മാനുവൽ ജോർജ്ജ് മലയാള മനോരമയിൽ എഴുതിയ “3009-ലെ ലോകം” എന്ന ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണിതു്. ഒരു സുഹൃത്തു് വഴിയാണു് ഞാൻ ആ ലേഖനത്തിൽ എത്തിച്ചേർന്നതു്.
ദൈവവിശ്വാസം സർവ്വരോഗസംഹാരിയാണെന്ന വിശ്വാസത്തിൽ നിന്നും ആരംഭിച്ചു് ശാസ്ത്രത്തിലെ ചില പദപ്രയോഗങ്ങളുടെ അവിടെയും ഇവിടെയും ഒക്കെ ഒന്നു് തൊട്ടുനോക്കിയശേഷം ചുറ്റിത്തിരിഞ്ഞു് വീണ്ടും അതേ ദൈവവിശ്വാസത്തിൽത്തന്നെ തിരിച്ചെത്തുന്ന ദൈവത്തിന്റെ കാവൽപ്പടയാളികളുടെ പതിവു് ധ്യാനമസാലയ്ക്കു് മറ്റൊരു ഉദാഹരണമാണു് ആ ലേഖനം. അതിൽ സൂചിപ്പിച്ചിരിക്കുന്ന ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവശ്യമായ മിനിമം അറിവോ പഠനമോ ഉള്ളവനല്ല ലേഖകൻ എന്നു് ശാസ്ത്രവുമായി സാമാന്യബന്ധമെങ്കിലുമുള്ള ആർക്കും ഒറ്റവായനയിൽ മനസ്സിലാക്കാവുന്നതേയുള്ളു. ദൈവത്തിൽ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതുമൊക്കെ വ്യക്തിപരമായ കാര്യങ്ങളാണു്. പക്ഷേ, തന്റെ നിലപാടുകൾ ശരിയാണെന്നു് സ്ഥാപിക്കാൻ തനിക്കു് വേണ്ടത്ര അറിവില്ലാത്ത കാര്യങ്ങളെ കരുവാക്കുന്നവർ ആരുതന്നെയായാലും അവർ ചെയ്യുന്നതു് മനുഷ്യരെ വഴിതെറ്റിക്കലാണു്. അതിനു് ഒരു പ്രമുഖമാധ്യമം കൂട്ടുനിൽക്കുകകൂടി ചെയ്യുമ്പോൾ, അതു് പണ്ടേ മുതൽതന്നെ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു ജനവിഭാഗത്തിനോടു് ചെയ്യുന്ന അക്ഷന്തവ്യവും സംഘടിതവുമായ ഒരു സാമൂഹികക്രിമിനൽ കുറ്റമാണെന്നു് പറയാതെ വയ്യ. ബൈബിളിലും ഖുർആനിലുമൊക്കെ ദൈവം വർണ്ണിക്കപ്പെടുന്നതു് ‘വ്യക്തി’ എന്ന രീതിയിലാണെന്നതു് അവ വായിച്ചിട്ടുള്ളവർ മനസ്സിലാക്കിയിട്ടുണ്ടാവണം. സർവ്വാധികാരിയായ ഒരു വ്യക്തിയെപ്പോലെ ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന, ശിക്ഷിക്കുന്ന, രക്ഷിക്കുന്ന ഒരു ദൈവം! അതുപോലൊരു ദൈവത്തിനു് ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നിലനിൽക്കാനാവില്ല. വ്യക്തീകരിക്കപ്പെടുന്ന ഒരു ദൈവസങ്കൽപത്തെ പരിഹാസ്യമാക്കുന്നതാണു് പ്രപഞ്ചത്തെ സംബന്ധിച്ചു് മനുഷ്യൻ ഇതിനോടകം കൈവരിച്ച അറിവുകൾ. ശാസ്ത്രബോധമുള്ള ആർക്കും യാതൊരു സംശയത്തിനും ഇടനൽകാൻ പാടില്ലാത്ത ഒരു യാഥാർത്ഥ്യമാണതു്. ഒരു ‘വ്യക്തിദൈവത്തെ’ മാനദണ്ഡമാക്കിക്കൊണ്ടു് ആധുനികശാസ്ത്രത്തെ പരിശോധിക്കാമെന്നു് കരുതുന്നവർ ഒന്നുകിൽ വിഡ്ഢികൾ, അല്ലെങ്കിൽ കപടന്മാർ എന്നേ പറയാനുള്ളു.
ലേഖകന്റെയോ മറ്റു് വിശ്വാസികളുടെയോ മനസ്സു് മാറ്റാം എന്നുള്ള വ്യാമോഹമൊന്നുമല്ല ഈ കുറിപ്പിനു് ആധാരം. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചില തെറ്റിദ്ധാരണകൾക്കു് ഇടം നൽകുന്നുണ്ടെന്നതിനാൽ ഒരു വിശദീകരണം ആവശ്യമാണെന്ന തോന്നലാണു് ഇതിനടിസ്ഥാനം. ദൈവത്തിനു് ഒരു ‘താങ്ങു്’ കൊടുക്കാനായി വേണ്ടത്ര ശാസ്ത്രജ്ഞാനമില്ലാത്ത, അർദ്ധജ്ഞാനികളായ മതപണ്ഡിതർ ശാസ്ത്രത്തിലെ ചില വാക്കുകൾ – അതും പുകമറയിലൂടെ – അജ്ഞാനികളായ അവരുടെ കേൾവിക്കാർക്കു് മുന്നിൽ പ്രദർശിപ്പിക്കാറുണ്ടു്. മൂക്കില്ലാത്തിടത്തു് മുറിമൂക്കനായിരുന്നല്ലോ എന്നും രാജാവു്! മുറിവൈദ്യൻ ആളെക്കൊല്ലുമെന്നതുപോലെ, ഇത്തരം മതപണ്ഡിതരുടെ സുവിശേഷപ്രസംഗം വഴി മനുഷ്യർ വിഡ്ഢികളാക്കപ്പെടാതിരിക്കാൻ പ്രതികരണമല്ലാതെ മറ്റു് മാർഗ്ഗമൊന്നുമില്ല. സ്ഥാപിതതാത്പര്യങ്ങളുടെ പേരിൽ മുറിവൈദ്യന്മാർക്കു് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമമുതലാളികൾ ജനങ്ങൾ വസ്തുതകൾ അറിയണം എന്നു് ആഗ്രഹിക്കുകയില്ല എന്നതു് മറ്റൊരു കാര്യം. ആ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു് മറുപടി പറഞ്ഞശേഷം ‘യേശുവിന്റെ അപ്പൻ’ എന്നു് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ദൈവത്തെപ്പറ്റി ചില ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചോദ്യം ചോദിക്കൽ മതപണ്ഡിതരുടെ തറവാട്ടു് സ്വത്തൊന്നുമല്ലല്ലോ. ബൈബിൾ വരച്ചുകാണിക്കുന്ന ദൈവത്തിന്റെ വിശേഷണങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള ആ ചോദ്യങ്ങൾ കഴിയുമെങ്കിൽ ആദ്യം ശ്രദ്ധിച്ചു് കേൾക്കുക. അതിനുശേഷം, മാനുവൽ ജോർജ്ജ് അടക്കമുള്ള ഇന്നത്തെ മനുഷ്യരാശിക്കു് ആധുനികശാസ്ത്രം മനസ്സിലാക്കിക്കൊടുത്ത പ്രപഞ്ചം എന്ന അപാരപ്രതിഭാസത്തിന്റെ സ്രഷ്ടാവും നിയന്ത്രകനും ആയിരിക്കാനുള്ള എന്തു് യോഗ്യതയാണു് ബൈബിളിലെ ദൈവത്തിനുള്ളതെന്നു് എനിക്കൊന്നു് പറഞ്ഞു് മനസ്സിലാക്കിത്തരിക.
