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു്‌ അഗ്നിജ്വാലയിൽ അവനു്‌ പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു്‌ തീ പിടിച്ചു്‌ കത്തുന്നതും മുൾപടർപ്പു്‌ വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു്‌ വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു്‌ ഞാൻ ചെന്നു്‌ നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിനു്‌ അവൻ വരുന്നതു്‌ യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു്‌ അവനെ മോശേ, മോശേ എന്നു്‌ വിളിച്ചു. അതിനു്‌ അവൻ: ഇതാ, ഞാൻ എന്നു്‌ പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു്‌ അടുക്കരുതു്‌; നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു്‌ ചെരിപ്പു്‌ അഴിച്ചുകളക എന്നു്‌ കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു്‌: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു്‌ വിടുവിപ്പാനും ആ ദേശത്തുനിന്നു്‌ നല്ലതും വിശാലവുമായ ദേശത്തേക്കു്‌, പാലും തേനും ഒഴുകുന്ന ദേശത്തേക്കു്‌, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു്‌ അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു”. (പുറപ്പാടു്‌ 3 : 1 – 8)

ഇനി, വടി പാമ്പാവുന്നതും കൈ കുഷ്ഠരോഗമുള്ളതാവുന്നതും വീണ്ടും സുഖപ്പെടുന്നതുമായ ഭാഗം:

“അതിനു്‌ മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു്‌ പ്രത്യക്ഷനായിട്ടില്ല എന്നു്‌ പറയും എന്നുത്തരം പറഞ്ഞു. യഹോവ അവനോടു്‌: നിന്റെ കയ്യിൽ ഇരിക്കുന്നതു്‌ എന്തു്‌ എന്നു്‌ ചോദിച്ചു. ഒരു വടി എന്നു്‌ അവൻ പറഞ്ഞു. അതു്‌ നിലത്തിടുക എന്നു്‌ കല്പിച്ചു. അവൻ നിലത്തിട്ടു; അതു്‌ ഒരു സർപ്പമായിത്തീര്‍ന്നു; മോശെ അതിനെ കണ്ടു്‌ ഓടിപ്പോയി. യഹോവ മോശെയോടു്‌: നിന്റെ കൈ നീട്ടി അതിനെ വാലിനു്‌ പിടിക്ക എന്നു്‌ കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു്‌ അവന്റെ കയ്യിൽ വടിയായിത്തീര്‍ന്നു. ഇതു്‌ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു്‌ പ്രത്യക്ഷനായി എന്നു്‌ അവർ വിശ്വസിക്കേണ്ടതിനു്‌ ആകുന്നു. യഹോവ പിന്നെയും അവനോടു്‌: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു്‌ കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു്‌ എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു. നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു്‌ കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു്‌ പുറത്തെടുത്തപ്പോൾ, അതു്‌ വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും”. (പുറപ്പാടു്‌ 4 : 1 – 8)

എന്തു്‌ തോന്നുന്നു? ബൈബിളും ഖുര്‍ആനും തമ്മിലും, രണ്ടിലെയും ദൈവങ്ങള്‍ തമ്മിലും വല്ല ബന്ധവും കാണാന്‍ കഴിയുന്നുണ്ടോ?

ബൈബിള്‍! ഖുര്‍ആന്‍! ദൈവവചനങ്ങള്‍! മനുഷ്യരെ തന്നില്‍ വിശ്വസിപ്പിക്കാന്‍ വടിയെ പാമ്പാക്കുന്നതുപോലുള്ള “മാജിക്കിന്റെ” സഹായം തേടേണ്ടിവരുന്ന ഒരു മന്ത്രവാദിദൈവം വെളിപ്പെടുത്തുന്ന നിത്യസത്യങ്ങള്‍!

Nov 18, 2012, 12:24 PM

ബാൽ താക്കറേ മരണമടഞ്ഞത്രെ! കാലം തികഞ്ഞിട്ടു്‌ മരിക്കുന്നതായിരുന്നില്ലേ ഒന്നുകൂടി നല്ലതു്‌ എന്നു്‌ ആദ്യം തോന്നിയെങ്കിലും, എത്രനാള്‍ എന്നു്‌ കരുതിയാണു്‌ ഒരു മനുഷ്യന്‍ മരണത്തെയും കാത്തു്‌ കഴിഞ്ഞുകൂടുക എന്നോര്‍ത്തപ്പോള്‍ “ഒരീസോങ്കി ഒരീസം മുന്നേ” എടുത്തുപോകുന്നതുതന്നെ ഭേദം എന്നു്‌ തിരുത്തിനിരീച്ചു. അദ്ദേഹത്തിന്റെ ജീവാത്മാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ നൂറുകണക്കിനു്‌ പോത്തുകളുടെ അകമ്പടിയോടെ ആയിരുന്നത്രെ യമദേവന്‍ എത്തിയതു്‌! അതില്‍ പൊരുത്തക്കേടൊന്നുമില്ല. ചില മനുഷ്യര്‍ക്കു്‌ മറ്റു്‌ മനുഷ്യരോടു്‌ തോന്നുന്നതിനേക്കാള്‍ കൂടുതല്‍ സൗഹൃദം മൃഗങ്ങളോടു്‌ തോന്നാറുണ്ടു്‌. തന്മൂലം അതുപോലൊരു സ്നേഹസ്മരണ അവയ്ക്കു്‌ തിരിച്ചും ഉണ്ടാവും. മനുഷ്യരെക്കാള്‍ മൃഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഒരു വ്യക്തിയാണോ താക്കറേ എന്ന സംശയം ആദ്ദേഹത്തെ കണ്ടപ്പോഴൊക്കെ എനിക്കുണ്ടായിട്ടുണ്ടു്‌. ഞാന്‍ താക്കറേയെ നേരിട്ടു്‌ കണ്ടിട്ടുണ്ടു്‌ എന്നല്ല പറഞ്ഞുവരുന്നതു്‌. അദ്ദേഹം ഏതോ നാല്‍ക്കാലികളുടെ തലകളൊക്കെ ഫിറ്റുചെയ്ത ഒരു ഉഗ്രന്‍ കസേരയില്‍ സഫ്രൊണ്‍ പട്ടിലും മറ്റും പൊതിഞ്ഞു്‌ അരുളിവാഴുന്ന ചില ഫോട്ടോകളേ ഞാന്‍ കണ്ടിട്ടുള്ളു. “Like will to like” എന്നപോലെ, മൃഗങ്ങള്‍ മൃഗങ്ങളുടെ കൂട്ടായ്മ തേടും എന്നു്‌ മനസ്സിലാക്കാന്‍ അതു്‌ മതിയായിരുന്നുതാനും. പട്ടിയോടൊത്തുള്ള ഉരുണ്ടുകളി ഹിറ്റ്ലര്‍ക്കും ഇഷ്ടമായിരുന്നല്ലോ. നാഥനും നായും തമ്മില്‍ കളിക്കുമ്പോള്‍ ആര്‍പ്പിടുന്നതില്‍ ആനന്ദിക്കുന്നവരാണു്‌ അനുയായികള്‍ എന്നും കൂടി കൂട്ടിവായിച്ചാല്‍ എല്ലാം ശുഭം. ഭാരതമാതാ കീ ജയ്!

Nov 18, 2012, 12:36 PM

അമൃതാനന്ദമയിയമ്മ ജനങ്ങളെ ക്വാണ്ടം ഫിസിക്സ് പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എത്രപേര്‍ അവരുടെ പിന്നാലേ കൂടുമായിരുന്നു എന്നാണു്‌ നിങ്ങള്‍ കരുതുന്നതു്‌? അവരെ എണ്ണിത്തീര്‍ക്കാന്‍ രണ്ടുകയ്കളിലെ വിരലുകള്‍ മുഴുവന്‍ വേണ്ടിവരുമായിരുന്നോ? അതേസമയം, ഇപ്പോള്‍ ചെയ്യുന്ന “തൊഴില്‍” ചെയ്താല്‍ ആയിരങ്ങളാവും കാലു്‌ കഴുകാനും തഴുകാനുമായി ഇരച്ചുകയറുന്നതു്‌. ആര്‍ക്കുവേണമെങ്കിലും നേരില്‍ക്കണ്ടു്‌ ബോദ്ധ്യപ്പെടാവുന്ന ഒരു വസ്തുതയാണതു്‌.

പന്നികള്‍ ബഹുമാനിക്കുന്നതു്‌ അവയെ എന്നും രാവിലെ കുളിപ്പിച്ചു്‌, പൗഡര്‍ പൂശി, കണ്ണെഴുതി, പട്ടുടുപ്പിച്ചു്‌ പട്ടുമെത്തയില്‍ കിടത്തുന്നവരെയല്ല, വിസര്‍ജ്ജ്യങ്ങള്‍ ഭക്ഷിക്കാനും, ചെളിക്കുഴിയില്‍ പുളച്ചു്‌ മദിക്കാനും അവസരം ഒരുക്കുന്നവരെയാണു്‌. പന്നികള്‍ക്കു്‌ വേണ്ടതാണു്‌ അവയ്ക്കു്‌ നല്‍കേണ്ടതു്‌. മനുഷ്യനായാല്‍ പ്രായോഗികബുദ്ധി വേണം, പ്രായോഗികബുദ്ധി!

ഭാഗ്യത്തിനു്‌, ഈവിധം പ്രായോഗികബുദ്ധിയുള്ള മാതൃകാമനുഷ്യര്‍ക്കു്‌ ഭാരതത്തില്‍ പഞ്ഞമൊന്നുമില്ല. ഭാരതീയരുടെ നേതൃനിരയില്‍ അത്തരക്കാരേ ഉള്ളൂ എന്നു്‌ പറയുന്നതാവും ഒന്നുകൂടി ശരി:

മൃതാനന്ദമയിയമ്മ, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. എ. ബി. സുധാകരശാസ്ത്രി, താക്കറേ,… … …

Nov 19, 2012, 10:30 AM

അരിസ്റ്റോട്ടിലിയന്‍ ഫിസിക്സിനെ ഉപേക്ഷിച്ചുകൊണ്ടു്‌ പാരിമാണികവും അളക്കത്തക്കതുമായ ചലനങ്ങളും അവയുടെ ബന്ധങ്ങളും മാത്രം ഉപയോഗിച്ചുകൊണ്ടുള്ള പഠനങ്ങളിലൂടെ വിവിധ സിദ്ധാന്തങ്ങളില്‍ എത്തിച്ചേരുന്ന ആധുനികശാസ്ത്രരീതിയുടെ തുടക്കം കുറിച്ച ഗാലീലെയോ ഗാലിലൈ:

“പ്രകൃതിശാസ്ത്രങ്ങളിലെ സത്യവും അനിവാര്യവുമായ അനുമാനങ്ങളില്‍ തെറ്റെന്നു്‌ തെളിഞ്ഞവയെ ആയിരം അരിസ്റ്റോട്ടിലുകളോ, ആയിരം ഡെമൊസ്തെനിസുകളോ വിചാരിച്ചാലും ശരിയാക്കി മാറ്റുവാന്‍ സാധിക്കുകയില്ല”.

Nov 21, 2012, 4:29 PM

“Unlimited tolerance must lead to the disappearance of tolerance. If we extend unlimited tolerance even to those who are intolerant, if we are not prepared to defend a tolerant society… then the tolerant will be destroyed, and tolerance with them… We should therefore claim, in the name of tolerance, the right not to tolerate the intolerant.”
― Sir Karl Raimund Popper

Nov 21, 2012, 4:46 PM

“A fascist is one whose lust for money or power is combined with such an intensity of intolerance toward those of other races, parties, classes, religions, cultures, regions or nations as to make him ruthless in his use of deceit or violence to attain his ends.”
― Henry Agard Wallace

Nov 21, 2012, 6:22 PM

“Should we tolerate the blatant incorrectness of religion? Tolerating ignorance, superstition and stupidity will not provide for a healthy advancement of our society. Religion is cancer for modern thought, rationality, and even common sense.”
― Odin Zeus McGaffer

Nov 21, 2012, 6:31 PM

“Tolerance becomes a crime when applied to evil.”
― Thomas Mann

Nov 23, 2012, 11:59 AM

പൂപ്പല്‍ ബാധമൂലം ശബരിമലയില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ 75 ലക്ഷം രൂപയുടെ അപ്പം കത്തിച്ചത്രെ! പൂപ്പലിനെതിരെ ദൈവങ്ങളും നിസ്സഹായരാണെന്നു്‌ അറിഞ്ഞിരുന്നില്ല. സന്നിധാനത്തില്‍ പൂപ്പലൊന്നും കാണാതിരുന്നാല്‍ മതിയായിരുന്നു.

Nov 23, 2012, 12:43 PM

കുരങ്ങനെ ദൈവമായി ആരാധിക്കുന്ന “സംസ്കാരസമ്പന്നര്‍ക്കും” മറ്റു്‌ മനുഷ്യരില്‍ നിന്നും വേണ്ടതു്‌ ബഹുമാനമാണു്‌. ദൈവം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ആസ്തികനും നാസ്തികനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമൊക്കെ ആയിരിക്കണം എന്ന കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും എതിരഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. കുരങ്ങുകള്‍ക്കു്‌ ചിന്തിക്കാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും കഴിയുമായിരുന്നെങ്കില്‍, “സര്‍വ്വശക്തന്റെ” വര്‍ഗ്ഗത്തില്‍ പെട്ട തങ്ങളിലൊരുവനെ ദൈവമായി ആരാധിക്കുന്ന ഒരു കൂട്ടം മനുഷ്യരെ അവ തങ്ങളെക്കാള്‍ നീചമായ ജന്മങ്ങളായിട്ടല്ലാതെ കാണുമോ? ചിന്താശേഷി ഉണ്ടായിരുന്നെങ്കില്‍ കുരങ്ങന്മാര്‍ പോലും ശുംഭന്മാര്‍ എന്നു്‌ പരിഹസിച്ചു്‌ അവഗണിക്കുമായിരുന്നവര്‍ മറ്റുള്ളവരോടു്‌ ബഹുമാനം ആവശ്യപ്പെടുന്നതിനു്‌ മുന്‍പു്‌ ഇക്കാര്യം ഒന്നു്‌ ചിന്തിച്ചാല്‍ നന്നായിരുന്നു.

സോറി, ചിന്തിച്ചാല്‍ നന്നായിരുന്നു എന്ന അപേക്ഷ പിന്‍വലിക്കുന്നു. കാരണം, ചിന്താശേഷി ഉണ്ടായിരുന്നെങ്കില്‍ ഏതോ കഥാപ്പുസ്തകത്തില്‍ ദൈവമായി ആരോ വര്‍ണ്ണിച്ചിട്ടുണ്ടു്‌ എന്നതിന്റെ പേരില്‍ ഒരു കുരങ്ങനെ ദൈവമായി ആരാധിക്കാന്‍ മനുഷ്യാന്തസ്സു്‌ എന്നാല്‍ എന്തു്‌ എന്നറിയാവുന്ന ഒരു മനുഷ്യജന്മവും തയ്യാറാവുമായിരുന്നില്ലല്ലോ. ഭാരതമാതാവിന്റെ ‘വിധി’!

പണ്ടു്‌ “planet of the apes” കണ്ടതാണു്‌ ഓര്‍മ്മവരുന്നതു്‌.

Nov 23, 2012, 2:00 PM

കാലത്തിന്റെ കുത്തിയൊഴുക്കില്‍ മുങ്ങിപ്പോയ ഒരു ആരാധനാലയം ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ എവിടെയോ ഉണ്ടു്‌ എന്നു്‌ നാസ കണ്ടെത്തിയതായി ഒരു വാര്‍ത്ത പ്രചരിച്ചിരുന്നെങ്കില്‍ എന്നൊരാഗ്രഹം എനിക്കുണ്ടു്‌. നാസയുടെ “പ്രിസിഷന്‍ ഡിറ്റെക്ടറില്‍” ആരാധനാലയത്തില്‍ നിന്നുള്ള എലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ ക്ലോക്ക്‌വൈസ്-ആന്റിക്ലോക്ക്‌വൈസ് ഡിറക്ഷനില്‍ (ചാടിച്ചവിട്ടി, വലം തിരിഞ്ഞു്‌, ഇടം പിരിഞ്ഞു്‌, പുറം ചൊറിഞ്ഞു്‌, തല കരിഞ്ഞു്‌ എന്നു്‌ മലയാളം) മാറിമാറി വെളിവില്ലാത്ത വെളിച്ചപ്പാടുകളെപ്പോലെ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുകയാണെന്നും, ഊര്‍ജ്ജത്തിന്റെ ദിശകളില്‍ സംഭവിക്കുന്ന, പിരി വെട്ടിയതുപോലുള്ള, ഈ അനിശ്ചിതത്വം മൂലം അതൊരു ക്ഷേത്രമായിരുന്നോ, ഒരു മോസ്ക് ആയിരുന്നോ, അതോ ഒരു ഇടവകപ്പള്ളി മാത്രമായിരുന്നോ എന്നൊന്നും കൃത്യമായി പറയാനാനാവില്ല എന്നും മറ്റും – ബ്രേക്കിംഗ് ന്യൂസായി!

അവനവന്റെ ആരാധനാലയങ്ങളുടെ മാതൃകയിലുള്ളതും സ്വന്തം ശരീരഭാരത്തില്‍ കുറയാത്തതുമായ ഒരു കരിങ്കല്‍രൂപം (കരിങ്കല്‍തുലാഭാരം) കഴുത്തില്‍ കെട്ടിത്തൂക്കി പൂര്‍ണ്ണനഗ്നരായി ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിതപ്പിയാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ എന്നു്‌ ഓലക്കെട്ടുകളും വേദഗ്രന്ഥങ്ങളും ചിതലുകളെപ്പോലെ തിന്നുതീര്‍ത്ത ഏതെങ്കിലും ശ്രീ ശ്രീ രവിശുംഭപരമാനന്ദസ്വാമികള്‍ കണ്ടെത്തിയതായി ഒരു പത്രവാര്‍ത്തകൂടി കൊടുത്താല്‍ ഭാരതമാതാവിനെ മതബാസില്ലസ് മൂലമുള്ള പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷപെടുത്താം. കാരണം, ഇത്രയും സംഭവിച്ചാല്‍, വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ഭാരതീയരും തുണികളെല്ലാം ഉരിഞ്ഞുകളഞ്ഞു്‌ കഴുത്തില്‍ കരിങ്കല്ലും കെട്ടിത്തൂക്കി ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലേക്കു്‌ ജാഥയായി പോയി മുങ്ങാം കുഴിയിടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Nov 25, 2012, 11:28 AM

മൂക്കു്‌ മുറിച്ചുകളയാനുള്ള ധൈര്യമുണ്ടായിരുന്നെങ്കില്‍ ഒരു മുറിമൂക്കനായി മൂക്കില്ലാത്ത ഏതെങ്കിലും രാജ്യത്തുചെന്നു്‌ രാജാവായി മുടിയും കിരീടവും അംശവടിയുമെല്ലാം ഫിറ്റ് ചെയ്തു്‌ സുവര്‍ണ്ണസിംഹാസനത്തില്‍ ഇരുന്നരുളിവാഴാമായിരുന്നു.

Nov 27, 2012, 10:05 AM

ജര്‍മ്മന്‍ സാഹിത്യലോകത്തില്‍ പ്രശസ്തനായ ഒരു ബെസ്റ്റ് സെല്ലിങ് ഓഥറുമായുള്ള ഒരു ഇന്റര്‍വ്യൂവില്‍ ഇന്നലെ കേട്ടതു്‌: “ലളിതമായ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി പറയാന്‍ ഏതു്‌ കഴുതയ്ക്കുമാവും. സങ്കീര്‍ണ്ണമായവയെ ലളിതമായി പറയുക എന്നതു്‌ പ്രയാസമേറിയതാണു്‌.”

കേരളക്കരയില്‍ ഇത്രയേറെ സാഹിത്യകക്കൂസുകളും, സാംസ്കാരികകമ്പോസ്റ്റുകളും, ഭാഷാപണ്ഡിതരും, വേദവ്യാഖ്യാതാക്കളും, താത്വികാവലോകനബുദ്ധിജീവികളുമൊക്കെ എങ്ങനെയുണ്ടാവുന്നു എന്നു്‌ ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ടു്‌. അതിന്റെ പിന്നിലെ രഹസ്യമാണു്‌ ആ മനുഷ്യന്‍ അതുവഴി വെളിപ്പെടുത്തിയതു്‌. കേള്‍ക്കുന്നതെന്തെന്നു്‌ കേള്‍ക്കുന്നവനു്‌ അറിയാന്‍ കഴിയാത്തിടത്തോളം പറയുന്നതെന്തെന്നു്‌ പറയുന്നവന്‍ എന്തിനറിയണം? എല്ലാം അറിയുന്നവനാണു്‌ താനെന്ന ഒരു തോന്നല്‍ കേള്‍വിക്കാരുടെയിടയില്‍ ആദ്യം ഉണ്ടാക്കിയെടുക്കണം. കസവും കാപ്പയും കാവിയും താടിയും തലേക്കെട്ടുമൊക്കെ നല്ലൊരളവില്‍ ആ ലക്ഷ്യം നിറവേറ്റും. ‘ഭഗവാന്‍സ്വാമി’ എന്തു്‌ വിഡ്ഢിത്തം വിളമ്പിയാലും ആര്‍പ്പിടുന്ന കുറെ കുട്ടിക്കുരങ്ങന്മാരെക്കൂടി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ സ്വാമിക്കു്‌ പിടിച്ചാല്‍ കിട്ടാത്ത വളര്‍ച്ചയായിരിക്കും. ദൈവങ്ങള്‍ ഗ്രന്ഥത്തില്‍ എന്തു്‌ അബദ്ധം എഴുതിവച്ചാലും ഭക്തര്‍ അതു്‌ വ്യാഖ്യാനിച്ചു്‌ പരുവപ്പെടുത്തി പരമസത്യമാക്കി മാറ്റിയെടുക്കാറുണ്ടല്ലോ.

“അതിനെപ്പറ്റി നിനക്കൊന്നും ഒരു ചുക്കും അറിയില്ല”എന്നതു്‌, താന്‍ പിന്‍തുടരുന്നതു്‌ ആര്‍ക്കും പിടികിട്ടാത്ത എന്തോ വലിയ സംഗതി ആണെന്നു്‌ വിശ്വസിക്കുന്നതു്‌ പാണ്ഡിത്വമോ മഹത്വമോ ഒക്കെ ആയി കരുതുന്ന മനുഷ്യര്‍ ജീവിക്കുന്ന നാടുകളിലെ മതങ്ങളിലും രാഷ്ട്രീയത്തിലും സാംസ്കാരികമേഖലകളിലുമെല്ലാം ഒരുപോലെ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു വാക്യമാണു്‌. ഏതാണ്ടു്‌ ഇതേപോലുള്ള വാക്യങ്ങള്‍ നെറ്റിയില്‍ എഴുതിവയ്ക്കുന്ന വ്യക്തികളുമുണ്ടു്‌: “എന്നെപ്പറ്റി നീയൊന്നും ഒരു ചുക്കും മനസ്സിലാക്കിയിട്ടില്ല”. അതുപോലൊരു അവകാശവാദം നടത്തുന്നവനു്‌ ഉള്ളില്‍ ചുക്കോ ചുണ്ണാമ്പോപോലും ഉണ്ടാവാന്‍ വഴിയില്ല, അതുകൊണ്ടാവണം സ്വന്തം ലജ്ജയില്ലായ്മ തിരിച്ചറിയാന്‍ കഴിയാത്തതു്‌.

Nov 30, 2012, 9:04 AM

“The dangerousness of evil grows with the decency of his opponents” – Sigmund Graff, german writer (1898 – 1979).

Nov 30, 2012, 9:20 AM

മലമൂത്രസാമ്പാറില്‍ മുങ്ങിമുങ്ങി
ഫുറിഡാനും “കുരുടാനും” തിങ്ങിവിങ്ങി
ചങ്കും കരളും “കരണ്ടു്‌” തിന്നും
കറതീര്‍ന്ന ഭാരതദേശഭംഗി.

(ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും സ്വന്തമായി കക്കൂസില്ലെന്നു്‌ “പുതിയ” വാര്‍ത്ത! ഞാനൊരു മഹാകവി ആയസ്ഥിതിക്കു്‌ വിവരം കവിതാരൂപത്തില്‍ക്കൂടി ആവിഷ്കരിച്ചേക്കാമെന്നു്‌ കരുതി. കവിതയാവുമ്പോള്‍ കക്കൂസില്ലാത്തവര്‍ക്കും കാര്യം പിടികിട്ടുമല്ലോ.)

Nov 30, 2012, 11:28 AM

നൂറ്റിഇരുപതു്‌ കോടിയിലേറെ വരുന്ന ജനങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്തില്‍ ഒരു ജ്ഞാനപീഠപുരസ്‌കാരം കൊണ്ടു്‌ മുഴുവന്‍ ജ്ഞാനികളെയും ആദരിക്കാന്‍ കഴിയുമെന്നു്‌ കരുതുന്നതു്‌ ഒട്ടും “ജ്ഞാനീയം” അല്ലെന്നാണു്‌ എന്റെ പക്ഷം. അതിനാല്‍ നമുക്കു്‌ വ്യത്യസ്ത നിറവും മണവും രുചിയുമുള്ള അനേകമനേകം ജ്ഞാനപീഠങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാരതീയ സാംസ്കാരിക പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടു്‌ പരിപ്രേക്ഷിക്കുമ്പോള്‍ ഞാനാപീഡന്‍, ഞാനാപിണ്ടന്‍, ഞാനാപിട്ടന്‍, ഞാനാപിണ്ഡകന്‍ മുതലായ ജ്ഞാനപുരസ്കാരങ്ങള്‍ ചെത്തിച്ചേര്‍ത്തപോലെ അനുയോജ്യമായിരിക്കും. മന്ത്രിമാര്‍, സ്വാമിമാര്‍, പാതിരികള്‍, മുക്രികള്‍ മുതലായ എല്ലാ സാംസ്കാരികപ്രമുഖരും പ്രതിനിധീകരിക്കപ്പെടണം. സമൂഹത്തിനു്‌ എന്തെങ്കിലും പ്രയോജനമുള്ള ജോലി ചെയ്തു്‌ ജീവിക്കുന്നവരൊഴികെ മറ്റാര്‍ക്കും തങ്ങള്‍ തഴയപ്പെട്ടു എന്നൊരു തോന്നല്‍ ഉണ്ടാവരുതു്‌. ബാഷയ്ക്കു്‌ കണക്കിനു്‌ മാര്‍ക്കു്‌ കിട്ടിയ ആര്‍ക്കും നേടാനാവുന്ന പുരസ്കാരങ്ങളയിരിക്കണം അവ. മറ്റൊരു നിബന്ധനയുടെ ആവശ്യമില്ല. ഞങ്ങളുടെയിടയില്‍ ആദരിക്കേണ്ടവരായ ജ്ഞാനികള്‍ ഒരുപാടുപേരുണ്ടു്‌, അവരെ നിങ്ങള്‍ ആദരിച്ചില്ലെങ്കില്‍ ഞങ്ങള്‍ ആദരിക്കും എന്നൊരു താക്കീതാവും അതുവഴി നമ്മള്‍ ബാക്കി സകല ലോകത്തിന്റെയും മുഖത്തേക്കു്‌ എറിഞ്ഞുകൊടുക്കുന്നതു്‌.

ഉടുക്കാന്‍ കോണകം സഹിതം ഒരുമുറി മുണ്ടു്‌, പാളേങ്കോടന്‍ വാഴയുടെ വലിയൊരു ഇല നിറയെ വറുത്തു്‌ അരച്ചതൊക്കെ കൂട്ടി വിശദമായൊരു ഊണു്‌, ഊണു്‌ കഴിയുമ്പോള്‍ നാലും കൂട്ടിയൊരു മുറക്കാന്‍, എല്ലാം കഴിയുമ്പോള്‍ വണ്ടിക്കൂലിക്കു്‌ ഒരു കൈമടക്കു്‌. എന്താ ഒരു മോശം! ഭാരതീയജ്ഞാനപീഠത്തേക്കാള്‍ എന്തുകൊണ്ടും സമൃദ്ധമായ ഒരു പുരസ്കാരമായിരിക്കും അതെന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌. ഊണു്‌ പപ്പടം സഹിതമായിരിക്കും എന്ന വസ്തുതകൂടി നമ്മള്‍ പരിഗണിക്കണമല്ലോ.

October 2012

Oct 14, 2012, 3:02 PM

നാവാണു്‌ സ്ത്രീകളുടെ വാളെന്നു്‌ മാര്‍ട്ടിന്‍ ലൂഥര്‍. വാള്‍ ഉറയിലിട്ടേ അതിനു്‌ പരിഹാരം കാണാനാവൂ എന്നും കൂടി അദ്ദേഹം സൂചിപ്പിക്കുന്നുണ്ടു്‌. ദൈവവുമായി വളരെ അടുപ്പമുള്ള ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം പറയുന്നതു്‌ ശരിയാവാതിരിക്കാന്‍ വഴിയില്ല. ജര്‍മ്മന്‍ ഭാഷയില്‍ വാളിന്റെ ഉറയ്ക്കും യോനിക്കും ഷൈഡെ എന്ന ഒരു വാക്കാണു്‌ ഉപയോഗിക്കുന്നതെന്നതുകൊണ്ടാണോ ലൂഥര്‍ അങ്ങനെ പറഞ്ഞതു്‌ എന്നെനിക്കു്‌ അറിയില്ല.

Oct 17, 2012, 9:35 AM

ജനത്തെ താടിമീശ വളരാത്ത സ്ത്രീകള്‍, താടിമീശ വളരുന്ന സ്ത്രീകള്‍ എന്ന രണ്ടു്‌ വിഭാഗങ്ങളായി ശിഷ്ടമില്ലാതെ തരംതിരിക്കാന്‍ കഴിയുന്ന ഒരു രാജ്യം അധിനിവേശശക്തികളെ മാടിവിളിച്ചുകൊണ്ടിരിക്കും. രാജ്യത്തിനുമില്ലേ മോഹങ്ങള്‍? ജനത്തിന്റെ ഈ സവിശേഷതമൂലം, ഇന്‍ഡ്യയുടെ പ്രസിഡന്റു്‌, പ്രധാനമന്ത്രി മുതലായ പദവികള്‍ വഹിക്കുന്നതു്‌ ആരായാലും, അവര്‍ ഗാന്ധികുടുംബത്തിന്റെ നിയന്ത്രണത്തിനു്‌ കീഴിലായിരിക്കുന്നിടത്തോളം, ഒരു പ്രശ്നവുമില്ല. മഹാത്മാ ഗാന്ധി തന്റെ പേരുവഴി ഭാരതത്തിനു്‌ നേടിക്കൊടുത്ത ഒരു അനുഗ്രഹമാണതു്‌. അതുകൊണ്ടു്‌ ഭാരതത്തിനു്‌ കോമ്പിറ്റെന്റ് ആയ ഒരു നേതൃനിര ഇല്ല എന്നൊന്നും തെറ്റിദ്ധരിച്ചുപോകരുതു്‌. ഉദാഹരണത്തിനു്‌, മന്‍മോഹന്‍സിംഗ് നാളെ കസേര ഒഴിയുന്നു എന്നു്‌ കരുതിയാല്‍, ആ സ്ഥാനം അലങ്കരിക്കാന്‍, ഗര്‍ഭിണികളെ പ്രസവിക്കാന്‍ കൂട്ടിക്കൊണ്ടുപോകുന്നത്ര സുരക്ഷിതമായി, ഒരു പൊട്ടോ പോറലോ പറ്റാതെ, ബ്രിട്ടീഷ് പാര്‍ലമെന്റ് നേരിട്ടു്‌ കൈപിടിച്ചു്‌ ബഹുമാനപുരസരം വിളിച്ചുകൊണ്ടുപോയി ആദരിച്ച താത്വികാചാര്യന്മാരായ നേതാക്കള്‍ മുതല്‍, ഇന്‍ഡ്യയില്‍ നിലവിലുള്ള കാക്കത്തൊള്ളായിരം മതങ്ങള്‍ ഓരോന്നിന്റെയും, മുന്നോട്ടു്‌ വച്ച അടി പിന്നോട്ടു്‌ വയ്ക്കാതെ ഉറച്ചുനില്‍ക്കുന്ന അവരുടേതായ നേതാക്കള്‍ വരെയുള്ള കൊട്ടപ്പടി പ്രഗത്ഭന്മാര്‍ ഭാരതത്തിനുണ്ടു്‌. അവര്‍ ഭാരതത്തെ ഒരു പച്ചമുട്ടയെ എന്നപോലെ സുരക്ഷിതമായി സ്വന്തം കൈകളില്‍ സൂക്ഷിക്കും. ഭാരതത്തിലെ ഏതു്‌ പദവി അലങ്കരിക്കാനും “ആണിതന്നെ വേണമെന്നില്ല, നാരായാലും മതി” എന്നു്‌ സാരം. ഇനി, മനുഷ്യജീവികളായ ആരെയും കിട്ടിയില്ലെങ്കില്‍ അതുപോലും ഒരു പ്രശ്നമല്ല; ഒരു മുറുക്കാന്‍ ചെപ്പിനെ മാലയിടീച്ചു്‌, മുന്നില്‍ നാലു്‌ ചന്ദനത്തിരികളും കത്തിച്ചുവച്ചാല്‍ അതിനും പരിഹാരമായി. തൊഴുതു്‌ നമസ്കരിക്കാന്‍ കഴിയുന്ന ഏതു്‌ രൂപത്തേയും ഒതെന്റിക് നേതൃത്വവും വഴികാട്ടിയുമായി അംഗീകരിക്കാന്‍ ഭാരതത്തിലെ ജനങ്ങള്‍ ഇന്നുവരെ മടി കാണിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഭാരതത്തില്‍ തത്വചിന്തകരില്ല, താത്വികാചാര്യന്മായുള്ളു. മാര്‍ക്സും മാവോയുമൊക്കെ അവിടെ താത്വികാചാര്യന്മാരാണു്‌!)

Oct 17, 2012, 10:11 AM

“ഇന്നു്‌ ഞാന്‍, നാളെ നീ”!

പോകുന്ന പോക്കിലും നാളെ നീയും പോകുമല്ലോ എന്ന ആ പരമാനന്ദം അറിയിച്ചിട്ടുതന്നെ പോകണം. സ്വന്തം “പോക്കിനു്‌” ആ ചിന്ത നല്‍കുന്ന ആശ്വാസം ചില്ലറയായിരിക്കാന്‍ വഴിയില്ല.

Oct 17, 2012, 10:24 AM

അന്യഗര്‍ഭത്തിന്റെ മുഴുവന്‍ ചുമതലയും സ്വയം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞു്‌ ഫിക്റ്റീവ് ആയ ഒരു കഥാപാത്രമാണെന്നായിരുന്നു എന്റെ ധാരണ. അതു്‌ കേരളത്തില്‍ നിലവിലിരിക്കുന്ന പച്ചയായ ഒരു യാഥാര്‍ത്ഥ്യമാണെന്നു്‌ ഇപ്പോള്‍ മനസ്സിലാക്കുന്നതിനാല്‍ ആ ധാരണ തിരുത്തുന്നു.

പ്രപഞ്ചത്തിലെ സകലത്തിന്റെയും ചുമതലക്കാരന്‍ എന്ന അവകാശവാദം വഴി സ്വയം എട്ടുകാലി മമ്മൂഞ്ഞു്‌ ചമയുകയാണു്‌ ദൈവമെന്ന എന്റെ അഭിപ്രായത്തില്‍ അതുവഴി മാറ്റമൊന്നും വരുന്നില്ല.

Oct 22, 2012, 9:30 AM

ബ്രാഹ്മണന്‍ പറഞ്ഞാല്‍ അതു്‌ ശരിയായിരിക്കും; ശുദ്രന്‍ പറഞ്ഞാല്‍ അതു്‌ തെറ്റേ ആവൂ. ഇതു്‌ ഭാരതത്തില്‍ നിലവിലിരിക്കുന്ന ഒരുതരം “സ്വയംസിദ്ധതത്വം” (axiom) ആണു്‌. സഹസ്രാബ്ദങ്ങളായി ഭാരതീയ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന, ദൈവദത്തമെന്നു്‌ പഠിപ്പിക്കപ്പെടുന്ന പൂര്‍ണ്ണശരീരകാന്‍സര്‍.

ഇ. എം. ശങ്കരന്‍ ഒരു നമ്പൂതിരിപ്പാടു്‌ അല്ലാതെ, ഇ. എം. ശങ്കരന്‍ എന്നൊരു പുലയന്‍ ആയിരുന്നെങ്കില്‍? അതേ രാഷ്ട്രീയ നിലപാടുകളും അതേ വിദ്യാഭ്യാസയോഗ്യതയുമുള്ള ഒരു പുലയന്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു ശുദ്രന്‍? കേരളത്തിലെ താത്വികാചാര്യന്മാര്‍ക്കും, ആ പദവിയിലേക്കു്‌ വളരാന്‍ കഷ്ടപ്പെടുന്നവര്‍ക്കും സാമൂഹികസേവനത്തിന്റെ തിരക്കിനിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ ചിന്തിച്ചു്‌ നോക്കാവുന്നതാണു്‌.

Oct 23, 2012, 11:24 AM

സുദീര്‍ഘമായ ഒരു കാലയളവിലൂടെ, ആഹരിക്കുക, വിസര്‍ജ്ജിക്കുക, പെറ്റു്‌ പെരുകുക, കലപില കൂട്ടുക (ഇതില്‍ സിംഹഭാഗവും ശൂന്യതയിലേക്കു്‌ നോക്കി നടത്തുന്ന പിറുപിറുക്കലുകളാണു്‌ – ബന്ധപ്പെട്ടവര്‍ അതിനെ ദൈവവുമായുള്ള ഡയലോഗ് അഥവാ പ്രാര്‍ത്ഥന എന്ന ഓമനപ്പേരിട്ടാണു്‌ വിളിക്കുന്നതെങ്കിലും) എന്നീ മോക്ഷദായകമായ കര്‍മ്മങ്ങളല്ലാതെ, മറ്റൊന്നും ചെയ്യാതെ ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തിനു്‌ അധികം വിദൂരമല്ലാത്ത ഭാവിയില്‍ കുരങ്ങുകളെപ്പോലെ വാലു്‌ മുളയ്ക്കാനും ദേഹം രോമാവൃതമാവാനും തുടങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. മുന്നോട്ടു്‌ പോകല്‍ അസാദ്ധ്യം എന്നു്‌ വരുമ്പോള്‍ പരിണാമത്തിന്റെ ഗതി പിന്നോട്ടു്‌ തിരിച്ചുവിട്ടു്‌ നിലനില്പിനെ രക്ഷപെടുത്താന്‍ മതിയായ “ഫിറ്റ്നെസ്സിനെ” പ്രോത്സാഹിപ്പിക്കുകയല്ലാതെ മറ്റൊന്നും എവൊല്യൂഷനും സാധിക്കുകയില്ല. ജീവിതത്തിലും മരണത്തിലും, സുഖത്തിലും ദുഃഖത്തിലും, പരിവട്ടത്തിലും പട്ടിണിയിലും ദൈവത്തിനുള്ളതുപോലെ ഒരു “സ്കെച്ചും പ്ലാനും” ഇല്ലാത്ത എവൊല്യൂഷനെ സംബന്ധിച്ചു്‌ അതല്ലാതെ മറ്റു്‌ മാര്‍ഗ്ഗവുമില്ല!

അവിശ്വസനീയം എന്നു്‌ തോന്നിയേക്കാമെങ്കിലും, വിപരീതദിശയിലുള്ള ഈ പരിണാമം ഭാരതീയര്‍ക്കു്‌, അവരുടെ അമൂല്യവും അപൂര്‍വ്വവുമായ ആര്‍ഷസംസ്കാരപരിപ്രേക്ഷ്യത്തില്‍, അത്യന്തം ആഹ്ലാദകരമായ ഒരു പുരോഗമനാവസ്ഥയായേ അനുഭവപ്പെടൂ. കാരണം, അവരെ സംബന്ധിച്ചു്‌ അതുവഴി ഭഗവാന്റെ വാനരസേനയോടുള്ള സാമ്യവും, മോക്ഷപ്രാപ്തിക്കുള്ള അവരുടെ സാദ്ധ്യതയും അപാരമായി പെരുകുകയാണല്ലോ ചെയ്യുന്നതു്‌. ഏതാണ്ടു്‌ അതേരീതിയിലുള്ള അനുഭൂതിയാവണം ആസനത്തില്‍ ആലു്‌ മുളയ്ക്കുന്നവരും അനുഭവിക്കുന്നതു്‌. ഭൂമദ്ധ്യരേഖയോടു്‌ അടുത്തുകിടക്കുന്ന ഒരു പ്രദേശത്തു്‌ ആസനത്തില്‍ സ്ഥിരം ഒരു തണല്‍മരം ഉണ്ടായിരിക്കുന്നതു്‌ അനാവശ്യമായ ഒരു കാര്യമാണെന്നു്‌ ദോഷൈകദൃക്കുകള്‍ പോലും പറയുമെന്നു്‌ തോന്നുന്നില്ല.

Oct 23, 2012, 11:28 AM

കുരങ്ങനെ ദൈവമായി പ്രതിഷ്ഠിച്ചു്‌ ആരാധിക്കുന്നതല്ല, അതു്‌ കാടത്തമാണെന്നു്‌ പറയുന്നതാണു്‌ തെറ്റു്‌.

കാലിക്കൂട്ടത്തെക്കാള്‍ കഷ്ടമായി പെരുമാറുന്നതല്ല, അത്തരക്കാരെ “ക്യാറ്റില്‍ ക്ലാസ്” എന്നു്‌ വിളിക്കുന്നതാണു്‌ തെറ്റു്‌.

സ്വന്തം മാലിന്യത്തില്‍ മുങ്ങിച്ചാവുന്നതല്ല, ആ ദുര്‍ഗന്ധമേല്‍ക്കേണ്ടിവരുന്ന മറ്റുള്ളവര്‍ അവരുടെ മൂക്കു്‌ പൊത്തിയാല്‍ അതാണു്‌ തെറ്റു്‌.

അല്ലെങ്കിലും അതെന്നും അങ്ങനെയായിരുന്നു. മിന്നാമിനുങ്ങിനെ വിറകിനടിയില്‍ വച്ചു്‌ ഊതി തീയുണ്ടാക്കാന്‍ ശ്രമിക്കുന്നതല്ല, അതുവഴി തീ ഉണ്ടാവില്ല എന്നു്‌ പറയുന്നതായിരുന്നു എക്കാലവും മരണശിക്ഷാര്‍ഹമായ തെറ്റു്‌.

Oct 27, 2012, 10:48 AM

ശ്രീ ഗുരുവായൂരപ്പന്‍ പനിപിടിച്ചു്‌ കിടപ്പിലാണത്രെ! ക്രിക്കറ്റ് നക്ഷത്രം ശ്രീശാന്തന്റെ “വിശ്വരൂപം” കണ്ടു്‌ ഭയന്നതാണെന്നതാണു്‌ കേള്‍വി.

പൂര്‍ണ്ണനഗ്നതയോ, ഏറിയാല്‍ അര്‍ദ്ധനഗ്നതവരെയോ ഒക്കെ പിടിച്ചുനില്‍ക്കാനുള്ള മനക്കരുത്തു്‌ ഗുരുവായൂരപ്പനുണ്ടു്‌. അതിനപ്പുറമെത്തിയാല്‍ അദ്ദേഹം ബ്രേക്‌ഡൗണ്‍ ആവും. അതുകൊണ്ടാണു്‌ തന്റെ ഭക്തവൃന്ദങ്ങളില്‍ എസ്കിമോ പോലുള്ള മഞ്ഞുജീവികളെ ഉള്‍പ്പെടുത്താന്‍ ഗുരുവായൂരപ്പന്‍ വിസമ്മതിക്കുന്നതു്‌.

കാണാന്‍ ചെവിയുള്ളവന്‍ മണക്കട്ടെ!

Oct 31, 2012, 8:10 AM

നിര്‍മുക്ത എന്ന സംഘടന ആണവോര്‍ജ്ജസംബന്ധമായി ഒരു സംവാദം സംഘടിപ്പിക്കുന്നു എന്നൊരു മെയില്‍ ലഭിച്ചു. നല്ലകാര്യം. സംവാദം ജനാധിപത്യസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണല്ലോ. അതിന്റെ പേരു്‌ “വിശ്വമലയാള ആണവോര്‍ജ്ജസംവാദമഹോത്സവം” എന്നാക്കിയിരുന്നെങ്കില്‍ ഒന്നുകൂടി നന്നായിരിക്കുമായിരുന്നില്ലേ എന്നു്‌ തോന്നി. എങ്കില്‍ സംവാദസംരംഭത്തിനു്‌ ഒരു മലയാളസംസ്കാരത്തനിമ ലഭിക്കുമായിരുന്നല്ലോ എന്നതിന്റെ പേരില്‍ മാത്രം.

Oct 31, 2012, 11:12 AM

മനുഷ്യരുടെയിടയിലെ ചില പെരുമാറ്റരീതികളെ പരിഹസിക്കുന്നതിനായി കൊടിച്ചി എന്നവാക്കു്‌ പ്രയോഗിച്ചു്‌ കാണാറുണ്ടു്‌. കൊടിച്ചി എന്ന പ്രയോഗം എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടായിരിക്കാനുള്ള സാദ്ധ്യത എനിക്കും തള്ളിക്കളയാനാവില്ല. ജനിച്ചുവളര്‍ന്ന സംസ്കാരത്തില്‍ നിന്നും അറിഞ്ഞോ അറിയാതെയോ പല പദപ്രയോഗങ്ങളും പെരുമാറ്റരീതികളും ഏറ്റെടുക്കാതിരിക്കാന്‍ മനുഷ്യനു്‌ കഴിയില്ലല്ലോ. മനുഷ്യരുടെയിടയിലെ കൊടിച്ചികളെ നായ്ക്കളുടെയിടയിലെ കൊടിച്ചികളോടു്‌ താരതമ്യം ചെയ്യുന്നതു്‌ അവറ്റകളോടു്‌ ചെയ്യുന്ന ഒരു അനീതിയാണെന്ന ബോധോദയം ഈയടുത്തയിടയാണു്‌ എനിക്കുണ്ടായതും, എന്റെ നിലപാടു്‌ ഞാന്‍ തിരുത്തിയതും. നല്ല വെയിലും ചൂടുമുണ്ടായിരുന്ന എന്നെങ്കിലും തണലിനുവേണ്ടി ഏതെങ്കിലും ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ ഞാന്‍ ഇരുന്നിട്ടുണ്ടാവണം. ഭാരതത്തില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ബോധോദയം ഉണ്ടാവുന്നതു്‌ ഒരു പുതുമയല്ല.

നായ്ക്കളുടെയിടയില്‍ കൊടിച്ചികള്‍ എന്നറിയപ്പെടുന്നതു്‌ പെണ്‍വര്‍ഗ്ഗമാണെങ്കിലും, മനുഷ്യരുടെയിടയില്‍ അങ്ങനെയൊരു ലിംഗഭേദം കാണുന്നില്ല. അതുപോലെതന്നെ, കാര്യകാരണബന്ധമില്ലാതെ കുരയ്ക്കുന്ന രീതിയും കൊടിച്ചികളുടെയിടയില്‍ പതിവില്ല. അടുത്ത പരിസരത്തു്‌ എവിടെയെങ്കിലും എന്തെങ്കിലും അനക്കമോ, അപകടമോ, മറ്റു്‌ പ്രതികൂലമായ സാഹചര്യങ്ങളോ ഉണ്ടെന്നു്‌ ഇന്ദ്രിയാനുഭവം വഴി ബോദ്ധ്യമായാലേ കൊടിച്ചികള്‍ കുരയ്ക്കൂ. കാരണങ്ങളില്‍ നിന്നും കാര്യത്തിലേക്കു്‌ കടക്കുന്ന രീതിയാണു്‌ അവറ്റകളുടേതു്‌. മനുഷ്യക്കൊടിച്ചികള്‍ കാര്യകാരണബന്ധമില്ലാതെയും കുരയ്ക്കും. അവര്‍ക്കു്‌ ഏറെ ഇഷ്ടവും അത്തരം കുരകളാണു്‌.

എങ്കിലും, ഈ രണ്ടുവിഭാഗത്തിനും പൊതുവായതു്‌ എന്നു്‌ പറയാവുന്ന ചില കാര്യങ്ങളുമുണ്ടു്‌. ആരെങ്കിലും കല്ലെറിഞ്ഞാല്‍ കുരയുടെ ഫ്രീക്വന്‍സിയും ഇന്റെന്‍സിറ്റിയും കൂട്ടുകയല്ലാതെ കുറയ്ക്കുന്ന രീതി രണ്ടുപക്ഷത്തിനുമില്ല. രണ്ടു്‌ വിഭാഗവും കല്ലേറു്‌ കൊള്ളുന്നതു്‌ കുരയ്ക്കുള്ള അംഗീകാരവും അവാര്‍ഡുമായിട്ടു്‌ കാണുന്നതുകൊണ്ടാവണമതു്‌. മനുഷ്യരെപ്പോലെതന്നെ, സപ്ലൈ ആന്‍ഡ് ഡിമാന്‍ഡിലെ അസമത്വങ്ങളും കൊടിച്ചികളെ കുരയ്ക്കാന്‍ പ്രേരിപ്പിക്കാറുണ്ടെങ്കിലും, പ്രകോപനകാരണമായ ഡിസ്ക്രെപന്‍സി പരിഹരിക്കപ്പെടുന്നതുവരെ മാത്രമേ സാധാരണഗതിയില്‍ നായ്ക്കളുടെയിടയില്‍ ആ കുര നീണ്ടുനില്‍ക്കാറുള്ളു. അതേസമയം, പ്രകോപനകാരണം ഇല്ലാതാവരുതു്‌ എന്നൊരു പ്രവണതയാണു്‌ മനുഷ്യക്കൊടിച്ചികള്‍ പൊതുവെ പുലര്‍ത്തിക്കാണാറുള്ളതു്‌. കുര നിര്‍ത്തേണ്ടിവന്നാലോ എന്ന ഭയമാവണം അതിനു്‌ പിന്നില്‍.

മറ്റൊരു പൊതുഘടകം എല്ലിന്‍കഷണങ്ങള്‍ കൊണ്ടുള്ള കളിയാണു്‌. കൊടിച്ചികള്‍ തീന്മേശയില്‍ നിന്നും വീണുകിട്ടുന്ന എല്ലിന്‍കഷണത്തെ എവിടെയെങ്കിലും കൊണ്ടുപോയി കടിച്ചുകളിക്കാറാണു്‌ പതിവെങ്കില്‍, വീണുകിട്ടുന്ന വാക്കുകളെ സ്വന്തം മുറ്റത്തു്‌ കൊണ്ടുപോയി സമാനമനസ്കരുമായി പങ്കുവച്ചു്‌ തട്ടിക്കളിക്കുന്ന രീതിയാണു്‌ മനുഷ്യക്കൊടിച്ചികളില്‍ കണ്ടുവരുന്നതു്‌. വേണമെന്നുള്ളവര്‍ക്കു്‌, മനുഷ്യരിലെ കൊടിച്ചികളെ തിരിച്ചറിയാനുള്ള ഒരു ക്രൈറ്റീരിയണ്‍ ആയി ഇതിനെ പ്രയോജനപ്പെടുത്താവുന്നതാണു്‌.

September 2012

Sep 5, 2012, 9:09 AM

നയീവ് ആയ ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കാനായി കൗശലരാഷ്ട്രീയം മാത്രം കൈമുതലായുള്ള കുറെ കപടന്മാര്‍ സംഘടിപ്പിക്കുന്ന സ്യൂഡോഡിബേറ്റുകളില്‍ സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന വ്യാജവാദഗതികള്‍ ഒരിക്കലും യഥാര്‍ത്ഥമായ, ശാസ്ത്രീയമായ അര്‍ത്ഥത്തിലുള്ള, ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നവയല്ല. ഗണനീയമായ ഒരു വിഭാഗം ജനങ്ങള്‍ ഈ വസ്തുത എന്നു്‌ മനസ്സിലാക്കുന്നുവോ, അന്നു്‌ ഈ നീലക്കുറുക്കന്മാരുടെ മരണമണി മുഴങ്ങും; അന്നേ സമൂഹത്തിനു്‌ ഒരു നല്ല ഭാവിക്കു്‌ വേണ്ടിയുള്ള തുടക്കം കുറിക്കാനാവൂ. ദശാബ്ദങ്ങള്‍ അവസരം ലഭിച്ചിട്ടും സമൂഹത്തെ പുരോഗതിയിലേക്കു്‌ നയിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവരില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ ഒരു മഹാത്ഭുതം പ്രതീക്ഷിക്കാന്‍ അല്പമൊന്നും നയിവിറ്റി പോരാ. “സമാനതകളില്ലാത്തവ” എന്നും മറ്റും അവര്‍തന്നെ കൊട്ടിഘോഷിക്കുന്ന സാമൂഹിക “നേട്ടങ്ങള്‍” അവര്‍ ഇല്ലാതിരുന്നെങ്കില്‍ ജനങ്ങള്‍ക്കു്‌ സ്വയം കൈവരിക്കാന്‍ കഴിയുമായിരുന്ന പുരോഗതിയുടെ ഒരു നേരിയ അംശം പോലും വരില്ല എന്നതാണു്‌ സത്യം. ഒരു രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ കാഴ്ചപ്പാടില്‍ നിന്നു്‌ നോക്കുമ്പോള്‍ അറുപത്തഞ്ചു്‌ വര്‍ഷങ്ങള്‍ എന്നതു്‌ അത്ര ചെറിയ ഒരു കാലഘട്ടമല്ല.

Sep 13, 2012, 12:23 PM

ഒരു സത്യമാന “ചരിത്രം”

ആദ്യത്തെ ക്രൈസ്തവ സന്ന്യാസി എന്നു്‌ കരുതപ്പെടുന്ന വിശുദ്ധ പൗലൂസ് എരെമിറ്റാ (Paulus Eremita) (ഓര്‍മ്മദിവസം ജനുവരി 15) ആഹാരം കഴിച്ചിരുന്നതു്‌ ഏലിയാ പ്രവാചകനെപ്പോലെയായിരുന്നത്രെ! അറുപതു്‌ വര്‍ഷം അവനു്‌ ദിവസേന ഒരു പകുതി റൊട്ടി എത്തിച്ചിരുന്നതു്‌ ദൈവം അതിനായി പ്രത്യേകം ശട്ടം കെട്ടിയിരുന്ന ഒരു കാക്കയായിരുന്നു. (ഒരു കാക്കയോ അതോ പല കാക്കകളോ എന്നു്‌ കൃത്യമായി പറയാനാവില്ല. കാരണം, കാക്കകള്‍ പൊതുവേ ഒറ്റനോട്ടത്തിലും ഒറ്റ കേള്‍വിയിലും തിരിച്ചറിയുക എന്നതു്‌ സന്ന്യാസികള്‍ക്കുപോലും അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ കാക്കകള്‍ തമ്മില്‍ത്തമ്മില്‍ അതുപോലൊരു പ്രശ്നം ഇല്ലതാനും. അതു്‌ എന്തായാലും നന്നായി. അല്ലെങ്കില്‍ കാക്കകളുടെയിടയിലെ കാമുകീകാമുകബന്ധം പ്രത്യേകിച്ചും, സദാചാരബോധം പൊതുവേയും ആകെമൊത്തം കേരളരാഷ്ട്രീയം പോലെ അല്‍ക്കുല്‍ത്താകുമായിരുന്നല്ലോ). ഒരിക്കല്‍ വിശുദ്ധ അന്തോണിയസ് അവന്റെയടുത്തു്‌ വിരുന്നു്‌ ചെന്നപ്പോള്‍ കാക്ക രണ്ടു്‌ റൊട്ടികള്‍ (രണ്ടു്‌ പകുതികളുമാവാം) കൊണ്ടുവന്നു. റൊട്ടി തിന്നു്‌ തൃപ്തനായി വ്യക്തിപരമായ കുശലപ്രശ്നങ്ങളും സന്ന്യാസജീവിതം സംബന്ധിച്ച ഗഹനമായ ചര്‍ച്ചകളുമെല്ലാം നടത്തിയശേഷം സ്വന്തം “പൊത്തിലേക്കു്‌” മടങ്ങിയ അന്തോണിയസ് വിശുദ്ധ പൗലൂസിന്റെ മരണം ഒരു ദര്‍ശനത്തിലൂടെ കാണുന്നു. ഉടനെ റിട്ടേണ്‍ അടിച്ച അന്തോണിയസ് 113 വയസ്സുകാരനായി മരിച്ച പൗലൂസിനെ എങ്ങനെ സംസ്കരിക്കും എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോള്‍ അതാ വരുന്നു ഹൃദയഭേദകമായി കരഞ്ഞുകൊണ്ടു്‌ രണ്ടു്‌ സിംഹങ്ങള്‍! കരച്ചില്‍ നിര്‍ത്താതെതന്നെ അവറ്റകള്‍ വിശുദ്ധ പൗലൂസിനായി ഒരു കുഴി മാന്തി അവന്റെ ശവസംസ്കാരം സാദ്ധ്യമാക്കുന്നു. റോമന്‍ മാര്‍ട്ടിറോളജി പ്രകാരം ഈ വിശുദ്ധന്‍ 97 വര്‍ഷങ്ങളാണു്‌ മരുഭൂമിയില്‍ ജീവിച്ചതു്‌.

കൂട്ടി വായിക്കാന്‍: “റോമന്‍ മാര്‍ട്ടിറോളജിയില്‍ പേരു്‌ രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടു്‌ എന്നതു്‌ വിശുദ്ധിയുടെയോ, അതുപോലൊരു വ്യക്തിയുടെ അസ്തിത്വത്തിന്റെയോ തെളിവല്ല” – പാപ്പ ബെനഡിക്റ്റ് XIV (1740 – 1758). അദ്ദേഹത്തിന്റെ ഈ പ്രസ്താവനപ്രകാരം അങ്ങനെയൊരാള്‍ എന്നെങ്കിലും ഈ ലോകത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടായിരിക്കാനുള്ള സാദ്ധ്യത പൂജ്യമായിരിക്കാനാണു്‌ വഴി.

കടപ്പാടു്‌: ക്രിസ്തീയതയുടെ കുറ്റകൃത്യചരിതം – കാര്‍ള്‍ഹൈന്‍സ് ഡെഷ്നെര്‍

Sep 13, 2012, 1:10 PM

ലോകത്തില്‍ മനുഷ്യരുടെ പൊതുബോധം വര്‍ദ്ധിക്കുന്നതിനനുസരിച്ചു്‌ സ്വന്തം മതത്തെയും ദൈവത്തെയും തള്ളപ്പൂച്ച കുഞ്ഞുങ്ങളെ എന്നപോലെ ഇല്ലം മാറ്റി മാറ്റി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കേണ്ടി വരുന്ന വിശ്വാസികളുടെ അവസ്ഥയില്‍ അവരുടെ ദൈവത്തിനുപോലും സഹതാപം തോന്നുന്നുണ്ടാവണം. ദൈവത്തിന്റെ ഇന്നത്തെ രൂപം നാളത്തേക്കു്‌ ഔട്ട് ഓഫ് ഫാഷനാവുന്ന രീതിയിലാണു്‌ കാര്യങ്ങളുടെ പോക്കു്‌. എത്രവട്ടമാണു്‌ ദൈവത്തിനായാലും ഈ മെറ്റമോര്‍ഫോസിസ് സഹിക്കാനാവുക? വിഡ്ഢികളുടെ ദൈവമാവാന്‍ പോയാല്‍ അങ്ങനെയിരിക്കും എന്നേ എനിക്കു്‌ ദൈവത്തിനോടു്‌ പറയാനുള്ളു.

Sep 14, 2012, 8:19 AM

ഞാനൊരു രാമനായിരുന്നെങ്കില്‍! എങ്കില്‍ എനിക്കു്‌ ദൈവത്തിന്റെ ഒരു അവതാരമാവാമായിരുന്നല്ലോ എന്നതിന്റെ പേരിലല്ല, എന്നെസംബന്ധിച്ചു്‌ അതു്‌ ബാലിസുഗ്രീവന്മാര്‍ക്കും ഹനുമാനുമൊക്കെ മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കാമായിരുന്നല്ലോ എന്ന ആഗ്രഹത്തിന്റെ പേരില്‍ മാത്രമാണു്‌.

Sep 14, 2012, 8:20 AM

“I think, therefore I am” – Rene Descartes

“I believe, therefore I am” – Believer

“I am not, therefore I am” – ‘God’

Sep 20, 2012, 9:29 AM

മതപരമായാലും രാഷ്ട്രീയമായാലും വിമര്‍ശിക്കേണ്ടതെന്നു്‌ അവര്‍ക്കു്‌ തോന്നുന്ന ഏതു്‌ കാര്യത്തെയും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ഒരു ഫ്രെഞ്ച് സറ്റീറിക്കല്‍ മാഗസിന്‍, മുഹമ്മദിനെ വിമര്‍ശിക്കുമ്പോള്‍ മാത്രം “സമാധാനത്തിന്റെ മതം” എന്നു്‌ വിശേഷിപ്പിക്കപ്പെടുന്ന ഇസ്ലാമിലെ, എണ്ണം കൊണ്ടു്‌ അവഗണനീയമായ ഒരു ന്യൂനപക്ഷം തീവയ്പ്പും നിരപരാധികളെ കൊലചെയ്യലുമായി പ്രതികരിക്കുന്നുവെങ്കില്‍ അതിന്റെ കാരണം ആരിലാണു്‌ തേടേണ്ടതു്‌? ആ മാഗസിന്റെ ചുമതലക്കാരിലോ, അതോ “സമാധാനപരമായി” മനുഷ്യരെ കൊല്ലുന്ന ഗ്രന്ഥവിശ്വാസികളായ “ദൈവമക്കളിലോ”? പ്രവാചകനാമത്തിലെ കൊലപാതകങ്ങള്‍ ന്യായമാണെങ്കില്‍, തദനുസരണം, വിമര്‍ശിക്കുന്നവര്‍ക്കുനേരെ “സഹിഷ്ണുതയുടെ ആള്‍രൂപമായി” മാത്രം പ്രതികരിച്ചിട്ടുള്ളവന്‍ എന്നും മറ്റുമുള്ള മുഹമ്മദിന്റെ വിശേഷണത്തിനു്‌ ഒരു പുതിയ വ്യാഖ്യാനം നല്‍കിയാല്‍ നന്നായിരിക്കും. വാക്കു്‌ വടക്കോട്ടും പ്രവൃത്തി തെക്കോട്ടും ആവരുതല്ലോ. എല്ലാ വേദഗ്രന്ഥങ്ങളും “മതപണ്ഡിതര്‍ക്കു്‌” അവസരോചിതം മാറിമാറി വ്യാഖ്യാനിക്കാന്‍ വേണ്ടി വെളിപ്പെടുത്തപ്പെട്ടവയായതിനാല്‍ പുതുവ്യാഖ്യാനം ഒരു പ്രശ്നമാവാന്‍ വഴിയുമില്ല. എത്രയെത്ര വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഇതിനോടകം മനുഷ്യര്‍ കണ്ടുകഴിഞ്ഞില്ല? ഓന്തിന്റെ നിറം മാറുന്നതുപോലെ മാറാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തു്‌ “നിത്യസത്യം”?

Sep 26, 2012, 10:18 AM

നിര്യാതനായ തിലകനു്‌ അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ കേരളത്തിലെ ഡെക്കാ, ഹെക്ടോ, കിലോ, മെഗാ, ഗിഗാ മുതല്‍ പെറ്റാ, എക്സാ വരെയുള്ള സില്‍മാനക്ഷത്രങ്ങള്‍ എത്തിയില്ലത്രേ! തിലകന്റെ ആത്മാവു്‌ അതില്‍ വളരെ ദുഃഖിക്കുന്നുണ്ടാവും എന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കു്‌ അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നതു്‌ ന്യായം. അതു്‌ അങ്ങനെതന്നെ ആയിരിക്കുന്നതാണു്‌ നല്ലതും. എങ്കിലും കേരളീയമാതൃകയില്‍ ഒരു ‘വിദഗ്ദ്ധാഭിപ്രായം’ പ്രകടിപ്പിക്കാന്‍ അനുവാദമുണ്ടെങ്കില്‍, ഭയം മൂലമാണു്‌ അവര്‍ നേരിട്ടു്‌ പങ്കെടുക്കാതിരുന്നതെന്നേ ഞാന്‍ പറയൂ. പലതരം അത്ഭുതങ്ങള്‍ അനുദിനമെന്നോണം സംഭവിക്കുന്ന ഒരു നാട്ടില്‍ തിലകന്റെ മൃതശരീരം കണ്ണുതുറന്നു്‌ എന്തെങ്കിലും പറഞ്ഞുകൂടായ്കയില്ല എന്ന ഭയം. പറഞ്ഞാല്‍, അതു്‌ “നിങ്ങള്‍ വന്നതു്‌ നന്നായി. കൊണ്ടുവന്ന ആദരാഞ്ജലികളും അനുശോചനപ്രസംഗങ്ങളും, റീത്തുകളുമെല്ലാം എന്റെ ആസനത്തിലേയ്ക്കു്‌ വച്ചിട്ടു്‌ തൊഴുതു്‌ മടങ്ങിക്കോളൂ” എന്നായിരിക്കും എന്ന ഉറപ്പു്‌ മൂലമുള്ള ഭയം.

ആത്മാവില്‍ വിശ്വസിക്കാത്ത ഞാന്‍ തിലകന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു എന്നൊക്കെ പറഞ്ഞാല്‍ അതു്‌ ‘ആത്മാവിനെ’ വഞ്ചിക്കലാവുമെന്നതിനാല്‍ അതിനു്‌ മുതിരുന്നില്ല. തിലകന്‍ അവതരിപ്പിച്ചു്‌ വിജയിപ്പിച്ച കഥാപാത്രങ്ങള്‍ ജനമനസ്സുകളില്‍ നിന്നും മറയാതിരിക്കുന്നിടത്തോളം അദ്ദേഹം ഓര്‍മ്മിക്കപ്പെടും. അതില്‍ കൂടിയ ഒരു അംഗീകാരം ഒരു അഭിനേതാവിനു്‌ ലഭിക്കാനില്ല. ജന്മനാ എന്നോണം ദോഷൈകദൃക്കുകളായവര്‍ അപ്പോഴും അവരുടെ സ്വഭാവാനുസരണം തിലകന്‍ എന്ന വ്യക്തിയില്‍ എവിടെയാണു്‌ മാന്തിപ്പൊളിച്ചു്‌ വ്രണമാക്കി രസിക്കാന്‍ പറ്റിയ പൊറ്റകള്‍ എന്നു്‌ തപ്പിക്കൊണ്ടിരിക്കും.

Sep 26, 2012, 10:26 AM

„Es gibt kein richtiges Leben im falschen.“ (There is no right life in the wrong one) – Theodor W. Adorno

August 2012

Aug 1, 2012, 7:25 AM

പകര്‍ന്നുനല്‍കപ്പെടുന്ന അജ്ഞതയാണു്‌ പാരമ്പര്യത്തിന്റെ സിംഹഭാഗവും. മറ്റു്‌ വാക്കുകളില്‍ പറഞ്ഞാല്‍, പാരമ്പര്യമഹത്വത്തില്‍ അഹങ്കരിക്കുന്ന പാരമ്പര്യവാദികള്‍ (അങ്ങനെ അല്ലാത്ത പാരമ്പര്യവാദികളില്ല) അഭിരമിക്കുന്നതു്‌ അജ്ഞതയുടെ കാവടിയുമേന്തിയാണു്‌.

Aug 1, 2012, 8:24 AM

ഭാരതത്തിലെ ജനസംഖ്യ കുറയ്ക്കാന്‍ ഏറ്റവും എളുപ്പവഴി ജനങ്ങള്‍ക്കിടയിലെ പരദൂഷണവും, പത്രങ്ങളിലെ സെന്‍സേഷനല്‍ ന്യൂസുകളും നിരോധിക്കുക എന്നതായിരിക്കുമെന്നു്‌ തോന്നുന്നു. വാതുറക്കാതെ, വെള്ളക്കടലാസും കയ്യില്‍ പിടിച്ചിരുന്നു്‌ ബോറഡിച്ചു്‌ അധികം താമസിയാതെ കുറെയേറെയെണ്ണം ചത്തുകൊള്ളും. (മണിക്കൂറുകളോളം ഒരു ബോറടിയുമില്ലാതെ ബസ് നോക്കിനിന്നു്‌ ശീലിച്ചിട്ടുള്ളവരായതിനാല്‍ സ്വര്‍ഗ്ഗയാത്രയ്ക്കുള്ള ബസില്‍ കയറിപ്പറ്റാനും ഇത്തിരി കൂടുതല്‍ സമയം അനുവദിക്കേണ്ടിവന്നേക്കാം.) അതിനുശേഷം ഉച്ചഭാഷിണികള്‍ കൂടി നിരോധിച്ചാല്‍ ബാക്കിയുള്ള മനുഷ്യര്‍ക്കു്‌ സ്വാഭാവികമരണം പിടികൂടുന്നതുവരെ സ്വൈര്യമായി ജീവിക്കാം.

Jesus of Nazareth എന്ന തന്റെ പുസ്തകത്തെപ്പറ്റി Joseph Ratzinger, Pope Benedict XVI:

“ഈ പുസ്തകം ഒരു വിധത്തിലും ഒരു അദ്ധ്യാപകോദ്യോഗപരമായ പ്രവൃത്തിയല്ല, പിന്നെയോ, രക്ഷകന്റെ മുഖം തേടിയുള്ള എന്റെ വ്യക്തിപരമായ അന്വേഷണത്തിന്റെ പ്രകടനമാണു്‌. അതുകൊണ്ടു്‌ എന്നെ നിഷേധിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ടു്‌. മുന്‍കൂറായ സഹാനുഭൂതി, അതില്ലാതെ മനസ്സിലാക്കല്‍ സാദ്ധ്യമല്ല എന്നതിനാല്‍, വായനക്കാരികളോടും വായനക്കാരോടും യാചിക്കുക മാത്രം ചെയ്യുന്നു.”

ആ പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്നും:

“ആരാണു്‌ നസറായനായ യേശു, അവനെപ്പറ്റി നമുക്കു്‌ എന്താണു്‌ അറിയാന്‍ കഴിയുക? അവന്‍ ഒരു മനുഷ്യന്‍ മാത്രമാണോ? അവന്‍ ദൈവപുത്രനാണോ? എന്താണു്‌ യേശുവിനെ സംബന്ധിച്ച സത്യം?

ഈ ചോദ്യങ്ങളുടെ മറുപടിയോടൊപ്പം ക്രിസ്തീയവിശ്വാസം നില്‍ക്കുന്നു, വീഴുന്നു.”

ബൈബിളില്‍ പറയുന്ന വളരെ ചുരുക്കം ചില കാര്യങ്ങളൊഴികെ യേശു എന്ന വ്യക്തിയെപ്പറ്റി നമുക്കു്‌ കാര്യമായി ഒന്നും അറിയാന്‍ കഴിയില്ലെന്നതാണു്‌ സത്യം. ബൈബിളില്‍ വിശ്വസിക്കുന്നവര്‍ യേശുവിനെ ദൈവപുത്രനായി മാത്രം കാണാന്‍ വിധിക്കപ്പെട്ടവരാണു്‌. കാരണം, യേശു ദൈവപുത്രനല്ലെങ്കില്‍ അവരുടെ വിശ്വാസം യാതൊരു അടിത്തറയും അര്‍ത്ഥവുമില്ലാത്തതായി മാറി, പിടിച്ചുനില്‍ക്കാനാവാതെ തകര്‍ന്നുവീഴുകയാവും ഫലം.

വിശ്വാസി അല്ലാത്ത ഒരുവനു്‌ യേശു ദൈവപുത്രനാണെന്നു്‌ അംഗീകരിക്കാന്‍ മതിയായ യാതൊരു തെളിവും ബൈബിളില്‍ ഇല്ല. അഥവാ, അതില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ തെളിവുകളും സാമാന്യയുക്തികൊണ്ടു്‌ തള്ളിക്കളയാവുന്നവയാണു്‌. തന്റെ വിശ്വാസം “യുക്തിപൂര്‍വ്വ”മാണെന്നു്‌ വിശ്വസിക്കുന്നവര്‍ക്കു്‌ ഇതൊന്നും മനസ്സിലാവുകയില്ല എന്നതു്‌ മറ്റൊരു കാര്യം.

Aug 1, 2012, 12:11 PM

കൂട്ടത്തിനൊപ്പം ഓടുന്നവനു്‌ “കൂട്ടത്വമേ” ഉണ്ടാവൂ, വ്യക്തിത്വമുണ്ടാവില്ല. സ്വന്തമായ വ്യക്തിത്വമില്ലാതെ സ്വതന്ത്രമായ ചിന്ത സാദ്ധ്യവുമല്ല. കൂട്ടത്തിന്റെ തെറ്റുകളെ കുറ്റബോധമില്ലാതെ ശരികളായി അംഗീകരിക്കാനും പിന്‍തുടരാനും കഴിയുമെന്നതാണു്‌ കൂട്ടത്വത്തിന്റെ മേന്മ. അതുകൊണ്ടാണു്‌ കല്ലുവച്ച നുണകള്‍ക്കു്‌ നൂറ്റാണ്ടുകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ നിത്യസത്യങ്ങളായി മനുഷ്യമനസ്സുകളില്‍ വാഴാന്‍ കഴിഞ്ഞതും, അളവിലും ഇന്റെന്‍സിറ്റിയിലും കുറവു്‌ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കഴിയുന്നതും.

Aug 13, 2012, 11:48 AM

“യുക്തിക്ക് വാദം പിടിച്ചാലുള്ള “യുക്തിവാദം” ഇഷ്ടായി. ഒരുപാട് തിന്നു കൊഴുത്തിട്ടുണ്ടല്ലോ!! ഇതൊക്കെ പുഴുവരിക്കും കേട്ടോ!! അതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റുമോ?!.. എബടെ!!!!”

Google user: SOOKSHMA DARSHAKAN, 2.49.53.188, darshakan@gmail.com

സത്യനിഷേധികളേ, ഇതിലേ.. ഇതിലേ… എന്ന എന്റെ പോസ്റ്റില്‍ ഒരു “സൂക്ഷ്മ ദര്‍ശകന്‍” ഇട്ട തികച്ചും “വിഷയസംബന്ധിയായ”, പബ്ലിഷ് ചെയ്യേണ്ടതും, തീര്‍ച്ചയായും മറുപടി പറയേണ്ടതും, ബൗദ്ധികത വഴിഞ്ഞൊഴുകുന്നതുമായ ഒരു കമന്റ്! എന്റെ ആ പോസ്റ്റിലേക്കുള്ള ലിങ്ക്: https://ckbabu.com/2012/08/07/

“തിന്നുകൊഴുത്ത” ശരീരങ്ങള്‍ പുഴുവരിക്കുന്നതിലുള്ള, പുഴുവരിക്കാത്തതും, കൊഴുക്കാത്തതുമായ ശരീരവുമായി ജീവിക്കുന്ന ആ മനുഷ്യസ്നേഹിയുടെ വിശുദ്ധദുഃഖം വിലമതിക്കപ്പെടേണ്ടതാണു്‌. ഒരു മനുഷ്യനു്‌ സ്വയം എത്രമാത്രം ഊതിവീര്‍പ്പിക്കാമെന്നതിനു്‌ ഒരു ദൈവവിശ്വാസിയെക്കാള്‍ അനുയോജ്യമായ ഒരു ഉദാഹരണം നല്‍കാനാവുമെന്നു്‌ തോന്നുന്നില്ല. “എന്നെപ്പോലെ ആത്മപ്രശംസയ്ക്കു്‌ കയ്യും കാലും വച്ചവരായാല്‍ നിങ്ങള്‍ക്കും പുഴുവരിക്കുന്നതില്‍ നിന്നും രക്ഷപെടാം” എന്നാവാം ആ ദൈവജ്ഞാനി ലോകത്തോടു്‌ വിളിച്ചു്‌ പറയാന്‍ ആഗ്രഹിക്കുന്നതു്‌. ഇന്നുവരെ ലോകത്തില്‍ ഉണ്ടായിട്ടുള്ള വേദഗ്രന്ഥങ്ങളില്‍ ഏതെങ്കിലും ഒന്നു്‌ ദൈവവചനമാണെന്നു്‌ വിശ്വസിക്കുന്നവനാണു്‌ യഥാര്‍ത്ഥ വിഡ്ഢി. ഈ വസ്തുത വിഡ്ഢിത്തത്തിന്റെ ഒരു ക്രൈട്ടീരിയന്‍ ആയി അംഗീകരിക്കപ്പെടേണ്ടതാണു്‌.

ഒരു ദൈവവിശ്വാസിയില്‍ നിന്നും അവന്‍ ജീവിക്കുന്ന, അനുഭവിക്കുന്ന മാനസികമായ ചെളിക്കുണ്ടിന്റെ ദുര്‍ഗന്ധമേ വമിക്കുകയുള്ളു എന്നതിന്റെ തെളിവാണിതു്‌. എന്റെ അഭിപ്രായത്തില്‍, അവനില്‍ നിന്നും മറ്റൊന്നു്‌ പ്രതീക്ഷിക്കുന്നവനാണു്‌ സഹതാപം അര്‍ഹിക്കുന്നതു്‌. “സൂക്ഷ്മദര്‍ശകന്‍” എന്നും, “തത്വചിന്തകന്‍” എന്നും മറ്റും ഒരുവന്‍ സ്വയം പേരിട്ടു്‌ വിളിക്കുന്നെങ്കില്‍ തീര്‍ച്ചയായും അവന്‍ ദര്‍ശകനും ചിന്തകനുമൊക്കെ ആയിരിക്കണം, സംശയമുണ്ടോ? കുറുക്കന്‍ നീലം കലക്കിയ വെള്ളത്തില്‍ മാമൂദീസ മുങ്ങുന്നതില്‍ നിന്നുമാണു്‌ അവന്റെ ദൃഷ്ടാന്തം വരുന്നതു്‌. ശാസ്ത്രം, തത്വചിന്ത, കല, സാഹിത്യം മുതലായ “ലൗകിക”വിഷയങ്ങളില്‍ വസ്തുനിഷ്ഠവും, കാര്യമാത്രപ്രസക്തവും, ഫലപ്രദവുമായ ഒരു ചര്‍ച്ച നടത്താന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അതു്‌ ഇതുപോലെ “യഥാര്‍ത്ഥ യുക്തിവാദികളായ” ദൈവവിശ്വാസികളുമായിട്ടായിരുന്നാല്‍ ഏറ്റവും നല്ലതു്‌. സ്വന്തം കൈകള്‍ കൊണ്ടു്‌ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു്‌ ദൈവത്തിന്റെ ഹസ്തരേഖാശാസ്ത്രത്തില്‍ ഉണ്ടെന്നു്‌ വാദിക്കുന്ന വിശ്വാസിയുടെ “യഥാര്‍ത്ഥ യുക്തി”യില്‍ കവിഞ്ഞ ഒരു യുക്തിയുണ്ടോ?

Aug 13, 2012, 12:36 PM

മുഖം മൂടിയണിഞ്ഞ മനുഷ്യഭയമാണു്‌ ദൈവഭയം.

ആചാരങ്ങളും കീഴ്വഴക്കങ്ങളും പിഴവുപറ്റാതെ നിവൃത്തിക്കാന്‍ മനുഷ്യര്‍ ബദ്ധശ്രദ്ധരാവുമ്പോള്‍, അവര്‍ ഭയപ്പെടുന്നതു്‌ ദൈവങ്ങളെയോ പൂര്‍വ്വികരെയോ അല്ല, അവരുടെ ഓരോ ചെറിയ പിഴവുകള്‍ പോലും കാക്കക്കണ്ണുമായി നോക്കിക്കൊണ്ടു്‌ അവര്‍ക്കു്‌ ചുറ്റും ജീവിച്ചിരിക്കുന്ന മനുഷ്യരുടെ നാവുകളെയാണു്‌. നാട്ടുകാരുടെ, പ്രമാണിമാരുടെ, കൊച്ചുകുഞ്ഞുവല്യമ്മായിമാരുടെ, വല്യകൊച്ചുകുഞ്ഞമ്മായിമാരുടെ, കുഞ്ഞുവല്യകൊച്ചമ്മാവന്മാരുടെ, കുഞ്ഞുകൊച്ചുവല്യേട്ടന്മാരുടെ, വല്യവല്യേച്ചിമാരുടെ കൊച്ചുകൊച്ചേച്ചിമാരുടെ … … എല്ലാം പാമ്പിന്റേതുപോലെ പിളര്‍ന്ന നാവുകള്‍! ഏതു്‌ മനുഷ്യനും ഏതു്‌ ജീവിക്കും സംഭവിക്കാവുന്ന ചെറുതോ വലുതോ ആയ പിഴവുകളെ, അബദ്ധങ്ങളെ, തെറ്റുകുറ്റങ്ങളെ വരാനിരിക്കുന്ന മഹാദുരന്തങ്ങളുടെ മുന്നോടിയായി വ്യാഖ്യാനിച്ചു്‌ മനുഷ്യനെ ഭയപ്പെടുത്തി സ്വൈര്യം കെടുത്തി ഇടത്തോട്ടോ വലത്തോട്ടോ തിരിയാന്‍ കഴിയാത്തവരാക്കിത്തീര്‍ക്കുന്ന സഹൃദയര്‍! ചാവാനും കൊല്ലാനും കൊല്ലിക്കാനും കൂട്ടുനിന്നിട്ടു്‌, അവസാനം അവന്‍ “സ്പൂണ്‍ ഉപേക്ഷിച്ചു” എന്നു്‌ ഉറപ്പാവുമ്പോള്‍ കപടസഹതാപത്തിന്റെ ദുഃഖവസ്ത്രങ്ങളില്‍ പൊതിഞ്ഞു്‌ കള്ളക്കണ്ണീരില്‍ കുതിര്‍ന്ന റീത്തുമായി ശവമടക്കില്‍ പങ്കെടുക്കാന്‍ എത്തുന്ന ഉദാരമനസ്കര്‍!

“നിങ്ങള്‍ എന്നെ ഭയപ്പെടണം” എന്നു്‌ മനുഷ്യനെ പഠിപ്പിക്കുന്ന ഒരു ദൈവം മനുഷ്യന്‍ എന്ന വാക്കു്‌ കേള്‍ക്കുമ്പോള്‍ കോണകത്തില്‍ മൂത്രിക്കുന്നവനായിരിക്കണം.

Aug 13, 2012, 12:44 PM

“കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ
കുളിക്കാന്‍ പനിനീര്‍ ചോല കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല”

അങ്ങനെ മലയാളിപ്പെണ്ണിന്റെ ഡ്രെസ്സ് കോഡിന്റെയും ഹൈജീന്റെയും കാര്യത്തില്‍ ഒരു തീരുമാനമായി. കുടമുല്ലപ്പൂവിനു്‌ ഒരായിരം നന്ദി.

Aug 17, 2012, 10:27 AM

അന്തസ്സാരശൂന്യതയുടെ തത്ത്വശാസ്ത്രമാണു്‌ തിയോളജി. ദൈവമെന്ന മിഥ്യാബോധത്തിന്റെ മറവില്‍, (മനുഷ്യനിര്‍മ്മിതം മാത്രമായ) ഭാഷയുടെ വളച്ചൊടിക്കലിലൂടെ ജന്മം നല്‍കപ്പെടുന്ന സ്യൂഡൊഫിലോസഫി. നിരുപാധികമോ സോപാധികമോ ആയ യാതൊരു സത്യവും ഇന്നോളം ഉള്‍ക്കൊണ്ടിട്ടില്ലാത്ത വ്യാജതത്ത്വശാസ്ത്രം. വിഡ്ഢികളെ തൃപ്തിപ്പെടുത്താന്‍ അങ്ങേയറ്റം പര്യാപ്തമായ ബൗദ്ധികചാപിള്ളകള്‍!

Aug 17, 2012, 12:16 PM

“കോതമംഗലത്ത് നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ തന്റെ നിര്‍ദേശങ്ങളാണ് അംഗീകരിച്ചതു്‌.” – മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കേരളമുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലെ “പ്രബുദ്ധരായ” ജനങ്ങള്‍ക്കും, ഒരു കുഞ്ഞാടു്‌ എന്ന നിലയില്‍ വിശുദ്ധ മേനികള്‍ക്കും യോജിച്ച ഭാഷയില്‍ സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടി ബാദ്ധ്യസ്ഥനാണു്‌.

ഇദ്ദേഹത്തെപ്പറ്റിയൊക്കെ എഴുതാന്‍ കഴിയുന്നതുതന്നെ ഒരു മഹാഭാഗ്യമെന്നേ ഞാന്‍ പറയൂ.

Aug 17, 2012, 1:25 PM

ജനം പ്രതിനിധീകരിക്കപ്പെട്ടു്‌ കാണാന്‍ ആഗ്രഹിക്കുന്നു.

Aug 18, 2012, 9:28 AM

അജ്ഞതയുടെ ചെളിക്കുണ്ടില്‍ ദൈവവിശ്വാസം തഴച്ചുവളരും – ചാണകക്കുഴിയിലെ ചീരപോലെ.

Aug 18, 2012, 9:29 AM

മനുഷ്യരുടെ അജ്ഞതയും ദാരിദ്ര്യവും ദുരിതങ്ങളും രോഗങ്ങളും ഭുജിച്ചു്‌ ജീവിക്കുന്നവരാണു്‌ ദൈവങ്ങള്‍. ഈവക കാര്യങ്ങള്‍ ഇല്ലാതായാല്‍ ദൈവങ്ങളും ഇല്ലാതാവും. ദൈവത്തെ വിളിച്ചപേക്ഷിച്ചാല്‍ അവയെല്ലാം ഇല്ലാതാവുമെന്നു്‌ പ്രതീക്ഷിക്കുന്നവര്‍ വിശ്വസിക്കുന്നതു്‌ താനിരിക്കുന്ന കൊമ്പു്‌ മുറിക്കുന്നവനാണു്‌ ദൈവം എന്നുകൂടിയാണു്‌.

Aug 18, 2012, 9:30 AM

വിശ്വാസിക്കു്‌ തിരിച്ചറിവും, പന്നിക്കു്‌ മൂക്കുത്തിയും തടസ്സമേ ആവൂ. കാരണം, ആദ്യത്തേതിനു്‌ ചിന്താശൂന്യതയില്‍ മൂടിപ്പുതച്ചുകിടന്നു്‌ കൂര്‍ക്കം വലിച്ചു്‌ ഉറങ്ങേണ്ടതുണ്ടു്‌, രണ്ടാമത്തേതിനു്‌ ചെളിക്കുഴിയില്‍ യഥേഷ്ടം മൂക്കുപൂഴ്ത്തി ഉഴുതു്‌ മറിക്കേണ്ടതും.

Aug 18, 2012, 9:31 AM

ബോധവത്കരണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരാണു്‌ തീവ്രവിശ്വാസത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവര്‍.

