RSS

Daily Archives: Dec 8, 2007

മോശെ ഒരു യഹൂദനായിരുന്നില്ല!?

(Sigmund Freud-ന്റെ “മോശെ എന്ന മനുഷ്യനും ഏകദൈവമതവും” എന്ന പുസ്തകമാണു് ഈ കുറിപ്പുകളുടെ അടിസ്ഥാനം)

യഹൂദന്മാരുടെ ദൈവമായ യഹോവ പ്രത്യക്ഷപെട്ടതു് ഒരു യഹൂദനല്ലെന്നു് പറയുന്നതു് ക്രിസ്തുമതവുമായി ക്രിസ്തുവിനു് ബന്ധമൊന്നുമില്ല എന്നു് പറയുന്നതിനു് തുല്യമായിരിക്കും. യഹൂദരെ മിസ്രയിമിലെ (ഈജിപ്റ്റ്‌) അടിമത്വത്തില്‍നിന്നും മോചിപ്പിക്കാന്‍ യഹോവ തെരഞ്ഞെടുത്ത മോശെ ഒരു യഹൂദനല്ലാതാവുമോ? ഏകദൈവമായ തന്നിലെ വിശ്വാസം യഹൂദരില്‍ അരക്കിട്ടുറപ്പിക്കാന്‍ സ്വന്തവിരലുകള്‍കൊണ്ടു് ദൈവം എഴുതിയ പത്തു് കല്‍പനകള്‍ സീനായിമലയില്‍വച്ചു് ദൈവത്തില്‍നിന്നും നേരിട്ടു് വിശ്വസ്തതയോടെ ഏറ്റുവാങ്ങിയ മോശെ. ബൈബിളിലെ ആദ്യത്തെ അഞ്ചു് പുസ്തകങ്ങളിലൂടെ യഹൂദര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ യഹോവയുടെ മേല്‍നോട്ടത്തില്‍ നിശ്ചയിച്ചുറപ്പിച്ച മോശെ. യഹൂദരുടെ മതം “മോശെയുടെ മതം” എന്ന പേരില്‍ പോലുമാണു് അറിയപ്പെടുന്നതു്. ഒരു യഹൂദനായിരുന്നില്ലെങ്കില്‍ പിന്നെ ആരായിരുന്നു മോശെ എന്ന മനുഷ്യന്‍?

മോശെയുടെ ജനനം സംബന്ധമായി ബൈബിളിലെ വര്‍ണ്ണന ഇങ്ങനെയാണു്: മിസ്രയിമില്‍ യഹൂദരുടെ എണ്ണം പെരുകിവന്നപ്പോള്‍ അതില്‍ അസ്വസ്ഥനായ ഫറവോ പിറന്നുവീഴുന്ന ആണ്‍കുട്ടികളെ എല്ലാം നദിയില്‍ എറിയാന്‍ വയറ്റാട്ടികളെ ചുമതലപ്പെടുത്തുന്നു. ഫറവോയുടെ ഈ കല്പന നടപ്പിലാക്കുന്ന കാര്യത്തില്‍ വയറ്റാട്ടികള്‍ പലപ്പോഴും ഒരു കണ്ണു് അടച്ചിരുന്നു എന്നതു് മറ്റൊരു വസ്തുത. ആദ്യജാതന്മാരെ എലിമിനേറ്റ് ചെയ്യുക എന്നതു് അവിടങ്ങളില്‍ അക്കാലത്തു് ദൈവത്തിന്റെ മാത്രമല്ല, രാജാക്കന്മാരുടെയും ഫസ്റ്റ് ചോയ്സ് ആയിരുന്നു. മറ്റു് ഓപ്ഷന്‍സെല്ലാം എക്സെപ്ഷണല്‍ സാഹചര്യങ്ങളില്‍ മാത്രം. ഒരു ലേവ്യ യുവാവും യുവതിയും അവര്‍ക്കു് ജനിക്കുന്ന – പില്‍ക്കാലത്തു് മോശെ ആയിത്തീരേണ്ട – സ്വന്തം കുഞ്ഞിനെ മൂന്നു് മാസം ഒളിച്ചുവയ്ക്കുന്നു. പിന്നെ ഒളിച്ചുവയ്ക്കാന്‍ കഴിയാതെ ആയപ്പോള്‍ അവനെ അവര്‍ ഒരു ഞാങ്ങണപ്പെട്ടിയില്‍ വച്ചു് നൈല്‍നദിയില്‍ ഒഴുക്കുന്നു. നദിക്കരെ കുളിക്കാനെത്തിയ ഫറവോയുടെ പുത്രി കുഞ്ഞിനെ കാണുകയും, സ്വന്തമകനായി വളര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടു് മറഞ്ഞുനിന്നിരുന്ന കുഞ്ഞിന്റെ പെങ്ങള്‍ മുലകൊടുക്കാനായി അവന്റെ സ്വന്തം അമ്മയെത്തന്നെ തന്ത്രപൂര്‍വ്വം ഏര്‍പ്പാടാക്കിക്കൊടുക്കുന്നു. രാജകുമാരി “ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു് വലിച്ചെടുത്തു” എന്ന അര്‍ത്ഥത്തില്‍ അവനു് മോശെ എന്ന പേര്‍ നല്‍കി വളര്‍ത്തുന്നു. മനുഷ്യരുടെയും സ്ഥലങ്ങളുടെയുമെല്ലാം പേരുകള്‍ക്കു് ഒരു എറ്റിമൊളോജിക്കല്‍ ന്യായീകരണം ഉണ്ടായിരിക്കണമെന്നു് അക്കാലത്തെ മനുഷ്യര്‍ക്കു്‌ നിര്‍ബന്ധമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. അങ്ങനെ മോശെ ഫറവോയുടെ കൊട്ടാരത്തില്‍ വളര്‍ന്നു് വലുതാവുന്നു.