ആ ലേഖനത്തിന്റെ ലക്ഷ്യം ലേഖകന്റെ സ്വന്തം വാക്കുകളിൽ: “ശാസ്ത്രത്തിന്റെ വളർച്ച ദൈവം എന്ന സങ്കൽപത്തിനു് എതിരാണു് എന്നു് വാദിക്കുന്നവർക്കു് ഒരു തിരിച്ചറിവു് ഉണ്ടാക്കുക എന്നതു് മാത്രമാണു്”. അതിനായി ‘സങ്കൽപവിദഗ്ദ്ധനായ’ അദ്ദേഹം ശാസ്ത്രം കൈവരിച്ചേക്കാവുന്ന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം വർഷങ്ങൾക്കു് ശേഷമുള്ള ലോകത്തിന്റെ ഒരു സിനാറിയൊ സങ്കൽപിക്കുന്നു! പ്രപഞ്ചാരംഭത്തിനും പണ്ടുപണ്ടേ നിലനിൽക്കുന്ന, ഉണ്ടെന്നും ഇല്ലെന്നും തെളിയിക്കാനാവാത്ത ഒരു ദൈവത്തെ ഏതു് ഉപ്പായിമാപ്ലക്കും സങ്കൽപിക്കാമെങ്കിൽ 3009-ലെ ലോകത്തെ സങ്കൽപിക്കാനാണോ ബുദ്ധിമുട്ടു്? ആ സങ്കൽപം എത്രത്തോളം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടും എന്നതു് മറ്റൊരു കാര്യം. പക്ഷേ, ഒരു ക്രിസ്ത്യാനി ആയിരം വർഷങ്ങൾക്കു് ശേഷമുള്ള ലോകത്തെപ്പറ്റിയൊക്കെ സംസാരിക്കുമ്പോൾ ബൈബിളിൽ നിന്നും അവനുനേരെ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നതു് കാണാൻ അവൻ ബാദ്ധ്യസ്ഥനാണു്. ബൈബിൾ വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമുള്ള ആർക്കും ഈ ‘3009-സങ്കൽപം’ ദഹിക്കുമെന്നു് തോന്നുന്നില്ല. 3009-ലും ലോകം ഉണ്ടായിരിക്കും എന്നതിനർത്ഥം യേശുനാഥന്റെ രണ്ടാം വരവിനായി മനുഷ്യർ ഇനിയും മിനിമം ആയിരം വർഷങ്ങൾ കൂടി കാത്തിരിക്കണമെന്നല്ലേ? അപ്പോൾ യേശു നൽകിയിട്ടു് പോയ ‘ഈ തലമുറ ഒഴിഞ്ഞുപോകുന്നതിനു് മുൻപേതന്നെ’ സംഭവിക്കേണ്ട രണ്ടാം വരവിന്റെ അടയാളങ്ങളും വാഗ്ദാനങ്ങളുമോ? രണ്ടായിരം വർഷങ്ങളായി ‘ഈശോമശിഹാക്കു് സ്തുതി’ ചൊല്ലി കാത്തിരുന്നു് മരിച്ചുമണ്ണടിഞ്ഞ കോടിക്കണക്കിനു് മനുഷ്യരും, ഇന്നും ദൈവപുത്രന്റെ രണ്ടാം വരവിനായി കാത്തിരുപ്പു് തുടരുന്നവരും ആ വാഗ്ദാനത്തിന്റെ പൊള്ളത്തരം തെളിയിക്കുന്നുണ്ടു്. ആയിരം വർഷങ്ങൾക്കു് ശേഷമുള്ള ലോകത്തെപ്പറ്റിയൊക്കെ മാനുവൽ ജോർജ്ജ് സങ്കൽപങ്ങൾ നടത്തുമ്പോൾ യേശുവിന്റെ തലമുറയിൽ തന്നെ സംഭവിക്കുമെന്നു് വാഗ്ദാനം ചെയ്യപ്പെട്ട രണ്ടാം വരവു് അസംബന്ധമാണെന്നു് പരോക്ഷമായി അംഗീകരിക്കുകയല്ലാതെ മറ്റെന്താണു് ആ മാന്യദേഹം ചെയ്യുന്നതു്?
വായിച്ചിട്ടില്ലാത്തവർക്കായി ഇതാ യേശു നൽകിയിട്ടുപോയ ആ സത്യവാഗ്ദാനം: “സൂര്യൻ ഇരുണ്ടു് പോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും ആകാശത്തുനിന്നും നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോവുകയും ചെയ്യും, അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടും കൂടെ മേഘങ്ങളിൽ വരുന്നതു് അവർ കാണും, ഇതു് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു് ഞാൻ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്നാൽ എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” യേശു ചുറ്റും കൂടി നിന്ന ശിഷ്യന്മാർക്കും മറ്റുള്ളവർക്കും വലിയവായിൽ നൽകിയിട്ടു് പോയ ആ വാഗ്ദാനത്തിനു് ഒരർത്ഥവുമില്ലായിരുന്നു എന്നു് അതിനുശേഷം കൊഴിഞ്ഞുവീണ രണ്ടായിരം വർഷങ്ങളിൽ കൂടിയ ഒരു തെളിവു് ആവശ്യമുണ്ടോ? യേശുവിന്റെ ഈ സത്യവാഗ്ദാനം ബൈബിളിൽ ഒരിടത്തല്ല, മൂന്നു് സുവിശേഷങ്ങളിലാണു് എഴുതി വച്ചിരിക്കുന്നതു്. (മത്തായി 24: 29-35, മർക്കോസ് 13: 24-31, ലൂക്കോസ് 21: 25-27). ‘ക്രിസ്തുവർഷം’ രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നു് കട്ടായമായി അനുയായികളെ പഠിപ്പിച്ച ഒരു ആഫ്രിക്കൻ ഉപദേശി അവനെ ക്രിസ്തു കയ്യൊഴിഞ്ഞു എന്നറിഞ്ഞപ്പോൾ, ക്രിസ്തുവിൽ രക്ഷയില്ല, വിഷത്തിലാണു് രക്ഷ എന്നു് സ്വയം തിരുത്തി, അനുയായികൾക്കു് അവസാനത്തെ തിരുവത്താഴത്തിൽ വിഷം കലർത്തിക്കൊടുത്തു് കൊല്ലേണ്ടിവന്ന കഥ മറക്കാറായിട്ടില്ലല്ലോ. അതുപോലുള്ള എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടു്. ഇനിയും എത്ര അനുഭവങ്ങൾ ഉണ്ടായാലാണു് വിഡ്ഢികളായ വിശ്വാസിവർഗ്ഗത്തിനു് തിരിച്ചറിവുണ്ടാവുക? മാനുവൽ ജോർജ്ജിനെപ്പോലെയുള്ള സുവിശേഷഘോഷകർ കത്തിച്ചുവയ്ക്കുന്ന വിശുദ്ധതിരിനാളത്തിലേക്കു് പറന്നുചെന്നു് ചിറകുകരിഞ്ഞു് ചാവാൻ ഇന്നും ഇഷ്ടംപോലെ വിശ്വാസി-ഈയാമ്പാറ്റകളെ ലഭിക്കുന്നതു് അവർക്കു് അരണബുദ്ധിയായതുകൊണ്ടോ, അതോ ബുദ്ധി എന്നൊരേർപ്പാടു് അവർക്കു് അന്യമായതുകൊണ്ടോ?
ലേഖനത്തിൽ മാനുവൽ ജോർജ്ജ് സ്വയം പ്രഖ്യാപിക്കുന്നു: “ശാസ്ത്രമാണു് ശരി, ദൈവമല്ല എന്നു് പറയുന്നവർ ചോദിക്കുന്ന ഒരു സംശയമുണ്ടു്. ഈ പ്രപഞ്ചത്തെ ദൈവമാണു് സൃഷ്ടിച്ചതെങ്കിൽ ദൈവം എങ്ങനെ ഉണ്ടായി എന്നതാണു് ആ ചോദ്യം.” ബഹുമാന്യനായ മാനുവൽ ജോർജ്ജേ, ഒരു ശാസ്ത്രജ്ഞനും അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നില്ല. അതു് നിങ്ങളുടെ മറ്റൊരു സങ്കൽപം മാത്രമാണു്! കാരണം, അങ്ങനെ ശാസ്ത്രജ്ഞർ ചോദിക്കുന്നു എന്നു് വരുത്തേണ്ടതു് നിങ്ങളുടെ മാത്രവും മനഃപൂർവ്വവുമായ ആവശ്യമാണു്. അതു് നിങ്ങളുടെ ആവശ്യമാണെന്നതിന്റെ തെളിവു് തപ്പി മറ്റെങ്ങും പോകണ്ട, തുടർവാക്യങ്ങളിൽ തന്നെ അതു് വ്യക്തമായി കാണാം: “ഇത്തരം അന്ധശാസ്ത്ര വിശ്വാസികളോടു് ഒരു മറുചോദ്യം. എങ്ങനെയാണു് ഈ പ്രപഞ്ചം ഉണ്ടായതു്?” ‘മറുചോദ്യം’ ചോദിക്കുന്നതിനുവേണ്ടി കരുതിക്കൂട്ടി സൃഷ്ടിക്കപ്പെടുന്ന സാങ്കൽപിക ചോദ്യങ്ങൾ! “ആബ്രകഡാബ്ര! ഉടൻ വരട്ടെ ഒരു ചോദ്യം”! – ആത്മീയരുടെ എക്കാലത്തേയും കപടതന്ത്രം! പ്രപഞ്ചം എങ്ങനെയാണു് ഉണ്ടായതെന്നു് എന്താ ഇത്ര സംശയം? ബൈബിളിൽ അതു് പറയുന്നില്ലേ? ദൈവം ആറു് ദിവസങ്ങൾ കൊണ്ടു് പ്രപഞ്ചത്തെയും അതിലുള്ളതിനെ ഒക്കെയും സൃഷ്ടിച്ച ശേഷം ഏദൻ തോട്ടത്തിലെ ഒരു ഹോട്ടലിൽ കയറി മട്ടൻ ബിരിയാണി കഴിച്ചു (യഹോവ നോൺ-വെജിറ്റേറിയനാണു്!). ഏഴാം ദിവസം കുർബ്ബാനസമയത്തും (അല്ലാത്തപ്പോഴും) പള്ളീലച്ചന്മാർ ചെയ്യുന്നപോലെ വീഞ്ഞുകുടിച്ചും അപ്പം തിന്നും വിശ്രമിച്ചു. എന്താ, കേട്ടിട്ടു് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? മരിച്ചവനെ ഉയിർപ്പിച്ചു, മരിച്ചവൻ ഉയിർത്തു, മരിച്ച മനുഷ്യൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു് ശിഷ്യന്മാരിൽ നിന്നും മീനും തേൻകട്ടയും ചോദിച്ചുവാങ്ങി തിന്നു് വിശപ്പുമാറ്റിയശേഷം ഉടലോടെ സ്വർഗ്ഗത്തിലേക്കു് കരേറി എന്നും മറ്റും വിശ്വസിക്കുന്നതിലും ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ലെന്നാണെന്റെ പക്ഷം.
