RSS

Daily Archives: Nov 18, 2008

ബിന്‍ ലാദനും അല്‍ ഖാഇദയും

ഒസാമ ബിന്‍ ലാദന്റെ പിതാവു് സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടിയേറിപ്പാര്‍ത്ത മുഹമ്മദ്‌ ബിന്‍ ലാദന്‍ എന്ന യെമന്‍കാരനായിരുന്നു. 1930 ആരംഭത്തിലെ കഠിനമായ വരള്‍ച്ച മൂലം മറ്റു് പല യെമന്‍കാരേയും പോലെ നാടുവിട്ട മുഹമ്മദ്‌ ആദ്യം എത്യോപ്യയിലും പിന്നീടു് 1931-ല്‍ ജിദ്ദയിലും എത്തിച്ചേര്‍ന്നു. ഒരു ചുമട്ടുതൊഴിലാളിയായി ജിദ്ദയില്‍ ജീവിതം ആരംഭിച്ച മുഹമ്മദ്‌ താമസിയാതെ അവിടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിക്കുന്നു. 1938 മുതല്‍ സൗദി അറേബ്യയില്‍ അമേരിക്ക ഓയില്‍ ഖനനം ആരംഭിക്കുകയും, അതിനോടനുബന്ധിച്ചു് രാജ്യത്തെ ഇന്‍ഫ്രാ സ്ട്രക്ചര്‍ നവീകരണം അടക്കമുള്ള വന്‍തോതിലുള്ള കണ്‍സ്ട്രക്ഷന്‍ പണികള്‍ ആവശ്യമായി വരികയും ചെയ്തു. എങ്കിലും, ARAMCO (1944-ല്‍ ഈ പേരു്സ്വീകരിക്കുന്നതുവരെ വരെ California Arabian Standard Oil Company) കണ്‍സ്ട്രക്ഷന്‍ പണികള്‍ നല്‍കിയിരുന്നതു് Bechtel പോലുള്ള വലിയ അമേരിക്കന്‍ കമ്പനികള്‍ക്കായിരുന്നു. ഇക്കാര്യത്തില്‍ സൗദി രാജകുടുംബത്തിനു് ആദ്യകാലങ്ങളില്‍ വലിയ പങ്കുണ്ടായിരുന്നില്ല. പിന്നീടു്, അറബികള്‍ക്കും പണികളുടെ കോണ്ട്രാക്റ്റുകള്‍ നല്‍കണം എന്ന ആവശ്യം സൗദിരാജകുടുംബം ഉന്നയിച്ചതുമൂലം, 1940 മുതല്‍ ചെറുകിട പ്രാദേശികകമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ സഹായിക്കുന്നതിനായി രൂപമെടുത്തു. ഈ അവസരം മുഹമ്മദ്‌ തന്മയത്വമായി വിനിയോഗിച്ചു. റിസ്ക്‌ കൂടുതലായതിനാല്‍ വരുമാനവും തദനുസൃതം കൂടുതലായ ജോലികള്‍ ഏറ്റെടുത്തു് അവന്‍ അതിവേഗം സാമ്പത്തികമായി വളര്‍ന്നു. 1950 ആയപ്പോഴേക്കും മുഹമ്മദിന്റെ കമ്പനി Saudi Binladin Group എന്ന വന്‍സാമ്രാജ്യമായി രൂപാന്തരം പ്രാപിച്ചു. ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു് പള്ളികളായ മെക്കയിലെയും മെദീനയിലേയും പള്ളികളും ജെറുസലേമിലെ പള്ളിയും (Al-Aqsa Mosque) പുതുക്കിപ്പണിതതു് സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ്‌ ആയിരുന്നു. ഫൈസല്‍ രാജാവിന്റെ കീഴില്‍ മുഹമ്മദ്‌ ബിന്‍ ലാദന്‍ സൗദിയിലെ പൊതുനിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചുമതലവഹിക്കുന്ന മന്ത്രി എന്ന പദവി വരെ ഉയര്‍ന്നു.

