ജാതിയും മതവും വർണ്ണവും ഉണ്ടാക്കിയതു് ഈശ്വരനാണെന്നു് ചിലർ പറയുന്നുണ്ടെങ്കിലും ഭഗവദ്‌ഗീതയിൽ അങ്ങനെ പറയുന്നില്ലെന്നും, അവയുടെ കർത്താവായും തന്നെ അറിയണമെന്നേ പറയുന്നുള്ളുവെന്നും ശ്രീ രാധാകൃഷ്ണൻ. എങ്ങനെയുണ്ടു് അദ്ദേഹത്തിന്റെ വ്യാഖ്യാനം? ഒരുവൻ കുറെ കുഞ്ഞുങ്ങളെ വിളിച്ചു് തനിക്കുചുറ്റും കൂട്ടിയശേഷം “നിങ്ങളെയൊന്നും ഉണ്ടാക്കിയതു് ഞാനല്ല, പക്ഷേ, നിങ്ങൾ എന്നെ “അപ്പൻ” എന്നു് വിളിക്കണം, കാരണം ഞാൻ നിങ്ങളുടെ കർത്താവാണു്” എന്നു് പറയുന്നതിൽ കവിഞ്ഞ എന്തെങ്കിലും ഒരർത്ഥം ഈ വ്യാഖ്യാനത്തിനു് നൽകേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല. ഏഷ്യനും ആഫ്രിക്കനും യൂറോപ്യനുമായ ചർമ്മങ്ങൾക്കെല്ലാം അവയുടെതായ “വർണ്ണങ്ങൾ” ഉണ്ടു്. അതിന്റെ കാരണങ്ങൾ അതാതു് പ്രദേശങ്ങളിലെ ഭൂമിശാസ്ത്രത്തിലും കാലാവസ്ഥയിലുമൊക്കെയാണു് തേടേണ്ടതു്. ദൈവത്തിന്റെയോ മനുഷ്യന്റെയോ “ഇരുണ്ടതോ കറുത്തതോ വെളുത്തതോ” ആയ കരങ്ങൾ ഒരിക്കലും “വർണ്ണസൃഷ്ടിയുടെ” പിന്നിൽ ഏതായാലും പ്രവർത്തിച്ചിട്ടില്ല. പക്ഷേ, ഒരുവിഭാഗം മനുഷ്യർ, അവർക്കു് മനുഷ്യരുടെ വർണ്ണങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, “വർണ്ണവിവേചനം” എന്നൊരു തിന്മ പടച്ചുവിട്ടിട്ടുണ്ടു്. സവർണ്ണതയുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു കരുതിക്കൂട്ടിയുള്ള ആ സൃഷ്ടിയുടെ ലക്ഷ്യം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി അവർ ആദ്യമേതന്നെ സൃഷ്ടിച്ച ഈശ്വരനെ വർണ്ണഭേദങ്ങളുടെയും കർത്താവായി പ്രതിഷ്ഠിച്ചതും, പലവിധത്തിലുള്ള മുതലെടുപ്പുകൾ ലക്ഷ്യമാക്കി ജാതിയും മതവും അവയുടെ അവാന്തരവിഭാഗങ്ങളും സൃഷ്ടിച്ചു് മനുഷ്യമനസ്സുകളെ വിഷലിപ്തമാക്കിയതും മറ്റാരുമല്ല.
ജാതിയും മതവും വർണ്ണവും ഉണ്ടാക്കിയതു് ഈശ്വരനാണെന്നു് ഗീതയുടെ അടിസ്ഥാനത്തിൽ “ചിലർ” പറയുന്നതും, ഗീതയിൽ അങ്ങനെ പറയുന്നില്ലെന്നും, അവയുടെ കർത്താവായി തന്നെ അറിയണമെന്നേ “ഈശ്വരൻ” അതിൽ പറയുന്നുള്ളുവെന്നു് ശ്രീ രാധാകൃഷ്ണൻ പറയുന്നതും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ജീവിതത്തിൽ നിലവിലിരിക്കുന്ന അനീതികൾ ദൈവേഷ്ടമായി പ്രഖ്യാപിച്ചു് ന്യായീകരിക്കാൻ സാദാ വിശ്വാസിയും, ഏതു് ഗതികേടിൽ നിന്നും ദൈവത്തെ വാചകമടിവഴി മോചിപ്പിക്കാൻ താനൊരു വേദപണ്ഡിതനെന്നു് സ്വയം കരുതുന്ന “അസാദാ” വിശ്വാസിയും എപ്പോഴും ബദ്ധശ്രദ്ധനാണെന്നതിന്റെ മറ്റൊരു തെളിവു്, അത്രതന്നെ. കഴിഞ്ഞ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നതുപോലെ, ഈ രണ്ടു് പ്രസ്താവനകളും ഒരു കാരണവശാലും ഒരു ഈശ്വരനിൽ നിന്നും വരുന്നതല്ല എന്നതിനാൽ, ഇവ രണ്ടും യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത മാനുഷികമായ ജൽപനങ്ങൾ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഇല്ലാത്ത ഒരു ഈശ്വരനു് എന്തിന്റെയെങ്കിലും നിർമ്മാതാവു് താനാണെന്നോ, അവയുടെ “കർത്താവോ കർമ്മമോ ക്രിയയോ” ആയി മനുഷ്യർ തന്നെ അറിയണമെന്നോ പറയാനാവില്ല എന്നതുതന്നെ അതിന്റെ അടിസ്ഥാനകാരണം. തന്റെ കമ്പ്യൂട്ടർ ഉണ്ടാക്കിയതു് ദൈവമാണെന്നു് ഒരുത്തൻ കട്ടായമായി വിശ്വസിച്ചാൽ, അതൊരു തെറ്റായ വിശ്വാസമാണെന്നു് അവനെ മനസ്സിലാക്കാൻ ഒന്നോ രണ്ടോ വട്ടമൊക്കെ ശ്രമിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. എന്റെ കമ്പ്യൂട്ടർ ഉണ്ടാക്കിയതു് ദൈവമാണെന്നു് പറയുകയല്ല, അതിന്റെ കർത്താവായി ദൈവത്തെ അറിയുകയാണു് അവൻ അനുവർത്തിക്കേണ്ട ശരിയായ നടപടിക്രമം എന്നു് ശ്രീ രാധാകൃഷ്ണൻ പറഞ്ഞാലും അതിൽകൂടുതലൊന്നും ചെയ്യാനാവില്ല. വേണമെങ്കിൽ ആകെ ചെയ്യാൻ കഴിയുന്നതു്, ഇതുപോലുള്ള അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും ചിലന്തിവലകളിൽ ചെന്നുപെടാതിരിക്കാനായി, തലച്ചോറു് പൂർണ്ണമായും പണയം വച്ചിട്ടില്ലാത്ത മറ്റു് മനുഷ്യർക്കുവേണ്ടി വസ്തുതകൾ വിശദമാക്കാൻ ശ്രമിക്കുകമാത്രം. വേണ്ടവർക്കു് സ്വീകരിക്കാം, വേണ്ടാത്തവർക്കു് അവരുടെ വഴിയെ പോവുകയുമാവാം.