‘അന്ധശാസ്ത്രവിശ്വാസികൾ’ പോലും! ആരാണു് അന്ധമായി വിശ്വസിക്കുന്നതു്? ആരാണു് അന്ധമായ വിശ്വാസത്തെ പുകമറ സൃഷ്ടിച്ചു് സത്യവിശ്വാസമാക്കി മാറ്റാനായി ദൈവം അരുളിച്ചെയ്തതു് എന്നു് സ്വയം ഘോഷിക്കുന്ന വചനങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതു്? ലേഖനത്തിന്റെ അവസാനം “നിങ്ങൾ എന്നെ കണ്ടതുകൊണ്ടു് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” എന്നു് യോഹന്നാനെ (20:29) ഉദ്ധരിക്കുന്ന മാനുവൽ ജോർജ്ജ് തന്നെ വേണം ‘അന്ധശാസ്ത്രവിശ്വാസികൾ’ എന്ന പ്രയോഗം ഉപയോഗിക്കാൻ! ഈ വാക്യം ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്കു് പ്രത്യക്ഷപ്പെട്ടപ്പോൾ അവരിൽ ഒരുവനായ ദിദിമോസ് എന്ന തോമസിനോടു് പറഞ്ഞതാണു്. ശരിയായ വാക്യം “നീ (നിങ്ങൾ എന്നല്ല!) എന്നെ കണ്ടതുകൊണ്ടു് വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ (വിശ്വസിക്കുന്നവർ എന്നല്ല!) ഭാഗ്യവാന്മാർ എന്നു് പറഞ്ഞു” എന്നാണു്. കിംഗ് ജെയിംസ് വേർഷൻ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ബൈബിളിലും, മാർട്ടിൻ ലൂത്തറിന്റെ ജർമ്മൻ ബൈബിളിലും ‘തോമസേ’ എന്നു് പേരുചൊല്ലി വിളിച്ചുകൊണ്ടു് യേശു പറയുന്നതായാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. (ഇതിന്റെ പേരിൽ ബൈബിളിന്റെ വേർഷനും പറഞ്ഞുകൊണ്ടു് വരാതിരിക്കാനാണു് പ്രത്യേകം പറയുന്നതു്. അങ്ങനെയും ചില ‘മതപണ്ഡിതരെ’ കാണേണ്ടി വന്നിട്ടുണ്ടു്. ദൈവത്തിന്റെ പേരും പറഞ്ഞു് സ്വന്തം നിലപാടു് ശരിയെന്നു് വരുത്താൻ മനുഷ്യരെ കൊല്ലാൻ പോലും മടിക്കാത്തവരാണല്ലോ തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കുന്ന ക്രിസ്ത്യാനികൾ! സംശയമുള്ളവർക്കു് നോർത്ത് അയർലണ്ടിന്റെ ചരിത്രം വായിക്കാം.) “നീ വ്യഭിചാരം ചെയ്യരുതു്” എന്ന കൽപന മനുഷ്യർ വ്യഭിചരിക്കരുതു് എന്നു് മാത്രമല്ല, വിശ്വാസികൾ ദൈവവചനങ്ങളെ വ്യഭിചരിക്കരുതു് എന്ന അർത്ഥത്തിലും മനസ്സിലാക്കിയിരിക്കുന്നതു് നല്ലതാണു് – പ്രത്യേകിച്ചും ദൈവവചനങ്ങളുടെ എരിവേറിയ കാവൽഭടന്മാർ എന്നു് ഞെളിയുന്നവർ! ദൈവവചനം തിരുത്തുന്ന ദൈവമക്കളും, കപ്പലിലെ കള്ളനും തമ്മിൽ വ്യത്യാസം വല്ലതുമുണ്ടോ? പണ്ടാരോ പറഞ്ഞ പച്ചക്കള്ളങ്ങൾ ദൈവവചനങ്ങൾ എന്നു് വിശ്വസിക്കാൻ ഒന്നും കാണണമെന്നില്ല! അവയൊക്കെ ഇഷ്ടാനുസരണം വീണ്ടും വീണ്ടും തിരുത്തിയും വെള്ളപൂശിയും സത്യമെന്നു് വരുത്തിത്തീർത്തു് ചിലവാവുന്ന ഇടങ്ങളിൽ തിരിച്ചും മറിച്ചും വിറ്റു് മനുഷ്യരെ വഞ്ചിക്കാം! പക്ഷേ, ശാസ്ത്രസത്യങ്ങൾ തികച്ചും പ്രായോഗികമായ കാരണങ്ങളാൽ പോലും ‘കാണാതെ’ എങ്ങാനും വിശ്വസിച്ചുപോയാൽ മഹാ അപരാധം!
‘അന്ധശാസ്ത്ര വിശ്വാസികൾ’ പോലും! ആരാണു് അന്ധമായി വിശ്വസിക്കുന്നവർ? എന്താണു് അന്ധമായ വിശ്വാസം? ഞാൻ ഓസ്റ്റ്രേലിയ നേരിൽ കണ്ടിട്ടില്ല. എങ്കിലും ഓസ്റ്റ്രേലിയ ഉണ്ടെന്നു് ഞാൻ വിശ്വസിക്കുന്നു. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നതു് ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നു് ഞാൻ വിശ്വസിക്കുന്നു. കാരണം, എനിക്കു് ലഭ്യമായ എല്ലാ വിവരങ്ങളും എന്റെ ആ വിശ്വാസങ്ങളെ ന്യായീകരിക്കുന്നതാണു്. ഒരു ചന്ദ്രയാത്ര – ഏറ്റവും ചുരുങ്ങിയപക്ഷം തത്വത്തിലെങ്കിലും – സാദ്ധ്യമാണെന്നു് വിശ്വസിക്കാനും തെളിയിക്കാനും ധാരാളം മതിയാവുന്നത്ര ശാസ്ത്രീയ വിദ്യാഭ്യാസം ഞാൻ നേടിയിട്ടുണ്ടു്. അറിയാൻ ആഗ്രഹിക്കുന്നവരെ അക്കാര്യങ്ങൾ പറഞ്ഞു് മനസ്സിലാക്കാനും എനിക്കു് കഴിയും. എല്ലാറ്റിലുമുപരി, ഇതുപോലുള്ള ‘വിശ്വാസങ്ങൾ’ താത്വികവും പ്രായോഗികവുമായി വെരിഫൈ ചെയ്യാൻ വിവിധ സാദ്ധ്യതകൾ ഇന്നു് നിലവിലുണ്ടു്. ഏതെങ്കിലും ഒരു ഉപദേശി ചാണ്ടിക്കോ കപ്യാർ ദാനിയേലിനോ അത്തരം സാദ്ധ്യതകൾ ലഭിച്ചിട്ടു് പ്രയോജനം ഒന്നുമില്ല എന്നതു് ശരിയാവാം. ദൈവത്തിലോ മിത്തോളജിയിലോ ഉള്ള വിശ്വാസം പോലെ കയ്യും കാലും തലയും ഉടലുമില്ലെങ്കിലും, കാണാനും കേൾക്കാനും സ്പർശിക്കാനും മണക്കാനും രുചിക്കാനും ആവില്ലെങ്കിലും നിത്യമായി ‘ജീവിക്കുന്ന’ എന്തോ മങ്ങാത്തൊലിയിൽ ഞാൻ വിശ്വസിക്കും എന്ന പിടിവാശിയിലല്ല ശാസ്ത്രജ്ഞാനം പണിതുയർത്തപ്പെട്ടിരിക്കുന്നതു്. ശാസ്ത്രം നിത്യസത്യത്തെ പ്രതിനിധാനം ചെയ്യുന്നില്ല. അങ്ങനെയാണെന്നു് വരുത്തേണ്ടതു് ചാണ്ടി ഉപദേശിമാരുടെ ആഗ്രഹവും ആവശ്യവുമാണു്. യുക്തിബോധത്തിനു് നിരക്കുന്ന പുതിയ അറിവു് ലഭിക്കുന്നതുവരെ മാത്രമുള്ള വലിഡിറ്റിയേ ശാസ്ത്രം അവകാശപ്പെടുന്നുള്ളു. അതുകൊണ്ടു് യുക്തിയെ കൂടുതൽ തൃപ്തിപ്പെടുത്തുന്ന നിലപാടുകൾ അംഗീകരിക്കേണ്ടി വരുമ്പോൾ നിത്യസത്യക്കാരെപ്പോലെ അവർക്കു് ചമ്മലിന്റെ ആവശ്യം വരുന്നില്ല. “അയ്യയ്യേ, പ്രപഞ്ചത്തിലെ ആകെമൊത്തത്തിന്റെ നാലു് ശതമാനമേ ഇതുവരെ ശാസ്ത്രത്തിനു് പിടികിട്ടിയിട്ടുള്ളേ” എന്നു് പരിഹസിക്കുന്ന അതേ നാവുകൊണ്ടുതന്നെ ഈ നാലും ബാക്കി തൊണ്ണൂറ്റാറും ഉൾപ്പെടെ നൂറു് ശതമാനം പ്രപഞ്ചവും അതിലെ സകല തമോഗർത്തങ്ങളും ശ്യാമദ്രവ്യവും ഹിഗ്സ് ബോസോണുകളും മാറാപ്പിൽ ചുമക്കുന്ന ദൈവം എന്റെ കക്ഷത്തിലാണെന്നു് ഉളുപ്പില്ലാതെ വിളിച്ചുപറയുന്നതു് അഹന്തയോ അതോ ഭ്രാന്തോ? തിരുശേഷിപ്പുകളുമായി ഏതെങ്കിലും മൂലയിൽ കുത്തിയിരുന്നു് പിറുപിറുക്കേണ്ടതിനു് പകരം വെളിവുള്ള മനുഷ്യരെ പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന യോഗ്യന്മാർ! ലോകരക്ഷിതാക്കളാണത്രെ! പണ്ടൊരു അമേരിക്കൻ പ്രസിഡന്റ് പറഞ്ഞപോലെ “നിങ്ങൾ രക്ഷിക്കാതിരുന്നാൽ മതി, ജനങ്ങൾ അവരെ സ്വയം രക്ഷിച്ചുകൊള്ളും!”