താമസിച്ചാണു് വിവാഹജീവിതം ആരംഭിച്ചതെങ്കിലും മുഹമ്മദ്‌ ബിന്‍ ലാദന്‍ 22 ഭാര്യമാരില്‍ നിന്നായി 54 മക്കളെ ജനിപ്പിച്ചു. 25 ആണ്മക്കളും 29 പെണ്മക്കളും. വലിയ ഭക്തനായിരുന്നതുമൂലം, മുഹമ്മദ്‌ ഇസ്ലാമിന്റെ നിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു. ഉദാഹരണത്തിനു്, ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ വച്ചുപുലര്‍ത്താന്‍ ഇസ്ലാം അനുവദിക്കുന്നില്ലാത്തതിനാല്‍ അഞ്ചാമത്തെ വിവാഹത്തിനു് മുന്‍പായി പഴയ ഏതെങ്കിലും ഒരു ഭാര്യയെ മൊഴിചൊല്ലാന്‍ മുഹമ്മദ്‌ ശ്രദ്ധിച്ചിരുന്നു. വിശ്വാസതീവ്രതമൂലം, ഇസ്ലാം നിയമത്തിനു് ഭംഗം വരാതിരിക്കാനായി ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു് മാത്രമായി അവളെ വിവാഹം കഴിക്കുന്നതും, അതിനുശേഷം വീണ്ടും മൊഴി ചൊല്ലുന്നതും മുഹമ്മദിന്റെ രീതിയായിരുന്നു. ജനനങ്ങളും മറ്റും കൃത്യമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതൊന്നും സൗദി അറേബ്യയില്‍ ആരും അത്ര ശ്രദ്ധിച്ചിരുന്നുമില്ല. അതിനാല്‍, ഭാര്യമാരുടെയും മക്കളുടെയും എണ്ണമോ, കുടുംബസംബന്ധമായ മറ്റു് വിവരങ്ങളോ ഒന്നും കൃത്യമാവണമെന്നില്ല. മുഹമ്മദ്‌ പല സ്ത്രീകളുമായി താത്കാലികബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നതിനാല്‍, ഭാര്യമാരുടെയും മക്കളുടെയും എണ്ണം ഈ ഔദ്യോഗിക കണക്കുകളില്‍ നിന്നും കൂടുകയല്ലാതെ കുറയുകയില്ല എന്നു് സാരം. പതിനേഴാമത്തവനായി ജന്മമെടുത്ത ഒസാമയുടെ അമ്മ ഒരു പാലസ്തീന്‍കാരിയായിരുന്നു. മുഹമ്മദിനു് അവളില്‍ നിന്നും ഈ ഒരു മകന്‍ മാത്രമേ ഉള്ളു. അവള്‍ നാലാമത്തെ ഭാര്യ ആയിരുന്നോ അതോ അവര്‍ കൂടി താമസിച്ചിരുന്നതേ ഉള്ളോ എന്നതും വ്യക്തമല്ല. മുഹമ്മദ്‌ അവളെ സിറിയയില്‍ വച്ചു് പരിചയപ്പെടുമ്പോള്‍ അവള്‍ക്കു് പതിനാലു് വയസ്സു് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു എന്നും അതല്ല, ഇരുപതില്‍ മീതെ ആയിരുന്നു എന്നും രണ്ടഭിപ്രായമുണ്ടു്. അറബിലോകത്തു് പഞ്ഞമില്ലാത്ത ഒരു കാര്യം അഭിപ്രായങ്ങളിലെ വൈരുദ്ധ്യങ്ങളാണല്ലോ! അറബികള്‍, പ്രത്യേകിച്ചും സുന്നിമുസ്ലീമുകള്‍ “താഴ്‌ന്ന” മുസ്ലീമുകളായി കരുതുന്ന Alaouite (ഷിയാ മുസ്ലീം) വിഭാഗത്തില്‍പ്പെട്ടവളായിരുന്നു അവള്‍ എന്നും ഒരു ശ്രുതിയുണ്ടു്. ഈ വസ്തുത അവളുടെ ചില ബന്ധുക്കള്‍ നിഷേധിക്കുന്നുമുണ്ടു്. നാലാമത്തെ ഭാര്യ ആയിരുന്ന അവളെ മറ്റു് കുടുംബാംഗങ്ങള്‍ അടിമസ്ത്രീ എന്നും അതുവഴി ഒസാമയെ “അടിമസ്ത്രീയുടെ മകന്‍” എന്നും പരിഹസിച്ചിരുന്നത്രേ! “ഒസാമ” എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം സിംഹം എന്നാണെന്നതു് ഈ വസ്തുതയുടെ വെളിച്ചത്തില്‍ വിരോധാഭാസമായി തോന്നിയേക്കാം!