ലോകപ്രസിദ്ധ മനഃശാസ്ത്രജ്ഞനും, യഹൂദനുമായിരുന്ന ഫ്രോയ്ഡിന്റെ അഭിപ്രായത്തില്‍ മോശെ യഹൂദനല്ല, ഒരു ഈജിപ്ഷ്യന്‍ ആയിരുന്നു. അതു്‌ സ്ഥാപിക്കാനായി ഫ്രോയ്ഡ് നിരത്തുന്ന വാദമുഖങ്ങള്‍: മോശെ എന്ന വാക്കിനു് തുല്യമായ മോഷെ എന്ന എബ്രായ പദത്തിനു് “വലിച്ചെടുക്കുന്നവന്‍” എന്നല്ലാതെ, “വലിച്ചെടുക്കപ്പെട്ടവന്‍” എന്ന അര്‍ത്ഥമില്ല. കൂടാതെ, ഒരു ഈജിപ്ഷ്യന്‍ രാജകുമാരി അവളുടെ വളര്‍ത്തുമകനു് എബ്രായനാമം നല്‍കുന്നതു് അവിശ്വസനീയമാണു്. മോശെ വലിച്ചെടുക്കപ്പെട്ട ജലം നൈല്‍നദിയുടേതാവാതിരിക്കാനാണു് എല്ലാ സാദ്ധ്യതകളുമെന്നു് ഹാസ്യരസം കലര്‍ത്തി ഫ്രോയ്ഡ്‌ സൂചിപ്പിക്കുന്നു. (എല്ലാ മനുഷ്യക്കുഞ്ഞുങ്ങളും വലിച്ചെടുക്കപ്പെടുന്നതു് വെള്ളത്തില്‍ നിന്നുതന്നെയാണല്ലോ!) “കുട്ടി” എന്നര്‍ത്ഥമുള്ള, സാധാരണഗതിയില്‍ മറ്റു് പേരുകളോടു് ചേര്‍ത്തു് വിളിക്കപ്പെടുന്ന മോശെ എന്ന പേരിന്റെ ഉറവിടം ഈജിപ്താണു്. (ഉദാ: ആമോണ്‍-മോശെ, പ്‌ടാ-മോശെ മുതലായ പേരുകള്‍). മോശെയുടെ പേരിന്റെ ആദ്യഭാഗം മുറിഞ്ഞുപോയതോ, ഉപേക്ഷിക്കപ്പെട്ടതോ ആവാം. (കേരളത്തിലെ രാമന്‍കുട്ടിയും, പരീതുകുട്ടിയും, പൗലോസുകുട്ടിയുമൊക്കെ കാലക്രമേണ വെറും കുട്ടിയായി മാറുന്നതുപോലെ.) Moses എന്ന പേരിന്റെ അന്ത്യത്തിലെ “s” എന്ന അക്ഷരം ഗ്രീക്കു് തര്‍ജ്ജമകള്‍ വഴി രൂപമെടുത്തതാണു്. എബ്രായഭാഷയില്‍ മോശെ “മോഷെ” ആണു്, “മോഷെസ്‌” അല്ല. ഒരു ഈജിപ്ഷ്യന്‍ പേരിന്റെ ഉടമ, പ്രത്യേകിച്ചും പുരാതനകാലങ്ങളില്‍, ഒരു ഈജിപ്തുകാരനായിരിക്കണമെന്നതു് സ്വാഭാവികം മാത്രമല്ലേ എന്നു് ഫ്രോയ്‌ഡിന്റെ ചോദ്യം. ഏതു് സംസ്കൃതസമൂഹങ്ങളിലും അവരുടെ പുരാതനകാലം വീരഗാഥകളിലൂടെ മഹത്വീകരിക്കപ്പെടുന്നതായി കാണാന്‍ കഴിയും. രാജാക്കന്മാര്‍ ‍, മതസ്ഥാപകര്‍, വീരന്മാര്‍, ശൂരന്മാര്‍ മുതലായവരെ വര്‍ണ്ണനകളിലൂടെ ഊതിവീര്‍പ്പിച്ചു് മാതൃകാപുരുഷന്മാരാക്കേണ്ടതു്, ആരാധനാമൂര്‍ത്തികളാക്കേണ്ടതു് സമൂഹത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കുവാന്‍, മൂല്യബോധം