കൗരവർ തെറ്റുചെയ്ത പല സന്ദർഭങ്ങളിലും അവരെ പുറമെ നിന്നുള്ള ശത്രുക്കൾ ആക്രമിക്കാൻ എത്തിയപ്പോൾ പാണ്ഡവർ കുലധർമ്മത്തിന്റെ പേരിൽ സ്വന്തജീവൻ പണയം വച്ചും അവരെ രക്ഷപെടുത്തിയതു് ശ്രീ രാധാകൃഷ്ണൻ വരവുവയ്ക്കുന്നതു് ബയോളജിക്കൽ അൾട്രൂയിസത്തിന്റെ അക്കൗണ്ടിലേക്കാണു്. അക്രമി ശിക്ഷിക്കപ്പെടണമെന്ന നീതിബോധവും, അയാളെ രക്ഷിക്കണമെന്ന അൾട്രൂയിസവും തമ്മിലുള്ള സംഘർഷമാണത്രെ അർജ്ജുനന്റെ വിഷാദയോഗം! അൾട്രൂയിസവും നീതിബോധവും തമ്മിലുള്ള പോരിൽ നീതിബോധം ജയിക്കണമെന്നും, അത്തരം ജയങ്ങളിലൂടെയാണു് സംസ്കാരം ഉണ്ടാകുന്നതെന്നും ശ്രീ രാധാകൃഷ്ണൻ.
ഈഗോയിസം എന്ന വാക്കിന്റെ പ്രതിരൂപം എന്ന നിലയിലാണു് ഒഗ്യുസ്റ്റ് കോംറ്റിന്റെ (Auguste Comte) വകയായി അൾട്രുയിസം എന്ന വാക്കു് നിലവിൽ വന്നതു്. തനിക്കു് ഗുണത്തേക്കാളേറെ ദോഷം സംഭവിക്കുന്നതു് വകവയ്ക്കാതെ മറ്റൊരു വ്യക്തിക്കു് പ്രയോജനകരമായ രീതിയിലുള്ള ഒരു വ്യക്തിയുടെ പെരുമാറ്റമാണു് അൾട്രൂയിസം. അതായതു്, നിസ്വാർത്ഥമായ പെരുമാറ്റരീതി. എവൊല്യൂഷനറി ബയോളജിയിലെ അൾട്രൂയിസമെന്നതു്, അതിനു് സംഭവിക്കുന്ന നഷ്ടം കണക്കാക്കാതെ മറ്റു് ഓർഗനിസങ്ങൾക്കു് ലാഭമുണ്ടാകുന്ന വിധത്തിൽ ഒരു ഓർഗനിസം പെരുമാറുന്ന രീതിയാണു്. ആദ്യത്തേതിൽ നിന്നു് വ്യത്യസ്തമായി ഇവിടെ ലാഭനഷ്ടങ്ങളുടെയും ഗുണദോഷങ്ങളുടെയുമെല്ലാം മാനദണ്ഡമെന്നതു് പുനരുത്പാദന “സാദ്ധ്യത”യും (reproductive fitness) അതുവഴി ഉണ്ടാകാവുന്ന കുഞ്ഞുങ്ങളുടെ എണ്ണവുമായതിനാൽ, അൾട്രൂയിസ്റ്റിക് ആയ പെരുമാറ്റത്തിനു് ഒരു ഓർഗനിസം നൽകേണ്ടിവരുന്ന വില അതിനു് ജനിപ്പിക്കാൻ കഴിയുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വരാവുന്ന കുറവാണു്. അതേസമയം, അതിന്റെ ഈ പെരുമാറ്റം വഴി മറ്റു് ഓർഗനിസങ്ങൾക്കു് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനുള്ള സാദ്ധ്യത കൂടുകയും ചെയ്യുന്നു. മറ്റൊരുവനെ ബോധപൂർവ്വം സഹായിക്കുന്ന പെരുമാറ്റരീതിയായ മനുഷ്യരുടെയിടയിലെ അൾട്രൂയിസവും, ബോധപൂർവ്വം ചിന്തിക്കാനുള്ള ശേഷിയില്ല എന്നു് കരുതേണ്ടിയിരിക്കുന്ന വിവിധതരം ജീവികളിലും ചില ബാക്റ്റീരിയകളിൽ പോലും കാണാൻ കഴിയുന്ന ബയോളജിക്കൽ അൾട്രൂയിസവും ഒരേ അർത്ഥത്തിൽ കാണേണ്ടതല്ല. അതിനാൽ, അക്രമിയെ രക്ഷിക്കണമെന്ന ബയോളജിക്കൽ അൾട്രൂയിസവും അവനെ ശിക്ഷിക്കണമെന്ന നീതിബോധവും തമ്മിലുള്ള സംഘർഷമാണു് അർജ്ജുനന്റെ വിഷാദയോഗമെന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് ഒരു ശാസ്ത്രജ്ഞനു് യോജിച്ച “പെരുമാറ്റരീതി” ആണോ എന്നു് ചിന്തിക്കാനുള്ള ബാദ്ധ്യത ശ്രീ രാധാകൃഷ്ണനു് ഉണ്ടെന്നേ പറയാനുള്ളു.
