RSS

Daily Archives: Jan 2, 2013

കൊന്നാലും ചാകാത്ത വിശുദ്ധകന്യക തെക്ല

ക്രൈസ്തവസഭയിലെ ആദ്യരക്തസാക്ഷിണി എന്നറിയപ്പെടുന്നതു്‌ വിശുദ്ധ തെക്ലയാണു്‌. രണ്ടാം നൂറ്റാണ്ടില്‍ നിന്നുള്ള “പൗലോസിന്റെയും തെക്ലയുടെയും പ്രവൃത്തികള്‍” (Acts of Paul and Thecla) എന്ന അപോക്രിഫല്‍ കൃതിയിലൂടെയാണു്‌ വി. തെക്ലയെ ലോകം അറിയുന്നതു്‌. ഐകോണിയത്തില്‍ (ഇന്നത്തെ കോന്യ) ജീവിച്ചിരുന്ന ധനികനായൊരു അന്യജാതിപുരോഹിതന്റെ മകളായി ജനിച്ചവളും സുന്ദരിയുമായിരുന്ന തെക്ല വി. പൗലോസിന്റെ കന്യകാത്വമഹത്വം സംബന്ധിച്ച പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതോടെയാണു്‌ കന്യകാജീവിതം തിരഞ്ഞെടുത്തു്‌ ക്രിസ്ത്യാനിയായി ജീവിക്കാന്‍ തീരുമാനിക്കുന്നതു്‌. വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും, ബ്രഹ്മചര്യത്തോടു്‌ ഉണ്ടായിപ്പോയ ആസക്തി മൂലം പ്രതിശ്രുതവരനെ ഉപേക്ഷിച്ചു്‌ പൗലോസിനോടൊപ്പം പുരുഷവേഷത്തില്‍ അവള്‍ അന്ത്യോഖ്യയിലേക്കു്‌ ഒളിച്ചുപോകുന്നു. ഭാവി മണവാളനും ബന്ധുക്കളും ചേര്‍ന്നു്‌ മടക്കി കൊണ്ടുവന്നു്‌ അവരാലാവുന്ന എല്ലാ വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അവള്‍ ദൈവത്തിന്റെ മണവാട്ടി ആവാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നതേയുള്ളു. ഇനിയാണു്‌ ശരിയായ കഥ തുടങ്ങുന്നതു്‌.

വി. പൗലോസിനെ ചാട്ടയ്ക്കടിച്ചു്‌ ഓടിച്ചശേഷം ഭാവിവരനും അവളുടെ അമ്മയും ചേര്‍ന്നു്‌ അവളെ ക്രിസ്ത്യാനി എന്ന കുറ്റം ചുമത്തി പൂര്‍ണ്ണ നഗ്നയാക്കി സിംഹം കടുവ പുള്ളിപ്പുലി എന്നീ ഹിംസ്രജന്തുക്കളുടെ മുന്നിലേക്കു്‌ എറിഞ്ഞുകൊടുത്തു. ആ വന്യജീവികളാകട്ടെ, കുഞ്ഞാടുകളെപ്പോലെ അവളുടെ കാല്‍ചുവട്ടില്‍ കിടക്കുകയും അവളുടെ ദേഹം മുഴുവന്‍ നക്കിത്തുടയ്ക്കുകയും ചെയ്തതല്ലാതെ അവള്‍ക്കു്‌ ഒരു പോറല്‍ പോലും വരുത്തിയില്ല! ഈ സംഭവത്തെപ്പറ്റി ഉന്നതനായ ഒരു സഭാപിതാവു്‌ അംബ്രോസിയസ് എഴുതി പുകഴ്ത്തുന്നതു്‌ ശ്രദ്ധിക്കൂ. സ്റ്റാറ്റ്യുട്ടറി വാണിംഗ്: ഇതു്‌ കേള്‍ക്കുന്നവര്‍ തല കറങ്ങി വീഴാതിരിക്കാന്‍ വല്ല തൂണിലോ (തുരുമ്പില്‍ ആവാതിരിക്കുന്നതാണു്‌ നല്ലതു്‌) മറ്റോ മുറുക്കിപ്പിടിക്കുന്നതു്‌ നന്നായിരിക്കും.