വളര്‍ത്തുവാന്‍ ആവശ്യമാണു് – ബോധവല്‍ക്കരണത്തിലൂടെ, ബൗദ്ധികവളര്‍ച്ചയിലൂടെ മനുഷ്യരില്‍ വ്യക്തിത്വം സ്വതന്ത്രമാക്കപ്പെടുന്നതിനനുസരിച്ചു് അതിന്റെ നിര്‍ബന്ധം കുറഞ്ഞുകൊണ്ടിരിക്കുമെങ്കിലും. തത്വത്തില്‍, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രതത്വത്തിലല്ലാതെ, ദൈവത്തിലും മതങ്ങളിലുമൊന്നും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാര്‍ പോലും അവരുടെ നേതാക്കളെ, പ്രത്യേകിച്ചും ആദ്യകാലനേതാക്കളെ, ദൈവതുല്യരാക്കുന്നതും, “ആചാര്യര്‍ ‍” എന്നു് അഭിസംബോധന ചെയ്തു് ആരാധിക്കുന്നതും നമ്മള്‍ ഇന്നും കാണാറുണ്ടല്ലോ. നാല്പതു് ദിവസത്തേക്കു് ആണെങ്കില്‍ പോലും ആരാധിക്കാന്‍ ഒരു ദൈവമില്ലെന്നു് വന്നാല്‍ കാളക്കുട്ടിയെപ്പിടിച്ചു്‌ ദൈവമാക്കാന്‍ മടിക്കാത്തവരാണു്‌ മനുഷ്യര്‍‍! സാധാരണഗതിയില്‍ വീരഗാഥകളിലെ ഹീറോ ഒരു രാജകുമാരനോ, പ്രശസ്തരായ മാതാപിതാക്കളുടെ മകനോ ഒക്കെ ആയിരിക്കും. ദീര്‍ഘകാലത്തെ വന്ധ്യാത്വത്തിനു് ശേഷമുള്ള പ്രസവം, നിരോധിക്കപ്പെട്ട പ്രേമത്തിന്റെ രഹസ്യസാക്ഷാത്ക്കാരത്തിന്റെ ഫലമായി ജനിക്കുന്ന കുഞ്ഞു്, ജന്മസംബന്ധമായ വെളിപാടുകള്‍, അരുളപ്പാടുകള്‍, ജനനസമയത്തോ, ബാല്യത്തിലോ കുഞ്ഞു് കൊലചെയ്യപ്പെടാനുള്ള സാദ്ധ്യതകള്‍, മൃഗങ്ങളോ, താഴേക്കിടയിലുള്ള മനുഷ്യരോ വഴിയുള്ള രക്ഷപെടുത്തലും വളര്‍ത്തലും ഇവയെല്ലാം മിക്കവാറും എല്ലാ വീരഗാഥകളുടെയും ആകമാനമെന്നു് പറയാവുന്ന സ്വഭാവമാണു്. വളര്‍ച്ച പ്രാപിക്കുന്ന ഹീറോ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു് പേരും പെരുമയും നേടി അനശ്വരനാവുന്നു. ഇതാണു് പൊതുവേ ഒരു ക്ലാസിക്‌ ഹീറോയുടെ ചിത്രം. ഈ ചിത്രം വരയ്ക്കപ്പെടുന്നതു് സ്വാഭാവികമായും എപ്പോഴും കഥാനായകന്‍ ഒരു ഹീറോ ആയിത്തീര്‍ന്ന ശേഷം മാത്രമായിരിക്കുമെന്നതു് വ്യക്തം.

