RSS

Daily Archives: Jan 16, 2022

പന്നിഹൃദയട്രാൻസ്പ്ലാന്റേഷനും കേരളവും!

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടേഴ്സ് ഒരു ഹൃദ്രോഗിയിൽ പറിച്ചുനട്ട വാർത്തയ്ക്കു് ശാസ്ത്രപ്രചാരകർ “കമ്മ്യൂണിസ്റ്റ്” കേരളത്തിൽ പബ്ലിസിറ്റി കൊടുക്കുന്നതൊക്കെ നല്ല കാര്യമാണു്.

പക്ഷേ, അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച ഒരു തീറ്റമത്സരത്തിൽ, ഒരുത്തൻ പത്തു് മിനിട്ടുകൊണ്ടു് 68 ചൂടൻപട്ടികളെ തിന്നുതീർത്തു് ചുണ്ടുതുടച്ച വാർത്ത യാതൊരുവിധ മനശ്ചാഞ്ചല്യവുമില്ലാതെ പ്രസിദ്ധീകരിച്ച, ദേശാഭിമാനിയായ ഒരു ദിനപത്രത്തിനു്, പിണുനിയന്ത്രിതമായ ഒരു മാക്രിസ്റ്റ് കണ്ണൂരിസ്റ്റ് കേൺമെന്റിനെ ഭൂരിപക്ഷത്തോടെ ജയിപ്പിച്ചുവിടാൻ അറപ്പോ ഉളുപ്പോ തോന്നാത്തവിധം സ്വാധീനിക്കാൻ കഴിയുന്നത്ര ചവറുവായനക്കാരുള്ള സംസ്ഥാനമായ കേരളത്തിലേക്കാണു് പന്നിഹൃദയട്രാൻസ്പ്ലാന്റേഷൻ പോലൊരു വാർത്ത സമ്പ്രേഷണം ചെയ്യുന്നതു് എന്നു് ശാസ്ത്രപ്രചാരകർ ഓർത്താൽ നന്നായിരിക്കും.

കേരളത്തിലെ ഓരോ പന്നിക്കൂടിന്റെ മുന്നിലും അടുത്തനാൾ മുതൽ “ഹൃദ്രോഗികൾക്കു് ഇവിടെ ദയവായി പന്നിഹൃദയം ട്രാൻസ്‌പ്ലാന്റ് ചെയ്തു് കൊടുക്കപ്പെടും” എന്ന ബോർഡുകൾ പ്രത്യക്ഷപ്പെടരുതല്ലോ!

ആ പന്നിവാർത്ത കേട്ടാൽ, വ്യവസായപ്രേമി, ജനനായക്, നവോത്ഥാൻ വീർ, പുരോഗമൻ ചോർ, ഫെമിനിസ്റ്റ് ഹീറോ, സാധുസംരക്ഷക്, അന്നദാതാവു്, കിറ്റ് ഡിസ്ട്രിബ്യൂറ്റർ, “കരീം” കാർ വാഹനൻ, അമേരിക്കൻ അങ്കിൾ ഇത്യാദി ഉന്നത അവാർഡുകൾ ലഭിച്ചിട്ടുള്ള സാക്ഷാൽ ഇരട്ടച്ചങ്കൻ സഖാവു് പിണറായി വിജയൻ, കേരളത്തിലുടനീളം പന്നിഹൃദയവ്യവസായം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അടുത്ത പത്രസമ്മേളനത്തിൽ ശക്തിയുക്തം ഘോരഘോരം നോക്കിവായിക്കും. എരിയുന്ന തീയ്യിൽ എണ്ണയൊഴിക്കുന്ന പിണുഅദ്ദ്യത്തിന്റെ നോക്കിവായനകൾക്കു് പ്രബുദ്ധകേരളത്തിൽ ഭീകരമായ ഇമ്പാക്റ്റുള്ളതിനാൽ, “ഹൃദ്രോഗികൾക്കു് ഇവിടെ ദയവായി നാടൻപന്നിഹൃദയം, കാട്ടുപന്നിഹൃദയം മുതലായ വ്യത്യസ്തയിനം പന്നിഹൃദയങ്ങൾ ട്രാൻസ്‌പ്ലാന്റ് ചെയ്തു് കൊടുക്കപ്പെടും” എന്ന ബോർഡുകൾ ആയിരക്കണക്കിനു്, ലക്ഷക്കണക്കിനു്, കേരളത്തിലെ പന്നിക്കൂടുകൾക്കുമുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. സിൽവർ ലൈൻ പോലെയാണു് പന്നിഹൃദയവ്യവസായത്തിന്റെ കാര്യവും. പോരാളി ഷഹായികൾ നിത്യേന സാക്ഷ്യപ്പെടുത്തുന്നതുപോലെ, ജനനായകൻ പറഞ്ഞാൽ പറഞ്ഞിരിക്കും. ജനനായകൻ വ്യവസായിച്ചാൽ വ്യവസായിച്ചിരിക്കും!

