വേരുകൾ, ഇലകൾ, കായ്കനികൾ മുതലായ പ്രകൃതിദത്തമായ വസ്തുക്കൾ അരച്ചും ഇടിച്ചും പൊടിച്ചും പുഴുങ്ങിയും കുറുക്കിയും വാറ്റിയുമെല്ലാം തയ്യാറാക്കുന്നവയാണു് ആയുർവ്വേദത്തിലെ ഔഷധങ്ങൾ. മുളകു് മഞ്ഞൾ മല്ലി ഉള്ളി ഇഞ്ചി ഏലക്ക ഗ്രാമ്പൂ ഉലുവ ജീരകം കായം കടുകു് കറിവേപ്പില തുടങ്ങിയ എത്രയോ “മരുന്നുകൾക്കു്” മനുഷ്യശരീരത്തിൽ ഒരുവിധ സ്വാധീനവും ചെലുത്താൻ കഴിയുമായിരുന്നില്ലെങ്കിൽ അവ ഉപയോഗിച്ചു് തലമുറകളായി ആഹാരം പാകം ചെയ്തു് കഴിക്കാൻ മനുഷ്യർ ബുദ്ധിമുട്ടുമായിരുന്നു എന്നു് തോന്നുന്നില്ല. നിത്യേന അരിയാഹാരവും കറിയാഹാരവും കഴിച്ചു് ജീവിക്കുന്നവരായ മലയാളികൾക്കു് ഈ അനുഭവയാഥാർത്ഥ്യം മറക്കാനോ, പച്ചമരുന്നുകളും ഉണക്കമരുന്നുകളും, അവയുപയോഗിച്ചുള്ള തൈലവും ലേഹ്യവും കിഴിയും കഷായവും ഉഴിച്ചിലും പിഴിച്ചലുമെല്ലാമായി ചികിത്സകൾ നടത്തുന്ന ആയുർവ്വേദത്തിനു് നേരെ നിരുപാധികം യുദ്ധകാഹളം മുഴക്കാനോ കഴിയുന്നതെങ്ങനെ? പ്രകൃതിയിലെ സ്‌പെഷൽ “കറിക്കൂട്ടുകളിൽ” ഒന്നായ കഞ്ചാവിന്റെ പുക വലിച്ചാൽ, വെറുതെ വലിച്ചു് സമയം കളയാമെന്നല്ലാതെ, “അനുഭവജ്ഞാനപരമായ” മറ്റു് പ്രയോജനങ്ങളൊന്നും ലഭിക്കില്ലായിരുന്നെങ്കിൽ, കഞ്ചാവു്സ്വാമിമാർ ആ പരിപാടി ഉപേക്ഷിച്ചു് ചായക്കടയിലോ ഫെയ്‌സ്ബുക്കിലോ കക്ഷിരാഷ്ട്രീയം കളിച്ചു് സമയം കളയുന്നതാണു് കൂടുതൽ ബുദ്ധിപൂർവ്വം എന്ന ഉചിതമായ തീരുമാനത്തിൽ എന്നേ എത്തിയേനെ!
(സമയം എന്നതു് ഒറിയന്റിനു് ആവശ്യത്തിലുമധികമുള്ളതും, ഓക്സിഡന്റിനു് ഒട്ടും തികയാത്തതുമായ ഒന്നാണു്. അതുകൊണ്ടാവാം, കിഴക്കിൽ പെണ്ണുങ്ങൾ വേലിയരികിൽ സമ്മേളിച്ചു് ജീവിതയാത്രയിൽ അവർക്കു് അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളിലുള്ള അസംതൃപ്തി പരസ്പരം പങ്കുവച്ചും, തിണ്ണയിലിരുന്നു് തലയിൽ പേൻനോക്കിയും, ആണുങ്ങൾ ചായക്കടയിലോ കള്ളുഷാപ്പിലോ ഇരുന്നു് കക്ഷിരാഷ്ട്രീയം പറഞ്ഞും സമയം കളയാൻ പാടു് പെടുമ്പോൾ, പടിഞ്ഞാറിൽ ആൺപെൺഭേദമില്ലാതെ മനുഷ്യർ സമയം ഒട്ടും കളയാതിരിക്കാൻ, അവർ തന്നെ നിർമ്മിച്ച യന്ത്രങ്ങളുടെ വേഗതയെ തോൽപിക്കാനായി മത്സരയോട്ടം നടത്തി കഷ്ടപ്പെടുന്നതു്.)
