അവിശ്വാസികളുടെ നേരെ ആക്രമണം നടത്തുന്ന വിശ്വാസികളുടെ അവസ്ഥ, മുറിയില്‍ അകപ്പെട്ടിട്ടു് വെളിയിലേക്കു് പോകാന്‍ തത്രപ്പെടുന്ന ഈച്ചകളുടെ ഗതികേടിനു് തുല്യമാണു്. പറന്നുചെന്നു് ജനല്‍പ്പാളിയില്‍ തട്ടി താഴെ വീണു്, വേദനമൂലം കുറെനേരം കിടന്നകിടപ്പു് കിടക്കുമ്പോഴേക്കും സംഭവിച്ച കാര്യം ഈച്ച മറന്നുകഴിഞ്ഞിരിക്കും. അതിനാല്‍ വീണ്ടും പുറത്തേക്കു് പോകാനുള്ള പറക്കല്‍. വീണ്ടും ജനല്‍പ്പാളിയില്‍ തട്ടി താഴെ വീഴല്‍. മറവിമൂലം ഈച്ച ഈ യജ്ഞം ഇങ്ങനെ, എപ്പോഴെങ്കിലും വീണു് ചാവുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. അതുപോലെതന്നെ, തന്റെ വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എത്ര റീസണബിള്‍ ആയും അനിഷേദ്ധ്യമായും ഖണ്ഡിക്കപ്പെട്ടാലും ഒന്നുറങ്ങി ഉറക്കമുണര്‍ന്നാല്‍ വീണ്ടും പഴയ പല്ലവികളുമായി വിശ്വാസി ഗോദയില്‍ എത്തിയിരിക്കും. പാലും തേനുമൊഴുകുന്ന തന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര തുടങ്ങുന്നതുവരെ ഈ പൊരുതല്‍ അവന്‍ തുടര്‍ന്നുകൊണ്ടിരിക്കാനാണു് സാദ്ധ്യത. ഈച്ചയാണല്ലോ അവന്റെ മാതൃക!
സ്വന്തനിലപാടുകള്‍ കുറ്റമറ്റതാണെന്ന ഉത്തമബോദ്ധ്യം മുതുകത്തെ മുഴയെന്നപോലെ സ്ഥിരം ചുമന്നുകൊണ്ടു് നടക്കുന്നവരാണു് എല്ലാത്തരം വിശ്വാസികളും. മതവിശ്വാസികളെ സംബന്ധിച്ചു് പറഞ്ഞാല്‍, ഈ കുറ്റമില്ലായ്മയുടെ കുറ്റം അവരുടെ ദൈവത്തിനു് തന്നെയാണു്. കാരണം, ഏതൊരു മതത്തിലെയും ദൈവം സര്‍വ്വവ്യാപിയാണു്, സര്‍വ്വശക്തനാണു്, സര്‍വ്വജ്ഞാനിയാണു്. ഇക്കാര്യത്തെ ചോദ്യം ചെയ്യുന്ന ആര്‍ക്കും ഒരു വിശ്വാസിയില്‍ നിന്നും ലഭിക്കുന്ന മറുപടി ഇതായിരിക്കും: “അങ്ങനെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നു”. ഒരു കടുകുമണിപോലും കൂട്ടിച്ചേര്‍ക്കാനില്ലാത്തവിധം സമ്പൂര്‍ണ്ണനായ ദൈവത്തിന്റെ പൂര്‍ണ്ണതയില്‍നിന്നും ഏതാനും കടുകുമണികള്‍ കിഴിച്ചാല്‍ കിട്ടുന്നതാണു് വിശ്വാസി എന്നറിയപ്പെടുന്ന മനുഷ്യരൂപം. പൂര്‍ണ്ണതയുടെ കാര്യത്തില്‍ വിശ്വാസിയും അവന്റെ ദൈവവും തമ്മില്‍ കൈനീട്ടിയാല്‍ പിടിക്കാവുന്ന ദൂരമേയുള്ളു എന്നു് സാരം. അതിനാല്‍, വിശ്വാസിയുടെ കുറ്റമില്ലായ്മയെ, അവന്റെ അപ്രമാദിത്വത്തെ സംശയിക്കുന്നതു് ദൈവത്തിന്റെ പൂര്‍ണ്ണതയെ സംശയിക്കുന്നതിനു് തുല്യമാണു്. അതവനു് ഒട്ടും ഇഷ്ടമല്ല. കുറ്റമില്ലാത്ത മനുഷ്യരോ എന്നു് അത്ഭുതപ്പെടുന്നവര്‍ക്കു് കഴിഞ്ഞ ഏകദേശം രണ്ടായിരം വര്‍ഷങ്ങളിലൂടെ കത്തോലിക്കാസഭയില്‍ മാറിമാറി അധികാരത്തിലിരുന്ന മാര്‍പ്പാപ്പമാരെ നോക്കി സംശയനിവൃത്തി വരുത്താവുന്നതാണു്. മാര്‍ക്സ്, ലെനിന്‍, സ്റ്റാലിന്‍, ഹിറ്റ്ലര്‍, മാവോ, പോള്‍ പോട്ട് തുടങ്ങിയവര്‍ക്കു് ഏകദേശദൈവങ്ങളായി കഴിയേണ്ടിയും അവസാനിക്കേണ്ടിയും വന്നതും സമ്പൂര്‍ണ്ണദൈവങ്ങളാവാന്‍ അവര്‍ക്കു് ഏതാനും കടുകുമണികളുടെ കുറവു് ഉണ്ടായിരുന്നതിനാലാണു് .
ഈ അപ്രമാദിത്വത്തിന്റെ വെളിച്ചത്തിലാവണം, തീവ്രവിശ്വാസികളായ ചില മുസ്ലീമുകള്‍ ബൈബിളില്‍ നിന്നും കോപ്പിയടിച്ചതായ ഒരു വാക്കെങ്കിലും ഖുര്‍ആനില്‍ കാണിച്ചുതരാന്‍ നിങ്ങള്‍ക്കു് കഴിയുമോ എന്നും മറ്റുമുള്ള വെല്ലുവിളികള്‍ ഫെയ്സ്ബുക്കിലെ ചില സ്വതന്ത്രചിന്താഗ്രൂപ്പുകളില്‍ നടത്താറുള്ളതു്. പല ഗ്രൂപ്പുകളിലും എങ്ങനെയോ ഞാനും അംഗമായെങ്കിലും ബോധപൂര്‍വ്വംതന്നെ ഞാന്‍ അവിടത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. ബൈബിളിലെ ഒരു വാക്യത്തിന്റെ ആശയം കടമെടുത്തു് പറഞ്ഞാല്‍, മച്ചിയെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശ്രമം പോലെയാണു് വിശ്വാസികളില്‍ യുക്തിബോധം സൃഷ്ടിക്കാനുള്ള ശ്രമവും. വഞ്ചിയെ തിരുനക്കരെനിന്നും ഒരടിപോലും നീക്കാനാവില്ല എന്നറിഞ്ഞുകൊണ്ടു് എന്തിനു് ഊര്‍ജ്ജവും സമയവും നഷ്ടപ്പെടുത്തണം? അതേസമയം, കേരളസമൂഹത്തില്‍ അവിടവിടെയായി രൂപമെടുക്കുന്ന ചില “മ്യൂട്ടേഷനുകള്‍”, ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ചില നിഷ്കാമകര്‍മ്മികള്‍, മുള പൊട്ടുമ്പോഴേ വേരോടേ പിഴുതെറിയപ്പെടാതിരിക്കാന്‍ അവര്‍ക്കു് “fire protection” നല്‍കേണ്ടതു് സ്വതന്ത്രചിന്തകരായ ഓരോരുത്തരുടെയും കടമയാണുതാനും. ജനങ്ങളുടെ ബൗദ്ധികവളര്‍ച്ച സ്വന്തം നിലനില്പിന്റെ കണ്ഠകോടാലിയായി മാറുമെന്നു് വ്യക്തമായി അറിയാമെന്നതിനാല്‍, ആ പുതുനാമ്പുകളെ ഉന്മൂലനം ചെയ്യാനായി പുരോഗമനം പ്രസംഗിക്കുന്ന ‘ആധുനികര്‍’ പോലും തിടുക്കം കൂട്ടുന്ന ഇന്നത്തെ കേരളീയസാഹചര്യത്തില്‍ അതുപോലൊരു “സംരക്ഷണം” പണ്ടെന്നത്തേക്കാളും കൂടുതല്‍ പ്രസക്തവുമാണു്.
