വാക്കുകളുടെ സങ്കലന-വ്യവകലനങ്ങള്‍ വഴി സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ സാധാരണഗതിയില്‍ സംഭവിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലാത്ത സങ്കല്‍പസൃഷ്ടികളെ മെനഞ്ഞെടുക്കാന്‍ മനുഷ്യനു് പ്രയാസമൊന്നുമില്ല. ഹിമാലയപര്‍വ്വതനിരകള്‍ക്കു് ചിറകുകള്‍ മുളച്ചു് പറന്നുയര്‍ന്നു് പസഫിക് സമുദ്രത്തില്‍ ചെന്നു് മുങ്ങിക്കുളിച്ചുവെന്നോ, മുങ്ങിച്ചത്തുവെന്നോ, വീണ്ടും ജീവിച്ചുവെന്നോ, അതിനുശേഷം സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ എവിടെയെങ്കിലും ചെന്നു് നാലോ നാല്‍പതോ തലയുള്ള ഒരു ദൈവമായി വാഴുന്നുവെന്നോ അതില്‍ കൂടുതലോ ഒക്കെ സങ്കല്‍പിക്കുവാന്‍ അല്‍പം ഭാവനാശേഷിയുണ്ടെങ്കില്‍ ആര്‍ക്കും കഴിയും. സ്വര്‍ണ്ണ ആപ്പിള്‍ തിന്നതുവഴി ഗര്‍ഭം ധരിച്ച യുവതികളും, സ്ത്രീരൂപം സ്വീകരിച്ചു് ഗര്‍ഭം ധരിച്ച പുരുഷദൈവങ്ങളും പുരാതനമതങ്ങളില്‍ വിരളമല്ലല്ലോ. കര്‍ത്തൃ-കര്‍മ്മ-ക്രിയാ-വിശേഷണങ്ങളുടെ ഭാവനാലോകത്തിലെ യഥേഷ്ടമായ ഒരു സമ്മിശ്രസമ്മേളനം മാത്രമാണിവിടെ സംഭവിക്കുന്നതു്. പദങ്ങളുടെ മുന്നറിവു് മാത്രം മുന്‍വിധിയായിട്ടുള്ള ഈ അത്ഭുതസൃഷ്ടികള്‍ക്കു് ദൈവങ്ങളുടെ പിന്‍ബലം കൂടിയുണ്ടെങ്കില്‍ അവ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത, പരിശുദ്ധവും പരിപാവനവുമായ പരമസത്യങ്ങളായി രൂപാന്തരപ്പെടുന്നതും സാധാരണമാണു്. വാക്കുകളുടെ എണ്ണമറ്റ സമ്മിശ്രണസാദ്ധ്യതകളില്‍ താത്വികതയുടെയും അനുഭവങ്ങളുടെയും തലങ്ങളില്‍ യുക്തിസഹമായി വിലയിരുത്തപ്പെടാന്‍ കഴിയാത്തവ അര്‍ത്ഥശൂന്യമായ ശബ്ദതരംഗങ്ങള്‍ മാത്രമേ ആവൂ.
