RSS

Daily Archives: Nov 25, 2007

യൂറോപ്യന്‍ ചിന്താസരണികളും ഭാരതവും – 1

ലോകപ്രസിദ്ധരായ എത്രയോ തത്വചിന്തകരും, ശാസ്ത്രജ്ഞരും, സാഹിത്യകാരന്മാരും, കലാകാരന്മാരും നൂറ്റാണ്ടുകളിലൂടെ പണിതുയര്‍ത്തിയ ഒരു വൈജ്ഞാനികസൗധം ഏതാനും വാചകങ്ങളിലൂടെ വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നതു് സാഹസമേ ആവൂ. ഈ ശ്രമം വഴി ഒരുപക്ഷേ എന്തെങ്കിലും സാധിക്കുമെങ്കില്‍ത്തന്നെ അതു് അവരുടെ ചിന്തകളുടെ ലോകത്തിലേക്കുള്ള വെറുമൊരു എത്തിനോട്ടം മാത്രമേ ആയിരിക്കുകയുള്ളു. ഏതൊരു എത്തിനോട്ടവും വീക്ഷകനു് നല്‍കുന്ന ചിത്രം അവന്റെ വീക്ഷണകോണുകള്‍ക്കു്, അഥവാ താല്‍പര്യങ്ങള്‍ക്കു് അനുസൃതമേ ആവൂ. ഒരു വ്യക്തിയുടെ പരിപ്രേക്‍ഷ്യത്തിന്റെ (perspective) രൂപീകരണപ്രക്രിയയില്‍ എത്രത്തോളം വിഭിന്നവും വ്യത്യസ്തവുമായ കാഴ്ചപ്പാടുകള്‍ സമന്വയിച്ചിട്ടുണ്ടോ, അത്രത്തോളം മാത്രം യാഥാര്‍ത്ഥ്യങ്ങളുമായി അടുത്തു് നില്‍ക്കുന്നതാവാനേ അവന്റെ ദര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും കഴിയുകയുള്ളു. സ്വന്തം നിലപാടു് മാത്രമാണു് ശരിയെന്ന തെറ്റായ ധാരണ പ്രതിസന്ധിയിലേ അവസാനിക്കൂ. മറ്റുള്ളവരുടെ നിലപാടുകള്‍ അവരുടെ കാഴ്ച്പ്പാടിലൂടെ മനസ്സിലാക്കുന്നതുവഴി വിപരീതചിന്തകളോടു് ബഹുമാനവും സഹിഷ്ണുതയും പ്രകടിപ്പിക്കുവാന്‍ മനുഷ്യനു് കഴിയണമെങ്കില്‍ അതിനു് അനുയോജ്യമായ മാനസികവളര്‍ച്ച അവനു് ഉണ്ടായിരിക്കണം. മറ്റൊരു മനുഷ്യനിലെ ആന്തരമൂല്യങ്ങള്‍ തിരിച്ചറിയുവാന്‍ ഒരു ചെറിയ അംശമെങ്കിലും ആന്തരമൂല്യങ്ങള്‍ സ്വന്തമായി ഇല്ലാത്തവനു് കഴിയുകയില്ല. അധികപങ്കു് മനുഷ്യരും ഏതെങ്കിലുമൊരു വിഷയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന താത്‌പര്യം അതുവഴി അവര്‍ക്കു് പ്രത്യക്ഷമായോ പരോക്ഷമായോ ലഭിച്ചേക്കാവുന്ന പ്രയോജനത്തിന്റെ ഏറ്റക്കുറച്ചിലുകളില്‍ അധിഷ്ഠിതമായിരിക്കും. ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെ ചിന്തയുടെ തലങ്ങളില്‍ അന്ധ-ബധിര-മൂകരായി കൂട്ടത്തില്‍ ഓടുവാന്‍ മനുഷ്യര്‍ പൊതുവേ തയ്യാറായതിന്റെ കാരണവും മറ്റൊന്നല്ല. ഏതെങ്കിലും തത്വശാസ്ത്രങ്ങളേയോ വിശ്വാസസത്യങ്ങളേയോ അന്ധമായി അനുഗമിക്കാനോ അനുകരിക്കാനോ ഉള്ള യാതൊരു ബാദ്ധ്യതയും ഒരു മനുഷ്യനും ഇല്ല എന്ന സത്യം വിളിച്ചുപറഞ്ഞുകൊണ്ടു് മനുഷ്യമനസ്സിനെ സ്വതന്ത്രമാക്കുകയും, വ്യക്തിയെ മനുഷ്യാന്തസ്സിനു് അനുസൃതമായ പദവിയിലേക്കു് പിടിച്ചുയര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തതാണു് യൂറോപ്യന്‍ സംസ്കാരത്തിന്റെ പ്രധാന നേട്ടം. പാശ്ചാത്യസംസ്കാരത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതിലൂടെ ഭാരതീയരായ നമുക്കു് ഒരുപക്ഷേ നേടുവാന്‍ കഴിയുന്നതു്, എന്റെ അഭിപ്രായത്തില്‍, നമ്മുടെ സ്വന്തം സമൂഹത്തിന്റെ ബാഹ്യവും ആന്തരികവുമായ ജീര്‍ണ്ണത ഉള്‍ക്കൊള്ളുവാന്‍ ഉതകുന്ന മറ്റൊരു കാഴ്ചപ്പാടു് അതുവഴി നമ്മില്‍ രൂപമെടുത്തേക്കാം എന്നതാണു്. അറിവിലൂടെയും അനുഭവങ്ങളിലൂടെയും സമ്പാദിച്ച വിശാലവീക്ഷണശേഷി മൂലം മാത്രമേ മാനസികമായി വളരുവാന്‍ ഏതൊരു മനുഷ്യനും കഴിയൂ. ആരംഭത്തില്‍നിന്നും വീണ്ടും വീണ്ടും ആരംഭിക്കേണ്ടിവരാതിരിക്കാനും, അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ട അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും മനുഷ്യബുദ്ധിയുടെ ഇതുവരെയുള്ള നേട്ടങ്ങളും കോട്ടങ്ങളും എന്തെന്നു് ഒരുവന്‍ മനസ്സിലാക്കിയിരിക്കണം. കഴിഞ്ഞ കാലഘട്ടങ്ങളില്‍ അങ്ങേയറ്റം വ്യത്യസ്തമായ മാനവസാംസ്കാരികമേഖലകളെ വിഭിന്ന നിലപാടുകളില്‍ നിന്നുകൊണ്ടു് അറിയാനും അപഗ്രഥനം ചെയ്യാനും ശ്രമിച്ച വിവിധ പ്രതിഭാശാലികളും, ബുദ്ധിജീവികളും, മനുഷ്യസ്നേഹികളും അവരുടെ കാലഘട്ടങ്ങള്‍ക്കു് നേടിക്കൊടുത്ത വൈജ്ഞാനികവും, സാംസ്കാരികവുമായ സമ്പത്തിനെക്കുറിച്ചുള്ള ഒരു ആകമാനധാരണയെങ്കിലും ഉണ്ടാവാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനില്‍ക്കുന്ന മനുഷ്യബുദ്ധിക്കു് അനുസൃതമായ ഒരു മാനസിക വിപുലീകരണം സാദ്ധ്യമാവുകയില്ല.

