ഒരു അമലോത്ഭവം വഴി ദൈവത്തില്‍നിന്നും മറിയയില്‍നിന്നും ജനിച്ച യേശുവിനെ കുരിശില്‍ തറച്ചു് കൊന്നുവെന്നും, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു് സ്വര്‍ഗ്ഗത്തിലെത്തി ഇപ്പോള്‍ ദൈവസന്നിധിയില്‍ ഇരിക്കുന്നുവെന്നും, വീണ്ടും തിരിച്ചെത്തി നല്ലവര്‍ക്കായി ഭൂമിയില്‍ തന്റെ രാജ്യം സ്ഥാപിക്കുമെന്നും, അതോടൊപ്പം പാപികളെ നരകത്തില്‍ അയക്കുമെന്നും ഉള്ളതാണു് ക്രിസ്തുമതത്തിന്റെ അടിസ്ഥാനവിശ്വാസം. രണ്ടായിരം വര്‍ഷങ്ങളിലൂടെ പണിതുയര്‍ത്തപ്പെട്ടിരിക്കുന്ന ഈ ചീട്ടുകൊട്ടാരത്തില്‍നിന്നും ഒരു ചീട്ടു് അടര്‍ത്തിമാറ്റിയാല്‍ അതൊന്നടങ്കം തകര്‍ന്നു് നിലംപതിക്കുകയാവും ഫലം. അതായതു്, അമലോത്ഭവമോ, ഉയിര്‍ത്തെഴുന്നേല്‍പ്പോ, സ്വര്‍ഗ്ഗാരോഹണമോ, രണ്ടാമത്തെ വരവോ, സഭയുടെ മറ്റേതെങ്കിലും വിശ്വാസപ്രമാണങ്ങളോ യുക്തിസഹമായി ഖണ്ഡിക്കപെട്ടാല്‍, നിരാകരിക്കപ്പെടേണ്ടതാണെന്നുവന്നാല്‍ ക്രിസ്തുമതത്തിനു് വിശ്വാസയോഗ്യമായി നിലനില്‍ക്കാനാവില്ല.
ക്രിസ്തുമതം യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ സ്ഥാപിച്ചവനായ വിശുദ്ധ പൗലോസ് തന്നെ പറയുന്നു: “ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എന്നുവരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു് ദൈവത്തിനു് വിരോധമായി സാക്‍ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിനു് കള്ളസാക്ഷികള്‍ എന്നു് വരും.” (1. കൊരിന്ത്യര്‍ 15: 14 – 16)
മരിച്ചതിനു് ശേഷമേ മരിച്ചുയിര്‍ക്കാനാവൂ. കുരിശില്‍നിന്നും താഴെ ഇറക്കപ്പെടുമ്പോള്‍ യേശു മരിച്ചിരുന്നില്ലെങ്കില്‍, വീണ്ടും ആരോഗ്യം പ്രാപിക്കാവുന്ന അവസ്ഥയിലായിരുന്നെങ്കില്‍ തന്റെ ഉയിര്‍പ്പു് എന്നതു് അര്‍ത്ഥശൂന്യമാവും. യേശു മരിച്ചിരുന്നോ? മരിച്ചിരുന്നു എന്നു് സംശയരഹിതമായി പറയാവുന്ന വിധത്തിലല്ല ബൈബിളിലെ വിവരണങ്ങള്‍.
കുരിശില്‍ തറയ്ക്കുക എന്ന ശിക്ഷ ജനങ്ങള്‍ക്കു് നല്‍കുന്ന ഒരു താക്കീതായിരുന്നു, ഒരു പാഠമായിരുന്നു. കുറ്റവാളികളെ കൊല്ലുക എന്നതാണു് ലക്‍ഷ്യമെങ്കില്‍ തലവെട്ടിയൊ, തീയിലെറിഞ്ഞോ കൊല്ലാം. അതാണു് അധികാരികള്‍ക്കും എളുപ്പം. എല്ലാവര്‍ക്കും കാണത്തക്കവിധത്തില്‍ , പൊക്കമുള്ള ഒരു കുരിശില്‍ സാവകാശം, ക്രൂരമായ വേദന സഹിച്ചുകൊണ്ടുള്ള ഒരു മരണമാണു് കുരിശുമരണം എന്ന ശിക്ഷയുടെ ലക്‍ഷ്യം. രോഗമോ, ശാരീരികമായ മറ്റു് ബലഹീനതകളോ ഇല്ലാത്തവര്‍ രണ്ടോ മൂന്നോ ദിവസം മരണവേദന അനുഭവിക്കേണ്ടി വരുന്നതു് സ്വാഭാവികമായിരുന്നു. എന്നിട്ടും മരിക്കാത്തവരുടെ കൈകാലുകളിലെ അസ്ഥികള്‍ തല്ലിയൊടിച്ചു് മരണം ത്വരിതപ്പെടുത്തുന്നതും സാധാരണമായിരുന്നു.