അതിനു് വിപരീതമാണു് ബൈബിളിലെ മോശെയുടെ ചരിത്രം. മിസ്രയിമില്‍ അടിമകളായിരുന്ന യഹൂദരിലെ ഒരു ലേവികുടുംബത്തില്‍ ജനിക്കുന്ന മോശെ അത്യുന്നതനായ ഫറവോയുടെ കൊട്ടാരത്തില്‍, രാജകുമാരിയുടെ മകനായി വളര്‍ത്തപ്പെടുന്നു. കുലീനതയില്‍ പിറന്നു്, വിധിവൈപരീത്യം മൂലം താഴ്ത്തപ്പെട്ടു് പ്രതിബന്ധങ്ങളെ നേരിട്ടു് വീണ്ടും മഹത്വീകരിക്കപ്പെടുന്ന ക്ലാസിക്‌ ഹീറോയുടെ ചിത്രം ഇവിടെ തലതിരിയുന്നു. ദൈവത്തിന്റെ ഏകജാതനായ യേശു കാലിത്തൊഴുത്തില്‍ വന്നു് പിറക്കുന്നതും, ഹെരോദാവിനാല്‍ വധിക്കപ്പെടാതിരിക്കാന്‍ അവന്റെ മരണം വരെ മിസ്രയിമില്‍ ചെന്നു് പാര്‍ക്കേണ്ടിവരുന്നതും, പില്‍ക്കാലത്തു് സുവിശേഷം ഘോഷിക്കുന്നതും, പീഡനവും യാതനയും സഹിച്ചു് “മരിച്ചു് ഉയിര്‍ത്തെഴുന്നേറ്റു്” സ്വര്‍ഗ്ഗത്തിലേക്കു് കരേറുന്നതുമൊക്കെ ഒരു ക്ലാസിക്‌ ഹീറോയുടെ ജീവിതഗതിയുടെ മായം ചേര്‍ക്കാത്ത ഉദാഹരണമാണു്. മോശെയുടെ കാര്യത്തില്‍ ഈ ചിത്രത്തിനു് വക്രത സംഭവിക്കുന്നതിനു് ഒരു വിശദീകരണമേയുള്ളു. മോശെ മഹത്വീകരിക്കപ്പെടേണ്ടതു് ഈജിപ്ഷ്യരുടെ ആവശ്യമല്ല, യഹൂദരുടെ ആവശ്യമാണു്. ഈജിപ്ഷ്യനായ ഒരു‍ രാജകുമാരന്‍ അടിമകളായ യഹൂദരിലേക്കു് താഴ്‌ന്നതിനുശേഷം വീണ്ടും ഉയര്‍ത്തപ്പെട്ടു് ഒരു ഫറവോ ആയിത്തീര്‍ന്നാല്‍ പോലും അതുവഴി ഈജിപ്ഷ്യരല്ലാതെ, യഹൂദര്‍ ഒന്നും നേടുന്നില്ല. ഒരു വിദേശിയെ തങ്ങളുടെ ഹീറോ ആക്കുന്നതും യഹൂദരുടെ ദൃഷ്ടിയില്‍ അര്‍ത്ഥശൂന്യം. അടിമകളുടെ മകനായി ജനിച്ചു് യഹൂദനായി തുടര്‍ന്നാല്‍ “മഹത്വത്തിലേക്കു് മടങ്ങിയെത്തുക” എന്ന ക്ലാസിക്‌ സങ്കല്‍പ്പവും സാദ്ധ്യമാവില്ല. ഇവിടെ അല്‍പം “തലതിരിഞ്ഞ വഴി” സ്വീകരിക്കുകയല്ലാതെ രചയിതാവിനു് മറ്റു് മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. അതായതു്, മോശെ യഹൂദകുടുംബത്തില്‍ ജനിക്കുന്നു, ഞാങ്ങണപ്പെട്ടിയില്‍ കിടത്തി നൈല്‍നദിയില്‍ ഒഴുക്കപ്പെടുന്നു, രാജകുമാരിയാല്‍ രക്ഷിക്കപ്പെട്ടു് ഫറവോയുടെ കൊട്ടാരത്തില്‍ രാജകുമാരനായി വളരുന്നു. പില്‍ക്കാലത്തു് യഹോവയെന്ന ദൈവം നേരിട്ടു് പ്രത്യക്ഷപ്പെട്ടു് മോശെയെ തന്റെ “സ്വന്തജനമായ” യിസ്രായേലിന്റെ വിമോചകനായി അവരോധിക്കുന്നു.