“കന്യകാത്വത്തിന്റെ മാന്ത്രികശക്തി അത്ര അത്ഭുതകരമായതാണു്‌. സിംഹങ്ങള്‍ പോലും അതിനു്‌ നേരെയുള്ള വിസ്മയം സാക്ഷ്യപ്പെടുത്തുകയാണിവിടെ. വിശപ്പുണ്ടെങ്കിലും അവളുടെ ശരീരമാകുന്ന തീറ്റ അവയെ പ്രലോഭിപ്പിച്ചില്ല. പ്രലോഭനം ഉണ്ടായിട്ടും ആ ഭീകരജന്തുക്കള്‍ അവളെ കടിച്ചുകീറിയില്ല, പ്രകോപനം ഉണ്ടായിട്ടും കോപാഗ്നി അവയില്‍ ആളിക്കത്തിയില്ല, വന്യത ശീലമായിരുന്നിട്ടും ആ സ്വഭാവം അവയുടെ തെറ്റിദ്ധാരണയ്ക്കു്‌ വഴിവച്ചില്ല, കാട്ടുജീവികള്‍ ആയിരുന്നിട്ടും അവ വന്യപ്രകൃതിയുടെ നിയന്ത്രണത്തിനു്‌ കീഴ്പ്പെടാന്‍ തയ്യാറായില്ല. ആ രക്തസാക്ഷിണിയെ ആദരിച്ചതിലൂടെ അവ ദൈവഭക്തിയുടെ ഗുരുക്കളായി മാറുകയായിരുന്നു. അതുപോലെതന്നെ, പുരുഷവര്‍ഗ്ഗത്തില്‍പെട്ട യാതൊരുവനും, അവന്‍ ജന്തുലോകത്തില്‍ നിന്നും വരുന്നവനാണെങ്കില്‍പോലും, നഗ്നയായ ഒരു യുവകന്യകയുടെ ശരീരത്തിലേക്കു്‌ നോക്കുന്നതു്‌ തെറ്റാണു്‌ എന്ന സൂചന നല്‍കാനെന്നോണം, ലജ്ജാപുരസരം ആ വന്യമൃഗങ്ങള്‍ കണ്ണുകള്‍ ഭൂമിയിലേക്കു്‌ താഴ്ത്തിപ്പിടിച്ചുകൊണ്ടു്‌ കന്യകയായ തെക്ലയുടെ പാദങ്ങള്‍ വാസനിക്കുക മാത്രം ചെയ്തതുവഴി അവ കന്യകാത്വമഹത്വത്തിന്റെയും ഗുരുക്കളാവുകയായിരുന്നു”. ഉടയതമ്പുരാനെപ്പെറ്റ അമ്മേ, ബീഭത്സം, രൗദ്രം!