മാനുവൽ ജോർജ്ജ് തുടരുന്നു: “അനന്തസാന്ദ്രതയുള്ള ഒരു ദ്രവ്യപിണ്ഡത്തിനു് ആയിരത്തിയഞ്ഞൂറു് കോടി വർഷങ്ങൾക്കു് മുൻപു് അത്യുന്നത ഊഷ്മാവിൽ സംഭവിച്ച ഒരു വൻ പൊട്ടിത്തെറിയിൽ നിന്നാണു് പ്രപഞ്ചത്തിന്റെ തുടക്കം എന്നാവും മറുപടി. … … പക്ഷേ, എങ്കിൽ ആ ദ്രവ്യപിണ്ഡം എങ്ങനെയുണ്ടായി? ഈ അത്യുന്നത ഊഷ്മാവു് എങ്ങനെയുണ്ടായി?” ഇവിടെയും പതിവു് ശൈലിയിൽ, പറയുന്ന വിഷയത്തെപ്പറ്റി യാതൊരു പഠനവും നടത്താതെ ഛർദ്ദിച്ചുവച്ചിരിക്കുന്ന ശാസ്ത്രസംബന്ധമായ കേട്ടുകേൾവികളുടെ ചില ‘മുട്ടും മുറിയും’! ഉയർന്നതെങ്കിലും നിശ്ചിതമായ സാന്ദ്രതയല്ലാതെ ‘അനന്തമായ’ സാന്ദ്രത എന്നൊന്നില്ല. ശാസ്ത്രതത്വങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്താൽ നടത്തുന്ന അളവുകളും ഗണിതങ്ങളുമാണു് പ്രപഞ്ചോത്ഭവം സംബന്ധിച്ച അറിവുകളിലേക്കു് മനുഷ്യനെ നയിക്കുന്നതു്. അതിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം 1373(+/- 12) കോടി വർഷങ്ങളാണു്. സ്വാഭാവികമായും പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ഇന്നത്തെ ശാസ്ത്രജ്ഞാനം കൃത്യമായി വായനക്കാരെ അറിയിക്കുക എന്നതിനേക്കാൾ കൂടുതലായി ലേഖകന്റെ ലക്ഷ്യം ദ്രവ്യപിണ്ഡവും അത്യുന്നത ഊഷ്മാവും എങ്ങനെയുണ്ടായി എന്ന ചോദ്യങ്ങൾ വഴി തന്റെ ദൈവത്തിന്റെ സർവ്വജ്ഞാനത്തിനു് മുന്നിൽ ശാസ്ത്രജ്ഞരെ മറുപടിയില്ലാത്ത ഭോഷന്മാരാക്കി ചിത്രീകരിച്ചു് നിഷ്പ്രഭരാക്കുക എന്നതാണെന്നതു് വ്യക്തം. ദൈവമെന്നു് കേൾക്കുമ്പോൾ കൗപീനത്തിൽ മൂത്രിക്കുന്നവരാണു് വായനക്കാർ എങ്കിൽ ഇതല്ല, ഇതിൽ അപ്പുറവും തട്ടിമൂളിക്കാം. ലേഖകന്റെ ‘ഇഷ്ടപത്രം’ ദീർഘകാലപരിശ്രമഫലമായി അതിനുപറ്റിയ ഒരു വായനാസമൂഹത്തെ കേരളത്തിൽ സൃഷ്ടിച്ചു് വച്ചിട്ടുമുണ്ടല്ലോ. മറുപടിയില്ലാത്ത ചോദ്യങ്ങൾ പിഞ്ചുകുഞ്ഞുങ്ങളും വിഡ്ഢികളും ചോദിക്കാറുണ്ടു്. മാനുവൽ ജോർജ്ജ് ഏതായാലും ഒരു പിഞ്ചുകുഞ്ഞല്ല എന്നു് ന്യായമായും ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, ഒരു ദൈവത്തിൽ വിശ്വസിക്കാൻ മനുഷ്യർക്കു് ഏതെങ്കിലും വിധത്തിലുള്ള അറിവോ വിദ്യാഭ്യാസമോ വേണമെന്നില്ല. സംശയമുള്ളവർ ഭാരതത്തിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളിൽ കാഴ്ചക്കാരായി പോയാൽ മതി. അവിടെ വരുന്ന ഭക്തരിൽ എഴുതാനോ വായിക്കാനോ അറിയാത്തവരുടെ ഒരു ലിസ്റ്റെടുത്താൽ സംശയം മാറിക്കിട്ടും. ആദിസ്ഫോടനത്തിനും മുൻപു് എന്നൊരു ലേഖനം ഏതാനും നാൾ മുൻപു് ഞാൻ എഴുതിയിരുന്നു. ദൈവം ആറു് ദിവസം കൊണ്ടു് സകലവും സൃഷ്ടിച്ചു എന്നു് വിശ്വസിക്കുന്നവർക്കു് അതുകൊണ്ടു് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്നു് തോന്നുന്നില്ല. അല്ലാത്തവർക്കു് വേണമെങ്കിൽ അതു് വായിച്ചു് നോക്കാവുന്നതാണു്.
വീണ്ടും മാനുവൽ ജോർജ്ജ്: “ദൈവമെങ്ങനെയുണ്ടായി എന്നു് ചോദിക്കുന്നവർ ശാസ്ത്രത്തിനു് മറുപടി കണ്ടെത്താനാവാത്തവയെ ദൈവത്തിന്റെ പേരിൽ വിളിക്കുന്നുമുണ്ടു്. ദ്രവ്യത്തിനു് പിണ്ഡം എന്ന ഗുണം നൽകുന്ന കണങ്ങളെ ‘ദൈവകണം’ (ഹിഗ്സ് ബോസോണുകൾ – Higgs Boson) എന്നാണവർ പേരിട്ടു് വിളിക്കുന്നതു്.” ഒരിക്കൽ കൂടി പറയുന്നു: ദൈവം എങ്ങനെ ഉണ്ടായി എന്നു് വെളിവുള്ള ശാസ്ത്രജ്ഞർ ആരും ചോദിക്കുന്നില്ല. അവർ അങ്ങനെ ചോദിക്കണം എന്നതു് ചാണ്ടി ഉപദേശിമാരുടെ ആഗ്രഹസ്വപ്നം മാത്രമാണു്. ദൈവത്തിന്റെ കാവൽ പടയാളികൾ എന്നു് സ്വയം അവരോധിച്ചിരിക്കുന്ന ജ്ഞാനശൂന്യരല്ലാതെ, ഒരു ദൈവവും ശാസ്ത്രപഠനങ്ങളിൽ ഇടപെടുന്നില്ല. യഥാർത്ഥ ശാസ്ത്രജ്ഞർക്കു് ദൈവം ഒരു തടസ്സമോ സഹായമോ അല്ല. അവർ അവരുടെ ജോലി ചെയ്യുന്നു, അത്രമാത്രം. മുകളിൽ ദ്രവ്യപിണ്ഡം എങ്ങനെയുണ്ടായി എന്നു് ചോദിക്കാനായി പ്രപഞ്ചത്തിന്റെ ‘കൊട്ടക്കമ്മതി’ പ്രായത്തെ കരുവാക്കിയതുപോലെ, ഇവിടെയും ഹിഗ്സ് ബോസോൺ എന്നാൽ എന്തെന്നതല്ല, ശാസ്ത്രജ്ഞർ അവയെ ‘ദൈവകണങ്ങൾ’ എന്നു് വിളിക്കുന്നു എന്നതാണു് വായനക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായി മാനുവൽ ജോർജ്ജ് ലക്ഷ്യമാക്കുന്ന ‘അതിപ്രധാനമായ’ കാര്യം. ഹിഗ്സ് ബോസോണുകളെ ദൈവകണങ്ങൾ എന്നു് വിളിക്കുന്നതിനു് മതവുമായി യാതൊരു ബന്ധവുമില്ല. 1993-ൽ പ്രസിദ്ധീകരിക്കപ്പെട്ട The God Particle: If the Universe Is the Answer, What Is the Question? എന്ന Leon Lederman-ന്റെ രസകരമായ ഒരു പുസ്തകത്തിനു് ലഭിച്ച വൻസ്വീകരണം വഴി ഹിഗ്സ് ബോസോണുകൾക്കു് ലഭിച്ച ഒരു ‘ഓമനപ്പേരു്’ മാത്രമാണതു്. ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഈ കണങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ, പിണ്ഡമില്ലാത്ത ഫോട്ടോണുകളും താരതമ്യേന പിണ്ഡം കൂടിയ W and Z ബോസോണുകളും തമ്മിലുള്ള വ്യത്യാസത്തിനു് വിശദീകരണം ലഭിക്കുമെന്നു് വിശ്വസിക്കപ്പെടുന്നു. മുകളിലെ ലിങ്കിൽ വേണമെങ്കിൽ കൂടുതൽ വായിക്കാം.