മനസ്സിലുള്ള തിന്മയ്ക്കെതിരെ പൊരുതി ജയിക്കാൻ തുനിയാതെ ആദ്യമേതന്നെ ആയുധം വച്ചു് കീഴടങ്ങുന്നതുകൊണ്ടു് ഇക്കാലത്തു് മിക്കവർക്കും ഇത്തരമൊരു “വിഷാദയോഗം” ഉണ്ടത്രെ. ഇനി, ബയോളജിക്കൽ അൾട്രൂയിസം എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിച്ചതു് ഒരുപക്ഷേ മനുഷ്യരുടെ ഇടയിലുള്ള അൾട്രൂയിസം ആയിരിക്കാമെന്നു് ഒരുനിമിഷം കരുതിയാൽത്തന്നെ, അർജ്ജുനന്റെ മനസ്സിലെ നീതിബോധം പൊരുതിക്കൊണ്ടിരുന്നതു് അവനിലെതന്നെ അൾട്രൂയിസത്തിനു് എതിരെ ആയിരുന്നു എന്നേ അതിനർത്ഥം വരൂ. അതായതു്, ഇവിടെ അർജ്ജുനന്റെ നീതിബോധം നശിപ്പിക്കാൻ ശ്രമിക്കുന്നതു്, അഥവാ ഭഗവാന്റെ നിർദ്ദേശപ്രകാരം നശിപ്പിക്കാൻ അവൻ നിർബന്ധിതനാകുന്നതു്, അൾട്രൂയിസം എന്ന അവന്റെതന്നെ മനസ്സിലെ നിസ്വാർത്ഥതയെയാണു്. മറ്റുവിധത്തിൽ പറഞ്ഞാൽ, മനസ്സിലെ ഏതു് തിന്മയെ ആണോ ആയുധം വച്ചു് കീഴടങ്ങാതെ അതിനെതിരെ പൊരുതി ജയിക്കണമെന്നു് ഭഗവാന്റെ ഉപദേശത്തിന്റെ വെളിച്ചത്തിൽ ശ്രീ രാധാകൃഷ്ണൻ മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു്, ആ “തിന്മ” മനുഷ്യമനസ്സിലെ നിസ്വാർത്ഥതയാണു്! “നീതിബോധത്തിന്റെ വിജയത്തിനുവേണ്ടി നീ സ്വാർത്ഥനാകൂ” എന്നാണു് ഭഗവാനെ സാക്ഷിനിർത്തി ശ്രീ രാധാകൃഷ്ണൻ ലോകത്തോടു് ഉച്ചത്തിൽ വിളിച്ചുപറയുന്നതെന്നു് ചുരുക്കം! ഏതുവിധേനയും സ്വന്ത നിലപാടുകൾ സാധൂകരിക്കാനുള്ള ശ്രമത്തിൽ പൊരുത്തപ്പെടാത്ത ഉപമകളിൽ കയറിപ്പിടിച്ചാൽ ഉണ്ടാകാവുന്ന ഇണ്ടൽ!
ഈ വിശദീകരണങ്ങൾ പോരെന്നു് തോന്നിയതിനാലാവാം, “തിന്മയും നന്മയും” തമ്മിലുള്ള ഈ പൊരുതലിനെ ജീവശാസ്ത്രത്തിലെ പാരമ്പര്യവും വ്യതിയാനവും തമ്മിലുള്ള സംഘർഷമായിക്കൂടി ശ്രീ രാധാകൃഷ്ണൻ താരതമ്യപ്പെടുത്തുന്നു. ഇവിടെ വ്യതിയാനം, അഥവാ പരിണാമമാണു് നീതിബോധത്തിന്റെ സ്ഥാനം വഹിക്കുന്നതു്. വ്യതിയാനം പാരമ്പര്യത്തെ അതിജീവിക്കുമ്പോഴാണു് പരിണാമം സംഭവിക്കുന്നതെന്നും, നീതിബോധത്തിന്റെ പിറവിക്കു് അൽപം വേദന അനിവാര്യമായതിനാൽ അതിൽ സങ്കടപ്പെടേണ്ടതില്ലെന്നു് പറഞ്ഞാണു് ഗീതോപദേശം തുടങ്ങുന്നതുതന്നെയെന്നും ശ്രീ രാധാകൃഷ്ണൻ. ഗീതയിൽ അങ്ങനെ പറയുന്നുണ്ടെങ്കിലും, വ്യതിയാനങ്ങൾ നിയന്ത്രണാതീതമായി കാടുകയറിയേക്കുമോ എന്ന ഭയം മഥിക്കുന്നതിനാലാവാം, പരിണാമത്തെ പാരമ്പര്യത്തിന്റെ കടിഞ്ഞാണിൽ നിന്നും പൂർണ്ണമായും മോചിപ്പിക്കാൻ അദ്ദേഹം ധൈര്യപ്പെടുന്നില്ല. പ്രസവിച്ച ഒന്നാന്തരം ഒരു കുഞ്ഞിനോടൊപ്പം ജീവിതകാലം മുഴുവൻ മറുപിള്ളയെക്കൂടി ചുമന്നുകൊണ്ടു് നടക്കണം എന്ന പിടിവാശിപോലെ! വ്യതിയാനത്തിലൂടെ ഒരു വ്യവസ്ഥ നവീകരിക്കപ്പെടുമ്പോൾ അതിന്റെ നിയന്ത്രണത്തിനുള്ള പുതിയ കടിഞ്ഞാണുകളും അതിനോടൊപ്പം രൂപമെടുക്കുമെന്നും, അതിനു് ഏതു് സമയവും പൊട്ടാവുന്ന വിധം ദ്രവിച്ചുകഴിഞ്ഞ പഴയ കടിഞ്ഞാണുകൾ അല്ലെങ്കിൽത്തന്നെ അപര്യാപ്തമാണെന്നും എന്തുകൊണ്ടോ ആദ്ദേഹം ചിന്തിക്കുന്നില്ല. കാളവണ്ടിയുഗത്തിലെ നിയന്ത്രണോപാധികൾ റോക്കറ്റ് യുഗത്തിൽ പ്രയോജനരഹിതമായിരിക്കുമെന്നു് ഒരു ശാസ്ത്രജ്ഞനെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ ആരറിയാൻ?