“മുന്‍പേ തന്നെയും, നീ അടിയനോടു് സംസാരിച്ച ശേഷവും ഞാന്‍ വാക്‍സാമര്‍ത്ഥ്യമുള്ളവനല്ല; ഞാന്‍ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു… …കര്‍ത്താവേ, നിനക്കു് ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ” എന്നു് ദൈവത്തോടു് അപേക്ഷിക്കുന്ന മോശെയെ, വാക്‍സാമര്‍ത്ഥ്യം നല്‍കി അനുഗ്രഹിക്കുന്നതിനു് പകരം, “ലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവനു് നല്ലവണ്ണം സംസാരിക്കാമെന്നു് ഞാന്‍ അറിയുന്നു… …അവന്‍ നിനക്കു് വായ് ആയിരിക്കും നീ അവനു് ദൈവം ആയിരിക്കും” (പുറപ്പാടു് 4: 10 – 16) എന്ന ഒരു ഒത്തുതീര്‍പ്പാണു് യഹോവ പരിഹാരമായി നിര്‍ദ്ദേശിക്കുന്നതു്. ദൈവത്തില്‍ നിന്നും തനിക്കു് ലഭിച്ച നിര്‍ദ്ദേശങ്ങളും നിയമങ്ങളും യഹൂദരെ സംസാരത്തിലൂടെ ബോദ്ധ്യപ്പെടുത്താനുള്ള മോശെയുടെ കഴിവില്ലായ്മ, ഒരു ജന്മവൈകല്യമോ അതോ മോശെ യഹൂദരുടെ ഭാഷ വേണ്ടത്ര നിശ്ചയമില്ലാതിരുന്ന ഒരു ഈജിപ്ഷ്യനായിരുന്നതുകൊണ്ടുള്ള വൈഭവക്കുറവോ?

