RSS

യൂദവിരോധം – (3)

അൾജീറിയയിലെ അന്നാബയിലിരുന്നു് അഗസ്റ്റിൻ തന്റെ മോണ്യുമെന്റൽ വർക്കായ “The State  of God” എഴുതുന്നതിനു് 1000 വർഷങ്ങൾക്കു് മുൻപേതന്നെ അവിടെനിന്നു് 3000 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇന്നത്തെ ഇറാക്കിലും, അറേബ്യൻ ഉപദ്വീപിന്റെ മെദീന പോലുള്ള മദ്ധ്യപ്രദേശങ്ങളിലും യൂദർ താമസിച്ചിരുന്നു. പൂർവ്വകാലത്തു് അവിടെ എത്തിയ എബ്രായരുടെ പിൻതലമുറക്കാരും , യൂദമതം സ്വീകരിച്ച അറബികളുമായിരുന്നു അവർ. യൂദമതത്തിലേക്കുള്ള പരിവർത്തനം അന്നു് സാധാരണമായിരുന്നു. ബഹുദൈവവിശ്വാസികളായിരുന്ന അറബികളിൽ നിന്നു് ഏകദൈവവിശ്വാസത്തിന്റെ പേരിൽ യൂദർക്കു് വിവേചനമോ വിരോധമോ നേരിടേണ്ടി വന്നിരുന്നില്ല. പോരുകൾ ഉണ്ടാകുന്നതു് ഗോത്രങ്ങൾ തമ്മിലായിരുന്നു, മതവിശ്വാസങ്ങളുടെ പേരിലായിരുന്നില്ല,

ആ ലോകത്തിലേയ്ക്കാണു്, യഹൂദജനം കാത്തിരിക്കുന്ന മശിഹാ താനാണെന്നും, “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകമാരെയോ നീക്കേണ്ടതിനു് വന്നു എന്നു് നിരൂപിക്കരുതു്; നീക്കുവാനല്ല, നിവർത്തിപ്പാനത്രെ ഞാൻ വന്നതു്” (മത്തായി 5: 17) എന്നും ദൃഢീകരിച്ചുകൊണ്ടു് ഏകദൈവവിശ്വാസികളായിരുന്ന യഹൂദരുടെ ഇടയിലേക്കു് യേശു കടന്നുചെന്നതുപോലെ, അതിനു് 600 വർഷങ്ങൾക്കുശേഷം, മെക്കയിലെ ബഹുദൈവ വിശ്വാസികളായിരുന്ന അറബികളുടെ ഇടയിലേക്കു്, ഏകദൈവവിശ്വാസികളായ യൂദരുടെയും ക്രൈസ്തവരുടെയും വേദഗ്രന്ഥങ്ങൾക്കു് തന്റേതായ ഒരു വ്യാഖ്യാനം നൽകിക്കൊണ്ടു് മുഹമ്മദ് കടന്നുചെല്ലുന്നതു്. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു്” എന്നു് മോശെയിലൂടെ ന്യായപ്രമാണംവഴി യൂദരോടും, യേശുവിലൂടെ കൈസ്തവരോടും കല്പിച്ച യഹോവ തന്നെയാണു്, മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതത്തിൽ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്നു് അവകാശപ്പെടുന്ന അല്ലാഹു. ബൈബിളിലെ എല്ലാ പ്രവാചകരെയും അംഗീകരിക്കുന്ന മുഹമ്മദിനു് യഹോവയുടെ ഏകജാതനായ മശിഹാ എന്നു് കൈസ്തവർ വിശ്വസിക്കുന്ന യേശുവും കേവലമൊരു പ്രവാചകനാണു്. ബൈബിളിലെ പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണിയായി മുഹമ്മദ് തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു.

മെക്കയിലെ ബഹുദൈവവിശ്വാസികളാൽ നിഷ്കാസനം ചെയ്യപ്പെട്ട മുഹമ്മദ് മെദീനയിലേക്കു് രക്ഷപെടുന്നു. (ഇതു് ഹിജ്റ കലണ്ടറിന്റെ ആരംഭം കുറിച്ചു). പ്രതീക്ഷയ്ക്കു് വിരുദ്ധമായി, തന്നെ അല്ലാഹുവിന്റെ പ്രവാചകനായി അംഗീകരിക്കാൻ മെദീനയിലെ യഹൂദർ തയ്യാറാകാതിരുന്നതു് മുഹമ്മദിന്റെ യഹൂദവിരോധത്തിനും സംഘർഷങ്ങൾക്കും കാരണമായി.