നിസാരനായ മനുഷ്യനു് പ്രപഞ്ചതത്വങ്ങൾ അറിഞ്ഞു് പെരുമാറാനാവുമോ എന്ന ചോദ്യത്തിനു്, ടെലിസ്കോപ്പിലൂടെ കാണുന്ന അനന്തകോടി താരസമൂഹങ്ങളുടെയും സൗരയൂഥങ്ങളുടെയും വ്യാപ്തിയും വിസ്തൃതിയും കാണുമ്പോൾ വിശ്വത്തിന്റെ വലിപ്പം വ്യക്തമാകുമെന്നും, എങ്കിൽത്തന്നെയും മനുഷ്യൻ അത്ര നിസാരനല്ലെന്നും, മനുഷ്യനു് മാത്രമേ ഈ മഹാപ്രപഞ്ചത്തെ മുഴുവൻ ഒന്നായി സങ്കൽപിക്കാൻ കഴിയൂ എന്നതാണു് അവന്റെ വലിപ്പമെന്നും, അതുമാത്രമേ ഗീതയും പറയുന്നുള്ളു എന്നുമാണു് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടി. മനുഷ്യനു് പ്രപഞ്ചത്തെ മുഴുവൻ ഒന്നായല്ല, പ്രപഞ്ചത്തിനു് അതീതമായ കാര്യങ്ങൾ പോലും സങ്കൽപിക്കുന്നതിനു് പ്രയാസമൊന്നുമില്ല. (എന്താണു് സങ്കൽപത്തിൽ അവൻ “കണ്ടിരുന്നതു്” എന്നതു് മറ്റൊരു കാര്യം. അതു് മറ്റെന്തുതന്നെ ആയിരുന്നാലും, ഒരു കാരണവശാലും മനുഷ്യർ ടെലിസ്കോപ്പുകളിലൂടെ ഇന്നു് കാണുന്നതും മനസ്സിലാക്കുന്നതുമായ പ്രപഞ്ചമായിരുന്നില്ല എന്നു് ഉറപ്പായും പറയാം). അതുപോലുള്ള ഭാവനാസൃഷ്ടികൾക്കു് പ്രപഞ്ചതത്വങ്ങൾ അറിയണം എന്നൊരു നിർബന്ധവുമില്ലെന്നു് മാത്രമല്ല, പ്രപഞ്ചതത്വങ്ങളെ സംബന്ധിച്ചു് യാതൊരു അറിവും ഇല്ലാതിരിക്കുന്നതാണു് അനായാസമായും, വൈക്ലബ്യമില്ലാതെയും അതുപോലുള്ള സാങ്കൽപികസൃഷ്ടികൾ നടത്താനും അവ വസ്തുതായാഥാർത്ഥ്യങ്ങൾ ആയാലെന്നപോലെ പരസ്യമായി ലോകത്തോടു് വിളിച്ചുപറയാനും ഒരർത്ഥത്തിൽ നല്ലതു്.
ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു എന്നു് ബൈബിൾ. അർദ്ധജ്ഞാനികൾ ഭാഗ്യവാന്മാരാണെന്നൊരു പഴഞ്ചൊല്ല്. ആ സ്ഥിതിക്കു് അജ്ഞാനികൾ ഏറ്റവും കൂടുതൽ ഭാഗ്യം അനുഭവിക്കുന്നവരായിരിക്കണം. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരകനായ ദൈവത്തെ അറിയാൻ കഴിയുന്നതിനേക്കാൾ വലിയ പരമാനന്ദവും ഭാഗ്യവുമുണ്ടോ? ആ അർത്ഥത്തിൽ, വിശ്വാസസംബന്ധമായ ചർച്ചകളിൽ ദൈവത്തെ നേരിട്ടു് അറിയാവുന്നവർ എന്ന ഭാവത്തിലും ആധികാരികമായ രീതിയിലും ദൈവത്തെപ്പറ്റി സംസാരിക്കുന്ന താർക്കികരാണു് മഹാഭാഗ്യവാന്മാർ എന്നേ ചിന്തിക്കാനാവൂ. അതിനാൽ, പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എന്നോടു് ചോദിച്ചാൽ ഞാൻ പറയും: നിങ്ങൾ “ദൈവത്തെപ്രതി” ആദ്യം അജ്ഞരാവുക, പിന്നെ വിശ്വാസികളാവുക, അങ്ങനെ ഭാഗ്യവതികളും ഭാഗ്യവാന്മാരുമാവുക, അവസാനം ഒരു ബോണസ് എന്നോണം മരണാനന്തരം സ്വർഗ്ഗവും അവിടത്തെ നിത്യജീവനും, മാലാഖമാർ ഓരോ ദൈവമക്കൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം തയ്യാറാക്കുന്ന ഗാസ്ട്രോണോമിക് സ്പെഷ്യൽറ്റീസുമെല്ലാം സ്വന്തമാക്കുക!
ഹോ, അതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ എന്റെ വായിൽ നാലു് ടൈറ്റാനിക്കിനു് നിരന്നോടാവുന്ന സാഹചര്യമാണു്! ഒന്നാലോചിച്ചുനോക്കൂ! ശവമായി ശവക്കുഴിയിലും, ഭസ്മമായി “ഉടയതമ്പുരാനു്” മാത്രമറിയാവുന്ന മറ്റെവിടെയൊക്കെയോ ഒരുവക തിന്നാനില്ലാതെ, ആർക്കറിയാം, ഒരുപാടു് വർഷങ്ങളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമൊക്കെ കഴിഞ്ഞശേഷം ലഭിക്കുന്ന സ്വർഗ്ഗത്തിലെ വിഭവസമൃദ്ധമായ സദ്യ! അഞ്ചുകറിയും ഇഞ്ചിയും നാരങ്ങയും! പൊരിച്ച മീൻ വേണ്ടവർക്കു് പൊരിച്ച മീൻ. പൊരിച്ച തവളക്കാൽ വേണ്ടവർക്കു് പൊരിച്ച തവളക്കാൽ. അതും ജീവിതകാലത്തു് അനുഭവിച്ചിരുന്നതോ അനുഭവിക്കാൻ ആഗ്രഹിച്ചിരുന്നതോ ആയ രുചിയിൽ നിന്നും ഒരു “നുവാൻസ്” പോലും വ്യത്യാസമില്ലാതെ വളരെ ശ്രദ്ധാപൂർവ്വം പാകം ചെയ്തെടുക്കുന്ന എണ്ണമറ്റ വിഭവങ്ങൾ! ഈ സൗഭാഗ്യം എന്നേക്കുമായി നഷ്ടപ്പെടാതിരിക്കണമെന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും നിങ്ങൾ അറിവിന്റെ വൃക്ഷത്തിന്റെ ഫലം പറിച്ചു് തിന്നുകയോ, നിങ്ങളുടെ തലതെറിച്ച സന്തതികൾക്കു് അതിൽ നിന്നും ഒരു കഷണം പോലും തിന്നാൻ കൊടുക്കുകയോ ചെയ്യാതിരിക്കുക. അതു് തിന്നുന്ന നാളിൽതന്നെ നിങ്ങളും മക്കളും ചത്തൊടുങ്ങി പണ്ടാരമടങ്ങും. അത്തരക്കാർക്കു് വിധിച്ചിരിക്കുന്നതു് സ്വർഗ്ഗമല്ല, തെമ്മാടിക്കുഴിയാണു്. അതുകൊണ്ടു്, “വിഡ്ഢിയാവുക, വിശ്വാസിയാവുക” ഇതായിരിക്കട്ടെ നിങ്ങളുടെ മുദ്രാവാക്യം!