Encyclopaedia Britannica സാഹിത്യത്തിനു് ഇങ്ങനെയൊരു നിര്‍വ്വചനം നല്‍കുന്നു: “As an art, literature is the organization of words to give pleasure: through them it elevates and transforms experience, through them it functions in the society as a continuing symbolic criticism of values”. സാഹിത്യസ്രഷ്ടാവു് തന്റെ സൃഷ്ടിയില്‍ അണിനിരത്തുന്ന പദങ്ങളിലൂടെ അനുവാചകനില്‍ ആനന്ദാനുഭവം ഉജ്ജീവിപ്പിക്കപ്പെടുന്നു; അനുഭവങ്ങള്‍ക്കു് ആരോഹണവും രൂപാന്തരീകരണവും സംഭവിക്കുന്നു. അതുപോലെതന്നെ, സമൂഹത്തിലെ മൂല്യങ്ങളോടുള്ള പ്രതീകാത്മകവും നിരന്തരവുമായ വിമര്‍ശനനിര്‍വ്വഹണവും സാഹിത്യത്തിന്റെ നിര്‍വ്വചനപരിധിയില്‍ പെടുന്നു. നിലവിലിരിക്കുന്ന സാമൂഹികമൂല്യങ്ങളെ വിമര്‍ശിക്കേണ്ടിവരുന്നതു് എന്തുകൊണ്ടു്? അതിന്റെ മറുപടി പ്രപഞ്ചസ്വഭാവമായ പരിണാമത്തില്‍, അഥവാ ചലനാത്മകതയില്‍ അന്തര്‍ലീനമാണു്. പ്രപഞ്ചത്തിനു് അതീതമായ യാതൊരു ശക്തിയുടെയും നിയന്ത്രണത്തിനു് കീഴ്‌പ്പെടാതെ, സ്വയംപ്രേരിതമായി നിരന്തരം സംഭവിക്കുന്ന പ്രപഞ്ചപരിണാമം പ്രകൃതിയേയും, ഈ പ്രപഞ്ചത്തിന്റെ ഒരു നിസ്സാര അംശം മാത്രമായ മനുഷ്യനേയും തിരുത്താനാവാത്ത പുതുക്കലുകള്‍ക്കു് വിധേയമാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഭൂതകാലം ഭാവിക്കുവേണ്ടി, പഴയതു് പുതിയതിനുവേണ്ടി, വാര്‍ദ്ധക്യം ബാല്യത്തിനുവേണ്ടി, കാലഹരണപ്പെട്ട ശരികള്‍ കാലാനുസൃതമായ ശരികള്‍ക്കുവേണ്ടി വഴിമാറേണ്ടി വരുന്നു. മാറിമാറിവരുന്ന മുഖച്ഛായ പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രപഞ്ചത്തില്‍ ശാശ്വതമായ യാതൊന്നുമില്ല എന്നതുമാത്രമാണു് “ശാശ്വതമായ അറിവു്” എന്നു് പറയാമെന്നു് തോന്നുന്നു. പ്രപഞ്ചം അതില്‍ത്തന്നെ (പ്രപഞ്ചബാഹ്യമായി മാത്രം നിശ്ചയിക്കപ്പെടാന്‍ കഴിയുന്ന) പരിണാമങ്ങള്‍ക്കു് വിധേയമാണോ എന്നറിയാത്തിടത്തോളം, പ്രപഞ്ചം പോലും ശാശ്വതമാണെന്നു് വിധിയെഴുതാനാവില്ല. മനുഷ്യമനസ്സിന്റെ സ്വാഭാവികവളര്‍ച്ചയുടെ ആകെത്തുകയാണു് സംസ്കാരം. സംസ്കാരത്തിന്റെ തെളിവും ബാദ്ധ്യതയുമാണു് മൂല്യവിമര്‍ശനം. നിശ്ചലതയല്ല, ചലനമാണു്, അഥവാ നിരന്തരമായ ഒഴുക്കാണു് പ്രപഞ്ചത്തിന്റെ അന്തസ്സത്തയെന്നതു് ഒരു പുതിയ അറിവല്ല. “ഒരേ പുഴയില്‍ രണ്ടുപ്രാവശ്യം ഇറങ്ങുവാന്‍ ആര്‍ക്കും കഴിയില്ല” എന്ന സാമാന്യസത്യം ഏകദേശം രണ്ടായിരത്തിയഞ്ഞൂറു് വര്‍ഷങ്ങള്‍ക്കു് മുന്‍പുതന്നെ ഗ്രീക്ക്‌ തത്വചിന്തകനായിരുന്ന ഹിറാക്ലൈറ്റസ്‌ മനുഷ്യരെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.