അതുകൊണ്ടും തീര്‍ന്നില്ല തെക്ലയോടുള്ള അക്രൈസ്തവരുടെ പീഡനം. റോമില്‍ അവള്‍ ജീവനോടെ ചിതയില്‍ വയ്ക്കപ്പെട്ടു. പക്ഷേ, ആളുന്ന ജ്വാലകള്‍ക്കു്‌ അവളെ ഒരു കോപ്പും ചെയ്യാനായില്ല. പിന്നീടു്‌ അവള്‍ വിഷപ്പാമ്പുകളുടെ കുഴിയില്‍ എറിയപ്പെട്ടു. സിംഹവും കടുവയും പുലിയുമൊക്കെ ചെയ്തതുപോലെ ആ ഇഴജന്തുക്കള്‍ക്കു്‌ അവളെ സ്നേഹാദരവുകളോടെ ആപാദചൂഡം നക്കിത്തുടയ്ക്കാന്‍ അവസരം ലഭിക്കുന്നതിനു്‌ മുന്‍പു്‌ ഒരു വെള്ളിടി വെട്ടി അവറ്റകള്‍ ഒന്നടങ്കം ഇഹലോകവാസം വെടിഞ്ഞു. പിന്നീടൊരിക്കല്‍ നിറയെ നീര്‍നായ്ക്കളുള്ള ഒരു തടാകത്തിലേക്കു്‌ “ക്രിസ്തുവിന്റെ നാമത്തില്‍ ഈ അന്തിമദിനത്തില്‍ ഞാന്‍ മാമൂദീസ ഏല്‍ക്കുന്നു” എന്നു്‌ വിളിച്ചുപറഞ്ഞുകൊണ്ടു്‌ വി. തെക്ല വീഴുന്നുണ്ടു്‌. അപ്പോഴും ആ നീര്‍നായ്ക്കളെല്ലാം ഇടിവെട്ടേറ്റു്‌ ചത്തു എന്നതല്ലാതെ, അവള്‍ക്കു്‌ ഒന്നും സംഭവിച്ചില്ല. രണ്ടു്‌ ഉഗ്രന്‍ മൂരികളിലായി കെട്ടിയിടപ്പെട്ടപ്പോഴും അവള്‍ അത്ഭുതകരമായി രക്ഷപെടുത്തപ്പെട്ടു.

അങ്ങനെ ഈ പീഡനങ്ങളും ദഹിപ്പിക്കലുമെല്ലാം തെക്ല അത്ഭുതകരമായി അതിജീവിച്ചു. അവളുടെ അതിജീവനത്തിനിടയിലെപ്പോഴോ ഭര്‍ത്താവാകേണ്ടിയിരുന്നവന്‍ മരിച്ചു. അതിനൊക്കെ ശേഷം അവള്‍ പല അപ്പൊസ്തലിക യാത്രകളിലും വി. പൗലോസിനെ അനുഗമിക്കുകയും, മറ്റു്‌ കന്യകമാരെ സമ്മേളിപ്പിച്ചു്‌ അവരോടു്‌ സുവിശേഷഘോഷണം നടത്തുകയും, ഉയര്‍ന്ന പ്രായത്തില്‍ എത്തി “സുന്ദരമായൊരു നിദ്രയില്‍” കര്‍ത്താവില്‍ വിലയം പ്രാപിക്കുകയുമാണു്‌ ചെയ്തതെങ്കിലും സഭയ്ക്കു്‌ അവള്‍ രക്തസാക്ഷിണിയാണു്‌. കത്തോലിക്കാസഭ സെപ്റ്റംബര്‍ 23-നും, കിഴക്കന്‍ സഭകള്‍ സെപ്റ്റംബര്‍ 24-നും, കോപ്റ്റ്സ് ജൂലൈ 19-നും അവളുടെ ഓര്‍മ്മദിവസമായി ആചരിക്കുന്നു. പൊതുവെ സിംഹവും വന്യമൃഗങ്ങളും അതിനു്‌ പുറമെ ചിതയുമാണു്‌ അവളുടെ പോര്‍ട്ട് ഫോളിയോ.