Aug 19, 2012, 2:35 PM

ഇടവക വികാരന്റെ ഇടയലേഖനം

ദൈവത്തില്‍ വിശ്വസിക്കുകയും, കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുകയും, ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മേക്കാമോതിരവും, “അഡ്ഡിലും പതക്കവും”, താലിമാലയും, അരഞ്ഞാണവും, മൂക്കുത്തിയും, നാക്കുത്തിയും, കൈവളകളും, കാല്‍ച്ചിലമ്പുകളും ഇതൊന്നും പോരാത്തതിനു്‌ പിന്നിയ തലമുടിയുമായി (തലമുടി എന്നു്‌ ഞാന്‍ തമിഴില്‍ പറയാത്തതു്‌ നിങ്ങളുടെ ഭാഗ്യമെന്നു്‌ കരുതിക്കോളൂ!) സര്‍ക്കസ് കുതിരകളെപ്പോലെ പള്ളിയില്‍ എത്തുന്ന നൂലാമാലകളായ നസ്രാണിപ്പെണ്ണാടുകളെ, നിങ്ങള്‍ ഹൃദയത്തില്‍ പശ്ചാത്തപിച്ചുകൊണ്ടു്‌ വിശുദ്ധ പൗലൊസ് ശ്ലീഹയുടെ വാക്കുകള്‍ക്കു്‌ ചെവി കൊടുക്കുക. ഒന്നുകില്‍ ദൈവവും കര്‍ത്താവും സ്വര്‍ഗ്ഗവും, അല്ലെങ്കില്‍ സ്വര്‍ണ്ണവും പിന്നിയ തലമുടിയും നരകവും. അല്ലാതെ, ഒന്നിനെ വിടാതെ മറ്റതിനെ ഒപ്പിക്കാം എന്ന വല്ല വ്യാമോഹവുമുണ്ടെങ്കില്‍ അതിനുവച്ച വെള്ളം ആദ്യം വാങ്ങി വച്ചിട്ടു്‌ വിവരം പള്ളിയില്‍ പറഞ്ഞാല്‍ മതി. കെട്ടാനും മുക്കാനും കുഴിച്ചിടാനുമൊക്കെ വരുമല്ലോ പള്ളിയിലേയ്ക്കു്‌! ദൈവരാജ്യവും പൗലൊസിന്റെ വാക്കുകളും വെറുമൊരു പുള്ളകളിയാണെന്ന നിങ്ങളുടെ ആ അഹംഭാവമുണ്ടല്ലോ, അതു്‌ ഇടവക വികാരന്‍ എന്ന നിലയില്‍ ഞാന്‍ കൃതനിശ്ചയമായി തള്ളിക്കളയുന്നു. ഭക്തിപൂര്‍വ്വം തലയില്‍ മുണ്ടിട്ടു്‌ ദൈവം പൗലൊസിന്റെ വായിലൂടെ നിങ്ങളോടു്‌ കല്പിക്കുന്നതെന്തെന്നു്‌ ശ്രദ്ധിച്ചു്‌ കേട്ടു്‌ അനുസരിച്ചാല്‍ നിങ്ങള്‍ക്കു്‌ കൊള്ളാം:

“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തില്‍ നിജപുത്രനായ തിമൊഥെയോസിനു്‌ എഴുതിയ ഒന്നാം ലേഖനത്തില്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു്‌ ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ (അതാവതു്‌, നാണികളായും വട്ടില്ലാതെയും) തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു്‌, മുത്തു്‌, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു്‌ ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു്‌. സ്ത്രീ മൌനമായിരുന്നു്‌ പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു്‌ ലംഘനത്തിൽ അകപ്പെട്ടതു്‌. എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും”. (തിമൊഥെയോസ് 2: 9 – 15)

ഞാന്‍ സുഭിക്ഷമായ തീറ്റയും കുടിയുമായി സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു്‌ “നിത്യജീവിതം” ആസ്വദിക്കുമ്പോള്‍ സകല നസ്രാണി അമ്മമാരും, പെങ്ങന്മാരും, ഭാര്യമാരും നരകത്തിന്റെ നടുവില്‍ കെടാത്ത മണ്ണെണ്ണ സ്റ്റൗവിനും, ചാകാത്ത ചൊറിയന്‍ പുഴുക്കള്‍ക്കുമിടയില്‍ എരിപൊരിക്കൊണ്ടുകൊണ്ടു്‌, അയ്യോ, ഞങ്ങള്‍ ഇതൊന്നും അറിഞ്ഞില്ലേ, ഞങ്ങളോടു്‌ ഇതൊന്നും ആരും പറഞ്ഞില്ലേ എന്നൊക്കെ പതം പറയുന്നതു്‌ കേള്‍ക്കേണ്ടിവന്നാല്‍ പിന്നെ എന്റെ സ്വര്‍ഗ്ഗീയ ആഹാരത്തിനു്‌ വല്ല രുചിയുമുണ്ടാവുമോ? മറ്റുള്ളവരുടെ പാപത്തിന്റെ പേരില്‍ കളങ്കമില്ലാത്തൊരു ഇടയനു്‌ സ്വര്‍ഗ്ഗത്തില്‍ സ്വൈര്യവും സമാധാനവും ഇല്ലെന്നു്‌ വരരുതു്‌.

എന്നു്‌,

സ്വന്തം ഇടവക വികാരന്‍.

Aug 19, 2012, 2:42 PM

ന്യായപ്രമാണം എന്നതു്‌ അതും കക്ഷത്തില്‍ വച്ചുകൊണ്ടു്‌ നടക്കുന്ന “നീതിമാന്മാര്‍ക്കു്‌'” വേണ്ടിയാണെന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട. അതു്‌ ആര്‍ക്കുവേണ്ടിയാണെന്നും വിശുദ്ധ പൗലൊസ് വ്യക്തമായി നമുക്കു്‌ പറഞ്ഞുതരുന്നു:

“ന്യായപ്രമാണമോ നീതിമാനല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കുലപാതകർ, ദുർന്നടപ്പുകാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നീ വകക്കാർക്കും പത്ഥ്യോപദേശത്തിന്നു്‌ വിപരീതമായ മറ്റു്‌ ഏതിന്നും അത്രേ വെച്ചിരിക്കുന്നതു്‌ എന്നു്‌ ഗ്രഹിച്ചുകൊണ്ടു്‌ അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതുതന്നേ എന്നു നാം അറിയുന്നു. (തിമൊഥെയോസ് 1: 8 – 10)

കുറുക്കന്‍ ചത്താലും കണ്ണു്‌ കോഴിക്കൂട്ടിലേക്കു്‌ തിരിഞ്ഞിരിക്കുന്നതുപോലെ, ദൈവത്തിന്റെയും അദ്ദേഹത്തിന്റെ പ്രതിനിധികളുടെയും കണ്ണുകള്‍ എപ്പോഴും അധര്‍മ്മികളുടെ കുളിമുറികള്‍ പരതിക്കൊണ്ടിരിക്കും.

തിമൊഥെയോസിനെപ്പോലെ നന്നായി ഭരിക്കുന്ന മൂപ്പന്മാര്‍ക്കു്‌, എന്ന്വച്ചാല്‍, അധര്‍മ്മികളുടെ കുളിമുറികള്‍ പരതാന്‍ യോഗ്യതയുള്ള ഇടയന്മാര്‍ക്കു്‌ ചില കണ്‍സെഷനുകള്‍ പൗലൊസ് അനുവദിക്കുന്നുണ്ടു്‌:

“മെതിക്കുന്ന കാളെക്കു്‌ മുഖക്കൊട്ട കെട്ടരുതു്‌ എന്നു്‌ തിരുവെഴുത്തു്‌ പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു്‌ യോഗ്യൻ എന്നും ഉണ്ടല്ലോ. മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക”. (തിമൊഥെയോസ് 5: 18, 24)

വിധവമാരെ ആരു്‌ സംരക്ഷിക്കണം എന്നതിനെപ്പറ്റിയും പൗലോസിനു്‌ വെളിപാടുണ്ടായിട്ടുണ്ടു്‌:

“ഒരു വിശ്വാസിനിക്കു്‌ വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു്‌ മുട്ടുതീർക്കട്ടെ; സഭെക്കു്‌ ഭാരം വരരുതു്‌; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ”.

സഭയ്ക്കു്‌ ഭാരം വരികയോ? ഒരിക്കലും പാടില്ല. അക്കാര്യത്തില്‍ രണ്ടായിരം വര്‍ഷങ്ങളായി മാറ്റമൊന്നും വന്നിട്ടില്ല – ചില വിന്‍ഡോ ഡ്രെസ്സിംഗുകളൊക്കെ സഭയും, ചില അമ്മമാരും, മറ്റുചില അമ്മാത്തിമാരും നിരത്തിവക്കുകയും, അതിനെപ്പറ്റി ലോകം മുഴുവന്‍ വിളിച്ചുകൂവുകയും ചെയ്യാറുണ്ടെങ്കിലും!

സാക്ഷാല്‍ വിധവ, അല്ലാത്ത വിധവ, ഇളയ വിധവ, മൂത്ത വിധവ മുതലായ ക്ലാസിഫിക്കേഷന്‍ നടത്തി വിശ്വാസികളെ ബോധവത്കരിക്കാനും പൗലൊസ് എന്ന കള്ളനാണയം മറക്കുന്നില്ല. ഒന്നാം തിമൊഥെയോസില്‍ നിന്നും ചില വാക്യങ്ങള്‍:

“സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക”.

“സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു. കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ”.

“സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു്‌ താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു്‌ മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം. ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു്‌ മദിക്കുമ്പോൾ വിവാഹം ചെയ്‍വാൻ ഇച്ഛിക്കും”.

“അത്രയുമല്ല അവർ വീടുതോറും നടന്നു്‌ മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു്‌ സംസാരിക്കും”. (തിമൊഥെയോസ് 5: 3 – 16)

കാര്യങ്ങള്‍ പിടികിട്ടിയല്ലോ. അപ്പോ എല്ലാം പറഞ്ഞ പോലെ. ആല്‍മരത്തിന്റെ ചോട്ടില്‍ രാത്രി പതിനൊന്നുമണിക്കു്‌.

Aug 21, 2012, 9:36 AM

ഗത്യന്തരമില്ലാതെ ജീവന്‍ എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തിടുക്കപ്പെടുന്നവര്‍ ജീവന്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നവരെ കാണുന്നേയില്ലെന്നു്‌ നടിക്കുന്നതു്‌ എന്തുകൊണ്ടെന്നു്‌ മനസ്സിലാവുന്നില്ല.

Aug 21, 2012, 9:42 AM

തന്റെ “ശരികളെ” പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നു്‌ തിരിച്ചറിയുന്നിടത്താണു്‌ സഹിഷ്ണുതയുടെ അതിര്‍വരമ്പു്‌.

Aug 21, 2012, 9:53 AM

ആര്‍ക്കും ഒരുവിധത്തിലും അറിയാന്‍ കഴിയാത്ത ഒരു ജ്ഞാനമുണ്ടു്‌ – ആത്യന്തികമായ, പരമമായ ഒരു ജ്ഞാനം! അതു്‌ അറിയുന്നവനാണു്‌ വിശ്വാസി – “ഞാന്‍” എന്ന വിശ്വാസി!!

Aug 21, 2012, 10:45 AM

അതുകൊണ്ടു്‌ തങ്ങള്‍ക്കു്‌ നേട്ടമുണ്ടാകുമെന്നുണ്ടെങ്കില്‍ മാര്‍ക്സിനെവരെ പൂണൂലോ വെന്തിങ്ങയോ ധരിപ്പിക്കാനോ സുന്നത്തു്‌ ചെയ്യാനോ മടിക്കാത്ത രണ്ടു്‌ സാമൂഹിക ഏജന്‍സികളാണു്‌ മതവും രാഷ്ട്രീയവും.

Aug 21, 2012, 2:20 PM

കാട്ടുജീവികളെ സഹിക്കാത്തവന്‍ കാട്ടുജീവികള്‍ക്കു്‌ അസഹിഷ്ണു.

Aug 21, 2012, 3:10 PM

മലയാളി ഞണ്ടുകളെ കപ്പലില്‍ കയറ്റി അയക്കുമ്പോള്‍ അവ കിടക്കുന്ന പാത്രം മൂടേണ്ടതില്ലത്രെ! സാംസ്കാരികപ്രമുഖനും പണ്ഡിതനുമായൊരു നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പണ്ടൊരിക്കല്‍ പോയപ്പോള്‍ കേട്ടതാണു്‌. അതു്‌ അവറ്റകള്‍ വളരെ വിദ്യാസമ്പന്നരും അച്ചടക്കബോധമുള്ളവരും ആയതുകൊണ്ടാവാനേ വഴിയുള്ളു.

Aug 22, 2012, 4:10 PM

The agony of choice:

A. നിങ്ങള്‍ ഭഗവദ്ഗീത വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

B. നിങ്ങള്‍ മഹാഭാരതം വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

C. നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

D. നിങ്ങള്‍ ഖുര്‍ആന്‍ വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

E. നിങ്ങള്‍ ത്രിപിടകം വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

F. നിങ്ങള്‍ ഗുരുഗ്രന്ഥസാഹിബ് വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

G. നിങ്ങള്‍ അവെസ്റ്റ വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

H. നിങ്ങള്‍ “ടാഓ ടെ ചിങ്” വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

………..
………..

ഇതൊന്നും വായിച്ചിട്ടില്ലെങ്കിലും നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. അല്ലാവുദീനും അത്ഭുതവിളക്കും വായിക്കുക, സകലത്തിനും ഉത്തരം കിട്ടും, തീര്‍ച്ച!

Aug 23, 2012, 9:28 AM

ഇതുവരെ അറിയാത്തവര്‍ക്കായി:

പ്രണയം ഒരു രോഗമാണെന്നു്‌ ലോകാരോഗ്യസംഘടന (WHO) ഔദ്യോഗികമായി അംഗീകരിച്ചു. പ്രണയരോഗത്തിന്റെ ഇന്റര്‍നാഷനല്‍ കോഡ്: F 63.9.

World Health Organization (WHO) has included love in the official Classification of Diseases. Love is classified as the mental illness, the title “disorder, unspecified habits and desire.”
F63.9 – that’s the number love has in the register. After alcoholics, gamers, pyromaniacs, drug addicts, kleptomaniacs…

General symptoms:

 • Obsessive thoughts of object of disire
 • Mood swings
 • Inflated self-esteem
 • Self-pity
 • Insomnia, broken sleep
 • Rash and impulsive actions
 • Differences in blood pressure
 • Headaches
 • Allergic reactions
 • Syndrome of obsession: I know she loves, but she keeps silence.

From now on an international code of love – F63.9.

ഒരു വലിയ വിഭാഗം മനുഷ്യര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു്‌ രൂപാന്തരം വരുത്തി ഭാഗ്യം കൈവരിക്കുന്നതിനും ദുരിതങ്ങള്‍ ദൂരീകരിക്കുന്നതിനുമായി നടത്തുന്ന ഭ്രാന്തന്‍ശ്രമങ്ങളാണു്‌ മതങ്ങള്‍ എന്നു്‌ സിഗ്മണ്ട് ഫ്രൊയ്ഡ് തിരിച്ചറിഞ്ഞിട്ടുണ്ടു്‌. ഉറഞ്ഞുതുള്ളുന്നവരുടെ എണ്ണം ഒരളവില്‍ കൂടിയാല്‍ അതു്‌ ഭ്രാന്തു്‌ അല്ലാതാവും എന്നതിനാലാണോ മതപരമായ ഈ “പെഴ്സിസ്റ്റന്റ് ഡെല്യൂഷണല്‍ ഡിസോര്‍ഡറിനു്‌” ഒരു കോഡ് നമ്പര്‍ നല്‍കി ആദരിക്കാന്‍ WHO ഇതുവരെ തയ്യാറാകാത്തതു്‌ എന്നറിയില്ല. വ്രണപ്പെടുന്ന വികാരങ്ങള്‍ മൂലം ലോകമാസകലം, ബൈബിളിന്റെ ഭാഷയില്‍ പറഞ്ഞാല്‍, വലിയോരു കൂട്ടക്കരച്ചിലും പല്ലുകടിയും ഉണ്ടാവുമെന്നതും ഒരു കാരണമായിക്കൂടെന്നില്ല.

Aug 24, 2012, 10:27 AM

“ബ്രിട്ടീഷ് മലയാളി”യിലെ മാണിവാർത്ത വായിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ: (കുറ്റപ്പെടുത്തരുത്, സംശയങ്ങൾ മാത്രമാണ്. ഇപ്പോഴേ വായിക്കാൻ കഴിഞ്ഞുള്ളു. )

ഏറ്റവും കൂടുതൽ ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മന്ത്രിയും മാണി ആയിരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ശർമ്മയുടെ കത്തിൽ പറയുന്നു. ഇൻഡ്യൻ വംശജൻ കൂടിയായ ശർമ്മ തന്നെ ആയിരിക്കും ആ അപൂർവ്വനിമിഷത്തിൽ അദ്ധ്യക്ഷത വഹിക്കുക.

 • പണ്ടൊരിക്കൽ അവതരിപ്പിച്ച “മിച്ച ബഡ്ജറ്റ്” അടക്കം എന്നുകൂടി പറയാമായിരുന്നില്ലേ?
 • നിന്റെ വിശ്വാസം നിന്റെ അദ്ധ്യക്ഷതയെ രക്ഷിക്കുമാറാകട്ടെ .

ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിനെ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ ചാൻസെലർ ജോർജ്ജ് ഒസ്ബോൺ പ്രതിപക്ഷ നേതാവ് എഡ് മിലിബാൻഡ് എന്നിവരെ എത്തിക്കാൻ സജീവമായി ശ്രമം നടക്കുന്നുണ്ട്. ഒരു ഡസനോളം എംപിമാർ പരിപാടിയിൽ സന്നിഹിതരാവുമെന്നണ് റിപ്പോർട്ട്.

 • അപ്പോൾ പരിപാടി നടക്കുമ്പോൾ ബാക്കി എംപി മാരൊക്കെ പാർലമെന്റ് ബഹിഷ്കരിക്കും എന്നാണോ മനസ്സിലാക്കേണ്ടത്‌? അതോ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കുര(വ)കളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ വല്ല പാരിഷ് ഹാളിലോ മറ്റോ ആണോ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്?

കെ എം മാണി അവതരിപ്പിച്ച അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തോളം ചർച്ച ചെയ്യപെട്ട മറ്റൊരു സിദ്ധാന്തം കേരളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.

 • വാനസിദ്ധാന്തം, വനസിദ്ധാന്തം, ഐസ് ക്രീം സിദ്ധാന്തം, മുതലായവയെ എല്ലാം പിൻതള്ളിയെങ്കിൽ സാധനം ഇത്തിരി കാമ്പുള്ളതായിരിക്കണം. വായിച്ചാൽ മനസ്സിലാവുമോ എന്തോ!

ഏതായാലും മാണിസാറിന് ആ അപൂർവ്വനിമിഷത്തിൽ ഡിങ്കഭഗവാന്റെ കരുണയും കൃപയും അനുഗ്രഹങ്ങളും ഇഷ്ടം പോലെ ഉണ്ടായിരിക്കട്ടെ, ആമീൻ.

Aug 24, 2012, 1:41 PM

മാതൃഭൂമി വാർത്ത:

ഉത്തേജക മരുന്ന്: ആംസ്ട്രോങ്ങിന് വിലക്ക്.

നാല്പത് വയസ്സുകാരനായ ആംസ്ട്രോങ്ങ് തന്റെ സമയം ഭാവിയിൽ സ്വന്തം കുടുംബത്തിനുവേണ്ടി ചിലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇനി ഈ കേസുമായി മുന്നോട്ടുപോകുന്നില്ല എന്നും, അത് ഒരു കുറ്റസമ്മതമായി മനസ്സിലാക്കേണ്ടതില്ലെന്നും പറഞ്ഞെന്നായിരുന്നു ഞാൻ രാവിലെ വാർത്തയിൽ കേട്ടത്. സ്വാഭാവികമായും ആജീവനാന്തവിലക്കിനും നേടിയ മെഡലുകളുടെ നഷ്ടത്തിനും അത് കാരണമാവും എന്നറിഞ്ഞുകൊണ്ടുതന്നെ എടുത്ത ഒരു തീരുമാനം.

പക്ഷേ മാതൃഭൂമിയിൽ “വിലക്ക്” വാർത്തയല്ലാതെ ആംസ്ട്രോങ്ങ് പറഞ്ഞ കാര്യങ്ങളൊന്നും കണ്ടില്ല. അവരുടെ വായനക്കാർക്ക് വേണ്ടതിൽ കൂടുതൽ എഴുതി വെറുതെ മഷി നഷ്ടപ്പെടുത്തണ്ട എന്ന് കരുതിക്കാണും.

Aug 24, 2012, 4:36 PM

അവസാനിക്കാന്‍ കൂട്ടാക്കാത്ത ലോകം

21.12.2012-നു്‌ മായന്‍ കലണ്ടര്‍ അവസാനിക്കുന്നതോടെ ഈ ലോകം ഒന്നു്‌ അവസാനിച്ചു്‌ കിട്ടുമെന്നു്‌ കരുതിയിട്ടു്‌ അതും നടക്കുന്ന മട്ടില്ല. കഴിഞ്ഞ വര്‍ഷം ഗ്വാട്ടെമാലയില്‍ നിന്നും കണ്ടെടുത്ത ഒന്‍പതാം നൂറ്റാണ്ടിലെ ഒരു മായന്‍ കലണ്ഡര്‍ പറയുന്നതു്‌ തന്റെ ആയുസ്സു്‌ 21.12.2012-നൊന്നും അവസാനിക്കില്ലെന്നാണു്‌. കലണ്ടറിനു്‌ ലോകത്തേക്കാള്‍ ദൈര്‍ഘ്യമുണ്ടായാല്‍ ലോകം എങ്ങനെ അവസാനിക്കും? 2076-ല്‍ ഒരു ലോകാവസാനമുണ്ടെന്നു്‌ കേള്‍ക്കുന്നു. ലോകസൃഷ്ടി നടന്നതിന്റെ 3942-ആം വര്‍ഷത്തിലാണു്‌ യേശു ജനിച്ചതു്‌ എന്നു്‌ അഭിവന്ദ്യനായ മതശാസ്ത്രജ്ഞന്‍ ബേഡെ എട്ടാം നൂറ്റാണ്ടിലേ കണ്ടെത്തിയിട്ടുണ്ടു്‌. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം 6000 വര്‍ഷം തികയുന്ന ‘വലിയ ആഴ്ച’യുടെ അന്ത്യം 2076-ല്‍ ആണു്‌! 2076-ല്‍ ലോകം അവസാനിക്കുന്നതിനു്‌ മറ്റൊരു കാരണം കൂടിയുണ്ടു്‌. മുസ്ലീമുകളുടെ ഹിജ്റ കലണ്ടര്‍ 1500 വര്‍ഷം തികയ്ക്കുന്നതു്‌ ‘ക്രിസ്ത്യാനികളുടെ’ കലണ്ടര്‍ 2076 വര്‍ഷം തികയ്ക്കുമ്പോഴാണു്‌! അങ്ങനെ നോക്കുമ്പോള്‍ ലോകാവസാനത്തിനു്‌ ഒട്ടും മോശമായ ഒരു വര്‍ഷമല്ല 2076.

പ്രവാചകരും, ജ്യോതിഷികളും, മറ്റു്‌ പലയിനം സെക്റ്റുകളുമൊക്കെ പ്രവചിച്ച കണക്കിനു്‌ ലോകം താഴെപ്പറയുന്ന വര്‍ഷങ്ങളിലൊക്കെ (ക്രിസ്തുവര്‍ഷം) അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, അവസാനിച്ചതും അവസാനിച്ചുകൊണ്ടിരിക്കുന്നതും പ്രവചിച്ചവര്‍ മാത്രമാണു്‌. പ്രവചനപ്രകാരം പലവട്ടം അവസാനിക്കേണ്ടിയിരുന്ന ലോകംമാത്രം ഇന്നും നിലനില്‍ക്കുന്നു.

70, 250, 500, 800, 979, 992, 999, 1000, 1033, 1169, 1186, 1254, 1260, 1420, 1500, 1524, 1532, 1533, 1538, 1541, 1650, 1665, 1666, 1692, 1800, 1814, 1843, 1844, 1864, 1874, 1881, 1891, 1901, 1910, 1914, 1925, 1953, 1957, 1959, 1960, 1962, 1969, 1973, 1975, 1978, 1981, 1982, 1986, 1988, 1990, 1992, 1993, 1994, 1995, 1996, 1997, 1998, 1999, 2000, 2002, 2003, 2005

കാലം പുരോഗമിക്കുന്നതിനനുസരിച്ചു്‌ പ്രവചനങ്ങളുടെ ഫ്രീക്വന്‍സിയും വര്‍ദ്ധിക്കുന്നതു്‌ നോക്കൂ. ആദ്യകാലങ്ങളില്‍ ഒരു ലോകാവസാനം കാണാന്‍ വേണ്ടി മനുഷ്യര്‍ക്കു്‌ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമായിരുന്നു – ചിലപ്പോള്‍ ശതാബ്ദങ്ങള്‍ പോലും! അതേസമയം, ആധുനികകാലമായപ്പോഴേക്കും ഇത്തിരി ഭാഗ്യമുണ്ടെങ്കില്‍ ഒരു വര്‍ഷത്തില്‍ത്തന്നെ പല ലോകാവസാനങ്ങള്‍ പ്രതീക്ഷിക്കാം എന്ന അവസ്ഥയിലെത്തി.

ഇതില്‍ ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ പ്രവാചകര്‍ ലോകാവസാനം പ്രവചിച്ചിരുന്നു. ഉദാഹരണത്തിനു്‌, 2000-ത്തില്‍ ലോകം അവസാനിക്കുമെന്നു്‌ പതിനേഴു്‌ പേരാണു്‌ പ്രവചിച്ചതു്‌! ചുരുങ്ങിയതു്‌ പത്തു്‌ പ്രവാചകരെങ്കിലും 1999-ല്‍ ലോകം അവസാനിക്കുമെന്നു്‌ ലോകത്തെ താക്കീതു്‌ ചെയ്തവരാണു്‌. ഇതുവരെയുണ്ടായ ആകെമൊത്തം പ്രവചനങ്ങള്‍ ഇതിലൊക്കെ വളരെ കൂടുതലാണെന്നു്‌ ചുരുക്കം.

Aug 24, 2012, 5:31 PM

“സ്ത്രീകള്‍ മനുഷ്യരല്ല”

സഭാപിതാവായ അഗസ്റ്റിന്റെ അഭിപ്രായപ്രകാരം സ്ത്രീ ദൈവത്തിന്റെ പ്രതിരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവളല്ല. (mulier non est factum ad imaginem Dei). ഒരു അപ്പോക്രിഫല്‍ പത്രോസ് വചനപ്രകാരം, “സ്ത്രീകള്‍ ജീവിതത്തിനു്‌ യോഗ്യരല്ല”. A.D. 585-ലെ Macon Synode-ല്‍ ഒരു ബിഷപ്പിന്റെ തിരുവചനം: സ്ത്രീകള്‍ മനുഷ്യരല്ല. പക്ഷേ, സ്ത്രീകള്‍ക്കു്‌ രക്ഷപെടാന്‍ ഒരു വഴിയുണ്ടു്‌: കുഞ്ഞുങ്ങള്‍ക്കു്‌ ജന്മം നല്‍കുക എന്നതാണതു്‌. വെറുതെ ജന്മം നല്‍കിയാല്‍ മാത്രം പോരാ, അതു്‌ അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ഉറച്ചുനിന്നുകൊണ്ടു്‌ ആയിരിക്കുകയും വേണം. ആദിമുതല്‍ ക്രൈസ്തവസഭയില്‍ സ്ത്രീജന്മം ഏതെങ്കിലും വിധത്തില്‍ നീതീകരിക്കപ്പെട്ടിരുന്നെങ്കില്‍ അതു്‌ ഒരു പ്രസവമെഷീന്‍ എന്ന രീതിയില്‍ മാത്രമായിരുന്നു. മാര്‍ട്ടിന്‍ ലൂഥറിന്റെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. അവനു്‌ വളരെ നാളുകള്‍ക്കു്‌ ശേഷവും യൂറോപ്പില്‍ ഈ നിലപാടു്‌ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. ചില പിതാക്കളുടെ മനസ്സില്‍ ഈ പഴയ സ്ത്രീചിത്രത്തിനു്‌ ഇന്നും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സ്ത്രീകളോടുള്ള മാര്‍ട്ടിന്‍ ലൂഥറിന്റെ അരുളപ്പാടു്‌: “കുഞ്ഞിനെ തരിക, അതും എല്ലാ ശക്തിയോടെയും. അതുവഴി നീ മരിച്ചാല്‍ സന്തോഷത്തോടെ സ്വര്‍ഗ്ഗയാത്രയിലേക്കു്‌ പ്രവേശിച്ചുകൊള്ളൂ, കാരണം നീ മരിച്ചതു്‌ സല്‍പ്രവര്‍ത്തിയിലും ദൈവാനുസരണയിലുമാണു്‌”. പോരെങ്കില്‍: “അവര്‍ (സ്ത്രീകള്‍) ക്ഷീണിക്കുകയോ, അവസാനം ചാവുകയോ ചെയ്താലും ദോഷമൊന്നുമില്ല, അതിനായിട്ടാണു്‌ അവര്‍ ജീവിക്കുന്നതു്‌”. എങ്ങനെയുണ്ടു്‌ കത്തോലിക്കാസഭയെ “റിഫോം” ചെയ്ത മാര്‍ട്ടിന്‍ ലൂഥര്‍? സമൂഹത്തില്‍ മതങ്ങള്‍ക്കു്‌ മേല്‍ക്കോയ്മ ഉണ്ടാവേണ്ടതു്‌ എന്തുകൊണ്ടാണെന്നു്‌ ചുരുങ്ങിയപക്ഷം സ്ത്രീകള്‍ക്കെങ്കിലും മനസ്സിലായി കാണുമെന്നു്‌ കരുതുന്നു. കൂട്ടത്തില്‍ പറയട്ടെ, സ്ത്രീകളെ ഗര്‍ഭയന്ത്രം എന്ന രീതിയില്‍ സെക്കന്‍ഡറി സെക്ഷ്വല്‍ കാരക്റ്റെറിസ്റ്റിക്സിലേക്കു്‌ പരിമിതപ്പെടുത്തിയ ലൂഥറിന്റെ പാത പിന്‍തുടരാന്‍ കേരളത്തിലെ പുരോഗമനകാംക്ഷികളായ ചില സ്ത്രീകളെങ്കിലും ശ്രമിക്കുന്നുണ്ടു്‌ എന്നതു്‌ അഭിമാനകരവും ആശാവഹവുമായ കാര്യമാണു്‌.

Aug 25, 2012, 11:00 AM

എന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റില്‍ Saji Markose ഇട്ട ഒരു കമന്റിന്റെ മറുപടി. അതൊരു പോസ്റ്റാക്കുന്നതില്‍ തെറ്റില്ലെന്നു്‌ തോന്നി.

Saji Markose സായിപ്പിനോട്‌ ബാക്കിയുണ്ടായിരുന്ന ഇച്ചിരെ ബഹുമാനം കൂടി പോയിക്കിട്ടി.
“മാണീീടെ ഒരു ചിന്ത്താന്തം- മരു മോന്റെ റിസോർട്ട്‌ സംരക്ഷിക്കാൻ ഭൂപരിഷ്കരണം നിയമം പോളിച്ചെഴുതിയ സിദ്ധാന്തം സായിപ്പിനെ പഠിപ്പിക്കട്ടെ.”

ഇക്കാര്യത്തില്‍ സായിപ്പിനെ കുറ്റം പറയേണ്ടതുണ്ടെന്നു്‌ തോന്നുന്നില്ല. അതുകൊണ്ടു്‌ സായിപ്പു്‌ അടിമുടി പരിശുദ്ധനാണെന്നൊന്നും എനിക്കഭിപ്രായമില്ല. പക്ഷേ, ഇവിടെ സംഭവിക്കുന്നതു്‌ നല്ലൊരു പങ്കു്‌ സായിപ്പന്മാരുടെ സന്മനസ്സിനെ മുതലെടുക്കലാണു്‌. പിന്നാക്കം നില്‍ക്കുന്ന (ചുരുങ്ങിയപക്ഷം പിന്നാക്കം നില്‍ക്കുന്നതെന്നു്‌ സായിപ്പു്‌ കരുതുകയെങ്കിലും ചെയ്യുന്ന) സമൂഹങ്ങളില്‍ നിന്നും വരുന്ന കുടിയേറ്റക്കാരെ അവര്‍ വളര്‍ന്നതും ശീലിച്ചതുമായ മതം, സംസ്കാരം മുതലായവ പിന്‍തുടരാന്‍ അനുവദിക്കുക എന്നൊരു രീതി മിക്കവാറും എല്ലാ യൂറോപ്യന്‍ സമൂഹങ്ങളിലും നിലനില്‍ക്കുന്നുണ്ടു്‌. മുസ്ലീമുകള്‍ക്കു്‌ മോസ്കും, ഹിന്ദുക്കള്‍ക്കു്‌ അമ്പലവും, മറ്റു്‌ രാജ്യങ്ങളിലെ “ചെറുകിട” ക്രൈസ്തവര്‍ അടക്കമുള്ള മറ്റു്‌ മതക്കാര്‍ക്കു്‌ അവരുടേതായ ആരാധനാലയങ്ങളും പണിയാനും അവിടെ ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ നല്‍കുന്നതു്‌ അതുകൊണ്ടാണു്‌. ഇക്കൂട്ടരിലേറെയും കപ്യാരും മുക്രിയും നാട്ടുകാരും വീട്ടുകാരും വഴി ജന്മം മുതല്‍ വിഡ്ഢികളായി വളര്‍ത്തപ്പെടുന്നവരാണെന്നതിനാല്‍, സായിപ്പു്‌ അതൊക്കെ അനുവദിക്കുന്നതു്‌ തങ്ങളുടെ മതത്തിന്റെയും ദൈവത്തിന്റെയും നിഷേധിക്കാനാവാത്ത മഹത്വം മൂലം നിര്‍ബന്ധിതരാവുന്നതുകൊണ്ടാണെന്നേ മനസ്സിലാക്കൂ. ആരാധനാലയങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ സ്വന്തം “ദൈവമക്കളില്‍” മതവിദ്വേഷത്തിന്റെ വിഷം കുത്തിവയ്ക്കുകയല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത കുറെ ദൈവവചനഘോഷകര്‍ പതിയെപ്പതിയെ എത്താന്‍ തുടങ്ങുകയും ചെയ്യും. അതോടെ എല്ലാം പൂര്‍ത്തിയാവും.

അതുപോലെ തന്നെയാണു്‌ വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ആഭ്യന്തരയുദ്ധങ്ങളും (അവയുടെ കാരണം അധികവും മതപരമാണു്‌ താനും) നിലവിലിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും രാഷ്ട്രീയാഭയം തേടിയെത്തുന്നവര്‍ക്കു്‌ അതു്‌ നല്‍കപ്പെടുന്നതും. അവര്‍ ഒരുവിധം പച്ചപിടിച്ചു എന്നു്‌ കണ്ടാല്‍, അവരെ സ്വന്തം നാടും വീടും ഉപേക്ഷിക്കാന്‍ കാരണക്കായ നേതാക്കള്‍ തന്നെ വിടര്‍ന്ന പുഞ്ചിരിയുമായി എത്തും. വ്യാജനേതൃത്വത്തിനു്‌ ആദ്യം ഉണ്ടാവേണ്ട ഗുണം തൊലിക്കട്ടിയാണല്ലോ.

മറ്റു്‌ ചില രാജ്യങ്ങള്‍ സ്വന്തം നാട്ടില്‍ ഏതെങ്കിലും തൊഴിലുകളില്‍ തൊഴില്‍ശക്തി ഇല്ലാതാവുന്നു എന്നു്‌ വരുമ്പോള്‍ അനുയോജ്യമായ യോഗ്യതയുള്ള ആളുകളെ അന്യനാട്ടില്‍ നിന്നും നിബന്ധനകളുടെ അടിസ്ഥാനത്തിലോ അല്ലാതെയോ വരുത്താന്‍ ശ്രമിക്കും. സ്വന്തം നാടിന്റെ പുരോഗതിയാണു്‌ അതിന്റെയെല്ലാം പിന്നിലെ ലക്ഷ്യം. അത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ യോഗ്യതയുള്ള വിദഗ്ദ്ധരെ വളര്‍ത്തിയെടുക്കുകയും, അവരുടെ അഭിപ്രായങ്ങള്‍ (അവ ഭിന്നമായിക്കൂടെന്നില്ല) വിലയിരുത്തി ഏറ്റവും യോജിച്ച ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയുമാണു്‌ ആ സമൂഹങ്ങള്‍ ചെയ്യുന്നതു്‌. വിദേശങ്ങളില്‍ എത്തുന്ന മലയാളികളില്‍ ചെറുതല്ലാത്തൊരു പങ്കു്‌ അങ്ങനെയുള്ളവരാണു്‌. നാലു്‌ ജാഥയില്‍ ഏറ്റവും ഉറക്കെ മുദ്രാവാക്യം വിളിക്കുന്നവന്‍ മന്ത്രിയാവുകയും (ഒരിക്കല്‍ ആയിക്കിട്ടിയാല്‍ രക്ഷപെട്ടു, പിന്നെ അവന്റെ കക്ഷി ഭരിക്കുന്നിടത്തോളം കാലം ആജീവനാന്തം അവന്‍ മന്ത്രിയായിരിക്കുകയും ചെയ്യും), സമൂഹത്തിനു്‌ “മാര്‍ഗ്ഗനിര്‍ദ്ദേശം” നല്‍കുകയും ചെയ്യുന്നതിനെയൊക്കെ രാഷ്ട്രീയം എന്നു്‌ വിളിക്കാമോ എന്നെനിക്കറിയില്ല. രാഷ്ട്രീയം എന്നാല്‍ കള്ളത്തരത്തിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ ആണെന്നു്‌ ധരിച്ചുവച്ചിരിക്കുന്ന മനുഷ്യരെ (മറ്റൊന്നു്‌ അവര്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലല്ലോ) ആവേശഭരിതരാക്കാന്‍ “അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്ത”ത്തേക്കാള്‍ “അദ്ധ്വാനിക്കാത്തവരുടെ വര്‍ഗ്ഗീയസിദ്ധാന്ത”മാവും കൂടുതല്‍ യോജിച്ചതു്‌. ആവശ്യാനുസരണം സെഡെറ്റീവുകളും സ്റ്റിമ്യുലന്റുകളും ആയി മാറിമാറി പ്രവര്‍ത്തിക്കാന്‍ മതം, ജാതി, വര്‍ഗ്ഗീയത മുതലായവയേക്കാള്‍ നല്ല മരുന്നുകളില്ല.

കെ. എം. മാണിക്കു്‌ “ഇംഗ്ലീഷ് പാര്‍ലമെന്റ് നല്‍കുന്ന” സ്വീകരണവും, ലോകപ്രസിദ്ധ ധനകാര്യമന്ത്രി എന്ന നിലയിലുള്ള “അംഗീകാരവും”, മാണി നല്‍കുന്ന “മാണീസ് മാനിഫെസ്റ്റോ”യുടെ വിശദീകരണവുമെല്ലാം ഇതുപോലെയൊക്കെ കണ്ടാല്‍ മതി.

Aug 30, 2012, 10:14 AM

അങ്ങനെ ഒരു ഓണം കൂടി വന്നു, പോയി. ഓണം എന്ന ആശയം സംബന്ധിച്ചു്‌ പുതിയ പല അറിവുകളുമായാണു്‌ മാവേലി മടങ്ങിയതത്രെ! അപ്റ്റുഡേറ്റ് ആയിരിക്കാന്‍ നരകത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നു്‌ അദ്ദേഹം അഭിപ്രായപ്പെട്ടതായും കേള്‍ക്കുന്നു.

എല്ലാ സംസ്കാരങ്ങളിലും വിളവെടുപ്പു്‌ ആഘോഷങ്ങള്‍ ഉള്ളതുപോലെ ഓണവും ഒരു വിളവെടുപ്പു്‌ ആഘോഷമാണെന്നായിരുന്നു ഇതുവരെ എന്റെയും ധാരണ. ധാന്യശേഖരമൊക്കെ തിന്നുതീര്‍ത്തു്‌ കഞ്ഞിക്കലം കോട്ടുവാ വിടാന്‍ തുടങ്ങുമ്പോള്‍ അടുത്ത വിളവെടുപ്പിന്റെ സമയമാവും. പിന്നെ അദ്ധ്വാനത്തിന്റെ നാളുകളാണു്‌ – കൊയ്ത്തു്‌, മെതി, ഉണക്കല്‍, ശേഖരിക്കല്‍…. അതിനുശേഷം മനുഷ്യര്‍ക്കു്‌ അല്പസ്വല്പം ആടാനും പാടാനും ആഘോഷിക്കാനുമൊക്കെ തോന്നും. അല്ലെങ്കില്‍ ഒരു രസവുമില്ല എന്നാണു്‌ അവരുടെ അഭിപ്രായം. ഓണവും അതിന്റെ ഒരു കേരളീയ രൂപമാവേണ്ട കാര്യമേയുള്ളു. പക്ഷേ, ശവമുള്ളിടത്തു്‌ കഴുകന്മാരില്ലാതിരുന്നിട്ടില്ല എന്നപോലെ, വിളവുള്ളിടത്തു്‌ ദൈവങ്ങളും ഇല്ലാതിരിക്കില്ല. പുന്നെല്ലുകണ്ടാല്‍ ഡിങ്കനുപോലും ചിരിവരും, പിന്നെ മറ്റു്‌ ദൈവങ്ങളുടെ കാര്യം പറയണോ? “നീ നിന്റെ മുഖത്തെ വിയര്‍പ്പുകൊണ്ടു്‌ ആഹാരം കഴിക്കും” എന്നു്‌ മനുഷ്യനെ ശപിച്ച ദൈവം വരെ വിളവെടുപ്പായി എന്നു്‌ കണ്ടാല്‍ തന്റെ പങ്കിനായി ബുദ്ധസന്യാസികളെപ്പോലെ ഭിക്ഷാപാത്രവുമായി കാത്തുനില്‍ക്കും. ചില കാര്യങ്ങള്‍ക്കു്‌ ഒരിക്കലും മാറ്റമുണ്ടാവുന്നില്ല. അതിനാല്‍, എവിടെ ദൈവങ്ങളുണ്ടോ, അവിടെ കഥകളുണ്ടാവും, കഥകളേ ഉണ്ടാവൂ. ഓണക്കഥ, മഹാഭാരതകഥ, ലോകാരംഭകഥ, മാളികപ്പുറംകഥ, പുലിക്കഥ, എലിക്കഥ, സ്വര്‍ഗ്ഗാരോഹണകഥ, പാതാളാവരോഹണകഥ, സൂര്യനെ പിടിച്ചുനിര്‍ത്തിയ കഥ, ചന്ദ്രനെ തല്ലിപ്പൊട്ടിച്ച കഥ അങ്ങനെയങ്ങനെ. കുഞ്ഞുങ്ങള്‍ക്കും, കുഞ്ഞത്വത്തില്‍ നിന്നുപോയ സമൂഹങ്ങള്‍ക്കും കെട്ടുഥകള്‍ കേള്‍ക്കുന്നതു്‌ വളരെ ഇഷ്ടമുള്ള കാര്യമാണു്‌, കെട്ടുകഥകള്‍ കേള്‍ക്കുന്നതേ അവര്‍ക്കു്‌ ഇഷ്ടമുള്ളു.