അവിടെയെവിടെയോ ആയിരുന്നു ആരംഭം. B. C. 800-നും 200-നും ഇടയില്‍ സംഭവിച്ച മനുഷ്യചേതനയുടെ ഉണര്‍ച്ചയുടെ ഭാഗമായി ഗ്രീസിലും, ഇറാനിലും, ചൈനയിലും, ഭാരതത്തിലുമൊക്കെ ജന്മമെടുത്ത മഹാത്മാക്കള്‍! ഹോമര്‍, സാരതൂസ്ത്ര, കണ്‍ഫൂഷ്യസ്‌, ശ്രീബുദ്ധന്‍! മനുഷ്യമനസ്സ്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു. പില്‍ക്കാലങ്ങളില്‍ അദ്ധ്യാത്മികതയുടെ അതിപ്രസരത്തില്‍ അന്തംവിട്ടു് ഭാരതീയന്‍ ആരണ്യങ്ങളിലെ അന്ധകാരങ്ങളില്‍ അഭയവും, “ഔഷധഗുണമുള്ള” ചെടികളില്‍ ആശ്വാസവും തേടി തന്നിലേയ്ക്കു് തന്നെ തിരിഞ്ഞു് തപസ്സില്‍ മുഴുകിയപ്പോള്‍ പാശ്ചാത്യസംസ്കാരത്തിനു് ഹരിശ്രീ കുറിച്ചുകൊണ്ടു് രൂപമെടുത്ത ഗ്രീക്ക്‌ തത്വചിന്ത മനുഷ്യന്റെ യുക്തിബോധത്തിനു് പുതിയ മാനങ്ങള്‍ നേടിക്കൊടുക്കുകയായിരുന്നു. ഒരിക്കലും തിരിച്ചുവരാനാവാത്ത നിമിഷങ്ങളെ എന്നേക്കുമായി പുറകോട്ടു് തള്ളിമാറ്റിക്കൊണ്ടു് പ്രപഞ്ചം പുതിയ പുതിയ രൂപങ്ങളും ഭാവങ്ങളും തേടുമ്പോള്‍, ഒരു ജനവിഭാഗത്തിന്റെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയുടെ ഭാഗമായി, ചില കാലഘട്ടങ്ങളില്‍ , അനുസ്യൂതവും അസഹ്യവുമായ അസ്തിത്വദാഹങ്ങളേയും, വിശപ്പിന്റെ വിളികളേയും, ബന്ധങ്ങളുടെ ബന്ധനങ്ങളേയുമെല്ലാം മറികടന്നുകൊണ്ടും മറന്നുകൊണ്ടും മനുഷ്യന്റെ ചിന്താശേഷിയില്‍ അന്തര്‍ലീനമായ വിജ്ഞാനതൃഷ്ണ അതുവരെ അജ്ഞാതമായിരുന്ന കാഴ്ചപ്പാടുകളിലൂടെ അവനേയും അവനു് ചുറ്റുമുള്ള ലോകത്തേയും നോക്കിക്കാണുവാനും മനസ്സിലാക്കുവാനും അവനെ നിര്‍ബന്ധിക്കുന്നു. അതുവഴി അവനു് സ്വായത്തമാക്കാന്‍ കഴിയുന്ന പരിജ്ഞാനം സ്വന്തം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയും, ജീര്‍ണ്ണതയും അവനു് വെളിപ്പെടുത്തിക്കൊടുക്കുമ്പോള്‍ അതവനെ ശ്വാസം മുട്ടിക്കുന്നു. സ്വന്തം സമൂഹത്തില്‍ നടമാടുന്ന അനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടുവാനും, അതിനു് കാരണഭൂതമായി സമൂഹത്തില്‍ നിലവിലിരിക്കുന്ന മൂല്യങ്ങളേയും വ്യവസ്ഥിതികളേയും വിമര്‍ശിക്കുവാനും എതിര്‍ക്കുവാനും മനുഷ്യന്‍ ധൈര്യം കാണിക്കുന്നു. സ്വാര്‍ത്ഥതാല്‍പര്യ സംരക്ഷണാര്‍ത്ഥം സമൂഹത്തെ ചൂഷണം ചെയ്തു് ജീവിക്കുന്ന ഒരു ന്യൂനപക്ഷം, അവര്‍തന്നെ രൂപംകൊടുത്തു് കൈവശം വച്ചിരിക്കുന്ന നിയമാധികാരവും ശിക്ഷാധികാരവും ഉപയോഗിച്ചു് അവനെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നു. ഈ സമരത്തില്‍ സമൂഹം ഏതു് പക്ഷത്തിനു് പിന്തുണ നല്‍കുന്നു എന്നതു് ആ കാലഘട്ടത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുവാന്‍ എത്രത്തോളം ആ സമൂഹത്തിനു് കഴിഞ്ഞിട്ടുണ്ടു് എന്നതിനെ ആശ്രയിച്ചിരിക്കും. മാറ്റങ്ങളിലൂടെയുള്ള നവീകരണത്തിനുനേരെ ഒരു സമൂഹം പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും സന്നദ്ധതയും ആ സമൂഹത്തിലെ അംഗങ്ങള്‍ക്കു് അതുവരെ നേടിയെടുക്കാന്‍ കഴിഞ്ഞ ബൗദ്ധികവും സാംസ്കാരികവുമായ നിലവാരത്തില്‍ അധിഷ്ഠിതമായിരിക്കും.