യഹൂദരുടെ പഴയനിയമവും, കൈസ്തവരുടെ പുതിയനിയമവും ചേർന്ന ബൈബിളിനെയും, അവരുടെ ദൈവത്തെയും ആധാരമാക്കി, അതുപോലെതന്നെ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മൂന്നാമതൊരു മതം സ്ഥാപിക്കപ്പെടുമ്പോൾ, ആ മതങ്ങൾക്കു് ഒരു പരിധി വരെയെങ്കിലും ലെജിറ്റിമേഷൻ അനുവദിക്കേണ്ടി വരുമല്ലോ. തന്മൂലം, മുഹമ്മദ് മെദീനയിൽ അധികാരം സ്ഥാപിച്ചപ്പോൾ, ഇസ്ലാംമതം സ്വീകരിക്കാതിരുന്ന അവിടത്തെ യൂദ/കൈസ്തവ ന്യൂനപക്ഷങ്ങൾക്കു് അവരുടെ സ്വന്തമതവിശ്വാസം തുടരാൻ അനുമതി നൽകിയെങ്കിലും, അവരെ ഇസ്ലാമിനു് ഒരുപടി താഴെ നിർത്താനായി, കീഴ്പ്പെട്ടവർ, സംരക്ഷിക്കപ്പെട്ടവർ എന്നെല്ലാം അർത്ഥം നൽകാവുന്ന ധിമ്മികളായി (Dhmmi) തരംതിരിച്ചു.

തുടർന്നു്, മുഹമ്മദ് അറേബ്യൻ ഉപദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അധീനപ്പെടുത്തിയപ്പോൾ, അവിടങ്ങളിലെ അമുസ്ലീമുകളെയും “ധിമ്മികളാക്കി”. AD 632-ലെ മുഹമ്മദിന്റെ മരണശേഷം, പിൻഗാമികൾ അറേബ്യൻ ഉപദ്വീപിനു് വെളിയിലുള്ള വലിയൊരു ഭൂപ്രദേശം ആക്രമണത്തിലൂടെ കീഴടക്കിയപ്പോൾ, ആ രാജ്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ, ഖലീഫകൾ ധിമ്മി സിസ്റ്റത്തെ, “ഉമറിന്റെ ഉടമ്പടി” (The Pact of Umar) എന്ന പേരിൽ ഒരു ഔദ്യോഗിക ഉടമ്പടിയാക്കി മാറ്റി. ധിമ്മികളായ ക്രൈസ്തവരും യൂദരും തിരിച്ചറിയൽ അടയാളങ്ങൾ ധരിക്കണം, കുതിരസവാരി ചെയ്യാനോ, ആയുധങ്ങൾ ധരിക്കാനോ അവർക്കവകാശമില്ല, അവരുടെ ദേവാലയങ്ങൾക്കു് മോസ്ക്കിന്റെയത്ര ഉയരം ഉണ്ടാകാൻ പാടില്ല എന്നെല്ലാമായിരുന്നു ഉടമ്പടിയിലെ നിബന്ധനകൾ. അക്കാലത്തു് അറേബ്യൻ ഉപദ്വീപിൽ ജീവിച്ചിരുന്നഏതാനും ആയിരം മുസ്ലീമുകൾക്കു്, ഇസ്ലാം കീഴടക്കിയ വിപുലമായ പ്രദേശങ്ങളിൽ പാക്റ്റിലെ നിബന്ധനകൾ കർശനമായി നടപ്പാക്കൽ എളുപ്പമായിരുന്നില്ല. പരിധിവിട്ടുള്ള നിയന്ത്രണംവഴി അവിടങ്ങളിലെ ധിമ്മികൾ തങ്ങൾക്കെതിരെ തിരിയാൻ ഇടവരരുതല്ലോ. എത്രത്തോളം ആവശ്യപ്പെടാം, എത്രത്തോളം നൽകാൻ അവർ തയ്യാറാവും മുതലായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ഒരു സമതുലിതാവസ്ഥയിൽ മയപ്പെടുത്തിനിർത്തുകയേ കരണീയമായിരുന്നുള്ളു. ചുരുക്കത്തിൽ, മുസ്ലീമുകളുടെ മേൽക്കോയ്മ അംഗീകരിക്കുക, അവരുടെ അധികാരത്തെ ചോദ്യം ചെയ്യാതിരിക്കുക, ശത്രുക്കളുമായി പക്ഷം ചേരാതിരിക്കുക എന്നീ നിബന്ധനകളിൽ ഒതുങ്ങിയിരുന്നു അക്കാലത്തു് ഉമറിന്റെ ഉടമ്പടി.