തങ്ങളെ പറുദീസയില്‍ നിന്നും ആട്ടിയോടിക്കുന്ന ദൈവത്തിനു്‌ വരെ നന്ദി പ്രകടിപ്പിക്കാന്‍ മടിക്കാത്തവനാണു്‌ മനുഷ്യര്‍. വിളവിറക്കല്‍, വിളവെടുപ്പു്‌ മുതലായവ ദൈവമില്ലാതെ സാധിക്കുന്ന കാര്യങ്ങളല്ല എന്നു്‌ ബുദ്ധിയെക്കാള്‍ ഭക്തിയെ വിലമതിക്കുന്നവരായ മനുഷ്യര്‍ക്കു്‌ അറിയാമെന്നതിനാല്‍ അവര്‍ അതില്‍ അഭിമാനിക്കുന്നവര്‍ പോലുമാണു്‌! അല്ലെങ്കില്‍ തന്നെ, മനുഷ്യന്റെ ജന്മം നന്ദി പ്രകടിപ്പിക്കാനുള്ളതാണു്‌. അമ്മ, അപ്പന്‍, വയറ്റാട്ടി തുടങ്ങി റേഷന്‍കടക്കാരന്‍, ശവക്കുഴി കുത്തുന്നവന്‍, ചിത കൂട്ടുന്നവന്‍, സര്‍വ്വോപരി വേദഗ്രന്ഥവ്യാഖ്യാതാക്കള്‍ മുതലായവര്‍ വരെയുള്ള എത്രയോ പേരോടാണു്‌ ജീവിതത്തില്‍ നന്ദി പറയാന്‍ മനുഷ്യര്‍ കടപ്പെട്ടിരിക്കുന്നതു്‌? നന്ദിസംബന്ധിച്ച ബാദ്ധ്യതകളൊക്കെ തീര്‍ത്തുകഴിഞ്ഞാലും അവസാനിക്കുന്നതല്ല ജീവിതം. അതിനുശേഷവും, ഓരോരുത്തന്റെയും വിശ്വാസത്തിനനുസരിച്ചു്‌, നന്ദികള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി വീണ്ടും ജനിക്കുകയോ, എന്നേക്കുമായി ജീവിക്കാന്‍ വേണ്ടി സ്വര്‍ഗ്ഗത്തില്‍ എത്തുകയോ ഒക്കെ ചെയ്യാം. അതിനെപ്പറ്റി ഓരോ ദൈവത്തിനും വ്യത്യസ്തമായ നിലപാടുകളാണുള്ളതു്‌. അതുകൊണ്ടു്‌ വെറുതെ ഏതെങ്കിലും ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ടോ, അദ്ദേഹം സ്വന്തമതത്തിനായി എഴുതിനല്‍കിയ ഗ്രന്ഥം വായിച്ചതുകൊണ്ടോ മരണാനന്തരം എന്തു്‌ സംഭവിക്കുമെന്ന കാര്യം മനുഷ്യര്‍ക്കു്‌ പിടികിട്ടണമെന്നില്ല. ചില പ്രത്യേക ഗുരുക്കള്‍ക്കു്‌ മാത്രം പറഞ്ഞുതരാന്‍ കഴിയുന്നത്ര ഗഹനവും വിശുദ്ധവുമായ കാര്യമാണതു്‌. വേദസ്വാമി, വായുസ്വാമി, തോക്കുസ്വാമി, അമ്മസ്വാമിനി, എന്നെല്ലാം അറിയപ്പെടുന്ന ഈ വിശുദ്ധാത്മാക്കളുടെ ഉപജീവനമാര്‍ഗ്ഗം തന്നെ അതാണു്‌. കാര്യം കളിയല്ലെന്നു്‌ ചുരുക്കം. ആദിമുതല്‍ ഇന്നുവരെ ലോകത്തില്‍ ഭക്തിമാന്മാരായ മനുഷ്യര്‍ക്കു്‌ പഞ്ഞമൊന്നും ഉണ്ടായിരുന്നിട്ടില്ല എന്നതിനാല്‍ സഹായമനസ്കരും സാധുക്കളുമായ ഈ ദൈവികര്‍ക്കു്‌ ഇതുവരെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല, കാര്യങ്ങളുടെ പോക്കു്‌ കണ്ടിട്ടു്‌ എന്നെങ്കിലും അതിനു്‌ ഇടവരുമെന്നു്‌ തോന്നുന്നുമില്ല. ആകാശത്തിലെ വെട്ടുക്കിളികളെ നോക്കുവിന്‍! അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; വിളിക്കുന്നതും, കൊല്ലുന്നതുമേയുള്ളു!

അങ്ങനെ, ദൈവങ്ങളും അവരുടെ ശിങ്കിടികളും മനുഷ്യബുദ്ധിയെ സ്വാധീനിച്ചതിന്റെ ഫലമായി സാദാ വിളവെടുപ്പു്‌ ആഘോഷങ്ങള്‍ വിവിധ രാജ്യങ്ങളില്‍ Thanksgiving day, Erntedankfest, Turkey Day മുതലായ പേരുകളില്‍ സൃഷ്ടി-സ്ഥിതി-സംഹാരകനു്‌ നന്ദി പറയാനുള്ള ദിനങ്ങളായി കാലക്രമേണ മാറിയതു്‌ മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല. വെറുമൊരു വിളവെടുപ്പു്‌ ആഘോഷം, ആരോ ആരെയോ പാതാളത്തിലേക്കു്‌ ചവിട്ടിത്താഴ്ത്തിയതിന്റെ ഓര്‍മ്മ മുതലായ നിലകളില്‍ നിന്നും ഓണം പുതിയ പുതിയ അര്‍ത്ഥതലങ്ങളിലേക്കു്‌ കുതിച്ചുകൊണ്ടിരിക്കുന്നു! ഓണം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ജനാധിപത്യമാണു്‌, ഓണത്തിനു്‌ ആദികമ്മ്യൂണിസവുമായി അഭേദ്യമായ ബന്ധമുണ്ടു്‌, ഓണം ഇല്ലായിരുന്നെങ്കില്‍ വൈരുദ്ധ്യാത്മകഭൗതികവാദം എന്നൊരു ആശയം സ്വപ്നം കാണാന്‍ പോലും മാര്‍ക്സിനു്‌ കഴിയുമായിരുന്നില്ല, ഓണത്തെപ്പറ്റി ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കുന്നുണ്ടു്‌ … അങ്ങനെ പോകുന്നു ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലെ പുതിയ കണ്ടെത്തലുകള്‍. അതുകൊണ്ടൊന്നും നിരീക്ഷണങ്ങളോ കണ്ടെത്തലുകളോ അവസാനിക്കുന്ന മട്ടുമില്ല.

അടുത്ത വര്‍ഷത്തെ ഓണക്കാലത്തു്‌, രസത്തിലെ കടുകുകളുടെ വിറവലാണു്‌ ശാസ്ത്രത്തെ ബ്രൗണിയന്‍ മോഷന്‍ കണ്ടുപിടിക്കാന്‍ സഹായിച്ചതു്‌, ഓണപ്പപ്പടമാണു്‌ ശാസ്ത്രലോകത്തെ ഇന്‍ഫ്ലേഷണറി യൂണിവേഴ്സ് എന്ന ആശയത്തിലേക്കു്‌ ക്യാറ്റപുള്‍ട്ട് ചെയ്തതു്‌ മുതലായ ചില കണ്ടെത്തലുകള്‍ക്കു്‌ ചാന്‍സ് കാണുന്നുണ്ടു്‌. ഗീതയില്‍ ഭഗവാനും അര്‍ജ്ജുനനും തമ്മില്‍ നടത്തുന്ന സംഭാഷണത്തിനു്‌ Dialectical materialism ആവാമെങ്കില്‍, ഖുര്‍ആനില്‍ ബിഗ്-ബാംഗ് ഉണ്ടാവാമെങ്കില്‍, എന്തുകൊണ്ടു്‌ ഓണത്തിനു്‌ dielectric permittivity-യോ general relativity-യോ മറ്റെന്തുതന്നെയോ ആയിക്കൂടാ? അതല്ലേ ജനാധിപത്യം?

ഓണം, ഗീത, ഖുര്‍ആന്‍ മുതലായവ വെറും വാക്കുകളല്ല, അവയില്‍ വളരെ ഗഹനമായ ശാസ്ത്രീയസത്യങ്ങള്‍ അടങ്ങിയിട്ടുണ്ടു്‌ എന്നു്‌ പണ്ടേ ഗുരുക്കള്‍ക്കു്‌ അറിയുമായിരുന്നു. പക്ഷേ, പണ്ടു്‌ ഇന്റര്‍നെറ്റ് ഇല്ലാതിരുന്നതിനാല്‍ അവരുടെ പഴകിത്തെളിഞ്ഞ പൗരാണികജ്ഞാനങ്ങള്‍ അജ്ഞാനികളില്‍ എത്തിക്കാന്‍ അവര്‍ വളരെയേറെ ബുദ്ധിമുട്ടേണ്ടിയിരുന്നു, അഥവാ, ജ്ഞാനമില്ലാത്തവര്‍ എവിടെയോ പത്മാസനത്തില്‍ ധ്യാനത്തില്‍ കഴിയുന്ന ഗുരുക്കന്മാരെ കണ്ടെത്താന്‍ ഒരുപാടു്‌ ബുദ്ധിമുട്ടേണ്ടിയിരുന്നു. ഈശ്വരസഹായത്താല്‍, അതുപോലുള്ള പ്രശ്നങ്ങള്‍ എല്ലാം ഒഴിവാക്കിത്തന്ന ഗൂഗിളിനു്‌ നന്ദി!

July 2012

Jul 2, 2012, 12:41 PM

http://www.youtube.com/watch?v=81v-RHKZbiw
“മേരാ ജീവന്‍ കോരാ കാഗസ് കോരാഹി രഹ് ഗയാ.”

ഇതൊരു പ്രണയലേഖനത്തിന്റെ കദനകഥയാണു്‌. എല്ലാവരും എന്നെപ്പോലെ ഹിന്ദി അറിയാവുന്നവരല്ലാത്തതിനാല്‍, അവര്‍ക്കായി അതിന്റെ ചുരുക്കം ഇവിടെ കൊടുക്കുന്നു. കഥയറിയാത്തവര്‍ക്കു്‌ ആടാന്‍ തടസ്സമൊന്നുമില്ലെങ്കിലും ആട്ടം കണ്ടാല്‍ അവര്‍ക്കു്‌ കഥ മനസ്സിലാവണം എന്നില്ലല്ലോ. പാട്ടിന്റെ കാര്യവും അതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല.

വിഖ്യാതമായ “മീര ഔര്‍ കോര കീ പ്രേം കഹാനി”യിലെ നായകനായ കോര താന്‍ ജീവനു്‌ തുല്യം സ്നേഹിക്കുന്ന മീരക്കു്‌ (അല്പം പേച്ചുള്ളതിനാല്‍ മേര എന്നേ നായകനു്‌ നാവില്‍ വരൂ) അവള്‍ അതിലൊരു പ്രണയലേഖനം എഴുതി തിരിച്ചുതരുമെന്ന പ്രതീക്ഷയില്‍ ഒരു കടലാസ് വാങ്ങിക്കൊടുക്കുന്നതാണു്‌ കഥാബീജം. പ്രണയപാരവശ്യം മൂലമോ, ചക്രം തികയാത്തതിനാലോ മറ്റോ ആവാം, പേനയോ പെന്‍സിലോ ഇല്ലാതെ മണലില്‍ എഴുതാനാവുമെങ്കിലും കടലാസില്‍ എഴുതാനാവില്ല എന്ന നഗ്നസത്യനെ കോര മറക്കുകയോ അവഗണിക്കുകയോ ചെയ്തു. കണ്ണെഴുതാന്‍ അറിയുമായിരുന്നെങ്കിലും കടലാസില്‍ എഴുതാന്‍ അറിയുമായിരുന്നില്ലാത്ത മീരയുടെ കൈവശം എഴുത്തുപകരണങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നു്‌ ചിന്തിക്കാന്‍ കഴിയാത്തതുകൊണ്ടാണു്‌ കോര കോരയായി സ്ഥിതി ചെയ്യുന്നതെന്നും നമ്മള്‍ സ്മരിക്കുക. ക്ലൂ ഒന്നുമില്ലാതെ വെറുമൊരു കാല്‍ഷീറ്റ് കടലാസു്‌ കയ്യില്‍ കിട്ടിയാല്‍ അതുകൊണ്ടു്‌ മീര എന്തു്‌ ചെയ്യാന്‍? കടലാസു്‌ വഞ്ചി ഉണ്ടാക്കാന്‍ അവള്‍ക്കറിയുമായിരുന്നില്ല താനും. കിട്ടുന്നതെല്ലാം വാങ്ങുന്ന സ്വഭാവക്കാരി ആയിരുന്നെങ്കിലും വാങ്ങുന്നതു്‌ കേടുവരുത്താതെ തിരിച്ചുകൊടുത്തു്‌ ശീലമുള്ള ഒരു ശുദ്ധഗതിക്കാരികൂടിയും ആയിരുന്നതിനാല്‍ മീര പിറ്റേന്നുതന്നെ ഒരു പോറലും പറ്റിക്കാതെ കടലാസ് കോരയ്ക്കു്‌ മടക്കിക്കൊടുത്തു. അതുവഴി കോര കെട്ടിപ്പൊക്കിയ ടാജ്മഹല്‍ അവന്റെ തലയിലേക്കു്‌ ഇടിത്തീ പോലെ വീണു എന്നു്‌ പ്രത്യേകം പറയണ്ടല്ലോ. അങ്ങനെ ധനനഷ്ടവും മാനഹാനിയും സംഭവിച്ച കോരനായകന്‍ ഹൃദയവേദനയോടെ പാടുന്ന ഒരു ശോകഗാനമാണിതു്‌. കഥയുടെ സാരാംശം ഏതാണ്ടു്‌ പിടികിട്ടിയസ്ഥിതിക്കു്‌ ഇനി നിങ്ങള്‍ ആ ഗാനമൊന്നു്‌ കേട്ടുനോക്കൂ. നായകന്റെ ഓരോ വാക്കുകളിലും എത്രമാത്രം ദുഃഖമാണു്‌ പതിയിരിക്കുന്നതെന്നു്‌ അപ്പോള്‍ നിങ്ങള്‍ക്കു്‌ മനസ്സിലാവും. നിസ്സാരമായ ഒരു ശ്രദ്ധക്കുറവു്‌ വരുത്തിവച്ച വിന!

കോരയും മീരയും തമ്മിലുള്ള പ്രണയത്തില്‍ കടലാസിനുള്ള പങ്കു്‌ വര്‍ണ്ണനാതീതമാണു്‌. മേല്‍ക്കവിതയിലൂടെ നാഥന്റെ ഇംഗിതം മനസ്സിലാക്കിയ മീര സാക്ഷരതാ ക്ലാസ്സില്‍ പോയി എഴുത്തും വായനയും പഠിച്ചശേഷം സ്വന്തമായി കടലാസു്‌ വാങ്ങി സ്വന്തമായി എഴുതിയ ഒരു പ്രണയലേഖനം കയ്യില്‍ കിട്ടിയ കോരയുടെ സന്തോഷത്തിന്റെ തെളിവായി മറ്റൊരു ഗാനം:

കോരാ കാഗസ് ഥാ യേ മന്‍ മേരാ…..

പ്രായപൂര്‍ത്തിയായ മീര സാക്ഷരതാ ക്ലാസ്സില്‍ പോയി എന്നു്‌ കേള്‍ക്കുമ്പോള്‍ അവളുടെ സദാചാരത്തിനു്‌ വല്ല പോറലും ഏറ്റാലോ എന്നൊരു ന്യായമായ സംശയം ആര്‍ക്കുമുണ്ടാവാം. പക്ഷേ ഒരുകാര്യം ശ്രദ്ധിക്കുക: സാധാരണഗതിയില്‍ പ്രൈമറിസ്കൂളുകളിലെ പെണ്‍കുട്ടികളാണു്‌ കല്ലുകളിക്കാറുള്ളതു്‌ എന്നതുകൊണ്ടു്‌ പ്രതിഭാ പട്ടീലും വൃന്ദ കാരാട്ടും ഒരുമിച്ചു്‌ ഏതെങ്കിലുമൊരു സ്കൂളിന്റെ മുറ്റത്തിരുന്നു്‌ കല്ലുകളിച്ചുകൂടാ എന്നൊന്നുമില്ല. തികച്ചും “കണ്‍ഫോര്‍മബിള്‍ റ്റു ലോ” ആയ ഒരു കാര്യമാണതു്‌. ജനങ്ങളുടെയിടയിലെ സാമൂഹികപ്രതിബദ്ധത വളര്‍ത്താനുള്ള ഒരു എളിയശ്രമം എന്ന രീതിയില്‍ അതുപോലുള്ള സംരംഭങ്ങള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുപോലുമുണ്ടു്‌ എന്നാണെനിക്കു്‌ തോന്നുന്നതു്‌. കല്ലുകൊണ്ടുള്ള കളികളില്‍ ഒരു വേള്‍ഡ് കപ്പോ ചുരുങ്ങിയതു്‌ ഒരു ഏഷ്യാഡ് എങ്കിലുമോ സംഘടിപ്പിക്കാന്‍ കഴിയുക എന്നതാവണം ഏതൊരു ഭാരതീയന്റേയും അന്തിമമായ ലക്ഷ്യം എന്ന വിശ്വാസക്കാരണാണു്‌ ഞാന്‍.

ഏതായാലും, നിങ്ങള്‍ക്കു്‌ ശരിക്കു്‌ ഹിന്ദി അറിയില്ലെങ്കില്‍ സന്തോഷിക്കുക. മറിച്ചായിരുന്നെങ്കില്‍ മീര ഔര്‍ കോര കീ പ്രേം കഹാനികള്‍ കേട്ടു്‌ എപ്പൊഴേ നിങ്ങള്‍ ചങ്കുപൊട്ടിച്ചത്തേനെ. “മുല കാത്തു” മുതലായ ചില അശ്ലീലപ്രയോഗങ്ങള്‍ ഈ പാട്ടില്‍ ഉള്ളതിനാല്‍ പതിനെട്ടു്‌ വയസ്സില്‍ താഴെയുള്ളവര്‍ കേള്‍ക്കെ ഈ പാട്ടു്‌ പാടാതിരിക്കാന്‍ ദയവായി പ്രത്യേകം ശ്രദ്ധിക്കുക. നീറുകളും ഉറുമ്പുകളുമൊക്കെ തെങ്ങിന്റെയും പനയുടെയുമൊക്കെ മുകളില്‍ വലിഞ്ഞുകയറി മദ്യപിക്കുന്നതു്‌ മദ്യം പാനിയായതുകൊണ്ടാണോ, അതോ അവ മദ്യപാനികള്‍ ആയതുകൊണ്ടാണോ എന്ന ചര്‍ച്ച വളരെ സജീവമായിരിക്കുന്ന ഒരു കാലഘട്ടമാണു്‌ ഇതെന്നു്‌ നമ്മള്‍ മറക്കരുതു്‌. “ജീവിതം കലയ്ക്കോ, കല ജീവിതത്തിനോ” എന്ന “വൈരുദ്ധ്യാത്മക അസ്തിത്വചിന്ത” കേരളത്തെ ആകെമൊത്തം പിടിച്ചുലച്ചതിനുശേഷം ഇതുപോലൊരു ഗൗരവതരമായ വിഷയം കേരളക്കരയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതു്‌ ഇതാദ്യമായിട്ടാണെന്നു്‌ തോന്നുന്നു. വാക്കുകള്‍ ബീഭത്സമായി തെറ്റിദ്ധരിക്കപ്പെട്ടാല്‍ പരിണതഫലം ഭീകരമായിരിക്കും.

Jul 5, 2012, 9:15 AM

http://en.wikipedia.org/wiki/Bose–Einstein_statistics
“പുരയ്ക്കു്‌ മീതെ വെള്ളം വന്നാല്‍ അതുക്കു്‌ മീതെ തോണി.”

“അറബി” അറിയാവുന്നര്‍ക്കു്‌ ഒരു തുടക്കവായനയ്ക്കായി:

ബോസ്-ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്സ്:

http://en.wikipedia.org/wiki/Bose–Einstein_statistics

ബോസോണ്‍ പാര്‍ട്ടിക്കിള്‍സ്:

http://en.wikipedia.org/wiki/Boson

ഹിഗ്സ് ബോസോണ്‍ പാര്‍ട്ടിക്കിള്‍സ്:

http://en.wikipedia.org/wiki/Higgs_boson

മാഷാ ഡിങ്കാ!

Jul 7, 2012, 10:48 AM

“പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു്‌ സേതുബന്ധനോദ്യോഗമെന്തെടോ?”

വെള്ളം മുഴുവന്‍ ഒഴുകിപ്പോയിക്കഴിഞ്ഞിട്ടു്‌ ചിറകെട്ടാപ്പീസില്‍ ഉദ്യോഗം കിട്ടിയിട്ടെന്തുകാര്യം എന്നാണു്‌ കവി ആരോടോ ചോദിക്കുന്നതു്‌. അടുത്തവര്‍ഷത്തെ മഴവെള്ളം ശേഖരിക്കാനാണോ എന്നു്‌ എന്തുകൊണ്ടോ കവി അവനോടു്‌ ചോദിക്കുന്നില്ല.

Jul 7, 2012, 10:48 AM

“വിതയ്ക്കാന്‍ ഒരുകാലം, വിളവെടുക്കാന്‍ മറ്റൊരു കാലം” – ബൈബിള്‍.

ഗര്‍ഭം ധരിക്കാന്‍ ഒരു കാലം, പ്രസവിക്കാന്‍ മറ്റൊരു കാലം. കൊല്ലാന്‍ ഒരു കാലം, കേസു്‌ പറയാന്‍ മറ്റൊരു കാലം. ഉദരപൂരണത്തിനു്‌ ഒരു കാലം, സമസ്യാപൂരണത്തിനു്‌ മറ്റൊരു കാലം. ഗൂഗിള്‍ ബസിനു്‌ ഒരു കാലം, ഗൂഗിള്‍ പ്ലസിനു്‌ മറ്റൊരു കാലം.

“ആഹാരം കഴിച്ചാല്‍ വിശപ്പുമാറും.”

“സൂര്യന്‍ ദിവസേന കിഴക്കുദിച്ചു്‌ പടിഞ്ഞാറു്‌ അസ്തമിക്കുന്നു.”

ഏതാണ്ടു്‌ ഇതുപോലുള്ള “ജ്ഞാനങ്ങള്‍” ആണു്‌ ദൈവം മനുഷ്യര്‍ക്കു്‌ പകര്‍ന്നു്‌ നല്‍കുന്നതു്‌. മനുഷ്യരുടെ ദൈനംദിനാനുഭവങ്ങളുമായി പൊരുത്തപ്പെടുന്ന “നിത്യസത്യങ്ങള്‍”! അവയും അവയോടൊപ്പം മറ്റു്‌ ചില “ദൃഷ്ടാന്തങ്ങളും” തട്ടിക്കൂട്ടുന്നതാണു്‌ എല്ലാ വേദഗ്രന്ഥങ്ങളും.

പശുവിന്റെ പിന്‍ഭാഗത്തു്‌ ചില പരൂക്ഷണനിരൂക്ഷണങ്ങള്‍ നടത്തിയശേഷം സകലലോകത്തെയും നോക്കി വിശാലമായി ചിരിക്കുന്ന കാളകളെ ദൈവം ശ്രദ്ധിച്ചിട്ടില്ലെന്നു്‌ തോന്നുന്നു. അല്ലെങ്കില്‍ ആ ചിരിയിലുമുണ്ടു്‌ ചില “ദൃഷ്ടാന്തങ്ങള്‍” എന്നു്‌ അദ്ദ്യം ആര്‍ക്കെങ്കിലും വെളിപ്പെടുത്തിക്കൊടുത്തേനെ.

സൂര്യന്‍ രാപകലില്ലാതെ കിഴക്കുപടിഞ്ഞാറു്‌ ഓടുകയല്ലെന്നും, ഭൂമി സ്വയം ചുറ്റിക്കൊണ്ടു്‌ സൂര്യനെ ചുറ്റുകയാണെന്നും, അങ്ങനെ സംഭവിക്കുന്നതു്‌ ചില നിയമങ്ങളെ അടിസ്ഥാനമാക്കിയാണെന്നും, ആ നിയമങ്ങളെ അറിയാന്‍ മനുഷ്യനു്‌ സാദ്ധ്യമാണെന്നും മനസ്സിലാക്കാന്‍ ദൈവത്തിന്റെ വെളിപാടുകള്‍ മതിയാവില്ല. ഈ ലോകവും അതിലെ പ്രതിഭാസങ്ങളും മനസ്സിലാക്കപ്പെടാവുന്നതാണെന്ന കണ്ടെത്തലാണു്‌ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടം.

Jul 7, 2012, 10:49 AM

“ചന്തുവിനെ തോല്പിക്കാനാവില്ല മക്കളേ!” അതിനു്‌ മുന്‍പു്‌ ചന്തു തന്നെത്താന്‍ കുത്തിച്ചത്തിരിക്കും.

പടുവായന്‍ വക്കീലന്മാര്‍, വിടുവായന്‍ വക്കീലന്മാര്‍, എന്തും വരട്ടെ എന്ന മട്ടില്‍ കുറെ ഉന്തുവക്കീലന്മാരും (ജനം)!

Jul 7, 2012, 11:32 AM

യൂറോപ്പിലെ എല്ലാ രാഷ്ട്രത്തലവന്മാരെയും തലവത്തികളെയും ഡിപ്ലോമാറ്റുകളെയും ഞാന്‍ ഇതിനാല്‍ മദ്യപാനികളായി പ്രഖ്യാപിക്കുന്നു. മിക്കവാറും എല്ലാ റിസപ്ഷന്‍ ചടങ്ങുകളിലും ഒരു ലജ്ജയുമില്ലാതെ വൈനും ഷാമ്പെയ്നുമെല്ലാം കുടിക്കുന്നവരാണവര്‍! ഇന്നുമുതല്‍ യാതൊരുവിധ ബഹുമാനവും ഞാന്‍ അവര്‍ക്കു്‌ നല്‍കുന്നതല്ലെന്നും ഇതിനാല്‍ തെര്യപ്പെടുത്തുന്നു. അവരെ കളി പഠിപ്പിക്കാമോ എന്നൊന്നു്‌ നോക്കിയിട്ടേ ഇനിയൊരു കാര്യമുള്ളു. അവരുടെ കുടുംബങ്ങളുടെ കളക്റ്റീവ് ഉത്തരവാദിത്തം എനിക്കാണെന്നു്‌ അറിയാത്ത ശുംഭന്മാരും ശുംഭത്തികളും! മദ്യപാനികള്‍ എന്നല്ല, കേരളീയ മാതൃകയില്‍ അവരെ “പാമ്പുകള്‍” എന്നാണു്‌ സത്യത്തില്‍ വിളിക്കേണ്ടതു്‌. അവരെ പാമ്പുകള്‍ എന്നു്‌ വിളിച്ചാല്‍ പാമ്പുകള്‍ നാണിയാവുമോ എന്നേ സംശയമുള്ളു!

Jul 8, 2012, 1:22 PM

ഭൂതകാലാനുഭവങ്ങള്‍ എത്ര തീവ്രവും വേദനാജനകവുമായിരുന്നാലും, അവയെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു്‌ മിത്താക്കി മാറ്റിയെടുക്കുകയല്ല, അവയുമായി അനുരഞ്ജനപ്പെടാനുള്ള പരിശ്രമങ്ങളില്‍ (A process of coming to terms with the past) ഏര്‍പ്പെടുകയാണു്‌ ശോഭനമായ ഒരു ഭാവി ലക്ഷ്യമാക്കുന്ന ഏതൊരു സമൂഹവും സ്വീകരിക്കുന്ന രീതി. ഭാരതീയനു്‌ അതുപോലൊരു ശേഷി കൈവരിക്കാനാവുന്നില്ലെങ്കില്‍ അതിന്റെ കാരണം, മനുഷ്യരെ മിത്തുകളിലേക്കു്‌ ജനിപ്പിച്ചു്‌, ജീവിതകാലം മുഴുവന്‍ സ്വതന്ത്രചിന്തയുടെ ശുദ്ധവായു ലഭിക്കാത്തവിധം മിത്തുകളുടെ വാല്‍മീകത്താല്‍ മൂടിക്കെട്ടി വളര്‍ത്തി, മരണത്തിലേക്കുപോലും അവരെ മിത്തുകളുടെ അകമ്പടിയോടെ പറഞ്ഞയക്കുന്ന ഭാരതീയസമൂഹത്തിന്റെ ശോചനീയവും അക്ഷന്തവ്യവുമായ പിന്നാക്കാവസ്ഥയിലാണു്‌ തേടേണ്ടതു്‌.

Jul 14, 2012, 12:18 PM

ഹിഗ്സ് ബോസ് “ഓണിനെ”പ്പറ്റി മാത്രമല്ല, ഹിഗ്സ് ബോസ് “ഓഫിനെ”പ്പറ്റിയും വേദങ്ങളില്‍ എഴുതിവച്ചിട്ടുണ്ടു്‌. ഭാരതീയ ഋഷികളുടെ ഓലക്കെട്ടുകള്‍ വെറും പിള്ളകളിയാണെന്നു്‌ കരുതിയാല്‍ തെറ്റി. അതു്‌ ആധുനികശാസ്ത്രവിജ്ഞാനത്തിന്റെ ഒരു മഹാസാഗരമാണു്‌. അതൊക്കെ അറിയണമെന്നുള്ളവര്‍ അവ സ്വയം വായിച്ചിട്ടു്‌ പ്രയോജനമൊന്നുമില്ല. അതിനു്‌ വേണ്ടതു്‌, അവയൊക്കെ വായിച്ചു എന്നവകാശപ്പെടുന്ന, ശാസ്ത്രം എന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കുരുക്കള്‍ ഛര്‍ദ്ദിക്കുന്നതു്‌ വാങ്ങി വിഴുങ്ങുകയും അപ്പാടെ അനുസരിക്കുകയുമാണു്‌. ആര്‍ക്കും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റിയ വേഷവിധാനങ്ങളില്‍ പൊതിയുന്നതാണു്‌ അത്തരം ആത്മീയകുരുക്കള്‍ ജ്ഞാനികളാണെന്നതിന്റെ തെളിവു്‌. അവരെ കേള്‍ക്കാനായി ചെന്നിരിക്കുന്ന കൂട്ടരെ ശ്രദ്ധിക്കുകയാണു്‌ അവര്‍ വിളമ്പുന്ന ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം.

ശ്രീ ശ്രീ വായുഗുളികകുരുക്കളുടെയും ആദ്ധ്യാത്മികകുരുക്കുകളുടെയുമൊക്കെ വേദവാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പണ്ടൊരു പ്രൈവറ്റ് ബസില്‍ കണ്ടിട്ടുള്ള ഒരു കിളിയെയാണു്‌ എനിക്കോര്‍മ്മവരാറുള്ളതു്‌. ആളുകള്‍ കയറിക്കഴിഞ്ഞാല്‍ ബസ്സിന്റെ പള്ളയ്ക്കു്‌ രണ്ടു്‌ വീക്കുവീക്കി, “ആ, പാം റൈറ്റ്” എന്ന കമാന്‍ഡുവഴി ഡ്രൈവര്‍ക്കു്‌ അനുമതി നല്‍കിയിരുന്ന ആ ചങ്ങായി വൈകുന്നേരത്തെ ട്രിപ്പുകളില്‍ നേരം ഇരുളാന്‍ തുടങ്ങുമ്പോള്‍ ഡ്രൈവറോടു്‌ കല്പിച്ചിരുന്നു: “ലൈറ്റോഫ് ലൈറ്റോഫ്, ലൈറ്റിടു്‌ ലൈറ്റിടു്‌!” പ്രകാശദാതാക്കളിലേക്കു്‌ “ഫെര്‍മി ഓണുകളായ” “എലക്ട്ര് ഓണുകള്‍ക്കു്‌” പ്രവേശനം അനുവദിക്കുകയും തടയുകയും ചെയ്യുന്ന വൈദ്യുതഗതിവിഗതിനിയന്ത്രണയന്ത്രത്തില്‍ ഭാഷാപരിമിതിമൂലം ഡ്രൈവര്‍ കൈ വയ്ക്കാതിരിക്കരുതു്‌ എന്നാവാം ഒരുപക്ഷേ ആ കിളിയുടെ “ഓലക്കെട്ടുകള്‍” അവനെ പഠിപ്പിച്ചിരുന്നതു്‌.

“ഓരോരുത്തനും അവനവന്റെ ഓലക്കെട്ടുകള്‍” എന്നു്‌ ജ്ഞാനപ്പാനി.

Jul 17, 2012, 10:57 AM

ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീമാന്‍ കെ എം മാണി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തേണ്ടിവരുമെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും പിന്നീടു്‌ തിരുത്തുകയും ചെയ്ത സ്ഥിതിക്കു്‌, കേരളത്തിലെ നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയുമൊക്കെ പെന്‍ഷന്‍ പ്രായത്തെപ്പറ്റിക്കൂടി തന്റെ വിദഗ്ദ്ധാഭിപ്രായം ഉടനെ പ്രകടിപ്പിക്കുകയും അധികം താമസിയാതെ തിരുത്തുകയും ചെയ്യുമെന്നു്‌ കരുതുന്നു.

ജനങ്ങളെ നയിക്കാന്‍ വേണ്ടി മാത്രം ജന്മമെടുത്ത അത്തരം “എക്സെപ്ഷണല്‍ കേയ്സുകളുടെ” പെന്‍ഷന്‍ പ്രായം എഴുപതു്‌ വയസ്സായിരുന്നെങ്കില്‍ 30.01.1933-നു്‌ ജനിച്ച ശ്രീ കെ എം മാണി 30.01.2003 മുതലേ അടുത്തൂണ്‍ പറ്റി വീട്ടില്‍ ഇരിക്കേണ്ടിവരുമായിരുന്നു എന്നതിനാല്‍, പെന്‍ഷന്‍ പ്രായം എണ്‍പതു്‌ എന്നാക്കുന്നതായിരിക്കും ഉചിതം. മറ്റുള്ളവരുടെ മാംസമല്ലാതെ, നമ്മള്‍ സ്വന്തം മാംസം മുറിച്ചു്‌ നായ്ക്കള്‍ക്കിട്ടുകൊടുക്കരുതല്ലോ. അപ്പോള്‍ മാണിക്കു്‌ അടുത്ത ജനുവരി മുപ്പതുവരെ അധികാരത്തില്‍ കടിച്ചുതൂങ്ങാം. ഇനി അതും പോരെന്നാണെങ്കില്‍ കരിങ്ങൊഴക്കൽ (കരിങ്ങൊഴാക്കന്‍ എന്നു്‌ വായിക്കരുതു്‌) മാണി മാണിക്കു്‌ ഒരു സ്പെഷ്യല്‍ കണ്‍സിഡറേഷന്‍ എന്ന നിലയില്‍ പെന്‍ഷന്‍ പ്രായം ഒരു തൊണ്ണൂറോ നൂറോ ആക്കി ഉയര്‍ത്തുന്നതിലും തെറ്റില്ല.

പറയുന്നതു്‌ ചെയ്യാത്തവരെയും, അല്ലെങ്കില്‍, ഇന്നു്‌ പറയുന്നതു്‌ നാളെത്തന്നെ തിരുത്തേണ്ടിവരികയോ, അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്നു്‌ സ്ഥാപിക്കേണ്ടിവരിയോ ചെയ്യുന്നവരെയുമൊക്കെയാണു്‌ കേരളം പോലൊരു സമൂഹത്തിനു്‌ ആവശ്യം. പിച്ചും പേയും പറയുക എന്നതു്‌ പ്രായം കൂടുന്തോറും പെരുകിക്കൊണ്ടിരിക്കുന്ന ഒരു ഗുണമായതിനാല്‍, മൂത്തുമുരടിച്ച അത്തരം “ഗുണവാന്മാര്‍” ഇന്നത്തെ കേരളരാഷ്ട്രീയത്തിനു്‌ അത്യന്താപേക്ഷിതമാണു്‌. എത്ര മൂപ്പെത്തുന്നോ, അത്രയും നല്ലതു്‌. അതുവഴി ഒരു ആധുനികരാഷ്ട്രനിര്‍മ്മാണത്തിനു്‌ അനിവാര്യമായ പ്രണയം, കവിത, “കഥാസ്പ്രംഗം”, സില്‍മ മുതലായ മര്‍മ്മപ്രധാനമായ സാമൂഹികശാസ്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്കു്‌ സാധിക്കുകയും ചെയ്യും.

(ടുട്ടാന്‍ഖമെന്റെ മമ്മികളെയൊക്കെപ്പിടിച്ചു്‌ മന്ത്രിമാരും നിയമസഭാസാമാജികരുമാക്കി ജനങ്ങളുടെ പിടലിയില്‍ കയറിയിരുന്നു്‌ അവരെ ശ്വാസം മുട്ടിക്കാന്‍ അനുവദിക്കുന്നതിലും എന്തുകൊണ്ടും ഭേദവും ലാഭവും അവര്‍ക്കു്‌ അര്‍ഹമായ “അടിത്തൂണ്‍” നല്‍കി വല്ല പിരമിഡുകള്‍ക്കുള്ളിലും പ്രതിഷ്ഠിക്കുന്നതായിരിക്കും.)

Jul 18, 2012, 11:14 AM

“മണി പോയാല്‍ അതു്‌ മുണ്ടാക്കീടാം
തുണി പോയാല്‍ അതും മുണ്ടാക്കീടാം
പ്രാണന്‍ പോയാല്‍ ഉണ്ണികള്‍
പുനരുണ്ടാകില്ലെന്നമ്മ പറഞ്ഞു.”

Jul 18, 2012, 11:44 AM

പാവം ഭഗവാന്റെ ദുഃഖം:

“വെദാഹം സമതീതാനി വര്‍തമാനാനി ചാര്‍ജുന
ഭവിഷ്യാനി ച ഭൂതാനി മാം തു വെദ ന കശ്ചന”

ഓ അര്‍ജ്ജുനാ, ദൈവത്തിന്റെ ഏറ്റവും ഉന്നതമായ വ്യക്തിത്വം എന്ന നിലയില്‍, ഭൂതകാലത്തില്‍ സംഭവിച്ചതു്‌ മുഴുവനും, വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നതു്‌ മുഴുവനും, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതു്‌ മുഴുവനും ഞാന്‍ അറിയുന്നു. എല്ലാ ജീവജാലങ്ങളെയും എനിക്കറിയാം. എന്നാലും എന്നെ ആരും അറിയുന്നില്ല. 🙂

ഉദ്യോഗസ്ഥയായ മകളെ ആര്‍ക്കും വിവാഹം കഴിച്ചുകൊടുക്കാതെ കറവപ്പശുവാക്കി വച്ചുകൊണ്ടിരിക്കുന്ന ഒരു കാരണവര്‍ അറ്റകൈ എന്നോണം ഉയര്‍ത്തുന്ന ഒരു വാദം: “ഞാനൊരു രോഗിയാണെന്ന കാര്യം എല്ലാവരും മറക്കുന്നു.” (കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ആണു്‌ ആ കാരണവരെ അവതരിപ്പിച്ചതെന്നു്‌ തോന്നുന്നു. സിനിമ അരനാഴികനേരം?) “എന്നെ ആരും അറിയുന്നില്ല” എന്ന, അര്‍ജ്ജുനനോടുള്ള ഭഗവാന്റെ കേഴലും ഏതാണ്ടു്‌ അതുപോലൊരു കാരണവരുടെ ചിത്രമാണു്‌ എന്നില്‍ ഉണര്‍ത്തുന്നതു്‌. 🙂

Jul 18, 2012, 12:08 PM

“ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷാം രവിരംശുമാന്‍
മരീചിര്‍മരുതാമസ്മി നക്ഷത്രാണാമഹം ശശി” (ഭഗവദ് ഗീത 10: 21)

ആദിത്യരില്‍ ഞാന്‍ വിഷ്ണു, പ്രകാശങ്ങളില്‍ ഞാന്‍ ജ്വലിക്കുന്ന സൂര്യന്‍, മാരുതങ്ങളില്‍ ഞാന്‍ മരീചി, നക്ഷത്രങ്ങളില്‍ ഞാന്‍ ചന്ദ്രന്‍.

ഞാനിതു്‌ പറയുന്നതില്‍ ഭഗവാനു്‌ വിഷമമൊന്നും തോന്നരുതു്‌: നക്ഷത്രങ്ങളില്‍ ഞാന്‍ ചന്ദ്രന്‍ എന്നും മറ്റും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ഭഗവാന്‍ തന്നെ പറയുന്നതു്‌ നക്ഷത്രങ്ങള്‍ കേള്‍ക്കണ്ട. അവറ്റകള്‍ തലതല്ലി ചിരിച്ചുചാവും. 🙂

Jul 18, 2012, 1:20 PM

“യദാദിത്യഗതം തേജോ ജഗദ്ഭാസയതേƒഖിലം
യച്ചന്ദ്രമസി യച്ചാഗ്നൗ തത്തേജോ വിദ്ധി മാമകം.” (ഭഗവദ്ഗീത 15:12)

സകലലോകത്തിന്റെയും അന്ധകാരം ദൂരീകരിക്കുന്ന സൂര്യന്റെ പ്രകാശം എന്നില്‍ നിന്നും വരുന്നു. ചന്ദ്രന്റെ പ്രകാശവും തീയുടെ പ്രകാശവും എന്നില്‍ നിന്നും വരുന്നു.

അറിയാത്തവര്‍ക്കായി: ആണവസ്ഫോടനം സംഭവിക്കുമ്പോഴും, എലക്ട്രിക് ബള്‍ബുകള്‍ തെളിയുമ്പോഴും, മിന്നാമിനുങ്ങുകള്‍ മിന്നുമ്പോഴുമൊക്കെ ഉണ്ടാവുന്ന എല്ലാത്തരം പ്രകാശങ്ങളും ഭഗവാനില്‍ നിന്നും മാത്രം വരുന്നവയാണു്‌. പ്രകാശത്തിന്റെ “ഫലനവും” പ്രതിഫലനവുമെല്ലാം തൂണിലും തുരുമ്പിലുമുള്ള ദൈവത്തില്‍ നിന്നും പുറപ്പെടുന്നവയാണു്‌. ഒരു ദൈവമായാല്‍ എന്തെല്ലാം ഉത്തരവാദിത്തങ്ങള്‍! സമ്മതിക്കണം!

Jul 19, 2012, 3:12 PM

“ഗാന്ധി പ്രതിമയ്ക്കു്‌ പകരം ചുണ്ടില്ലാത്ത ഡോണാള്‍ഡ് ഡക്കിന്റെ പ്രതിമ നിര്‍മ്മിച്ചു.”

 • അന്വേഷണത്തിനു്‌ മന്ത്രി ഉത്തരവിട്ടു.

“പ്രദക്ഷിണസമയത്തു്‌ ആനയിടഞ്ഞു്‌ രണ്ടു്‌ മരണം.”

 • അന്വേഷണത്തിനു്‌ മന്ത്രി ഉത്തരവിട്ടു.

“ട്രെയിന്‍ യാത്രക്കിടയില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചു.”

 • അന്വേഷണത്തിനു്‌ മന്ത്രി ഉത്തരവിട്ടു.

“ABCD, PQRS എന്നീ സംഘടനകള്‍ തമ്മില്‍ സംഘട്ടനം. നാലു്‌ മരണം.”

 • അന്വേഷണത്തിനു്‌ മന്ത്രി ഉത്തരവിട്ടു.

………………………………….
………………………………….
………………………………….

ഉള്ളതേ ഇടാന്‍ പറ്റൂ എന്നറിയാം. എന്നാലും ഇങ്ങനെ ചടപടാന്നു്‌ ഉത്തരവു്‌ ഇടുമ്പോള്‍ ഇത്തിരി പതിയെ, സൂക്ഷിച്ചും കണ്ടുമൊക്കെ ഇട്ടാല്‍ വേണ്ടില്ല. നാളെയും ഇടാനുള്ളതല്ലേ? ഇടാന്‍ ഉത്തരവില്ലാതെ മന്ത്രിമാര്‍ വലയുന്നു എന്ന സെന്‍സേഷണല്‍ ന്യൂസ് പത്രത്തില്‍ വരുന്നതും ഒരുതരം പ്രശസ്തി തന്നെ. എന്നാലും!

Jul 20, 2012, 8:53 AM

ആലിന്റെ ആര്‍ഭാടതകൊണ്ടുമാത്രം രാഷ്ട്രത്തിന്റെ പാന്തിയോണില്‍ കയറിപ്പറ്റുന്ന ചില ആസനങ്ങളുണ്ടു്‌.