ഇനി, കോപ്പിയടിയിലേക്കു് വന്നാല്‍, ബൈബിളില്‍ നിന്നും കോപ്പിയടിച്ച ഒരു വാക്കല്ല, ബൈബിളില്‍ നിന്നും ‘മോശമായി’ കോപ്പിയടിച്ച എത്രയോ വാക്കുകളും ആശയങ്ങളും വേണമെങ്കിലും ഖുര്‍ആനിലുണ്ടു്. കോപ്പിയടി എന്നൊക്കെ പറയുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പവും സത്യവും, ബൈബിള്‍ ഇല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ ഉണ്ടാവുകപോലും ഇല്ലായിരുന്നു എന്നു് പറയുന്നതായിരിക്കും. ഇതറിയാന്‍ ഒരു വഴിയേയുള്ളു: ആ രണ്ടു് ഗ്രന്ഥങ്ങളും മനസ്സിലാക്കി വായിക്കുക. ഏതൊരു വിശ്വാസിയും അവിശ്വാസികളോടു് പറയാറുള്ളതും ഇതുതന്നെയാണു് എന്നതാണു് ഏറെ രസകരം: “നീ ആദ്യം പോയി ‘എന്റെ’ ഗ്രന്ഥം പഠിച്ചിട്ടു് വാ”. അങ്ങനെ ഒരുവന്‍ പറയുന്നതു് കേട്ടാല്‍ ഉറപ്പിക്കാം: അവന്‍ ആ ഗ്രന്ഥം ഒന്നുകില്‍ വായിച്ചിട്ടില്ല, അല്ലെങ്കില്‍ വായിക്കുന്നതു് മനസ്സിലാക്കാന്‍ കഴിവുള്ളവനല്ല അവന്‍. സ്വന്തം ഗ്രന്ഥമെങ്കിലും വായിച്ചു് മനസ്സിലാക്കാന്‍ കഴിയുന്നവരായിരുന്നു വിശ്വാസികളെങ്കില്‍ മതം എന്നൊരു ഏര്‍പ്പാടു് പണ്ടേ ലോകത്തില്‍ നിന്നും അപ്രത്യക്ഷമായേനെ. അതുകൊണ്ടു് ഖുര്‍ആന്‍ വായിച്ചു് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മുസ്ലീം ബൈബിള്‍ വായിച്ചിട്ടോ, ബൈബിള്‍ വായിച്ചു് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ക്രിസ്ത്യാനി ഖുര്‍ആന്‍ വായിച്ചിട്ടോ വലിയ കാര്യമൊന്നുമില്ല. അല്ലാത്തവര്‍ക്കു്, ബൈബിളില്‍ ഉള്ള എന്തൊക്കെ ഖുര്‍ആനില്‍ ഉണ്ടു് എന്നറിയാന്‍ അവ രണ്ടും വായിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ആദ്യം ബൈബിള്‍ പിന്നെ ഖുര്‍ആന്‍ എന്ന രീതിയില്‍ വായിക്കുന്നതായിരിക്കും അതിനു് ഏറ്റവും യോജിച്ചതു്. കാരണം, ബൈബിളില്‍ ഒരിടത്തു് ക്രമാനുസൃതമായി പറയുന്ന കാര്യങ്ങള്‍ വാലും തലയും വേര്‍പെടുത്തി പലയിടങ്ങളിലായി വാരിവിതറുന്ന രീതിയാണു് ഖുര്‍ആന്‍ പിന്‍തുടരുന്നതു്. അതുകൊണ്ടു്, ഒരു സംഭവമോ സന്ദര്‍ഭമോ ബൈബിളിലെ ഒരിടത്തെ വര്‍ണ്ണനയില്‍ നിന്നും മുഴുവനായി മനസ്സിലാക്കിയശേഷം ഖുര്‍ആന്‍ വായിച്ചാല്‍ അതേ കാര്യം എത്ര ഇടങ്ങളിലായും എത്ര അപൂര്‍ണ്ണമായിട്ടുമാണു് അതില്‍ വരച്ചുവച്ചിരിക്കുന്നതെന്നു് മനസ്സിലാക്കാന്‍ എളുപ്പമുണ്ടു്.