അതുപോലുള്ള സാമൂഹികസമരങ്ങളുടെ, സാമ്പത്തികത്തില്‍ അധിഷ്ഠിതമായ ഒരു മുഖം മാത്രമാണു് കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ കാര്‍ള്‍ മാര്‍ക്സ്‌ വര്‍ണ്ണിക്കുന്ന വര്‍ഗ്ഗസമരം. മാര്‍ക്സ്‌ രൂപീകരിക്കുന്നു: “ഇതുവരെയുള്ള സമൂഹത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്.” ഉടുതുണിക്കു് മറുതുണിയില്ലാതെ, മുഴുപ്പട്ടിണിയോടു് മല്ലടിച്ചു് പ്രഭുക്കളും ഭൃത്യരുമില്ലാത്ത ഒരു ലോകം സൃഷ്ടിക്കുവാന്‍ ശ്രമിച്ച കാര്‍ള്‍ മാര്‍ക്സ്‌! പക്ഷേ, കമ്മ്യൂണിസം എന്ന സ്വപ്നം യൂറോപ്പില്‍ പരാജയപ്പെടുകയായിരുന്നു. സ്ഥിതിസമത്വം പോയിട്ടു് അവസരസമത്വം പോലും വെറും സ്വപ്നമായി അവശേഷിച്ചപ്പോള്‍ രക്തച്ചൊരിച്ചിലുകളിലൂടെ മൂലധനമേധാവിത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു എന്നു് വ്യാമോഹിച്ച യൂറോപ്യന്‍ കമ്മ്യൂണിസം സ്വന്തം പാര്‍ട്ടിനേതൃത്വത്തിന്റെ മേല്‍ക്കോയ്മയ്ക്കും ചൂഷണത്തിനുമെതിരായി വീണ്ടും രക്തം ചിന്താന്‍ തയ്യാറാകേണ്ടി വരികയായിരുന്നു. തൊഴിലാളിയും തൊഴിലുടമയുമെന്ന രണ്ടുവര്‍ഗ്ഗം മാത്രമല്ല, ഒരോ മനുഷ്യനും അവന്‍ മാത്രമുള്‍ക്കൊള്ളുന്ന ഒരു വര്‍ഗ്ഗമാണെന്നുള്ള സത്യം മനസ്സിലാക്കാന്‍ മാര്‍ക്സിനു് കഴിയാതെ പോയതാവാം ഒരുപക്ഷേ അതിന്റെ കാരണം എന്നു് തോന്നുന്നു.