Jul 20, 2012, 9:52 AM

ദിവസേന രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നു്‌ വൈദ്യശാസ്ത്രം. ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനെന്നപോലെതന്നെ, തലച്ചോറു്‌ “ഉണങ്ങാതിരിക്കാനും” അതാവശ്യമാണു്‌. പക്ഷേ ഇസ്ലാമിലെ ദൈവം വളരെ കാരുണ്യവാനാണു്‌. നോമ്പുകാലമാണെങ്കില്‍ പകല്‍സമയത്തു്‌ ദൈവവിശ്വാസികള്‍ ഉമിനീര്‍ ഇറക്കണമെന്നുപോലും അദ്ദേഹം ആവശ്യപ്പെടുന്നില്ല. ദൈവം വലിയവനാണെന്നു്‌ നിറുത്താതെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ എല്ലാം ശുഭം. തന്നെപ്പോലൊരു ദൈവത്തില്‍ വിശ്വസിക്കുന്നവനു്‌ അധികം പ്രവര്‍ത്തനക്ഷമമായ തലച്ചോറിന്റെ ആവശ്യമൊന്നുമില്ല, രാത്രിയിലെ തീറ്റയും കുടിയുംതന്നെ അവനു്‌ വേണ്ട ചിന്താശേഷി ലഭിക്കാന്‍ ധാരാളം മതി എന്നാവും ദൈവത്തിന്റെ ചിന്ത. അനുഭവത്തിന്റെ വെളിച്ചത്തില്‍ ദൈവത്തിന്റെ നിലപാടു്‌ ശരിയാണെന്നു്‌ തോന്നായ്കയുമില്ല. ഏതായാലും, പകല്‍സമയങ്ങളില്‍ ടെമ്പറേച്ചര്‍ 40 ഡിഗ്രി സെല്‍സിയസിനും മുകളിലെത്തുന്ന രാജ്യങ്ങളില്‍ ശരാശരി 37 ഡിഗ്രി സെല്‍സിയസ് ശരീരഊഷ്മാവുമായി ജീവിക്കേണ്ടി വരുന്നവരും വിശ്വാസികളല്ലാത്തവരുമായ മനുഷ്യര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്കു്‌ രാവോ പകലോ എന്ന വ്യത്യാസമില്ലാതെ ജലപാനമെങ്കിലും സാദ്ധ്യമാവുമല്ലോ. മനുഷ്യരെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവവും, അതിനേക്കാള്‍ പ്രധാനമായി, ആരോഗ്യകരമായ ഒരു ജീവിതത്തിനു്‌ ആവശ്യമായ ദാഹജലം നല്‍കിയതിന്റെ പേരില്‍ അവരുടെ ശരീരവും തലച്ചോറും അവരോടു്‌ നന്ദിയുള്ളവയായിരിക്കും.

Jul 24, 2012, 12:53 PM

ചെങ്ങന്നൂരുള്ള ഒരു ക്ഷേത്രത്തിലെ ദേവിക്ക് ആര്‍ത്തവം ഉണ്ടാവാറുണ്ടത്രെ! അതില്‍ അത്ഭുതമൊന്നുമില്ല. സംഭവം നടക്കുന്നതു്‌ ക്ഷേത്രത്തിലാണെങ്കില്‍ ദേവിക്കെന്നല്ല, ദേവനുപോലും ആര്‍ത്തവം ഉണ്ടാവും. തന്ത്രിയുടെ മന്ത്രത്തിന്റെയും കയ്യിലിരുപ്പിന്റെയും ഗുണമാണതു്‌. മോക്ഷത്തിലേക്കുള്ള യാത്രയില്‍ ഒരു വിശ്വാസിക്കു്‌ കടന്നുപോകാനുള്ള വഴികള്‍ വളരെ ഇടുങ്ങിയതും ഞെരുക്കമേറിയതുമാണു്‌. പ്രതിസന്ധികളെ ബലാല്‍സംഗം ചെയ്തും ആ വഴി തരണം ചെയ്യണമെന്നു്‌ സ്വര്‍ഗ്ഗയാത്രികര്‍ക്കറിയാം. മുള്ളും മുരടും താണ്ടുമ്പോള്‍ രക്തമൊഴുകും, ഒഴുകാതിരിക്കില്ല. ആര്‍ത്തവസമയത്തു്‌ സ്ത്രീകളെ അശുദ്ധരായി പ്രഖ്യാപിച്ചു്‌ പടിക്കു്‌ പുറത്തിരുത്തണമെന്നും, അതേസമയം, ആര്‍ത്തവരക്തമൊഴുകുന്നതു്‌ കല്‍വിഗ്രഹത്തിന്റെ യോനിയില്‍നിന്നാണെങ്കില്‍, അതു്‌ അതിവിശുദ്ധമാണെന്നും മനസ്സിലാക്കാനാണല്ലോ അവര്‍ നാലാം ക്ലാസിനും ഗുസ്തിക്കുമൊപ്പം വേദോപദേശവും ഓത്തും പഠിക്കുന്നതു്‌. ദൈവജ്ഞാനം നേടാനും ദൈവാനുഭവം ഉണ്ടാവാനും അതില്‍ കൂടിയ ഒരു അറിവിന്റെ ആവശ്യമില്ല. അത്രപോലും അറിവില്ലെങ്കില്‍ ഒന്നുകൂടി നല്ലതു്‌.

ലോകത്തിന്റെ ജ്ഞാനത്തെ ഭോഷത്തമാക്കുന്നവനാണു്‌ ദൈവം എന്നാണു്‌ ദൈവത്തിനെ കണ്ടു്‌ കണ്ണുകാണാതായി തറയില്‍ വീണു്‌ “ക്ഷ” വരച്ച വിശുദ്ധ പൗലോസ് ഭോഷന്മാരോടു്‌ പറഞ്ഞിരിക്കുന്നതു്‌!

ഏതായാലും, തന്നില്‍ വിശ്വസിക്കുന്നവരെ ദൈവം ആദ്യം ജനാധിപത്യത്തിനും പിന്നെ സ്വര്‍ഗ്ഗത്തിനും അവകാശികളാക്കിയിട്ടുള്ളതിനാല്‍ ദേവി ആര്‍ത്തവിച്ചില്ല, ആര്‍ത്തവത്തുണിയിലെ രക്തം ദേവിയുടേതല്ല എന്നും മറ്റും ആരെങ്കിലും സൂചിപ്പിക്കുകയോ, തെളിവു്‌ ചോദിക്കുകയോ ചെയ്താല്‍ ദേവിയുടെ ആര്‍ത്തവത്തിന്റെ ചുമതലക്കാര്‍ക്കു്‌ അവരുടെ പേരില്‍ കേസുകൊടുക്കാം. ദൈവദോഷികളെ നിലയ്ക്കു്‌ നിര്‍ത്താന്‍ വേണ്ടിയാണല്ലോ നിയമരാഷ്ട്രം, ജുഡീഷ്യറി മുതലായവയും ആദിമുതലേ ദൈവം മനുഷ്യര്‍ക്കു്‌ ഏര്‍പ്പാടാക്കിത്തന്നതു്‌.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു നിയമരാഷ്ട്രത്തില്‍ നിലവിലിരിക്കുന്ന ഏതു്‌ കോടതിക്കും അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്കും സംശയം ഉണ്ടാവാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ടു്‌: ഒരു കല്‍വിഗ്രഹത്തിനു്‌ ആര്‍ത്തവമുണ്ടാവുകയില്ല. ആ വിഗ്രഹത്തില്‍ നിന്നും പുറത്തു്‌ വരുന്നു എന്നു്‌ അവകാശപ്പെടുന്ന രക്തം ഒന്നുകില്‍ മനുഷ്യന്റേതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവികളുടേതോ മാത്രമേ ആവൂ. ഇന്നു്‌ മതഭ്രാന്തു്‌ ബാധിക്കാത്ത ഏതൊരു മനുഷ്യനും ഉണ്ടായിരിക്കേണ്ട പ്രാഥമികമായ ഒരു അറിവായിരിക്കണം അതു്‌. ഇതുപോലൊരു കേസുമായി കോടതിയെ സമീപിക്കുന്ന ക്ഷേത്രഭാരവാഹികളെ ദേവിയുടെ ആര്‍ത്തവരക്തവും അതിന്റെ ഉറവിടവും സംബന്ധിച്ച നിജസ്ഥിതി വ്യക്തമാക്കാന്‍ ബാദ്ധ്യസ്ഥരാക്കുകയും, അതിന്റെ മേല്‍നോട്ടം ശാസ്ത്രബോധമുള്ള ഏതെങ്കിലും ശാസ്ത്രജ്ഞരെ ഏല്പിക്കുകയും ചെയ്താല്‍ തീരുന്ന ഒരു പ്രശ്നമേ ഇതിലുള്ളു എന്നര്‍ത്ഥം. ജനങ്ങളുടെ ബോധവത്കരണം ഒരാവശ്യമായി കരുതുന്ന ശാസ്ത്രജ്ഞരെയാണു്‌ “മേല്‍നോട്ടകാരായി” ഇവിടെ ഉദ്ദേശിക്കുന്നതു്‌. അല്ലാതെ, സ്വാര്‍ത്ഥതാത്പര്യം സംരക്ഷിക്കാനായി വേണ്ടിവന്നാല്‍ തുലാസിന്റെ തട്ടില്‍ കയറിയിരുന്നുവരെ ശാസ്ത്രത്തെ വ്യഭിചരിക്കാന്‍ മടിയില്ലാത്ത “ശാസ്ത്ര അജ്ഞരെ” അല്ല.

പരിശോധനയുടെ കൂട്ടത്തില്‍ ദേവീരക്തത്തിന്റെ ബ്ലഡ് ഗ്രൂപ്പ് കൂടി ഒന്നു്‌ ടെസ്റ്റ് ചെയ്യുന്നതു്‌ നന്നായിരിക്കും. ആര്‍ത്തവസമയത്തു്‌ രക്തം ഒഴുകുന്ന സ്ഥിതിക്കു്‌ ദേവിയുടെ ശരീരത്തില്‍ രക്തമുണ്ടാവാതെ വഴിയില്ല. അതിനാല്‍, ദേവിയുടെ ശരീരത്തില്‍ ഒരു peripheral venous catheter തിരുകി ഇഷ്ടം പോലെ രക്തം ശേഖരിക്കാന്‍ കഴിയേണ്ടതാണു്‌. ടെസ്റ്റ് വഴി ദേവിയുടെ ബ്ലഡ് ഗ്രൂപ്പ് അറിയുക കൂടി ചെയ്താല്‍ രക്തദാനമേഖലയില്‍ ഒരു വന്‍വിപ്ലവത്തിനുതന്നെ അതു്‌ കാരണമാവും. ഒരു ദേവി “രക്തിണിയും'”മറ്റു്‌ ദേവീദേവന്മാര്‍ “അരക്തണരും” എന്നു്‌ വരില്ലല്ലോ.

ആര്‍ത്തവം എന്നതു്‌ ഈ മാസവും ഗര്‍ഭം ധരിക്കാന്‍ കഴിയാതെ പോയല്ലോ എന്നതില്‍ ദുഃഖിതയായി ഗര്‍ഭാശയം കരയുന്നതാണെന്നു്‌ ആരോ എഴുതിയതു്‌ പണ്ടെവിടെയോ വായിച്ചിട്ടുണ്ടു്‌. കാമസൂത്രത്തില്‍ ഭാരതീയനെപ്പോലെ പാണ്ഡിത്യമുള്ളവര്‍ ലോകത്തില്‍ വളരെ വിരളമായതിനാല്‍, അതെഴുതിയതു്‌ ഒരു ഭാരതീയനാവാനാണു്‌ എല്ലാ സാദ്ധ്യതയും. ദേവിക്കു്‌ എന്തുകൊണ്ടു്‌ ആര്‍ത്തവം ഉണ്ടാവുന്നു എന്ന കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താനാണു്‌ ഞാനിതു്‌ പറയുന്നതു്‌. വേണ്ടപ്പെട്ടവര്‍ ഒന്നുത്സാഹിച്ചാല്‍ ഭാരതീയരെ “മുപ്പത്തിമുക്കോടിഒന്നു്‌” ദൈവങ്ങളുടെ അവകാശികളാക്കിക്കൊണ്ടു്‌ ദേവി നമുക്കു്‌ ഒരു ദേവിക്കുഞ്ഞിനെയോ, ഒരു ദേവന്‍കുഞ്ഞനെയോ സമ്മാനിച്ചുകൂടെന്നില്ല. എട്ടുപത്തു്‌ മാസത്തേക്കു്‌ ദേവിക്കു്‌ ആര്‍ത്തവത്തുണികൊണ്ടു്‌ താറുകെട്ടുക എന്ന ജോലിയില്‍ നിന്നും ചുമതലക്കാരനു്‌ വിശ്രമം ലഭിക്കുകയും ചെയ്യും.

Jul 24, 2012, 5:14 PM

Satyendranath Bose (01. 01. 1894 – 04. 02. 1974).

ആല്‍ബെര്‍ട്ട് ഐന്‍‌സ്റ്റൈന്റെ ശ്രദ്ധയാകര്‍ഷിച്ച, ഫോട്ടോണുകളുടെ ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്സിനെപ്പറ്റിയുള്ള ബോസിന്റെ ചെറുലേഖനം പ്രത്യക്ഷപ്പെട്ടതു്‌ 1927-ല്‍ ബോസ് ഡാക്കാ യൂണിവേഴ്സിറ്റിയില്‍ ആയിരിക്കുമ്പോഴായിരുന്നു. വീണ്ടും ഇരുപതു്‌ വര്‍ഷങ്ങള്‍ കഴിഞ്ഞശേഷമാണു്‌ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയില്‍ നിന്നും കെട്ടുകെട്ടിയതു്‌.

A sound mind in a sound body.

A sound professional in a sound university.

Jul 25, 2012, 12:20 PM

വായിക്കുക, പഠിക്കുക, പ്രാവര്‍ത്തികമാക്കുക (പ്രത്യേകിച്ചും സ്ത്രീകള്‍)!

ഭഗവാന്‍ പ്രൊമോട്ട് ചെയ്യുന്ന മഹാഭാരതയുദ്ധം വഴി ബന്ധുക്കള്‍ മുഴുവന്‍ ചത്തുവീണുകഴിയുമ്പോള്‍ സംഭവിക്കാവുന്ന അനിഷ്ടതകള്‍ വിവരിക്കുകയാണു്‌ അര്‍ജ്ജുനന്‍:

“കുലക്ഷയെ പ്രണശ്യന്തി കുലധര്‍മഃ സനാതനാഃ
ധര്‍മേ നഷ്ടേ കുലം കൃത്സ്നമധര്‍മോƒഭിഭവത്യുത” (ഭഗവദ് ഗീത 1:39)

രാജവംശത്തിന്റെ നശീകരണം വഴി സനാതനമായ കുടുംബപാരമ്പര്യങ്ങള്‍ നശിപ്പിക്കപ്പെടും. അതുവഴി ബാക്കി കുടുംബം മതമില്ലായ്മയുടെ പാതയില്‍ പെട്ടുപോകും.

അധര്‍മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണെയ ജായതേ വര്‍ണസങ്കരഃ (1:40)

ഹേ, കൃഷ്ണാ, കുടുംബത്തില്‍ മതമില്ലായ്മ നടമാടുമ്പോള്‍ കുടുംബത്തിലെ സ്ത്രീകളുടെ വിശുദ്ധി നഷ്ടപ്പെടും. വൃഷ്ണിസിന്റെ പിന്‍തലമുറക്കാരനായ അല്ലയോ കൃഷ്ണാ, അങ്ങനെ അവര്‍ ദുഷിക്കുകയും അതുവഴി അനഭിലഷണീയമായ പിന്‍തലമുറ ജനിക്കുകയും ചെയ്യും.

സങ്കരോ നരകായൈവ കുലഘ്നാനാംകുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ടോദകക്രിയഃ (1:41)

അനാശാസ്യരായ ജനം പെരുകുമ്പോള്‍ അതു്‌ കുടുംബത്തിനും കുടുംബപാരമ്പര്യം നശിപ്പിക്കുന്നവര്‍ക്കും നരകതുല്യജീവിതത്തിനു്‌ കാരണമാകും. വികലമായ അത്തരം കുടുംബങ്ങളില്‍ പൂര്‍വ്വപിതാക്കള്‍ക്കു്‌ ഭക്ഷണപാനീയങ്ങള്‍ നല്‍കുന്ന ചടങ്ങുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കപ്പെടുമെന്നതിനാല്‍, പൂര്‍വ്വികരുടെ പതനത്തിനു്‌ അതു്‌ കാരണമാകും.

“ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മാഃ കുലധര്‍മാശ്ച്യ ശാശ്വതഃ” (1:42)

അനഭിലഷണീയരായ കുഞ്ഞുങ്ങളുടെ ജന്മത്തിനു്‌ കാരണമാവും വിധം കുടുംബപാരമ്പര്യങ്ങള്‍ നശിപ്പിക്കുന്നവരുടെ ദുഷിച്ച വ്യവഹാരങ്ങള്‍ വഴി സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മക്കായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന കടമകള്‍ ഇല്ലാതായിത്തീരും.

ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന
നരകേ നിയതം വാസോ ഭവതിത്യനുശുശ്രുമ (1:43)

എല്ലാ മനുഷ്യരുടെയും സംരക്ഷകനായ, അല്ലയോ കൃഷ്ണാ, കുടുംബപാരമ്പര്യം നശിപ്പിക്കുന്നവരായ മനുഷ്യര്‍ എന്നേക്കുമായി നരകവാസം അനുഷ്ഠിക്കേണ്ടിവരുമെന്നു്‌ ശിഷ്യസമൂഹത്തില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ടു്‌.

(അപ്പോള്‍ നക്ഷത്രരാജനായ “ശശി” ആരായി? സ്ത്രീകളുടെ സദാചാരബോധം നഷ്ടപ്പെട്ടു്‌ അവര്‍ “അനാശാസ്യരായ” മക്കളെ ജനിപ്പിച്ചാലും, കുടുംബപാരമ്പര്യം നശിപ്പിക്കുന്നവര്‍ നിത്യനരകത്തിനു്‌ അവകാശികളാവുമെങ്കിലും, ബലിച്ചോറു്‌ കിട്ടാതെ ബലിക്കാക്കകള്‍ പട്ടിണികിടന്നു്‌ ചാകേണ്ടിവന്നാലും ക്ഷത്രിയനായ നീ നിന്റെ കര്‍മ്മം ചെയ്യുക, അഥവാ, നീ നിന്റെ കടമയായ യുദ്ധം ചെയ്യുക എന്നാണു്‌ ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നതു്‌. അവസാനം അര്‍ജ്ജുനന്‍ ചെയ്യുന്നതും അതുതന്നെ. അപ്പോള്‍ അര്‍ജ്ജുനന്റെ സന്ദേഹങ്ങളെ നമ്മള്‍ എങ്ങനെ വിലയിരുത്തണം? സ്ത്രീകള്‍ക്കു്‌ സദാചാരം അത്ര നിര്‍ബന്ധമല്ലെന്നോ? കുടുംബപാരമ്പര്യം നശിപ്പിക്കാമെന്നോ? പിണ്ഡോദകക്രിയകള്‍ വേണ്ടെന്നു്‌ വയ്ക്കാമെന്നോ? സമയം കിട്ടുമ്പോള്‍ സന്തോഷ് മാധവസ്വാമികളോടോ, തോക്കുസ്വാമിയോടോ, അമൃതാനന്ദമയിയോടോ മറ്റോ ചോദിച്ചു്‌ ശരിക്കുള്ള വ്യാഖ്യാനം മനസ്സിലാക്കണം)

Jul 25, 2012, 1:10 PM

ഫോണ്‍ പോക്കറ്റിലുണ്ടോ എന്നു്‌ സ്ഥിരം പരിശോധിച്ചുകൊണ്ടിരിക്കേണ്ടിവരുന്നതു്‌ ഒരു ചെറിയ കാര്യമല്ല. ഒളിമ്പിക്സ് നടക്കുന്നതുകൊണ്ടു്‌ മുന്‍പില്‍ കൊടിയും പിടിച്ചു്‌ മാര്‍ച്ച് ചെയ്യാന്‍ അതില്‍ പങ്കെടുക്കുന്ന ഓരോ രാജ്യങ്ങള്‍ക്കും പ്രശസ്തനായ സ്പോര്‍ട്ടനെ ആവശ്യമുണ്ടു്‌. എല്ലാ രാജ്യങ്ങളിലും ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെയും സ്പോര്‍ട്ടന്മാര്‍ ധാരാളമുണ്ടെങ്കിലും എന്നേപ്പോലെ പ്രശസ്തരായവര്‍ വിരളമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും എന്റെ രാജ്യത്തിനുവേണ്ടി ആ ചുമതല ഏറ്റെടുക്കാമോ എന്നു്‌ താഴ്മയോടെ അപേക്ഷിച്ചുകൊണ്ടു്‌ ഏതെങ്കിലും പ്രധാനമന്ത്രിയോ പ്രസിഡന്റോ വിളിച്ചുകൂടായ്കയില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തു്‌ ഞാന്‍ ‘ഖൊ ഖൊ’ (kho kho) കളിയില്‍ പ്രശസ്ത വിജയം കൈവരിച്ചു്‌ സര്‍ട്ടിഫിക്കറ്റും കുപ്പിപ്പിഞ്ഞാണവും നേടിയിട്ടുണ്ടു്‌ എന്ന കാര്യം അവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. ആദ്യത്തെ റൗണ്ടില്‍ത്തന്നെ നീ അങ്ങു്‌ തോറ്റുകൊടുത്താല്‍ മതി, ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളമെന്നു്‌ ഞങ്ങളുടെ “ക്യാപ്റ്റന്‍” എന്നോടു്‌ രഹസ്യമായി പറഞ്ഞതനുസരിച്ചു്‌ ഞാന്‍ തുടക്കത്തിലേ അങ്ങു്‌ തോറ്റുകൊടുക്കുകയായിരുന്നു. ന്ന്വച്ചാല്‍, ഞാന്‍ അത്ര എളുപ്പം തോല്‍ക്കുന്നവനല്ല എന്നു്‌ അവനും അറിയാമായിരുന്നല്ലോ.

(ഒളിമ്പിക്സില്‍ രാജ്യത്തിന്റെ പതാക ആരു്‌ പിടിക്കണം എന്ന ചില തര്‍ക്കങ്ങള്‍ റേഡിയോയില്‍ കേട്ടപ്പോള്‍ തോന്നിയതു്‌)

Jul 26, 2012, 11:37 AM

ഒരു മനുഷ്യജീവിയെ അന്‍പത്തൊന്നു്‌ വെട്ടുവെട്ടി കൊല്ലുന്നത്ര നീചത്വവും ക്രൂരതയും ലോകചരിത്രത്തില്‍ അധികം കാണാന്‍ കഴിയുമോ എന്നറിയില്ല. അതുപോലൊരു അധമത്വം നിസാരവത്കരിക്കാനുള്ള ഏതു്‌ ശ്രമവും അതിനേക്കാള്‍ അപലപനീയമായ ഒന്നാണെന്ന കാര്യത്തിലും ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യര്‍ക്കു്‌ സംശയം ഉണ്ടാവുമെന്നു്‌ തോന്നുന്നില്ല. അത്തരം നികൃഷ്ടതകളെ മുഴുവന്‍ തോല്പിക്കാന്‍ പോന്ന മാനസികാവസ്ഥയുള്ള മറ്റൊരു വിഭാഗമുണ്ടു്‌. നീചമായ ഒരു കുറ്റകൃത്യം നടന്നാല്‍, അതിനു്‌ ഉത്തരവാദികള്‍ എന്നു്‌ സംശയിക്കപ്പെടുന്നവരോടുള്ള വെറുപ്പിന്റെ പേരില്‍ ആ കാട്ടാളത്തത്തിന്റെ ചിത്രം പരസ്യമായി പ്രദര്‍ശിപ്പിച്ചു്‌ സ്വന്തം വിശ്വാസപ്രമാണങ്ങളുടെയും നീതിശാസ്ത്രങ്ങളുടെയും “ക്രെഡിബിലിറ്റി” വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരാണവര്‍.

Jul 26, 2012, 11:38 AM

“യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ” (ഭഗവദ്ഗീത 2:19)

കൊല്ലുന്നു എന്നു്‌ ചിന്തിക്കുന്നവനും, കൊല്ലപ്പെടുന്നു എന്നു്‌ ചിന്തിക്കുന്നവനും ജ്ഞാനിയല്ല. എന്തെന്നാല്‍, ആത്മാവു്‌ കൊല്ലുന്നില്ല, കൊല്ലപ്പെടുന്നുമില്ല.

ഉഗ്രന്‍ നീതിശാസ്ത്രം! ഇത്തരം നീതിശാസ്ത്രങ്ങള്‍ വഴിയാണു്‌ മനുഷ്യര്‍ ജ്ഞാനികളായി തീരേണ്ടതു്‌! ഭാഷ സംസ്കൃതമല്ലേ? എഴുതുന്നതു്‌ മനുഷ്യനാണെങ്കിലും പറയുന്നതു്‌ ഭഗവാനല്ലേ? വ്യാകരണവും ഭാഷയും തെറ്റില്ലാത്തതല്ലേ? പിന്നെ ആദിമദ്ധ്യാന്തപ്പൊരുത്തം! അതിനിപ്പോള്‍ ഇതൊക്കെ ആരു്‌ വായിക്കുന്നു? വായിച്ചാല്‍ത്തന്നെ, ആദ്യം മുതല്‍ അവസാനം വരെ ആരു്‌ ഓര്‍ത്തിരിക്കുന്നു? സീത രാമന്റെ ആരാന്നാ പറഞ്ഞേ എന്ന ചോദ്യത്തിന്റെ മൂല്യം ഒരിക്കലും നശിക്കുന്നതല്ല.

നമ്മുടെ അപ്പനോ അമ്മയോ, സഹോദരനോ സഹോദരിയോ, മകനോ മകളോ ആരെയെങ്കിലും കൊല്ലുകയോ, അവര്‍ കൊല്ലപ്പെടുകയോ ചെയ്താല്‍ അതില്‍ ഒരു പ്രശ്നവുമില്ല. ഏറിയാല്‍ ഒരു ഗീതാസൂക്തമോ, അതറിയില്ലെങ്കില്‍ “പോനാല്‍ പോകട്ടും പോടാ” എന്ന രീതിയിലുള്ള ഏതെങ്കിലും ഒരു സില്‍മാപ്പാട്ടോ മൂളിപ്പാട്ടായി പാടുക. എല്ലാം ശുഭം. ദൈവനിശ്ചിതമായതിനാല്‍ ചെയ്യാതിരിക്കാന്‍ അവനു്‌ കഴിയാത്ത അവന്റെ “കര്‍മ്മമാണു്‌” കൊന്നവന്‍ ചെയ്തതു്‌. നല്ല കാര്യം. ചത്തവന്‍ അവന്റെ ശരീരം എന്ന കുപ്പായം ഊരി വച്ചു്‌ ഏതെങ്കിലും ഒരു ഉപ്പായിയുടെ ശരീരത്തില്‍ കയറിക്കൂടും. അതു്‌ അതിലും നല്ല കാര്യം. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങള്‍?

Jul 26, 2012, 11:39 AM

വ്യക്തികളിലെ ഭ്രാന്തു്‌ അപൂര്‍വ്വമായ ഒരു പ്രതിഭാസമാണെങ്കില്‍ മതങ്ങളില്‍ അതൊരു സ്വാഭാവികതയാണു്‌. ഒറ്റയ്ക്കിരുന്നു്‌ ഒരു വാചകം ആവര്‍ത്തിച്ചു്‌ പിറുപിറുക്കുന്നവന്‍ ഭ്രാന്തനായി മുദ്രകുത്തപ്പെടും. പക്ഷേ ആ വാചകം മതപരമാണെങ്കില്‍ സമൂഹദൃഷ്ടിയില്‍ അവന്‍ തികച്ചും നോര്‍മല്‍ ആയ ഒരു വ്യക്തിയാണു്‌. അവന്റെ കയ്യില്‍ ഒരു ജപമാല കൂടിയുണ്ടെങ്കില്‍ അവന്‍ ഒരു വിശുദ്ധപുരുഷനായിപ്പോലും അംഗീകരിക്കപ്പെടാം.

Jul 30, 2012, 9:52 AM

ശൂലവും വാളും തമ്മില്‍ നടത്തുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ലോകസമാധാനം എന്ന ലക്ഷ്യം നേടുന്നതിനു്‌ വേണ്ടിയാണെന്നു്‌ അംഗീകരിക്കാമെങ്കില്‍, ശംഖുവരയനും ചേനത്തണ്ടനും തമ്മില്‍ വിഷം ചീറ്റലും കടിപിടിയും നടത്തിയാല്‍ അതു്‌ അവ മനുഷ്യസ്നേഹികളായതുകൊണ്ടാണെന്നും അംഗീകരിക്കാം.

Jul 30, 2012, 10:01 AM

ആധികാരികമായ അഭിപ്രായം പറയാന്‍ മതിയായ അറിവു്‌ എല്ലാ ശാസ്ത്രശാഖകളിലും തങ്ങള്‍ക്കുണ്ടെന്നു്‌ ഭാവിക്കാന്‍ മടിയില്ലാത്ത ഒരു വിഭാഗം “ശാസ്ത്രജ്ഞരേ” ലോകത്തിലുള്ളു – മതതത്വ”ശാസ്ത്രജ്ഞര്‍”! ഒരു രാജാവാകുന്നതിനേക്കാള്‍ എത്രയോ മടങ്ങു്‌ എളുപ്പമാണു്‌ രാജാവായി അഭിനയിക്കാന്‍ – മര്‍മ്മമറിയാത്തവനു്‌ ആരെയും എവിടെയും തൊഴിക്കാന്‍ മടിയില്ലെന്നപോലെ.

Jul 30, 2012, 10:52 AM

http://www.youtube.com/watch?v=VtYw-d1CSxQ
ആര്‍ത്തവം വരുന്ന ദേവിയുടെ കല്‍വിഗ്രഹവും, ആര്‍ത്തവരക്തം പറ്റിയ തുണിവില്പനയും, മുടിപ്പള്ളിയും, മുടിവെള്ളം കുടിയും, ആരു്‌ ഏതു്‌ വസ്ത്രം ധരിക്കണം, ആരു്‌ ആരെ പ്രേമിക്കണം മുതലായ ഗൗരവതരമായ ചര്‍ച്ചകളും കയ്യേറ്റങ്ങളുമൊക്കെയായി കേരളം/ഭാരതം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ റഷ്യയില്‍ ചില പെണ്‍കുട്ടികള്‍ പള്ളിയിലെ “അതിവിശുദ്ധസ്ഥലത്തു്‌” കയറി പ്രസിഡന്റ് പുട്ടിനെയും സഭാ നേതൃത്വത്തേയും പരിഹസിച്ചുകൊണ്ടു്‌ തുള്ളിച്ചാടുന്നു! ഏതായാലും പുട്ടിന്‍ ആ ദൈവനിഷേധികള്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചു. അവര്‍ക്കു്‌ വധശിക്ഷ നല്‍കണമെന്നാണു്‌ ചില മതാധികാരികളുടെ വാദം. എന്തുചെയ്യാന്‍? “യഥാര്‍ത്ഥ” ദൈവം ഇടപെടുന്നില്ലെങ്കില്‍ മനുഷ്യരെങ്കിലും ഇടപെട്ടു്‌ ദൈവനിന്ദയ്ക്കു്‌ ഒരു അറുതി വരുത്തണമല്ലോ.

Pussy Riot Band Members In Russian Orthodox Church (Punk Invasion)

http://en.wikipedia.org/wiki/Pussy_Riot

Pussy Riot Band Members In Russian Orthodox Church (Punk Invasion)

http://en.wikipedia.org/wiki/Pussy_Riot

June 2012

Jun 1, 2012, 11:42 AM

കേരളത്തില്‍ എല്ലാവരുടെയും ഷര്‍ട്ടിന്റെ പോക്കറ്റ് പേനസഹിതമാണെന്ന സത്യം ഈയടുത്തയിടയാണു്‌ എന്റെ ശ്രദ്ധയില്‍ പെട്ടതു്‌. അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ പോക്കറ്റില്‍ പേന ഫിറ്റ് ചെയ്തുകൊണ്ടുള്ള ഒരു ഷര്‍ട്ട് എനിക്കും തയ്പ്പിക്കണം. എന്നെ സംബന്ധിച്ചു്‌ അതു്‌ ഞാനൊരു പൊതുജനസമ്മതന്‍ എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവു്‌ എന്നതിനേക്കാള്‍ വണ്ടിച്ചെക്കു്‌ ഒപ്പിടാന്‍ ഒരു പേനയില്ലാതെ കഴിയില്ലല്ലോ എന്ന പരിഗണനയാണു്‌. ഒരുതരം ബ്യൂറോക്രാറ്റിക് പ്രാഗ്മാറ്റിസം. 🙂

Jun 1, 2012, 11:50 AM

ഒരേ അനുഭവത്തില്‍ നിന്നു്‌ ഒരേ പ്രായോഗികപാഠം മനസ്സിലാക്കുന്ന രണ്ടുപേരെ കണ്ടെത്താനാവില്ല. അതിനാല്‍, അനുഭവങ്ങളില്‍ നിന്നും മനുഷ്യര്‍ എപ്പോഴും ബുദ്ധിമാന്മാരാവുന്നില്ല. ചില പ്രതിബന്ധങ്ങളെ ഒഴിവാക്കാനും അവയോടു്‌ ഒരു പ്രത്യേകതരം നിലപാടു്‌ സ്വീകരിക്കാനും അതുവഴി മനുഷ്യന്‍ പഠിച്ചേക്കാമെങ്കിലും അവന്‍ ചലിക്കുന്നതായ അവന്റെ ജീവിതരേഖയില്‍ അതുവഴി മാറ്റമൊന്നും സംഭവിക്കുന്നില്ല. – വ്യക്തിമനഃശാസ്ത്രജ്ഞന്‍ ആല്‍ഫ്രെഡ് ആഡ്ലര്‍

Jun 1, 2012, 11:57 AM

മലയാളിയുടെ ആസക്തികളായ മൂന്നു്‌ ‘ഭ’കള്‍: ഭക്ഷണം, ഭോഗം, ഭക്തി. (“alphanumeric-codeine”-ലേക്കു്‌ പരിഭാഷിച്ചാല്‍, ഫക്ഷണം, ഫോഗം, ഫക്തി).

Jun 1, 2012, 12:49 PM

പറയുന്നതു്‌ പിശാചായതുകൊണ്ടു്‌ അവന്‍ പറയുന്നതെല്ലാം തെറ്റാവുന്നില്ല; പറയുന്നതു്‌ ദൈവമായതുകൊണ്ടു്‌ അവന്‍ പറയുന്നതെല്ലാം ശരിയുമാവുന്നില്ല. പറയുന്നതു്‌ ആരു്‌ എന്ന പരിഗണനയില്ലാതെ, പറയുന്ന കാര്യങ്ങള്‍ ഇന്നത്തെ ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തില്‍ അപഗ്രഥിക്കാനും തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനുമുള്ള ശേഷി വിമര്‍ശനാത്മകമായ വിദ്യാഭ്യാസത്തിലൂടെ കൈവരിക്കുകയാണാവശ്യം. ഇന്നത്തെ ഉല്‍പതിഷ്ണുത്വം നാളത്തെ യാഥാസ്ഥിതികത്വമാവാമെന്നതു്‌ ഒരു പ്രപഞ്ചസത്യം ആയാലെന്നപോലെ അംഗീകരിക്കുന്നതു്‌ ഈ വസ്തുതയുടെ ഒരു ഭാഗമാവുമ്പോഴേ ഒരുവന്റെ ചിന്ത യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാവുന്നുള്ളു.

Jun 1, 2012, 12:59 PM

മുകളില്‍ മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍, പെയ്യാന്‍ പോകുന്ന മഴയുടെ പേരില്‍ ഭൂമി എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്നു്‌ എനിക്കറിയില്ല. പക്ഷേ എനിക്കു്‌ “കടിക്കാന്‍” പറ്റിയതെന്തെങ്കിലും ഭൂമിയില്‍ വളരണമെങ്കില്‍ ഈ പ്രതിഭാസങ്ങളും പ്രക്രിയകളുമെല്ലാം ആവശ്യമാണെന്ന അറിവു്‌ എന്നെ എന്തായാലും സന്തോഷിപ്പിക്കുന്നുണ്ടു്‌.

Jun 2, 2012, 1:03 PM

https://www.facebook.com/groups/naserkp/permalink/381968765185814/

എന്റെ ഒരു ലേഖനം ഷെയര്‍ ചെയ്ത Farmis Hashim- എന്ന സുഹൃത്തിനുവേണ്ടി എഴുതിയ ഒരു മറുപടിയാണു്‌. ഇവിടെയും കിടക്കട്ടെ. നയം പലവട്ടം വെളിപ്പെടുത്തിയിട്ടുള്ളതാണെങ്കിലും വീണ്ടും വീണ്ടും വെളിപ്പെടുത്തേണ്ടിവരുന്നു. എന്തു്‌ ചെയ്യാന്‍? വിശ്വാസി ദിനംപ്രതി ആയിരം വട്ടം ആവര്‍ത്തിച്ചിട്ടു്‌ അല്ലാഹുവിനു്‌ കാര്യങ്ങള്‍ പിടികിട്ടുന്നില്ല. പിന്നെ അവനില്‍ വിശ്വസിക്കുന്ന “സ്വതന്ത്ര ചിന്തകര്‍ക്കു്‌” പിടികിട്ടുമോ?

എന്റെ ലേഖനത്തിലേക്കുള്ള ലിങ്ക്: https://ckbabu.com/2012/02/02/

Dear Farmis Hashim,

ചില ആനുകാലികങ്ങള്‍ “രണ്ടാം ഐന്‍‌സ്റ്റൈന്‍” എന്നു്‌ വിശേഷിപ്പിക്കാറുള്ള, മാര്‍ട്ടിന്‍ ബോയോവാള്‍ഡ് എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ “Zurueck vor den Urknall” (“ബിഗ്-ബാംഗിനും പിന്നില്‍” എന്നു്‌ ഏകദേശ തര്‍ജ്ജമ) എന്ന പേരില്‍ എഴുതിയ ഒരു ജര്‍മ്മന്‍ പുസ്തകമാണു്‌ എന്റെ ലേഖനത്തിനു്‌ ആധാരം. (ഇപ്പോള്‍ അതു്‌ ഇംഗ്ലീഷിലും ലഭിക്കുമെന്നു്‌ കേള്‍ക്കുന്നു.) അതു്‌ ആ ലേഖനത്തിന്റെ അടിയില്‍ സൂചിപ്പിച്ചിട്ടുമുണ്ടു്‌. പക്ഷേ “അള്ളാവ്സ്കികള്‍ക്കു്‌” അതൊന്നും അറിഞ്ഞിട്ടു്‌ കാര്യമില്ല. അവര്‍ “സ്വതന്ത്ര ചിന്തകര്‍” ആണല്ലോ! ശാസ്ത്രമെന്നാല്‍ വിക്കി ആണെന്നു്‌ കരുതുന്ന “ചിന്തകശിരോമണികള്‍ക്കു്‌” ആരെന്തു്‌ പറഞ്ഞാലും അതെല്ലാം വിക്കിയില്‍ നിന്നും പകര്‍ത്തിയതേ ആവൂ. (വിശദമായി വായിച്ചിട്ടില്ലാത്ത ഒരു ഖുര്‍ആനില്‍ വിശ്വസിക്കുന്നു, അതിന്റെ അടിസ്ഥാനഗ്രന്ഥമായ ബൈബിള്‍ കണ്ടിട്ടുപോലുമില്ല, ന്യൂട്ടോണിയന്‍ നിയമങ്ങള്‍ എന്തെന്നു്‌ അറിയില്ലെങ്കിലും ജെനറല്‍ റിലേറ്റിവിറ്റിയെപ്പറ്റിയേ സംസാരിക്കുകയുള്ളു …. അതൊക്കെയാണു്‌ സ്വര്‍ഗ്ഗയോഗ്യനെന്നു്‌ സ്വയം കരുതുന്ന വിശ്വാസികള്‍ എന്ന മാനസികരോഗികള്‍. തര്‍ക്കിച്ചുകൊണ്ടിരിക്കാന്‍ ഇവയൊന്നും അറിയേണ്ട ആവശ്യവുമില്ല). ലേഖനം വായിക്കുകയില്ലെന്നു്‌ മാത്രമല്ല, വായിച്ചാല്‍ മനസ്സിലാവുകയുമില്ലാത്ത കുറെ അള്ളാവ്സ്കികളുമായി തര്‍ക്കിച്ചു്‌ സമയം നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലാത്തതുകൊണ്ടു്‌ ഞാന്‍ ഇത്തരം “സ്വതന്ത്ര ചിന്തകരുടെ” “ശാസ്ത്രീയചര്‍ച്ചകളില്‍” പങ്കെടുക്കാറില്ല. പറയുന്നതു്‌ മനസ്സിലാക്കാന്‍ ശേഷിയുള്ള വേറെ എത്രയോ പേര്‍ എന്റെ ലേഖനങ്ങള്‍ വായിക്കുന്നവരായി ഉണ്ടു്‌. അവര്‍ക്കുവേണ്ടി ഞാന്‍ അറിഞ്ഞതും മനസ്സിലാക്കിയതുമായ ശാസ്ത്രീയതകള്‍ പങ്കുവയ്ക്കുക എന്നതു്‌ മാത്രമാണു്‌ എന്റെ ലക്ഷ്യം. “അല്ലാഹു അക്ബര്‍” എന്നു്‌ ദിവസം അഞ്ചുനേരം – അതും പലവട്ടം – ആവര്‍ത്തിച്ചാലും താന്‍ വലിയവനാണെന്ന മഹാരഹസ്യം പിടികിട്ടാത്ത “പ്രപഞ്ചസ്രഷ്ടാവായ” ഒരു ദൈവത്തിന്റെ പുറകെ നടക്കുന്നവര്‍ക്കുവേണ്ടി ചിലവാക്കാനുള്ളതല്ല എന്റെ സമയം.


Jun 2, 2012, 1:46 PM

http://chithrangal.blogspot.de/2012/06/blog-post.html#–thanimalayalam

തെറി പറയുന്ന കാര്യത്തില്‍ അത്ര മോശമാണു്‌ ഞാന്‍ എന്ന തോന്നല്‍ എനിക്കില്ല. എങ്കിലും ഈ മാഫക്കേഴ്സിനോടു്‌ പറയാന്‍ പറ്റിയ തെറികള്‍ എനിക്കിനിയും കണ്ടെത്തേണ്ടിയിരിക്കുന്നു

Jun 6, 2012, 11:13 AM

മലയാളം ബ്ലോഗുലകത്തില്‍ ഇപ്പോള്‍ “സ്വതന്ത്രചിന്ത” ഒരു boom phase-ലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണു്‌ .

ഹിന്ദുത്വ സ്വതന്ത്രചിന്ത, ഇസ്ലാമിക സ്വതന്ത്രചിന്ത, ക്രൈസ്തവ സ്വതന്ത്രചിന്ത, ഇടതുപക്ഷ സ്വതന്ത്രചിന്ത, വലതുപക്ഷ സ്വതന്ത്രചിന്ത, മാവോയിസ്റ്റ് സ്വതന്ത്രചിന്ത, താലിബാന്‍ സ്വതന്ത്ര ചിന്ത … … …

Jun 6, 2012, 11:31 AM

സ്വതന്ത്രചിന്തകരും ദാമ്പത്യവും:

“സ്വതന്ത്രചിന്തകര്‍ സ്ത്രീകളോടൊത്തു്‌ ജീവിക്കുമോ എന്നോ? പുരാതന കാലങ്ങളിലെ സത്യം പറയുന്ന പക്ഷികളെപ്പോലെ, ഇക്കാലത്തു്‌ സത്യം ചിന്തിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവരായ അവര്‍ ഒറ്റയ്ക്കു്‌ പറക്കാനായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക എന്നാണു്‌ പൊതുവേപറഞ്ഞാല്‍ എനിക്കു്‌ തോന്നുന്നതു്‌.” – ഫ്രീഡ്റിഹ് നീറ്റ്സ്ഷെ.

Jun 6, 2012, 11:33 AM

ഒരിക്കല്‍ കൂടി പറയട്ടെ: “പബ്ലിക്കായ അഭിപ്രായങ്ങള്‍ – പ്രൈവറ്റായ അലസതകള്‍” – ഫ്രീഡ്റിഹ് നീറ്റ്സ്ഷെ.