നോഹ, ലോത്തു്, അബ്രാഹാം, അവന്റെ മക്കള്‍ യിശ്മയേല്‍, ഇസഹാക്ക്, ഇസഹാക്കിന്റെ മകന്‍ യാക്കോബ്, ഫറവോ, മോശെ, അഹറോന്‍, ദാവീദ്, അവന്റെ മകന്‍ ശലോമോന്‍, മറിയം, അവളുടെ മകന്‍ യേശു മുതലായ ബൈബിളിലെ എല്ലാ പ്രധാന കഥാപാത്രങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടു്. ഖുര്‍ആനില്‍ ഇവിടെ പറഞ്ഞവരുടെ പേരുകള്‍ യഥാക്രമം ഇങ്ങനെയാണു്: നൂഹ്, ലൂത്വ്, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്, യഅ്ഖൂബ്, ഫിര്‍ഔന്‍, മൂസാ, ഹാറൂന്‍, ദാവൂദ്, സുലൈമാന്‍, മര്‍യം, ഈസാ. ഈ ലിസ്റ്റ് പൂര്‍ണ്ണമല്ലതാനും. A.D. ഏഴാം നൂറ്റാണ്ടില്‍ രൂപമെടുത്ത ഖുര്‍ആനില്‍, ഏകദേശം B. C. 440-തോടെ ലിഖിതരൂപത്തിലായ പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു് പുസ്തകങ്ങളുടെയും (Torah), A.D. ഒന്നാം നൂറ്റാണ്ടുമുതല്‍ രൂപമെടുത്ത പല സൃഷ്ടികളില്‍ നിന്നും നാലാം നൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ട പുതിയനിയമത്തിന്റെയും ഉള്ളടക്കം ഉണ്ടാവുന്നതില്‍ എന്തത്ഭുതം?
ഖുര്‍ആന്‍ പറയുന്നു: “ഈ ഗ്രന്ഥത്തിന്‍റെ അവതരണം സര്‍വ്വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? അല്ല, അത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. നിനക്ക് മുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.” (32 സജദ: 2, 3). ഖുര്‍ആനെക്കാള്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള തോറയിലും അറുന്നൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള സുവിശേഷങ്ങളിലും (ഖുര്‍ആനില്‍ ഇന്‍ജീല്‍) പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മുഹമ്മദ് നബിയെ അറിയിക്കണമെന്നു് ആഗ്രഹിക്കുന്ന സാമാന്യബോധമുള്ള ആരും അവനോടു് ആ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ പറയുകയോ, ഇനി അവനു് വായിക്കാന്‍ അറിയില്ലെങ്കില്‍, വായിക്കാന്‍ അറിയാവുന്ന ആരെയെങ്കിലും വായിച്ചു് കേള്‍പ്പിക്കാനുള്ള ചുമതല ഏല്പിക്കുകയോ അല്ലേ ചെയ്യുക? ഇവിടെ ഒരു അദൃശ്യശക്തിയുടെയോ സര്‍വ്വലോകരക്ഷിതാവായ ഒരു അല്ലാഹുവിന്റെയോ നേരിട്ടോ, അല്ലെങ്കില്‍, ഏതെങ്കിലും മാലാഖയെ (ഗബ്രിയേല്‍/ജിബ്രീല്‍) മധ്യസ്ഥനായി നിയമിച്ചുകൊണ്ടുള്ളതോ ആയ ഒരു ഇടപെടലിന്റെ എന്തു് ആവശ്യമാണുള്ളതു്? സര്‍വ്വശക്തന്‍ എന്നാല്‍ വിഡ്ഢിത്തത്തിന്റെ ഉസ്താദ് എന്നോ മറ്റോ ആണോ ഇനി അര്‍ത്ഥം? “മുന്‍പു് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനത”ക്കു്, “അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിക്കൊണ്ടു്” (35 ഫാത്വിര്‍ : 31) ഒരു ഗ്രന്ഥം നല്‍കാന്‍ അല്ലാഹു തീരുമാനിക്കുമ്പോള്‍, പഴയതില്‍ ഇല്ലാത്തതായ ഒന്നും അതിലില്ലെങ്കില്‍ പിന്നെയെന്തിനൊരു പുതിയ ഗ്രന്ഥം? പഴയതിന്റെ കോപ്പികള്‍ വിതരണം ചെയ്താല്‍ ധാരാളം പോരേ? ഇനി പുതിയതായിട്ടു് എന്തെങ്കിലുമുണ്ടെങ്കില്‍ത്തന്നെ ആ പുതിയവ മാത്രം ഒരു അനുബന്ധമായി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നേനെ? ഇതൊന്നും പോരാഞ്ഞിട്ടു്, “(നബിയേ,) നിനക്ക് മുമ്പുണ്ടായിരുന്ന ദൂതന്‍മാരോട് പറയപ്പെട്ടതല്ലാത്ത ഒന്നും നിന്നോട് പറയപ്പെടുന്നില്ല” (41 ഫുസ്സിലത് : 43) എന്നുകൂടി അല്ലാഹു കല്പിക്കുമ്പോള്‍, പിന്നെ എന്തിനായിരുന്നു ഇക്കണ്ട വെളിപ്പെടുത്തലുകളും ഓതിക്കൊടുക്കലുമെന്നൊക്കെ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനു് അവരെ കുറ്റപ്പെടുത്താനാവുമോ? അല്ലെങ്കില്‍ത്തന്നെ, എന്നോടു് ദൈവം ഇക്കാര്യം പറഞ്ഞു എന്നതിനു് ഞാന്‍ സാക്ഷി എന്നോ, അല്ലെങ്കില്‍ അതിനു് ദൈവം സാക്ഷി എന്നോ ഞാന്‍ തന്നെ പറഞ്ഞാല്‍ ആ സാക്ഷ്യത്തിനു് എന്തു് വിലയാണു് നല്‍കാനാവുക?
അന്ധമായി ഖുര്‍ആനില്‍ വിശ്വാസിക്കുന്നവരെ ബോദ്ധ്യപ്പെടുത്താനാവില്ല എന്ന കാര്യം ഉറപ്പാണെങ്കിലും, അറിയണമെന്നു് ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കായി തോറയുടെ ഉപജ്ഞാതാവെന്നു് വാഴ്ത്തപ്പെടുന്ന മോശെയുടെ (മൂസയുടെ) ജനനം സംബന്ധിച്ചു് ബൈബിളും ഖുര്‍ആനും നല്‍കുന്ന വര്‍ണ്ണനയും അവ തമ്മിലുള്ള പൊരുത്തക്കേടുകളും താഴെ കൊടുക്കുന്നു (ബൈബിളില്‍ നിന്നുള്ളതു് ദൈര്‍ഘ്യം മൂലം ചുരുക്കത്തിലും, ഖുര്‍ആനില്‍ നിന്നുള്ളതു് അതേപടിയും). വിശദമായി അറിയണമെന്നുള്ളവര്‍ ബൈബിള്‍ പഴയനിയമത്തിലെ പുറപ്പാടു് പുസ്തകം ഒന്നാം അദ്ധ്യായം ആറാം വാക്യം മുതല്‍ രണ്ടാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം വരെ വായിക്കുക. ഖുര്‍ആനിലേതു് ഖസസ് (അര്‍ത്ഥം: കഥാകഥനം!!) എന്ന ഇരുപത്തെട്ടാം അദ്ധ്യായത്തിലെ മൂന്നുമുതല്‍ പതിനാലുവരെയുള്ള വാക്യങ്ങളില്‍ വായിക്കാം.
