ഫാഷിസ്റ്റ് റിപ്പബ്ലിക് ഓഫ് ഇൻഡ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തെട്ടിൽ ഒന്നായിരിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് കേരളയിൽ അതു് വെറും അഞ്ചിലൊന്നു് മാത്രമാണെന്ന പിണൂവിയൻ സ്റ്റാറ്റിസ്റ്റിക്സിനെ ചില പ്രതിലോമകാരികൾ പരിഹസിക്കുന്നതു് കണ്ടു.
കമ്മ്യൂണിസം എന്ന സാമൂഹീകാർബുദം പിടിമുറുക്കിയ ഇടങ്ങളിൽ “ഇലക്ഷൻ” റിസൽട്ടുകളും, പരീക്ഷാഫലങ്ങളും, അശ്വമേധക്കുതിരയെപ്പോലെ കുതികുതിച്ചോടുന്ന പുരോഗമനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സുമെല്ലാം എങ്ങനെയാണു് നിലവിൽ വരുന്നതെന്നതിനെപ്പറ്റി ശരിയായൊരു ധാരണ ഇല്ലാത്തതുകൊണ്ടാണു് കംണിഷ്ട് മഹാപുരോഹിതന്റെ പതിവു് സന്ധ്യാസുവിശേഷപാരായണം കേൾക്കുന്ന “നിഷ്ക്കുകൾക്കു്” എവിടെയോ എന്തോ ഒരു പന്തികേടുള്ളതുപോലെ തോന്നുന്നതു്.
പ്രോപഗാൻഡയിലൂടെ ജനത്തെ ഹിപ്നോട്ടൈസ് ചെയ്തുകൊണ്ടല്ലാതെ കമ്മ്യൂണിസം എന്ന ദുർഭൂതത്തിനു് നിലനിൽക്കാൻ കഴിയില്ല. നേതാവു് പറയുന്നതു് എന്തോ വലിയ കാര്യമാണെന്ന തോന്നൽ അടിമകളിൽ ജനിപ്പിക്കാൻ കഴിയുന്ന ഭാഷാപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടാണു് പാർട്ടിയുടെ താത്വികാചാര്യർ ജനത്തെ കുപ്പിയിലാക്കുന്നതു്.
M. A. ബേബിയും, P. രാജീവും, പാർട്ടിയുടെ മറ്റു് മറുഭാഷാതാത്വികരുമെല്ലാം പരിശുദ്ധാത്മാവു് കയറിക്കൂടിയ പെന്തെക്കൊസ്ത് ഉപദേശിമാരെപ്പോലെ വിളിച്ചുപറയുന്ന കരിംപാറമെലഡിയുടെ സാരാംശം എന്താണെന്നു് അവർക്കുപോലും അറിയില്ല എന്നതാണു് സത്യം.
തങ്ങൾക്കു് മനസ്സിലാകാത്ത കാര്യങ്ങൾ പറയുന്നവർ പണ്ഡിതരാണെന്നു് കരുതുന്നവരാണു് സാമാന്യജനം. എന്താണു് കാര്യം എന്നറിയില്ലെങ്കിലും, അല്ലെങ്കിൽ അതുകൊണ്ടുതന്നെ, മഹത്തായ എന്തോ ഒന്നാണു് തങ്ങൾ കേൾക്കുന്നതെന്നും, അതിന്റെ ഭാഗമാകാൻ കഴിയുന്നതു് ഔന്നത്യവും മഹാഭാഗ്യവുമാണെന്നുമുള്ള തോന്നൽ ആ മഹത്വത്തിന്റെ ഭാഗമാകാൻ അവരെ പ്രേരിപ്പിക്കുന്നു.
ജ്യോതിഷികൾ ലഗ്നത്തിൽ ശുക്രനെയും, ആതിയിൽ കുളിയനെയുമെല്ലാം നിർത്തുന്നതും, ബാവാ-മെത്രാൻ പുരോഹിതർ കുർബ്ബാനയിൽ സുറിയാനി തിരുകുന്നതും, കത്തോലിക്കാ പുരോഹിതർ ലാറ്റിനിൽ തിരുബലി അർപ്പിക്കാൻ ഇഷ്ടപ്പെടുന്നതും, മലയാളികളായ ഹിന്ദുക്കൾ സംസ്കൃതവും, മലയാളികളായ മുസ്ലീമുകൾ അറബിയും, ബുദ്ധിജീവികളാകാൻ ആഗഹിക്കുന്ന മല്ലുക്കൾ മലയാളത്തേക്കാൾ കൂടുതലായി ഇൻഗ്ലീഷ് ഇഷ്ടപ്പെടുന്നതുമെല്ലാം, “എന്നോടാണോടാ കളി?” എന്ന ഗാംഭീര്യദ്യോതകഭീഷണിയുടെ വകഭേദങ്ങൾ മാത്രം.
ലച്ചങ്ങൾ ഒന്നാം സമ്മാനമായി കിട്ടുമെന്നു് കേട്ടാൽ ജനം ലോട്ടറി ടിക്കറ്റെടുക്കും. കമ്മ്യൂണിസത്തിൽ നല്ല നാളെ വരുമെന്നു് കേട്ടാൽ അവർ ഇന്നുതന്നെ പാർട്ടിയുടെ അംഗത്വമെടുക്കും. പാർട്ടി ക്രിമിനലുകൾക്കായി കേസ് നടത്താൻ ലച്ചങ്ങൾ വേണമെന്നു് നേതാവു് പറഞ്ഞാൽ അവർ മൊത്തം ജീവിതസാമ്പാദ്യവും കൃതാർത്ഥതയോടെ നേതാവിനെ ഏൽപിക്കും.