പ്രകൃതിയെ തിരുത്തുക:

Jun 6, 2012, 11:44 AM

“ഒരുവനു്‌ നല്ലൊരു പിതാവില്ലെങ്കില്‍ അവന്‍ ഒന്നിനെ സൃഷ്ടിക്കണം.” – ഫ്രീഡ്റിഹ് നീറ്റ്സ്ഷെ

Jun 6, 2012, 12:06 PM

ആസന്നമരണനായ ജ്ഞാനി വിളിച്ചുപറഞ്ഞു: “സുഹൃത്തുക്കളേ, സുഹൃത്തുക്കളായി ആരുമില്ല!”

ജീവിക്കുന്ന വിഡ്ഢിയായ ഞാന്‍ വിളിച്ചുപറയുന്നു: “ശത്രുക്കളേ, ശത്രുക്കളായി ആരുമില്ല!” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

Jun 6, 2012, 12:22 PM

കലയും വീഞ്ഞുമില്ലാതെ ജീവിക്കുക:

“കലാസൃഷ്ടികളും വീഞ്ഞും ഒരുപോലെയാണു്‌: രണ്ടിന്റെയും ആവശ്യമില്ലാതിരിക്കുകയും, വെള്ളം കുടിക്കുകയും, ആ വെള്ളത്തെ ആന്തരികമായ അഗ്നികൊണ്ടും മനസ്സിന്റെ ഉള്ളിലെ മാധുര്യം കൊണ്ടും വീണ്ടും വീണ്ടും സ്വയം വീഞ്ഞായി മാറാന്‍ അനുവദിക്കുകയും ചെയ്യുന്നതാണു്‌ കൂടുതല്‍ നല്ലതു്‌.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

Jun 6, 2012, 12:51 PM

മാര്‍ഗ്ഗവും ലക്ഷ്യവും:

“കലയില്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ വിശുദ്ധീകരിക്കുന്നില്ല: പക്ഷേ, അവിടെ വിശുദ്ധ മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യത്തെ വിശുദ്ധീകരിക്കുന്നവയാവാം.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

Jun 6, 2012, 12:52 PM

കഴുത ഒരാവശ്യമാവുന്നതു്‌:

“കഴുതപ്പുറത്തു്‌ കയറി പട്ടണവാതില്‍ക്കലേക്കു്‌ യാത്ര ചെയ്തുകൊണ്ടല്ലാതെ ജനക്കൂട്ടത്തെ ഹോശാനാ വിളിയ്ക്കു്‌ തയ്യാറുള്ളവരാക്കി മാറ്റാനാവില്ല.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

Jun 6, 2012, 6:23 PM

Syam Kumar R-ന്റെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ തോന്നിയതു്‌:

ഗൂഗിള്‍ പ്ലസിലും ഫെയ്സ്ബുക്കിലുമെല്ലാം കണ്ടമാനം പേര്‍ ചറപറാന്നു്‌ പാചകവിധികള്‍ പോട്ടം സഹിതം പോസ്റ്റിയപ്പോള്‍ ഞാനും കരുതി: ഒരിക്കല്‍ എന്റെ മുല്ലയും പൂക്കും. നമ്മള്‍ കഞ്ഞി കുടിക്കാതെയാണു്‌ ജീവിക്കുന്നതെന്നു്‌ നാട്ടുകാര്‍ അറിയേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത. ഏതായാലും അങ്ങനെ ഒരിക്കല്‍ “ജഠരാഗ്നിയുടെ രൂപത്തില്‍ വയറില്‍ കുടികൊള്ളുന്ന അഗ്നിദേവന് ഭക്ഷ്യപേയാദികള്‍ സമര്‍പ്പിക്കാനായി” ചോറും മോരുകറിയും ഉണ്ടാക്കിയപ്പോള്‍ സത്യാവസ്ഥയില്‍ എന്റെ മുല്ലയും പൂക്കുകയും ഞാന്‍ ഒന്നുരണ്ടു്‌ പോട്ടകം എടുക്കുകയും ചെയ്തു. പാചകസംബന്ധമായി വലിയ വിവരമില്ലാത്തവര്‍ക്കുവേണ്ടി അതിന്റെ ഒരു ചെറിയ വിവരണം: ചോറുണ്ടാക്കാന്‍ പ്രധാനമായും വേണ്ട അസംസ്കൃതപദാര്‍ത്ഥങ്ങള്‍ അരിയും വെള്ളവുമാണു്‌. അതില്‍ നമുക്കു്‌ കാര്യമായ തിരിമറികള്‍ നടത്താനാവില്ല. അതേസമയം ഒഴിവാക്കാനാവത്തതും, ചൂടിന്റെ രൂപത്തില്‍ ലഭ്യമായിരിക്കേണ്ടതുമായ ഊര്‍ജ്ജം പലവിധത്തിലുള്ളതാവാമെന്നതു്‌ ഒരനുഗ്രഹമാണു്‌. വിറകു്‌ കത്തിക്കുക, എലക്ട്രിസിറ്റി ഉപയോഗിക്കുക, ഗ്യാസ് ഉപയോഗിക്കുക മുതലായ പലതരം പ്രൊസീജ്യറുകള്‍ നിലവിലുണ്ടു്‌. അരിയും വെള്ളവും അനുയോജ്യമായ അനുപാതത്തില്‍ ഒരു റിസെപ്റ്റിക്കളില്‍ സംയോജിപ്പിച്ചശേഷം അതിലേക്കു്‌ ഊര്‍ജ്ജം കടത്തിവിടുക. ഊര്‍ജ്ജം അടിയില്‍ നിന്നും ലഭ്യമാക്കുന്ന രീതിയാണു്‌ പൊതുവേ നിലവിലുള്ളതു്‌. അതുകൊണ്ടു്‌ മറ്റു്‌ രീതികള്‍ അനുവദനീയമല്ല എന്നര്‍ത്ഥമില്ല. അരിയും വെള്ളവും തമ്മില്‍ പാലിക്കേണ്ട അനുപാതം എത്രയെന്നു്‌ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു്‌ ഒരുവിധം പൊരുത്തപ്പെടാവുന്ന ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതു്‌ തൃപ്തികരമായ ഒരു ഫലം ലഭിക്കാന്‍ സഹായകമാണു്‌. ചോറു്‌ കുട്ടിച്ചോറാക്കുക എന്നതോ, അരിയെ മലരാക്കുക എന്നതോ ഒന്നുമല്ലല്ലോ നമ്മുടെ ലക്ഷ്യം. ഒരു നിശ്ചിത സമയം ചൂടു്‌ ലഭ്യമാക്കിക്കഴിഞ്ഞാല്‍ ചോറായി മാറുകയല്ലാതെ അരിക്കു്‌ മറ്റു്‌ വഴിയൊന്നുമില്ല. അതുപോലെതന്നെയാണു്‌ മോരുകറിയുടെ കാര്യവും. മോരുകറിക്കു്‌ മോരു്‌ അത്യന്താപേക്ഷിതമാണു്‌. മോരില്ലാതെ മോരുകറി ഉണ്ടാക്കാം എന്നും മറ്റുമുള്ള എല്ലാ അവകാശവാദങ്ങളും ഇതിനോടകം നിഷേധിക്കപ്പെട്ടു്‌ കഴിഞ്ഞിട്ടുണ്ടു്‌. അതുകൊണ്ടു്‌ മോരില്ലാതെ മോരുകറി ഉണ്ടാക്കാന്‍ ഒരിക്കലും ശ്രമിക്കരുതെന്നേ എനിക്കു്‌ നിങ്ങളോടു്‌ അപേക്ഷിക്കാനുള്ളു. ഉള്ളി ഇഞ്ചി പച്ചമുളകു്‌ മുതലായ, ചില ഗര്‍ഭിണികള്‍ ഒഴികെ മറ്റാരും “സോളോ” ആയി തിന്നാന്‍ ആഗ്രഹിക്കാത്ത വസ്തുക്കള്‍ കഴിവതും ചെറുതായി നുറുക്കുക. (OT: ജീവനില്‍ കൊതിയുള്ളവര്‍ ഗര്‍ഭിണികളില്‍ നിന്നും ഒരു മിനിമം അകലം പാലിക്കുന്നതാണു്‌ നല്ലതു്‌. മറ്റൊന്നും കിട്ടിയില്ലെങ്കില്‍ മണ്ണുപോലും വാരിത്തിന്നാന്‍ തോന്നുന്ന ശാരീരികവും മാനസികവുമായ ഒരു അവസ്ഥയാണത്രെ ഗര്‍ഭകാലം! ആ സ്ഥിതിക്കു്‌ മനുഷ്യര്‍ അവരോടു്‌ അധികം അടുക്കാതിരിക്കുന്നതില്‍ തെറ്റില്ലെന്നാണെന്റെ പക്ഷം.) ചില പ്രദേശങ്ങളില്‍ ഈ നുറുക്കല്‍ പ്രക്രിയയെ അരിയുക എന്നും പറയും. പ്രാദേശികവും ഭാഷാപരവുമായ അത്തരം പ്രയോഗങ്ങള്‍ നിങ്ങളെ ലക്ഷ്യത്തില്‍ നിന്നും പിന്‍തിരിപ്പിക്കരുതു്‌. പേരു്‌ കാഞ്ഞിരക്കുരു എന്നോ ആപ്പിള്‍ എന്നോ എന്നതല്ല, സംഗതി ശരിക്കും കയ്പ്പുള്ളതാണോ എന്നതാണു്‌ കാര്യം. ഇനി, ഉള്ളി ഇഞ്ചി പച്ചമുളകു്‌ മുതലായ അസംസ്കൃതപദാര്‍ത്ഥങ്ങള്‍ കൈവശം ഇല്ലാതിരിക്കുകയും, പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ മൂലം കടയില്‍ പോയി അവയെല്ലാം വാങ്ങുക എന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയാത്ത അനേകായിരങ്ങളില്‍ പെടുകയും ചെയ്യുന്ന ഒരു മനുഷ്യജീവി ആണു്‌ നിങ്ങളെങ്കില്‍ വര്‍ണ്ണാശ്രമപ്രകാരം പച്ചക്കറി വിഭാഗത്തില്‍ പെടുത്തപ്പെടുത്തിയിട്ടുള്ള ഏതു്‌ വസ്തുവിനെയും ഇപ്രകാരം കഷണിക്കാവുന്നതാണു്‌. ഇവയൊക്കെ കയ്യെത്തുന്ന ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നു്‌ ഉറപ്പുവരുത്തിയശേഷമേ പോര്‍ക്കളത്തിലേക്കു്‌ ഇറങ്ങാവൂ. തുറസ്സായ ഒരു റിസെപ്റ്റിക്കളില്‍ എണ്ണയൊഴിച്ചു്‌ (നിങ്ങളുടെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെങ്കില്‍ പെട്രോള്‍ ഡീസല്‍ മുതലായ എണ്ണകള്‍ ഒഴിവാക്കുന്നതാണു്‌ നല്ലതു്‌. പണമില്ലാത്തവനു്‌ അതിമോഹം അത്ര നല്ലതല്ല.) ആവശ്യത്തിനു്‌ ചൂടു്‌ പകരുക. എണ്ണയുടെ ഊഷ്മാവു്‌ വര്‍ദ്ധിച്ചു്‌ കടുകിനു്‌ ഒരുവിധത്തിലും പ്രതിരോധിക്കാന്‍ കഴിയാത്ത ഒരു ദുര്‍ബ്ബലനിമിഷത്തില്‍ എത്തുന്ന സമയം നോക്കി ഒരു പിടുത്തം കടുകു്‌ അതിലേക്കു്‌ വാരിയിടുക. കടുകു്‌ “മണിമണിപോലെ” വേണ്ടുവോളം തെറിപറഞ്ഞു്‌ കഴിയുമ്പോള്‍ വെട്ടിനുറുക്കിവച്ചിരിക്കുന്ന ഇന്‍ഗ്രീഡിയെന്റ്സ് കൂടി അതിലേക്കിട്ടശേഷം ഒരു തവിയോ സ്ക്രൂഡ്രൈവറോ മറ്റോ ഉപയോഗിച്ചു്‌ അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാട്ടിക്കൊണ്ടിരിക്കുക. താളാത്മകമായ ഒരു താരാട്ടുപാട്ടു്‌ പാടുന്നതും ഉചിതമായിരിക്കും. താരാട്ടു്‌, തലോടല്‍, പുകഴ്ത്തല്‍, ആപ്പിള്‍ കാണിച്ചു്‌ പ്രലോഭിപ്പിക്കല്‍ ഇവയൊക്കെ സ്നേഹം പ്രകടിപ്പിക്കാന്‍ ജീവജാലങ്ങള്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ടൂളുകളാണു്‌. ഒരുമാതിരി സ്ഥാവരജംഗമവസ്തുക്കളെല്ലാം ഈ കെണികളില്‍ വീഴാറുണ്ടു്‌. അതിലൊന്നിലും വീഴാത്തവയെ ഒഴിവാക്കുന്നതാണു്‌ ഉത്തമം. മരണത്തിനു്‌ ശേഷമുള്ള ജീവിതം അനന്തമാണെങ്കിലും, അതിനു്‌ മുന്‍പുള്ള ജീവിതം അത്ര അനന്തമല്ലതന്നെ. ഈ ചാഞ്ചാട്ടം അങ്ങനെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലെ ഏതെങ്കിലും ഒരു ശുഭമുഹൂര്‍ത്തത്തില്‍ മഞ്ഞള്‍പൊടി മുളകുപൊടി മുതലായ സവര്‍ണ്ണതയുടെ ഘടകങ്ങളെ കൂടി അതിനോടു്‌ ചേര്‍ക്കുക. തലോടല്‍ തുടര്‍ന്നുകൊണ്ടിരിക്കുക. കളര്‍ബ്ലൈന്‍ഡ് ആയിട്ടുള്ളവര്‍ അല്പം സിന്ദൂരം ചാന്തു്‌ മൈലാഞ്ചി മുതലായവ കൂടി ചേര്‍ക്കുന്നതു്‌ നല്ലതാണു്‌. നാവിന്റെ ആസ്വാദനത്തില്‍ പങ്കുചേരുന്നതു്‌ കണ്ണുകള്‍ക്കും ആനന്ദദായകമായ കാര്യമാണല്ലോ. കേരളത്തില്‍ നിന്നുള്ള റെഡിമെയ്ഡ് പൊടികളില്‍ ഇവ ചേര്‍ത്തിട്ടുണ്ടാവുമെന്നതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ ഈവക സാധനങ്ങള്‍ പ്രത്യേകം ചേര്‍ക്കേണ്ട ആവശ്യം സാധാരണഗതിയില്‍ ഉണ്ടാവാറില്ല. അങ്ങനെ, ഈ മിശ്രിതത്തിനു്‌ ഇതുവരെ പറഞ്ഞതില്‍ കൂടുതലൊന്നും തന്നെ പറയാനില്ല എന്നതിന്റെ തെളിവായി അതു്‌ തന്റെ “തനിനിറം” കാണിക്കാന്‍ തുടങ്ങുമ്പോള്‍ മോരോ തൈരോ എന്താണു്‌ നിങ്ങളുടെ കൈവശം ഉള്ളതെന്നു്‌ വച്ചാല്‍ അതുകൂടി അതിലേക്കു്‌ ചാര്‍ത്തിക്കൊടുക്കുക. തങ്ങള്‍ക്കൊരു പുതിയ സൗഹൃദം ലഭിച്ചു എന്നു്‌ നിലവിലുള്ള എല്ലാ ഘടകങ്ങള്‍ക്കും പിടികിട്ടുന്നതുവരെ മൃദുലമായ തലോടല്‍ തുടര്‍ന്നുകൊണ്ടിരിക്കുക – അതോടെ മോരുകറി റെഡി! തലോടല്‍ അതിനുശേഷവും ദീര്‍ഘിപ്പിച്ചാല്‍ പ്രശ്നമൊന്നുമില്ല – മോരുകറിയിലെ ‘മോ’ എന്ന സ്ഥാനത്തു്‌ മറ്റൊരക്ഷരം ചേര്‍ക്കണമെന്നേയുള്ളു. “ഭക്ഷണം കഴിക്കല്‍ എന്നത് ദേവന്മാര്‍ക്കായി ചെയ്യുന്ന ഒരു യജ്ഞ”മായതിനാല്‍, ഈ വിധം ചോറും മോരുകറിയും തയ്യാറാക്കി വയറ്റിലേക്കു്‌ ഹോമിച്ചാല്‍ അതിന്റെ രസം അഗ്നിദേവന്‍ ദശേന്ദ്രിയങ്ങളുടെ നാഥന്മാരായ ദേവന്മാര്‍ക്കു്‌ എത്തിച്ചുകൊടുക്കും. (എണ്ണിത്തീര്‍ക്കാന്‍ സമയമെടുക്കുമെന്നതിനാലാണു്‌, “സഹസ്രേന്ദ്രിയങ്ങളുടെ” എന്ന ശരിയായ പ്രയോഗം ഇവിടെ ഒഴിവാക്കിയതു്‌ – പത്രാധിപര്‍). അതു്‌ കിട്ടിക്കഴിഞ്ഞാല്‍ ദേവന്മാര്‍ അതുകൊണ്ടൊരു കളിയുണ്ടു്‌, അതാണു്‌ കളി! അതിനു്‌ മുന്നില്‍ “യൂറോ” എന്തു്‌, വേള്‍ഡ് കപ്പെന്തു്‌? വയറ്റിലേക്കുള്ള ഈ ഹോമം കഴിഞ്ഞു്‌ “കാമദേവമന്ദിരമായ യോനിയില്‍ പോയി ഒന്നു്‌ കുളിച്ചുതൊഴുതാല്‍” സകല പാപത്തിനും മോചനവുമായി! ഓരോരോ കിടുമണികള്‍ എങ്ങനെ എന്നറിയണം, അതിലാണു്‌ കാര്യം!!

Jun 7, 2012, 9:29 AM

നല്ല എഴുത്തുകാരന്റെ അടയാളങ്ങള്‍:

“നല്ല എഴുത്തുകാര്‍ക്കു്‌ പൊതുവായ രണ്ടു്‌ കാര്യങ്ങളുണ്ടു്‌; വിസ്മയിക്കപ്പെടുന്നതിനെക്കാള്‍ മനസ്സിലാക്കപ്പെടുന്നതിനു്‌ അവര്‍ മുന്‍തൂക്കം നല്‍കുന്നു; അതുപോലെതന്നെ, അതിവിരുതന്മാരും കൂര്‍മ്മബുദ്ധിയുള്ളവരുമായ വായനക്കാര്‍ക്കുവേണ്ടിയല്ല അവര്‍ എഴുതുന്നതു്‌.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

Jun 7, 2012, 9:30 AM

ഏറ്റവും ചീത്തയായ വായനക്കാര്‍:

കൊള്ളയടിക്കുന്ന പടയാളികളെപ്പോലെ പെരുമാറുന്നവരാണു്‌ ഏറ്റവും ചീത്തയായ വായനക്കാര്‍: അവര്‍ക്കുപയോഗിക്കാന്‍ കൊള്ളാവുന്ന ചിലതെല്ലാം അവര്‍ എടുക്കുന്നു, ബാക്കിയുള്ളതെല്ലാം അവര്‍ മലിനമാക്കുകയും അലങ്കോലപ്പെടുത്തുകയും, അവസാനം മുഴുവനെപ്പറ്റിയും അപഖ്യാതി പരത്തുകയും ചെയ്യുന്നു. – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

Jun 7, 2012, 9:34 AM

ചിരി ഒറ്റുകാരനാവുന്നതു്‌:

ഒരു സ്ത്രീ എങ്ങനെ എപ്പോള്‍ ചിരിക്കുന്നു എന്നതു്‌ അവളുടെ വിദ്യാഭ്യാസത്തിന്റെ ഒരടയാളമാണു്‌: പക്ഷേ, ആ ചിരിയുടെ സ്വരം വഴി അവളുടെ പ്രകൃതിയാണു്‌ വെളിപ്പെടുന്നതു്‌, കൂടിയ വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ അവളുടെ പ്രകൃതിയുടെ പരിഹാരം കാണാന്‍ കഴിയാതിരുന്ന ബാക്കികൂടി. – അതുകൊണ്ടു്‌ ഹോറെസിനെപ്പോലുള്ള മനുഷ്യപരിശോധകര്‍, മറ്റു്‌ പല കാരണങ്ങള്‍ കൊണ്ടും കൂടി, പറയും: ridete puellae. – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

(ridete puellae = laugh girl. “ചിരിക്കു്‌ പുള്ളേ” എന്നോ “ആര്‍ഷഭാരതസംസ്കാരം” അനുസരിച്ചു്‌ ‘ചിരിക്കെടി പുല്ലേ’ എന്നോ പരിഭാഷിക്കാവുന്നതാണു്‌.)

Jun 7, 2012, 9:35 AM

നല്ല ഓര്‍മ്മശക്തി:

“നല്ല ഓര്‍മ്മശക്തിയുള്ളതുകൊണ്ടു്‌ മാത്രമാണു്‌ ചിലര്‍ ചിന്തകരാവാതിരിക്കുന്നതു്‌.” – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ

Jun 7, 2012, 9:39 AM

ഒരുപാടു്‌ അടുത്തടുത്താവാതിരിക്കുക:

വളരെ വേഗത്തില്‍ ഒന്നിനുപുറകെ ഒന്നായി പിന്‍തുടരുന്നതു്‌ നല്ല ചിന്തകളെ സംബന്ധിച്ചു്‌ ഹാനികരമായ ഒരു കാര്യമാണു്‌. അവ കാഴ്ചയെ പരസ്പരം തടസ്സപ്പെടുത്തുന്നു. അതുകൊണ്ടു്‌ ഏറ്റവും ഉന്നതരായ കലാകാരന്മാരും എഴുത്തുകാരും ഇടത്തരത്തില്‍ പെട്ടവയെ കൂടുതല്‍ ഉപയോഗപ്പെടുത്തി. – ഫ്രീഡ്രിഹ് നീറ്റ്സ്ഷെ.

(അതുകൊണ്ടു്‌ ഞാനും ഇന്നത്തേക്കു്‌ നിര്‍ത്തുന്നു.)

Jun 10, 2012, 12:45 PM

ചില പോസ്റ്റുകളും കമന്റുകളും അവയുടെ ആഴവും അര്‍ത്ഥപുഷ്ടിയും മൂലം എന്നെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ടെന്നതിനാല്‍ അവ ഞാന്‍ ശ്രദ്ധയോടെ വായിക്കാറുണ്ടു്‌. അതുപോലൊരു കമന്റ് ശ്രീ രവിചന്ദ്രന്റെ “നാസ്തികനായ ദൈവം” (http://nasthikanayadaivam.blogspot.de/2012/05/32.html) എന്ന ബ്ലോഗില്‍ കാണാനിടയായി.

peeyush Kriss, a dawn unto his own day said…

“രവിചന്ദ്രന്‍ സര്‍, ലേഖനം വായിച്ചു..അതിരുകള്‍ ഇല്ലാത്ത അജ്ഞ്ഞതക്ക് നമോവാകം.”

ഇതുപോലെ സ്വയം ജ്ഞാനികളായി അവരോധിച്ചു്‌ മറ്റുള്ളവരെ പരിഹസിക്കുന്നവരെ കാണുന്നതുതന്നെ നിത്യനാശത്തിലേക്കു്‌ ടിക്കറ്റ് വാങ്ങിയവനായ ഏതൊരു നാസ്തികനും ഒരു ആത്മസായൂജ്യമാണു്‌. ഇത്തരം ജ്ഞാനികള്‍ ദൈവവിശ്വാസികളും, അതിനാല്‍തന്നെ മനുഷ്യസ്നേഹം സാഹോദര്യം ധാര്‍മ്മികത സദാചാരം മുതലായ എല്ലാ സദ്ഗുണങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരും അവയെല്ലാം അക്ഷരംപ്രതി പാലിക്കുന്നവരും ആണെന്നതിനാല്‍ അവരെ കാണുന്നതു്‌ അതുപോലുള്ള മാനുഷികമൂല്യങ്ങളൊന്നും ഇല്ലാത്തവനായ (ദൈവത്തില്‍ വിശ്വസിക്കാതെ എങ്ങനെ ഒരുവനില്‍ സദ്ഗുണങ്ങള്‍ ഉണ്ടാവാന്‍?) ഒരു നിരീശ്വരനില്‍ ആത്മസായൂജ്യം മാത്രമല്ല, ദൈവം അവന്റെ ഉള്ളിന്റെയുള്ളിലേക്കു്‌ നേരിട്ടിറങ്ങിവന്നാലെന്നതുപോലുള്ള അപൂര്‍വ്വവും ദിവ്യവുമായ ഒരു അനുഭൂതി കൂടിയാണു്‌. “അല്ലയോ വല്യവനായ ദൈവമേ, ഞാന്‍ പാപി, ഞാന്‍ പാപി” എന്നു്‌ അലമുറയിട്ടുകൊണ്ടു്‌ ദൈവത്തിന്റെ പുറകെയും, “അല്ലയോ അവിശ്വാസിയായ മനുഷ്യാ, നീ അജ്ഞന്‍, നീ അജ്ഞന്‍” എന്നു്‌ കുറ്റപ്പെടുത്തിക്കൊണ്ടു്‌ മനുഷ്യരുടെ പുറകെയും നടക്കുന്നവരുടെ ജ്ഞാനവിളംബരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏതോ ഒരു സില്‍മാപ്പാട്ടുപോലെ, താനേ പാടാത്ത (നാസ്തിക)തന്ത്രികളുണ്ടോ, താളം പിടിക്കാത്ത (നിരീശ്വര)ഹൃദയമുണ്ടോ?

“അജ്ഞ്ഞതക്ക്” എന്നതില്‍ വന്നതുപോലൊരു പിശകു്‌ ‘peeyush Kriss, a dawn unto his own day’ എന്ന ID-യിലും വന്നില്ലേ എന്നൊരു സംശയമാണു്‌ അതു്‌ വായിച്ചപ്പോള്‍ എനിക്കു്‌ തോന്നിയതു്‌. ‘peeyush Kriss, a DOWN unto his own day’ എന്നായിരുന്നില്ലേ കൂടുതല്‍ ഉചിതം? സ്വന്തകുറ്റത്താലല്ലാതെ Mongolism (Down’s syndrome) ബാധിച്ച സാധുക്കളെ ഇത്തരം “മഹാത്മാക്കളുമായി” താരതമ്യം ചെയ്യുകയല്ല ഇവിടെ ലക്ഷ്യം.

മരിച്ച ഒരു മനുഷ്യന്‍ ഉയിര്‍ക്കുകയില്ലെന്നും, ഒരു മനുഷ്യനും ആധുനികസാങ്കേതികതവിദ്യകളുടെ സഹായമില്ലാതെ ഭൂമിയുടെ ആകര്‍ഷണശക്തിയെ തരണം ചെയ്തു്‌ ശൂന്യാകാശത്തിലേക്കു്‌ യാത്ര ചെയ്യാന്‍ ആവില്ലെന്നും, “ഞാന്‍ ദാണ്ടെ വരുന്നു” എന്നു്‌ വാഗ്ദാനം നല്‍കിയിട്ടു്‌ ‘സ്വര്‍ഗ്ഗത്തിലേക്കു്‌’ പോയ ഒരു മനുഷ്യന്‍ രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭാഗത്തേക്കു്‌ തിരിഞ്ഞുനോക്കാത്തതും, അവനുവേണ്ടി ഇന്നും കാത്തിരിക്കുന്നതും വിഡ്ഢിത്തമാണെന്നും, അവന്‍ “ദാ ഇപ്പൊ വരും, ദാ ഇപ്പൊ വരും” എന്നു്‌ തമ്പേറും കുഴലൂത്തും ഉച്ചഭാഷിണിയുമായി വലിയകൂട്ടമിടുന്നതുമെല്ലാം അര്‍ഥശൂന്യമായ കാര്യങ്ങളാണെന്നു്‌ ആയിരംവട്ടം പറഞ്ഞാലും ഒരു ദൈവവിശ്വാസിക്കു്‌ അതു്‌ മനസ്സിലാവില്ല. തീര്‍ച്ചയായും അതിനേക്കാള്‍ വളരെ എളുപ്പം ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച ഒരു വ്യക്തിയെ – അവന്‍ ബാല്യത്തിലേതന്നെ “ഭക്തി സിന്‍ഡ്രോം” കൂടി കുത്തിവച്ചു്‌ നശിപ്പിക്കപ്പെട്ടവനല്ലെങ്കില്‍ – പറഞ്ഞു്‌ മനസ്സിലാക്കാന്‍ സാധിക്കും.

ഇവിടെ ആരെയാണു്‌ അതിരുകളില്ലാത്ത അജ്ഞതയുടെ തിമിരം കയറി മൂടിയിരിക്കുന്നതു്‌? മരിച്ചവന്‍ ഉയിര്‍ക്കില്ല എന്ന സാമാന്യസത്യം മനസ്സിലാക്കാന്‍ ശേഷിയുള്ള വ്യക്തികളെയോ, ഉയിര്‍ക്കുമെന്നു്‌ മാത്രമല്ല, ചോരയും നീരുമുള്ള ആ മനുഷ്യന്‍ ഉടലോടെ ശൂന്യാകാശത്തേക്കു്‌ പറക്കുമെന്നും, മേഘത്തിന്റെ പുറത്തുകയറി വീണ്ടും മടങ്ങിവരുമെന്നുമൊക്കെ വിശ്വസിക്കാന്‍ മാത്രം ബുദ്ധി മന്ദീഭവിച്ച ആത്മപ്രശംസകരെയോ? ഇവിടെ ആരു്‌ ആര്‍ക്കാണു്‌ “അതിരുകള്‍ ഇല്ലാത്ത അജ്ഞ്ഞതക്ക് നമോവാകം” ചൊല്ലേണ്ടതു്‌? ചത്തവന്‍ തലപൊക്കില്ല എന്നറിയാമെങ്കിലും, അവന്‍ തലപൊക്കി എന്നു്‌ വരുത്താനായി അവനെ ദൈവമാക്കുന്നതാണു്‌ വിശ്വാസിയുടെ സര്‍വ്വജ്ഞാനം! ചത്തു്‌, ഉയിര്‍ത്തു്‌, സ്വര്‍ഗ്ഗത്തില്‍ പോയി വീണ്ടും ഭൂമിയിലെത്തി മനുഷ്യരിലെ ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും തരം തിരിക്കാനായി മനുഷ്യരെക്കൊണ്ടു്‌ ജൂണിയര്‍ ദൈവമായ സ്വന്തം മകനെ കൊല്ലിക്കുന്ന ഒരു ദൈവം! ദൈവത്തെ കുറ്റപ്പെടുത്തണ്ട: ഒറ്റവാക്കിനു്‌ പ്രപഞ്ചം സൃഷ്ടിക്കുന്നതുപോലുള്ള കുറുക്കുവഴികളൊന്നും ദൈവം സൃഷ്ടിച്ച മനുഷ്യരെ നല്ലവരാക്കി മാറ്റാന്‍ ഇല്ലതന്നെ. “വിത്തുഗുണം പത്തുഗുണം” എന്നാണല്ലോ മനുഷ്യവചനം. മനുഷ്യന്റെ ദൈവം മനുഷ്യനെപ്പോലെ അല്ലാതാവുന്നതെങ്ങനെ?

അതുകൊണ്ടു്‌ അവിശ്വാസീ, നീ അതിരുകളില്ലാത്ത നിന്റെ അജ്ഞതയോടു്‌ വിടചൊല്ലി എന്റെ അതിരുകളില്ലാത്ത സര്‍വ്വജ്ഞതയില്‍ നിന്നും സത്യത്തിന്റെ നിത്യജലം മൊത്തിമൊത്തിക്കുടിക്കുക. അങ്ങനെ മാത്രമേ അന്ത്യനാളിലെ തരംതിരിക്കലില്‍ നീയും നിന്റെ കുടുംബവും രക്ഷപെടുകയുള്ളു എന്നു്‌ “ഞാനാകുന്ന ഞാന്‍” എന്ന “ദൈവമാകുന്ന ദൈവം” സത്യമായിട്ടും സത്യമായിട്ടും നിന്നോടു്‌ പറയുന്നു. അജ്ഞനും, ദുഷ്ടനും, ദ്രോഹിയും, മറ്റെല്ലാ നീചത്വങ്ങളുടെയും ഉടമയുമായ നിന്നെയാണു്‌ ദൈവത്തിനു്‌ ആവശ്യം. (ചേരുന്നവ തമ്മിലാണു്‌ ചേരേണ്ടതും!)

വേണമെങ്കില്‍ ഇതൊരു കമന്റായി ആ പോസ്റ്റിലും ഇടാമായിരുന്നു. പക്ഷേ മുകളില്‍ സൂചിപ്പിച്ച കമന്റ് പോലുള്ള ജ്ഞാനത്തിന്റെയും വസ്തുനിഷ്ഠതയുടെയും വിലാപകാവ്യങ്ങളുമായി പുറകെ കൂടുന്നവരെ ബ്ലോക്കുന്നതുവരെ സഹിക്കേണ്ടിവരുമെന്നതാവും അതിന്റെ പരിണതഫലം. അതുപോലുള്ള ചര്‍ച്ചകള്‍ കൊണ്ടു്‌ എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അതു്‌ ഭൂമി മാത്രമല്ല, ചര്‍ച്ചകളും ഉരുണ്ടതാണെന്ന തെളിവില്‍ എത്തിച്ചേരാമെന്നതു്‌ മാത്രമാണു്‌. പക്ഷേ കഷ്ടകാലത്തിനു്‌ ചക്രത്തിന്റെ കണ്ടുപിടുത്തത്തില്‍ നിന്നും വീണ്ടും വീണ്ടും ആരംഭിക്കാനും, തലകറങ്ങുന്നതുവരെ ചുറ്റിയതിനു്‌ ചുറ്റും തന്നെയും പിന്നെയും ചുറ്റാനും മാത്രം ഞാനൊരു വിശ്വാസിയല്ല. അതേസമയം, പറയേണ്ടതു്‌ പറയാതിരിക്കാനും വയ്യ.

Jun 10, 2012, 3:11 PM

പണ്ടൊക്കെ പിതൃക്കള്‍ക്കു്‌ ബലിയര്‍പ്പിക്കുമ്പോള്‍ ബലിച്ചോറു്‌ കൊത്തിത്തിന്നാന്‍ ബലിക്കാക്കയെ കൈകൊട്ടിവിളിക്കുമായിരുന്നത്രെ! ഇപ്പോഴും ചിലരൊക്കെ ബലിക്കാക്കകളെ വിളിക്കാറുണ്ടെന്നും, വിളിച്ചാല്‍ ഒരു കറുത്ത മുഖവും കാണിക്കാതെ അവ വരാറുണ്ടെന്നുമാണു്‌ ഗൂഗിളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതു്‌. ഗൂഗിള്‍ പ്ലസില്‍ പ്ലസിട്ടു്‌ ക്വൊട്ടേഷന്‍ സംഘത്തെ വിളിച്ചുകൂട്ടുന്ന ഇന്നത്തെ ആചാരം അതില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും ഒരു ശ്രുതിയുണ്ടു്‌. പ്ലസിട്ടു്‌ വിളി ഒരു നല്ല കാര്യമാണെങ്കിലും, ബലിയര്‍പ്പണത്തിന്റെ കാര്യത്തില്‍ അതത്ര ആശാസ്യമായ ഒരു പുരോഗതിയാണെന്നു്‌ എനിക്കു്‌ തോന്നുന്നില്ല. കാരണം, മേലില്‍ ബലിച്ചോറു്‌ തിന്നാന്‍ വരണമെങ്കില്‍ ഞങ്ങളെയും പ്ലസിട്ടു്‌ വിളിക്കണമെന്നു്‌ ബലിക്കാക്കകളും നിര്‍ബന്ധം പിടിച്ചാല്‍ പിതൃക്കള്‍ ചോറുതിന്നാതെ പട്ടിണികിടന്നു്‌ ചാവേണ്ടിവരില്ലേ? എല്ലാ മക്കളും കമ്പ്യൂട്ടര്‍ ഉള്ളവരും, പ്ലസിങ്ങില്‍ നിപുണരുമല്ലെങ്കില്‍ കാക്കകളുമായുള്ള ഒരു ഫങ്ക്ഷണിങ് കമ്മ്യൂണിക്കേഷന്‍ സാദ്ധ്യമാവില്ലല്ലോ എന്ന ചിന്തയില്‍ നിന്നും വരുന്നതാണു്‌ ഈ ആശങ്ക. വിശ്വാസികളുടെ ലോകത്തു്‌ സാധാരണമായ ഗഹനമായൊരു ഹലൂസിനേഷനല്ല ഈ ആശങ്കയുടെ പിന്നിലെന്നു്‌ സാരം. തൊഴില്‍പരമായ കാര്യങ്ങളില്‍ കാക്കകളെ ബോധവത്കരിച്ചു്‌ അപ്റ്റുഡേറ്റ് ആക്കുന്ന വല്ല അഖില കേരള ബലിക്കാക്ക അസോസിയേഷനോ മറ്റോ (AKBA) നിലവിലുണ്ടെങ്കില്‍ പിതൃക്കളുടെ അവസ്ഥ ഒന്നുകൂടി ശോചനീയമാവും. അവരെ പിന്നെ സകലകാലത്തേക്കുമായി എഴുതിത്തള്ളിയാല്‍ മതി. അതിനാല്‍ അത്തരം അസോസിയേഷനുകളൊന്നും ബലിക്കാക്കകള്‍ക്കു്‌ ഇല്ലാതിരിക്കട്ടെ എന്നു്‌ ഞാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു – എനിക്കു്‌ വേണ്ടിയല്ല, പിതൃക്കള്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്കു്‌ ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ തയ്യാറാവാതിരുന്നതിന്റെ മനസ്സാക്ഷിക്കുത്തു്‌ തീര്‍ക്കാനായി അവരുടെ മരണശേഷം അതു്‌ ബലിക്കാക്കകള്‍ക്കും സാദാ കാക്കകള്‍ക്കുമൊക്കെ നല്‍കി സംതൃപ്തിയടയാന്‍ പരക്കം പായുന്ന മക്കള്‍ക്കുവേണ്ടി. പിതാക്കള്‍ക്കു്‌ കൊടുക്കേണ്ടിയിരുന്ന ആഹാരം കാക്കകള്‍ക്കുപോലും വേണ്ടെങ്കില്‍ പിന്നെ എന്തു്‌ ജനിമൃതി? എന്തു്‌ നിര്‍വാണം? അതോടെ തീര്‍ന്നില്ലേ മക്കളുടെ സകല ഗീര്‍വ്വാണവും ഒളിച്ചുകളിയും?

Jun 11, 2012, 3:59 PM

കേരളകൗമുദി ഓണ്‍ലൈനില്‍ കണ്ടതു്‌:

“കുഞ്ഞനന്തനെ നാടകീയമായി ഹാജരാക്കാന്‍ തീരുമാനം.”ആ ഹാജരാക്കല്‍ എങ്ങനെ ആയിരിക്കുമെന്നു്‌ വളരെ നേരം ആലോചിച്ചിട്ടും എനിക്കു്‌ ഒരു പിടിയും കിട്ടിയില്ല. നാടകീയമായ, അഥവാ നാടകത്തിലേതുപോലെയുള്ള ഹാജരാക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നതു്‌ കുഞ്ഞനന്തനെ വല്ല രാജാപ്പാര്‍ട്ടും കെട്ടിച്ചു്‌ ഹാജരാക്കുന്നതിനെ ആണോ, ഹാജരാക്കുന്ന സമയത്തു്‌ നിയമപാലകര്‍ അവരുടെ മുഖങ്ങളില്‍ നവരസങ്ങള്‍ എല്ലാം മാറിമാറിയോ, അല്ലെങ്കില്‍ അവയില്‍ ഒന്നുമാത്രം (ഉദാ. രൗദ്രമോ, ബീഭത്സമോ, കരുണമോ, ശാന്തമോ മാത്രം) സ്ഥായിയായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ ആണോ, നാടകീയതയുടെ മുഖമുദ്രയായ കൃത്രിമത്വവും അസ്വാഭാവികതയും ഒട്ടും ചോര്‍ന്നുപോകാതെ ഹാജരാക്കുന്നതിനെയാണോ, ഏകാങ്കനാടകീയതയാണോ, “പല അങ്ക”നാടകീയതയാണോ മുതലായ ചോദ്യങ്ങള്‍ക്കു്‌ തൃപ്തമായ ഒരു മറുപടി കണ്ടെത്താന്‍ എനിക്കു്‌ കഴിഞ്ഞില്ല. കുഞ്ഞനന്തന്റെ ഹാജരാക്കല്‍ നാടകീയമായിട്ടായിരിക്കും എന്ന സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍, “കുഞ്ഞനന്തനെ കേരളീയമായി ഹാജരാക്കാന്‍ തീരുമാനം” എന്നു്‌ എഴുതിയിരുന്നെങ്കിലും ധാരാളം മതിയാവുമായിരുന്നല്ലോ എന്നൊരു സംശയവും എനിക്കുണ്ടാവാതിരുന്നില്ല. ഒരു നാടകീയതയ്ക്കു്‌ വേണ്ടിയാവണം ഒരുപക്ഷേ അവര്‍ “നാടകീയമായി” എന്നു്‌ എഴുതിയതു്‌. അല്ലാതെ, “നാടകാന്തം കവിത്വം”, “കവിത്വം കേരളീയത്വം” എന്നീ പരമ്പരാഗതതത്വങ്ങളില്‍ നിന്നും ഗണിതശാസ്ത്രപരമായും സ്വാഭാവികമായും നമ്മള്‍ എത്തിച്ചേരുന്ന “നാടകാന്തം കേരളീയത്വം” എന്ന സാഹിത്യ-സാംസ്കാരിക-സമവാക്യം അവര്‍ക്കറിയില്ലാത്തതുകൊണ്ടാവാന്‍ വഴിയില്ല!

നാടകീയമായ ഹാജരാക്കലുകളില്‍ ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന വേരിയേഷനുകള്‍:

“——–നെ ഹാസ്യാത്മകമായി ഹാജരാക്കാന്‍ തീരുമാനം.”
“——–നെ ബീഭത്സമായി ഹാജരാക്കാന്‍ തീരുമാനം.”
“——–നെ ഭയാനകമായി ഹാജരാക്കാന്‍ തീരുമാനം.”
“——–നെ കരുണാര്‍ദ്രമായി ഹാജരാക്കാന്‍ തീരുമാനം.”
“——–നെ ശൃംഗാരാത്മകമായി ഹാജരാക്കാന്‍ തീരുമാനം.

Jun 12, 2012, 8:01 AM

ഒരു സില്‍മാപ്പാട്ടു്‌:

“പള്ളിമണികളേ, പള്ളിമണികളേ, സ്വര്‍ലോകഗീതത്തിന്നുറവുകളേ!”

സത്യം! സ്വര്‍ഗ്ഗലോകത്തുനിന്നും അലയടിക്കുന്ന ദിവ്യഗീതങ്ങളുടെ ഉറവുകളെ താരതമ്യം ചെയ്യാന്‍ പള്ളിമണികളോളം യോജിച്ച മറ്റെന്തെങ്കിലും ഉണ്ടെന്നു്‌ തോന്നുന്നില്ല. രണ്ടും പൊള്ളയില്‍ നിന്നും പുറപ്പെടുന്ന ശബ്ദതരംഗങ്ങള്‍, അന്തസ്സാരശൂന്യതയില്‍ നിന്നും ആവിര്‍ഭവിക്കുന്ന അര്‍ത്ഥശൂന്യമായ ശബ്ദകോലാഹലങ്ങള്‍!

പള്ളിമണികളുടെ ശബ്ദം യാഥാര്‍ത്ഥ്യമാണെങ്കില്‍, സ്വര്‍ലോകഗീതങ്ങള്‍ മിഥ്യയാണെന്നൊരു ‘ചെറിയ’ വ്യത്യാസമേയുള്ളു.

Jun 12, 2012, 8:29 AM

“ദൈവഭക്തിയില്‍ യുക്തി തേടുന്നതു്‌ മഴവില്ലില്‍ കറുപ്പുനിറം തേടുന്നതുപോലെയാണു്‌.”