“കർത്താവിൽ” പ്രിയരായവരും, പോക്കറ്റിൽ പെഴ്സുള്ളവരുമായ ഇടവകാംഗങ്ങളേ, നിങ്ങൾക്കു് വായിക്കാൻ ക്ഷമയുണ്ടെങ്കിൽ, എങ്ങനെയാണു് ഈ മുദ്രാവാക്യത്തിൽ ഞാൻ എത്തിച്ചേർന്നതെന്നു്, എല്ലാം ചുരുക്കിപ്പറയുന്ന അഹംഭാവികളും, നിഷേധികളും, തേരട്ടകളും, പഴുതാരകളും, ദൈവദോഷികളും, അധികപ്രസംഗികളും, വിനയമില്ലാത്തവരുമായ (കൂടുതൽ വിശേഷണങ്ങൾ എഴുതണമെന്നുണ്ടു്, പക്ഷേ, ഭാഷാപരിമിതി!) നാസ്തികരിൽ നിന്നും വ്യത്യസ്തമായി, ഒരു “അയോട” പോലും, ചുരുക്കാതെ ഇവിടെ വിശദമാക്കാം. ഇടയലേഖനങ്ങൾ കേട്ടുകേട്ടു് ക്ഷമയുടെ നെല്ലിപ്പലകവരെ കണ്ടിട്ടും ഒരു മടിയുമില്ലാതെ കവലകളിലെ ഉപദേശികളുടെ സദാചാരപ്രസംഗങ്ങൾ കേൾക്കുന്നവരും, മലയാളം ചാനലുകളിലെ ചെളിവാരിയെറിയൽ ചർച്ചകൾ പതിവായി വീക്ഷിക്കുന്നവരും, രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനങ്ങൾ കണ്ണടച്ചു് വിശ്വസിക്കുന്നവരും, പിടക്കോഴിക്കു് നാളെ മുലവരുന്നതും, മറ്റന്നാൾ ദൈവപുത്രൻ കാഹളനാദത്തോടെ മേഘത്തിലേറി വരുന്നതുമെല്ലാം ആത്മാർത്ഥതയോടെ വിശ്വസിച്ചു് കാത്തിരിക്കുന്നവരുമാണു് നിങ്ങളെങ്കിൽ ഇതു് നിങ്ങൾക്കൊരു ചിന്നക്കാര്യമായിരിക്കേണ്ടതാണു്. ഇല്ലെങ്കിൽ, നിങ്ങൾക്കു് എവിടെയോ എന്തോ തകരാറുണ്ടെന്നു് കരുതുകയല്ലാതെ വേറെ നിവൃത്തിയില്ല.
ശ്രീബുദ്ധനെപ്പോലെ ബോധിവൃക്ഷത്തിനു് ചുവട്ടിൽ പത്മാസനത്തിൽ ഇരുന്നു് തപസ്സനുഷ്ഠിച്ചിട്ടോ, ഹിമാലയസാനുക്കളിൽ പോയി ശീർഷാസനത്തിൽ (ന്ന്വച്ചാൽ, തലകുത്തിനിന്നു് – കുരച്ചുകുരച്ചു് മലയലം പരയുന്നവർക്കും ഇങ്ങേർ എന്റാനു് ഈ പരയുന്നതെന്നു് പിറ്റികിറ്റണമല്ലോ. ധർമ്മപരിപാലകനായ ഒരു സദാചാരപോലീസായാൽ എവിടെയെല്ലാം ഒളിഞ്ഞുനോക്കണം, എന്തെല്ലാം ഉത്തരവാദിത്തങ്ങൾ വഹിക്കണം, ആരെയെല്ലാം തല്ലിക്കൊല്ലണമെന്റെ കർത്താവേ!) ഭജന “നിന്നിട്ടോ” ഒന്നുമല്ല എനിക്കു് ഈ ദിവ്യവെളിപാടു് ഉണ്ടായതു്. കർത്താവിനുവേണ്ടി നല്ല ഓട്ടം ഓടിയ വിശുദ്ധ പൗലോസ് ശ്ലീഹ വിശുദ്ധ വേദപുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന വിശുദ്ധ വേദവാക്യങ്ങളിൽ നിന്നുമാണു് ദൈവകൃപയാൽ എനിക്കീ ജ്ഞാനോദയം ഉണ്ടായതു്. അപ്പൊസ്തലനായ പൗലോസ് കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിലെ ഒന്നാം അദ്ധ്യായത്തിൽ നിന്നും ആ ദിവ്യവചനങ്ങളിൽ ഒരംശം ഞാനിവിടെ പകർത്തുന്നു: >>>”ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നെഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?<<< അടുത്ത വാചകം പ്രത്യേക ശ്രദ്ധയോടെ വായിക്കുക: >>>ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു് പ്രസാദം തോന്നി<<< – പൗലോസിന്റെ ഈ ജ്ഞാനവാദവാക്യത്തിന്റെ ചുരുക്കെഴുത്താണു് “വിഡ്ഢിയാവുക, വിശ്വാസിയാവുക” എന്ന മുദ്രാവാക്യം!