ഇവിടെ, പെസഹാ പെരുന്നാളിന്റെ പിറ്റേന്നു് വെള്ളിയാഴ്ച്ചയാണു് കുരിശില്‍ തറയ്ക്കപ്പെടുന്നതു്. പിറ്റേന്നു് വലിയ ശബ്ബത്ത് നാളും, അതിനുവേണ്ട ഒരുക്കങ്ങള്‍ വൈകിട്ടേ ആരംഭിക്കണമായിരുന്നു എന്നതിനാലും കുറ്റവാളികളുടെ ശരീരങ്ങള്‍ കാലൊടിപ്പിച്ചു് കുരിശില്‍നിന്നിറക്കാനുള്ള അനുവാദം യഹൂദര്‍ പിലാത്തോസിനോടു് ചോദിച്ചുവാങ്ങുന്നു. പടയാളികള്‍ രണ്ടു് കള്ളന്മാരുടെയും കാലൊടിച്ചശേഷം യേശുവിന്റെ കാലൊടിക്കാന്‍ അടുത്തുചെല്ലുമ്പോള്‍ “അവന്‍ മരിച്ചുപോയി എന്നു് കാണ്‍കയാല്‍” കാലൊടിക്കുന്നില്ല. എങ്കിലും, “അവന്‍ മരിച്ചു എന്നു് ഉറപ്പുവരുത്തുവാന്‍” ഒരു പടയാളി അവനെ കുന്തം കൊണ്ടു് കുത്തുന്നു. അപ്പോള്‍ മുറിവില്‍നിന്നും രക്തവും വെള്ളവും പുറപ്പെടുന്നു. കുത്തുന്നതും രക്തം വരുന്നതും എറ്റവും അവസാനം (A. D. 100 – 110 കാലഘട്ടത്തില്‍!) എഴുതപ്പെട്ട യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമേ വര്‍ണ്ണിക്കപ്പെടുന്നുള്ളു! ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ , രക്തം പമ്പുചെയ്യപ്പെടാതായാല്‍ , രക്തചംക്രമണം നിലയ്ക്കും. പിന്നെ ശരീരം രക്തം ചിന്തുകയില്ല. “ഈ സംഭവം നേരിട്ടു് കണ്ടവനാണു് സാക്‍ഷ്യം പറയുന്നതെന്നും അവന്റെ സാക്‍ഷ്യം സത്യമാകുന്നു” എന്നും യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നതിനാല്‍, കുത്തേല്‍ക്കുന്ന യേശു മരിച്ചിരുന്നില്ല എന്ന നിഗമനം നിഷേധിക്കാനാവില്ല. അവനോടൊപ്പം തൂക്കിയ കള്ളന്മാര്‍ ഏതായാലും മരിച്ചിരുന്നില്ല. അതിനാലാണല്ലോ അവരുടെ കാലുകള്‍ ഒടിക്കേണ്ടിവന്നതു്!
യേശുവിനെ ഒരു പ്രവാചകനായി അംഗീകരിക്കുന്ന മുസ്ലീമുകള്‍, യേശുവിനെ മരിക്കുന്നതിനു് മുന്‍പുതന്നെ കുരിശില്‍നിന്നും രക്ഷപെടുത്തിയെയെന്ന് വിശ്വസിക്കുന്നവരാണു്. യേശു കുരിശില്‍നിന്നും താഴെ ഇറക്കപ്പെട്ടപ്പോള്‍ മരിച്ചിരുന്നില്ല എന്നതു് ഒരു പുതിയ സാങ്കല്‍പികസൃഷ്ടി അല്ല എന്നു് സാരം.