ഇതു്‌ കേട്ടാല്‍ താര്‍ക്കികനായ ഒരു ഭക്തന്‍ പ്രതികരിക്കുന്നതു്‌ ഇങ്ങനെ ആയിരിക്കും: “ഹാ ഹാ ഹാ! ഹീ ഹീ ഹീ! ദൈവഭക്തി മഴവില്ലാണെന്നും യുക്തിയുടെ നിറം കറുപ്പാണെന്നും സമ്മതിച്ചല്ലോ, പുരോഗതിയുണ്ടു്‌.”

Jun 14, 2012, 8:36 AM

കേരളരാഷ്ട്രീയം ഒറ്റവാക്യത്തില്‍:

“പത്തിക്കയ്യന്‍ പോക്കറുകാക്ക ചിട്ടിക്കാരിപ്പാത്തുമ്മായെ തോണ്ടീന്നും തോണ്ടീല്ലാന്നും ബയീലു്‌ ബച്ചൊരു ബിസ്താരം”

Jun 14, 2012, 8:56 AM

കേരളത്തിലെ സാഹിത്യ-, സാംസ്കാരികതലങ്ങളില്‍ ആശയങ്ങളുടെ പൂര്‍ണ്ണമോ ഭാഗികമോ ആയ കോപ്പിയടികള്‍ കുരങ്ങന്മാരുടെ അനുകരണരീതിയിലേക്കു്‌ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം ഭാരതത്തില്‍ പരമ്പരാഗതമായി നിലവിലിരിക്കുന്ന ഹനുമാന്‍ ആരാധനയാണെന്ന ബലമായ സംശയം എനിക്കുണ്ടു്‌. പരീക്ഷ ജയിക്കാനായി വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പ്രാര്‍ത്ഥനയും കോപ്പിയടിയുമാണെന്ന വസ്തുതകൂടി പരിഗണിക്കുമ്പോള്‍ മറ്റൊരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല. 🙂

Jun 14, 2012, 11:59 AM

1901 മുതല്‍ എല്ലാ വര്‍ഷവും ഫിസിക്സ്, കെമിസ്ട്രി, ഫിസിയോളജി/മെഡിസിന്‍, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളില്‍ പതിവായി നോബെല്‍ പ്രൈസ് കൊടുക്കുന്നുണ്ടു്‌. ഈവക വിഷയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന കുറെ പുസ്തകങ്ങള്‍ ദൈവവും എഴുതിയിട്ടുണ്ടു്‌. അവയില്‍ ചിലതു്‌ ഒരു മനുഷ്യനും എഴുതിയുണ്ടാക്കാന്‍ പറ്റാത്തവിധം ഉന്നതവും ഉദാത്തവുമായിട്ടുപോലും എന്തുകൊണ്ടു്‌ അവയ്ക്കു്‌ ഓരോ നോബെല്‍ പ്രൈസ് കൊടുക്കാന്‍ നോബെല്‍ കമ്മിറ്റി തയ്യാറാവുന്നില്ല എന്നെനിക്കു്‌ മനസ്സിലാവുന്നില്ല. എല്ലാ വേദഗ്രന്ഥങ്ങള്‍ക്കും ഈ അഞ്ചു്‌ വിഭാഗങ്ങളിലും മാറി മാറി ഓരോ പ്രൈസ് കൊടുക്കുന്ന കാര്യത്തില്‍ നോബെല്‍ കമ്മിറ്റി ഇനിയും അമാന്തം കാണിച്ചാല്‍ അതു്‌ ദൈവത്തോടുള്ള അവഗണനയായി മാത്രമേ കണക്കാക്കാന്‍ പറ്റൂ. ഏറ്റവും ചുരുങ്ങിയപക്ഷം സാഹിത്യം എന്ന വിഭാഗത്തിലെങ്കിലും ദൈവത്തിന്റെ ഗ്രന്ഥങ്ങള്‍ക്കു്‌ അടുത്ത പ്രാവശ്യം മുതല്‍ സമ്മാനം നല്‍കിത്തുടങ്ങുന്നതാണു്‌ നോബെല്‍ കമ്മിറ്റിക്കു്‌ നല്ലതു്‌. വെറുതെ പരമകാരുണികനായ ദൈവത്തെ ദ്വേഷ്യം പിടിപ്പിക്കരുതു്‌. ആല്‍ഫ്രെഡ് നോബെല്‍ ഡൈനമൈറ്റേ കണ്ടുപിടിച്ചുള്ളു, ഡൈനമൈറ്റുണ്ടാക്കാനുള്ള റോ മറ്റീരിയല്‍സ് അവനു്‌ ഉണ്ടാക്കിക്കൊടുത്തതു്‌ ദൈവമാണെന്നു്‌ മറക്കണ്ട.

Jun 14, 2012, 2:23 PM

ഇന്നലെ പെയ്ത മഴക്കു്‌ ഇന്നുകുരുത്ത കുറെ പൊട്ട ഫോണുകളുടെ പേരില്‍ ആളുകള്‍ വെറുതെ തമ്മില്‍ത്തല്ലി ചാവുന്നതെന്തിനെന്നു്‌ എനിക്കു്‌ മനസ്സിലാകുന്നില്ല. അവരോടു്‌ എനിക്കിതേ പറയാനുള്ളു: നിങ്ങള്‍ മടിച്ചുനില്‍ക്കാതെ ഈ “motorola starTAC” ‘ആന്റിക്കുട്ടി’ വാങ്ങിയാല്‍ മലയാളം എഴുതുക, വായിക്കുക മുതലായ യാതൊരു പ്രശ്നവും നിങ്ങളെ ബാധിക്കുന്നതല്ല. വലിച്ചു്‌ ഊരാവുന്നതും, വന്നിടത്തേക്കുതന്നെ തിരിച്ചു്‌ കയറ്റാവുന്നതുമായ ആന്റെന ഇന്റഗ്രേറ്റഡ്! വാങ്ങൂ, അങ്ങനെ നിങ്ങളുടെ ജീവിതം സ്ട്രെസ് ഫ്രീയാക്കൂ, അനായാസം ആസ്വദിക്കൂ. ഈ സുവര്‍ണ്ണാവസരം ഒരിക്കല്‍ മാത്രം! അവസരം ആരെയും കാത്തുനില്‍ക്കുന്നില്ല. വരിന്‍, വരിന്‍, മടിച്ചുനില്‍ക്കാതെ കടന്നുവരിന്‍! A rare, exclusive, original and unbeatable antiquity! 🙂 മൊബൈല്‍ ഫോണ്‍ തലമുറയിലെ എന്റെ ആദ്യപ്രണയം: http://en.wikipedia.org/wiki/Motorola_StarTAC

Jun 14, 2012, 2:53 PM

ആശയറ്റ, അങ്ങേയറ്റം ആതുരമായ ഒരവസ്ഥയിലാണു്‌ കേരളം ഇന്നു്‌ എന്നു്‌ പറയേണ്ടിവരുന്നതില്‍ ദുഃഖമുണ്ടു്‌.

Jun 15, 2012, 10:57 AM

Social Democratic Party of Iran. (S. D. P. I.)

 • Founder and 1st Supreme Leader: Grand Ayatollah Ruhollah Khomeini

ഇങ്ങനെ ആയിരിക്കണം “വൈരുദ്ധ്യമില്ലാത്ത” പ്രസ്താവനകള്‍!

Jun 15, 2012, 11:30 AM

Social democracy – From Wikipedia

Social democracy is a political ideology that considers itself to be a form of reformist democratic socialism. Social democracy argues that all citizens should be legally entitled to certain social rights. These are made up of universal access to public services such as: education, health care, workers’ compensation, and other services including child care and care for the elderly. Social democracy is connected with the trade union labour movement and supports collective bargaining rights for workers. Contemporary social democracy advocates freedom from discrimination based on differences of: ability/disability, age, social class, ethnicity, gender, language, race, religion, and sexual orientation. Most social democratic parties are affiliated with the Socialist International.

Jun 15, 2012, 1:05 PM

ഈജിപ്റ്റ് – ജനാധിപത്യം ഏതു്‌ രൂപത്തിലെല്ലാം വരുമെന്നു്‌ ദൈവത്തിനേ അറിയൂ! അല്ലാഹു അക്ബര്‍!

Jun 15, 2012, 1:20 PM

(ചപ്പല്‍സ് പോലും ലക്ഷുറി ആയിരുന്ന) ചെറുപ്പത്തില്‍ കല്ലുകളില്‍ തട്ടി കാലിലെ തൊലി പോയതിന്റെ പത്തിലൊന്നു്‌ പ്രാവശ്യം വല്ല പന്തിലും തട്ടാന്‍ തോന്നിയിരുന്നെങ്കില്‍ എത്രയോ വര്‍ഷം മുന്‍പു്‌ എനിക്കും (ചിലപ്പോള്‍!) ഒരു മാറിയോ ഗോമെസ് ആവാന്‍ കഴിയുമായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍! ജീവിതം ഒരുവനോടു്‌ വളരെ ക്രൂരമാണു്‌! 🙂

Jun 15, 2012, 2:34 PM

ഈ കഴിഞ്ഞ ദിവസം ഒരു ന്യൂറോളജിസ്റ്റില്‍ നിന്നും കേട്ടതു്‌: “ഒരു സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറുകള്‍ നിങ്ങളുടെ കയ്യില്‍ തന്നാല്‍ അവ തമ്മില്‍ തിരിച്ചറിയാന്‍ പോലും നിങ്ങള്‍ക്കു്‌ കഴിയില്ല, പിന്നെ അവര്‍ വിശ്വാസികളായിരുന്നോ അല്ലയോ എന്നു്‌ തിരിച്ചറിയാന്‍ കഴിയുന്നതിനെപ്പറ്റി എന്തു്‌ പറയാന്‍?”

പര്‍ദ്ദയായാലും, സാരി ആയാലും, ചൂരിദാര്‍ ആയാലും, അവയോടു്‌ ഇമ്മീഡിയറ്റ് ബന്ധം പുലര്‍ത്തുന്ന ശാരീരികതലങ്ങളില്‍ നിന്നും ഒരുപാടു്‌ താഴേക്കിറങ്ങി ഗഹനമായ പരിശോധനകള്‍ നടത്താതിരിക്കുന്നതാണു്‌ നല്ലതെന്നു്‌ അതിനുള്ള അവസരം ലഭിച്ചപ്പോഴൊക്കെ എനിക്കും തോന്നിയിരുന്നു. നന്ദി സുഹൃത്തേ, അതിനു്‌ ശാസ്ത്രീയമായ ഒരു അടിത്തറ ഉണ്ടാക്കിത്തന്നതിനു്‌ വളരെ നന്ദി! നശ്വരനായ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വളരെ അജ്ഞനാണു്‌. 🙂

Jun 15, 2012, 2:57 PM

മോഹന്‍ലാല്‍ സൂക്ഷിച്ചിരുന്ന കൊമ്പുകള്‍ ആനയുടേതുതന്നെ ആയിരുന്നോ എന്നതിനെ സംബന്ധിച്ചു്‌ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തി ഒരു തീരുമാനത്തില്‍ എത്തുന്നതായിരിക്കും ഉചിതം എന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌. കൊമ്പുകള്‍ ആനയുടേതു്‌ മാത്രമേ ആകാവൂ എന്നു്‌ പിടിവാശി പിടിക്കുന്നതു്‌ പരമ്പരാഗതജനാധിപത്യത്തില്‍ ഒരിക്കലും ഒരു കീഴ്വഴക്കമായിരുന്നിട്ടില്ല. അവസാനം മോഹന്‍ലാലിന്റെ കൊമ്പുകള്‍ ആടുകളുടേതോ, പോത്തുകളുടേതോ മറ്റോ ആയിരുന്നു എന്നെങ്ങാനുമാണു്‌ ബന്ധപ്പെട്ട മന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ വഴി പുറത്തുവരുന്നതെങ്കില്‍ എത്രമാത്രം കുത്തുകള്‍ കൊണ്ടായിരിക്കും നമ്മുടെ മനസ്സാക്ഷി നമ്മെ കുത്തിനോവിക്കുക എന്നു്‌ നമുക്കു്‌ ഇപ്പൊഴേ പ്രവചിക്കാനാവില്ലല്ലോ.

Jun 16, 2012, 10:09 AM

ജനാധിപത്യം എന്നാല്‍ എന്തെന്നതിനെപ്പറ്റി ചില തെറ്റായ ധാരണകള്‍ ഇന്നും നിലവിലുണ്ടെന്നതു്‌ ഫീകരമായ ഹൃദയവേദന ഉണ്ടാക്കുന്ന ഒരു ദുഃഖസത്യമാണു്‌. അതുകൊണ്ടു്‌ ജനാധിപത്യത്തെ സംബന്ധിച്ച ഈ വാറോല ഇവിടെ പതിക്കുന്നു. ഭൂമിയില്‍ ജനങ്ങള്‍ ഉണ്ടാവുന്നതിനും വളരെ മുന്നേ ജനാധിപത്യം നിലവിലുണ്ടു്‌. ആദിയില്‍ അതു്‌ “ജിന്നാധിപത്യം” എന്ന പേരിലാണു്‌ അറിയപ്പെട്ടിരുന്നതു്‌. ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചപ്പോള്‍ അതു്‌, “ശ്രീമാന്‍ ആധിപത്യം” എന്ന അര്‍ത്ഥത്തില്‍, “ജനാബ് ആധിപത്യം” എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ജിന്നാധിപത്യം എന്നൊന്നു്‌ ലോകത്തില്‍ ഉണ്ടെന്നു്‌ ആദ്യമായി തിരിച്ചറിഞ്ഞതും, ജിന്നില്‍ നിന്നും അതിന്റെ ചുമതല ജനങ്ങള്‍ ഏറ്റെടുത്തതും അറേബ്യയില്‍ വച്ചായിരുന്നല്ലോ. പിൽക്കാലത്തു് “ജനാബ്” എന്ന പ്രയോഗം എല്ലാ ആളുകളും ഉപയോഗിക്കാന്‍ തുടങ്ങുകയും അതു്‌ പൊതുവേ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇംഗ്ലണ്ടില്‍ വച്ചായിരുന്നെങ്കില്‍ “മിസ്റ്റര്‍ ആധിപത്യം” എന്നായിരുന്നേനെ അറിയപ്പെടുന്നതു്‌. അത്രേയുള്ളു കാര്യം.

ചുരുക്കത്തില്‍, ജനാധിപത്യം സത്യത്തില്‍ ജനാബാധിപത്യമാണു്‌. ആ അര്‍ത്ഥത്തില്‍, അതായതു്‌, ഏതു്‌ തരം ജനാബുകളുടേയും ആധിപത്യത്തെ ജനാബ് ആധിപത്യം എന്നു്‌ വിളിക്കാമെന്നതിനാല്‍, സ്വേച്ഛാധിപത്യം, സര്‍വ്വാധിപത്യം, മതാധിപത്യം, കുടുംബാധിപത്യം, മാഫിയാധിപത്യം ഇവയെല്ലാം ജനാബാധിപത്യങ്ങളാണു്‌. ജനാബാധിപത്യം ചുരുങ്ങിച്ചുരുങ്ങി ജനാധിപത്യം ആവുകയായിരുന്നു.

(മിസ്റ്റർ ആധിപത്യം ആയിരുന്നെങ്കിൽ അതു് ചുരുങ്ങി “മിസ്റ്റാധിപത്യം” ആയി മാറാനേ സാദ്ധ്യതയുണ്ടായിരുന്നുള്ളു. Mist എന്ന വാക്കിനു് ഇൻഗ്ലീഷിൽ മൂടൽ മഞ്ഞു്, കാഴ്ച മങ്ങൽ, ജർമ്മൻ ഭാഷയിൽ ചാണകം, ബുൾഷിറ്റ് എന്നെല്ലാമാണു് അർത്ഥമെന്നു് ആലോചിക്കുമ്പോൾ, അർത്ഥപരമായ ചേർച്ചക്കുറവിന്റെ പ്രശ്നവും ഉദിക്കുമായിരുന്നില്ല.)

(മിക്കവാറും) എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും കാര്യത്തില്‍ എന്നപോലെതന്നെ, ഭാഷയുടെ കാര്യത്തിലും തേയ്മാനം മൂലം വാക്കുകള്‍ക്കു്‌ വികാസത്തേക്കാള്‍ കൂടുതലായി സങ്കോചമാണു്‌ സംഭവിക്കാറുള്ളതു്‌. ഈ പ്രകൃതിനിയമം പാലിക്കാത്തതുകൊണ്ടാവണം, തേയ്മാനം സംഭവിക്കാത്തവയോ, വികാസം സംഭവിക്കുന്നവയോ ആയ ചില നിത്യോപയോഗവസ്തുക്കളെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍ പൊതുവേ “അണ്‍പാര്‍ലമെന്ററി” ആയി പരിഗണിക്കപ്പെടുന്നതു്‌.

Jun 17, 2012, 10:21 AM

ഇടയ്ക്കിടെ ആഗ്രിഗേറ്ററില്‍ പരതുമ്പോള്‍ astrology എന്നു്‌ കാണാറുണ്ടെങ്കിലും “ഉച്ചസ്വക്ഷേത്രരാശിയുടെ ആള്‍ജിബ്ര”, “കുജാദിപാപഗ്രഹങ്ങളുടെ ട്രിഗൊണോമെട്രി” എന്നൊക്കെ കാണുമ്പോള്‍ തന്നെ തല കറങ്ങാറുണ്ടെന്നതിനാല്‍ സാധാരണ ഞാന്‍ അങ്ങോട്ടു്‌ പോകാറില്ല. അതുകൊണ്ടു്‌ അന്യഭാഷാജ്ഞാനത്തില്‍ ഞാന്‍ വളരെ മോശമാണെന്നു്‌ കരുതണ്ട കേട്ടോ. അടപ്രഥമന്‍, അവുലോസ് ദ്വിതീയന്‍, അക്ഷമ തൃതീയ മുതലായ ആഹാരപദാര്‍ത്ഥങ്ങളെപ്പറ്റിയൊക്കെ ഞാനും കേട്ടിട്ടുണ്ടു്‌. അവയൊന്നും കഴിക്കാനുള്ള ഭാഗ്യം ഇതുവരെ സിദ്ധിച്ചിട്ടില്ലെന്നേയുള്ളു. ഇന്നിത്തിരി ജ്യോതിഷം പഠിക്കാന്‍ വിധിയുണ്ടായിരുന്നതുകൊണ്ടാവും ജ്യോതിഷം ബ്ലോഗില്‍ ക്ലിക്കാന്‍ എനിക്കു്‌ തോന്നിയതു്‌. അതു്‌ നന്നായി. അല്ലെങ്കില്‍ ഭാവാധിപന്മാര്‍ക്കു്‌ നോക്കാനും ചേരാനും പാടില്ലാത്തവര്‍ ആരൊക്കെയാണെന്നു്‌ അറിയാതെ പോയേനെ. ശ്ലോകവും ശ്ലോകസാരവും വായിച്ചശേഷം മാത്രമേ ശ്ലോകാതിസാരം വായിക്കാവൂ. ആദ്യമേ അതിസാരം പിടിച്ചാല്‍ ശ്ലോകവും സാരവും ഒപ്പം ദൈവാനുഗ്രഹവും അതിനോടൊപ്പം ഒഴുകിപ്പോകാനുള്ള സാദ്ധ്യതയുണ്ടു്‌.

തലേക്കെട്ടു്‌: ആറ്, എട്ട് , പന്ത്രണ്ട് എന്നീ ഭാവങ്ങളും ഭാവാധിപന്മാരും

ശ്ലോകം: ഷഷ്ഠംദ്വാദശമഷ്ടമഞ്ച മുനയോ ഭാവാനനിഷ്ടാല്‍ വിദു –
സ്തന്നാഥാന്വിതവീക്ഷിതാ യദദിപാ യേ വാച ഭാവാഃസ്വയം
തത്രസ്ഥാശ്ച യതീശ്വരാസ്ത്രയ ഇമേ നോ സന്തി ഭാവാ നൃണാം
ജാതാ വാ വിഫലാ വിനഷ്ടവികലാസ്തത്രാതികഷ്ടോƒഷ്ടമഃ.

സാരം :

ആറ്, എട്ട് , പന്ത്രണ്ട് ഈ ഭാവങ്ങള്‍ അനിഷ്ടഭാവങ്ങളാണെന്ന് ഋഷികള്‍ കല്പിക്കുന്നു. അഷ്ടമഭാവം ഇവയില്‍ ഏറ്റവും അനിഷ്ടപ്രദമാകുന്നു. ഈ അനിഷ്ടഭാവങ്ങളുടെ അധിപന്മാര്‍ ഏതൊരു ഭാവത്തിന്റെ അധിപനെ നോക്കുകയോ ചേരുകയോ ചെയ്യുന്നു ആ ഭാവം ഉണ്ടാകുന്നില്ല. അതായത് അഷ്ടമാധിപന്‍ അഞ്ചാംഭാവാധിപനെ നോക്കുകയോ അഞ്ചാംഭാവാധിപനോട് ചേരുകയോ ചെയ്‌താല്‍ പുത്രലാഭം സിദ്ധിക്കയില്ല. അതുപോലെ ആ അനിഷ്ട സ്ഥാനാധിപന്മാര്‍ ഏതൊരു ഭാവത്തിലേയ്ക്ക് ദൃഷ്ടിയോഗങ്ങളെക്കൊണ്ട് സംബന്ധിക്കുന്നുവോ ആ ഭാവവും സംഭവിക്കയില്ല. അതായത് അഷ്ടമാധിപന്‍ അഞ്ചാം ഭാവത്തില്‍ നോക്കുകയോ നില്‍ക്കുകയോ ചെയ്‌താല്‍ പുത്രസമ്പത്ത് ഉണ്ടാവുകയില്ല. ഏതൊരു ഭാവത്തിന്റെ അധിപന്‍ ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ പോയി നില്‍ക്കുന്നു. ആ ഭാവവും സംഭവിക്കുകയില്ല. അതായത് അഞ്ചാം ഭാവാധിപന്‍ അഷ്ടമത്തില്‍ പോയി നിന്നാലും പുത്രസമ്പത്ത് ഉണ്ടാകുന്നതല്ല. അഥവാ അനിഷ്ടഫലദാതാക്കന്മാരായ ഈ ഗ്രഹങ്ങള്‍ക്ക്‌ ദോഷാധിക്യം കുറവാണെങ്കില്‍ ഭാവഫലം ഉണ്ടായി എന്നു വരാം. അങ്ങിനെ ഉണ്ടായാല്‍ തന്നെയും പ്രയോജനമില്ലാതാകുകയോ നശിക്കുകയോ പരിപൂര്‍ണ്ണതയില്ലാതാകുകയോ ചെയ്യും.

അതിസാരം:

“അഷ്ടമാധിപന്‍ അഞ്ചാംഭാവാധിപനെ നോക്കുകയോ അഞ്ചാംഭാവാധിപനോട് ചേരുകയോ ചെയ്‌താല്‍ പുത്രലാഭം സിദ്ധിക്കയില്ല.”

അഞ്ചാം ഭാവാധിപനെ നോക്കുകയോ, അവനോടു്‌ ചേരുകയോ ചെയ്യുന്ന അഷ്ടമാധിപന്‍ സ്വവര്‍ഗ്ഗരതിയില്‍ താത്പര്യമുള്ളവനായിരിക്കുമല്ലോ. അഞ്ചാം ഭാവാധിപനും സ്വവര്‍ഗ്ഗരതിയില്‍ താത്പര്യമുള്ളവനാണെങ്കില്‍ ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ടുപേര്‍ക്കും ഇത്തിരി രസമൊക്കെ ഉണ്ടാവാമെന്നു്‌ കേട്ടിട്ടുണ്ടെങ്കിലും, നശ്വരമനുഷ്യര്‍ക്കിടയില്‍ മക്കളുണ്ടായതായി ഇതുവരെ കേട്ടിട്ടില്ല. പുത്രലാഭം സിദ്ധിക്കണമെങ്കില്‍ അഷ്ടമാധിപനു്‌ ചെയ്യാന്‍ കഴിയുന്നതു്‌ തന്റെ പരിശ്രമഫലത്തെ പത്തുമാസം വയറ്റില്‍ വഹിക്കാനും, പ്രസവിച്ചു്‌ വളര്‍ത്താനും ആഗ്രഹവും ആരോഗ്യവുമുള്ള ഏതെങ്കിലും സ്ത്രീയെ ഒളികണ്ണിട്ടു്‌ നോക്കുകയും അവളോടു്‌ ചേരുകയും ചെയ്യുന്നതായിരിക്കും.

അതുപോലെതന്നെയാണു്‌ “അനിഷ്ട സ്ഥാനാധിപന്മാര്‍ ഏതൊരു ഭാവത്തിലേയ്ക്ക് ദൃഷ്ടിയോഗങ്ങളെക്കൊണ്ട് സംബന്ധിക്കുന്നുവോ ആ ഭാവവും” സംഭവിക്കാതിരിക്കുന്നതു്‌. ചില അനിഷ്ട സ്ഥാനാധിപന്മാരുടെ ലിംഗം ഛേദിക്കപ്പെട്ട കഥകള്‍ സില്‍മ പോലുമായിട്ടുണ്ടു്‌. സൂക്ഷിക്കുക എന്നേ അനിഷ്ട സ്ഥാനാധിപന്മാരോടു്‌ എനിക്കു്‌ പറയാനുള്ളു. വേണ്ടാത്ത ഭാവങ്ങളില്‍ ദൃഷ്ടിയോഗവും ലിംഗഭാവവുമായി സംബന്ധത്തിനു്‌ ചെന്നു്‌ ഏടാകൂടങ്ങളില്‍ പെടാതിരിക്കുന്നതാണു്‌ നല്ലതു്‌.

ഈ അഷ്ടമാധിപന്‍ ആളത്ര ശരിയല്ല. അഞ്ചാംഭാവാധിപനിലേക്കു്‌ അയാളിങ്ങനെ സ്ഥിരമായി കണ്ണുപായിച്ചുകൊണ്ടിക്കുന്നതു്‌ ഒരു നല്ല ലക്ഷണമായി എനിക്കു്‌ തോന്നുന്നില്ല. പുത്രസമ്പത്തിനു്‌ വേണ്ടിയാണു്‌ താനതു്‌ ചെയ്യുന്നതെന്നാണു്‌ ഒരുപക്ഷേ അയാളുടെ വാദമെങ്കില്‍, ആ വാദം ചുരുങ്ങിയ പക്ഷം ഭാരതത്തിനു്‌ വെളിയിലുള്ള കോടതികളിലെങ്കിലും വിലപ്പോവുന്നതല്ല. “ഒരധിപനു്‌ മറ്റൊരധിപനില്‍ മക്കളുണ്ടാവുകയോ?” എന്നായിരിക്കും അവിടങ്ങളിലെ ജഡ്ജിമാര്‍ അത്ഭുതം കൂറിക്കൊണ്ടു്‌ അവനോടു്‌ ചോദിക്കുക. അതേസമയം, പുത്രസമ്പത്തിനു്‌ വേണ്ടി താന്‍ ഏതെങ്കിലും സ്വാമി വിജാഗിരിയെ സമീപിച്ചിരുന്നു എന്നു്‌ ഒരു വെള്ളക്കടലാസില്‍ എഴുതി ഒപ്പിട്ടു്‌ കൊടുത്താല്‍ അതു്‌ ഒരധിപനു്‌ മറ്റൊരധിപനില്‍ മക്കളുണ്ടാവാമെന്നതിന്റെ തെളിവായി അംഗീകരിക്കപ്പെടണമെന്നു്‌ ഭാരതത്തിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ അനുശാസിക്കുന്നുണ്ടു്‌. ഈ നിയമം ആര്‍ഷഭാരതസംസ്കാരത്തില്‍ അധിഷ്ഠിതമാണു്‌. ഭാരതത്തില്‍ ദേവന്മാരുടെ പോക്കുവരവുകള്‍ ഉണ്ടായിരുന്ന കാലത്തു്‌ ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ ഗര്‍ഭം ധരിപ്പിച്ചിട്ടുള്ളതായി വിശ്വസനീയമായ രേഖകള്‍ ഓലക്കെട്ടുകളായി നിലവിലുണ്ടു്‌. പുരാതന ഭാരതത്തിലെ ആറ്റോമിക് വെപ്പണ്‍സ്, ഏയ്റൊനോടിക്സ് മുതലായവയെ സംബന്ധിച്ചും ആധികാരികമായ ഓലക്കെട്ടുകള്‍ നിലവിലുണ്ടു്‌.

മറ്റു്‌ ഭാവാധിപന്മാര്‍ ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളിലെ ഭാവാധിപന്മാരുടെ അടുത്തു്‌ പോയി നില്‍ക്കാതെ അവിടെയുള്ള ഭാവാധിപകളുടെ അടുത്തു്‌ എന്തുകൊണ്ടു്‌ പോയി നില്‍ക്കുന്നില്ല എന്നും എനിക്കു്‌ മനസ്സിലാകുന്നില്ല. യോനിപ്പൊരുത്തമുള്ള ഭാവാധിപകള്‍ ഭാരതത്തില്‍ ആകെമൊത്തം അന്യം നിന്നു്‌ പോയിട്ടൊന്നുമില്ലല്ലോ, ഉവ്വോ? പുത്രലാഭം സിദ്ധിക്കലാണു്‌ അവരുടെ ലക്ഷ്യമെങ്കില്‍ അതാണല്ലോ അവര്‍ ചെയ്യേണ്ടതും (ഈ ഭാഷാപ്രയോഗത്തിനു്‌ ഖുര്‍ആനോടു്‌ കടപ്പാടു്‌).

“അഞ്ചാം ഭാവാധിപന്‍ അഷ്ടമത്തില്‍ പോയി നിന്നാലും പുത്രസമ്പത്ത് ഉണ്ടാകുന്നതല്ല. അഥവാ അനിഷ്ടഫലദാതാക്കന്മാരായ ഈ ഗ്രഹങ്ങള്‍ക്ക്‌ ദോഷാധിക്യം കുറവാണെങ്കില്‍ ഭാവഫലം ഉണ്ടായി എന്നു വരാം.”

ഇതു്‌ പുരുഷലോകം നേരിടുന്ന ഒരു സ്ഥിരം പ്രശ്നമാണു്‌. ഏതെങ്കിലും അഷ്ടമത്തില്‍ പോയി വായും പൊളിച്ചു്‌ നിന്നിട്ടു്‌ ദോഷാധിക്യം കുറവായ അനിഷ്ടഫലദാതാക്കന്മാരില്‍ നിന്നും ഭാവഫലം ഉണ്ടായി എന്നു്‌ മോങ്ങിക്കൊണ്ടു്‌ നടക്കേണ്ടിവരുന്ന ഗതികേടു്‌! “കെട്ടിയവനു്‌ വേണ്ടെങ്കില്‍ കിട്ടിയവന്റെ കൂടെ” എന്നതാണു്‌ നാട്ടുനടപ്പു്‌. അഞ്ചാം ഭാവാധിപനെ വാസെക്ടമി ചെയ്താലും മറ്റു്‌ ഭാവാധിപന്മാര്‍ക്കു്‌ പുത്രലാഭം ഉണ്ടായിക്കൂടെന്നില്ല എന്നു്‌ എത്ര പറഞ്ഞാലും ഈ കോന്തന്മാര്‍ക്കു്‌ പിടി കിട്ടുകയില്ല. ഇവര്‍ക്കുവേണ്ടി നാട്ടിലെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പുരുഷന്മാരെയും വാസെക്ടമി ചെയ്യുക എന്ന പദ്ധതി അത്ര എളുപ്പമല്ലെന്നു്‌ മാത്രമല്ല, യുദ്ധകാലാടിസ്ഥാനത്തിലോ, പഞ്ചവത്സരപദ്ധതിയായോ അതുപോലൊരു സംരംഭം നടപ്പിലാക്കാമെന്നു്‌ കരുതിയാലും അതിനു്‌ നിയമസാധുത്വം ലഭിക്കാന്‍ വളരെ പ്രയാസവുമായിരിക്കും. ഇനി കോണ്‍സ്റ്റിറ്റ്യൂഷന്‍ അതു്‌ അനുവദിച്ചാലും അത്രയും പേര്‍ക്കു്‌ പ്ലാസ്റ്റിക് ബക്കറ്റുകള്‍ വാങ്ങിക്കൊടുക്കാന്‍ നല്ലൊരു തുക ചിലവാക്കേണ്ടിവരും. ബക്കറ്റ് കിട്ടാതെ വാസെക്ടമിക്കു്‌ കേരളത്തിലെ പുരുഷന്മാര്‍ എന്തായാലും തയ്യാറാവുമെന്നു്‌ കരുതുക വയ്യ. നോക്കിയാല്‍ കൂലി വാങ്ങുന്നവരാണു്‌ അവിടത്തെ പുരുഷവര്‍ഗ്ഗം. പ്രോലെറ്റേറിയറ്റുകള്‍ക്കിടയിലായാലും, ജന്മി-, മുതലാളി-, പൗരോഹിത്യ-, ബൂര്‍ഷ്വാമേധാവികള്‍ക്കിടയിലായാലും നടപ്പിലാക്കാവുന്ന കാര്യങ്ങള്‍ക്കു്‌ സാമ്പത്തികത്തില്‍ അധിഷ്ഠിതമായ, ചരിത്രപരമായ ഒരു മാനവും പരിധിയുമുണ്ടെന്നു്‌ മാര്‍ക്സും പറഞ്ഞിട്ടുണ്ടല്ലോ.

“അങ്ങിനെ ഉണ്ടായാല്‍ തന്നെയും പ്രയോജനമില്ലാതാകുകയോ നശിക്കുകയോ പരിപൂര്‍ണ്ണതയില്ലാതാകുകയോ ചെയ്യും.”

“നിന്റെ ഒറ്റ സന്തതിയും ഒരുകാലത്തും ഗുണം പിടിക്കില്ല” എന്നപോലുള്ള ഇത്തരം ശാപവചനങ്ങള്‍ ആശ്വാസദായകമാണു്‌. ദുഷ്ടന്റെ ചതിക്കു്‌ വിധേയരായ എല്ലാ പൊട്ടന്മാരും ഇതുപോലുള്ള ശാപവചനങ്ങള്‍ ഉരുവിട്ടാണു്‌ ദ്വേഷ്യം തീര്‍ക്കാറുള്ളതു്‌. ഈ മാര്‍ഗ്ഗം വഴി ദൈവവിശ്വാസികള്‍ക്കും വളരെ നല്ല ഫലങ്ങള്‍ ലഭിച്ചിട്ടുണ്ടു്‌. വിശ്വാസികള്‍ പക്ഷേ ജനിമൃതിസംബന്ധമായ എല്ലാ കാര്യങ്ങളും ദൈവത്തില്‍ ഭരമേല്പിക്കാറാണു്‌ പതിവെന്നതിനാല്‍ ശത്രുക്കളെ നശിപ്പിക്കാനുള്ള ചുമതലയും ദൈവം ഏറ്റെടുത്തുകൊള്ളും. നീതിമാനായ ദൈവം പ്രതിഫലം വാങ്ങുന്നതു്‌ മിതവും ഓള്‍ ഇങ്ക്ലൂസീവും ആയ നിരക്കിലായതിനാല്‍ ശത്രുസംഹാരത്തിനു്‌ പ്രത്യേകം നികുതി അടയ്ക്കേണ്ടതുമില്ല. വില തുച്ഛം, ഗുണം മെച്ചം.

astrology ബ്ലോഗ് വായിച്ചു്‌ തലപെരുത്തു്‌ വല്ല കടുംകൈയും ചെയ്യണമെന്നു്‌ തോന്നുന്നവര്‍ക്കു്‌ മനസംയമനം ലഭിക്കാനുള്ള ജപം: “ഡിങ്കം ശരണം, ഡിങ്കം ശരണം, ഡിങ്കം ശരണം തുച്ഛാമി”

Jun 17, 2012, 3:45 PM

ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിലെ ലൂക്കാസ് പൊഡോള്‍സ്കിയുടെ ചില അഭിപ്രായശകലങ്ങള്‍: കാലുകള്‍ കൊണ്ടു്‌ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പൊഡോള്‍സ്കി കൊമ്പുള്ള കുതിരയെപ്പോലെ ആയിരുന്നേനെ. 🙂

 1. “ഫുട്ബോളിന്റെ കാര്യം അങ്ങനെയാണു്‌: ചിലപ്പോള്‍ കൂടുതല്‍ നല്ലവര്‍ ജയിക്കും.”
 2. മകന്റെ ജനനസമയത്തു്‌ അടുത്തുണ്ടായിരുന്നോ എന്ന ചോദ്യത്തിന്റെ മറുപടി: “പൊക്കിള്‍ക്കൊടി മുറിച്ചു, ഫോട്ടോ എടുത്തു, വീട്ടുകാരെ വിളിച്ചു, നൊലോളിച്ചു.”
 3. പത്രപ്രതിനിധികളോടു്‌: “ഞാന്‍ നിങ്ങള്‍ക്കു്‌ കുറിയ മറുപടികള്‍ തരാം. അപ്പോള്‍ നിങ്ങള്‍ക്കു്‌ ഒരുപാടു്‌ എഴുതണ്ടല്ലോ.”
 4. ഡൈ ചെയ്തു്‌ ബ്ലോണ്ട് ആക്കിയ ബാസ്റ്റിയാന്‍ ഷ്വൈന്‍‌സ്റ്റൈഗെറുടെ മുടിയെപ്പറ്റി: “പതിനഞ്ചു്‌ മിനുട്ടെടുത്തു. അതു്‌ കാണാനുമുണ്ടു്‌.”
 5. കോര്‍ട്ടില്‍ മിറോസ്ലാവ് ക്ലോസെയുമായി പോളിഷ് ആണോ സംസാരിക്കുന്നതു്‌ എന്ന ചോദ്യത്തിനു്‌: “പോളിഷും, ജര്‍മ്മനും, കൈകള്‍കൊണ്ടും. പാസ്സ് വരുന്നതും ബോള്‍ ഗോളാവുന്നതുമാണു്‌ പ്രധാനം.”
 6. “ഇപ്പോള്‍ നമ്മള്‍ നമ്മുടെ തലകള്‍ തെറുത്തു്‌ കയറ്റണം, സ്വാഭാവികമായും ഷര്‍ട്ടിന്റെ കൈകളും.”
 7. ഫിന്‍ലാന്റുമായുള്ള ഒരു സമനിലയില്‍ (1-1) നിരാശനാണോ, അതോ താന്‍ അടിച്ച ഗോളില്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തിന്റെ മറുപടി: “വാസ്തവത്തില്‍ രണ്ടും മുന്നിട്ടു്‌ നില്‍ക്കുന്നു.”
 8. “ഡബിള്‍ പാസ്സ്? ഒറ്റയ്ക്കു്‌? അതു്‌ മറന്നേക്കൂ!”
 9. “പകിടയില്ലാത്ത ചതുരംഗം പോലെയാണു്‌ ഫുട്ബോള്‍.”
 10. “ഫുട്ബോള്‍ കളി വളരെ എളുപ്പമാണു്‌: ആ സാധനം അകത്തേക്കിടുക, വീട്ടില്‍ പോവുക.”

Jun 20, 2012, 1:17 PM

ദൈവത്തെപ്പറ്റിയും, മതത്തെപ്പറ്റിയും, ആത്യന്തികത അവകാശപ്പെടുന്ന മറ്റു്‌ വിശ്വാസസംഹിതകളെപ്പറ്റിയുമൊക്കെ പറയുമ്പോള്‍ ഒരിക്കലും പുച്ഛരസം പാടില്ല. അതു്‌ വിശ്വാസികള്‍ വിശുദ്ധമെന്നു്‌ കരുതുന്ന അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. വ്രണങ്ങള്‍ വളരെ സന്തോഷത്തോടെ ചെയ്യുന്ന ഒരു പ്രധാന കാര്യം അളിയുക എന്നതായതിനാല്‍ വ്രണപ്പെട്ടുകഴിഞ്ഞാല്‍ ഉടനെതന്നെ വികാരങ്ങളും അളിയാനും പൊട്ടിയൊലിക്കാനും തുടങ്ങും. അതുവഴി വിശ്വാസി കണ്ണിലുണ്ണി പോലെ കാത്തുസൂക്ഷിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ പരിശുദ്ധി അസഹ്യമായ ദുര്‍ഗന്ധവാഹിയായി മാറും. ഈ സത്യം യുക്തിബോധമുള്ള മനുഷ്യരുമായി ഒരിക്കലെങ്കിലും ഇടപെട്ടിട്ടുള്ള എല്ലാ വിശ്വാസികള്‍ക്കുമറിയാം. അതുകൊണ്ടാണു്‌ സ്വന്തം വിശ്വാസങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു്‌ അവര്‍ക്കിഷ്ടമല്ലാത്തതു്‌. എന്നാല്‍, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും നിലപാടുകളെയും പുച്ഛിക്കുന്നതിനോ എതിര്‍ത്തു്‌ നശിപ്പിക്കുന്നതിനോ ഈ വസ്തുത അവര്‍ക്കു്‌ യാതൊരു വിധത്തിലും ഒരു തടസ്സമാവുന്നുമില്ല. പക്ഷേ, ഒരാശയത്തെ മറ്റൊരാശയം കൊണ്ടു്‌ നേരിടണമെങ്കില്‍ രണ്ടിലും സാമാന്യത്തില്‍ അധികമായ പ്രാവീണ്യം ഉണ്ടായിരിക്കണം എന്ന ലളിതസത്യം മൂലം, എതിരാളിയെ വ്യക്തിപരമായോ, പറ്റിയാല്‍ അവന്റെ വീട്ടുകാരെ ആകെമൊത്തമായോ തെറി പറഞ്ഞു്‌ നിശബ്ദനാക്കുക എന്ന എളുപ്പമാര്‍ഗ്ഗമാവും അവര്‍ സ്വീകരിക്കുക. സംഘം ചേര്‍ന്നു്‌ കലപില കൂട്ടുക, ബഹളം വയ്ക്കുക എന്നതില്‍ കവിഞ്ഞുള്ള ശേഷിയൊന്നും അതിനു്‌ ആവശ്യവുമില്ല. കേരളക്കരയിലെ മാദ്ധ്യമലോകത്തില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു്‌ കയറിയിറങ്ങിയാല്‍ ഈ വിഷയത്തിലെ അവസാനത്തെ സംശയവും ദൂരീകരിക്കാനാവും. അതുപോലെതന്നെ, സാദ്ധ്യമാവുന്നിടത്തു്‌ എതിര്‍പക്ഷത്തുള്ള മനുഷ്യരെ കൊലചെയ്തുപോലും സ്വന്തവിശ്വാസം സംരക്ഷിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാന്‍ വിശ്വാസത്തിന്റെ അടിമകള്‍ക്കു്‌ മനസ്സാക്ഷിക്കുത്തോ മടിയോ ഇല്ല എന്നതിന്റെ അനിഷേദ്ധ്യമായ തെളിവുകളാണു്‌ ഭൂതകാല-, വര്‍ത്തമാനകാലലോകചരിത്രത്തിന്റെ സിംഹഭാഗവും നമ്മെ വരച്ചുകാണിക്കുന്നതു്‌.