ഇതുപോലെ, ശാസ്ത്രീയമായ കാര്യങ്ങൾ വാലും തലയുമില്ലാതെ എഴുതിവച്ചിരിക്കുന്ന ചവറു് പത്രങ്ങൾ വിലകൊടുത്തു് വാങ്ങി വായിക്കുന്നവരെപ്പറ്റി കഷ്ടം എന്നല്ലാതെ എന്തു് പറയാൻ? ഇതുപോലുള്ള ‘പാണ്ഡിത്യം’ വിസർജ്ജിച്ചു് വച്ചിരിക്കുന്ന പത്രങ്ങൾ പണം കൊടുത്തു് വാങ്ങി വായിച്ചു് കൂടുതൽ വിഡ്ഢിയാവുന്നതിനേക്കാൾ ഭേദം സ്വയം നല്ല നാലു് തെറി വിളിക്കുന്നതാണു്. പണമെങ്കിലും ലാഭിക്കാം. തന്നെത്തന്നെ തെറിവിളിക്കാൻ മറ്റുള്ളവർക്കു് പണം കൊടുക്കണമോ? മലയാളി അവനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്ന ദയനീയമായ അവസ്ഥ! അതിനെന്താ? നമുക്കു് അദ്വൈതമുണ്ടല്ലോ? പിന്നെന്തുവേണം?
ഈ വിധത്തിൽ ‘കടുകട്ടി ശാസ്ത്രവിഷയങ്ങളെ’ അമ്മാനമാടിയശേഷം മാനുവൽ ജോർജ്ജ് വീണ്ടും ഇരുണ്ടദ്രവ്യം (dark matter) എന്ന ‘ദൃശ്യദ്രവ്യത്തിലേക്കു്’ മുങ്ങാം കുഴിയിടുന്നു! ഈ ‘ദൃശ്യദ്രവ്യത്തെ’ കാണാതെ വിശ്വസിക്കുന്നവരെ പരിഹസിച്ചുകൊണ്ടു് ആ മാന്യദേഹം കാണാത്ത ദൈവത്തെ വിശ്വസിക്കുന്നതിനെ ന്യായീകരിക്കുന്നു. ‘ദൃശ്യം’ എന്നാൽ ‘കാണാവുന്നതു്’ എന്നായതിനാൽ, അദ്ദേഹം ഉദ്ദേശിച്ചതു് അദൃശ്യദ്രവ്യം എന്നായിരിക്കാനാണു് സാദ്ധ്യത. Dark matter ദൃശ്യദ്രവ്യമാണെങ്കിൽ കാണാതെ വിശ്വസിക്കേണ്ട ആവശ്യം വരുന്നതെങ്ങനെ? ദൈവവിശ്വാസം കേറി ആവാഹിച്ചാൽ പിച്ചും പേയും പറയുന്നതു് കേരളത്തിൽ അസാധാരണമല്ല എന്നതിനാൽ ഇതും ആ വകുപ്പിൽ പെടുത്താമെന്നു് തോന്നുന്നു. കേരളത്തിലെ സ്വാമിമാരുടെയും അമ്മമാരുടെയും ആസാമിമാരുടെയുമൊക്കെ മുന്നിലേക്കു് ആത്മീയം കേറി ആവാഹിച്ച ആണുങ്ങളും പെണ്ണുങ്ങളും ഇടിച്ചല്ലേ കയറുന്നതു്? എന്താ അവിടെയൊക്കെ മേളം? ലേഖകൻ Dark energy-യെപ്പറ്റി കേട്ടിട്ടില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, അതിനെപ്പറ്റി എന്തുകൊണ്ടോ പരാമർശിക്കുന്നില്ല. അത്രയും ഭാഗ്യം.
ശാസ്ത്രത്തെ അങ്ങനെ അച്ചൂടും മുച്ചൂടും തല്ലി വശംകെടുത്തിയശേഷം മാനുവൽ ജോർജ്ജ് ബൈബിളിന്റെ ദിവ്യപ്രകാശത്തിലേക്കു് ആരോഹണം ചെയ്യുന്നു. നമുക്കു് ഓരോ വാക്യങ്ങളായി എടുത്തു് പരിശോധിക്കാം:
“ശാസ്ത്രത്തിന്റെ വളർച്ച എത്ര മുന്നോട്ടു് പോയാലും ദൈവത്തിന്റെ ശക്തിയുടെ വലിപ്പം കൂടിക്കൂടി വരികയേ ഉള്ളു.”
ദൈവം സർവ്വശക്തനാണെന്നു് ഇതുവരെ ആരെങ്കിലും കരുതിയിരുന്നെങ്കിൽ അവരൊക്കെ അഭിപ്രായം ഉടനെ തിരുത്തുക! ദൈവത്തിന്റെ ശക്തിക്കും വളർച്ച ആവശ്യമാണു്. അതങ്ങനെ വളർന്നു് വളർന്നു് വലിപ്പം കൂടിക്കൂടി വന്നുകൊണ്ടിരിക്കും! പറയുന്നതു് അന്ധശാസ്ത്രവിശ്വാസികളായ അണ്ടൻ-അടകോടൻ ശാസ്ത്രജ്ഞന്മാരൊന്നുമല്ല, സാക്ഷാൽ മാനുവൽ ജോർജ്ജാണു്. കണ്ണടച്ചു് വിശ്വസിക്കാം.
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു് മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു” ബൈബിളിലെ ഇതുവരെ ആരും കേൾക്കാത്ത ഈ ആദ്യവരികൾ ചൂണ്ടിക്കാണിച്ചശേഷം അദ്ദേഹം പ്രഖ്യാപിക്കുന്നു: “ആദിയിൽ എന്നു് പറയുന്നതു് നമ്മുടെ കാലത്തിനും മുൻപേയുള്ളതാണു്. ശാസ്ത്രലോകം പറയുന്ന മഹാവിസ്ഫോടനവും ദ്രവ്യപിണ്ഡവും ഒക്കെ രൂപപ്പെടുന്നതിനു് മുൻപു്.”
മനസ്സിലായില്ലേ? ഒന്നുകൂടി വിശദമായി പറയാം. ‘ആദിയിൽ’ എന്നു് പറയുന്നതു് മഹാവിസ്ഫോടനത്തിനും ദ്രവ്യപിണ്ഡത്തിനും (പ്രത്യേകം ശ്രദ്ധിക്കുക: ആനപ്പിണ്ഡമല്ല, ദ്രവ്യപിണ്ഡം! ദ്രവ്യപിണ്ഡം!!) ഒക്കെ ഒത്തിരി ഒത്തിരി മുൻപുള്ള കാലമാണു്! പിടികിട്ടിയോ? ഇല്ലെങ്കിൽ, അവസാനമായി ഒരുപ്രാവശ്യം കൂടി പറയാം. പിള്ളേരോടു് കഥ പറയുന്നതുപോലെ പിന്നെയും പിന്നെയും പറയാൻ പറയരുതു്. ആൾക്കു് വേറെ ജോലിയുണ്ടു്. അതായതു്, ആദ്യവെടി, സോറി, ആദിസ്ഫോടനം സ്ഫോടുന്നതിനു് മുൻപുതന്നെ യഹോവ ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ചിരുന്നു. അപ്പോൾ ആദിയിൽ സ്ഫോടനം സ്ഫോടിയ സമയത്തു് ഭൂമിമലയാളത്തിനു് എന്തു് സംഭവിച്ചു? ഭൂമിമലയാളത്തിനു് ഒന്നും സംഭവിച്ചില്ല. അവിടെയുള്ളവർ പതിവുപോലെ സീരിയലുകൾ മാറിമാറി കണ്ടുകൊണ്ടിരുന്നു. മഹാസ്ഫോടനം സ്ഫോടിക്കൊണ്ടിരുന്നപ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾക്കു് എന്തു് സംഭവിച്ചു? അവയ്ക്കും ഒന്നും സംഭവിച്ചില്ല. മനുഷ്യപുത്രൻ കാഹളനാദവുമായി മേഘപ്പുറത്തുകയറി തന്റെ രണ്ടാമത്തെ വരവു് വരുമ്പോൾ ഭൂമിയിലേക്കു് വീഴാനുള്ളതുകൊണ്ടു് തത്കാലം നിന്നിടത്തുതന്നെ നിൽക്കാൻ നക്ഷത്രങ്ങൾ തീരുമാനിക്കുകയായിരുന്നു! ഇപ്പറഞ്ഞ ഈ ‘ആദിയിൽ’ എന്നതിനും മുൻപു്, അതായതു്, ആദിസ്ഫോടനത്തിനും മുൻപുള്ള ‘ആദിയിൽ’ എന്ന ആദിക്കും മുൻപു് എന്തായിരുന്നു എന്നതിനേ സംബന്ധിച്ചും മാനുവൽ ജോർജ്ജ് മർമ്മപ്രധാനമായ ഒരു കണ്ടെത്തൽ നടത്തുന്നുണ്ടു്. “അതു് ഒരു മനുഷ്യനും കണ്ടെത്താനാവില്ല. ഇനിയൊരു 200 വർഷം കൂടി കഴിഞ്ഞാലും.” ഇതൊക്കെ പറയാനുള്ള വിവരങ്ങൾ ഏതു് ലാർജ്ജ് ഹാഡ്രോൺ കൊളൈഡറിൽ നിന്നുമാണു് ലഭിച്ചതു്? കൊളൈഡരിൽ നിന്നല്ല, ദൈവത്തിന്റെ വെളിപാഡറിൽ നിന്നു് ലഭിച്ചതാണു്.