AD 711 മുതലുള്ള ഏഴു് വർഷങ്ങളിൽ മുസ്ലീമുകൾ ഐബീരിയൻ പെനിൻസുല ആക്രമിച്ചു് പോർട്ടുഗലും, സ്പെയിനും, ഫ്രാൻസും ഉൾപ്പെടുന്ന, മുസ്ലീമുകളുടെ ഭരണകാലത്തു് അൽ അൻഡലൂസ് എന്നറിയപ്പെട്ടിരുന്ന പ്രദേശം കീഴടക്കി. മുസ്ലീമുകളും ക്രൈസ്തവരും യൂദരും സഹവർത്തിത്വത്തിൽ കഴിഞ്ഞിരുന്ന സ്പെയിനിലെ കോർഡോബ അന്നത്തെ യൂറോപ്പിലെ ഏറ്റവും വലിയ പട്ടണവും ഒരു അന്തർദ്ദേശീയ മൾട്ടിക്കൾച്ചറൽ കേന്ദ്രവുമായിരുന്നു. അൽ അൻഡലൂസിന്റെ സുവർണ്ണകാലം 400 വർഷങ്ങൾ നീണ്ടുനിന്നു.

മൂന്നു് മതങ്ങളിലുംപെട്ട മനുഷ്യർ ഏതാണ്ടു് തുല്യ സംഖ്യയിൽ ഉണ്ടായിരുന്ന പശ്ചിമയൂറോപ്പിലെ ഏക രാജ്യമായിരുന്നു സ്പെയിൻ. തന്മൂലം, മറ്റു് യൂറോപ്യൻ രാജ്യങ്ങളിൽനിന്നു് വ്യത്യസ്തമായി, യൂദർക്കു് സ്പെയിനിൽ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. “ഉമറിന്റെ ഉടമ്പടി” അനുസരിച്ചു്, മുസ്ലീം സമൂഹത്തിൽ പൂർണ്ണമായ അവകാശങ്ങളില്ലാത്ത യൂദരരുടെയും ക്രൈസ്തവരുടെയും വിലക്കുകൾ ഒരിടത്തും കർശനമായി നടപ്പാക്കിയിരുന്നില്ല. പത്താം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, യൂദഡോക്ടറായിരുന്ന ഷാപ്രുട്ടിനെ (Hasdai Ibn Shaprut) നയതന്ത്രസംഘങ്ങളെ നയിക്കുക, വിദേശശക്തികളുമായി ഉടമ്പടിയുണ്ടാക്കുക മുതലായ ഡിപ്ലോമാറ്റിക് ചുമതലകൾവരെ ഖലീഫാ ഏല്പിച്ചിരുന്നു. മദ്ധ്യേഷ്യയിലെ ഒരു യൂദനു് ഷാപ്രുട്ട് എഴുതിയ ഒരു കത്തിൽ, എബ്രായ ഭാഷയിൽ സെഫറാഡ്‌ (Sefarad) എന്നും, അറബിയിൽ “അൽ അൻഡലൂസ്” എന്നും പേരുള്ള, ഒരു ധനിക  രാജ്യമായിരുന്ന സ്പെയിനിൽ യൂദർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും സൗകര്യങ്ങളെയും, അവിടത്തെ പുഴകളെയും കനാലുകളെയും ഫലവൃക്ഷങ്ങളെയും അലങ്കാരച്ചെടികളെയുമെല്ലാം പറ്റി വർണ്ണിച്ചിട്ടുണ്ടു്.

കോർഡോബയിലെ ഖിലാഫത്ത്‌ 20 നാട്ടുരാജ്യങ്ങളായി വിഭജിച്ചപ്പോൾ, അവ തമ്മിലുണ്ടായ ആരോഗ്യകരമായ മത്സരം മൂലം ഇസ്ലാം സാംസ്കാരികമായി വികസിച്ചു. ഓരോ നാട്ടുരാജാവും തേടിയിരുന്നതു് യോഗ്യതയും കഴിവുമുള്ള വ്യക്തികളെ ആയിരുന്നു. അവരുടെ അറിവല്ലാതെ, അവർ മുസ്ലീമുകളോ യൂദരോ ക്രൈസ്തവരോ എന്നതു് രാജാക്കന്മാരെ അലട്ടിയിരുന്നില്ല. അതു്, ക്രൈസ്തവർക്കും യൂദർക്കും സമൂഹത്തിലെ ഉന്നതശ്രേണികളിലെത്താൻ വഴിയൊരുക്കി.