എന്നേപ്പോലെതന്നെ രണ്ടുകാലില്‍ നടക്കുന്ന ഒരു മനുഷ്യന്‍, എനിക്കു് ഒരിക്കലും പൂര്‍ണ്ണമായ പ്രവേശനം സാദ്ധ്യമല്ലാത്ത അവന്റെ സാങ്കല്‍പികലോകത്തില്‍ മാത്രം നിലനില്‍ക്കുന്നതും, അവയുടെ ഏതെങ്കിലും വിധത്തിലുള്ള ഭൗതികനിലനില്‍പ്പു് എനിക്കു് വ്യക്തമാക്കിത്തരാന്‍ അവനു് കഴിയാത്തതുമായ കാര്യങ്ങള്‍ എന്നോടു് പറയുമ്പോള്‍ അവ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കുവാനുള്ള എന്തു് കടപ്പാടാണു് എനിക്കുള്ളതു്? കൊടിയ വേനലില്‍, നട്ടുച്ചയ്ക്കു് കഞ്ചാവിന്റെ ലഹരിയില്‍, വെള്ളപ്പൊക്കം സംഭവിക്കുന്നു എന്ന തോന്നലില്‍, ഉടുമുണ്ടഴിച്ചു് തലയില്‍ക്കെട്ടി തെരുവിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം നടന്നുനീങ്ങുന്ന ഒരുവനു് അവന്റെ ഈ മതിഭ്രമം മറ്റുള്ളവരും അംഗീകരിക്കണമെന്നു് ആവശ്യപ്പെടാന്‍ എന്തവകാശം? അവന്‍ പറയുന്നു എന്നതുകൊണ്ടു് വെള്ളപ്പൊക്കം എന്ന അവന്റെ മസ്തിഷ്കഭൂതം യാഥാര്‍ത്ഥ്യമാവുമോ? തീര്‍ച്ചയായും അതുപോലൊരു അനുഭവം അവന്റെ തലച്ചോറു് അവനില്‍ സൃഷ്ടിക്കുന്നുണ്ടാവാം. മാനസികവിഭ്രാന്തിയിലായിരിക്കുന്നിടത്തോളം ഈ വസ്തുത അവനെ മനസ്സിലാക്കാനുള്ള ഏതു് ശ്രമവും പരാജയപ്പെടുകയേയുള്ളുതാനും! മനുഷ്യഭാവനയ്ക്കു് അതിര്‍ത്തി സങ്കല്‍പിക്കുക സാദ്ധ്യമല്ല. മലയെ തലയില്‍ വഹിക്കുന്ന കുരങ്ങനെയോ, ആനയെ വിഴുങ്ങുന്ന കൊതുകിനെയോ, ഒറ്റമുണ്ടുമായി ഉടലോടെ ശൂന്യാകാശത്തിലേയ്ക്കു് പൊങ്ങിപ്പറന്നു് അപ്രത്യക്ഷമാവുന്ന മനുഷ്യനെയോ ഒക്കെ ഭാവനയില്‍ സൃഷ്ടിക്കുവാന്‍ കഞ്ചാവിന്റെയോ, മറ്റു് ലഹരിപദാര്‍ത്ഥങ്ങളുടെയോ സഹായം കൂടിയേ കഴിയൂ എന്നൊന്നുമില്ല. ഇന്ദ്രിയങ്ങള്‍ വഴി അറിയാനും, അനുഭവിക്കാനും കഴിയുന്ന വസ്തുക്കളെയും, വസ്തുതകളെയും വര്‍ണ്ണിക്കാന്‍ ഉപയോഗിക്കുന്ന അതേ വാക്കുകള്‍ തന്നെ അര്‍ത്ഥശൂന്യമായി കൂട്ടിയിണക്കി യഥാര്‍ത്ഥലോകത്തില്‍ യാതൊരുവിധ നിലനില്‍പ്പും അവകാശപ്പെടാനാവാത്ത സാങ്കല്‍പികസൃഷ്ടികള്‍ക്കു് രൂപം നല്‍കാന്‍ അല്‍പം ഭാവന മാത്രമേ വേണ്ടൂ.
ദൈവത്തെ ദൈവമാക്കുന്നതും, മനുഷ്യരെ വിശുദ്ധരും പാപികളുമാക്കുന്നതും, സ്വന്തജീവിതവും മറ്റുള്ളവരുടെ ജീവിതവും സ്വര്‍ഗ്ഗതുല്യമോ, നരകതുല്യമോ ആക്കി മാറ്റുന്നതുമൊക്കെ മനുഷ്യര്‍ തന്നെയല്ലാതെ മറ്റാരുമല്ല. വെള്ളപ്പൊക്കം, ഭൂമികുലുക്കം, ചുഴലിക്കാറ്റു് മുതലായ പ്രകൃതിക്ഷോഭങ്ങള്‍ മൂലം ആയിരക്കണക്കിനു് ആളുകള്‍ക്കു് അപകടവും മരണവും സംഭവിക്കുന്നതു് സാധാരണമായ ബംഗ്ലാദേശിലെ അക്ഷരാഭ്യാസമില്ലാത്ത അനേകരെ അപകടസമയത്തു് രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതു് എങ്ങനെയെന്നു് മനസ്സിലാക്കാനുതകുന്നവിധം പൊതുസ്ഥലങ്ങളിലെ മതിലുകളിലും മറ്റും ചിത്രങ്ങള്‍ വരച്ചു് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ച ഒരു അന്തര്‍ദേശീയസംഘടനയിലെ സാമൂഹ്യപ്രവര്‍ത്തകരെ ആട്ടിയോടിക്കുന്ന മതഭ്രാന്തന്മാരെ കാണിച്ചുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് ഒരിക്കല്‍ കാണുകയുണ്ടായി. അവരുടെ ദൈവത്തിനു് പ്രതിച്ഛായകള്‍ ഇഷ്ടമല്ല എന്ന കേട്ടുകേള്‍വിയോ, വിശ്വാസമോ മറ്റോ ആണത്രേ അവരുടെ ഈ കോപാവേശത്തിനു് കാരണം! പ്രകൃതിക്ഷോഭസമയത്തു്, സഹജീവികളുടെയും, ഈ വിഡ്ഢികളുടെയും, ജീവന്‍ രക്ഷിക്കേണ്ടതെങ്ങനെയെന്നു് മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരെ ആട്ടിയോടിക്കുന്നവരെപ്പറ്റി എന്തു് പറയാന്‍? ഈ സമൂഹദ്രോഹികളും മനുഷ്യര്‍ തന്നെ! (ദൈവനാമം ചൂണ്ടിക്കാണിച്ചു് മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ മടി കാണിക്കാത്തവരെ മനുഷ്യര്‍ എന്നു് വിളിക്കാമോ എന്നതു് മറ്റൊരു കാര്യം!) അക്ഷരാഭ്യാസമില്ലാതിരുന്നിട്ടും “അറിവിനെ വെറുക്കരുതു്” എന്നറിയാനെങ്കിലും മതിയായ സാമാന്യബോധമുള്ള പാവം മനുഷ്യരുടെ ജീവിതം വഴിമുട്ടിക്കാന്‍, കുറേ പഴഞ്ചന്‍ വേദവാക്യങ്ങളുടെ പേരില്‍ ജ്ഞാനികളായി ചമയുന്നവര്‍ ശ്രമിക്കുന്നതു് നിയമപരമായി നിരോധിക്കേണ്ടതും, ശിക്ഷാവിധേയമാക്കേണ്ടതും സമൂഹത്തിന്റെ പുരോഗതിക്കും, ബോധവല്‍ക്കരണത്തിനും അത്യാവശ്യമാണെന്നെനിക്കു് തോന്നുന്നു.
എഴുത്തും വായനയും അറിയാത്തവര്‍ക്കു് അവരുടെ ജീവിതത്തിനു് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ചിത്രങ്ങള്‍ പോലെയുള്ള മാധ്യമങ്ങള്‍ക്കു് ഒരു പ്രധാന പങ്കു് വഹിക്കാന്‍ കഴിയും. വിശ്വാസികള്‍ക്കു് ചെറിയ തോതിലെങ്കിലും ബൈബിള്‍ചരിതം മനസ്സിലാക്കിക്കൊടുക്കാന്‍ ക്രിസ്തുമതം ഈ മാര്‍ഗ്ഗം സ്വീകരിച്ചതിന്റെ തെളിവുകളാണു് പുരാതന ദേവാലയങ്ങളുടെ ഭിത്തികളിലേയും, മച്ചുകളിലേയുമൊക്കെ ചിത്രങ്ങള്‍ നല്‍കുന്നതു്. യൂറോപ്പിലെ ആദ്യകാലക്രിസ്ത്യാനികളില്‍ അധികവും സമൂഹത്തിലെ താഴേക്കിടയില്‍നിന്നുള്ള നിരക്ഷരരും അജ്ഞരുമായിരുന്നല്ലോ. യഹോവ തന്റെ പത്തുകല്‍പനകളില്‍ കര്‍ശനമായി നിരോധിച്ച സാദൃശവന്ദനം A. D. 787-ല്‍ നിഖ്യായില്‍ നടന്ന ഏഴാമത്തെ എക്യൂമെനിക്കല്‍ സുന്നഹദോസില്‍ വച്ചു് ക്രിസ്തീയസഭ ഔദ്യോഗികമായി പുനര്‍സ്ഥാപിക്കുകയായിരുന്നു. (ഇവിടെ ആരാണു് വലിയതു്? ദൈവമോ, മനുഷ്യരോ?) റോമന്‍ കത്തോലിക്കാസഭയും, കിഴക്കന്‍ ക്രിസ്തീയസഭകളും ഈ സുന്നഹദോസിനെ അംഗീകരിക്കുന്നു. (ഒരു വിഗ്രഹം ഉണ്ടാക്കരുതു്. മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കു് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു് – പുറപ്പാടു് 20: 4, 5). അതിലുപരി, മോശെയുടെ പ്രത്യേക താക്കീതും: “ഞാന്‍ നിങ്ങളോടു് കല്‍പിക്കുന്ന നിങ്ങളുടെ യഹോവയുടെ കല്‍പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു് കല്‍പിക്കുന്ന വചനത്തോടു് കൂട്ടുകയോ, അതില്‍നിന്നു് കുറയ്ക്കുകയോ ചെയ്യരുതു്”. – (ആവര്‍ത്തനം 4: 2) പക്ഷേ, മതാധികാരികളുടെ മുന്നില്‍ മോശെ ആരു്, യേശു ആരു്, സാക്ഷാല്‍ യഹോവ തന്നെ ആരു്?