ഓരോ വ്യക്തിയും എന്തുവിലകൊടുത്തും പൊരുതി ജയിക്കാന്‍ ബദ്ധപ്പെടുന്ന, ഇഹലോകത്തിലെ സ്വന്തം നിലനില്‍പ്പു് ഉറപ്പുവരുത്തുന്നതിനു് വേണ്ടിയുള്ള വര്‍ഗ്ഗസമരം! ഓരോ ചെറിയ മാംസപേശീചലനം വരെ മറ്റുള്ളവരുടേതില്‍നിന്നും വിഭിന്നമായ, മനുഷ്യന്‍ എന്ന അദ്വിതീയ ജൈവരസതന്ത്രമാതൃക! സ്വന്തം അതുല്യത കൈവെടിയാതെ, വ്യക്തിപരമായ കഴിവുകളും നൈപുണ്യങ്ങളും വികസിപ്പിച്ചെടുക്കാന്‍ അംഗങ്ങള്‍ക്കു് തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിവുള്ള ഒരു സമൂഹമേ പുരോഗതി പ്രാപിക്കുകയുള്ളു. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ അവസരസമത്വം ഓരോ പൗരന്റേയും അവകാശമാണു്.

പൊതുസ്ഥലത്തു് കാണുന്ന ശരാശരി മൂന്നുപേരില്‍ രണ്ടുപേരും എഴുതാനോ വായിക്കാനോ അറിയാത്തവരായ സംസ്ഥാനങ്ങള്‍ ഇന്നും തികഞ്ഞ യാഥാര്‍ത്ഥ്യമായ ഒരു ഉപഭൂഖണ്ഡം അതുപോലുള്ള ഒരു സമൂഹമായിത്തീരാന്‍ ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു!

(തുടരും)

 
2 Comments

Posted by on Nov 25, 2007 in ലേഖനം

 

Tags: ,