ആദ്യം ബൈബിളില്‍ നിന്നുള്ള കഥ: ഈജിപ്റ്റില്‍ ജോലി (അടിമവേല എന്നു് ബൈബിള്‍) ചെയ്തു് ജീവിച്ചിരുന്ന യാക്കോബിന്റെ പന്ത്രണ്ടു് മക്കളും (യിസ്രായേലിലെ പന്ത്രണ്ടു് ഗോത്രപിതാക്കള്‍) അവരുടെ പിന്‍തലമുറകളും എണ്ണം കൊണ്ടും സമ്പത്തുകൊണ്ടും പെരുകിയപ്പോള്‍ അവരെ നിയന്ത്രിക്കാനായി ഫറവോ അവരെക്കൊണ്ടു് കഠിനവേല ചെയ്യിക്കുന്നു. എന്നിട്ടും അവര്‍ പെരുകിയതല്ലാതെ കുറഞ്ഞില്ല. അതിനാല്‍, എബ്രായരുടെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം പ്രസവസമയത്തുതന്നെ കൊന്നുകളയാന്‍ അവന്‍ വയറ്റാട്ടികളോടു് കല്പിക്കുന്നു. പക്ഷേ അവര്‍ ദൈവഭയം മൂലം കുഞ്ഞുങ്ങളെ കൊല്ലാതെ വിട്ടു. എബ്രായരുടെ പെണ്ണുങ്ങള്‍ ഈജിപ്റ്റിലെ പെണ്ണുങ്ങളെപ്പോലെയല്ല; ഞങ്ങള്‍ ചെല്ലുമ്പോഴെക്കും അവര്‍ പ്രസവിച്ചുകഴിഞ്ഞിരിക്കും എന്നൊരു നുണയും പറഞ്ഞു. അപ്പോള്‍ ഫറവോയുടെ അടുത്ത കല്പന വന്നു: ജനിക്കുന്ന ആണ്‍കുട്ടികളെ മുഴുവന്‍ നദിയില്‍ ഇടുക എന്നതായിരുന്നു അതു്. അങ്ങനെയിരിക്കെയാണു് മോശെയുടെ ജനനം. അപ്പനും അമ്മയും ലേവികുടുംബാംഗങ്ങള്‍. സുന്ദരനായിരുന്നതിനാല്‍ അവനെ അവര്‍ മൂന്നുമാസം ഒളിപ്പിച്ചു് വച്ചു (അല്ലെങ്കില്‍ ഉടനെ നദിയില്‍ എറിഞ്ഞേനെ!). അതിനുശേഷം ഒരു ഞാങ്ങണപെട്ടി വാങ്ങി അവനെ അതില്‍ കിടത്തി ഞാങ്ങണകള്‍ക്കിടയില്‍ കൊണ്ടുവച്ചു. എന്തു് സംഭവിക്കുമെന്നറിയാന്‍ അവന്റെ പെങ്ങള്‍ ദൂരത്തുനിന്നു് വീക്ഷിച്ചുകൊണ്ടിരുന്നു. അപ്പോള്‍ കുളിക്കാനെത്തിയ ഫറവോയുടെ മകള്‍ ആ പെട്ടകം കാണുകയും, അതു് എടുത്തുകൊണ്ടുവരുവാന്‍ ദാസിയെ അയക്കുകയും, അതു് തുറന്നുനോക്കി കുഞ്ഞിനെ കാണുകയും അതു് എബ്രായരുടെ കുഞ്ഞു് എന്നു് തിരിച്ചറിയുകയും ചെയ്യുന്നു. കരയുന്ന കുഞ്ഞിനു് മുലകൊടുക്കാന്‍ ഞാനൊരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെ എന്നു് അവന്റെ പെങ്ങള്‍ ചോദിക്കുകയും രാജകുമാരി അതിനു് അനുവാദം നല്‍കുകയും ചെയ്യുന്നു. അവള്‍ സ്വാഭാവികമായും കുഞ്ഞിന്റെ അമ്മയെത്തന്നെ കൊണ്ടുവരികയും, അവള്‍ കുഞ്ഞിനെ കൊണ്ടുപോയി കൂലിക്കു് വളര്‍ത്താനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നു. കുഞ്ഞു് വളര്‍ന്നപ്പോള്‍ അവള്‍ അവനെ കൊട്ടാരത്തില്‍ എത്തിക്കുകയും രാജകുമാരി “ഞാൻ അവനെ വെള്ളത്തിൽനിന്നു് വലിച്ചെടുത്തു” എന്ന അര്‍ത്ഥത്തില്‍ അവനു് മോശെ എന്നു് പേരിടുകയും ചെയ്യുന്നു. (“Der Mann Moses und die monotheistische Religion” എന്ന പുസ്തകത്തില്‍ മോശെ ഒരു ഈജിപ്ഷ്യന്‍ ആയിരുന്നു എന്നു് Sigmund Freud സ്ഥാപിക്കുന്നുണ്ടു്. അതു് മറ്റൊരു വിഷയം. അല്ലെങ്കില്‍ത്തന്നെ ഒരിക്കല്‍ പൊതുജനം ഒരു കാര്യം വിശ്വസിച്ചു് കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കുവേണം വിപരീതാഭിപ്രായങ്ങളും അവയെ സാധൂകരിക്കുന്ന പഠനങ്ങളുമൊക്കെ?)
ഇനി ഈ കഥ ഖുര്‍ആനില്‍ നിന്നും അതേപടി ക്വോട്ട് ചെയ്തതു്: “വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു. നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു.) മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്. എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല. മൂസായുടെ മാതാവിന്‍റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്.) അവള്‍ അവന്‍റെ (മൂസായുടെ) സഹോദരിയോട് പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന് അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല. അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും. അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.”
ബൈബിളില്‍ കുഞ്ഞിനെ ദത്തെടുക്കുന്നതു് ഫറവോയുടെ മകള്‍. ഖുര്‍ആനിലാകട്ടെ, ഫറവോയുടെ ഭാര്യയും! ബൈബിളില്‍ രാജകുമാരിയുടെ ദാസികളുടെ സ്ഥാനം ഖുര്‍ആനില്‍ “ഫിര്‍ഔന്‍റെ ആളുകള്‍” ഏറ്റെടുക്കുന്നു! ഫറവോയുടെ ആളുകള്‍ എന്നു് കാടടച്ചു് വെടിവച്ചാല്‍ അതില്‍ സ്വാഭാവികമായും ദാസികളും ഉള്‍പ്പെടുമല്ലോ. കാര്യങ്ങള്‍ കൃത്യമായി അറിയാത്തവര്‍ സാധാരണ സ്വീകരിക്കുന്ന രീതിയാണിതു്. ബൈബിളില്‍ നിന്നും വിഭിന്നമായി ഖുര്‍ആനില്‍, അമ്മ മുലയൂട്ടുന്നതിനു് മുന്‍പു് അന്യസ്ത്രീകള്‍ കുഞ്ഞിനു് മുലകൊടുക്കുന്നതിനു് അല്ലാഹു തടസ്സമുണ്ടാക്കുന്നുമുണ്ടു്. അല്ലാഹുവിന്റെ ഓരോരോ ഉത്തരവാദിത്തങ്ങള്‍!