യേശുവിനെ കുരിശില്‍നിന്നും താഴെ ഇറക്കിയ “ശ്രേഷ്ഠമന്ത്രിയും, ദൈവരാജ്യത്തെ കാത്തിരുന്നവനും, ധനികനുമായ” അരിമത്ഥ്യയിലെ യോസേഫ് യേശുവില്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണുകയും, അവനെ രക്ഷപെടുത്തുവാന്‍ തയ്യാറാവുകയും ചെയ്തുവെങ്കില്‍ അതില്‍ അസാധാരണമായി ഒന്നുമില്ല. ഗുരുവായ യേശുവിനെ രക്ഷപെടുത്തണമെന്നു് ആരംഭം മുതലേ യോസേഫ് തീരുമാനിച്ചു എന്നും, അതിനായി തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി എന്നും കരുതുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ധനികനായിരുന്ന യോസേഫ് അതിനായി റോമന്‍ പടയാളികളെ (ഒരുപക്ഷേ പീലാത്തോസിനെത്തന്നെയും!) കൈമടക്കുനല്‍കി സ്വാധീനിക്കുന്നതുപോലും തള്ളിക്കളയാവുന്ന സാദ്ധ്യതയല്ല. അഴിമതി ഒരു ആധുനികപ്രതിഭാസമൊന്നുമല്ലല്ലോ!
യേശുവില്‍ മരണശിക്ഷാര്‍ഹമായ കുറ്റമൊന്നും കാണാതിരുന്ന പീലാത്തോസിന്റെ റോമന്‍കുലീനത്വം (യഹൂദരില്‍നിന്നു് വ്യത്യസ്തമായി!) അവനെ രക്ഷപെടുത്താന്‍ മൗനാനുവാദം നല്‍കിയിരിക്കാം എന്നതും ചിന്തിക്കാവുന്ന കാര്യമാണു്. റോമാസാമ്രാജ്യത്തിന്റെ പ്രതിനിധിയാണു് താന്‍ എന്നതില്‍ ബോധപൂര്‍വ്വം അഭിമാനം കൊണ്ടിരുന്ന പീലാത്തോസ്, “ഒരു യഹൂദന്‍ ചത്താലെന്തു്, ജീവിച്ചാലെന്തു്” എന്നു് ചിന്തിക്കുന്നതിനുപകരം, യേശുവിനെ രക്ഷിക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ടു്. “എനിക്കു് നിന്നെ ക്രൂശിക്കാനും വിട്ടയക്കാനും അധികാരമുണ്ടെന്നു് നീ അറിയുന്നില്ലയോ?” എന്നു് വിചാരണവേളയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ, സത്യസന്ധമായി പീലാത്തോസ് ചോദിക്കുന്നു. (യോഹന്നാന്‍ 19: 10) യേശുവിനെ വിട്ടയക്കാന്‍ നടത്തുന്ന സകല പരിശ്രമങ്ങളും യഹൂദരുടെ മാത്രമല്ല, യേശുവിന്റെ തന്നെ നിസ്സഹകരണം മൂലവും നിഷ്ഫലമാവുമ്പോഴാണു് “അവനെ ക്രൂശിക്ക, ക്രൂശിക്ക, പകരം ബറബ്ബാസിനെ ഞങ്ങള്‍ക്കു് വിട്ടുതരിക” എന്നു് ആര്‍ത്തുവിളിക്കുന്ന (മഹാപുരോഹിതന്മാര്‍ വിഷം കുത്തിവച്ച) കാഴ്ച്ചക്കാരായ യഹൂദസമൂഹത്തെ തൃപ്തിപ്പെടുത്താന്‍ പീലാത്തോസ് അവനെ ചമ്മട്ടികൊണ്ടു് അടിപ്പിച്ചു് ക്രൂശിക്കാന്‍ ഏല്‍പിക്കുന്നതു്. “മരണയോഗ്യമായതു് ഒന്നും ഞാന്‍ അവനില്‍ കാണുന്നില്ല എന്നും, ഞാന്‍ അവനെ അടിപ്പിച്ചു് വിട്ടയക്കുമെന്നും” മൂന്നുവട്ടം ആവര്‍ത്തിച്ചു് (ലൂക്കോസ് 20: 15 – 22) പറയുന്ന പീലാത്തോസ്, അവസാനമാര്‍ഗ്ഗമെന്നോണം അവനെ രക്ഷപെടുത്തുവാന്‍ യോസേഫിനെ സഹായിച്ചുവെങ്കില്‍ അതില്‍ അവിശ്വസനീയമായി എന്തിരിക്കുന്നു?