ദൈവികവെളിപാടു് ഉണ്ടാവണമെന്നു് ആഗ്രഹമുള്ളവർ ഭയഭക്തിബഹുമാനങ്ങളോടെ തലയിൽ മുണ്ടിട്ടുകൊണ്ടേ ഇതൊക്കെ വായിക്കാവൂ. അല്ലെങ്കിൽ വെളിപാടു് ഉണ്ടാവില്ലെന്നു് മാത്രമല്ല, പണ്ടൊരു കപ്യാരു് കുർബ്ബാനമദ്ധ്യേ സ്ഥലജലഭ്രമം മൂലം “അപ്പൊസ്തലനായ പൗലോസ് കോരമ്പടത്തിൽക്കാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ നിന്നും ആഹായ് ബാറെൿമോർ” എന്നു് വായിച്ചതുപോലെയാവും കാര്യങ്ങൾ. ഈ ലേഖനവായന ആ ഇടവകാംഗങ്ങളുടെയിടയിൽ, ബൈബിളിന്റെ കാലത്തു് സാധാരണമായിരുന്നതുപോലെ, വലിയോരു “കരച്ചിലിനും പല്ലുകടിയ്ക്കും” കാരണമാവുകയുണ്ടായി. പൗലോസ് “ആർക്കൊക്കെയോ എന്തൊക്കെയോ” എഴുതി അയച്ച കൂട്ടത്തിൽ കപ്യാരുടെ അയൽവാസികളായ കോരമ്പടത്തിൽക്കാർക്കും ഒന്നോ രണ്ടോ ലേഖനങ്ങളുടെ കോപ്പികൾ അയച്ചിരുന്നുവെന്നും, ഇറയിൽ സൂക്ഷിച്ചിരുന്ന ആ ചുരുളുകൾ പുരമേച്ചിലിന്റെ അവശിഷ്ടങ്ങൾ തീയിട്ടു് നശിപ്പിച്ച കൂട്ടത്തിൽ നഷ്ടപ്പെടുകയായിരുന്നു എന്നുമുള്ള ഇടവക ഇടയന്റെ വിദഗ്ദ്ധാഭിപ്രായമാണു് ഇടവകയിലെ ആടുകളെ മെത്രാൻകക്ഷി-ബാവാക്കക്ഷി മാതൃകയിലുള്ള ഒരു സത്യവിശ്വാസയുദ്ധത്തിൽ നിന്നും പിന്തിരിപ്പിച്ചതു്.
നമുക്കു് ശ്രീ രാധാകൃഷ്ണനിലേക്കു് മടങ്ങാം. “എവിടെയാണു് ശാസ്ത്രം തോൽക്കുന്നതും ഗീത ജയിക്കുന്നതും” എന്ന ചോദ്യത്തിനു് അദ്ദേഹം നൽകുന്ന മറുപടി അത്ഭുതാവഹമാണു്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നുവെന്നു് എല്ലാവർക്കുമറിയാമെന്നും, അതിന്റെ അളവു് നിർണ്ണയിക്കാൻ ശാസ്ത്രത്തിനാവുമെന്നും ശ്രീ രാധാകൃഷ്ണൻ സമ്മതിക്കുന്നു. എന്നാൽ, എന്തുകൊണ്ടു് അങ്ങനെ സംഭവിക്കുന്നു എന്നു് ചോദിക്കാൻ ഫിസിക്സിൽ ആവില്ലത്രേ! അങ്ങനെയൊരു ചോദ്യം ചോദിക്കരുതെന്നൊരു ഫത്വ ഫിസിക്സിലുണ്ടെന്നുണ്ടോ? അതുകൊണ്ടാവുമോ ഒരു ഫിസിസിസ്റ്റ് ആയ ശ്രീ രാധാകൃഷ്ണൻതന്നെ ആ ചോദ്യം ചോദിക്കാതിരുന്നതു്? അദ്ദേഹം തുടരുന്നു: “ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റാമെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തം ശരിയാണു്. എങ്കിലും ആപേക്ഷികതാസിദ്ധാന്തം ന്യൂക്ലിയർ സ്കെയിലിൽ മൈക്രോസ്കോപ്പിക്കായി അളക്കാനാവില്ല. അതുപോലെതന്നെ, ക്വാണ്ടം മെക്കാനിക്സിൽ മാക്രോസ്കോപ്പിക് അളവുകളും സാദ്ധ്യമല്ല. അടിസ്ഥാനബലങ്ങളെ ശാസ്ത്രം ഇതുവരെ ഏകീകരിച്ചിട്ടില്ല. ന്യൂട്ടന്റെ ഗുരുത്വാകർഷണവും എന്തുകൊണ്ടാണെന്നു് വിശദീകരിക്കപ്പെടുന്നില്ല. സൂര്യൻ ഇല്ലാതായാൽ പൊടുന്നനെ ഭൂമി ആകർഷണം നഷ്ടപ്പെട്ടു് അകന്നുപോകണം. എന്നാൽ പെട്ടെന്നു് സൂര്യൻ ഇല്ലാതായ വിവരം ഭൂമി അറിയണ്ടേ? അപ്പോൾ പ്രകാശത്തേക്കാൾ വേഗമേറിയ എന്തോ ഉണ്ടാവണമല്ലോ. അതു് ആപേക്ഷികതാ സിദ്ധാന്തം അംഗീകരിക്കുന്നില്ല”. അങ്ങനെ, ഇത്തരം തീക്ഷ്ണമായ വാദങ്ങളിലൂടെ “എന്തുകൊണ്ടു്, എന്തുകൊണ്ടു്, എന്തുകൊണ്ടു്?” എന്ന ചോദ്യങ്ങൾക്കൊന്നിനും ശാസ്ത്രത്തിനു് ഒരു മറുപടിയുമില്ലെന്നു് ഏകപക്ഷീയമായി സ്ഥാപിച്ചശേഷം, “സയൻസിനെക്കാൾ പ്രപഞ്ചരഹസ്യം പറഞ്ഞുതരാൻ ഗീതയ്ക്കു് സാധിക്കും” എന്ന ഒറ്റ പ്രഖ്യാപനത്തോടെ ശാസ്ത്രത്തെ അദ്ദേഹം തറപറ്റിച്ചു എന്നു് പറഞ്ഞാൽ മതിയല്ലോ.