അടുത്തതായി മാനുവൽ ജോർജ്ജ് കൈവയ്ക്കുന്നതു് പൗലോസ് ശ്ലീഹായിലാണു്. തന്നെ, തന്നെ, ലോകത്തിന്റെ ജ്ഞാനികളുടെ ജ്ഞാനത്തെ ഭോഷത്വമാക്കി കലക്കി കയ്യിൽ കൊടുത്ത ഒറിജിനൽ ദൈവത്തിന്റെ യോഗ്യത ഘോഷിക്കാനായി യേശു നേരിട്ടു് പ്രത്യക്ഷപ്പെട്ടു് പ്രത്യേകം തിരഞ്ഞെടുത്ത വിശുദ്ധനായ പൗലോസ് ശ്ലീഹാ! (കൊരിന്ത്യർ 1 :20) സ്ത്രീയെ തൊടാതിരിക്കുന്നതാണു് മനുഷ്യനു് നല്ലതെന്നും, മനുഷ്യർ ഭാര്യാഭർത്തൃബന്ധം നയിക്കുന്നതു് ദുർന്നടപ്പു് ഒഴിവാക്കാനാണെന്നും പഠിപ്പിച്ചു് സകലജീവികളിലും ഉള്ളതുപോലെ മനുഷ്യരിലും ഉള്ള പ്രകൃതിസഹജതയിൽ കാളകൂടം കലക്കിയ യഹൂദനായ അതേ പൗലോസ്! (കൊരിന്ത്യർ 7: 2) കള്ളനാണയം എന്നു് നീറ്റ്‌സ്‌ഷെ വിശേഷിപ്പിച്ച ക്രിസ്തുമതത്തിന്റെ സ്ഥാപകനേതാവു്! ആദിയിൽ എന്തായിരുന്നു എന്ന പരമരഹസ്യം ദൈവത്തിനു് മാത്രമേ അറിയാവൂ എന്ന തന്റെ അത്യുഗ്രൻ ഹൈപ്പോത്തെസിസ് അരക്കിട്ടുറപ്പിക്കാനാണു് മാനുവൽ ജോർജ്ജ് പൗലോസിനെ കൂട്ടുപിടിക്കുന്നതു്. “ആർക്കറിയാം?” എന്ന ഒറ്റവാക്കിൽ ഏതു് വീട്ടമ്മയും നിശ്ശേഷം തീർക്കുമായിരുന്ന ഒരു നിസ്സാരപ്രശ്നം!
മാനുവൽ ജോർജ്ജ് തുടരുന്നു: “പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളക്കു് അതാണു് ലോകം. അതുപോലെയാണു് മനുഷ്യന്റെ അവസ്ഥ. കാണുന്നതിൽ എല്ലാം അവസാനിക്കുന്നു എന്നു് അവൻ കരുതുന്നു.” പൊട്ടക്കിണറും തവളയും ഒരു ക്ലാസിക്കൽ കോമ്പിനേഷനാണു്. എന്തുകൊണ്ടെന്നറിയില്ല, ചില മനുഷ്യർ കാലാകാലങ്ങളായി തന്നെയും പിന്നെയും പൊട്ടക്കിണറ്റിൽ തവളകളുടെ അടുത്തേക്കു് ചെന്നു് വീഴാറുണ്ടു്. ദുഃഖിതരായ മനുഷ്യർ ആശ്വാസം തേടി ഒരു പ്രത്യേക ആകർഷണശക്തിയാലെന്നപോലെ കടൽത്തീരത്തേക്കു് പോകുന്നതു്, ആദിയിൽ ജീവന്റെ ഉത്ഭവം സംഭവിച്ചതായ കടൽ മനുഷ്യനു് ഒരുതരം മാതൃസാന്നിദ്ധ്യം പ്രദാനം ചെയ്യുന്നതിനാലാവാമെന്നു് എവിടെയോ വായിച്ചിട്ടുണ്ടു്. അതുപോലുള്ള ഏതെങ്കിലും പൂർവ്വകാലബന്ധമാണോ ചില മനുഷ്യരെ പൊട്ടക്കിണറും തവളകളുമായി ഇത്ര ഗാഢമായി ബന്ധിപ്പിക്കുന്നതു് എന്നെനിക്കറിയില്ല. ഏതായാലും, തവളയുടെ ആദിസ്ഫോടനവും പിണ്ഡദ്രവ്യവുമൊക്കെ പൊട്ടക്കിണറ്റിൽതന്നെ! അവറ്റകൾ എന്തുകൊണ്ടു് പൊട്ടക്കിണറ്റിലെ വെള്ളത്തിൽ മാമൂദീസ മുങ്ങി ക്രിസ്ത്യാനികളായി, “ഈ കളിയും കളിയല്ല, ഈ ചിരിയും ചിരിയല്ല” എന്ന ഏതോ സിൽമയിലെ അദ്വൈതമന്ത്രം പോലെ, കാണുന്നതിൽ എല്ലാം അവസാനിക്കുന്നില്ല എന്ന സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല? എങ്കിൽ ആദ്യകുർബ്ബാനയും വിളിച്ചുചൊല്ലലും വിവാഹവും വീടു് വെഞ്ചരിപ്പും അന്ത്യകൂദാശകളും മിതമായ നിരക്കിൽ ആ പൊട്ടക്കിണറ്റിൽ വച്ചുതന്നെ സഭാപിതാക്കൾ നടത്തിക്കൊടുക്കുമായിരുന്നില്ലേ? സ്വർഗ്ഗരാജ്യത്തിനു് അവറ്റകളും അവകാശികളാവുമായിരുന്നില്ലേ? മണ്ടൻ തവളകൾ!
