RSS

Daily Archives: Dec 18, 2020

ബംബർ ബൺ കേരളം

ഭാവിയെപ്പറ്റി നല്ല കരുതലുള്ളവരാണു് മലയാളികൾ. കേരളസംസ്ഥാനത്തിലെ തദ്ദേശങ്ങളിലെ സ്വയംഭരണസ്ഥാപനങ്ങളിലേക്കു് “തത്ത്വമസി” എന്ന തത്വപ്രകാരം സ്വയം ഭരിക്കാനായി കഴിവുള്ള കറവക്കാരെ തെരഞ്ഞെടുക്കേണ്ടി വരുമ്പോഴും ആ മുൻകരുതൽ അവർ കൈക്കൊള്ളാറുണ്ടു്. “പറ്റു് തരുന്നവന്റെ കടയിൽ നിന്നും പലചരക്കുകൾ വാങ്ങുക, കിറ്റു് തരുന്നവന്റെ പാർട്ടിക്കു് “ഓട്ടു്” കുത്തുക” – അതാണു് മലയാളിനയം. കിറ്റു് കിട്ടിയാൽ കിറ്റെക്സിനും കുത്തും, കിട്ടിയില്ലെങ്കിൽ കിറ്റെക്സിനിട്ടും കുത്തും – അതാണു് മല്ലു, അതാവണം മല്ലു. കിറ്റു് വാങ്ങി “ഓട്ടു്” കുത്തുന്നതിനു് പകരം പിന്നിൽ നിന്നു് നീട്ടിപ്പിടിച്ച വാൾകൊണ്ടു് കുത്തുന്നവരും, പൊതുനിരത്തിൽ പിന്നിൽ നിന്നു് തികച്ചും ജനാധിപത്യപരമായി വണ്ടിയോടിച്ചുചെന്നു് ഇടിച്ചുതെറിപ്പിച്ചു് കൊല്ലുന്നവരും കേരളത്തിൽ വിരളമല്ല. എല്ലാം തികച്ചും സ്വാഭാവികം, ജനകീയം, ആധുനികം, പുരോഗമനപരം, “ബംബർ ബൺ” കേരളീയം, കമ്മ്യൂണിസം!

ഇതൊന്നും ഇക്കാലത്തു് ബുദ്ധിജീവികളുടെ കേരളത്തിൽ ആരെയെങ്കിലും ആവേശഭരിതരാക്കാൻ പര്യാപ്തമായവിധം പുതുമയുള്ള കാര്യങ്ങളല്ല. “പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ” എന്ന തത്വപ്രകാരം, സാധുക്കൾക്കു് കിറ്റു് നൽകി പരിത്രാണിക്കാനും, അഴിമതിക്കാരും കള്ളക്കടത്തുകാരും സ്വജനപക്ഷപാതികളുമായ ദുഷ്കർമ്മികളെ പ്രധാനമന്ത്രി മോദിക്കു് കത്തെഴുതി, ED-യെ വിളിച്ചുവരുത്തി വിനാശീകരിക്കാനും, സംസ്ഥാനത്തു് ധർമ്മം സംസ്ഥാപിക്കാനുമായി രാഷ്ട്രീയവിജയപരാജിതന്മാർ സംഭവിക്കാൻ തുടങ്ങിയ യുഗം മുതലേ കാര്യങ്ങളുടെ കിടപ്പു് അങ്ങനെയൊക്കെത്തന്നെയാണു്. അതുകൊണ്ടു്, നിത്യപുതുമ തേടുന്ന പ്രബുദ്ധജനത എന്ന നിലയിൽ, പാടിപ്പഴകിയ തോറ്റങ്ങൾ പാടി മലയാളികളിൽ “ഇംപ്രഷൻ” ഉണ്ടാക്കാമെന്നു് കരുതുന്നതു് വ്യാമോഹമായിരിക്കും. ഏറിയാൽ, “രോധനം” എന്ന പൊളിറ്റിക്കലി കറക്റ്റ് അത്യന്താധുനികക്യാപ്സൂൾ പ്രതികരണമായി കിട്ടിയേക്കാം, അത്രതന്നെ!