AD 1027-ൽ  ഗ്രനാഡയിലെ (Granada) സുൽത്താൻ തന്റെ പ്രൈംമിനിസ്റ്ററും ജനറലുമായി യഹൂദനായിരുന്ന നഗ്രീലയെ (Samuel ibn Naghrillah) നിയമിച്ചു. മുസ്ലീം രാജാക്കന്മാരുമായി യുദ്ധം ചെയ്യേണ്ട ആർമിയുടെ ജനറലായി ഒരു യൂദനെ നിയമിച്ചതു് ആ സ്ഥാനം നോട്ടമിട്ടിരുന്ന മുസ്ലീമുകളെ സ്വാഭാവികമായും ചൊടിപ്പിച്ചു. സമാനചിന്താഗതിക്കാരായിരുന്ന മുസ്ലീമുകളോടു് ചേർന്നു് അവർ പ്രൊപഗാൻഡ അഴിച്ചുവിട്ടെങ്കിലും, നഗ്രീലയുടെ കഴിവുകളിൽ തൃപ്തനായിരുന്ന സുൽത്താൻ അവരെ പൂർണമായും അവഗണിക്കുകയായിരുന്നു. പക്ഷേ പിതാവു് നഗ്രീലയുടെ മരണശേഷം പ്രൈംമിനിസ്റ്ററായ മകൻ ജോസഫ് നഗ്രീല മുസ്ലീമുകളിൽ ഒരു വിഭാഗത്തിന്റെ അനിഷ്ടം വരുത്തിവച്ചു. അബു ഇസാക്ക് തന്റെ കവിതകളിലൂടെ, “ഉമറിന്റെ ഉടമ്പടി” ഉദ്ധരിച്ചു്  ജോസഫിനും യൂദർക്കുമെതിരെ മുസ്ലീമുകളെ ഇളക്കിവിട്ടു. യൂദരെ കൊല്ലുന്നതല്ല, ജീവിക്കാൻ വിടുന്നതാണു് ഇസ്ലാം വിരുദ്ധം എന്നായിരുന്നു അബു ഇസാക്കിന്റെ നിലപാടു്. 1066 ഡിസംബർ 30-നു് മുസ്ലീമുകൾ രാജകൊട്ടാരം ആക്രമിച്ചു് ജോസഫ് നഗ്രീലയെ വധിച്ചു. അതിനെത്തുടർന്നു് ഗ്രനാഡ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ 1500-ലേറെ യൂദകുടുംബങ്ങൾ കൊലചെയ്യപ്പെട്ടു. അവശേഷിച്ച യൂദർ ഗ്രനാഡയിൽത്തന്നെ ജീവിതം തുടർന്നു. കാലക്രമേണ അവിടത്തെ യൂദർ വീണ്ടും അവരുടെ പൂർവ്വസ്ഥിതി പ്രാപിച്ചു.

AD 38-ൽ അലക്സാൻഡ്രിയയിൽ സംഭവിച്ച യൂദരുടെ കൂട്ടക്കൊലയ്ക്കു് പിന്നിൽ ഗ്രീക്കുകാർ ആയിരുന്നെങ്കിൽ, അൽ അൻഡാലൂസിലെ ഗ്രനാഡയിൽ മുസ്ലീമുകളായിരുന്നു പോഗ്രോമിന്റെ സൂത്രധാരകർ.

കുരിശുയുദ്ധങ്ങളും ക്രൈസ്തവർ നടത്തിയ യൂദവംശഹത്യയും

ഐബീരിയൻ പെനിൻസുലയ്ക്കു് വടക്കുകിഴക്കായി, പശ്ചിമറോമൻ സാമ്രാജ്യത്തിന്റെ അവശേഷിപ്പിൽനിന്നും രൂപമെടുത്ത കാരോലിൻജിയൻ സാമ്രാജ്യത്തിൽ (Carolingian Empire) ക്രിസ്തുവിനും രണ്ടു് നൂറ്റാണ്ടുകൾ മുൻപുമുതൽ ചെറിയ യൂദസമൂഹങ്ങൾ വേരുറപ്പിച്ചിരുന്നു. ആക്കൻ, റ്റുവർ, ലിയോ (Aachen, Tours, Lyon) എന്നീ പട്ടണങ്ങൾക്കു് സമീപമായിരുന്നു AD 800 കാലഘട്ടത്തിൽ യൂദർ പ്രധാനമായും പാർത്തിരുന്നതു്. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം മുന്നേറിക്കൊണ്ടിരുന്ന അക്കാലത്തു്, തലമുറകളായി അവിടങ്ങളിൽ താമസിക്കുന്ന യൂദരെയും ക്രൈസ്തവരെയും തമ്മിൽ വേർതിരിച്ചറിയുക എളുപ്പമായിരുന്നില്ല. രണ്ടു് വിഭാഗങ്ങളുടെയും മുഖച്ഛായ വേഷം ഭാഷ തൊഴിൽ എല്ലാം ഒരുപോലെ ആയിരുന്നു. തന്മൂലം, ക്രിസ്തുമതത്തിലെ നേതൃപിതാക്കൾ യൂദരെയും ക്രൈസ്തവരെയും തമ്മിൽ വേർതിരിച്ചറിയാൻ പറ്റിയ മാർഗ്ഗങ്ങൾ തേടാൻ തുടങ്ങി.