അങ്ങനെ, യൂറോപ്യന്‍ പള്ളിച്ചുമരുകളിലെ ബൈബിള്‍ചിത്രങ്ങളിലൂടെ സെമറ്റിക് മുഖങ്ങള്‍ക്കു് യൂറോപ്യന്‍ മുഖച്ഛായ ലഭിച്ചു. എബ്രായര്‍ യൂറോപ്യന്‍ വേഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ലക്ഷോപലക്ഷം വെഞ്ചരിക്കപ്പെട്ട വെന്തിങ്ങകളിലൂടെ അവ ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടു. വിശ്വാസികളുടെ മനസ്സുകളില്‍ വിശുദ്ധരുടെ മുഖങ്ങള്‍ക്കു് വ്യക്തമായ രൂപങ്ങള്‍ ലഭിച്ചു. പള്ളികളിലും കപ്പേളകളിലും പുണ്യവാളന്മാരുടെ പ്രതിമകള്‍ ഉയര്‍ന്നു. മനഃപൂര്‍വ്വം പ്രചരിപ്പിക്കപ്പെട്ട കഥകളും കാവ്യങ്ങളും പുണ്യവാളന്മാരേയും അവരുടെ പ്രതിമകളേയും വിശുദ്ധിയുടെ പാരമ്യതയിലേക്കുയര്‍ത്തി. വിഗ്രഹങ്ങള്‍ ദൈവികമായി, ദൈവതുല്യമായി. പ്രതിമകളുടെ വിശുദ്ധിയുടെ മുന്നില്‍ ദൈവവചനങ്ങളുടെ വിശുദ്ധിയ്ക്കു് മങ്ങലേറ്റു. ഫറവോയുടെ കാലത്തെ ഏതോ മമ്മിയുടെ അസ്ഥിക്കഷണങ്ങള്‍ വരെ ഫ്രാന്‍സിലെ വിശുദ്ധയായ Joan of Arc-ന്റേതെന്ന പേരില്‍ അവരോധിക്കപ്പെട്ടു. വിശ്വാസിയെ അതിനുമുന്നില്‍ മുട്ടുകുത്തിച്ചു, ആരാധിപ്പിച്ചു; മനസ്സാക്ഷിക്കുത്തിന്റെ കണികപോലുമില്ലാതെ!