ബ്ലോഗ് ലോകത്തില്‍ വിശ്വാസപരമായ കാര്യങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കണ്ടാല്‍ ഉടനെ വിശ്വാസികള്‍ അതില്‍ “ഇടപെടും”. ഇടപെടാന്‍ അവര്‍ക്കു്‌ ആകെയുള്ള ആര്‍ഗ്യുമെന്റ്സ് (മുട്ടായുക്തി എന്നു്‌ വായിക്കുക) വിരലിലെണ്ണാവുന്നതേയുള്ളു. അവയുടെയെല്ലാം രത്നച്ചുരുക്കം: “ദൈവത്തിന്റെ കയ്യൊപ്പുള്ള എന്റെ ഗ്രന്ഥത്തെപ്പറ്റിയും, എന്റെ വിശ്വാസത്തിലെ യുക്തിയെപ്പറ്റിയുമൊന്നും നിനക്കൊന്നും ഒരു ചുക്കും അറിയില്ല”. അതുപോലുള്ള ഏതാനും പ്രസ്താവനകളോടൊപ്പം, മറ്റുള്ളവര്‍ക്കു്‌ അവര്‍ നിഷേധിക്കുന്നതായ അതേ പുച്ഛവും അവഹേളനവും വേണ്ടുവോളം കൂട്ടിച്ചേര്‍ത്താല്‍ വിശ്വാസിയുടെ ചര്‍ച്ച ആയി. ഈ ഇടപെടല്‍ കൊണ്ടു്‌ അവര്‍ നേടാനാഗ്രഹിക്കുന്നതു്‌ സത്യം തുറന്നു്‌ പറയാനാഗ്രഹിക്കുന്ന വിമര്‍ശകരെ നിരുത്സാഹപ്പെടുത്തി അവരുടെ ഉദ്യമത്തില്‍ നിന്നും പിന്‍തിരിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണു്‌. അങ്ങനെയേ “തിരുത്തല്‍ ആവശ്യമില്ലാത്ത” തങ്ങളുടെ ആത്യന്തികസത്യങ്ങളല്ലാതെ മറ്റു്‌ സത്യങ്ങളില്ല എന്ന വിഡ്ഢിത്തത്തില്‍ ജനങ്ങളെ പിടിച്ചുനിര്‍ത്താന്‍ ആവുകയുള്ളു. അവര്‍ക്കറിയാത്തതു്‌, “ഞാനൊഴികെ മറ്റു്‌ ദൈവങ്ങളില്ല” എന്നു്‌ അവകാശപ്പെടുന്ന ഒരു ദൈവം ചെയ്യുന്നതു്‌ മറ്റു്‌ ദൈവങ്ങള്‍ ഉണ്ടെന്നു്‌ പരോക്ഷമായി സമ്മതിക്കുക മാത്രമാണെന്ന യാഥാര്‍ത്ഥ്യമാണു്‌. മറ്റു്‌ ദൈവങ്ങള്‍ എന്നൊന്നു്‌ ഇല്ലെങ്കില്‍ മറ്റു്‌ ദൈവങ്ങള്‍ എന്ന ആശയം എവിടെ നിന്നു്‌ വരുന്നു? ആ ആശയത്തിനു്‌ എന്തെങ്കിലുമൊരു അടിസ്ഥാനമുണ്ടാവുന്നതെങ്ങനെ? സ്വന്തം ദൈവത്തെ സകലരുടെയും ദൈവമാക്കാന്‍ ആഗ്രഹിക്കുന്ന ഏതാനും മനുഷ്യര്‍ ഇല്ലാത്ത ഒരു ദൈവത്തിന്റെ വായില്‍ ഈ വാചകം തിരുകുന്നതില്‍ നിന്നുമല്ലാതെ മറ്റെവിടെനിന്നുമാണു്‌ ഈ വിരോധാഭാസം വരുന്നതു്‌?

ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവന്‍ അതിനെ പരിഹസിക്കാതിരിക്കുന്നതു്‌ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. പക്ഷേ, അതില്‍ വിശ്വസിക്കാത്തവരും അതിനെ ബഹുമാനിച്ചുകൊള്ളണം എന്ന തിട്ടൂരത്തില്‍ എന്തു്‌ ന്യായം എന്നെനിക്കറിയില്ല. ബഹുമാനം അര്‍ഹിക്കുന്ന കാര്യങ്ങളാണു്‌ അതിന്റെ ഉള്ളടക്കമെങ്കില്‍, നിര്‍ബന്ധമാണെങ്കില്‍, അംഗീകരിച്ചേക്കാം എന്നു്‌ കരുതാമായിരുന്നു. ബൈബിളില്‍ യഹോവയായ ദൈവം ഒരു കഴുതയിലൂടെ തന്റെ “ശക്തി” തെളിയിക്കുന്ന താഴെക്കൊടുക്കുന്ന ഭാഗം വായിച്ചിട്ടു്‌ അതു്‌ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തിന്റെ വചനമാണു്‌ എന്നു്‌ ഒരുവന്‍ പറഞ്ഞാല്‍ ആ അസാമാന്യബുദ്ധിമാനെ ഇക്കാലത്തു്‌ കഴുതകള്‍ പോലും പരിഹസിക്കുമെന്ന കാര്യത്തില്‍ സംശയം വേണോ?

“യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു്‌ അടിച്ചു. അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു്‌ ബിലെയാമിനോടു്‌: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു്‌ എന്തു്‌ ചെയ്തു എന്നു ചോദിച്ചു. ബിലെയാം കഴുതയോടു്‌: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു്‌ പറഞ്ഞു. കഴുത ബിലെയാമിനോടു്‌: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു്‌? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു്‌ കാണിച്ചിട്ടുണ്ടോ എന്നു്‌ ചോദിച്ചു. ഇല്ല എന്നു്‌ അവൻ പറഞ്ഞു. അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുതുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്‍ക്കുന്നതു്‌ അവൻ കണ്ടു്‌ സാഷ്ടാംഗം വീണു്‌ നമസ്കരിച്ചു.” (സംഖ്യാപുസ്തകം 22: 27 – 31). വായിച്ചാല്‍ പുച്ഛം തോന്നുകയില്ല എന്നു്‌ ഉറപ്പുള്ളവരും അല്ലാത്തവരുമായ ആവശ്യക്കാര്‍ക്കു്‌ ഇരുപത്തി രണ്ടാം അദ്ധ്യായത്തില്‍ ഉത്തരവാദിത്വബോധമുള്ള ഈ കഴുതയെപ്പറ്റിയും, “വാളൂരിപ്പിടിച്ചു കൊണ്ടു നില്‍ക്കുന്ന” ദൈവദൂതനെപ്പറ്റിയും, യഹോവയുടെ ഇത്ര ഗൗരവതരമായ ഒരു ഇടപെടല്‍ ആവശ്യമായിത്തീർന്ന സാഹചര്യത്തെപ്പറ്റിയും വിശദമായി വായിക്കാം.

ആരെങ്കിലും സംസാരിക്കുന്ന കഴുതയില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ അവരുടെ വഴിക്കു്‌ വിടുന്നതല്ലേ നല്ലതു്‌ എന്നും മറ്റും ചിലര്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ ശ്രമിക്കാറുണ്ടു്‌. എന്ന്വച്ചാല്‍, കുറെപ്പേര്‍ തെറ്റായ വഴിയിലൂടെയാണു്‌ പോകുന്നതെങ്കിലും, അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും, അവരുടേതു്‌ തെറ്റായ വഴിയാണെന്നു്‌ അവരെന്നല്ല, മറ്റാരും അറിയാന്‍ ഇടവരരുതെന്നു്‌! മറ്റു്‌ വാക്കുകളില്‍ പറഞ്ഞാല്‍, തെറ്റായ വഴി തിരഞ്ഞെടുത്ത കുറെ വിഡ്ഢികളാല്‍ ആയിരിക്കണം ഈ ലോകത്തിലെ ബാക്കി മനുഷ്യരും നയിക്കപ്പെടേണ്ടതെന്നു്‌! തെറ്റിനെ മനഃപൂര്‍വ്വം ശരി എന്നു്‌ വിളിക്കലല്ലാതെ മറ്റെന്താണതു്‌?

പുച്ഛം തോന്നാനോ പരിഹസിക്കാനോ പാടില്ലാത്ത ഗൗരവതരമായ തമാശകൾ ബൈബിളിലേ ഉള്ളു എന്നു്‌ കരുതണ്ട. അല്ലാഹുവിന്റെ അത്തരം മൊഴിമുത്തുകൾ ഖുര്‍ആനും വേണ്ടുവോളം കാഴ്ചവയ്ക്കുന്നുണ്ടു്‌. മരണപ്പെട്ടവരെ അല്ലാഹു ജീവിപ്പിക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ഖുര്‍ആനിലെ ഒരു വര്‍ണ്ണന:

“എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.” 2:260

ഇതോ ഇതിനും അപ്പുറത്തുള്ളതോ കേട്ടാലും ആരും പുച്ഛിക്കരുതു്‌, പരിഹസിക്കരുതു്‌; ആമീന്‍ ചൊല്ലി അംഗീകരിക്കുക മാത്രം ചെയ്യുക!

സര്‍ക്കാസം സര്‍ക്കാസമാണെന്നു്‌ മനസ്സിലാവണമെങ്കില്‍, പരാമര്‍ശവിധേയമാവുന്ന കാര്യത്തിന്റെ യഥാര്‍ത്ഥമായ അവസ്ഥയെപ്പറ്റി ഒരു മിനിമം അറിവു്‌ ഉണ്ടായാലേ പറ്റൂ. നിരുപദ്രവകരമായ ഒരു തമാശ കേട്ടാല്‍ ചിരിക്കാനോ, ഒരു സാറ്റയര്‍ വായിച്ചാല്‍ ആസ്വദിക്കാനോ കഴിയാത്ത വിധം മനുഷ്യബുദ്ധിയുടെ എവൊല്യൂഷന്റെ ഏതോ ഘട്ടത്തില്‍ കുറെ മനുഷ്യരെ വിശ്വാസികളാക്കി പിടിച്ചുനിര്‍ത്തി മുരടിപ്പിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമായും ഏറ്റെടുക്കേണ്ടവര്‍ ദൈവത്തിന്റേതെന്ന പേരില്‍ കുറെ ചണ്ടികള്‍ എഴുതിയുണ്ടാക്കി അവരെ പാടിപ്പഠിപ്പിച്ച കുറെ മനുഷ്യര്‍ മാത്രമാണു്‌. ഈ കുറ്റകൃത്യത്തിന്റെ ചുമതല ഒരു കാരണവശാലും പ്രകൃതിയുടെ തലയില്‍ വച്ചുകെട്ടാനാവുന്നതല്ല.

Jun 28, 2012, 11:32 AM

ഇന്നു്‌ റൂസ്സോയുടെ (Jean-Jacques Rousseau) മുന്നൂറാം ജന്മദിനം (28. 06. 1712).

“എന്റെ പ്രകൃതി ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ നിന്നും ഭിന്നമായതാണു്‌. മറ്റുള്ളവരേക്കാള്‍ നല്ലവനല്ലെങ്കില്‍ത്തന്നെയും ഞാന്‍ അവരില്‍ നിന്നും വ്യത്യസ്തനാണു്‌.”

“പ്രകൃതിദത്തമായി മനുഷ്യന്‍ നല്ലവനാണു്‌. അവന്‍ ജനിച്ചു്‌ വളരുന്ന സമൂഹമാണു്‌ സൗഹൃദത്തിനുള്ള അവനിലെ ശേഷികളെ കവര്‍ന്നെടുത്തു്‌ അവനെ ഒരു അധാര്‍മ്മികനാക്കുന്നതു്‌.”

റൂസ്സോയുടെ തത്വചിന്തയെപ്പറ്റി വോള്‍ട്ടയറുടെ അഭിപ്രായം: “ധനികരെ ദരിദ്രര്‍ മോഷ്ടിക്കുന്നതു്‌ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ഭിക്ഷക്കാരന്റെ തത്വചിന്ത. അതു്‌ വായിക്കുന്നവര്‍ക്കു്‌ നാലുകാലില്‍ നടക്കാന്‍ ആഗ്രഹം തോന്നും.”

പല സഹയാത്രികരുടെയും സഭയുടെയും പാര്‍ലമെന്റിന്റെയും എതിര്‍പ്പുമൂലം റൂസ്സോയുടെ Emile, Social Contract എന്നീ പ്രശസ്തമായ പുസ്തകങ്ങള്‍ നിരോധിക്കപ്പെടുകയും കത്തിക്കപ്പെടുകയും ചെയ്തു. രണ്ടു്‌ അറസ്റ്റ് വാറണ്ടുകള്‍ മൂലം ആദ്യം സ്വിറ്റ്സര്‍ലണ്ടിലേക്കും പിന്നീടു്‌ ഇംഗ്ലണ്ടിലേക്കും രക്ഷപെടേണ്ടിവന്ന റൂസ്സോ അവസാനം അധികാരികളുടെ മൗനാനുവാദത്തോടെ വീണ്ടും പാരീസിലെത്തി. നിരാശനായ റൂസ്സോ: “ഞാന്‍ മനുഷ്യരോടു്‌ സത്യം പറഞ്ഞു. അവര്‍ അതിനെ അയോഗ്യമായിട്ടാണു്‌ സ്വീകരിച്ചതു്‌. ഇനി ഞാന്‍ ഒന്നും പറയുന്നില്ല.”

ഫ്രഞ്ച് വിപ്ലവത്തിനു്‌ ദശാബ്ദങ്ങള്‍ മുന്‍പേതന്നെ വിപ്ലവകാരിയായിരുന്ന റൂസ്സോ എന്‍സൈക്ലൊപ്പീഡിയക്കാരടക്കമുള്ള മിക്കവാറും എല്ലാ സമകാലികസഹയാത്രികരുമായി തെറ്റിയിരുന്നു. മരണത്തിനു്‌ പതിനാറു്‌ വര്‍ഷങ്ങള്‍ക്കു്‌ ശേഷം വിപ്ലവകാരികളാണു്‌ റൂസ്സോയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കു്‌ പാരീസിലെ പാന്തിയൊണില്‍ സ്ഥാനം നല്‍കിയതു്‌ – ഒരു വിധിവൈപരീത്യം എന്നപോലെ എതിരാളി ആയിരുന്ന വോള്‍ട്ടയറിന്റെ പ്രതിമയ്ക്കെതിരെ!

Jun 28, 2012, 1:11 PM

“ഗോഡ്സ് ഓണ്‍ കണ്ട്രി” എന്നതിനേക്കാള്‍ ഗോഡ്സ് ഓണ്‍ കണ്ട്രീസ്” എന്നായിരുന്നില്ലേ ഒന്നുകൂടി വസ്തുതാപരം?

“ദൈവത്തിന്റെ സ്വന്തം” എന്ന പദവി ഏതെങ്കിലും ഒരു “രാജ്യം” മാത്രമായി കൈവശം വച്ചുകൊണ്ടിരിക്കുന്നതിലെ അനീതിയെപ്പറ്റി ചിന്തിച്ചെന്നേയുള്ളു. ഏതു്‌ കോണില്‍ നിന്നു്‌ നോക്കിയാലും എല്ലാ കണ്ട്രികളെയും ദൈവമെന്നൊരു മനുഷ്യന്‍ പരസഹായമില്ലാതെ സൃഷ്ടിച്ചതാണെന്നിരിക്കെ, ഒരു കണ്ട്രിയെ മാത്രം ദൈവത്തിന്റെ സ്വന്തം എന്നു്‌ വിശേഷിപ്പിക്കുന്നതു്‌ കൊടിയ അന്യായമാണു്‌. 🙂

Jun 28, 2012, 4:26 PM

ഗൂഗിളിന്റെ ടാബ്‌ലറ്റ് നെക്സസ്-7-ല്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനു്‌ ജെല്ലി ബീന്‍ എന്നു്‌ പേരിട്ടതിനും, ജെല്ലി ബീന്‍ മലയാളം യുണിക്കോഡ് റെന്‍ഡര്‍ ചെയ്യുമെന്നു്‌ പ്രചരിപ്പിച്ചതിനും പിന്നില്‍ ഒരു വലിയ ദുരുദ്ദേശമുണ്ടെന്നാണു്‌ എനിക്കു്‌ തോന്നുന്നതു്‌. ചൊറിച്ചുമല്ലല്‍ വിദഗ്ദ്ധരായ മലയാളികള്‍ ജെല്ലി ബീന്റെ റെന്‍ഡറിംഗ് എന്നതു്‌ ബില്ലി ജീന്‍ വല്ല ബെല്ലി ഡാന്‍സിംഗും നടത്തുന്നതാവുമെന്നു്‌ കരുതുമെന്നും, ബില്ലി ജീനുകളുടെ പ്രകടനങ്ങള്‍ പ്രതിരോധിക്കുക എന്നതു്‌ ഒരു മലയാളിക്കു്‌ സാംസ്കാരികവും ചരിത്രപരവുമായ പരിഗണനകളുടെ പേരില്‍ അത്ര എളുപ്പമായ ഒരു കാര്യമല്ലാത്തതിനാല്‍ അവര്‍ ഒന്നടങ്കം നെക്സസ്-7 വാങ്ങിക്കുമെന്നുമായിരിക്കണം ഗൂഗിള്‍ കണക്കുകൂട്ടുന്നതു്‌. അവര്‍ക്കു്‌ ഭീകരമായി തെറ്റിപ്പോയി എന്നേ എനിക്കു്‌ പറയാനുള്ളു.

സംഭവിക്കുന്നതു്‌ ഇതായിരിക്കും: ആരെങ്കിലും അതിലൊന്നു്‌ വാങ്ങിച്ചാല്‍ താമസിയാതെ “ജെല്ലി ബീന്‍” എന്നോ “നെക്‌സസ്-7” എന്നോ ഒരു ഇവെന്റ് മലയാളം ഗൂഗിള്‍ പ്ലസില്‍ പ്രത്യക്ഷപ്പെടും. പിന്നെ നടക്കുന്നതു്‌ കഡാവര്‍ കണ്ട കഴുതപ്പുലികളെപ്പോലെ ആ പോസ്റ്റിന്റെ നേരെ ലച്ചങ്ങളുടെ ഒരൊറ്റ കടന്നാക്രമണമായിരിക്കും. അവസാനം നെക്സസ് ഒരു അസ്ഥികൂടമായി അവശേഷിക്കുന്നതോടെ ഈ വസ്തുവില്‍ ബില്ലി ജീനോ ബെല്ലി ഡാന്‍സോ ഒന്നുമില്ലെന്നു്‌ വ്യക്തമാവും. തത്ഫലമായി ഗൂഗിളിനു്‌ കിട്ടാന്‍ പോകുന്നതു്‌ ഏറിയാല്‍ കുറെ തെറി മാത്രം! ഏതായാലും മലയാളത്തിന് പുറമെ കന്നഡ തെലുങ്ക് ഭാഷകളും റെന്‍ഡര്‍ ചെയ്യപ്പെടുമെന്നു്‌ കേള്‍ക്കുന്നതിനാല്‍ അവരുടെയിടയില്‍ കുറെ നെക്സസ്-7 ചിലവാകാന്‍ സാദ്ധ്യതയുണ്ടു്‌. വക്രബുദ്ധിയില്‍ പിന്നിലാണെങ്കിലും നേര്‍ബുദ്ധിയില്‍ അവര്‍ ഇപ്പോഴും മുന്നിലാണു്‌. ഒരുപക്ഷേ അതുകൊണ്ടാവണം സംഭാഷണങ്ങളില്‍ നിന്നും കച്ചവടസില്‍മയിലെ ഡയലോഗുകള്‍ ഒഴിവാക്കിയാല്‍ സംഭാഷണം തന്നെ ഇല്ലാതായിപ്പോകുന്നതരം പ്രബുദ്ധത കൈവരിക്കാന്‍ അവര്‍ക്കു്‌ ഇതുവരെ കഴിയാതെ പോയതും. 🙂

Jun 29, 2012, 11:17 AM

ഒരു തിരുത്തലോ പുതുക്കലോ സാദ്ധ്യമല്ലാത്തവിധം നിലവിലിരിക്കുന്ന ലോകം വഷളായെന്നും, അതിനാല്‍ ആ ലോകത്തിന്റെ പൂര്‍ണ്ണമായ നശീകരണത്തിലൂടെ ഒരു പുതിയ ലോകത്തിനു്‌ ജന്മം നല്‍കുകയല്ലാതെ മറ്റു്‌ മാര്‍ഗ്ഗമൊന്നുമില്ലെന്നും, അതുവഴി രൂപമെടുക്കുന്ന ലോകം തെറ്റോ കുറ്റമോ ഇല്ലാത്ത, സദ്ഗുണങ്ങള്‍ മാത്രം നിറഞ്ഞ ഒരു ലോകമായിരിക്കുമെന്നുമുള്ള എല്ലാ ചിന്തകളും ലോകത്തെപ്പറ്റിയും, മനുഷ്യവര്‍ഗ്ഗത്തെ നയിക്കുന്ന മൗലികനിയമങ്ങളുടെ സങ്കീര്‍ണ്ണതയപ്പറ്റിയുമുള്ള അജ്ഞതമൂലം മനുഷ്യമനസ്സില്‍ രൂപമെടുത്തവ മാത്രമാണു്‌. ദ്വൈതഭാവം ഒരു പ്രപഞ്ചനിയമമായതിനാല്‍, ഒന്നിനെ നശിപ്പിച്ചു്‌ അതിന്റെ വിപരീതത്തെ നിലനിര്‍ത്താനാവുമെന്നു്‌ പഠിപ്പിക്കുന്ന ഏതു്‌ തത്വശാസ്ത്രവും അടിസ്ഥാനരഹിതവും, അതിനാല്‍ത്തന്നെ പരാജയപ്പെടാന്‍ മുന്‍കൂറായി വിധിക്കപ്പെട്ടതുമായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തില്‍ നിന്നും വിടപറയേണ്ടിവരുന്ന ആശയചാപിള്ളകള്‍!

ഇതു്‌, പാപികളായ മനുഷ്യരെ മുഴുവന്‍ ഒരു മഹാപ്രളയത്തിലൂടെ നശിപ്പിച്ചു്‌ ലോകത്തെ രക്ഷപെടുത്താന്‍ വിഫലശ്രമം നടത്തിയ യഹോവ എന്ന ദൈവത്തിന്റെ മാതൃകയില്‍, തിന്മയെ പൂര്‍ണ്ണമായി നശിപ്പിച്ചു്‌, നന്മ മാത്രം നിലനില്‍ക്കുന്ന ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാനാകുമെന്നു്‌ സ്വപ്നം കാണുന്ന എല്ലാ മനുഷ്യരോടുമായി.

May 2012

May 15, 2012, 3:37 PM

“യുട്ടോപ്പിയന്‍ മരുപ്പച്ചകള്‍ ഉണങ്ങിവരളുമ്പോള്‍ അവശേഷിക്കുന്നതു്‌ ബനാലിറ്റിയുടെയും കണ്‍ഫ്യൂഷന്റെയും വിശാലമായ മരുഭൂമിയായിരിക്കും.” – Juergen Habermas, philosopher.

May 15, 2012, 3:39 PM

“എനിക്കു്‌ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാതിരുന്നതു്‌ ഡോഗ്മാറ്റിസംസ് ആയിരുന്നു.” – Juergen Habermas, philosopher.

May 15, 2012, 3:53 PM

1656-ജൂലൈ 27-നു്‌ Baruch de Spinoza-യെ എക്സ്കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടു്‌ ആംസ്റ്റര്‍ഡാമിലെ പോര്‍ട്ടുഗീസ് യഹൂദരുടെ സിനഗോഗ് പുറപ്പെടുവിച്ച ഉത്തരവില്‍ നിന്നും:

“മാലാഖമാരുടെ തീരുമാനപ്രകാരവും, വിശുദ്ധന്മാരുടെ വിധിപ്രകാരവും, വിശുദ്ധനായ ദൈവത്തിന്റെയും വിശുദ്ധമായ ഈ മുഴുവന്‍ ഇടവകയുടെയും അംഗീകാരത്തോടെയും, യോശുവ യെറിഹോയെ ശപിച്ച ശാപവചനങ്ങള്‍ കൊണ്ടും, എലീശ ബാലന്മാരെ ശപിച്ച ശാപവചനങ്ങള്‍ കൊണ്ടും, നിയമപുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്ന മറ്റെല്ലാ ശാപവചനങ്ങള്‍ കൊണ്ടും ബറൂക്ക് ഡി സ്പിനോസയെ ഇതിനാല്‍ ഞങ്ങള്‍ പ്രാകുന്നു, ശപിക്കുന്നു, ബഹിഷ്കരിക്കുന്നു, സമുദായത്തില്‍ നിന്നും ഭ്രഷ്ടു്‌ കല്പിക്കുന്നു. … പകല്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു, രാത്രിയില്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു; കിടക്കുമ്പോള്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു, എഴുന്നേല്‍ക്കുമ്പോള്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു; പുറത്തേക്കു്‌ പോകുമ്പോള്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു, അകത്തേക്കു്‌ പ്രവേശിക്കുമ്പോള്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു. ദൈവം അവനോടു്‌ ഒരിക്കലും ക്ഷമിക്കാതിരിക്കട്ടെ, ദൈവത്തിന്റെ കോപവും രൗദ്രതയും ഈ മനുഷ്യന്റെ നേരെ ആളിക്കത്തട്ടെ. … അവന്റെ നാമം ആകാശത്തിന്‍ കീഴില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെടട്ടെ, അവന്റെ നിത്യദുരിതത്തിനായി എല്ലാ യിസ്രായേല്‍ വംശങ്ങളില്‍ നിന്നും ദൈവം അവനെ തുടച്ചുനീക്കട്ടെ. … വായ്മൊഴിയായോ, എഴുത്തുകുത്തുകളായോ ആരും അവനുമായി ബന്ധപ്പെടരുതെന്നും, ആരും അവനു്‌ ഒരുവിധ ആനുകൂല്യവും നല്‍കരുതെന്നും, ആരും അവനോടൊത്തു്‌ ഒരു മേല്‍ക്കൂരയുടെ കീഴില്‍ കഴിയരുതെന്നും, ആരും നാലു്‌ മുഴത്തില്‍ കുറഞ്ഞ അകലത്തില്‍ അവനോടു്‌ അടുക്കരുതെന്നും, ആരും അവന്‍ രൂപം നല്‍കിയതോ എഴുതിയതോ ആയ രചനകള്‍ വായിക്കരുതെന്നും ഞങ്ങള്‍ ഉത്തരവിടുന്നു.”

അതീവബുദ്ധിശാലിയായ ഒരു ചെറുപ്പകാരന്‍ അനുസരണയും ദൈവഭയവും ഉള്ളവനായി ഇടവകയ്ക്കു്‌ മാതൃകയാവേണ്ടതിനു്‌ പകരം പഴയനിയമത്തിലെ വൈരുദ്ധ്യങ്ങളും പൊരുത്തമില്ലായ്മകളും ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും തുടങ്ങിയാല്‍ ഭ്രഷ്ടു്‌ കല്പിച്ചു്‌ സഭയ്ക്കു്‌ പുറത്താക്കുകയല്ലാതെ വിശുദ്ധനായ ദൈവത്തിന്റെ വിശ്വസ്നേഹത്തെ പ്രതിനിധാനം ചെയ്യുന്ന “റാബൈസ്” മറ്റെന്തു്‌ ചെയ്യാന്‍?! (ഈ rabbis-നു്‌ rabies-നോടു്‌ ഇത്രമാത്രം സാമ്യമുണ്ടായതു്‌ യാദൃച്ഛികമായിരിക്കാന്‍ ഇടയില്ല)

May 18, 2012, 12:53 PM

നമ്മുടെ നിശ്ചിതത്വങ്ങളും ആവശ്യങ്ങളും നമ്മള്‍ ഉള്‍പ്പെടുന്ന സംസ്കാരത്തില്‍ അധിഷ്ഠിതമാണു്‌. സാമൂഹ്യവത്കരണത്തില്‍ അവ നമ്മള്‍ സംസാരിക്കുന്ന ഭാഷയിലൂടെ, നമുക്കു്‌ അധീനമായ പദാവലിയിലൂടെ വിനിമയം ചെയ്യപ്പെടുന്നു. നമ്മുടെ എല്ലാ നിലപാടുകളും ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകളില്‍ മാത്രം ആശ്രയിച്ചിരിക്കുന്നവയാണു്‌. ഒരു പ്രത്യേക സ്ഥലത്തു്‌, ഒരു പ്രത്യേക കാലഘട്ടത്തില്‍ ജനിച്ചു എന്ന യാദൃച്ഛികതയിലാണു്‌ അതിന്റെ അടിത്തറ.

ഭാഷക്കു്‌ അതിന്റെ കണ്ടിന്‍ജെന്‍സി മൂലം യാഥാര്‍ത്ഥ്യങ്ങളെസംബന്ധിച്ചുള്ള അറിവിന്റെ മാദ്ധ്യമമാവാനാവില്ല. യാഥാര്‍ത്ഥ്യത്തെ വസ്തുനിഷ്ഠമായി പ്രദര്‍ശിപ്പിക്കാന്‍ നേരിയ തോതില്‍ പോലും ഭാഷ പര്യാപ്തമല്ല. മനുഷ്യരെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമുള്ള സത്യം ഉള്‍ക്കൊള്ളുന്ന ആത്യന്തികമായ ഒരു ഭാഷയോ പദാവലിയോ ഇല്ല. വിശുദ്ധ പൗലോസിന്റെ സദാചാരപദാവലികളും ഫ്രൊയ്ഡിന്റെ വിമര്‍ശനാത്മകപദാവലികളും പ്രകൃതിയില്‍ ഒരു താത്പര്യവും ജനിപ്പിക്കുന്നില്ല. ന്യൂട്ടന്റെ പദാവലികള്‍ ലോകത്തെസംബന്ധിച്ച പ്രവചനങ്ങള്‍ ലഘൂകരിക്കുന്നു എന്നതുകൊണ്ടു്‌ ലോകം “ന്യൂട്ടോണിയന്‍ ഭാഷ” സംസാരിക്കുന്നു എന്നര്‍ത്ഥമില്ല. ലോകം സംസാരിക്കുന്നേയില്ല. “പ്രകൃതിയുടെ ഭാഷ” എന്നതു്‌ അസംബന്ധമാണു്‌. ഭാഷാപ്രയോഗങ്ങളില്‍ കൂടിയുള്ളതല്ലാത്ത ഒരു സത്യവും ലോകത്തില്‍ നിലനില്‍ക്കുന്നില്ല. എന്തെങ്കിലുമൊന്നിനെ അതായി തിരിച്ചറിയുക എന്നതു്‌ ഭാഷയിലൂടെ മാത്രം സാദ്ധ്യമാവുന്ന ഒരു കാര്യമാണു്‌. ഭാഷയ്ക്കു്‌ വെളിയിലുള്ള യാഥാര്‍ത്ഥ്യവുമായി ഭാഷയെ യോജിപ്പിക്കാന്‍ ഭാഷാപരമായി സാദ്ധ്യമല്ല. ഭാഷ ഉപയോഗിച്ചു്‌ ഭാഷയ്ക്കു്‌ പുറത്തുകടക്കാനാവില്ല. മനുഷ്യര്‍ക്കു്‌ ഇഴപിരിക്കാനാവാത്തവിധം പരസ്പരം കൂടിക്കുഴഞ്ഞു്‌ കിടക്കുന്നവയാണു്‌ ഭാഷയും യാഥാര്‍ത്ഥ്യവും.

മനുഷ്യന്റെ സാമാന്യബോധത്തെ അവന്റെ ആത്മസന്ദേഹം ഏതെങ്കിലും വിധത്തില്‍ പീഡിപ്പിക്കുന്നുണ്ടെന്നു്‌ തോന്നുന്നില്ല. എല്ലാറ്റിനും ഒരുപോലെ യോജിച്ചതും ശരിയായതുമായ പദാവലികളുണ്ടെന്നാണു്‌ സാമാന്യബോധത്തിന്റെ വിശ്വാസം. അവനവനു്‌ സ്വന്തമായ സാമാന്യബോധത്തില്‍ ആശ്രയിക്കുന്നവര്‍ പ്രധാനമായ എല്ലാ കാര്യങ്ങളും കണ്‍ക്ലൂഡിങ് ആയ പദങ്ങള്‍ കൊണ്ടു്‌ നിഷ്പക്ഷമായി പ്രകടിപ്പിക്കാനാവുമെന്നു്‌ വിശ്വസിക്കുന്നവരാണു്‌. അവരും അവരുടെ ചുറ്റുപാടുകളും ശീലിച്ചുകഴിഞ്ഞ പദാവലികളാണു്‌ അവരെ ആ വിശ്വാസത്തിലേയ്ക്കു്‌ നയിക്കുന്നതു്‌. അവരെ സംബന്ധിച്ചു്‌ കണ്‍ക്ലൂഷനുകളിലെത്താന്‍ ഇതരപദാവലികളും സംജ്ഞകളും സ്വീകരിക്കുന്ന മറ്റുള്ളവരുടെ ബോദ്ധ്യങ്ങളും പ്രവൃത്തികളും ജീവിതവുമെല്ലാം വിശദീകരിക്കാനും വിധികല്പിക്കാനും സ്വന്തം പദാവലികള്‍ പൂര്‍ണ്ണമായും മതിയാവുമെന്നതു്‌ ഒരു തെറ്റിദ്ധാരണയല്ല, സ്വതസ്സിദ്ധമായാലെന്നപോലെ സംശയരഹിതമായ ഒരു കാര്യമാണു്‌. ഇതുപോലെതന്നെയാണു്‌ മെറ്റഫിസിഷ്യന്‍സും ചിന്തിക്കുന്നതു്‌. സദാചാരപരമായ തീരുമാനങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങളുമായി, മനുഷ്യന്റെ പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതും ശരിയായതുമായ ഒരു ആത്യന്തികപദാവലി ഉണ്ടെന്നാണു്‌ അവരുടെ വിശ്വാസം.

ഈ വസ്തുതകളുടെ വെളിച്ചത്തില്‍, വസ്തുനിഷ്ഠമായ സത്യങ്ങള്‍ തേടി അര്‍ത്ഥശൂന്യമായി അലയുന്നതിനു്‌ പകരം ലോകത്തിലെ ദുരിതങ്ങള്‍ക്കു്‌ നേരെയുള്ള മനുഷ്യരുടെ സംവേദനക്ഷമത വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായിരിക്കും മനുഷ്യവര്‍ഗ്ഗത്തിനു്‌ കൂടുതല്‍ പ്രയോജനകരം.

(നിയോപ്രാഗ്മറ്റിസത്തിന്റെ പ്രതിനിധിയും തത്വചിന്തകനുമായ റിച്ചാര്‍ഡ് റോര്‍ട്ടിയുടെ ചിന്തകളില്‍ നിന്നും

May 20, 2012, 11:16 AM

വിഷയം രാഷ്ട്രീയമോ, മതമോ, സംസ്കാരമോ, കലയോ, ശാസ്ത്രമോ മറ്റെന്തുമോ ആവട്ടെ, ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു്‌ ഖണ്ഡിക്കുമ്പോള്‍ അതു്‌ ജനാധിപത്യം. ആശയങ്ങളെ അവ പ്രകടിപ്പിക്കുന്നവരെ കണ്ടിച്ചുകൊണ്ടു്‌ ഖണ്ഡിക്കുമ്പോള്‍ അതു്‌ മാഫിയാധിപത്യം.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയില്‍ ആരംഭിച്ച ഈ ഓര്‍ഗനൈസ്ഡ് ക്രിമിനാലിറ്റിക്കു്‌ ഇന്നു്‌ പല മുഖങ്ങളുണ്ടു്‌. അമേരിക്കന്‍ മാഫിയ, റഷ്യന്‍ മാഫിയ, ചൈനീസ് മാഫിയ, അല്‍ബേനിയന്‍ മാഫിയ… ഈ മാഫിയാഭൂപടത്തില്‍ കേരളത്തിനും അവര്‍ക്കൊപ്പം ഒരു സ്ഥാനം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. http://en.wikipedia.org/wiki/File:Mafia_family_structure_tree.en.svg

May 20, 2012, 11:39 AM

പട്ടേട്ടിന്റെ ഒരു പോസ്റ്റ് ഇന്നാണു്‌ കണ്ടതു്‌. നല്ലൊരു മനുഷ്യനായിരുന്നു. തുടക്കം പലപ്പോഴും ഇങ്ങനെയൊക്കെയാണെന്നു്‌ കേട്ടിട്ടുണ്ടു്‌. (നോക്കുന്നിടത്തൊക്കെ ഇങ്ങനെ നരിയേയും നാരിയേയും പുലിയേയും എലിയേയും പുഴുവിനേയുമൊക്കെ കാണുന്നതു്‌.) ഏതായാലും ഈ അവസ്ഥയില്‍ എത്തിയ സ്ഥിതിക്കും, ഞാന്‍ അത്രടം ചെന്ന സ്ഥിതിക്കും ഇത്തിരി വ്യാഖ്യാനവും ഇത്തിരി ഉപദേശവും നല്‍കിയിട്ടു്‌ പോയേക്കാമെന്നു്‌ കരുതി. കമന്റ് എഴുതിവന്നപ്പോള്‍ ഒറിജിനല്‍ പോസ്റ്റിനേക്കാള്‍ നീളം കൂടിയതിനാല്‍ ഒരു പോസ്റ്റാക്കിയേക്കാമെന്നു്‌ കരുതി. നമ്മടെ ഗൂഗിള്‍, നമ്മടെ പ്ലസ്, അവിടെ നമ്മള്‍ നമ്മടെ ഇഷ്ടം പോലെ കമന്റും, പോസ്റ്റും. ആരംഭത്തിലേ ചികിത്സിച്ചാല്‍ മാറാവുന്നതേയുള്ളുവെന്നു്‌ പറയാതെ പോയാല്‍ നുമ്മ ഇങ്ങനെ ജന്മനാതന്നെ ഒരു വ്യാഖ്യാതാവും ഉപദേശിയും പരോപകാരിയും ആണെന്നൊക്കെപ്പറഞ്ഞു്‌ നടന്നിട്ടെന്തു്‌ കാര്യം? :

“അലാതചക്രം ആണത്രേ.. തീച്ചക്രം..” (ന്ന്വച്ചാല്‍ കുടച്ചക്രം പോലൊരു സാധനമാണു്‌. പേടിക്കാനില്ല.)

“ച്ചാല്‍ എടുത്തു ചുഴറ്റിയാല്‍ വട്ടത്തിലൊരു സൂത്രം കാണാം..
സംഭവം ണ്ടന്നേ തോന്നൂ… ന്ന് ച്ചാലോ ല്യേനും..
അപ്പോ കാണണതോ? ദദാണ് മായ..”

കുട്ടി പറഞ്ഞപോലേം പറയാം, പെഴ്സിസ്റ്റെന്‍സ് ഓഫ് വിഷന്‍ എന്നും പറയാം. 🙂

ദൃഷ്ടാന്തത്തിന് വേദാന്തം സാക്ഷി.. വേദാന്തത്തിനു്‌ ദൃഷ്ടാന്തം സാക്ഷി… (ഒരു പാലമിട്ടാല്‍ അങ്ങോട്ടു്‌ പോകുമ്പോഴും ഇങ്ങോട്ടു്‌ പോരുമ്പോഴും വെള്ളത്തിനു്‌ മുകളില്‍തന്നെ കിടക്കണമല്ലോ)

ദൈവത്തിനു്‌ കിത്താബ് സാക്ഷി… കിത്താബിനു്‌ ദൈവം സാക്ഷി… എന്ന അതേ യുക്തി.

നേര്..നേര് തെളിഞ്ഞാപ്പിന്നെ ഞാനില്ല.. നീയില്ല .. (നേര് തെളിഞ്ഞാല്‍ പിന്നെ “ഞാനും നീയും” ജയിലില്‍ ആയിക്കൂടെന്നുമില്ല കേട്ടോ. കമ്പ്ലീറ്റായി ഇല്ലാതാവണമെന്നില്ലെന്നു്‌ സാരം.)

അഹംബ്രഹ്മാസ്മി.. അതാണ് വേദാന്തം… അവിടെയെത്തിയാല്‍ പിന്നെ ഉള്ളതു്‌ എല്ലാറ്റിന്റെയും അഭാവം തന്നെ. പ്രധാനമായും കടക്കാരുടെ അഭാവം നമ്മുടെ അഭാവത്തെ പുളകമണിയിക്കും. വേദാന്തത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു്‌ ഇല്ലായ്മയാണു്‌! ഏതായാലും വേദത്തിന്റെ അന്തത്തിലേക്കു്‌ പുറപ്പെടുന്നതിനു്‌ മുന്‍പു്‌ ഗുരുവിനുള്ളതു്‌ കൊടുക്കാന്‍ മറക്കണ്ട. വേദാന്തത്തിലെ ‘അഭാവ’ത്തിലും ഗുരുശാപം ഉണ്ടാവാതിരിക്കുന്നില്ല. ഗുരുശാപം പിന്നേം എല്ലാം തുടക്കത്തില്‍ നിന്നും തുടങ്ങാന്‍ കാരണമായേക്കാം.

പണ്ടൊക്കെ പാഠം ഒന്നു്‌: അമ്മ അണ.. എന്നായിരുന്നു തുടക്കം. പിന്നെയതു്‌ തറയും പറയുമൊക്കെ ആയെന്നു്‌ കേട്ടു. പനയും തറയുമായിരുന്നേനെ കൂടുതല്‍ ചേര്‍ച്ച. പാഠം ഒന്നു്‌: തറ പന, പാഠം രണ്ടു്‌: കുല മുല, പാഠം മൂന്നു്‌: കുടി വെടി… … കുഞ്ഞുങ്ങളുടെ മനസ്സില്‍ സാമൂഹികപ്രതിബദ്ധത രൂപമെടുത്തു്‌ അവര്‍ മാതൃകാപൗരന്മാരായി വളര്‍ന്നു്‌ വികസിക്കാന്‍ അതുപോലുള്ള സ്ഫു”ലിംഗ”ങ്ങള്‍ കൊണ്ടു്‌ തീ പിടിപ്പിച്ചാലേ സാധിക്കൂ. അതിനു്‌ യോജിച്ച വിധത്തില്‍ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒരു സമൂലപരിവര്‍ത്തനം തന്നെ കേരളത്തില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഇത്രയും പറഞ്ഞുകൊണ്ടു്‌ ഞാന്‍ എന്റെ വാക്കുകളെ ചുരുക്കുന്നു. ഡിങ്കനാമത്തില്‍ സ്തുതിയും സ്തോത്രവും!

May 20, 2012, 12:08 PM

പണ്ടു്‌ മോഹന്‍ലാലിന്റെ ഒരു സിനിമ കണ്ടിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്ന ഒരു പുതുസ്സിനെ സീനിയര്‍ ആയ മോഹന്‍ലാല്‍ റാഗ് ചെയ്യുന്നതും ഹൃദ്രോഗിയോ മറ്റോ ആയിരുന്ന ആ പയ്യന്‍ അതുവഴി മരണമടയുന്നതുമെല്ലാം. അതിലായിരുന്നെന്നാണോര്‍മ്മ, ഒരു സീനുണ്ടായിരുന്നു. ബാറില്‍ ഒരു ബിയര്‍ കുടിക്കാനായി കയറുന്ന മോഹന്‍ലാലിനോടു്‌ അവിടെ ഒരു മേശക്കു്‌ ചുറ്റുമിരുന്നു്‌ കുടിക്കുന്നവരില്‍ ഒരുവന്‍, അത്തരം ചോദ്യകര്‍ത്താക്കളുടെ മുഖത്തു്‌ സ്ഥിരം കാണാനാവുന്ന ഒരു ഇളിഭ്യച്ചിരിയുമായി ചോദിക്കുന്നുണ്ടു്‌: “മദ്യം കഴിച്ചാല്‍ കരളിനു്‌ പ്രശ്നമൊന്നുമുണ്ടാകാതിരിക്കാന്‍ അതിന്റെ കൂട്ടത്തില്‍ ബട്ടര്‍ കൂടി കഴിച്ചാല്‍ മതിയോ ഡോക്ടര്‍ സാറേ?” (വാക്കുകള്‍ കൃത്യമായി അങ്ങനെ ആയിരുന്നോ എന്നോര്‍മ്മയില്ല). ആ ചോദ്യത്തിനു്‌ മോഹന്‍ലാല്‍ യാതൊരു മറുപടിയും പറയാതെ നിസംഗതയോടെ ഇരുന്നതു്‌ വളരെ ശ്രദ്ധാര്‍ഹമായി തോന്നി. അതുപോലൊരു ചോദ്യത്തിനു്‌ നേരെ എടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല നിലപാടാണതെന്ന കാര്യത്തില്‍ ആ രംഗം കണ്ടിട്ടും ശ്രദ്ധിച്ചിട്ടുമുള്ളവര്‍ക്കു്‌ സംശയമുണ്ടാവാന്‍ വഴിയില്ല.

May 20, 2012, 1:51 PM

“വി. എസ്. ഇറങ്ങിവരികയാണെങ്കില്‍ പുതിയ വിപ്ലവപ്രസ്ഥാനം രൂപീകരിക്കാമെന്നു്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.”

വിപ്ലവം വിട്ടൊരു കളിയില്ല. എന്നാപ്പിന്നെ അപ്പച്ചനു