അറിഞ്ഞോ അറിയാതെയോ ഫ്രോയ്ഡ്‌ വിട്ടുകളഞ്ഞ ഒരു വസ്തുത കൂടി ഇവിടെ സൂചിപ്പിക്കുന്നു: മോശെ ഹോരേബ്‌ പര്‍വ്വതത്തില്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ തീ പിടിച്ചു് കത്തിയിട്ടും വെന്തുപോകാത്ത ഒരു മുള്‍പ്പടര്‍പ്പിന്റെ രൂപത്തിലാണു് യഹോവ അവനു് പ്രത്യക്ഷപ്പെടുന്നതു്. അപ്പോള്‍ ദൈവം ആദ്യമായി മോശെയോടു് കല്‍പിക്കുന്നതു് ശ്രദ്ധിക്കുക: “നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധഭൂമി ആകയാല്‍ കാലില്‍ നിന്നും ചെരിപ്പു് അഴിച്ചു് കളയുക.” പൊടിപിടിച്ച മരുപ്രദേശങ്ങളില്‍ വൃത്തി എക്കാലവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. വീട്ടില്‍ വിരുന്നു് വരുന്നവര്‍ക്കു് കയ്യും കാലും കഴുകാന്‍ വെള്ളം കൊടുക്കുന്നതു് മലയാളികള്‍ക്കും അപരിചിതമല്ലല്ലോ. ധ്രുവപ്രദേശത്തായിരുന്നു താന്‍ പ്രത്യക്ഷപെട്ടതെങ്കില്‍ സാമാന്യബോധമുള്ള ഒരു ദൈവവും തീര്‍ച്ചയായും ഇങ്ങനെയൊരു കല്‍പന നല്‍കുമായിരുന്നു എന്നു് തോന്നുന്നില്ല. ജൈനമതത്തിലെ ദിഗംബരവിഭാഗത്തില്‍പ്പെട്ട ഒരു സ്വാമി എസ്കിമോകള്‍ക്കൊപ്പം ജീവിക്കേണ്ടിവന്നാലത്തെ സ്ഥിതി ഒന്നാലോചിച്ചുനോക്കൂ! അങ്ങേരുടെ ലൈംഗീകാവയവങ്ങള്‍ തണുപ്പുമൂലം കിഡ്‌നിയുടെ പൂമുഖത്തുപോയി ഒളിക്കും, താമസിയാതെ സമാധിയും സംഭവിക്കും. (ഇത്തിരി തമാശയും വേണം, അല്ലെങ്കില്‍ ശവമടക്കിനു് ആരും വരില്ല എന്നാണല്ലോ.) വീണ്ടും കാര്യത്തിലേക്കു്: കേട്ടപാടേ ചെരിപ്പു് അഴിച്ചു് മാറ്റിയ മോശെയ്ക്കു് ദൈവം സ്വയം പരിചയപ്പെടുത്തുന്നു: “ഞാന്‍ അബ്രാഹാമിന്റെ ദൈവവും, യിസഹാക്കിന്റെ ദൈവവും, യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവമാകുന്നു.” അതിനുശേഷം ദൈവം സ്വാഭാവികമായും താന്‍ വന്ന കാര്യം അറിയിക്കുന്നു: “വരിക, നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയിമില്‍നിന്നു് പുറപ്പെടുവിക്കേണ്ടതിനു് ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും.” ഇതു് കേട്ടപ്പോള്‍ ദൈവത്തിനു് സ്തോത്രം ചൊല്ലേണ്ടതിനു് പകരം ഒരു ചോദ്യമാണു് മോശെ വച്ചുനീട്ടുന്നതു്. അതും, “നിന്റെ പിതാവിന്റെ ദൈവമാണു് ഞാന്‍” എന്നു് പറഞ്ഞു് പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ മുഖത്തേയ്ക്കുതന്നെ! മോശെയുടെ ചോദ്യം ശ്രദ്ധിക്കൂ: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു് പറയുമ്പോള്‍ അവന്റെ നാമം എന്തെന്നു് അവര്‍ എന്നോടു് ചോദിച്ചാല്‍ ഞാന്‍ അവരോടു് എന്തു് പറയേണം?” യഹോവയുടെ നാമത്തിലുള്ള ആരാധന ആദാമിന്റെ മകന്റെ മകനായ ഏനോശിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. (ഉല്‍പത്തി 4: 26) എന്നിട്ടും, ആ ദൈവത്തിന്റെ പേരു് മോശെക്കെന്നല്ല, യഹൂദര്‍ക്കും അറിയില്ലത്രേ! “പശുവും ചത്തു് മോരിലെ പുളിയും പോയിക്കഴിഞ്ഞാല്‍” വലിയ തെറ്റുകൂടാതെ ആ പശുവിന്റെ ജാതകം എഴുതാന്‍ കഴിയേണ്ടതാണു്. എന്നിട്ടും ജാതകത്തില്‍ തെറ്റുകള്‍ സംഭവിക്കുകയെന്നാല്‍ എഴുതാനുമറിയില്ല, തിരുത്താനുമറിയില്ല, ഓര്‍മ്മശക്തിയും പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടതു്?

ഫ്രോയ്ഡിന്റെ നിഗമനം പോലെ, മോശെ ഒരു ഈജിപ്ഷ്യന്‍ ആയിരുന്നു എങ്കില്‍ യഹൂദരുടെ ദൈവത്തിന്റെ പേരു് അവന്‍ അറിയണമെന്നില്ല എന്നതു് ന്യായീകരിക്കാം. അതേസമയം, മോശെ ഒരു യഹൂദനായിരുന്നുവെങ്കില്‍ “നിന്റെ പിതാവിന്റെ ദൈവം” എന്നു് പറഞ്ഞു് പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ നാമം അവന്‍ അറിയേണ്ടതല്ലേ? ആദിമനുഷ്യനായ ആദാമിനേയും സകല ലോകത്തേയും സൃഷ്ടിച്ച ദൈവമായ യഹോവയുടെ പേരുപോലും അറിയാത്ത മോശെയെ ആണു് അതേ ദൈവം “സ്വന്തം ജനത്തെ” മോചിപ്പിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നതു്!

(അടുത്തതില്‍ : ലോകത്തിലെ ഏകദൈവവിശ്വാസത്തിന്റെ ആരംഭം)

 

Tags: , ,