ഇതെല്ലാം പറയുന്നതു് ഒരു ഫിസിസിസ്റ്റാണെന്നതു് മാത്രമേ അവിശ്വസനീയമായി തോന്നുന്നുള്ളു. ബ്ലോഗുലകത്തിലെ ദൈവപ്രതിനിധികൾ ആധുനികശാസ്ത്രതത്വങ്ങൾ മുഴുവൻ അതേപടി തങ്ങളുടെ വേദഗ്രന്ഥത്തിലൂടെ ദൈവം വെളിപ്പെടുത്തിയിട്ടുണ്ടെന്നു് സ്ഥാപിക്കാനായി ഖുർആൻ വലത്തോട്ടും, ബൈബിൾ ഇടത്തോട്ടുമൊക്കെ വായിക്കുന്നതു് കണ്ടിട്ടുണ്ടു്. ഇപ്പോൾ ഒരു ശാസ്ത്രജ്ഞൻ സയൻസ് ഇതുവരെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ “പ്രപഞ്ചരഹസ്യങ്ങൾ” ഗീതയിലുണ്ടെന്നു് സ്ഥാപിക്കാൻ മുകളിൽ നിന്നും താഴേക്കായിരിക്കുമോ വായിച്ചതു്? എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു പൊങ്ങച്ചക്കാരൻ ചേട്ടനുണ്ടായിരുന്നു. ഏകദേശം ഒരു രൂപയുടെ വലിപ്പമുള്ള ഒരു ചെറിയ ഡയറിയുടെ ഓരോ പേജുകൾക്കിടയിലും പുതിയ ഒറ്റരൂപാ നോട്ടുകൾ തിരുകലായിരുന്നു അങ്ങേരുടെ ഹോബി. പലചരക്കുകടയിൽ നിന്നും “അരക്കെട്ടു്” ബീഡിയോ മറ്റോ വാങ്ങിയാൽ, പണം കൊടുക്കുന്നതിനു് മുൻപു് “ഒറ്റ രൂപയായിട്ടില്ലല്ലോ” എന്ന കമന്റോടെ പുള്ളി ഡയറിയുടെ പേജുകൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും പലവട്ടം മറിച്ചുകൊണ്ടിരിക്കും. അവസാനം ഏതെങ്കിലും ഒരുരൂപ എടുത്തു് കൊടുക്കുകയും ചെയ്യും. “അപ്പൊ ആ ഇരിക്കുന്നതെല്ലാം ഒറ്റരൂപകളല്ലേ ചേട്ടാ” എന്നാരെങ്കിലും ചോദിച്ചാൽ, അങ്ങേർ വളരെ ഗൗരവത്തിൽ പറയും, “നീ ഒന്നുപോടാ അവിടന്നു്, അതെല്ലാം പത്തുരൂപാനോട്ടുകളാ”. ഏതാണ്ടു് അതുപോലെയാണു് വേദഗ്രന്ഥങ്ങളിൽ ആധുനികശാസ്ത്രം ഇതുവരെ കണ്ടെത്താത്ത രഹസ്യങ്ങൾ മുഴുവനും ഉണ്ടെന്ന അവകാശവാദം. വേദഗ്രന്ഥങ്ങളിൽ ഒരുപാടു് “പത്തുരൂപാനോട്ടുകൾ” ഉണ്ടെന്നു് വിശ്വാസികൾ അവകാശപ്പെടും. പക്ഷേ, അവയൊന്നും എടുത്തുകാണിക്കാൻ പറ്റിയ അവസ്ഥയിലല്ല. ഉണ്ടെന്നു് പറയാൻ ആർക്കുമാവുമെങ്കിലും, എടുത്തുകാണിക്കണമെങ്കിൽ ഉണ്ടാവുകതന്നെവേണം. അറിഞ്ഞുകഴിഞ്ഞ ശാസ്ത്രരഹസ്യങ്ങൾ ഇത്തിരി കഷ്ടപ്പെട്ടാൽ വിശ്വാസികളെ പറ്റിക്കാൻ പറ്റിയ വ്യാഖ്യാനങ്ങളാക്കി തട്ടിക്കൂട്ടാനായേക്കും. പക്ഷേ, ഉണ്ടായിരിക്കാൻ താത്വികമായി സാദ്ധ്യതയുള്ളവയെങ്കിലും ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കിത്താബിൽ ഉണ്ടെന്നു് പറയാൻ കഴിയുന്ന അത്ര എളുപ്പമല്ല, അവയെ വ്യാഖ്യാനിച്ചു് തടിതപ്പാൻ. സർവ്വജ്ഞാനിയായ ഒരു ദൈവത്തിന്റെ സ്വന്തക്കാർ എന്നു് വീമ്പിളക്കിയാലത്തെ ഗതികേടു്, അല്ലാതെന്തു് പറയാൻ? അറിയില്ലെന്നു് അംഗീകരിച്ചാൽ അതു് സർവ്വജ്ഞാനത്തിനു് നാണക്കേടു്, അറിയാമെന്നു് പറഞ്ഞാൽ അതു് തെളിയിക്കാനുള്ള വിവരക്കേടു്.
കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു്, അഥവാ, മാഗ്നെറ്റിക് ഫോഴ്സ് എന്നതു്, അറിയപ്പെടുന്ന നാലു് പ്രപഞ്ചശക്തികളിൽ ഒന്നായ എലക്ട്രോമാഗ്നെറ്റിക് ഫോഴ്സിന്റെ ഒരു ശാഖയാണു്. മറ്റൊരു പ്രപഞ്ചശക്തിയായ വീക് ഫോഴ്സും എലക്ട്രോമാഗ്നെറ്റിക് ഫോഴ്സും തമ്മിൽ എലക്ട്രോ-വീക് ഫോഴ്സ് എന്നപേരിൽ സംയോജിപ്പിക്കപ്പെട്ടതും അതിന്റെ പേരിൽ മൂന്നു് ശാസ്ത്രജ്ഞർ നോബൽ പ്രൈസ് നേടിയതുമൊന്നും ശ്രീ രാധാകൃഷ്ണന്റെ ലോകത്തിൽ എത്തിയില്ലെന്നുണ്ടോ? കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു് എന്തുകൊണ്ടെന്ന് ചോദിക്കാൻ ഫിസിക്സിൽ ആവില്ലത്രേ! അടിസ്ഥാനബലങ്ങളെ ശാസ്ത്രം ഇനിയും ഏകീകരിച്ചിട്ടില്ലത്രെ! എലക്ട്രോ-വീക് ഫോഴ്സിനോടു് മറ്റു് രണ്ടു് പ്രപഞ്ചശക്തികളായ സ്ട്രോംഗ് ഫോഴ്സും ഗ്രാവിറ്റേഷണൽ ഫോഴ്സും ചേർന്നു് ഒരൊറ്റ മൗലികശക്തിയാവാനുള്ള സാദ്ധ്യതയെ സംബന്ധിച്ചു് താത്വികമായിട്ടാണെങ്കിലും ചില കണക്കുകൂട്ടലുകളൊക്കെ നടന്നുകഴിഞ്ഞു എന്നതൊക്കെ ഒരു ഫിസിസിസ്റ്റ് ആയ ശ്രീ രാധാകൃഷ്ണൻ എന്തിനറിയണം? ബിരുദം ലഭിക്കുന്നതോടെ തീരുന്നതാണല്ലോ ഭാരതത്തിലെ മിക്കവാറും എല്ലാ അക്കാഡെമിക് എജ്യുക്കേഷനും! ആപേക്ഷികതാസിദ്ധാന്തത്തിൽ ന്യൂക്ലിയർ സ്കെയിലിൽ മൈക്രോസ്കോപ്പിക്കായും, ക്വാണ്ടം മെക്കാനിക്സിൽ മാക്രോസ്കോപ്പിക് ആയുമുള്ള അളവുകൾ സാദ്ധ്യമല്ലത്രെ! എന്തുകൊണ്ടാവില്ല, അല്ലെങ്കിൽ എത്രത്തോളം ആവും ഇതൊന്നും ശ്രീ രാധാകൃഷ്ണനെ ബാധിക്കുന്ന കാര്യങ്ങളല്ല. ഗീതയുടെ മുന്നിൽ എന്തു് ആപേക്ഷികതാസിദ്ധാന്തം? എന്തു് ക്വാണ്ടം മെക്കാനിക്സ്? പ്രപഞ്ചശക്തികളെപ്പറ്റി ചിലതു് ഇവിടെയും വായിക്കാം: സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ -2
ന്യൂട്ടന്റെ ഗുരുത്വാകർഷണത്തിൽ നിന്നൊക്കെ ലോകം ഒരുപാടു് മുന്നോട്ടുപോയതിനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്തപോലെയാണു് ശ്രീ രാധാകൃഷ്ണൻ ഓരോന്നു് തട്ടിമൂളിക്കുന്നതു്. സൂര്യൻ ഇല്ലാതായാൽ പൊടുന്നനെ ആകർഷണം നഷ്ടപ്പെടുന്ന ഭൂമിക്കു് “രണ്ടാം കെട്ടു് കെട്ടാനായി” പെട്ടെന്നുതന്നെ അകന്നുപോകേണ്ടതുണ്ടെന്നും, “ഇല്ലാതാവുന്ന” നിമിഷം സൂര്യൻ അയക്കുന്ന “SMS” പ്രകാശത്തിന്റേതിനേക്കാൾ കൂടിയ വേഗതയിൽ സഞ്ചരിച്ചാലല്ലാതെ വിവരം തൽക്ഷണം ഭൂമി അറിയുന്നതെങ്ങനെ എന്നും മറ്റും ഇത്തിരി ഭയപ്പാടോടുകൂടിത്തന്നെ ശ്രീ രാധാകൃഷ്ണൻ ചോദിക്കുന്നു. ചുറ്റിക്കാൻ സൂര്യന്റെ ആകർഷണമില്ലാത്തതിനാൽ ചുറ്റാനാവാതെ ഭൂമി ചുറ്റിപ്പോകില്ലേ എന്നാവാം അദ്ദേഹത്തിന്റെ ഭയം. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോയി നല്ല സ്പീഡിൽ പ്രദക്ഷിണം വച്ചിട്ടു് പെട്ടെന്നു് ചുറ്റൽ നിർത്തിയാൽ മനുഷ്യർക്കുപോലും തലചുറ്റും, പിന്നെയാണു് ഭൂമി! ശ്രീ രാധാകൃഷ്ണന്റെ ഭാവന കുച്ചിപ്പുടി ആടുന്നതു് ശ്രദ്ധിക്കൂ: യാതൊരു പ്രകോപനവുമില്ലാതെ, സൂര്യൻ ചുമ്മാ അപ്രത്യക്ഷമാവുന്നു, ചുറ്റാൻ എന്ന പേരിൽ ആരെയെങ്കിലും ചുറ്റിക്കാനാവാതെ ഭൂമി കറങ്ങിപ്പോകുന്നു! ഏതു് നിമിഷവും സംഭവിക്കാവുന്ന ഇതുപോലൊരു അപകടസന്ധിയിൽ പോലും പ്രകാശത്തിന്റേതിനേക്കാൾ ഇത്തിരിക്കൂടി കൂടിയ വേഗതയിൽ ഓടാൻ ആപേക്ഷികതാസിദ്ധാന്തം സിഗ്നലുകളെ അനുവദിക്കുന്നുമില്ല! അനാർക്കിസത്തിൽ പോലും കാണാൻ കഴിയാത്ത സൂര്യന്റെ ഈ തോന്നിയവാസത്തിനു് തന്നെ കിട്ടില്ലെന്നും, ഇതിനേക്കാൾ നന്നായി പ്രപഞ്ചരഹസ്യം പറഞ്ഞുതരാൻ ഗീതയ്ക്കു് സാധിക്കുമെന്നും പറഞ്ഞു് ശ്രീ രാധാകൃഷ്ണൻ തന്റെ വാസം അങ്ങോട്ടു് മാറ്റുന്നു! അല്ലെങ്കിൽത്തന്നെ സൂര്യനെ വിശ്വസിക്കാൻ പറ്റില്ല. ഏതെങ്കിലും ദൈവമോ, വാശിയുള്ള മനുഷ്യരോ ഒക്കെ “നിൽക്കവിടെ” എന്നു് കട്ടായമായിപ്പറഞ്ഞപ്പോഴെല്ലാം അങ്ങേർ നിന്നനിൽപിൽ അനങ്ങാതെ നിന്നിട്ടുണ്ടു്. ആ സമയത്തു് ഭൂമിയും മറ്റു് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നും പറയാതിരിക്കുകയാണു് ഭേദം. ഇങ്ങനെയൊക്കെയാണു് വിശ്വാസം പ്രവർത്തിക്കുന്നതു്. അടിസ്ഥാനരഹിതമായ ഇത്തരം മണ്ടത്തരങ്ങളെ പൂർണ്ണയാഥാർത്ഥ്യങ്ങൾ എന്ന രീതിയിൽ തികഞ്ഞ ഗൗരവത്തോടെ കാണുകകൂടി ചെയ്താൽ വിശ്വാസി എന്ന പട്ടം ലഭിക്കും. അത്ഭുതപ്പെടണ്ട, പട്ടാഭിഷേകം കഴിഞ്ഞവരിൽ എഞ്ചിനീയറിംഗിലും, മെഡിസിനിലും, ശാസ്ത്രവിഷയങ്ങളിലുമെല്ലാം ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ എടുത്തവർ പോലും ധാരാളമുണ്ടു്.
(തുടരും)