മാനുവൽ ജോർജ്ജ് പറയുന്നു: “ഭൂമിയിൽ മാത്രമേ ജീവനുള്ളു എന്നു് മനുഷ്യൻ ഇപ്പോൾ കരുതുന്നു. എന്നാൽ കാലം കടക്കുമ്പോൾ മറ്റെവിടെയെങ്കിലും ജീവൻ കണ്ടെത്തിയെന്നു് വരാം. അപ്പോൾ അതിലും വിശ്വസിക്കുന്നു.” മാനുവൽ ജോർജ്ജ് പറയുന്ന ദൈവത്തിൽ മാത്രം വിശ്വസിക്കേണ്ട കാര്യമേ സത്യത്തിൽ മനുഷ്യർക്കുള്ളു. പക്ഷേ, എന്തുചെയ്യാം? ദൈവത്തിനു് ഒരുപാടു് ഒരുപാടു് ഇപ്പുറത്തുള്ളതുപോലും തങ്ങൾക്കു് അറിയില്ല എന്നറിയാവുന്നവരാണു് ശാസ്ത്രബോധമുള്ള മനുഷ്യർ. അങ്ങനെയുള്ളവരോടു് വളരെ പരിമിതമായ അവരുടെ അറിവിന്റെ ഒരംശം പോലും തലച്ചോറിൽ ഇല്ലാത്ത ഏതെങ്കിലും മതപണ്ഡിതൻ “ഹോക്കുസ് പോക്കുസ്! ദാണ്ടെ, നിന്റെ ദൈവം” എന്നും പറഞ്ഞു് വന്നാൽ അതു് മുഖവിലക്കെടുത്തു് വിശ്വസിക്കണമെങ്കിൽ അവർ ഭ്രാന്തന്മാരായിരിക്കണം. ഭ്രാന്തന്മാർ അല്ലാത്തതുകൊണ്ടാണു് ശാസ്ത്രം ഓരോരോ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുമ്പോൾ അതു് വിശ്വസിക്കാൻ അവർ തയാറാവുന്നതു്. കാരണം, അത്തരം കണ്ടെത്തലുകൾ മാനുഷികമായ പരിധിയിൽ ഒതുങ്ങുന്നവയാണു്. അല്ലാതെ, കഞ്ചാവടിച്ചു് കാട്ടിൽ കിറുങ്ങിയിരിക്കുമ്പോൾ (തപസ്സു് എന്നും പറയും) ചില ആസാമിമാരുടെ തലയിൽ രൂപമെടുക്കുന്ന അത്ഭുതകരമായ ഭാവനാസൃഷ്ടികൾ പോലുള്ള മസ്തിഷ്കഭൂതങ്ങളല്ല കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കുന്ന ശാസ്ത്രീയമായ കണ്ടെത്തലുകൾ. അതാണു് ശാസ്ത്ര’വിശ്വാസവും’ ദൈവവിശ്വാസവും തമ്മിലുള്ള വ്യത്യാസം. ഈ വസ്തുത ഇതിൽ കൂടുതൽ തെളിച്ചു് പറയാനാവുമെന്നു് തോന്നുന്നില്ല. പ്രപഞ്ചത്തിന്റെ ഒരംശം പോലുമറിയാൻ ഇതുവരെ കഴിയാത്ത മനുഷ്യൻ ദൈവത്തെ അറിയാമെന്നും അനുഭവിക്കാമെന്നുമൊക്കെ പറയുന്നതു് മാനസികവിഭ്രാന്തിയല്ലാതെ മറ്റെന്താണു്? ഏതെങ്കിലും അതീന്ദ്രിയജ്ഞാനമോ വെളിപാടോ കൊണ്ടു് പ്രപഞ്ചനാഥനായ ദൈവത്തെ അറിയാമെങ്കിൽ ആ യോഗ്യന്മാർക്കു് അതേ പ്രപഞ്ചത്തിലെ ഒരു ഭാഗം മാത്രമായ ശ്യാമദ്രവ്യവും ഹിഗ്സ് ബോസോണുമൊക്കെ ‘പുൽപം’ പോലെ അറിയാനും വിശദീകരിക്കാനും കഴിയേണ്ടതല്ലേ? അതെങ്ങനെ? അത്തരം വാക്കുകൾ ഏതെങ്കിലും ആത്മീയർ അഥവാ കേട്ടിട്ടുണ്ടെണ്ടെങ്കിൽ തന്നെ അതു് അവയെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷമാണു്. ശാസ്ത്രം അവയെ കണ്ടെത്തിക്കഴിയുമ്പോൾ ഞങ്ങടെ കിത്താബിൽ അതു് പണ്ടേ ഉണ്ടായിരുന്നു എന്ന അളിഞ്ഞ വ്യാഖ്യാനവുമായി എത്താനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത സർവ്വജ്ഞാനികൾ!
കോടാനുകോടി ഗാലക്സികൾ ഉള്ള സ്ഥിതിക്കു് അവയിൽ ഓരോന്നിലേയും അനവധി ‘സൗരയൂഥങ്ങളിലെ’ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവനും ബുദ്ധിയും ഉണ്ടാവാൻ തീർച്ചയായും സാദ്ധ്യതയുണ്ടു്. അത്തരം ഏറ്റവും ചുരുങ്ങിയതു് ഒരു നൂറു് ഗ്രഹങ്ങളിൽ മനുഷ്യരോടു് രൂപത്തിലോ ബുദ്ധിശക്തിയിലോ അകന്ന സാമ്യമെങ്കിലും ഉള്ള ജീവികൾ ഉണ്ടെന്നു് കരുതിയാൽ അവയും നിത്യജീവനു് അവകാശികളാവേണ്ടതല്ലേ? മതങ്ങളുടെ അഭിപ്രായത്തിൽ ജീവൻ ദൈവത്തിന്റെ പോർട്ട്ഫോളിയോ ആണെന്നതിനാൽ ദൈവം അവിടെയൊക്കെച്ചെന്നു് പണ്ടു് മറിയയോടെന്നപോലെ ചില അമലോത്ഭവ സൂത്രപ്പണികൾ ഒപ്പിച്ചിട്ടുണ്ടാവുമോ? ഓരോ ഗ്രഹത്തിലും ഓരോ മശിഹാ? ഓരോ ദൈവപുത്രന്മാർ? ഓരോ കുരിശുമരണങ്ങൾ? ഓരോ ഉയിർത്തെഴുന്നേൽപ്പുകൾ?
മാനുവൽ ജോർജ്ജിനെ ഉപദേശിക്കാൻ ഞാൻ ആരുമല്ല. പക്ഷേ, മാനുവൽ ജോർജ്ജിന്റെ സ്ഥാനത്തു് ഞാൻ ആയിരുന്നെങ്കിൽ (ഇതൊരു സങ്കൽപം മാത്രമാണു്. അങ്ങനെ ആവാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല!) സ്വന്തം ദൈവത്തിൽ വിശ്വസിച്ചു്, സ്വന്തം ഉത്തമബോദ്ധ്യങ്ങളിൽ ആശ്രയിച്ചു്, സ്വന്തം വിശ്വാസിസമൂഹങ്ങളിൽ പങ്കുകൊണ്ടു്, പഠിച്ച പ്രാർത്ഥനയും ചൊല്ലി ഒതുങ്ങിക്കഴിയാനും, യാതൊരു കാരണവശാലും ശാസ്ത്രകാര്യങ്ങളിൽ തലയിടാതിരിക്കാനുമാവും ശ്രമിക്കുക. കാരണം, ശാസ്ത്രം എന്നതു് ബൈബിളിലേതുപോലുള്ള ഒരു ദൈവത്തിൽ ഇന്നും വിശ്വസിക്കുന്നവർക്കു് എത്രയോ നംബർ വലിയ ചെരിപ്പാണു്.
ആദിസ്ഫോടനം, റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്സ്, ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി, ബ്ലാക്ക് ഹോൾ, ഹിഗ്സ് ബോസോൺ, മുതലായവ എത്രയോ ശാസ്ത്രീയ വിഷയങ്ങളിൽ ചുരുക്കം ചിലതു് മാത്രമാണു്. ഈ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ശാസ്ത്രജ്ഞാനത്തിന്റെ ഒരംശം. ഇവയെയൊക്കെ തലയിൽ നിർത്തിക്കൊണ്ടു് നമുക്കു് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവു് എന്നു് യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും ഒരുപോലെ വിശ്വസിക്കുന്ന ദൈവത്തെ ബൈബിളിലെ ചില വചനങ്ങളിൽ നിന്നും ഒന്നു് വായിച്ചെടുക്കാൻ ശ്രമിക്കാം. ബൈബിളിലെ പല പൊരുത്തക്കേടുകളും പല ലേഖനങ്ങളിലായി കൂടുതൽ വിശദമായി ഞാൻ എഴുതിയിട്ടുണ്ടു്. അതിനാൽ അവയിൽ ചിലതുമാത്രം ഇവിടെ സൂചിപ്പിക്കുന്നു.
1. സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും യഹോവ സൃഷ്ടിക്കുന്നതു് നാലാം ദിവസമാണെന്നിരിക്കെ, ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ സന്ധ്യയും ഉഷസ്സും ഉണ്ടാവുന്നതെങ്ങനെ? ലേഖനത്തിൽ പറയുന്ന പോലെ, ദൈവത്തിന്റെ ഒരു ദിവസം മനുഷ്യരുടെ ഒരു കോടി ദിവസങ്ങളോ ഒരു കോടി വർഷങ്ങളോ ആവാമെന്ന വാദവും ഇതുമായി എങ്ങനെ പൊരുത്തപ്പെടും? ഒരുകോടി വർഷം സന്ധ്യ? ഒരുകോടി വർഷം ഉഷസ്സു്? അതും നാലാം കോടി വർഷം വരെ സൂര്യൻ ഉണ്ടായിരുന്നില്ല എന്നിരിക്കെ? (ഉൽപത്തി 1: 1-19)
2. ബൈബിളിൽ ആദിമനുഷ്യൻ എന്നു് വിശേഷിപ്പിക്കപ്പെടുന്ന ആദാമിന്റെ മൂത്തമകനും സഹോദരഘാതകനുമായ കയീനെ യഹോവ ശിക്ഷിച്ചു് പുറത്താക്കിയപ്പോൾ അവൻ നോദ് എന്ന ദേശത്തുചെന്നു് തനിക്കൊരു ഭാര്യയെ എടുക്കുകയും അവൾ ഹാനോക്കിനെ പ്രസവിക്കുകയും ചെയ്തു. (ഉൽപത്തി 4: 16 17) ഈ കഥ ആദാം ആദിപുരുഷൻ എന്ന ബൈബിൾ നിലപാടുമായി എങ്ങനെ പൊരുത്തപ്പെടും?