കറവയുടെ കാര്യത്തിൽ പശുകറവ, ജനകറവ എന്ന വ്യത്യാസമില്ല. രണ്ടിനം കറവയിലായാലും കറവ അറിയാവുന്നവനേ കറവത്തൊഴിലിൽ വിജയിക്കൂ. കക്ഷിരാഷ്ട്രീയക്കാർ നല്ല കറവക്കാരാണു്. ആത്മീയഗുരുക്കളും ഒട്ടും മോശമല്ല. യുക്തിവാദികൾ സ്വതന്ത്രചിന്തകർ തുടങ്ങിയ ജനുസ്സുകൾ പോലും ഈവിധ “ഗോൾഡ് ഡിഗ്ഗർ സ്പിരിറ്റ്” സ്വാംശീകരിക്കാൻ തുടങ്ങിയിട്ടുണ്ടു്. അമ്മാതിരി മനം മയക്കുന്ന ന്യൂസുകളല്ലേ ചായക്കു് കടിയെന്നോണം ചാനലുകളിൽനിന്നും വീടുകളിലേക്കു് നിത്യേന എത്തിപ്പെടുന്നതു്!

ഫസ്റ്റ് ഷോ കറവ കഴിഞ്ഞു് അകിടു് കാലിയാകുമ്പോൾ ക്ടാവിനെ വിട്ടു് കുടിപ്പിച്ചാൽ പശു വീണ്ടും പാൽ ചുരത്തും. ക്ടാവിന്റെ “ED” കിട്ടിയാൽ പാൽ ചുരത്താത്ത പശുവെവിടെ? അതാണു് ‘മാതൃസ്നേഹം! അതുകൊണ്ടല്ലേ, “അമ്മയല്ലാതൊരു ദൈവമുണ്ടോ” എന്നും മറ്റും ക്ടാക്കൾ ഇടിക്കും കുടിക്കും ശേഷം സിൽമാപ്പാട്ടെഴുതുന്നതും, ആടിപ്പാടി ഫെയ്സ്ബുക്കിൽ ലൈവായി പോസ്റ്റ് ചെയ്യുന്നതും! പശു ചുരത്തുന്ന അതേ നിമിഷത്തിൽ ക്ടാവിനെ മാറ്റിക്കെട്ടിയശേഷം കറവക്കാർ കറവയുടെ സെക്കന്റ് ഷോ തുടങ്ങും. പശു ചുരത്തി എന്ന രഹസ്യം അതീന്ദ്രിയജ്ഞാനം വഴിയാണു് കേരളീയരായ കറവക്കാർ അറിയുന്നതെന്നു് കേൾക്കുന്നു. “നീ ഇതൊക്കെ എങ്ങനെ അറിയുന്നെടാ ഉവ്വേ” എന്നു് ഹെർമാൻ ഗുണ്ടർട്ടിനോടാണു് ചോദിക്കുന്നതെങ്കിൽ, “അതെനിക്കു് എന്റെ മൂത്രത്തിലുണ്ടെടാവ്വേ” എന്നാവും അച്ചങ്ങായിയുടെ മറുപടി. ഗുണ്ടർട്ട് സരസനായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, ജർമ്മൻകാരനായിരുന്നു എന്നു് കേട്ടിട്ടുണ്ടു്.

പശുവിന്റെ പാൽ ബക്കറ്റ് നിറയെ കറന്നെടുക്കുന്ന കറവക്കാർ ചുരത്തിയ അകിടിൽനിന്നും ഒന്നോ രണ്ടോ വലി വലിക്കാൻ മാത്രമേ ക്ടാവിനെ അനുവദിക്കാറുള്ളു. ക്ടാവിനു് എന്താണോ വലി, അതാണു് കേരളജനയ്ക്കു് പ്രീ എലക്ഷൻ കിറ്റു്. ക്രിസ്മസിനു് കളിപ്പാട്ടങ്ങൾ, മിഠായി മുതലായവ സമ്മാനമായി നൽകിയാൽ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ കഴിയും. പക്ഷേ, മുതിർന്നവരെ സന്തോഷിപ്പിക്കാൻ കുഞ്ഞുങ്ങൾക്കുള്ള സമ്മാനങ്ങൾ മതിയാവണമെന്നില്ല. അതുകൊണ്ടു്, ഒന്നുകിൽ മുതിർന്നവർക്കു് അവർക്കു് യോജിച്ച സമ്മാനങ്ങൾ നൽകുക, അല്ലെങ്കിൽ അവരെ അറിവില്ലാപ്പൈതങ്ങളായി എക്കാലവും നിലനിർത്തുക. അതുവഴി, ഓണത്തിനും വിഷുവിനും ക്രിസ്മസിനും തിരഞ്ഞെടുപ്പിനു് തൊട്ടുമുൻപുമെല്ലാം കിറ്റുകൾ പോലുള്ള കുഞ്ഞൻ സമ്മാനങ്ങൾ കൊണ്ടു് അവരെ തൃപ്തിപ്പെടുത്താൻ കഴിയും.

കഞ്ഞികിട്ടിയാൽ കഞ്ഞിക്കു് വകയില്ലാത്തവർ അത്യന്തം സന്തോഷിക്കും. തന്മൂലം, നിറവേറ്റില്ല, നിറവേറ്റാൻ കഴിയില്ല എന്നു് ബോധപൂർവ്വം, അറിഞ്ഞുകൊണ്ടു് നൽകപ്പെടുന്ന വ്യാജവാഗ്ദാനങ്ങൾ വഴിയോ, നോർത്ത് കൊറിയയിലെ ആർമി പരേഡുകൾ പോലെയോ, കേരള റിപ്പബ്ലിക്കിലെ റെഡ് വാളണ്ടിയർ മാർച്ച്, ഗ്രീൻ വാളണ്ടിയർ മാർച്ച്, കാവി വാളണ്ടിയർ മാർച്ച്, ത്രിവർണ്ണ വാളണ്ടിയർ മാർച്ച് ഇത്യാദി കണ്ണുവെട്ടിക്കൽ ഷോകൾ പോലെയോ ഉള്ള ഗിമിക്കുകൾ കാണിച്ചോ, കഞ്ഞിക്കു് വകയില്ലാത്തവരെ കഞ്ഞിക്കു് വകയില്ലാത്തവരായി എത്രനാൾ പിടിച്ചുനിർത്താൻ കഴിയുന്നോ, അത്രനാൾ കഞ്ഞിയും പയറും കൊടുത്തു് അവരെ സന്തോഷിപ്പിക്കാനും, അവരെക്കൊണ്ടു്, തങ്ങൾക്കു് “ഉദാരമായി” കഞ്ഞിവീഴ്ത്തൽ നടത്തുന്ന “നല്ലവരിൽ നല്ലവരും ദൈവതുല്യരുമായ മനുഷ്യസ്നേഹികളെ” വാനോളം പുകഴ്ത്തുന്ന വാഴ്ത്തുപാട്ടുകൾ പാടിക്കാനും കഴിയും. ഇലക്ഷനുമുൻപു് കൊട്ടിഘോഷിച്ചു് നടത്തപ്പെടുന്ന കിറ്റു് വിതരണങ്ങളും മറ്റിനം “കുഞ്ഞുകുട്ടി” ആനുകൂല്യങ്ങളും കഞ്ഞിക്കു് വകയില്ലാത്തവർക്കായി കൃത്യമായ കണക്കുകൂട്ടലുകളോടെ ആഘോഷപൂർവ്വം നടത്തപ്പെടുന്ന കഞ്ഞിവീഴ്ത്തലുകളല്ലാതെ മറ്റൊന്നുമല്ല.