ഒസാമയ്ക്കു് നാലോ അഞ്ചോ വയസ്സു് പ്രായമുള്ളപ്പോള്‍ മുഹമ്മദ്‌ അവന്റെ അമ്മയെ മൊഴി ചൊല്ലുകയും അവള്‍ക്കു് തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന മൊഹമ്മദ്‌ അല്‍ അത്താസുമായി ദാമ്പത്യബന്ധം ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു. അതുമുതല്‍ ഒസാമയുടെ ജീവിതം അമ്മയോടും രണ്ടാം വാപ്പയോടും ഒരുമിച്ചായി. പുതിയ ഭര്‍ത്താവില്‍ നിന്നും അവള്‍ക്കു് മൂന്നു് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ജനിച്ചു. മൂത്തവന്‍ എന്ന നിലയില്‍ അവരുടെ ചുമതലക്കാരന്‍ ഒസാമയായിരുന്നു. അമ്മയോടു് നല്ല ബന്ധം പുലര്‍ത്തിയ ഒസാമ, യഥാര്‍ത്ഥ വാപ്പയുടെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടാം വാപ്പയുമായി അത്ര നല്ല ബന്ധം നിലനിര്‍ത്തിയിരുന്നില്ല. അധികപങ്കും യാത്രയിലായിരുന്ന സ്വന്തം പിതാവു് വല്ലപ്പോഴും വീട്ടില്‍ എത്തുമ്പോള്‍ അവനുമായി വ്യക്തിപരമായ പരസ്പരബന്ധം വളര്‍ത്തിയെടുക്കുവാന്‍ മൊഴിചൊല്ലലിനു് മുന്‍‌പുപോലും അനേകം സഹോദരങ്ങളുടെ ഇടയില്‍ ഒസാമയ്ക്കു് സ്വാഭാവികമായും കഴിഞ്ഞിരുന്നില്ല. ബാല്യകാലസുഹൃത്തുക്കള്‍ ഒസാമയെ “പെണ്‍കുട്ടികളെപ്പോലെ” ലജ്ജാശീലനും, ശാന്തനുമായി വര്‍ണ്ണിക്കുന്നു. Bonanza, Fury മുതലായ അമേരിക്കന്‍ സീരിയലുകളടക്കമുള്ള T.V. പ്രോഗ്രാമുകള്‍ കാണുന്നതായിരുന്നു ചെറുപ്പത്തിലെ പ്രധാന വിനോദങ്ങള്‍. പഠനത്തിലും കളികളിലും പൊതുവേ ഒരു ശരാശരി ബാലന്‍ മാത്രമായിരുന്നു ഒസാമ. അമ്മയ്ക്കു് കുടുംബാംഗങ്ങളില്‍ നിന്നു് നേരിടേണ്ടിവന്ന അവഹേളനങ്ങള്‍പോലെതന്നെ, പിതാവായ മുഹമ്മദിനും, അതിഭീമമായ സാമ്പത്തികവളര്‍ച്ച ഉണ്ടായിട്ടുപോലും, സൗദിയില്‍ കുടിയേറിപ്പാര്‍ത്ത ഒരു യെമന്‍കാരന്‍ എന്നതിന്റെ പേരില്‍ സൗദി സമൂഹത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല. ഈ സ്റ്റിഗ്‌മ അവന്റെ സഹോദരങ്ങളില്‍ എന്നപോലെ ഒസാമയിലും അപകര്‍ഷതാബോധവും, അതില്‍ നിന്നുടലെടുക്കുന്ന അംഗീകരിക്കപ്പെടുന്നതിനുള്ള ദാഹവും രൂപമെടുക്കാന്‍ പ്രേരിതമായിട്ടുണ്ടാവണം എന്നു് കരുതുന്നതില്‍ തെറ്റില്ല. 1967-ല്‍ മുഹമ്മദ്‌ ബിന്‍ ലാദന്‍ ഒരു വിമാനാപകടത്തില്‍ മരിച്ചു. അതുവഴി ഒസാമ അടക്കമുള്ള അവന്റെ മക്കള്‍ അനേക കോടികളുടെ അവകാശികളായി.

പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ ഒസാമ അവന്റെ അമ്മവഴിയിലെ ഒരു അമ്മാവന്റെ മകളായ ഒരു പതിനാലു് വയസ്സുകാരിയെ വിവാഹം കഴിച്ചു. അവളില്‍ നിന്നും ഒസാമ ബിന്‍ ലാദനു് പതിനൊന്നു് മക്കള്‍ ജനിച്ചു. അഞ്ചു് ഭാര്യമാരില്‍ നിന്നായി ഒസാമയ്ക്കു് ആകെ മക്കള്‍ ഇരുപത്തിനാലു്. അഞ്ചില്‍ ഒരുവള്‍ പിന്നീടു് അവനില്‍ നിന്നും വിവാഹമോചനം നേടി. ഒസാമയുടെ ഒരു മുതിര്‍ന്ന സ്റ്റെപ്‌ ബ്രദര്‍ ആയ യെസ്ലാം ബിന്‍ ലാദന്റെ ഭാര്യയായിരുന്ന കാര്‍മന്‍ (Carmen Dufour bin Ladin) എന്ന ഒരു സ്വിറ്റ്‌സര്‍ലന്‍ഡ്കാരി “Inside the Kingdom: My Life in Saudi Arabia” എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്‌. Dufour എന്നൊരു സ്വിസ്‌ പൗരന്റേയും, ഒരു ഇറാന്‍ കാരിയുടെയും മകളായി സ്വിറ്റ്‌സര്‍ലണ്ടില്‍ ജനിച്ച കാര്‍മനും യെസ്ലാമും തമ്മില്‍ 1973-ല്‍ ജെനീവയില്‍ വച്ചു് പരിചയപ്പെടുകയും, അടുത്തവര്‍ഷം ജിദ്ദയില്‍ വച്ചു് അവര്‍ വിവാഹിതരാവുകയുമായിരുന്നു. 1988-ല്‍ അവള്‍ യെസ്ലാമില്‍ നിന്നും വേര്‍പെടുകയും, 2006-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. അവരുടെ മൂന്നു് പെണ്മക്കളും ഇന്നു് പാശ്ചാത്യരാജ്യങ്ങളിലാണു് ജീവിക്കുന്നതു്.

കിംഗ്‌ അബ്ദുള്‍ അസീസ്‌ യൂണിവേഴ്സിറ്റിയില്‍ ഒസാമ പഠിച്ചതു് എക്കണോമിക്സും കണ്‍സ്ട്രക്ഷന്‍ സംബന്ധിച്ച കാര്യങ്ങളും ആയിരുന്നെങ്കിലും, മതപരമായ കാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. അക്കാലത്തു് തീവ്രവാദികളുമായി ബന്ധത്തിലായി. 1979-ലെ ഗ്രാന്റ്‌ മോസ്ക്‌ പിടിച്ചടക്കല്‍ ശ്രമവുമായി ബന്ധപ്പെട്ടു് ഒസാമയേയും സഹോദരനേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. അവര്‍ക്കു് നേരിട്ടു് പങ്കില്ലായിരുന്നെങ്കിലും, പള്ളിയിലേക്കു് ആയുധങ്ങള്‍ ബിന്‍ ലാദന്‍ കമ്പനിയുടെ ട്രക്കുകള്‍ ഉപയോഗിച്ചു് കടത്തുന്നതിനു് അവരുടെ സഹായം ഉണ്ടായിരുന്നോ എന്ന സംശയമായിരുന്നു തടവിനു് കാരണം. അതേസമയം, പള്ളി പുതുക്കിപ്പണിത കമ്പനി എന്ന നിലയില്‍, പള്ളിയുടെ പ്ലാന്‍ വിമതരെ ആക്രമിച്ചവര്‍ക്കു് നല്‍കി സഹായിച്ചുകൊണ്ടു് രാജകുടുംബത്തോടുള്ള കൂറു് പ്രകടിപ്പിക്കുവാന്‍ ബിന്‍ ലാദന്‍ ഗ്രൂപ്പിനു് കഴിയുകയും ചെയ്തു.

(തുടരും)

 
18 Comments

Posted by on Nov 18, 2008 in ലേഖനം

 

Tags: , ,