3. സോദോം-ഗോമോറായിലെ മനുഷ്യർ സ്വവർഗ്ഗാനുരാഗികളായിരുന്നു എന്നതായിരുന്നു ആ പട്ടണങ്ങൾ ആകാശത്തിൽ നിന്നും തീയും ഗന്ധകവും വർഷിപ്പിച്ചു് പൂർണ്ണമായി നശിപ്പിക്കാൻ യഹോവ തീരുമാനിച്ചതിനു് കാരണം. അപ്പോൾ ദൈവം രക്ഷപെടുത്തിയ ലോത്തും രണ്ടു് പെണ്മക്കളും ആദ്യം സോവർ എന്ന പട്ടണത്തിലും അവിടെ നിന്നും എന്തു് കാരണത്താലോ മനുഷ്യവാസമില്ലാത്ത ഒരു പർവ്വതത്തിലെ ഗുഹയിലും ചെന്നു് പാർക്കുന്നു. അവിടെവച്ചു് അവന്റെ രണ്ടു് പെണ്മക്കളും അവനെ മദ്യം നൽകി ബോധമില്ലാത്തവനാക്കി അവനോടൊപ്പം ശയിച്ചു് ഗർഭിണികളാവുകയും മൂത്തവൾ മോവാബ്യരുടെ പിതാവായ മോവാബിനേയും ഇളയവൾ അമ്മോന്യരുടെ പിതാവായ ബെൻ-അമ്മീയേയും പ്രസവിക്കുകയും ചെയ്യുന്നു! പിതാവിൽ നിന്നും സ്വന്തം പെണ്മക്കൾ ഗർഭിണികളാവുന്നതിനേക്കാൾ കൂടിയ പാപമാണോ സ്വവർഗ്ഗാനുരാഗം? സോദോമും ഗോമോറായും നശിപ്പിച്ച ദൈവം അതുവഴി നേടിയ വിശുദ്ധകൃത്യം! ഇതുപോലൊരു നിസ്സാരപ്രശ്നത്തിൽ പോലും പരിണതഫലങ്ങൾ കാണാൻ കഴിയാതെ കാലിടറി വീഴുന്ന ഒരു ദൈവമാണോ ആദിസ്ഫോടനത്തിന്റെയും പ്രപഞ്ചത്തിന്റേയുമൊക്കെ നടത്തിപ്പുകാരൻ? ദൈവത്തിന്റെ ഇത്തരം വിഡ്ഢിത്തങ്ങളെ ഏതെങ്കിലും ചാണ്ടി ഉപദേശി മറ്റു് രീതികളിൽ വ്യാഖ്യാനിച്ചാൽ ഇന്നത്തെ മനുഷ്യർ അതൊക്കെ മുഖവിലക്കെടുക്കണമെന്നാണോ? (ഉൽപത്തി 19: 1-38)
4. യഹൂദർക്കു് യിസ്രായേൽ എന്ന പേരു് ലഭിച്ച കഥ: യഹോവ ഒരു രാത്രി മുഴുവൻ യാക്കോബുമായി മല്ലുപിടിക്കുന്നു. നേരം വെളുക്കുവോളം മല്ലുപിടിച്ചിട്ടും ജയിക്കാതെ ആയപ്പോൾ ദൈവം യാക്കോബിന്റെ തുടയുടെ തടം തൊട്ടു. അതുവഴി തടം ഉളുക്കിയിട്ടും, യഹോവ പിടിവിടാൻ അപേക്ഷിച്ചിട്ടും പിടിവിടാതിരുന്ന യാക്കോബിനു് ‘ദൈവത്തോടും മനുഷ്യരോടും’ മല്ലുപിടിച്ചു് ജയിച്ചവൻ എന്ന അർത്ഥത്തിൽ ദൈവം യിസ്രായേൽ എന്ന പേരു് നൽകുകയായിരുന്നു! ആധുനികശാസ്ത്രം കണ്ടെത്തിയ തമോഗർത്തത്തിന്റെ ചുമതലക്കാരൻ യാക്കോബിനോടു് ഗുസ്തി പിടിക്കുക മാത്രമല്ല, അതിൽ അവനെ തോൽപിക്കാൻ ദൈവത്തിനു് കഴിയുന്നുമില്ല! ഇത്രയും പോരേ ഹാലേലുയ്യ വിളിക്കാൻ? (ഉൽപത്തി 32: 22-32)
5. മോശെയോടു് “ഞാൻ ആകുന്നവൻ ഞാനാകുന്നു” (പുറപ്പാടു് 3: 14) എന്നൊക്കെ വീരവാദം പറയുന്ന അരൂപിയായ ദൈവത്തെപ്പറ്റി അതേ പുറപ്പാടു് പുസ്തകത്തിൽ തന്നെ മറ്റൊരിടത്തു്: “മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരും കൂടെ കയറിച്ചെന്നു. അവർ യിസ്രയേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു് കീഴെ നീലക്കല്ലു് പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛത പോലെയും ആയിരുന്നു.യിസ്രായേൽ മക്കളുടെ പ്രമാണികൾക്കു് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ടു് ഭക്ഷണപാനീയങ്ങൾ കഴിച്ചു.” (പുറപ്പാടു് 24: 9-11) അതേസമയം പുറപ്പാടിൽ തന്നെ മറ്റൊരിടത്തു് അതേ യഹോവ തന്നെ മോശെയോടു് പറയുന്നതായി എഴുതിയിരിക്കുന്നു: “നിനക്കു് എന്റെ മുഖം കാണ്മാൻ കഴികയില്ല. ഒരു മനുഷ്യനും എന്നെ കണ്ടു് ജീവനോടെ ഇരിക്കയില്ല. … … ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു് നിന്നെ മറയ്ക്കും. പിന്നെ എന്റെ കൈ നീക്കും. നീ എന്റെ പിൻഭാഗം കാണും. എന്റെ മുഖമോ കാണാവതല്ല.” (പുറപ്പാടു് 33: 20-23) അങ്ങനെ, ഒരു രാത്രി മുഴുവൻ യാക്കോബിനോടു് ഗുസ്തിപിടിക്കുന്ന യഹോവ, മോശെയടക്കമുള്ള യഹൂദപ്രമാണിമാരെയും മൂപ്പന്മാരെയും തന്നെ നേരിൽ കണ്ടു് ഭക്ഷണപാനീയങ്ങൾ കഴിക്കാൻ അനുവദിച്ച യഹോവ, ഇവിടെ മോശെയോടു് “എന്റെ മുഖം ആർക്കും കാണാവതല്ല എന്നും, നീ എന്റെ ചന്തി കണ്ടുകൊള്ളൂ” എന്നും പറയുന്നു! വിശ്വാസികളുടെ തലയിൽ ഇപ്പോഴും കോടാനുകോടി ഗാലക്സികളുടെ സ്രഷ്ടാവായി വാഴുന്ന അതേ ദൈവം! ഇതൊക്കെയും വെള്ളം തൊടാതെ വിഴുങ്ങുന്ന വിശ്വാസികളുടെ മാനസികാവസ്ഥക്കു് നൽകാൻ ഭ്രാന്തെന്നല്ലാതെ മറ്റൊരു പേരുണ്ടോ?
വേണമെങ്കിൽ ഇനിയുമുണ്ടു് സകലപ്രപഞ്ചത്തിനും മുൻപേ നിലനിൽക്കുന്നവൻ എന്നു് വിശ്വാസികൾ ഘോരഘോരം ഘോഷിക്കുന്ന ദൈവത്തിന്റെ പൃഷ്ഠവിശേഷങ്ങൾ വേണ്ടുവോളം! എങ്കിലും ഞാൻ ഇവിടെ നിർത്തുന്നു. അഞ്ചാമത്തെ ഉദാഹരണം (യഹോവയുടെ പൃഷ്ഠം കാണിക്കൽ) ബൈബിളിലെ 91-ാം പേജിൽ നിന്നെടുത്തതാണു്. ബാക്കിയുള്ളവ അതിനു് മുൻപുള്ള പേജുകളിൽ നിന്നും. പഴയനിയമത്തിൽ തന്നെയുണ്ടു് ആയിരത്തോളം പേജുകൾ. പുതിയനിയമം വേറെയും! ആ ഭാഗം ഇതുവരെ തൊട്ടുപോലുമില്ല.
അതുകൊണ്ടു് പ്രിയ വിശ്വാസി സുഹൃത്തുക്കളെ! ആരെന്തു് പറഞ്ഞാലും ചെവിക്കൊള്ളാതെ തീനാളത്തിലേക്കു് പറന്നടുക്കാൻ മാത്രം കഴിയുന്ന വിധം ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട ഈയാംപാറ്റകളല്ല നിങ്ങളെങ്കിൽ, ഇതുപോലുള്ള കിത്താബുകളും കക്ഷത്തിൽ വച്ചു് വലിയവായിൽ ശാസ്ത്രത്തെ കീറിമുറിക്കാൻ ഇറങ്ങുന്നതിനു് മുൻപു് ആദ്യം അവയ്ക്കുള്ളിലുള്ളതു് മനസ്സിരുത്തി വായിച്ചു് അവ ചവറുകൾ ആണെന്നും ചവറുകൾ അല്ലാതെ മറ്റൊന്നുമല്ലെന്നും സ്വയം ബോധ്യപ്പെടുത്തുക. സഹജീവിസ്നേഹത്തിന്റെ പേരിലുള്ള വിനീതമായ ഒരപേക്ഷയായി കരുതിയാൽ മതി.