AD 820-ൽ ലിയോണിലെ ആർച്ച് ബിഷപ്പ് ആഗോബാർഡ് (Agobard of Lyon) കൈസർ ലൂയിക്കു്  (Louis the Pious) ഒരു പ്രതിഷേധക്കത്തെഴുതി: “യൂദരുടെ വർദ്ധിതമായ വശീകരണങ്ങൾ വഴി, നമ്മുടെ സ്വന്തം പുരോഹിതരെക്കാൾ നന്നായി മതപ്രഭാഷണം നടത്തുന്നതു് യൂദരാണെന്നും, പല വിധത്തിലും നമ്മെക്കാൾ മേന്മയുള്ളവരാണു് അവരെന്നും വിവരദോഷികളായ ക്രിസ്ത്യാനികൾ പറയുന്നുണ്ടു്. പക്ഷേ, നമ്മുടെ കർത്താവിനെയും ശിഷ്യന്മാരെയും പ്രാകുകയും പഴിപറയുകയും ചെയ്യുന്നവരാണു് അവരെന്നു് ഞങ്ങൾക്കറിയാം. അവരുടെ ഭക്ഷണപാനീയങ്ങൾ ആസ്വദിച്ചു് നമ്മൾ അവരുമായി പങ്കുചേരരുതു്.”

പക്ഷേ, ആഗോബാർഡിന്റെ കത്തിനു് കൈസർ ലൂയി വില കല്പിച്ചില്ലെന്നു് മാത്രമല്ല, അവന്റെ മതപരമായ പരിശ്രമങ്ങൾ ജുഗുപ്സാവഹമായി അവനു് തോന്നുകയും ചെയ്തു. യൂദരുടെ സുവർണ്ണകാലമെന്നു് പറയാറുള്ള കാരോലിൻജിയൻ കാലഘട്ടത്തിനു് യൂദർ നന്ദി പറയേണ്ടതു് ചാൾസ് ദ ഗ്രേറ്റിന്റെ മകനായ ഈ ലൂയിയോടാണു്. ലൂയി നിർമ്മിച്ചു് നടപ്പാക്കിയ നിയമങ്ങളിൽ പലതും ഇന്നും പ്രസക്തമാണു്. തന്റെ സാമ്രാജ്യത്തിൽ സ്ഥിരതാമസമാക്കുക എന്നല്ലാതെ, യൂദർ എന്തെങ്കിലും നിബന്ധനകൾ പാലിക്കേണ്ടതോ, പ്രത്യേക നികുതികൾ അടയ്ക്കേണ്ടതോ ആയ ആവശ്യമുണ്ടായിരുന്നില്ല. ലൂയിയുടെ സംരക്ഷണയിൽ, റൈൻ, ഷാംപെയ്ൻ പരിസരങ്ങളിൽ വസിച്ചിരുന്ന യൂദരുടെ ജനസംഖ്യയിൽ വർദ്ധനവുണ്ടായതും ശ്രദ്ധേയമാണു്.

മുൻപു് ബാബിലോണും കോർഡോബായും പോലെ, ട്ര്വാ (Trois) പട്ടണം യൂറോപ്പിലെ യൂദരുടെ ഒരു ബൗദ്ധികകേന്ദ്രമായി വളർന്നു. ആ കാലഘട്ടത്തിലാണു് റാഷി (Rashi) എന്നറിയപ്പെടുന്ന റബ്ബി ഷ്ലോമോ യിറ്റ്സാക്കി (Shlomo Yitzchaki AD 1040 – 1105) ജീവിച്ചിരുന്നതു്. വീഞ്ഞു് നിർമ്മാതാവും, കവിയും, അദ്ധ്യാപകനും, വ്യാഖ്യാതാവും ആയിരുന്ന റാഷി ആ പ്രദേശത്തു് വളരെ സ്വാധീനമുള്ള ഒരു വ്യക്തിത്വമായിരുന്നു. യൂദരുടെ ബൈബിളായ തോറയ്ക്കു് റാഷി എഴുതിയ നിരൂപണം ക്രിസ്ത്യൻ വ്യാഖ്യാതാക്കളിലും സ്വാധീനം ചെലുത്തി. ആദ്യമായി ഫ്രഞ്ചിൽ എഴുതിയ ചില വാക്കുകളും ഉൾക്കൊള്ളുന്ന ഈ നിരൂപണം ജുഡായിസത്തിന്റെ പഠനത്തിനായി ലോകമെമ്പാടും ഇന്നും ഉപയോഗിക്കപ്പെടുന്നു.