ആയുർവ്വേദം സർവ്വരോഗസംഹാരിയാണെന്നു് ഇപ്പറഞ്ഞതിനർത്ഥമില്ല. അജ്ഞരുടെ പണം പിടുങ്ങാനായി ഒരുപാടു് വ്യാജവൈദ്യർ ആയുർവ്വേദത്തെ ദുരുപയോഗം ചെയ്യുന്നുണ്ടു് എന്നതൊരു സത്യമാണു്. പക്ഷെ, അതിന്റെ അടിസ്ഥാനത്തിൽ ആയുർവ്വേദം അതിൽത്തന്നെ ഒരു വ്യാജചികിത്സയാണെന്ന നിഗമനത്തിൽ എത്തുന്നതു് നീതിയല്ല. കേരളത്തിലെ വ്യാജരെയും വഞ്ചകരെയും ഊളകളെയും ഓന്തുകളെയും ഒഴിവാക്കാൻ തീരുമാനിച്ചാൽ, ചികിത്സയുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ സകലമാന തലങ്ങളുടെയും മേൽത്തട്ടുകളിൽ കാലിക്കസേരകൾ മാത്രമാവും അവശേഷിക്കുന്നതു്. സോഷ്യൽ മീഡിയകളിലൂടെ റ്റ്സുനാമി പോലെ ഇരച്ചു് കയറുന്ന കുറിപ്പുകളിൽ ഭൂരിഭാഗവും ഇൻഫർമേഷനുകളാണു്, അറിവുകളല്ല. അവതന്നെ, പൂർണ്ണമോ ഭാഗികമോ ആയി വസ്തുനിഷ്ഠമല്ലാത്തവയോ വ്യാജമോ ആണെന്നതിനാൽ, അവയിലെ നെല്ലും പതിരും തിരിക്കൽ മിക്കവാറും അസാദ്ധ്യമാണെന്ന വസ്തുതകൂടി ഇതിനോടു് ചേർത്തു് വായിച്ചാൽ വിഷയം അത്ര ലളിതമല്ലെന്നു് മനസ്സിലാകും. ജനങ്ങൾക്കു് മതിയായ വിദ്യാഭ്യാസം നൽകിയും, അവരുടെ സജീവമായ പങ്കാളിത്തത്തോടെയുമല്ലാതെ പരിഹരിക്കാൻ കഴിയാത്ത ഗുരുതരമായ ഒരു പ്രശ്നമാണതു്.