ബൈബിളിലെയും ഖുര്‍ആനിലേയും ഈ ഭാഗങ്ങള്‍ തുടര്‍ന്നു് വായിച്ചാല്‍ മറ്റു് പല പൊരുത്തക്കേടുകളും കണ്ടെത്താം. ഒന്നുമാത്രം ഇവിടെ സൂചിപ്പിക്കുന്നു: ബൈബിള്‍ പ്രകാരം, ഒരു ഈജിപ്ഷ്യനെ കൊന്നതിന്റെ പേരില്‍ മിദ്യാനിലേക്കു് ഒളിച്ചോടുന്ന മോശെക്കു് അവിടെ അഭയം കൊടുക്കുന്നതു് റെഗൂവേല്‍ എന്ന പുരോഹിതനാണു്. അയാള്‍ക്കു് ഏഴു് പെണ്മക്കളാണുള്ളതു്. അതില്‍ സപ്പോറ എന്നവളെയാണു് പ്രത്യേക നിബന്ധനകള്‍ ഒന്നുമില്ലാതെതന്നെ റെഗൂവേല്‍ മോശെക്കു് ഭാര്യയായി നല്‍കുന്നതു്. ഖുര്‍ആന്‍ പ്രകാരം, മൂസക്കു് ‘മദ്‌യനില്‍’ സംരക്ഷണം നല്‍കുന്ന ‘വൃദ്ധനു്’ ഏഴല്ല, രണ്ടു് പെണ്മക്കളാണുള്ളതു്. തനിക്കുവേണ്ടി എട്ടുവര്‍ഷം (ഇനി പത്തുവര്‍ഷമായാലും പുള്ളിക്കു് എതിരൊന്നുമില്ല!) കൂലിവേല ചെയ്യണമെന്ന നിബന്ധനയിലാണു് അതിലൊരുത്തിയെ വിവാഹം ചെയ്തുകൊടുക്കാന്‍ ‘വൃദ്ധന്‍’ വാക്കുകൊടുക്കുന്നതും, മൂസ സമ്മതിക്കുന്നതും!
എന്തുകൊണ്ടു് ഈ വ്യത്യാസം എന്നറിയില്ല. ഒരു സാദ്ധ്യത: ഇസഹാക്കിന്റെ മകന്‍ യാക്കോബ് അപ്പന്റെ നിര്‍ദ്ദേശപ്രകാരം പെണ്ണുതേടി ചെന്നുപെട്ട (അവന്റെ ബന്ധുവായിരുന്ന) ലാബാനു് രണ്ടു് പെണ്മക്കളായിരുന്നു. ഇളയവള്‍ സുന്ദരിയായിരുന്ന റാഹേലും, മൂത്തവള്‍ “ശോഭ കുറഞ്ഞ കണ്ണുള്ള” ലേയയും. റാഹേലിനുവേണ്ടി ഏഴു് വര്‍ഷം ലാബാനെ സേവിച്ച യാക്കോബിന്റെ മണിയറയിലേക്കു് ലാബാന്‍ പക്ഷേ തള്ളി വിട്ടതു് ലേയയെ ആയിരുന്നു. രാത്രിയില്‍ എല്ലാ പൂച്ചകള്‍ക്കും ചാരനിറമായതിനാല്‍ നേരം വെളുത്തപ്പോഴാണു് യാക്കോബ് കാര്യമറിഞ്ഞതു്. മൂത്തവള്‍ നില്‍ക്കെ ഇളയവളെ കൊടുക്കുന്ന രീതി ഞങ്ങളുടെയിടയില്‍ ഇല്ലെന്നും, ഇനിയും ഏഴു് വര്‍ഷം കൂടി എന്നെ സേവിച്ചാല്‍ ഞാന്‍ റാഹേലിനെയും നിനക്കു് തരാമെന്നും ലാബാന്‍ പറഞ്ഞപ്പോള്‍ യാക്കോബ് സമ്മതിക്കുകയും, അങ്ങനെ വീണ്ടും ഏഴു് വര്‍ഷങ്ങള്‍ക്കു് ശേഷം റാഹേലിനെ അവന്‍ സ്വന്തമാക്കുകയും ചെയ്തു. ഒരുപക്ഷേ ഈ കഥയെങ്ങാനുമാവാം മൂസയുടെ കല്യാണക്കഥയില്‍ രണ്ടു് പെണ്മക്കളും, എട്ടോ (അല്ലെങ്കില്‍ പത്തോ!) വര്‍ഷങ്ങളും ആയി മാറിയതു്. ആര്‍ക്കറിയാം? അല്ലാഹുവിനറിയാം.