മാർപ്പാപ്പ അർബൻ രണ്ടാമൻ (Urban ll) 1095 നവംബർ 27-നു് ക്ലെർമോണ്ട്-ഫെറൻഡിൽ വച്ചു് (Clermont-Ferrand) ആദ്യത്തെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. എട്ടു് മുഖ്യകുരിശുയുദ്ധങ്ങളാണു് 1095 മുതൽ 1270 വരെയുള്ള കാലഘട്ടത്തിൽ നടന്നതു്. തുർക്കികൾ ജറുസലേം കീഴടക്കി, തീർത്ഥാടകർക്കു് യേശുവിന്റെ ശവകുടീരത്തിനു് മുകളിൽ പണിതിരിക്കുന്ന പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിച്ചതായിരുന്നു കാരണം.

പശ്ചിമ യൂറോപ്പിൽ മുസ്ലീം വിരോധം രൂപമെടുക്കാൻ അതു് കാരണമായി. ക്രിസ്ത്യാനികളല്ലാത്ത ഒരു ബാഹ്യശത്രുവിനെ നേരിടാനായി ക്രൈസ്തവർ, സന്യാസിയെന്നോ, യോദ്ധാവെന്നോ, സാമാന്യജനമെന്നോ ഉള്ള വ്യത്യാസമില്ലാതെ, കുരിശുമെടുത്തു് ജറുസലേമിലേക്കു് പുറപ്പെട്ടു. വേണ്ടത്ര സജ്ജീകരണങ്ങളോ മതിയായ ആഹാരമോ ഒന്നുമില്ലാതെ മുസ്ലീമുകളിൽ നിന്നും വിശുദ്ധനാടിനെ മോചിപ്പിക്കാൻ കാൽനടയായി യാത്രചെയ്യുന്ന ആയിരക്കണക്കിനു് ആളുകൾ!  അധികപങ്കും ദരിദ്രരായിരുന്ന അവരിൽ, വസ്തുക്കൾ ഉണ്ടായിരുന്നവർ അതു് വിൽക്കുകയോ, സഭയെ ഏല്പിക്കുകയോ ചെയ്തു. വഴിമദ്ധ്യേ, കരയിലോ കടലിലോ അന്യവിശ്വാസികളുമായുള്ള പോരാട്ടത്തിലോ മരിക്കുന്നവരുടെ പാപങ്ങൾ സ്വർഗ്ഗത്തിൽ മോചിപ്പിക്കപ്പെടുമെന്നു് മാർപ്പാപ്പ അർബൻ II കുരിശുപോരാളികൾക്കു് നൽകിയ ഉറപ്പായിരുന്നു ഭക്തരുടെ ചാലകശക്തി!

ക്രിസ്തുമതത്തിന്റെ അടിസ്ഥാനതത്വങ്ങൾക്കു് വിരുദ്ധമായി വിശുദ്ധനാട്ടിലേക്കുള്ള യാത്രയിൽ തടസ്സമാകുന്നവരെ കൊല്ലാൻ ആദ്യത്തെ കുരിശുയുദ്ധത്തിൽ പോരാളികളെ അനുവദിച്ചിരുന്നു. മുസ്ലീമുകളായ ശത്രുക്കളെ നശിപ്പിക്കലാണു് ലക്ഷ്യമെങ്കിലും, “യേശുവിനെ പീഡിപ്പിക്കുകയും കുരിശിൽ തറച്ചു് കൊല്ലുകയും ചെയ്ത, കൂടുതൽ ഭീകരരായ ശത്രുക്കൾ നമുക്കിടയിൽത്തന്നെ ജീവിച്ചിരിക്കുമ്പോൾ, എന്തുകൊണ്ടു് നമ്മൾ അവരിൽ തുടങ്ങുന്നില്ല?” എന്നായിരുന്നു പത്രോസ് സന്യാസിയുടെ (Peter the Hermit) ചോദ്യം. യൂദരായിരുന്നു പത്രോസ് സന്യാസി ധ്വനിപ്പിച്ച ആ ശത്രുക്കൾ! 800 വർഷം മുൻപേതന്നെ യൂദരിൽ ചാർത്തപ്പെട്ടിരുന്നെങ്കിലും, ജനമനസ്സുകളിൽ അത്രകണ്ടു് വേരൂന്നിയിട്ടില്ലാതിരുന്ന “ദൈവഹത്യ” എന്ന യൂദരുടെ കുറ്റം അവൻ റിയാക്റ്റിവേറ്റ് ചെയ്തു. ആവക പ്രബോധനങ്ങളാൽ ഉത്തേജിതരായ കുരിശുയുദ്ധക്കാർ അവരുടെ യഥാർത്ഥ ശത്രുക്കളായിരുന്ന ജറുസലേമിലെ മുസ്ലീമുകളെ നശിപ്പിക്കുന്നതിന്റെ മുന്നോടിയായി, പശ്ചിമ യൂറോപ്പിൽ തങ്ങളുടെയിടയിൽ ജീവിക്കുന്ന കൂടിയ ശത്രുക്കളായ യൂദരെ കൂട്ടക്കൊലചെയ്യാൻ തുടങ്ങി.