രോഗങ്ങളുടെയും ചികിത്സയുടെയും ലോകത്തിൽ ആയുർവ്വേദത്തിനു് ഫലപ്രദമായി ഇടപെടാൻ കഴിയുന്ന മേഖലകൾ ഉണ്ടെന്നപോലെ തന്നെ, ഇടപെടാൻ കഴിയാത്ത മേഖലകളുമുണ്ടു്. അതു് മറ്റാരേക്കാളും കൂടുതലായി അറിയേണ്ടതു് ആയുർവ്വേദഡോക്ടേഴ്‌സ് തന്നെയാണു്. ചികിത്സയിൽ നല്ല എക്സ്പീരിയൻസ് ഉള്ള ആയുർവ്വേദവൈദ്യർക്കു് രോഗിയുടെ കണ്ണു് തുറന്നോ, നാക്കു് നീട്ടിച്ചോ നോക്കിയും, പൾസ് എണ്ണിയും, അവിടെയും ഇവിടെയുമെല്ലാം തപ്പിയും ഞെക്കിയുമെല്ലാം രോഗസംബന്ധമായി ചില പ്രാഥമികനിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നയിനം രോഗങ്ങൾ മനുഷ്യരുടെയിടയിൽ തീർച്ചയായുമുണ്ടു്. പക്ഷെ, ആ രീതിയിലുള്ള ഡയഗ്നോസിസ് മാത്രം കൊണ്ടു് എല്ലായിനം രോഗങ്ങളും തിരിച്ചറിയാൻ കഴിയുമെന്ന ധാരണ ശരിയല്ല. യഥാർത്ഥ ആയുർവ്വേദഡോക്ടേഴ്സിനു് അതുപോലൊരു ധാരണ ഉണ്ടാവാൻ വഴിയില്ലെന്നാണു് എന്റെ വിശ്വാസം. ആയുർവ്വേദത്തിൽ എന്നല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഒന്നുകിൽ അനുകൂലം, അല്ലെങ്കിൽ പ്രതികൂലം എന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിന്താഗതി ഫലപ്രദമായ സമീപനരീതിയല്ല.
കഴിയുന്നത്ര കൃത്യമായി രോഗം എന്തെന്നു് മനസ്സിലാക്കാൻ കഴിയുന്നതു് ആ രോഗത്തിന്റെ ചികിത്സ തന്റെ കോമ്പിറ്റെൻസിൽ ഒതുങ്ങുന്നതോ അല്ലയോ എന്നു് തീരുമാനിക്കാൻ വൈദ്യരെ സഹായിക്കും. രോഗനിർണ്ണയത്തിനു് ഇന്നു് വിവിധയിനം ആധുനികമാർഗ്ഗങ്ങൾ ലഭ്യമാണു്. മനുഷ്യജീവിതവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നവയാണു് മിക്കവാറും എല്ലാ തൊഴിലുകളും. മനുഷ്യശരീരത്തിൽ “കൈവയ്ക്കാൻ” അക്ഷരാർത്ഥത്തിൽ അവകാശമുള്ള ഒരു തൊഴിലെന്ന നിലയിൽ, അവയുടെ മുൻനിരയിൽതന്നെയാണു് ചികിത്സകരുടെ സ്ഥാനം. അതിനാൽ, താൻ ചെയ്യുന്നതെന്തെന്നും അതിന്റെ പരിണതഫലം എന്തെന്നും മനസ്സിലാക്കാനുള്ള അറിവും കഴിവും സേവനം വഴിയുള്ള പരിചയസമ്പത്തും ഏതൊരു ചികിത്സകനും ഉണ്ടായിരിക്കണം. ആയുർവ്വേദത്തിലായാലും, മോഡേൺ മെഡിസിനിലായാലും കൊതുകിനെ പീരങ്കികൊണ്ടു് വെടിവയ്ക്കാതിരിക്കാനും, തനിക്കു് ചുമക്കാൻ കഴിയാത്ത ചികിത്സാഭാരം വലിച്ചു് തലയിൽവച്ചു് രോഗിയെ വടിയാക്കാതെ, ആ ചുമതല അതിനു് കഴിവുള്ളവരെ ഏല്പിക്കാനുമുള്ള വൈജ്ഞാനികവകതിരിവും ബൗദ്ധികവിനയവും സ്വായത്തമാക്കാൻ അതാവശ്യമാണു്.