അടിമകൾ കഴുതകളാണു്. തമ്പ്രാന്റെ വിഴുപ്പുകെട്ടുകൾകൊണ്ടു് മുതുകുവളഞ്ഞാലും, “എന്റെ കഴുത പാവം” എന്നു് തമ്പ്രാൻ മുതലക്കണ്ണീർ ഒഴുക്കിയാൽ, ഒരു കെട്ടു് വിഴുപ്പുകൂടി തന്റെ മുതുകത്തേക്കു് ഏറ്റുവാങ്ങാൻ സന്തോഷത്തോടെ തയ്യാറാകുന്ന ജീവികളാണു് കഴുതകൾ.
കിഴക്കൻ ജർമ്മനിയിലെ താത്വികാചാര്യന്മാരുടെ പ്രസംഗത്തെപ്പറ്റിയുള്ള ഒരു പശ്ചിമജർമ്മൻ തമാശ: “ലോകജനസംഖ്യയിൽ നാലിലൊന്നും ഇന്നു് കമ്മ്യൂണിസ്റ്റുകളാണു്. പക്ഷേ, അതൊന്നും പോരാ സഖാക്കളേ! കാൾ മാർക്സ് വിഭാവനം ചെയ്ത വർഗ്ഗസമരത്തിൽ ബൂർഷ്വാസിയുടെ സ്വകാര്യസ്വത്തിനെയും, സ്റ്റേറ്റിനെയും, കുടുംബത്തേയും, പള്ളിയെയും, പട്ടക്കാരനേയുമെല്ലാം ഉന്മൂലനം ചെയ്തു് തൊഴിലാളിവർഗ്ഗസർവ്വാധിപത്യം എന്ന “വർഗ്ഗരഹിത-ഒറ്റവർഗ്ഗസമൂഹം” സ്ഥാപിക്കപ്പെടണമെങ്കിൽ, ലോകജനസംഖ്യയിലെ നാല്പതിൽ ഒന്നായി, നാനൂറിൽ ഒന്നായി, നാലായിരത്തിൽ ഒന്നായി നമ്മൾ കമ്മ്യൂണിസ്റ്റുകൾ പെരുകേണ്ടതുണ്ടു്.”
ലോകജനസംഖ്യയിലെ കമ്മ്യൂണിസ്റ്റ് അനുപാതം പഴയ USSR (നിഷ്പക്ഷ)പത്രമായ പ്രവ്ദയുടെ സർവ്വേ വഴി ലഭിച്ചതാവണം.
ഹേഗെലിനെ തലകുത്തി നിർത്തിയ മാർക്സിന്റെ കമ്മ്യൂണിസത്തിൽ സ്റ്റാറ്റസും സ്റ്റാറ്റിസ്റ്റിക്സും കിറ്റും കൊട്ടോടിയും കട്ടോണ്ടോടിയുമെല്ലാം തലകുത്തിയേ നിൽക്കൂ എന്ന അടിസ്ഥാനതത്വം അംഗീകരിക്കാൻ മനുഷ്യർ തയ്യാറായാൽ പിന്നെ പ്രശ്നമൊന്നുമില്ല.
എല്ലാം തലകുത്തിനിൽക്കുമ്പോൾ എല്ലാം മാത്തമാറ്റിക്സാണെന്നു് ബൂർഷ്വാസി തുടലിലിട്ടവരും, കോഓപ്പറേറ്റീവ് സൊസൈറ്റികൾ തടിയിലിട്ടവരുമായ സർവ്വലോകതൊഴിലാളിവർഗ്ഗത്തിനു് വൈകാരികമായി മനസ്സിലാക്കിക്കൊടുത്തതിലാണു് പ്രവാചകരത്നം മാർക്സിന്റെ ജീനിയസ് കുടികൊള്ളുന്നതു്.
മാർക്സ് വെറുമൊരു നെത്തോലിയല്ല. ശാസ്ത്രീയമായ കൃത്യതയോടെ ചരിത്രഗതിയും നോക്കുകൂലിയും ചട്ടിപ്പിരിവും പട്ടപ്പിരിവും ലോട്ടറിപ്പിരിവും “ഛർദ്ദിച്ച” തിമിംഗലമാണു്!
ചരിത്രപരമായ ഈവക ലോകരഹസ്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാനാണു് സഖാക്കൾ പതിവായി സ്റ്റഡിക്ലാസ്സുകളിൽ ഹാജർ വയ്ക്കണമെന്നു് പാർട്ടി നിഷ്കർഷിക്കുന്നതു്. സ്റ്റഡിക്ലാസ്സ് സമയത്തു് കുണ്ടറ അണ്ടിയാപ്പീസിൽ അണ്ടികുത്തിനടന്നാൽ ലോകചരിത്രഗതിയുടെയും കിറ്റോളിയൻ സോഷ്യലിസത്തിന്റെയും നവോത്ഥാനചങ്ങലയുടെയുമൊന്നും നിർണ്ണായക കണ്ണിയാകാൻ പറ്റില്ല.
മനുഷ്യനാകൽ വേറെ, കഞ്ചാവു് കടത്തൽ വേറെ. രക്തസാക്ഷിയാകൽ വേറെ, സ്വർണ്ണം കടത്തൽ വേറെ. ഖുർആൻ വേറെ, ഈത്തപ്പഴം വേറെ. അന്നം വേറെ, അന്നം തരുന്ന ദൈവം വേറെ! അന്നമ്മ വേറെ, തുണി വേറെ!!