പോരെങ്കിൽ, “മനുഷ്യനാകണം നീ മനുഷ്യനാകണം, അതിനു് പന്നിയാകണം നീ പന്നിയാകണം, ആദ്യം പന്നിയാകണം, കാടൻ പന്നിയാകണം, നാടൻ പന്നിയാകണം” എന്നും മറ്റും മണിപ്രവാളത്തിൽ കവയ്ക്കുന്ന അത്യന്താധുനിക കവികൾ, വിപ്ലവരാമായണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു്, ആദ്ധ്യാത്മികമാർക്സിയൻ പരിപ്രേക്ഷ്യത്തിനു് പുതിയ അർത്ഥങ്ങളും ഭാവങ്ങളും മാനങ്ങളും മാനഭംഗങ്ങളും ബലാൽസംഗങ്ങളും ചമയ്ക്കുമ്പോൾ, കേരളത്തിലെ പന്നിഹൃദയവ്യവസായത്തിനു് അതൊരു ബൂസ്റ്റർ ഇഫക്റ്റ് കൂടി നൽകും!

കരിംഭൂതത്തെ കാരണഭൂതമാക്കിയ കാവ്യകുലപതികളുടെ, കവിശ്രേഷ്ഠന്മാരുടെ, “ജ്ഞാനപീഡകരുടെ” കളിയരങ്ങാണു് പ്രബുദ്ധകേരളം എന്ന യാഥാർത്ഥ്യം, മാക്രിസ്റ്റ് കംണിഷ്ട് കണ്ണൂരിസ്റ്റ് പാർട്ടിയുടെ പാട്രനേജിൽ വിരാജിക്കുകയും വിജൃംഭിക്കുകയും വിരേചിക്കുകയും ചെയ്യുന്ന ശാസ്ത്രസാഹിത്യപരിഷത്തുക്കളായ മഹാത്മാക്കൾ മറന്നാലും, ശാസ്ത്രമെന്നാൽ ശാസിക്കലല്ല, മുതുകിൽ മുൻവിധികളുടെ ഭാണ്ഡക്കെട്ടില്ലാത്ത, തലയിൽ ദൈവവിഗ്രഹങ്ങളുടെ ഭാരങ്ങളില്ലാത്ത, ലോജിക്കിലും റീസണിലും അധിഷ്ഠിതമായ അറിവുകൾ തേടിയുള്ള മനുഷ്യരാശിയുടെ അന്വേഷണങ്ങളുടെ ഒരു ഭാഗമാണു് എന്ന കേവലസത്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ശാസ്ത്രപ്രചാരകരെങ്കിലും മറക്കാതിരുന്നാൽ വേണ്ടില്ല.

 
Comments Off on പന്നിഹൃദയട്രാൻസ്പ്ലാന്റേഷനും കേരളവും!

Posted by on Jan 16, 2022 in Uncategorized