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളും, മൈക്കെടുക്കുന്നവരെല്ലാം “ജ്ഞാനപീഡകരും” ശാസ്ത്രപ്രചാരകരുമാകുന്ന കേരളത്തിൽ, ഒരല്പം മയത്തിൽ നവോത്ഥാനിക്കാനും ബോധവത്കരിക്കാനും ശ്രമിച്ചാൽ തീർച്ചയായും പൊതുജനം അതിനു് വളരെ നന്ദിയുള്ളവരായിരിക്കും. അതുവഴി, പൊന്നാട, സ്വർണ്ണലുങ്കി, വെള്ളിവേഷ്ടി, കിണ്ടി, മൊന്ത, കോളാമ്പി, ജ്ഞാനക്കുരണ്ടി തുടങ്ങിയ ജംഗമവസ്തുക്കളുടെ നിർമ്മാണവും ഉപഭോഗവും, തന്മൂലം അന്തരീക്ഷമലിനീകരണവും ഗണ്യമായി കുറയ്ക്കാൻ കഴിയും. അങ്ങനെ മിച്ചം വരുന്നതിൽ വല്ലതും മിച്ചം വന്നാൽ, അതുകൊണ്ടു്, പണ്ടത്തെ സ്ഥാനാർത്ഥി സാറാമ്മ ഗ്രാമത്തിലെ വോട്ടേഴ്സിനു് വാഗ്ദാനം ചെയ്തതുപോലെ, തോട്ടിൻകരയിലോ, മലമുകളിലെ വനത്തിന്റെ നടുവിലോ ആർക്കും സൗകര്യം പോലെ വിമാനമിറങ്ങാൻ പറ്റിയ താവളങ്ങൾകൂടി ഉണ്ടാക്കിയാൽ, CO2 എമിഷനും അന്തരീക്ഷമലിനീകരണവും കുറച്ചുകൂടി കുറയ്ക്കാം. കാലവും കോലവും സർവ്വേക്കല്ലും മാറിയാലും മരണം കാണാത്ത ജനുസ്സിൽപ്പെട്ടവരാണു് സ്ഥാനാർത്ഥി സാറാമ്മകൾ.
രോഗചികിത്സ ഒരു ശാസ്ത്രമാണു്. ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ജൈനനോ ആണെന്നതു് മനുഷ്യനു് ശാസ്ത്രജ്ഞനാകാൻ തടസ്സമാകണമെന്നില്ലെങ്കിലും, ഹിന്ദു ഗണിതമോ, മുസ്ലീം ഫിസിക്സോ, ക്രൈസ്തവ കെമിസ്ട്രിയോ, ജൈന ജിയോളജിയോ ഇല്ല. ശാസ്ത്രം ശാസ്ത്രം മാത്രമാണു്. അജ്ഞരും ശീഘ്ര വിശ്വാസികളുമായ മനുഷ്യരുടെയിടയിൽ നുണകൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും പിടിച്ചു് നിൽക്കാൻ മതങ്ങൾക്കും രാഷ്ട്രീയത്തിനും കഴിഞ്ഞേക്കാമെങ്കിലും, ശാസ്ത്രത്തിനതാവില്ല.
ക്രിസ്ത്യാനി ആയതുകൊണ്ടല്ല ന്യൂട്ടൺ ഗുരുത്വാകർഷണ സിദ്ധാന്തവും ചലനനിയമങ്ങളും കണ്ടുപിടിച്ചതു്. ശാസ്ത്രലോകം ക്രിസ്ത്യാനികളുടെ മാത്രം ലോകമായതുകൊണ്ടല്ല അവ അംഗീകരിക്കപ്പെട്ടതു്. ക്രിസ്ത്യനോ മുസ്ലീമോ ഹിന്ദുവോ ജൈനനോ ആണെന്നതു് ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കാൻ മതിയായ യോഗ്യതയുമല്ല. ഇന്നത്തെ സൗദികളെല്ലാം മുസ്ലീമുകളായി ജനിച്ചു് മരിക്കുന്നതുപോലെ, ന്യൂട്ടൺ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഇൻഗ്ലണ്ടിൽ എല്ലാവരും ക്രിസ്ത്യാനികളായി ജനിച്ചു് മരിക്കുകയായിരുന്നു രീതി. അതുകൊണ്ടു് ന്യൂട്ടണും ഒരു ക്രിസ്ത്യാനിയായി ജനിച്ചു മരിച്ചു, അത്രതന്നെ.