പ്രവാസികളിൽ നിന്നുള്ള വിദേശനാണയത്തിന്റെയും, പൊതുജനം നൽകുന്ന നികുതിയുടെയും സിംഹഭാഗവും സമൂഹത്തെ കാർന്നുതിന്നുന്ന ഏതാനും ചില കീടങ്ങൾക്കായി വീതിച്ചുനൽകുന്നതു് പോരാഞ്ഞിട്ടു്, എന്തെന്നോ എന്തിനെന്നോ അറിയാത്ത കുറെ നാമമാത്രപദ്ധതികളുടെ പേരും പറഞ്ഞു് കിട്ടുന്നിടത്തുനിന്നെല്ലാം കടമെടുത്തു് ജനത്തെ കടബാദ്ധ്യതയിൽ മുക്കിക്കൊല്ലുന്ന ഊളകളാണു് നവോത്ഥാനവും പുരോഗമനവും സാമൂഹിക നവീകരണവും പ്രസംഗിക്കുന്നതു്! തിരഞ്ഞെടുപ്പു് അടുക്കുകയും ആ കള്ളക്കൂട്ടർ ജനസേവകരായിച്ചമഞ്ഞു് ജനത്തിനു് കിറ്റു് വിതരണം പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, ഛോട്ടാ നേതാക്കൾ ജനത്തോടു് ആഹ്വാനം ചെയ്യും: “കയ്യടിക്കെടാ!” അതോടോപ്പം, ചാപിള്ളകളുടെ ജാതകം വായനയിൽ അഭിരമിക്കുന്ന കൂലിപ്പാട്ടുകാരായ ഗോത്രവർഗ്ഗപാണന്മാർ ഫിലോസഫിക്കലായി മുക്രയിടും: “നല്ല ഭരണാധികാരികൾ സ്വേച്ഛാധിപതികകളായിരിക്കണം!”

ഇത്രയൊക്കെ കേട്ടിട്ടും, “ബംബർ ബൺ” കേരളത്തിന്റെ ഗരിമയെ അതർഹിക്കുന്ന അംഗീകാരം നൽകി ബഹുമാനിക്കാൻ നിങ്ങൾക്കു് മനസ്സു് വരുന്നില്ലെങ്കിൽ, നിലവിലെ കേരളമുഖ്യമന്ത്രി ഒരു പൊതുവേദിയിൽ ഇരുന്നു് നടത്തിയ, കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഈ പ്രഖ്യാപനം, മാർക്സ് മുത്തപ്പനെപ്പറ്റിയുള്ളതൊഴികെയുള്ള മറ്റെല്ലാ ദുശ്ചിന്തകളെയും മനസ്സിൽ നിന്നും മാറ്റി നിർത്തി, പദ്മാസനത്തിൽ ഏകാഗ്രചിത്തരായിരുന്നു് നൂറ്റൊന്നു വട്ടം ആവർത്തിക്കുക: “കേരളം സ്വന്തമായി കോവിഡ് “വാസ്കിൻ” നിർമ്മിക്കും”. എന്നിട്ടും ഒരു “തിരുത്തൽവാദി” ആകാൻ നിങ്ങൾക്കു് കഴിയുന്നില്ലെങ്കിൽ, “നൂറു് ദിവസങ്ങൾ “പതിനൂറു്” പദ്ധതികൾ” എന്ന അദ്ദേഹത്തിന്റെ തന്നെ മധുരമനോജ്ഞമൊഴിമണിമുത്തു്, സഹസ്രനാമജപംപോലെ ജപിക്കുക. “ഭജ പിണറായം, ഭജ പിണറായം, ഭജ പിണറായം മാർക്സ്മതേ!”

 
Comments Off on ബംബർ ബൺ കേരളം

Posted by on Dec 18, 2020 in Uncategorized