തന്‍കാര്യം നേടാനായി ദൈവത്തെയും, മതത്തെയും, വിശുദ്ധരെയുമൊക്കെ എക്കാലവും മനുഷ്യര്‍ കരുവാക്കിയിരുന്നു. വെട്ടിത്തിരുത്തലും, ചെത്തിച്ചുരുക്കലുമെല്ലാം സ്വന്തം താല്‍പര്യം സംരക്ഷിക്കാനുതകുന്ന കുറുക്കുവഴികളായി കരുതിയവര്‍, അവരുടെ കാര്യസാദ്ധ്യത്തിനു് തടസ്സം എന്നു് വരുന്നിടത്തു് ദൈവവചനങ്ങള്‍ സാദ്ധ്യമെങ്കില്‍ തിരുത്തിയെഴുതി, അല്ലെങ്കില്‍ മനുഷ്യര്‍ അവ മറക്കാന്‍ വേണ്ടി, മറക്കുമെന്ന പ്രതീക്ഷയില്‍ , മറച്ചുപിടിച്ചു. വിശുദ്ധി എന്നതു് മനുഷ്യനു് അടുക്കാനോ, അറിയാനോ അവകാശമില്ലാത്ത രഹസ്യമായി മുദ്രകുത്തപ്പെട്ടു. അതിനുവേണ്ടി, ആദ്യകാലങ്ങളില്‍ സാധാരണമനുഷ്യര്‍ വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുന്നതുപോലും നിരോധിക്കപ്പെട്ടു. നിരോധനം ലംഘിക്കുന്നവര്‍ സാമൂഹികതലത്തില്‍ സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ചു് ശിക്ഷിക്കപ്പെട്ടു. പറ്റുന്നിടത്തു് ഈ പഴയ തന്ത്രം പയറ്റാന്‍ ഇന്നും നേതാക്കള്‍ മടിക്കാറുമില്ല. മൂക്കില്ലാത്തിടത്തു് മുറിമൂക്കന്‍ രാജാവു്! (മുറിമൂക്കര്‍ തെറ്റിദ്ധരിക്കരുതു്. ഇതൊരു പഴഞ്ചൊല്ലുമാത്രമാണു്!) അങ്ങോട്ടുചെന്നു് തലകുനിച്ചില്ലെങ്കില്‍ ഉറക്കം കിട്ടാത്ത കുഞ്ഞാടുകള്‍ക്കു് ഒരിക്കലും പഞ്ഞം വരില്ല എന്നതിനാല്‍, ഇതിനൊരു ശാശ്വതപരിഹാരം സ്വപ്നം കാണുകയും വേണ്ട. മനുഷ്യന്‍ നിരുപാധികം അടിയറ പറയുന്നതാണത്രേ ദൈവസ്നേഹം! അപേക്ഷിക്കാനല്ലാതെ, അവകാശപ്പെടാന്‍ അധികാരമില്ലാത്ത അവസ്ഥ ഒരിക്കലും സ്നേഹമാവില്ല, അടിമത്തമേ ആവൂ.
ഒരു രസികന്‍ കുറെ ശുനകാസ്ഥികളെ പട്ടില്‍പ്പൊതിഞ്ഞു്, ഏതെങ്കിലും വിശുദ്ധന്റേതെന്ന പേരില്‍ എവിടെയെങ്കിലും പ്രതിഷ്ഠിച്ചാല്‍, അതിനു് മുന്‍പിലും ഓടിയെത്തി മുട്ടുമടക്കാന്‍ മടിക്കാത്ത Homo sapiens! കുറേ നാളത്തെ ശീലിക്കലിനുശേഷം അവന്‍ തന്നെ ഈ ശുനകരഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായാല്‍ ദൈവദൂഷണം എന്ന കുറ്റം ചുമത്തി അവനെ കല്ലെറിഞ്ഞുകൊല്ലാന്‍ വരെ അവര്‍ മടിക്കുകയുമില്ല! അതാണു് വിശ്വാസത്തിന്റെ മത്തു് തലയ്ക്കു് പിടിച്ചാലത്തെ അവസ്ഥ. ഭയമോ, ഭക്തിയോ മനസ്സിനെ കീഴടക്കി ഭരിക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തനക്ഷമമല്ല. കാര്യകാരണസഹിതം ചിന്തിക്കാന്‍ കഴിയണമെങ്കില്‍ – ടാഗോറിന്റെ സ്വപ്നം പോലെ – മനസ്സു് സ്വതന്ത്രമായിരിക്കണം, മനുഷ്യന്‍ നിര്‍ഭയനായിരിക്കണം. മതഭ്രാന്തന്മാരുമായോ, ചാവേറുകളുമായോ ഒരു logical discussion സാദ്ധ്യമാവാത്തതും അതുകൊണ്ടുതന്നെ! brain wash ചെയ്തു് നിര്‍ഭയമാക്കിത്തീര്‍ത്ത അസ്വതന്ത്രമനസ്സിന്റെ ഉടമകളാണവര്‍ . മുദ്രാവാക്യങ്ങളെ യുക്തികൊണ്ടു് നേരിടാനുള്ള ശ്രമം ആരംഭത്തിലേ ഉപേക്ഷിച്ചാല്‍ സമയവും, ക്ഷമയും ലാഭിക്കാം.