P. S.
ചില ക്രിസ്ത്യൻ അപ്പോളജെറ്റിക്കുകളുടെ വാദങ്ങൾ കേട്ടാൽ, ബൈബിളും പൊക്കിപ്പിടിച്ചു് നാൽക്കവലയിൽ നിന്നു് “അവനിതാ വരുന്നു, അവൻ ദാണ്ടെ മേഘത്തിൽ വേഗം വരുന്നു” എന്നു് തെയ്യം തുള്ളലായിരുന്നു ന്യൂട്ടന്റെ പ്രധാന ഹോബി എന്നു് തോന്നും. ദൈവവിശ്വാസി ആയിരുന്നെങ്കിലും മതനിഷ്ഠനല്ലാതിരുന്ന ന്യൂട്ടൺ “ത്രിയേകദൈവം” എന്ന വിശ്വാസപ്രമാണത്തെ നിരാകരിക്കുകപോലും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ, സയൻസ്, തിയോളജി, ഫിലോസഫി, ആല്ക്കെമി തുടങ്ങിയ വിഷയങ്ങൾ തമ്മിൽ കൃത്യമായ വേർതിരിവുകളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണു് ന്യൂട്ടൺ ജീവിച്ചിരുന്നതു് എന്നോർക്കുക. രസത്തെയും സാധാരണ ലോഹങ്ങളെയും സ്വർണ്ണമാക്കി മാറ്റാൻ കഴിയുമെന്നു് വിശ്വസിക്കുകയും അതിനായുള്ള പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു ന്യൂട്ടൺ. അന്ത്യഘട്ടത്തിൽ ന്യൂട്ടണെ ബാധിച്ച “അരക്കിറുക്കു് ” മെർക്യുറി പോയിസണിങ് മൂലമായിരിക്കാമെന്നു് കരുതപ്പെടുന്നു. ന്യൂട്ടണെ ആരാക്കിയാലാണു് സ്വന്തം താത്പര്യങ്ങൾ ഏറ്റവും ഭംഗിയായി നടപ്പാക്കാൻ കഴിയുന്നതു് എന്നതിനനുസരിച്ചു് അവരുടെ വർണ്ണനകളിൽ ന്യൂട്ടൺ ക്രിസ്ത്യാനിയോ ആൽക്കെമിസ്റ്റോ അരവട്ടനോ ഫിലോസഫറോ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുന്നു!
സ്പെയ്സിന്റെ ഇൻഫിനിറ്റിയും പ്രപഞ്ചത്തിന്റെ അനശ്വരതയുമെല്ലാം സങ്കല്പിച്ചിരുന്ന ജിയോർഡാനോ ബ്രൂണോയെയും വേണമെങ്കിൽ പുരോഹിതനോ കവിയോ ഫിലോസഫറോ അസ്ട്രോണമറോ അരക്കിറുക്കനോ ഒക്കെയാക്കാം. വീക്ഷകന്റെ കാഴ്ചപ്പാടു് എന്തെന്നതിനുസരിച്ചു് എല്ലാം ശരിയുമാണു്. വീക്ഷകൻ ഇന്നും എന്നും എപ്പോഴും “നോർമൽ” ആണല്ലോ! 1473-ൽ ജനിച്ച കോപ്പർനിക്കസിന്റെ പ്രധാനകൃതിയായ “On the Revolutions of the Heavenly Spheres” 1543-ൽ പ്രസിദ്ധീകരിച്ചു് അഞ്ചു് വർഷം കഴിഞ്ഞു് 1548-ലാണു് ബ്രൂണോ ജനിച്ചതു്. കോപ്പർനിക്കസിന്റെ കൃതി വായിക്കാൻ 1600-ൽ ചിതയിൽ ദഹിപ്പിക്കപ്പെട്ട ബ്രൂണോയ്ക്കു് വേണമെങ്കിൽ വേണ്ടത്ര സമയം ഉണ്ടായിരുന്നു എന്നു് സാരം.