ഇത്തരം വ്യാജസൃഷ്ടികള്‍ ഇക്കാലത്തു്‌ ആരെങ്കിലും വിശ്വസിക്കുമോ എന്നു്‌ ചോദിച്ചാല്‍ വിശ്വാസികള്‍ അതും അതിലപ്പുറവും വിശ്വസിക്കുമെന്നേ മറുപടി പറയാനാവൂ. തെക്ലയുടെ കന്യകാത്വത്തിന്റെ മാസ്മരികത വര്‍ണ്ണിച്ചവനായി മുകളില്‍ സൂചിപ്പിച്ച അംബ്രോസിയസിനു്‌ പുറമെ, ഗ്രിഗൊര്‍ വോണ്‍ നസിയന്‍സ്, ക്രിസൊസ്റ്റൊമസ്, ഹിറോണിമസ്, അഗസ്റ്റിനസ് തുടങ്ങിയ ഒട്ടേറെ അത്യുന്നതസഭാപിതാക്കള്‍ തെക്ലയെ അവള്‍ അനുഭവിച്ച പീഡനങ്ങളുടെ പേരിലും, അവളുടെ കളങ്കമില്ലാത്ത കന്യകാത്വത്തിന്റെ പേരിലും വാഴ്ത്തുകയും പാടിപ്പുകഴ്ത്തുകയും ചെയ്തിട്ടുള്ളവരാണു്‌. മിലാന്റെ പാലകപുണ്യവതിയായ തെക്ലയുടെ തിരുശേഷിപ്പു്‌ ചുരുങ്ങിയതു്‌ പത്തൊന്‍പതാം നൂറ്റാണ്ടു്‌ വരെയെങ്കിലും അവിടത്തെ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്രെ!

ഇതൊക്കെ വളരെ പഴയ കഥകളാണെന്നൊന്നും തെറ്റിദ്ധരിക്കണ്ട. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, പ്രസിദ്ധീകരണത്തിനു്‌ സമ്മതിമുദ്ര ലഭിച്ചിട്ടുള്ള ഒരു കത്തോലിക്കാമതപണ്ഡിതന്റെ “വീടിനും വിദ്യാലയത്തിനും വേണ്ടിയുള്ള സഭാചരിത്രം” എന്നൊരു കൃതിയില്‍ ദൈവം തന്റെ ദാസിയെ രക്ഷപെടുത്തിയ മുഴുവന്‍ അത്ഭുതങ്ങളോടും കൂടി തെക്ലയുടെ രക്തസാക്ഷിത്വം വിവരിക്കപ്പെടുന്നുണ്ടു്‌. കത്തോലിക്കാ മതത്തിലെ “റിസര്‍ച്ച്” വിഭാഗത്തിനും തെക്ലയുടെ അത്ഭുതകരമായ ഈ കഥകളില്‍ “ചരിത്രപരമായ സത്യത്തിന്റെ ധാന്യമണികള്‍” ദര്‍ശിക്കാന്‍ കഴിയുന്നുണ്ടത്രെ!

കത്തോലിക്കരുടെ ആത്മപരിപാലനത്തിനായി തെക്ലയുടെ നാമത്തിലെ ഒരു പള്ളിപ്രാര്‍ത്ഥന: “സര്‍വ്വശക്തനായ ദൈവമേ! നിന്റെ വിശുദ്ധയുവകന്യകയും രക്തസാക്ഷിണിയുമായ തെക്ലയുടെ വര്‍ഷം തോറും ആവര്‍ത്തിക്കപ്പെടുന്ന ഓര്‍മ്മ ഞങ്ങള്‍ കൊണ്ടാടുമ്പോഴെല്ലാം സ്വര്‍ഗ്ഗീയവും യഥാര്‍ത്ഥവുമായ ദിവ്യാനുഭൂതി സ്വീകരിക്കാനുള്ള യോഗ്യത ഞങ്ങളില്‍ പെരുകാനും, അവളുടേതുപോലെ വീരോചിതമായ വിശ്വാസം അനുകരിക്കാനുള്ള വാഞ്ഛ ഞങ്ങളില്‍ കൂടുതലായി ആളിക്കത്തുവാനും നീ ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമീന്‍”.

(അവലംബം: ക്രിസ്തുമതത്തിന്റെ കുറ്റകൃത്യങ്ങള്‍: കാര്‍ള്‍ ഹൈന്‍സ് ഡെഷ്നെര്‍)

 
1 Comment

Posted by on Jan 2, 2013 in Uncategorized

 

Tags: , , ,