വിശുദ്ധനാട്ടിലേക്കുള്ള യാത്രയിൽ, ഫ്രാൻസിലും ജർമ്മനിയിലുമെല്ലാം യൂദർ താമസിച്ചിരുന്ന പട്ടണങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്ന കുരിശുയുദ്ധക്കാർ അവിടങ്ങളിലെല്ലാം യൂദരെ കൊല ചെയ്തു. ഫ്രാൻസിലെ ട്ര്വായിൽ ആയിരുന്നു തുടക്കം. അവിടെ  ജീവിച്ചിരുന്ന റബ്ബി റാഷി ഭാഗ്യത്തിനു് ആ ആക്രമണത്തെ അതിജീവിച്ചു. സ്റ്റ്രാസ്ബർഗിലും  മെറ്റ്സിലും വേർമ്സിലും കൊളോണിലുമെല്ലാം നൂറുകണക്കിനു് യൂദർ കൊല്ലപ്പെട്ടു. ചരിത്രകാരനും ക്ലെറിക്കുമായിരുന്ന ആൽബെർട്ട് (Albert of Aix) എഴുതുന്നു: “1096 മെയ് 25-നു് മയിൻസ് പട്ടണത്തിൽ എത്തിയ ഒരു വലിയ കൂട്ടം കുരിശുയുദ്ധക്കാർ പൂട്ടുകളും വാതിലുകളും തകർത്തു് യൂദരുടെ വീടുകളിൽ ഇരച്ചുകയറി. അമ്പും കുന്തവും ഉപയോഗിച്ചു് അവർ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല യൂദരെയും കൊലചെയ്തു. സംസ്കരിക്കാനായി മയിൻസിനു് പുറത്തേക്കു് കുതിരവണ്ടിയിൽ കൊണ്ടുപോയിരുന്ന അനവധിയായ ശവശരീരങ്ങൾ ദുഃഖകരമായ ഒരു കാഴ്ചയായിരുന്നു”. ആ ശവകുടീരങ്ങളിലെ സ്മാരകശിലകൾ യൂറോപ്പിലെ യൂദരുടെ പുരാതന ശ്മശാനങ്ങളിൽ ഇന്നും കാണാൻ കഴിയും.