“യോനാ കടലാനയുടെ വയറ്റില്‍ മൂന്നുരാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ ഉള്ളിലിരിക്കും” എന്നു് യേശു പറയുന്നുണ്ടെങ്കിലും, (മത്തായി 12: 40) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു് മൂന്നുമണിക്കു് “മരിച്ചു്” സന്ധ്യയോടെ കല്ലറയില്‍ വയ്ക്കപ്പെട്ട യേശുവിനെ, ഞായറാഴ്ച്ച രാവിലെ അവിടെ എത്തുന്ന സ്ത്രീകള്‍ക്കു് കാണാന്‍ കഴിയുന്നില്ല എന്നതിനാല്‍, ഏറിയാല്‍ രണ്ടു് രാത്രിയും ഒരു പകലും മാത്രമേ യേശു കല്ലറയില്‍ കഴിഞ്ഞിരിക്കാന്‍ ഇടയുള്ളു. ശനിയാഴ്ച്ച യഹൂദരുടെ ശബ്ബത്ത് ആയതിനാല്‍ ആരും കല്ലറയ്ക്കല്‍ എത്തുന്നില്ല. അതിന്റെ വെളിച്ചത്തില്‍ , യേശു വെള്ളിയാഴ്ച്ച രാത്രിതന്നെ അപ്രത്യക്ഷമായിരുന്നാലും അതു് ബാഹ്യലോകം അറിയണമായിരുന്നു എന്നില്ല.
വെള്ളിയാഴ്ച്ച വൈകിട്ടു് യോസേഫ് പീലാത്തോസിനോടു് യേശുവിന്റെ ശരീരം ചോദിക്കുമ്പോള്‍ “അവന്‍ മരിച്ചുകഴിഞ്ഞുവോ” എന്നു് പീലാത്തോസ് ആശ്ചര്യപ്പെടുന്നു! “അവന്‍ മരിച്ചിട്ടു് ഒട്ടുനേരമായോ” എന്നു് ശതാധിപനോടു് ചോദിക്കുന്നതല്ലാതെ തെളിവെടുപ്പിനൊന്നും പീലാത്തോസ് തുനിയുന്നില്ല! (മര്‍ക്കോസ് 15: 42 – 45) യോസേഫ് ഒരു ശീല വാങ്ങി യേശുവിനെ കുരിശില്‍ നിന്നിറക്കി അതില്‍ പൊതിഞ്ഞു് പാറയില്‍ വെട്ടിയ ഒരു കല്ലറയില്‍ വച്ചശേഷം വാതില്‍ക്കല്‍ ഒരു കല്ലുരുട്ടി വയ്ക്കുന്നു. ഞായറാഴ്ച്ച രാവിലെ മാത്രമാണു് പിന്നീടു് ആരെങ്കിലും ആ ഭാഗത്തേക്കു് പോകുന്നതു്!
ഇതിലെല്ലാമുപരിയായി, ഞായറാഴ്ച്ച രാവിലെ കല്ലറവാതില്‍ക്കല്‍ സംഭവിക്കുന്ന കാര്യങ്ങളുടെ വര്‍ണ്ണനയിലും, ശിഷ്യന്മാര്‍ക്കു് പ്രത്യക്ഷപ്പെടുന്നതിന്റെ വിവരണത്തിലും, സ്വര്‍ഗ്ഗാരോഹണസംബന്ധമായും നാലു് സുവിശേഷങ്ങളും തമ്മില്‍ ഏറെ വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കാന്‍ കഴിയും.
സത്യത്തില്‍, ആത്മാര്‍ത്ഥതയുള്ള ഏതു് ക്രിസ്ത്യാനിയും യേശു മരിച്ചിരുന്നില്ല എന്ന ശുഭവാര്‍ത്തയില്‍ സന്തോഷിക്കേണ്ടതാണു്. പക്ഷേ, എന്തുകൊണ്ടോ, അവര്‍ക്കു് അവരുടെ ദൈവപുത്രന്‍ നിന്ദിക്കപ്പെടുന്നതും, പീഡിപ്പിക്കപ്പെടുന്നതും, ക്രൂശിക്കപ്പെടുന്നതും, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും, ഒക്കെയാണു് കൂടുതല്‍ ഇഷ്ടം! അവര്‍ തേടുന്നതു് അത്ഭുതങ്ങളാണു്. അവര്‍ക്കുവേണ്ടതു് വെളിപാടുകളാണു്. അവരുടെ ഇഷ്ടം, അവരുടെ ഭാഗ്യം! അവരവരുടെ വിശ്വാസം, അവരവരുടെ സത്യം!