എന്നിരിക്കിലും, എല്ലാ ക്രൈസ്തവരും ഈ യൂദഹത്യയെ അംഗീകരിച്ചിരുന്നില്ല. അക്രൈസ്തവവും തീർത്തും മ്ലേച്ഛവുമാണതെന്നു് കരുതിയ ധാരാളം പേരുണ്ടായിരുന്നു. ക്രൈസ്തവ സഭയിലെ ഉന്നതരെയും ആ കൂട്ടക്കൊലകളുടെ വ്യാപ്തി ആശ്ചര്യപ്പെടുത്തി. തത്ഫലമായി, രണ്ടാമത്തെ കുരിശുയുദ്ധത്തിൽ യൂദർക്കെതിരെയുള്ള കൊലപാതങ്ങൾ തടയുന്നതിനായി, സഭയിൽ ഏറെ സ്വാധീനമുള്ളവനായിരുന്ന ആബട്ട് ബെർണാർഡിനെ (Bernard of Clairvaux) മാർപ്പാപ്പ യുജീൻ (Pope Eugene lll) ചുമതലപ്പെടുത്തി. യൂദഹത്യക്കെതിരായി ബെർണാർഡ് ജർമ്മനിയിലുടനീളം പ്രബോധനം നടത്തി. 600 വർഷം മുൻപു് തന്റെ “സ്റ്റേറ്റ് ഓഫ് ഗോഡ്” വഴി അഗസ്റ്റിൻ നിർമ്മിച്ച നിർവചനപ്രകാരം യൂദർ യേശുവിന്റെ പീഡാനുഭവങ്ങളുടെ അടയാളമാണെന്നും (living fossils), അവരെ കൊല്ലുകയോ പുറത്താക്കുകയോ ചെയ്യരുതെന്നും, യൂദരെ ആക്രമിക്കുന്നവർ യേശുവിനെയാണു് ആക്രമിക്കുന്നതെന്നുമെല്ലാം ബെർണാർഡ് ജനത്തെ ആഹ്വാനം ചെയ്തു. പക്ഷേ, അവന്റെ അഭ്യർത്ഥനകളോ, പോപ്പ് ക്ലെമെൻസ് lll-ന്റെ ഔദ്യോഗിക അപലപനമോ ഒന്നും കുരിശുയുദ്ധങ്ങളിലെ കൊലപാതകങ്ങൾ നിയന്ത്രിക്കാൻ പര്യാപ്തമായിരുന്നില്ല. യൂറോപ്പിലെ യൂദർക്കെതിരെയുള്ള അക്രമങ്ങളുടെ ആദ്യത്തെ വലിയ തരംഗമായിരുന്നു കുരിശുയുദ്ധങ്ങൾ. യൂറോപ്പിലെ ക്രിസ്തുമതത്തിൽ 1000 വർഷങ്ങൾ ആന്റി ജൂഡായിസം/ആന്റി സെമിറ്റിസം ഇല്ലായിരുന്നു. കുരിശുയുദ്ധത്തോടെ അതൊരു സാമൂഹിക പ്രതിഭാസമായി ജനമനസ്സുകളിൽ വേരൂന്നി.

വിരോധാഭാസം എന്നേ പറയേണ്ടൂ, ഈ കൂട്ടക്കൊലകൾ വഴി മൈസ്തവർക്കു് യൂദരോടുള്ള വെറുപ്പു്  കൂടുകയല്ലാതെ, കുറയുകയായിരുന്നില്ല. മനുഷ്യരിൽ അതു് ഒരുവിധ കുറ്റബോധമോ ദുഃഖമോ സഹാനുഭൂതിയോ ജനിപ്പിച്ചില്ല. തങ്ങളുടെ ദൈവത്തെക്കൊന്ന ക്രൂരരാണു് യൂദർ!  അതുകൊണ്ടു് അവർ കൊലചെയ്യപ്പെടുന്നതിന്റെ കാരണം അവർതന്നെയാണു്! അതായിരുന്നു  യൂദരോടുള്ള ക്രൈസ്തവരുടെ തീരാവെറുപ്പിനു് നിദാനം. തിരിഞ്ഞുനോട്ടത്തിൽ കുറ്റകൃത്യത്തെ സാധൂകരിക്കാൻ ന്യായീകരണങ്ങൾ വേണമല്ലോ! ഇര കുറ്റകൃത്യം ചെയ്തതുകൊണ്ടു് ഇരയ്ക്കും കുറ്റകൃത്യം നേരിടേണ്ടി വന്നു! അത്ര ഹൃദയശൂന്യമാണു് പാരഡോക്സിക്കൽ ന്യായീകരണങ്ങൾ! ഗ്രീക്കുകാരനായിരുന്ന സോക്രട്ടീസ് “ഹെംലോക്ക് കപ്പ്” കുടിച്ചു് മരിച്ചതിന്റെ  ഉത്തരവാദികൾ ഗ്രീക്കുകാരാണു്. അതുകൊണ്ടു് എല്ലാ ഗ്രീക്കുകാരും കൊലപാതകികളാണു് എന്ന “sophistry”!

ഈജിപ്റ്റിലെ അലക്സാൻഡ്രിയയിൽ ഗ്രീക്കുകാരും, അൽ അൻഡാലൂസിലെ ഗ്രനാഡയിൽ മുസ്ലീമുകളും, യൂറോപ്പിൽ ക്രൈസ്തവരും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിട്ടും, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്വന്തം ചാരത്തിൽ നിന്നും പുനർജ്ജനിച്ച ഒരു ജനതയാണു് യഹൂദർ.

 
Comments Off on യൂദവിരോധം – (3)

Posted by on Nov 1, 2023 in Uncategorized